June 17, 2020

മൂന്ന് വിമാനാപകടങ്ങൾ





1914 ജൂലൈ 28 -നു തുടങ്ങി 1918 നവംബർ 11 -നു അവസാനിച്ച ഒന്നാം ലോകയുദ്ധത്തിന്റെ വളരെ വിശാലമായ ഏടുക്കൾക്കിടയിലെ ഒരു ദിവസത്തെ സംഭവമാണ് സാം മെൻഡസ് സംവിധാനം ചെയ്ത ‘1917’ എന്ന ചിത്രത്തിനടിസ്ഥാനം. ഒരു ദിവസം രാവിലെ കഴിഞ്ഞ യുദ്ധത്തിന്റെ ക്ഷീണത്തിൽ വിശ്രമിക്കുന്ന വില്യം എന്നും ടോം എന്നും പേരുള്ള രണ്ട് യുവപട്ടാളക്കാരെ ജനറൽ എറിൻമോർ വിളിപ്പിക്കുകയും അവരെ ഒരു സന്ദേശം ഏൽപ്പിക്കുകയുമാണ് ചെയ്യുന്നത്. അവിടുന്ന് 9 മൈൽ ദൂരെയുള്ള  ഡെവൺഷെയർ റെജിമെന്റിലെ കേണൽ മെക്കൻസിയ്ക്ക് രാവിലെ അവർ ആരംഭിക്കാൻ പോകുന്ന ആക്രമണത്തിൽനിന്ന് പിൻവാങ്ങാൻ വേണ്ടിയുള്ളതാണ് സന്ദേശം. ടെലിഗ്രാം –ഫോൺ ലൈനുകൾ  മുറിഞ്ഞു തകരാറിലായതുകൊണ്ട് ആളുകൾ തന്നെ സന്ദേശവുമായി പോകേണ്ടതുണ്ട്. ടോമിന്റെ സഹോദരൻ അവിടെ ഉള്ളതുകൊണ്ട് ഈ സന്ദേശം അയാളെ രക്ഷിക്കാൻ കൂടിയുള്ളതാണ്. സ്വാഭാവികമായും സഹോദരന്റെ ജീവരക്ഷ തന്റെ കടമയായി ഏറ്റെടുത്തുകൊണ്ട് ലാൻസ് കോർപ്പറലായ ടോം ബ്ലേക്ക് ഈ സാഹസികതയ്ക്ക് തയ്യാറാവുകയും ചെയ്യുന്നു.
 2019 -ൽ മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും, മികച്ച ഛായാഗ്രാഹകനും ഉള്ള  ഓസ്കാർ പുരസ്കാരങ്ങളും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഗോൾഡൻ ഗ്ലോബ് അവാർഡുകളും 8 ബ്രിട്ടീഷ് അക്കാദമി അവാർഡുകളും നേടിയ ചിത്രമാണ് 1917. പുറമേ അമേരിക്കൻ പ്രൊഡ്യൂസേഴ്സ് ഗിൽഡിന്റെയും ഡയറക്ടേഴ്സ് ഗിൽഡിന്റെയും ഒക്കെ അവാർഡുകൾ അതിനു ലഭിച്ചു. ലോകത്തെമ്പാടുമുള്ള ജനസമൂഹത്തിന് യുദ്ധം  ഇപ്പോഴും പ്രിയപ്പെട്ട വിഷയമാണെന്നതിനു ഉദാഹരണമാണ് ഈ ചിത്രത്തിന്റെ വിജയം. സാഹസികതയും വീരത്വവും രാജ്യസ്നേഹവും  കൈകോർത്തു പിടിച്ചുകൊണ്ട് ആളുകളുടെ ഉത്സാഹത്തെ ഉത്തേജിപ്പിക്കുകയാണ് ഏറിയകൂറും ഈ ഗണത്തിൽപ്പെട്ട ചിത്രങ്ങൾ ചെയ്യുന്നത്. എന്നാൽ ലോകം കണ്ട രണ്ട് മഹായുദ്ധങ്ങളും നിരവധി അതിർത്തിത്തർക്കങ്ങളും ആഭ്യന്തരകലഹങ്ങളും ചേർന്ന് മാനവരാശിക്ക് വരുത്തിവച്ച വമ്പിച്ച നാശങ്ങളുടെയും യാതനകളുടെയും പെരുപ്പം ഇരുത്തി ചിന്തിപ്പിച്ച സംവിധായകരുമുണ്ട്. 1917 -ന്റെ സംവിധായകനായ സാം മെൻഡസ് യുദ്ധത്തെ കാല്പനികവത്കരിക്കുകയല്ല. ദൗത്യവുമായി പോകുന്ന ടോമിന്റെയും വില്യത്തിന്റെയും ഒപ്പം കിടങ്ങുകളിലും തുറസ്സുകളിലും സഞ്ചരിക്കുന്ന റോജർ ഡ്രക്കിൻസിന്റെ ക്യാമറ ഒപ്പിയെടുക്കുന്നത് കുരുതികളുടെ നരകദൃശ്യങ്ങൾ കൂടിയാണ്. സഹോദരനെയും സ്വന്തം രാജ്യത്തിന്റെ സൈന്യത്തെയും രക്ഷിക്കാനായി ശത്രുവിന്റെ പിന്മാറ്റ ഭൂമിയിലൂടെ കൂസലില്ലാതെ പോകുന്ന ടോമിനു ദൗത്യം പൂർത്തിയാക്കാൻ പറ്റുന്നില്ല. യാത്രയ്ക്കിടയിൽ ഫാം ഹൗസിൽ വച്ച് ‘ഡോഗ് ഫൈറ്റി’നിടയിൽ (വിമാനങ്ങൾ ആകാശത്തു വച്ചു നടത്തുന്ന ഒറ്റയുദ്ധമാണ് ഡോഗ് ഫൈറ്റ്) അപകടം പറ്റി താഴെ വീണ ജർമ്മൻകാരനെ  രക്ഷിക്കുന്നതിനിടയിൽ അയാൾതന്നെ ടോമിനെ മാരകമായി മുറിവേൽപ്പിക്കുകയാണ് ചെയ്തത്. ടോം അവിടെ വച്ച് മരിച്ചു പോവുകയും ചെയ്യുന്നു. കത്തുന്ന വിമാനത്തിൽ നിന്ന് ജർമ്മൻകാരനെ ജീവൻ രക്ഷിക്കാൻ നോക്കിയതാണ് ടോം. പക്ഷേ യുദ്ധത്തിൽ രാജ്യങ്ങളെയുള്ളൂ മനുഷ്യരില്ല. അപകടകരമായ പ്രദേശങ്ങൾ പിന്നിട്ട്, പിൻവാങ്ങിയ ജർമ്മൻകാർ ഒളിപ്പിച്ചു വച്ചിരുന്ന ബോംബുകളെ അതിജീവിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ടോമിനെ വീഴ്ത്തിയത് രക്ഷിക്കാൻ നോക്കിയ പട്ടാളക്കാരനാണ്. 1917 എന്ന  സിനിമയിലെ നിർണ്ണായകമായ രംഗമാണ്, കൗതുകകരമായി ടോമും വില്യമും നോക്കി നിന്ന ‘ഡോഗ് ഫൈറ്റും’ അപകടവും അതിനെ തുടർന്നുള്ള അപ്രതീക്ഷിതമായ കൊലയും.
യുദ്ധത്തെയും പ്രതിലോമരാഷ്ട്രീയ പ്രത്യയശാസ്ത്രമായ ഫാസിസത്തെയും ചാപ്ലിൻ നോക്കിക്കണ്ട വിധം ‘ ദ ഗ്രേറ്റ് ഡിക്ടേറ്റർ‘ എന്ന ചലച്ചിത്രം, എക്കാലത്തെയും മഹത്തായ ക്ലാസിക്കുകളിലൊന്നായി നമ്മുടെ മുന്നിലുണ്ട്. 1940 ൽ പുറത്തിറങ്ങിയ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’ 1917 -ൽ നിന്നു വ്യത്യസ്തമായി രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചലച്ചിത്രമാണ്.  ഹിറ്റ്ലറും മുസ്സോളിനിയും ഹെങ്കൽ എന്നും നാപലോണിയെന്നും പേരുകളിൽ തമാശകഥാപാത്രങ്ങളായി അതിൽ പ്രത്യക്ഷപ്പെടുന്നു. ‘മഹാനായ ഏകാധിപതി’ ചാപ്ലിന്റെ ആദ്യത്തെ ശബ്ദചിത്രംകൂടിയാണ്. ചാപ്ലിന്റെ സിനിമ ആദ്യമായി സംസാരിച്ചു തുടങ്ങിയത് ഫാസിസത്തിനെതിരെയായിരുന്നു എന്നാണ് അതിന്റെ അർത്ഥം. അപരവിദ്വേഷമാണ് ഫാസിസ്റ്റുപ്രത്യയശാസ്ത്രത്തിന്റെ കാതൽ. രാഷ്ട്രസ്നേഹത്തെയും രാജ്യസേവനത്തെയും സാമാന്യത്തിലധികം പൊലിപ്പിച്ചുകൊണ്ട്, ശത്രുക്കളെ നിർമ്മിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന, നന്മതിന്മകൾ തമ്മിലുള്ള ആത്യന്തികമായ യുദ്ധത്തെ വിഭാവന ചെയ്ത് ചിന്താശക്തി ക്ഷയിച്ച ഒരു കൂട്ടത്തെ കൂടെ നിർത്തിയാണ് ഫാസിസംപോലെയുള്ള  ഹിംസയുടെ സങ്കല്പനങ്ങൾ ലോകത്ത് വേരുറപ്പിക്കുന്നത്.
യുദ്ധരംഗത്തുനിന്നാണ് ദ ഗ്രേറ്റ് ഡിക്ടേറ്ററി’’ന്റെയും തുടക്കം. ടോമാനിയ രാജ്യത്തിന്റെ ഏകാധിപതിയായ ഹെങ്കലുമായി രൂപസാദൃശ്യമുള്ള ഒരു മുടിവെട്ടുകാരൻ യുദ്ധസാഹചര്യത്തിൽ വന്നുപെട്ടു പോയതാണ്. അയാൾ അപകടം പറ്റിയ ജർമ്മൻ കമാൻഡർ ഷൂൾട്സുമായി വിമാനത്തിൽ സാന്ദർഭികമായി യാത്ര ചെയ്ത്, ഷൂൾട്സിനെ രക്ഷപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നാസി സൈനികനായ ഷൂൾട്സും മുടിവെട്ടുകാരനായ ജൂതനും അപകടകരമായി ഒന്നിച്ചു യാത്ര ചെയ്ത് അവസാനം വിമാനം നിലത്തു വന്നു പതിച്ച് രക്ഷപ്പെട്ട് രണ്ട് വഴിക്കായി പോകുന്നുവെങ്കിലും ഷൂൾട്സിന്റെ മനസ്സിലുള്ള ഉപകാരസ്മരണ, നാസി സൈനികരിൽ നിന്ന് ഒരിക്കൽ മുടിവെട്ടുകാരനെ രക്ഷിക്കാനിടയാക്കുകയും മറ്റൊരിക്കൽ രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റാൻ ഗതി വരികയും ചെയ്യുന്നുണ്ട്.  
ശത്രുഭാഗത്തുള്ള ഒരാളുമൊത്തുള്ള വിമാനയാത്ര ഒരു രാജ്യത്തിന്റെ വിധിയെ അതുവഴി മനുഷ്യരാശിയുടെ ഭാവിയെ  മാറ്റുന്ന തരത്തിലുള്ള പരിണാമമായതെങ്ങനെയെന്നാണല്ലോ ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ലെ ആ രംഗം വ്യക്തമാക്കുന്നത്. ചലച്ചിത്രങ്ങളിലെ ഒരു സന്ദർഭമോ ഒരു രൂപകമോ ഒരു പക്ഷേ ആ ചിത്രംകൊണ്ട്  സംവിധായകൻ പറയാനുദ്ദേശിക്കുന്ന കാര്യത്തെ കൂടുതൽ ശക്തമായി ധ്വനിപ്പിച്ചേക്കും. രണ്ട് ലോകയുദ്ധങ്ങൾ കഴിഞ്ഞ ചരിത്രമാണ് നമ്മുടേത്. യുദ്ധങ്ങൾ അതുവരെയുള്ള  എല്ലാം മാറ്റിമറിക്കുന്നു. അതിർത്തികളെയും പ്രത്യയശാസ്ത്രങ്ങളെയും കാഴ്ചപ്പാടുകളെയും വ്യക്തിബന്ധങ്ങളെയും സാങ്കേതികതയെയും എല്ലാം.  മനുഷ്യനിർമ്മിതമായ മഹാവിപത്താണെങ്കിലും യുദ്ധകാലം തിന്മയെ മാത്രമല്ല നന്മയെയും മൂല്യങ്ങളെയും പരിപോഷിപ്പിക്കാറുണ്ട് എന്ന കാര്യത്തിലാണ് ചാപ്ലിൻ ഊന്നൽ നൽകിയത്. രാജ്യങ്ങളോ വ്യക്തികളോ അല്ല, പൊതുവായ ശത്രുവാണവിടെ യുദ്ധം. കരുതലിന്റെയും ഇടപഴകലിന്റെയും സാഹോദര്യങ്ങളുടെയും സൗഹാർദ്ദങ്ങളുടെയുയൊക്കെ ആവശ്യകത യുദ്ധസാഹചര്യങ്ങൾ കൂടുതലായി ഊട്ടി ഉറപ്പിക്കുന്നു എന്നതിനു തെളിവായും ഈ സന്ദർഭത്തെ സ്വീകരിക്കാം.
പിന്നീട് ഓസ്കാർ എന്നറിയപ്പെട്ട അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് & സയൻസിന്റെ (AMPAS) മികച്ച ചിത്രത്തിനുള്ള ആദ്യത്തെ അവാർഡ്  ലഭിച്ചത്  വില്യം എ വെൽമാൻ സംവിധാനം ചെയ്ത വിംഗ്സിന് (1927) എന്ന മൂകസിനിമയ്ക്കാണ്. ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസിനു പുറമേ വിംഗ്സിന് ബെസ്റ്റ് എഞ്ചിനീയറിങ് എഫെക്ടിനു കൂടി സമ്മാനം കിട്ടിയിരുന്നു. ഈ വിഭാഗമാണ് പിൽക്കാലത്ത്  ദൃശ്യമികവിനുള്ള (വിഷ്വൽ എഫെക്ട്സ്) പുരസ്കാരമായി മാറിയത്. ഒന്നാം ലോകയുദ്ധകാലത്ത് ഫ്രാൻസിന്റെ സൈന്യത്തിൽ പൈലറ്റായി ജോലി നോക്കിയ വ്യക്തിയായിരുന്നു വില്യം വെൽമാൻ. ആദ്യം അഭിനയരംഗത്ത് ഒരു കൈ നോക്കിയെങ്കിലും കൂടുതൽ പൗരുഷമുള്ള ജോലി സംവിധായകന്റേതാണെന്ന് മനസിലാക്കി അങ്ങോട്ടു മാറുകയായിരുന്നു. 2018 ലെ ഏറ്റവും മികച്ച 10  ഹോളിവുഡ് ചലച്ചിത്രങ്ങളിലൊന്നായി നിരൂപകലോകം വാഴ്ത്തിയ ബ്രാഡ്‌ലി കൂപ്പറുടെ ‘എ സ്റ്റാർ ഈസ് ബോണി’ ന്റെ 1937 –ലെ ആദ്യപതിപ്പ് സംവിധാനം ചെയ്തതും വില്യമാണ്. ദ മാൻ ഹു വോൺ ആൻഡ് സെക്കന്റ് ഹാൻഡ് ലൗ (1923) ദ പബ്ലിക് എനിമി (1931) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ.
വൈമാനികനായിരുന്ന വില്യം ആ കഴിവു മുഴുവൻ വിനിയോഗിച്ചിട്ടുണ്ട്, വിംഗ്സിൽ.  അതിലെ അഭിനേതാക്കളായ ചാൾസ് റോജേഴ്സിനും റിച്ചാർഡ് ആർലനും പ്രത്യേകം പരിശീലനം നൽകിയാണ് അതിലെ വിമാനയുദ്ധ രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രീകരണരീതികൊണ്ട് അക്കാലത്തെ വലിയ വിസ്മയമായിതീർന്നു ചലച്ചിത്രത്തിലെ ആകാശരംഗങ്ങൾ. ആണുങ്ങളുടെ നഗ്നത, ആണുങ്ങൾ തമ്മിലൂള്ള ചുംബനം, സ്ത്രീയുടെ അർദ്ധനഗ്നത തുടങ്ങിയ കാലത്തിന്റെ സദാചാരമര്യാദ വിപ്ലവകരമായി ലംഘിച്ചതിന്റെ പേരിലും ‘വിംഗ്സ്’  ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല സൈനിക ഉദ്യോഗസ്ഥരുടെ പാർട്ടിയ്ക്കിടയിൽ മേശയിലൂടെ നീങ്ങുന്ന നീണ്ട ട്രാക് ഷോട്ട് സിനിമയുടെ സാങ്കേതിക മികവിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. സീലിംഗിൽ ഘടിപ്പിച്ച ഇരുമ്പുകമ്പികളിൽ ക്യാമറ തുടർച്ചയായി ചലിപ്പിച്ചാണ് ഈ ചിത്രീകരണം വില്യം വെൽമാൻ സാധ്യമാക്കിയത്.  ഉദ്വേഗത്തെയും വൈകാരിക ആവേശത്തെയും നിലനിർത്താൻ 2019 -ലെ ചിത്രമായ 1917 ലും സംവിധായകൻ സാം മെൻഡസ് ഉപയോഗിച്ചത് ഇടമുറിയാത്ത നീണ്ട ട്രാക് ഷോട്ടാണെന്ന കാര്യം ഓർക്കുക. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിൿ ചലച്ചിത്രമായ ന്യൂസ് പേപ്പർബോയിലെയും (1955)  കാലത്തെ കടന്നു നിൽക്കുന്ന ആഖ്യാനഘടകങ്ങളിലൊന്നായിരുന്നു നീണ്ട ട്രാക് ഷോട്ട്.
ജാക് പവലെന്നും (ചാൾസ്)  ഡേവിഡ് ആംസ്ട്രോങ് ( റിച്ചാർഡ്) എന്നും പേരുള്ള രണ്ടു കൂട്ടുകാരുടെയും ത്രികോണ പ്രണയത്തിന്റെയുമൊക്കെ കഥയാണ് വിംഗ്സ് പറയുന്നത്. രണ്ടു പേരും സുന്ദരിയായ സിൽവിയ ലെവിസ് (ജോബിന റാൽസ്റ്റൺ) എന്ന സ്ത്രീയെ സ്നേഹിക്കുന്നു. കൂട്ടുകാരന് അവളിൽ താത്പര്യമുണ്ടെന്നു മനസിലാക്കി ഡേവിഡ് തന്റെ പ്രണയത്തെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. പിൽക്കാലത്ത് സാഗർ, സാജൻ, എങ്ങനെ നീ മറക്കും തുടങ്ങിയ ജനപ്രിയ സിനിമകളിലെ ഇതിവൃത്തത്തിന്റെ തുടക്കം ഈ മൂകചിത്രത്തോളം പഴക്കമുള്ളതാണ്. എന്നാൽ ജാക്കിനെ ആത്മാർത്ഥമായി പ്രണയിക്കുന്ന മേരി പ്രെസ്റ്റണെ (ക്ലാര ബോ) അയാൾ ആദ്യം മനസിലാക്കുന്നുമില്ല.
ഒന്നാം ലോകയുദ്ധത്തിലെ പ്രധാനപ്പെട്ട യുദ്ധമുഖമായിരുന്ന ഫ്രാൻസിലെ സെന്റ് മിഹിയേലിൽ വച്ച് ശത്രുക്കൾ ഡേവിഡിന്റെ വിമാനം വെടിവച്ചിടുന്നു. ആ അപകടത്തിൽ അയാൾ കൊല്ലപ്പെട്ടെന്ന് എല്ലാവരും വിചാരിക്കുന്നുവെങ്കിലും അയാൾ രക്ഷപ്പെടുന്നു. പക്ഷേ യഥാർത്ഥ അപകടം ഉണ്ടാവുന്നത് അയാളുടെ ആത്മാർത്ഥ കൂട്ടുകാരനിൽനിന്നാണ്. ശത്രുപാളയത്തിൽനിന്ന് ഒരു വിമാനം കടത്തി തിരിച്ചു വരുന്ന സമയത്ത് ഡേവിഡ് പറത്തുന്ന വിമാനം ജർമ്മൻകാരുടേതാണെന്ന് കണ്ട് ജാക്ക് അതിനെ വെടിവച്ചിട്ടു. യുദ്ധരംഗത്തെ ആ വീരപ്രവൃത്തി മറ്റൊരു തരത്തിൽ അപകടകരമായി തീർന്നു. അറിയാതെയാണെങ്കിലും കൂട്ടുകാരനെ വെടിവച്ചിട്ടതിന്റെ കുറ്റബോധം ആ സന്ദർഭത്തെ നാടകീയമാക്കുന്നു. മരണാസന്നനായി കിടക്കുന്ന ഡേവിഡിൽനിന്നാണ് അയാൾ കാര്യം മനസിലാക്കുന്നത്. കുറ്റം ഒരാളുടെയല്ല, യുദ്ധത്തിന്റേതാണെന്ന് അവിടെ സംവിധായകൻ എഴുതി കാണിക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി ഡേവിഡിന്റെ കുടുംബത്തെ കണ്ട് തന്റെ തെറ്റിനു മാപ്പ് ഏറ്റു പറഞ്ഞ്, മേരിയെ ജാക്ക് വിവാഹവും ചെയ്യുന്നിടത്താണ് വിംഗ്സ് അവസാനിക്കുന്നത്. സൗഹൃദം, പ്രണയം, കുറ്റബോധം, ജനിച്ച നാടിനോടുള്ള കൂറ് എന്നിവ സൃഷ്ടിക്കുന്ന വൈകാരികാന്തരീക്ഷവും സാങ്കേതികതയുടെ സഹായത്തോടെയുള്ള ദൃശ്യവിസ്മയങ്ങളും യഥാതഥമായ പശ്ചാത്തലസൃഷ്ടിക്കുമൊപ്പം യുദ്ധം മനുഷ്യബന്ധങ്ങൾക്കെന്താണെന്ന് എന്നതിനെപ്പറ്റിയുള്ള കാഴ്ചപ്പാട് തെളിയിച്ചെടുക്കുന്നു എന്ന നിലയ്ക്കാണ് വിംഗ്സിനു മറ്റു ചിത്രങ്ങൾക്കൊപ്പം പ്രാധാന്യം കൈവരുന്നത്.  ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതിനു ഒരു മാസം മുൻപ് അമേരിക്കയിൽ റിലീസു ചെയ്ത ‘ഷോൾഡർ ആംസ്“‘ (1918) എന്ന ചാർളി ചാപ്ലിന്റെ മൂക ചിത്രവും പങ്കു വയ്ക്കുന്ന വികാരം ഇതാണ്. ലോകജനതയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച രാജ്യം എന്ന നിലയിൽ പ്രതിസ്ഥാനത്ത് ജർമ്മനിയാണെന്ന വാസ്തവവും ഇതിലെല്ലാം പൊതുവായുണ്ട്.
ചലച്ചിത്രങ്ങളുടെ ചരിത്രം നോക്കിയാൽ യുദ്ധസിനിമകളുടെ എണ്ണപ്പെരുപ്പം വളരെ വലുതാണ് എന്നു കാണാം. എല്ലാ സംവിധായകരും ഒരേതരത്തിലല്ല ഈ വിഷയത്തെ നോക്കിക്കാണുന്നത്.  വീരസാഹസികതയുടെ നിർമ്മാണം, രാജ്യഭക്തിയെ പരിപോഷിപ്പിക്കൽ, സാങ്കേതികതകൊണ്ടുള്ള ദൃശ്യവിരുന്നൊരുക്കൽ, പട്ടാളക്കാരുടെ ദൈന്യമായ ജീവിതം ചിത്രീകരിക്കൽ, സംസ്കാരങ്ങളുടെ പൂർവകാല മഹത്വം വിളംബരം ചെയ്യൽ..  അങ്ങനെ പലതും യുദ്ധചിത്രീകരണ ചിത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒരേ വിഷയത്തെ രണ്ടു രാജ്യങ്ങളുടെ വീക്ഷണക്കോണിൽനിന്ന് അവതരിപ്പിച്ച ചിത്രങ്ങളുമുണ്ട്. എലെം കിളിമോവിന്റെ ‘ കം ആൻഡ് സീ’ (1985) റഷ്യയിലെ ബലാറസിൽ ജർമ്മൻ പട്ടാളം നടത്തിയ കൂട്ടക്കൊലകളെ ഹൃദയത്തിൽ തറയ്ക്കുന്ന വിധത്തിൽ ചിത്രീകരിക്കുമ്പോൾ ജർമ്മൻ സംവിധായകനായ ജോസഫ് വിൽസ്മെയറിന്റെ ചിത്രം സ്റ്റാലിൻഗ്രാഡ് (1993)  ജർമ്മൻ കാഴ്ചപ്പാടിനെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന   ബാഹുബലി (2015) രുദ്രമദേവി (2015) ബാജിറാവു മസ്താനി (2015) പത്മാവത് (2018)  ഗൗതമിപുത്ര ശതകർണ്ണി (2017) മണികർണ്ണിക (2019)  സൈരാ നരസിംഹ റെഡ്ഡി (2019)  തുടങ്ങിയുള്ള വീരന്മാരെ കേന്ദ്രീകരിക്കുന്ന കാല്പനിക ചരിത്രങ്ങളുടെയും ബോർഡർ (1997) എൽ ഓ സി കാർഗിൽ (2003) ലക്ഷ്യ (2004) ശൗര്യ (2008) കുരുക്ഷേത്ര (2008) ദ ഗാസി അറ്റാക്ക് (2017) പരമാണു ദ സ്റ്റോറി ഓഫ് പൊഖ്റാൻ (2018) റാസി (2018) പാനിപ്പട്ട് (2019) കേസരി (2019) ഉറി ദ സർജിക്കൽ സ്ട്രൈക്ക് (2019) പോലെയുള്ള ഇന്ത്യ പങ്കെടുത്തതും ഇന്ത്യയിൽ നടന്നതുമായ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും സ്തുതിഗാഥകളുടെ ലക്ഷ്യം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഗർവിഷ്ഠമായ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ഉച്ചസ്വരത്തിലുള്ള ആഹ്വാനം മാത്രമാണ് അവയുടെ പൊരുൾ.  വികസിച്ച മാനവികബോധത്തിന് തീർത്തും അനുഗുണമല്ല അത്തരം പ്രതിപാദ്യങ്ങൾ. എങ്കിലും അവ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.  
ഏറിയകൂറും ചിത്രങ്ങളും യുദ്ധത്തെ സാമൂഹികദുരന്തമായിതന്നെ കാണുന്നതിനു പിന്നിൽ ആധുനികവും മനുഷ്യത്വപരവുമായ അവബോധങ്ങളുണ്ട്. 1914 മുതൽ 1918 വരെയുള്ള കാലഘട്ടത്തിൽ 40 ദശലക്ഷം ആളുകളെ കൊന്നൊടുക്കുകയും അതിലധികം പേരുടെ ജീവിതം പിന്നീടും ദുരന്തമാക്കി മാറ്റുകയും ചെയ്ത മനുഷ്യനിർമ്മിത പ്രതിഭാസമാണ് ഒന്നാം ലോകയുദ്ധം.  അതിൽനിന്ന് പാഠമൊന്നും ഉൾക്കൊള്ളാതെ വീണ്ടും 1939 – വീണ്ടും അത് തുടരുകയും ചെയ്തു. ഈ ഭൂതകാല മഹാദുരന്തം ചലച്ചിത്രംപോലെയൊരു കലാരൂപത്തിൽ  കയറിപ്പറ്റുന്നത് പല രൂപങ്ങളിലാണെന്ന് നമ്മൾ കണ്ടു. എത്രയൊക്കെ ദയനീയതയും ദാരുണതയും  അവകാശപ്പെട്ടാലും അതിനെയെല്ലാം ലാവണ്യാനുഭവമാക്കി പരിവർത്തിപ്പിക്കുന്ന സ്വഭാവം കലാസൃഷ്ടികൾക്കുണ്ടെന്ന കാര്യം പരിഗണിക്കുമ്പോൾ,  വിംഗ്സ്, ദ ഗ്രേറ്റ് ഡിക്ടേറ്റർ, 1917 –  എന്നീ ഒന്നും രണ്ടും ലോകയുദ്ധങ്ങളെ പ്രമേയമാക്കി മൂന്നു വ്യത്യസ്ത കാലയളവിൽ നിർമ്മിച്ച മൂന്നു ചിത്രങ്ങളിലും  കഥാഗതിയെ നിർണ്ണയിക്കുന്ന പ്രധാന സന്ദർഭമായി വിമാനങ്ങളും അവയുടെ തകർച്ചയും കടന്നുവരുന്നു എന്നു കാണാം. ഗതിവേഗം, നിലയില്ലാത്ത ഒരവസ്ഥയിലുള്ള സ്ഥാനപ്പെടുത്തൽ, വലിപ്പം, വ്യക്തിഗതമായ തീരുമാനങ്ങളിൽ അധിഷ്ഠിതമായ ഭാഗ്യനിർഭാഗ്യങ്ങൾ, അവയുടെ ദൗത്യനിർവഹണമോ പരാജയമോ വ്യക്തികളിൽ ഏൽപ്പിക്കുന്ന വൈകാരികാഘാതം  തുടങ്ങിയ യുദ്ധത്തിനുംകൂടി ബാധകമായ ഘടകങ്ങൾ കൂടിച്ചേരുന്നതിനാൽ ദൃശ്യരൂപകങ്ങൾ എന്ന നിലക്ക് പ്രത്യേക പ്രാധാന്യം ചലച്ചിത്രങ്ങളിൽ വിമാനങ്ങൾ കൈയടക്കുന്നു. യുദ്ധത്തെപ്പറ്റിയുള്ള സംവിധായകരുടെ കാഴ്ചവട്ടങ്ങളെ മാത്രമല്ല, യുദ്ധകാലാവസ്ഥകൾ നിർവചിക്കുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും അതോടൊപ്പം അവ പങ്കുവയ്ക്കുന്നു.

(പ്രഭാതരശ്മി, ജൂൺ 2020)


1 comment:

  1. 1917 എന്ന ഒന്നാം ലോകമഹായുദ്ധത്തെ
    ആസ്‌പദമാക്കി യുള്ള സിനിമയെ വിശദമായി
    വിശകലനം ചെയ്‌തിരിക്കുന്നു 

    ReplyDelete