ആധുനികമായ ലോകബോധത്തോട് സംവദിക്കാനുള്ള ത്വരയാണ്
മനുഷ്യന്റെ ഒറ്റപ്പെടലിനെ കൂടുതൽ കനമുള്ളതാക്കുന്ന ഘടകം. മനുഷ്യഗണം എന്ന വ്യതിരിക്തതയില്ലാത്ത
കൂട്ടത്തിൽനിന്ന് മാറി ഒറ്റയ്ക്കുനിന്ന് സംസാരിക്കാൻ തുടങ്ങുന്ന മനുഷ്യന് താൻ എന്താണെന്നും
എന്തല്ലെന്നും നിരന്തരം വ്യക്തമാക്കിക്കൊണ്ട് സ്വന്തം ഭൂപടങ്ങൾ മാറ്റി മാറ്റി വരച്ച് പരിഷ്കരിക്കേണ്ടതുണ്ട്. അതൊരു
തുടർപ്രക്രിയയാണ്. സമൂഹത്തെ വരുതിയിലാക്കാനും സമൂഹത്തിന്റെ വരുതിയിലാവാനുമുള്ള ത്വരകളാണ്
ഏകാത്മകവ്യക്തിത്വങ്ങളുടെ ശ്രമങ്ങൾക്കെല്ലാം പിന്നിലുള്ളതെന്നുള്ളതാണ് ഈ
പ്രക്രിയയെ പ്രശ്നവത്കരിക്കുന്ന ഘടകം. ഒന്നിച്ചാവുന്നതിനായി ഒറ്റയ്ക്കു നിൽക്കുക
എന്ന അവസ്ഥയാണ് അവിടെ ഉണ്ടാകുന്നത്.
സാമൂഹികമായ സന്ധിബന്ധങ്ങൾ അയഞ്ഞ് മനുഷ്യൻ
ഏകാകിയാകുന്നതിന്റെ സന്ത്രാസങ്ങളാണ് തുടർച്ചയായ പരാജയങ്ങളുടെ ആകെത്തുകയായി
ജീവിതത്തെ നോക്കിക്കാണുന്നതിലുമുള്ളത്. സാമൂഹികജീവിതത്തിന്റെ വക്കുകളിൽനിന്ന്
വഴുതിവീഴാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ് പങ്കുവയ്ക്കപ്പെടുന്ന ഈ ആശങ്കകൾ.
ആത്മനിഷ്ഠതയ്ക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹികയാഥാർത്ഥ്യങ്ങൾ കേവലമായ നിരാശയുടെ ഭൗതികലോകത്തിലല്ല പ്രവർത്തിക്കുന്നത്, പങ്കുവയ്ക്കലിന്റേയും മുന്നറിയിപ്പിന്റേതുമായ
ഒരു ഭാവനാലോകത്തിലാണ്. ഫ്രഞ്ച്
മാർക്സിസ്റ്റ് ചിന്തകനായ ഹെൻട്രി ലിഫെവർ,
സാംസ്കാരിക ഉത്പന്നങ്ങളെ സാമൂഹിക ഇടവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതിനിടയിൽ,
സർഗാത്മകമായ പ്രവർത്തനങ്ങളുടെ ഇടം, ഭൗതികവും മാനസികവും എന്നതിലുപരി സാമൂഹികംകൂടിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. (ദ പ്രൊഡക്ഷൻ ഓഫ് സ്പെയിസ്) സ്വപ്നങ്ങളെ
നിർമ്മിക്കുന്ന പദാർത്ഥങ്ങളുടെ
ക്രയവിക്രയം തീർത്തും സാമൂഹികമായ ഉത്പ്പന്നമാണെന്ന് അർത്ഥം. പരസ്പരം
ആശ്രയിച്ചു നിൽക്കുന്ന രണ്ട് വിപരീതങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹം
ഇന്ദ്രിയസംവേദനപരമായ വിനിമയങ്ങളുടെ സാമൂഹികമായ അടിസ്ഥാനം വിശദീകരിക്കുന്നത്. ആദർശങ്ങളും സങ്കൽപ്പങ്ങളുമൊക്കെയായി ചാർച്ചയുള്ള സുതാര്യതയുടെ
മായക്കാഴ്ചയും (ഇല്യൂഷൻ ഓഫ് ട്രാൻസ്പെരൻസി) പ്രകൃതിയും യന്ത്രലോകവും ഒക്കെയായി ബന്ധമുള്ള അതാര്യതയുടെ
മായക്കാഴ്ചയുമാണ് (റിയലിസ്റ്റിൿ ഇല്യൂഷൻ) അവ. എഴുത്തുകാരനിൽ സംഭവിക്കുന്ന മാനസികമായ
ഒരു പ്രവർത്തനം, സാമൂഹികമായ പ്രവർത്തനമായി മാറുന്നത് പ്രത്യേക ‘ഇടത്തിൽ’ അത് സാക്ഷാത്കരിക്കപ്പെടുന്നതോടെയാണെന്ന് ലിഫെവർ
പറയുന്നു. അവിടെ രൂപകല്പനകൾ മാധ്യമമായിട്ട് പ്രവർത്തിക്കുന്നു. അനുഭവങ്ങൾക്ക് നൽകുന്ന ഘടന, അനുഭൂതികൾക്ക് ലഭിക്കുന്ന ഘടന തുടങ്ങിയവയുമായി
ഈ രൂപകല്പന എന്ന ഡിസൈനു ബന്ധമില്ലേ?
എഴുത്തുകാരന്റെ ഭാവനാലോകം രചനയെന്ന
ഭൗതികവസ്തുവായി രൂപം കൊള്ളുമ്പോൾ ഏകാന്തമായ ഒരു ഘോഷയാത്രയാണ് സംഭവിക്കുന്നത്. ആദർശത്തിന്റെ
ഒരു ഭാവനാലോകവും യാഥാർത്ഥ്യത്തിന്റെ ഭൗതികലോകവും തമ്മിൽ പിരിയാനാവാത്തവിധം കൈകൾ കോർത്തുപിടിച്ചാണതിൽ
പങ്കാളികളാകുന്നത്. എസ് ജയേഷിന്റെ കഥകളുടെ പശ്ചാത്തലം വാസ്തവലോകത്തിൽനിന്ന്
മാറിനിൽക്കുന്നതായി ഭാവിക്കുന്നു പലപ്പോഴും. വ്യക്തിഗതമായ അനുഭവലോകത്തെ അവ അല്പം
ഭ്രമാത്മകതയുടെ അകമ്പടിയോടെ ആവിഷ്കരിക്കുന്നു. പക്ഷേ അപ്പോഴും കഥകൾ, യഥാതഥലോകവും
തത്കാലികതയുമായി നടത്തുന്ന നീക്കുപോക്കുകൾ സാമൂഹികതയ്ക്ക് ചാർത്തുന്ന അടിവരകൾ വ്യക്തമാണ്. യാഥാർത്ഥ്യത്തിന്റെ
ചുഴിവട്ടത്തിലേക്ക് തെറിച്ചു വീഴുന്ന മനുഷ്യാവസ്ഥകൾക്ക് രേഖപ്പെടുത്തൽ
ലഭിക്കുകയാണ് അവിടെ. യഥാതഥം എന്ന് തോന്നിപ്പിച്ചുകൊണ്ട് ഭ്രമകല്പനകളെ ഇഴചേർക്കാൻ
അദ്ദേഹത്തിനു മടിയില്ലാതെ വരുന്നത് അതുകൊണ്ടാണ്. മാനസിക സംഭവങ്ങൾ (സൈക്കിക് ഇൻസിഡെന്റ്സ്) എന്ന്
ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന ക്രിയാംശങ്ങളെ കൂട്ടിയിണക്കിയാണ് ജയേഷ്
കഥയെഴുതുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരു
മനുഷ്യന്റെ മുന്നിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ഹുസ്സൻ ബോൾട്ടു
വന്നു നിന്ന് മത്സരിച്ച് തോറ്റു മടങ്ങിപ്പോകുന്ന ഒരു കഥ മുൻപ് ജയേഷ് എഴുതിയിട്ടുണ്ട്. (ബോൾട്ട്, മലയാള നാട് 2013) കഥയുടെ
പശ്ചാത്തലം ചെന്നൈ നഗരത്തിന്റെ തിരക്കും പരക്കംപാച്ചിലുമാണ്. വാസ്തവിക -
അവാസ്തവിക ലോകങ്ങൾ ആഖ്യാനത്തിൽ കീഴ്മേൽ മറിയുന്നതിന് നല്ല ഉദാഹരണമാണ് ഈ കഥയുടെ ഘടന. ജയേഷിന്റെ കഥകളിൽ കാലക്രമത്തെയും ഭൂമിശാസ്ത്ര വാസ്തവങ്ങളെയും
വ്യക്തികളുടെ പദവി വ്യത്യാസങ്ങളെയും തെറ്റിച്ചുകൊണ്ട് കഥാപാത്രങ്ങൾ
വ്യവഹരിക്കുകയും തർക്കിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ നിലയ്ക്കാണ്.
ജീവിക്കാനാഗ്രഹിക്കുന്ന ജീവിതം ജീവിക്കാനാവാതിരിക്കുക എന്ന ചിരന്തനവും സർഗാത്മകവുമായ അതൃപ്തി മാത്രമല്ല ഈ
ഭാവനാത്മക ജീവിതത്തിന്റെ പൊരുൾ. അത് പ്രധാന പങ്കു വഹിച്ചുകൊണ്ട് രചനയുടെ
പ്രേരണയായി ഒരു വശത്തു നിൽക്കുമ്പോൾതന്നെ കഥാകൃത്തിന്റെ രചനാപരമായ
ഇംഗിതങ്ങളിലൊന്ന് ജീവിക്കുന്ന സമൂഹവുമായി ഒരു സംവാദമണ്ഡലം സാധ്യമാക്കുക
എന്നതുംകൂടിയാണ്.
അടിസ്ഥാനവികാരങ്ങളെ മുൻനിർത്തിയുള്ള ഈ സംവാദം
പലപ്പോഴും കളിമട്ടിന്റെ കൗതുകം കൈയാളുന്നു. അതിന്റെ പിന്നിലും പ്രവർത്തിക്കുന്നത്, വ്യക്തിയിൽ സമ്മർദ്ദങ്ങളേൽപ്പിച്ചുകൊണ്ട്
പുരികം പൊക്കി, എതിർസ്ഥാനത്തുനിൽക്കുന്ന സമൂഹത്തെ തമാശപറഞ്ഞ് അനുനയിപ്പിക്കുക എന്ന
തന്ത്രത്തിന്റെ ഭാഗമായാണ്. ‘കാളപ്പോരിനേക്കാൾ ഉജ്ജ്വലമാണ് ഇവാന്റെ ജീവിതം’ എന്ന്
തന്റെ ഒരു കഥാപാത്രത്തിന്റെ കുറ്റവാളിജീവിതത്തെപ്പറ്റി നോബൽ സമ്മാനം കിട്ടിയ ഏണസ്റ്റ്
ഹെമിങ് വേ പറഞ്ഞതായി ഒരിടത്ത് കഥാകൃത്ത് എഴുതുന്നു. (മൂന്ന് കൊലപാതകകഥകൾ: ഒരു
ചോദ്യവും) ആ കഥയിൽത്തന്നെ ഇവാന്റെയും അലജാണ്ട്രോയുടെയും കൊലപാതക കഥകൾക്ക്
കാർട്ടൂണുകളുടെ പരിവേഷവും കുട്ടികഥയുടെ രൂപഘടനയുമാണ് നൽകിയിരിക്കുന്നത്. ക്വിറ്റിന്ത്യാസമരവുമായി ബന്ധപ്പെട്ട്
ഇന്ത്യയുടെ മുക്കിലും മൂലയിലുമായി വിന്യസിക്കപ്പെട്ട ബ്രിട്ടീഷ് ഡോക്ടർമാരുടെ
കൂട്ടത്തിൽ വരുന്ന വില്യം മക്കാർത്തിയുടെ കഥ വാസ്തവചരിത്രം എന്ന മട്ടിലാണ് പറയുന്നത്
(കൈസർ) ആ ചരിത്രത്തിനാവട്ടെ ആവർത്തനവും ഉണ്ടെന്ന് വേലായുധന്റെ ദുരന്തത്തിലൂടെ
പരിഹസിക്കുകയും ചെയ്യുന്നു. ഇരുട്ടിന്റെയും മരണത്തിന്റെ ഭീതി പടർത്തുന്ന
അന്തരീക്ഷത്തിൽ ‘ചെരുപ്പിൽ ചവിട്ടരുത് ഭായി, എന്നാണ് ഒരു കഥാപാത്രം ‘ഇരുട്ടിലേക്കു
നോക്കുന്നു’ എന്ന കഥയിൽ ആവർത്തിച്ചു പറയുന്നത്. മരണഭീതിയുടെ കൊടുമുടിയിലും നിസ്സാരമായ
പൊറുതികേടുകൾക്ക് മനുഷ്യന്റെ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനം ഉണ്ടെന്ന ഇരുണ്ട തമാശയാണത്.
ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്ന ഗുണപാഠങ്ങളും
പ്രഹേളികാ സ്വഭാവമുള്ള ചോദ്യങ്ങളും ഇല്ലാത്ത പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികളും രചനാസംബന്ധിയായ
ഗൗരവങ്ങളെ അഴിച്ചു കളയാനുള്ള ഉപാധികൂടിയാണ്. പൂർവമാതൃകകളെ ഓർമ്മിപ്പിച്ചുകൊണ്ട്
സാമ്പ്രദായിക രചനാരീതികളെ പരിഹസിക്കുക എന്ന ദൗത്യമാനവയ്ക്ക് ഉള്ളത്. ആധുനികതയുടെ കാലത്ത് മലയാള കവിതകൾ സമർത്ഥമായി നടപ്പാക്കിയതും ഇപ്പോഴും പാരഡിയും പാസ്റ്റിഷുമൊക്കെയായി തുടരുന്നതുമായ ആക്ഷേപഹാസ്യ സമ്പ്രദായമാണ് ഈ രചനാരീതി.
‘മൂന്ന് കൊലപാതകകഥകളിൽ’ അവസാനം തീർത്തും അപ്രസക്തമായ ഒരു ചോദ്യം എഴുത്തുകാരൻ
നേരിട്ട് വായനക്കാർക്കായി എഴുതിച്ചേർക്കുന്നുമുണ്ട്. “കഥാകാരൻ വേതാളത്തിനെപ്പോലെ
നിങ്ങളുടെ മുതുകിൽ കയറി ഇരിപ്പാണ്. അയാൾ ആരെയാണ് മികച്ചതായി തിരഞ്ഞെടുത്തത്?
എന്തുകൊണ്ട്?” ഇതാണ് ആ ചോദ്യം. ഈ ചോദ്യം അർത്ഥമോ ലക്ഷ്യമോ കണ്ടെത്താൻ വേണ്ടിയുള്ളതല്ല,
മറിച്ച് ഇതുപോലെയുള്ള നിരർത്ഥകമായ ചോദ്യങ്ങളിൽ കുടുങ്ങിത്തീരുന്ന
ജീവിതത്തെക്കുറിച്ചുള്ള നീരു വറ്റിയ കോമഡി പറച്ചിലാണ്. ചിരിക്കാനല്ലത്, ചിരിയെ
വിദൂരത്തിൽ നിന്നെങ്കിലും ക്ഷണിച്ചു വരുത്താനാണ്. ‘പരാജിതരുടെ രാത്രി’ എന്ന കഥയിൽ പരാജിതനായ
കവിയുടെ വാക്കുകളിലും പുതിയ കമിതാക്കളെ പരാജിതരാക്കാൻ ശ്രമിച്ച് തോറ്റുപോകുന്ന
മത്തായിയിലും പരാജിതരുടെ സംഘത്തിലെ അംഗങ്ങളുടെ തോൽവി കഥകളിലും അവരുടെ നിയമാവലി
ഉദ്ധരണികളിലും ആകെകൂടി തെളിയുന്ന നർമ്മവും പരിഹാസവും എല്ലാം ഒരു ഇളക്കം പിടിച്ച
മനസിന്റെ, തകരാറു കൂടുകെട്ടിയ ചിരിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത്തരം തകരാറുകൾ ഒന്നിച്ചു ചേർന്നാണ് സമൂഹത്തിൽ
ഉത്സവീകരണത്തിന്റെ ഓർമ്മകൾ നിർമ്മിക്കുന്നത് എന്നും പറയാം.
ആഖ്യാനത്തിൽ കഥാകൃത്തു് പുലർത്തുന്ന ഇതുപോലെയുള്ള
കളിമട്ടുകൾ ജീവിതത്തിലെ സമസ്യകൾക്കുമുന്നിൽനിന്ന് രക്ഷപ്പെടാനുള്ള ഉപാധികളാകുന്നു
എന്നുവേണം മനസിലാക്കാൻ. ജീവിതം കെട്ടിയേൽപ്പിക്കുന്ന
സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുള്ള ലളിതമായ പോംവഴി. ഈ സമ്മർദ്ദം വ്യക്തികളുടെ
സ്വാച്ഛന്ദ്യത്തിനുമേൽ മറ്റുള്ളവരുടെ ഇടപെടലുകൾകൊണ്ട് വന്നു കേറുന്നതാണ്. പ്രിയപ്പെട്ടവരുടെ വേർപാടിനെ മുൻനിർത്തി
മരണത്തെ നിർവചിച്ച ബുദ്ധന്റെ ദർശനത്തോളം പഴക്കമുണ്ട്, കൂടിച്ചേരലുകളാണ് ജീവിതം എന്ന സങ്കല്പത്തിന്. എന്നാൽ
വ്യക്തിഗതമോ സാമൂഹികമോ ആയ സമാഗമങ്ങളെല്ലാം മേൽനോട്ടങ്ങളും മേൽക്കോയ്മകളും ഇടപെടലുകളുംകൊണ്ട്
താറുമാറായി പോകുന്ന അവസ്ഥ ജയേഷിന്റെ കഥകളിലുണ്ട്. ‘പരാജിതരുടെ രാത്രി’ എന്ന
സമാഹാരത്തിലെ ഏഴ് കഥകളും പല തലങ്ങളിൽ കൂടിച്ചേരലുകളെ അസാധ്യമാക്കിത്തീർക്കുന്ന
വ്യവസ്ഥയുടെ അന്യാപദേശങ്ങളാണ്. ‘കൈസറി’ലെ അനുരായുടെയും വേലുവിന്റെയും, ‘പരാജിതരുടെ
രാത്രി’യിലെ അശോകന്റെയും രമ്യയുടെയും, ഗ്യാങ്സ്റ്ററിലെ അൻസറിന്റെ, ‘ഉരഗശയന’ത്തിലെ
ഭർത്താവിന്റെ, ഇവരുടെയൊക്കെ ദുരന്തം അടിസ്ഥാനപരമായി കൂടിച്ചേരലിനുള്ള അവസരനിഷേധങ്ങളാണ്.
‘അവരുടെ ആകാശം, ഭൂമി’യിലെ
അപ്പച്ചന്റേതാവട്ടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ കോർപ്പറേറ്റ് ഒത്താശകളുടെ
കടന്നുകയറ്റവും. നിരന്തരമായ പരാജയങ്ങളും അതിന്റെ
ആത്യന്തികപരിണാമം എന്ന നിലയ്ക്കുള്ള ആത്മനാശവുമാണ് ഈ കഥകൾ ഒന്നുപോലെ
പങ്കുവയ്ക്കുന്ന പ്രമേയപരിസരം. തടസ്സപ്പെടുന്ന സുഖാനുഭവങ്ങളെപ്പറ്റിയുള്ള
ആശങ്കകൾക്ക് ചെന്നെത്താനുള്ള പരമപദം എന്ന നിലയ്ക്ക് മരണം കഥകളിൽ സാമൂഹികമായ
ഉത്കണ്ഠകളുടെ വികസിത രൂപകങ്ങളായി പ്രത്യക്ഷപ്പെടുന്നു. ‘ഉരഗശയന’ത്തിൽ തൊട്ടടുത്തു
കിടക്കുന്ന വനജയെ ഉണർത്താനാവാത്ത വിധം നിശ്ചേഷ്ടനായി പോകുന്ന മനുഷ്യൻ
മരിക്കുകയാണ്. അയാളുടെ മരണം ഭൗതികമായ മരണമല്ല.
സ്വപ്നങ്ങളിലെ ‘ നിശ്ചലത്വം’ എന്ന അവസ്ഥയ്ക്ക്
സമാനമാണ് അത്. അയാളുടെ മനസ് പ്രവർത്തനക്ഷമമാണ്. ശരീരം ചലനരഹിതവും. ‘അവരുടെ ആകാശം,
ഭൂമി’ എന്ന കഥയിലെ അപ്പച്ചന്റെ മരണം തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. ‘ഗ്യാങ്സ്റ്ററിലെ’ അൻസറിന്റെ മരണമാകട്ടെ കൂടുതൽ പ്രതീകാത്മകവുമാണ്. കൈയിൽ ലഭിച്ചിട്ടും
വെടിപൊട്ടിക്കാനാവാത്ത തോക്ക് അയാളുടെ കാമുകൻ എന്ന അസ്തിത്വത്തെ (അതു വഴി പുരുഷൻ എന്ന ലിംഗസ്വത്വത്തെയും)
റദ്ദാക്കുന്ന മരണമാണ്. വാസനകളുടെ
സ്വതന്ത്രമായ പ്രകാശനം എന്ന നിലയ്ക്കല്ല, വേണ്ട രീതിയിൽ ജീവിക്കാൻ കഴിയാതിരിക്കുക
എന്ന പ്രതിസന്ധിയാണ് ഇവിടങ്ങളിൽ മരണത്തെ രൂപകങ്ങളായി വികസിപ്പിക്കുന്നത്.
മരണം സ്വാതന്ത്ര്യമാണെന്നുള്ളത് കഥകളിൽ ഒരു വീൺവാക്കാണ്.
ജീവിതംതന്നെയാണ് സ്വാതന്ത്ര്യം. അത്തരം പ്രഖ്യാപനങ്ങൾക്കുപോലുമുള്ള വിടവ്
സാമൂഹികജീവിതം അതിന്റെ വിലക്കുകളും സമ്മർദ്ദങ്ങളും കെട്ടിയേൽപ്പിച്ചുകൊണ്ട്
അനുവദിച്ചു തരാതെ നിൽക്കുന്നതിന്റെ അസ്വസ്ഥതയാണ് മരണത്തെക്കുറിച്ചും
കൊലകളെക്കുറിച്ചുമുള്ള നിരന്തര വിചാരങ്ങളുടെ കാതൽ. ‘മരണം വിജിഗീഷുവാണെങ്കിലും
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനൊന്നും ആയിട്ടില്ലെന്ന’ ആത്മവിശ്വാസപ്രേരിതമായ
ഉൾക്കാഴ്ചകളെ അഴിച്ചുകെട്ടുന്ന തരത്തിൽ മറ്റൊരു വഴി അവലംബിക്കുകയാണ് ഈ പുതിയ
വാങ്മയങ്ങൾ. ‘ജീവിതോല്ലാസത്തിന്റെ ഊഞ്ഞാലുകൾ തീർത്തിരുന്ന ഭൂതകാലത്തിന്റെ കയറുകൾ
വർത്തമാന സാഹചര്യങ്ങളിൽ കൊലക്കുടുക്കുകളായി’ക്കൊണ്ടിരിക്കുകയാണെന്ന വിപരീത
ദർശനത്തെ ഇവ മുന്നോട്ടു വയ്ക്കുന്നു. രചനയുടെയും അനുഭൂതിയുടെയും ചരിത്രത്തെ
മാത്രമല്ല, സാമൂഹിക രാഷ്ട്രീയ ചരിത്രങ്ങളെയും സംശയത്തോടെ കുത്തിനോക്കുന്ന പതിവ്
കഥകൾ അവലംബിക്കുന്നുണ്ട്. പല സംഭവങ്ങൾ ഒരേ സമയം ഒരുമിച്ചുകൂട്ടുന്ന ജാലകീയതയും
(വിൻഡോയിങ്) പല പ്രദേശങ്ങൾ ഒന്നായി കീഴ്മേൽ മറിയുന്ന സ്ഥലപരമായ കലക്കവും
(ലിക്വിഡിറ്റി) അതിവേഗം ദൃശ്യങ്ങൾ
മിന്നിമാഞ്ഞു പോകുന്ന തത്ക്ഷണതയും (ഫ്ലാഷിങ്) സംയുക്താഭിമുഖ്യത്തോടെ ഭൂതകാലപെരുപ്പങ്ങളെ
കഴുത്തു ഞെരിക്കുകയും ചിരിച്ചുകൊണ്ട് ദുരന്തം പറയുകയും ചെയ്യുന്ന കാഴ്ച തീർത്തും
ആകസ്മികമല്ല. കുഴമ്പുരൂപത്തിലുള്ള ഉച്ചആധുനികതയുടെ (ലിക്വിഡ് മോഡേണിറ്റി)
സ്വഭാവങ്ങളാണിവ. മറ്റു പല ഘടകങ്ങൾക്കും ഒപ്പം ആധുനിക കഥകൾ ചരിത്രത്തെ
വസ്തുതാസമാഹരണത്തിനുള്ള വിഭവമായി ഉപയോഗിക്കുന്നത് സമകാലികതയിൽ നിർത്തി അവയെ അഴിച്ചു
പണിയാനും പരിഹസിക്കാനുമാണ്. അതുവഴി രേഖീയചരിത്രത്തിന്റെ
പ്രമാണിത്തം തകർക്കുകയാണ് ആഖ്യാനങ്ങൾ ചെയ്യുന്നത്. വസ്തുതകളുടെ ഭാവനാത്മകമായ പുനഃസൃഷ്ടിയാണ്
എക്കാലത്തെയും ചരിത്രം എന്നുള്ളതുകൊണ്ട് ഇതൊരു പാതകമല്ല. മറിച്ച് രചനകൾ അവയുടെ
ചരിത്രബന്ധങ്ങളെ സ്വന്തം നിലയ്ക്ക് വിശദീകരിച്ചു തുടങ്ങുന്ന മുഹൂർത്തങ്ങളാണ്. ഇത്തരം
നാനാവിധമായ ഉദാരതകളിൽനിന്നാണ് രാത്രിയുടെയും ഇരുട്ടിന്റെയും ഉറക്കത്തിന്റെയും
പാമ്പിന്റെയും തോക്കിന്റെയും ശവത്തിന്റെയും രൂപകങ്ങൾ പരാജയത്തിന്റേതെന്ന് അടയാളപ്പെടുത്തിയ കൊടികളുമായി വന്ന്
ആധുനികമനുഷ്യനെ തൊടുന്നത്. ഉണർത്താനാണത്.
(ഗ്രന്ഥാലോകം ജൂൺ 2019)
പുസ്തകം
പരാജിതരുടെ
രാത്രി
എസ്
ജയേഷ്,
ഹൊറൈസൺ
പബ്ലിക്കേഷൻ ഹൗസ്, കൊച്ചി
വില :
100 രൂപ
ആധുനികമായ ലോകബോധത്തോട് സംവദിക്കാനുള്ള ത്വരയാണ് മനുഷ്യന്റെ ഒറ്റപ്പെടലിനെ കൂടുതൽ കനമുള്ളതാക്കുന്ന ഘടകം. മനുഷ്യഗണം എന്ന വ്യതിരിക്തതയില്ലാത്ത കൂട്ടത്തിൽനിന്ന് മാറി ഒറ്റയ്ക്കുനിന്ന് സംസാരിക്കാൻ തുടങ്ങുന്ന മനുഷ്യന് താൻ എന്താണെന്നും എന്തല്ലെന്നും നിരന്തരം വ്യക്തമാക്കിക്കൊണ്ട് സ്വന്തം ഭൂപടങ്ങൾ മാറ്റി മാറ്റി വരച്ച് പരിഷ്കരിക്കേണ്ടതുണ്ട്. അതൊരു തുടർപ്രക്രിയയാണ്. സമൂഹത്തെ വരുതിയിലാക്കാനും സമൂഹത്തിന്റെ വരുതിയിലാവാനുമുള്ള ത്വരകളാണ് ഏകാത്മകവ്യക്തിത്വങ്ങളുടെ ശ്രമങ്ങൾക്കെല്ലാം പിന്നിലുള്ളതെന്നുള്ളതാണ് ഈ പ്രക്രിയയെ പ്രശ്നവത്കരിക്കുന്ന ഘടകം. ഒന്നിച്ചാവുന്നതിനായി ഒറ്റയ്ക്കു നിൽക്കുക എന്ന അവസ്ഥയാണ് അവിടെ ഉണ്ടാകുന്നത്.
ReplyDelete