May 23, 2017

മരുഭൂമിയിലെ മുഴ



എ ഹോളോഗ്രാം ഫോർ ദ കിങ്‘ എന്ന സിനിമയിലെ കഥ രണ്ടു ചരിത്ര സംഭവങ്ങൾക്കിടയിലാണ് നിൽക്കുന്നത് ഒന്ന് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം രണ്ട് അറേബ്യൻ മുല്ലപ്പൂ വിപ്ലവം. 2010 ലെ കഥ,  2016 - ൽ  ഇറങ്ങിയ സിനിമയിൽ കാണുമ്പോൾ അതിന് കാര്യങ്ങളെ കുറച്ചുകൂടി അടുത്തുകാണാനുള്ള കണ്ണ് ലഭിച്ചിട്ടുണ്ടെന്നു വേണം മനസ്സിലാക്കാൻ. ഒറ്റവരിയിൽ കഥ ഏറ്റിറക്കങ്ങളില്ലാതെ ആർക്കും തീർപ്പുകൽപ്പിക്കാവുന്ന ഒരവസാനമുള്ള,   പാശ്ചാത്യ കേന്ദ്രിതമായ വീക്ഷണക്കോണുകൾ അവലംബിക്കുന്ന ഒരു സിനിമയാണ്. അമേരിക്കക്കാരൻ എവിടെ വരുമ്പോഴും അവിടത്തെ ആളുകളേക്കാൾ മുന്നിലാകും അയാൾ. അവിടത്തെ പെണ്ണ് അയാളെ കേറി പ്രേമിക്കും. നടപ്പുരീതിയതാണ്. പക്ഷേ സംവിധായകൻ റൺ ലോലാ റണ്ണും ( 1998) ത്രീയും (2010) ഒക്കെ എടുത്ത  ജർമ്മൻകാരൻ ടോം ടൈക്കറാകുമ്പോൾ കസേരയിൽ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്ന് സിനിമ കാണാതിരുന്നാൽ അതൊരു നഷ്ടമല്ലേ?

ചരിത്രവും സിനിമാതന്ത്രങ്ങളും അവിടെ നിൽക്കട്ടെ. ചിത്രത്തിന്റെ ശീർഷകത്തിലെ ഹോളോഗ്രാം എന്ന രൂപകത്തിലാന് എന്റെ പിടുത്തം. സാമ്പത്തികമാന്ദ്യം അമേരിക്കക്കാരനെയും ജീവിതത്തിൽ വഴിമുട്ടിച്ച്, വെയിലിന്റെയും മണലിന്റെയും സ്വപ്നത്തിന്റെയും ഇടമായ സൗദി അറേബ്യയിൽ എത്തിക്കുന്നതാണ്  കഥ. അയാൾ വരുന്നത് ഹോളോഗ്രാം - കൊണ്ടുള്ള ആശയവിനിമയ വിദ്യ-  രാജാവിനെ കാണിച്ച് വിൽക്കാനാണ്.  ആ ഡീൽ ഒരു  ചൈനീസ് കമ്പനി പകുതി വിലയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ് കൈക്കലാക്കിക്കൊണ്ടു പോകുന്നതോടെ അലൻ ക്ലേ - മറ്റാര്?  നമ്മുടെ ടോം ഹാങ്ക്സ് - എന്ന അമേരിക്കക്കാരൻ വന്നതുപോലെ വെയിലത്ത്  തിരിയെ നിൽക്കുന്നതാണ് സിനിമയിലെ കാഴ്ച.  അയാൾ ഉടനെയൊന്നും അമേരിക്കയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ ജീവിതത്തിന് ഒരു  ഊർജ്ജമൊക്കെ ഉണ്ടായെന്നും മറ്റൊരു ജോലി ചെയ്യാൻ പോവുകയാണെന്നും അവസാനം അയാൾ മകൾക്ക് ഇ- മെയിൽ അയക്കുന്നു. സിനിമ തീരുന്നു.

ഇയാളീ പറയുന്ന ഊർജ്ജം ഒരു സൗദി യുവതിയാണ്. പേര് സഹ്ര. ഡോക്ടറാണ്. അഭിനയിക്കുന്നത് കാമസൂത്രയിലും മിസിസ്സിപ്പി മസാലയിലും മീരാനായരോടൊപ്പവും ‘ലേഡി ഇൻ ദ വാട്ടറിൽ‘ മനോജ് ശ്യാമളനോടൊപ്പവുമുണ്ടായിരുന്ന, പകുതി ഇന്ത്യക്കാരിയായ സരിതാ ചൗധരിയാണ്. അമേരിക്കൻ - സൗദി പ്രേമബന്ധമാണ് കഥയിലെ കാര്യം. പക്ഷേ അതല്ല.. സിനിമയെ ഒട്ടാകെ പൊതിഞ്ഞു നിൽക്കുന്ന,  ജീവിതം എന്നു പറയുന്നത് ഒരു പൊള്ളവസ്തുവാണ് എന്ന തീമാണ്  കഥയെ വെടിപ്പാക്കുന്നത്. ശൂന്യമായ മരുഭൂമിയിൽ ‘ആസ്ഥാനനഗരം‘ പണിയുക എന്ന  അബ്ദുള്ള രാജാവിന്റെ ഭ്രമാത്മകമായ സ്വപ്നം സാക്ഷാത്കരിക്കാനാണ് കുറേ ജോലിക്കാരും പിന്നെ അലനെപോലെയുള്ള വില്പനക്കാരും.  (അവിടെ വച്ചിരിക്കുന്ന കെന്റക്കിയുടെയൊക്കെ പരസ്യം വെറുതെയാണെന്നും നമുക്ക് അവരുമായി ഡീലൊന്നും ഇല്ലെന്നും ഇടയ്ക്കൊരു കഥാപാത്രം അലനെ അറിയിക്കുന്നുണ്ട്.) രാജാവ് പണിയാൻ ആഗ്രഹിക്കുന്ന ഒരു വമ്പൻ നഗരം എന്ന നിലയിൽ അതൊരു ഹോളോഗ്രാമാണ്, അധികാരത്തിന്റെ.
മരുഭൂമി ഉണ്ടെന്നു തോന്നിക്കുന്നതും എന്നാൽ ഇല്ലാത്തതുമായ കാനൽജലങ്ങളുടെ സ്ഥലമാണല്ലോ. കാനൽജലം എന്ന  രൂപകമാണ് സിനിമ പണിഞ്ഞിരിക്കുന്ന അടിത്തറ. 

അലൻ വിൽക്കാൻ വരുന്നത് ഹോളോഗ്രാമാണ്. വിൽപ്പനയോടെ താൻ പച്ച പിടിക്കുമെന്നത് അയാളുടെ സ്വപ്നമാണ്, നിലനിൽപ്പിന്റെ.

അയാളുടെ ശരീരത്തിൽ ഒരു മുഴയുണ്ട്. അത് ക്യാൻസർ ആകാം. അതിനെ ഒരിക്കൽ കത്തികൊണ്ട് കുത്തിക്കീറാൻ മദ്യത്തിന്റെ ലഹരിയിൽ അയാൾ ശ്രമിക്കുന്നു. ആ മുഴ, തന്റെ കൂടെയുള്ള പൊള്ളയായ ഒന്നിന്റെ ഒരു രൂപകമാണ്, അവസ്ഥകളുടെ.

സഹ്രയെകൂടാതെ ഒരു അമേരിക്കക്കാരിയുമായും അയാൾ അവിടെ ഒരു ബന്ധം ഉണ്ടാക്കുന്നുണ്ട്, ബന്ധങ്ങൾതന്നെ രൂപകങ്ങളാണ്. അയാളുടെ ഭാര്യ നേരത്തേ അയാളെ ഉപേക്ഷിച്ചു.  

കർശന നിയന്ത്രണങ്ങളുള്ള സൗദിയിൽ അമേരിക്കൻ എംബസിയ്ക്കകത്ത് അമേരിക്കക്കാർ കുടിച്ചു കൂത്താടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യമുണ്ട്. അതും ഒരു കാനൽജലമാണ്. അവസാനം അർദ്ധനഗ്നയായ സഹ്രയുമായി കടൽവെള്ളത്തിൽ ഊളിയിടുന്നതാണ് അയാൾ പ്രണയത്തിൽ ആണ്ടുമുങ്ങുന്നതിന്റെ ഒരു ദൃശ്യഭാഷ, നോക്കുമ്പോൾ എല്ലാം  ഒരു ത്രിമാന ഛായാചിത്രത്തിന്റെ മട്ടിലുള്ള ഒരു ആശയവിനിമയ സംവിധാനമാണ്. ഏതു നേരം വേണമെങ്കിലും അവ  നമ്മളെ ഒറ്റപ്പെടുത്തിക്കൊണ്ട് തകരാറിലാകാം.

സൗദിയിലെ ആളുകളും അലൻ എന്ന അമേരിക്കക്കാരനും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രശ്നത്തെയും സിനിമ ചിരിയോടെ നേരിടുന്നതും ഈ നിലയ്ക്കാണ്.  പതിവു രീതിയിൽ ഏതു അപരദേശത്തും ഒരു യൂറോപ്യൻ അവന്റെ ഭാഷ സംസാരിക്കുന്ന ഒരു പ്രാകൃതജീവിയെക്കാണും. ഇവിടെയുമുണ്ട് ( അലക്സാണ്ടർ ബ്ലാക്ക് അഭിനയിച്ച യൂസഫ് എന്ന ടാക്സിക്കാരൻ) വഴിയിലൊരിടത്ത് വച്ച് ഫോട്ടോ എടുത്തു കറങ്ങി നടക്കുന്ന അലനെക്കണ്ട് ‘നിങ്ങളെന്താ സി ഐ എ കാരനാണോ എന്ന ഒരു സൗദിക്കാരൻ തമാശയ്ക്കു ചോദിച്ചപ്പോൾ അലൻ തിരിച്ച് അതുപോലെ തമാശയ്ക്ക് പറഞ്ഞ മറുപടി, ‘ഇടയ്ക്ക് ഫ്രീലാൻസ് പണി അവർക്കു വേണ്ടിയും എടുക്കാറുണ്ടെന്നാണ്‘. അതോടെ സൗദിയുടെ മുഖം കറുക്കുന്നു. സൗദിക്കാരനായ യൂസഫ്,  അലന്റെ തമാശയെ എയർപോർട്ട് സെക്യൂരിറ്റിക്കാരോട് ബോംബിനെപ്പറ്റി പറയുന്നതുപോലെയുള്ള തമാശ എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത ജീവിതശൈലികളും  വീക്ഷണങ്ങളുമായി രണ്ടു രാജ്യങ്ങൾ മുഖാമുഖം, ഒരു തമാശയ്ക്ക് അപ്പുറവും ഇപ്പുറവും, ജീവന്മരന പോരാട്ടം പോലെ. എന്നു വച്ചാൽ ഒരു ത്രിതല ആശയവിനിമയ സംവിധാനത്തിൽ , അമേരിക്കയും അറേബ്യയും.!

കഥാപാത്രങ്ങളെയും സംഭവങ്ങളെയുംപോലെയല്ല തത്ത്വചിന്തകളെ രൂപകങ്ങളിലാക്കി  പണിയെടുക്കുന്നത്. ജീവിതത്തിന്റെ മുഴുവൻ കല്ലുകളും ഇളകി ആടി നിൽക്കുന്ന ഒരു മനുഷ്യനാണ് ത്രിമാന ആശയവിനിമയ സംവിധാനം വിൽക്കാൻ എത്തുന്നതെന്നൊരു കാര്യം കൂടി പറയണം. 6 മണിവരെ ഉറക്കം വാരാതെ കിടക്കയിൽ കിടക്കുക., ഇടയ്ക്കൊന്നു കണ്ണടച്ചിട്ടു തുറക്കുമ്പോൾ  മണി പത്തായെന്ന് കണ്ട് ഓഹ്ഹ്.. ഓഹ്ഹ്.. എന്ന വെപ്രാളപ്പെടുക, . വേണം- വേണ്ടാതെ കള്ളുകുപ്പിയെടുത്ത് അല്പം മനം പിരട്ടലോടെ രുചിച്ചിട്ട്,  രാത്രി കണ്ണുംതുറന്നുവച്ച്  കുപ്പി മുഴുവൻ തീർക്കുക. അറിയാതെ ഉറങ്ങിപ്പോയിട്ട് മുറിയുടെ കർട്ടൻ മാറ്റുമ്പോൾ പകലിന്റെ മുഴുവൻ വെളിച്ചവും വന്ന് കണ്ണിലടിക്കുമ്പോൾ വിശ്വസിക്കാനാവാതെ ഞെട്ടുക.. അപകർഷം,  ആത്മവിശ്വാസക്കുറവ്..രണ്ടുംകൊണ്ട് ഏതു കസേരയിലിരുന്നാലും ഇരിപ്പ് ശരിയാവാതെ താഴെ വീഴുക.. ആടി നിൽക്കുന്ന ഒരു ജീവിതത്തെ അതിന്റെ മുഴുവൻ ഭാവങ്ങളോടെയും പല മാനങ്ങളിൽ ( ഹോളോഗ്രാമിലെപോലെ 3ഡിയിൽ മാത്രമല്ല) അഭിനയിച്ചു ടോം ഹാങ്ക്സ് കസറിയിട്ടുണ്ട്.. വയസ്സ് 61.  എൺപതിൽ തുടങ്ങിയ പണിയാണ്. തൊട്ടതെല്ലാം ഒരുമാതിരി പൊന്നാക്കിയിട്ടുമുണ്ട്.. അപ്പോൾ പിന്നെ പറയേണ്ടല്ലോ. ഇയാൾ എവിടെയൊക്കെ വന്ന് നമ്മളെ തൊടുന്നു, നമ്മുടെ ഭൂതകാലത്തെ തോണ്ടി വിളിക്കുന്നു, നമ്മുടെ ഭാവിയെ ചൂണ്ടിത്തരുന്നു.

1 comment:

  1. ഇയാൾ എവിടെയൊക്കെ വന്ന് നമ്മളെ തൊടുന്നു,
    നമ്മുടെ ഭൂതകാലത്തെ തോണ്ടി വിളിക്കുന്നു, നമ്മുടെ ഭാവിയെ ചൂണ്ടിത്തരുന്നു.

    ReplyDelete