September 24, 2007

നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - രണ്ട്

ആത്മഹത്യകള്‍ക്ക് പഴയകാലങ്ങളില്‍ തീവ്ര വര്‍ണ്ണങ്ങളുണ്ടായിരുന്നില്ല. വിജിഗീഷുവായ മൃത്യുവിനുമപ്പുറത്ത്‌ പറുദീസകള്‍ പഴയ മനുഷ്യരെ കാത്തിരുന്നു. മതപരമായ അനുശാസനങ്ങളില്‍ മരണം ഒരു മോചനമാര്‍ഗ്ഗമാണ്‌. ഒരു ബോധത്തില്‍ നിന്നും ഭേദപ്പെട്ട മറ്റൊരു ബോധത്തിലേയ്ക്കുള്ള ആത്മാവിന്റെ പ്രയാണം. മോക്ഷപ്രാപ്തിയെയും സ്വര്‍ഗ്ഗത്തെയും കുറിച്ച്‌ ചോദ്യം ചെയ്യാതെ കാത്തുപോന്ന സങ്കല്‍പ്പങ്ങള്‍ ബോധത്തില്‍ സംഭവിച്ച ഒരു വെള്ളിടിവെട്ടലില്‍ തകരുകയും ദൈവാസ്തിത്വത്തെ സംബന്ധിച്ച്‌ നിരന്തരം ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ നിരാധാരമായി പരിണമിക്കുകയും ചെയ്ത ദശസന്ധിയിലാണ്‌ മരണം അതിന്റെ നിഗൂഢമായ ഊടുകളെ മനുഷ്യനു മുന്‍പില്‍ തുറന്നിട്ടത്‌. പുതിയ യുഗത്തില്‍ മനുഷ്യനു ലഭിച്ച പ്രാധാന്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും, ചിറകുള്ള തേരും പ്രകാശവത്തായ സിംഹാസനവും കാത്ത്‌ മരണം വരും വരെ ഇരയായി തുടരുന്നതിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അനിഷേധ്യനായ മൃത്യുവിനെ അതിന്റെ മടയില്‍ ചെന്നു കാണാന്‍ മനുഷ്യന്‌ ചെറുക്കാനാവാത്ത ആഗ്രഹം ആരംഭിക്കുന്നിടത്തു നിന്നാണ്‌ 'നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്നമായി' ആത്മഹത്യ മാറുന്നത്‌.

ആത്മഹത്യ ഭീരുത്വമാണെന്ന്‌ നെപ്പോളിയന്‍ വിളിച്ചു പറഞ്ഞു. ഡീഫോയ്ക്കും സ്വയംനാശം ഉയര്‍ന്നതലത്തിലുള്ള ഭീരുത്വത്തിന്റെ പ്രകടനമായിരുന്നു. പരമ്പരാഗത ചിന്തയില്‍ അത്‌ പ്രതിലോമതകളെ നേരിടാനാവാത്ത ഒളിച്ചോട്ടവുമാണ്‌. എന്നാല്‍ മരണത്തേക്കാള്‍ വലിയ അനീതിയെ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ല. അത്‌ സ്വയം സ്വീകരിക്കുമ്പോള്‍ ദൈവത്തിനെതിര്‍ നിന്ന്‌ സ്വന്തം വിധി നടപ്പാക്കാനുള്ള അവസാന സ്വാതന്ത്ര്യത്തെയാണ്‌ ഒരാള്‍ ഉള്ളാലെ അനുഭവിക്കുന്നത്‌. ക്ഷണം ലഭിക്കാതെ ആ മഹാസാന്നിദ്ധ്യത്തിലേയ്ക്ക്‌ അതിക്രമിച്ചു ചെല്ലുന്നവന്‍ ദൈവപ്രഭാവത്തെ വെല്ലുവിളിക്കുകയാണെന്ന്‌ ആത്മഹത്യക്കെതിരെ ഡെന്നിംഗ്‌ പ്രഭു മുഴക്കിയ താക്കീതിന്റെ അര്‍ത്ഥമതാണ്‌. മരണത്തിന്റെ രഹസ്യഗൃഹത്തിലേയ്ക്ക്‌ അതിക്രമിച്ചുകടക്കുന്നത്‌ പാപമാണോ എന്ന്‌ ഷേക്‍സ്പിയര്‍ ക്ലിയോപാട്രയെകൊണ്ടു ചോദിപ്പിച്ചു. ചുവടുവയ്പ്പുകള്‍, ഒരിക്കലും ശരിയാകാത്ത ഗണിതക്രിയകളാല്‍ കലുഷമാവുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥരാഹിത്യത്തേയും പറ്റി ചിന്തിച്ചുപോകുന്ന മനുഷ്യനാണ്‌ മരണത്തിന്റെ വിലോഭനീയതയില്‍ പ്രേരിതനാവുന്നത്‌. ഗ്രേയം ഗ്രീന്‍ കണക്കുമായി ബന്ധപ്പെടുത്തി 'ദ്‌ കൊമേഡിയന്‍സില്‍' അവസരങ്ങളുടെ നിയമം കൊണ്ട്‌ ആത്മഹത്യയെ വിലയിരുത്തുന്നുണ്ട്‌. അദ്ദേഹത്തിനത്‌ മനുഷ്യന്റെ സഹജമായ ഗണിതാവബോധം അതിജീവനത്തിനുള്ള ബോധത്തെ തകിടം മറിക്കുന്ന ഏറ്റവും ധീരമായ പ്രവൃത്തിയാണ്‌. മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഉത്കണ്ഠയെ മരണത്തിന്റെ തീവ്ര മുഹൂര്‍ത്തം ഉള്ളടക്കുന്നു എന്നതാണ്‌ സത്യം. അവിടെ ജീവിതകാമനയും ജീവിതനിഷേധവും കുഴമറിയുന്നു. ('ജീവിതം പോലെ അഭികാമ്യയാണ്‌ നീ, മരണം പോലെ ആകര്‍ഷകയാണ്‌ നീ' എന്ന്‌ രാജലക്ഷ്മി) ഒരാത്മാവിന്റെ സ്വകാര്യ ഭീകരത മുഴുവന്‍ ജീവിതനിഷേധത്തിന്റെ ഒരു ബിന്ദുവിലേയ്ക്ക്‌ ആവാഹിച്ചു കൊണ്ട്‌ ആത്മഹത്യ മാര്‍ഗ്ഗത്തേയും ലക്ഷ്യത്തെയും നാടകീകരിക്കുകയും കീഴടങ്ങലിന്റെയും ചെറുത്തു നില്‍പ്പിന്റെയും തന്ത്രികളെ കൂട്ടിപ്പിണയ്ക്കുകയുമല്ലേ ചെയ്യുന്നത്‌?

ചിന്തയുടെ കൈത്താങ്ങില്ലാത്ത നൈരാശ്യം ആത്മഘാതിയാണ്‌. പെട്ടെന്ന്‌ മുറിവേല്‍ക്കുന്ന മനസ്സുകള്‍ക്ക്‌ ഉള്ളില്‍ കയറി കൂടുന്ന ഇരുട്ടിനെ കൂടഞ്ഞു കളയുക എളുപ്പമായിരിക്കുകയില്ല. എങ്കിലും അതൊരു കാരണം മാത്രമേ ആകുന്നുള്ളൂ. കൊടും വിഷത്തിന്റെ രുചി എന്തെന്ന്‌ അറിയാനായി മാത്രം അത്‌ രുചിച്ചു നോക്കിയവനെയും 'സമുദായത്തിലെ വിഷതീനികളെയും' ഏതുഗണത്തില്‍പ്പെടുത്തും? ദുര്‍വാര്യമായ മരണത്തിന്റെ വഴിയെ പറ്റി രാമലീലാകാരന്‍ പാടുന്നതിങ്ങനെ : 'യമന്റെ ദണ്ഡ്‌ ആരെയും തലയ്ക്കടിച്ചു കൊല്ലുന്നില്ല. മരിക്കാന്‍ പോകുന്നവന്റെ ധര്‍മ്മവും ബലവും ബുദ്ധിയും വിചാരവും അപഹരിക്കുന്നു. അങ്ങനെ അവന്‍ സ്വയം മരണം കണ്ടെത്തുന്നു. 'മരണോന്മുമായി ചരിക്കുന്ന സത്തയാണ്‌ മനുഷ്യന്‍‘ എന്നാണ്‌ പ്രായോഗികമായ അറിവുകളേറെയുള്ള ഗ്രാമീണന്റെ ഈ സമവാക്യവും പറയുന്നത്‌. മരണത്തിന്റെ കൂടാരത്തിലേക്കു മനുഷ്യന്‍ ക്ഷണിക്കാതെ നടന്നു കയറുന്നത്‌ എന്തിനെന്ന ചോദ്യത്തിന്‌ പുര്‍ണ്ണമായി ഉത്തരം ലഭിക്കുക പ്രയാസമാണ്‌. എങ്കിലും അല്‍ വാരസ്സിനെ പോലെ അതന്വേഷിച്ചു നടന്നവര്‍ കുറവല്ല. സ്വയംഹത്യകള്‍ക്കെല്ലാം തീര്‍ത്തും സ്വകാര്യമായ ഒരു വശമുണ്ട്‌. ഗൂഢമായതിനോടുള്ള ഹിതകരമല്ലാത്ത താത്‌പര്യമാണത്‌. യോഗാത്മക കവിതകളില്‍ മൃത്യുവും കാമവും പ്രച്ഛന്ന വേഷം കെട്ടുന്നത്‌ കാണുക. രതിമൂര്‍ച്ഛ മരണത്തിന്റെ ഭാഗമാണ്‌ എന്നാണ്‌ വാഗ്നറുടെ അഭിമതം. വിശ്വാസ പ്രമാണങ്ങളുടെ നഷ്ടമാണ്‌ മറ്റൊന്ന്‌. വ്യക്തി ജീവിക്കുന്ന സമൂഹങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ തുടങ്ങി കേവലമായ വ്യക്തി ബന്ധങ്ങള്‍ വരെ ഓരോന്നും ഓരോ മനുഷ്യന്റെയും താങ്ങാണ്‌. ചാരി നില്‍ക്കാന്‍ ആലംബങ്ങളില്ലാതെ വരുമ്പോള്‍ ചുവടുവയ്പ്പുകള്‍ പതറിതുടങ്ങുന്നു. ഓരോ സമൂഹത്തിന്റെയും ക്രമവത്കരണത്തിനുള്ളില്‍ വ്യക്തികള്‍ക്ക്‌ സ്വന്തം സ്വത്വങ്ങളെ നിരാകരിക്കേണ്ടി വരും. ഈ പ്രക്രിയയെയാണ്‌ സാമൂഹിക ബോധം എന്ന ഓമന പേരിട്ട്‌ നാം വിളിച്ചു പോരുന്നത്‌. വ്യാകരണങ്ങളില്ലാത്ത പുറമ്പോക്കു ജീവിതങ്ങള്‍ക്ക്‌ ഇത്‌ ചുറ്റും ചിതറിയ കള്ള നാണയങ്ങളെക്കാളും വലിയ കാപട്യമാണ്‌. സമൂഹം എണ്ണം പറഞ്ഞ്‌ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങള്‍ അവരുടെ സംവേദനങ്ങളെ രക്ഷിക്കാനെത്തുകയില്ലെന്ന്‌ നന്നായി തിരിച്ചറിയുന്നത്‌ അവരെ പോലെ മറ്റാരാണ്‌? വ്യക്തിയുടെ മനോഘടനയില്‍ ഏകാകിതയെ രൂക്ഷമാക്കുന്ന കാരണങ്ങളെന്തായാലും സമൂഹവുമായുള്ള ബന്ധം വഷളായതിനാല്‍ ദുഃസ്വപ്നങ്ങളുടെ കണ്ണാടിയായി തീര്‍ന്ന മനസ്സുകളാണ്‌ നിത്യ രാത്രിയിലേയ്ക്ക്‌ കെട്ടു മുറുക്കുന്നത്‌. മരണത്തിന്റെ രുചിയറിയാന്‍ ആത്മഹത്യ ചെയ്ത സില്‍വിയ പ്ലാത്‌ ആയാലും, വിപ്ലവം അതിന്റെ സന്തതികളുടെ സ്വപ്നത്തെ കൊന്നു തിന്നുന്നതു കണ്ട്‌ ജീവനൊടുക്കിയ മയക്കൊവ്സ്കിയായാലും, വ്യക്തിപരമായ ഉന്മാദ മൂര്‍ച്ഛയാല്‍ ഇരുട്ടില്‍ മുഖമൊളിപ്പിച്ച വാന്‍ ഗോഗ്‌ ആയാലും ഈയൊരംശത്തെ നിഷേധിക്കുന്നില്ല.

ആത്മഹത്യയുടെ പ്രേരണാഘടകങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ ആത്മഹത്യാസമൂഹമായി പരിണമിക്കുന്നു. ചരിത്രത്തിന്റെ ദശാസന്ധികളില്‍ പല സമൂഹത്തെയും നിരാശാബോധം കൂട്ടത്തോടെ വേട്ടയാടിയതിന്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. ജര്‍മ്മന്‍ കൗമാരങ്ങളുടെ കൂട്ടനാശത്തിന്‌ ഗെയ്ഥേയുടെ 'വെര്‍തറുടെ ദുഃഖങ്ങള്‍'ക്ക്‌ പങ്കുണ്ടായിരുന്നോ? നദിയില്‍ നിന്നും കയറ്റി കിടത്തിയ ശവങ്ങളുടെ കീശയില്‍ ആ പുസ്തകത്തിന്റെ പ്രതികള്‍ ഉണ്ടായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. അമേരിക്കയിലെ ഒനിഡാ സമൂഹം അപ്പോള്‍ ജനിച്ച കുഞ്ഞിന്റെ ചുണ്ടുകളില്‍ പോലും സയനൈഡ്‌ ഇറ്റിച്ചു കൊണ്ടാണ്‌ ഈ ലോകം ജീവിക്കാന്‍ കൊള്ളാത്തതാണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്‌. ആത്മബലിക്കു തയാറെടുക്കുന്ന വ്യക്തിയുടെ മനോമണ്ഡലത്തിലെ സംഘര്‍ഷങ്ങള്‍ അതേ തോതില്‍ ഒരു സമൂഹം ഒന്നായും അനുഭവിക്കുന്നു. ചാവേറുകള്‍ ഈ സംഘര്‍ഷത്തെയാണ്‌ ഏറ്റുപിടിക്കുന്നത്‌. വ്യക്തിയുടെ തലത്തില്‍ നിന്ന്‌ അവരുടെ സമൂഹം അവരെ ഉയര്‍ത്തി പിടിക്കുന്നു. അവര്‍ സ്വന്തം ബലികള്‍ കൊണ്ട്‌ അടയാളപ്പെടുത്തുന്നത്‌ തങ്ങളുടെ സമൂഹത്തിന്‌ ഇല്ലാതായികൊണ്ടിരിക്കുന്ന ഇടമാണ്‌. കൂട്ടായ ആത്മഹത്യ എപ്പോഴും ദേഹത്യാഗത്തില്‍ കൂടി തന്നെ സംഭവിക്കണമെന്നില്ല. നിശ്ചിത സമൂഹത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളെ സ്വന്തം പ്രവര്‍ത്തികളാല്‍ നിഷേധിക്കുന്നതും ലോകത്തിനു മുന്‍പില്‍ വിഹിതങ്ങളില്ലാതെ അന്ധാളിക്കുന്നതും പ്രതീകാത്മകമായ ആത്മഹത്യയാണ്‌. സ്വന്തം സ്വത്വത്തെ നിരന്തരം നിരസിച്ചു കൊണ്ടേയിരിക്കുന്ന, അപകര്‍ഷം മൂര്‍ച്‌ഛിച്ച ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്‌ ദാര്‍ശനികമായി എന്ത്‌ അടിത്തറയാണുള്ളത്‌?

7 comments:

  1. രണ്ടാം ഭാഗവും നന്നായിരിക്കുന്നു.

    ReplyDelete
  2. ജീവിതം ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നുതന്നെയാണോ എന്ന ചോദ്യം മനസ്സിലുണരുമ്പോള്‍ ഉത്തരംകിട്ടാത്തവര്‍ തെരഞ്ഞെടുക്കുന്ന വഴി.

    ‘ആത്മഹത്യ : ജീവിതംകൊണ്ട് മുറിവേറ്റവന്റെ വാക്ക് ‘ എന്ന പുസ്തകം വായിച്ചിടുണ്ടോ?

    ReplyDelete
  3. ഉവ്വ്.. ഷാനവാസും സജീഷും കൂടി എഡിറ്റു ചെയ്തത്. അതുണ്ട്.. കൂടെ ഉന്മാദത്തിന്റെ പുസ്തകവും..
    വേണുവിന്റെ വിലാപങ്ങളുടെ പുസ്തകം,(ചെറിയൊരു കടപ്പാട് ആ പുസ്തകത്തോട് ഈ ലേഖനത്തിനുണ്ട്) ആത്മഹത്യ ഒരു പഠനം എന്നിവ അതിനുമുന്‍പേ ഇവിടുണ്ടായിരുന്നു..

    ReplyDelete
  4. ലളിതമായ കാരണങ്ങള്‍കൊണ്ടു്, അല്ലെങ്കില്‍ കാരണമില്ലായ്മകള്‍ കൊണ്ടും ആരുമെന്തേ ആത്മഹത്യ ചെയ്യുന്നില്ല?

    ജസ്റ്റ് ഫോര്‍ എ ചേഞ്ച് ;)

    ഉച്ചയ്ക്കൂണും കഴിഞ്ഞ്, നാലും കൂട്ടി മുറുക്കി അല്പനേരം വെടിവെട്ടത്തിലിരുന്ന് മെല്ലെ മൂടുംതട്ടിയെഴുന്നേറ്റുചെന്നു് ചെയ്യാന്‍ പറ്റുന്ന ഒന്നാവണം ആത്മഹത്യ - ചില തട്ടുപൊളിപ്പന്‍ സിനിമകള്‍ പോലെ!

    ‘നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍’ രണ്ടുഭാ‍ഗവും ചിന്തിപ്പിച്ചു മത്തുപിടിപ്പിച്ചത് കൊണ്ട് അല്പം ലഘുചിത്തനാവാന്‍ ശ്രമിച്ചതാണ് കമന്റില്‍. മുഷിയരുത്.

    ReplyDelete
  5. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണോ? അങ്ങനെയെങ്കില്‍, കലാകാരന്മാരെല്ലാം ഭീരുക്കളായിരുന്നോ? എന്തിനെന്നറിയാത്ത ജീവിതം, അവസാനിപ്പിച്ചേക്കാം എന്ന് കരുതുന്നതാണോ? അങ്ങനെയെങ്കില്‍, ഓരോ മേഖലയിലും കഴിവ് തെളിയിപ്പിച്ച്, ഉദിച്ച് നിന്നവര്‍ പെട്ടെന്ന് ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് പോകാന്‍ എന്ത് കാരണം?

    ആത്മഹത്യകള്‍ കണ്ട് മടുത്ത്, ഭൂമി, എന്നാവും ആത്മഹത്യ ചെയ്യുക?

    ReplyDelete
  6. ലളിതമായ കാരണങ്ങള്‍കൊണ്ടു്, അല്ലെങ്കില്‍ കാരണമില്ലായ്മകള്‍ കൊണ്ടും ആരുമെന്തേ ആത്മഹത്യ ചെയ്യുന്നില്ല? ജസ്റ്റ് ഫോര്‍ എ ചേഞ്ച് ;)
    ഉച്ചയ്ക്കൂണും കഴിഞ്ഞ്, നാലും കൂട്ടി മുറുക്കി അല്പനേരം വെടിവെട്ടത്തിലിരുന്ന് മെല്ലെ മൂടുംതട്ടിയെഴുന്നേറ്റുചെന്നു് ചെയ്യാന്‍ പറ്റുന്ന ഒന്നാവണം ആത്മഹത്യ - ചില തട്ടുപൊളിപ്പന്‍ സിനിമകള്‍ പോലെ!

    വലിഞ്ഞുമുറുകിയിരിക്കുന്ന ഉള്ളില്‍ നിന്നല്ലേ ഇങ്ങനെയൊരു സ്വപ്നം വരൂ..? അപ്പോള്‍ അതു ലഘുചിത്തതയല്ല. മൂന്നു ബിന്ദുക്കളെ ത്രികോണമായി കണ്ടുപോകുന്നതരം മാനസികഘടനയുള്ളതുകൊണ്ട് ‘കാരണമില്ലാതെ’ വരില്ല. നമുക്കു സമാധാനിക്കാനെങ്കിലും നാം കാരണം കണ്ടെത്തും. ‘ലളിതമായ കാരണങ്ങള്‍‘ ആപേക്ഷികവുമാണ്. എങ്ങനെ വിലയിരുത്തും (ചത്തയാളിന്റെ) കാരണങ്ങളുടെ ഗുരുതയെ..?
    മൂടും തട്ടി എഴുന്നേറ്റു യാത്ര പറഞ്ഞുപോയ ആളിനെ എനിക്കറിയാം. തീര്‍ന്നുകിട്ടും എന്നു ഉറപ്പായവരെല്ലാം ആ ചിരി ചിരിച്ചിട്ടല്ലേ പോകുന്നതെന്ന് ഞാന്‍ സംശയിക്കുന്നുണ്ട്..
    സൂ, ഒരാളിന്റെ ഉള്ളിലെ ചുഴലിയെ പുറത്തു നിന്നു നോക്കി വിലയിരുമ്പോഴാണ് ഭീരുത്വം തുടങ്ങിയ വാക്കുകള്‍ നാം വിനിമയത്തിനെടുക്കുന്നത്. ഇത് മറ്റെന്തോ ആണ്.......................

    ReplyDelete
  7. ലേഖനത്തിന്റെ രണ്ടു ഭാഗവും വായിച്ചു. ശ്രീമതി രാജലക്ഷ്മിയുടെ ഒരു കൃതിയും ഞാൻ വായിച്ചിട്ടില്ല.അവരെക്കുറിച്ച് വായിച്ചിട്ടുണ്ടെന്നേയുള്ളൂ. നന്തനാരുടെ കൃതികൾ എല്ലാം വായിച്ചിട്ടുണ്ട്.

    ഈ രണ്ടു ലേഖനങ്ങളും താല്പര്യത്തോടെ വായിച്ചു, നാളെ ഒന്നും കൂടി വായിച്ചിട്ട് എന്തെങ്കിലും അഭിപ്രായം എഴുതാൻ സാധിച്ചാൽ അതെഴുതാം...

    ഇനി നാളെ വായിയ്ക്കാമെന്ന് വെച്ച് തൽക്കാലം നിറുത്തുന്നു.

    ReplyDelete