November 18, 2007

മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....


മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി.”

മൊബൈല്‍ഫോണ്‍ ഒഴിയാബാധപോലെ കൊണ്ടു നടക്കുന്ന, കൊണ്ടു നടക്കേണ്ടി വരുന്ന പാവങ്ങള്‍ രാവിലെ പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്നതിതാണ്. കിടുങ്ങാതെന്തു ചെയ്യും? ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് തലവേദന വന്നേക്കും, പോക്കറ്റില്‍ ഇട്ടു നടന്നാല്‍ പ്രത്യുല്‍പ്പാദനശേഷി കുറയും, അല്‍ഷിമേഴ്സിനുള്ള സാദ്ധ്യത കൂടുതല്‍....ഇസ്തിരി പോലെ ചൂടായി ചെവി പൊള്ളി, ചെറിയ സ്ഫോടനം സംഭവിച്ചു ആള് ആശുപത്രിയില്‍ എന്നിങ്ങനെയൊക്കെ ചില വിജ്ഞാനങ്ങള്‍ വലിയ ഉറപ്പില്ലാതെ അവിടെയുമിവിടെയുമൊക്കെയായി കേട്ടിരുന്നു. ഇതങ്ങനെയല്ലല്ലോ.

കുറേ നാളുകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ സാധനങ്ങളും കിടുപിടിയുമായി നില്‍ക്കുന്ന സ്വകാര്യ കമ്പനിക്കാരെ ടി വിയില്‍ കാണിച്ചായിരുന്നു. ഒരു ചേട്ടനെ ഷര്‍ട്ടൂരി നിര്‍ത്തി ദേഹം പൂരെയുള്ള ചുണലുകള്‍ ചൂണ്ടിക്കാട്ടി അതൊക്കെ മൊബൈല്‍ ടവര്‍കളില്‍ നിന്നുള്ള റേഡിയേഷന്‍ കൊണ്ടു സംഭവിച്ചാണെന്ന വിപ്ലവാവേശത്തോടെ ഒരു മനുഷ്യന്‍ സാമൂഹികത പ്രസംഗിക്കുന്നതായിരുന്നു അടുത്ത കാഴ്ച. സംഗതി എന്തായോ എന്തോ. അവിടങ്ങളില്‍ ആരും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നില്ലായിരിക്കും.

സയന്‍സ് പോലെയല്ല ടെക്നോളജി. ടിയാന്റെ പിന്നില്‍ ലേശം പണത്തിന്റെ (അതു തന്നെ, ‘മൂലധന നിക്ഷേപം‘) കറക്കമുള്ളതുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയുടെ പരുങ്ങലിലാണ് സാമാന്യജനത്തിന്റെ സ്ഥിതിഗതി! ഏതു പുതിയ സംഭവത്തിന്റെയും പിന്നിലെന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് ഒറപ്പല്ലേ? അതെന്താണെന്ന് തിരഞ്ഞു പിടിക്കാനുള്ള പാങ്ങ്, മസ്തിഷ്കം ഇത്യാദികള്‍ ഉടയതമ്പുരാന്‍ തന്നിട്ടുമില്ല. പിന്നെന്ത് ചെയ്യും? മാദ്ധ്യമങ്ങള്‍ ഇവിടങ്ങളിലാണ് ‘കൊളം കുത്തുന്നതും വെള്ളം കലക്കുന്നതും മീന്‍ പിടിക്കുന്നതും‘. അതൊരു തുടര്‍പ്രകിയയാണ്. എരിതീയില്‍ എണ്ണയൊഴിക്കുക, താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക, ഫയര്‍ എഞ്ചിന്‍ വരുന്നതിനു മുന്‍പ് കഴുകോലൂരുക തുടങ്ങിയ നടപടികളുമായി മേല്‍പ്പടി കക്ഷികള്‍ കൊണ്ടുകേറും. പൊതുജനത്തിന്റെ ഭയത്തെ മുതലാക്കലാണ് മാധ്യമ ധര്‍മ്മം. ഇവിടെ മാതൃഭൂമി കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ അംഗസംഖ്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെടുന്നവരില്‍ മുണ്ടാണേ മുക്കാലും കൈയിലൊരു മൊബൈല്‍ ഫോണും തൂക്കിയാണ് നടപ്പ്. എന്താ സൌകര്യം! അത്യാവശ്യം പത്രതലക്കെട്ടുകളുടെ ജിക്കെയുമായി പിഴച്ചു പോകുന്ന ഈ വര്‍ഗം തന്നെയാണ് നമ്മുടെ ലോകപ്രസിദ്ധമായ ഉപഭോഗസംസ്കാരത്തിന് ചെല്ലുംചെലവും നല്‍കി കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. വാചകമേളകള്‍ പ്രിയങ്കരമായൊരു വിഭാഗം കൂടിയാണിത് എന്നറിയുക. മുഴുവന്‍ ലേഖനവും വായിക്കാന്‍ സമയം തികയാത്ത, ഓരോ കാല്‍‌വയ്പ്പിലും പുതിയ കണക്കും കാല്‍ക്കുലേറ്ററും കൊണ്ട് കുഴമറിയുന്ന ഈ പാവങ്ങള്‍ പിഴച്ചുപോകുന്നത് വാചകമേളകളാലാണ്. പരിചയക്കാരനായ എഴുത്തുകാരനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കാന്‍, വെടിവട്ടത്തില്‍ ഗൌരവമുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനൊക്കെ ഈ ഉദ്ധരിക്കപ്പെട്ട വാചകങ്ങളുടെ വായനമാത്രം മതിയാവും.

അപ്പോള്‍ ഇതു ചെറിയകാര്യമല്ല. മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത് മേതിലിന്റെ വാചകമല്ല എന്നതാണ് വാസ്തവം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 506) മൂന്നുവര എന്ന കോളത്തില്‍ ‘മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട’ എന്ന ലേഖനം മേതില്‍ എഴുതുന്നതു തന്നെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പ്രസരം വലിയൊരു നുണപ്രചരണമാണെന്നു സമര്‍ത്ഥിക്കാനാണ്. ഒരു ശരാശരി ഫോണിന്റെ റേഡിയേഷന്‍ പ്രസരം 0.25-ല്‍ താഴെയാണെന്നിരിക്കെ, ഈ പറഞ്ഞവിധത്തില്‍ അതേതു മുട്ടയെയാണ് പൊരിക്കുന്നത്? പക്ഷേ മാതൃഭൂമി ഉദ്ധരിച്ച വാക്യം ലേഖനത്തിലുണ്ട്, അത് സൂസന്ന ഡീകാന്റിന്റെ, ലോകമെങ്ങും പ്രചരിച്ച ഇ മെയിലിലെ വരികള്‍ എന്ന നിലയ്ക്കാണ്. അല്ലാതെ മേതിലിന്റെ ദര്‍ശനം എന്ന നിലയ്ക്കല്ല. നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട് അതു മനസ്സിലാവാതെ മാതൃഭൂമി എടുത്തു ചേര്‍ത്തതാവാന്‍ വഴിയില്ല. മലയാളം ഡെയിലിയുടെ സബ് എഡിറ്റര്‍മാര്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി, അവര്‍ ലേഖനം വായിക്കാതെ വായില്‍ വന്നത് എന്നമട്ടില്‍ കിട്ടിയ വരികള്‍ എടുത്തു ചാമ്പിയതായിരിക്കുമോ? എസ് എം എസ്സുകളും മൊബൈല്‍ കമ്പനികളും അത്ര ആശാസ്യമായ നിലയിലല്ലാതെ ഭൂമി മലയാളം കീഴടക്കിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അവയ്ക്കെതിരെ ഒരു മേതിലിയന്‍ ശൈലിയില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഒരു സാമൂഹികസേവനം? അല്ലെങ്കില്‍ പത്രാധിപന്റെ ഒരു ക്രൂരമായ തമാശ..

എന്തായാലും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍, ഒരു പ്രത്യേക തെറ്റിദ്ധാരണ നീക്കാന്‍ ഉദ്ദേശിച്ചെഴുതിയ ലേഖനത്തില്‍ നിന്നും നേരെ വിരുദ്ധമായ, അദ്ദേഹത്തിന്റേതല്ലാത്ത വാചകം, അദ്ദേഹത്തിന്റെ പേരില്‍ എടുത്തു കൊടുക്കണമെങ്കില്‍ അസാധാരണ ചങ്കൂറ്റവും വിവരക്കേടും സമാസമം വേണം. താന്‍ ഇങ്ങനെ തെറ്റായി ഉദ്ധരിക്കപ്പെട്ടതില്‍ മേതില്‍ മുന്നോട്ടു വരാതിരിക്കാന്‍ സാദ്ധ്യതയില്ല. ഇത്ര ബുദ്ധികാണിച്ച സ്ഥിതിയ്ക്ക് ഈ മുത്തശ്ശിപ്പത്രം എങ്ങനെ അദ്ദേഹത്തെ സമാധാനിക്കാന്‍ പോകുന്നു എന്നു കാണാം. സംഭവം എന്റെയും നിങ്ങളുടെയും തലച്ചോറിനെ ബാധിക്കുന്നതായതു കൊണ്ട് കാത്തിരുന്നാലും കാണുക തന്നെ വേണം!

ബാക്കി : വ്ലാദിമിര്‍ ലഗൊസ്കിയും ആന്ദ്രേ മൊയ്സെങ്കൊയും -രണ്ടുപേരും റഷ്യന്‍ പത്രം പ്രാവ്ദയിലെജോലിക്കാര്‍-ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഒരുമണിക്കൂറില്‍ മുട്ട വെന്തു എന്ന് ഒരു ഡിസ്കഷന്‍ സൈറ്റ്.. ഇവിടെ നോക്കുക. നോക്കാതിരിക്കരുത്, നമ്മുടെ സ്വന്തം തലകളാണ് ഡെയിലി പരീക്ഷിക്കപ്പെടുന്നത് !

21 comments:

  1. എന്റെ ബ്രെയിന്‍ വെന്തു.
    വേവു കുറഞ്ഞ വല്ലൊ മൊബൈല്‍ ഫോണും ഉണ്ടോ ആവോ.

    ReplyDelete
  2. താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ ഇത്‌ പത്രാധിപരുടെ ക്രൂരവിനോദമാവാം. കേരളത്തില്‍ മദ്ധ്യവര്‍ഗത്തില്‍ പെടുന്നവരുടെ കൈയ്യില്‍ മാത്രമല്ല ഒരുവിധം എല്ലാ സാധാരണക്കാരന്റെ കൈയ്യിലും മൊബൈ ല്‍ ഫോണുണ്ട്‌. അവരെല്ലാം പത്രം വായിക്കുന്നവരുമാണ്‌

    ReplyDelete
  3. ഈ ഇമെയില്‍ ഞാനും കണ്ടിരുന്നു..വാചകമേളകള്‍ out of context ഉദ്ധരിക്കാനുള്ള ഇടമല്ലേ? :)

    ReplyDelete
  4. വളരെ നന്നായി ഈ കുറിപ്പ്.അഭിനന്ദനങ്ങള്‍.

    ReplyDelete
  5. മൂര്‍ത്തി... out of context അല്ല പ്രശ്നം. മേതില്‍ എഴുതിയ ലേഖനത്തില്‍ ഒരു ഇ മെയിലില്‍ നിന്ന് ഉദ്ധരിച്ച വരിയാണ് മേതിലിന്റേതായി എടുത്തു കൊടുത്തിരിക്കുന്നത്.. പുള്ളിക്കാരന്‍ ഇതിനു നേരെ വിരുദ്ധമായ കാര്യമാണ് ലേഖനത്തില്‍ സ്ഥാപിക്കുന്നത്.. ഈ ഉദാസീനത നന്നോ?

    ReplyDelete
  6. out of context എന്ന് ഞാന്‍ മൊത്തത്തില്‍ അത്തരം പംക്തിയുകളുടെ രീതി എന്ന മട്ടില്‍ പറഞ്ഞതാണ്.

    വെള്ളെഴുത്ത് പറഞ്ഞ മട്ടിലുള്ള ഉദാസീനത ഒട്ടും ഒട്ടും ശരിയല്ല. ഒരു സംശയവുമില്ല..

    ReplyDelete
  7. മാധ്യമം ആഴ്ചപതിപ്പിനോടുള്ള കടപ്പാട് അറിയിച്ചുകൊണ്ട് ആ ലേഖനത്തിന്റെ യൂണിക്കോഡ് പരിഭാഷ വായിക്കുക

    മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട മേതില്‍ രാധാകൃഷ്ണന്‍

    ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തുപോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാചകം ചെയ്യാന്‍
    മൊബൈലിന് കഴിയുമെങ്കില്‍ ''നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി''.

    ചിലയ്ക്കുന്ന അണ്ണാന്‍:
    വാലില്‍ ഒരു കാറ്റാടി,
    മുതുകില്‍ ഒരു ഹൈക്കുവും
    =============================================
    മേതില്‍

    എഡിസന്‍ കുട്ടിക്കാലത്തൊരിക്കല്‍ മുട്ടകള്‍ വിരിയിക്കാന്‍ അവക്കുമേല്‍ പൊരുന്നിരുന്നതിനുശേഷം, വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, മുട്ട ആഹാരമായല്ലാതെ ഒരു മേശപ്പുറത്തെത്തിയിരിക്കയാണ്. എട്ടു വയസ്സായൊരു പെണ്‍കുട്ടിയുടെ ശാസ്ത്രീയ ജിജ്ഞാസക്ക് അത് പ്രാതലാകുന്നു.

    രണ്ടു മൊബൈല്‍ ഫോണുകള്‍.
    ഇടയില്‍ ഒരു മുട്ട.
    കൈയിലൊരു 'പാചകക്കുറിപ്പ്'.
    അവളെന്താണ് തെളിയിക്കുക?
    (ഒരു സാങ്കല്‍പിക തിരക്കഥാരംഗത്തില്‍, ഒരു ചെറുപ്പക്കാരിയും കാമുകനും, മൌനം ആലിംഗനമാകുന്നൊരു നിമിഷത്തില്‍. അവര്‍ അണച്ചിട്ട മൊബൈല്‍ ഫോണുകള്‍, അവരെപ്പോലെ അടുത്തടുത്തായി, ഒരു മേശക്കുമേല്‍. ചെറുപ്പക്കാരി ചോദിക്കുന്നു: ''നമ്മളില്ലാതെത്തന്നെ നമ്മുടെ മൊബൈലുകള്‍ സ്വയം ഒരു സംഭാഷണത്തിലേര്‍പ്പെടുമോ? ഒരു നേര്‍ക്കുനേര്‍ ചിലച്ചില്‍?'')

    ഇ^തപാല്‍ വഴി സൂസന്ന ഡീകാന്റ് വേര്‍ത്തി എന്നൊരുവള്‍ ലോകമെമ്പാടും ഒരു കണ്ടുപിടിത്തം അറിയിച്ചല്ലോ? മൈക്രോതരംഗങ്ങള്‍ക്ക് മുട്ട വേവിക്കന്‍ കഴിയും. ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തുപോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാചകം ചെയ്യാന്‍ മൊബൈലിന് കഴിയുമെങ്കില്‍ ''നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി''.

    സൂസന്നയുടെ പാചകക്കുറിപ്പ്:

    ^മുട്ടക്കോപ്പയില്‍ ഒരു മുട്ട വെക്കുക. സാന്റ്വിച്ച് ഉണ്ടാക്കുന്ന രീതിയില്‍, മുഖാമുഖമായ രണ്ടു മൊബൈലുകള്‍ മുട്ടയോട് ചേര്‍ത്തുവെക്കുക. പിന്നെ ഒരു ഫോണ്‍ മറ്റേതുമായി ബന്ധപ്പെടട്ടെ, 65 മിനുറ്റുകളോളം.

    ^ആദ്യത്തെ 15 മിനുറ്റില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. 25 മിനുറ്റുകള്‍ കഴിഞ്ഞാല്‍ മുട്ട ചൂടുപിടിക്കാന്‍ തുടങ്ങും. 45 മിനുറ്റുകള്‍ കഴിഞ്ഞ് തൊട്ടാല്‍ വിരലില്‍ പൊള്ളലറിയാം. 65 മിനുറ്റുകള്‍ കഴിഞ്ഞാല്‍ മുട്ട തിന്നാന്‍ പാകമായിരിക്കും.
    എന്തൊരു 'എഗ്സ്പെര്‍ട്'! എട്ടു വയസ്സായ ലോലക്ക് കേട്ട ഉടനെ തോന്നി ശുദ്ധ ഭോഷ്കാവണമതെന്ന്. പക്ഷേ, എഞ്ചിനീയറും ഗണിതജ്ഞനും ശാസ്ത്രലേഖകനുമൊക്കെയായ ഒരച്ഛന്റെ മകളെന്ന നിലക്ക് നേരിട്ടത് പരീക്ഷിക്കാന്‍ തനിക്ക് ബാധ്യതയില്ലേ? പ്രത്യേകിച്ചും അച്ഛന്‍ ഉത്സാഹിപ്പിക്കുമ്പോള്‍! അങ്ങനെയാണ് അച്ഛനും മകളും സൂസന്നയുടെ പാചകക്കുറിപ്പ് ആവശ്യപ്പെടുന്ന സജ്ജീകരണത്തോടെ മുട്ട വേവിക്കാന്‍ ശ്രമിച്ചത്. 40 മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ മുട്ട ചൂടാകുന്നതിനുപകരം മകളുടെ ഉത്സാഹം തണുത്തു. അവള്‍ മറ്റെന്തോ ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ ഒറ്റക്ക് 70 മിനുറ്റുകള്‍ കാത്തിരുന്നു. പിന്നെ, പിറ്റേന്ന്, താപം കൃത്യമായളക്കാനുള്ള ഉപകരണങ്ങളോടെ പരീക്ഷണം ആവര്‍ത്തിച്ചു. മുട്ട ഒരു ഡിഗ്രി പോലും ചൂടാകുന്നില്ല. അച്ഛന്‍ പറഞ്ഞു: ''എട്ടു വയസ്സായൊരു പെണ്‍കുട്ടിക്ക് ഒരു മുട്ടയും രണ്ടു മൊബൈല്‍ ഫോണുകളും കൊണ്ട് തെറ്റെന്ന് തെളിയിക്കാനാവുന്നൊരു കഥ ആളുകള്‍ വിശ്വസിച്ചെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. സൂസന്ന ഡീകാന്റ് വേര്‍ത്തി എന്ന കള്ളപ്പേരില്‍ അതു പ്രചരിപ്പിച്ച ചാളി ഐവേര്‍മി ആ ആശ്ചര്യം പങ്കിടുന്നു! മൊബൈല്‍ മസ്തിഷ്കത്തെ മുട്ടപോലെ പൊരിക്കുകയെന്ന ആശയം ബാലിശമാണെന്ന് ഇലക്ട്രോണിക്സില്‍ പരിചയമുള്ള ഐവേര്‍മിക്ക് അറിയാമായിരുന്നു!
    രണ്ടു വസ്തുതകളോര്‍ക്കേണ്ടതുണ്ട്.

    ഒന്നാമതായി ഒരു മുട്ട പാകം ചെയ്യാനാവശ്യമുള്ള വൈദ്യുതശക്തി കണക്കിലെടുക്കുക. തോടില്‍ ഒരോട്ടപോലും ഇല്ലാതെ മൈക്രോ ഓവനില്‍ എത്തിയാല്‍ മുട്ട പൊട്ടിത്തെറിക്കും, പക്ഷേ, മറ്റു രീതികളില്‍ അത് ആഹാരമാക്കിയെടുക്കാന്‍ 35^40 സെക്കന്റുകള്‍ മതി. ഒരു സാധാരണ മൈക്രോ ഓവന്‍ 600 തൊട്ട് 1000 വാട്ടുകളോളം വൈദ്യുതശക്തി തരുന്നു. മൊബൈലുകളുടെ പൂര്‍ണശക്തി രണ്ട് വാട്ടുകളിലൊതുങ്ങും. അതുതന്നെ നിമിഷാംശങ്ങളോളം മാത്രം നിലനില്‍ക്കുന്ന തുടിപ്പുകള്‍ (ബ്ളിപ്സ്). മൊബൈല്‍ വിനിമയ പ്രാദേശിക കേന്ദ്രത്തില്‍നിന്ന് (ബെയ്സ് സ്റ്റേഷനില്‍നിന്ന്) വളരെ അകലത്താവുമ്പോള്‍ ഒരു ശരാശരി ഫോണിന് സാധ്യം കാല്‍ (0.25) വാട്ട് മാത്രം. കേന്ദ്രത്തോട് വളരെയടുത്താല്‍ അത് ഒരു വാട്ടിന്റെ രണ്ടായിരത്തില്‍ ഒരംശം വരെ ചുരുങ്ങാം. സൂസന്നയുടെ പാചകക്കുറിപ്പ് പരീക്ഷിച്ച ഗണിതജ്ഞന്റെ കണക്കനുസരിച്ച്, ഒരു മുട്ട പാകപ്പെടുത്താന്‍ രണ്ട് ഫോണുകള്‍ക്ക് സാധാരണ നിലക്ക് 40 മണിക്കൂറുകള്‍ വേണ്ടിവരും. അതുപോലും അവയുണ്ടാക്കുന്ന താപം എവിടെയും ചിതറി ക്ഷയിക്കാതെ മുഴുവനുമായും മുട്ടയില്‍ ഏല്‍ക്കുമെങ്കില്‍ മാത്രം.

    രണ്ടാമത്തെ വസ്തുത ആ സാങ്കല്‍പിക തിരക്കഥയില്‍ ഇടപെടുന്നു. അതിലെ ചെറുപ്പക്കാരി രണ്ടു മൊബൈലുകളുടെ നേര്‍ക്കുനേരായ ചിലക്കലിനെക്കുറിച്ചു പറഞ്ഞു. അല്‍പം സാങ്കേതിക അറിവുണ്ടെങ്കില്‍ അവളുടെ കാമുകന് ഇങ്ങനെ പറയേണ്ടിവരും: '' പക്ഷേ, പ്രിയപ്പെട്ടവളേ, നമ്മുടെ തൊട്ടുതീണ്ടിക്കിടക്കുന്ന ഫോണുകള്‍ക്കിടയില്‍പ്പോലും വിനിമയം ഒരു നേര്‍രേഖയിലല്ല. ഒരു ഫോണ്‍ പറയുന്നത് വിനിമയ കേന്ദ്രത്തിലൂടെ കടന്നുവന്നിട്ടു വേണം മറ്റേതിന് കേള്‍ക്കാന്‍.''

    മൊബൈലുകള്‍ വഴി രഹസ്യമായി ഹൃദയങ്ങള്‍ കൈമാറുന്നവര്‍ക്ക് ഇതൊരു ഞെട്ടലാവാം. കേന്ദ്രത്തില്‍ ആരും ചെകിടോര്‍ക്കുന്നില്ലെങ്കിലും.

    ReplyDelete
  8. മാതൃഭൂമിക്ക് വെള്ളെഴുത്ത് ബാധിച്ചോ?

    ReplyDelete
  9. നല്ല കുറിപ്പ്.
    ഇതിനാണ് വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്ന് പറയുന്നതു.

    ReplyDelete
  10. മേതില്‍, മനുഷ്യന്‍,യന്ത്രം,ദൈവം (പേരു ഇതുതന്നെയാണോന്നു സംശയമുണ്ട് ?) എന്ന പെരില്‍ ഒരു ഉഗ്രന്‍ പുസ്തകമെഴുതിയിട്ടുണ്ട്. അതു വായിച്ചാല്‍ യാന്ത്രികതയുടെ ദൈവികത മനസ്സിലാക്കാന്‍ സാധിക്കും.
    സത്യം, അര്‍ദ്ധസത്യം, അസത്യം ഇതാണല്ലോ മാധ്യമനീതി ?

    ReplyDelete
  11. വാചകമേളകള്‍ക്ക് വേണ്ടി ആളുകള്‍ മരിച്ച് സംഭാവന നല്‍കുന്ന ഒരിടമാണല്ലോ നമ്മുടെ നാട്.

    പക്ഷെ അന്ധന്റെ ആനവര്‍ണ്ണന പോലെ ഇതു പോലുള്ള പടപ്പുകള്‍ നാം ഇനിയും സഹിക്കേണ്ടി വരുന്നു.ചിലത് മനപ്പൂര്‍വ്വം,മറ്റു ചിലത് അബദ്ധങ്ങള്‍.

    ജനം ഇന്നു മാധ്യമങ്ങള്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന പതിത്വം ഉപേക്ഷിക്കാന്‍ നേരമായി.മാധ്യമങ്ങള്‍ പകര്‍ന്നു തരുന്നത് അവരുടെ ഭാഷ്യം മാത്രമാണെന്നും സത്യം അതായിരിക്കണമെന്നില്ല എന്നുള്ളതും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഫോര്‍ത്ത് എസ്റ്റേറ്റ് വെറും ഉപജാപക സംഘമാകുന്നത് ഖേദകരമാണെങ്കിലും.

    വെള്ളെഴുത്ത് നന്നായി.ഭാഷയുടെ നല്ല ഉപയോഗം.മിതമായ അവതരണം.

    ReplyDelete
  12. മാധ്യമങ്ങളെ കണ്ണടച്ചെന്നല്ല.കണ്ണുതുറന്നുപോലും വിശ്വസിച്ചുകൂടാ എന്നകാലം സമീപിച്ചുകൊണ്ടിരിക്കുന്നു.ഭീകരം

    ReplyDelete
  13. വെള്ളെഴുത്തിനും കിരണും നന്ദി.

    ReplyDelete
  14. ഹോ, ആശ്വാസം,
    വാര്‍ത്ത വായിച്ചിട്ട്‌ പേടിച്ചിട്ട്‌ ഇന്നലെ ഭാര്യയോട്‌ രണ്ടു മിനിറ്റേ സൊള്ളിയുള്ളു. ഒരു സംശയം കൂടി: മനുഷ്യ ശരീരത്തില്‍ മറ്റ്‌ എവിടെയൊക്കെയാണ്‌ പ്രോ
    ട്ടീന്‍ ഉള്ളത്‌?

    ReplyDelete
  15. ഇമ്മതിരിയുള്ള പരിപാടി മുന്‍പും മുത്തശ്ശിപ്പത്രങ്ങള്‍ കാണിച്ചിട്ടുണ്ട് - മാര്‍ക്സിനെയും സ്വര്‍ണ്ണത്തെയും കുറിച്ചുള്ള പഴയ ഒരു “മൂന്നുവര” ലേഖനത്തില്‍ നിന്നും ഇതു പോലെ ചൂണ്ടിയ വാചകവും അരോചകാം വിധം ഔട്ട് ഒഫ് കോണ്ടെക്സ്റ്റ് ആയിരുനു...

    ഇത് അച്ചടി മാധ്യമത്തിന്റെ കാര്യം..നമ്മുടെ വിഷ്വല്‍ മീഡിയയോ? അവിഞ്ഞ ചില “ഔട്ട് ഒഫ് കോണ്ടെക്സ്റ്റ്“ ചാനല്‍ ഉദ്ധരണികള്‍ കണ്ടാല്‍ ന്യൂസ് റൂമില്‍ കേറ്ച്ചെന്നു ഒരു തൊഴി വച്ചു കൊടുക്കാന്‍ തോന്നും - കോടതി വാര്‍ത്തകള്‍, മെഡിക്കല്‍ വാര്‍ത്തകള്‍, സര്‍ക്കാര്‍ ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ തികച്ചും നിരുത്തരവാദപരമായിട്ടും അസാന്ദര്‍ഭികമായിട്ടുമല്ലേ ഇവറ്റകള്‍ എടുത്തലക്കുന്നത്?
    ചുരുങ്ങിയപക്ഷം അതാത് രംഗത്തെ ഒരാളെയെങ്കിലും കണ്ട് ഒന്നു “verify” ചെയ്താല്‍ മൂട് തേഞ്ഞു പൊകുമെന്ന് വിചാരിക്കുന്ന റിപ്പോര്‍ട്ടര്‍മാരാണധികവും!
    (പണ്ട് ചിക്കുന്‍ ഗുന്യ പകര്‍ച്ചയുടെ മൂര്‍ദ്ധന്യത്തില്‍ ഏഷ്യാനെറ്റിലെ ഒരു തഴക്കംവന്ന റിപ്പോര്‍ട്ടര്‍ “സിപ്ലോക്സ്” എന്ന ആന്റ്റിബയോട്ടിക്കു പൊക്കിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പറയുന്നതു കേട്ടു: “ഇതു പോലുള്ള വിറ്റാമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നത്...!”

    അറിഞ്ഞുകൂടാത്ത എന്തു പിണ്ണാക്കിനെക്കുറിച്ചും മണിപ്പ്രവാളം കീച്ചുന്നത് നമ്മള്‍ മലയാളിയുടെ ജനിതകത്തില്‍ അലിഞ്ഞതാണല്ലോ...

    ReplyDelete
  16. നല്ല ലേഖനം. കണ്ടതും കേട്ടതും വായിച്ച് ഞാനും വായ്പൊളിച്ചു, മേതിലെന്താ ഇങ്ങനെ പറഞ്ഞതെന്നോര്‍ത്ത്.
    കിരണ്‍ തോമസിന്റെ സഹായം കാര്യം കൂടുതല്‍ വ്യക്തമാക്കി. ഇത്ത്രമൊരു സഹായം അഡ്വ. ജയശങ്കറിന്റെ വാരാന്ത്യം നല്‍കുന്നുണ്ട്. ഇന്ത്യാവിഷനില്‍.
    നന്ദി!

    ReplyDelete
  17. കിരണ്‍.. വളര്‍ നന്ദി മുഴുവന്‍ പോസ്റ്റും ടൈപ്പ് ചെയ്ത് ഇട്ടതിന്.. ഇനി കണ്‍ഫ്യൂഷന്റെ കാര്യമില്ലല്ലോ..സിമി, വഡൊസ്കി, സെബീന്‍, വാല്‍മീകി, പുസ്തകപുഴു,രാധേയന്‍, സനാതനന്‍,ജോജു, വലിയ വരക്കാരന്‍, സൂരജ്, സൈബര്‍ എല്ലാവര്‍ക്കും നന്ദി ആശയങ്ങള്‍ വികസിപ്പിച്ചതിന്...വരികള്‍ കൂട്ടിച്ചേര്‍ത്തതിന്..

    ReplyDelete
  18. മാതൃഭൂമിയിലും ഒരു മകാരമുണ്ടെന്നു മറക്കരുതല്ലോ.

    ReplyDelete
  19. very very interesting, especially,
    "നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട്"
    ha ha ha :)

    ReplyDelete
  20. നല്ല പൊതുവിജ്ഞാനവും കാര്യവിവരവുമുള്ള നാലു പത്രക്കാരെ ചൂണ്ടിക്കാണിക്കാനാവുന്നില്ലല്ലോ...ഇത്രയുമൊക്കെ അല്ലേ ആവുന്നുള്ളൂ എന്നു മേതിലും സമാധാനിക്കുന്നുണ്ടാവുമ്...

    ReplyDelete