December 2, 2020

കളങ്കഥ : ഒരു ഹിച്ച്കോക്കിയൻ ട്വിസ്റ്റ്


ഭാഷാപോഷിണിയിൽ (2020 നവംബർ, ലക്കം 11)  വന്ന ഫ്രാൻസിസ് നൊറോണയുടെ  കഥ 'കളങ്കഥ' എന്ന വിചിത്രമായ  പേരിൽതന്നെ നാടകീയയതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.   കളങ്കാവൽ എന്ന പേര് നമുക്ക് അത്ര അപരിചതമല്ലെങ്കിലും,  'കളങ്കഥ' നൊറോണ ഉണ്ടാക്കിയെടുത്ത പുതിയ പദസംയുക്തമാണ്.  ചെസ് ബോർഡിലുള്ള കളങ്ങളിലെ നീക്കങ്ങളിലൂടെ ശാരീരികവും മാനസികവുമായ ചോദനകളുടെ ബലതന്ത്രങ്ങളെ ആവിഷ്കരിക്കുന്ന കഥ എന്ന അർത്ഥത്തിലാണെങ്കിലും  വാക്കിന്റെ പ്രത്യേകതകൊണ്ട് അത് കളങ്കത്തെപ്പറ്റിയുള്ള കഥയും  കള്ളക്കഥയും മറ്റൊരർത്ഥത്തിൽ കടംകഥയുമൊക്കെ ആകാൻ വെമ്പിനിൽക്കുന്ന പ്രയോഗമായി അനുഭവപ്പെടുന്നു. ശീർഷകത്തിന് അങ്ങനെ അർത്ഥങ്ങൾ ഉണ്ടെന്നല്ല,  എന്നാൽ അത്തരമൊരു ധാരണയുണ്ടാക്കാൻ സമർത്ഥമാണ് ആ പ്രയോഗം. ഈ പ്രത്യേകത ശീർഷകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പൊറ്റക്കുഴി ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് തമ്മനം ലൂവിസ്, ശാന്തനോട് പറയുന്ന കഥ, അതേ ബാറിലെ അതേ വെളിച്ചത്തിലിരുന്ന് ശാന്തൻ തിരിച്ചു ലൂവിസിനോട് പറയുന്നിടത്തല്ല, അതും കഴിഞ്ഞ്  കഥാകൃത്ത് വായനക്കാരോട് ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണവസാനിക്കുന്നത്. എഴുത്തുകാരൻ നേരിട്ട് മുഖം കാണിച്ചുകൊണ്ടു നടത്തുന്ന ഹിച്ച്കോക്കിയൻ ട്വിസ്റ്റാണ് അത്.

തുടക്കത്തിൽ ലൂവിസു പറഞ്ഞു തുടങ്ങുന്ന കഥ ശ്രോതാവായ ശാന്തന്റെ ആകാംക്ഷയെ പൂരിപ്പിക്കാതെ മുറിയുന്നു.  അതേപോലെ ശാന്തന്റെ  അനുഭവവിവരണവും മുറിയുന്നു.  എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സസ്പെൻസ് തെളിച്ചു പറയാതെ നിലനിർത്തിക്കൊണ്ട്  ആഖ്യാനത്തെ വായനക്കാരെയും ചേർത്ത് പൂരിപ്പിക്കാൻ ശ്രമമാണ് കളങ്കഥയെ വ്യത്യസ്തമാക്കുന്നത്.  അങ്ങനെ അതിനകത്ത് മൂന്ന് പറച്ചിലുകൾ സംഭവിക്കുന്നു. ളൂവിസ് ശാന്തനോട് പറയുന്ന കഥ, ശാന്തൻ ളൂവിസിനോട് പറയുന്ന കഥ, നോറോണ വായനക്കാരോട് പറയുന്ന കഥ.. മൂന്നു കഥകളും പ്രധാനമായി ചുറ്റുന്നത് ഒരേ കഥാവസ്തുവിനെയാണ്. പ്രമദയെ. അനുഭവകഥകൾക്കെല്ലാം  അവയുടെ സ്രോതൃസ്ഥാനത്തിനു വെളിയിൽ മറ്റൊരു ജീവിതംകൂടിയുണ്ടെന്നാണ് അത് പറയാൻ ശ്രമിക്കുന്നത്. കഥകളെല്ലാം ആത്യന്തികമായി പൂർത്തിയാവുന്നത് ശ്രോതാക്കളുടെ  മനസ്സിലാണ്.  

 സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന പുറത്തെ റോഡ്,  പ്രമദമാഡത്തിന്റെ വീട്ടിനകത്തെ ചെസ്സ് ബോർഡ് എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് കഥയിലുള്ളത്.  അകത്തെയും പുറത്തെയും യാത്രകളുടെ സാധ്യതകൂടിയാണവ.  റോഡെന്നും ചെസ്സ് ബോർഡെന്നുമുള്ള ആധാരങ്ങൾക്കു മുകളിൽ ആധേയങ്ങളായി ഡ്രൈവിങ് കാറും ചെസ്സ് കരുക്കളുമാണുള്ളത്. അകത്തുകയറി പരതിയാൽ കാറിനെയും ചെസ്സ് ബോർഡിനെയും ആധാരമാക്കി പ്രവർത്തിക്കുന്ന മറ്റു രണ്ട് ആധേയങ്ങൾ കൂടികഥയ്ക്കുള്ളിലുണ്ട് എന്നു കാണാം. അവ ആണെന്നും പെണ്ണെന്നും അതിർ വരമ്പുകളുള്ള ലിംഗശരീരങ്ങളും ചേർന്നും പിരിഞ്ഞുമുള്ള ആവൃത്തിയിൽ ചലിക്കുന്ന മനസ്സുകളുമാണ്.

ഡ്രൈവിങ് സ്കൂൾ എന്ന പ്രയോഗത്തിനുതന്നെ ലൈംഗികമായ വിവക്ഷയും അശ്ലീലദ്യോതകമായ അർത്ഥവുമുണ്ട്.  ചലച്ചിത്രങ്ങളും നാടൻ പ്രയോഗങ്ങളും അത് ഊട്ടി ഉറപ്പിച്ചിട്ടും ഉണ്ട്.  ആ സംസ്കാരത്തിന്റെ ആ ഇടുങ്ങിയ അന്തരീക്ഷമാണ് കഥയിലുള്ളത്. വഴിമുട്ടിയ വാസനകളുടെ പിരിമുറുക്കമായും നിയന്ത്രണങ്ങളില്ലാതെ കെട്ടഴിഞ്ഞ ജീവിതവാസനകളുടെ ആഘോഷമായും ഒരേസമയം വ്യാഖ്യാനിക്കാവുന്ന ഭാഷയെ അവലംബിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത് . മനുഷ്യമനസ്സിന്റെ ഊടുവഴികളിലൂടെ ഭാഷയുടെ വണ്ടി അപകടം പറ്റാതെ ഓടിക്കാൻ നല്ല അദ്ധ്വാനം ആവശ്യമാണ്.  ചെസ്സിന്റെ സാങ്കേതിക ശബ്ദകോശത്തിനുള്ളിൽ വളരെ സമർത്ഥമായി ഇണക്കിചേർത്ത  ദ്വയാർത്ഥപ്രയോഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്  ഭാഷാവഴക്കത്തിന്റെ സാധ്യതയെയാകുന്നു.   

-ഇറക്ക വഴിയിൽ ആഴമുള്ള മഴക്കുഴി.
-അതിനെ താഴേക്കു മഴ കഴിഞ്ഞു വെയിൽത്തിളക്കമുള്ള പാർക്കിങ് ഏരിയ പോലെ....
-അവരുടെ വെളുത്തറാണി മുന്നോട്ടു കുതിച്ചു.
-അതിന്റെ വരവും വേഗവും താങ്ങനാവാതെ എന്റെ കറുമ്പൻ രാജാവ് പതുങ്ങി
-ഒരു ബലക്കുറവ് കേറിയിറങ്ങിയുള്ള എന്റെ കുതിരനീക്കങ്ങളുടെ വീറുകെടുത്തി.
-വെളുത്ത കിടങ്ങിൽ അമർന്ന കാലാളിനെപോലെ ദുർബലനായി
- കച്ചയഴിച്ച വെളുത്തറാണിയെ കൈയിലെടുത്ത് ഞങ്ങനെ ഇരുന്നുപോയി...

ഡ്രൈവിങ് പഠിക്കാൻ വരുന്ന പെണ്ണുങ്ങളെ തായത്തിനു ലഭ്യമാവുന്ന ആദ്യഭാഗങ്ങളിൽ നിന്ന് പ്രമദമാഡത്തിലേക്ക്  ശാന്തന്റെ ശ്രദ്ധ കേന്ദ്രീകൃതമാവുമ്പോൾ അതിനനുസരിച്ച് ആഖ്യാനത്തിന്റെ മുറുക്കവും ശ്ലേഷപ്രയോഗങ്ങളുടെ കരുത്തും കൂടുന്നു.

പൊട്ടക്കുഴി ബാറിൽ ആദ്യം ശാന്തനും രണ്ടാമത്തെ പ്രാവശ്യം തമ്മനം ലൂവിസും ആകാംക്ഷയോടെ ഇരിക്കുന്നത് പ്രമദയുടെ അസാധാരണമായ മാദകത്വത്തെ പ്രാപിച്ച കഥ കേൾക്കാനാണ്. പ്രത്യേകിച്ച്  ഒന്നും സംഭവിക്കാതെ തന്നെ രണ്ടു കഥകളും മുറിഞ്ഞു പോകുന്നതിൽ ലൈംഗികാഭിലാഷങ്ങളുടെ പൂർത്തിയാവാത്ത ഒരു അദ്ധ്യായത്തെയാണ് കഥാകൃത്ത് അബോധപൂർവം ആവിഷ്കരിക്കുന്നതെന്നും വാദിക്കാവുന്നതാണ്. അങ്ങനെയാണ് പുറമേ വീരസ്യങ്ങളുടെ കഥയായി ഭാവിക്കുമ്പോഴും കളങ്കഥ  കള്ളക്കഥകൂടിയായി തീരുന്നത്. മധ്യവയസ്സു കഴിഞ്ഞ രണ്ട് മലയാളി ആണുങ്ങൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്ന പ്രലോഭനത്തിന്റെ കഥകൾക്ക് അവിഹിതത്തിന്റെ ഛായയുണ്ടാവുന്നത് സ്വാഭാവികമാണ്. അപ്രാപ്യമായതിനെ  സ്വന്തമാക്കിയതായി സ്വയം വിശ്വസിപ്പിച്ചാലേ അവനവന്റെ മാനസിക ലോകത്തിലെങ്കിലും ഒരു കസേര തരപ്പെടുത്തിയെടുക്കാൻ കഴിയൂ എന്ന വാസ്തവത്തിന് ആകൃതികൊടുക്കുകയായിരുന്നു ശാന്തൻ എന്നും തോന്നുന്നു.  അതുകൊണ്ടാണ് അയാൾക്ക് ആ കഥ പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്. കഥയുടെ അവസാനം വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന കഥാകൃത്ത് ശാന്തന്റേതു പോലെയൊരു പരിണതിയിൽ വായനക്കാരെയും കൊണ്ടെത്തിക്കുന്നു. യജമാനസ്ഥാനത്തുള്ള സുന്ദരിയും  ബുദ്ധിമതിയുമായ ഒരു പ്രൗഢസ്ത്രീയെ പ്രാപിക്കാനുള്ള  താഴ്ന്ന ജീവിതനിലവാരത്തിൽ കഴിയുന്ന ഒരു പുരുഷന്റെ ഇംഗിതത്തെ എത്രത്തോളം പ്രബുദ്ധരായ വായനക്കാർ പിന്താങ്ങുമെന്ന കടംകഥയാണ് അവസാന ചോദ്യത്തിലുള്ളത്.

  "നിങ്ങൾക്കെന്തു തോന്നുന്നു. ഞാനതു ചെയ്യുമോ? സംശയിക്കേണ്ട നിങ്ങളുദ്ദേശിച്ചതു തന്നെയാണ് ഞാൻ ചെയ്തത്." എന്നു പറയുന്ന ആഖ്യാതാവ്, തിരശ്ശീല നീക്കി പുറത്തു വരികയും ഒരു 'കള്ളകഥയെ / കളങ്ക കഥ'യെ വായനക്കാരുടെ സദാചാര നിലവാരത്തിനും സംസ്കാരത്തിനും യോജിച്ച തരത്തിൽ എങ്ങനെ വേണമെങ്കിലും സ്വീകരിച്ചുകൊള്ളാൻ അനുവാദം നൽകുകയുമാണല്ലോ ചെയ്യുന്നത്.  നിങ്ങൾ തന്നെയാണ് ശാന്തനെന്ന കണ്ണിറുക്കലിനൊപ്പം, സമൂഹത്തിന്റെ പൊതുവായ മാന്യതയ്ക്ക് യോജിക്കാത്ത തരത്തിൽ ഈ കളങ്കകഥയെഴുതിയ വ്യക്തിയെന്ന നിലയിൽ, തന്നെ വിചാരണ ചെയ്തുകൊള്ളാൻ കൂടി കഥാകൃത്ത് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുണ്ടെന്നു തോന്നും. ലൈംഗികവസ്തുവെന്ന നിലയിൽ ഒരു സ്ത്രീ അവതരിപ്പിക്കപ്പെടുന്ന കഥകൂടിയാണല്ലോ കളങ്കഥ. ഒരു കളം വരച്ചിട്ടാൽ അതിനകത്ത് നിൽക്കാൻ കൂട്ടാക്കാത്തതരം വളർച്ചാജീവിതം ഈ കഥയ്ക്ക് ഉണ്ടെന്നുള്ള ഈ പരസ്യപ്രഖ്യാപനം കൂടി ചേർന്നാണ് കളങ്കഥ, അതിന്റെ പേരിനെയും പരിചരണത്തെയും സാർത്ഥകമാക്കുന്നത്.

ഭാഷാപോഷിണി ഡിസംബർ 2020

1 comment:

  1. യജമാനസ്ഥാനത്തുള്ള സുന്ദരിയും ബുദ്ധിമതിയുമായ ഒരു പ്രൗഢസ്ത്രീയെ പ്രാപിക്കാനുള്ള താഴ്ന്ന ജീവിതനിലവാരത്തിൽ കഴിയുന്ന ഒരു പുരുഷന്റെ ഇംഗിതത്തെ എത്രത്തോളം പ്രബുദ്ധരായ വായനക്കാർ പിന്താങ്ങുമെന്ന കടംകഥയാണ് അവസാന ചോദ്യത്തിലുള്ളത്...!

    ReplyDelete