April 3, 2015

ചില്ലുക്കൂട്ടിലെ കാലാവസ്ഥകള്‍



             
സ്വന്തം ആവിഷ്‌കാരങ്ങളോടുള്ള ഒതുക്കമുള്ള ഭയം മറ്റൊരാവിഷ്‌കാരത്തിനു പ്രേരണയായി ഭവിക്കുന്നത് ഒരു പക്ഷേ കലയിലെ മാത്രം കണ്ണാടിക്കാഴ്ചയാവാം. ചെകുത്താന്‍ ചുരുട്ടിയെടുത്തുകൊണ്ടു പോയതിനാല്‍ നിഴല്‍ നഷ്ടപ്പെട്ട സ്വത്വങ്ങളാണ് പിന്നെ ഫ്രാങ്കസ്‌റ്റൈനുകളായും കിംകോങുകളായും ജുറാസിക്കില്‍ നിന്നിറങ്ങി വന്ന പെരുമ്പടപ്പുകളായും അനക്കോണ്ടകളായും മറ്റും മറ്റും വന്നു നിന്ന് നമ്മെ തന്നെ വിറപ്പിച്ചത്. യന്ത്രങ്ങള്‍ നമുക്കുവേണ്ടി ഭാവന ചെയ്യുന്നതിനെയും ഭാവന ചെയ്ത് നാം പേടിച്ചു രസിച്ചു. ഇപ്പോഴും രസിക്കുന്നു. യന്ത്രങ്ങള്‍ക്ക് ആത്മാവില്ല; അന്നും ഇന്നും. അതൊരു വശം. മറുവശത്ത് യന്ത്രങ്ങള്‍ അതിരിടുന്നൊരു ലോകത്തിനുള്ളില്‍ നിന്ന് രക്ഷയില്ലാതെ നട്ടം തിരിയുന്നൊരുതരം പൊറുതികേടും വന്നുപെട്ടിട്ടുണ്ട്. യന്ത്രവുമായുള്ള അഭിമുഖീകരണങ്ങളാണ് 'യാന്ത്രികമായ' എന്നൊരു അപകൃഷ്ടമായ പദത്തിനെ സാധ്യമാക്കിയത്. പൈതൃകമായി കിട്ടിയ മൂല്യത്തിന്റെ നാശം 'യാന്ത്രികത'യില്‍ ദര്‍ശിച്ച് നമ്മളിന്നും വിതുമ്പുന്നുണ്ട്. 'സ്വാഭാവിക'മായ എല്ലാത്തിനും നേരെ ഭീഷണമായ ചൂണ്ടു വിരല്‍ ഉയര്‍ത്തിയാണ് അതിന്റെ നില്‍പ്പ് എന്ന ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വികാരങ്ങള്‍ അസ്തമിച്ച് മരവിച്ചകാലത്തിന്റെ രൂപകമായി, ആവര്‍ത്തന വിരസതയെന്ന കോട്ടുവായായി 'യാന്ത്രികലോകം' നമ്മുടെ സാരസ്വതങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. 'യന്ത്രസരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ?' എന്ന കിടിലന്‍ ചോദ്യത്തിന് പക്ഷേ, അതു മാത്രമായിരുന്നില്ല ധ്വനി. അടുത്തപടിയായി യന്ത്രങ്ങള്‍ മനുഷ്യഭാവനയില്‍ അസ്തിത്വങ്ങള്‍ നേടിയെടുക്കുകയും മാനുഷികമായ മൂല്യങ്ങള്‍ എന്നു വിളിപ്പെട്ട സകലതിനെയും മെതിക്കുകയും ചെയ്യുമെന്ന പ്രവാചകസ്വരം ആ വാക്യം ഉള്ളടക്കുകയും ചെയ്തതായി തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം നമ്മള്‍ ദാ എത്തി നില്‍ക്കുന്ന വെബ് 2.0 ലോകത്തിന്റെ ഊറ്റമാണ്. ആശയവിനിമയം സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ സാധ്യമാവുന്നിടത്ത് യാന്ത്രികമായ ചട്ടക്കൂടിനുള്ളില്‍ മാനുഷികമായതെല്ലാം തിരിച്ചു വരുന്നതായി വിഭാവനം ചെയ്തു തുടങ്ങിയതിന്റെ ഫലമാണ് അപ്രമാദികളായ യന്തിരന്മാര്‍. ടൈപ്പ്‌റൈറ്ററുകളുടെ തണുത്തുറഞ്ഞ തരം മരവിപ്പല്ല, സിലിക്കണുകളുടെ ശബളമായ കുടമാറ്റങ്ങളിലുള്ളത്. വിരല്‍ത്തുമ്പുകളേറ്റ് പിച്ചളമൊട്ടുകള്‍ മുഴക്കിയ ഒച്ചകള്‍, അനന്തവൈവിധ്യമാര്‍ന്ന നിറമുള്ള ഈണങ്ങള്‍ക്കു വഴിമാറി. യാന്ത്രികതയില്‍ നിന്ന് സാങ്കേതികതയിലേയ്ക്കുള്ള ദൂരം വലുതാണ്. പാതാളത്തില്‍ നഷ്ടപ്പെട്ടുപോയ പ്രണയിനിയുമായി ഭൂമിയിലേയ്ക്ക് തിടുക്കപ്പെട്ട് സഞ്ചരിക്കുന്ന ഓര്‍ഫ്യൂസിന്റെ കഥയിലെന്നപോലെ പ്രതീക്ഷയോടെ മിന്നിമറയുന്ന ദശലക്ഷം വര്‍ണ്ണബിന്ദുകള്‍ പിന്നിലെവിടെയോ യൂറിഡൈസിനെ ഒപ്പം നടത്തിക്കുന്നുണ്ടെന്ന ബോധം പുതിയ ഭാവനയെ തിളക്കുന്നുണ്ട്. ഭൂസ്പര്‍ശം വരെ തിരിഞ്ഞു നോക്കാന്‍ വയ്യെങ്കിലും പിന്നില്‍ അവളുണ്ട്.

യന്ത്രവുമായുള്ള അഭിമുഖീകരണം മലയാളഭാവനയെ എത്തിച്ച പരിണതികളിലൊന്നിന്റെ വഴിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചില്ലുകൂടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഋതുക്കള്‍ മാറിമാറി മറിയുന്നു. ജയേഷിന്റെ 'യന്ത്രം' എന്ന കഥയിലെ നായകന്‍ 'യാന്ത്രികമായ' ജീവിതത്തിന്റെ മരവിപ്പില്‍ നിന്ന് രക്ഷപ്പെടുന്നത് പെണ്‍കുട്ടിയുടെ വിരള്‍ സ്പര്‍ശത്താലാണ്. അവള്‍ അവസാന വാചകം കോറിയിട്ടത് 'അവനി'ലായിരുന്നു. പതിവു രീതിയനുസരിച്ച് അതൊരു ആത്മഹത്യാക്കുറിപ്പായിരുന്നോ ഒരു തീവ്രവാദിനിയുടെ ആസൂത്രണരേഖയായിരുന്നോ യന്ത്രത്തെ കൊല ചെയ്യാനുദ്ദേശിച്ച് കുറിച്ചിട്ട കോഡാണോ എന്നൊക്കെയുള്ള കാര്യത്തില്‍ കഥ മൌനം പാലിക്കുന്നു. അതിനേക്കാള്‍ പ്രസക്തം ഹൃദയാഹൃദയ സംവേദങ്ങള്‍ ഇതുവരെ അവലംബിച്ചിട്ടില്ലാത്ത മട്ടില്‍ ഈ കഥയില്‍ സംഭവിച്ചിരിക്കുന്നു എന്ന ആഖ്യാതാവിന്റെ ആശ്ചര്യം കൊള്ളലാണ്. അതാണ് മറ്റൊരു രീതിയില്‍ മെക്കാനിക്കുകളുടെ കൌതുകമായി പുറത്തുവരുന്നത് . സാമ്പ്രദായികരീതി അനുസരിച്ച് ഈ കഥ തകര്‍ന്ന പ്രണയത്തെക്കുറിച്ചുള്ള സാധാരണ ആഖ്യാനമാണ്. എന്നാല്‍ മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന യന്ത്രത്തിന്റെ സാധ്യതകളും പരിമിതിയും ഒരു രൂപകത്തിന്റെ ഭംഗിയാര്‍ജ്ജിച്ച് നില്‍ക്കുന്ന ഈ കഥയില്‍ മാനുഷികമായ ഭാവങ്ങളെ 'യന്തിരനിലേയ്ക്ക്' പകര്‍ന്നു നല്‍കാനുള്ള യത്‌നമുണ്ട്. അതാണ് ആലോചനകള്‍ക്ക് വക നല്‍കുന്ന വശം. കമ്പ്യൂട്ടറുകള്‍ രക്ഷപ്പെടാനാവാത്ത വിധം നീളന്‍ വലകള്‍ നെയ്‌തൊരു ലോകത്ത്, കാലത്ത് ജീവിച്ചു പോകുന്ന മനുഷ്യന്‍ പൊടുന്നനെ തന്നെയൊരു യന്ത്രമായി വിഭാവനം ചെയ്യുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല. മനുഷ്യനില്‍ നിന്നുള്ള ഇറക്കമാണ് തന്നെ പാറ്റയായി കാണാന്‍ കാഫ്കയ്ക്ക് പ്രേരണയായതെങ്കില്‍ അതേ ഇറക്കം തന്നെയാണ് ഉത്തേജിതമായ 'മെമ്മറിയാല്‍' ഉദാസീനനാവുന്ന യന്ത്രഹൃദയത്തിലും ഉള്ളത്.
യന്ത്രം മാനുഷികമായ ഭാവങ്ങളിലേയ്ക്ക് ഇറങ്ങി വന്നിരിക്കുന്നതെങ്ങനെ എന്നും കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ജയേഷിന്റെ 'ഒരിടത്തൊരു ലൈന്‍മാന്‍' എന്ന സമാഹാരത്തിലെ കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു സ്ത്രീ കഥാപാത്രം രതിപ്രിയയാണ്. അതൊരാളോ വാര്‍പ്പുമാതൃകയോ അല്ല. (എന്‍ എസ് മാധവന്റെ കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ആണ്‍ കഥാപാത്രം രാഘവനെപോലെ) പേരിന്റെ സാമ്യത്തിനപ്പുറത്ത് ഒരേ പേരുകാരികളായ സ്ത്രീകള്‍ കഥാപാത്രത്തിനപ്പുറത്തുള്ള ആശയലോകത്തിലേയ്ക്ക് വിരള്‍ചൂണ്ടി നില്‍പ്പാണ്. അതിന് ഏറെക്കുറെ നാം പാത്തുവയ്ക്കുന്ന എതിര്‍ലിംഗസങ്കല്‍പ്പങ്ങളുമായി അബോധത്തില്‍ ചാര്‍ച്ചകളുണ്ടാവും. തൂവാനത്തുമ്പികളില്‍ രതിപ്രിയ മരീചികാസ്വഭാവമുള്ള നിഴലാണ്. ഒരു ഫോണ്‍ കോളില്‍ അവളുണ്ട്, നേരിട്ട് ചെല്ലുമ്പോള്‍ ഇല്ലെന്ന അവസ്ഥയാണത്. മറ്റൊരുതരത്തില്‍ ഒരു പ്രതീതിയാഥാര്‍ത്ഥ്യം. പ്രതീതിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം കാലവും സ്ഥലവും തമ്മിലുള്ള പൊരുത്തക്കേടായി സന്നിഹിതമാവുന്നത് നാം കാണുന്നു. കഥയുടെ അവസാനത്തില്‍ സൂരിയുടെ കൈത്തണ്ടയില്‍ പിടിക്കുന്ന രതിപ്രിയയോട് അയാള്‍ പറയുന്നത് ഇത് സ്വപ്നമാണെന്നാണ്. അനുഭൂതിയുടെ നിറവില്‍ സൂരി ഉരുവിട്ട കാല്‍പ്പനിക കൂജനമൊന്നും അല്ലത്. മറിച്ച് ഉണരാന്‍ വൈകുന്നതിനെക്കുറിച്ചോര്‍ത്തുള്ള പിടച്ചിലാണ്. സദാചാരം പാരമ്പര്യവുമായി കെട്ടിമറിഞ്ഞ് കാവിക്കൊടികള്‍ നാട്ടുന്നകാലത്തെ സദൃശലിംഗപരിണയത്തിന്റെ അരക്ഷിതാവസ്ഥയെയാണ് 'ലസ്സി'യിലെ രതിപ്രിയയുടെ ഹാവഭാവാദികള്‍ ഒപ്പിയെടുക്കുന്നത്. 'ഏകാകികള്‍ക്കൊരു പൂവിലെ' രതിപ്രിയ ശരീരം വിരുന്നുമേശകളില്‍ വിളമ്പേണ്ടി വരുന്നതിന്റെ നിസ്സഹായതയെ ചൂണ്ടുന്നുണ്ട്. രതിപ്രിയയുടെ കാമുകന്‍ ദേവവ്രതനും ഇതേ കര്‍മ്മം ചെയ്യേണ്ടി വരുന്നു എന്നിടത്ത് ശരീരമെന്ന വില്‍പ്പനച്ചരക്കിന്റെ സാധ്യതയ്ക്ക് ലിംഗഭേദമില്ലെന്ന വര്‍ത്തമാന വാസ്തവത്തില്‍ ഊന്നുന്നു. 'ബോയ് ഫ്രണ്ട്' എന്ന കഥയിലെ രതിപ്രിയ കാമുകനാല്‍ തിരസ്‌കരിക്കപ്പെടുന്നവളാണ്. ചാരിത്ര്യത്തിലുണ്ടായിരുന്ന നിഷ്ഠയാണ് അവളെ ദുരന്തകഥാപാത്രമാക്കിയത്. ആ ചാരിത്ര്യമാകട്ടെ ഭാവി ഭര്‍ത്താവെന്ന് അവള്‍ കരുതിയ കാമുകനുവേണ്ടി കാത്തുവച്ച സമ്പാദ്യവുമാണ്. ദുരന്തത്തിലേയ്ക്ക് നടന്നുനീങ്ങുകയും ഉണ്ടോ ഇല്ലയോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പഴയ പേരുകാരികള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത ആശയാഭിലാഷങ്ങളുടെ തടവുകൂടുകളും കൂടിയാണ്.

(http://www.mathrubhumi.com/)

6 comments:

  1. നന്നായിട്ടുണ്ട്‌!!!

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ജയേഷ്!
    നന്നായി എഴുതുന്ന ഒരാള്‍.

    ReplyDelete
  4. ആദ്യമായാ ഈ വഴി... വെറുതെ നന്നായി എന്ന് പറഞ്ഞു പോകാന്‍ മാത്രം തോന്നുന്നുമില്ല, എന്നാല്‍ പറയാനുള്ള വാക്കുമില്ല....

    ReplyDelete
  5. നന്നായിരിക്കുന്നു ...
    നല്ല ഫ്ലോ
    ആശംസകൾ

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete