September 26, 2021

ചെറിയ ചെറിയ ബലിദാനങ്ങൾ

 


 ഭവ നഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ മനു ഗാന്ധി എന്ന മൃദുലാഗാന്ധി, ഗാന്ധിജിയുടെ മഹാ അനന്തിരവൾ  (ഗ്രാൻട് നീസ്) ഗാന്ധിജിയെപ്പറ്റി എഴുതിയ ഓർമ്മക്കുറിപ്പുകൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പുസ്തകമാക്കിയപ്പോൾ കൊടുത്ത പേര്, ‘ബാപ്പു എന്റെ അമ്മ’ എന്നാണ്. ജീവശാസ്ത്രപരമല്ലെങ്കിൽ ഒരു പുരുഷന്റെ ‘അമ്മത്തം’ സാംസ്കാരികമാണ്. മറ്റു പലർക്കും താൻ പിതാവാണെങ്കിലും മനുവിന് അമ്മയാണെന്ന് ഗാന്ധി തന്നെയാണ് അവരോട് പറയുന്നത്. അതിന്റെ കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ അവർ ഇങ്ങനെ കുറിക്കുന്നു :

“മക്കളെ പഠിപ്പിക്കുന്നതിലും നല്ല നിലയിൽ എത്തിക്കുന്നതിലുമാണ് അച്ഛന്റെ ശ്രദ്ധ.  എന്നാൽ ഒരു പെൺകുട്ടിയ്ക്ക് ശരിയായ അറിവുകൾ പകർന്നു നൽകുന്നത് അവളുടെ അമ്മയാണ്. കുടുംബകാര്യങ്ങളെക്കുറിച്ച് അജ്ഞയായ ഒരു പെൺകുട്ടി ഭർത്തൃഗൃഹത്തിലെത്തുമ്പോൾ ശ്വശ്രുവിൽനിന്നും ഭർത്തൃസഹോദരിമാരിൽനിന്നും ശകാരം കേൾക്കേണ്ടിവരികയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ് അവർ മരുമകളുടെ അമ്മയെയാണ് കുറ്റപ്പെടുത്തുക.”

ഗാന്ധിജി അന്നത്തെ ഉറച്ച ഇന്ത്യൻ കുടുംബപാരമ്പര്യസങ്കല്പത്തിൽനിന്നാണിതു പറയുന്നത്. അതുകൊണ്ട് ഇന്നത്തെ മാറിയ ലോകബോധം വച്ച് ഈ വാക്കുകളെ കർക്കശമായി വിമർശന വിധേയമാക്കേണ്ടതില്ല. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയാണ് മനു. ആഗാഖാൻ കൊട്ടാരത്തിൽ തടവിലായിരുന്ന കസ്തൂർബായെ ഒരു വർഷവും ഒരു മാസവും മനു ശുശ്രൂഷിച്ചു. കസ്തൂർബായുടെ സ്നേഹത്തണലിൽ അമ്മയില്ലാത്ത ദുഃഖം താൻ അറിഞ്ഞില്ലെന്ന് അവർ പറയുന്നു.  1944 -ൽ കസ്തൂർബായുടെ മരണത്തിനുശേഷം കറാച്ചിയിലോ രാജ് കോട്ടിലോ പോയി പഠനം തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിനിടയിൽ ഗാന്ധിജിയെ ശുശ്രൂഷിക്കാനായി മനു നിയോഗിക്കപ്പെട്ടു. ഗാന്ധിജി അവർക്കെഴുതിയ കുറിപ്പിലും (27-2-1944)  “നിന്നെ കാണാതിരിക്കുന്നതു എനിക്കു വിഷമം തന്നെയാവും. എങ്കിലും ഇനിയും നീ എന്റെ അരികിലുണ്ടാവണമെന്നു ഞാൻ പറയില്ല. അതു സ്വാർത്ഥതയാവും. ഞാൻ നിന്റെ അമ്മതന്നെയാണ്, എന്താ അങ്ങനെയല്ലേ?” എന്നു കാണാം.

മഹാരാഷ്ട്രയിൽ ഭർത്താവുള്ള സ്ത്രീ മരിച്ചാൽ 5 കുപ്പിവളകൾ അവരുടെ വയറിനോട് ചേർത്തു കെട്ടിയിട്ടാണ് ദഹിപ്പിക്കുക. കസ്തൂർബായുടെ ചിതയിൽനിന്നും കുപ്പിവളകൾ യാതൊരു കേടും കൂടാതെ തിരിച്ചു കിട്ടിയത്രേ. ബായ്ക്ക് പ്രിയങ്കരിയായിരുന്നതുകൊണ്ട് ആ വളകളും അവരുപയോഗിച്ചിരുന്ന ദന്തവളകളും മുടി കെട്ടുന്ന നാട, തുളസിമാല ചെറുപ്പ് തുടങ്ങിയ വസ്തുക്കളും ഗാന്ധിജി മനുവിനാണ് നൽകിയത്. അതെന്തയാലും പിന്നീട് തന്റെ അമ്മയായി എന്ന് മനുതന്നെ വിശദീകരിക്കുന്ന ഗാന്ധിജി എങ്ങനെയാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് എന്തുമാറ്റമാണ് മനുവിന്റെ ജീവിതത്തിൽ ഉണ്ടായത് എന്നെല്ലാം അറിയുന്നത് കൗതുകകരമാണ്.  പഠന കാര്യത്തിൽ ഗാന്ധിജി ശ്രദ്ധിച്ചിരുന്നു എന്നത് വാസ്തവമാണ്. ഭഗവദ് ഗീതയുടെ ആശയമൊക്കെ ഗാന്ധിജി പറഞ്ഞു കൊടുത്തതിനെപ്പറ്റി മനു എഴുതുന്നുണ്ട്. അതേസമയം സ്വകാര്യ സഹായി എന്ന നിലയിൽ, പെൺകുട്ടിയെന്നോ കൗമാരപ്രായക്കാരിയാണെന്നോ ഉള്ള പരിഗണന ഗാന്ധിജി കൊടുത്തിരുന്നില്ലെന്നു വേണം മനസിലാക്കാൻ.

കുളിക്കുമ്പോൾ സോപ്പിനു പകരം മീരാ ബെൻ നൽകിയ പരുക്കൻ കല്ലാണ് ഗാന്ധിജി ഉപയോഗിച്ചിരുന്നത്. 25 കൊല്ലമായി  ആ കല്ലാണ് അദ്ദേഹത്തിന്റെ കുളിസോപ്പ്. നവഖാലിയിലെ നാരായൺ പൂർ ഗ്രാമത്തിൽ വൈകുന്നേരം ഏഴു മണിക്ക് എത്തി, എഴുത്തു ജോലിയെല്ലാം കഴിഞ്ഞ് നോക്കുമ്പോഴാണ് തലേന്നു തങ്ങിയ ഗ്രാമത്തിൽനിന്ന് ആ കല്ലെടുക്കാൻ മനു മറന്നു എന്ന കാര്യം ഗാന്ധിജി അറിയിയുന്നത്. മറവിയെന്ന തെറ്റിനു പകരമായി തിരിച്ച് ഒറ്റയ്ക്ക് നടന്നു പോയി കല്ലെടുത്തുകൊണ്ടുവരാൻ ഗാന്ധിജി പറയുന്നു.  കലാപം നടക്കുന്ന സമയം ഒറ്റയ്ക്ക് ആ പെൺകുട്ടി അടുത്ത ഗ്രാമം വരെ നടന്നുപോയി കല്ലു കൊണ്ടു വരേണ്ടതായി വന്നു എന്നതാണ് ഒന്നാമത്തെ സംഭവം. താൻ പഠിച്ച വലിയൊരു പാഠമായും ഈശ്വരനെ ഓർക്കാനുള്ള സന്ദർഭമായുമാണ് മനു ആ സംഭവത്തെ അവതരിപ്പിക്കുന്നത്. ഗാന്ധിജിയാവട്ടെ മനു ഒറ്റയ്ക്ക് വിജയിച്ച പരീക്ഷയായിട്ടും അതിനെ കണക്കാക്കുന്നു.

മറ്റൊരിക്കൽ തണുത്ത കാലാവസ്ഥയിൽ തീ കത്തിക്കാൻ പാറ്റാതെ,  സാരിയിൽനിന്ന് കീറിയെടുത്ത തുണിക്കഷണം വച്ചു കത്തിക്കാനൊരുങ്ങിയപ്പോൾ പിന്നിൽ നിന്ന് ഈ കാഴ്ച കണ്ട ഗാന്ധിജി തുണിക്കഷണത്തിനു നീളം കൂടിപ്പോയെന്നും അതു കുതിർക്കാനാവശ്യമായ മണ്ണെണ്ണ പാഴാക്കിയെന്നും കഴുകി ഉണക്കി നാടയായി ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകി. അത് അവർക്ക് അനുസരിക്കേണ്ടതായി വന്നു.  ഡെൽഹിയിൽ മൗണ്ട് ബാറ്റനെ കാണാൻ, അദ്ദേഹം വാഗ്ദാനം ചെയ്ത വിമാനം നിരസിച്ച് തീവണ്ടിയിൽ മൂന്നാം ക്ലാസിൽ യാത്ര ചെയ്യാൻ ഗാന്ധിജി തീരുമാനിച്ചതും കമ്പാർട്ട്മെന്റിൽ പാചകത്തിനും അദ്ദേഹത്തിനു വിശ്രമിക്കാനുമായി സ്ഥലം തികയാതെ വന്നാലോ എന്നു വിചാരിച്ച് ഇരട്ട കമ്പാർട്ട്മെന്റ് മനു ബുക്കു ചെയ്തതും അതിനു തീവണ്ടിയിൽ വച്ച് ശക്തമായി വഴക്കുപറഞ്ഞു കരയിച്ചതും സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു വരുത്തി ഒരു കമ്പാർട്ടുമെന്റിലേക്ക് ലഗ്ഗേജുകളെല്ലാം മാറ്റിയതുമാണ് വേറെയൊരു സംഭവം.  ദിനചര്യയെക്കുറിച്ചു പറയുന്ന ഭാഗവും പ്രധാനമാണ്. പത്തുമണിയൊക്കെയാവും ഉറങ്ങാൻ, 2 മണിക്ക് ഗാന്ധിജി ഉണരും. ഉടൻ മനുവിനെയും വിളിച്ചുണർത്തും. ആ സമയത്ത് നടത്തിയ ഉപദേശങ്ങളെപ്പറ്റിയും അവർ എഴുതുന്നുണ്ട്. ഗുജറാത്തി കവി ലളിത്തിന്റെ ഒരു പദ്യശകലം ചൊല്ലി വിശദീകരിച്ചിട്ട് ( ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തുക, നാളെ എന്തെന്ന് ആർക്കറിയാം?)  ‘മഹത്തായ ഒരു പാഠമാണ് ഞാൻ നിന്നെയിപ്പോൾ പഠിപ്പിച്ചത് ” എന്നു പറഞ്ഞു നിർത്തിയ സമയം രാവിലെ 2. 20. മറ്റാരെയും ബുദ്ധി മുട്ടിക്കാതിരിക്കാൻ ശബ്ദം കുറച്ചായിരുന്നു ഈ പഠനം എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.

1944 മുതൽ ഗാന്ധിജിയുടെ മരണം വരെയുള്ള കാലത്ത് മനു എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. അവ അവരുടെ അനുഭവങ്ങളിലേക്ക് കുറച്ചുകൂടി വെളിച്ചം വീശും. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ  ഗാന്ധിജിയുടെ നിഷ്കർഷകൾ പലതും അയുക്തികമാണെന്ന് മനസിലാകും. വിമാനം നിരസിച്ച് തീവണ്ടിയിൽ പോകാൻ തീരുമാനിച്ചത് എത്ര ആൾക്കാരെ ബുദ്ധി മുട്ടിക്കുന്ന പരിപാടിയായിരുന്നു എന്ന് മനുവിനെ വഴക്കുപറയുന്നതിനിടയിൽ ഗാന്ധിജി തന്നെ വ്യക്തമാക്കുന്നുണ്ട്. സ്റ്റേഷൻ മാസ്റ്റർ ഒരു ബോഗിതന്നെ മറ്റുള്ള യാത്രക്കായി വണ്ടിയിൽ ചേർക്കാം എന്നു പറഞ്ഞിട്ടും അതെല്ലാം നിരസിച്ച് ഒറ്റ കമ്പാർട്ട്മെന്റിലേക്ക് മാറുക എന്ന ശാഠ്യം ആളുകളുടെ സൗകര്യത്തെ കരുതിയായിരുന്നോ സ്വന്തം ആദർശത്തെ കരുതിയായിരുന്നോ മനുവിന്റെ ചെയ്തിയെ ശക്തമായി വിമർശിച്ച് പാഠം പഠിപ്പിക്കുകയായിരുന്നോ എന്നൊക്കെ ആലോചിക്കാവുന്നതാണ്. അതുപോലെ സാരിക്കഷ്ണം നീണ്ടതായതുകൊണ്ട് അതിൽ നനച്ച മണ്ണെണ്ണ പാഴായി എന്ന് പരാതിപ്പെട്ട ഗാന്ധിജിയാണ് അതു കഴുകി ഉണക്കി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത്. അത്രയും വീണ്ടും പാഴാവുകയായിരുന്നില്ലേ?

ഇതെല്ലാം മാറ്റി വച്ചാലും ‘ബാപ്പുജി എന്റെ അമ്മ’ എന്ന ശീർഷകനാമം എങ്ങനെയാണ് പുസ്തകത്തിലെ ഉള്ളടക്കത്തിനുള്ളിൽ പ്രവർത്തിക്കുന്നതെന്ന് നോക്കുക.  അദ്ദേഹത്തിന്റെ വാക്കുകളിലല്ലാതെ ഏതെങ്കിലും പ്രവൃത്തിയിൽ ശരിയായൊരു അമ്മത്തം വ്യക്തമാണോ ? സംശയമുണ്ട്. വാസനകളെ/സുഖാസക്തികളെ വിലക്കൽ  തന്തത്തമാണ് എന്നൊരു സങ്കല്പമുണ്ട്.  അതിനും പുറമേ വിവാഹിതയായി പോകുന്ന സമയത്ത് ഭർത്തൃവീട്ടിൽ പെൺകുട്ടി കാണിക്കുന്ന കുടുംബിനിയുടെ മികവ് തന്റെ പരിശീലനത്തിലൂടെ മനുവിനു ലഭ്യമാകും എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മനു നാല്പതാമത്തെ വയസിലാണ് മരിക്കുന്നത്. അവർ വിവാഹിതയായില്ല. അങ്ങനെ ആ പരിശീലനം, ഒരു പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ പാഴായി പോയി എന്നർത്ഥം. എന്തുകൊണ്ട് ഗാന്ധിജിയുടെ ‘അമ്മത്ത’ പരിശീലത്തിനു ശേഷവും പാരമ്പര്യകുടുംബജീവിതത്തിൽ മനുവിനു താത്പര്യമില്ലാതെപോയി?

അതുമാത്രമല്ല ഗാന്ധിജിയുടെ ലക്ഷ്യം വിശാലമായിരുന്നു. അതിനു വേണ്ടി അദ്ദേഹത്തിനു സ്വകാര്യമായ കഠിന പരീക്ഷണങ്ങൾ ആവശ്യമായിരുന്നു. പക്ഷേ ജീവിതത്തിന്റെ ഏറ്റവും തിളക്കമുള്ള വർഷങ്ങളിൽ ഒരു കൗമാരക്കാരിയുടെ വാസനകളും താത്പര്യങ്ങളും കൗതുകങ്ങളും മുഴുവൻ ഒരാളെ ശുശ്രൂഷിക്കുന്നതിനായി ബലികൊടുക്കപ്പെടുകയായിരുന്നത് മറ്റൊരു പ്രകരണത്തിൽ വച്ചാലോചിക്കേണ്ട സംഗതിയാണ്. വളരെ ഉദാരവും ബഹുമാനം മുറ്റിയതുമായ വാക്കുകൾകൊണ്ടാണ് മനുബെൻ ഗാന്ധിജിയെ ഉടനീളം വിശേഷിപ്പിക്കുന്നത്. അദ്ഭുതമില്ല. ഗാന്ധിജിയുടെ പ്രഭാവലയത്തിനകത്തുനിന്നുകൊണ്ട്, അതീവ വിനയശാലിയായ,  ഔപചാരികമായ സാധാരണ വിദ്യാഭ്യാസംപോലും കിട്ടാത്ത ഒരു പഴയ പെൺകുട്ടിയുടെ എഴുത്താണത്. എങ്കിലും ഇന്ന് ഈ പുസ്തകം വായിക്കുമ്പോൾ, ആരും കണക്കാക്കാൻ ഇടയില്ലാത്ത, എന്താണെന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത ഈ ചെറിയ ബലികളെ മഹത്തായ ലക്ഷ്യത്തിന്റെ ഏതു ബിന്ദുവിൽ കൊണ്ടുവന്ന് യോജിപ്പിക്കും എന്ന് ഒരു നിമിഷമെങ്കിലും ബുക്കടച്ചു വച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല.  

എഫ് ബി

 

No comments:

Post a Comment