റോൾ
പെക്കിന്റെ ‘ യുവാവായ കാൾ മാർക്സ്‘ (Le jeune Karl Marx - 2017) എന്ന
സിനിമയിൽ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ‘യിലെ ആദ്യത്തെ വാക്യത്തിലെ ഒരു
വാക്ക് മാർക്സ് തിരുത്തുന്ന ഒരു രംഗം ഉണ്ട്. ഏതാണ്ട് സമാനാർത്ഥമുള്ള
ബൂഗിമാൻ ( Bogeyman) എന്ന വാക്കായിരുന്നു ആദ്യം, താരതമ്യേന മോശം
കൈയക്ഷത്തിനുടമയായ ( അതുകൊണ്ട് തപാലാപ്പീസിലെ ജോലി മാർക്സിനു
നഷ്ടപ്പെടുന്നതായി കാണിക്കുന്നുണ്ട്, സിനിമയിൽ) മാർക്സിനോട്
കൈയെഴുത്തുപ്രതിയിലെ ‘ഈ വാക്കേതാണെന്ന് ഒരു വോയിസ് ഓവറിലൂടെ എംഗൽസ്
ചോദിക്കുമ്പോൾ ‘ഒരു നിമിഷം‘ എന്നു പറഞ്ഞ് അതു വെട്ടിയിട്ടാണ്, പ്രസിദ്ധമായ
മറ്റേ വാക്ക് ‘ഭൂതം‘ (spectre) കൂട്ടിച്ചേർക്കുന്നത്. അപ്പോൾ
അതിങ്ങനെയായി : ‘ യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു- കമ്മ്യൂണിസം
എന്ന ഭൂതം.'
1848 ഫെബ്രുവരിയിലാണ് ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ‘
തയ്യാറാവുന്നത്. 1912 -ൽ മലയാളത്തിൽ പുറത്തിറങ്ങിയ സ്വദേശാഭിമാനി
രാമകൃഷ്ണപിള്ളയുടെ കാറൽ മാർക്സ് എന്ന പുസ്തകത്തിൽ അത് അച്ചടിച്ചു കിട്ടിയ
തീയതി 1848 ഫെബ്രുവരി 24 ആണെന്നു സംശയമില്ലാത്ത വിധം നൽകിയിരിക്കുന്നു.
2017 ൽ ഇറങ്ങിയ ഡോ. കെ എൻ ഗണേഷ് എഴുതിയ മാർക്സിസ്റ്റു ക്ലാസിക്കുകൾ എന്ന
കൃതിയിൽ ആ വർഷം മാർച്ചിലാണ് ആ പുസ്തകം അച്ചടിച്ച് വിതരണം
ചെയ്യപ്പെട്ടതെന്നും കാണുന്നു. മാനിഫെസ്റ്റോയുടെ ആദ്യപതിപ്പിന്റെ കവറിൽ
ഫെബ്രുവരിയാണ് മാസം. ആ മാർക്സിസ്റ്റു ക്ലാസിക്കിനു പിന്നിലെ
നിരവധിരാത്രികളിലെ പെടാപാടുകൾ സിനിമയിൽ ഒറ്റരാത്രിയിലെ കൂട്ടായ
യത്നമായിട്ടാണ് കാണിച്ചിരിക്കുന്നത്. മാർക്സ്, പത്നി ജെന്നി, എംഗൽസ്,
ഭാര്യ മേരി ബേൺസ്. ഈ നാലുപേരുംകൂടിയിരുന്ന് മെഴുകുതിരി വെളിച്ചത്തിൽ
തയ്യാറാക്കുന്നതാണ് അതിന്റെ കൈയെഴുത്തുപ്രതി. പുസ്തകത്തെ തുടർന്നുണ്ടായ
കലാപങ്ങളാണ്- അവ വരുത്തിയ മാറ്റത്തെ എഴുതി കാണിച്ചുകൊണ്ടാണ് സിനിമ
അവസാനിക്കുന്നത്. 1848 ഫെബ്രുവരി 24 ന് - എന്നു വച്ചാൽ മാനിഫെസ്റ്റോ
പുറത്തിറങ്ങിയ ദിവസം - തൊഴിലാളികൾ പ്രധാന പങ്കുവഹിച്ച പാരീസ് കലാപമുണ്ടായി.
അതേ വർഷം മാർച്ച് 18 ന് ബെർലിനിൽ തൊഴിലാളികൾ കലാപമുണ്ടാക്കി.
മാർച്ചിൽത്തന്നെ ഹോളണ്ടിൽ തൊഴിലാളികൾ ബഹളമുണ്ടാക്കുകമാത്രമല്ല അവരുടെ
ആവശ്യങ്ങൾ ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വരികയും ചെയ്തു. ഇവയെല്ലാം
മാനിഫെസ്റ്റോയുടെ ഫലമായുണ്ടായ മാറ്റങ്ങളാണെന്നുള്ളിടത്താണ് സിനിമയിലെ
ഊന്നൽ.
ദ്രവ്യം, കൂലി, സാഹോദര്യം, ബൂർഷാസി, പ്രോലിറ്റേറിയൻ
(തൊഴിലാളിയല്ല പ്രോലിറ്റേറിയനുകൾ വിൽക്കാനായി അദ്ധ്വാനമല്ലാതെ
മറ്റൊന്നുമില്ലാത്തവരാണ്, പലതരം തൊഴിലാളികളിൽ ഒരു വിഭാഗം, പഴയ റോമിലെ
അടിമവർഗം) ഉത്പാദനബന്ധങ്ങൾ തുടങ്ങിയ മാർക്സിസ്റ്റു പദാവലികൾ നാടകീയമായ
സന്ദർഭങ്ങളിലൂടെ സിനിമയിൽ ഒരു പരിക്കും പറ്റാതെ കടന്നുപോകുന്ന രീതി
കൗതുകകരമാണ്. ഒപ്പം പ്രുഥോം, ബകുനിൽ, ഫോയർ ബാഹ്, വിമർശകരുടെ വിമർശനങ്ങളുടെ
വിമർശനം, കേവലരാജാധികാരം, നീതിമാന്മാരുടെ ലീഗ് ( ലീഗ് ഓഫ് ദ ജസ്റ്റ്)
തുടങ്ങി ഒരു കാലഘട്ടത്തിലെ നിർണ്ണായക വ്യക്തിത്വങ്ങളും സംഘടനകളും
സങ്കല്പനങ്ങളും. ‘മൂലധനത്തെ സിനിമയാക്കാൻ ഓരോ പേജായി എടുത്തു വച്ച് ഷൂട്ടു
ചെയ്യേണ്ടതില്ലെന്നതിന്റെ‘ വ്യക്തമായ തെളിവായി ഒരു പക്ഷേ റോൾ പെക്കിന്റെ
സിനിമ ചില ഉദാഹരണങ്ങൾ മുന്നിൽ വയ്ക്കുന്നുണ്ടെന്നു തോന്നുന്നു.
മാനിഫെസ്റ്റോയുടെ മുന്നേ നടന്ന കമ്മ്യൂണിസത്തിന്റെ മൂലതത്ത്വങ്ങളെക്കാൾ
(എംഗൽസ്) സിനിമയിൽ പ്രാധാന്യം കിട്ടിയിരിക്കുന്നത് പ്രൂഥോം എഴുതിയ
‘ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രത്തിനാണ്‘. അതിന്റെ അർത്ഥവിവക്ഷ വളരെ
വ്യക്തവുമാണ്. (മാർക്സിന്റെ പുസ്തകത്തിന്റെ പേര് : തത്ത്വശാസ്ത്രത്തിന്റെ
ദാരിദ്ര്യം)
1843 മുതൽ മാനിഫെസ്റ്റോയുടെ പിറവി (1848) വരെയുള്ള
മാർക്സിന്റെ ജീവിതത്തിലെ 5 വർഷക്കാലമാണ് സിനിമയിൽ. മാർക്സിനപ്പോൾ 30
വയസ്സ്. മലയാളത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിവർത്തനം ചെയ്തത്
ഇടപ്പള്ളി കരുണാകരമേനോനാണ്, 1932 -ൽ. പിന്നീട് ഡി എം പൊട്ടെക്കാട്ടും
വിവർത്തനം ചെയ്തു. ചിന്ത പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോ ആരാണ് വിവർത്തനം
ചെയ്തതെന്ന് ഇപ്പോൾ പുസ്തകങ്ങളിൽ എഴുതാറില്ല. കയ്യിലുള്ള, ഐജാസ് അഹമ്മദ്
പഠനമെഴുതിയിട്ടുള്ള, (ചിന്തതന്നെ പ്രസിദ്ധീകരിച്ച), കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റോയുടെ കോപ്പിയിലൊരിടത്തും 30 വയസ്സുകാരനായ മാർക്സിനെ കാണാനില്ല.
ചപ്രത്തലയും നരച്ച താടിയുമായുള്ള മാർക്സാണ് ( കൂട്ടത്തിൽ പറയട്ടേ
സിനിമയിലെ മാർക്സിന് ( അഭിനയിച്ച അഗസ്റ്റ് ഡീൽ) ചുരുണ്ട മുടിയും വരണ്ട
ചർമ്മവും വച്ച് വി സി ഹാരിസിന്റെ നല്ല ഛായ തോന്നുന്നു.. മാർക്സായി ഹാരിസ്
ഒരു നാടകത്തിൽ അഭിനയിച്ചതിന്റെ ഫോട്ടോ മനസ്സിൽ പതിഞ്ഞതുകൊണ്ടാണോ അങ്ങനെ
എന്നറിയില്ല) പോൾ ലഫാർഗും കാൾ ലീബ്ക്നെക്‌റ്റും എഴുതിയ കാൾ മാർക്സ് സ്മരണകൾ
മലയാളത്തിലും ലഭ്യമാണ്. 1850 മുതൽ വില്യം മാർക്സുമായി അടുത്തു
ബന്ധപ്പെടുന്നു. 'നേരമ്പോക്കു തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കുകയേയില്ല'
മാർക്സ് എന്നാണ് വില്യമിന്റെ ഒരു അഭിപ്രായം. ‘യുവാവായ കാൾ മാർക്സ്‘
സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യവും മാർക്സിന്റെ (അഗസ്റ്റ് ഡീലിന്റെ)
വശ്യവും പരപുച്ഛം തീരെ തീണ്ടാത്തതുമായ ചിരിയാണ്. ചിരിക്കുന്ന മാർക്സ്,
ചിരിക്കുന്ന യേശുവിനെപ്പോലെയൊരു അദ്ഭുതമാണ്. എങ്ങനെയാണ് കുരിശും ചുമന്ന്
ചിരിക്കാൻ പറ്റുക എന്നതുപോലെയൊരു ചോദ്യമാണ് എങ്ങനെയാണ് ഈ ഭയങ്കരൻ ലോകത്തെ
സൈദ്ധാന്തികമായി വിട്ടു വീഴ്ചയില്ലാതെ ചുഴിഞ്ഞു നോക്കുന്നതിനിടയിൽ
കറയില്ലാതെ ചിരിക്കാനാവുക എന്നതും. എന്നാലും റോൾ പെക്കിന്റെ സിനിമയിലുടനീളം
മാർക്സ് ചിരിക്കുന്നു! 1865 ലാണ് പോൾ, മാർക്സിനെ കാണുന്നത്. മാർക്സിന്റെ
ശരീരം ആരോഗദൃഢമാണെന്ന് പുസ്തകത്തിൽ പോളിന്റെ ഒരു നിരീക്ഷണമുണ്ട്. നേരെ
തിരിച്ചാണ് അതിനും മുൻപത്തെ മാർക്സിന്റെ ആരോഗ്യനില എന്നാണ് സിനിമയിൽ.
മദ്യപിച്ച് ഓർക്കാനവും തലവേദനയുമായിരിക്കുന്ന മാർക്സിനെപ്പറ്റി ജെന്നി,
എംഗൽസിനോട് ആധിപ്പെടുന്ന ഒരു രംഗമുണ്ട് സിനിമയിൽ.
1986 ൽ പ്രഭാത്
ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഒരു മാർക്സ് ജീവചരിത്രമുണ്ട്, ‘ഒരു പ്രതിഭ
ജനിക്കുന്നു‘ എന്നാണ് അതിന്റെ മലയാളം പേര്. എഴുതിയത് ഹെൻട്രിക്ക്
ഹെൾക്കോവ്. മാർക്സിന്റെ 1835 മുതൽ 1844 വരെയുള്ള കാലഘട്ടത്തിന്റെ
ചരിത്രമാണ്. യുവാവായ മാർക്സിന്റെ കുറച്ചുകൂടി പിന്നിലേക്കുള്ള
ഭൂതകാലത്തിലേയ്ക്കാണ് പുസ്തകം നോട്ടമയക്കുന്നത്. രാഷ്ട്രീയത്തോട്
എന്നതിലുപരി കവിതയുടെ ‘ഭൂതങ്ങളെ‘ മാർക്സ് ആവാഹിച്ചതെങ്ങനെ എന്നാണ് അതു
വിവരിക്കുന്നത്. ഇതേ പുസ്തകം ചിന്തയും പുറത്തിറക്കിയിട്ടുണ്ട്. എഴുതിയ
ആളിന്റെ പേര് ഹെൻട്രിച്ച് ഗൈംകോവ് എന്നതിനൊപ്പം തലക്കെട്ടും മാറി ‘ കാൾ
മാർക്സ് ജീവചരിത്രം' എന്നായി. റോൾപെക്കിന്റെ സിനിമ ഗോവയിൽ കാണിച്ചിരുന്നു.
IFFK ൽ അതുൾപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ ഇവിടെ ആളുകൾ ഏറ്റവുമധികം കാണാൻ
താത്പര്യം കാണിച്ചേക്കാവുന്ന ഒരു സിനിമയെ സാഹിത്യപരമായി വായിച്ചു
നോക്കിയതാണ്. ആ ജീവചരിത്ര- കാലഘട്ട സിനിമയിലെ ‘സിനിമാഘടകങ്ങൾ‘ മറ്റൊരു
നീണ്ട വിഷയമാണ്..
മാനിഫെസ്റ്റോയുടെ മുന്നേ നടന്ന കമ്മ്യൂണിസത്തിന്റെ മൂലതത്ത്വങ്ങളെക്കാൾ (എംഗൽസ്) സിനിമയിൽ പ്രാധാന്യം കിട്ടിയിരിക്കുന്നത് പ്രൂഥോം എഴുതിയ ‘ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രത്തിനാണ്‘. അതിന്റെ അർത്ഥവിവക്ഷ വളരെ വ്യക്തവുമാണ്. (മാർക്സിന്റെ പുസ്തകത്തിന്റെ പേര് : തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം) ..
ReplyDelete