January 9, 2021

വെജിറ്റേറിയൻ


 

ശരീരത്തിന്റെ കാണാമറയത്ത് ഒരു മറുകുണ്ടെങ്കിൽ അതു ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവിടത്തെ വിശ്വാസം. കാണാമറയത്ത്, ലുംബോസാക്രൽ. പിൻ കഴുത്തുമുതൽ ചന്തി കഴിഞ്ഞ് പിൻതുട വരെയുള്ളഭാഗം. കൊറിയയിൽ ഈ ജന്മഅടയാളത്തിന് (ബെർത്ത്മാർക്) വേറെ വിശ്വാസമാണ്. ഗർഭപാത്രത്തിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചിരിക്കുന്ന കുഞ്ഞിനെ ഷംഷിൻ ഹൽമി എന്ന അദൃശ്യമന്ത്രവാദിനി (ആത്മാവ്) അടിച്ചു പുറത്താക്കുന്നതിന്റെ അടയാളമാണത്രേ ഈ അടയാളം. എർവിൻ ബാൾസ് എന്ന നരവംശശാസ്ത്രജ്ഞൻ ഇത് മംഗോളിയൻ വംശീയരുടെ ഇടയിൽ കൂടുതലാണെന്ന് കണ്ടിട്ടാണ് ‘മംഗോളിയൻ സ്പോട്ട്’ എന്ന പേരു നൽകിയത്. ജനിച്ചു കുറച്ചു വർഷങ്ങൾക്കു ശേഷം മാഞ്ഞു പോകുന്ന ഈ അടയാളം, ഇരുപതാമത്തെ വയസ്സിലും അനിയത്തിയുടെ ചന്തിയിൽനിന്ന് മാഞ്ഞു പോയിട്ടില്ലെന്ന് ഇൻ ഹൈ പറഞ്ഞു കേട്ടപ്പോഴാണ്  അവളുടെ ഭർത്താവിന് ഭാര്യയുടെ അനിയത്തിയോട് ലൈംഗികതാത്പര്യമുണരുന്നത്.  ഹാൻ കാങ്ങിന്റെ ‘വെജിറ്റേറിയൻ‘ എന്ന നോവലിലെ മൂന്നദ്ധ്യായങ്ങളിൽ നടുവിലത്തേതിന്റെ പേര് ‘മംഗോളിയൻ മറുകെ’ന്നാണ്. അതിലാണ് പരാജയപ്പെട്ട കലാകാരനായ ഇൻ ഹൈയുടെ ഭർത്താവ്, ഭാര്യാസഹോദരിയുടെ ശരീരത്തിൽ ആ മറുകിനെ കേന്ദ്രമാക്കി പൂക്കളുടെ ചിത്രം വരയ്ക്കുന്നതും ജെയെന്ന കൂട്ടുകാരനെക്കൊണ്ട് അവളെ ഭോഗിക്കാനും അതു ചിത്രീകരിക്കാനും ശ്രമിക്കുന്നതും അതു നടക്കാതെ ഒടുവിൽ സ്വയമവളുമായി ഇണചേരുന്നതും. അതു അയാളുടെ ക്യാമറയിൽ കണ്ടെത്തിയ ചേച്ചി അയാളിൽനിന്ന് ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.  

നോവലിൽ ഒരു പ്രധാന സംഗതിയാണ് മായാൻ കൂട്ടാക്കാതെ നിൽക്കുന്ന ആ മംഗോളിയൻ മറുക്. നോവലിന്റെ ആദ്യ ഭാഗമായ ‘സസ്യഭുക്കിൽ’ നായികയായ യോങ് ഹൈയ്ക്ക് ഒരു സ്വപ്നത്തെ തുടർന്ന് മാംസം കഴിക്കുന്നതിനോടുണ്ടായ വെറുപ്പ്, ഭർത്താവിനോടുള്ള ലൈംഗികമായ ഇഷ്ടത്തെയും ബാധിക്കുന്നു. അതിനു ശേഷമാണ്  പൂക്കൾ വരച്ച ജെയുടെ ശരീരം കണ്ട് അദമ്യമായ ലൈംഗികാർത്തിയും അതിന്റെ തുടർച്ചയെന്നോണം ചേച്ചിയുടെ ഭർത്താവുമായി ലൈംഗികബന്ധവും ഉണ്ടാവുന്നത്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. യോങ് ഹൈയുടെ മാംസാഹാരത്തോടുള്ള വെറുപ്പിന് അടിസ്ഥാനമായ സ്വപ്നത്തെപ്പറ്റി വ്യക്തമായ പരാമർശം നോവലില്ല. പക്ഷേ  അവളുടെ അച്ഛന്റെ ക്രൂരമായ സ്വഭാവത്തിനും അവളെ കടിച്ച പട്ടിയെ അച്ഛൻ കൊല്ലുന്നത് കുട്ടിക്കാലത്ത് കണ്ട അനുഭവത്തിനും യോങ് ഹൈയെ മർദ്ദിക്കാനും ശിക്ഷിക്കാനും അയാൾ കാണിച്ച താത്പര്യത്തിനും നല്ല പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്. പട്ടിയുടെ കരിച്ച വാൽ അത് കടിച്ച മുറിവായിൽ വച്ചു കെട്ടുന്ന നാട്ടു വിശ്വാസത്തെക്കുറിച്ചും അവിടെ പറയുന്നുണ്ട്.  (അവളുടെ ചേച്ചി അത്ര തന്നെ അയാളുടെ ശാരീരികപീഡനത്തിന് ഇരയായിരുന്നില്ല)  എന്നാൽ അതുമാത്രമല്ല യോങ് ഹൈയുടെ പരിണാമത്തിന്റെ കാരണം.

നോവലിനെപ്പറ്റിയുള്ള ഒരു ഫെയിസ് ബുക്ക് കുറിപ്പിൽ, പതിവു രീതിയിൽ പുരുഷാധിപത്യത്തെയും ആണുങ്ങളുടെ ക്രൂരതയെയും ഒക്കെ പ്രതിസ്ഥാനത്തുനിർത്തിക്കൊണ്ടുള്ള വിശകലനം കണ്ടു.  ഹിംസയും അക്രമവും കൊറിയൻ ജീവിതത്തിന്റെ കൃത്യമായി പറഞ്ഞാൽ കൊറിയൻ യുദ്ധത്തിന്റെ ജൈവാവശിഷ്ടമാണ് എന്ന് ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്. കൊറിയൻ യുദ്ധങ്ങളുടെയും പിന്നീട് നടന്ന കൂട്ടക്കൊലകളുടെയുമൊക്കെ ബാക്കിയായി പട്ടാള കഥാപാത്രങ്ങൾ പല കൊറിയൻ സിനിമ്നകളിലും ചരിത്രത്തിന്റെ ഭാരവുമായി പ്രത്യക്ഷപ്പെടാറും ഉണ്ട്. ഹാൻ കാങ്ങുമായുള്ള ഒരു അഭിമുഖത്തിൽ, താനും സസ്യാഹാരം ഇഷ്ടപ്പെടുന്നു എന്നും ആരോഗ്യപരമായ കാരണങ്ങളാൽ നിവൃത്തിയില്ലാത്തിടത്ത് വളരെ കുറച്ചുമാത്രം മാംസം കുറ്റബോധത്തോടെ കഴിക്കാറുണ്ടെന്നും തന്റെ സസ്യാഹാരതാത്പര്യത്തിനു പിന്നിൽ ഗ്വാങ്ജു കലാപത്തെക്കുറിച്ചുള്ള ഓർമ്മകളാണെന്നും അവർ വ്യക്തമാക്കുന്നു. നോവലിൽ ഒരിടത്ത് ഈ പ്രദേശത്തെപ്പറ്റി ഒരു പരാമർശവുമുണ്ട്. 1980 മേയ്‌മാസത്തിൽ സർക്കാരിന്റെ വിവാഹനിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും മറ്റും സൈന്യം അതിഭീകരമായി മർദ്ദിച്ചൊതുക്കിയ സംഭവമാണ് ഗ്വാങ്ജു അപ്റൈസിങ്. പ്രതിഷേധകരെ അടിച്ചൊതുക്കിയും വെടിവച്ചും ബലാത്സംഗം ചെയ്തും സർക്കാർ സേനകൾ അഴിഞ്ഞാടിയ കലാപത്തിൽ  രണ്ടായിരത്തോളം പേർ കൊലച്ചെയ്യപ്പെട്ടു എന്നാണ് കണക്ക്. ദാമ്പത്യത്തിലെ പുരുഷാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായി യോങ് ഹൈയുടെ മാംസാഹാര നിഷേധത്തെ കാണുമ്പോൾ കൊറിയൻ ആവിഷ്കാരങ്ങളുടെ രാഷ്ട്രീയം റദ്ദ് ചെയ്യപ്പെട്ടു പോകും.  ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയത്തും ബുക്കർ സമ്മാനം നേടിയ സമയത്തും  അത് വ്യാപകമായി പ്രചരിച്ചത് കൊറിയയിൽനിന്നും വളരെ വ്യത്യസ്തമായ നിലയിലുള്ള ഇന്ത്യയിലെ സസ്യാഹാര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണെന്നും കൂടി ഇവിടെ ഓർക്കാം. അങ്ങനെ നോക്കുമ്പോൽ വിശദമായ താരതമ്യത്തിനു സാധ്യതയുള്ള ഇടമാണ്, ഈ നോവലിലെ അശൈവഹാരം.

മറ്റൊന്ന്,  സ്വപ്നത്തെക്കുറിച്ചുള്ള പരാമർശം നോവലിനു നൽകുന്ന ധ്യാനാത്മകമായ തലമാണ്.   ഒരു സ്വപ്നത്തെ തുടർന്ന് യോങ് ഹൈയ്ക്ക് സംഭവിക്കുന്ന മാറ്റത്തോറ്റെയാന് നോവൽ തുടങ്ങുന്നതെങ്കിൽ അവളുടെ ചേച്ചി, ഇൻ ഹൈയുടെ സ്വപ്നത്തെക്കുറിച്ചുത്തന്നെയുള്ള മറ്റൊരു നിരീക്ഷണത്തോടെയാണ് നോവൽ അവസാനിക്കുന്നത്. മാംസം മാത്രമല്ല, ആഹാരംതന്നെയും ഉപേക്ഷിച്ച് മരത്തെപ്പോലെയായി തീരാൻ ആഗ്രഹിക്കുന്ന യോങ് ഹൈയെ ആശുപത്രിയിൽനിന്ന് മോചിപ്പിച്ച് തിരിച്ചു പോരുന്ന വഴിയിൽ വച്ച് ആംബുലൻസിലിരുന്ന് “താനും സ്വപ്നങ്ങൾ കാണാറുണ്ടെന്നും നമുക്ക് ഏതെങ്കിലും ഘട്ടത്തിൽ ഉണരേണ്ടതായി വരുമെന്നും” പറയുന്നു. ആ വാക്യം “... അപ്പോൾ.... ” എന്ന  അർദ്ധോക്തിയിലാാണവൾ നിർത്തുന്നത്. ഈ നോവലിനെ ആസ്പദമാക്കി ലിം വൂ സിയോങ് സംവിധാനം ചെയ്ത ‘വെജിറ്റേറിയൻ’ (2009) എന്ന സിനിമയിൽ ‘ഇതൊരു സ്വപ്നമാണെന്നും ഇതിൽനിന്ന് നമ്മൾ ഉണരുമെന്നുമാണ് ’ഇൻ ഹൈയുടെ അവസാന വാചകം. നോവലിലേത് കുറച്ചുകൂടി ആഴമുള്ളതും സങ്കീർണ്ണവുമായ അവസ്ഥയാണ്. ആളുകൾക്ക് മനസിലാവാൻവേണ്ടി കുറച്ചുകൂടി ശുഭാപ്തി വിശ്വാസം കലക്കിയ വാചകമാണ് സിനിമയിൽ ചേർത്തിരിക്കുന്നത്.  വേറെയും മാറ്റങ്ങൾ ചലച്ചിത്രത്തിലുണ്ട്, ആശുപത്രിയിൽ നിന്നിറങ്ങി അർദ്ധനഗ്നയായി ശരീരത്തിനെ വെയിലുകൊള്ളിച്ചുകൊണ്ട് പുറത്തിരിക്കുന്ന യോങ് ഹൈയെ, സിനിമയിൽ ആശുപത്രി മുറിയ്ക്കകത്ത് ജനലിനടുത്ത് ഇരിക്കുന്നവളായിട്ടാണ് കാണിക്കുന്നത്- ഇതു പ്രധാനമാവുന്നത് വൃക്ഷങ്ങളെപ്പോലെ തനിക്കു ജീവിക്കാൻ വെയിലുമാത്രം മത്രി, ആഹാരം വേണ്ടെന്ന് യോങ് ഹൈ തീരുമാനിക്കുന്നതിന്റെ ഒരു വിഷ്വലാണത്. അതുകൊണ്ടാണ് പുറത്ത് പ്രകൃതിയിലിരിക്കുന്നതും, ജനാലയ്ക്കടുത്തിരുന്നു വെയിലുകൊള്ളുന്നതും രണ്ടു കാര്യമാകുന്നത്.

യോങ് ഹൈയിൽ ഒരു തിരിച്ചുപോക്കാണ് പ്രവർത്തിക്കുന്നത് എന്നു മനസിലാക്കാൻ എളുപ്പമാണ്. വൃക്ഷമാവുക/ ചെടിയാവുക എന്ന മട്ടിലുള്ള ഒരു തിരിച്ചുപോക്ക് നമ്മുടെ സങ്കല്പത്തിനും അപ്പുറത്താണ്. ചെറിയ ദ്രോഹമോ പീഡയോപോലും ആർക്കും വരുത്താതെ പ്രകൃതിയുടെ ഭാഗമായി ജീവിക്കുക എന്നൊരർത്ഥം അതിനുണ്ട്.  അതാണതിന്റെ ആത്മീയ ധാര. മനുഷ്യരാശിയുടെ ക്രൂരതകൾക്കെല്ലാം പിഴയൊടുക്കിക്കൊണ്ട് നയിക്കാനുദ്ദേശിക്കുന്ന അത്തരമൊരു ജീവിതം സ്വപ്നത്തിൽ മാത്രമാണുള്ളതെന്ന സാക്ഷാത്കാരവും നോവൽ ചേർത്തു പിടിക്കുന്നു. മനുഷ്യരുടെ അബോധത്തിൽ വാസനാരൂപത്തിൽ കിടക്കുന്ന പ്രേരണയാണ് ദ്രോഹം/പീഡ/ഹിംസയുമെങ്കിൽ അതേ അവസ്ഥയിലാണ് പ്രകൃതിയിലേക്കുള്ള ലയത്തിനുള്ള ചോദനയും. ഗർഭപാത്രംവരെയുള്ള തിരിച്ചുപോക്കിനെപ്പറ്റിയാണ് നമ്മുടെ ഭാവനകൾ മനശ്ശാസ്ത്രത്തിന്റെ സഹായത്തോടെ അലങ്കാരങ്ങൾ പണിഞ്ഞതെങ്കിൽ, മനുഷ്യവർഗത്തിന്റെയെന്നല്ല ചരവർഗങ്ങളുടെയെല്ലാം ഉത്പത്തി ചരിത്രത്തിനും പിന്നിലേക്ക്, വെയിലുമാത്രം ഭക്ഷിച്ചു ആർക്കും ഉപദ്രവമില്ലാതെ ജീവിക്കാനുള്ള  അതിശക്തമായ പ്രേരണയിലേക്കാണ് യോങ് ഹൈയുടെ സ്വപ്നം അവളെ കൂട്ടിക്കൊണ്ടുപോകുന്നത്.  എന്നുവച്ചാൽ സസ്യജാലങ്ങളുടെ ആന്തരപ്രകൃതിയിലേക്ക്. യോങ് ഹൈയുടെ ശരീരത്തിലെ മാഞ്ഞുപോകാത്ത മംഗോളിയൻ  മറുക്, ശക്തമായ രൂപകമാവുന്നത് കൊറിയൻ മിത്തിലേക്കും കുഞ്ഞുങ്ങളുടെ ജനനത്തിനു സഹായിക്കുന്ന മന്ത്രവാദിനി ആത്മാവിലേക്കും കൊണ്ടുപോകുന്നതുകൊണ്ടുമാണ്. നരവംശശാസ്ത്രജ്ഞന്മാർ ആദിവാസികളെ നിരീക്ഷിച്ചുകൊണ്ട് പ്രകൃതിയുമായി അതിനുള്ള ബന്ധത്തെ വിശദീകരിച്ചെടുത്തിട്ടുണ്ട്. സങ്കീർണ്ണമായ ഒരു ലോകത്തെ അവതരിപ്പിക്കുന്ന ഒരു നോവൽ എന്തായാലും  മനശ്ശാസ്ത്രപരമായ ഭീതിചിത്രമോ (സൈക്കളോജിക്കൽ ഹൊറർ),  പുരുഷാധിപത്യത്തിനോടുള്ള ചെറുത്തുനില്പിന്റെ രൂപകമോ അല്ല. അങ്ങനെ ക്ലീഷേകളിൽ കൊണ്ടുചെന്നുകെട്ടി ചെറുതാക്കുന്നത് മറ്റൊരു ഹിംസയാണ്. സാംസ്കാരിക ഹിംസ.

(മലയാളത്തിൽ ഈ നോവലിന്റെ പരിഭാഷ നിർവഹിച്ചത് സി വി ബാലകൃഷ്ണനാണ്, യാന്ത്രിക തർജ്ജിമയല്ല, ലൈംഗിക വിവരണങ്ങൾക്ക് സംസ്കൃതപദബാഹുല്യം ഉണ്ടെങ്കിലും (അല്ലെങ്കിൽ ധ്യാനാത്മകത നശിക്കും) നോവലിന്റെ മൂഡ് അദ്ദേഹം നിലനിർത്തുന്നു. അതുകൊണ്ട് ആ ഭ്രമാത്മകലോകം നമ്മുടെ ഉള്ളിൽ കടന്നു കയറുകയും ചെയ്യുന്നു)


1 comment:

  1. ഇതിന്റ സിനിമ രൂപം കണ്ടിരുന്നതായി ഇപ്പോൾ വായിച്ചപ്പോഴാണ് അറിയുന്നത് .നന്നായി തന്നെ 'വെജിറ്റേറിയൻ' പരിചയപ്പെടുത്തി

    ReplyDelete