വിനയചന്ദ്രൻ സാറിന്റെ ഒരു കഥ അവസാനിക്കുന്നത് ‘ധൃതരാഷ്ട്രർ എവിടെയും നടക്കുന്നത് നാലുകാലിലാണെന്ന്’ പറഞ്ഞുകൊണ്ടാണ്. എന്താണിതിന്റെ അർത്ഥം? കഥയുടെ ‘പരിണാമഗുസ്തിയിൽ’ ലയിച്ച് രോമാഞ്ചം കൊള്ളാൻ ആഗ്രഹിച്ചിരിക്കുന്ന നിങ്ങളെ ഈ വാക്യം കൂവി തോൽപ്പിക്കുന്നതായി തോന്നിയാൽ കുറ്റം പറയാനൊക്കുമോ? അദ്ദേഹത്തിന്റെ കവിതകളും ഇങ്ങനെയൊക്കെ തന്നെയല്ലേ, വരികൾക്കിടയിൽ നിങ്ങൾ പൂരിപ്പിക്കേണ്ടതായ വിടവുകൾ ധാരാളമിട്ട് ചിരിച്ചുകൊണ്ടു പായുന്ന തീവണ്ടികൾ? ‘നിങ്ങൾ 20% വായനക്കാരെ മാറ്റി നിർത്താൻ ശ്രമിച്ചാൽ 80% പേരും നിങ്ങളിൽ നിന്ന് അകന്നു പോകും’ എന്ന താക്കീതിനെ മുന്നിൽ വച്ചുകൊണ്ട് തന്നെ പറയട്ടെ, എല്ലാവർക്കും മനസ്സിലാവാൻ നാട്ടു വർത്തമാനം പോരേ? സാമാന്യബോധങ്ങളെ ചെപ്പിലടച്ച് കിലുക്കി കാണിക്കേണ്ട കാര്യമുണ്ടോ? ‘അമ്പടഞാനേ’ എന്ന് ഊറ്റം കൊള്ളേണ്ടതായി അതിൽ പിന്നെ എന്താണ് ബാക്കിയുള്ളത്? ‘എന്റെ കവിതകളെപ്പറ്റി ഞാൻ ക്ലാസിൽ പറയുന്നതു ശരിയല്ലെന്ന്’ സാറ് പറഞ്ഞിരുന്നു. ‘സാറെന്താ ആളുകൾക്ക് മനസ്സിലാവുന്ന മട്ടിലെഴുതാത്തതെന്ന’ വികൃതി ചോദ്യത്തിനു മറുപടിയായി. എങ്കിലും പലപ്പോഴും ക്ലാസുകൾ കവിതയ്ക്കൊരു സാധൂകരണമായിരുന്നു എന്ന് ഇന്ന് നോക്കുമ്പോൾ തോന്നുന്നു. ‘കവിത മനസ്സിലാവാത്തവരോട്’ എന്നു തന്നെ ഒരു കവിതയെഴുതി. ‘നിങ്ങൾ തനിയെ തീകത്തിക്കാനും വഴിപോക്കനൊരു കാപ്പികൊടുക്കാനു’മാണതിൽ പറഞ്ഞത്. ‘കണ്ണാടി നിരൂപകനെ ഏൽപ്പിച്ച് (മറ്റുള്ളവരുടെ ആവിഷ്കാരങ്ങളിൽ നിങ്ങൾ എന്തിന് നിങ്ങളെ തിരയുന്നു?) നദിയിൽ നക്ഷത്രം നിറയുന്നതു നോക്കാനും’ പറഞ്ഞു. കവിത മനസ്സിലാവാത്തവർ ഇതൊക്കെ (ഇതെങ്കിലും) ചെയ്താൽ മതിയെന്നൊരർത്ഥം കൂടിയുണ്ട്, ആ കവിതയ്ക്ക്. അതു പെട്ടെന്ന് മനസ്സിലാവും, ബാക്കിയൊന്നും മനസ്സിലായില്ലെങ്കിലും.
കവിതയിലെ ആത്മനിഷ്ഠതയും ദുരൂഹതയും ദുരർത്ഥകതയും ധ്വനിയും വക്രതയുമൊക്കെ സിദ്ധാന്തമായി പഠിക്കുന്നവർ തന്നെ കവിത മനസ്സിലാവുന്നില്ലെന്ന് മുറവിളി കൂട്ടുന്നതിൽ കാവ്യഭംഗിയുണ്ട്. ആവിഷ്കരണസംബന്ധിയായ ഒരുതരം ഉലച്ചിലാണ്, വഴിവിട്ട പോക്കാണ് കവിതകളെ മാറ്റി നിർത്തിയത്. കവിത അതായി തന്നെ പിറവികൊള്ളാനും വളരാനും വെമ്പിയ ശാഠ്യം. കവിതയ്ക്കെങ്ങനെ വ്യാഖ്യാനങ്ങളാകാൻ പറ്റും? മറ്റൊരു അളവുകോലിന്റെ കലപ്പ വലിച്ചാൽ കൂടെ പോകുന്നവളെങ്കിൽ അവളുടെ സ്വത്വത്തിന്റെ ഭാരമെത്ര? ‘ഇലകൾ കൊഴിയുന്നു’ എന്ന കവിതയുടെ അർത്ഥം അന്വേഷിച്ചാൽ ദിക്കറ്റു പോകും. മറിച്ച് അത്, തെരുതെരെ പൊഴിയുന്ന ഇലകൾക്കിടയിൽ കഴിഞ്ഞു കൂടുന്നതിന്റെ അനുഭവമാണ്. ‘ഇല പൊഴിയുമൃതുതതികൾ പലവുരുവു വെയിൽ നിശകൾ, ഇളകാതെ കൊഴിയാതെ ഇവിടെ ഗുരു ശിലകളായ് 'എന്ന വരികൾക്കിടയിലെ 'ഗുരു'വിന് ഉദ്ധരണികളിട്ടാൽ അദ്ധ്യാപനത്തിന്റെ ഒരു നിശ്ചല ജീവിതത്തെ അത് സാക്ഷ്യപ്പെടുത്തും. പൊന്മുടിയിൽ വച്ച് ആ കവിത ഉറക്കെ ചൊല്ലുന്നതിനിടയിൽ മഴ പൊഴിഞ്ഞു തുടങ്ങി. മഴയുടെ സഞ്ചാരവഴിക്കനുസരണമായി അതു ചൊല്ലുമ്പോൾ അർത്ഥം മറ്റൊന്നായിരുന്നു. ഓഫ് ബീറ്റുകവിതകളും സ്ട്രൈക്ക് ഓഫ് കവിതകളും വരുന്നതിനു മുൻപുള്ള ഒരു ഷാനർ. ശുദ്ധകവിത. പ്യുർ പോയട്രി.
അദ്ദേഹം അടിമുടി കവിയായിരുന്നു. വാക്കുകളും പ്രവൃത്തികളും ചലനങ്ങളുമെല്ലാം കവിതപോലെ ആയിത്തീരുന്ന തടം. അപ്പോഴും മനസ്സിലാക്കലിന്റെ പ്രശ്നമുണ്ട്. കഥാകൃത്തുകൾ കുന്നുകളാണെങ്കിൽ നമുക്ക് അറുതിയില്ലാത്ത അലച്ചിലുകളുടെ സമുദ്രങ്ങളാണ് കവികൾ. ആകാശത്തിൽ പല മേഘങ്ങൾ സഞ്ചരിച്ചുകൊണ്ടെയിരിക്കുമെന്നും അവയിൽ വളരെ അപൂർവം ചിലതു മാത്രമെ പെയ്തൊഴിയുന്നുള്ളൂ എന്നും പ്രസംഗമദ്ധ്യേ കേട്ടത് ഓർമ്മയുണ്ട്. നെരൂദയ്ക്ക് പുൽത്തട്ടിൽ പൊഴിയുന്ന മഞ്ഞുകണങ്ങളായിരുന്നു കവിത. സംസാരം പോലും ആത്മഭാഷണമാവുമ്പോൾ നമ്മൾ മുന്നിലുണ്ടെന്നത് ഒരു അനുഭാവം മാത്രമാണ്. ഗൾഫിലെ ജീവികൾ പ്രവാസികളെയല്ലെന്ന് ദൂഷണം പറയുന്നതു കേട്ടു ഒരിക്കൽ. മെച്ചപ്പെട്ട ജീവിതം തേടി പുറപ്പെട്ടു പോയവൻ എന്തു തരം പ്രവാസിയാണെന്നതാണ് ന്യായം. സ്വയം നാടുകടത്തപ്പെട്ടവന്റെ ആത്മരോഷമായിരുന്നിരിക്കാമത്. രാത്രി തലയിണയ്ക്കൊപ്പം കത്തിപോയ, ഏലി വീസലിന്റെ ജൂതബാലനെ മനസ്സിൽ കൊണ്ടു നടന്നതുകൊണ്ടുമാകാം. (പ്രവാസിയായ ജൂതൻ എന്ന് പി പി രവീന്ദ്രൻ വിനയചന്ദ്രനെ) ഇരിക്കപ്പൊറുതിയില്ലാതെ കിതച്ചുകൊണ്ടോടുന്ന ഒരാൾ എപ്പോഴും വിനയചന്ദ്രനിൽ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ മരിച്ചു പോയ അമ്മയെക്കുറിച്ചുള്ള ഓർമ്മ തന്റെ അനുഭവ പുസ്തകത്തിൽ അദ്ദേഹം വരച്ചിട്ടിട്ടുണ്ട് ‘അമ്മയില്ലാത്തവർക്കേതു വീട്’ എന്നതിന്റെ പൊരുൾ തെളിയും, ഉള്ളലുയ്ക്കുന്ന ആ അനുഭവ വിവരണത്തിന്റെ മുന്നിൽ. പ്രവാസത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ അങ്ങനെ വരഞ്ഞിട്ടയാളിന് അതു ചോദിക്കാം, ‘നിങ്ങളീ പറയുന്നതു തന്നെയാണോ പ്രകർഷേണയുള്ള വാസം’ എന്ന്. പലപ്പോഴും തോന്നിയിട്ടുണ്ട് പരപുച്ഛത്തെക്കുറിച്ച് ഏറ്റവും അധികം വാചാലനാകുന്ന (‘പരമ്പരയാ പൌരികൾ കെട്ടു പോയിതേ’ എന്ന് പരദൂഷണത്തെക്കുറിച്ചുള്ള ആശാന്റെ പരദൂഷണം.) ഒരാൾ ഉള്ളിൽ സൂക്ഷിക്കുന്ന ഭാവം അയാളുടെ അനുഭവത്തിന്റെ ഉപോത്‌പ്പന്നമാണെങ്കിൽ അതിന്റെ സാധുത നിലനിന്നു പോകുന്നതല്ലേ? ഞങ്ങളെ, ബിരുദ വിദ്യാർത്ഥികളെ സാമാന്യമായും കോളേജ് ജീവികളെ പൊതുവായും അദ്ദേഹം വിളിച്ചു, ‘അഴകൊഴമ്പന്മാർ, കസ്തൂരിയച്ചികൾ... .
ശാപപങ്കിലമായ ഒരു ജീവിതം പനിച്ചു കൊണ്ടു നിൽക്കുന്നതിന്റെ നേരനുഭവമായിരുന്നു വൈകി ഓടികേറിയ ക്ലാസിൽ നിന്ന് ഒരിക്കൽ കിട്ടിയത്. അന്ന് ‘കളിയച്ഛനാ’യിരുന്നു പാഠഭാഗം. ആ അനുഭവം ഒറ്റയ്ക്കു വായിക്കുമ്പോൾ കിട്ടിയിട്ടില്ല പിന്നെയൊരിക്കലും. കവിത പങ്കു വയ്ക്കേണ്ടതു തന്നെയാകുന്ന പരിണതി അതാണ്. കണ്ണീർപ്പാടത്തിലെ ആദ്യവരികളിലെ ‘ബസ്സു വന്നുപോയെ’ന്നതിന്റെ ആവർത്തനം രണ്ടർത്ഥങ്ങളിൽ അദ്ദേഹം ചൊല്ലി അനുഭവിപ്പിച്ചു. ശാകുന്തളവിവർത്തനത്തിൽ മികച്ചത് ചെറുള്ളിയിൽ കുഞ്ഞുണ്ണി നമ്പീശന്റെയാണെന്നത് മറ്റൊരു അറിവ്. ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിലെ വരികൾ ഇന്നും കയറി കയറി വരുന്നത് അത് പഠിച്ചതുകൊണ്ടല്ല, പകരം ‘ശാഖാചംക്രമണത്തിന്റെ’ ഫലമായി ക്ലാസ് മുറികൾ രാമദുഃഖത്താൽ മുഖരിതമായിരുന്നതു കൂടി കൊണ്ടാണ്. സെക്കന്റ് ലാങ്വേജ് ക്ലാസിൽ ‘കല്യാണസൌഗന്ധികത്തിലെ ‘ഉദ്ധതമതി നരപതി തന്നുടെ വാക്കുകൾ’ കേട്ട് ഹിമാലയത്തോളം പൊക്കം വയ്ക്കുന്ന ഹനുമാൻ പെട്ടെന്ന് പ്രത്യക്ഷനായി. നമ്പ്യാരുടെ വാക്കുകളിൽ മലവെള്ളപ്രവാഹം പോലെ നിമിഷംതോറും ഹനുമാൻ തിടം വച്ചു. പിന്നീടൊരിക്കൽ മെയിൻ ക്ലാസിൽ അതൊന്നു കൂടി കേൾക്കാനുള്ള ആഗ്രഹത്താൽ സാറിനോടത് ചൊല്ലാൻ പറഞ്ഞപ്പോൾ വരികൾ ഓർമ്മയില്ലെന്നായിരുന്നു മറുപടി. പോയി പുസ്തകം വില കൊടുത്തു വാങ്ങി കൊണ്ടുവന്നപ്പോഴാകട്ടെ ഈണം ആകെ മാറിയിരിക്കുന്നു, ഒരേ നദിയിൽ രണ്ടു പ്രാവശ്യം മുങ്ങാൻ പറ്റില്ല.
പഠിപ്പിക്കുമ്പോൾ പുസ്തകം മുഴുവനായി സാർ എടുത്തു തീർത്തിട്ടില്ല. അങ്ങനെ വേണ്ടെന്നാണ് ന്യായം. സിലബസ്സെന്ന പാലത്തിൽ കൂടിയല്ല വണ്ടിയോടുന്നത്. പക്ഷേ രണ്ടോ മൂന്നോ വരികൾ വായിച്ച ശേഷം കമഴ്ത്തിവയ്ക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ബിംബത്തിൽ നിന്നും ബാക്കി ഓർമ്മകൾ കക്കയും ചിപ്പിയും വാരിക്കൊണ്ടൊഴുകുന്നു, ഇന്നും. നിക്കനോർ പാറ, സെസ്സാർ വയഹോ, സുരേന്ദ്ര ഭവ നരേന്ദ്ര തുടങ്ങിയ വിചിത്രമായ പേരുകൾ കേട്ട് ചിരിച്ചിട്ടുണ്ട്. കാക്കാകലേക്കറുടെ ‘ജീവനലീല‘ വായിച്ചില്ലെങ്കിൽ ജീവിച്ചിരിക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് തോന്നിയ നാളുകളുണ്ട്. ഒരിക്കൽ സാറിനോടൊപ്പം യൂണിവേഴ്സിറ്റി കോളേജിൽ വന്നത് ടോമസ് ട്രാൻസ്ട്രോമർ. പുസ്തകം മാത്രമല്ല, നോബൽ കിട്ടിയ ആളിനെയും തൊട്ടിട്ടുണ്ടെന്ന് പൊങ്ങച്ചം പറയാൻ യൂണിവേഴ്സിറ്റി കോളേജ് തന്നത് സാറു വഴി വന്ന അനുഭവമാണ്. പാബ്ലോ നെരൂദ ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും തുരുതുരെ കവിതകളെഴുതി, ഒക്ടോവിയോ പാസ് കുറച്ചു മാത്രം. എന്നാലും രണ്ടു പേരും മികച്ച കവികൾ തന്നെയെന്ന താരതമ്യമാണിപ്പോഴും നെരൂദയെനും പറഞ്ഞ് ക്ലാസ് മുറിയിൽ നിൽക്കുമ്പോൾ ഓർമ്മ വരിക. ഒരു സാമാന്യനിയമത്തിനും വഴങ്ങുന്നതല്ല കവിതയുടെ സാമാന്യനിയമങ്ങൾ എന്നു ആത്മരേഖാപരമായ ധ്വനി.
മഹാഗണികൾ ഇലപൊഴിക്കുന്ന കാലങ്ങളിൽ യൂണിവേഴ്സിറ്റി കോളെജിലെ സന്ധ്യകൾക്ക് കൂട്ടുവന്നത് ‘പാളയം’ എന്ന കവിതയാണ്. ‘വാങ്കു വിളികേട്ട് ഉണരുന്ന പാളയം’. അതൊക്കെ ചൊല്ലി കൌമാരാവിഷ്കാരങ്ങൾക്ക് രൂപം കണ്ടെത്തിയ ഒരു തലമുറയുണ്ടായിരുന്നു. ‘ആരോ വരാനുണ്ടതുവരെ നമ്മൾക്ക് തീരത്തു ചിപ്പികൊണ്ടമ്പലം വച്ചിടാം, ആരോ ഉറങ്ങാതിരിപ്പുണ്ട് നമ്മൾക്ക് പൂഴിയിൽ തേരിന്റെ ചിത്രം വരച്ചിടാം’ എന്നാണ് ഞങ്ങൾ പെൺകുട്ടികളുടെ ഓട്ടോഗ്രാഫിൽ എഴുതിക്കൊടുത്തത്. അവരും കരഞ്ഞു. ‘സ്റ്റുഡിയോ’ പോലൊരു കവിത പെൺകുട്ടികളുടെ മുന്നിൽ വച്ച് പറയാനുള്ള ധൈര്യമൊന്നും അന്നത്തെ മലയാളം വിദ്യാർത്ഥികൾക്കുണ്ടായിരുന്നില്ലെന്നു തോന്നുന്നു. (അശ്ലീല കമന്റുകൾ മറ്റൊരു ഗണമാണ്) അതുപോലെ ആത്മാവിഷ്കാരത്തിനു വെമ്പുന്ന തക്കാളിപ്പഴങ്ങളായിരുന്നു അന്നത്തെയും പെൺകുട്ടികൾ. വിചാരിക്കും മുൻപ് ചുവക്കും. കാൽനഖം കൊണ്ട് കുളം കുഴിക്കും. മരണത്തെക്കുറിച്ച് സംസാരിച്ചുകളയും. ‘പ്രേമം സമുദ്രമെന്നറിയുക മനസ്വിനി, പ്രേമിപ്പവർക്കില്ല സ്വാസ്ഥ്യവും ശാന്തിയും’ എന്ന് ആർക്കും ന്യായം പറയാനുള്ള വിഭവങ്ങളും അവ നൽകിയിരുന്നു. പ്രണയമുള്ളിടത്തോളം പ്രായമാവില്ലെന്ന് വ്യക്തമാക്കുന്ന ഒരു കവിതയുണ്ട്, ‘പ്രായം’. ജരയും നരയും മടിയിലിരിക്കുന്നതും നെറ്റി തടവുന്നതുമായ പെണ്ണുങ്ങളെക്കണ്ട് നാണം കെട്ട് മടങ്ങുന്നു അതിൽ. പ്രണയത്തെയായിരുന്നു, അദ്ദേഹം മടിയിരുത്തി ലാളിച്ചത്, രാപകലില്ലാതെ കൂടെ കിടത്തിയത്. ആത്മകഥകളുടെ സ്കെയിലുകൾ കൊണ്ട് നമ്മൾ അവർക്ക് മുലകളും താമരപ്പൂക്കളും നൽകി. അടക്കം പറഞ്ഞു , ആക്കി ചിരിച്ചു. ‘ഇങ്ങനെയായാലെങ്ങനെ സാറേ ‘ എന്നാണ് നമ്മൾ ചോദിച്ചതെന്നും പറഞ്ഞ് ആ ചിരിയെയും അദ്ദേഹം കവിതയിലാക്കി. അതൊരു വശം. അവിവാഹിതന്റെ സഞ്ചാരക്കുറിപ്പുകളിൽ അദ്ദേഹം കലമ്പി :
‘പ്രണയത്തിന് ഒരർത്ഥാന്തരന്യാസമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാർദ്ദൂലവിക്രീഢിതമുണ്ടോ?
എങ്കിൽ എവിടെയാണതിന്റെ ഗോദാവരിക്കാട്?’
വചനപ്രഘോഷണത്തിനു ശേഷം ഒറ്റയ്ക്കാവുന്ന രാത്രികളിലെ ഉറക്കച്ചടവുള്ള ചിന്തയാണിത്. അതാണ് കൂടുതൽ യാഥാർത്ഥ്യം ‘അക്കലണ്ടറിന്റെ വക്കത്തിരിക്കുന്ന ദിക്കിൽ എട്ടുകാലുള്ള ജീവിതത്തെ’ നോക്കി, ‘ഒന്നായ ചേതസ്സിലുദിക്കുന്ന വാക്കിനെ തോറ്റി, ഒറ്റയ്ക്കു ജീവിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരട്ടക്കൈയുള്ള ഷർട്ടുമിട്ട് കണ്ണുരുട്ടി തല വട്ടത്തിൽ ചുഴറ്റിക്കൊണ്ട് ‘എവിടെവിടെപോയി അവിടവിടെ പോയി’ എന്നോ ‘ഏയ്.. ചക്കിപ്പൊന്താ നിന്റെ അമ്മേടെഅമ്മേടെ അമ്മേടെ...’ എന്നൊക്കെ തടയില്ലാതെ വിളിച്ചു പറഞ്ഞ് തനിയേ നടന്ന് മഴ നനഞ്ഞ മനുഷ്യൻ, തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, തലയുയർത്തിപ്പിടിക്കാനുള്ള അഭിമാനമൊക്കെ തന്നിട്ടുണ്ട്. “അത്രമേൽ ലളിതമല്ലൊന്നുമീ വിശറികൾ, എത്രയോ മയിലിനെ കൊന്നതിൻ വിളംബരം’ എന്ന മറുപുറം കാണൽ കൊണ്ടാണത്. ഈ വംശം കുറ്റിയറ്റുകൊണ്ടിരിക്കുന്നതാണ് നമ്മുടെ സദാചാരമതിൽക്കെട്ടുകൾ വല്ലാതെ കനക്കുന്നത്.
മരണത്തെക്കുറിച്ച് എഴുതിയ കവിതയിൽ ‘ചില്ലിട്ട ജാലകത്തിന്നപ്പുറം ഒരു വലിയ കൈപ്പടവും പൂന്തോട്ടത്തിലെ അപരിചിതമായ കാൽപ്പാടുകളും ഇടതുവശത്തെ ഭിത്തിക്കകത്തുള്ള അടക്കം പറച്ചിലും’ ഭീതിയോടെ അദ്ദേഹം വരച്ചിട്ടു. ഇരുണ്ട മേഘത്തുണ്ടുകളിൽ നിന്ന് ഒരു വാൾ എപ്പോഴായാലും ഇറങ്ങി വരും. “മോളേ കണ്ടില്ലേ ആ സിംഹത്തിന്റെ പ്രതിമയിൽ വന്നിരുന്ന് ഒരണ്ണാൻ നമ്മളെ നോക്കി ചിരിക്കുന്നതെന്ന്’ ചോദിച്ചുകൊണ്ട് അപ്പോഴും ഭൂകമ്പങ്ങളെ ഭയക്കുന്ന സ്വന്തം പരിഭ്രമങ്ങൾക്കു നേരെയും അദ്ദേഹം വിരൾ ചൂണ്ടി. യൂണിവേഴ്സിറ്റി കോളേജിലെ ഇരുട്ടും പൊടിയും ആറാത്ത കൌഷെഡുകളിൽ തകരാറു പിടിച്ച ലോകത്തിൽ നിന്നും വിയർത്ത്, ഓടിക്കയറിയ ക്ലാസുകൾ, ഓർമ്മകളിലെ ഇനിയും തീർന്നിട്ടില്ലാത്ത ഒരദ്ധ്യായത്തിന്റെ ബാക്കിയാണ്. ശിവകുമാർ സാർ, നരേന്ദ്രപ്രസാദ് സാർ, വിനയചന്ദ്രൻ സാർ..... അവിടെ ഇരുട്ടായിരുന്നു, അവിടെ ഇരുന്നു നോക്കുമ്പോൾ പുറത്ത് മരത്തണലുകളിൽ വെയിലും. ക്ലാസ് തുടങ്ങിയിട്ടില്ല. ആരെങ്കിലും എപ്പോൾ വേണമെങ്കിലും ചോദിച്ചേക്കാം : “നദിയിലേയ്ക്ക് പോയ ആരെങ്കിലും മടങ്ങി വരാനുണ്ടോ?”
“നദിയിലേയ്ക്ക് പോയ ആരെങ്കിലും മടങ്ങി വരാനുണ്ടോ?”
ReplyDeleteനല്ല ഗുരുപൂജ :)
ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പ്.
ReplyDeleteമാഷ്ക്ക് ആദരാഞ്ജലികള്‍
ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. രണ്ടു മൂന്നു തവണ കണ്ട പരിചയം ഉണ്ട്... മിക്കവാറും കവിതകളിലൂടെ കടന്നു പോയിട്ടുണ്ട്....
ReplyDeleteആദരാഞ്ജലികള്‍... ഈ എഴുത്തിനോട് എന്തെന്നില്ലാത്ത അടുപ്പവും...