June 14, 2015

പാൽക്കട്ടികളും ഘടികാരങ്ങളും : അനുഭവങ്ങൾ യാഥാർത്ഥ്യത്തെയും കടന്നു വളരുമ്പോൾ






 പരിഷ്കരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ കലാപഠനത്തെ സാങ്കേതിക വിവരവിദ്യാ പഠനത്തെപ്പോലെതന്നെ  പ്രത്യേകമൊരു വിഷയമായിട്ടല്ലാതെ, മറ്റു വിഷയങ്ങൾക്കൊപ്പം ചേർത്തു പഠിപ്പിക്കാനുള്ള സാധ്യത അന്വേഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. മുൻപ് വിദ്യാലയങ്ങളിൽ  നിലവിലിരുന്ന വര ക്ലാസുകൾ (ഡ്രായിംഗ് പിരീഡ്) വിദ്യാർത്ഥികളുടെ കലാഭിരുചിയെയോ കലാസ്വാദന പാടവത്തെയോ ഒരു തരത്തിലും പോഷിപ്പിക്കുന്നതല്ലാതിരുന്നതുകൊണ്ട് പലതരത്തിലുള്ള വിമർശനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്. അദ്ധ്യാപകൻ കരിമ്പലകയിൽ ചോക്കുകൊണ്ട് വരച്ചിടുന്ന ഒരു ചിത്രമോ ഡിസൈനോ കുട്ടി വിദഗ്ദ്ധമായോ അവിദഗ്ദ്ധമായോ പകർത്തുന്നതോടെ തീരുന്നു കലാപഠനം. സാഹിത്യത്തിലെ ക്ലാസിക്കുകൾ പോലെ ചിത്രകലയിലെയോ ശില്പകലയിലെയോ വിശിഷ്ടമായ രചനകളെ പരിചയപ്പെടാനോ ആസ്വദിക്കാനോ ഉള്ള  അവസരം, എന്തിന് കാണാൻ പോലുമുള്ള അവസരം നമ്മുടെ വിദ്യാലയങ്ങളില്ല. അന്നുമിന്നും.
പന്ത്രണ്ടാം തരത്തിലെ പുതിയ മലയാളം പാഠപുസ്തകത്തിൽ മാർക്വേസിന്റെ വിവർത്തിത കഥയ്ക്കു ശേഷം സാൽവദോർ ദാലിയുടെ വിശ്വപ്രസിദ്ധമായ ‘പെർസിസ്റ്റൻസ് ഓഫ് മെമ്മറി’ യുടെ വ്യാഖ്യാനം നൽകാൻ ഒരു പ്രവർത്തനം കൊടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെടുത്തി കലാപഠനത്തെ പ്രോൽസാഹിപ്പിക്കുന്നതിന് ഒരു ഉദാഹരണമായി എടുത്തുകൊണ്ട് ഈ പ്രവർത്തനത്തെ നമുക്ക് വിപുലീകരിക്കാവുന്നതാണ്. പക്ഷേ ഒരു ആശയക്കുഴപ്പം ഇവിടെ വരാൻ സാധ്യതയുണ്ട്. മാർക്വേസിന്റെ കഥ മാന്ത്രികയാഥാർത്ഥ്യത്തിന്റെ (മാജിക്കൽ റിയലിസത്തിന് മാന്ത്രികയഥാതഥവാദം എന്ന സാമ്പ്രദായിക രീതിയനുസരിച്ചുള്ള പേരിനു പകരം ഇതായിരിക്കും നല്ലത്) പരിധിയിൽ വരുന്ന കഥയെ തുടർന്നു കൊടുക്കുന്ന ചിത്രം അതിയാഥാർത്ഥ്യത്തിന്റെ  (സർ റിയലിസസം – അതീന്ദ്രിയ യാഥാർത്ഥ്യവാദം) ക്ലാസിക് ഉദാഹരണമാവുന്നത് ചില കുഴപ്പങ്ങളുണ്ടാക്കും. കാർട്ടൂൺ ചിത്രങ്ങൾക്കോ സാമൂഹിക പ്രസക്തിയുള്ള ഫോട്ടോ ഗ്രാഫുകൾക്കോ അടിക്കുറിപ്പെഴുതുമ്പോലെ എളുപ്പപ്പണിയല്ല, വിഖ്യാത ചിത്രങ്ങളെ വ്യാഖ്യാനിക്കുക എന്നുള്ളത്. അതിനു ചിട്ടപ്പടിയുള്ള പരിശീലനം ആവശ്യമാണ്. അതാവട്ടെ നമ്മുടെ വിദ്യാലയങ്ങളിൽനിന്ന് വർഷങ്ങളായി ഒഴിഞ്ഞുനിൽക്കുന്നതുമാണ്. രണ്ടാമത്തെ പ്രശ്നം,  പല കലാചരിത്രകാരന്മാരും പ്രസ്ഥാനങ്ങളുടെ അതിർവരമ്പുകളെക്കുറിച്ച് കർക്കശ നിലപാട് എടുക്കുന്നതിനോട് താത്പര്യമുള്ളവരല്ല. അതെല്ലാം അക്കാദമിക് പണ്ഡിതന്മാരുടെ വകുപ്പാണെന്നുള്ളതാണ് ന്യായം. മാന്ത്രിക യാഥാർത്ഥ്യവും അതിയാഥാർത്ഥ്യവും തമ്മിൽ ഫലത്തിൽ വ്യത്യാസമില്ലെന്ന ധാരണ ഒറ്റയടിക്ക് ക്ലാസ് മുറികളിൽ ആഘോഷത്തോടെ പങ്കുവയ്ക്കാൻ ചിലപ്പോൾ ഇത് ഇടയാക്കിയേക്കും.
അതിർവരമ്പുകൾ ലംഘിക്കാനുള്ളതാണ്. കലയുടെ കാര്യത്തിൽ പ്രത്യേകിച്ചും. പക്ഷേ അക്കാദമിക്കായ പഠനത്തിന്റെ സവിശേഷത, കൃത്യമായ നിയമങ്ങളും കാരണങ്ങളും നൽകുക എന്നതാണ്. അല്ലെങ്കിൽ പഠനം ആശയക്കുഴപ്പം നിറഞ്ഞതാകും. കൂടുതൽ അന്വേഷണവും ആലോചനകളും നടത്തി ചരിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുക എന്നുള്ളത് പഠിതാക്കളുടെ ജോലിയാണ്. ഇക്കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് മാന്ത്രിക റിയലിസമല്ല, സർ റിയലിസം, രണ്ടും വളരെ വ്യത്യസ്തമായ രീതികളും ചരിത്രവുമുള്ള പ്രസ്ഥാനങ്ങളാണ് എന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുക,  അധ്യാപകന്റെ/അധ്യാപികയുടെ മേൽ വരുന്ന അധിക ഉത്തരവാദിത്തമാകുന്നു.

 സർറിയലിസവും മാജിക്കൽ റിയലിസവും വ്യത്യസ്തമായ ആവിഷ്കാരരീതികളാണ്. അവ ഉയർന്നുവന്ന പശ്ചാത്തലങ്ങളും അവയുടെ ചരിത്രവും വ്യത്യസ്തങ്ങളാണ്. പല പ്രദേശങ്ങളിലുള്ള പ്രതിഭാധനരായ  കലാകാരന്മാരും എഴുത്തുകാരും ഈ പ്രസ്ഥാനങ്ങളെ കൂടുതൽ കാര്യക്ഷമങ്ങളും ആകർഷകങ്ങളും സമർഥവുമായ ആവിഷ്കരോപാധികളാക്കി മാറ്റി. അതേ സമയം പലപ്പോഴും അവ പ്രസ്ഥാനങ്ങളുടെ അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് സ്വേച്ഛമായ ജീവിതം സാധ്യമാക്കുകയും ചെയ്തു. എങ്കിലും രണ്ടു പ്രസ്ഥാനങ്ങൾക്കും പൊതുവായുള്ള വൈജാത്യങ്ങളെ സാമാന്യമായി നോക്കാം.  

അതിയാഥാർത്ഥ്യവാദം

1.      1903 -ൽ ഗ്യുലവു അപ്പലോണിയർ എഴുതിയ നാടകത്തിന്റെ ആമുഖത്തിലാണ് സർ റിയലിസ്റ്റ് എന്ന വാക്ക് ആദ്യമായി വെളിച്ചം കാണുന്നത്. 1920 കളുടെ തുടക്കത്തിൽ സാംസ്കാരികപ്രസ്ഥാനമായി തീർന്നു സർ റിയലിസം. 1924-ൽ കലാനിരൂപകനും കവിയുമായ ആന്ദ്രേ ബ്രട്ടൺ ( ഫ്രാൻസ്) രചിച്ച ‘ദ സർ റിയലിസ്റ്റ് മാനിഫെസ്റ്റോ’യുടെ ചുവടു പിടിച്ച് അതിന് ചിട്ടവട്ടങ്ങളും പ്രകാശനരീതികളും  ഉണ്ടായി.
2.     പുറത്തെ യാഥാർത്ഥ്യം മാത്രമല്ല, ഉപബോധമനസ്സിന്റെ (ഉള്ളിലെ) യാഥാർത്ഥ്യങ്ങളും യാഥാർത്ഥ്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഒരു കൂട്ടം കലാകാരന്മാർ നടത്തിയ പരീക്ഷണങ്ങളാണ് സർ റിയലിസ്റ്റ് കലകൾക്ക് വഴിയൊരുക്കിയത്.
3.     ‘സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും തമ്മിൽ മുൻപുണ്ടായിരുന്ന വൈരുദ്ധ്യാത്മകമായ അവസ്ഥ പരിഹരിക്കുക’ എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം.
4.    ഫ്രോയിഡിന്റെ മനസ്സിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ അവർക്ക് വഴികാട്ടിയായി.
5.     ബോധവും അബോധവും തമ്മിൽ കൂട്ടിയിണക്കാനുള്ള വഴികളാണ് അവർ ആലോചിച്ചത്.
6.     കേവല യാഥാർത്ഥ്യമെന്നാൽ അതിയാഥാർഥ്യമാണ്’ (absolute reality is Surreal) എന്നവർ വാദിച്ചു.
7.     ഉപബോധത്തെ എങ്ങനെ കലാരൂപങ്ങളിൽകൊണ്ടുവരാം എന്നാലോചിച്ചുകൊണ്ട് അസാധാരണമായ പെരുമാറ്റങ്ങളിൽ സർ റിയലിസ്റ്റുകൾ മുഴുകി. കുറച്ചുപേർ ലൈംഗിക വ്യതിയാന പ്രക്രിയകളിലേക്കും തിരിഞ്ഞു.
8.     സ്വയം പരിശോധിക്കുകയും വിശദീകരിക്കുകയും ചെയ്തു
9.     സ്വന്തം മനസ്സിന്റെ അഗാധതകളിലേയ്ക്ക് ചുഴിഞ്ഞിറങ്ങിയതുകൊണ്ട് സാമൂഹികമായ യാഥാർത്ഥ്യത്തിന്റെ ആവിഷ്കരണം ഈ രചനകളിൽ നേർത്തതായി.
10. വ്യക്തിനിഷ്ഠമായ ലോകത്തിനു പ്രാധാന്യം നൽകിയതിനാൽ പല അതിവാസ്തവരചനകളിലെയും ലോകം, സ്വപ്നത്തിലെ ഭൂഭാഗം പോലെ കാഴ്ചക്കാർക്ക് അപരിചിതമായ ഭൂപ്രദേശമായി തീർന്നു
11.   പലപ്പോഴും സർ റിയലിസ്റ്റ് രചനകൾ പ്രത്യക്ഷ രാഷ്ട്രീയത്തെ ഒഴിവാക്കി.
12. പുതിയ പരീക്ഷണങ്ങളിലാണ് അവർ കൂടുതലും ശ്രദ്ധ വച്ചത്.

മാന്ത്രികയാഥാർത്ഥ്യവാദം 

1.      ജർമ്മൻ കലാനിരൂപകനായിരുന്ന ഫ്രാൻസ് റോയാണ്  1925 -ൽ  എക്സ്പ്രെഷണിസ്റ്റ് രീതിയിൽനിന്നു വ്യത്യസ്തമായ ശൈലിയെ വിശദീകരിച്ചുകൊണ്ട്  ‘മാജിക് റിയലിസം’ എന്ന വാക്കുപയോഗിച്ചത്.
2.     മാന്ത്രിക യാഥാർത്ഥ്യത്തിന്റെ വക്താക്കൾ ബാഹ്യലോകത്തിൽനിന്നുകൊണ്ട് വസ്തുക്കളെയും വസ്തുതകളെയും വ്യത്യസ്തമായ തരത്തിൽ നോക്കിക്കാണാനാണ് ശ്രമിച്ചത്.
3.     പ്രകൃതിയെയും സമൂഹത്തെയും ഇവർ നിരീക്ഷിച്ചു, സർ റിയലിസ്റ്റുകളെപ്പോലെ സ്വയം വിശദീകരിക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചില്ല.
4.    ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും അംശങ്ങളെ രണ്ടു പ്രസ്ഥാനങ്ങളും കൂട്ടിക്കലർത്തുന്നുണ്ടെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ മാന്ത്രികയാഥാർത്ഥ്യം സർ റിയലിസത്തിൽനിന്ന് വേറിട്ട് നിൽക്കുന്നു.
5.     സർ റിയലിസത്തിലുള്ളതുപോലെ അപരിചിതമായ ലോകമായിരിക്കില്ല മാജിക്കൽ റിയലിസത്തിൽ. പരിചിതവും സാധ്യവുമായ ഒരു തലത്തിൽ തന്നെയായിരിക്കും കഥ നടക്കുന്നത്. യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന വിധം പുതുമയുള്ളതാക്കാൻ വേണ്ടി പരിചയിച്ചു കഴിഞ്ഞ രീതികളിൽനിന്ന് മാറ്റി ആവിഷ്കാരം നിർവഹിച്ചു.
6.     വ്യക്തിഗതമായ വിശകലനത്തിനു പകരം സംസ്കാരം നൽകുന്ന വ്യാധികളെ ചൂണ്ടിക്കാണിക്കാനും വിശകലനം ചെയ്യാനുമാണ് മാന്ത്രികയാഥാർത്ഥ്യത്തിന്റെ വക്താക്കൾ ശ്രമിച്ചത്.
7.     മാജിക്കൽ റിയലിസ്റ്റുകൾ അവതരിപ്പിക്കുന്ന ലോകത്തെ പുതുമയുള്ളതാക്കാൻ പാരമ്പര്യരീതികൾ അന്വേഷിക്കുകയും പകർത്തുകയും അവയിൽ കൂട്ടിച്ചേർക്കൽ നടത്തുകയുമാണ് ചെയ്തത്.
8.     സർ റിയലിസം അതിന്റെ ശക്തമായ അടിത്തറ ചിത്രകലയിലാണ് കണ്ടെത്തിയതെങ്കിൽ മാജിക്കൽ റിയലിസം സാഹിത്യത്തിന്റെ കൂട്ടുകെട്ടോടെയാണ് ശക്തിയാർജ്ജിച്ചത്. അലെഹോ കാർപെന്റിയർ (ക്യൂബ) ഗബ്രിയേൽ മാർക്വേസ് ( കൊളംബിയ) ജോർജ്ജ് അമാദോ (ബ്രസീൽ) ജോർജ് ലൂയി ബോർഹസ് (അർജന്റീന) ഷൂലിയ കോർത്തസർ (അർജന്റീന) ഇസബെൽ അല്ലെൻഡെ (ചിലി) സൽമാൻ റഷ്ദി ( ഇന്ത്യ) തുടങ്ങിയവർ കൃതികളിലൂടെ മാന്ത്രികയാഥാർത്ഥ്യത്തിന് അതിരുവലിപ്പം നൽകിയ സാഹിത്യകാരന്മാരാണ്.
9.     ചലച്ചിത്രങ്ങൾ മാന്ത്രികയാഥാർത്ഥ്യത്തിന് വിപുലമായ സാധ്യതകൾ നൽകി.
മെക്സിക്കൻ എഴുത്തുകാരി ലോറാ ഇസ്ക്വിവെലിന്റെ നോവലിനെ ആസ്പദമാക്കി അൽഫോൺസോ ആരാവു സംവിധാനം ചെയ്ത സിനിമ ‘ചോക്ലേറ്റിനുള്ള വെള്ളത്തെപ്പോലെ’ (ലൈക് വാട്ടർ ഫോർ ചോക്ലേറ്റ്) ടിം ബർട്ടന്റെ ‘ദി ബിഗ് ഫിഷ്’, ഗുലിർണോ ഡെൽ ടൊറോയുടെ മെക്സിക്കൻ ചിത്രം ‘പാൻസ് ലാബിറന്ത്’, കഴിഞ്ഞ വർഷം ഓസ്കാർ നേടിയ അലസാന്ദ്രോ ഗോൺസാലസ് ഇനാറിറ്റുവിന്റെ ‘പക്ഷി മനുഷ്യൻ’ (ദ ബേഡ് മാൻ) ഈ ഗണത്തിൽപ്പെടുത്താവുന്ന പ്രസിദ്ധ ചിത്രങ്ങളാണ്.

  മാന്ത്രികയാഥാർത്ഥ്യവാദം (മാജിക് റിയലിസം), അമൂർത്തമായ (അബ്‌സ്ട്രാക്ട്) എക്സ്പ്രെഷണിസം, ബിംബാത്മക യാഥാർത്ഥ്യവാദം (ഇമേജിനറി റിയലിസം) - ഇതെല്ലാം ഭാവനയെയും ഭ്രമാത്മകലോകത്തെയും കൂട്ടിയിണക്കുന്ന രചനകളായതിനാൽ അതിയാഥാർത്ഥ്യവാദവുമായി (സർ റിയലിസം) ചേർത്തു നിർത്തി ചിന്തിക്കാവുന്നതും, അതിരുതർക്കം കലാനിരൂപകർക്കിടയിൽ നിലനിൽക്കുന്നതുമായ പ്രസ്ഥാനങ്ങളാകുന്നു.

ദാലിയുടെ ഘടികാരങ്ങൾ
സർ റിയലിസ്റ്റ് കലയുടെ തലതൊട്ടപ്പനായ സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലി 1923 നും 1925 നും ഇടയ്ക്ക് മാന്ത്രിക റിയലിസവും ചിത്രകലയിൽ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂട്ടുകാരിയായ ഗാലയുടെ ഛായാചിത്രങ്ങളിൽ ചിലത്  അക്കൂട്ടത്തിൽപ്പെടുന്നവയാണ്. പരീക്ഷണങ്ങളിൽ വ്യഗ്രനായിരുന്ന ദാലി മാന്ത്രിക യാഥാർത്ഥ്യവുമായി അധികം മുന്നോട്ടു പോയില്ല. മനസ്സിന്റെ വാസ്തവങ്ങളെ തെളിമയോടെ ആവിഷ്കരിക്കാൻ ഉപാധികൾ നൽകുന്ന സർ റിയലിസ്റ്റ് കലയിലാണ് അദ്ദേഹം അധികം ശ്രദ്ധിച്ചത്. ഏറെ പ്രസിദ്ധമായ ‘ഓർമ്മയുടെ സ്ഥിരത’(പെർസിസ്റ്റൻസ് ഓഫ് മെമ്മറി) യെന്ന രചന,  1931-ൽ അദ്ദേഹം എണ്ണച്ചായമുപയോഗിച്ചു വരച്ച ചിത്രമാണ്. 27-മത്തെ വയസ്സിൽ. ഉരുകുന്ന ഘടികാരങ്ങൾ, വാച്ചുകൾ,  ഉണക്കാനിട്ടിരിക്കുന്ന ഘടികാരങ്ങൾ എന്നൊക്കെ പേരുകളുണ്ട് ഈ ചിത്രത്തിന്. ഇതെല്ലാം ഏറെക്കുറെ ചിത്രത്തിന്റെ പ്രമേയത്തെ മുൻ നിർത്തിയുള്ള വിളിപ്പേരുകളാണ്. 1954-ൽ ദാലി ഇതേ ചിത്രത്തിന്റെ മറ്റൊരു രൂപം ‘ ഓർമ്മ സ്ഥിരതയുടെ ശിഥിലമാകൽ’ (ഡിസിന്റഗ്രേഷൻ ഓഫ് പെർസിസ്റ്റൻസ് ഓഫ് മെമ്മറി) എന്ന പേരിൽ വരച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ഉണങ്ങിയ ഭൂഭാഗം വെള്ളത്തിനടിയിലാവുന്നു തുടങ്ങിയ വ്യത്യാസങ്ങളുണ്ട് ആ ചിത്രത്തിൽ.
വരണ്ട ഭൂമി, ഉണങ്ങിയ മരം, വിചിത്ര ജീവി, മല.. 4 ഘടികാരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.  ചിത്രങ്ങൾക്ക് അടിക്കുറിപ്പെഴുതുകയും സ്വന്തം നിലയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ശീലം വച്ചുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിന് ചില വ്യാഖ്യാനങ്ങൾ സാധ്യമാണ്.
 - ക്ലോക്കുകൾ നശിക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണ്. ആറ്റം വികിരണംകൊണ്ട് ഉരുകിയ ക്ലോക്കുകളാണ് ചിത്രത്തിൽ കാണുന്നത്,
- സമയനിഷ്ഠയില്ലാതെ നശിച്ചു പോകുന്ന മനുഷ്യന്റെ പ്രതീകമാണ് ചിത്രത്തിലെ ക്ലോക്ക്, നാം സമയം കർശനമായി പാലിച്ചില്ലെങ്കിൽ നമ്മൾ നശിക്കും എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്
- ഭ്രൂണാവസ്ഥയിലുള്ള ജീവിയുടെ ഉറക്കം പരിണാമത്തിന്റെ ആദിമമായ കാലത്തെക്കുറിച്ചുള്ള സൂചനകൾ ഉൾക്കൊള്ളുന്നു.
- സമയത്തിന്റെ അതിവേഗത്തിലുള്ള കറ്റന്നുപോക്കിനെയാണ് ഉരുകിയൊലിക്കുന്ന ക്ലോക്കുകളായി ചിത്രീകരിച്ചിരിക്കുന്നത്
- ലോഹം പോലും ഉരുകിപോകുന്ന വേനൽക്കാലത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ് ഇതിൽ.
രചനാകാലത്തെക്കുറിച്ചല്ലാതെ മറ്റു ആമുഖമൊന്നുമില്ലാതെ കുട്ടികളെക്കൊണ്ട് എഴുതിച്ചപ്പോൾ ലഭിച്ച ഉത്തരങ്ങളിൽ ചിലതാണ് മുകളിൽ.  നാം മനസ്സിലാക്കിവച്ചിരിക്കുന്ന അറിവുകളുമായി ഒരു ദൃശ്യത്തിനുള്ള ബന്ധം എളുപ്പം കണ്ടെത്താൻ കഴിയുമെന്നതിന്റെ ഉദാഹരണമാണത്. പ്രസ്ഥാനപഠനത്തിന്റെയും കലാനിരൂപണത്തിന്റെയും പ്രാഥമികമായ വെളിച്ചത്തിൽ ചിത്രത്തെ വിശദീകരണക്ഷമമാക്കുന്നത് മനസ്സിലാക്കൽ പ്രക്രിയയെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. 
ചിത്രത്തിലെ അപരിചിതലോകം
സർ റിയലിസ്റ്റുകൾ അബോധത്തിന്റെ വാസ്തവത്തെ ചിത്രീകരിക്കാൻ പരീക്ഷണം നടത്തിയവരാണല്ലോ. ചിത്രങ്ങളെക്കുറിച്ചുള്ള ദാലിയുടെ നിർവചനം, "കൈകൊണ്ട് ചായം നൽകിയിട്ടുള്ള സ്വപ്നത്തിന്റെ ഫോട്ടോഗ്രാഫുകൾ" പൊതുവേ സർ റിയലിസ്റ്റു ചിത്രങ്ങൾക്ക് എല്ലാം ചാർത്തിക്കൊടുക്കാവുന്ന വിശേഷണമാണ്. ചിത്രം ഒരു ഫോട്ടോഗ്രാഫുപോലെ വ്യക്തമാണ്. അമൂർത്തമായ (അബ്‌സ്ട്രാക്ട്) ചിത്രങ്ങൾക്കുള്ള വ്യക്തതയില്ലായ്മ ഇവിടെ ഇല്ല. അതേ സമയം അതിലെ വസ്തുക്കളും സ്ഥലവും നിഗൂഢവുമാണ്. ചിത്രത്തിൽ കാണുന്ന സ്ഥലം, സ്വപ്നത്തിലെ സ്ഥലമാണ്. നമ്മുടെ ഓർമ്മയിലുള്ള സ്ഥലങ്ങൾ തന്നെയാണ് സ്വപ്നത്തിലും നാം കാണുന്നത്. സ്വപ്നം ഓർമ്മകളിൽ തറഞ്ഞുകിടക്കുന്ന സ്ഥലങ്ങളെയും വസ്തുക്കളെയും വ്യക്തികളെയും പകരം വയ്ക്കുകയും വച്ചുമാറ്റുകയും ഒക്കെ ചെയ്യാറുണ്ട്. അതുപോലെ ഇവിടെയും സ്ഥലം നമുക്കു പരിചിതമാണെന്ന തോന്നലുളവാക്കിക്കൊണ്ട് അപരിചിതമായി നിൽക്കുകയാണ് ചെയ്യുന്നത്.
ദാലി സ്വപ്നത്തിലെ ഒരു ഭൂഭാഗ കാഴ്ചയെ അതേ അനുഭവക്ഷമതയോടെ പുനഃസൃഷ്ടിക്കുകയാണ്ചെയ്യുന്നത്. സ്വപ്നത്തിലെ സമയം അസ്ഥിരമാണല്ലോ. പെട്ടെന്ന് ഞെട്ടി ഉണരുന്ന ഒരാൾക്ക്, ഇത് ഏത് സമയമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്. സ്വപ്നത്തിൽ സമയത്തിന് ഒരർത്ഥവുമില്ല. അതിന്റെ ശക്തി നശിച്ച അവസ്ഥയെ വ്യക്തമാക്കാനാണ് ഇതിൽ ഘടികാരങ്ങൾക്ക് നിശ്ചിത ഘടനയില്ലാതെയാവുന്നത്. പലതരത്തിൽ അർത്ഥം നഷ്ടപ്പെടുന്ന ഘടികാരങ്ങളെയാണ് 4 ക്ലോക്കുകളുടെ വ്യത്യസ്തമായ അവസ്ഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.. ഉറുമ്പുതിന്നുന്ന ക്ലോക്ക്, ഉണക്കാനിട്ടിരിക്കുന്ന ക്ലോക്ക്, മേശപ്പോലെയുള്ള വസ്തുവിൽനിന്ന് താഴേക്ക് ഒലിക്കുന്ന ക്ലോക്ക്, ഉറങ്ങുന്ന ജീവിയുടെ മേലിൽ വിശ്രമിക്കുന്ന മൃദുവായ ക്ലോക്ക്.. ഉറക്കത്തിന്റെ അഥവാ അബോധത്തിന്റെ വാസ്തവം എന്ന സംഗതിയെകൊണ്ടുവരാനായി മറ്റൊരു ബിംബം  ചിത്രത്തിലുള്ളത്  വിചിത്രമായ ആകൃതിയുള്ള ഒരു ജീവിയാണ്. അത് ഉറങ്ങുകയാണ്. അതിന്റെ കൺ പീലി ഭീമാകാരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഉറക്കത്തിൽ സ്വപ്നം കാണുന്ന ഒരാളുടെ കൃഷ്ണമണികൾ അതിവേഗം ചലിച്ചുകൊണ്ടിരിക്കും എന്ന് മനശ്ശാസ്ത്രം പറയുന്നു. അതിന്റെ വലിയ കൺപീലി സ്വപ്നാവസ്ഥയിൽ ചലിക്കുന്ന കണ്ണുകളുടെ ഓർമ്മ കൊണ്ടുവരുന്നു. അങ്ങനെ സ്വപ്നത്തിനകത്ത് മറ്റൊരു സ്വപ്നം കൂടി ദാലി ഒരുക്കുന്നു.
ചിത്രത്തിലെ ഘടികാരങ്ങളെ സംബന്ധിച്ച് മറ്റൊരു വ്യാഖ്യാനമുണ്ട്. ഇതിൽ കാണുന്ന ക്ലോക്കുകൾ 1920,30 കാലയളവിൽ യൂറോപ്പിലെ മധ്യവർഗം സമയം പാഴാക്കാതിരിക്കാനായി കൊണ്ടു നടന്ന പോക്കറ്റു വാച്ചുകളുടെ വികസിത രൂപമാണെന്നാണ്. ( ഗാന്ധിജിയുടെ പക്കലുണ്ടായിരുന്ന വാച്ച് ഓർക്കുക) സാമൂഹികമായ സമ്മർദ്ദങ്ങളിൽനിന്ന് വിടുതൽ നേടാൻ ജീവിതത്തെ പരിഹാസരൂപത്തിലും ഫലിതരൂപത്തിലും ഒക്കെ നോക്കിക്കണ്ടവരാണ് സർ റിയലിസ്റ്റുകൾ. അതുകൊണ്ട് ഐൻസ്റ്റീന്റെ കാലത്തിനു ശേഷം സമയം എന്ന സംഗതി അത്ര പ്രധാനമുള്ളതല്ലെന്നും അതൊരു പോക്കറ്റു വാച്ചിനകത്ത് കെട്ടിയിടാനുള്ളതല്ലെന്നും അത് കൂടുതൽ സങ്കീർണ്ണവും ആപേക്ഷികവുമാണെന്നുമുള്ള ആശയം ഉരുകുന്ന, ഉറുമ്പുകൾ തിന്നു തീർക്കുന്ന വാച്ചുകളിലുണ്ട് എന്നു ചിലർ വാദിക്കുന്നു. ഓർമ്മയുടെ സ്ഥിരതയും ദാർഢ്യവുമൊക്കെ ഇല്ലാത്ത ഒരു കാര്യമായതുകൊണ്ടും ഓർമ്മ എന്ന വളരെ വിലപിടിപ്പുണ്ടെന്നു നാം വിചാരിക്കുന്ന കാര്യത്തിന്  കാലത്തിന്റെ അനന്തമായ പ്രവാഹത്തിന്റെ പശ്ചാത്തലത്തിൽ വച്ചാലോചിക്കുമ്പോൾ  ഒരു മൂല്യവുമില്ലാത്ത ഒന്നാണെന്നും ഉള്ള ആശയം ശീർഷകത്തിൽതന്നെയുണ്ട്.  ചിത്രത്തിന്റെ 'സ്ഥിരമായ ഓർമ്മ' അഥവാ 'ഓർമ്മയുടെ ശാഠ്യം' എന്ന തലക്കെട്ട് ഒരു തമാശയായിട്ടാണ് ദാലി നൽകിയത് എന്ന് ചിലർ വാദിക്കുന്നു.
ഓർമ്മയിലെ ജീവിതം
ഇതെല്ലാം ശരിയാവുമ്പോഴും ഇതെങ്ങനെ ഓർമ്മയുമായി ബന്ധപ്പെടുന്നു എന്നിടത്താണ് ചിത്രത്തിന്റെ ആത്മകഥാപരമായ വ്യാഖ്യാനത്തിനു പ്രാധാന്യം വരുന്നത്. സ്പെയിനിലെ പോർട്ട് ലിഗെറ്റ് എന്ന കടലോര നഗരമാണ് ദാലിയുടെ ജന്മസ്ഥലം. അവിടം ഉപേക്ഷിച്ചുപോന്ന ചിത്രകാരന്റെ അബോധത്തിലെ ആ സ്ഥലത്തിന്റെ പുനർജ്ജന്മമാണ് ചിത്രത്തിൽ നാം കാണുന്ന വരണ്ട സ്ഥലം. മനസാ ഉപേക്ഷിക്കപ്പെട്ട സ്ഥലം എന്നതിന്റെ സൂചനയാണത്രേ വരണ്ടതായി കാണുന്ന പ്രദേശം. അയയിൽ തൂക്കിയിട്ട തുണിയും മറ്റും ബാല്യകാല ഓർമ്മകളാണ്. സ്വപ്നത്തിന്റെ സ്വഭാവം വച്ച് അതിലെ വസ്തുക്കൾ ഒന്ന് മറ്റൊന്നായി പരിണമിക്കും. കണ്ടൻസേഷൻ എന്നു പറയുന്ന പ്രക്രിയ ഇതാണ്.  ഓർമ്മയും കാലവും (സമയവും) ഇവിടെ പരസ്പരം വച്ചു മാറുന്നു. ദൂരെയായി കാണുന്ന മല, പോർട്ട് ലിഗെറ്റിലുള്ള മൗണ്ട് പൈയാണെന്നും ചില നിരൂപകർ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ദാലിയുടെ ബാല്യകാല ഓർമ്മ, അബോധത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ് ചിത്രമായി പരിണമിച്ചതാണ് പെർസിസ്റ്റൻസ് ഓഫ് മെമ്മറി.
അങ്ങനെ, ഒരു കാര്യമല്ല, പല കാര്യങ്ങൾ ചേർന്നാണ് പെർസിസ്റ്റൻസ് ഓഫ് മെമ്മറിയെ വ്യാഖ്യാന ക്ഷമമാക്കുന്നത്.. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ചിത്രത്തെപ്പറ്റി അധികം ദാലി വിശദീകരിച്ചിട്ടില്ലെങ്കിലും, ഉരുകുന്ന വാച്ചുകൾ ഐൻസ്റ്റീന്റെ ആപേക്ഷിക സീദ്ധാന്തത്താൽ പ്രചോദിതമായ കലാരൂപമല്ലേ എന്നു ചോദിച്ച ഒരു നിരൂപകയ്ക്ക് ദാലി നൽകിയ മറുപടി, ഹേയ്, അതൊന്നുമല്ല, വടക്കൻ ഫ്രാൻസിലെ പഴയ ഒരു തരം ചീസ് (പാൽക്കട്ടി) വെയിലത്തിടുമ്പോൾ ഉരുകുന്നതു കണ്ട് അതുപോലെ വരച്ചതാണ് എന്നാണ്..

3 comments:

  1. ചിത്രകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ പലപ്പോഴും കലയെക്കുറിച്ച് എഴുതാറുണ്ട്. കുറെയാള്‍ക്കാര്‍ കലയെക്കുറിച്ച്, പഠനത്തെക്കുറിച്ചൊക്കെ സംശയം ചോദിക്കാറുണ്ട്. ലഭ്യമായിടത്തു നിന്നും അവ സംഭരിച്ച് വിശദമായി നല്‍കാറുണ്ട്. താങ്കളുടെ ഈ പോസ്റ്റ് അത്തരത്തില്‍ വളരെ ഈടുള്ള ഒന്നാണ്. ഫേസ്ബുക്കില്‍ ഇത് കടപ്പാടോടെ ഇടുന്നതില്‍ വിരോധമില്ലെന്നു കരുതുകയാണ്. കൂടുതല്‍ സാങ്കേതിക ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നല്ലൊരു വായന നല്‍കിയതിന് നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.

    ReplyDelete
  2. നല്ലൊരു ലേഖനം
    ആശംസകള്‍

    ReplyDelete
  3. അതിർവരമ്പുകൾ ലംഘിക്കാനുള്ളതാണ്.
    കലയുടെ കാര്യത്തിൽ പ്രത്യേകിച്ചും. പക്ഷേ
    അക്കാദമിക്കായ പഠനത്തിന്റെ സവിശേഷത, കൃത്യമായ
    നിയമങ്ങളും കാരണങ്ങളും നൽകുക എന്നതാണ്. അല്ലെങ്കിൽ
    പഠനം ആശയക്കുഴപ്പം നിറഞ്ഞതാകും. കൂടുതൽ അന്വേഷണവും
    ആലോചനകളും നടത്തി ചരിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുക
    എന്നുള്ളത് പഠിതാക്കളുടെ ജോലിയാണ്. ഇക്കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട്
    മാന്ത്രിക റിയലിസമല്ല, സർ റിയലിസം, രണ്ടും വളരെ വ്യത്യസ്തമായ രീതികളും
    ചരിത്രവുമുള്ള പ്രസ്ഥാനങ്ങളാണ് എന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നുള്ളത്
    അധ്യാപകന്റെ/അധ്യാപികയുടെ മേൽ വരുന്ന അധിക ഉത്തരവാദിത്തമാകുന്നു.

    ReplyDelete