June 17, 2018

സന്ദർഭങ്ങളുടെ നിഘണ്ടുവിൽ കളികളുടെ അർത്ഥം


 മത്താപ്പ് മണി എന്നറിയപ്പെടുന്ന, കെ മണികണ്ഠൻ നായർക്ക് 5 വയസ്സുണ്ടായിരുന്നപ്പോൾ ഒരിക്കൽ, തിരുവനന്തപുരം ഗവണ്മെന്റ് പ്രസിലെ ഫോർമാനും കരുണാ പ്രിന്റേഴ്സിന്റെ സ്ഥാപകനുമായ അയാളുടെ അച്ഛൻ കരുണാകരൻ നായർ ഇന്ത്യയും റഷ്യയുമായി ആദ്യമായി കേരളത്തിൽ വച്ചു നടന്ന കളി കാണാനായി സ്റ്റേഡിയത്തിൽ കൊണ്ടുപോയി. നീലയും മഞ്ഞയുമായിരുന്നു ഇന്ത്യൻ ടീമിന്റെ വേഷം. റഷ്യക്കാർ ചുവന്ന ജേഴ്സിയിലും വെള്ള ഷോർട്സിലും. റഷ്യക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മീശമുളയ്ക്കാത്ത ഒരു പയ്യനായിരുന്നു അവരുടെ സ്റ്റാർ സ്ട്രൈക്കർ. പേര് സ്ട്രെൽസോ. കളി തുടങ്ങിയപ്പോൾ തന്നെ റഷ്യക്കാർ ചറപറാന്ന് ഗോളടിച്ചു തുടങ്ങി. ഇന്ത്യക്കാർ പന്ത് നടുവിൽകൊണ്ടുവച്ചു കിക്ക് ഓഫ് ചെയ്യുമ്പോഴേക്കും സ്ട്രെൽസോ പന്ത് തട്ടിയെടുത്ത് ഗോളടിക്കും. തോൽവിയുടെ നാണക്കേട് സഹിക്കാനാവാതെ കാണികൾ സ്തബ്ധരായിരിക്കുമ്പോൾ ഷെണ്ണപ്പ എന്ന ഇന്ത്യൻ ഗോളി ബോളുമായി പിന്നെയും ഗോളടിക്കാൻ പെനാലിറ്റി ബോക്സിലെത്തിയ സ്ട്രെൽസോയെ നെഞ്ചിൽ ഇടിച്ചു വീഴ്ത്തി. അവൻ ബോധം കെട്ടു. ഫൈനൽ സ്കോർ. ഇന്ത്യ -0. റഷ്യ - 11. ദയനീയ തോൽവി. പുറമേ ഷെണ്ണപ്പയുടെ കൊടും ചതിയും.

ഇന്ത്യക്കാർ രണ്ടു പ്രാവശ്യം അങ്ങനെ നാണം കെട്ടു. പിറ്റേന്ന് വിഷമം മാറാൻ അച്ഛൻ കരുണാകരൻ, മണികണ്ഠനുമായി ശംഖും മുഖം കടപ്പുറത്തു ചെന്നപ്പോൾ അവിടെയുണ്ട് ഇന്ത്യയെ നാണം കെടുത്തിയ കളിക്കാർ ചിരിച്ചുല്ലസിച്ചുകൊണ്ട്. കളിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പാപ്പൻ എന്ന മലയാളി, മണിയോട് ചോദിച്ചു : എന്തിനാ ഞങ്ങളെ റാസ്കൽസ് എന്നു വിളിച്ചത്? കളി തോറ്റ സങ്കടത്തിലല്ലേ? അങ്ങനെ സങ്കടപ്പെട്ടിരുന്നാൽ കാര്യങ്ങൾ നടക്കുമോ?
റഷ്യയോടും അവിടുന്നു വന്ന മീശ മുളയ്ക്കാത്ത ഒരു പയ്യനോടും തോറ്റതിന്റെ നാണക്കേട് ഇന്ത്യൻ കളിക്കാർക്കില്ലാതായതുപോലെയാണ്, അവരുമായുള്ള അഭിമുഖത്തിൽ ഇന്ത്യ തോറ്റതിന്റെയും തോൽപ്പിച്ചവരെ റാസ്കൽസ് എന്നു വിളിച്ചതിന്റെയും നാണക്കേട് മണികണ്ഠൻ നായർക്കും ഇല്ലാതായത്. “നാണം ഭാരമുള്ള വികാരമാണ്. അതില്ലാതായപ്പോൾ എനിക്ക് എവിടെയും പറന്നു നടക്കാമെന്നും എന്തും ചെയ്യാമെന്നും തോന്നി“. എന്ന് അയാൾ മകൾ രമണിക്കുട്ടിയോട് പറയുന്നു. അങ്ങനെ ബുദ്ധനായ മണിയാണ് മൂന്നു തലമുറയിലെ കൗമാരങ്ങളെ ത്രസിപ്പിച്ച മത്താപ്പ് എന്ന അശ്ലീല വാരികയുടെ പത്രാധിപരായി പിന്നീട് മാറിയത്. അശ്ലീലത്തിന്റെ പേരിൽ പോലീസ് കൊണ്ടുപോയപ്പോഴും ഉത്തരേന്ത്യൻ നടിയുടെ അർദ്ധനഗ്നചിത്രം അച്ചടിച്ചതിന്റെ പേരിൽ കോപ്പിറൈറ്റ് പ്രശ്നം വന്നപ്പോഴും അയാൾ തലയിൽ മുണ്ടിടാതെ നിന്നു.
ഇന്നലെ ഒരു സ്പെയിൻകാരന്റെ പിന്നിൽനിന്നുള്ള തള്ളാണ് റൊണാൾഡോയ്ക്ക് മൂന്നാമത്തെ ഗോളിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്. ഫ്രീ കിക്കെടുക്കുമ്പോൾ അതിനു മുന്നിൽ പന്തിന്റെ അടിയേൽക്കാൻ കോട്ടപോലെ നിൽക്കുന്ന കളിക്കാർ ഒരു ദുഃഖക്കാഴ്ചയാണല്ലോ എന്നു വിചാരിക്കുമ്പോഴേക്കും അവസാനം നിന്ന വെള്ള ജേഴ്സിക്കാരന്റെ തലയ്ക്കു തൊട്ടു മുകളിലൂടെ (അയാളുടെ തല വെട്ടിയതിന്റെ വിടവിലൂടെ എന്നും പറയാം.. പന്തിനെങ്ങനെ മനസ്സിലായെടേയ്, അയാൾ എടത്തോട്ടു തല വെട്ടിയ്ക്കാൻ പോവുകയാണെന്ന്... !) ഗോൾപോസ്റ്റിന്റെ ഇടത്തേ മൂലയിൽ ചെന്നു തട്ടി വിരാജിച്ചുംകൊണ്ട് അകത്തേയ്ക്ക് ഓടിക്കേറിയൊരു ഗോള്...!!! ഫൗളെന്നു കേൾക്കുമ്പോഴേ ആളുകൾ സ്ഥിരമായി സിദാനെയാണ് ഓർക്കുന്നത്. ഞാനിനി റോണാൾഡോയെയും ഓർക്കും! ഫൗളിന്റെ പേരിൽ കൂടുതലായി ഓർക്കേണ്ട ഒരാളെയാണ് മുകളിൽ സൂചിപ്പിച്ചത്. സ്ട്രെൽസൊ, എഡ്‌വാർഡ് സ്ട്രെൽസോ. ! പക്ഷേ അത് ഗ്രൗണ്ടിലായിരുന്നില്ലെന്നേയുള്ളൂ..

ഫുട്ബോൾ പ്രേമിയായ എൻ എസ് മാധവനെ ‘ഹിഗ്വിറ്റ‘യുടെ പേരിലാണല്ലോ ആളുകൾ കൂടുതലായി വാഴ്ത്തുകയും കുറച്ചുപേർ ഇകഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്. മുകളിലെഴുതിയ കഥ മാധവന്റെയാണ്. ‘അശ്ലീലവാരിക പത്രാധിപരും രമണിക്കുട്ടിയും‘ എന്നാണ് കഥയുടെ പേര്. അതിലെ കേവലം ഉപകഥമാത്രമാണ് തിരുവനന്തപുരത്ത് നടന്ന രാഷ്ട്രാന്തരീയ മത്സരം. മാധവൻ ബോധപൂർവം പരാമർശിച്ചുപോയ സ്ട്രെൽസോ ഒരു കേവല കഥാപാത്രമല്ല. 1958 ലെ വേൾഡ് കപ്പിൽ പങ്കെടുത്തിരുന്നെങ്കിൽ ഒരു പക്ഷേ അന്ന് 21 വയസ്സുണ്ടായിരുന്ന സ്ട്രെൽസോ ഏറ്റുമുട്ടുക 17 കാരനായ മറ്റൊരു ഇതിഹാസത്തോടായിരുന്നു, പെലെ. അന്നത്തെ സോവ്യറ്റ് ടീമിൽ സ്ട്രെൽസോ ഉണ്ടായിരുന്നില്ല. 1958 മേയിൽ, വേൾഡ് കപ്പിനുള്ള ക്യാമ്പ് നടക്കുന്നിടത്തുനിന്ന് സ്ട്രെൽസോയെ പോലീസ് അറസ്റ്റു ചെയ്തു 12 വർഷത്തേക്ക് കുലാഗിലടച്ചു. മരീന ലബഡേവ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. അതൊരു ഫൗളായിരുന്നെന്ന് ഇരുമ്പു മറയ്ക്കുള്ളിൽ പരതി കുറച്ചു പാശ്ചാത്യ പത്രപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ ഏക പോളിറ്റ് ബ്യൂറോ വനിതാ അംഗവും നികിത ക്രൂഷ്ചേവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുമായ യെകെതെരീന ഫുർട്സേവയുടെ 16 കാരി മകൾ, സ്വെറ്റ്‌ലേനയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്നതുകൊണ്ടോ കെ ജി ബി ടീമായ ഡൈനാമോയിൽ ചേരാൻ വിസ്സമ്മതിച്ചതുകൊണ്ടോ ആയിരുന്നത്രേ ഈ ചുവപ്പു കാർഡ്. പിന്നെ ചരിത്രത്തിൽനിന്നുതന്നെ ആ പേരു മാഞ്ഞുപോയി. സ്വാഭാവികം. ആ കഥ, ജൊനാഥൻ വിൽസൺ ‘ദ ഗാർഡിയനി‘ൽ എഴുതിയിട്ടുണ്ട്. എൻ എസ് മാധവൻ കഥയിൽ വിശേഷിച്ചൊന്നും പറഞ്ഞില്ല. ഒരു ഫൗളിനെക്കുറിച്ചും നാണക്കേടിനെക്കുറിച്ചും മാത്രം പറഞ്ഞു. ഒന്നുകൂടി വായിക്കുമ്പോൾ ഇക്കാര്യങ്ങളെയെല്ലാം ഒതുക്കിപ്പിടിച്ചിരിക്കുന്നു ആ കഥയും അതിന്റെ പശ്ചാത്തലവും ഉള്ളടക്കവും എന്നു തോന്നുന്നു.

എന്തെല്ലാം കളികൾ ചേർന്നാണ് ഒരു കളികാണൽ രൂപംകൊള്ളുന്നത് !

1 comment:


  1. എന്തെല്ലാം കളികൾ ചേർന്നാണ്
    ഒരു കളികാണൽ രൂപംകൊള്ളുന്നത് ...!

    ReplyDelete