June 4, 2024

ഭാഷാപഠനവും സൗന്ദര്യമൂല്യവും




മാതൃഭൂമിയിലെ ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ട് സജയ് കെ വി, പങ്കുവച്ച  തന്റെ വിദ്യാഭ്യാസകാലത്തെ സാഹിത്യപഠനാനുഭവങ്ങളും അവയെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളും (102:10) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.   മലയാള അക്ഷരമാലപോലും സ്വായത്തമാക്കാതെ കുട്ടികൾ എ പ്ലസും വാങ്ങി ഒരു മഹാഭൂരിപക്ഷം സ്കൂളിൽനിന്നിറങ്ങുന്നതിനെയാണ് ആഴ്ചപ്പതിപ്പിൽ തുടർന്നുവരുന്ന ചർച്ച പ്രാഥമികമായി ഉന്നം വയ്ക്കുന്നത്.  അക്ഷരപഠനത്തോടൊപ്പം ഇല്ലാതായി പോയ, മറ്റു ചില ഭാഷാപഠനമേഖലയിലെ മറ്റു ചില ഭാഗങ്ങളിലേക്കുകൂടി വെളിച്ചം പകരാൻ ലേഖനത്തിനു കഴിഞ്ഞു.

ഡി പി ഇ പിയെ തുടർന്നുള്ള പാഠപദ്ധതിസമീപനരീതികൾ, പാഠ-പാഠനരീതികളെ സമൂലം പരിഷ്കരിക്കുകയും  വ്യാകരണവും വൃത്താലങ്കാരങ്ങളും പഠിക്കുക, വരികൾ മനഃപ്പാഠമാക്കുക, കോപ്പിയെഴുതുക തുടങ്ങിയുള്ള പാരമ്പരാഗതമായ അഭ്യസനസമ്പ്രദായങ്ങളെ കൈയൊഴിയുകയും പാഠഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ (Content Based) ഒഴിവാക്കുകയും ചെയ്തതോടെ ഭാഷാപഠനത്തിൽ ഉണ്ടായി എന്നു വിശ്വസിക്കുന്ന പ്രതിസന്ധിയാണ് ഇപ്പോൾ അക്ഷരമാലാവിവാദമായി ചുരുക്കത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ അക്ഷരമാല മാത്രമല്ല പാഠപുസ്തകങ്ങളിൽനിന്ന് ഒഴിഞ്ഞു പോയത്.  ചൂരൽ പ്രയോഗങ്ങളും ആവർത്തിച്ചെഴുത്തും പോലെയുള്ള ബാഹ്യമായ ചോദനങ്ങളേൽപ്പിച്ചുള്ള വിരസവും യാന്ത്രികവുമായ നിർബന്ധിത പഠനത്തിനു പകരം, കുട്ടിയുടെ ചിന്താപ്രക്രിയയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള,  ക്ലാസ് മുറിയിലെ പ്രവർത്തനത്തിലൂടെ അറിവു നിർമ്മിക്കുന്ന  അഭ്യസനരീതിയാണ് ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ നടപ്പിലാക്കിവരുന്നത്. നിർഭാഗ്യവശാൽ നമ്മുടെ പരീക്ഷാസമ്പ്രദായങ്ങളിൽ ഇതിനനുസരിച്ചുള്ള മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. സ്കുളുകളിലെ ക്ലാസ് മുറികൾ അടിമുടി മാറി എന്ന അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട മൂല്യനിർണ്ണയ-വിലയിരുത്തൽ ഉപാധി ഇപ്പോഴും രണ്ട്- രണ്ടര മണിക്കൂർ നീളുന്ന എഴുത്തു പരീക്ഷയായി തുടരുകയാണ്. മാത്രമല്ല അതിനു വമ്പിച്ച പ്രാധാന്യം  മാധ്യമങ്ങളും അധികാരികളും ഔദ്യോഗിക വക്താക്കളുമെല്ലാം ചേർന്ന് വർഷാവർഷം നൽകുന്നുമുണ്ട്. ചോദ്യരീതികളാവട്ടെ, പഴയ ചേഷ്ടാവാദത്തിനും പുതിയ ജ്ഞാന നിർമ്മിതിവാദത്തിനും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയുമാണ്.  എഴുത്തിലൂടെ തെറ്റില്ലാതെ ആശയവിനിമയം നടത്തി തങ്ങൾ നേടിയതെന്തെന്ന് പരീക്ഷകരെ ബോധ്യപ്പെടുത്താൻ കുട്ടികൾ നിർബന്ധിതരാകുന്ന സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല എന്നർത്ഥം. അക്ഷരമാല പ്രധാനമാകുന്നതും അതുകൊണ്ടാണ്. പരിഷ്കരിച്ച രീതിയിൽ കുട്ടികൾക്ക് അതിനനുസരിച്ചുള്ള അഭ്യാസങ്ങളും വിലയിരുത്തൽ രീതികളും ഇല്ലാതെ വരുമ്പോൾ   ഉദാരമനസ്കരായി സ്കോറുകൾ നൽകി അവരെ കടത്തിവിടുക എന്ന നയം സ്വീകരിക്കാൻ വിദ്യാഭ്യാസ മേഖലയിലുള്ളവരും (അവിടെ അദ്ധ്യാപകർ മാത്രമല്ല പ്രതി) നിർബന്ധിതരാകുന്നു. അതുകൊണ്ടാണ് എന്തൊക്കെ എതിർവാദങ്ങൾ ഉന്നയിച്ചാലും സാമൂഹികമോ അല്ലാത്തതോ ആയ ജ്ഞാനനിർമ്മിതി വാദം, ആശയാവതരണവാദം, അദ്ധ്യാപകരെന്ന സഹപഠിതാക്കൾ, കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ല,  ക്ലാസ് മുറി ജനാധിപത്യവേദിയാണ്  തുടങ്ങിയ  സാങ്കേതികസങ്കല്പങ്ങൾ എത്രയുച്ചത്തിൽ പറഞ്ഞാലും പൊതുസമൂഹത്തിനു മനസിലാകാതെ പോകുന്നത്.

90 കളുടെ അവസാനം നടന്ന പാഠ്യപദ്ധതി പരിഷ്കാരവും (ഹയർ സെക്കന്ററിയിൽ 2007-ൽ)  അതിനെ തുടർന്ന് നിർമ്മിച്ച പാഠപുസ്തകങ്ങളും കേരളീയ സമൂഹം നേരിടുന്ന സമസ്യകളെ,  ജലവിഭവമാനേജുമെന്റിന്റെ അഭാവം, പാർശ്വവത്കൃത ജീവിതം വിശ്വമാനവൻ തുടങ്ങിയ ഏഴു പ്രശ്നമേഖലകളാക്കി അവയെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആസൂത്രണം ചെയ്തതാണ്.  അതിനനുസരിച്ചുള്ള പാഠങ്ങളാണ് തെരെഞ്ഞെടുതും ഈ പ്രശ്നമേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെത്തുന്ന വിധത്തിലാണ് അഭ്യാസങ്ങൾ എഴുതിച്ചേർത്തതും. സാഹിത്യരചനകളെ സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ഉപാധിയായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യുന്നത് ഭാഷയുടെ സൗന്ദര്യതലങ്ങളെ അവഗണിക്കുന്നതിനു കാരണമായിത്തീരുന്നുണ്ട്.  സാംസ്കാരിക ഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങൾ എന്ന നിലയിൽ പ്രാഥമികമായി കുട്ടിയുടെ ഭാഷാപഠനം അതിന്റെ സൗന്ദര്യാത്മകതയ്ക്കു ഊന്നൽ നൽകിയാവുന്നതാണ് നല്ലത്. കുട്ടികൾ അവർ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കും പ്രശ്നനിർദ്ധാരണത്തിനുള്ള വഴികളെപ്പറ്റിയുള്ള ആലോചനകളിലും എത്തുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ ക്ലാസുമുറികൾ വിശദീകരണയോഗങ്ങളും ലഘുലേഖനിർമ്മാണവേദികളും ആകുന്നതോടൊപ്പം സൗന്ദര്യവിചാരചർച്ചകളിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ടെഴുതിയ കുറച്ചുപേരെങ്കിലും പരോക്ഷമായി ഈ വസ്തുത സ്വന്തം അനുഭവകഥനങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.  അക്ഷരപഠനത്തെ മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ളതായി പരിഗണിക്കേണ്ട,  ഭാഷയുടെ സൗന്ദര്യതലത്തെയും അവഗണിക്കുന്നതല്ലേ ഇപ്പോഴത്തെ  പാഠ്യപദ്ധതിസമീപനമെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് സജയ് കെ വിയുടെ ‘ചന്തയിൽ തണ്ണിമത്തൻ വിൽക്കുന്ന ചിലിയൻ ബാലനും പ്രകാശം പരത്തുന്ന ഹയസിന്തപ്പെൺകുട്ടിയും’ എന്ന ലേഖനം.
 

ഈ ആശയക്കുഴപ്പം അദ്ധ്യാപകസമൂഹത്തിനുമുണ്ട്. ചർച്ചയിൽ വാരാത്ത വിഷയമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷത്തെ മലയാളം ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ കാര്യം വ്യക്തമാകും. അച്ചടിപ്പിശകുകൾ മാത്രമല്ല, പ്രയോഗവൈകല്യങ്ങളും വാക്യഘടനയിലെ തെറ്റുകളും അവയിലുണ്ട്. പല ചോദ്യങ്ങളും ആവർത്തനങ്ങളാണ്. സർഗാത്മകത ചോദ്യങ്ങളുടെ പ്രധാന ഗുണമായിരിക്കണം എന്നുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അലകോ പിടിയോ മാറ്റാതെ ആവർത്തിക്കുന്നതിൽ എന്തു സർഗാത്മകതയാണുള്ളത്?  വ്യ്വഹാരരൂപങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു സംഗതി. 2 സ്കോറിനു ചർച്ച ചെയ്യാൻ ആവശ്യപ്പെടുന്ന അവയേക്കാളൊക്കെ ശ്രദ്ധേയമായ സംഗതി, കുട്ടികളുടെ ചിന്താശേഷിക്കു പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾക്കു പകരം പാഠങ്ങളുടെ ഉള്ളടക്കത്തെ മാത്രം അവലംബിക്കുന്ന, ഓർമ്മപരിശോധനയെ മാത്രം ലാക്കാക്കുന്ന ചോദ്യങ്ങൾ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങളെയും ബാധിക്കും എന്നതുറപ്പാണ്. എന്തൊക്കെ അവകാശവാദങ്ങൾ ഉയർത്തിപ്പിടിച്ചു വാദിച്ചാലും കുട്ടികളെ ‘പരീക്ഷയ്ക്കു തയാറെടുപ്പിക്ക’ലാണ് അദ്ധ്യാപകരുടെ പ്രാഥമിക ധർമ്മം  എന്നു വിശ്വസിക്കുന്ന പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾക്കനുസരിച്ച്  ക്ലാസ് മുറി പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അദ്ധ്യാപകർ പരാജയപ്പെട്ട പ്രത്യേകസമുദായമായി മാറും.

പന്ത്രണ്ടാം തരം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഭാഷാപഠന-ബോധനരീതികളിൽനിന്നു വ്യത്യസ്തമായ പ്രഭാഷണരീതിയാണ് ഇപ്പോഴും കോളേജുകളിൽ നിലവിലുള്ളത്. ചോദ്യങ്ങൾ ഉള്ളടക്കസംബന്ധിയുമാണ്. അതുകൊണ്ട് കോളേജ് ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിരീക്ഷണങ്ങൾക്ക് സ്വന്തം സ്കൂൾ അനുഭവങ്ങളിലെ ഭാഷാപഠനവുമായി ബന്ധപ്പെട്ട തരളസ്മൃതിയുടെ സ്വഭാവം കൈവരുന്നതായി കാണാം. രാജൻ ഗുരുക്കളുടെയും ശാരദക്കുട്ടിയുടെയും സജയ് കെ വിയുടെയും അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും ചേർത്തുവച്ചു നോക്കുമ്പോൾ  ചർച്ചയിൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു തലമാണ്   തെളിഞ്ഞുവരുന്നത്.

 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ജൂൺ 9)

No comments:

Post a Comment