July 6, 2020

ആഗ്രഹങ്ങൾ ഇപ്പോൾ സ്ഥലബദ്ധങ്ങളല്ല




പ്രമേയപരമായി പരസ്പരം വ്യത്യസ്തമായ പരിസരങ്ങളിൽ മേഞ്ഞു നടക്കുന്ന സ്വഭാവമുണ്ട്, വിഷ്ണുപ്രസാദിന്റെ കവിതകൾക്ക്. ‘മുലകൾക്കിടയിലൂടെ എട്ടെടുക്കുന്ന ടു വീലറായ’ സ്വന്തം കണ്ണുകളെപ്പറ്റി എഴുതുന്ന അതേ ആവേഗത്തിൽ ‘അമ്മ കുഞ്ഞിനായി കരുതിവച്ച മറ്റൊരു സാധ്യതയാണെന്ന് രണ്ടാമത്തെ മുലയെന്ന് രാഷ്ട്രീയം പറയാനും’ ആ കവിതകൾക്ക് എളുപ്പം കഴിയുന്നുണ്ട്. ഈ അലച്ചിൽ സർഗാത്മകമായ  വിഭക്തമനോനിലയുള്ള - സ്കീസോഫ്രേനിക്കായുള്ള - ഒരവസ്ഥയുടെ വെളിപെടലാണ്. അബോധത്തിന്റെ ബഹുലത (മൾട്ടിപ്ലിസിറ്റി)യാണ് സ്കീസോഫ്രേനിയ. അവയവങ്ങളില്ലാതെ കവിയിൽ പ്രവർത്തിക്കുന്ന സാമൂഹികയന്ത്രത്തിന്റെ (ബോഡി വിത്തൗട്ട് ഓർഗൻ) പ്രവർത്തനഫലമാണെന്നും പറയാം. മുതലാളിത്തവും സ്കീസോഫ്രേനിയയും തമ്മിലുള്ള ബന്ധത്തെപ്പറ്റി  വിശദീകരിക്കുന്ന ഘട്ടത്തിൽ ഴീൽ ദെല്യൂസ് പറയുന്ന ഒരു കാര്യമുണ്ട്, ആധുനികമായ സ്ഥലവത്കരണത്തിന്റെയും സ്ഥലനിരാകരണത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും (യഥാക്രമം, ടെറിറ്റോറിയലൈസേഷൻ,ഡീടെറിറ്റോറിയലൈസേഷൻ, റീടെറിറ്റോറിയലൈസേഷൻ) പദാവലികൊണ്ടു വേണം ആഗ്രഹയന്ത്രങ്ങളെ വിശദീകരിക്കാൻ എന്നതാണത്. മുതലാളിത്തസമൂഹത്തിൽ ആഗ്രഹങ്ങൾ പഴയതുപോലെ സ്ഥലബദ്ധമല്ലെന്നും ആഗ്രഹങ്ങളുടെ പ്രവാഹത്തിന് മുൻപുണ്ടായിരുന്ന നിശ്ചിതമായ കോഡുകൾ ഇപ്പോഴില്ലെന്നുമാണ് ആന്റി ഈഡിപ്പസിൽ ദെല്യൂസ് വ്യക്തമാക്കുന്നത്.
കണ്ടിടത്തൊക്കെ തോന്നിയതുപോലെ കുടിയേറി പരിസരമാക്കുന്ന കവിതയും സ്ഥലനിരാകരണത്തിന്റെ (ഡിടെറിറ്റോരിയലൈസേഷൻ) ഭാഗമാണ്. ആഗ്രഹചിന്തകൾ നിരന്തരമായി വിഷ്ണുവിന്റെ കവിതകളിലെ പ്രവഹിക്കുന്ന ഊർജ്ജമാണ്.  ആദ്യസമാഹാരമായ കുളം+ പ്രാന്തത്തിയിൽ, ബസിലെ പതിനാറാം നമ്പർ സീറ്റിൽഇരുന്ന് കാഴ്ചകൾ കാണുകയും ഒപ്പം താനാരാണെന്ന് അന്യഥാ മറ്റു ലോകങ്ങളിൽ മനസ്സുകൊണ്ട് സഞ്ചരിക്കുന്ന യാത്രക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന കവി വിഷ്ണുപ്രസാദാണ്. ലിംഗവിശപ്പെന്ന സമാഹാരത്തിലെ സോദോം ഗോമ്‌റ എന്ന നീണ്ടകവിതയിലെ ഒരു കഥാപാത്രവും കവിയാണ്. ആ സമാഹാരത്തിലുള്ള മറ്റൊരു കവിത (നീ പിന്നെയും ജീവിതം തുടരുന്ന നാളുകളിലൊന്നിൽ എന്ന കവിത സവ്യാഖ്യാനം) മരിച്ച കവി കുടുംബാംഗങ്ങളുടെ അടുത്ത് അദൃശ്യനായി ജീവിതം തുടരുന്നതിനെപ്പറ്റിയാണ്.  സമീപകാലത്ത് ഫെയിസ് ബുക്കിൽ വന്ന ചിലന്തിയുടെയും ശലഭത്തിന്റെയുംകവിതയിലും മഴവിൽപ്പാളിയെന്ന കവിതയിലും ഭിന്നസ്വരങ്ങളിൽ ആവർത്തിച്ചിട്ടുള്ളത്, ഇതേ പ്രമേയം തന്നെയാകുന്നു.
കവി സ്വയം പ്രത്യക്ഷപ്പെടുന്ന കവിതകൾ മറ്റു പ്രമേയങ്ങളുടെ കൂട്ടപാലായനക്കാർക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു വിഭാഗമാണ്. അവയ്ക്കു ലഭിച്ചിട്ടുള്ള ഒരേ മുഖച്ഛായ ജനിതകവംശാവലിയുടെ ഭാഗമാണ്. സ്വയം ഒരു പ്രതീതിലോകത്തിലേക്ക് പ്രവേശിച്ചുകൊണ്ട് കവിയെന്ന നിലയിൽ തനിക്കു കിട്ടിയേക്കാവുന്ന ചില ഉൾപ്പുളകങ്ങളിൽ ചാരിതാർത്ഥ്യം കൊള്ളുന്ന നിലയിലാണ് അവയുടെ പൊതുഘടനയെങ്കിലും അവയിൽ ചിലതിൽ കുറ്റബോധങ്ങൾ വേട്ടയാടുന്ന വ്യക്തിയുമുണ്ട്. അത്രയും അവ സാമൂഹികമായ പരുഷ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു. ആ കവിതകളിൽ പൊതുവേ കാണുന്ന  ആഖ്യാതാവിന്റെ അദൃശ്യതയും (‘അന്നേരം എനിക്ക് കൈകൾ നീട്ടി നിന്നെയൊന്ന് തൊടണമെന്നുണ്ടാവും.. പക്ഷേ നീയൊന്നുമറിയില്ല.’)  നഷ്ടപ്പെടലുകളെക്കുറിച്ചുള്ള സൂചനകളും (‘മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു, കൃതാർത്ഥനായി’) അപരാധബോധത്തിലേക്കുള്ള സൂചനകളായി വായിക്കാം. മഴവിൽപ്പാളിയിൽ അങ്ങനെയൊരു ഭാവമല്ല, മുന്നിട്ടു നിൽക്കുന്നത്. നിസ്സഹായതാബോധമാണ്. പതിനാറാം നമ്പർ സീറ്റ് എന്ന കവിതയിൽ ‘ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ, ബസിന്റെ ബാക്കി ഭാഗങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒരു സീറ്റ് (എന്നുപറഞ്ഞാൽ കവിതന്നെ)  ഒറ്റയ്ക്ക് ഉറക്കത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന‘ ഒരവസ്ഥയുടെ തുടർച്ചയാണതിൽ കാണാൻ സാധിക്കുന്നത്.   അവിടെ കവി നേരിട്ട്  പ്രത്യക്ഷപ്പെടുകയും താൻ കാണേണ്ടുന്ന സ്വപ്നം, തന്റെ സാങ്കല്പികവായനക്കാരിക്ക് ഏല്പിച്ചുകൊടുത്തുകൊണ്ട് അസംബന്ധ കാഴ്ചകളിൽ ഏർപ്പെടുകയും ചെയ്യുകയാണ്. സോപ്പുകുമിളപോലെ നേർത്ത പ്രണയത്തിന്റെ പാളി തന്റെ സാങ്കല്പിക കഥാപാത്രം എപ്പോഴാണ് പൊട്ടിച്ചു കളയുന്നത് എന്ന ആശങ്കയ്ക്ക് ചുറ്റുമുള്ള ഏകാന്തതയിലാണ് ആ നിസ്സഹായത രൂപപ്പെട്ടിരിക്കുന്നത്.
കവിയെ സ്വപ്നം കാണുകയും ഉണർന്നാലുടൻ അയാളുടെ കവിതകളിലേക്ക് ഓടിപ്പിടഞ്ഞ് വരികയും അലമാരിയിൽനിന്ന് അയാളുടെതല്ലാത്ത എല്ലാ പുസ്തകങ്ങളെയും പുറത്താക്കുകയും കിടപ്പുമുറിയിൽ അയാളുടെ ചിത്രം ഒട്ടിച്ചു വയ്ക്കുകയും ചെയ്യുന്ന സ്ത്രീ അയാളുടെ മുഴുത്ത ആരാധികയാണ്. അതയാളുടെ ഭാവനാസൃഷ്ടിയാണല്ലോ. എന്തിനാണ് കവി, നാണമില്ലാതെ സ്വയം വലിപ്പക്കാരനും തന്റെ കവിത വായിച്ച സ്ത്രീയാൽ തീവ്രമായി പ്രേമിക്കപ്പെടുന്നായാളാണ് താൻ എന്ന ചിന്തയിൽ അഭിരമിക്കുകയും അത് കവിതയിലൂടെ വായനക്കാരെ അറിയിക്കുകയും ചെയ്യുന്നത്? പാരമ്പര്യരീതിയനുസരിച്ച് മനശ്ശാസ്ത്രത്തിന് ധാരാളം ന്യായീകരണങ്ങൾ നൽകാനുള്ള മേഖലയാണിത്. വിഷ്ണുവിന്റെ കവിതകളിൽ തുടർച്ചയായി കാണുന്ന സ്വപ്നദർശനങ്ങളുടെ അടിസ്ഥാനം  കേവലമായ ആത്മരതിയാണെന്നു തോന്നുന്നില്ല. താൻ ചെയ്യാനാഗ്രഹിക്കുന്നത് മറ്റൊരാൾ തന്നോട് ചെയ്യുന്നതായി വിവരിക്കുന്ന തലതിരിഞ്ഞ കാഴ്ചപ്പാടിൽ കണ്ണാടി നോട്ടമാണുള്ളത്. കണ്ണാടിയിൽ ഇടതുവലതായി കാണുന്ന പ്രതിബിംബം പോലെ കവിതയിൽ കർത്താവിന്റെയും സാക്ഷിയുടെയും ധർമ്മങ്ങൾ പരസ്പരം വച്ചുമാറുന്നു. കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തെ, മറ്റൊരാളായി കാണാൻ കഴിയുന്ന വ്യക്തിയിൽ, താൻ ചെയ്തത്, അവൻ/അവൾ തന്നോടു ചെയ്തു എന്ന് നുണപറയുന്ന കുട്ടിയുടെ മനസാണ് പ്രവർത്തിക്കുന്നത്. എന്നാൽ കവിതയിലെ  ഈ തലതിരിഞ്ഞ ആരോപണത്തെ അത്ര ബാലിശമായ’ പ്രവൃത്തിയായി കണക്കാക്കേണ്ടതില്ല. ഒരർത്ഥത്തിൽ മനുഷ്യരാശിയുടെ കുട്ടിത്തത്തിൽ കുടിയേറിയിട്ടുള്ള ഈ കൗതുകമല്ലേ, പിന്നീട് മറ്റുള്ളവരുടെ ദുഃഖത്തിലും സന്തോഷത്തിലും സമ്മിശ്രവികാരങ്ങളോടെ പങ്കെടുക്കാനും കലാസൃഷ്ടികളിലെ കഥാപാത്രങ്ങളുടെ അനുഭവം ഉൾക്കൊള്ളാനും മനുഷ്യരെ കഴിവുള്ളവരാക്കുന്നത്? കണ്ണാടി കോശങ്ങളെന്നും (മിറർ ന്യൂറോൺസ്) കണ്ണാടി ഘട്ടം (മിറർ സ്റ്റേജ്) എന്നുമൊക്കെയുള്ള പേരുകൾ ആ വഴിക്ക് ശാസ്ത്രീയമായി ലഭിച്ചതാണല്ലോ.
കണ്ണാടിയിലെ സ്വരൂപം കുഞ്ഞിനു നൽകുന്ന പ്രത്യേകതരത്തിലുള്ള ആഹ്ലാദമാണ് അതിന് പ്രതിബിംബവുമായി  ബന്ധം സ്ഥാപിക്കാനുള്ള അവസരമായി തീരുന്നത്. മനുഷ്യരുടെ ബോധവളർച്ചയ്ക്കിടയിൽ പ്രതിബിംബം നോക്കുക എന്ന പ്രവൃത്തി നിലനിൽക്കുകയും കണ്ണാടിയെന്ന വസ്തു സാഹചര്യമനുസരിച്ച് പലതായി മാറുകയും ചെയ്യും. രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യക്തിബോധത്തിലും പാഠത്തിലും ഒക്കെ ഇത്തരം പ്രതിഫലനങ്ങളുണ്ടല്ലോ. സാധാരണക്കാഴ്ചയിൽ പ്രതിബിംബങ്ങൾക്ക് അനുകർത്താവായിരിക്കാനേ സാധിക്കൂ. നേരെമറിച്ച്, ‘മഴവിൽപ്പാളിയിൽ’ കവിയുടെ വായനക്കാരിയാണ് പ്രവർത്തിക്കുന്നത്. കവി അഭിലഷിക്കുന്നതേയുള്ളൂ.. അഥവാ അപേക്ഷിക്കുന്നതേയുള്ളൂ. (‘അകറ്റിപ്പിടിച്ച വിരലുകളിലെ മഴവിൽപ്പാളിയിലൂടെയുള്ള നിറങ്ങളുടെ ഗതാഗതം പൊട്ടിക്കരുത്!’) ഞാനിപ്പോഴും നോക്കി നിൽക്കുകയാണെന്ന്അയാൾ പറയുന്നുമുണ്ട്. അതിനർത്ഥം അയാൾ ഒരു പാഠവായനയിലാണെന്നാണ്. കവിത നമ്മൾ വായിക്കുന്നതുപോലെ കവി, അയാളുടെ ഭാവനയിൽ അയാളുടെ വായനക്കാരിയെയും അവളുടെ പ്രവൃത്തികളെയും വായിക്കുകയാണ്. (അഥവാ അങ്ങനെ ഭാവിക്കുകയാണ്. എന്തായാലും ‘വായന’ അതിനുള്ളിൽ സന്നിഹിതമാണ്)  പരസ്പരം അഭിമുഖമായി വച്ച കണ്ണാടിയിൽ പാളികളായി നീളുന്ന ഒരു കാഴ്ചപോലെയാണിത്. വ്യവഹാരങ്ങളാണ് സ്വത്വം രൂപപ്പെടുത്തുന്നത് എന്നുള്ളതുകൊണ്ട്, പല തലങ്ങളുള്ള പാഠവായനയുടെ ‘കളിയെ’കൂടിയാണ് ഈ കാഴ്ച സാക്ഷ്യപ്പെടുത്തുന്നതെന്നും പറയാം.
ഒരുപാട് ഭാവങ്ങളും ഉത്തരവാദിത്തങ്ങളും പ്രവൃത്തികളുമുള്ള  വിഷ്ണുപ്രസാദ് എന്ന മനുഷ്യന്റെ വൈവിധ്യങ്ങളെ മൊത്തം മറച്ചു പിടിച്ചുകൊണ്ട് കവിയെന്ന ഒറ്റ കർത്താവിലേക്ക് കേന്ദ്രീകരിക്കുകയാണ് കവിതയിലെ സാങ്കല്പികക്രമം (ഇമേജിനറി ഓർഡർ) ചെയ്യുന്നത്. ഒരു പ്രത്യേക വാക്ക് കൊണ്ട് ലോകത്തെ ചലിപ്പിക്കാൻ കഴിയുമെന്ന് അമ്മയുമായി കളിക്കുന്ന കുട്ടി പഠിക്കുന്നതുപോലെയാണ്, കവിതയുടെ മാന്ത്രികശക്തിയും അതു ഉത്പാദിപ്പിക്കുന്ന പ്രതീകാത്മകമൂലധനവും തന്നെ അഭിലഷണീയമായ ഒരവസ്ഥയിൽ എത്തിക്കുന്നു എന്ന് കവി വിഭാവന ചെയ്യുന്നത്. ഇത് ഒരു അതിവാസ്തവമാണ്. പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങളിൽ നിന്ന് ഒന്നിനെമാത്രമെടുത്ത് പൊലിപ്പിച്ചുകൊണ്ട് സാക്ഷാത്കാരം നേടുന്ന സാങ്കല്പികലോകം നമ്മുടെ സാമൂഹികവ്യവഹാരങ്ങളിലും എമ്പാടും കാണാം. ‘ഇന്ത്യയെന്ന വിസ്മയവും’ ‘വിശ്വസുന്ദരി’ എന്ന പട്ടവും ‘കറുത്തവൻ’ എന്ന മേൽവിലാസവുമൊക്കെ അങ്ങനെ ഉണ്ടാവുന്നതാണ്. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. മറ്റെല്ലാം അപ്രസക്തമാകുന്ന ആദർശാത്മകമായ ലോകത്തിന്റെ അടുത്തപടിയെന്ന നിലയ്ക്ക് പ്രതീകക്രമത്തിലേക്ക് (സിംബോളിക് ഓർഡർ) പ്രവേശിക്കുമ്പോൾ ഇരുളിൽനിന്നും മറഞ്ഞിരുന്ന രൂപങ്ങൾ വെളിപ്പെട്ടു തുടങ്ങും.  ‘മഴവിൽപ്പാളി’യിൽ വായനക്കാരിയാൽ പ്രേമിക്കപ്പെടുന്ന കവി, അപ്പോൾ കവി മാത്രമല്ല, കാമുകനും മനോരാജ്യക്കാരനും ശങ്കാകുലനും ഒളിഞ്ഞു നോട്ടക്കാരനുമൊക്കെയായി വെളിപ്പെടുന്നു.  തന്റെ വായനക്കാരി എന്തു ചെയ്യുന്നു എന്ന് കവി വിഭാവന ചെയ്തതുപോലെ ഇയാൾ എന്തു ചെയ്യുന്നു എന്ന് കവിത വായിച്ചു മടക്കിയ നിമിഷം വായനക്കാരൻ/കാരി ആലോചിക്കാൻ തുടങ്ങുന്ന നിമിഷമാണ് അയാൾ കവിതയിൽ കെട്ടിപൂട്ടി ഭദ്രമാക്കി വച്ച ഏകീകൃതസ്വത്വം ഇങ്ങനെ പുറത്ത് ശിഥിലമായിത്തീരുന്നത്.
അബോധത്തിന്റെ വഴിയാത്രയ്ക്കിടയിൽ  ഇവിടെ എന്തിനാണ് പ്രണയം കടന്നു വരുന്നത്? ആത്മരതിപോലെ ജന്മവാസനയെന്ന നിലയ്ക്കാണോ? അകൽച്ചയിൽ ഉരുവാകുന്ന പ്രണയത്തെപ്പറ്റിയാണ് പരാമർശം. സമാഗമത്തെപ്പറ്റിയല്ല. നിസ്സാരം എന്നു തോന്നുന്നുവെങ്കിലും (ആണായ കവിയ്ക്ക് കവിതയെഴുതുന്നതിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലം സ്ത്രീയുടെ ഇഷ്ടമാണ്. കവിതയെഴുത്തുൾപ്പടെയുള്ള സർഗാത്മകാവിഷ്കാരങ്ങളും അതിന്റെ വളരെ പ്രാകൃതമായ അർത്ഥത്തിൽ, തന്റെ ഉല്പാദനപരമായ ശേഷിയുടെ ഇണയ്ക്കായുള്ള പ്രകടനം കൂടിയാണല്ലോ)  മറ്റുള്ളവരുടെ അകവും പുറവും അറിയാമെന്ന് സ്വയം ധാർഷ്ട്യമുള്ള ഏതു വായനക്കാരിക്കും /കാരനും ഒറ്റ വായനയിൽത്തന്നെ ‘ഓ ഇതയാളുടെ മനസ്സിലിരുപ്പാണെ’ന്ന് കള്ളച്ചിരിയോടെ കണ്ടെത്താൻ പ്രയാസമൊന്നും ഇല്ല. അവർക്കങ്ങനെ കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല എന്ന് ഇങ്ങനെ എഴുതിവച്ച കവിയായ വിഷ്ണുവിനും അറിയാം. അപ്പോൾ ഈ കള്ളനും പോലീസും കളിയുടെ യഥാർത്ഥ പൊരുൾ വേറെയാണ്. 
കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിൽ മുഴുകി ആഹ്ലാദിക്കുന്ന ഒരു കുട്ടിയുടെ കേവല കൗതുകമാണ് മഴവിൽപ്പാളിയെന്ന കവിത പങ്കിടുന്നതെങ്കിൽ  സാമൂഹികജീവിയായ മനുഷ്യൻ തനിക്കായി കണ്ടെത്തുന്ന സ്വകാര്യമായ ഇടമാണ് ഈ കേവലാഹ്ലാദം. അതിലൊരു ലോകനിഷേധമുണ്ട്.  എന്നുവച്ചാൽ യാഥാർത്ഥ്യത്തിനു മുഖം തിരിച്ചു നിൽക്കുന്ന സാമൂഹികവിരുദ്ധത. (സങ്കല്പക്രമം, പ്രതീകക്രമം എന്നിവയ്ക്കൊപ്പം ലക്കാൻ അവതരിപ്പിച്ച മറ്റൊരു സങ്കല്പനമാണ് ‘യാഥാർത്ഥ്യവും’. ആദ്യത്തെ രണ്ട് ക്രമങ്ങളെയും സ്വയം പൂർണ്ണമാക്കാൻ സമ്മതിക്കാത്തത് മുന്നേ നിലനിൽക്കുന്ന ഈ യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ സ്വപ്നവും അതിലെ പ്രതീകങ്ങളുമാണ് സത്യം എന്ന് നമ്മൾ വിചാരിച്ചു പെരുമാറി തുടങ്ങും!) ഈ അംശത്തെക്കുറിച്ച് വിഷ്ണുവിന്റെ കവിത അന്തരികമായി സൂക്ഷിക്കുന്ന ബോധമാണ്, ആ കവിതകളെ വ്യത്യസ്തമാക്കിത്തീർക്കുന്നത്. ഉച്ചത്തിൽ പ്രബോധനം നടത്തിക്കൊണ്ടല്ല, വിഷ്ണുപ്രസാദിന്റെ കവിതകൾ അവനവനിലേക്ക് ചുരുങ്ങാനുള്ള വാസനയെ നേരിടുന്നത്. വിഷ്ണുവിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മവും സൗന്ദര്യാത്മകവുമായ വശമാകുന്നു അത്. യുവാവായിരുന്ന കാലത്ത് അന്നത്തെ പല യുവാക്കളെയുംപോലെ  ഗെയ്ഥേ വല്ലാതെ സ്വാധീനിച്ചിരുന്ന കാൾ മാർക്സ് വിശുദ്ധ കുടുംബംഎന്ന പുസ്തകത്തിൽ എഴുതി : “പ്രണയമാണ് യഥാർത്ഥത്തിൽ, മനുഷ്യനെ അവനു പുറത്തുള്ള വസ്തുനിഷ്ഠലോകത്തിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നത്. പ്രണയം മനുഷ്യനെ വസ്തുവാക്കുക മാത്രമല്ല, മറ്റൊരാളിന്റെ വസ്തുവാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു.” പ്രണയത്തിൽ ഏർപ്പെടുന്നതോടെ തലച്ചോറിൽ ഒളിപ്പിച്ചുവച്ച നിലയിൽ ആന്തരികവസ്തുവായി പ്രേമത്തിനു തുടരാനുള്ള അവസരം നഷ്ടപ്പെടുകയും ഇന്ദ്രിയങ്ങൾകൊണ്ടറിയാവുന്ന സംഗതിയായി അതു വെളിപ്പെടുകയും വളരുകയും ചെയ്യുന്നു. പ്രണയമെന്ന കൗതുകത്തിന്റെ സ്ഥിരതയും അസ്ഥിരതയും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. “തിരിച്ചുകിട്ടാത്ത പ്രേമത്തിൽ കുടുങ്ങിയവരും പ്രണയി എന്ന നിലയ്ക്ക് വല്ലാത്ത ചാപാല്യങ്ങൾ കാട്ടി നടക്കുന്നവരും തികഞ്ഞ പരാജയങ്ങളാണെന്നും അത്തരം പ്രണയം ഉത്പാദനപരമല്ലെന്നും ദൗർഭാഗ്യകരമാണെന്നും” എക്കണോമിക് ആൻഡ് ഫിലോസഫിക് മാനുസ്ക്രിപ്റ്റിൽ കാർക്സ് വിശദീകരിക്കുകയും ചെയ്തു. പ്രതിബിംബദർശനകൗതുകം എന്ന ആത്മരതിപരമായ അകംഅവസ്ഥയിൽനിന്ന് തുണിയും അലക്കും സോപ്പുവെള്ളവുമൊക്കെയുള്ള പുറംകാഴ്ചയിലേക്കാണ്, ‘മഴവിൽപ്പാളി’ നോക്കുന്നത്.  അഥവാ കവിത അങ്ങോട്ടേയ്ക്കാണ് വളരുന്നത് എന്നും പറയാം. താൻ വന്നുപെട്ടിരിക്കുകയും ഇടയ്ക്കിടയ്ക്ക് വഴുതി വീണുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽനിന്നുള്ള ശക്തമായ കുതറലോ അതിനുള്ള ശ്രമമോ ആണ് വിഷ്ണുവിന്റെ കവിത. അത് നമ്മൾ തിരിച്ചറിഞ്ഞാൽ വിഷ്ണുവിന്റെ പല കവിതകളുടെയും ആന്തരികമായ മുഴക്കം ഏതു നിലയ്ക്കുള്ളതാണെന്ന് മനസിലാക്കാൻ പ്രയാസമുണ്ടാവില്ല. 

(വൈറ്റ്ക്രോ ആർട്ട് ഡെയിലി)

1 comment:

  1. ഒരുപാട് ഭാവങ്ങളും ഉത്തരവാദിത്തങ്ങളും പ്രവൃത്തികളുമുള്ള വിഷ്ണുപ്രസാദ് എന്ന മനുഷ്യന്റെ വൈവിധ്യങ്ങളെ മൊത്തം മറച്ചു പിടിച്ചുകൊണ്ട് കവിയെന്ന ഒറ്റ കർത്താവിലേക്ക് കേന്ദ്രീകരിക്കുകയാണ് കവിതയിലെ സാങ്കല്പികക്രമം (ഇമേജിനറി ഓർഡർ) ചെയ്യുന്നത്. ഒരു പ്രത്യേക വാക്ക് കൊണ്ട് ലോകത്തെ ചലിപ്പിക്കാൻ കഴിയുമെന്ന് അമ്മയുമായി കളിക്കുന്ന കുട്ടി പഠിക്കുന്നതുപോലെയാണ്, കവിതയുടെ മാന്ത്രികശക്തിയും അതു ഉത്പാദിപ്പിക്കുന്ന പ്രതീകാത്മകമൂലധനവും തന്നെ അഭിലഷണീയമായ ഒരവസ്ഥയിൽ എത്തിക്കുന്നു എന്ന് കവി വിഭാവന ചെയ്യുന്നത്.

    ReplyDelete