December 2, 2020

ഫ്രാൻസിസ് നൊറോണയുടെ കഥ ‘എനം’

 


ഭാഷാപോഷിണി 2019 മേയ് ലക്കത്തിൽ വന്ന ഫ്രാൻസിസ് നൊറോണയുടെ എനം എന്ന കഥയുടെ ശീർഷകത്തിനും അതിലെ ഉള്ളടക്കത്തിനും തമ്മിൽ പ്രകടമായി ഇടം തിരിഞ്ഞു നിൽക്കുന്ന സ്വഭാവമുണ്ട്. ആ ശീർഷകത്തിൽ അലങ്കരണമില്ല, ബിംബങ്ങളില്ല. പ്രാദേശികമായ (വമൊഴിയുടെ) ചുവയോടെ എടുത്തു പിടിച്ചു നിൽക്കുകയാണ്. മനുഷ്യനെന്ന പ്രത്യേക ഇനത്തെയും അതിന്റെ ശീലക്കേടുകളെയും‌പറ്റി പറയുന്ന കഥ  അതിന്റെയൊരു ഇരുണ്ട സ്വഭാവവും വളരെ പതുക്കെ അർത്ഥബോധം ഉണർത്തുന്ന വിധവുംകൊണ്ട് ‘വെനം ‘ എന്ന ഇംഗ്ലീഷു വാക്കുന്റെ ഓർമ്മയുണർത്തുന്നു എന്നു തോന്നി.

ശബരിമലയിലെ സ്ത്രീപ്രവേശവും ആർത്തവാശുദ്ധിയും വിശ്വാസവും ജാതിയും വിഷയമാകുന്ന കഥയെ സമകാലികമാക്കുന്നത് ചുംബനസമരവും സാഹിത്യവും കോളേജും നാടകം കളിയും സൗഹൃദങ്ങളും വെറുപ്പും കാപട്യവും തോളോടു ചേർന്നുനിന്നാണ്. സംഭവങ്ങൾ മാത്രമല്ല, മനുഷ്യന്റെ പുറമേയ്ക്ക് പ്രകറ്റമല്ലാത്ത മനോഭാവങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കാലത്തിന്റെ നിറവ്യത്യാസങ്ങളിലേക്കാണ് കഥാകൃത്തിന്റെ ശ്രദ്ധ. അപ്രധാനം എന്നു തോന്നുന്ന സംഭവങ്ങളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും ആകെത്തുകയാണ് ഈ കഥ. പൊട്ടിത്തെറിക്കുന്ന ഒന്നും ഇതിലില്ല.  ഒരു പ്രധാനസംഭവംപോലും എടുത്തു പറയാനില്ല. എന്നാൽ ഒട്ടനവധി സംഭവങ്ങൾ തമ്മിൽ പിണഞ്ഞു ചേർന്ന് അത്രയൊന്നും ഹിതകരമല്ലെന്ന് ഏതുനിലയ്ക്കും തോന്നിക്കുന്ന ഒരു അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ തച്ചു പണിയുകയാണ് നൊറോണ ചെയ്യുന്നത്. തലക്കെട്ടിന്റെ ഒതുക്കത്തിനു നേരെ വിപരീതമാണ് ഉള്ളടക്കത്തിന്റെ പരിചരണം. കഥയിൽ വാക്യങ്ങൾ ഭൂരിഭാഗവും കേവലവാക്യങ്ങളല്ല. സങ്കീർണ്ണവാക്യങ്ങളും മഹാവാക്യങ്ങളും കൊണ്ടാണ് നെറോണ കഥപറയുന്നത്.

പ്രധാനക്രിയയുടെ വിശേഷണങ്ങളായിട്ടാണ് വാക്യങ്ങൾ നീട്ടിയെടുക്കുന്നത്. ചിലപ്പോൾ രണ്ടും മൂന്നും ക്രിയകൾ ഒരേസമയത്ത് നടക്കുന്നു.

- “വീട്ടിലേക്ക് കേറുമ്പോൾ വെള്ളമനത്താൻ രോഹിണിയോട് പറഞ്ഞിട്ട് കരച്ചിലിന്റെ ചോരവക്കീ നിന്ന കൊച്ചിനെ സലില മറപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി” -
- “
വാരി വലിച്ചിട്ടിരുന്ന മകളുടെ പുസ്തകങ്ങൾക്കു മീതേ ഭാര്യ ഊരിവച്ച തിരിപ്പൻ ഭിത്തിയിലെ ആണിയിൽ തൂക്കുമ്പോൾ ചത്ത മൃഗത്തിന്റെ വാൽ വെള്ളത്തിനടിയിൽ ഇളകുമ്പോലെ അയാൾക്കു തോന്നി.

അപൂർവമായി വന്നുകയറുന്ന ഉപമകളിലെ ഉപമാനങ്ങൾ മിക്കവാറും അതേ സാമൂഹിക/ക്രിയാപരിസരത്തിനുന്നുള്ളവയാകും. (കോവിലുപോലെ തോന്നി വണ്ടിയുടെ അകം) മറ്റൊന്ന് ഒരു ക്രിയ നടക്കുമ്പോൾ മറ്റൊരു ക്രിയകൂടി നടന്നു എന്നു സൂചിപ്പിക്കാനുള്ളവയാണ് ( മേപ്പോട്ടെറിഞ്ഞ ഇത്തില് കമഴ്ന്നു വീഴുന്നതും നോക്കിയിരുന്ന ഉദയനതു കേട്ട് ഒതളച്ചോട്ടിലെ തെളിമണ്ണീന്നെഴുന്നേറ്റു) അപൂർവം ചിലപ്പോൾ രണ്ടു ക്രിയകൾ ഒന്നിച്ചു നടക്കുന്നതിന്റെയുമാണ്. (ഒപ്പമുണ്ടായിരുന്നവളുടെ കുറിപ്പുകളെ ഓർത്തെടുക്കുന്നതിനിടയിൽ സഞ്ചിയിലെ കുപ്പിയെടുത്ത് വെള്ളം തൊടാതെ അയാൾ വിഴുങ്ങി). കഥയിലെ അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെ ധ്വനിപ്പിക്കുന്നതിനൊപ്പം ഒരുപാട് സംഭവങ്ങൾ നടക്കുന്നതായും സൂചിപ്പിക്കാമെന്നതാണ് ഇവകൊണ്ടു സാധ്യമായ കലാപരമായ ഗുണം. ക്രിയകളുടെ ബാഹുല്യം കഥയെ നേർരേഖയിൽ സഞ്ചരിക്കുന്നതിൽ നിന്നും വിലക്കുന്നു. നൊറോണയുടെ കഥ അപരിചിതമേഖലയുണ്ടാക്കുന്നത് കഥയുടെ കേന്ദ്രം (ന്യൂക്ലിയസ്) വച്ചിട്ടല്ല, മറിച്ച് ഇതുപോലെയുള്ള വിശദാംശങ്ങൾ കൊരുത്ത വാക്യങ്ങൾ വച്ചിട്ടാണ്. കഥയിൽത്തന്നെയുള്ള വാക്യം വച്ചു പറഞ്ഞാൽ ‘ആംബിയൻസിലാണ്’ നോറോണയുടെ കഥയുടെ ജീവൻ പിടയുന്നത്.

ഈപറഞ്ഞവയിൽപ്പെടാത്ത വേറൊരു തരം വിശേഷണങ്ങളും കഥയ്ക്കുള്ളിലുണ്ട്. അത് ഒറ്റവരികളിലുള്ള സംഗ്രഹണങ്ങളാണ്. ഒരു പക്ഷേ കഥകളിലെ ഏറ്റവും വലിയ ശക്തികളിലൊന്നും ദുർബലമാകാൻ ഏറ്റവും സാധ്യതയുള്ളതുമായ കാര്യമവയാണ്. ആശുപത്രിയിൽ കാലിൽ പ്ലാസ്റ്ററിട്ടു കിടക്കുന്ന സലിലയെ കാണാൻ ചെന്ന അനൂപിന്റെകൂടെ ചേച്ചിയുടെ കുട്ടികളെ കണ്ട സലിലയുടെ അമ്മ, “ പൊട്ടിച്ച ബിസ്കറ്റ് പായ്ക്കറ്റിനു മീതെയിട്ടിരുന്ന പച്ച റബർ ബാന്റ് അഴിച്ചുഎന്നാണ് എഴുതിയിരിക്കുന്നത്. ഈയൊരൊറ്റ വരികൊണ്ട് സൃഷ്ടിച്ചിരിക്കുന്ന കുടുംബചിത്രമുണ്ട്. അവരുടെ അവസ്ഥയുണ്ട്. കാഴ്ചയുടെ ഓർമ്മയെ അനുഭവമാക്കി പരിവർത്തിപ്പിക്കുമ്പോൾ മാത്രം സാധ്യമാവുന്ന കാര്യമാണത്. ഇത് അകത്തെ കാഴ്ചയാണെങ്കിൽ ഇതുപോലെ പുറത്തെ കാഴ്ചയുടെ ഒരു അനുഭവവും ഒറ്റവരിയിൽ കഥയിലുണ്ട്. വണ്ടി യു ടേൺ എടുക്കുമ്പോൾ താലമേന്തിയ സ്ത്രീകളുടെ നീണ്ട നിര റോഡു മുറിച്ചു കടക്കുവാൻ പുരുഷന്മാർ സഹായിക്കുന്നുണ്ട്”. ശബരിമലയുമായി ബന്ധപ്പെട്ട നാമജപയാത്രയുടെ ഒറ്റപ്പെട്ട കാഴ്ചയാണിത്. ഒറ്റവരിയിൽ ഒരുകാഴ്ചയും അതിനു പിന്നിലെ പ്രത്യയശാസ്ത്രവും കഥാകൃത്ത് അവതരിപ്പിച്ചു കഴിഞ്ഞു. പരത്തിയാൽ കോലം കെട്ടു പോകുന്നതും കൃത്രിമമാകുന്നതുമാണ് ഇതുപോലെയുള്ള നിരീക്ഷണങ്ങൾ. അതുകൊണ്ടാണ് സൂക്ഷിച്ചില്ലെങ്കിൽ കഥയ്ക്കൊരു പരാധീനതയാവുമെന്ന് എഴുതിയത്. വ്യക്തിയുടെ രൂപചിത്രണങ്ങളും പലപ്പോഴും ഇതുപോലെയുള്ള ഒറ്റവരിയിൽ സംഗ്രഹിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്.( പലഹാരപ്പൊതി തുറന്നു മൊരിപിടിച്ച കാലിൽ എണ്ണമയം തുടച്ച്...., നേർത്തു മെലിഞ്ഞ അവരുടെ വിടർന്ന കണ്ണുകളിലെ വിപ്ലവവീര്യം.. )    അതേ സമയം നൊറോണ എല്ലാം ചുരുക്കിവയ്ക്കുകയുമല്ല, നേരത്തെ വിശദീകരിച്ചതുപോലെ അതിദീർഘമായ വാക്യങ്ങളെ കൊരുക്കുന്നതുപോലെ, കഥ കൈകാര്യം ചെയ്യുന്ന പ്രധാന ആശയത്തെയും വിശേഷണസംഭവങ്ങളിലൂടെ വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശബരിമലയിലെ യുവതീ പ്രവേശവും അതിനോടുള്ള അതിസൂക്ഷ്മമായ (ആൺ) മനോഭാവങ്ങളെയും ഇഴ പിരിക്കുന്ന കഥയിലേക്കുള്ള പ്രവേശം ഒരു കുട്ടിയുടെ ആർത്തവാരംഭത്തെ അവളനുഭവിക്കുന്ന ഭീതിയോടെ തന്നെ വിശദമാക്കിക്കൊണ്ടാണ് സാധ്യമാക്കിയിരിക്കുന്നത്. അനൂപ് അവതരിപ്പിക്കുന്ന നാടകത്തിന്റെ കഥ, സി അയ്യപ്പന്റെ പ്രേതഭാഷണമായിരിക്കുന്നത അർത്ഥവത്താണ്. ആ കഥയിലെ അപമാനത്തിന്റെയും ജാതിക്കോയ്മയുടെയും അന്തരീക്ഷം ഈ കഥയിലും ഗൂഢമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്.

നോവലിൽ ഉള്ളടക്കാവുന്ന സംഭവങ്ങളെ കഥയുടെ മെലിഞ്ഞ ശരീരത്തിൽ കയറ്റി വയ്ക്കുന്ന കഥകളുണ്ട്. വളരെ നേർത്ത കഥാതന്തുവിനെ അതിവിശദമായി പരത്തി പറയുന്ന കഥകളുമുണ്ട്. ചെറുകഥകളുടെ ഏകാഗ്രത, സാരള്യം, ഋജുത്വം, നിശ്ചിതമായ കാലദൈർഘ്യം, വൈകാരികമായ ഏകമുഖത്വം, മൂല്യവിശ്വാസം തുടങ്ങിയ പരമ്പരാഗത വിശ്വാസങ്ങളെ തകർത്തുകൊണ്ടും കാലിക ജീവിതോപായങ്ങളിൽനിന്നുള്ള ഉപമാനങ്ങൾ, രാഷ്ട്രീയസംഭവങ്ങളോടുള്ള പ്രതികരണങ്ങൾ, സാംസ്കാരികാനുഭവങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് മിശ്രിതമാക്കിയുമാണ് കഥകൾ വേറിട്ട ഭാവുകത്വമേഖലകൾ പണിയുന്നത്. ഫ്രാൻസിസ് നൊറോണ അക്കൂട്ടത്തിൽ പുതിയൊരു ശാഖയുണ്ടാക്കുന്നത് പദം, വാക്യം, ഖണ്ഡിക, സംഭാഷണം, ആശയം തുടങ്ങിയ ആഖ്യാനഘടകങ്ങളിൽ വിശേഷണങ്ങൾചേർത്ത് വിപുലപ്പെടുത്തിക്കൊണ്ടാണ്. അവിടെയാന് നൊറോണയുടെ ‘കഥ സ്ഥിതി ചെയ്യുന്നതെന്നു പറഞ്ഞാലും ശരിയാണ്. തികച്ചും ഭാഷാപരമാണെങ്കിലും കഥകളുടെ സമകാലികമായ തിരിവുകളെപ്പറ്റി അറിവു നൽകാൻ കൂടുതൽ അന്വേഷണത്തിനു പ്രേരിപ്പിക്കുന്ന മേഖലയാണിതെന്ന് തോന്നുന്നു. 

 

ഭാഷാപോഷിണി ജൂലൈ 2019

കളങ്കഥ : ഒരു ഹിച്ച്കോക്കിയൻ ട്വിസ്റ്റ്


ഭാഷാപോഷിണിയിൽ (2020 നവംബർ, ലക്കം 11)  വന്ന ഫ്രാൻസിസ് നൊറോണയുടെ  കഥ 'കളങ്കഥ' എന്ന വിചിത്രമായ  പേരിൽതന്നെ നാടകീയയതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.   കളങ്കാവൽ എന്ന പേര് നമുക്ക് അത്ര അപരിചതമല്ലെങ്കിലും,  'കളങ്കഥ' നൊറോണ ഉണ്ടാക്കിയെടുത്ത പുതിയ പദസംയുക്തമാണ്.  ചെസ് ബോർഡിലുള്ള കളങ്ങളിലെ നീക്കങ്ങളിലൂടെ ശാരീരികവും മാനസികവുമായ ചോദനകളുടെ ബലതന്ത്രങ്ങളെ ആവിഷ്കരിക്കുന്ന കഥ എന്ന അർത്ഥത്തിലാണെങ്കിലും  വാക്കിന്റെ പ്രത്യേകതകൊണ്ട് അത് കളങ്കത്തെപ്പറ്റിയുള്ള കഥയും  കള്ളക്കഥയും മറ്റൊരർത്ഥത്തിൽ കടംകഥയുമൊക്കെ ആകാൻ വെമ്പിനിൽക്കുന്ന പ്രയോഗമായി അനുഭവപ്പെടുന്നു. ശീർഷകത്തിന് അങ്ങനെ അർത്ഥങ്ങൾ ഉണ്ടെന്നല്ല,  എന്നാൽ അത്തരമൊരു ധാരണയുണ്ടാക്കാൻ സമർത്ഥമാണ് ആ പ്രയോഗം. ഈ പ്രത്യേകത ശീർഷകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പൊറ്റക്കുഴി ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് തമ്മനം ലൂവിസ്, ശാന്തനോട് പറയുന്ന കഥ, അതേ ബാറിലെ അതേ വെളിച്ചത്തിലിരുന്ന് ശാന്തൻ തിരിച്ചു ലൂവിസിനോട് പറയുന്നിടത്തല്ല, അതും കഴിഞ്ഞ്  കഥാകൃത്ത് വായനക്കാരോട് ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണവസാനിക്കുന്നത്. എഴുത്തുകാരൻ നേരിട്ട് മുഖം കാണിച്ചുകൊണ്ടു നടത്തുന്ന ഹിച്ച്കോക്കിയൻ ട്വിസ്റ്റാണ് അത്.

തുടക്കത്തിൽ ലൂവിസു പറഞ്ഞു തുടങ്ങുന്ന കഥ ശ്രോതാവായ ശാന്തന്റെ ആകാംക്ഷയെ പൂരിപ്പിക്കാതെ മുറിയുന്നു.  അതേപോലെ ശാന്തന്റെ  അനുഭവവിവരണവും മുറിയുന്നു.  എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സസ്പെൻസ് തെളിച്ചു പറയാതെ നിലനിർത്തിക്കൊണ്ട്  ആഖ്യാനത്തെ വായനക്കാരെയും ചേർത്ത് പൂരിപ്പിക്കാൻ ശ്രമമാണ് കളങ്കഥയെ വ്യത്യസ്തമാക്കുന്നത്.  അങ്ങനെ അതിനകത്ത് മൂന്ന് പറച്ചിലുകൾ സംഭവിക്കുന്നു. ളൂവിസ് ശാന്തനോട് പറയുന്ന കഥ, ശാന്തൻ ളൂവിസിനോട് പറയുന്ന കഥ, നോറോണ വായനക്കാരോട് പറയുന്ന കഥ.. മൂന്നു കഥകളും പ്രധാനമായി ചുറ്റുന്നത് ഒരേ കഥാവസ്തുവിനെയാണ്. പ്രമദയെ. അനുഭവകഥകൾക്കെല്ലാം  അവയുടെ സ്രോതൃസ്ഥാനത്തിനു വെളിയിൽ മറ്റൊരു ജീവിതംകൂടിയുണ്ടെന്നാണ് അത് പറയാൻ ശ്രമിക്കുന്നത്. കഥകളെല്ലാം ആത്യന്തികമായി പൂർത്തിയാവുന്നത് ശ്രോതാക്കളുടെ  മനസ്സിലാണ്.  

 സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന പുറത്തെ റോഡ്,  പ്രമദമാഡത്തിന്റെ വീട്ടിനകത്തെ ചെസ്സ് ബോർഡ് എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് കഥയിലുള്ളത്.  അകത്തെയും പുറത്തെയും യാത്രകളുടെ സാധ്യതകൂടിയാണവ.  റോഡെന്നും ചെസ്സ് ബോർഡെന്നുമുള്ള ആധാരങ്ങൾക്കു മുകളിൽ ആധേയങ്ങളായി ഡ്രൈവിങ് കാറും ചെസ്സ് കരുക്കളുമാണുള്ളത്. അകത്തുകയറി പരതിയാൽ കാറിനെയും ചെസ്സ് ബോർഡിനെയും ആധാരമാക്കി പ്രവർത്തിക്കുന്ന മറ്റു രണ്ട് ആധേയങ്ങൾ കൂടികഥയ്ക്കുള്ളിലുണ്ട് എന്നു കാണാം. അവ ആണെന്നും പെണ്ണെന്നും അതിർ വരമ്പുകളുള്ള ലിംഗശരീരങ്ങളും ചേർന്നും പിരിഞ്ഞുമുള്ള ആവൃത്തിയിൽ ചലിക്കുന്ന മനസ്സുകളുമാണ്.

ഡ്രൈവിങ് സ്കൂൾ എന്ന പ്രയോഗത്തിനുതന്നെ ലൈംഗികമായ വിവക്ഷയും അശ്ലീലദ്യോതകമായ അർത്ഥവുമുണ്ട്.  ചലച്ചിത്രങ്ങളും നാടൻ പ്രയോഗങ്ങളും അത് ഊട്ടി ഉറപ്പിച്ചിട്ടും ഉണ്ട്.  ആ സംസ്കാരത്തിന്റെ ആ ഇടുങ്ങിയ അന്തരീക്ഷമാണ് കഥയിലുള്ളത്. വഴിമുട്ടിയ വാസനകളുടെ പിരിമുറുക്കമായും നിയന്ത്രണങ്ങളില്ലാതെ കെട്ടഴിഞ്ഞ ജീവിതവാസനകളുടെ ആഘോഷമായും ഒരേസമയം വ്യാഖ്യാനിക്കാവുന്ന ഭാഷയെ അവലംബിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത് . മനുഷ്യമനസ്സിന്റെ ഊടുവഴികളിലൂടെ ഭാഷയുടെ വണ്ടി അപകടം പറ്റാതെ ഓടിക്കാൻ നല്ല അദ്ധ്വാനം ആവശ്യമാണ്.  ചെസ്സിന്റെ സാങ്കേതിക ശബ്ദകോശത്തിനുള്ളിൽ വളരെ സമർത്ഥമായി ഇണക്കിചേർത്ത  ദ്വയാർത്ഥപ്രയോഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്  ഭാഷാവഴക്കത്തിന്റെ സാധ്യതയെയാകുന്നു.   

-ഇറക്ക വഴിയിൽ ആഴമുള്ള മഴക്കുഴി.
-അതിനെ താഴേക്കു മഴ കഴിഞ്ഞു വെയിൽത്തിളക്കമുള്ള പാർക്കിങ് ഏരിയ പോലെ....
-അവരുടെ വെളുത്തറാണി മുന്നോട്ടു കുതിച്ചു.
-അതിന്റെ വരവും വേഗവും താങ്ങനാവാതെ എന്റെ കറുമ്പൻ രാജാവ് പതുങ്ങി
-ഒരു ബലക്കുറവ് കേറിയിറങ്ങിയുള്ള എന്റെ കുതിരനീക്കങ്ങളുടെ വീറുകെടുത്തി.
-വെളുത്ത കിടങ്ങിൽ അമർന്ന കാലാളിനെപോലെ ദുർബലനായി
- കച്ചയഴിച്ച വെളുത്തറാണിയെ കൈയിലെടുത്ത് ഞങ്ങനെ ഇരുന്നുപോയി...

ഡ്രൈവിങ് പഠിക്കാൻ വരുന്ന പെണ്ണുങ്ങളെ തായത്തിനു ലഭ്യമാവുന്ന ആദ്യഭാഗങ്ങളിൽ നിന്ന് പ്രമദമാഡത്തിലേക്ക്  ശാന്തന്റെ ശ്രദ്ധ കേന്ദ്രീകൃതമാവുമ്പോൾ അതിനനുസരിച്ച് ആഖ്യാനത്തിന്റെ മുറുക്കവും ശ്ലേഷപ്രയോഗങ്ങളുടെ കരുത്തും കൂടുന്നു.

പൊട്ടക്കുഴി ബാറിൽ ആദ്യം ശാന്തനും രണ്ടാമത്തെ പ്രാവശ്യം തമ്മനം ലൂവിസും ആകാംക്ഷയോടെ ഇരിക്കുന്നത് പ്രമദയുടെ അസാധാരണമായ മാദകത്വത്തെ പ്രാപിച്ച കഥ കേൾക്കാനാണ്. പ്രത്യേകിച്ച്  ഒന്നും സംഭവിക്കാതെ തന്നെ രണ്ടു കഥകളും മുറിഞ്ഞു പോകുന്നതിൽ ലൈംഗികാഭിലാഷങ്ങളുടെ പൂർത്തിയാവാത്ത ഒരു അദ്ധ്യായത്തെയാണ് കഥാകൃത്ത് അബോധപൂർവം ആവിഷ്കരിക്കുന്നതെന്നും വാദിക്കാവുന്നതാണ്. അങ്ങനെയാണ് പുറമേ വീരസ്യങ്ങളുടെ കഥയായി ഭാവിക്കുമ്പോഴും കളങ്കഥ  കള്ളക്കഥകൂടിയായി തീരുന്നത്. മധ്യവയസ്സു കഴിഞ്ഞ രണ്ട് മലയാളി ആണുങ്ങൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്ന പ്രലോഭനത്തിന്റെ കഥകൾക്ക് അവിഹിതത്തിന്റെ ഛായയുണ്ടാവുന്നത് സ്വാഭാവികമാണ്. അപ്രാപ്യമായതിനെ  സ്വന്തമാക്കിയതായി സ്വയം വിശ്വസിപ്പിച്ചാലേ അവനവന്റെ മാനസിക ലോകത്തിലെങ്കിലും ഒരു കസേര തരപ്പെടുത്തിയെടുക്കാൻ കഴിയൂ എന്ന വാസ്തവത്തിന് ആകൃതികൊടുക്കുകയായിരുന്നു ശാന്തൻ എന്നും തോന്നുന്നു.  അതുകൊണ്ടാണ് അയാൾക്ക് ആ കഥ പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്. കഥയുടെ അവസാനം വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന കഥാകൃത്ത് ശാന്തന്റേതു പോലെയൊരു പരിണതിയിൽ വായനക്കാരെയും കൊണ്ടെത്തിക്കുന്നു. യജമാനസ്ഥാനത്തുള്ള സുന്ദരിയും  ബുദ്ധിമതിയുമായ ഒരു പ്രൗഢസ്ത്രീയെ പ്രാപിക്കാനുള്ള  താഴ്ന്ന ജീവിതനിലവാരത്തിൽ കഴിയുന്ന ഒരു പുരുഷന്റെ ഇംഗിതത്തെ എത്രത്തോളം പ്രബുദ്ധരായ വായനക്കാർ പിന്താങ്ങുമെന്ന കടംകഥയാണ് അവസാന ചോദ്യത്തിലുള്ളത്.

  "നിങ്ങൾക്കെന്തു തോന്നുന്നു. ഞാനതു ചെയ്യുമോ? സംശയിക്കേണ്ട നിങ്ങളുദ്ദേശിച്ചതു തന്നെയാണ് ഞാൻ ചെയ്തത്." എന്നു പറയുന്ന ആഖ്യാതാവ്, തിരശ്ശീല നീക്കി പുറത്തു വരികയും ഒരു 'കള്ളകഥയെ / കളങ്ക കഥ'യെ വായനക്കാരുടെ സദാചാര നിലവാരത്തിനും സംസ്കാരത്തിനും യോജിച്ച തരത്തിൽ എങ്ങനെ വേണമെങ്കിലും സ്വീകരിച്ചുകൊള്ളാൻ അനുവാദം നൽകുകയുമാണല്ലോ ചെയ്യുന്നത്.  നിങ്ങൾ തന്നെയാണ് ശാന്തനെന്ന കണ്ണിറുക്കലിനൊപ്പം, സമൂഹത്തിന്റെ പൊതുവായ മാന്യതയ്ക്ക് യോജിക്കാത്ത തരത്തിൽ ഈ കളങ്കകഥയെഴുതിയ വ്യക്തിയെന്ന നിലയിൽ, തന്നെ വിചാരണ ചെയ്തുകൊള്ളാൻ കൂടി കഥാകൃത്ത് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുണ്ടെന്നു തോന്നും. ലൈംഗികവസ്തുവെന്ന നിലയിൽ ഒരു സ്ത്രീ അവതരിപ്പിക്കപ്പെടുന്ന കഥകൂടിയാണല്ലോ കളങ്കഥ. ഒരു കളം വരച്ചിട്ടാൽ അതിനകത്ത് നിൽക്കാൻ കൂട്ടാക്കാത്തതരം വളർച്ചാജീവിതം ഈ കഥയ്ക്ക് ഉണ്ടെന്നുള്ള ഈ പരസ്യപ്രഖ്യാപനം കൂടി ചേർന്നാണ് കളങ്കഥ, അതിന്റെ പേരിനെയും പരിചരണത്തെയും സാർത്ഥകമാക്കുന്നത്.

ഭാഷാപോഷിണി ഡിസംബർ 2020

November 4, 2020

ലളിതലവണങ്ങൾ പരഭാഗകാന്തികൾ

 
പാരഡിയ്ക്ക് മലയാളത്തിൽ പ്രചാരമുള്ള  വാക്ക് ഹാസ്യാനുകരണം എന്നാണ്. അനുകരിക്കാനായി ഒരാധാരം അവിടെയുണ്ടാവണം. അപ്പോൾ പാരഡി അതിനെ ചുറ്റിപ്പറ്റിയും ആശ്രയിച്ചും വളരുന്ന പരാദമായി തീരും. മരമില്ലെങ്കിൽ അതിൽനിന്ന് വളമൂറ്റി ഇത്തിളിനു വളരാൻ പറ്റില്ലല്ലോ.  പഴയ കാഴ്ചപ്പാടിൽ ഇതാണ് ഹാസ്യാനുകരണത്തിന്റെ പരസ്യജീവിതം. അർത്ഥത്തെ വികൃതമാക്കുക എന്ന മട്ടിലാണ് അതിനു പാരഡി എന്ന പേരുകിട്ടിയതെന്ന് അതിന്റെ നിരുക്തിയും പറയുന്നു. para എന്ന ഗ്രീക്കു വാക്കിന്  എതിരെ (പ്രതി) എന്നും oide എന്ന വാക്കിന് പാട്ടെന്നും അർത്ഥം. പാട്ടിന്റെ ഗൗരവത്തെ തകർക്കാൻ ഉണ്ടായ സാധനമാണ് അത്. സഞ്ജയൻ ചങ്ങമ്പുഴയെ പിറകേ നടന്ന് ആക്രമിച്ചത് ഈ ആയുധം വച്ചാണ്. ചങ്ങമ്പുഴയെ അദ്ദേഹം മഹാകവി കോരപ്പുഴയാക്കി. മോഹിനി എന്ന കവിതയെ മോഹിതൻ ആക്കി.

മാമകാഗമ ചിത്രമോർത്തൊരു
പ്രേമഗാനം രചിക്കണം - എന്ന  അതിലെ വരിയെ
-ആയതിൻ ശേഷം ഡ്രാമാറ്റിക് ലിറിക്-
പോയട്രിയൊന്നു തീർക്കണം എന്ന് മുള്ളുവച്ച വരിയാക്കി.

സഞ്ജയൻ നെരൂദയെ വായിച്ചിട്ടുണ്ടോ ഇല്ലയോ,
സോമൻ ചെയ്തതുപോലെ ഞാനുമെൻ
ഓമനയെപ്പോയി കാച്ചുവൻ
- എന്ന് അദ്ദേഹം ചങ്ങമ്പുഴെ കളിയാക്കാൻ  എഴുതിവച്ചത് മലയാളിയായ നെരൂദയ്ക്കും കൊള്ളും.   എഴുത്തച്ഛനെയും ടാഗോറിനെയും (ഗീതാഞ്ജലി) വള്ളത്തോളിനെയും ഉള്ളൂരിനെയും ഒന്നും അദ്ദേഹം വെറുതെ വിട്ടിട്ടില്ല.

ശ്രീ ശുനക ഉവാചഃ
 ഞാനൊരു ശ്വാനനശക്തനെന്നാകിലും
ദീനനെന്നാകിലും ദീപാളിയാകിലും
വങ്കനല്ലെന്നു ധരിക്കണം താങ്കളീ
വങ്കത്തമോരോന്നു ചൊല്ലാതിരിക്കണം..  (പി എസിന്റെ രാവണായനം)

ഇത്തരം പാരഡികൾക്കുമേലെ ആരോപിക്കാവുന്ന ദോഷം അത് വ്യക്തികളെ ആക്രമിക്കുന്നതായി തോന്നാമെന്നുള്ളതാണ്. ഇക്കാലത്താണെങ്കിൽ 118 എ കേസാവാൻ പോലീസിനു സകലസാധ്യതകളും നൽകുന്ന ഒന്ന്. അലൻ ടൂറിങ്ങിന്റെ കാര്യം പറഞ്ഞതുപോലെ പിന്നെ പോലീസിന്റെ ഹാർമോൺ ചികിൽസയ്ക്ക് വിധേയമാവാൻ പറ്റിയ സാധനം. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച്  മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു വിശേഷാൽ പ്രതിയിറക്കുകയും അതിൽ മിക്ക കവികളും കവിതകളിലൂടെ നവലോകത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവത്രേ. സഞ്ജയൻ 'ക്ഷേത്രപ്രവേശകവിതകൾ'എന്നപേരിൽ  അതിലുള്ള മിക്ക കവിതകളെയും അദ്ദേഹം കളിയാക്കി.  ക്ഷേത്രപ്രവേശം എന്ന സംഭവത്തെയല്ല, അതിനോട് കവികൾ, ഉപമാ- രൂപകാദി ഉപകരണങ്ങൾവച്ചു കാണിക്കുന്ന വൈകാരികവും യുക്തിരഹിതവുമായ പ്രതികരണമായിരുന്നു സഞ്ജയന്റെ ലക്ഷ്യം. വി വാസുദേവൻ എഴുതിയ 'പാരഡി ആധുനികാനതര കവിതയിൽ' എന്ന പുസ്തകത്തിൽ വിശദമായ വിവരങ്ങളുണ്ട്.  സീതാരാമൻ, ഇ വി കൃഷ്ണപിള്ള, അയ്യപ്പപ്പണിക്കർ, എം ഗോവിന്ദൻ, ജി കുമാരപിള്ള, കുഞ്ഞുണ്ണി, കെ ജി ശങ്കരപ്പിള്ള എന്നിവരിലൂടെ നീളുന്ന നമ്മുടെ പാരഡി കവിതാപാരമ്പര്യത്തെ ക്രമമായി വിവരിച്ചിട്ടുമുണ്ട്.  

കളിയാക്കൽ, കുറ്റം പറച്ചിൽ, അപവാദവ്യവസായം തുടങ്ങിയവ ഉള്ളിലെ അപകർഷത്തെ ഒരു പരിധിവരെ നീക്കുമെന്നുള്ളതിനാൽ കൂട്ടായ താത്പര്യം നമുക്ക് തമാശക്കവിതകളോടുണ്ട്. പക്ഷേ ആധുനികാനന്തര ചുറ്റുപാട് പാരഡിക്കവിതകളെ മറ്റൊരു തലത്തിലാണ് എത്തിച്ചിരിക്കുന്നത്.  ഒരു വ്യക്തിയെ പരിഹസിക്കുക എന്ന നിലവിട്ട് ചിത്രീകരിക്കപ്പെട്ട അവസ്ഥയെ കാലികമായ അവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക, വിലയിരുത്തുക എന്നിടത്തേക്ക് അതു നീങ്ങി. കെ ആർ ടോണി എഴുത്തച്ഛനെ പരിഹസിക്കുകയല്ല ചെയ്തത്, (ജീർണ്ണവസ്ത്രം നീക്കിയമ്പോടു ടിവിയിൽ ലോകൈക സുന്ദരീ നാഭീപ്രദർശനം) എഴുത്തച്ഛന്റെ ആദ്ധ്യാത്മിക പദാവലികൾ തിരിച്ചിട്ടുകൊണ്ട്  ഫാഷൻ പരേഡിനെ നോക്കിക്കാണുകയായിരുന്നു. അത് വേറൊരുതരം മൂല്യവിചാരമാണ്. ഒന്നുകൂടി നോക്കിയാൽ  എഴുത്തച്ഛൻ ഭഗവദ്ഗീതയെ (അഥവാ ശരീരം നശ്വരമെന്ന ആത്മവിചാരത്തെ) ഗൗരവതരമായി പിൻ പറ്റുകയായിരുന്നല്ലോ. അതു പാരഡിയാണ്.

ജനകീയ ഊർജ്ജത്തിന്റെ സാംസ്കാരിക രൂപങ്ങളിലൊന്നായിട്ടാണ് പാരഡിയെ മിഖായേൽ  ബക്തിൻ കണ്ടതത്രേ. വലിയ ആഖ്യാനങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു നിലനിർത്തുന്ന കാഴ്ചപ്പാടിനു മാത്രമേ പാരഡിയെ പരാദവും ഇത്തിൾക്കണ്ണിയുമാക്കാൻ പറ്റൂ. വ്യത്യസ്തമായ രീതിയിൽ  സാമൂഹിക സാഹചര്യങ്ങളോടും സാംസ്കാരിക അനുഭവങ്ങളോടും പ്രതികരിക്കുന്ന രചനകളെ എങ്ങനെ മറ്റൊന്നിന്റെ ആശ്രയമാണെന്ന് പറയാൻ പറ്റും?  ആധാരരചന അവിടെ സൂചകം മാത്രമല്ലേ ആവുന്നുള്ളൂ? പലപ്പോഴും അനുകരിക്കപ്പെടുന്ന രചനയും അനുകരിക്കുന്ന രചനയും ലക്ഷ്യം വയ്ക്കുന്നത് ഒരേ കാര്യത്തെത്തന്നെ ആവണമെന്നുമില്ല, പെട്ടെന്ന് നമുക്കങ്ങനെ തോന്നുമെങ്കിലും.

പാരഡിയിൽനിന്നുള്ള വളർച്ചയെ പാസ്റ്റിഷ് എന്നാണ് പറഞ്ഞു വരുന്നത്. മിശ്രശൈലി എന്ന് മലയാളത്തിലെ ഇതിന്റെ പേരിനു അധികം പ്രചാരമില്ല. ടോണി, എ സി ശ്രീഹരി, തോമസുകുട്ടി, ഹരിശങ്കരനശോകൻ, രാം മോഹൻ പാലിയത്ത് അങ്ങനെ ഒഴുകുന്ന സരണിക്ക് പാസ്റ്റിഷെന്ന പേരാണ് കൂടുതൽ ഉചിതം. ഭാഷയുടെ ക്രമമില്ലായ്മകൊണ്ട് ഇത്തരം രചനകളിൽ സ്കീസോഫ്രേനിയയുടെ ഘടകങ്ങൾ നിലീനമാണ്. അതിന്റെതന്നെ ഊർജ്ജവും. സഞ്ജയനിൽ ആളുകൾ അന്ന് ശ്രദ്ധിച്ചത് പരിഹാസമാണെങ്കിൽ  ഇന്ന് അത് ഭാഷയുടെ ലക്കും ലഗാനുമില്ലാത്ത പോക്കും ഷിഫ്ടും വിചാരപ്പെടലുമൊക്കെയാണ്. അത് ചെറിയകാര്യമല്ല.

പി പി രാമചന്ദ്രന്റെയും ജോസഫിന്റെയും കവിതകൾ പലപ്രാവശ്യം  എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാർക്കുമൊപ്പം പാരഡികൾക്ക് വിധേയമാവുന്നത് കർത്താക്കളെ പരിഹസിക്കുക എന്ന ഉദ്ദേശ്യം വച്ചല്ല. അവ പൂർവ കവികളുപയോഗിച്ച ചട്ടക്കൂടുകൊണ്ട് പുതിയ ചുറ്റുപാടുകളെ നോക്കിക്കാണുകയാണ്. ലളിതത്തെ മനസ്സിൽ വച്ച് രണ്ടു കവിതകളെഴുതിയ രാം മോഹൻ പാലിയാത്ത് അവയിലൊന്നിൽ പി പി രാമചന്ദ്രനോട് ക്ഷമ ചോദിക്കുന്നുണ്ട്. സാങ്കേതിക കാലത്തിലേക്കെടുത്താൽ പിപി ആറിന്റെ 'ലളിതം',  ട്വിറ്ററെന്ന സാമൂഹിക മാധ്യമത്തെ ചുറ്റിപ്പറ്റിയ ആത്മരതികളെ ഹാസ്യാത്മകമായി അനുകരിച്ചതാണെന്നും വ്യാഖ്യാനിക്കാം. രാം മോഹന്റെ 'അതീവ ലളിതം' മറ്റാരുടെയോ നോട്ടത്തിനു വിധേയമാവുന്ന സത്തയെയും അസ്തിത്വത്തെയും പറ്റിയാണ്. ഒറ്റനോട്ടത്തിൽ ആ വ്യത്യാസം പ്രകടമാക്കാതിരിക്കുന്നു എന്നതാണ് പാരഡിയുടെ ഗുണം. കൂവൽ, തൂവൽ, പൊരുന്നിരുന്നതിന്റെ ചൂട് എന്നിവയാണ് രാമചന്ദ്രന്റെ ഉപാധികൾ. ടവർ ലൊക്കേഷൻ, സി സി ടി വി, ഇൻസ്റ്റാഗ്രാമിലെ ചിത്രം എന്നിവയാണ് രാം മോഹന്റെ ഉപാധികൾ. അത് അയാൾ ആവിഷ്കരിക്കുന്നതല്ല, അയാളെ ആരോ ആവിഷ്കരിക്കുന്നതിന്റെ കൂടിയൊരു ചിത്രമാണ് നൽകുന്നത്..

ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തെ തോർച്ചയിൽ ഹരിശങ്കരനശോകന്റെ ഒരു കവിതയുണ്ട്. 'ലവണലാവണങ്ങളാകാശകാന്തികൾ' എന്നാണതിന്റെ പേര്.  പ്രധാനമായും ഭാഷയാണ് പാരഡി ചെയ്യപ്പെടുന്നതെങ്കിലും സ്വപ്നത്തിനും യഥാർത്ഥ്യത്തിനും ഇടയ്ക്ക് കേറി കുടുക്കിടുന്ന അസ്തിത്വവാദപരമായ സമസ്യകളെ ഒന്നു കുടഞ്ഞുടുക്കാനുള്ള ശ്രമം അതിലുണ്ട്. 'അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖല പൂകാൻ' ഉഴറിയ കാല്പനിക മനസ്സുകളെപ്പറ്റി,  ഭൂമിയിൽ തൊട്ടുനിന്നുകൊണ്ടുള്ള വീണ്ടു വിചാരം വൈലോപ്പിള്ളിതൊട്ട് (ഊറക്കള്ളു നാറും തെറിയുടെ കല്ലേറ്റെൻ ഭേദഭാവനാദർപ്പണം പൊട്ടി - കുടിയൊഴിക്കൽ) ഇങ്ങോട്ടുള്ളതാണെങ്കിലും ഓരോ ആവിഷ്കാരത്തിനും വ്യത്യാസങ്ങൾ സ്വഭാവസ്സിദ്ധമായി വരും. പൂവിന്റെ മന്ദസ്മിതത്തിൽ ഒരാവശ്യവുമില്ലാതെ ചുരുണ്ടുകൂടിയ ചങ്ങമ്പുഴക്കവിതയെ വീണ്ടു വിചാരത്തിനെടുക്കുകയാണെന്നും തോന്നും 'ലവണലാവണങ്ങൾ.. വായിക്കുമ്പോൾ. ഹരിശങ്കരനശോകൻ പകരം പൂവിന്റെ മന്ദസ്മിതത്തിനു പകരം 'ഭൂമിയുടെ ഉപ്പിലാണ് കിടന്നുറങ്ങുന്നത്'.

ലളിതം- അതിലളിതം, മനസ്വിനി - ലവണലാവണങ്ങൾ എന്നിങ്ങനെ ആധാരവും ആധേയവുമായ നാലു കവിതകൾ പൊതുവായി സന്ധിക്കുന്ന ഒരു ബിന്ദുവുണ്ട്. അസ്തിത്വം..  കവിതകൾ ഞാൻ എന്നും ജീവൻ എന്നും മായയെന്നും കേവലസത്തയെന്നുമൊക്കെ മാറിമാറി വിളിക്കുന്നു എങ്കിലും തന്നെപ്രതി (അവനവന്മാരെപ്പറ്റി- ഇവിടെ എല്ലാവരും പുരുഷന്മാരാകുന്നു) ഉള്ള ഒരു ഉത്കണ്ഠയാണ് അവയുടെ യഥാർത്ഥ അടിസ്ഥാനം. ചങ്ങമ്പുഴയ്ക്കും വൈലോപ്പിള്ളിയ്ക്കും സ്വയം നോക്കി ചിരിക്കാൻ അത്ര എളുപ്പമായിരുന്നില്ല. വികാരത്തോട് സത്യസന്ധതപുലർത്തുന്നു എന്നു ഭാവിക്കാനേ കഴിയുമായിരുന്നുള്ളൂ. അതേ സമയം രാം മോഹനിലും ഹരിശങ്കരനശോകനിലും എത്തുമ്പോൾ (വികൃതമായ) ചിരിയായി അത് പരിണമിക്കുന്നു. ഇവർ മറ്റാരെയും നോക്കിയിട്ടല്ല അവരവരെ നോക്കിയാണ് ചിരിക്കുന്നത്. അപ്പോൾ പാരഡി കാതലുള്ള ആവിഷ്കാര രീതിയാണോ കട്ടികുറഞ്ഞ വെറും ഉളുപ്പൻ പരാദമാണോ?




November 1, 2020

അനുഭവങ്ങളുടെ അകംകാഴ്ചകൾ

 

 

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ആദ്യകാല സിനിമകളിലൊന്നായ39 സ്റ്റെപ്സിൽ’ (1935) റിച്ചാർഡ് ഹാനേ എന്ന കഥാപാത്രം പോലീസിന്റെ തിരച്ചിലിൽനിന്ന് രക്ഷപ്പെടാൻ തീവണ്ടിയിലിരുന്ന അപരിചിതയായ സ്ത്രീയെ (പമേല) ചുംബിക്കുന്ന ഒരു രംഗമുണ്ട്. പിന്നീട് മറ്റു പല ചിത്രങ്ങളും അനുകരിച്ച ആവർത്തിച്ച ഒരു സീനാണിത്. അതിജീവന വ്യഗ്രനായ നായകന്റെ തത്സമയബുദ്ധിയ്ക്കാണവിടെ പ്രാധാന്യം എങ്കിലും കുറ്റവാളിയെ ഊർജസ്വലമായി തിരയുമ്പോഴും പ്രണയലീലകളിൽ ഏർപ്പെട്ടിരിക്കുന്ന കമിതാക്കളെ ഉപദ്രവിക്കാതെ ഒഴിവാക്കിപ്പോകുന്ന പോലീസിന്റെ മാന്യതയ്ക്കും സ്ഥാനമുണ്ട്. മനശ്ശാസ്ത്രപരമായി വ്യാഖ്യാനിച്ചാൽ  അധികാരിഭാവമുള്ള പോലീസ് സമൂഹത്തിന്റെ പ്രതീകമാണ്. ഫ്രോയിഡിന്റെ സുപ്രസിദ്ധമായ നഗ്നതാ സ്വപ്നവ്യാഖ്യാനത്തിൽ സ്വപ്നം കാണുന്നയാൾ നഗ്നനാണെന്ന ബോധത്താൽ ചൂളുമ്പോഴും അയാളെ കടന്നുപോകുന്നവർക്ക് ( അയാൾക്കു ചുറ്റുമുള്ള സമൂഹത്തിന്) അത്തരമൊരു ഭാവവ്യതിയാനം ഉണ്ടാവുന്നില്ലെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആർത്തിരമ്പുന്ന ജനമധ്യത്തിൽ സൂക്ഷ്മമായ സംവേദനക്ഷമതകൾ തീർക്കുന്ന സ്വകാര്യലോകമാണത്. അതിനുള്ളിൽ നടിക്കുന്നയാളും കാണിയും ഒരാൾത്തന്നെയാണ്.

സുനിൽ ഉപാസനയെഴുതിയ ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻഎന്ന കഥാസാമാഹാരത്തിലെ ആദ്യകഥയായ മുറിച്ചുണ്ടുള്ള പെൺകുട്ടി വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്ന ചിത്രമാണിത്. കഥയിൽ അപരിചിതയായ പെൺകുട്ടിയെ തീവണ്ടിയിൽ വച്ച് ആഖ്യാതാവ് ചുംബിക്കുന്നു. അതേ വണ്ടിയിൽ തൊട്ടടുത്ത് മറ്റൊരു യുവതിയെ ചുംബിക്കുന്ന യുവാവുമുണ്ട്. ചലിക്കുന്ന തീവണ്ടിയിലെ കഥാപാത്രങ്ങളുടെ സ്വകാര്യമായ ലോകം, ബാഹ്യലോകംപോലെ തീവ്രമായ മാനസികസംഭവങ്ങളുടെ ലോകംകൂടിയാണ്.  മുറിച്ചുണ്ടുള്ള പെൺകുട്ടി, സ്ത്രൈണമായ അപകർഷം സ്വീകാര്യമാവുന്നതിനെപ്പറ്റിയുള്ള ഒരു കഥയാണ്. മുറിച്ചുണ്ടിന്റെ വൈകൃതം ഉണ്ടായിട്ടും തന്നെ പരിഗണിച്ച ആഖ്യാതാവായ യുവാവിന്റെ കഴുത്തിൽ മുഖമണച്ചുകൊണ്ട് നന്ദി പറയുന്നിടത്താണ് കഥയവസാനിക്കുന്നത്. അത്രയും ഋജുവും സരളവുമായ കഥാബിന്ദുവിൽ സുനിലിന്റെ കഥകളെ, ഒരർത്ഥത്തിൽ എഴുത്തിനെ ആകെതന്നെ പൊതിഞ്ഞു നിൽക്കുന്ന ആത്മീയമായ ആശയധാരകളുടെ മിന്നാട്ടമുണ്ട്. സ്വന്തം പദകോശത്തിലുള്ള പരിമിതമായ വാക്കുകൾകൊണ്ടാണ് സുനിൽ കഥകളെഴുതുന്നത്. ഭാഷാപരമായ സങ്കീർണ്ണതയില്ലാതിരിക്കാനുള്ള കാരണം അവിടെയുണ്ട്.  ബാഹ്യമായ സൗന്ദര്യമല്ല എന്റെ വിഷയം, മാനുഷികമായ ചില വ്യത്യസ്തതകളാണ് എന്ന് സൂചിപ്പിക്കുകയാണ് മുറിച്ചുണ്ടുള്ള പെൺകുട്ടിഎന്ന കഥ.  അതിലെ ചലിക്കുന്ന തീവണ്ടി, അതിലെ യാത്രക്കാർ അവരുടെ അസ്വാഭാവികതകളോടൊപ്പം മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുന്നു. അത് ആന്തരികമായ ലോകമാണ്. സ്വസ്ഥതയില്ലാത്ത ഉറക്കത്തിലെന്നപോലെ ഏതു സമയത്തും യാഥാർഥ്യം തന്നെയാണോ സംശയിക്കാവുന്ന നിലയിലുള്ള മാറ്റത്തിനൊരുങ്ങി നിൽക്കുന്ന കാഴ്ചകളാണവയിലുള്ളത്. ഇതാണ് സുനിലിന്റെ കഥാലോകത്തിന്റെ പൊതുവേയുള്ള പശ്ചാത്തലം.

ഒച്ച കുറഞ്ഞൊരു ലോകമാണത്. സുനിൽ ആളുകളുടെ പെരുമാറ്റരീതികളിൽ വല്ലാതെ ശ്രദ്ധിക്കുന്നു. ‘മുറിച്ചുണ്ടുള്ള പെൺകുട്ടിയിൽ, ക്യാമറാ ചലനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ - വസ്തുത (കാല്പനികമായ ചുംബനരീതികളെ തകർത്തുകളയാമെന്ന പ്രലോഭനം മൂലമാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺകുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്) നിരീക്ഷണം (ഇവിടെ മുറിച്ചുണ്ടുള്ള പെൺകുട്ടിയും ഞാനും മാത്രമേ കഥാപാത്രങ്ങളായുള്ളൂ എന്നു കരുതരുത്)  നിഗമനം (സങ്കടം മൂലമല്ല പെൺകുട്ടി കരയുന്നതെന്ന് അതിനകം ഞാൻ മനസ്സിലാക്കിയിരുന്നു) എന്ന മട്ടിലാണ് ആഖ്യാനം, ഘടന പൂർത്തിയാക്കുന്നത്. പെൺകുട്ടിയിൽനിന്ന് അവളെ ശ്രദ്ധിച്ച യാത്രക്കാരനിലേക്കും പിന്നീട് തന്നിലേക്കും വഴുതുന്ന നിരീക്ഷണങ്ങളുടെ തുടർച്ചയായ ധാരയും അവിടെയുണ്ട്. ‘ബൊമ്മനഹള്ളിയിലെ പോസ്റ്റുമാൻ എന്ന കഥയിൽ കാഴ്ചകൾ ജമ്പ്കട്ടിനെ അനുസ്മരിപ്പിച്ചുകൊണ്ട് കഥാപാത്രങ്ങളിലേക്ക് മുറിഞ്ഞ് നീങ്ങുമ്പോൾ, ‘മരണദൂതനിൽ തൃശ്ശിവപേരൂർ ഗ്രാമം, ബാംഗ്ലൂർ നഗരം, പരപ്പാന അഗ്രഹാര ജയിൽ ഇങ്ങനെ വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ സ്ഥലരാശികളിലേക്ക്  ദൃശ്യങ്ങൾ മുറിഞ്ഞ് മാറുന്നു.

ഒന്നും പറയാതെ ചേട്ടന്റെ വീട്ടിൽ വന്ന് ആഹാരം കഴിച്ചു മടങ്ങുന്ന ഇരട്ട സഹോദരൻ, (ഇരട്ടച്ചെമ്പരത്തി) ആളുകൾക്കുള്ള കത്ത് തുറന്നു വായിക്കാൻ തടയാനാവാത്ത പ്രേരണയുള്ള വൃദ്ധനായ പോസ്റ്റുമാൻ (ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ) മരണവീടുകൾ സന്ദർശിക്കാനും മരണത്തിനു സാക്ഷിയാവാനും വല്ലാതെ കൊതിക്കുന്ന ഒരാൾ ( മരണദൂതൻ) കാഴ്ചകളെല്ലാം മുൻപു താൻ കണ്ടിട്ടുണ്ടെന്നു തോന്നലുള്ള മനോരോഗി (ഭദ്രന്റെ മനസ്സ്) സ്വപ്നത്തിലെ പാലത്തിലൂടെ കടന്നു പോകാൻ കഴിവുള്ള ചെരുപ്പുകൾ അന്വേഷിക്കുന്ന കുൽദീപ് (നിർവാണം) നീലനിറമായി മരണം അനുഭവിക്കുന്ന ചെറുപ്പക്കാരൻ (നീലമരണം) ഭ്രാന്തന്റെ ലോകത്ത് ഭ്രാന്തുമായി ഇറങ്ങിച്ചെല്ലുന്ന ലാൽ (ടിൻ ഫാക്ടറി ജങ്ഷനിലെ ട്രാഫിക് പോലീസുകാരൻ) ഗ്രാമത്തലവനെ വിധേയത്വത്തോടെ  മരിച്ചതിനു ശേഷവും സേവിക്കുന്ന ശ്യാംസിങ്( ദിമാവ് പൂരിലെ സർപഞ്ച്)... ഇത്തരം കഥാപാത്രങ്ങൾ സമൂഹത്തിൽ ചുറ്റിയും തിരിഞ്ഞും എപ്പോഴും ഉണ്ടെങ്കിലും അവരെ പകൽ വെളിച്ചത്തിൽ കാണുക അത്രയെളുപ്പമല്ല. മാനസിക ഭാവങ്ങളെ കഥാപാത്രമാക്കുകയല്ല, മനസു രൂപം നൽകുന്ന വൈരുദ്ധ്യാത്മക യുക്തികളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.  സുനിൽ ഉപാസനയുടെ കഥകൾ ആന്തരിക പാളിയിൽ ഒരാൾ അയാളോട് തന്നെ നടത്തുന്ന സംവാദങ്ങളായിരിക്കുന്നത് അതുകൊണ്ടാണ്. 

  കഥകൾ അവയുടെ ഉള്ളറകളിൽ സൂക്ഷിക്കുന്ന വാദ-പ്രതിവാദങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്ന നിലയ്ക്കാണ്, സുനിൽ ഉപാസന പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽനിന്നും ആശയങ്ങൾ സ്വീകരിക്കുന്നത്. കഥകൾക്കു മുന്നിലുമുള്ള താക്കോൽ വാക്യങ്ങൾ എടുത്തു ചേർത്തിരിക്കുന്നത് ലങ്കാവതാര സൂത്രം, ബുദ്ധസംവാദം, ധർമ്മോത്തരയുടെ 'ന്യായബിന്ദു-ടിക' തുടങ്ങിയവയിൽനിന്നാണ്. തുടങ്ങിയവയിൽനിന്നാണ്. അനുമാനങ്ങൾ ഭ്രമകല്പനയാണെന്ന ന്യായബിന്ദു ടീകയിലെ ഒരു വാക്യം, കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതുകൊണ്ടു മാത്രം പുറത്തൊരാൾ  വന്നു നിൽക്കുന്നു എന്ന് ഉറപ്പു പറയാനാകില്ലെന്നു വാദിക്കുന്ന അശോകന്റെ (ടിൻഫാക്ടറി ജങ്ഷനിലെ ട്രാഫിക് പോലീസുകാരൻ) വ്യക്തിത്വത്തെ നിർവചിക്കുന്നതിൽ വലിയ പങ്കുണ്ട്. ആശയം രൂപമാർജ്ജിച്ച വ്യക്തിയാണ്  അശോകൻ. വിചിത്രസ്വഭാവിയായ അയാൾ, കഥയിൽ ഭ്രാന്തുമാറ്റുന്ന ബുദ്ധനായ ചികിൽസകനുമാണ്. ട്രാഫിക് പോലീസുകാരൻ എന്ന ശീർഷകം ബോധാബോധങ്ങൾക്കിടയിലുള്ള നിയന്താവിന്റെ ആധുനികീകരിക്കപ്പെട്ട രൂപകമാണ്. നചികേതസ്സും യമനുമായുള്ള മരണരഹസ്യം പങ്കുവയ്ക്കലിലൂടെ വികസിക്കുന്ന ഒരു കഥയും ഈ സമാഹാരത്തിനുള്ളിലുണ്ട്, ‘മോക്ഷം നേടുന്ന ബലിക്കാക്കകൾ.

ഇരട്ടച്ചെമ്പരത്തി എന്ന കഥയിലെ ഭർത്താവിനെ നോക്കുക. ഭാര്യയുടെ വയറ്റിൽ ഇരട്ടക്കുട്ടികളാണെന്നറിയുന്ന അയാൾ അവയെ വേണ്ടെന്ന് പറയുന്നു. തന്റേതിൽനിന്നും വ്യത്യസ്ത സ്വഭാവമുള്ള ഇരട്ട സഹോദരനുമായുള്ള വിയോജിപ്പിന്റെ ഇരയാണ് അയാൾ. ഈ അവസ്ഥയെ ഭാര്യ യുക്തിവിചാരത്തോടെ പരിഹരിക്കുന്നു.  അവർ ഭർത്താവിനോട് പറയുന്നു : “ശരീരബാഹ്യമായ കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾക്ക് വിയോജിപ്പ്. ബാഹ്യമായ ഇൻ പുട്ടുകളില്ലാതെ ശരീരത്തിന് സ്വയമൊരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. യോജിപ്പും വിയോജിപ്പും വെറും ആഖ്യാനപ്രശ്നങ്ങൾ മാത്രമാണ്. ഒന്നില്ലാതെ മറ്റേതിനെ മനസ്സിലാക്കാൻ പറ്റില്ല. അവയുടെ ആധാരം യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്. അതുകൊണ്ട് നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യമായ കാര്യങ്ങളെ യോജിപ്പെന്നും വിയോജിപ്പെന്നും വേർതിരിക്കുന്ന  അജ്ഞതയെ ഇല്ലാതാക്കിയാൽ അകലവും ഇല്ലാതാവും.” ഇതേ പോലെയൊരു പ്രശ്നപരിഹാരം  ഭദ്രന്റെ മനസ്സ് എന്ന കഥയിലും കാണാം.  കാണുന്ന കാഴ്ചകളെല്ലാം നേരത്തെ താൻ കണ്ടതാണെന്ന തോന്നലുകളാൽ വേട്ടയാടപ്പെടുന്ന ഭദ്രന്റെ മാനസിക പ്രശ്നം ഡോക്ടർ അവസാനിപ്പിക്കുന്നത്, അയാളുടെ മനസ്സിലുള്ള താനും പുറത്തുള്ള താനും ഒരാളാണെന്നു ധരിക്കുന്നതാണ് കുഴപ്പങ്ങൾക്കടിസ്ഥാനമെന്നും അതു രണ്ടും രണ്ടാണെന്ന് ചിന്തിച്ചാൽ പ്രശ്നമുണ്ടാവില്ലെന്നും ഉപദേശിച്ചുകൊണ്ടാണ്”. ഇവിടെയും യോജിപ്പ്- വിയോജിപ്പ് എന്ന ബൈനറിയെ ആശയവാദത്തിന്റെ വെളിച്ചത്തിൽ കഥാകാരനായ സുനിൽ സമീകരിക്കുന്നു. വണ്ടിയിടിക്കാതെ തന്നെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഭ്രാന്തനോട് അശോകൻ പറയുന്നത് നോക്കുക: വണ്ടിയിടിച്ചാൽ മാത്രമേ ഇടിച്ചെന്നു പറയാൻ പറ്റുകയുള്ളൂ. വണ്ടി ഇടിക്കാത്തിടത്തോളം കാലം ഇടിച്ചു എന്ന് കരുതി പെരുമാറുന്നതിൽ വിശ്വാസത്തിന്റെ പ്രശ്നമുണ്ട്.ജീവിതം മുഴുവൻ ഊഹാധിഷ്ഠിതമായ ആശങ്കകളാൽ ഇരിക്കപ്പൊറുതിയില്ലാതെ പായുന്ന ജീവിതത്തിന്റെ രൂപകമാണ് ഈ കഥയിൽ കാണുന്ന, ഒരു തരത്തിൽ സാംക്രമികം എന്നുതന്നെ വിളിക്കാവുന്ന ഭ്രാന്ത്. മറ്റൊരു കഥാപാത്രമായ ലാൽ, ഭ്രാന്തനെ അനുകരിച്ചുകൊണ്ട് അയാളുടെ ലോകത്തിലേക്ക് ഇറങ്ങുകയണല്ലോ. മനുഷ്യരുടെ മാനസികമായ അലാലങ്ങളെ (കയോസ്) പൊതുവായി അഭിസംബോധന ചെയ്തുകൊണ്ട് കഥകൾ സംസാരിക്കുന്നു. സ്വപ്നത്തിൽ കാണുന്ന പാലം കടക്കാൻ കേടുപാടില്ലാത്ത ചെരുപ്പുകൾ അന്വേഷിച്ചുനടക്കുന്ന ചെറുപ്പക്കാരനും ഒരു കുഴമറിച്ചിലിന്റെ ഇരയാണ്. (നിർവാണം)  ചെരുപ്പില്ലാതെ പാലം കടക്കാൻ ഉപദേശം നൽകുന്ന സഞ്ജയൻ പ്രബുദ്ധതയിലേക്ക് ഉണരാനുള്ള പ്രബോധനം നൽകുകയാണ് അതിൽ. മനുഷ്യനു പക്ഷേ ആത്യന്തികമായ രക്ഷപ്പെടലുകളില്ല. നിരവധി അറകളുള്ള അബോധത്തിന്റെ രാവണൻ കോട്ടകൾക്കുള്ളിൽ കുറഞ്ഞ പക്ഷം ഒരിടത്തുനിന്നിറങ്ങി അടുത്തതിലേക്ക് കയറുന്നതുതന്നെ  മാറ്റമാണ്.

മരണം, സ്വപ്നം, ഭ്രാന്ത് തുടങ്ങിയ മാനസികാവസ്ഥകൾ ആവർത്തിക്കുന്ന കഥകളിൽ കഥാപാത്രങ്ങളിൽ ആരു വേണമെങ്കിലും പെട്ടെന്ന് ഉപദേശകനോ ഗുരുവോ വഴികാട്ടിയോ ആവാം. നേരത്തേ ചൂണ്ടിക്കാണിച്ച സംവാദാത്മകതയെപോലെ ഇതും പ്രാചീനമായ കഥാവഴക്കമാണ്. മഹാഭാരതത്തിലെ വ്യാധഗീതയിൽ കൊക്കും വീട്ടമ്മയും ഇറച്ചിക്കടക്കാരനും (അയാൾ സസ്യാഹാരിയാണെങ്കിലും) ജ്ഞാനികളാണല്ലോ. ആശയങ്ങൾ കഥയുടെ രൂപം പ്രാപിക്കുമ്പോൾ വരുന്ന മങ്ങിയ ചിത്രങ്ങളാണ് പശ്ചാത്തലവും കഥാപാത്രങ്ങളും. ഇരുട്ടിൽനിന്നും ആശയത്തിന്റെ തുരങ്കത്തിലൂടെ നടന്ന് വെളിച്ചത്തിൽ ചെന്നെത്തുന്ന മട്ടിലാണ് കഥകളുടെ സംവിധാനഘടന. ടി പദ്മനാഭന്റെയും മറ്റും ആഖ്യാനരീതിയെ അനുസ്മരിപ്പിക്കുന്നമട്ടിൽ പതിഞ്ഞ താളത്തിൽ, അധികം വാക്കുകളുപയോഗിക്കാതെ ദുരൂഹത ഒട്ടും ഇല്ലാത്തമട്ടിൽ സുനിൽ ഉപാസന കഥയെഴുതുന്നു. നിർവാണമെന്നും മോക്ഷമെന്നും സുനിൽ കഥകൾക്ക് വെറുതേ പേരിടുന്നതല്ല. പ്രശ്നം, ചർച്ച, അതിന്റെ പരിഹാരാർത്ഥമുള്ള ധ്യാനം, അതിലൂടെയുള്ള രക്ഷനേടൽ അഥവാ മോക്ഷം എന്ന നിലയിലാണ് സുനിൽ തന്റെ കഥാഖ്യാനത്തെ വിഭാവന ചെയ്തിരിക്കുന്നത് 

 

(ജനയുഗം വാരാന്തം നവംബർ 1, 2020