September 26, 2007

മരിച്ചു തുടങ്ങാതിരിക്കാന്‍....

1. “ബക്കറ്റ് അവസാനം ഉപയോഗിച്ചു നിറയ്ക്കുന്നയാള്‍ മൂത്രമപ്പാടെ മറപ്പുരകളിലേയ്ക്കു ചുമന്നെത്തിച്ച് ബക്കറ്റ് കാലിയാക്കി തിരികെ കൊണ്ടുവന്നു വയ്ക്കണം. അതാണു നിയമം. പുറത്തിറങ്ങും മുന്‍പ് പാറാവുകാരനെ നമ്പര്‍ കാണിച്ചു ബോദ്ധ്യപ്പെടുത്തണം. നഗ്നമായ കാല്‍‌വണ്ണയില്‍ മുട്ടിയുരുമിക്കൊണ്ടിരിക്കുന്ന ബക്കറ്റുമായി ശൌചപ്പുരയിലേയ്ക്ക് ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയെന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അറപ്പുണ്ടാക്കുന്ന ചൂടു മാത്രം. ന്യായമായ പരിധിയും കഴിഞ്ഞ് നിറഞ്ഞു നില്‍ക്കുന്ന ബക്കറ്റ്. നടക്കുമ്പോഴുള്ള കുലുക്കത്തില്‍ കുറേശ്ശെയായി തുളുമ്പി കുറച്ച് പാദത്തിലേയ്ക്ക് കവിഞ്ഞു വീഴും. മൂത്രമെടുപ്പ് എത്ര മടുപ്പോടെയാണെങ്കിലും മഞ്ഞിനൊക്കുന്ന തണുപ്പില്‍ ആ ചൂടിനൊരു സുഖമുണ്ട്. അതോര്‍ക്കുമ്പോള്‍ ഈ പണി തനിക്കു തന്നെ കിട്ടിയതും തെല്ലൊരാനന്ദമാകും.”

2. “ഇടുങ്ങിയ ഒരു സെല്ലിലാണ് എന്നെ അടച്ചത്. അതിനകത്ത് മലമൂത്ര വിസര്‍ജനത്തിനുള്ള സൌകര്യമൊന്നുമില്ല. ഒരു ചട്ടി തരും അതിനകത്താണ് തടവു പുള്ളികള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടത്. പിറ്റേന്ന് രാവിലെ തടവുപുള്ളികള്‍ ആ ചട്ടിയുമെടുത്ത് പുറത്തുമറിച്ചു കളയണം. അതുവരെ സെല്ലിനകത്താകെ രൂക്ഷഗന്ധമായിരിക്കും. രാത്രി മുഴുവന്‍ ഇതിന്റെ കൂടെ കഴിയേണ്ടി വരുന്നവന്റെ സ്ഥിതി മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. രണ്ടാള്‍ക്കു തന്നെ നീണ്ടു വിവര്‍ന്നു കിടക്കാന്‍ ബുദ്ധിമുട്ടുള്ള മുറിയില്‍ അഞ്ചുപേര്‍. അതിനകത്താണ് ഈ ചട്ടിയും വയ്ക്കുന്നത്.”

1943-ല്‍ അറസ്റ്റുചെയ്യപ്പെടുകയും 44-ല്‍ ഓഷ്‌വിറ്റ്സ് എന്ന ഭൂമിയിലെ നരകത്തിലേയ്ക്ക് എറിയപ്പെടുകയും ചെയ്ത പ്രിമോ ലെവി എഴുതിയതാണിതിലെ ആദ്യ ഖണ്ഡം. അന്ന് ഒപ്പം തടങ്കലിലായ 125പേരില്‍ 3പേര്‍ മാത്രമാണ് പിന്നെ പുറംലോകം കണ്ടത്. ഭാഗ്യത്തിന് അതിലൊരാള്‍ പ്രിമോ ആയിരുന്നു. രസതന്ത്ര വിദഗ്ദ്ധനായ അദ്ദേഹം വിവരണാതീതമായ പീഡനങ്ങളെ എങ്ങനെയോ അതിജീവിച്ചു. ആ കഥ ലോകത്തിനു പറഞ്ഞു കൊടുക്കാന്‍ വേണ്ടി മാത്രം. അതാണ് ‘ഇതോ മനുഷ്യന്‍‘ (Is this a man?). പിന്നീട് ‘സത്യങ്ങള്‍ ‘(The Trues) എന്നൊരു പുസ്തകം കൂടി അദ്ദേഹം എഴുതി. അതേ സ്ഥലത്തെ അനുഭവങ്ങളെക്കുറിച്ച്. ഇരുപതുമാസങ്ങളാണ് നാസികളുടെ തടവില്‍ പ്രിമോ കഴിച്ചുകൂട്ടിയത്. പക്ഷേ ആ ഓര്‍മ്മകള്‍ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിനു ശാന്തി നല്‍കിയില്ല. ഒരു പക്ഷേ തടങ്കല്‍ പാളയങ്ങള്‍ എന്നെന്നേയ്ക്കുമായുള്ള തടവറകളായിരിക്കണം. അല്ലെങ്കില്‍ 68-മത്തെ വയസ്സില്‍ (1987) അദ്ദേഹം ആത്മഹത്യ ചെയ്തതെന്തിന്? 40 വര്‍ഷം തീവ്രമായി ആ ഓര്‍മ്മകളുടെ ഭാണ്ഡം മുറുക്കി തന്നെ വച്ചിരുന്നതെന്തിന്?

രണ്ടാമത്തേത് എം വി സുബൈറിന്റെ ഓര്‍മ്മക്കുറിപ്പാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ സംശയിക്കപ്പെട്ട് ജയിലിലാവുകയും നിരപരാധിയാണെന്നു കണ്ട് കോടതി വിട്ടയയ്ക്കുകയും ചെയ്ത ഒരു സാധാരണ മോട്ടോര്‍ മെക്കാനിക്ക്. . ഒരു സംശയത്തിനും നിരപരാധിത്വത്തിനുമിടയില്‍ സുബൈറിന് നഷ്ടമായത് 9 വര്‍ഷങ്ങളാണ്. പ്രിമോയ്ക്ക് 20 മാസങ്ങളും. അതല്ല പ്രശ്നം. ഇതൊരു നാള്‍വഴി കണക്കുമല്ല. 1944നും 1990നും ഇടയ്ക്ക് ലോകം നാം വിചാരിച്ചതു പോലെ അത്രയൊന്നും തിരിഞ്ഞിട്ടില്ല എന്നുള്ളതാണ്. ഓഷ്‌വിറ്റ്സിനു മുന്‍പും ശേഷവും എന്ന് ലോകചരിത്രത്തെ രണ്ടായി മുറിച്ച കെട്ടിടത്തിനു മുന്നില്‍ നിന്ന്‍ സ്റ്റീന്‍ ലോഫ്, പ്രിമോ ലെവിയോടു പറഞ്ഞു : ‘നമ്മെ മൃഗങ്ങളാക്കി ചുരുക്കുവാനുള്ള കൂറ്റന്‍ സംവിധാനമാണ് ഈ പാളയം. അതുകൊണ്ട് നമ്മള്‍ മൃഗങ്ങളായി തീരരുത്!‘
നമുക്കിപ്പോള്‍ ഹിറ്റ്ലര്‍ ഇല്ല. ജനാധിപത്യം അതിന്റെ എല്ലാ വസന്തങ്ങളോടെയും പൂത്തുലഞ്ഞു നില്‍ക്കുന്നു എന്ന് ചിലപ്പോഴെങ്കിലും നാം പുഞ്ചിരിയോടെ സ്വപ്നം കാണാറുമുണ്ട്.
എന്നിട്ടും... എന്നിട്ടും ഈ അനുഭവക്കുറിപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ ദൂരം ഇല്ലാതെ പോയതെങ്ങനെ?

8 comments:

  1. "ജനാധിപത്യം അതിന്റെ എല്ലാ വസന്തങ്ങളോടെയും പൂത്തുലഞ്ഞു നില്‍ക്കുന്നു എന്ന് ചിലപ്പോഴെങ്കിലും നാം പുഞ്ചിരിയോടെ സ്വപ്നം കാണാറുമുണ്ട്"

    ശരിയായ ജനാധിപത്യം സ്വപ്നം മാത്രമായിപ്പോകുന്നതുകൊണ്ടല്ലേ തടവറകള്‍ തമ്മില്‍ ദൂരം ഇല്ലാതിരിക്കുന്നത്?

    ReplyDelete
  2. ജനങ്ങള്‍ക്കു് "നന്മയുടെ" പൂര്‍ണ്ണതയില്‍ എത്താന്‍ കഴിയുമായിരുന്നെങ്കില്‍ ജനാധിപത്യത്തേക്കാള്‍ മികച്ച സാമൂഹികസംവിധാനം അരാജകത്വമായിരുന്നേനെ! അവിടെ എന്തിനു് അധികാരവും നിയന്ത്രണങ്ങളും‍? പക്ഷേ, മനുഷ്യനു് തിന്മയിലേക്കുള്ള സ്വാഭാവിക ചായ്‌വുമൂലം (കാന്റ്) ജനാധിപത്യം (യഥാര്‍ത്ഥ!) പോലും ഒരു യൂട്ടോപ്പിയ ആയി എക്കാലവും നിലനില്‍ക്കാനാണു് എല്ലാ സാദ്ധ്യതകളും!

    ജനങ്ങളുടെ ചെലവില്‍ അധികാരികള്‍ നിയമങ്ങള്‍ കയ്യിലെടുത്തു് "കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" എന്ന കാട്ടുനീതിയെ നീതീകരിക്കുന്നിടത്തു് നിലനില്‍ക്കുന്നതും അരാജകത്വം തന്നെ - ജനാധിപത്യത്തിന്റെ മുഖം മൂടിയിട്ട അഭിനവ കാട്ടാളത്തം. (അവിടെ നാരായണസ്വാമിമാരെ ഔസേപ്പുമാര്‍ നിയന്ത്രിക്കുന്നു!)

    ReplyDelete
  3. ജനാധിപത്യവും കമ്മ്യൂണിസം പോലെ ഒരു അതീവ കാല്‍‌പനികമായ സ്വപ്നമാണ്,

    'മറ്റുള്ളവരുടെ വാക്കുകള്‍‌ സംഗീതം പോലെ ശ്രവിക്കുന്ന കാലം വരും' എന്നുള്ളതാണ് ഏറ്റവും വലിയ കാല്പനികതയെന്നും അതു നടന്നു കഴിയുമ്പഴേ അതിനപ്പുടത്തെ കാല്‍‌പനികതെയെ കുറിച്ച് പറയേണ്ടതൊള്ളൂ എന്നും ആരോ പറഞ്ഞിട്ടുണ്ട്.


    ഇന്ത്യ ജനാധിപത്യ രാഷ്ട്രമല്ല, മറിച്ച് മുഖ്യധാരാ രാഷ്ട്രീയാധിപത്യ രാഷ്ട്രം മാത്രമാണ്, അതു മാത്രവും

    ReplyDelete
  4. നിങ്ങളുടെ എഴുത്തുകള്‍ ഞാനിന്നാണ്‌ കാണുന്നത്‌. നല്ല നിരീക്ഷണം . പെണ്ണുകെട്ടാത്ത വല്ല തകരാറുമാണോ ?

    ReplyDelete
  5. ഇതോ മനുഷ്യന്‍ എന്ന പുസ്തകം സ്കൂളിലുണ്ട്.ഇതേ വരെ വായിച്ചില്ല.ഇനി വായിക്കാതിരിക്കാനാവില്ല.ലോകം മാറിയിട്ടില്ല എന്ന ഓര്‍മപ്പെടുത്തലിന്,നമ്മെ മൃഗങ്ങളാക്കി ചുരുക്കുവാനുള്ള കൂറ്റന്‍ സംവിധാനങ്ങള്‍ക്ക് നാം ഇപ്പോഴും ഇരകള്‍ തന്നെ എന്ന വേദനാജനകമായ തിരിച്ചറിവിന്...നന്ദി.

    ReplyDelete
  6. ജനാധിപത്യമോ? ആവോ?

    ReplyDelete