സിനിക് (എം വാസുദേവൻ നായർ) എന്ന മലയാള സിനിമാ നിരൂപകൻ അദ്ദേഹത്തിന്റെ ചലച്ചിത്രചിന്തകൾ (1959) എന്ന പുസ്തകത്തിൽ ഇന്ത്യൻ സിനിമയിലെ പ്രണയ ചാപല്യങ്ങളെ ശക്തമായി അപലപിക്കുന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം അതു പറയുന്നത് പാശ്ചാത്യരുടെ രീതി വേറെ ഇന്ത്യക്കാരുടെ സംസ്കാരം വേറെ എന്നു വ്യക്തമാക്കികൊണ്ടാണ്. പണം ഉണ്ടാക്കാനുള്ള ആവേശത്തിൽ ഇന്ത്യൻ നിർമ്മാതാക്കൾ പാശ്ചാത്യ ചിത്രങ്ങളെ അനുകരിച്ച് പ്രേമരംഗങ്ങൾ ഉൾപ്പെടുത്തും എന്നാൽ പൂർണ്ണമായി അതു കാണിക്കാൻ കഴിയുകയുമില്ല. ചുംബനമെല്ലാം പാശ്ചാത്യ രീതിയാണ്. നമുക്ക് പ്രേമം പ്രകടിപ്പിക്കാൻ ഒരു നോട്ടം മതിയെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യൻ സിനിമകൾ കൃത്രിമമായ പ്രണയ ചാപല്യ രംഗങ്ങൾ ഒരുക്കുന്നതിനുദാഹരണമായി സിനിക്ക് എടുത്തു കാണിക്കുന്നത് ‘പഹലി മംഗളാഗൗർ‘ (1942) എന്ന മറാത്തി സിനിമയിലെ ചുംബനരംഗമാണ്. സിന്തെറ്റിക് കിസ്സ് എന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന വാക്ക്. (ആ രംഗം അന്വേഷിച്ചിട്ട് കിട്ടിയില്ല, ഒരു പക്ഷേ നേരെ ചുംബിക്കുന്നതു ചിത്രീകരിക്കാതെ മറ്റെന്തെങ്കിലും സാങ്കേതികത ഉപയോഗിച്ച് കുംബനം ചിത്രീകരിക്കുന്നതായിരിക്കണം ഈ സിന്തെറ്റിക് കിസ്സ്)
പഹലി മംഗളാഗൗർ എന്ന സിനിമയ്ക്ക് വേറൊരു പ്രാധാന്യമുണ്ട്. ലതാമങ്കേഷ്കർ ആദ്യമായി പാടി രംഗത്തു വരുന്നത് ആ സിനിമയിലാണ്. പതിമൂന്നു വയസ്സേയുള്ളൂ അവർക്കന്ന്. ആ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. അതിനു മുൻപ് അവർ മറ്റൊരു സിനിമയിൽ പാടിയിട്ടുണ്ടെങ്കിലും അത് ഇടയ്ക്കുവച്ചു നിന്നുപോയി. അങ്ങനെ ഇന്ത്യൻ സിനിമയിലെ ലെജന്റുകളിൽ ഒരാളായ ലതാജിയെ രൂപപരമായും ശാബ്ദികമായും ആദ്യമായി അവതരിപ്പിച്ച സിനിമയെയാണ് ‘സിന്തെറ്റിക് കിസ്സിന്റെ’ പേരിൽ സിനിക് അപലപിക്കുന്നത്. ലിപ് ലോക്ക് കിസ്സ്, ഫ്രെഞ്ച് കിസ്സ് വിവാദങ്ങൾ ഇനിയും ഉണ്ടാവുമ്പോർക്കുക ഇതൊക്കെ പത്തെഴുപതു വർഷം മുൻപ്, നമ്മുടെ അപ്പൂപ്പൻമാർ ചർച്ച ചെയ്തു വിട്ട കാര്യങ്ങളാണ് !
1927 ൽ ഹോളിവുഡ് സിനിമ, ആണുങ്ങൾ തമ്മിലുള്ള ചുണ്ടുപൂട്ടിയ ചുംബനം ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ‘വിംഗ്സെന്ന’ സിനിമയിലെ ആചുംബനത്തിനു പക്ഷേ ലൈംഗിതയില്ല. അതൊരു യാത്രയയപ്പു ചുംബനമാണ് മരണത്തിലേക്ക്. ആ സിനിമയിൽ തന്നെ വേണമെന്നു വച്ചിട്ട് ക്ലാര ബോയുടെ നഗ്നതയും കാണിക്കുന്നുണ്ട്. സ്ത്രീനഗ്നത അതിനു മുൻപേ സിനിമയിൽ വന്നുകഴിഞ്ഞിരുന്നു. ശരീരം അത്ര മോശമല്ല, ലൈംഗികചേഷ്ടയാണ് സാംസ്കാരികമായി കൂടുതൽ മോശം എന്നൊരു തീരുമാനം ഇവിടങ്ങളിലെല്ലാം കാണാം. ശരീരം കാനിക്കുന്നത് ആളുകൂട്ടാനുള്ള പരിപാടി കൂടിയാണ്. അതുപോലെയല്ല ചുംബനം. പക്ഷേ സിനിക്ക് ശ്രദ്ധിക്കാത്തതുകൊണ്ടായിരിക്കും ‘പഹിലി മംഗളാഗൗറിനും’ മുൻപ് 1933 -ൽ തന്നെ ദേവികാറാണിയും ഹിമാംശു റായി അഭിനയിച്ച കർമ്മയിൽ ചുംബന രംഗങ്ങൾ ഉണ്ടെന്നു മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും നീണ്ട ചുംബനരംഗവും ( നാലു മിനിട്ട് നീളം) അതിനുള്ളിൽ തന്നെയാണ്. ദേവികാറാനിയുടെ ആദ്യ ചിത്രമാണ് കർമ്മ. അതിനും മുൻപ്, 1929 ൽ പ്രപഞ്ച പാശ് എന്ന നിശ്ശബ്ദ സിനിമയിൽ (ത്രോ ഓഫ് ഡയസ് എന്നും പേരുണ്ട്. സംവിധായകൻ ജർമ്മൻ കാരനായ ഫ്രാൻസ് ഓസ്റ്റെൺ) ചാരുറോയിയും സീതാദേവിയും തമ്മിലുള്ള ഒരു ‘ലിപ് ലോക്ക്‘ ചുംബനവും ഉണ്ട്. ( അതിലും ഉണ്ട് ഹിമാംശു റായി). നമുക്കപ്പോൾ ഇവിടെ സിനിമ തുടങ്ങുന്നതേയുള്ളൂ. ഈ സീതാദേവി ആരാണെന്നുള്ള അധിക വിവരം ഇല്ല. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരൊരു വിദേശിയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അല്ലാതെ, ആർക്കുണ്ടാവാനാണ് ഭാരതീയ നാരിമാർക്കിടയിൽ 1929 ലൊക്കെ ഇത്രയും ധൈര്യം? ( ആ ചിത്രത്തിന്റെ വീഡിയോ നോക്കുക) ദേവികാറാണിയുടെ കർമ്മയിലെ ചുംബനം പ്രണയ ചേഷ്ട അല്ലായിരുന്നു. ബോധം കെട്ടു കിടക്കുന്ന നായകന് ജീവൻ കൊടുക്കാനുള്ള മരുന്നായിരുന്നു അതും താലോലിക്കലും.. (പക്ഷേ ആ സിനിമയിൽ വേറെയും ‘ഉമ്മ‘ കളുണ്ട്) മാത്രമല്ല, ഹിമാംശുവും ദേവികയും ഭാര്യാഭർത്താക്കന്മാരുമായിരുന്നു. സീതാദേവിയുടെ കാര്യം അങ്ങനെയല്ല. അവരുടെ ജീവിതം ഇന്നും മറയ്ക്കകത്തായിരിക്കുന്നതിനു ചുംബനത്തിന്റെ വാതിൽപ്പുറ ചിത്രീകരണത്തിനുള്ള സന്നദ്ധതയും പരോക്ഷമായ ഒരു കാരണമാവാം. 1929 ൽ പി കെ റോസി പൂ കൊടുത്തപ്പോഴും തിരുവിതാം കൂറിലെ പ്രേക്ഷകർ (ആളുകൾ വിചാരിക്കുമ്പോലെയല്ല, വിഗതകുമാരൻ ആലപ്പുഴയിലൊക്കെ ഒരാഴ്ചയിലധികം ഓടി..) ഒരു ലിപ് ലോക്ക് ചുംബനമാണ് മണത്തത് എന്നാണ് മനസിലാക്കേണ്ടത് ... 🤪
പഴയകാല സിനിമകളിലെ ചുടുചുംബനങ്ങൾ ...
ReplyDelete