November 7, 2007

തിരക്കിലൂടെ ഒരു കാളവണ്ടി, റിവേഴ്സ്ഗിയറില്‍..

സിനിമയെക്കുറിച്ച് നിരൂപണമെഴുതാന്‍ പോകുന്നവന്‍, തന്റെ സിനിമാസങ്കല്‍പ്പം എന്തെന്ന് പത്തുവാക്യത്തില്‍ അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നു പറഞ്ഞത് മറ്റാരുമല്ല, അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ്. അതോടെ കള്ളി പൊളിയും എന്നാണ്‌ അദ്ദേഹം കരുതുന്നത്. കാരണം എന്താണ് വേണ്ടാത്തത് എന്നു പറയാന്‍ എല്ലാവര്‍ക്കും പറ്റും. വേണ്ടതെന്നാണെന്ന് അക്കമിട്ട് നിരത്താന്‍ പറഞ്ഞാല്‍, കുഴയും! ഏറിയകൂറും നമ്മുടെ സിനിമാ നിരൂപണങ്ങള്‍ സാഹിത്യസിദ്ധാന്തങ്ങള്‍ മനസ്സില്‍ വച്ച് ചില കാര്യങ്ങള്‍ അവതരിപ്പിച്ച് ചാരിതാര്‍ത്ഥ്യമടയുകയാണ് പതിവ്. സിനിമയുടെ കഥ വിശദമായി അവതരിപ്പിച്ച് അതിന്റെ യുക്തി, ക്രമം, കഥാപാത്രചിത്രീകരണം എന്നിവയിലൂടെ ഒരു അലസഗമനം നടത്തി, പുരോഗമനഭാഗത്തേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന തരത്തില്‍ ഒരഭിപ്രായ പ്രകടനം നടത്തി അതവസാനിക്കും.

സിനിമയുടെ ‘വ്യാകരണം‘, സിനിമ ‘വായിച്ച വിധം‘ തുടങ്ങിയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴും സാഹിത്യത്തിന്റെ ഉപഗ്രഹമായി നിലനില്‍ക്കുന്ന/നിലനില്‍ക്കേണ്ട സംഗതിയാണിത് എന്ന ധാരണ രൂഢമൂലമാക്കിക്കൊണ്ടിരിക്കുന്നു. തിരക്കഥ എന്തോ മഹത്തായ വായനാനുഭവം നല്‍കുന്നു എന്ന മട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന രീതി നോക്കുക. എന്തു പ്രതിലോമകരമാണ് അത്! സിനിമ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒരു ബ്ലൂപ്രിന്റ് മാത്രമായ സാധനം, സിനിമയുടെ പരമപ്രധാനമായ സംഗതിയായി വിപണനം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ചലച്ചിത്രം എന്ന മാധ്യമത്തെക്കുറിച്ചുള്ള (ഉണ്ടാവേണ്ട എന്നാല്‍ ഇനിയും സംഭവിച്ചിട്ടില്ലാത്ത ) അവബോധമാണ്. ടെലിവിഷന്‍, സിനിമാ രംഗത്ത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, പ്രസിദ്ധരോ അപ്രസിദ്ധരോ ആയ ഒരുപിടി സാഹിത്യപ്രവര്‍ത്തകര്‍ നമുക്കുണ്ട്. ഇവര്‍ക്കെല്ലാം പൊതുവായി ഉള്ള ഗുണം തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള പുച്ഛമാണ്. അതിനു കാരണം സാഹിത്യസംബന്ധിയായി പ്രസ്തുത എഴുത്തുകാരനുള്ള വിവരം അയാളേക്കാള്‍ പ്രതിഫലം പറ്റുന്ന ‘സംവിധായകപ്രതിമ’യ്ക്ക് ഇല്ല എന്നുള്ളതാണ്. സുഭാഷ്ചന്ദ്രന്‍ കുറേ നാളുകള്‍ക്കു മുന്‍പ് എഴുതിയ ശ്യാമപ്രസാദ് വിമര്‍ശനത്തില്‍ ‘സാഹിത്യകാരനായ ഞാന്‍’ വല്ലാതെ മുഴച്ചു നില്‍ക്കുന്നത് ഇക്കാരണത്താലാണ്. ഒരു ക്രിയയെ ദൃശ്യാത്മകമായി പരിവര്‍ത്തിപ്പിക്കുക എന്നത്, സൂക്ഷ്മചിത്രം മനസ്സിലുണ്ടാവത്തക്കരീതിയില്‍ ഒരു വസ്തുവര്‍ണ്ണന നടത്തി ഒരു ഖണ്ഡിക എഴുതുന്നതിനേക്കാള്‍ പ്രയാസമുള്ള പണിയാണ്. പോരാ, പ്രതിഭ വേണ്ട പണിയാണ്. തൊഴിലുമായി ബന്ധപ്പെട്ടു പോലും, വിഷ്വലുകളായി അവതരിപ്പിക്കപ്പെടുന്ന കഥാതന്തുക്കള്‍ സോകോള്‍ഡ് എഴുത്തുകാരുടെ മാരക പരിഹാസത്തിനു വിഷയമാവും എന്നതിനു ഇമ്മാതിരി ചില സദസ്സുകളില്‍ ചെന്നിരിക്കേണ്ടി വന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഞാന്‍ സാക്ഷിയാണ്. കഥയെ വിഷ്വലുകളാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന്‍ ഇവരുടെ കണ്‍നില്‍ കോമാളിയാകാന്‍ കാരണം എന്ത്? സ്വന്തം അറിവുകേട്. അല്ലാതെന്ത്? (കഥാകാരനായ ലാല്‍ജി സംവിധാനം ചെയ്ത ‘ചിതറിയവര്‍’ ദൃശ്യപരമായ പ്രതിഭയുടെ ദാരിദ്ര്യത്തിന് ഒന്നാം തരം ഉദാഹരണമാണ്) എന്നിട്ടും സുഭാഷിനെയാ‍ണ്, ശ്യാമപ്രസാദിനെയല്ല നമുക്ക് വിശ്വാസം. കാരണമെന്ത്. നമ്മുടെ ചലച്ചിത്രാവബോധത്തിന്റെ ബാലന്‍സ് ഷീറ്റ് സീറോ ആണെന്നതു തന്നെ. അല്ലാതെന്ത്?

പൊതുജനമാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്നതു പോലെ അത്ര ഉയര്‍ന്നതല്ല നമ്മുടെ ചലച്ചിത്രബോധം എന്നു മനസ്സിലാക്കാന്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല. തിയേറ്ററുകളില്‍ ചെല്ലുക. സിനിമ ആസ്വദിക്കേണ്ടതെങ്ങനെ എന്നു പോലും നമുക്കറിയില്ല. പടം തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞാലും ഹാളിനകത്തെ ലൈറ്റുകള്‍ അണഞ്ഞിട്ടുണ്ടാവില്ല. ആളുകള്‍ വന്നും പോയുമിരിക്കും. പിന്നിലിരിക്കുന്നവര്‍ കാലുകള്‍ നമ്മുടെ സീറ്റിനുമുകളില്‍ വയ്ക്കും. മൊബൈല്‍ ഫോണുകള്‍ നിരന്തരം കരഞ്ഞുകൊണ്ടിരിക്കും. ആളുകള്‍ അവയെടുത്ത് ഒച്ചത്തില്‍ സംസാരിക്കും. പാന്മസാലയും ശംഭുവും തിന്നിട്ടുവന്നവര്‍ തറയില്‍ തുപ്പിക്കൊണ്ടിരിക്കും. ഈ ദുര്‍ഗന്ധത്തിലിരുന്നുവേണം നമുക്ക് ഒരു സിനിമ കണ്ടു തീര്‍ക്കാന്‍. കണ്ടു കഴിയുമ്പോഴേയ്ക്കും നമ്മള്‍ ഒരു അഭിപ്രായം രൂപപ്പെടുത്തിയിരിക്കുകയും ചെയ്യും. ശരിയാണ് ഇഷ്ടം പോലെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഭവിക്കുന്നുണ്ട്. മലയാളി ഓടി നടന്നു കാണുന്നുമുണ്ട്. എന്നിട്ട് സിനിമയെക്കുറിച്ച് ആസ്വാദനമെഴുതേണ്ടപ്പോള്‍ നാം സാംസ്കാരിക നിരൂപണമെഴുതും.

അപ്പോള്‍ നമ്മുടെ സംവിധായകര്‍ പ്രതിഭകള്‍ തന്നെയാണെന്നാണോ? യഥാപ്രജ തഥാ രാജ. ഇതു ജനാധിപത്യമല്ല്യോ. സൌന്ദര്യപരമായ മികവ് മലയാളത്തില്‍ എവിടെയോ വച്ച് നിന്നു. മാധ്യമത്തിലെ കയ്യടക്കം, ആഖ്യാനമികവ് എന്നിവ അളക്കാനോ ആസ്വദിക്കാനോ ഉള്ള ടൂള്‍ വികസിപ്പിച്ചെടുത്തില്ല. പിന്നെയുള്ളത് സാമൂഹികതയാണ്. വിപ്ലവത്തിന്റെ അടുപ്പില്‍ വേവുന്ന സാധനം നല്ലപോലെ വിറ്റുപോകും. ‘പരദേശി’യെപ്പറ്റി ജി പി രാമചന്ദ്രന്‍ എഴുതിയ ലേഖനം (മാധ്യമം) നല്ല ഉദാഹരണം. അസാധാരണമായ വിധത്തില്‍ ആഴമുള്ള ഒരു പ്രമേയത്തെ എങ്ങനെ നശിപ്പിച്ച് കുട്ടിച്ചോറാക്കാം എന്നതിനുദാഹരണമായ സിനിമയെ എന്തൊക്കെയോ ആക്കിമാറ്റിയിരിക്കുകയാണ് ശ്രീമാന്‍ ജി പി ആ ലേഖനത്തില്‍. ആ സിനിമയിലാകാട്ടെ ശബ്ദലേഖനം പോലും പിള്ളാരുകളിയാണ്. അപ്പോള്‍ എന്തായിരുന്നു ആ ലേഖനത്തിന്റെ ഉദ്ദേശ്യം? അതുപോട്ടെ,
കഴിഞ്ഞാഴ്ച മറ്റൊരു ലോകോത്തര സിനിമ മലയാളത്തില്‍ ഇറങ്ങി.’നാലു പെണ്ണുങ്ങള്‍’. ആറു പെണ്ണുങ്ങളാണെന്ന് അതിന്റെ പോസ്റ്ററിലുണ്ട്. വേറെയുമുണ്ട് സിനിമയില്‍ കണക്കില്‍ പെടാത്ത പെണ്ണുങ്ങള്‍. പക്ഷേ എല്ലാം പഴയ പെണ്ണുങ്ങളാണ്. തൊപ്പിയില്‍ ശംഖും മുദ്രയുള്ള കാലത്തുള്ള, തകഴിയുടെ പെണ്ണുങ്ങള്‍. കല്യാണം കഴിച്ചത് നിയമലംഘനമാവുന്ന, കല്യാണം കഴിച്ചിട്ടും കന്യകാത്വം പോകാത്ത, പ്രലോഭനമുണ്ടായിട്ടും വഴിമാറ്റിച്ചവിട്ടാത്ത, നിത്യകന്യകയായി നിന്നു പോകുന്ന ... ഇങ്ങനെ 4 സ്ത്രീജാതികള്‍ക്കാണ് അടിവര. കൊള്ളാം. വീട്ടുമുറ്റത്തെ തോട്ടത്തില്‍ നട്ടു വളര്‍ത്തിയിരിക്കുന്നത് അന്തൂറിയത്തിനു പകരം സര്‍വസാധാരണമായ ‘കമ്മ്യൂണിസ്റ്റ് പച്ച‘യായതുകൊണ്ട് മെച്ചമെന്തെങ്കിലും കാണുന്നവന് തോന്നുമോ? (എന്തു വളര്‍ത്തണമെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല, സാര്‍!) സമീപഭൂതകാലത്തോടുള്ള രതി, (നിഴല്‍ക്കുത്ത് ഓര്‍ത്തുപോകുന്നു) അഭിനിവേശമായതുകൊണ്ടാവണം സിനിമയ്ക്കും ഈ മന്ദതാളം, അതു ആഖ്യാനത്തില്‍ മാത്രമേയുള്ളൂ. സിനിമയ്ക്കുള്ളില്‍ കാലം പറപറക്കുകയാണ്. ഒരു സീനില്‍ ഞാറുപറിക്കല്‍. സംഭാഷണം കഴിയുമ്പോഴേയ്ക്ക് വിളവെടുപ്പായി. രവിവര്‍മ്മചിത്രങ്ങള്‍ക്ക് പറയുന്ന കുറ്റം- സീനുകള്‍ക്ക് തമ്മില്‍ അവയവപ്പൊരുത്തമില്ലായ്മ - ഇവിടെയും ധാരാളം. ചില സീനുകള്‍ ഭാവാഭിനയം കഴിഞ്ഞ് സംഭാഷണമെത്തുന്നതു വരെ നീളും. ചിലത് കുറുകും. സംഭാഷണങ്ങളൊക്കെ അതിസാധാരണം എങ്കിലെന്ത്, ധ്വനിമര്യാദയാണ് സീനുകളുടെ പൊതു ലക്ഷണം. അതുകൊണ്ട് ചിന്തയൊഴിഞ്ഞ് നേരം കാണില്ല.

പിന്‍പാട് :
കെസ്ലോവ്സ്കിയുടെ ‘ബ്ലൂ‘വില്‍ കാപ്പിക്കപ്പിലേയ്ക്ക് നീട്ടിപ്പിടിക്കുന്ന ഒരു പഞ്ചസാരചതുരത്തിലേയ്ക്ക് കറുത്തകാപ്പി പടര്‍ന്നു കയറുന്ന ഒരു ദൃശ്യമുണ്ട്. സാധാരണ അങ്ങനെ സംഭവിക്കാന്‍ 6-7 സെക്കന്റുകള്‍ വേണം. 5 സെക്കന്റുകള്‍ക്കുള്ളില്‍ കാപ്പി പടരുന്ന പ്രത്യേക ഷുഗര്‍ക്യൂബ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തേടിപ്പിടിച്ചു കൊണ്ടു വന്നതിനു ശേഷമാണ് കെസ്ലോവ്സ്കി ആ രംഗം ചിത്രീകരിച്ചത്.
....................................................................അതു പറയുമ്പോള്‍ അങ്ങനെ ചിരിക്കരുത് സാര്‍.....!

13 comments:

  1. പ്രിയപ്പെട്ട വെള്ളെഴുത്തേ,
    താങ്കള്‍ തിരുവനന്തപുരത്ത് എവിടെയാണ്....
    എനിക്ക് താങ്കളെ പരിചയപ്പെടണമെന്നു തോന്നുന്നു.

    ലേഖനം നന്നായിരിക്കുന്നു.കുറച്ചുകൂടി വിശദപ്പെടുത്തേണ്ടതുണ്ട്.അടൂരിന് വിധേയനു ശേഷം താളം നഷ്ടപ്പെട്ടതായാണ് എന്റെ കാഴ്ച.നാലു പെണ്ണുങ്ങള്‍ കണ്ടില്ല.കഥാപുരുഷന്‍ തരക്കേടില്ലാത്ത ഒരു സിനിമയാണെന്നേ തോന്നിയുള്ളു.നിഴല്‍ക്കുത്ത് ഒരു ചവറുപടമായും.

    ReplyDelete
  2. ലേഖനത്തിന്റെ ആദ്യഭാഗത്തില്‍ വെള്ളെഴുത്ത് പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ ഒരു നിരീക്ഷണം മുന്നോട്ടു വയ്ക്കുന്നു, എഴുതുന്നവന്‍ / നിരൂപകന്‍ സ്വന്തം നിലപാട് ആദ്യമേ വ്യക്തമാക്കണമെന്ന്. അതു ശരിതന്നെയാണ്.

    കേരളത്തിലെ സിനിമാ ആസ്വാദകസമൂഹത്തിന്റെതാണ് പ്രധാനപ്രശ്നങ്ങള്‍. വായനയുടെ നിലവാരം ആനന്ദ്, വിജയന്‍, മാര്‍ക്വേസ്, പാമുക് എന്നിങ്ങനെ പോവുമ്പോഴും സിനിമാകാഴ്ച്ചകള്‍,, കവിഞ്ഞാ‍ല്‍ ഹോളിവുഡ് വരെ എത്തും. ലോകസാഹിത്യം ശരാശരി മലയാളി വായനക്കാരന്‍ കൈപ്പിടിയിലൊതുക്കുമ്പോഴും ലോകസിനിമയുടെ കാര്യത്തില്‍ അയാളുടെ ലോകം ചെറുതാണ്.
    മാദ്ധ്യമങ്ങള്‍ ജനത്തിനു നല്‍കുന്ന സിനിമാഫീഡും അതുതന്നെ.

    ReplyDelete
  3. ശ്രീ എം.പി.സുകുമാരന്‍ നായര്‍ എന്ന ചലച്ചിത്രകാരനോടൊപ്പം (അടൂരിന്റെ അസിസ്റ്റന്റായിരുന്നു തുടക്കത്തില്‍) രണ്ടു സിനിമകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ താങ്കളുടെ നിരീക്ഷണത്തില്‍ കഴമ്പുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും. എല്ലാവരും കുറോസോവയാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ശരാശരി സിനിമക്കപ്പുറത്തേക്ക് കടക്കാന്‍ ഇതുവരെ പലര്‍ക്കും കഴിഞ്ഞീട്ടില്ല എന്നത് സത്യം തന്നെ.

    ReplyDelete
  4. വളരെ നല്ല ലേഖനം. കുറച്ചുകൂടി വിപുലമാക്കാമോ?

    ReplyDelete
  5. സിനിമ ദൃശ്യ മാധ്യമമാണെന്നു മനസ്സിലാവണം..അതാണു തുടക്കം. നല്ല ഉദ്യമം വെള്ളെഴുത്തേ.

    ReplyDelete
  6. സനാതനാ തീരെ സോഷ്യബിള്‍ അല്ല എന്നുള്ളതുകൊണ്ടാണ് ആരുടെയും കണ്ണില്‍പ്പെടാതെ ഇങ്ങനെ ഒതുങ്ങി..... താങ്കള്‍ക്ക് മനസ്സിലാവുമല്ലോ..ഇനിയും കുറേക്കാലം കൂടി കഴിഞ്ഞിട്ടും താങ്കള്‍ക്ക് മടുക്കുന്നില്ലെങ്കില്‍ ഞാന്‍ നേരിട്ടു വരാം...:) പ്രശാന്ത്, കണ്ണൂസ്,മുരളീ, നളന്‍....ആശയങ്ങള്‍ വികസിപ്പിച്ചതു നന്നായി. വാല്മീകി,..ഓരോ വരിയെഴുതുമ്പോഴും നീണ്ടു പോകും, ആളുകളെ ബോറടിപ്പിക്കും എന്നു വിചാരിച്ചാണ് ചുരുക്കുന്നത്.. പരദേശിയും ഒരേകടലും അടൂരും തീര്‍ന്നിട്ടില്ല. ഇനിയും വരും ഭീഷണി ഇവിടെനിന്ന്..

    ReplyDelete
  7. പിന്‍പാട് ഒരുപാട് പറയുന്നു.:)

    ReplyDelete
  8. ഇവിടെ പ്രസക്തമോ എന്നുറപ്പില്ല. എന്നാലും കാച്ചുന്നു.എവിടെയോ വായിച്ചതാണ്.

    മഹാരാഷ്ട്രയിലേയോ മറ്റോ കുഗ്രാമത്തില്‍ സിനിമ എന്ത് എന്നു പോലും അറിയാത്ത കുറെപ്പേരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ സിനിമ പരിചയപ്പെടുത്തുകയാണ്. അവര്‍ക്ക് കാണിച്ചു കൊടുത്തതു മുഴുവന്‍ ക്ലാസിക് സിനിമകള്‍. അങ്ങനെ കുറെക്കാലത്തെ പഠിപ്പിക്കലിനുശേഷം അവര്‍ക്ക് അമിതാഭ് ബച്ചന്റേയും മറ്റും തട്ടുപൊളിപ്പന്‍ ഹിന്ദി സിനിമകള്‍ കാണിച്ചുകൊടുത്തു...നിരക്ഷരരായ ആ ഗ്രാമ വാസികള്‍ തട്ടുപൊളിപ്പന്‍ സിനിമ കണ്ട് അല്‍ഭുതം കൂറിയത്രേ..

    “എവിടെ നിന്നു കിട്ടി ഈ ചവറു സിനിമകള്‍?”

    സിനിമ കാണാനും പഠിക്കണം എന്നതിനു തെളിവായി, അല്ലെങ്കില്‍ നമ്മള്‍ കണ്ടു കണ്ട് കണ്ടീഷന്‍‌ഡ് ആയിപ്പോകുന്നു എന്നതിനു തെളിവായി ഒരു ലേഖനത്തില്‍ വായിച്ചത്.

    ReplyDelete
  9. സത്യം. മറ്റൊരു വശംകൂടിയുണ്ട്.. എന്തുകാട്ടണം എന്നു തീരുമാനിച്ചു കൊണ്ട് സമൂഹത്തിന്റെ വിവേചനബുദ്ധിയ്ക്കു മേല്‍ രഥയോട്ടം നടത്താമെന്നതും. പറഞ്ഞു വരുമ്പോള്‍ ഒന്നും അത്ര നിരുപദ്രവകരമല്ല.

    ReplyDelete
  10. സിനികളൊക്കെ കാണുമെകിലും അതിനെ വിലയിരുത്താനൊന്നും ആയിട്ടില്ല, അതു കൊണ്ടു തന്നെ വല്യ വിവരമൊന്നുമില്ല

    എന്തായാലും ലേഖനം കൊള്ളാം...

    ReplyDelete
  11. ഇന്നാണ് ഇത് കാണുന്നത്.

    ആത്യന്തികമായി, ഒരു സിനിമയുടെ തത്വശാസ്ത്രപരമായ ഏതൊരു വായനയും സിനിമ പ്രക്ഷേപണം ചെയ്യുന്ന ആശയങ്ങളുടെ വായനയോ സിനിമയെക്കുറിച്ചുള്ള വായനയോ ആവാതെ സിനിമയുടെ വായന തന്നെ ആവേണ്ടതുണ്ട്‌.

    ഇത് എന്റെ സിനിമാബ്ലോഗിലെ ആദ്യലേഖനത്തില്‍ ഞാനെഴുതിയതാണ്. നിരൂപണത്തെക്കുറിച്ച് എന്റെ മനസ്സിലുള്ള സങ്കല്പം. പക്ഷെ അതു പാലിക്കാന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല. എഴുതുമ്പോള്‍ അറിയാതെ സാമ്പ്രദായിക ഫോര്‍മാറ്റിലേക്ക് ആകുന്നു.

    സിനിമ എന്തായിരിക്കണമെന്ന് പത്തു വാചകത്തില്‍ ഒതുക്കാന്‍ പറഞ്ഞാല്‍ കഷ്ടപ്പെടും. സിനിമ എന്തായിരിക്കണമെന്നാണ് വെള്ളെഴുത്ത് കരുതുന്നത്?

    ReplyDelete