November 13, 2015

കവിതയിലെ പാഠശാലകൾ





പാഠ്യപദ്ധതികളും വിദ്യാലയങ്ങളും കാലഘട്ടത്തിനാവശ്യമായ ബോധത്തെയും കാഴ്ചപ്പാടുകളെയും വളർത്തിയെടുക്കാനുള്ള ഉപാധിയാണ്. സമൂഹരൂപീകരണപ്രക്രിയയിൽ വിദ്യാഭ്യാസത്തിന് ഒന്നാം സ്ഥാനമുണ്ട്. എന്നുവച്ച് സ്വന്തം മനസ്സിന്റെ അരികുപറ്റി നടക്കുന്ന കവികൾക്കും കലാകാരന്മാർക്കും ഭാവിസമൂഹത്തെ രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധമായ ബാധ്യത ഏറ്റെടുക്കാനുള്ള സന്മനസ്സ് ഉണ്ടാവണമെന്നില്ല. അത് രാഷ്ട്രതന്ത്രജ്ഞരുടെയും സമുദായ വിമോചകരുടെയും തത്ത്വചിന്തകരുടെയും ഒക്കെ ഉത്തരവാദിത്തമാണ് എന്നാണ് പൊതുവിശ്വാസം. സമൂഹത്തിന്റെ അതിർത്തിരേഖകളിൽ ഒതുങ്ങിക്കഴിഞ്ഞുകൂടാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്ന സ്കൂളുകളും കലാലയങ്ങളും കവികളുടെ സ്വച്ഛസുന്ദരമായ കാല്പനിക ലോകത്തിനു പുറത്തുള്ള യാഥാർത്ഥ്യങ്ങളാണ്.  നിലവിലിരിക്കുന്ന വർഗതാത്പര്യങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും നിരന്തരം കലഹിച്ചുകൊണ്ട്, സ്ഥിരമായ ഒരു പ്രതിപക്ഷനിലപാട് കവികൾ എഴുത്തുകാരും സൂക്ഷിക്കുന്നതിനു പിന്നിൽ പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള അബോധപരമായ ആഗ്രഹമുണ്ടെന്നാണ് പറയുക. നിർമ്മാണത്തിനു വേണ്ടിയുള്ള തകർക്കലിലേ സർഗാത്മകതയുള്ളൂ. പലതും വിഭാവന ചെയ്യുന്ന കൂട്ടത്തിൽ മനുഷ്യസമുദായത്തിന്റെ അനംഗീകൃത നിയമനിർമ്മാതാക്കളായ കവികളും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവച്ചിട്ടുണ്ട്. കവിതകളിൽ തെളിയുന്ന ജീവിതദർശനത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും എന്നു മാത്രം.
അധ്യാപകവൃത്തി പരിചയമുള്ള ആളായിരുന്നു കുമാരനാശാൻ. 1907 ൽ പ്രസിദ്ധീകൃതമായ, ആശാന്റെ പ്രസിദ്ധകൃതി, വീണപൂവിൽ, പൂവിന്റെ വിദ്യാഭ്യാസ രീതി എങ്ങനെയായിരുന്നു എന്ന് എഴുതിയിടുന്നിടത്ത്, പ്രകൃതിയെ സമോസോക്തി മധുരമായി ആശാൻ  ഒരു വിദ്യാലയമാക്കി മാറ്റി. മലയാള കവിതകളിൽ കാണാവുന്ന ഏറ്റവും കുറഞ്ഞ വാക്കുകളിൽ ധ്വനി മുഖരിതമാവുന്ന ഏകവിദ്യാലയം ഒരുപക്ഷേ അതായിരിക്കും. കാലത്തെഴുന്ന കിളികളിൽനിന്ന് തലയാട്ടിക്കൊണ്ടു പൂവ് പാട്ടു പഠിച്ചു. രാത്രികാലങ്ങളിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രജാലത്തെ നോക്കിനിന്ന് ഈ ലോകതത്ത്വവും പഠിച്ചു.    (വീണപൂവ്) വിശദാംശങ്ങളില്ല. ശ്രദ്ധാലുവായ ഒരു വിദ്യാർത്ഥിനിയുടെ ഭാവം പൂവ് കൈയാളുന്നതാണ് കവിതയിലെ ചമത്കാരം. എന്നാൽ പ്രകൃതി ഒരു പാഠപുസ്തകമായി നിലകൊള്ളുമ്പോൾ അതിൽനിന്ന് കുട്ടിയ്ക്ക് ഉൾക്കൊള്ളാവുന്നതെന്ത് എന്ന് ആലോചിച്ചാൽ കവിതയിൽനിന്നു കിട്ടുന്ന ഉത്തരം ഈ ലോകതത്ത്വം എന്നാണ്. അതിനു രണ്ടു പിരിവുകളുണ്ട്. പ്രയോഗജ്ഞാനം വച്ചാണെങ്കിൽ വിദൂരത്തിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പഠിപ്പിക്കുന്ന പാഠം ജീവിതത്തിൽ ആവുന്നിടത്തോളം ഉയരാനും കഴിയുന്നിടത്തോളം മിന്നിത്തിളങ്ങാനുമാണ്. അത് വിജയത്തിലേക്കുള്ള പ്രായോഗികപാഠമാണ്. ഭൗതികമാണ്. വീണപൂവിലെ ദർശനം ഉൽപ്പന്നമായതു നശിക്കും, ഗുണികൾ ഊഴിയിൽ നീണ്ടുവാഴാ.. എന്നൊക്കെ ആയതുകൊണ്ട് നക്ഷത്രങ്ങൾ പഠിപ്പിക്കുന്ന പാഠം, ജഗത് മിഥ്യയാണ് എന്നാണെന്നും വാദിക്കാം. അത് ആത്മീയ പാഠമാണ്. പണ്ടെങ്ങോ നശിച്ച നക്ഷത്രത്തിന്റെ വെളിച്ചമാണ് ഇന്ന് ഇവിടെ നിന്ന് കാണുന്നതെന്ന തത്ത്വംവച്ച്, ഒന്നിന്നുമില്ല നില, കുന്നല്ല, ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ .... എന്ന് പൂവു പഠിച്ചു എന്നും പറയാം.  മറ്റൊരു കാര്യം കൂടി കവി പൂവിന്റെ വിദ്യാഭ്യാസകാര്യത്തിൽ കൂട്ടിച്ചേർത്തിരുന്നു, അത് കൂട്ടായ പഠനമാണ്. (ശീലിച്ചുഗാനമിടചേർന്നു മൗനമായ് നീ...) മൗനമായി എന്ന് എടുത്തു പറഞ്ഞത് വാചികമായി പൂവെന്ന സത്തയ്ക്കുള്ള പരിമിതിയെ വാച്യമായ തലത്തിലും, ഒരു വിദ്യാർത്ഥിയ്ക്ക് അവശ്യം വേണ്ടുന്ന ശ്രദ്ധയെന്ന ഗുണത്തെ പരോക്ഷമായും ചൂണ്ടുന്ന കാര്യം പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  ഉന്മുഖതയാണ് (താരാജാലത്തോടുന്മുഖതയാർന്നു പഠിച്ചു രാവിൽ...) മറ്റൊരുവാക്ക്. പാഠ്യവിഷയത്തിലുള്ള അധ്യേതാവിന്റെ താത്പര്യത്തെ കവി ആ വാക്കിൽ ഭാവബദ്ധമായി ബന്ധിച്ചിട്ടിരിക്കുന്നു. മുഖമുയർത്തിപ്പിടിച്ച്, ഗുരുവിനെ ഉറ്റുനോക്കിയിരുന്ന്, മൗനമായി പഠിക്കുന്ന വിദ്യാർത്ഥിനിയിൽ നിരന്തരമായ അനുധ്യാനത്തിന്റെ മൂലകങ്ങളും നാലുവരികളിലായുള്ള രണ്ടു ക്രിയകളിൽ ( ശീലിച്ചു, പഠിച്ചു) ആശാൻ ചേർത്തുവച്ചു. 
പഠിതാവിന്റെ ശാരീരിക ചേഷ്ടകളിൽ പഠനപ്രക്രിയയുടെ ഘടകങ്ങളെ ലയിപ്പിച്ചുകൊണ്ടുള്ള വിവരണങ്ങൾ അദ്ധ്യാപകകേന്ദ്രിതമായ ഒരു പള്ളിക്കൂട അനുഭവമാണ് പങ്കുവയ്ക്കുന്നത്. ശരിയായ വിദ്യാർഥിയെപ്പറ്റിയുള്ള പരമ്പരാഗതമായ ധാരണതന്നെയാണ് വീണപൂവിലെയും വിദ്യാർത്ഥിസങ്കൽപ്പത്തിൽ കയറിപ്പറ്റുന്നത്. അതേസമയം  സർവജ്ഞാനിയായ ഒരാളിൽനിന്നല്ല പലരിൽനിന്നാണ് പൂവ് പാഠം ഉൾക്കൊള്ളുന്നതെന്ന യാഥാർത്ഥ്യം 1907 -ൽ എഴുതിയ ഒരു കാവ്യത്തിൽ വായിക്കുന്നത് ആകർഷകവുമാണ്.  
അക്കാദമിക്കായ ചിട്ടവട്ടങ്ങളോടുള്ള എതിർപ്പിന്റെ പേരിൽ മലയാളത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചു കണ്ടിട്ടുള്ള വരികൾ ഇടശ്ശേരിയുടേതാണ്. പ്രകൃതി, പാഠങ്ങളുടെ അനന്തമായ വൈവിധ്യങ്ങളുമായി മുന്നിൽ നിൽക്കുമ്പോൾ മനുഷ്യൻ യാന്ത്രികമായി ചൊല്ലിപ്പഠിപ്പിക്കുന്ന വാക്യങ്ങളുടെ അന്തസ്സാരശൂന്യതയിലാണ് ഇടശ്ശേരി ഊന്നിയത്. നൈസർഗികതയെല്ലാം ഇല്ലാതായി മനുഷ്യൻ യന്ത്രമായി തീരുന്ന ഒരു കാലത്തെ ഇടശ്ശേരി കുറ്റിപ്പുറം പാലം എന്ന കവിതയിലും ഭീതിയോടെ നോക്കിയിട്ടുണ്ടല്ലോ. വരാൻ പോകുന്ന ഭയപ്പെടുത്തുന്ന യാന്ത്രികകാലത്തെ സ്വീകരിക്കാൻ സർവ തയാറെടുപ്പുകളുമായി നിൽക്കുകയാണ് നമ്മുടെ പള്ളിക്കൂടങ്ങൾ എന്നായിരുന്നു ഇടശ്ശേരിയുടെ വീക്ഷണം.
പോയിനാമിത്തിരി വ്യാകരണം വായിലാക്കിയിട്ടു വരുന്നു മന്ദം
നാവിൽനിന്നപ്പൊഴേ പോയ്‌മറഞ്ഞു നാനജഗന്മനോരമ്യഭാഷ എന്ന് പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും എന്ന കവിതയിൽ ഇടശ്ശേരി എഴുതി. കിളികളുമായും പൂക്കളുമായും സംവദിക്കാനുള്ള ഒരു ഭാഷ, അക്ഷരം പഠിച്ചും വായിച്ചും തുടങ്ങുന്നതോടെ എങ്ങനെ ഒരു മനുഷ്യക്കുഞ്ഞിന് കൈമോശം വരുന്നു എന്നിടത്താണ് ഇടശ്ശേരിയിലെ കവിയായ അച്ഛൻ വേദനിക്കുന്നത്. ഒളപ്പമണ്ണയുടെ പ്രസിദ്ധമായ എന്റെ വിദ്യാലയം എന്ന കവിതയിലും പ്രകൃതി ഒരു പള്ളിക്കൂടമായി ഉയർന്നു നിൽക്കുന്നതിന്റെ സ്ഥൂലമായ വിവരണമാണുള്ളത്.
തിങ്കളും താരങ്ങളും തൂവെള്ളിക്കതിർച്ചിന്നും
തുംഗമാം വാനിഞ്ചോട്ടിലാണെന്റെ വിദ്യാലയം.
പ്രപഞ്ചം ഉപയോഗശൂന്യമായ ഒന്നിനെയും ഉൾക്കൊള്ളുന്നില്ലെന്ന് പണ്ട് തക്ഷശിലയിലെ ശസ്യശാസ്ത്രവിശാരദനായ ആത്രേയാചാര്യന്റെ ചൈനാക്കാരനായ ശിഷ്യൻ കണ്ടെത്തിയതുപോലെ  പ്രകൃതിപാഠശാലയിൽ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചുകൊണ്ട് എല്ലാ ജീവജാലങ്ങളും തന്റെ ഗുരുനാഥന്മാരാവുകയാണെന്നുമുണ്ട് ആ കവിതയിൽ അവസാനം. (ആരല്ലെൻ ഗുരുനാഥൻ.. ആരല്ലെൻ ഗുരുനാഥൻ...) വിദ്യാലയത്തിൽനിന്ന് ഗുരുനാഥനിലേക്കുള്ള മാറ്റം ദർശനപരമായ ഒന്നാണ്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷമുണ്ടാകുന്ന വെളിച്ചങ്ങളിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ സാർവത്രികതയാണ്. അറിവ് സ്വാതന്ത്ര്യമാണെന്നതിനോടൊപ്പം  പുതിയ രാഷ്ട്രത്തിന്റെ നിർമ്മിതിക്ക് ഉതകുന്ന തരത്തിൽ മൂല്യങ്ങൾ വരും തലമുറയിലേക്ക് പകരുക എന്ന ചിന്തയിൽനിന്നാണ്, മൂല്യവിചാരങ്ങളുടെ മൂർത്തരൂപമായി ഗുരുനാഥൻ പ്രത്യക്ഷനാവുന്നത്.
ഒ എൻ വി കുറുപ്പിന്റെ മോഹം എന്ന കവിതയിലെ പള്ളിക്കൂടം പൂർണ്ണമായും  അക്കാദമികബാഹ്യമായ അനുഭവത്തിന്റെ തരളതയാണ് പങ്കുവയ്ക്കുന്നത്. നെല്ലിക്കയും കിണർവെള്ളവും കുയിൽപ്പാട്ടും ചേർന്ന്, സ്കൂളെന്ന ഭൗതിക യാഥാർത്ഥ്യത്തേക്കാൾ ബാല്യാനുഭവത്തിന്റെ, തിരിച്ചുപോക്ക് എന്ന അസാധ്യമായ ഓർമ്മയെ തൊട്ടാണ് തരളമാവുന്നത്. അത് സ്കൂളിലെ സംബന്ധിക്കുന്ന വേറൊരു കാഴ്ചപ്പാടാണ്.  നമ്മുടെ കവികളിൽ ഭൂരിഭാഗവും പാഠശാലയെന്ന അനുഭവത്തെ പ്രകൃതിയുമായി ഇണക്കി വർണ്ണിക്കാനാണ് ശ്രമിച്ചതെന്ന കാര്യം വെറുമൊരു ഭാവനാവിലാസത്തിനപ്പുറത്ത് അനുഭവങ്ങളുടെ സ്മരണകളിൽനിന്ന് പുറത്തു ചാടാനുള്ള വെമ്പലായി വായിക്കുന്നതും അനുചിതമാവുകയില്ല. ആശാന്റെ വിദ്യാർത്ഥിനിയെ നമ്മൾ കണ്ടതാണ്; പിന്നീടുള്ള കവി ഭാവനകൾ അധികവും പള്ളിക്കൂടങ്ങൾക്കകത്ത് കയറിയിട്ടില്ല.  മോഹത്തിൽ സാമ്പ്രദായികമായ പഠിപ്പുരീതികളെ തന്ത്രപൂർവം പുറത്തുനിർത്തിയിരിക്കുകയാണ് കവി.

വിദ്യാഭ്യാസത്തെപ്പറ്റി ഒന്നിലധികം കവിതകളിൽ നേരിട്ട് പരാമർശം നടത്തിയ കവിയാണ് വള്ളത്തോൾ. പാഠ്യവിഷയമോ പദ്ധതിക്രമങ്ങളോ അല്ല, ദേശീയതയെപ്പറ്റി കലവറയില്ലാതെ പാടിയ വള്ളത്തോൾ ഊന്നിയത് ഗുരുനാഥന്റെ ഔന്നത്യത്തിലാണ് എന്ന കാര്യം യാദൃച്ഛികമാകാൻ തരമില്ല.  കലാമണ്ഡലം എന്ന ഒരു സ്കൂളിന്റെ സ്ഥാപനത്തിൽ, - ഇന്നത്തെ നിലയിൽ ഒരു സർവകലാശാലയായിത്തീർന്ന ഒരു സംരംഭത്തിന്റെ - സ്ഥാപകൻ കൂടിയാണെന്ന വാസ്തവം, വള്ളത്തോളിന്റെ വിദ്യാഭ്യാസസങ്കൽപ്പത്തെക്കുറിച്ച് ആലോചിക്കുന്നത് മറ്റൊരു തരത്തിലും പ്രസക്തമാക്കുന്നു. ഗാന്ധിജിയെ സ്വന്തം ഗുരുനാഥനായി അവരോധിച്ചുകൊണ്ടുള്ള എന്റെ ഗുരുനാഥൻ വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതയാണല്ലോ. ഭാരതത്തിന്റെ വിദൂരഭൂതകാലസമൃദ്ധിയിൽ ഊറ്റംകൊണ്ടിരുന്ന മനസ്സായിരുന്നു വള്ളത്തോളിന്റേത്.  അതാണ് ആ കവിതകളുടെ കാൽപ്പനികത. പാരിനുള്ള അടിക്കല്ലു കണ്ടവരാണ് പൂർവികരായ ഋഷീന്ദ്രന്മാർ (പുരാണങ്ങൾ)  എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല. സർവസംഗപരിത്യാഗികളും യമികളുമായിരുന്നെങ്കിലും വല്ലായ്മകൾ ദേവകൾപ്പെടുത്തുന്നതും ക്ഷമിക്കുന്നവരല്ലായിരുന്നു, ഹ ഹ ഭാരതപൂർവരക്തം (ശിഷ്യനും മകനും) എന്ന് അദ്ദേഹം അഭിമാനത്തോടെ എഴുതി. അവരുടെ സ്വാതന്ത്ര്യബോധവും കൂസലില്ലായ്മയും അറിവും സ്ഥൈര്യവുമെല്ലാം, തന്റെ കാലത്ത് ഒത്തുചേർന്ന മൂർത്തിയെന്ന നിലയ്ക്കാണ് വള്ളത്തോൾ ഗാന്ധിജിയെ വന്ദിക്കുന്നത്. രക്ഷകനും പ്രവാചകനുമായ ഒരു സദ്‌ഗുരുവാണ് അദ്ദേഹം. ഗാന്ധിജിയെ മുൻനിർത്തി ബാപ്പുജി എന്ന ഖണ്ഡകാവ്യം എഴുതിയ വള്ളത്തോൾ നൈവേദ്യം, സഹവാസിയുടെ സാഹസം, ഗാന്ധിജിയുടെ തേജസ്സ്, പൊറുത്തരുളുക, ഗാന്ധിജയന്തി, പാദപാംസു, പാപമോചനം തുടങ്ങി നിരവധി കവിതകളിൽ അഭിലഷണീയമായ ആ പിതൃബിബത്തെ ആവർത്തിച്ച് അവതരിപ്പിക്കുന്നുണ്ട്. പല തരത്തിൽ ഈ കവിതകളിലൂടെ പങ്കുവയ്ക്കപ്പെട്ട, കവിയുടെ സങ്കൽപ്പത്തിലുള്ള ആദർശങ്ങളുടെ കറപുരളാത്ത മൂർത്തരൂപത്തെ അവതരിപ്പിച്ചുകൊണ്ടാണ് എന്റെ ഗുരുനാഥൻ ശ്രദ്ധപിടിച്ചുപറ്റിയത്. മറ്റു ഗാന്ധി കവിതകളെ അപേക്ഷിച്ച് കവിയുടെ ആത്മാർത്ഥത ഈ സ്തുതിഗാഥയിൽ കൂടുതലായി കലർന്നിട്ടുണ്ട്.

ഉല്ലേഖകല്പനയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലെ മുഖ്യാഭരണം. വിശിഷ്ടവ്യക്തികളിലും വസ്തുക്കളിലും ഉള്ള ഗുണഭാവങ്ങൾ ഒത്തുച്ചേർന്ന് ഗാന്ധിജിയെ കവിതയിൽ ഒരു വിരാട്സ്വത്വമാക്കുന്നു. ലോകോത്തര ഗുണങ്ങളെയെല്ലാം ചേർത്ത് മാലകോർത്തതുപോലെ ഇണക്കി ഗാന്ധിജിയിൽ അർപ്പിച്ചുകൊണ്ടാണ് പൂജിക്കപ്പെടേണ്ട ഒരു ബിംബത്തിന്റെ തലത്തിലേക്ക് ഗാന്ധിജിയെ എന്റെ ഗുരുനാഥൻ ഉയർത്തുന്നത്. ഒറ്റനോട്ടത്തിൽത്തന്നെ വള്ളത്തോളിന്റെ കല്പനകൾ അതിശയോക്തിപരമാണ്.  വ്യക്ത്യാരാധനയിൽ അധിഷ്ഠിതമായ സങ്കല്പങ്ങൾ തുടിച്ചു നിൽക്കുന്ന വർണ്ണനകൾക്കിടയിലും ഗാന്ധിജിയെ ഗുരുനാഥനാക്കുന്നതിനെപ്പറ്റിയുള്ള പരാമർശം കടന്നു വരുന്ന വരികൾ കവിതയിലുണ്ട്.  ശ്രദ്ധേയമായ വസ്തുത അതാണ്.
ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ-
ക്കാതരനതിധീരൻ കർക്കശൻ കൃപാവശൻ
പിശുക്കൻ പ്രദാനോൽക്കൻ പിശുനൻ സുവചന-
; ശുദ്ധൻ പരിശുദ്ധ; നലസൻ സദായാസൻ

ആതതപ്രശമനാമത്തപസ്വിതൻ മുന്നി-
ലാതതായി തൻ കൈവാൾ കരിംകൂവളമാല്യം
കൂർത്തദ്രംഷ്ടകൾ ചേർന്ന കേസരിയൊരു മാൻകു-
ഞ്ഞാ; ർത്തേന്തിതടം തല്ലും വൻകടൽ കളിപ്പൊയ്ക

ഗാന്ധിജിയുടെ ദർശനം, ചപലനെ അതിധീരനും, കർക്കശക്കാരനെ കൃപാലുവും പിശുക്കനെ ഉദാരനും, മൂകനെ വാചാലനും, ശുദ്ധനെ പരിശുദ്ധനും, അലസനെ പ്രയത്നശാലിയുമാക്കു മെന്നാണ് വർണ്ണന. മനുഷ്യനുമാത്രമല്ല, പഴയ സിദ്ധാശ്രമവർണ്ണനകളുടെ ഛായയിൽ സിംഹത്തെ മാൻകുട്ടിയാക്കാനും അദ്ദേഹത്തിനു കഴിയും. ഈ വർത്തനവ്യതിയാനത്തെ സാധ്യമാക്കുന്നതിനു സാമർത്ഥ്യമുള്ള വ്യക്തിത്വം എന്ന നിലയിലാണ് അദ്ദേഹം ഗുരുനാഥനായി പരിണമിക്കുന്നത്. അധ്യാപകനിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസത്തെയും കുട്ടികളിൽ അദ്ദേഹത്തിനു വരുത്താൻ കഴിയുന്ന മാറ്റത്തെയും അധ്യാപകന്റെ വ്യക്തിപ്രഭാവത്തെ മുൻനിർത്തി വിശകലനം ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ട്. മൃഗങ്ങൾ പോലും സഹജഗുണങ്ങൾ കളഞ്ഞ് ഇണങ്ങി ജീവിക്കുന്ന സിദ്ധാശ്രമങ്ങളും ഗുരുകുലങ്ങളും ധാരാളം അതിശയോക്തിപരമായ വർണ്ണനകളിലൂടെ പ്രാചീന സാഹിത്യത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർത്തമാനകാലത്തെ പ്രതിസന്ധിക്കെല്ലാം പരിഹാരമന്വേഷിച്ച് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കുന്ന ഭാവനയ്ക്ക്, സ്വാഭാവികമായും അധ്യാപകൻ കേന്ദ്രസ്ഥാനത്തുള്ള ഒരു മാതൃകാ സമൂഹത്തെയല്ലാതെ മറ്റൊന്നും വിഭാവന ചെയ്യാൻ പറ്റിയെന്നു വരില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി  രക്ഷകനെയും പ്രവാചകനെയും സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് വള്ളത്തോൾ ഗാന്ധിജിയിൽ ജഗദ്‌ഗുരുവിനെ ദർശിക്കുന്നത്. അദ്ധ്യാപകനിലില്ലല്ല, കുട്ടിയിലാണ് വിദ്യയുടെ അഭ്യാസം കേന്ദ്രീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ ചിന്തകൻ ജോഹാൻ ഹെൻ‌ട്രിച്ച് പെസ്റ്റലോസി (1746-1827)യുടെ ചിന്തകൾക്ക് ഭൂതിമത്തായൊരു ഭൂതകാലത്തിന്റെ വിചാരധാരകളിൽ പ്രവേശനം ലഭിക്കുക എളുപ്പമല്ല. കുട്ടിയുടെ അനുഭവ പരിസരത്തുനിന്നുമല്ല, അദ്ധ്യാപകന്റെ അനുഭവപരിസരത്തിൽനിന്നുമാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസ ചിന്തകൾ ആരംഭിക്കുന്നതെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കണം. വള്ളത്തോളിന്റെ കവിതയെപ്പറ്റി ആലോചിക്കുന്നതിനിടയിൽ വള്ളത്തോളിനു മുൻപ്  ജീവിച്ചിരുന്ന പെസ്റ്റലോസിയെപോലെയൊരു ചിന്തകനെ കൂട്ടു പിടിക്കുന്നത് അനൗചിത്യമൊന്നുമല്ല. കാരണം, തന്റെ വിദ്യാഭ്യാസ ചിന്തകൾ അവതരിപ്പിക്കുന്ന മറ്റൊരു കവിതയിൽ വള്ളത്തോൾ ഇറ്റലിക്കാരനായ ചിന്തകൻ ഗിസ്സപ്പേ മസ്സീനിയെ ഉദ്ധരിച്ചിട്ടുണ്ട്. ഗുരുനാഥന്റെ തൂവ്വൽ(1930) എന്നു പേരുള്ള ആ കവിതയാകട്ടെ, എന്റെ ഗുരുനാഥനിൽ, ഗുരു എന്ന സങ്കൽപ്പത്തിനു ചുറ്റുമായി കവി കെട്ടിയുയർത്തിയ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആശയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതുമാണ്.

ഗുരു മകനു നൽകാൻ പോകുന്ന വിദ്യാപ്രസാദത്തെപ്പറ്റി വാചാലനാകുന്ന പിതാവിന്റെ ആത്മഭാഷണങ്ങളാണ് ഗുരുനാഥന്റെ തുവ്വൽ എന്ന കവിതയുടെ വിഷയം. ആദ്യവരികളിൽ കാണുന്ന ഗുരുവിന്റെ പ്രത്യക്ഷസാന്നിദ്ധ്യം (ഗുരോ, വണങ്ങാമീ,സ്സുമുഹൂർത്തം തൊട്ടെ-ന്നരുമക്കുഞ്ഞിവൻ ഭവാന്റെയും മകൻ..) മറയുകയും കവി തന്റെ തന്നെ വിചാരങ്ങളായി കവിതയിലെ പിന്നീടുള്ള വരികളെ പരിണമിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മാവ് മകന്റെ തലയിൽ എഴുതിയിരിക്കുന്നതെന്താണെന്നത് ദുരൂഹമാണ്. എന്നാൽ ഗുരുനാഥൻ മകന്റെ ഇളം തലയിൽ ശുഭാക്ഷരങ്ങളേ വരയ്ക്കുകയുള്ളൂ എന്ന് അച്ഛനുറപ്പാണ്. മകന്റെ മറ്റൊരു പിതാവാണ് ഗുരുനാഥൻ. വിദ്യാഭ്യാസം എന്ന നാലക്ഷരത്തിൽ അഗാധതതയിലും അപാരതയിലും തുല്യമായ നാലു കടലുകൾ ഇരമ്പുന്നുണ്ട്. വിശാലമായ ആകാശപ്പരപ്പിലെ സ്വർണ്ണ നക്ഷത്രലിപികളെയും ഭാഷാലിപികൾക്കൊപ്പം മകൻ പഠിച്ചെടുക്കണം എന്ന് അച്ഛൻ ആശിക്കുന്നു. അവന്റെ കരളിൽ പ്രകൃതീശ്വരി നിറച്ച കനലുകൾ നീറി വെളിച്ചം തെളിയണം, മറവിയുടെ മുകിൽപ്പരപ്പുകൾ നീങ്ങണം. ഇതെല്ലാം സാധിക്കാൻ സമർഥമാണ് ഗുരുനാഥന്റെ തൂലിക എന്ന കാര്യത്തിൽ ആ പിതാവിനുറപ്പുണ്ട്.

തുടർന്ന് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റിയുള്ള ചില കാതലായ വിചാരങ്ങളിലേയ്ക്ക് കവി നീങ്ങുകയാണ്. മനുഷ്യനെ നിന്നനിലയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന ചങ്ങലക്കെട്ടുകളെ താമരനൂലുകൾ പോലെ പൊട്ടിച്ചെറിയാനുള്ള അഭ്യാസം അവൻ പഠിക്കേണ്ടത് ഗുരുവിന്റെ ഉഴിച്ചിലിൽ നിന്നാണ്. ബലിഷ്ഠമായ ഒരു ശരീരം നേടുമ്പോഴും അവന്റെ ഉള്ളിൽ പഴയ ഭാരതം തുടിക്കണം. കുട്ടികൾ ക്ലാസ് മുറിയിലെ തടവു പുള്ളികളല്ല. വാക്കുകൾ ഏറ്റു പാടുന്ന കിളികളല്ല. ഗ്രന്ഥത്തിലെ ഏടുകൾ മാത്രമല്ല വായിക്കാനുള്ളത്. പ്രകൃതി തുറന്നു വച്ചിരിക്കുന്ന പ്രപഞ്ചകാവ്യത്തിലെ വരികളും വെളിച്ചത്തിനും പിന്നിലുള്ള വെളിച്ചത്തെയും കുട്ടി മനസ്സിലാക്കണം. ഗുരുവിനെ അനുഗമിച്ചാൽ ഇതെല്ലാം കുട്ടിക്കു സാധ്യമാവും. സകലചരാചരങ്ങളും ഒരു കുടുംബമാണെന്നും (ലോകമേ തറവാട്..)  അഗണ്യകോടിയിലിള്ള മണൽത്തരിപോലും സഹോദരനാണെന്നുമുള്ള തിരിച്ചറിവിലേക്ക് കുട്ടിയെ നയിക്കേണ്ടത് ഗുരുനാഥന്റെ പാഠനങ്ങളാണ്. പണ്ട് കാട്ടിൽ സന്ന്യാസിമാർ ആലിലകളാൽ തീർത്ത കുടീരങ്ങളിലിരുന്ന് പാടിയ ഗാഥകളും മരക്കൊമ്പിലിരുന്ന് പാടുന്ന കുയിലുകളുടെ നിരക്ഷര ഗാനങ്ങളും ഒരു പോലെ കുട്ടിക്ക് ആ പരിശീലനങ്ങളിലൂടെ സിദ്ധമാകും. അവയെല്ലാം പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്ന അറുതിയില്ലാത്ത നിശ്ശബ്ദതയുടെ മാറ്റൊലികളാണ്. പ്രകൃതിപാഠങ്ങളോരോന്നായി - വീണാനാദത്തിന്റെ ഭംഗിയിൽ നദികൾ അലകളോടെ മന്ദമായൊഴുകുന്നത്, മഴയ്ക്കു ശേഷം പച്ചപ്പുല്ലിന്റെ ചകലാസു പുതച്ച് കുന്നുകൾ നിൽക്കുന്നത്, സന്ധ്യാകാശത്തിൽ ഏതോ കൈ വർണ്ണചിത്രങ്ങൾ എഴുതി മായ്ക്കുന്നത്, സായാഹ്നസൂര്യനെ കപ്പലാക്കി കടലിൽ വാനം ഇറക്കി വിടുന്നത്, കടൽ നക്ഷത്രങ്ങളായ രത്നങ്ങളെ വാനിൽ നിരത്തി വയ്ക്കുന്നത്... - ചൂണ്ടി പഠിപ്പിക്കുന്ന ഗുരുനാഥന്റെ വർണ്ണനയിലാണ് 44 ഈരടികളുള്ള ഈ കവിത അവസാനിക്കുന്നത്.
പ്രപഞ്ചത്തിന്റെ സൃഷ്ടിയ്ക്കും പരിപാലനത്തിനും പിന്നിലുള്ള നിഗൂഢമായ ശക്തിയെ അദ്ധ്യാത്മകമായ അനുഭൂതി വിശേഷത്തോടെ അറിയുക എന്നതിനപ്പുറത്ത് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഭാരിച്ച ആശയങ്ങളൊന്നും കവിത ഏറ്റെടുക്കുന്നില്ല. അതിന്റെ നില തീർത്തും ഭൗതികവുമല്ല. വിദ്യാഭ്യാസം എന്ന വാക്കിലെ ആശയത്തിന്റെ വലിപ്പവും ആഴവും ചൂണ്ടിക്കാണിക്കാനായി ഇറ്റാലിയൻ സാമൂഹിക-രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനുമായ ഗിസ്സപ്പേ മസ്സീനിയെ (1805-1872) കവിതയിലൊരിടത്ത് കവി ചൂണ്ടുന്നതിങ്ങനെയാണ് :
അതേ വിദ്യാഭ്യാസം മസ്സീനി ചൊന്നപോ-
ലി,തിലടങ്ങിയെൻ വിവക്ഷിതമെല്ലാം
മാർക്സിസത്തെയും സോഷ്യലിസത്തെയും ശക്തിയുക്തം എതിർത്ത തികഞ്ഞ ദേശീയവാദിയും ദൈവാസ്തിത്വത്തിൽ അടിയുറച്ച വിശ്വാസിയുമായിരുന്നു, മസ്സീനി. വിദ്യാഭ്യാസ ചിന്തകനായിട്ടല്ല അദ്ദേഹത്തിന്റെ പ്രശസ്തി. ദേശനിമ്മാണത്തെക്കുറിച്ചുള്ള വാദങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ദേശഭക്തി ഓരോരുത്തരുടെയും ചുമതലയാണെന്നതായിരുന്നു മസ്സീനിയുടെ അഭിപ്രായം. പൊതുവായ ഒരു മതം, ചരിത്രം, ഭാഷ എന്നിവ കൊണ്ട് സഹോദരീസഹോദരന്മാരെകൂട്ടിയിണക്കി ഒരു കുടുംബമാക്കി,  ഒന്നിച്ചു കഴിയാൻ ദൈവം നമുക്ക് നിർമ്മിച്ചു നൽകിയ വീടാണ് സ്വന്തം രാജ്യം എന്നാണ് മസ്സീനിയുടെ കാഴ്ചപ്പാട്.  ജീവിതാനുഭവങ്ങളുടെ ആത്മീയവശം വെളിവാക്കാനും സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രം വിശദീകരിക്കാനുമായി പിന്നീട് മുസ്സോളിനിയെപ്പോലുള്ളവരെ ആകർഷിച്ച ചിന്തകളാണ് ഈ മസ്സീനിയനിസം. രാഷ്ട്രനിർമ്മാണത്തിൽ മതത്തിന്റെയും ആത്മീയതയുടെയും പങ്ക് പോലെയുള്ള മസ്സീനിയൻ ആശയങ്ങൾ, ദേശഭക്തിയാൽ പ്രചോദിതമായ സ്വാതന്ത്ര്യപൂർവ നാളുകളിൽ വള്ളത്തോളിനെ ആകർഷിച്ചതിൽ കാര്യമുണ്ട്.
പിൽക്കാലത്ത് ബോധനരീതികളെപ്പറ്റിയുള്ള പരീക്ഷണങ്ങൾ, അച്ചിലിട്ട് വാർത്തെടുക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായങ്ങളെ ആകെ മാറ്റി മറിച്ചതിന്റെ പശ്ചാത്തലത്തിൽ, വള്ളത്തോളിന്റെ കവിതകളിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന, പരിശീലനത്തെയും വിദ്യയെയും സംബന്ധിക്കുന്ന നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ചേർത്തു വച്ചാൽ കവിയുടെ പാഠശാലകളെപ്പറ്റിയുള്ള ചിത്രം കുറേക്കൂടി തെളിയും. അറിവ്, പാവപ്പെട്ടവരെയും അവർണ്ണരെയും അടിമത്തത്തിൽനിന്നു മോചിപ്പിക്കും എന്ന സങ്കൽപം ഇരുളിൽനിന്ന് എന്ന കവിതയിൽ കാണാം. ഇതേ ആശയത്തെ കവി യുവ വിദ്യാർത്ഥികളോട് എന്ന കവിതയിൽ അവതരിപ്പിക്കുന്നത് നോക്കുക.
ഇരുളാണ്ടുകിടക്കുന്ന പാഴ്‌കുടിലുക-
ളൊരുപാടിങ്ങുണ്ടല്ലോ നമ്മുടെ ചുഴലവും
അതുകൾക്കുള്ളിലൊരു വെളിച്ചം കാണിപ്പാനായ്
സുതരാം ജ്വലിപ്പിപ്പിൻ നിങ്ങൾതൻ വിജ്ഞാനത്തെ.

അയിത്തത്തെ ഇല്ലാതാക്കാനും അവശജനങ്ങളെ ഉദ്ധരിക്കാനും അറിവു വെളിച്ചമാണെന്ന പഴയ സങ്കല്പത്തെ ഉപയോഗിച്ച് ആഹ്വാനം ചെയ്യുകയാണ് കവിത. സ്വാതന്ത്ര്യത്തിന്റെ അലയൊലികൾ മുഴങ്ങുന്ന വേളയിൽനിന്നുകൊണ്ട് പുതിയ ദേശത്തെ നിർവചിക്കാനും നിർമ്മിക്കാനുമുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ കരുതുന്നതിന്റെ ഫലങ്ങളാണ് ഈ തരത്തിലുള്ള വരികൾ. 
ഇന്ത്യയിലെയും കേരളത്തിലെയും കുഴപ്പങ്ങളെക്കുറിച്ച് എഴുതിയ ഐക്യമേ സേവ്യാൽ സേവ്യം (സാഹിത്യമഞ്ജരി 5) എന്ന കവിതയിൽ
ഉയർന്ന വിദ്യാഭ്യാസം ഉടുപ്പിൽത്തുന്നിച്ചേർക്കു
മുയർന്ന വിദ്യാഭ്യാസം എത്ര താഴ്ത്തീലാ നമ്മെ

-എന്ന് വള്ളത്തോളെഴുതുന്നത് വിനയമെന്ന ഗുണത്തിന്റെ പ്രാധാന്യത്തെ ഉദ്ഘോഷിക്കാൻ മാത്രമല്ല, വിദേശവിദ്യാഭ്യാസം ജീവിതത്തിൽനിന്നെടുത്തു മാറ്റുന്ന പാരമ്പര്യമൂല്യങ്ങളെ മുൻനിർത്തിയുള്ള വിചാരണയ്ക്കുംകൂടി വേണ്ടിയാണ്. സാമൂഹികമായ കുഴപ്പങ്ങൾ, ശരിയല്ലാത്ത ശിക്ഷണരീതിയുടെ പരിണതിയാണെന്ന സങ്കല്പത്തിന്റെ ഫലമാണ് അത്.

പ്രകൃതിയാണ് ശരിയായ വിദ്യാലയം, അതിന്റെ രഹസ്യം ധ്യാനമനനങ്ങളിലൂടെ ഉൾക്കൊള്ളുക, പ്രപഞ്ചനാഥനായ ശക്തിയുടെ സാന്നിദ്ധ്യം അറിയുക, വിശ്വചേതനയ്ക്കു മുന്നിൽ വിനയാന്വിതനാവുക, ഭാരതത്തിന്റെ വിജ്ഞാനപ്പഴമയിലും ഭൂതിമത്തായ ഭൂതകാലത്തിലും അഭിമാനിക്കുക, സനാതനമൂല്യങ്ങളെ ജീവിതത്തിലേയ്ക്കു പകർത്തുക. കേവലം പുസ്തകവായനകൊണ്ടു സ്വായത്തമാക്കാവുന്നതല്ല ജ്ഞാനം, ഭാരതീയമായ ഗുരുപാരമ്പര്യത്തിന്റെ ചങ്ങലയിലെ കണ്ണികളായ വിശുദ്ധ ഗുരുനാഥന്മാർക്ക് വഴിപ്പെട്ടും ശിഷ്യപ്പെട്ടും ജീവിതത്തിലേക്ക് പകർത്തേണ്ട സംഗതിയാകുന്നു വിദ്യ. അറിവ് അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്ന വെളിച്ചമാണ്. ഇതാണ് ചുരുക്കത്തിൽ കവിതകളിലൂടെ കാൽപ്പനിക കവികളിൽ പ്രവർത്തിച്ച പൊതുവേ പങ്കു വച്ച വിദ്യാസങ്കല്പം.  വള്ളത്തോളിൽ ഈ ആശയങ്ങൾ നേരിട്ട് കവിതരൂപമായി  ആവിഷ്കാരം നേടി. വള്ളത്തോളിന്റെ കവിതയുടെ അതേ പേരുള്ള ഒരു കവിത ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. എന്റെ ഗുരുനാഥൻ. (സങ്കല്പകാന്തി എന്ന സമാഹാരം). പ്രകൃതിതന്നെയാണ് അവിടെയും പാഠം. വള്ളത്തോളിന്റെ കല്പനകളും പദാവലികളും ഏതാണ്ട് അതുപോലെയൊക്കെ തന്നെ കടന്നുവരുന്ന ആ കവിത ആശയപരമായി പങ്കുവയ്ക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവത്തെയാണ്. ഭൂമിയെ ഐശ്വര്യമണിയിക്കുന്ന കർഷകനാണ് ചങ്ങമ്പുഴയുടെ ഗുരുനാഥൻ. അയാളുടെ നിർവ്യാജമായ ത്യാഗവും കൊടുംവെയിലിലെ തപസ്സും ദയാവൽസല്യങ്ങളും ചേർന്ന് ഭൂമിയെ സുമംഗലയാക്കുന്നു. പക്ഷേ ലോകം അയാൾക്കു തിരിച്ചു നൽകുന്നത്  അവഗണനമാത്രമാണ്.
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുകൊ-
ണ്ടിന്നിതാ, കഷ്ടം, നിന്നെ മർദ്ദിപ്പൂ ദയാഹീനം ;
 ലോകത്തിന്റെ കാപട്യത്തിനെതിരെ സദാ ജാഗരൂകനായിക്കുന്നതുകൊണ്ട് കവി കർഷകൻ എന്ന സന്ന്യാസിയെ തന്റെ ഗുരുനാഥനായി അവരോധിക്കുന്നു. അറിവിന്റെ വിളനിലമായി മഹിമാതിശയത്തോടെ വാണിരുന്ന ഒരു ഗുരുനാഥന്റെ കാലാന്തര പരിണാമവും ഗുരുനാഥനോടുള്ള കാഴ്ചപ്പാടും രണ്ടു കവിതകളെ അടുത്തടുത്തു വച്ചാൽ ലഭിക്കുമെന്നുള്ളതുകൊണ്ടാണ് അവ ആലോചനയ്ക്കു വിഷയമാകുന്നത്.


                                                        

2 comments:

  1. ലോകത്തിന്റെ കാപട്യത്തിനെതിരെ
    സദാ ജാഗരൂകനായിക്കുന്നതുകൊണ്ട്
    കവി കർഷകൻ എന്ന സന്ന്യാസിയെ
    തന്റെ ഗുരുനാഥനായി അവരോധിക്കുന്നു.
    അറിവിന്റെ വിളനിലമായി മഹിമാതിശയത്തോടെ
    വാണിരുന്ന ഒരു ഗുരുനാഥന്റെ കാലാന്തര പരിണാമവും
    ഗുരുനാഥനോടുള്ള കാഴ്ചപ്പാടും രണ്ടു കവിതകളെ അടുത്തടുത്തു
    വച്ചാൽ ലഭിക്കുമെന്നുള്ളതുകൊണ്ടാണ് അവ ആലോചനയ്ക്കു വിഷയമാകുന്നത്.

    ReplyDelete