April 23, 2021

ഏറ്റവും മനോഹരമായ ആറു നിമിഷങ്ങൾ

 



ആയുധമില്ലാതെ ശത്രുക്കളുടെ ഇടയിൽപെട്ടുപോയ എം ജി ആറിന് കത്തിയെടുത്ത് എറിഞ്ഞുകൊടുത്ത തമിഴനായ കാണിയെപ്പറ്റി വ്യാപകമായി പ്രചരിച്ചിരുന്ന പഴയ തമാശക്കഥയുണ്ട്. സിനിമയിലെയും ജീവിതത്തിലെയും യാഥാർത്ഥ്യങ്ങൾക്കിടയിൽപ്പെട്ടു കുഴങ്ങിപ്പോയ മനുഷ്യനാണ് അയാൾ.  ജീവിതസന്ധിയിൽ നിസ്സഹായനായി പോകുന്ന തന്റെ ആരാധനാപാത്രത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു പാവം മനുഷ്യൻ നടത്തിയ ശ്രമമാണ് തിരശ്ശീലയിലേക്കുള്ള ആ  കത്തിയേറ്. ആ പരിഗണനയ്ക്കു പകരം നമ്മുടെ മുന്നിലുള്ളത് യുക്തിബോധം നഷ്ടപ്പെട്ട അയാളുടെ മനസാണ്. ആധിയും കണക്കുകൂട്ടലുംകൊണ്ട് നേരത്തെ തകരാറു പിടിച്ച അത് തിരശ്ശീലയ്ക്കുമുന്നിൽ നിന്ന് കുഴമറിയുകകൂടി ചെയ്തപ്പോൾ ചിരിക്കാനുള്ള മറ്റൊരു വിഭവമായി.  

മരിക്കാനുള്ള തീരുമാനത്തിൽനിന്ന് ടി പദ്മനാഭന്റെ കഥയിലെ ഒരു കഥാപാത്രത്തെ മടക്കിക്കൊണ്ടുവരുന്ന ഒരു ആറാം ക്ലാസുകാരി കണ്ടുമുട്ടുന്നത് പഴയ നഗരത്തിലെ ഒരു സിനിമാതിയേറ്ററിൽ വച്ചാണ്. അവിടെ അപ്പോൾ ഡേവിഡ് ഫരാർ (1908 – 1995) അഭിനയിച്ച ഹോളിവുഡ് ചിത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്.  സ്നേഹിക്കുന്ന പെണ്ണിനു വേണ്ടി ചോരചിന്തുവാൻ തയ്യാറായി ചെറുപ്പക്കാർ നിൽക്കുന്നതും ടെക്സാസിലെ വിശാലമായ പുൽമൈതാനങ്ങളിൽ കുതിരകളും പശുക്കളുമോടുന്നതും മനുഷ്യർ വെടികൊണ്ടു വീഴുന്നതും എല്ലാം കണ്ട് അവൾ സ്വാഭാവികമായി പ്രതികരിക്കുന്നു. അതു ജീവിതം തന്നെയെന്നമട്ടിൽ. തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിക്കുന്നു, പാട്ടു പാടുന്നു, ചോക്കലേറ്റ് പങ്കുവയ്ക്കുന്നു. കഥകൃത്ത് പറയുന്നതുപോലെ ചൈതന്യത്തിന്റെ സ്ഫുരണമാണ് ആ പെൺകുട്ടി.  

ഓർസെൺ വെൽസിന്റെ (1915 – 1985) പൂർത്തിയാക്കാത്ത ഒരു ചലച്ചിത്രദൃശ്യത്തിൽ  സെർവാന്തിസിന്റെ പ്രസിദ്ധ കഥാപാത്രങ്ങളായ ഡോൺ ക്വിക്സോട്ടും (ഡോൺ കിയോത്തേ എന്നും പറയും) സഹചാരിയായ സാഞ്ചോ പാൻസയും പതിനഞ്ചാം നൂറ്റാണ്ടിൽനിന്നിറങ്ങി ഒരു സിനിമാതിയേറ്ററിൽ വന്നിരിക്കുന്ന സന്ദർഭമുണ്ട്. തിയേറ്ററിലെ തിരക്കിൽ ആകെ അന്ധാളിച്ചു നിൽക്കുന്ന സാഞ്ചോ പാൻസയെ പത്തു പതിനൊന്ന് വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ് അടുത്തു പിടിച്ചിരുത്തുന്നത്.  അവൾ അയാൾക്ക് ലോലിപോപ്പും കൊടുക്കുന്നു.

അവരിൽനിന്ന് കുറച്ചു മാറി തന്റെ ഊശാൻ താടിയും പഴകിയ പടച്ചട്ടയും തുരുമ്പിച്ച ആയുധങ്ങളുമായി സ്ക്രീനിലെ സംഭവങ്ങളിൽ ബദ്ധശ്രദ്ധനായ നിലയിലാണ് നാം ക്വിക്സോട്ടിനെ കാണുന്നത്.  സിനിമയ്ക്കകത്തെ സിനിമയാണത്. പടയാളികൾക്കിടയിൽപ്പെട്ടുപോയ സുന്ദരിയായ സ്ത്രീയെ കണ്ടമാത്രയിൽ അയാളുടെ പതിവനുസരിച്ച് അയാൾ ചെന്ന് വാളു വീശി. തിരശ്ശീല കഷണങ്ങളായി. വെട്ടിക്കീറിയ തിരശ്ശീലയ്ക്കകത്ത് അയാൾ കാണുന്നത് സ്ത്രൈണസൗന്ദര്യത്തിന്റെ പരിപൂർണ്ണതയെ അഥവാ അയാളുടെ ഭാവനയിൽ തേടിക്കൊണ്ടിരുന്ന ഡുൽസീനിയയെയല്ല, മറിച്ച് ശൂന്യതയെയും ഇരുട്ടിനെയുമാണ്. ഈ ഡുൽസീനിയ അപ്പോൾ സാഞ്ചോ പാൻസയ്ക്കൊപ്പമിരുന്ന് ലോലിപ്പോപ്പ് നുണയുകയാണെന്നൊരു നർമ്മം അവിടെയുണ്ട്. കണക്കെല്ലാം പിഴച്ച ക്വിക്സോട്ടിന്റെ കിറുക്കിനെ സിനിമകാണാൻ ബാൽക്കണിയിലിരിക്കുന്ന കുട്ടികൾ ആർത്തുവിളിച്ചുകൊണ്ട് ആഘോഷിക്കുമ്പോൾ മുതിർന്നവർ ശപിച്ചും ആക്രോശിച്ചും ഹാളുവിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്യുന്നത്.  സ്ത്രീയെ രക്ഷിക്കാൻ  സ്ക്രീൻ വെട്ടിക്കീറുന്ന ക്വിക്സോട്ടിൽ തമിഴനായ കാണിയും തിയേറ്ററിലിരുന്ന് മുട്ടായി സാഞ്ചോ പാൻസയ്ക്കു നൽകുന്ന സൗഹൃദത്തിന്റെ ഔദാര്യത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയും ഉണ്ടെന്നാണ് ഇവിടെനിന്ന് നോക്കുമ്പോൾ തോന്നുന്നത്. ചലച്ചിത്രങ്ങളുടെ പശ്ചാത്തലം അനുഭവങ്ങളുടെ ഏകീഭാവത്തിനു പറ്റിയ ആധുനികസാഹചര്യമൊരുക്കുകയും ചെയ്യുന്നു.

ഇറ്റാലിയൻ ചിന്തകനായ ജോർജിയോ അഗംബൻ, ഓർസൻ വെൽസിന്റെ ആറു മിനിട്ട് നീളമുള്ള ഈ ദൃശ്യത്തെക്കുറിച്ച് ക്കുറിച്ചു പറയുന്നത്,  ‘സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആറു നിമിഷങ്ങൾ’ (The Six Most Beautiful Minutes in the History of Cinema) എന്നാണ്.  പ്രൊഫനേഷൻസ് (2007) എന്ന കൃതിയിലെ അവസാന ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ടും അതാണ്. അത്രയും നേരം വിശ്വസിക്കുകയും താലോലിക്കുകയുമൊക്കെ ചെയ്തിരുന്ന സങ്കല്പം ഒരു നിമിഷംകൊണ്ട് തവിടുപൊടിയായിപ്പോകുന്ന വിശേഷമുഹൂർത്തമാണതിൽ അഗംബൻ കാണുന്നത്. ആ അർത്ഥത്തിൽ ഡോൺ ക്വിക്സോട്ടും എം ജി ആറിനെ രക്ഷിക്കാൻ നോക്കിയ കാണിയും ചലച്ചിത്രത്തിനു പുറത്തുള്ള മറ്റൊരു ചിത്രമാണ്.  ‘ശൂന്യതകൊണ്ട് നിർമ്മിക്കപ്പെട്ടവരാണ് നമ്മളെന്ന് അവർ കാട്ടിത്തരുന്ന ആ നിമിഷത്തിൽ അവരുടെ ഉണ്മയ്ക്ക് വിലകൊടുക്കാൻ നമുക്കു കഴിയുന്നു, നമ്മൾതന്നെ രക്ഷപ്പെടുത്തിയ ദുൽസീനിയ നമ്മെ സ്നേഹിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു.’

അഗംബൻ മറ്റൊരിടത്ത് (Homo Sacor: Sovereign Power and Bare Life) വിവരിച്ച ‘പൊള്ളയായ ജീവിതം’ (bare life) എന്നു വിളിക്കുന്ന ആശയവുമായി ഈ കാഴ്ചയെ ചേർത്തുവയ്ക്കാവുന്നതാണ്. അധികാരവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാതിരിക്കുകയും എന്നാൽ അതിന്റെ പട്ടികപ്പെടുത്തലിനു വിധേയമാവുകയും ചരിത്രത്തിൽനിന്ന് നിരന്തരം പുറത്താവുകയും ചെയ്യുന്നവരാണ് പൊള്ളജീവിതങ്ങളായി മാറുന്നത്. അവർക്കുള്ളിൽ എതിർപ്പുകളുണ്ട്. പക്ഷേ അധികാരത്തിന്റെ സമ്മർദ്ദങ്ങൾ അവരെ മറ്റെന്തൊക്കെയോ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എം ജി ആറിനെ രക്ഷപ്പെടുത്താൻ നോക്കിയ പ്രേക്ഷകനും, ‘നാന്നൂറോ അഞ്ഞൂറോ കൊല്ലങ്ങൾക്കു ശേഷവും ഞാനടക്കമുള്ള മനുഷ്യർ വഴിത്തിരിവിൽ സംശയിച്ചു നിൽക്കുമ്പോൾ ‘നീ പൊയ്ക്കളയരുതേ’ എന്ന്  പ്രകാശം പരത്തുന്ന പെൺകുട്ടിയോട്  പ്രാർത്ഥിക്കുന്ന പദ്മനാഭന്റെ കഥാപാത്രവും വലതുകാലിലെ മന്ത് ഇടതു കാലിലേക്ക് വെറുതേ മാറ്റിയ നാറാണത്തെ മനുഷ്യനും അയാളിൽനിന്നു പകർന്നു കിട്ടിയ നൊസ്സുമായി മലബാറിൽനിന്ന് തിരുവനന്തപുരത്തേക്ക് വേണാട് എക്സ്പ്രെസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ കാണാതായ വി പി ശിവകുമാറെന്ന കോളേജ് ലക്ചറും (മന്ത് എന്ന കഥ) അങ്ങനെ പല പല കഥകളിലായി നിരക്കുന്ന നിരവധിപേർ ചുറ്റും നിന്ന് ചെയ്യുന്നത് ഒരു കാര്യമാണ്;  തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ചെറിയ ചെറിയ വൃത്തങ്ങൾക്കുള്ളിൽ മേൽക്കോയ്മകൾ പലതരത്തിൽ നിർവഹിക്കപ്പെടുന്നു എന്ന്. ഈ പ്രക്ഷേപണങ്ങൾ നിരന്തരം നടക്കുന്നു. കലകളിലെ ദ്വയത്വം (Doubling) അതിനുള്ളിൽതന്നെ പ്രവർത്തിക്കുന്ന അതിനെതിരായ കലയെപ്പറ്റിയുള്ള തിരിച്ചറിവാണ്. ഇത് ആധുനികമനുഷ്യന് ആഴത്തിൽ ചിരിക്കാനുള്ള വിഭവമാണെന്നാണ് അഗംബൻ പറയുന്നത്. അതുകൊണ്ടാവാം ആറു മിനിറ്റ് നീളമുള്ള മൂകമായ, ഒരു  ബ്ലാക്ക് & വൈറ്റ് ചലച്ചിത്രഭാഗത്തെ ‘ഏറ്റവും മനോഹരമായ...’ എന്ന സൂപ്പർലേറ്റീവുകൊണ്ട് അദ്ദേഹം വിശേഷിപ്പിച്ചത്. ചിരിപ്പിക്കുംപോലെ ചിന്തിപ്പിക്കുന്ന മറ്റേത് പദാർത്ഥമുണ്ട്, ഈ ലോകത്തിൽ?

 

* വയസ്കരമൂസിന്റെ ദുര്യോധനവധം കഥകളിയിലെ ഭഗവദ് ദൂതിനിടയ്ക്ക്  ദുര്യോധനന്റെ അഹങ്കാരം കണ്ട് പൊറുതികെട്ട് ഒരു നാട്ടുപ്രമാണി, കൃഷ്ണനെ സഹായിക്കാനായി,  എന്റെ സ്ഥലം പാണ്ഡവർക്കു കൊടുക്കാമെന്നു പറഞ്ഞ ഒരു കഥയിലും കലതന്നെ അതിനെതിരാവുന്ന സംഗതിയുണ്ട്.

** 1957- 1972 കാലത്ത് ചിത്രീകരിച്ച ഡോൺ ക്വിക്സോട്ട്, ഓർസൺ വെൽസിന്റെ മരണശേഷം, 1992 ൽ പ്രദർശിപ്പിക്കുകയുണ്ടായി. പക്ഷേ അതിൽ അഗംബൻ പറയുന്ന ഈ സീക്വൻസ് ഉൾപ്പെടുത്തിയിട്ടില്ല.  ജൊനാതൻ റോസൻബോമിന്റെ അഭിമുഖത്തിൽ ഇതു കാണാം. 

(തോർച്ച മാർച്ച് 2021)

 

 

 

No comments:

Post a Comment