ആർക്കു വായിച്ചാലും മനസ്സിലാവുന്ന ചില സാമ്പത്തിക കാര്യങ്ങൾ, ഭാവികേരളത്തിന്റെ ഭദ്രതയെ ലാക്കാക്കി, ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ടിലെ മുൻ ഫാക്കൽറ്റി അംഗമായ ഡോ. ജോസ് സബാസ്റ്റ്യൻ ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പിൽ (23:1161) വിശദീകരിച്ചിട്ടുണ്ട്. മാണിയും ഐസക്കും കേരളത്തെ തകർത്തു എന്നാണ് ശീർഷകമെങ്കിലും പൊതുവേ അത് ഡോ തോമസ് ഐസക്കിന്റെ സാമ്പത്തികകാര്യ നിലപാടിനോടുള്ള അഭിപ്രായഭിന്നതയാണ്. പൊതുവിഭവസമാഹരണത്തിൽ കേരളം പരാജയപ്പെട്ടെന്നും ജി എസ് ടിയെ സംബന്ധിച്ചുള്ള പല പ്രവചനങ്ങളും കേരളത്തെ സംബന്ധിച്ച് പാഴായിയെന്നും പഠന റിപ്പോർട്ടുകൾ തെറ്റായ നിഗമനങ്ങളിൽ അഭിരമിച്ചുകൊണ്ട് ഉപദേശിച്ച് കേരളത്തിനെ കടക്കെണിയിൽ അകപ്പെടുത്തുകയാണ് ചെയ്തതെന്നും ജോസ് സെബാസ്റ്റ്യൻ വാദിക്കുന്നു. കൺസൾട്ടൻസികളിൽ കോടിക്കണക്കിനു രൂപ ആ വഴി സ്വന്തമാക്കി കൊണ്ടുപോയ മുഖ്യ പ്രതിസ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാസ് & പോളിസി എന്ന സ്ഥാപനവുമുണ്ട്. കേരളാ വികസനമോഡൽ ‘വലിയ വികസനമാതൃകയാണെന്ന്’ കോറസ്സായി പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പരാജയങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നും അടിമുടി പൊളിച്ചെഴുതാതെ കേരളത്തിനു മുന്നോട്ടു പോകാൻ പറ്റില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.
കേരളത്തിലെ നികുതിഭാരം ഏറ്റവുമധികം പരിക്കേൽപ്പിക്കുന്നത് താഴെക്കിടയിലുള്ള ആളുകളെയാണെന്ന് അധികം ആരും വീണ്ടു വിചാരം നടത്താത്ത കാര്യമാണ് എന്നതാണ് അതിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണം. പെട്രോൾ, മദ്യം, ലോട്ടറി, മോട്ടോർ വാഹനം ഈ നാല് ഇനങ്ങളിലൂടെ (മാത്രം) യാണ് കേരളത്തിലെ വിഭവസമാഹരണം നടക്കുന്നത്. 1960 കളിൽ 25% ആയിരുന്ന മദ്യത്തിന്റെ നികുതി ഇപ്പോൾ 210% ആയി, രാവിലെ 5 ലിറ്റർ പെട്രോൾ അടിച്ച് (30% നികുതി) ജോലിക്കായി ഇറങ്ങുന്ന ഒരു ഓട്ടോ റിക്ഷാഡ്രൈവർ വൈകുന്നേരം കള്ളു കുടിക്കുന്ന ആളുകൂടിയാണെങ്കിൽ ( 150 രൂപയുടെ മദ്യത്തിനു നികുതി 100 രൂപ) നിത്യേന അയാളിൽ നിന്ന് സർക്കാരിലേക്ക് ചെല്ലുന്ന നികുതി 5 വീട് വച്ച് വാടകയ്ക്ക് കൊടുത്തിരിക്കുന്ന മനുഷ്യനേക്കാൾ എത്രയിരട്ടിയാണെന്നുള്ള ലളിതമായ യുക്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയെ ഒഴിവാക്കാൻ അയാൾക്കുള്ള ഏക മാർഗം ലോട്ടറിയാണ് എന്നു വിചാരിക്കുക കൂടി ചെയ്യുന്ന മനുഷ്യന്റെ ചുമൽ, അതുവഴിയും കുനിയുകയാണ് പിന്നെയും. കൂലിപ്പണിക്കാരാണ് സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നവർ എന്നാണതിന്റെ മിനിമം അർത്ഥം.
പൊതുവിഭവസമാഹരണത്തിന് ഏതു പുതിയ നിർദ്ദേശം വച്ചാലും എതിർക്കുന്ന പ്രതിപക്ഷത്തിന്റെ സംതൃപ്തിയാണ് മദ്യവർദ്ധന ലോട്ടറി എന്നിവയിലൂടെ നഷ്ടം നികത്താൻ സർക്കാരിനെനിർബന്ധതിതമാക്കി തീർക്കുന്നത് എന്നും പറയുന്നുണ്ട്. ചരക്കിനെ അടിസ്ഥാനമാക്കിയുള്ള റവന്യൂ പിരിവിന്റെ ഡേറ്റ ഇനം തിരിച്ച് കണക്കാക്കുന്ന പരിപാടി 1980 നു ശേഷം സെയിസ് ടാക്സ് വകുപ്പ് അവസാനിപ്പിച്ചത്രേ. മാണി 1983 ൽ രാജിവച്ചു പോയ സാഹചര്യത്തിലാണിത്. മാണി ചെയ്ത ഏറ്റവും വലിയ ദ്രോഹം എന്നാണിതിനെ ജോസ് സെബാസ്റ്റ്യൻ വിശേഷിപ്പിക്കുന്നത്. ഇടതുപക്ഷം വന്നിട്ടും ശാസ്ത്രീയമായ കണക്കെടുപ്പില്ല. അങ്ങനെ ആ ഭാഗം നശിപ്പിച്ചു അടുക്കിയിരിക്കുകയാണെന്ന് പറയുന്നു. കേരളം വ്യവസായ സൗഹൃദമല്ലാത്തതിന്റെ പ്രശ്നങ്ങളെയും ചൂണ്ടിയിട്ടുണ്ട്. ചെറുകിടവ്യവസായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഈ രംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ ഇപ്പോഴും. അസംസ്കൃതവസ്തുവിനു മുതൽമുടക്കു മാറ്റിവയ്ക്കുന്നതുപോലെയൊരു വിഹിതം കയറ്റിറക്കു തൊഴിലാളികൾക്കും മാറ്റിവയ്ക്കണം, അവരുടെ ബോണസ്സിനുൾപ്പടെ..
1970 കൾക്കുശേഷം ബോധപൂർവം അല്ലെങ്കിൽ കൂടി നികുതിഭാരം മധ്യവർഗത്തിൽനിന്നും സമ്പന്നവർഗങ്ങൾക്കുമേൽ പതിക്കുന്നതിനേക്കാൾ പുറമ്പോക്കുകാരുടെയും പാവപ്പെട്ടവരുടെയും ചുമലിലായതെങ്ങനെയെന്നത് അധികം ആരും ആലോചിക്കാത്ത വിഷയമാണ്. 9- 10 മണിക്കൂർ പഠിപ്പിക്കുന അദ്ധ്യാപകർക്ക് ഒന്നരലക്ഷം രൂപവരെ ശമ്പളം നൽകുന്നതുപോലെയുള്ള പരിപാടിയെ അദ്ദേഹം എതിർക്കുന്നുണ്ട്. വരുമാനത്തിന് ആനുപാതികമായല്ലാതെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതും വർദ്ധിപ്പിക്കുന്നതിനെയും. അതേസമയം വൃദ്ധരായ എല്ലാവർക്കും ജീവിക്കുന്നതിനാവശ്യമായ മാന്യമായ പെൻഷൻ നൽകേണ്ടതിനെ പിന്താങ്ങുകയും ചെയ്യുന്നു.
വാദഗതിയിലെ ശരിതെറ്റുകൾ സാമ്പത്തികശാസ്ത്രം അറിയാവുന്നവർ ഇനി വിശദീകരിക്കുമായിരിക്കും. ഡോ. ഐസക് തന്നെ വിശദീകരിച്ചു കൂടായ്കയുമില്ല. അതിന് അടുത്ത ലക്കം വരെ കാത്തിരിക്കാം. എങ്കിലും ഒറ്റവായനയിൽ തന്നെ ശരിയാണല്ലോ എന്നു തോന്നിക്കുന്ന നിരീക്ഷണങ്ങളുടെയും ബദൽനിർദ്ദേശങ്ങളുടെയും തെളിച്ചം ഡോ. ജോസ് സെബാസ്റ്റ്യന്റെ വാക്കുകളിലുണ്ട്, പക്ഷപാത രാഷ്ട്രീയത്തിന്റെ ആലഭാരങ്ങളുമില്ല.
മാധ്യമം ആഴ്ചപ്പതിപ്പ് 1162
ആര് ഭരിച്ചാലും പാവപ്പെട്ടവന്റെ കാര്യം എന്നും സ്വാഹ ..അല്ലെ
ReplyDelete