എസ് ഹരീഷിന്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'
എന്ന കഥയിലെ സൂക്ഷ്മ സാന്നിദ്ധ്യമായ ശ്രീ നാരായണ ഗുരു വർഷങ്ങൾക്കുമുൻപ്
അദ്ദേഹത്തിന്റെ മറ്റൊരു കഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹരീഷിന്റെ ആദ്യകഥാ സമാഹാരമായ 'രസവിദ്യയുടെ ചരിത്ര'ത്തിലെ അതേ പേരുള്ള കഥയിൽ, ആദിദ്രാവിഡനായ തൈക്കാട്
അയ്യാസ്വാമികളുടെ ശിഷ്യന്മാരായ നാണുവും കുഞ്ഞനും വിജയിച്ച ഒരു
ആത്മീയപരീക്ഷണത്തിന്റെ ഉത്പന്നങ്ങളായി നിന്ന് പുഞ്ചിരിക്കുന്നു. ലോകസഞ്ചാരിയായ
ഡച്ചുകാരൻ ഹൂസ്റ്റാർഡിന്റെ സഞ്ചാരക്കുറിപ്പുകളുടെ ഒൻപതാം അദ്ധ്യായം എന്ന നിലയിലാണ്
ആ കഥ എഴുതിയിരിക്കുന്നത്. മലബാർ തീരത്തിന്റെ തെക്കേയറ്റത്ത് വിലകുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കുന്ന വിദ്യ കരഗതമാക്കിയ ഒരു
ദിവ്യനെ രഹസ്യമായി പിന്തുടർന്നും വിദ്യ മോഷ്ടിക്കാൻ ശ്രമിച്ചും വിദേശികൾ
നിലമ്പരിശായിപോകുന്നതിനെപ്പറ്റിയാണ് രസവിദ്യയുടെ ചരിത്രം പറയുന്നത്. അയ്യാസ്വാമികൾ
വാസ്തവത്തിൽ ഇരുമ്പിനെ ആയിരുന്നില്ല, മനുഷ്യരെയായിരുന്നു സ്വർണ്ണമാക്കിയിരുന്നത്.
ആളുകൾ തെറ്റിദ്ധരിച്ചതുപോലെ ആ വിദ്യ അദ്ദേഹം രഹസ്യമായി സൂക്ഷിച്ചതുമില്ല. ‘സൃഷ്ടിയ്ക്കുള്ള സാമഗ്രിയും സൃഷ്ടിജാലവും സൃഷ്ടാവും
ഒരാൾതന്നെ ആയിത്തീരുന്ന’ അവസ്ഥയെപ്പറ്റി ദൈവദശകത്തിൽ) ഗുരു
എഴുതിയതുപോലെ അയ്യാസ്വാമിയുടെ പരീക്ഷണശാലയിലെ ഉത്പ്പന്നങ്ങളായ അവർ, പിന്നീട് മനുഷ്യരെ
സ്വർണ്ണമാക്കുന്ന യജ്ഞത്തിന്റെ നിർവാഹകരായി മാറി.
അവിടെനിന്നും ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ കഥയിലേയ്ക്കുള്ള ദൂരം കേരളത്തിന്റെ സാംസ്കാരിക
ചരിത്രത്തിലേയ്ക്കുള്ള ഇടവഴികൂടിയാണ്. 2005 -ൽ തൃശൂർ കറന്റ് ഹരീഷിന്റെ ആദ്യസമാഹാരം
‘രസവിദ്യയുടെ ചരിത്രം’ പ്രസിദ്ധീകരിക്കുന്നു. 2017 - ലാണ് ‘മോദസ്ഥിതൻ..’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു
വരുന്നത്. 12 വർഷത്തെ അകലമുണ്ട്, രസവിദ്യയുടെ ചരിത്രത്തിലെയും മോദസ്ഥിതനിലേയും
ഗുരു ചിത്രണങ്ങൾക്ക്. കേരളത്തിലെ പ്രബലരായ രണ്ടു സമുദായങ്ങളുടെ സാംസ്കാരിക ചരിത്രം വിവാഹമെന്ന
സാമൂഹികസ്ഥാപനത്തെ മുൻനിർത്തി വിചാരണയ്ക്കെടുക്കുന്ന ഈ കഥ, ആധുനിക കേരളത്തെ
രൂപപ്പെടുത്തിയ പരീക്ഷണശാലകളുടെ കാലികമായ അവസ്ഥാന്തരത്തെപ്പറ്റിയുള്ള വിചാരങ്ങളെ
പങ്കുവയ്ക്കുന്നു എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. ജാതിയില്ലാ സമൂഹത്തിലേയ്ക്ക്
കുതിക്കാൻ വെമ്പിയ സാമൂഹിക സാഹചര്യങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ജാതി
നമ്മുടെ സമൂഹത്തിൽ ആന്തരികവത്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് കഥ
ആലോചിക്കുന്നു. അതേസമയം പ്രതിബദ്ധതാ സാഹിത്യത്തിന്റെ പ്രകടമായ ആധുനിക ഭാവങ്ങളെ കഥ
പക്ഷപാതപരമായി പിൻപറ്റുന്നുമില്ല. ഭാഷയിലെ സൂക്ഷ്മമായ പണിത്തരമാണ് ഹരീഷിന്റെ കഥയുടെ സവിശേഷത.
ശരിതെറ്റുകളെക്കുറിച്ചുള്ള തീർപ്പുകളേക്കാൾ, ഭാഷ, സംസ്കാരം, ചരിത്രം,
കുടുംബം, ഭൗതികവും ആത്മീയവുമായ വ്യവഹാരങ്ങൾ, ആൺ - പെൺ ബന്ധം, സാമ്പത്തികകാര്യങ്ങൾ
തുടങ്ങിയ ഇടങ്ങളിൽ കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങളെ സൂക്ഷ്മമായി
പിടിച്ചെടുക്കാനാണ് ‘മോദസ്ഥിതനായങ്ങ്..’ ശ്രമിക്കുന്നത്.
മുകളിലേക്ക് എത്തിപ്പിടിക്കാൻ വെമ്പുന്ന വളരെ സ്വാഭാവികം എന്നു
കരുതപ്പെടുന്ന ഒരു സാമൂഹിക നിലപാടും പാരമ്പര്യത്തിന്റെ ഊരിമാറ്റാനാവാത്ത
കെട്ടുപാടുകളും ചേർന്നാണ് കഥയിലെ സംഘർഷത്തെ നിർണ്ണയിക്കുന്നത്. ഗുരുവിന്റെ
ദർശനങ്ങളിൽനിന്നുള്ള പിന്മടക്കം എന്നു സംശയിക്കാവുന്ന ചില സന്ധികൾ (വർക്കലയിലെത്തിയ
വണ്ടിയുടെ പാളൽ, വിലക്കിയ കള്ളുകച്ചവടത്തിലൂടെത്തന്നെ കുടുംബം നേടിയ സാമ്പത്തികഭദ്രത,
പൂമുഖത്തെ ചിത്രം മാറ്റൽ) ആ സംഘർഷത്തെ നിർണ്ണായകമാക്കിത്തീർക്കുകയും ചെയ്യുന്നു.
സമകാലിക കഥകളുടെ സ്വഭാവത്തിനു വിരുദ്ധമായി ഈ കഥ സൂക്ഷിക്കുന്ന നിർമമത്വം
പ്രധാനമാണ്. സംഘർഷങ്ങളിലില്ലാത്ത ഒത്തുച്ചേരലിനെയാണ് കഥ ആഘോഷിക്കുന്നത്. അനുനയങ്ങളുടെ
ഈ വിദ്യയെ സംശയത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഏക സൂചകം, ഗുരു
ചിത്രത്തിന്റെ സ്ഥാനമാറ്റമാണ്. വാദങ്ങൾ ചെവിക്കൊണ്ടും മത(ജാതി)പ്പോരുകൾ കണ്ടും
ഭേദാദികൾ കൈവിട്ട് മലപോലെ ഒന്നിലും കുലുങ്ങാതെ, മോദത്തിൽ വസിക്കുന്ന ഒരാളായാണ്
കുമാരനാശാൻ ഗുരുവിനെ വിഭാവന ചെയ്യുന്നത്. ആത്മീയമായ ധ്വനികളെ മാറ്റി നിർത്തിയാൽ
ഇതിന്റെ ആശയം സ്ഥിരമായ ദൃക്സാക്ഷിത്വമാണ്. ‘രസവിദ്യയുടെ ചരിത്ര’ത്തിൽ മനുഷ്യരെ സ്വർണ്ണമാക്കുന്ന അപൂർവസിദ്ധിയോടെ
അയ്യാസ്വാമികളുടേ ആലയിൽനിന്നും പുറത്തിറങ്ങുന്ന നാണു എന്ന സന്ന്യാസി, ‘മോദസ്ഥിതനിൽ..’ ഇടപെടൽശേഷി നശിച്ച ബിംബമായും മാറ്റിവയ്ക്കപ്പെടാവുന്ന
ഒരു ചിത്രമായും മാറുന്നതിന്റെ ചരിത്രം, കേരളത്തിന്റെ സാമൂഹികപരിണാമങ്ങളോട് അനുബന്ധിച്ചുള്ള
ഒട്ടനവധി കാര്യങ്ങളിലേക്ക് ചുഴിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ക്ഷണപത്രംകൂടിയാകുന്നു.
നിർവാഹകത്വത്തിൽനിന്ന് ദൃക്സാക്ഷിത്വത്തിലേക്ക് നവോഥാന നേതൃത്വങ്ങളെ വഴി നടത്താനുള്ള ഉത്സാഹങ്ങളെ നോക്കി
പുഞ്ചിരിച്ചുകൊണ്ട് ഈ കഥ, അനുനയത്തിന്റെ പാതയിലൂടെ വിചാരണയും
കുലുക്കവുമൊന്നുമില്ലാതെ സ്വച്ഛന്ദം കടന്നുപോകാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന
സമൂഹത്തിന്റെ ദൃക്സാക്ഷിത്വത്തെയും അതിന്റെ ശീർഷകംകൊണ്ടുതന്നെ ഒന്നു കളിയാക്കി
വിടുന്നുണ്ട്.
ചിത്രം : http://tasveergharindia.net
സമകാലിക കഥകളുടെ സ്വഭാവത്തിനു വിരുദ്ധമായി ഈ കഥ സൂക്ഷിക്കുന്ന നിർമമത്വം പ്രധാനമാണ്. സംഘർഷങ്ങളിലില്ലാത്ത ഒത്തുച്ചേരലിനെയാണ് കഥ ആഘോഷിക്കുന്നത്. അനുനയങ്ങളുടെ ഈ വിദ്യയെ സംശയത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഏക സൂചകം, ഗുരു ചിത്രത്തിന്റെ സ്ഥാനമാറ്റമാണ്. വാദങ്ങൾ ചെവിക്കൊണ്ടും മത(ജാതി)പ്പോരുകൾ കണ്ടും ഭേദാദികൾ കൈവിട്ട് മലപോലെ ഒന്നിലും കുലുങ്ങാതെ, മോദത്തിൽ വസിക്കുന്ന ഒരാളായാണ് കുമാരനാശാൻ ഗുരുവിനെ വിഭാവന ചെയ്യുന്നത്. ആത്മീയമായ ധ്വനികളെ മാറ്റി നിർത്തിയാൽ ഇതിന്റെ ആശയം സ്ഥിരമായ ദൃക്സാക്ഷിത്വമാണ്. ‘രസവിദ്യയുടെ ചരിത്ര’ത്തിൽ മനുഷ്യരെ സ്വർണ്ണമാക്കുന്ന അപൂർവസിദ്ധിയോടെ അയ്യാസ്വാമികളുടേ ആലയിൽനിന്നും പുറത്തിറങ്ങുന്ന നാണു എന്ന സന്ന്യാസി, ‘മോദസ്ഥിതനിൽ..’ ഇടപെടൽശേഷി നശിച്ച ബിംബമായും മാറ്റിവയ്ക്കപ്പെടാവുന്ന ഒരു ചിത്രമായും മാറുന്നതിന്റെ ചരിത്രം, കേരളത്തിന്റെ സാമൂഹികപരിണാമങ്ങളോട് അനുബന്ധിച്ചുള്ള ഒട്ടനവധി കാര്യങ്ങളിലേക്ക് ചുഴിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ക്ഷണപത്രംകൂടിയാകുന്നു. നിർവാഹകത്വത്തിൽനിന്ന് ദൃക്സാക്ഷിത്വത്തിലേക്ക് നവോഥാന നേതൃത്വങ്ങളെ വഴി നടത്താനുള്ള ഉത്സാഹങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഈ കഥ, അനുനയത്തിന്റെ പാതയിലൂടെ വിചാരണയും കുലുക്കവുമൊന്നുമില്ലാതെ സ്വച്ഛന്ദം കടന്നുപോകാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ദൃക്സാക്ഷിത്വത്തെയും അതിന്റെ ശീർഷകംകൊണ്ടുതന്നെ ഒന്നു കളിയാക്കി വിടുന്നുണ്ട്.
ReplyDelete