ബംഗ്ലാദേശിലെ ബരിഷാലിൽ ജനിച്ച് പശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പുകളിൽ 1969 വരെ കഴിഞ്ഞ മനോരഞ്ജൻ ബ്യാപാരിയുടെ ജീവിതത്തെ മാറ്റി മറിച്ചത് മൂന്നു പേരാണ്. അവരിൽ ആദ്യത്തേത് ഗോത്രവർഗ്ഗക്കാരുടെ ഭൂമി കൈവശം വച്ച് അനുഭവിക്കുന്ന ഭൂപ്രഭുക്കന്മാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന നക്സൈലൈറ്റുകളാണ്. രണ്ടാമത്തേത് ഒരു വ്യക്തിയാണ്; ഛത്തീസ് ഗഡ് മുക്തി മോർച്ച നേതാവായ ശങ്കർ ഗുഹാ നിയോഗി. ബോംബും തോക്കും ഉപയോഗിച്ചു, ക്രമസമാധാനം തകർത്തു എന്നൊക്കെയുള്ള കുറ്റങ്ങളുടെ പേരിൽ 1974 ൽ ബ്യാപാരി അറസ്റ്റു ചെയ്യപ്പെട്ടു. പൂർണ്ണമായി രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ നക്സലൈറ്റുകൾ കൂടെ കൂട്ടിയില്ല. അവർ മനോരഞ്ജനെ ‘വൃത്തികെട്ട തൊളിലാളിവർഗത്തിന്റെ’ പ്രതിനിധിയായാണ് കണ്ടത്. പോലീസുകാർ കുഴപ്പക്കാരനായ ഗുണ്ടയായും. രണ്ടു വർഷം ജയിലിൽ കിടന്നു. 1000 രൂപയുടെയും 100 രൂപ കരാറിന്റെയും പുറത്ത് ജാമ്യം നേടി പുറത്തിറങ്ങി. ജയിലിൽ വച്ചാണ് ഇരുപത്തിനാലാമത്തെ വയസ്സിൽ അക്ഷരം പഠിക്കുന്നത്. ജയിലിൽനിന്നിറങ്ങി റിക്ഷാക്കാരനായി പണിയെടുക്കുമ്പോൾ മഹാശ്വേതാ ദേവിയുമായി പരിചയപ്പെട്ടു. ബ്യാപാരിയുടെ അനുഭവകഥകൾ കേട്ട്, അവർ നടത്തിവന്നിരുന്ന ബർത്തിക എന്ന ആനുകാലികത്തിൽ എഴുതാൻ ആവശ്യപ്പെട്ടു. അവരാണ് മൂന്നാമത്തെയാൾ. അവിടെനിന്നാണ് മനോരഞ്ജൻ ബ്യാപാരിയുടെ അടുത്ത ജന്മം ആരംഭിക്കുന്നത്. എഴുതാൻ തുടങ്ങിയപ്പോൾ എഴുതിവന്നതൊക്കെയും ജയിലിൽ നിന്നു കേട്ട കഥകൾ. അവയിലൊന്നാണ് പരിതൊഷ് ബാനർജിയും പഞ്ചൻതല ഭാഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരും ചേർന്നു നടത്തിയ ജയിൽ ചാട്ടത്തിന്റെ കഥ. ആ കഥയാണ് നോവലാണോ അനുഭവവിവരണമാണോ എന്നു തീർച്ചപ്പെടുത്താനാവാത്തവിധം സങ്കീർണ്ണവും എന്നാൽ നാടകീയവുമായ ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’ (ബതാഷേ ബരുന്ദെർ ഗന്ധോ) എന്ന പുസ്തകത്തിന് അടിസ്ഥാനം. പത്തു നോവലുകളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ച മനോരഞ്ജൻ ബ്യാപാരി ഇപ്പോൾ ബംഗാളിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പാചകക്കാരനാണ്.
പുസ്തകത്തിന്റെ ആമുഖമായി പ്രിവ്യൂ ജേണലിൽ വന്ന ഒരു കുറിപ്പുണ്ട്. അതിൽ ലേഖകൻ എഴുതുന്നു : “ബ്യാപാരി എഴുത്തു തുടങ്ങിയത് മദൻ ദത്ത, അരുൺ മിത്ര, ജീജിബിഷ എന്നീ തൂലികാനാമങ്ങളിലാണ്. സ്വത്വം മറച്ചു പിടിച്ചുള്ള ഈ ഉദ്യമങ്ങൾക്കു പിന്നിലെ ഉദ്ദേശ്യം ആത്മപരിശോധനയായിരുന്നു. (...) ഒരിക്കലുമൊരു ദളിത് എഴുത്തുകാരനോ നാലാം ലോക പൗരനോ ആയി സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല.” ഒരു ഉയർന്ന ജാതിക്കാരന് ബ്യാപാരി ഒരു ദളിതനാണ്. മറ്റു ദളിതരെ സംബന്ധിച്ചിടത്തോളം ഒരു റിക്ഷാക്കാരൻ. റിക്ഷാക്കാർക്ക് അദ്ദേഹം എഴുത്തുകാരനാണ്. അതായത് അവരെ സംബന്ധിച്ചിടത്തോളം തൊട്ടുകൂടാത്തവൻ. അഭ്യസ്തവിദ്യരായ ദളിത് പ്രസ്ഥാനനേതാക്കളോടുള്ള അസംതൃപ്തി ബ്യാപാരി മറച്ചു വയ്ക്കുന്നില്ല. അവർ അവരുടെ വീട്ടു ജോലിക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നതിലാലുംകൂടിയാണ് അത്.
‘ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം’, നക്സലൈറ്റ് സഖാക്കളുടെ പരാജയപ്പെട്ട ജയിൽച്ചാട്ടത്തിന്റെ കഥയാണ്. ഇന്ത്യൻ ജയിലുകൾക്കുള്ളിലെ മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും ദാരുണവുമായ ചിത്രം ഇതിനുള്ളിലുണ്ട്. അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ തീക്ഷ്ണതയാണ് ഇതിലെ നാടകീയത. വൈകി എഴുത്ത് പഠിക്കുകയോ അനുഭവങ്ങളെ ഭാഷാസിദ്ധിയാക്കുകയോ ചെയ്തവർക്കുമാത്രം ലഭിക്കുന്ന തെളിച്ചമുള്ള ഭാഷയാണ് ബ്യാപാരിയുടെയും കൈമുതൽ. അനുഭവങ്ങളുടെ ആധാരം മാത്രം കൈവശം വച്ച് എഴുതി തുടങ്ങിയ വി ടി ഭട്ടതിരിപ്പാടിലും ബഷീറിലും കാണുന്ന അതേ ഗുണംതന്നെ. വായനയിലൂടെ ലഭിക്കുന്ന ലോകവിവരത്തിന്റെ മറുപുറമാണ് അനുഭവജ്ഞാനം. ഏതാണ് മികച്ചതെന്ന കാര്യത്തിൽ സാഹിത്യചരിത്രത്തിന് ഇപ്പോഴും ഉറച്ച തീരുമാനമില്ല. ബ്യാപാരിയുടെ പുസ്തകത്തിന്റെ ഘടനയും ആഖ്യാനവും ആസൂത്രിതമാണ്. ആഷിഷ് നന്ദി പറയുമ്പോലെ ‘ആധുനിക ഇന്ത്യയിലെ താമസക്കാർ സാങ്കേതികശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും ഇരകൾ എന്ന നിലയിൽ മാനസികമായ അടിത്തറ ഇല്ലാതായവരും ( സൈക്കോളജിക്കലി അപ്റൂട്ടെഡ്) നിരാശയോടെ ഒരു സമ്പൂർണ്ണ പ്രത്യയശാസ്ത്രത്തെയും വിശ്വാസവ്യവസ്ഥയെയും തേടുന്നവരും ആകുന്നു’ എന്നതിന്റെ സാക്ഷിമൊഴികൾ ബ്യാപാരി വിവരിക്കുന്ന ജയിലിനുള്ളിലെ ജീവിതത്തിൽ കാണാം. അതനുസരിച്ച് ക്ലാസ് മുറികളിലല്ല, ജയിൽ മുറികളിലാണ് ശരിയായ ഇന്ത്യയുള്ളത്. ജനാധിപത്യ വിരുദ്ധതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും ദാരിദ്ര്യത്തിന്റെയും ഗൂഢാലോചനകളുടെയും അതിജീവനത്തിന്റെയും ഇന്ത്യ.
തിളച്ച കഞ്ഞി ദേഹത്തിൽ ഒഴിച്ച് കൂട്ടുകാരൻ കൊന്നു കളഞ്ഞ ബണ്ഡിസ് വാലയുടെ ( ശരീരമാകെ പൊള്ളലേറ്റതിനാൽ ബാൻഡേജ് ചുറ്റി നടക്കുന്നതുകൊണ്ടാണ് അന്തേവാസികൾ ഈ പേരു നൽകുന്നത്) പ്രേതത്തിന്റെ കഥയുമായി ചേർത്തുവച്ചാണ് ആരും ചോദിക്കാനില്ലാതെ ജയിലിനുള്ളിൽ കൊന്നുകളയുന്ന മനുഷ്യരിൽനിന്ന് വിപ്ലവത്തിന്റെ വിത്തുകൾ പിന്നെയും മുളപൊട്ടും എന്ന ആശയത്തെ ബ്യാപാരി പുനഃസൃഷ്ടിക്കുന്നത്. എല്ലാവരെയും അടിച്ചുകൊന്നശേഷവും അവർക്കുവേണ്ടി ജയിൽച്ചുമരിൽ പ്രത്യക്ഷപ്പെടുന്ന വരികളെ പ്രേതത്തിന്റെ ചെയ്തികളുമായിട്ടല്ലാതെ മറ്റെന്തുമായി നിരക്ഷരസമൂഹം ചേർത്തുവയ്ക്കും? വിപ്ലവാകാംക്ഷകൾ ഒരർഥത്തിൽ പ്രേതാവേശം കൂടിയാണ്.. മരിച്ചാലും മരിക്കാതെ തുടരുന്ന ജീവിതം.
“ചിലരുണ്ട് സ്വജീവിതം തന്നെയും
ബലികൊടുക്കുന്നവർ
മരണമെന്നത് അവരൊരിക്കലും
കേൾക്കാത്തവാക്കാണ്. ” (ടാഗോർ)
ജോഖാ അൽഹാരിസിയുടെ ‘നിലാവിന്റെ പെണ്ണുങ്ങൾ’ (സെലെസ്റ്റിയൽ ബോഡീസ്) സൗൗദ് അൽസനൗസിയുടെ ‘മുളന്തണ്ട്’ ( സാഖുൽ ബാംബു) തുടങ്ങിയവ വിവർത്തനം ചെയ്ത ഇബ്രാഹീം ബാദ്ഷാ വാഫിയാണ് ഈ കൃതിയുടെയും പരിഭാഷ. മലയാളത്തിലെ ഒന്നാംതരം വായനാനുഭവമാണിത്. വായനയ്ക്കിടയിൽ എവിടെയും പരിഭാഷയാണെന്ന് തിരിച്ചറിയുകയില്ല. അതുപോരേ? മറ്റൊന്നും പറയേണ്ടതില്ല.
(എഫ് ബി
നന്നായി പറഞ്ഞു..♥
ReplyDelete