February 11, 2015

വികാരങ്ങളുടെ പരീക്ഷണശാലകളിൽ....



അബ്ദുറഹിമാന്‍ സിസ്സാകോയുടെ ബമാക്കോ (മാലിയുടെ തലസ്ഥാന നഗരമാണ് ബമാക്കോ) എന്ന ചിത്രം 2006 -ലെ കേരളചലച്ചിത്രോല്‍വത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആഫ്രിക്കയുടെ ഒരു ഗ്രാമപരിസരത്ത് രാജ്യാന്തര മോണിറ്ററി ഫണ്ടിനെയും വേള്‍ഡ് ബാങ്കിനെയും വിചാരണയ്ക്കു വയ്ക്കുന്ന ചിത്രം, ഈ രണ്ടു കൂറ്റന്മാരുംകൂടിച്ചേര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെ രക്ഷപ്പെടുത്തനാവാത്തവിധം കടക്കെണിയിലാഴ്തിയതെങ്ങനെ എന്നാണ് വിവരിച്ചത്. അതും ദാരിദ്ര്യം കീറിമുറിച്ച പാവം മനുഷ്യരുടെ സാക്ഷിമൊഴികളെ നേരിട്ടു പകര്‍ത്തിക്കൊണ്ട്. ഗിനിയ, റുവാണ്ട, സോമാലിയ, ചാഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു ക്യാമറ. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആ‍വശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണമില്ലാതെ, ഉദ്യോഗസ്ഥ അഴിമതിയും ആഭ്യന്തര കലാപങ്ങളുംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവോരത്തിരുന്ന് മണ്ണില്‍കുത്തിക്കുറിക്കുകയും കണ്ണീരൊഴുക്കുകയും കോടതിവിധിയ്ക്കായി ഉറ്റുനോക്കുകയും ചെയ്ത് ദിവസം ചെലവഴിക്കുന്നത് അത്ര അപരിചിതമായ ദാരിദ്ര്യക്കാഴ്ചയായല്ല അനുഭവപ്പെട്ടത്. ആനന്ദിന്റെ രചനകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്, ഇവരെ, കോടതിമുറ്റങ്ങളില്‍ കാത്തുകെട്ടിക്കിടന്ന് ആയുസ്സു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരായി..
   ആ സമയമായപ്പോഴേക്കും എ ഡി ബി, വായ്പ തുടങ്ങിയ പദങ്ങള്‍ പുതിയ അര്‍ത്ഥമാനങ്ങളോടെ കേരളത്തിലും പ്രചരിച്ചുതുടങ്ങിയിരുന്നു. അധികം ആരും ശ്രദ്ധിക്കാതിരുന്ന അന്നത്തെ ഒരു വാര്‍ത്ത,കേരള സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളിലെ കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് ഏഷ്യന്‍ വികസന ബാങ്കിന് നേരിട്ട് അധികാരം നല്കുന്ന ഒരു കരാറില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഒപ്പുവച്ചത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെയാണെന്നുള്ള വാര്‍ത്തയായിരുന്നു. കേരള സര്‍ക്കാരിന്റെ പ്രതിനിധി ഇന്ദ്രജിത്ത് സിങ്ങും എ ഡി ബി യുടെ കണ്‍‌ട്രി മാനേജര്‍ സകാഷി കോണ്ടയും ചേര്‍ന്ന് ഒപ്പിട്ട കരാറനുസരിച്ച് വായ്പയായി കേരളത്തിനു കിട്ടാന്‍ പോകുന്ന 3405 കോടിയുടെ കാര്യം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി അന്ന് അറിഞ്ഞില്ലെന്നത് മേല്‍‌പ്പറഞ്ഞ സിനിമയില്‍ ഭാവനയില്‍ നമുക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു തമാശരംഗമാണ്. കരാറുകള്‍ക്കും റോഡുനീളെ കുഴിവെട്ടിക്കൊണ്ടുനടന്ന കുടിവെള്ള പദ്ധതിയ്ക്കും പിന്നെന്തു സംഭവിച്ചു എന്ന പരിണാമഗുപ്തി മനസ്സിലോടുന്ന സിനിമയുടെ പരിധിയില്‍ വരുന്ന കാര്യമല്ല. അതിനേക്കാള്‍ ഇരുണ്ടതും വിശാലവുമായ പരിണാമം ബമാക്കോ ഉള്ളടക്കിയിരുന്നു.
    എട്ടു വര്‍ഷങ്ങള്‍ക്കുശേഷം സിസ്സാകോയുടെ ചിത്രം വീണ്ടും കേരളത്തിലെ ചലച്ചിത്രമേളയിലെത്തുകയാണ്. കിഴക്കന്‍ മാലിയിലെ അഗുല്‍ഹോക്ക് എന്ന സ്ഥലത്തു വച്ച് 2012 -ല്‍ കല്ലെറിഞ്ഞുകൊന്ന ദമ്പതികളുടെ കഥ പറയുന്ന ടിംബുക്തു (അതും ഒരു സ്ഥലപ്പേരാണ്)ഇത്തവണത്തെ IFFK യിലുണ്ട്. 2014 ലെ കാന്‍ ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ പങ്കെടുത്തതാണ് ഈ സിനിമ. രണ്ടു സിനിമയിലും ഗ്രാമീണകോടതികള്‍ പശ്ചാത്തലത്തിലുണ്ട്. ആദ്യത്തേതില്‍ ജനജീവിതങ്ങളെ പിഴിയുന്ന വമ്പന്മാരെ പ്രാദേശികമായി വിചാരണയ്ക്കെടുക്കുന്ന മട്ടിലാണെങ്കില്‍,രണ്ടാമത്തേതില്‍ വ്യക്തിജീവിതത്തിനും ഗാര്‍ഹികസന്തോഷങ്ങള്‍ക്കും മേലുള്ള ആചാരപരമായ കടന്നു കയറ്റത്തിന്റെ രൂപത്തിലാണ്. ആത്യന്തികമായി വിചാരണകള്‍ നേരിടുന്നത് ശരീരങ്ങള്‍ മാത്രമാണെന്ന സത്യത്തെ കാഴ്ചകളുടെ തുടര്‍ച്ചകളിലൂടെ അറിയിക്കാനൊരു ശ്രമം, സമകാലിക മാസ്റ്റര്‍മാരില്‍ ഒരാളായ സിസ്സാകോ നടത്തുന്നില്ലേയെന്ന് ഒരു സംശയം മിന്നിത്തെളിയുന്നു. സ്വന്തം ശരീരത്തിലേയ്ക്ക് ഇരുട്ടിലൂടെ വന്നു തൊടാവുന്ന ഒരു മൂര്‍ച്ചയേറിയ ആയുധം ഈ വക സിനിമകള്‍ എപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് തോന്നല്‍. എന്തു വേണം, അനുഭവങ്ങളെ ഏറ്റുവാങ്ങി കരയണോ മാറി നിന്ന് ചിരിക്കണോ ?
   വെള്ളിത്തിരയിലെ പലവിധമായ ശരീരത്തെ അതിന്റെ മുന്നിലിരിക്കുന്ന കാണിയുടെ ശരീരം അഭിമുഖീകരിക്കുന്ന വിധത്തെക്കുറിച്ചുള്ള ആലോചനകള്‍ ചലച്ചിത്രപഠനങ്ങളില്‍ കൂടുതല്‍ കാലികമായ ഒരു വഴി വെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് ശരീരത്തിന്റെ അഭിമുഖീകരണങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ഒരു ആശയജീവിതമാണ് ചലച്ചിത്രങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്നത്. പുറം രാഷ്ട്രീയത്തിന്റെ വെയിലേറ്റുതിളങ്ങുമ്പോള്‍ മാത്രമല്ല, ഇതു സംഭവിക്കുന്നത്. വിവിധസ്ഥലരാശികളിലെ പല തരത്തില്‍ വ്യത്യസ്തങ്ങളായ ശരീരങ്ങളെ ഇരുട്ടിലിരുന്ന് നേര്‍ക്കുനേര്‍ ഏറ്റുവാങ്ങുന്ന കാണിയുംകൂടി ചേര്‍ന്നു രൂപപ്പെടുത്തുന്നതാണ് ഈ സൂക്ഷ്മമായ ജീവിതം. തിയേറ്ററുകളിലും മസ്തിഷ്കങ്ങളിലും സിരാപടലങ്ങളിലും രോമകൂപങ്ങളിലുമൊക്കെ പറ്റിപ്പിടിച്ച് അവ വളരുന്നു. നിങ്ങള്‍ക്കിഷ്ടപ്പെട്ട സബ് ടൈറ്റിലുകളോടെ (എം സോണ്‍ എന്ന ഫെയിസ് ബുക്ക് സംഘം നൂറിലധികം സിനിമകളുടെ മലയാളം ഉപശീര്‍ഷകങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു!) ഇഷ്ടപ്പെട്ട സിനിമകള്‍ സ്വന്തം കമ്പ്യൂട്ടര്‍പ്പെട്ടിയിലേയ്ക്ക് ഇറക്കിവച്ചു കാണാവുന്ന വ്യക്തിപര സിനിമകളുടെ കാലമായിട്ടുകൂടി ഒരു (പ്രാദേശിക)ചലച്ചിത്രോത്സവത്തിലേയ്ക്ക് വരിനില്‍ക്കുന്ന ആളുകളുടെ എണ്ണം പതിനായിരം കവിയുന്നു.
  കേരളത്തിലെ ചലച്ചിത്രോത്സവം പത്തൊന്‍പതിലെത്തി, വയസ്സറിയിച്ചു കഴിഞ്ഞ അവസരത്തില്‍തന്നെയാണ് വിലക്കിന്റെയും നിഷേധത്തിന്റെയും ചാപ്പകള്‍ അതിനുമേലെ ആഘോഷത്തോടെ പതിക്കുന്നതും. ചുംബനസമരത്തെപ്പറ്റിയുള്ള വിചാരിപ്പുപോലെ ചലച്ചിത്രോത്സവമെന്നാല്‍ ഹിതകരമല്ലാത്ത രഹസ്യവൃത്തിയുടെ ആഘോഷമാണെന്ന ധാരണ സാമാന്യബോധമായി വേരു പിടിച്ചിട്ടുള്ള ഒരു സമൂഹമായതുകൊണ്ടാണിത്. മര്യാദക്കാരായി,താടിചൊറിഞ്ഞുകൊണ്ടിരുന്ന് നിശ്ശബ്ദതയില്‍ സിനിമകാണുകയും ഉറക്കെ ചിന്തിക്കുകയും തന്നോടുതന്നെ വാക്കുകളില്ലാതെ കലഹിക്കുകയും ചെയ്യുന്ന പതിനായിരങ്ങളുടെ റിപ്പബ്ലിക് ഭാവനയില്‍ കാണുന്നത് എന്തുരസമാണ് ! ഒരു പ്രണയരംഗത്തെ വിദൂരഷോട്ടിലാക്കിയ സത്യജിത്ത് റായി, അത് സമീപദൃശ്യമായിരുന്നെങ്കില്‍ ആളുകള്‍ പൂച്ചക്കരച്ചിലും കൂക്കുവിളിയുംകൊണ്ട് രംഗത്തിന്റെ ഗൌരവം കളഞ്ഞുകുളിച്ചേനേയെന്ന് വിശദീകരിച്ച് ഒരു കുറിപ്പെഴുതിയിട്ടുണ്ട്. നീണ്ടുപോകുന്ന നിശ്ശബ്ദരംഗങ്ങളില്‍ സ്വന്തം മൊബൈലില്‍നിന്ന് സന്ദര്‍ഭത്തിനിണങ്ങിയ ഈണം കേള്‍പ്പിച്ച് ആളുകളെ കുടെകുടെ ചിരിപ്പിച്ച വിരുതന്മാര്‍ നമ്മുടെ ചലച്ചിത്രോല്‍വങ്ങളില്‍ ഒഴിവാക്കാനാവാത്ത കണ്ണികളാണ്.അബ്ദലാതിഫ് കെച്ചെച്ചേയുടെ ബ്ലു ഈസ് ദ വാമസ്റ്റ് കളര്‍ കഴിഞ്ഞ വര്‍ഷം അതുല്യ തിയേറ്ററില്‍ പ്രദര്‍ശിച്ചപ്പോള്‍ വിമര്‍ശനം അതിന്റെ ഉച്ചസ്ഥായിലായി. ഫിലിം ഫെസ്റ്റിവലുകള്‍ സാംസ്കാരിക അപചയത്തിനോ എന്നാണ് ഒരാള്‍ മാതൃഭൂമിയില്‍ കത്തെഴുതി ചോദിച്ചത്. തിയേറ്ററില്‍ നീണ്ടു നീണ്ടു പോയ ശരീരങ്ങള്‍ തമില്‍ ചേരുന്ന ശബ്ദത്തെ തുടയ്ക്കടിച്ചും വയറ്റത്തടിച്ചും കാണികള്‍ പുനര്‍നിര്‍മ്മിച്ചു.പക്ഷേ സിനിമ പങ്കു വച്ചത് ന്യൂനപക്ഷലൈംഗികതയുടെ ആന്തരിക സംഘര്‍ഷങ്ങളാണെന്നോ കിടക്കയില്‍മാത്രമല്ല, അഡലെ എന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയുടെയും കലാവിദ്യാര്‍ത്ഥിനിയായ എമ്മയുടെയും ബന്ധത്തെ കുടുംബത്തിലും വിദ്യാലയങ്ങളിലും പണിയിടത്തിലും പൊതുയിടങ്ങളിലും വച്ച് വിശകലനം ചെയ്യുന്നുണ്ടെന്നോ ഉള്ള ചിന്തയിലേയ്ക്ക് പെട്ടെന്നാരും കടന്നു കയറില്ല. പുറത്തെടുത്താല്‍ സ്വീകാര്യതയോ ചാരുതയോ ലഭിക്കാത്ത ഭാവങ്ങളെ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ആന്തരസംഘര്‍ഷങ്ങള്‍ക്ക് കലാമൂല്യമുണ്ട്എന്ന തിരിച്ചറിവിനും ഉണ്ട് മൂല്യം! കൂട്ടത്തില്‍ പറയട്ടെ,ലാര്‍സ് വോണ്‍ ടിയറുടെ ആന്റിക്രൈസ്റ്റിന്റെ അടിസ്ഥാനം ലൈംഗികതയേക്കാള്‍ കുറ്റബോധവും പീഢനവുമായി സ്വീകരിക്കപ്പെട്ടതുകൊണ്ടാവണം അതിലെ ലൈംഗികത ആഘാതമായി നമ്മെ അത്ര വിറളിപിടിപ്പിക്കാതിരുന്നത്. ആന്റി ക്രൈസ്റ്റ്, മെലഞ്ചോളിയ, നിംഫോമാനിയാക് എന്നീ ഡിപ്രഷന്‍ ട്രിലോളജിയിലെ നിംഫോമാനിയാക് എന്ന അഞ്ചരമണിക്കൂര്‍ മുറിച്ചുനീക്കാത്ത ദൃശ്യങ്ങളുടെ സംവിധായക പതിപ്പ്, ചുംബനത്തിനു നേരെപോലും കണ്ണുരുട്ടുന്ന മലയാളിയുടെ പൊതുജീവിതത്തെ തകര്‍ത്തുവരാനുള്ള കോപ്പുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സിനിമയാണ്. ബമാകോയിലെ ദാരിദ്ര്യം ഒറ്റയ്ക്കാസ്വദിക്കാനാവാത്തതാണെങ്കില്‍ ചൂടുള്ള നീല നിറത്തിന്റെയും നിംഫോമാനിയാക്കിലെയും വ്യതിയാന ലൈംഗികത ഒറ്റയ്ക്കുമാത്രം ആസ്വദിക്കാനുള്ള ശിക്ഷണമേ ഇന്നുവരെ നമുക്കു ലഭിച്ചിട്ടുള്ളൂ. (ആദ്യത്തെ രണ്ടെണ്ണം കഴിഞ്ഞവര്‍ഷങ്ങളിലെ ആകര്‍ഷണമായിരുന്നെങ്കില്‍ മൂന്നാമത്തേത് ഇപ്പോഴില്ല !)
   ചലച്ചിത്രോല്‍സവത്തിലെ രസകരമായ ഒരു പഴയ കാഴ്ച ഓര്‍മ്മയിലുണ്ട്, രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു പ്രദര്‍ശനത്തിലെ ലൈംഗിക രംഗത്തില്‍ മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടികള്‍, ഇരുട്ടുമുറിയിലെ ഒച്ചയുടെ പ്രകടനക്കാരായ ആണ്‍സിംഹങ്ങളെ കടത്തിവെട്ടി. രതിദൃശ്യങ്ങള്‍ക്ക് തൊട്ടുമുന്‍പ് പെണ്‍കുട്ടികള്‍ നാലോഅഞ്ചോപേര്‍ കൂട്ടമായി എഴുന്നേറ്റ് നിന്ന് അതു തീരുന്നതുവരെ നാരായണാ,നാരായണാ.. ചൊല്ലി,, കൂട്ടച്ചിരികൊണ്ട് രംഗത്തിന്റെ പിരിമുറുക്കത്തില്‍നിന്നും അശ്ലീലത്തില്‍ മുങ്ങിക്കുളിക്കുന്നതില്‍നിന്നും ഒരു തിയേറ്ററിലെ കാണികളെ മുഴുവന്‍ അവര്‍ രക്ഷിച്ചെടുത്തു.അശ്ലീലങ്ങള്‍ അത്യന്തികമായി തലയ്ക്കടിയ്ക്കുന്നത് പെണ്‍കുട്ടികളെയാണെന്ന വേവലാതി വെള്ളിത്തിരയിലെ താത്പര്യങ്ങളുടെ ദൈവത്തോട് പങ്കുവയ്ക്കുകയായിരുന്നു, സത്യത്തില്‍ അവരുടെ നാരായണസ്ത്രോത്രങ്ങള്‍.
    സ്ത്രീശരീരത്തിന്റേതു മാത്രമായി സഹനമോ ആസക്തികളോ പരിമിതപ്പെട്ടുപോകുന്നില്ലെന്നു പറഞ്ഞുതരാനും ഫെസ്റ്റിവല്‍ സിനിമകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ കിം കി ഡുക്കിന്റെമോയിബിയസ് ലിംഗം ഛേദിക്കപ്പെട്ടവന്റെ മൂര്‍ച്ഛകള്‍ അന്വേഷിക്കുകയാണ് ചെയ്തത്.(ആഷിക്ക്അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തില്‍ കണ്ടതുപോലെ അത്ര ലഘുവല്ല കാര്യം എന്ന്മനസ്സിലാക്കാന്‍ തെക്കന്‍ കൊറിയയില്‍നിന്നുള്ള ആലോചനകള്‍കൂടി ചേരണം) അമത് എസ്കലാന്റയുടെഹേലി എന്ന ചിത്രത്തിലെ ഭീകരമായ പീഢനദൃശ്യങ്ങളില്‍ ഒന്ന്, സദാചാരപരമോ കാരുണ്യപരമോ ആയ ഒരു മറവുമില്ലാതെ, ഒരു യുവപോലീസുകാരന്റെ ലിംഗത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതാണ്.അലെക്സ് വാന്‍ വാര്‍മെര്‍ഡാം സംവിധാനം ചെയ്ത ബോര്‍ഗ്മാന്‍ എന്ന നെതര്‍ലാന്‍ഡ് ചിത്രത്തില്‍ ഒരു മനുഷ്യനെ ചെടിച്ചട്ടിയില്‍ തലകീഴായി നിര്‍ത്തി സിമന്റൊഴിച്ച് ഉറപ്പിച്ച ശേഷം തടാകത്തിലെറിയുമ്പോള്‍ അയാള്‍ അടിത്തട്ടിലെ ഒരു ചെടി പോലെ ആടിയുലയുന്ന അതിക്രൂരമായ ദൃശ്യത്തിനു കൈയടികളോടെ ജനം പ്രതികരിച്ചതോര്‍മ്മ വരുന്നു. അതെന്തുതരം കൈയടിയാണ്?രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് പറക്കുന്ന അപാരമായ മനുഷ്യസ്നേഹത്തിന്റെ തുമ്പികളെ കൈയോടെ പിടിക്കാനാണ് പൂതലിച്ച കണ്ണുകളുമായി ഉത്സവത്തിന്റെ ദിവസങ്ങളില്‍ ഇങ്ങേക്കോണിലിരുന്നു ജനം വെമ്പുന്നതെന്നാണ് വയ്പ്. നിലനില്‍പ്പിനായുള്ളകരച്ചിലിലല്ല, അതാവിഷ്കരിച്ച ദൃശ്യത്തിന്റെവ്യാമുഗ്ദ്ധതയിലാണ് പെട്ടെന്ന് മനസ്സോടിയെത്തുക എന്നു പറഞ്ഞ് ഇരുട്ടുമുറിയിലെ കൈയടിയുടെപ്രത്യയശാസ്ത്രത്തെ കലാപരമായി പതിവുമട്ടില്‍ വിലയിരുത്തുന്നതുകൊണ്ട് തീര്‍ന്നുപോകുന്നില്ല,വേവലാതികള്‍. ശരീരങ്ങളുടെഅഭിമുഖീകരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൊന്നില്‍ ദിനാ മെന്‍ഡോന്‍സ എഴുതുന്നു : വികാരങ്ങളെ പൂര്‍ണ്ണമായി തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്ന പരീക്ഷണശാലകള്‍ എന്ന നിലയ്ക്കാണ് ചലച്ചിത്രങ്ങളെ മനസ്സിലാക്കേണ്ടത് എന്ന്. (Existential Feelings: How Cinema Makes Us Feel Alive)
    ഏതു ഉത്സവങ്ങള്‍ക്കും എന്നപോലെ ചലച്ചിത്രോത്സവങ്ങള്‍ക്കും അരികിലേയ്ക്കു മാറിനില്‍ക്കുന്ന ജീവിതങ്ങളുടെ ആവിഷ്കാരങ്ങളുമുണ്ട്. ഇത്തരം സിനിമകള്‍ ഫെസ്റ്റിവലുകളില്‍ വന്ന് ഒച്ചയുണ്ടാക്കാതെ കടന്നുപോകുന്നവയാണ്. ഇവകള്‍ വ്യക്തിപരമായ തെരെഞ്ഞെടുപ്പിന്റെ പരിധിയില്‍ എത്രവരെ വന്നു നില്‍ക്കും എന്ന പരിമിതിയാണ്, ഫെസ്റ്റിവലുകളുടെ കലപിലകളിലേയ്ക്ക് കണ്ണയക്കാന്‍ പിന്നെയും ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. എത്രയൊക്കെ അരികു ചെത്തിയാലും സ്വകീയമായ ഇഷ്ടങ്ങള്‍ക്ക് പിന്നില്‍ ഒരു കൂട്ടത്തിന്റെ ആര്‍പ്പ് എപ്പോഴും ഉണ്ട്. ഭാവനയുടെ ധാരാളിത്തംകൊണ്ട് അന്ധാളിപ്പിക്കാത്ത ഈ അരികുവാസ്തവങ്ങളാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന് വൈകാരികമായ സമാന്തരങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിന് ഒരൊറ്റപ്പെട്ട ഉദാഹരണമായാണ് 2006 -ലെ ചലച്ചിത്രോത്സവ ഓര്‍മ്മയില്‍നിന്ന് ബമാക്കോയെ എടുത്തത്.കരയണോ ചിരിക്കണോ എന്ന സന്ദിഗ്ദഘട്ടങ്ങള്‍ ജീവിതത്തിലെ സങ്കീര്‍ണ്ണഭാവങ്ങള്‍ക്ക്നേടിക്കൊടുക്കുന്ന ഒരു കാണിയാണ് ചലച്ചിത്രോത്സങ്ങളുടെ ആത്യന്തികമായ ഉല്‍പ്പന്നം! എന്തൊക്കെ പറഞ്ഞാലും ഒറ്റയ്ക്ക് മനുഷ്യന്‍ അന്ധാളിപ്പിന്റെ സ്വന്തം സുഹൃത്താണ്, കൂട്ടത്തില്‍പ്പെടുമ്പോള്‍ മാത്രമാണ് സംത്രാസക്കാരൻ !

(malayalanatu.com)

No comments:

Post a Comment