February 10, 2022

അടിയിൽ രാഷ്ട്രീയമുണ്ട് !

 


നെടുമങ്ങാട് ചന്തയിൽ ചട്ടമ്പി പീസ് നിർത്തലാക്കാൻ സമരം നടത്തിയവരെ തെരച്ചിവാലും പൊക്കി പിടിച്ച് അടിച്ചു പഞ്ചറാക്കിക്കൊണ്ട് ചട്ടമ്പിമാർ അഴിഞ്ഞാടുമ്പോഴാണ് രക്ഷകനെപോലെ കാട്ടുമാക്കാൻ ചാടി വീഴുന്നത്. ആ സമയം പേശ വെട്ടിത്തയ്ച്ച വരയൻനിക്കറുമാത്രമിട്ട് ഉടുതുണി നഷ്ടപ്പെട്ട് ഗതികെട്ടു നിൽക്കുകയായിരുന്ന് സെക്രട്ടറി. കൂടെ ജാഥയായി വന്ന എല്ലാം അടി വാങ്ങിച്ചും പേടിച്ചും പല വഴി ഓടി.. ആ സമയത്താണ് കാട്ടുമാക്കാന്റെ തള്ളയ്ക്കു വിളിയുമായുള്ള പ്രവേശനം..

ഉരുക്ക്, മനുഷ്യരൂപം പൂണ്ട മല്ലനാണ് കാട്ടുമാക്കാൻ. ലോറി നേരത്തേ പോയതുകാരണം, പുത്തരിക്കണ്ടം മൈതാനിയിൽ ഇ എം സിന്റെ പ്രസംഗം കേട്ടിട്ട് ഉത്തേജിതനായി, നടന്ന് നെടുമങ്ങാട്ടേയ്ക്ക് പോകുന്നതിനിടയിൽ പാക്കുകുലകൾ തൂങ്ങി കിടക്കുന്ന കവുങ്ങുകളെ കണ്ട് കേറാൻ കാലും ഉടലും തരിച്ചിട്ടും, വെറുതേ ഇ എം സിന് ചീത്തപ്പേരുണ്ടാക്കണ്ട എന്നു വച്ച് സ്വയം അടങ്ങിയ പുരുഷാകാരമാണ്. നെഞ്ചിലെ പച്ചച്ചതയിൽ കള്ളിമുള്ളുകൊണ്ടാണ് അരിവാൾ ചുറ്റിക പടമുള്ള കടലാസ് കുത്തി വച്ചിരിക്കുന്നത്.

അങ്ങനെയുള്ള കാട്ടുമാക്കാന്റെ ഇടപെടലോടെ നെടുമങ്ങാട് ചന്തസമരം വിജയിച്ചു. അവിടെ അന്ന് നടന്ന പൊരിഞ്ഞ അടി, കലംകാരി കൗസുവും കുണുക്കത്തി രായമ്മയും ‘സൂക്ഷം’ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“പയലിന് നല്ല ചുണ, കാണാൻ നല്ല മെന”
“റപ്പറ് പന്തുപോലെയല്ലേ പാഞ്ഞടിച്ചത്”

– എന്നുമാത്രമല്ല, കൗസു ഇതും കൂടി പറഞ്ഞു :

“പക്ഷേ അവൻ പേശേരടിയില് കോണാൻ കെട്ടിയിട്ടുണ്ട്. ” അതുകേട്ട് രായമ്മ അവളെ ചെറഞ്ഞ് നോക്കി. എന്നിട്ടു പറഞ്ഞു: ചെമലയല്ലേ?”

രണ്ടു പേരുടെ ചുരുങ്ങിയ വാക്കുകളിലുള്ള ഈ വിനിമയത്തിൽ വിശേഷതാത്പര്യങ്ങളുണ്ട്, അവയ്ക്ക് ബാഹ്യവും ആന്തരികവുമായ പിരിവുകളുണ്ട്, മനശ്ശാസ്ത്രപരവും സാമ്പത്തികവുമായ അടരുകളുണ്ട്, സംസ്കാരത്തെക്കുറിച്ചുള്ള ചിന്തയുണ്ട്, അഭിലഷണീയമായ വ്യതിയാനം ഏതു വഴിക്കാണന്നതിനെപ്പറ്റിയുള്ള സൂചനയുണ്ട്. അതോടൊപ്പം പരിണമിക്കുന്ന ജീവിതത്തെ സംബന്ധിക്കുന്ന ഊറിപ്പിടിക്കുന്ന ചിരിയുമുണ്ട്. ( ആ ചിരി പ്രത്യേകതരമാണ്, സുവിശേഷവേല നടത്തുന്നവർക്ക് തിരിഞ്ഞു കിട്ടാത്തതും കലാ(കഥാ)കൃത്തുകൾക്കു മാത്രമായി ലഭിക്കുന്ന വിശേഷസിദ്ധിയുമാണ്.. )

വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ സാഹചര്യങ്ങളെയും സ്വാധീനിക്കും. കലകളിൽ ആത്മനിഷ്ഠഘടകങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരും. പ്രബോധനങ്ങളിൽ ആദ്യത്തേതും. അതാണ് സാംസ്കാരിക നിർമ്മിതികളുടെ താളം. ഷിനിലാലിന്റെ നോവൽ അടി, പ്രചരണസ്വഭാവമൊന്നും ഇല്ലാതെ തന്നെ മനുഷ്യബന്ധങ്ങളെ, അതിൽത്തന്നെ സ്ത്രീപുരുഷബന്ധങ്ങളെ പ്രത്യേകിച്ച് ഈ പശ്ചാത്തലത്തിൽ പുനർനിർമ്മിക്കുന്നതായി ഒറ്റവായനയിൽ തന്നെ അനുഭവപ്പെടാതിരിക്കില്ല. “കലകളിലെല്ലാം പ്രചരണാംശമുണ്ട്.. (എന്നാൽ പ്രോപഗണ്ടകളെല്ലാം കലയാവില്ല എന്ന് മൃണാൾ സെൻ)

‘അടി‘യിൽ രാഷ്ട്രീയമുണ്ട്, അതാണ് നോവലിന്റെ വീക്ഷണസ്ഥാനത്തെ ഉറപ്പിക്കുന്നതും. എന്നാൽ അത് കലാപരതയ്ക്കു മുന്നിൽ കേറി നടക്കുന്നില്ല. നോവലായിത്തന്നെ രസിച്ചു വായിക്കാം. മടക്കി വച്ചതിനുശേഷം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റി സാമൂഹികശാസ്ത്രപരമായി ചിന്തിക്കുകയും ചെയ്യാം.

(ഡി സി ബുക്സ്.കോം)

No comments:

Post a Comment