March 16, 2017

വെളുപ്പെങ്ങനെ ചുവപ്പായി ?



തിരുവഞ്ചൂർ രാധാകൃഷ്ണൻ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിക്കുന്നതായി ഭാവിക്കുന്നൊരു ട്രോളിൽ സിനിമയുടെ പേര് ‘മെക്സിക്കൻ അപാകത’ എന്നാണ് പിള്ളേര് എഴുതിവച്ചിരിക്കുന്നത്. ഓർത്താൽ അതൊരു സത്യപ്രസ്താവനയാണ്. തമാശയല്ല. തിരുവഞ്ചൂരു പറയുന്നതായി ഭാവിക്കുന്നതിലേ അപാകതയുള്ളൂ. ഖദറിട്ടുകൊണ്ടിരുന്ന് ‘ഒരു മെക്സിക്കൻ അപാകത‘യ്ക്ക് ‘മികച്ഛ ചിത്ര’ത്തിനുള്ള അവാർഡു പ്രഖ്യാപിക്കുന്നതു വഴിക്കുള്ള ചെറിയ ഹാസ്യവും. ബാക്കിയെല്ലാം ശരിയാണ്. ഇത്തവണത്തെ സമകാലിക മലയാളം വാരികയുടെ പിന്നാമ്പുറം പേജിലും ഈ അപാകതയാണ്. മഹാരാജാസിന്റെ വർത്തമാനകാലം നിന്നു കത്തുമ്പോൾ, എങ്ങനെ കുളിരുന്നൂ മി.ഇമ്മട്ടിയ്ക്ക് ഈ ഭൂതകാലം എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റാണ് അവിടെ. 

അനുഭവത്തെ വിശകലനം ചെയ്യുന്നതു വേറൊരു രീതിയാണ്. അനുഭവത്തെ ഉൾക്കുളിരാക്കുന്നത് മറ്റൊന്നും. തീവ്രമായ ചില വിശ്വാസങ്ങൾ വന്നു തള്ളുമ്പോൾ അതാവിഷ്കരിച്ചുപോവുക വലിയ അപരാധമൊന്നും അല്ല. കണ്ടിട്ടില്ലേ, പിള്ളാരുടെ ഉൾക്കുളിർ പോസ്റ്റുകൾ? ‘ബസ്സിൽ വച്ച് ചേച്ചി, ഒരു മാതൃകാ ആദർശം കണ്ട് ‘ആർ എസ് എസ് കാരനാണോ’ എന്നു ചോദിച്ചത്, അതേ ചേച്ചി തിരിച്ചു വരുമ്പോൾ അതേ വോൾടേജിലുള്ള മറ്റൊരു ആദർശം കണ്ട് ‘കമ്മ്യൂണിസ്റ്റുകാരനാണോ’ എന്നും ചോദിച്ചത്. ഫോൺ വിളിക്കുന്നതിനു മുൻപേ, സാക്ഷാൽ പിണറായി വിജയൻ തന്നെ വന്ന് ലൈൻ നന്നാക്കിക്കൊടുത്തിട്ട് ഒരു നന്ദിവാക്കുപോലും കേൾക്കാൻ നിൽക്കാതെ ഓട്ടോറിക്ഷയിൽ കേറി ഗൃഹാതുരത്വം ഇല്ലാതെ മടങ്ങി പോകുന്നത് ! അതിന്റെ കൂടിയ രൂപമായും സിനിമയ്ക്ക് അവതരിച്ചുകൂടേ? വിശ്വാസമല്ലേ എല്ലാം..  അതുകൊണ്ട് വിശ്വാസികൾക്ക് അകത്തിരുന്ന് കൈപൊക്കി ‘ഹാലേലൂയാ’ വിളിക്കാം. അല്ലാത്തവർക്ക് പുറത്തു നിന്ന് തമാശ കാണാം..ഏതു നിലയ്ക്കായാലും  സംസ്കാരപഠനത്തിന് നല്ല വിഭവവുമാണ്.. പൊടി തട്ടിയെടുക്കണമെന്നേയുള്ളൂ..

മെക്സിക്കോ എന്ന മുറിയിലെ പ്രേതസാന്നിദ്ധ്യം വിപ്ലവവീര്യം കൂട്ടാൻ ഇറങ്ങി നടക്കുന്നത് ഒരു വഴിതെറ്റലാണ്. ആദർശത്തിന്റെ ആൾരൂപമായ കമ്മ്യൂണിസ്റ്റ് സഖാവിനെ അനാക്രികളുടെ പാട്ടിന്റെ ഉദ്ഘാടനത്തിനു വരുത്തിയതും അനാമത്താണ്.  വിപ്ലവം തീപാറിക്കണമെങ്കിൽ പെണ്ണിൽനിന്നു വിടുതിവേണമെന്നൊരു കാൽപ്പനിക സ്വപ്നംകൂടി അകത്തു പാറി കളിക്കുന്നുണ്ട്. മറ്റൊരാളിന്റെകൂടെ പോയതല്ല, പ്രണയം അസ്ഥിക്കു പിടിക്കും മുൻപ് തന്റെ കാമുകനെ ഉപകാരിയായ സുഹൃത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അനു ചെയ്തത്. എന്നിട്ടും അതിലൊരു വഞ്ചനയുണ്ടെന്ന മട്ടിലാണ് പോളിന്റെ തദ്വാരാ കഥാകൃത്തിന്റെ മസിലു പിടിത്തം. ആത്മീയ ജീവിതത്തിനുതകാത്തതാണ് പെണ്ണെന്ന് നമ്മുടെ ആചാര്യന്മാർ വിചാരിച്ചുവശായിരുന്നതുപോലെ വിപ്ലവംകൊണ്ട് മസിലുപിടിക്കാൻ പെണ്ണ് ഒരു അപാര തടസ്സമാണെന്ന് ടോം ഇമ്മട്ടിക്ക് ദർശനംകിട്ടിയതുപോലെയുണ്ട്.

 ജോമീ എന്ന കറുത്ത കഥാപാത്രമുണ്ട് സിനിമയിൽ ആദ്യാവസാനക്കാരനായിട്ട്, അയാളെ എവിടെയും പിന്നെ കാണുന്നില്ല. സിനിമയുടെ ഒരു ആഘോഷത്തിലും അയാളില്ല. അയാൾക്ക് വീട്ടിൽ അഞ്ചു സഹോദരിമാരാണ്. പോരാത്തതിന് ഇവരഞ്ചുപേരും വീട്ടിൽ ‘ഒറ്റയ്ക്കായതുകൊണ്ടാവണം‘ അയല്പക്കത്തുനിന്നൊരു ചേച്ചികൂടി ആ വീട്ടിലെ ഒറ്റമുറിയിൽ വന്നു കൂട്ടു കിടക്കുന്നുണ്ട്. ഇയാൾ മഹാരാജാസിൽ പഠിച്ച് ജയിച്ച് ഒരു ജോലി കിട്ടിയിട്ടുവേണം ഇവരെ ഓരോരുത്തരെയായി വിവാഹം കഴിച്ചയയ്ക്കാൻ.. ചുവപ്പു കൊടി നാട്ടുക എന്ന ഭീകര ക്ലൈമാക്സിലേക്ക് കണ്ണും തുറുപ്പിച്ച് ഓടുന്നതിനിടയിൽ സിനിമ വിട്ടുപോയ യഥാർത്ഥ ചരിത്രങ്ങളുടെ കൂട്ടത്തിൽ ഈ സ്ത്രീകളുടെയുമുണ്ട്. സിനിമയിൽ ഈ പറഞ്ഞ സീൻ ഒരു ആറ്റൻ തമാശയാണ്.. വല്യമ്മയോളം പ്രായമായ സ്ത്രീകൾ ദാരിദ്ര്യംകൊണ്ട് കൂരയിൽ മൂത്തുനരച്ചിരിക്കുന്നു. പ്രത്യേകിച്ച് കഴിവൊന്നും ഇല്ലാത്ത അനിയൻ അന്തംവിട്ട് ഒരു പാളയത്തിൽ ചെന്നു കൂടിയിരിക്കുന്നു. മുല്ലനേഴി മാഷ് അവനെന്തോ കഴിവുണ്ടെന്നു പറഞ്ഞിരുന്നു. ഒരിക്കൽ കഞ്ചാവോ കള്ളോ എന്തോ തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയിൽ അവൻ ഉരുവിട്ട്  കേൾക്കുന്നവരുടെ കണ്ണുതള്ളിക്കുന്ന ഡയലോഗിൽ ആ കഴിവ് സുപ്തമായി, നിലീനമായി കിടക്കുന്നത് സിനിമ കാണിച്ചുതരുന്നു. എവിടെയും ഗുണം പിടിക്കാതെ പോകുന്നതാണ് ആ കഴിവ്. ക്യാമ്പസ്സിൽ ഒരു കൊടി കുത്തുന്നത്  (അതു മാത്രമേ പിന്നീട് കുത്താൻ പാടുള്ളൂ എന്നതും) വലിയ കാര്യമാണെന്ന് സ്ഥാപിച്ചു കാറി വിളിക്കുന്നതിനിടയിൽ  ഇതുപോലെയുള്ള ജീവിതങ്ങളെ മറന്നുപോകുന്നതോ അതു കാണാൻ ഗൗരവക്കണ്ണില്ലാതാവുന്നതോ ആണ് നമ്മുടെ നവ സിനിമകൾക്കുള്ള പല പോരായ്മകളിലൊരു ഘടകം ! 

പക്ഷേ ആലോചിച്ചാൽ ഇങ്ങനെയൊരു അന്തമില്ലാത്ത ഒരു പടപ്പിനകത്ത് ചികഞ്ഞു നോക്കിയാൽമാത്രം കാണാവുന്ന കഷ്ണങ്ങൾ വെറുതേ വന്നു കിടന്ന് തിളച്ചതാണോ?

സിനിമകളിലൊന്നും കഥയില്ലെന്നാണ് പുതിയ പറച്ചില്.. കഥാപരമായി നോക്കിയാൽ പൊളി. ബാക്കിയെല്ലാം കൊള്ളാം ! കഥാപരമായി അപഗ്രഥിക്കാൻ നിന്നാൽ കഥകളിയുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാവുക. പേരിൽതന്നെ പകുതിയിലധികം കഥയാണ്. എന്നാൽ കഥയുണ്ടോ എന്നു ചോദിച്ചാൽ.. തിത്തിത്തെയ്..എന്നാവും താളം... എല്ലാത്തിലും വധമാണ്. സുപ്രസിദ്ധമായ നളചരിതത്തിൽ വധമില്ല, എങ്കിലും കലിയെ ഒന്ന് പേടിപ്പിച്ചു വിടുന്നുണ്ട്.. പാതി ദേവദേഹമായതുകൊണ്ടാണ് ആ കരിയെ വിഖ്യാതവംശജനും അതിപ്രതാപ ഗുണവാനുമായ നായകൻ, നാഥൻ കൊല്ലാതെ വിട്ടത്...

ഉന്നത കുലജാതരായ ആളുകൾ ഭക്ഷണം കഴിക്കുന്നിടത്ത് കൊണ്ടു വയ്ക്കുന്ന ക്യാമറ അഭിജാതമാണ്. അവർ തന്നെ  കഴിക്കുന്ന ചിക്കൻ നഗ്ഗെറ്റ്സ് ഉണ്ടാക്കാനായി കോഴിയെ കൊല്ലുന്നിടത്താണ് ക്യാമറ വച്ചെതെങ്കിൽ അതു മ്ലേച്ഛമായി. വർണ്ണാങ്കിത വസ്ത്രമണിഞ്ഞ നായികയെ കൂട്ടുകാരൻ കെട്ടിപ്പിടിക്കുന്ന ചിത്രം  കുടുംബികമാണ്.  കുഞ്ഞുകുട്ടി പരാതീനങ്ങളോടെ ചെന്നിരുന്ന് രോമാഞ്ചം കൊള്ളാം. അതിനു ശേഷം പ്രസ്തുത ആൺപെൺ വർഗങ്ങൾ കട്ടിലിൽ കിടന്നു കുലുങ്ങുകയും ചൂടുകാരണം വസ്ത്രം മാറ്റിയിട്ട് ഉറങ്ങുകയും ചെയ്യുന്നത് പോണുമായി. വെളുപ്പ് കാണാൻ കൊള്ളാവുന്നതുകൊണ്ട് കൊള്ളാം, കറുപ്പു കാണാൻ കൊള്ളാത്തതുകൊണ്ട് കൊള്ളൂലാ എന്ന ബൈനറി ഒരിടത്തുമാത്രമല്ല പ്രവർത്തിക്കുന്നതെന്നു പറയുകയായിരുന്നു. അവനവന്റെ/വളുടെ ചട്ടക്കൂടിൽനിന്നു പുറത്തുവന്നാലേ ആസ്വാദന തടസ്സങ്ങൾ എന്ന ബാധകളിൽനിന്ന് രക്ഷപ്പെടാൻ പറ്റൂ..   കാർട്ടൂണിന്റെ ജനുസ്സ് വേറെ, ചിത്രങ്ങളുടെ ജനുസ്സുവേറെ.. കാർട്ടൂൺ ഒരു ലോ ആർട്ടാകുന്നത് അതിനു (എണ്ണച്ചായാ- ജലച്ചായാ) ചിത്രവുമായി  പാഠാന്തരത എളുപ്പമല്ലാത്തതുകൊണ്ടാണ് അതേ സമയം ചിത്രത്തിന് കാർട്ടൂണുമായോ, ഫോട്ടോഗ്രാഫിയുമായോ ബന്ധം വയ്ക്കാൻ അത്ര പ്രയാസവുമില്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റെ അതിരുകളാണ് വലുതാവുന്നത്.. ‘ഒരു മെക്സിക്കൻ അപാരത‘ വിപ്ലവ യുവത്വത്തിന് ഒരു പാട് പ്രതീക്ഷകൾ നൽകിയിട്ട് കാര്യമായി കൊഞ്ഞനം കുത്തിക്കാണിച്ച പടമാണ്.  ന്യുജനറേഷൻ സിനിമകൾ എന്നു വിളിക്കപ്പെടുന്ന നവയുവത്വത്തിന്റെ സിനിമകൾ അവയുടെ ആഖ്യാനഭാഷയിലൂടെ ലോകസിനിമയുടെ ചലച്ചിത്രഭാഷയെ എത്തിപ്പിടിക്കാൻ വല്ലാതെ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. അതവരുടെ അനുഭവവുമായി ബന്ധപ്പെട്ട സംഗതിയാണ്. അതിന്റെ ഒരു സാക്ഷിപത്രമാണ് ഇംഗ്ലീഷിൽ മാത്രമുള്ള ടൈറ്റിലുകൾ. വിദേശസിനിമകളുമായി പരിചയമുള്ള ഒരു സമൂഹത്തെയാണ് ഇവർ മുന്നിൽ കാണുന്നത്, അതുകൊണ്ടാണ് സിറ്റി ഓഫ് ഗോഡെന്നും ആമേനെന്നും ട്രാഫിക്കെന്നും ഫ്രൈഡേയെന്നും അങ്കമാലി ഡയറീസെന്നും ഒക്കെ യുള്ള പേരുകൾക്കുതന്നെയും പ്രത്യേകതയുള്ളതായി വരുന്നത്.. പക്ഷേ ഒരു മെക്സിക്കാൻ അപാരതയുടെ ടൈറ്റിൽ പൂർണ്ണമായും മലയാളത്തിലാണ്. അതിന്റെ കാരണം ആ സിനിമ അങ്കമാലി ഡയറീസിനേക്കാൾ കട്ട ലോക്കലാണെന്ന് ടോം ഇമ്മട്ടിക്ക് അന്തരാ ഒരു വെളിച്ചമുണ്ട്.. വിപ്ലവം സമം കാൽപ്പനികത സമം വീരം എന്ന ഇക്വേഷൻ മറ്റൊരിടത്ത് ചിലവാക്കാൻ പറ്റുന്നതാനോ എന്ന സംശയമാണ് ഈ ലോക്കലൈസേഷന്റെ അടിസ്ഥാന പ്രേരണം.. മറ്റൊന്ന് യൂട്യൂബ് പറയുന്ന വാസ്തവങ്ങളെ വച്ചു നോക്കിയാൽ (കെ എസ് യു കാരനായ റെയ്സൺ കുരിയാക്കോസിന്റെ യഥാർത്ഥ പ്രസംഗമാണ് സിനിമയിൽ എസ് എഫ് വൈകാരനായ പോളിന്റെ പ്രസംഗമാവുന്നത്, കെ എസ് യു കാരനായ ജിനോ ജോണിന്റെ എസ് എഫ് ഐയുടെ കൊടിയൊടിക്കലാണത്രേ സിനിമയിൽ കെ  എസ് ക്യുവിന്റെ കൊടിമരം തകർക്കലായി തീരുന്നത്) ഏതുസമയവും ഇടതായും വലതായും രൂപം മാറാവുന്ന പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമാന്യധാരണകളാണ്, സിനിമയുടെ അബോധത്തെ നിശ്ചയിച്ചിരിക്കുന്നത്. ഇത് നമ്മൽ പുതിയകാലത്ത് കാണുന്നത് ട്രോളുകളിലാണ്. 

അടുത്തകാലത്തിറങ്ങിയ ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക്കുന്നതിനു വേണ്ട ദിശാസൂചി നൽകും. വീട്ടിനകത്ത് ചെയ്യേണ്ട അടുപ്പുകത്തിക്കൽ പരിപാടി  തെരുവിൽ ചെയ്യുന്നതിനെ കളിയാക്കിക്കൊണ്ട് ആറ്റുകാൽ പൊങ്കാല വിഷയമായി ഇറങ്ങിയ ട്രോളിനെ ഏറ്റവും അധികം ഷെയർ ചെയ്തത്  മതാധികബോധത്തെ കുറവായി കാണുന്ന ഇടതുപക്ഷക്കാരുമാണ്. അതേ സമയം ആ ട്രോൾ ഉള്ളിൽ (ഒളിപ്പിച്ചു) വച്ചിരിക്കുന്നത് ചുംബനസമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒരു വാചകവുമാണ്. അതുംകൂടി ചേർത്തുവായിച്ചാലേ ട്രോളിന്റെ ഉദ്ദേശ്യം വ്യക്തമാവുകയുള്ളൂ..  തങ്ങളുടെ നേതാവിനെയുംകൂടി അതു തോണ്ടുന്നുണ്ടെന്നു മനസ്സിലാക്കാതെഅതു ഷെയർ ചെയ്തവരും പ്രചരിപ്പിച്ചവരും ഉണ്ട്. അതേ ആളുകളാണ് ഒരു മെക്സിക്കൻ അപാരത കാണാൻ ചുവപ്പുകൊടിയും പിടിച്ച് തിയേറ്ററിലെത്തിയതെന്ന് മനസിലാക്കിയാൽ പോസ്റ്റ് മോഡേൺ ആഗോളീകരണത്തിൽ വിരുദ്ധദ്വന്ദ്വങ്ങളുടെ പ്രസക്തി എങ്ങനെ ആളുകളെ മക്കാറാക്കിക്കൊണ്ട് പൊതുയിടങ്ങളിൽ സ്ഥാനം പിടിക്കുന്നു എന്നു മനസ്സിലാവും ( ആഗോളീകരണത്തിന്റെ സന്തതിയായ മലാലാ യൂസഫ്‌സായി, ആഗോളീകരണത്തിന്റെ മുതിർന്ന സന്തതിയായ ട്രമ്പിനെ വെല്ലുവിളിച്ചതാണ് ഇതിന്റെ ആഗോളതലത്തിലുള്ള മറ്റൊരു ഉദാഹരണം എന്ന് ഒരു പ്രസംഗത്തിൽ കേട്ടു)

 അതുകൊണ്ട് ഒരു മെക്സിക്കൻ അപാരത ഒരു മുഴുനീള ട്രോളാണ്. അതിന്റെ ആഖ്യാനഭാഷയെ അങ്ങനെ മനസ്സിലാക്കുന്നതാണ് ഉചിതം.





1 comment:

  1. അടുത്തകാലത്തിറങ്ങിയ
    ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക്കുന്നതിനു
    വേണ്ട ദിശാസൂചി നൽകും. വീട്ടിനകത്ത് ചെയ്യേണ്ട
    അടുപ്പുകത്തിക്കൽ പരിപാടി തെരുവിൽ ചെയ്യുന്നതിനെ
    കളിയാക്കിക്കൊണ്ട് ആറ്റുകാൽ പൊങ്കാല വിഷയമായി ഇറങ്ങിയ
    ട്രോളിനെ ഏറ്റവും അധികം ഷെയർ ചെയ്തത് മതാധികബോധത്തെ
    കുറവായി കാണുന്ന ഇടതുപക്ഷക്കാരുമാണ്. അതേ സമയം ആ ട്രോൾ
    ഉള്ളിൽ (ഒളിപ്പിച്ചു) വച്ചിരിക്കുന്നത് ചുംബനസമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി
    പിണറായി വിജയൻ പറഞ്ഞ ഒരു വാചകവുമാണ്. അതുംകൂടി ചേർത്തുവായിച്ചാലേ ട്രോളിന്റെ ഉദ്ദേശ്യം വ്യക്തമാവുകയുള്ളൂ.. തങ്ങളുടെ നേതാവിനെയുംകൂടി അതു തോണ്ടുന്നുണ്ടെന്നു മനസ്സിലാക്കാതെഅതു ഷെയർ ചെയ്തവരും പ്രചരിപ്പിച്ചവരും ഉണ്ട്.
    അതേ ആളുകളാണ് ഒരു മെക്സിക്കൻ അപാരത കാണാൻ ചുവപ്പുകൊടിയും പിടിച്ച്
    തിയേറ്ററിലെത്തിയതെന്ന് മനസിലാക്കിയാൽ പോസ്റ്റ് മോഡേൺ ആഗോളീകരണത്തിൽ
    വിരുദ്ധദ്വന്ദ്വങ്ങളുടെ പ്രസക്തി എങ്ങനെ ആളുകളെ മക്കാറാക്കിക്കൊണ്ട് പൊതുയിടങ്ങളിൽ സ്ഥാനം പിടിക്കുന്നു എന്നു മനസ്സിലാവും ( ആഗോളീകരണത്തിന്റെ സന്തതിയായ മലാലാ യൂസഫ്‌സായി, ആഗോളീകരണത്തിന്റെ മുതിർന്ന സന്തതിയായ ട്രമ്പിനെ വെല്ലുവിളിച്ചതാണ് ഇതിന്റെ ആഗോളതലത്തിലുള്ള മറ്റൊരു ഉദാഹരണം എന്ന് ഒരു പ്രസംഗത്തിൽ കേട്ടു)

    അതുകൊണ്ട് ഒരു മെക്സിക്കൻ അപാരത ഒരു മുഴുനീള ട്രോളാണ്. അതിന്റെ ആഖ്യാനഭാഷയെ അങ്ങനെ മനസ്സിലാക്കുന്നതാണ് ഉചിതം.

    ReplyDelete