December 2, 2012

ചരിത്രം അപരിചിതമാവുമ്പോൾ





ചരിത്രം ഒരു പുരപണിയാണെങ്കിൽ അതിനു പാകമായ എലുകകൾ മാത്രമായിരിക്കും ഓരോരുത്തരും ഭൂതകാലത്തിന്റെ മണ്ണിൽ തിരയുന്നത്. വ്യക്തിയുടെ മാത്രമല്ല, സമൂഹങ്ങളുടെയും സ്ഥിതി ഇതാണ്. അതുകൊണ്ട് ചരിത്രത്തിനു അപരിചിതനാവുക എന്നതിന് പ്രത്യേകമായൊരു അർത്ഥം വന്നു ഭവിക്കുന്നു. പാകമല്ലാത്തൊരു തച്ചിനു കീഴിൽ സ്വാഭാവികമായും ഒരു മൂന്നാം കണ്ണു മിഴിയും. ഇന്ത്യക്കാരിയും പത്രപ്രവർത്തകയുമായ അമ്മ. പാകിസ്താനിയും രാഷ്ട്രീയപ്രവർത്തകനുമായ പിതാവ്. പാസ്പോർട്ട് ബ്രിട്ടന്റേത്. ആതിഷ് തസീറിന്റെ ‘ചരിത്രവ്യാഖ്യാനം പുതിയൊരു മാനം കൈയാളുന്നതിന്റെ കാരണം ഈയൊരു കാഴ്ചവട്ടത്തിന്റെ അപൂർവത കൊണ്ടാണ്. പാകിസ്താനിൽ വച്ചു കണ്ട കഠിനമാർഗിയായ ഒരു ബുദ്ധിജീവിയുടെ വാക്കുകളെ നിർമമനായി ആതിഷ് കേട്ടിരിക്കുന്ന ഒരു സന്ദർഭം അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ബുദ്ധിജീവി ചരിത്രത്തെ രണ്ടായിട്ടാണ് തിരിച്ചത്. മ്യൂസിയങ്ങളിലും അലമാരികളിലും ഇരിക്കുന്ന ചത്ത ചരിത്രം ഒന്നാമത്തേത്. രക്തത്തിലലിഞ്ഞ് അനുനിമിഷം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന, ബോധത്തിന്റെ ഭാഗമായ ജീവിക്കുന്ന ചരിത്രം മറ്റൊന്ന്. രണ്ടാമത്തേതിനെയാണ് അയാൾ വിശ്വാസത്തിന്റെ ചരിത്രം എന്നു വിളിച്ചത്.

ടൈം മാഗസീന്റെ റിപ്പോർട്ടറായിരുന്ന ആതിഷ് തസീറിന്റെ ആദ്യപുസ്തകം, ‘ചരിത്രത്തിനു അപരിചിതൻ’ “ഇസ്ലാമിന്റെ സാംസ്കാരികഭൂമികയിലൂടെയുള്ള കേവലമൊരു യാത്രാവിവരണം ലക്ഷ്യമാക്കുന്ന ഒന്നല്ല. ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോൾ പിരിഞ്ഞ പിതാവിനെ കാണാനുള്ള 21 വയസ്സുകാരൻ മകന്റെ ആത്മാലാപനങ്ങളുമല്ല. വ്യക്തിബന്ധങ്ങൾ രാജ്യാതിർത്തികളുടെ ഭൂമിശാസ്ത്രവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടു കിടക്കുന്നതിന്റെ നേർ ചിത്രങ്ങളാണ് പുസ്തകത്തിൽ കൂടുതലും. ബന്ധങ്ങളിൽ ആതിഷ് ഏറെക്കുറെ നിർമമനാണ്. അമ്മ, ഒരു പക്ഷേ ഇന്ത്യ കൂടിയാണ്. പിതാവും പൈതൃകവും പാകിസ്താനും. ഇന്ത്യയിൽ വച്ച് കുട്ടിക്കാലത്ത് ലിംഗാഗ്രത്തിലെ ചർമ്മ നഷ്ടത്തെ ചൂണ്ടി കൂട്ടുകാരായ കുട്ടികൾ നടത്തിയ പരിഹാസം, വിശ്വാസത്തിന്റെ ചരിത്രത്തിൽ നിന്നും താൻ പുറത്തുപോകുന്നതിന്റെ ആദിമചിത്രമായി ആതിഷ് കോറിയിടുന്നുണ്ട്. ഗോവയിൽ വച്ച് ഭുജത്തിൽ പച്ച കുത്തിയ ശിവന്റെ ചിത്രം മറച്ചുകൊണ്ട് വെളുത്തവസ്ത്രവും പുതച്ചാണ് മെക്കയിൽ ഉം‌റയ്ക്ക് പോകുന്നത്. എന്നിട്ടും കൈകളിൽ കെട്ടിയിരുന്ന രക്ഷാചരടുകളെ ചൂണ്ടിക്കാട്ടി ഒരു വിശ്വാസി അറിയാത്ത ഭാഷയിൽ അപലപിച്ചത് ആതിഷ് എടുത്തെഴുതുന്നു. കൈകളിൽ കിടന്നിരുന്ന ഇരുമ്പുവളയെക്കുറിച്ചായിരുന്നു തീവണ്ടിയിൽ വച്ചു കണ്ട അദിലിനും പാകിസ്താൻ പത്രപ്രവർത്തകനായ സെയ്‌ദിനും അറിയേണ്ടിരുന്നത്. വിശ്വാസത്തിന്റെ അതിരുകളിലെ ജീവിതം വിചാരിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ്. പാകിസ്താനിലെ പ്രാചീന സിന്ധ്പ്രവിശ്യകൾ കാണാൻ ആതിഷിനെ കൂട്ടിക്കൊണ്ടു പോകുന്നത് ഒരു പാകിസ്താനി ഹിന്ദുവായ ലക്ഷ്മൺ ആണ്. ആതിഷ് എഴുതുന്നു : ഞാനും ലക്ഷ്മണനും സാദൃശ്യമില്ലാത്തവരാണ്. പാകിസ്താൻ ബന്ധമുള്ള ഒരിന്ത്യാക്കാരന് ഒരു പാകിസ്താനി ഹിന്ദു പാകിസ്താൻ കാണിച്ചുകൊടുക്കുന്നു. അവിടുള്ള ഭൂരിപക്ഷത്തെപോലെ അയാൾക്കും സിന്ധികളല്ലാത്തവരെ സംശയമാണ്. ആ മനോഭാവം മതപരമല്ല, സാംസ്കാരികമാണ്. അയാൾ പഴയ മിശ്രസിദ്ധസംകാരത്തിന്റെ ജീവിച്ചിരിക്കുന്ന ചരിത്രവസ്തുവാണ്.

തുർക്കിയിൽ അത്താത്തുർക്കിന്റെ മതേതരത്വത്തിനു പുറത്ത് ഒളിച്ച് പർദ്ദ ധരിക്കാനും നിസ്കരിക്കാനും വട്ടം കൂട്ടുന്ന വിശ്വാസികൾക്കൊപ്പം ഇറാനിൽ മതനിഷ്ഠയിൽ നിന്ന് രക്ഷപ്പെടാൻ വെമ്പുന്ന തലമുറയെയും അദ്ദേഹം ചേർത്തു വയ്ക്കുന്നു. ടെഹ്‌റാനിൽ വച്ച് ഹരേകൃഷ്ണപ്രസ്ഥാനക്കാരുടെ സജീവമായ കൂട്ടായ്മയിലേയ്ക്ക് ആതിഷിനെ കൂട്ടിക്കൊണ്ടു പോകുന്നത് നർഗീസാണ്. മതം ഉപേക്ഷിച്ചാൽ വധശിക്ഷയുള്ള രാജ്യത്താണ് ഈ കൂട്ടായ്മ നിർബാധം നടന്നു വരുന്നത്. അവിടെ യുവാക്കൾ മാത്രമല്ല, അമ്മമാരും വൃദ്ധരും ഉണ്ട്. സൌദിയിൽ ഉം‌റയ്ക്കുവേണ്ടിയുള്ള മതപരമായ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കാൻ നിയുക്തനായ ഹനിയാണ് കന്തുറയുടെ പോക്കറ്റിൽ നിന്ന് രണ്ടു ജോയിന്റുകൾ (മയക്കുമരുന്ന്) എടുത്തുകാട്ടി അദ്ഭുതപ്പെടുത്തിയതും. ലാഹോറിൽ നിന്ന് തീരെ വ്യത്യസ്തമായ ഉൾനാടൻ ഗ്രാമചിത്രങ്ങളുണ്ട് പുസ്തകത്തിൽ. അതിർത്തിയ്ക്കപ്പുറത്ത് വാഹനങ്ങളോടിക്കുകയും ജോലിക്കുപോവുകയും ചെയ്യുന്ന സ്ത്രീകളെ കണ്ട് ഏതാനും കിലോമീറ്ററുകൾ പിന്നിടുമ്പോൾ ഒരൊറ്റ സ്ത്രീയെപോലും പുറത്തുകാണാനാവാത്ത തികഞ്ഞ പുരുഷലോകം സാക്ഷാത്കരിക്കപ്പെടുന്ന അവസ്ഥയും ഉണ്ട്. ഒരേ രാജ്യത്ത് ഒരേ വിശ്വാസത്തിനു കീഴെയാണ് രണ്ടു ലോകവും. ചവറ്റുകൂനയിൽ കിടന്നു ഉറങ്ങിപ്പോയതിനാൽ അതു കത്തിച്ചപ്പോൾ ദേഹമാസകലം വെന്ത് നഗ്നനായി നിന്നു നിലവിളിക്കുന്ന ഒരു മനുഷ്യനെ പത്രമാഫീസിനു പുറത്തുവച്ച് ആതിഷ് കണ്ടു. സിവിൽ ആശുപത്രിയിൽ നിന്ന് തനിക്ക് ശരിയായ ചികിത്സകിട്ടുന്നില്ലെന്ന് പത്രപ്രവർത്തകരോട് പറഞ്ഞതിനാൽ അധികാരികൾ അയാളെ 20 ദിവസം അവിടെ മരുന്നൊന്നും കൊടുക്കാതെ വെറുതേ കിടത്തിയത്രേ. ഇതൊരു സാധാരണസംഭവമാണെന്നാണ് പത്രപ്രവർത്തകനായ സെയ്‌ദിന്റെ മൊഴി. പ്രതിസ്ഥാനത്ത് ഉദ്യോഗസ്ഥപ്രഭുത്വം മാത്രമല്ല. മാധ്യമങ്ങളുടെ തരവഴികൾ കൂടിയാണ്. ബേനസീറിന്റെ മരണത്തിനു ശേഷമുള്ള നിശ്ശബ്ദതയിലും നാം കാണുന്നു മാധ്യമങ്ങളുടെ ചുവന്ന ഇരട്ടനാവുകൾ.

ആതിഷിന്റെ പിതാവ് സൽമാൻ തസീർ പാകിസ്താനിലെ ഭൂട്ടോയുടെ അനുയായിയായ അറിയപ്പെടുന്ന നേതാവാണ്. രാഷ്ട്രീയം മതത്തെയും ഭൂമിശാസ്ത്രത്തെയും പോലെ മാറി മറിയുന്ന കാഴ്ച കൂടി പുസ്തകം പങ്കുവയ്ക്കുന്നു. ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിനു ശേഷം ആതിഷ് കാണുന്ന മറ്റൊരു കാഴ്ച സ്വന്തം പിതാവ് മുഷാരഫിന്റെ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. കറാച്ചിയിൽ വച്ച് കണ്ട മാമ്പഴരാജാവിന്റെ കൂടെ ഉൾനാടൻ സിന്ധിലേയ്ക്ക് അയാളുടെ സാമ്രാജ്യം സന്ദർശിക്കുന്നതിനിടയിൽ താൻ രജപുത്രനാണെന്ന് പറഞ്ഞ് അഭിമാനിക്കുന്ന ഒരു ലഫ്റ്റനന്റിനെയും ആതിഷ് കാണിച്ചു തരുന്നുണ്ട്. മതത്തിന്റെ സാഹോദര്യം ജാതിയെയും ഫ്യൂഡലിസത്തെയും പൂർണ്ണമായി തുടച്ചു നീക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. വിശ്വാസം ആന്തരികമായും ബാഹ്യമായും പലതായി പിരിഞ്ഞ് സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്. ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ കൂടുതൽ അകറ്റിയത് ഇന്ത്യയിൽ ഉദയം ചെയ്ത മധ്യവർഗത്തിന്റെ ശക്തിയാണെന്ന് മനസ്സിലാക്കാൻ 6000 ഏക്കർ വരുന്ന ഈ മാമ്പഴസാമ്രാജ്യം സഹായിക്കുന്നു. അവിടെ രണ്ടു വർഗമേ ഉള്ളൂ. നിർണ്ണായകത്വം അതുകൊണ്ട് എപ്പോഴും ഒരു വിഭാഗത്തിന്റെ കൈയിൽ സുരക്ഷിതം. അതുകൊണ്ട് ഇനിയുള്ള 50 വർഷത്തേയ്ക്ക് ഇതെല്ലാം ഇങ്ങനെ തന്നെയായിരിക്കും എന്ന് മാമ്പഴരാജാവിന് ആത്മവിശ്വാസത്തോടെ പറയാം.

ദില്ലിയിൽ നിന്നു തുടങ്ങി ദമാസ്കസ്, മെക്ക, ടെഹ്‌റാൻ വഴി കറാച്ചിയിലേയ്ക്കുള്ള ഒരു യാത്രയാണ് ‘ചരിത്രത്തിനു അപരിചിതൻ’. വിദേശത്തുള്ള പത്രപ്രവർത്തന പരിചയത്തിന്റെ ഫലമായി കിട്ടിയ വിശകലനാത്മകമായ നിലപാടാണ് ആതിഷിന്റെ വീക്ഷണസ്ഥാനങ്ങളെ പൂർവനിശ്ചിതങ്ങൾ ആക്കാതിരിക്കുന്നത്. മനുഷ്യന്റെ വിഹ്വലതകൾ ഏതു ചട്ടക്കൂട്ടിനകത്തും പരിഹാരമില്ലാത്തതും നിരാധാരവും തന്നെയായിരിക്കുമെന്നാണ് അപൂർവക്കാഴ്ചകളുടെ ഈ തുടർക്കണിയും വെളിപ്പെടുത്തുന്നത്. 2009 ൽ പുറത്തിറങ്ങിയ ഈ കൃതിയുടെ വിവർത്തനം നിർവഹിച്ചിരിക്കുന്നത്, എം കെ ഗംഗാധരനാണ്.

November 15, 2012

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിയ്ക്കുള്ള സാമഗ്രിയും...


ആകാശത്തിന്റെ അനന്ത വിശാലതയിൽ, മലകളുടെ മഹൌന്നത്യത്തിൽ കാറ്റിന്റെ നിലയ്ക്കാത്ത ശബ്ദപ്രവാഹത്തിൽ സാഗരങ്ങളുടെ നിതാന്തമായ ആന്തരിക ചൈതന്യത്തിൽ മുഗ്ദ്ധയായി, അവയുടെ മുന്നിൽ നിന്നുകൊണ്ട് നിസ്സാരയായൊരു പുൽക്കൊടി അഭിമാനത്താൽ വിജൃംഭിതയാവുന്ന ഭാവത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു കവിത ജി ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്. കുമാരനാശാൻ എഴുതിയതുപോലെ (ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ, ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം!) ഈ മഹാസൃഷ്ടികൾക്ക് പിന്നിലെ കരവിരുതു തന്നെയല്ലേ തന്റെ സൃഷ്ടിരഹസ്യവുമെന്ന ‘ആത്മൈ’ക്യമാണ് അഭിവാദനത്തിനു ഹേതു. പ്രപഞ്ചമനസ്സുമായുള്ള താദാത്മ്യത്തിനുള്ള ആഗ്രഹങ്ങൾ ആവിഷ്കൃതമാവുന്നതിനെ മലയാളത്തിൽ നമ്മൾ ‘നിഗൂഢാത്മകത’യെന്നാണ് വിളിച്ചു വന്നത്. എവിടെയോ മറഞ്ഞിരിക്കുന്ന ദൈവം എന്ന ഉടയോനുമായി ഒരു കമ്പിയില്ലാകമ്പി. റൂമിയുടെയും ടാഗോറിന്റേയും സ്വാധീനങ്ങൾക്കപ്പുറം ശങ്കരക്കുറുപ്പിൽ മിസ്റ്റിക് അവസ്ഥയുടെ ലാഞ്ഛനയെങ്കിലും ഉണ്ടായിരുന്നോ? അഴിക്കോട് പറയുന്നത് ജി കവിത, അനുകരണാത്മകതയുടെയും വാചാലതയുടെയും കറക്കുകമ്പനിയിൽ‌പ്പെട്ട് കാൽ‌പ്പനികതയുടെ തന്നെ ഇറക്കത്തിലായിരുന്നുവെന്നാണ്. കൊള്ളാവുന്നവർ പറഞ്ഞത് ഫീലൊന്നുമില്ലാതെ വേഷം മാറ്റി മലയാളത്തിൽ അവതരിപ്പിച്ച് കൈയടി വാങ്ങിക്കുകയായിരുന്നു എന്ന്. പലപ്പോഴും എം എ ക്ലാസുകളിൽ നാരായണഗുരുവിന്റെ ‘ആടു പാമ്പേ പുനം തേടുപാമ്പേ..’  മലയാളത്തിലെ എടുത്തുപറയാവുന്ന മിസ്റ്റിക് കവിതയായി ഉദ്ധരിക്കുന്നതു കേട്ടിട്ടുണ്ട്. എന്നുവച്ചാൽ പൂർവമാതൃകകളുടെ വെളിച്ചത്തിലല്ല അതിന്റെ സഞ്ചാരം. ശുദ്ധകവിതകൾക്ക് വ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്ത സ്വന്തമായൊരു വഴിയുണ്ട്.  പൂർത്തിയായതും പൂർത്തിയായിക്കൊണ്ടിരിക്കുന്നതുമായ നിർമ്മാണവസ്തുക്കൾ ചിതറിക്കിടക്കുന്നതുമായ ഒരു പണിയാലയിൽ ഏകാകിയും ബദ്ധശ്രദ്ധനുമായിരുന്ന് സൃഷ്ടിപ്രവർത്തനങ്ങളിലേർപ്പെടുന്ന ദൈവത്തിൽ വീണു കിടക്കുന്ന നിഴൽ, ഒരു വ്യവസായാനന്തരകാലത്തിന്റേതാണെന്ന് ‘ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖനത്തിൽ പി എൻ ഗോപീകൃഷ്ണൻ, ‘ദൈവദശക’ത്തിലെ ദൈവസങ്കല്പത്തെ വിശദീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുവെന്ന ആധുനികനായ എഴുത്തുകാരൻ, സർവാതിശായിയായ തന്റെ പൂർവമാതൃകയെ ആധുനികമട്ടിൽ പുനസൃഷ്ടിക്കുകയായിരുന്നു എന്നർത്ഥം. അതാണ് സമകാലികതയെ വെല്ലുവിളിക്കുന്ന സംവേദനത്വത്തിന്റെ ഉൾപ്പൊരുൾ.

 സാഹിത്യത്തിന്റെ നാൾ വഴി ചരിത്രത്തിൽ എഴുത്തുകാർ ദൈവത്തെ തലയ്ക്കു മുകളിൽ വച്ചു. ഇതിനൊരു കാരണം ഉണ്ട്. ആകൃതിയില്ലാത്തതുകൾക്ക് രൂപം നൽകുന്ന പ്രവൃത്തിയ്ക്ക് കവിതയുടെ പൂർവഗാമി ഈശ്വരാന്വേഷണങ്ങളാണെന്ന് ഒരു യുക്തി ഇവിടെ യോജിക്കും.  മറ്റു വ്യവഹാരരൂപങ്ങളെ അപേക്ഷിച്ച് കവിതയ്ക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന വൈകാരിക മൂർച്ഛ അല്പം കൂടുതലാണ്. നിഷേധിക്കാനായാലും കൂടെ കൂട്ടാനായാലും ദൈവത്തിന്റെ പ്രാമാണിത്തത്തെ തരക്കേടില്ലാതെ പരിപാലിക്കുകയായിരുന്നു അവയുടെ സ്വരൂപം.  പേരെടുത്തു പറഞ്ഞ് പരിചയപ്പെടുത്തിയാലും ഇല്ലെങ്കിലും എഴുത്തുകാർ കൂടെ ദൈവത്തെയും നടത്തി.  ഭക്തിപ്രസ്ഥാനത്തിൽ‌പ്പെട്ടു ദേഹമാസകലം ദൈവം കുറിപൂശി. നിയോക്ലാസിസ്റ്റുകൾ അവിടങ്ങിളിലേയ്ക്കും ഒളിഞ്ഞും എത്തി വലിഞ്ഞും നോക്കി വാപൊത്തി.  ചിലർ കലഹിച്ചും വാശി പിടിച്ചും പരിഭവം പറഞ്ഞും കൂടെയിരുത്തി. മറ്റു ചിലർ ഗരിമകൾ എടുത്തുകാട്ടി കൂട്ടത്തിലുള്ളവരെ പ്രബോധിതരാക്കാൻ നോക്കി.  കാലത്തിന്റെ സ്വാധീനത്തിനനുസരിച്ച് ദൈവഭാവങ്ങളുടെ നിറവും ആകൃതിയും സാഹചര്യങ്ങളും മാറി മാറിക്കൊണ്ടിരിക്കുന്നു.  മിസ്റ്റിക് കവിതകളിലെ ദൈവം ഇതൊന്നുമായിരുന്നില്ല. റൂമി ഒരു കവിതയിലെഴുതി, ദൈവം പ്രണയം പോലെയാണെന്ന്. ദിവ്യപ്രണയത്തിന്റെ ആനന്ദാവസ്ഥകളിൽ ആത്യന്തികസത്തയുമായി ആത്മബന്ധം സ്ഥാപിക്കുകയും ആ കിട്ടിയ ബന്ധത്തിന്റെ അസാധാരണതയിൽ ഉന്മാദത്തിൽ മുഴുകുകയും ചെയ്യുക എന്ന അവസ്ഥയാണ് ഈ പ്രസ്താവം. മിസ്റ്റിക്കിന് അതാണ് ദൈവം. നാം പരിചയിച്ച ഭക്തിമാർഗത്തിലുള്ള സ്തുതിപരമായ കീർത്തനങ്ങൾക്ക് ഈ അവസ്ഥ കിട്ടാക്കനിയാണ്. അതുകൊണ്ടു തന്നെ സൂഫികൾ പറയും പോലെ ദിവ്യപ്രണയം ഒരു മാനസികാവസ്ഥയാണ്. പ്രകാശമാണ് അതിന്റെ രൂപകം. വെളിച്ചം തിരിച്ചറിയുന്ന തരം ഉൾക്കാഴ്ചയാൽ ഒറ്റപ്പെട്ട അവസ്ഥയിൽ ഒരാൾ പറയുന്നത് പിച്ചും പേയുമാവും എന്നൊരു അപകടമുണ്ട്.

എനിക്കൊരു വലിയ പ്രശ്നമുണ്ട്, ദൈവമേ അതു തീർത്തുതരണേയെന്നു പ്രാർത്ഥിച്ച പുരോഹിതന്റെ മുന്നിലിരുന്ന് ഒരു സൂഫി പ്രശ്നമേ നീയെത്ര വലുതായാലും എനിക്കതൊരു പ്രശ്നമല്ല, കാരണം എനിക്ക് അതിലും വലുതായ ദൈവമുണ്ടല്ലോ എന്ന് പ്രാർത്ഥിച്ച ഒരു കഥയുണ്ട്. അത് പക്ഷേ അതീതലോകത്തിലിരിക്കുന്ന നിയന്താവല്ലെന്ന് ജലാലുദ്ദീൻ റൂമി പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു : 

“സൂഫികൾ
പനിനീർ പൂവുകളിൽ
ദൈവത്തെ വരച്ചു വച്ചിരിക്കുന്നു
മുഖങ്ങളിൽ
ദൈവത്തെ തേടുന്നു.
കുഞ്ഞുങ്ങളിൽ
ദൈവത്തെ കാണുന്നു”.

മറ്റൊരു കവിതയിൽ മേഘപാളികൾക്കിടയിലൂടെ മുഖം കാണിക്കുന്ന കുഞ്ഞു നക്ഷത്രമാണ് ദൈവം. 

“എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിക്കും മുൻപ്
ആകാശത്തേയ്ക്ക് നോക്കൂ
മേഘപാളികൾക്കിടയിൽ നിന്ന്
ഒരു കുഞ്ഞു നക്ഷത്രം
നിങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.
ഇനി നിങ്ങൾ വിളിക്കുക,
എന്റെ കുഞ്ഞു നക്ഷത്രമേ
എന്റെ കുഞ്ഞു നക്ഷത്രമേ..”

ദൈവാനുഭവത്തെ റൂമി വ്യക്തമായി വരച്ചു : ‘പുലർകാല മഞ്ഞു പോലെ, ഇളം കാറ്റുപോലെ, സായാഹ്നകാന്തിപോലെ, ശ്വേതപുഷ്പങ്ങൾ പോലെ, പ്രണയം പോലെ’ എന്ന്. (ഒരു പുഞ്ചിരി പോലെ, ഒരു മഞ്ഞല പോലെ, ഒരു വാൾത്തലപോലെ എന്ന് മരണാനുഭൂതിയെ പറ്റി ബാലാമണിയമ്മ ) ആറ്റിക്കുറുക്കിയാൽ കിട്ടുന്നത് ദൈവം പ്രകാശവും മേഘത്തുണ്ടുകളെപോലെ അലിഞ്ഞില്ലാതാകുന്ന കനരഹിതമായ അനുഭവവുമാണെന്നതാണ്. സത്തയുടെ ലാഘവത്വം അസഹനീയമല്ലെന്ന്.  നിരന്തരം പ്രാർത്ഥനാനിരതമാവുകയാണ് ആ അനുഭവത്തിനുള്ള പോംവഴി. പ്രാർത്ഥന ആനന്ദമാണെന്ന് റൂമിയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. പ്രാർത്ഥിച്ചു കഴിയുമ്പോൾ ആനന്ദത്തിനു പുറത്തായി പോവുന്നു. ‘അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം’ എന്ന് ബഷീർ പറഞ്ഞതിനെ ജീവിതദുരന്തവുമായി ചേർത്തു വച്ചു വായിച്ചവർ റൂമിയെ കൂടി ഒന്നു കേട്ടിട്ടു പോകുമോ? ഒരാളിന്റെ പ്രാർത്ഥനയെന്നൊന്നില്ല, എല്ലാവരുടെയും പ്രാർത്ഥന; അതാണ് അറിവിന്റെ ആദ്യപാഠം എന്നു പറഞ്ഞ റൂമിയാണ് ഒറ്റയ്ക്കിരിക്കുമ്പോൾ അടുത്തു വരാറുണ്ടായിരുന്ന വിശുദ്ധമായ ഒരു പ്രാർത്ഥനയെക്കുറിച്ചും പറയുന്നത്. ആൾക്കൂട്ടങ്ങൾ പൊതിഞ്ഞതോടെ ആ അനുഗ്രഹം തീർന്നു. ‘ഏകാന്തതയിൽ ആൾക്കൂട്ടത്തെയും ആൾക്കൂട്ടങ്ങളിൽ ഏകാന്തതയെയും’ മിസ്റ്റിക്കുകൾ അനുഭവിച്ചു. ആ മാനസിക ഭാവത്തെ പ്രണയം എന്നും അവർ വിളിച്ചു. ഒരിക്കൽ ദൈവം റൂമിയെ ഉദ്യാനത്തിലേയ്ക്ക് കൂട്ടി. അവിടമാകെ കൂർത്ത കല്ലുകൾ, പൂവുകളെല്ലാം ആരോ മോഷ്ടിച്ചിരിക്കുന്നു. ഉഴുതിട്ട മണ്ണിൽ നിന്നും വേരുകൾ നിലവിളിക്കുന്നു. കവി നിശ്ശബ്ദം കല്ലുകൾ പെറുക്കി മാറ്റി, പൂവുകളെ തിരിച്ചു കൊണ്ടു വന്നു, മണ്ണ് നിരപ്പാക്കി വേരുകളെ സാന്ത്വനിപ്പിച്ചു. പൂന്തോട്ടം പഴയ നിലയിലായതിനാൽ ദൈവം പുഞ്ചിരി തൂകി. എന്നിട്ട് കവിയെ ഉദ്യാനത്തിൽ നിന്ന് പുറത്താക്കി.

ഈ കഥ പ്രാർത്ഥനയുടെ രൂപകമാണ്. ഹൃദയങ്ങളിൽ ചങ്ങലകൾ വലിഞ്ഞു മുറുകുമ്പോൾ, ശരീരത്തിനു തീ പിടിക്കുമ്പോൾ, ആത്മാവ് കുരിയാറ്റയെ പോലെ വിലപിക്കുമ്പോൾ നമുക്ക് ചിറകുകൾ ലഭിക്കുകയും ആകാശത്തിലേയ്ക്ക് പറന്നു പൊങ്ങുകയും ചെയ്യുന്നു റൂമി എഴുതുന്നത് ആ ഓർമ്മയിലാണ്. പ്രശ്നങ്ങൾ അവസാനിക്കുന്ന നിമിഷം പ്രാർത്ഥനയുടെ വിശുദ്ധസ്വർഗത്തിൽ നിന്നും പുറത്തായി പോകുന്നു. ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ മൂന്നാമത്തെ കവിതാസമാഹാരം - ഒരു പക്ഷേ മൂന്നുഭാഷകളിൽ അച്ചടിക്കപ്പെട്ട മലയാളത്തിലെ ആദ്യസമാഹാരം- ‘ അജ്ഞതയുടെ കണ്ണുകൾ’ - അലൌകികമായ ദൈവാനുഭവത്തെ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന വിധമാണ് റൂമിയുടെ കവിതകളെ കുറിച്ചോർക്കാൻ നിമിത്തമായത്. ‘അജ്ഞതയുടെ കണ്ണുകളി’ലെ കവിതകൾക്ക് റൂമി ഉൾപ്പടെയുള്ള മിസ്റ്റിക് കവികളിലേയ്ക്ക് ഒരു പാലമുണ്ട്. തീർത്തും ഭൂമിയിൽ കാലൂന്നി നിന്നുകൊണ്ട് അഭൌമികമായ വാസ്തവങ്ങളെ എത്തിപ്പിടിക്കാനായി ആയുന്നതിന്റെ ഉൾപ്പൊരുൾ യഥാർത്ഥത്തിൽ മിസ്റ്റിക് കവിതകളുടെ  ഇതളുപൊളിക്കാൻ വേണ്ട ശ്രമം പോലും ആവശ്യപ്പെടുന്നില്ല എന്നു പറയാൻ തുടങ്ങുകയായിരുന്നു. ശിഹാബിന്റെ ഒരു കവിതയിൽ കഴിഞ്ഞ ജന്മത്തിൽ സ്നേഹത്തിനായി അലഞ്ഞ ഒരു നായയുണ്ട്. അന്ന് കിട്ടിയതൊക്കെയും കല്ലുകളായിരുന്നു. പക്ഷേ അവ വന്നു കൊള്ളുന്നത് ഈ ജന്മത്തിലാണെന്നുള്ള ഒരു നൊമ്പരപ്പാട്ടാണ് ആ കവിത. പൂർവജന്മത്തിന്റെ അസാംഗത്യത്തെ ശീലമാറ്റി നോക്കിയാൽ ഒരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ അടരുകൾക്കുള്ള രൂപകമായി വായിച്ചെടുക്കാം. പൂർവാശ്രമം. ഉത്തരാശ്രമം... ഇപ്പോഴും താൻ ശിക്ഷിക്കപ്പെടുന്നു എന്നുള്ള വിതുമ്പൽ പ്രത്യക്ഷത്തിൽ മിസ്റ്റിക് മൂടുപടമിട്ട കാൽ‌പ്പനിക വേദനയാണ്. സ്വന്തം ഭാര്യയ്ക്ക് വസൂരി വന്നതിനെക്കുറിച്ച് വാതുറന്ന് പാടിയിട്ട് ‘വേദനവേദന ലഹരി പിടിക്കും വേദന’ യെന്ന് ചങ്ങമ്പുഴ പറഞ്ഞപ്പോൾ അതേറ്റെടുത്ത് അതെയെന്നു തലയാട്ടിക്കൊടുത്ത അതേ രുഗ്‌ണമായ ഭാവം. ‘തന്നെ ഉമ്മ വയ്ക്കാതെ പ്രപഞ്ചങ്ങൾ നിർമ്മിക്കാൻ പോയ ഒരു ദൈവത്തോടുള്ള പിണക്ക’മാണ് മറ്റൊരു കവിത. കുട്ടിയെ ലാളിക്കുക എന്ന പാരമ്പര്യമൂല്യത്തെ മറന്ന് അവനെ ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കുന്ന ബഹുകാര്യവ്യഗ്രയും ആധുനികയുമായ പരിഷ്കാരി അമ്മയാണ് ഈ ദൈവത്തിന്റെ പൂർവമാതൃക. പ്രപഞ്ചത്തേക്കാൾ ‘വലിയ കാര്യമായ’ ഒരു ‘ഞാൻ’ ഈ കുറച്ചു വരികൾക്കകത്തുണ്ട്. വാതിലും ജനാലകളും പുറത്തു പൂച്ചെടിയും ഇല്ലാത്ത ദേവാലയത്തിന്റെ മുറ്റത്തെ മുള്ളുമരത്തിൽ കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതയാണ് താൻ എന്ന് ‘ദേവാലയം’ എന്ന കവിതയിൽ കവി എഴുതുന്നു. ദൈവം കുട്ടിക്കാലത്ത് - അതായത്  ബോധം വേണ്ടത്ര വികസിക്കാത്ത കാലത്ത് വരച്ച ചിത്രമാണ്. അങ്ങനെ അത് അപക്വമായി പോയി. ദൈവത്തിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തിയ്ക്ക് ആയുഷ്കാല പീഡനം ഏറ്റു വാങ്ങുന്ന നിസ്സഹായനായ മനുഷ്യൻ. ഇതിനു താൻ സൌ‌മ്യമായി പകരം ചോദിക്കുമെന്ന് മറ്റൊരു ദൈവകവിതയിൽ ശിഹാബുദ്ദീൻ എഴുതുന്നു. ‘എന്നെയും കൂട്ടേണമേ’ ദൈവം ഒളിച്ചിരിക്കുന്ന സ്ഥലകാലങ്ങളൊരിക്കൽ താൻ കണ്ടു പിടിക്കും എന്നും അന്ന് എന്തു കോപ്പിനായിരുന്നു ഇതൊക്കെ എന്ന് ചോദിക്കുമെന്നും താത്കാലികമായ സമാശ്വാസങ്ങൾക്ക് വശപ്പെടാതെ ഉത്തരം കിട്ടുവോളം താൻ ദൈവത്തെ അലോസരപ്പെടുത്തും എന്നുമാണതിൽ പറയുന്നത്.

റൂമിയുടെ കവിതകളിലെ നനുത്ത ദൈവാനുഭവത്തെ, ആനന്ദത്തെ, ആധുനികനായ ഒരു എഴുത്തുകാരൻ വീണ്ടും അനുഭവിക്കാനായി ഒരുമ്പെടുമ്പോൾ വരുന്ന പരിണാമമാണ് ഇവിടത്തെ കൌതുകകരമായ ഭാഗം. ആ ദൈവവുമായി ഒരു ചാർച്ചയുമില്ല ശിഹാബിന്റെ ദൈവത്തിന്. ശരീരവലിപ്പത്തിനും ഇരട്ടിയായ ഭാരങ്ങളെ കടിച്ചു വലിച്ച് ഉറുമ്പ് തന്റെ വഴിത്താരകൾ പിന്നിടും പോലെ നോവുകൾ കുടിച്ചുവറ്റിച്ചുള്ള ഒരു ജീവിതം  ആത്മാവിന്റെ അതിലഘുവായ ഭാരമില്ലായ്മയെ ദൈവാനുഭവമായി എങ്ങനെ അവതരിപ്പിക്കാനാണ്?  കവിതയുടെ മിസ്റ്റിക് നാട്യം അതങ്ങനെയല്ലേ എന്ന് നമ്മെ സംശയിക്കാൻ വിട്ടതാണ്. ഈ ലോക യാഥാർത്ഥ്യത്തിനിടയിൽ ശിഹാബ് അതാര്യമായ ഒരു  വിഭജനഭിത്തിയെ കൊണ്ടു വന്നു നിർത്തി. തന്റെ നോവുകൾക്ക് അതിനപ്പുറത്തു നിന്നും ഒരുക്കങ്ങളുണ്ടാവുന്നതിനെപ്പറ്റിയായി അയാളുടെ വേവലാതികളിൽ ഏറിയ കൂറും. ബോധത്തിന്റെ ചുഴിമലരികളിൽ നിന്ന് ഉൾവലിഞ്ഞ് തന്നിലെ ഏകാന്തതീരങ്ങളിലേയ്ക്കുള്ള യാത്ര കറുപ്പുതീറ്റിക്കാരന്റെ ശിരസ്സിലെ ചന്ദ്രോദയമാണ് ഈ വിഭ്രാന്തി ഒറ്റനോട്ടത്തിൽ.  ‘ചുറ്റിക കൊണ്ട് അടിച്ചുകൊല്ലാൻ പുറകിൽ  ആരോ ഓങ്ങി നിൽക്കുന്നെന്നും തിരിഞ്ഞു നോക്കുമ്പോൾ നിഴൽ പോലുമില്ലാതെ കാണാതാവുന്നെന്നും അയാൾ ആശങ്കപ്പെടുന്നു (ശത്രു) കണ്ണീരായി കണ്ണുകൾ ഉരുക്കിയിറ്റിക്കുന്ന പാറക്കഷ്ണങ്ങൾ ആരോ വലിച്ചെറിഞ്ഞതാണെന്ന് അയാൾ പിന്നെയും വിതുമ്പുന്നു. (കണ്ണുനീർതുള്ളികൾ). തന്നെ തിരിച്ചെടുക്കുന്ന ഒരു ദിനമുണ്ടെന്ന്  ‘ഒരു ദിവസം’ എന്ന കവിതയിൽ. (അതു തന്റെ ഇച്ഛയിലല്ലാ..)  ഐഹികത്തിൽ കൈയും കാലും കെട്ടിയിടപ്പെട്ടതിലുള്ള തിക്കുമുട്ടലിനിടയിൽ തന്റെ ശിരസ്സിനു മുകളിൽ ഉപജാപങ്ങളും മർമ്മരങ്ങളുമായി നില നിൽക്കുന്ന ഇരുണ്ട ഏകാന്തലോകം ഉണ്ടെന്ന് അയാൾ സങ്കൽ‌പ്പിച്ചു. അവിടെ ഉദാസീനനായ ദൈവം ഉണ്ട്, അയാൾ സൃഷ്ടിച്ച പിശാചും ഉണ്ട്. തനിക്കെതിരെയുള്ള ഗൂഢാലോചനകൾ തകൃതിയായി അവിടെ നടന്നു വരുന്നു. എഴുത്തുകാരൻ കെട്ടഴിച്ചുവിട്ട വ്യാകരണബദ്ധമല്ലാത്ത പിശാചുജീവിതം പോലും ഭിത്തിയ്ക്കപ്പുറത്തെ ആലോചനകളിൽ നിന്ന് പുറപ്പെട്ടു വരുന്നതിനാൽ ആരാധനയുടെ മണിയൊച്ചകളിൽ നിന്ന് അയാൾക്ക് താത്കാലികമായെങ്കിലും മോചനം നേടുന്നു, ബോധത്തിന്റെ ഭൂഖണ്ഡങ്ങൾക്കിടയിലെ ഏകാന്തതയിൽ അയാൾ തിരയെയും കാർക്കോളുകളെയും വമ്പൻ സ്രാവുകളെയും പണിയുന്നു. അപ്പോൾ ഒരു കാര്യം വ്യക്തമാവുന്നു. പിന്നിലെ ദുരൂഹമായ ലോകത്തെക്കുറിച്ചുള്ള വേവലാതിയാണ് ‘കണ്ണുകളിലെ അജ്ഞത’യുടെ യഥാർത്ഥ ഉറവിടം. അല്ലാതെ ദൈവാസ്തിത്വത്തെക്കുറിച്ചുള്ള അവബോധമോ നിഗൂഢതയോ ഒന്നും അല്ല.

ഈജിപ്തിലെ മലനിരകൾക്കിടയിലൂടെ മിന്നലും ഗന്ധകവും വർഷിച്ച് ആക്രോശിച്ചുകൊണ്ട് നടന്നിരുന്ന പഴയ ഏകാകിയായ ആൺ ദൈവം അല്ല കവിതകളിൽ. ഭയവിഹ്വലരാക്കി അനുസരിപ്പിച്ചുകൊണ്ട് തനിക്കുള്ള സ്ത്രോത്രങ്ങൾ പങ്കു പറ്റി ജീവിച്ചയാളിനു പകരം കുടുംബത്തിലെ തന്നെ അംഗമെന്നോണം അടുപ്പമുള്ള ഒരാളാണ്.  അതേ സമയം അയാളെ ദൈവമാക്കി നിലനിർത്തുന്ന ഘടകം ദുരൂഹതയുമാണ്. കുടികൊള്ളുന്ന ഇടത്തെപ്പറ്റിയും അവിടത്തെ തച്ചുകളെപ്പറ്റിയുമുള്ള ആശങ്കയോളം എത്തുന്ന കനത്ത അറിവിലായ്മ. കവിയ്ക്ക് ‘അന്നവസ്ത്രാദികൾ മുട്ടാതെ എത്തിച്ചു നൽകി കാത്തുരക്ഷിച്ചു ധന്യനാക്കുക’ എന്ന വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുത്തിട്ടുള്ള ആളല്ല ഈ ദൈവം. കവിതകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ കാണുന്നത് കവി ജീവിതത്തെ ഒരു ‘കോപ്പാ’ക്കി മാറ്റിയതിൽ നല്ലൊരു പങ്ക് ഈ പറയുന്ന ദൈവത്തിനുണ്ടെന്നാണ്. ഇങ്ങനെ ഇയാളുടെ ജീവിതത്തെ നാനാവിധമാക്കുകയും തൊടാനാവാതെ മറഞ്ഞിരിക്കുകയും തികച്ചും ഉദാസീനനായിരിക്കുകയും ചെയ്യുന്ന ദൈവത്തോട് ഇത്രയേറെ ഇഴയടുപ്പവും കൂട്ടും കവിയ്ക്ക് എങ്ങനെയുണ്ടായെന്നതാണ് അദ്ഭുതപ്പെടുത്തുന്ന വസ്തുത.  കഥകളിനടനായ ഗോപിയാശാനെ നാട്ടാരു മുഴുവൻ അറിയും എന്നാൽ കഥകളി ഭ്രാന്തനായ പാവം അപ്പൂട്ടനെ ഗോപിയാശാൻ അറിയാൻ ഒരു വഴിയുമില്ലെന്ന ജനകീയതയുടെ ന്യായബുദ്ധികൊണ്ടാവാം അത്. ദൈവം ചിരപരിചിതമായ ഒരു പൊതുമാർഗമാണല്ലോ. എന്നാൽ അതിലേറെ വിശ്വസനീയം കവിതയ്ക്കായി കവി ദൈവത്തിന്റെ ഒരു റെപ്ലിക്ക നിർമ്മിക്കുന്നു എന്നതാണ്. വിശ്വാസത്തിന്റെ ആലക്തികപ്രഭയിൽ വിരാജിക്കുന്ന ദൈവമല്ല അത്, ആവും വിധം ഉടയ്ക്കുകയും വാർക്കുകയും ചെയ്യാവുന്ന ഒരു 'പേഴ്സണൽ ഗോഡാ'ണ്.  കവിയുടെ ആമന്ത്രണങ്ങൾ നിവേദനങ്ങളും ആവലാതികളുമായി പരിണമിക്കുന്നത് തന്നോടുള്ള ഏറ്റു പറച്ചിൽ കൊണ്ടാണ്. വാക്കിന്റെ പേശീബലത്തെക്കുറിച്ചറിയാവുന്നവർക്ക് അറിയാം, ഏതക്ഷരത്തിനും മന്ത്രമാവാം എന്ന്. ഈ ദൈവസൃഷ്ടിയ്ക്കുള്ള മണ്ണ് ശിഹാബുദ്ദീൻ കുഴിച്ചത് മനസ്സെന്ന നിലത്തിലാണ്. മനസ്സ് നിർമ്മിക്കപ്പെട്ട അതേ പദാർത്ഥം കൊണ്ടാണ് ‘അജ്ഞതയുടെ കണ്ണുകൾ’ എന്ന ധ്യാനകവിതകളിലെ ദൈവത്തെയും  സൃഷ്ടിച്ചിരിക്കുന്നത്. കണ്ണാടിയുടെ അപ്പുറവും ഇപ്പുറവും നിന്ന് ബിംബപ്രതിബിംബങ്ങൾ ഒരേ പദാർത്ഥസൃഷ്ടിയാൽ ചിരപരിചിതരും അപരിചിതരുമായിരിക്കുന്നതുപോലെയാണത്. കണ്ണാടിയുടെ അതിരുവക്കിൽ നിന്ന് തന്നെ ഉറ്റുനോക്കുകയും മൌനിയായിരിക്കുകയും ഛായയ്ക്കപ്പുറത്ത് നിഗൂഢതകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന താൻ തന്നെയായ ഒരു ദൈവമാണവിടെ. ഇവിടെ പദാർത്ഥങ്ങൾ വ്യത്യസ്തമാവുന്നില്ലെന്ന വ്യത്യാസമേ ഉള്ളൂ.   നാരായണഗുരുവിന്റെ  ദൈവദശകം എന്ന കീർത്തനത്തിലെ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിയ്ക്കുള്ള സാമഗ്രിയും അദ്ഭുതകരമായി ഒന്നായി തീരുന്ന ദൈവക്കാഴ്ച അങ്ങനെ മറ്റൊരു തരത്തിൽ ഈ കവിതകളിലും വന്ന് തീ കൊടുക്കുന്നു എന്നു പറഞ്ഞാൽ ഏതാണ്ട് ശരിയാവും.  

 

October 25, 2012

മറഡോണ മുണ്ടുടുക്കുമോ?


ശ്രീമൂലം തിരുന്നാളിന്റെ കാലത്ത്, പഴയ ഹിസ് ഹൈനസ് മഹാരാജാസ് കോളേജിലെ - ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിലെ- രസതന്ത്രം വകുപ്പു മേധാവി പ്രൊഫസർ ബിഷപ്പ് ബോയൽ സായാഹ്നസവാരിക്കിടയിൽ ഇന്നത്തെ സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നിന്ന് കുറേ പിള്ളേര് തലപ്പന്തെന്ന നാടൻ കളി കളിക്കുന്നതു കണ്ട്, അവരെ ആധുനികരാക്കാൻ മുതിർന്നിടത്തു നിന്നാണ് കേരളത്തിലെ ഫുട്ബാൾ കളിയുടെ ചരിത്രം ആരംഭിക്കുന്നത്. പ്രൊഫസർ ബോയൽ ബ്രിട്ടനിൽ ചെന്നാണ് കോളേജിൽ താനുണ്ടാക്കിയ ടീമിനു കളിക്കാനുള്ള പന്തുകൾ കൊണ്ടു വന്നത്. 1911 ൽ ബോയൽ ഇന്ത്യവിട്ടു. പക്ഷേ കേരളത്തിൽ പന്തുകൾ പിന്നെയും അടക്കമില്ലാതെ കാലുകളിൽ നിന്ന് കാലുകളിലേയ്ക്ക് പറന്നു. 1942 ൽ ഗോദവർമ്മരാജ തിരുക്കൊച്ചി ഫുട്ബാൾ അസോസിയേഷൻ ഉണ്ടാക്കി. മലബാർ മേഖല അന്ന് മദിരാശി പ്രവശ്യയുടെ ഭാഗമായിരുന്നതിനാൽ കേരളത്തിലെ ഫുട്ബാൾ ചരിത്രം മെഴുകുതിരി കൊളുത്തി തുടങ്ങുമ്പോൾ വടക്കന്മാർ വെള്ളിത്തിരയിൽ മിന്നിതിളങ്ങിയില്ല. എന്തിന്? ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ വക ‘ഫുട്ബാൾ’ എന്ന ഗ്രന്ഥത്തിൽ (എഴുതിയത് വി ജയകുമാർ) കേരളത്തിലെ കാൽ‌പ്പന്തു കഥയേ ഇല്ല.

ആധുനിക ഫുട്ബാളിന്റെ പ്രസവമുറി ബ്രിട്ടനാണെന്നാണ് സങ്കല്പം. ആ വഴിക്ക് ആലോചിച്ചാൽ മലയാളിയുടെ കാൽ‌പ്പന്തിലെ ഹരിശ്രീ അത്ര മോശമല്ല. ഇംഗ്ലണ്ടുകാരനാണല്ലോ നമ്മളെ കളി പഠിപ്പിച്ചത്. ക്രിക്കറ്റും ടെന്നിസും ഗോൾഫും ബില്ല്യാഡ്സും പോലെ വെളുത്ത വസ്ത്രക്കാരുടെ കളിയല്ല ഫുട്ബാളെന്നൊരു പറച്ചിലുണ്ട്. ചരിത്രത്തെ ആർക്കും തട്ടിയെടുക്കാം, വളച്ചൊടിക്കാം. ആഫ്രിക്കയോ ഏഷ്യയോ പിൽക്കാലത്ത് പിന്തള്ളപ്പെട്ടു പോയതാണോ എന്ന് എങ്ങനെ അറിയും? ബി സി മൂന്നാം നൂറ്റാണ്ടിനടുത്ത് ചൈനക്കാർ കളിച്ച സൂഷു (Tsuchu) ആണത്രേ കാൽ‌പ്പന്തുകളിയുടെ പൂർവികൻ. അല്ലെങ്കിലും സ്വയമേവ പ്രപഞ്ചമായ ചൈനയിൽ എന്തിന്റെയൊക്കെ ഫോസിലുകളാണില്ലാത്തത്! ബി സി അഞ്ചാം ശതകത്തിനടുത്ത് ഗ്രീക്കുകാർ പന്തു തട്ടി തുടങ്ങി. പേര് സർപാസ്റ്റം.  പടയാളികൾക്കൊപ്പം കളി ലോകം ചുറ്റാൻ പോയപ്പോൾ ഗ്രീക്കുകാർ ഇതിനെ ‘എഫോളിസ് ’ എന്നു വിളിച്ചു. ഇറ്റലി ‘മൈലീസ് ’ എന്നും.  യുദ്ധം ഒഴിഞ്ഞൊരു പറമ്പിൽ വിശ്രമിക്കുകയായിരുന്ന കുറേ പടയാളികൾക്ക് ലക്ഷണമൊത്ത ഒരു തലയോട്ടി കിട്ടിയതും അവരതിനെ ശത്രുക്കളായ ഡെന്മാർക്കിലെ ഏതോ വേന്ദ്രന്റെയായിരിക്കുമെന്ന തെറ്റിദ്ധാരണയാൽ തട്ടിക്കളിച്ചതും അതു കണ്ടു നിന്ന കുറച്ചു കുട്ടികൾ ‘ഹിതു കൊള്ളാമല്ലോ’ എന്ന് മൂക്കത്തു വിരലു വച്ചുകൊണ്ട് അനുകരിക്കാൻ തുടങ്ങിയതും തദ്വാരാ പ്രചരിച്ചതുമാണ്  ആധുനിക കാൽ‌പ്പന്തുകളിയെപ്പറ്റിയുള്ള ബ്രിട്ടീഷ് ഐതിഹ്യമാല.

കാൽ‌പ്പന്തിന്റെ ഉൽ‌പ്പത്തി ചരിത്രത്തിൽ തന്നെ ചോരയും തലയോട്ടികളുമുണ്ടെങ്കിൽ ഹൂളിഗൻസിനെ - ഫുട്ബോൾ അലമ്പന്മാരെ- മാത്രം വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ കളിയോടൊപ്പം ജനിച്ചവരാണ്. മറ്റൊരു കളിയ്ക്കുമില്ല ഈ ജനുസ്സ് സാധനങ്ങൾ. ‘ഇത് കളിയല്ല രക്തരൂഷിതമായ പോരാട്ടമാണെന്ന് ’മനസ്സിലാക്കിയിട്ടാണ് എഡ്വേർഡ് രണ്ടാമൻ ഫുട്ബാൾ നിരോധിച്ചത്. 1880 ൽ കച്ചി തൊടാത്ത റഫറിമാർ മൈതാനത്തിൽ ആദ്യമായി പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുന്നതു വരെ കളിയുടെ നിയന്ത്രണം ഇരു ടീമിന്റെയും ക്യാപ്ടന്മാർക്കായിരുന്നു. അടി അന്നൊക്കെ കലശലായില്ലെങ്കിലല്ലേ ഇച്ഛാഭംഗത്താൽ പനിച്ചു വിറയ്ക്കേണ്ടൂ!  ‘പന്തു കൈകൊണ്ട് ഗോൾവലത്തിനുള്ളിലേയ്ക്ക് എറിഞ്ഞാൽ അതു ഗോളാവുകയില്ല.‘,  ‘ഉപ്പൂറ്റി കൊണ്ട് കളിക്കരുത് ’ തുടങ്ങി അന്നേയ്ക്ക് കൃത്യം 18 വർഷം മുൻപ്  ജെ സി ത്രംഗ് എന്നു പേരുള്ള മോശ കാൽ‌പ്പന്തിന് 10 നിയമങ്ങൾ കൽ‌പ്പിച്ചു. അതും മനസ്സിൽ ഉരുവിട്ടായിരിക്കണം സാധാരണക്കാരുടെ കളിയായ കാൽ‌പ്പന്തിന്റെ സാമ്രാജ്യത്തിൽ മൂല്യസംരക്ഷണവ്യഗ്രതയുമായി വെളുത്ത റഫറികൾ ഗ്രൌണ്ടിലിറങ്ങിയത്. ഫുട്ബാൾ ഒരു മതമാണെന്ന് പറയുമ്പോൾ ഇതും ആരെങ്കിലും ഓർക്കുന്നുണ്ടോ എന്തോ?

ഓർത്താൽ, കാൽ‌പ്പന്തുകളിലെ  അപരിഷ്കൃതത്വത്തിന് അതിന്റെ ജന്മരാശിയുമായി അഭേദ്യമായ ബന്ധമുണ്ട്. ആധുനികകാലത്ത് നാം ദാരിദ്ര്യവുമായി സമീകരിച്ച്  അതിനെ വായിക്കുന്നു; അനുഭവിക്കുന്നു. അല്ലെങ്കിൽ നാഗരികമായ വച്ചുകെട്ടുകളെ തുറന്നുവിടാനുള്ള വിശുദ്ധമായ ഉപാധിയായി. അബോധത്തിൽ കുടുങ്ങിക്കിടക്കുന്ന ആ അമാന്യത തന്നെയാവും വെളുത്ത വസ്ത്രങ്ങളുടെ കളിയിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നതും. കാൽ‌പ്പന്ത് തെരുവിന്റെ കളിയാണ്. ലോകക്കപ്പ് ഫുട്ബാളിന്റെ വർണ്ണചിത്രങ്ങളോടൊപ്പം പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളും വരും. കാറ്റു നിറച്ച പന്തിന് ശൂന്യമായ വയറുമായി ഒരു താദാത്മ്യം ഉണ്ട്. നോമ്പ് കാലങ്ങളിൽ  ചത്വരങ്ങളിൽ അറബിപ്പിള്ളേർ രാത്രി മുഴുവൻ ഊഴം വച്ച് ഫുട്ബാൾ കളിക്കുന്നതു കണ്ടിട്ടുണ്ട്. പെലെയെ നമ്മൾ നോക്കി തലകുലുക്കിയതിനു പിന്നിൽ കളിയും കത്രികക്കട്ടും മാത്രമല്ല ബ്രസീലിന്റെ ദാരിദ്ര്യവും ഉണ്ട്. ഇന്നും കണ്ടു നോക്കുക,  ‘എസ്കേപ് ടു വിക്ടറി‘യിൽ അമേരിക്കനായ സിൽ‌വർസ്റ്റൺ സ്റ്റാലിന്റെ അഭിനന്ദനം ഏറ്റു വാങ്ങി ഉൾവലിഞ്ഞു നിൽക്കുന്നിടത്ത് വേഷം മാറാത്ത ഒരു കുചേലനുണ്ട്. കാൽകുടന്നയിൽ കുടുക്കി ഇടം വലം പന്തിനെ പായിക്കുന്ന കളിക്കാരനിൽ എല്ലാം വിട്ടു കൊടുത്തവന്റെ അവസാനിക്കാത്ത പക വായിക്കാൻ കഴിയുന്നതുകൊണ്ടാണ് ഫുട്ബാൾ കവിതയാണെന്ന് പറയുന്നത്. വികാരങ്ങളുടെ സ്വച്ഛന്ദമായ കവിഞ്ഞൊഴുക്ക് എന്ന കാൽ‌പ്പനികത! അതു പന്തല്ല, നിലത്തുവീണുരുളുന്ന ഒരു തലയാണെന്ന കണ്ണിൽ പാട പറ്റിക്കിടക്കുന്നൊരു മങ്ങിയ ചുവപ്പു നിറമാർന്ന ഓർമ്മയിൽ ഹൂളിഗൻസ് അലറി എഴുന്നേൽക്കുന്നു. ഗാലറികളുടെ സട വിറയ്ക്കുന്നു.

2010 -ലെ ലോകക്കപ്പ് നടത്താനുള്ള അവകാശം ദക്ഷിണാഫ്രിക്കയെന്ന ദരിദ്രനാരായണനു കിട്ടുമ്പോൾ കൂടെ മത്സരിച്ച ബ്രിട്ടൻ, ഇവന്മാരെക്കൊണ്ടിതു പറ്റില്ലെന്ന മട്ടിൽ മുഖം ചുളിച്ചിരുന്നു. കണക്കുക്കൂട്ടിയതിനേക്കാൾ പത്തിരട്ടിയോളം കൂടുതൽ ചെലവാക്കി അവരത് നടത്തി. ചെലവ് 3.8 ബില്യൺ ഡോളർ. ദത്തുകളുടെയും വാതുവയ്പ്പിന്റെയും പരസ്യങ്ങളുടെയും പ്രവചനങ്ങളുടെയും ഈ മാമാങ്കത്തിനിടയിലും ഭൂതകാലദാരിദ്ര്യത്തിന്റെ നാട മുറിച്ചുകൊണ്ടാണ് മാധ്യമങ്ങൾ താരങ്ങളെ അവതരിപ്പിക്കുന്നത്. പെലെയെ ഇറ്റലി വാങ്ങാൻ പ്ലാൻ ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ബ്രസീലിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കപ്പെട്ടത്. വില പേശൽ അന്നേയുണ്ട് എന്നർത്ഥം. കോടികൾ മറിയുമ്പോഴും നല്ല കളിക്കാർ, പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കളിക്കാർ  ഇന്നും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഗണത്തിൽ നിരന്നാണ് വ്യാകുലമുഖങ്ങളുടെ ഹൃദയതാരകങ്ങളാകുന്നത്.  കുസ്തുറിക്ക മറഡോണയെ അവതരിപ്പിക്കുമ്പോൾ കാൽ‌പ്പന്തിൽ കാറ്റിനൊപ്പം പലതും നിറച്ചു. അരാജകത്വം, രാഷ്ട്രീയം, മതം, കല, സംഗീതം, ദാരിദ്ര്യം, രാഷ്ട്രതന്ത്രം... മറ്റൊന്നു കൂടിയുണ്ട് സിനിമയിൽ, ‘കൊക്കൈൻ മയക്കുമരുന്നാണെങ്കിൽ ഞാനതിന്റെ അടിമയാണെന്ന് ഉറച്ചു പറയുന്ന മറഡോണ’. 1994 ലെ ലോകക്കപ്പിൽ നിന്ന് മറഡോണ പുറത്തുപോകാൻ കാരണം മയക്കു മരുന്നുപയോഗമാണ്. തന്നെ കുടുക്കിയതിന്റെ പകയിൽ മറഡോണ അമേരിക്കയെയും ബ്രിട്ടനെയും ഇറ്റലിയേയും ചീത്ത വിളിച്ചു. സ്വകാര്യത നശിപ്പിക്കുന്ന മാധ്യമപ്പടയ്ക്കു നേരെ വെടിവച്ചു. അതിനു മുൻപ് 1990 ൽ ഇറ്റലിയിലെ ഫുമിച്ചിനോ എയർപോർട്ടിൽ വച്ച് പിടിയിലാവുമ്പോൾ മറഡോണയുടെ കൈയിൽ അഞ്ചുലക്ഷം പൌണ്ട് വിലമതിക്കുന്ന മരുന്നുണ്ടായിരുന്നു.  80 കളിൽ ആൾക്കൂട്ടം എന്ന ഏകാന്തതയ്ക്കുള്ളിൽ മറഡോണ പൊടുന്നനെ മിശിഹയായി. പള്ളികളിൽ മറഡോണയുടെ രൂപം മുൾക്കിരീടമണിഞ്ഞ് കുരിശിൽ കിടന്ന് മാമോദീസകൾക്കും വിവാഹങ്ങൾക്കും ദിവ്യസാക്ഷിയായി. പള്ളി സംഘങ്ങൾ പ്രത്യേക സ്തുതിഗീതങ്ങൾ പാടി. വിശ്വാസങ്ങളുടെ ഭാരം താങ്ങാവുന്നതിൽ അധികമായിരുന്നതിനാൽ മറഡോണ ഐഹിക ലോകത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടി കണ്ടെത്തിയ മാർഗമായിരിക്കണം മയക്കുമരുന്നുകളുടേത്. ഷാവേസും കാസ്ട്രോയും ചേർന്നാണ് മറഡോണയെ പിന്നെ രക്ഷിച്ചത്. ജയിലിൽ നിന്ന് ജീവിതത്തിലേയ്ക്ക്. ‘ആകാശനീലവും വെയിലുവീണ കടലിന്റെ വെളുപ്പും’ (എൻ എസ് മാധവൻ) അഴിയിട്ട ജേഴ്സിയണിഞ്ഞ അർജന്റീനയുടെ കോച്ചായും മറഡോണ തിളങ്ങിയില്ല. പൊട്ടിത്തെറിക്കുകയും വികാരവിവശനാവുകയും ചെയ്ത് സ്വയം തകരുകയല്ലാതെ നിവൃത്തിയില്ലെന്ന മുഖഭാവവുമായി കരയുന്ന മറഡോണദൃശ്യങ്ങൾ കഴിഞ്ഞ ലോകക്കപ്പിലെ അർജ്ജന്റീനയുടെ കളിയ്ക്കിടയിൽ മിന്നിമാഞ്ഞത് ലോകം അതേ നൊമ്പരപ്പാടോടെ കണ്ടു.

‘ഉണ്ടായിരിക്കേണ്ട ആവശ്യം പോലുമില്ലാതെ, നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രം നിലനിൽക്കുന്ന സത്ത ഒന്നുമാത്രം, ദൈവം!’ എന്നാണ് കുസ്തുറിക്കയുടെ സിനിമയിലെ ആമുഖവാചകം. ഇപ്പോഴും വിഷാദം പൂർണ്ണമായും ഒഴിഞ്ഞുപോകാത്ത മുഖമുള്ള മറഡോണ കേരളത്തിൽ വരുന്നതിനു മുൻപ് മലയാളപത്രങ്ങൾ അഴകൊഴമ്പൻ വാർത്തകൾ എഴുതി. അദ്ദേഹം മുണ്ടുടുക്കും, മലയാളം പറയും, 25 കിലോയുള്ള കേക്കു മുറിച്ച് 52 -ആം പിറന്നാൾ ആഘോഷിക്കും, ഇന്ത്യൻ യുവത്വത്തെ പരിശീലിപ്പിക്കും....ഒക്ടോബർ 23 നും ശേഷവും മിക്ക ഇംഗ്ലീഷ് പത്രങ്ങളും പഴയ ക്ലീഷേ പുറത്തെടുത്തു. മറഡോണ എന്ന ദൈവം. (Soccer god Diego Maradona, The ‘god’ of football leaves his footprint, Golden’ connect brings football god to God’s own country..) വാർത്തകളുടെ പിന്നാമ്പുറത്തിൽ സ്വർണ്ണവെളിച്ചത്തിൽ തിളങ്ങുന്ന ഒരു കടയാണ്. അതിന്റെ പരസ്യം മറഡോണയ്ക്കൊപ്പം തിളങ്ങാൻ നമ്മൾ എന്തുചെയ്യണമെന്ന് പറയുന്നുണ്ടായിരുന്നു. വജ്രാഭരണങ്ങൾക്കായി ബുക്കു ചെയ്യുന്നവർക്ക് ഫുട്ബാൾ മാന്ത്രികനെ നേരിൽ കാണാനുള്ള അനുഗ്രഹം. സ്വർണ്ണം ബുക്കു ചെയ്യുന്നവർക്ക് അദ്ദേഹത്തെ നേരിൽ കാണാനായി സ്പെഷ്യൽ പാസ്. അഡ്വാൻസ് സ്വർണ്ണം ബുക്കു ചെയ്യുന്ന വിവാഹ പാർട്ടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അദ്ദേഹത്തിൽ നിന്ന് നേരിട്ട് സ്വർണ്ണം വാങ്ങാൻ അവസരം. 100 പവനിൽ കുറയാതെ വാങ്ങാൻ സ്വർണ്ണം ബുക്കു ചെയ്യുന്നവർക്ക് മറഡോണയോടൊപ്പം സൌജന്യ ഹെലികോപ്ടർ യാത്ര. 

തെക്കെ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏങ്കോണിച്ച സാമ്പത്തികചരിത്രമാണ് സ്റ്റേഡിയങ്ങളിലെ മഴവില്ലുകൾക്ക് കൂടുതൽ നിറം നൽകിയത് എന്ന് ആർക്കാണ് അറിയാതെയുള്ളത്? Wanted  എന്നെഴുതിയ ബുഷിന്റെ ചിത്രം പതിച്ച കറുത്ത ടീ ഷർട്ടുമായി അഭിമുഖത്തിനിരിക്കുന്ന, ഭുജങ്ങളിൽ ചെഗുവേരയെ പച്ച കുത്തിയിരിക്കുന്ന മറഡോണ കേരളത്തിൽ ആധുനിക ചെയെപോലെ മുതലാളിത്തത്തിന്റെ ഒരു അംബാസിഡറാണ്.  പക്ഷേ ആ വൈരുദ്ധ്യത്തെയും കാൽ‌പ്പന്തുകളിയുടെ നിയമങ്ങൾ മായ്ക്കും. മുൻപൊരിക്കൽ ചെഗുവേരയുടെ മകളെയും  ആനപ്പുറത്തുകയറ്റി നാം എഴുന്നള്ളിച്ചിരുന്നു. മകളുടെ രാഷ്ട്രീയം പോലും നമുക്ക് ആലോചനാവിഷയമായിരുന്നില്ല. അതങ്ങനെ പ്രഭാവിതമായൊരു ഊർജ്ജത്താൽ ഉരുളുകയായിരുന്നു. ഉരുണ്ട ഒന്നിനും സ്വ ഇച്ഛയ്ക്കനുസരിച്ച് ഒരു ജീവിതമില്ലെന്ന് തത്ത്വം പറയാം. അതു ഉരുണ്ടുകൊണ്ടിരിക്കും. ദക്ഷിണാഫ്രിക്കയിലെ കാൽ‌പ്പന്തിന് ‘ജബുലാനി’ എന്നായിരുന്നു പേര്. നമുക്കിപ്പോൾ ലഭിച്ച പന്തിന്റെ പേര് ‘മറഡോണ’.

October 3, 2012

അങ്ങറ്റം വരേയ്ക്കും (ഹിന്ദി കവിത)



ഇരുട്ടിനെ പെട്ടെന്ന് പൂവാക്കുന്ന സുഗന്ധം
സുഗന്ധത്തിനു രൂപം കൊടുക്കുന്ന നിറം
നിറങ്ങൾക്ക് തിളക്കം നൽകുന്ന ഋതുക്കൾ
ഋതുക്കളെ മടിയിൽ താലോലിക്കുന്ന ഭൂമി
ഭൂമിയെ നിറയ്ക്കുന്ന മേഘം
മേഘത്തിന് ആകാശം നൽകുന്ന കാറ്റ്
 വരൂ, ഇതെല്ലാം ഉള്ളിൽ നിറച്ച്
ദൂരെ അങ്ങറ്റം വരേയ്ക്കും വിതറാം.


കൻ‌വർ നാരായൺ സെപ്റ്റംബർ 19, 1927 നു ജനിച്ചു. ആധുനിക കവിതാപ്രസ്ഥാനത്തിന്റെ വക്താവായി കഴിഞ്ഞ 6 ദശാബ്ദക്കാലമായി ഹിന്ദി സാഹിത്യത്തിൽ സജീവമാണ്. 2005 ൽ ജ്ഞാനപീഠവും 2009 ൽ പദ്മഭൂഷണും ലഭിച്ചു. ചക്രവ്യൂഹ്, തീസ്‌രാ സപ്തക്, അപ്നേ സാംനേ, ഇൻ ദിനോം തുടങ്ങിയ കവിതാസമാഹാരങ്ങളും ആകാരോം കെ ആസ് പാസ് എന്ന കഥാസമാഹാരവും ആജ് ഔർ ആജ് സേ പഹലേ, സാഹിത്യ് കെ കുച്ച് അന്തർ വിഷയക് സന്ദർഭ് തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

September 12, 2012

‘തേച്ചു മിനുക്കിയാൽ വായ്ക്കുന്ന കാന്തിയും മൂല്യവും’



മുൻപ് വ്യക്തിത്വശുചീകരണത്തിനു് ആത്മീയതയുടെ പരിസരത്തിലേയ്ക്കായിരുന്നു ബഹുഭൂരിപക്ഷം യശഃപ്രാർത്ഥികളായ മലയാളി കണ്ണയച്ചിരുന്നതെങ്കിൽ കാര്യങ്ങൾ കുറേകൂടി വസ്തുനിഷ്ഠമാവുന്നു ഇപ്പോൾ എന്നൊരു വ്യത്യാസമുണ്ട്. കോർപ്പറേറ്റ് മേഖലകളിലെ പുതിയ തൊഴിൽ സാധ്യതകളും പൊതുഭരണസംവിധാനങ്ങൾ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്ന അവബോധവും ചേർന്നു നിർമ്മിച്ച അന്തരീക്ഷമാണ് മലയാളിയെ  ‘സ്വയം സഹായ’ (Self Help) പുസ്തകങ്ങൾക്ക് മുന്നിൽ മുൻപെന്നത്തേക്കാളും കൂടുതലായി എത്തിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും പ്രാദേശികനായിരുന്ന മലയാളി ആഗോളമലയാളിയായി മാറിക്കൊണ്ടിരിക്കുന്നതിന്റെ സംക്രമണകാലമാണിത്. രുചിയും ഭക്ഷണശീലങ്ങളും വേഷവിധാനങ്ങളും മാറുന്നതിനൊപ്പം പെരുമാറ്റവഴക്കങ്ങളും മാറേണ്ടതുണ്ട്.

കോർപ്പറേറ്റ് മേഖലകളിലെ പുതിയ തൊഴിൽ സാധ്യതകളും പൊതുഭരണസംവിധാനങ്ങളുടെ നിയന്ത്രണം സ്വന്തം മിടുക്കു കൊണ്ട് സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്ന അവബോധവും ചേർന്നു നിർമ്മിച്ച അന്തരീക്ഷമാണ് മലയാളിയെ  ‘സ്വയം സഹായ’ (Self Help) പുസ്തകങ്ങൾക്ക് മുന്നിൽ മുൻപെന്നത്തേക്കാളും കൂടുതലായി എത്തിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ് എഴുതിയ ‘വ്യത്യസ്തരാകാൻ’ എന്ന പുസ്തകം, ഉന്നതമായ തൊഴിലിടങ്ങൾ എത്തിപ്പിടിക്കാൻ വെമ്പുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വന്തം  ലക്ഷ്യത്തിനു വിഘാതമായേക്കാവുന്ന സ്വന്തം പെരുമാറ്റവൈകല്യങ്ങളെ തിരിച്ചറിയാനും തിരുത്താനുമുള്ള നല്ലൊരു വഴികാട്ടിയാണ്. നിയോ ലിബറൽ കാലത്തിനനുസരിച്ച് മലയാളിയുടെ ശീലവഴക്കങ്ങളിലും മാറ്റം അനിവാര്യമാണെന്ന കാര്യത്തിനു പുസ്തകം ഊന്നൽ നൽകുന്നുണ്ട്.   പത്രപ്രവർത്തകനായി തൊഴിൽ ജീവിതം ആരംഭിക്കുകയും ബാങ്ക് ഉദ്യോഗസ്ഥൻ, അദ്ധ്യാപകൻ,  കേരള പോലീസ് അക്കാദമി ഡയറക്ടർ, പോലീസ് പരിശീലന വിഭാഗം മേധാവി, വനിതാകമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ ശോഭിച്ച വ്യക്തിത്വമാണ് ഡോ. അലക്സാണ്ടറുടേത്. 2011ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ അദ്ദേഹത്തിനു ലഭിച്ചു. വിവിധ തൊഴിൽ മേഖലകളിലുള്ള ദീർഘകാല പരിചയവും മികവുമാണ് ‘വ്യത്യസ്തരാകാൻ’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.  പരിശീലകൻ എന്ന നിലയ്ക്കു മാത്രമല്ല സിവിൽ സർവീസ് പരീക്ഷകളിൽ ഉദ്യോഗാർത്ഥിയായിരുന്നപ്പോഴുള്ള അനുഭവങ്ങളെയും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.

അറിവ്, അച്ചടക്കം, അഭിപ്രായം, ആരോഗ്യം, അദ്ധ്വാനത്തോടുള്ള കാഴ്ചപ്പാട്, അർപ്പണമനോഭാവം, ആത്മാഭിമാനം, ആത്മവിശ്വാസം, ആത്മധൈര്യം ഇങ്ങനെ ഉന്നതമായ വ്യക്തിത്വത്തിന്റെ 9 ഘടകങ്ങളെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഡോ. അലക്സാണ്ടർ ചർച്ച ചെയ്യുന്നത്. ഉചിതമായ ഉദാഹരണങ്ങളും വസ്തുസ്ഥിതിവിവരങ്ങളും പൌരാണികവും ചരിത്രപരവുമായ കൃതികളിൽ നിന്നുള്ള ഉദ്ധരണികളും സമകാലിക സംഭവങ്ങളും നിരത്തിക്കൊണ്ടാണ് ഉന്നതമായ വ്യക്തിത്വം കൈയാളാനുള്ള വഴികൾ അദ്ദേഹം വിശദമാക്കുന്നത്. അറിവിനെ പാശ്ചാത്യരീതിയനുസരിച്ച് വിസ്ഡം എന്നും നോളേജ് എന്നും ഇൻഫർമേഷൻ എന്നും തിരിക്കുന്നു. ഉൾക്കാഴ്ചയാണ് വിസ്ഡം. അതില്ലാതെ ഏതറിവുണ്ടായിട്ടും വിവരങ്ങൾ നേടിയിട്ടും കാര്യമില്ല. ആന്തരികമായ അച്ചടക്കത്തിന്റെ ഗുണങ്ങളാണ് ‘സ്വയം ഭരണത്തിന്റെ പാഠ’ങ്ങളിൽ വിവരിക്കുന്നത്. അച്ചടക്കപാലനത്തിനായി ബലപ്രയോഗമാവാം എന്ന പാഠത്തെ യുധിഷ്ഠിരന്റെ കഥയിലൂടെ അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. കൃത്യമായ അഭിപ്രായരൂപീകരണങ്ങളും അതനുസരിച്ചുള്ള തീരുമാനങ്ങളും അവയുടെ നടപ്പാക്കലും ഭരണസംവിധാനത്തെ സുഗമമാക്കിതീർക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

ശരീരം, മനസ്സ്, കാഴ്ചപ്പാട്, മൂല്യവ്യവസ്ഥ എന്നിവകളിൽ പുലർത്തുന്ന ആരോഗ്യമാണ് ശരിയായ ആരോഗ്യം. മൂല്യബോധത്തെയും ജീവിതവീക്ഷണത്തെയും സമന്വയിക്കുന്ന സംവിധാനം പ്രാചീന ഭാരതീയർക്കല്ലാതെ മറ്റെവിടെയും കാണാൻ കഴിയില്ലെന്ന് ലേഖകൻ എഴുതിന്നു അതേസമയം കടുത്ത ജാതിചിന്തയിൽ പുലർന്നതു കൊണ്ട് അദ്ധ്വാനത്തിന്റെ മഹത്വം വേണ്ടരീതിയിൽ മനസിലാകാതെ പോവുകയും ചെയ്തു. സബ് ഇൻസ്പെക്ടർ സെലക്ഷൻ ബോർഡിൽ വച്ച് തന്റെ ഗ്രാമമായ കിടങ്ങൂരിനെപ്പറ്റി വിശദമായി സംസാരിച്ച ഒരു ഉദ്യോഗാർത്ഥിക്ക് ഉയർന്ന മാർക്ക് ലഭിച്ചതിനെപ്പറ്റി ഡോ അലക്സാണ്ടർ എഴുതുന്നുണ്ട്. അഭിമുഖ പരീക്ഷകളിൽ താനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഒരാൾക്ക് ആഴത്തിലുള്ള അറിവുണ്ടെന്നത് അനുകൂലഘടകമായേ പരിണമിക്കുകയുള്ളൂ. ‘എനിക്ക് മലയാളം അറിഞ്ഞുകൂടെന്ന് മേനി പറയുന്ന ഒരാൾ നല്ല വ്യക്തിത്വമുള്ള ഒരാളായി കണക്കാക്കുകയില്ലെന്ന അർത്ഥം. ഐ എ എസ് അഭിമുഖ പരീക്ഷയിൽ 300 ൽ 295 എന്ന ഉയർന്ന സ്കോറു നേടിയ ലളിതാംബികയുടെ ഉദാഹരണം മറ്റൊരിടത്ത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം കിട്ടിയ വർഷമായിരുന്നു അഭിമുഖം. സർദാർ കെ എം പണിക്കർ ബോർഡിലുണ്ടായിരുന്നു. വിശദമായി തയാറെടുത്താണ് പരീക്ഷയ്ക്ക് പോയത് എന്നുള്ളതുകൊണ്ട് ലളിതാംബികയ്ക്ക് ‘ഓടക്കുഴലി’ലെ പലഭാഗത്തു നിന്നുള്ള കാവ്യഭാഗങ്ങൾ കാണാതെ ചൊല്ലാൻ കഴിഞ്ഞു എന്നു മാത്രമല്ല, മലയാളം അറിയാത്ത ബോർഡിലെ മറ്റു മെംബർ മാർക്കായി കവിതാഭാഗങ്ങൾ ഇംഗ്ലീഷിൽ ചൊല്ലിക്കൊടുത്ത് അവരുടെ പ്രീതിനേടാനുമായി.  ‘സെൻസ് ഓഫ് ബിലോംഗിങ്’ എന്നാണിതിനെ പറയുക. ഇതു കൂടിയാൽ താനേതോ മികച്ചയാളാണെന്നുള്ള പൊങ്ങച്ചം നിറഞ്ഞുണ്ടാകുന്ന അപകടത്തെ ചൂണ്ടിക്കാണിക്കാനും ഡോ. അലക്സാണ്ടർ മറക്കുന്നില്ല.

‘തന്റെ അച്ഛൻ നല്ലൊരു ചെരുപ്പുകുത്തിയായിരുന്നെന്നും അത്രയും മികച്ച ഭരണാധികാരിയാവാൻ തനിക്കു കഴിയുമോ എന്നു സംശയമൂണ്ടെന്നും പറഞ്ഞ് സെനറ്ററുടെ വായടച്ച എബ്റ്രഹാം ലിങ്കനെയാണ് ആത്മാഭിമാനത്തിന് ഉദാഹരണമായി എടുക്കാവുന്നത്. അബ്ദുൾ കലാമും കെ ആർ നാരായണനും കാഷ്യസ് ക്ലേയെന്ന മുഹമ്മദാലിയും ഇല്ലായ്മകളിൽ അപകർഷപ്പെടാതെ ഉയർന്നുവന്നവരാണ്. പോലീസ് ട്രെയിനിങ് കഴിഞ്ഞാൽ 25 കി.മി ഭാരവും ചുമന്ന് നടന്നു ചെന്ന് ഒരു ക്യാമ്പുണ്ടാക്കണം. ( ഇത്തരമൊരു പരിശീലനം അടുത്തകാലത്ത് പത്രവാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നതോർക്കുക) റൂട്ട് മാർച്ച് എന്നാണ് പേര്.  എന്നാണിത് ഐ പി എസ് ഉദ്യോഗസ്ഥർക്ക് ഇത് 103 കിലോമീറ്ററാണത്രേ. എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റുമെന്ന തോന്നൽ ജനിപ്പിക്കുന്ന ആത്മവിശ്വാസം ഉറപ്പിക്കുക എന്നതാണ് ഈ കഠിനമായ പരിശീലനത്തിന്റെ ലക്ഷ്യം. ചിന്തയും സംഭാഷണവും ശരിയായിരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ‘മേരാ ജീവൻ കോറാ കാഗസ്’ എന്ന ലേഖനം വിരൾ ചൂണ്ടുന്നത്. നല്ല സംസാരം തന്നെയാണ് നല്ല വ്യക്തിത്വത്തിന്റെ മുഖമുദ്ര. യുക്തിഭദ്രമായ ചിന്തയില്ലാതെ കാര്യമാത്രപ്രസക്തമായി ഒരാൾക്ക് സംസാരിക്കാൻ കഴിയില്ല. വ്യക്തിത്വം തേച്ചു മിനുക്കിയെടുക്കേണ്ട രത്നമാണെന്ന് ലേഖകൻ എഴുതുന്നു. കട്ടറെ ആശ്രയിച്ചാണ് അതിന്റെ മൂല്യം വർദ്ധിക്കുന്നത്. പരിശീലനത്തിന്റെ കുറവ് വ്യക്തിത്വത്തിന്റെ തിളക്കത്തെയും കുറയ്ക്കും.

ഈ ഒൻപതു ഗുണങ്ങളും 50% അധികം ഉള്ളവരെയാണ് ‘ഡൈനാമിക് പേഴ്സണാലിറ്റി’ എന്നു പറയുന്നത്. അവരാണ് ക്ലാസ് 1 ജോലിയ്ക്ക് അർഹത ഉള്ളവർ. ആദ്യത്തെ ആറെണ്ണം 50% ൽ കൂടുതലും ബാക്കി താഴെയും ഉള്ളവർ, മുഴുവൻ ഗുണങ്ങളും 50 നു താഴെയുള്ളവർ എന്നിങ്ങനെ വിവിധജോലികൾക്ക് യോജിച്ചവരെ പട്ടികപ്പെടുത്തുന്നുണ്ട് തുടർന്ന്. പ്രതികരണ പരീക്ഷണം, ആശയാപഗ്രഥന പരീക്ഷണം, മനോഗതി വിശകലനം, സംഘചർച്ച, അഭിമുഖം എന്നീ അഞ്ചു വ്യക്തിത്വ നിർണ്ണയ പരീക്ഷകലെക്കുറിച്ചും ഉആദാഹരണ സഹിതം ലേഖകൻ വ്യക്തമാക്കുന്നു. വിശദമായ അഭിമുഖങ്ങളിൽ  ഉദ്യോഗാർത്ഥി അറിഞ്ഞോ അറിയാതെയോ എന്തൊക്കെ പരിശോധിക്കപ്പെടുന്നു എന്നതിന്റെ വിശദമായ വിവരണം കൊടുത്തിരിക്കുന്നു. സാമാന്യത്തിലധികം ചൂടുള്ള ചായ കൊടുത്തതിനു ശേഷം അത് ഉദ്യോഗാർത്ഥി എങ്ങനെ കുടിക്കുന്നു എന്നു നിരീക്ഷിക്കുക, അഭിമുഖം കഴിഞ്ഞിറങ്ങിയ ആൾ പുറത്തു നിന്ന് അടച്ചിരിക്കുന്ന വാതിലിനു മുന്നിൽ നിന്ന് എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് നിരീക്ഷിക്കുക, വളരെ നിസ്സാരം എന്നു തോന്നിക്കുന്ന ചോദ്യം ചോദിച്ചുകൊണ്ട് ഉദ്യോഗാർത്ഥിയെ വലിയ കുഴപ്പത്തിൽ കൊണ്ടു ചെന്നു ചാടിക്കുക തുടങ്ങിയ പതിവുകൾ നേരിടാൻ ആകെ വേണ്ടത് വിശദമായ തയാറെടുക്കൽ ആണെന്ന് ഡോ. അലക്സാണ്ടർ ആവർത്തിച്ച് പറയുന്നു. തെറ്റ് ആർക്കും പറ്റാമെന്നുള്ളതുകൊണ്ട് അതിൽ നിന്നു കൂടി പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള ആഹ്വാനത്തോടെയാണ് ‘വ്യത്യസ്തരാകാൻ’ ലേഖകൻ അവസാനിപ്പിക്കുന്നത്.

ഡോ. അലക്സാണ്ടറുമായി നടത്തിയ നീണ്ട സംഭാഷണങ്ങളിൽ നിന്ന് പി സലിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. ആ പ്രഭാഷണങ്ങളുടെ സാരാംശം ഒട്ടും ചോർന്നുപോകാതെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വാസത്തെ ആമുഖത്തിൽ അദ്ദേഹം അടിവരയിടുന്നുണ്ട്. ദീർഘമായ അനുഭവപരിചയവും വിപുലമായ പുസ്തകപരിചയവും ഭാരതീയവും പാശ്ചാത്യവുമായ ക്ലാസിക് കൃതികളാൽ നിയമിതമായ മൂല്യബോധവും  മനുഷ്യത്വപരമായ കാഴ്ചപ്പാടും മനശാസ്ത്രപരമായ അവഗാഹതയും മാന്ത്രികമായ വാഗ്വിലാസവും ഒത്തുചേർന്ന നല്ലൊരു പരിശീലകന്റെ മുന്നിൽ ചെന്നുപ്പെട്ട പ്രതീതിയാണ് ഈ പുസ്തകത്തിന്റെ വായന സമ്മാനിക്കുന്നത്.

---------------------------------------
വ്യത്യസ്തരാകാൻ
self-help
ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്
ഡി സി ബുക്സ് കോട്ടയം
വില : 80 രൂപ





August 29, 2012

അരയന്നമേ ആരോമലേ


മലയാളത്തിലെ പ്രാചീന സന്ദേശകാവ്യമായ ‘ഉണ്ണുനീലി സന്ദേശ’ത്തിലെ ‘സന്ദേശവും’ കൊണ്ടു കടുത്തുരുത്തി വരെ പോകുന്നത്  തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മയാണ്. വേണാട് രാജവംശത്തിലെ രണ്ടു കൈവഴികളിലിളയതാണ് തൃപ്പാപ്പൂർ. മൂത്തത് ചിറവ. രാജതുല്യപദവിയുള്ള ഒരാളെ തന്നെ അഞ്ചലോട്ടക്കാരനാക്കിയതാണ് ഇവിടത്തെ രസം. അതു ചെയ്യാൻ തക്കവണ്ണം പവറുള്ള ആരായിരിക്കും സന്ദേശകാരൻ എന്നതിനു തെളിഞ്ഞ ഉത്തരമൊന്നും കൃതിയിൽ നിന്നു ലഭിച്ചിട്ടില്ല. അതുകൊണ്ടും കൂടിയാണ് അതൊരു മുഴുത്ത ചിരിയാണെന്ന് കുട്ടികൃഷ്ണമാരാര് പറഞ്ഞത്. ചിരിയോ കാമവിവശതയോ പെണ്ണുകാണലോ? നായിക ദൂതനെ സംശയിക്കാതിരിക്കാൻ സന്ദേശം കൊടുത്തയയ്ക്കുന്ന ആൾ,  ചില അടയാളവാക്യങ്ങൾ പ്രേഷകന് പറഞ്ഞു കൊടുക്കുന്ന പതിവുണ്ട് . ഉണ്ണുനീലി സന്ദേശത്തിൽ നായകൻ കൊടുത്തയക്കുന്ന അടയാളവാക്യങ്ങൾ ഇവയാണ് :  1) ഒരിക്കൽ തളിയിൽ ഒരുവം കൂത്തു (നങ്ങ്യാർ മാത്രം ആടുന്ന കൂത്ത്) കണ്ടുകൊണ്ടിരുന്നപ്പോൾ തപതിയായി നടിച്ച നങ്ങ്യാർ നായകനെ നോക്കി ചിലതെല്ലാം പ്രാകൃതത്തിൽ പറഞ്ഞത്, അതുകേട്ട് പരവശയായി ഓടിയ ഉണ്ണുനീലിയെ പിന്നെ അടുത്തൊന്നും കാണാത്തത്. 2)  വണ്ടിൻ കൂട്ടങ്ങളെ പോലെ കറുത്ത ഭംഗിയുള്ള കടാക്ഷങ്ങൾ ചൊരിയുന്ന ഉണ്ണുനീലി ഒരിക്കൽ ഇതേ നായകനുമൊത്ത് പുഷ്ടിയോടെ വളർന്നു പന്തലിച്ച തേന്മാവിൻ തണലിൽ തളിർച്ചില്ലകൾ ഒരുക്കിയ കിടക്കയിൽ സന്ധ്യമയങ്ങിയ സമയത്ത് ക്രീഡാവിവശരായി കാറ്റുമേറ്റ് ശയിക്കുമ്പോൾ അവളുടെ മാറിൽ വന്നു വീണ മാന്തളിർകുല കണ്ട് പാമ്പാണെന്ന് വിചാരിച്ച് കാട്ടിക്കൂട്ടിയ അതിരു കടന്ന വെപ്രാളം. 3) മഴക്കാലത്തെ ഒരു രാത്രി ‘ചെറിയത് ’എന്ന തോഴിയായി  തെറ്റിദ്ധരിച്ച് നെയ്തൽ പൂവിതൾ പോലെ മൃദുവായ നഖങ്ങളാൽ നായകന്റെ വശങ്ങളിൽ എഴുതുമ്പോൾ അവളുടെ വളർന്നു വരുന്ന ഇളം മുലകൾ താൻ മർദ്ദിച്ചത് .

അളകാപുരിയുടെ നാഥൻ കുബേരനാൽ രാമഗിരി ആശ്രമത്തിലേയ്ക്ക് പ്രവാസത്തിനു ശിക്ഷിക്കപ്പെട്ട യക്ഷൻ പ്രിയാവിരഹം കൊണ്ട് എരിഞ്ഞത് ഒരു വർഷമാണ്. നാലു മാസം കൂടി കഴിഞ്ഞാൽ ( പ്രവാസത്തിന്റെ ആറാം മാസമാണ് മേഘദൂത രചന. മാസം നാലു കഴിഞ്ഞാൽ അനന്തശാലിയായ വിഷ്ണു തല്പത്തിൽ നിന്ന് ഉണരും!) വിരഹത്താൽ ഇരട്ടിച്ചുള്ള അഭിലാഷങ്ങൾ പൂർണ്ണനിലാവുള്ള ശരത്കാല രാത്രികളിൽ നമുക്ക് അനുഭവിച്ചു തീർക്കാം എന്ന് മേഘം വഴി പ്രിയയെ അറിയിക്കുന്ന അയാൾ യക്ഷിണി മേഘത്തെ സംശയിക്കാതിരിക്കാൻ പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കാളിദാസൻ ഒരു ശ്ലോകത്തിലാണ് സംഗ്രഹിച്ചിരിക്കുന്നത്. - ഒരിക്കൽ യക്ഷൻ നായികയെ ആലിംഗനം ചെയ്ത് ഉറങ്ങുന്ന സമയത്ത് അവൾ രാത്രിയിൽ പെട്ടെന്നുണർന്ന് നിലവിളിക്കുകയും  ‘വഞ്ചകാ’ എന്ന് ദുഷിക്കുകയും കാരണമന്വേഷിച്ചപ്പോൾ മയക്കത്തിൽ നിന്ന് പൂർണ്ണമായും വിട്ട് ചിരിച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ രമിപ്പിക്കുന്നതായി സ്വപ്നം കണ്ട് അബദ്ധം പറ്റിപോയ  കാര്യം അറിയിക്കുകയും ചെയ്തതാണത്.

കാളിദാസന് ‘മേഘദൂതം’ എഴുതാൻ പ്രേരണയായത് രാമായണത്തിലെ ഹനുമാന്റെ ദൂതാണെന്ന് ഒരു വാദമുണ്ട്. രാമായണത്തിലെ കാണ്ഡങ്ങളുടെ തലക്കെട്ടുകളിൽ മുഴച്ചു നിൽക്കുന്ന ഒന്നാണ് സുന്ദരകാണ്ഡം. കൂട്ടത്തിൽ മികച്ചതായതുകൊണ്ടല്ല, സുന്ദരന് ദൂതൻ എന്നർത്ഥമുണ്ടെന്നാണ് അതിന്റെ ഒരു ന്യായീകരണം. ഹനുമാന് ചുമതല ഇരട്ടിയാണ്. സീതയെ വിശ്വസിപ്പിക്കാനും തിരിച്ച് രാമനെ വിശ്വസിപ്പിക്കാനും കിണയണം. അശോകവനികയിൽ വച്ച് ചൂഢാരത്നം നൽകിയ ശേഷം സീതപറഞ്ഞ സന്ദേശവാക്യം ചിത്രകൂടത്തിൽ വച്ച് ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ സീതയെ ആക്രമിച്ച കാര്യമാണ്. അപ്പോൾ രാമനും സീതയും ഉറക്കത്തിലായിരുന്നു. ആദ്യം എഴുന്നേറ്റ സീതയുടെ മുലകളെ ഒരു കാക്ക വന്ന് കൊത്തിക്കീറി. പക്ഷി പിന്നെയും പിന്നെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. സീതയുടെ ചോരവീണ് നനഞ്ഞിട്ടാണ് രാമൻ എഴുന്നേറ്റത്. ‘ഭീരൂ, അഞ്ചു തലയുള്ള നാഗത്തോടാണോ വിളയാടുന്ന’തെന്നും ചോദിച്ച് ദർഭയെടുത്ത് ബ്രഹ്മാസ്ത്രവുമായി യോജിപ്പിച്ച് വിട്ടു. അവസാനം രാമന്റെ കാൽക്കൽ അഭയം യാചിച്ചു വീണ് ജയന്തൻ സ്വന്തം തടി രക്ഷിച്ചെടുത്തു. എടുത്തുചാട്ടവും തരികിടകൈയിലിരിപ്പും സ്ത്രീ പീഡനവ്യഗ്രതയും ഞരമ്പുരോഗവും കൊണ്ട് ജയന്തന് ആകെ നഷ്ടമായത് വലതു കണ്ണു മാത്രം!  വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിന് മനശ്ശാസ്ത്രനിരൂപണം എഴുതിയ എം എൻ വിജയൻ ഈ കഥയ്ക്ക് ഒരു അടിവര നൽകിയിട്ടുണ്ട്. മാമ്പഴം ‘മായുടെ പഴം’ തന്നെയാണെന്നതിന് ഒരു തെളിവായി.  സീതയ്ക്ക് തെളിവിനായി സ്വന്തം പേരുകൊത്തിയ മോതിരം ഏൽ‌പ്പിച്ച രാമൻ പറഞ്ഞ അടയാളവാക്യം മൃഢാനന്ദസ്വാമിയുടെ വാല്മീകിരാമായണ തർജ്ജുമയിലില്ല. അതില്ലാതെ ദൂത് പൂർത്തിയാവുന്നതെങ്ങനെ? 1915 ൽ മംഗളോദയത്തിൽ കെ പരമേശ്വരൻ രാമായണത്തിലെ വിവരങ്ങളുടെ ആധികാരികതയെപ്പറ്റി 10 ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ രാമായണത്തെപറ്റിയുള്ള ഗൌരവമുള്ള പഠനങ്ങൾ തുടങ്ങിയിരുന്നില്ല. ( നാലുവശത്തേയ്ക്കും സുഗ്രീവസൈന്യം പോയെങ്കിലും എന്തുകൊണ്ട് തെക്കോട്ടു പോയ ഹനുമാന്റെ പക്കൽ അടയാളവാക്യവും മോതിരവും രാമൻ കൊടുത്തു വിട്ടു?) 1909 ലാണ് രാമായണത്തെ ചരിത്രവുമായി ബന്ധിപ്പിച്ച് അന്വേഷണങ്ങൾ നടത്തിയ സങ്കാലിയയുടെ ജനനം. രാമൻ നൽകിയ മോതിരവും സീത നൽകിയ- ഹനുമാൻ മോതിരം പോലെ ധരിച്ച് കൊണ്ടുപോയി രാമനെ ഏൽ‌പ്പിച്ച- ചൂഢാമണിയും രാവണന്റെ നിശാസദസ്സിലെ പാനോത്സവ വർണ്ണനയും മറ്റും മറ്റും ചരിത്രപരമായി പ്രാധാന്യമുള്ള വച്ചുകെട്ടലുകളെ വെടിപ്പായി കാണിച്ചുതരുന്നുണ്ടെന്ന കാര്യം സങ്കാലിയയുടെ രാമായണ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

 ‘അടയാളവാക്യം’ എന്ന ലേഖനത്തിൽ എം എൻ കാരശ്ശേരി, രാമൻ ഹനുമാൻ വശം പറഞ്ഞയച്ച മൂന്ന് അടയാളവാക്യങ്ങൾ എടുത്തെഴുതിയിട്ടുണ്ട്.
1. വനവാസത്തിനു പുറപ്പെടാൻ നേരത്ത് ഞാൻ യാത്ര ചോദിച്ചപ്പോൾ അന്തപ്പുരത്തിൽ സാധാരണവേഷത്തിലിരുന്ന സീത ‘ഞാനും’ എന്നു പറഞ്ഞ് അതേ വേഷത്തിൽ പുറപ്പെടാൻ ഒരുങ്ങി.
2. വനയാത്രയുടെ തുടക്കത്തിൽ ഞങ്ങൾ നഗരം കഴിഞ്ഞ് ഒരു കുറ്റിക്കാട്ടിനടുത്തെത്തിയപ്പോൾ വനവാസം ഇവിടെയായാലും മതിയല്ലോ എന്ന് സീത പറഞ്ഞു.
3. ഒരിക്കൽ കിടപ്പറയിൽ വച്ച്  രാമന്റെ പാദം തലോടിക്കൊണ്ടിരിക്കെ  സ്വന്തം കൈയിൽ കിടന്ന രത്നമോതിരം സീത ഊരി ദൂരെ കളഞ്ഞു. കാരണം ചോദിച്ചപ്പോൾ  പറഞ്ഞത് കരിമ്പാറയിൽ അങ്ങയുടെ പാദം തൊട്ടപ്പോൾ അഹല്യ എന്നു പേരായ ഒരു സുന്ദരിയായി തീർന്നു.  ആ നിലയ്ക്ക് ഈ മോതിരത്തിലെ മനോഹരമായ രത്നം രാമപാദ സ്പർശത്താൽ എത്തരത്തിൽ‌പ്പെട്ട സുന്ദരിയാവില്ലെന്ന് ആരുകണ്ടു? അവൾ നിമിത്തം എനിക്ക് എന്തൊക്കെ നഷ്ടങ്ങൾ വന്നുകൂടാ?

സീതയും നൽകുന്നത് മൂന്ന് അടയാള വാക്യങ്ങളാണ്. ഇവയിൽ ‘ജയന്തൻ കാക്ക’യുടെ ആക്രമണ കാര്യം ഇല്ല. രാമൻ ആദ്യമായി മിഥിലയിൽ വന്ന സമയം. രാമന്റെ തത്സ്വരൂപം കാണാൻ ഉദ്യാനത്തിലേയ്ക്ക് നോക്കിയ സീത അവിടത്തെ കണ്ണാടി പോലുള്ള വെള്ളത്തിൽ തന്റെ മുഖം പ്രതിഫലിച്ചത് നോക്കി നിൽക്കുന്ന രാമനെയാണ് കണ്ടത്. അദ്ദേഹം ഉടനെ തിരിഞ്ഞു നോക്കി സീതയുടെയും രാമന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു. സ്വയം വരത്തിനു മുൻപ് അതിഥിമന്ദിരത്തിൽ താമസിക്കുകയായിരുന്ന രാമന് സീത തോഴിവശം ഒരു പ്രണയ ലേഖനം  കൊടുത്തയച്ചു. അദ്ദേഹം ഉടൻ മറുപടിയും നൽകി. മറ്റൊരിക്കൽ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമനെ ചുംബിച്ച സീതയെ അപ്പോൾ ഉണർന്ന അദ്ദേഹം ആലിംഗനം ചെയ്തു.

 സ്വകാര്യനിമിഷങ്ങളിലെ അനുഭവങ്ങളെ ഉദ്ദേശ്യസാധ്യത്തിനായി പുറത്തറിയിക്കുന്നതിന്റെ മുഹൂർത്തങ്ങളാണ് അടയാളവാക്യങ്ങളായി പഴയകൃതികളിൽ കയറിപ്പറ്റിയിരിക്കുന്നത്. ശാരീരികബദ്ധമായ രാഗത്തിന്റെ കൊടിയടയാളങ്ങൾ തന്നെയാണിവ. ആണിന്റെ ഓർമ്മയിലുള്ള സുന്ദരനിമിഷങ്ങളായി ഇവയെ അടയാളപ്പെടുത്തിയിരിക്കുകയാണ്. അവന്റെ ഭയമോ വിഹ്വലതയോ ഒക്കെയാണിവയുടെ അടിസ്ഥാനം. പുറമേയ്ക്ക് അങ്ങനെയല്ല ഭാവമെങ്കിലും. ഉറക്കറയുടെ പശ്ചാത്തലങ്ങളെ ഏകാന്തമായ സ്വകാര്യസ്ഥലങ്ങളും ഉറക്കത്തിന്റെ പരിവേഷങ്ങൾ സ്വപ്നത്തിന്റെ മാധുര്യമുള്ള മായികലോകവുമാണ്. അതുകൊണ്ട് സമാനതകൾ ആകസ്മികങ്ങളല്ല. രാമായണത്തിൽ നിന്ന് തുടങ്ങിയ യാത്ര കാലങ്ങൾ കഴിഞ്ഞ് തെക്കോട്ട് എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ മാംസബദ്ധമാവുന്നുണ്ട് എന്നതൊരു പ്രശ്നമല്ല. അന്ന് ചിലർക്കെങ്കിലും കഷ്ടിച്ച് കമിഴ്ന്ന് നീന്താൻ തുടങ്ങിയ പെൺകുഞ്ഞിന്റെ ചേഷ്ടകൾ ഭാവിയിൽ അനുഷ്ഠിക്കാനിരിക്കുന്ന ‘പുരുഷായിത’ത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു. അമ്മൂമ്മമാർക്ക് പത്തും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ വശീകരണം പഠിപ്പിക്കുന്ന തിരക്കുണ്ടായിരുന്നു. യുവജനങ്ങൾ മേദിനിവെണ്ണിലാവിനെയും ഇട്ടിയച്ചിയെയും ഉണ്ണിനങ്ങയെയും ചുമലിലെടുത്ത് നടന്നിരുന്നു. അതൊരു കാലം.  വായിച്ചു കളയാവുന്നവയെങ്കിലും അടയാളവാക്യങ്ങളുടെ വിളുമ്പുകളിൽ പരിതപിക്കുന്ന ഹൃദയത്തിനൊപ്പം കാലവും ചരിത്രവും രാജ്യനീതിയും സംസ്കാരവുമൊക്കെ കൂടെ നടക്കുന്നുണ്ട്.

അനു : കൃഷ്ണൻ പണ്ട് ദൂതുമായി ധൃതരാഷ്ട്രരെ കാണാൻ പോയിരുന്നു. അടയാളവാക്കുകളൊന്നും ഇല്ല. മഹാഭാരതത്തിൽ തന്നെ യുധിഷ്ഠിരന് അരക്കില്ലത്തെപ്പറ്റി വിദുരർ മുന്നറിയിപ്പ് നൽകിയത് വളച്ചുകെട്ടിയ വാക്യങ്ങളിലൂടെയാണ്. “ ലോഹം കൊണ്ടു മാത്രമല്ല, ആയുധമുണ്ടാക്കുന്നത്. മഞ്ഞിൽ രക്ഷ നൽകുന്നവൻ തന്നെയാണ് ചിലപ്പോൾ കാടെരിക്കുന്നത്. കാട്ടിൽ കഴിയുന്നവർക്ക് മുള്ളൻപന്നിയിൽ നിന്നു കൂടി പാഠം പഠിക്കേണ്ടി വരും”. ധ്വനിയാണു സംഗതി. കാമുകസവിധത്തിൽ വിശ്വസ്തനായ ദൂതൻ വഴി കാര്യങ്ങൾ തുറന്നു പറയാം. രാജ്യതന്ത്രത്തിൽ വ്യംഗ്യമര്യാദയിലായില്ലെങ്കിൽ തടി രക്ഷപ്പെടില്ല. ഇതും ഒരു അടയാളവാക്യമാണ്.

August 5, 2012

കണ്ണെഴുതിയ താളുകൾ



 രണ്ടു പുസ്തകങ്ങൾ. ഒരെണ്ണം ആലിസൺ ഹൂവർ ബാർട്‌ലെറ്റിന്റെ  The Man Who Loved Books Too Much,  മറ്റൊന്ന് എലിസബെത്ത് ഗിൽബെർട്ടിന്റെ ‘Committed'. പുസ്തകകള്ളനായ ജോൺ ഗിൽക്കിയുടെയും പുസ്തകപ്പോലീസായി സ്വയം അവരോധിച്ച കെൻ സാൻഡേഴ്സിനെയും പിന്തുടർന്ന കഥയാണ് ആലിസൺ പറയുന്നത്. ബിബ്ലിയോമാനിയ - പുസ്തകഭ്രാന്തിന്റെ കഥയാണത്. ഒരു വിവാഹബന്ധത്തിന്റെ തകർച്ചയ്ക്കു ശേഷം താൻ തനിക്കു യോജിച്ച ഇണയെ -ബ്രസീലുകാരനായ ഫിലിപ്പെയെ- കണ്ടെത്തിയതും വിവാഹം ചെയ്തതുമായ കഥയാണ് എലിസബെത്ത് വിവരിക്കുന്നത്. കൂട്ടത്തിൽ ലോകസഞ്ചാരത്തിനിടയിൽ വിവാഹമെന്ന സ്ഥാപനത്തെ വിവിധ സമൂഹങ്ങൾ, അവയിലെ സ്ത്രീകൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്നും കൂടി അന്വേഷിക്കുന്നുണ്ട്  ‘Eat, Pray, Love’  എന്ന പുസ്തകത്തിന്റെയും കൂടി കർത്രിയായ എലിസബെത്ത്. അമേരിക്കൻ ജീവിതത്തിന്റെ കൊണ്ടു പിടിച്ച പോക്കിനിടയിൽ ‘ഉത്തരവാദിത്ത’മുള്ളവരാകുക എന്നാലെന്തെന്ന അന്വേഷണത്തിന് ഒരു പാട് പ്രസക്തിയുണ്ടാവും. അതു വായിക്കാൻ നമുക്ക് തികഞ്ഞ കൌതുകവുമുണ്ട്. നമുക്കിവിടെ കുടുംബം എന്നു പറഞ്ഞാൽ കൊലപാതകമോ ആത്മഹത്യയോ ആണെന്ന് ‘മിനിമലിസ്റ്റ് പ്രോഗ്രാം’ വച്ചു നിർവചിക്കാം. ‘പ്രതീകാത്മകമായി ഒരാൾ ഇല്ലാതായിക്കൊണ്ട് മറ്റേയാൾ നിലനിൽക്കുക’ എന്ന് അർത്ഥം. ഇതിനെ നമുക്ക് ‘ഫാമിലി കോഷ്യന്റ്’ എന്നു വിളിക്കാം. സ്കൂൾ വിദ്യാഭ്യാസത്തിലല്ലാതെ ഏതൊക്കെയോ വഴികളിൽ നിന്ന് നമ്മുടെ പെൺകുട്ടികൾക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ മിടുക്കാണ് ഈ കോഷ്യന്റ്. അതാണ് ഭാരതീയ കുടുംബജീവിതഭദ്രതയ്ക്കുള്ള മാർബിൾ അടിത്തറ. അവൾ ഉള്ളതുവച്ച് മണി മാനേജുമെന്റ് നടത്തും, തർക്കങ്ങൾ പരിഹരിക്കും, മക്കൾക്ക് ഗൃഹപാഠം ചെയ്തു കൊടുക്കും, അവരെ സ്കൂളിൽ കൊണ്ടാക്കും, അവരുടെ കുറ്റങ്ങൾക്ക് പഴിയേൽക്കും, പിറ്റേന്നത്തേയ്ക്കുള്ള വിഭവങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കും, ഭർത്താവിനു ഏതുനിലയ്ക്കും അവസ്ഥയിലും കിടന്നു കൊടുക്കും, സ്വന്തം ആശയാഭിലാഷങ്ങളെ എന്തു വിലകൊടുത്തും പുറത്തറിയിക്കാതെ ശവമടക്കും. ഭർതൃവീട്ടിലെ ആരെയും രാപകലില്ലാതെ പരിചരിക്കും. ചത്താലും ചുമതലകളിൽ നിന്ന് അവധിയൊട്ട് എടുക്കുകയുമില്ല. എന്നിട്ടും സ്വന്തമായൊരു കീശയില്ലാത്ത ഈ മുഴുനീളസാരിക്കാരിയുടെ അടിമ ജീവിതത്തെ അമേരിക്കൻ സ്ത്രീയുടെ ബൌദ്ധികജീവിതവുമായി വച്ച് താരത‌മ്യം ചെയ്യാൻ കിട്ടിയൊരു സന്ദർഭമാണ് ‘കമ്മിറ്റഡ്’.

 കുറച്ചു കൂടി മാനസികമായ അടുപ്പമുള്ള അവസ്ഥയിലാണ് മറ്റേ പുസ്തകത്തിന്റെ സ്ഥിതി. അതിൽ സംസ്കാരങ്ങളുടെ സംഘർഷം കുറച്ചേയുള്ളൂ. നമ്മളെവിടെ അവരെവിടെ എന്ന വ്യത്യാസം, എലിസബെത്തിന്റെ പുസ്തകത്തിലെ വിവാഹകാര്യത്തിലെന്നപോലെ ഒരു മൂന്നാം ലോകകാരന് തോന്നേണ്ട ആവശ്യം ഇവിടെ ഇല്ല. ആകെപ്പാടെ അമ്പരന്ന് പോയത് പുസ്തകങ്ങളുടെ ആദ്യപ്പതിപ്പിന് കുതിച്ചുയരുന്ന തരത്തിൽ വിലയുണ്ടെന്നതും ആന്റിക് പുസ്തകങ്ങൾക്ക് രത്നക്കല്ലുകൾക്ക് സമാനമായ തരത്തിൽ സൂക്ഷിപ്പു സംവിധാനങ്ങളുണ്ടെന്നുള്ളതും എഴുത്തുകാരൻ ഒപ്പിട്ട കൃതികളുടെ മൂല്യവും മറ്റും മറ്റുമാണ്. പൊതുവേ വിദേശികൾ വലിയ വായനക്കാരാണെന്നും പുസ്തകങ്ങളുടെ മഹത്വം തിരിച്ചറിയുന്നവരാണെന്നുമൊക്കെയാണ് നമ്മുടെ വയ്പ്പ്. ഫ്രെഞ്ചുകാർക്കിടയിൽ അഞ്ചിൽ മൂന്നുപേർ പുസ്തകം വായിക്കാത്തവരാണെന്ന് ഒരു പരിഹാസമുണ്ട്. ഇതാണ് ലോകത്തിലെ സാംസ്കാരികതലസ്ഥാനത്തിന്റെ ജനതയുടെ അവസ്ഥ. അപ്പോൾ പുസ്തകം തൊടാനും മണക്കാനും അവയ്ക്കിടയിൽ ജീവിക്കാനുമായി ഭ്രമം പിടിച്ച് ഇറങ്ങിത്തിരിച്ച ഒരുത്തന്റെ കഥ വായിക്കുമ്പോൾ അതിൽ എന്തോ ഒരിദുണ്ട്! പ്രത്യേകിച്ചും നമ്മൾ പുസ്തകത്തിന്റെ മണം പിടിപ്പുകാരാണെങ്കിൽ. ആലിസണിന്റെ നായകൻ/പ്രതിനായകൻ ജോൺ ഗിൽക്കി പുസ്തകം വായിക്കാൻ വേണ്ടിയല്ല മോഷ്ടിക്കുന്നത്. വിലപിടിപ്പുള്ള പുസ്തകങ്ങൾ കള്ള ക്രെഡിറ്റുകാർഡുകൾ ഉപയോഗിച്ച് സ്വന്തമാക്കുകയാണ്. മോഷ്ടിച്ചു സ്വന്തമാക്കിയ പുസ്തകങ്ങൾക്കായി സാൻഫ്രാൻസിസ്കോയ്ക്കും ഓക്ലാൻഡിനും ഇടയ്ക്കുള്ള മനുഷ്യനിർമ്മിത ദ്വീപായ ട്രഷർഐലന്റിൽ ( അതും ഒരു പുസ്തകത്തിന്റെ പേരാണ് !) ഒരു ഫ്ലാറ്റും കരസ്ഥമാക്കി. അവിടെനിന്നാണ് ഡിക്ടറ്റീവ് കെൻ മുൺസൺ, സാൻഡേഴ്സൺ കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗിൽക്കിയുടെ ചില തൊണ്ടിമുതലുകൾ കൈയോടെ പൊക്കിയത്. ഗിൽക്കിയ്ക്ക് വായനശാലയിൽ നിന്ന് പുസ്തകം അടിച്ചു മാറ്റുന്ന ശീലം ഉണ്ടായിരുന്നില്ല. ആത്മാർത്ഥമായും അതു മോഷണമാണെന്ന് അയാൾ വിശ്വസിച്ചു. അതേ സമയം സമ്പന്നരായ ഇടപാടുകാരുടെ ക്രെഡിറ്റു കാർഡ് നമ്പറുകൾ തപ്പിയെടുത്ത് ആന്റിക്ക് ബുക്ക് സ്റ്റോറുകളിൽ നിന്ന് വിലപിടിപ്പുള്ള പുസ്തകങ്ങളുടെ പഴയ എഡിഷനുകൾ ശേഖരിക്കാൻ കഴിയാതെ വരുന്നത് ഒരു നീതികേടാണെന്നും അയാൾ കരുതി. എന്തൊരു മനുഷ്യൻ! കെൻ സാൻഡേഴ്സ് പുസ്തകമോഷണ നിരീക്ഷണത്തിൽ നിന്നും വിരമിച്ച ശേഷവും പുസ്തകമോഷണത്തിനായി ജയിൽ ശിക്ഷകൾ അനുഭവിച്ച ശേഷവും ഗിൽക്കിക്ക് തന്റെ ജനനാന്തരപ്രേരണകളെ തടയാൻ  കഴിഞ്ഞില്ലെന്നു പറഞ്ഞുകൊണ്ടാണ് ആലിസണിന്റെ പുസ്തകം അവസാനിക്കുന്നത്. അയാൾ ക്യാനഡക്കാരനായ വ്യാപാരിയിൽ നിന്ന് പിന്നെയും ഒരു പുസ്തകം തട്ടി. ഗിൽക്കിയെ മുന്നോട്ടു നയിച്ചത് വായനയല്ല, ഉടമസ്ഥാവകാശമാണ്. പുസ്തകങ്ങൾക്കിടയിൽ നിൽക്കുന്നതിന്റെ സുഖമായിരുന്നു അയാളുടെ നിർവൃതി.  പുസ്തകവും അതിന്റെ വായനയും കാഴ്ചയുമായി ബന്ധപ്പെട്ട സംഗതിയാണ്. അതിനപ്പുറത്ത് അതിന്റെ സാന്നിദ്ധ്യം, ഗന്ധം അവയ്ക്കിടയിലെ ജീവിതം ഇതൊക്കെയാണ് ഒരാൾ തീവ്രമായി ആഗ്രഹിക്കുന്നതെങ്കിലോ? ഒരായുസ്സുമുഴുവൻ വായിച്ചാലും തീരാത്ത പുസ്തകങ്ങളുടെ നടുവിലെ ഊർജ്ജസ്വലമായ നിലയെക്കുറിച്ച് ഇറ്റാലോ കാൽ‌വിനോ എഴുതിയില്ലേ - വായിക്കാൻ കാലങ്ങളായി നിങ്ങൾ തയാറെടുക്കുന്ന പുസ്തകങ്ങൾ, വിഫലമായി നിങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന പുസ്തകങ്ങൾ, ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, നിങ്ങൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ, പിന്നീട് വായിക്കാനായി മാറ്റിവച്ച പുസ്തകങ്ങൾ, അടുക്കിവച്ചിരിക്കുന്ന മറ്റു പുസ്തകങ്ങളുമായി ഒത്തുപോകുന്ന പുസ്തകങ്ങൾ, ജിജ്ഞാസ കൊണ്ട് നിങ്ങളെ നിറയ്ക്കുന്ന പുസ്തകങ്ങൾ... - ( പി കെ രാജശേഖരൻ - ‘വാക്കിന്റെ മൂന്നാംകര’യുടെ ആമുഖത്തിൽ) ആർജന്റൈൻ ദേശീയവായനശാലയുടെ മേധാവിയായിരുന്ന അന്ധനായ ബോർഹസിനെയും ഗിൽക്കി അനുസ്മരിപ്പിക്കുന്നുണ്ട്. അതുകൊണ്ട്  അയാളുടെ വിലകൂടിയ പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരുന്ന ഫ്ലാറ്റും ഒരു ബോർഹേസിയൻ ലാബിറന്താണ്, അയാളുടെ മനസ്സുപോലെ.

 പി ജി ഗോവിന്ദപിള്ളയുടെ പുസ്തകപ്രേമത്തെപ്പറ്റി വായിച്ചിരിക്കുന്നതിനിടയിലാണ് ആലിസണിന്റെ പുസ്തകം കൈയിൽ വരുന്നത്. പുസ്തകങ്ങളോടുള്ള പ്രേമത്തിന് തികച്ചും മാനുഷികമായ ഔദ്ധത്യം ഉണ്ട്. പ്രകൃതിയിൽ വേറെ ആർക്കാണ് ശബ്ദസൂചകങ്ങളായി ലിപികളുണ്ടാക്കാനും അവ വച്ച് മനുഷ്യവർഗത്തിന്റെ കാലാകാലമുള്ള ധാരണകളെ ഉപ്പിലിട്ടു സൂക്ഷിക്കുവാനും കൈമാറാനും കഴിയുന്നത്? പുസ്തകപ്രണയത്തിൽ തന്നെ കാൽ‌പ്പനികതയും മിസ്റ്റിസിസവും ഉണ്ട്. ആനന്ദ്,  ‘പരിണാമത്തിന്റെ ഭൂതങ്ങളുടെ അവസാനഭാഗത്ത് തന്നെ കാത്തിരുന്ന ഒരു പുസ്തകത്തെക്കുറിച്ച് പറയുന്നുണ്ട്.  ഹാർവേഡ് സർവകലാശാലയെയും മാസൈച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയൊരു ഇടവഴിയിലെ അരമതിലിൽ പകുതി വായിച്ചിട്ട് വച്ചിട്ടു പോയ നിലയിൽ കണ്ടെത്തിയ ആമി സ്റ്റിവർട്ടിന്റെ  The Earth Moved എന്ന പുസ്തകത്തെപ്പറ്റി. പുസ്തകപ്രണയിയുടെ കാൽ‌പ്പനികമായ സന്ദർഭനിർമ്മാണമായിട്ടാണ് എനിക്കാഭാഗം തോന്നിയത്.  കുചേലനാണ് മാളികയും ഭക്ഷണവും. പുസ്തകപ്രണയിയുടെ ദിവാസ്വപ്നത്തിൽ തനിക്കായി കാത്തിരിക്കുന്ന ഒരു പുസ്തമാണ് എപ്പോഴും. അങ്ങനെയുണ്ട് ചിലത്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മറന്ന പുസ്തകങ്ങൾ ദാ മുന്നിൽ!  അതു പ്രണയത്തിന്റെ കഥ, പക്ഷേ ഭ്രാന്ത് വേറൊരു വകയാണ്. പട്ടിണികിടന്നും പുസ്തകം വായിച്ചയാളാണ് ചാൾസ് ലാമ്പ്. നാലു പുത്തൻ കൈയ്യിൽ ഒന്നിച്ചു വരുന്ന ദിവസം രണ്ടു സ്മോളടിക്കണം എന്നു വിചാരിക്കുമ്പോലെ പുസ്തകം വാങ്ങിക്കണം എന്നു വിചാരിക്കുന്നതും ഒരു തരം ‘മാനിയ’ തന്നെ. ഡച്ചുകാരൻ ഇറാസ്മസ് പറഞ്ഞത് പണം കൊണ്ട് വല്ലതും വാങ്ങുന്നുണ്ടെങ്കിൽ അതു പുസ്തകം ആയിരിക്കണമെന്നാണ്, ബാക്കി വരികയാണെങ്കിൽ അതു കൊണ്ടും പുസ്തകം വാങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിദഗ്ദോപദേശം! ഇതിന്റെയൊക്കെ ഇങ്ങേയറ്റത്തെ കൊമ്പാണ് മോഷണം.

 ആലിസണിന്റെ ബുക്കു വായിക്കുമ്പോഴാണ് ആദ്യ പ്രതികൾക്ക് വർഷം കഴിയുംതോറും മൂല്യം കൂടുന്നതെങ്ങനെയെന്നും ബുക്കുക്കടക്കാർ അവ സൂക്ഷിക്കുന്നതെങ്ങനെയെന്നും പുസ്തകമോഷ്ടാക്കളുടെ കരിങ്കണ്ണ് അവയിൽ തന്നെ എങ്ങനെ പതിയുന്നുവെന്നും കളങ്കമില്ലാതെ മനസ്സിലാക്കുന്നത്. അഞ്ചിലൊരാളോ പത്തിലൊരാളോ പുസ്തകം വായിക്കട്ടെ, പുസ്തകങ്ങളോട് ബഹുമാനമില്ലാത്ത ഒരു സമൂഹത്തിന് ‘ആന്റിക് ആൻഡ് റെയർ ബുക്ക് ഷോപ്പുകൾ ’ എന്ന സങ്കല്പം തന്നെ ഉണ്ടാവില്ലെന്നുറപ്പാണല്ലോ. പഴയ പുസ്തകങ്ങൾ വിൽക്കുന്ന ചായ്പുകൾ നഗരത്തിലുണ്ട്. അദ്ഭുതം പല വേട്ടകളെയും അവ അതിജീവിക്കുന്നുണ്ട്. ഗിൽക്കിയെ മാത്രമല്ല വേറെ കുറെ പുസ്തകവട്ടന്മാരെയും പുസ്തകത്തിൽ കാണാം. ജീവിതകാലം മുഴുവൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ  ബോട്ടണി പ്രൊഫസർ ഫിറ്റ്സ് പാട്രിക് 1952 ൽ മരിക്കുമ്പോൾ വീട്ടിൽ നിന്ന് കിട്ടിയത് 90 ടൺ പുസ്തകങ്ങളാണ്! ഇതിലെത്രയെണ്ണം അദ്ദേഹം വായിച്ചിട്ടുണ്ടാവും. അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൺ തകരാറു പിടിച്ച വായനക്കാരനായിരുന്നു എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ശേഖരം 1770 ൽ കത്തിപ്പോയി. കൂടുതൽ വാശിയോടെയാണ് പുതിയ പുസ്തകക്കൂമ്പാരം അദ്ദേഹം ഉണ്ടാക്കിയത്.  ബ്രിട്ടീഷ് സേന
വാഷിങ്ടണിലെ കോൺഗ്രഷണൽ ലൈബ്രറി കത്തിച്ചപ്പോൽ 6700 പുസ്തകങ്ങൾ ജെഫേഴ്സൺ സഭയ്ക്കു വിറ്റു. ഇറ്റലിയിലെ ടസ്കൻ പ്രഭുകുടുബത്തിൽ‌പ്പെട്ട ഗൂഗ്ലിയെൽമോ ലിബ്‌റി ഗണിതജ്ഞനും പത്രപ്രവർത്തകനും അദ്ധ്യാപകനും ഫ്രെഞ്ച് ഗവണമെന്റിന്റെ ഉപദേശകനും എന്നാൽ പുസ്തകമോഷ്ടാവും ആയിരുന്നു. ഫ്രാൻസിലെ പബ്ലിക് ലൈബ്രറികളിൽ രാത്രികാലത്തും ഉറങ്ങാതിരുന്ന് ജോലി ചെയ്ത ലിബ്‌റി വിലമതിക്കാനാവാത്ത പഴയഗ്രന്ഥങ്ങൾ അടിച്ചുമാറ്റി അതിലെ മുദ്രകൾ മായ്ച്ചുകളഞ്ഞ് കൂടിയ വിലയ്ക്ക് വിറ്റു. പകരം വില കുറഞ്ഞ പതിപ്പുകൾ തിരികെ വച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ അപൂർവമായ കൈയെഴുത്തുപ്രതികൾ ഉൾപ്പടെ അദ്ദേഹത്തിന്റെ ശേഖരത്തിന് 15 ലക്ഷത്തിലധികം യൂറോ മതിപ്പുവിലയുണ്ടായിരുന്നത്രേ. ലിബ്‌റിയെ അധികാരികൾ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു.

‘എന്റെ പുസ്തകപ്രണയത്തിന്റെ കഥ’ എന്ന ലേഖനത്തിൽ സുകുമാർ അഴീക്കോട് ( വായനയുടെ സ്വർഗത്തിൽ) ഗുണ്ടർട്ട് നിഘണ്ടുവിന്റെ ആദ്യത്തെപ്രതി കൈവശമുള്ള മലയാളികളിലൊരാളായിരുന്നു തന്റെ പിതാവെന്ന് അറിയിക്കുന്നുണ്ട്. അതിന്റെ മൂല്യത്തെപ്പറ്റി മലയാളികളാരെങ്കിലും ആലോചിട്ടുണ്ടാവുമോ? ഭാഷാപരമായും ചരിത്രപരമായും പ്രാധാന്യമുള്ള ആ പുസ്തകം ജനിച്ചത് അമേരിക്കയിലോ ക്യാനഡയിലോ മറ്റോ ആയിരുന്നെങ്കിലോ? ന്യൂയോർക്കിലെ ആന്റിക് ബുക്ക് സ്റ്റോറുകൾ എത്രയക്കങ്ങളുള്ള വിലയാണ് ഡോളറിൽ രേഖപ്പെടുത്തി ഡസ്റ്റ് പ്രൂഫ് ജാക്കറ്റിട്ട്, കക്കാത്തോടിന്റെ പെട്ടിയിൽ അടച്ച് സൂക്ഷിക്കുമായിരുന്നത്! ആ വിലപ്പെട്ട നിഘണ്ടുവിന്റെ കേരളത്തിൽ അവശേഷിക്കുന്ന ആദ്യപ്രതി ഇപ്പോൾ എവിടെയാണോ ആവോ? 1458 ൽ അച്ചടിച്ച ഗുട്ടൻബെർഗ് ബൈബിളിന്റെ പേജുകൾ കീറി മീൻ പൊതിഞ്ഞു വിൽക്കുന്നതു കണ്ട വൈജ്ഞാനികനെക്കുറിച്ച് ഒരു പരാമർശമുണ്ട് പുസ്തകത്തിൽ. എങ്കിൽ പിന്നെ നമ്മൾ ആവശ്യമില്ലാതെ ഉത്കണ്ഠപ്പെട്ടിട്ടു കാര്യമില്ല. അതും നടന്ന് 100 വർഷം കഴിഞ്ഞപ്പോൾ സമൂഹം ആധുനികമായി. പഴയ പുസ്തകങ്ങളുടെ വില മനസ്സിലാക്കി തുടങ്ങി. പുരാവസ്തുക്കളുടെ പുസ്തകക്കടകളിൽ ആദ്യപ്രതികൾക്ക് വില ഉയർന്നു. എങ്കിൽ എല്ലാകാര്യങ്ങൾക്കും കാലത്തിന് അല്പം പിറകിലായിരിക്കുന്നുവെങ്കിലും സദാ സകലമാറ്റത്തിനും പടിഞ്ഞാട്ടു നോക്കുന്ന നമുക്കും നാളെയുടെ ആ സൂര്യൻ ഇവിടെയും കുതിച്ചെത്തും എന്നു തന്നെ പ്രതീക്ഷിക്കാം. (പൊളിഞ്ഞുപോയ പുസ്തകപ്രസാധകസംഘം മംഗളോദയത്തിലെ തിരുവനന്തപുരത്തെ ഓഫീസിൽ വിൽക്കാത്ത (പുതിയ) പഴയ പുസ്തകങ്ങൾ എലിയും ഇരട്ടവാലനും തിന്നു കിടന്ന കാഴ്ച കണ്ടത് ഓർമ്മിക്കുന്നു. കരമനയ്ക്കടുത്ത് പൂട്ടിക്കിടക്കുന്ന ഒരു പഴയ വീട്ടിൽ ദിവാൻ സി പിയുടെ അമൂല്യമായ ഗ്രന്ഥശേഖരം നശിച്ച നാമാവശേഷമാവുകയാണെന്ന് ഒരു കിംവദന്തിയുണ്ട്. എന്നും കാണും ആ വീട്. നിയമപ്രശ്നങ്ങളുണ്ട്. എന്തു ചെയ്യാനാണ്? സൂര്യൻ ഉദിക്കുക തന്നെ വേണം)

‘പെണ്ണും പുസ്തകവും പണവും (മറ്റൊരുത്തന്റെ കൈയിൽ) പോയാൽ പോയി’ എന്നർത്ഥമുള്ള സംസ്കൃതശ്ലോകം പരക്കെ പ്രചാരമുള്ളതാണല്ലോ. അത് ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഇണയെയും വിവാഹത്തെയും സംബന്ധിക്കുന്ന ഒരു പുസ്തകത്തെപ്പറ്റിയും പുസ്തകഭ്രാന്തിനെപ്പറ്റിയുമുള്ള സ്ത്രീകളെഴുതിയ രണ്ടു പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. നഷ്ടം, ഭ്രഷ്ടാ, ഖണ്ഡശഃ എന്നിങ്ങനെയാണ് കിട്ടിയാൽ തന്നെ, പോയ വകകൾ തിരിച്ചുകിട്ടുക.  നമ്മൾ ആ ആഭാണകത്തിൽ മറ്റൊരുത്തന്റെ കൈയിൽ പോയ പെണ്ണിനു നേരെ ഒളിനോട്ടമയച്ചുകൊണ്ടാണ് പുസ്തകത്തിലേയ്ക്കും പണത്തിലേയ്ക്കും നോക്കുന്നത്. പുസ്തകത്തിനോ പണത്തിനോ മറ്റേതു രണ്ടുമായാലും ഭ്രഷ്ടയാവുക സാധ്യമല്ലല്ലോ.     ആകസ്മികമായിട്ടെങ്കിലും പുസ്തകത്തിന് സ്ത്രീയുമായി ഒരു പൊരുത്തം വന്നു കളിക്കുന്നത് ശ്രദ്ധിക്കാതിരിക്കാനാവില്ല. പുസ്തകപോലീസ് - ബിബ്ലിയോഡിക്- ആയ കെൻ സാൻഡേഴ്സ് സ്വയം വിലയിരുത്തുന്നത് ആലിസൺ എഴുതിയിട്ടുണ്ട്. “പുതിയ എന്തെങ്കിലും കണ്ടാൽ അതിലേയ്ക്ക് ഊളിയിടുന്ന സ്വഭാവം തനിക്ക് സ്വായത്തമാണെന്നാണ് അയാൾ പറഞ്ഞത്. ജീവിതത്തിലുടനീളം ഇത് പലരൂപത്തിൽ ആവർത്തിച്ചിട്ടുണ്ട്. കള്ളന്മാരെ പിന്തുടരുന്ന കാര്യത്തിൽ  അതു വിജയകരമായിരുന്നു; സ്ത്രീകളുടെ കാര്യത്തിൽ പരാജയവും.” സാൻഡേഴ്സ് നേരത്തേ തകർന്ന ദാമ്പത്യത്തിന് താനേറ്റെടുത്ത  ദൌത്യത്തിന്റെ മികവിനെ പകരം വച്ചു. പലരും പുസ്തകത്തെപ്പറ്റി സംസാരിക്കുന്നത് പ്രേമഭാജനത്തെപ്പറ്റി സംസാരിക്കുന്നതുപോലെ തന്നെ  “ചില പുസ്തകങ്ങൾ കണ്ണിൽ‌പ്പെട്ടാൽ എനിക്ക് സ്വസ്ഥത നഷ്ടപ്പെടും. പിന്നെ അതുകിട്ടുന്നതുവരെ എനിക്ക് അടക്കമില്ല. ഒരു വേദന. അതു കൈക്കലാക്കി ക്കഴിഞ്ഞാൽ പെട്ടെന്ന് ഭാവം മാറും. ഒരു നിമിഷം മതി എനിക്കു തൃപ്തിയായി.” ബോസ്റ്റൺ കാരനായ പുസ്തകവ്യാപാരി പീറ്റർ സ്റ്റേൺ പറഞ്ഞതാണിത്. The Love Affairs of a Bibliomaniac എന്ന പുസ്തകം എഴുതിയ യൂജിൻ ഫീൽഡ് എഴുതി : എന്റെ പുസ്തകങ്ങൾ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതു ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. ഞാനെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ പ്രിയപ്പെട്ട മുത്തുകൾ എങ്ങനെയിരിക്കുന്നു എന്നു നോക്കിക്കൊണ്ട് ‘സുപ്രഭാതം പ്രിയ മിത്രങ്ങളേ’ എന്നു ഘോഷിക്കും. അപ്പോൾ അവ സന്തോഷത്തോടെ മന്ദഹസിക്കും.” പുസ്തകഭ്രാന്തിന്റെ കഥ വെറുമൊരു വസ്തുപ്രണയത്തിന്റെ കഥയല്ല. അതിൽ എന്തൊക്കെയോ കൂടിക്കലരുന്നുണ്ട്. എന്തോ എടുത്ത് പകരം മറ്റെന്തോ വയ്കുന്നുണ്ട്. പുസ്തകങ്ങളെ പ്രണയിക്കുക, അതു ഭ്രാന്താവുക, അവയുടെ സാമീപ്യത്തിൽ മറ്റൊന്നിൽ നിന്നും കിട്ടാത്തതരം നിർവൃതി അനുഭവിക്കുക, മറ്റൊരു ലോകത്തിൽ ആ ആത്മാനുഭൂതിയുമായി ജീവിക്കുക, അസാധാരണമായ ഈ വൃത്താന്തങ്ങളെ സാഹസികമായിട്ടാണെങ്കിൽ പോലും പിന്തുടരാൻ ചിലതുണ്ടെന്ന് ഒരു സ്ത്രീയ്ക്കു തന്നെ തോന്നുക. അങ്ങനെ സംഭവിച്ചതാണല്ലോ “The Man Who Loved Books Too Much” എന്ന പുസ്തകം.

ആകെകൂടി കൂട്ടി വച്ച് താടിയ്ക്കു കൈകൊടുത്തിരിക്കുമ്പോൾ പഴയ സംസ്കൃതശ്ലോകക്കാരൻ ‘പുരുഷവാദി’ പുസ്തകത്തിനൊപ്പം സ്ത്രീയെ വെറുതെ കൂട്ടായി പിടിച്ചതല്ലെന്നു തോന്നുന്നു. മനശ്ശാസ്ത്രപരമായ എന്തോ ഒരു മൂളക്കമുണ്ട് സംഗതികളിൽ !

July 10, 2012

കെട്ടെറെങ്ങുമ്പോൾ



രഘുനന്ദൻ മദ്യപിക്കാതിരുന്ന് നടത്തുന്ന ഒരേ ഒരു അഭിമുഖത്തിൽ എതിർവശത്ത് ആളില്ല. ഒഴിഞ്ഞ ഒരു കസേരമാത്രമേയുള്ളൂ. മുഴുക്കുടിയൻ പ്ലംബർ മണിയനെ അവിടെ ഇരുത്തിയിരിക്കുന്നു എന്നാണ് സങ്കൽ‌പ്പം. രഘു പറയുന്നത് തന്നെ തന്നെയാണ് അപ്പുറത്ത് ഇരുത്തിയിരിക്കുന്നതെന്നാണ്. അതൊരു വിനയം പറച്ചിലായി കണക്കാക്കിയാൽ മതി. മദ്യപാനം എന്ന ഒരൊറ്റ നൂലിൽ കോർത്തുകെട്ടാവുന്ന വസ്തുവകകളല്ല, ഇവർക്കിടയിലുള്ളതെന്ന് വളരെ വ്യക്തം. പ്ലംബർ മണിയൻ ഭാര്യയെയും കുട്ടിയെയും ക്രൂരമായി തല്ലുന്നിടത്താണ് അയാളിലെ സാമൂഹികവിരുദ്ധത പ്രകടമാവുന്നത്. ചിന്താശേഷിയും ലൈംഗിക ശേഷിയും നശിച്ച് സ്വന്തം ഭാര്യയെയും കുഞ്ഞിനെയും സംശയിക്കുകയും സംശയം മൂത്ത് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നിടത്ത് കള്ളുകുടി അപകടകരമാണ്, നിങ്ങൾ ചിന്തിക്കൂ എന്ന സാരോപദേശം നൽകിയാണ് സിനിമ തീരുന്നത്. രഘുനന്ദനന്റെ അഭിമുഖപരിപാടി, ‘ഷോ ഓഫ് ദ സ്പിരിറ്റി’ന് ആളുകളെ സത്യം ധരിപ്പിക്കുക എന്ന ദൌത്യമാണുള്ളത് എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഈ പഠിപ്പിക്കൽ പ്രക്രിയയ്ക്ക് ജനാധിപത്യവുമായി ബന്ധമൊന്നുമില്ല. ഏകപക്ഷീയമാണ് സംഗതി. ഒരുതരം ആളുകളി. ആളുകളെ മുന്നിലിരുത്തി തുണിയുരിക്കുന്ന പരിപാടി കാണാനും നല്ല ആളുണ്ടെന്ന് സിനിമ പറയുന്നു. അതിൽ നല്ലൊരു വിഭാഗം കള്ളു കുടിയന്മാരാണ്. അവർ തങ്ങളുടെ കൂട്ടത്തിലെ സ്വന്തം ആളായിട്ടാണ് രഘുനന്ദനെ കാണുന്നത്. പിന്നീട് അവരിലൊരാളുടെ ജീവിതത്തെയെടുത്ത് , ഈ പരിപാടി ശരിയല്ലെന്ന് അവർക്ക് തന്നെ കാണിച്ചു കൊടുത്തപ്പോൾ ലജ്ജയാൽ അവരുടെ മുഖം കുനിഞ്ഞു. വചനങ്ങൾക്ക് മാർദ്ദവമില്ലാതാവുമ്പോഴൊക്കെ ഉദ്ദേശ്യശുദ്ധികൾ മാപ്പു നൽകുമായിരിക്കും.

 ‘ഷോ ഓഫ് ദ സ്പിരിറ്റെ’ന്ന ഒറ്റ പരിപാടി കൊണ്ടാണ് ആ ചാനലുപോലും നിലനിന്നു പോകുന്നത്. ഒരൊറ്റ പൈസ പ്രതിഫലം വാങ്ങാതെ, ഇടയ്ക്കിടയ്ക്ക് കള്ളും കുടിച്ചിട്ടും മൂർച്ച ഒട്ടും ചോരാത്ത മസ്തിഷ്കവുമായി രഘു നടത്തുന്ന സാമൂഹിക വിപ്ലവങ്ങളുടെ അനനതരഫലമെന്താണ്? സാംസ്കാരിക മന്ത്രിയുടെ വിദേശത്തെ സാംസ്കാരികമായ വിളയാട്ടുകളുടെ ഫോട്ടോ ലാപ് എടുത്തുവച്ച് കാണിച്ചുകൊടുത്തിട്ടും പുള്ളിക്കാരന് ഒരു പോറലുപോലും ഏറ്റിട്ടില്ലെന്ന് സ്വന്തം പാർട്ടിക്കാർ ആ പടത്തിനു വില പറയാനെത്തുന്നിടത്ത് കാണാം. കൂട്ടിക്കൊടുപ്പിനൊന്നും താത്പര്യമില്ലാത്ത രഘു ആ ചിത്രങ്ങൾ അത്തരം വിലകുറഞ്ഞ രാഷ്ട്രീയ കളിയ്ക്കായി വിട്ടു കൊടുക്കില്ല. (അയാൾ ഏതു കൂട്ടിക്കൊടുപ്പിലൂടെ ഉണ്ടാക്കിയതാണീ ചിത്രങ്ങൾ? സിനിമ ഒരൊറ്റയക്ഷരം മിണ്ടുന്നില്ല!!) പിന്നെ? പിന്നെയെന്താണ് അയാളുടെ ഉദ്ദേശ്യം? 15 വയസ്സുള്ള ചെറുക്കനെ പൊതുജനമദ്ധ്യത്തിലിട്ടു തല്ലിയ വനിതാ പോലീസ് ഓഫീസറും മനംമാറ്റത്തിനു വിധേയയായ ലക്ഷണമില്ല. പൊതുസമൂഹം വിശ്വസിക്കുന്നതെന്തോ അതിനു വിലങ്ങനെയൊരു പോക്ക്. നൊടിച്ചിൽ! അത്രമാത്രമേ രഘു ഉദ്ദേശിക്കുന്നുള്ളൂ എന്നു തോന്നുന്നു. അതായത് അത് മറ്റൊരു പൊള്ളയായ കെട്ടുകാഴ്ചയാണെന്ന്. കള്ളിന്റെ ലഹരിയിൽ  അയാൾ കലഹിക്കുന്നുണ്ട്, മൂർച്ചയില്ലാത്ത ആസ്വാദനത്തിനു മേൽ. താൻ പാടുന്നതിനിടയ്ക്ക് ഒരാൾ ഫോണിൽ സംസാരിച്ചതാണ് ലഹളയ്ക്ക് ഹേതു. മറ്റൊരിക്കൽ കൂട്ടുകാരൻ ഭാര്യയോട് ‘തനിക്ക് ക്യാൻസറല്ല’ എന്ന് കള്ളം പറഞ്ഞതിന്റെ മേൽ. പിന്നൊരിക്കൽ കേരളാപോലീസിന്റെ മനുഷ്യത്വരഹിതവും അയുക്തികവുമായ നിലപാടുകൾക്കു മേൽ. മദ്യം അയാളുടെ ബോധമനസ്സിനു സമൂഹവുമായുള്ള നീക്കുപോക്കുകളെ അഴിച്ചുകളയുന്നു. അയാൾ കലമ്പുന്നു. രഘു ആത്മാനുരാഗിയും സ്വാർത്ഥിയും അഹങ്കാരിയും ആണെന്നാണ്  പൂർവപത്നിയുടെ മതം. അതുകൊണ്ട് അയാളുമായി ഒത്തുപോകാൻ സാദ്ധ്യമല്ലത്രേ. ബുദ്ധിജീവിയായ രഘുനന്ദനന് സാമൂഹികജീവി ആയിരിക്കാൻ പറ്റില്ലെന്നർത്ഥം. എന്നാൽ അതേ ഗുണങ്ങളാണ് അയാളെ തുറന്നുപറച്ചിലുകാരനും പൊളിച്ചെഴുത്തുകാരനുമാക്കി നില നിർത്തുന്നത്. അതാണ് അയാളുടെ പ്രശസ്തിയ്ക്ക് ഹേതു. ഏതു കള്ളുകുടിയനും അയാളെ അറിയാം. ചെറിയ കാര്യമല്ല അത്. കള്ളുകുടി ഉപേക്ഷിച്ച് സമൂഹവുമായി നീക്കുപോക്കുണ്ടാക്കുന്ന നിമിഷം അയാളിലെ നിഷേധി മരിക്കും. പിന്നെ അയാളൊരു സാധാരണക്കാരനാണ്. പിന്നെ അയാളുടെ മൂലധനമെന്താണ്?

സ്മിർനോഫ്, ബെൽ, റെമി മാർട്ടിൻ തുടങ്ങിയ വില കൂടിയ മദ്യങ്ങൾ നുണയുകയും 200 രൂപ പെഗ്ഗിനു വിലയുള്ള ബാറിലെ സ്ഥിരം പറ്റുകാരനായിരിക്കുകയും ചെയ്യുന്ന രഘുനന്ദന്റെ ധനസ്രോതസ്സ് സിനിമയിൽ വ്യക്തമല്ല. (ഒരു ദിവസം ഏതാണ്ട് 14 പെഗ്ഗ്, കൈയിൽ വിസ്കി ഫ്ലാസ്കുമുണ്ട്) ഏറെ ജനപ്രിയം എന്നു പറയുന്നുണ്ടെങ്കിലും രഘുനന്ദനനെ വലിയ പുള്ളിയായി നില നിർത്തുന്ന ‘സ്പിരിറ്റ് ഓഫ് ദ ഷോ’ എന്ന ടി വി പരിപാടിക്ക് അയാൾ പ്രതിഫലം പറ്റുന്നുമില്ല. മദ്യം അയാളുടെ ജോലിയ്ക്ക് തടസ്സമല്ല. മദ്യപിച്ചുകൊണ്ടു മാത്രമേ അയാൾക്ക് നോവൽ പോലും എഴുതാൻ കഴിയുന്നുള്ളൂ. ഭാര്യ വേർപിരിഞ്ഞെങ്കിലും ആർക്കും അസൂയ തോന്നുന്നതരത്തിൽ സൌഹൃദപരമായ ബന്ധം സൂക്ഷിക്കാൻ അയാൾക്കിപ്പോഴും കഴിയുന്നുണ്ട്. അയാളുടെ മകനെ മറ്റൊരാൾ സ്വന്തം രക്തമായി തന്നെ സൂക്ഷിക്കുന്നത് തൊട്ടടുത്ത് നിന്ന് അയാൾ അറിയുന്നുണ്ട്. മദ്യം അയാൾക്ക് എന്തെങ്കിലും നഷ്ടപ്പെടുത്തിയതായി ഒരു സൂചനയും സിനിമയിലില്ല. മറിച്ച് അരാജകവും ആകർഷണീയവുമായ ഒരു തരം സ്വാതന്ത്ര്യം അത് അയാൾക്ക് കനിഞ്ഞു നൽകുകയും ചെയ്യുന്നു. ചെറിയ കൈ വിറയൽ, മറവി ഇങ്ങനെ ചില സൂചനകൾ സിനിമയിലുണ്ടെന്നത് മറക്കുന്നില്ല. സ്റ്റൌ കത്തിക്കാൻ കിണയുന്നത് മദ്യദൂഷ്യം കൊണ്ടാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അയാൾ  വൈകാരികമായി സ്വതേ ദുർബലനാണ്. അതിനു മദ്യത്തിനെ പഴിക്കുന്നതു ശരിയാണോ?മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സിനിമയിൽ ദുരന്തങ്ങൾ.  മണിയനാണ് ഒരു ഇര, മറ്റൊരാൾ ചെറുപ്രായത്തിൽ കരളു തകർന്നു മരിച്ച കവി സമീറാണ്. ഇവരുടെ ദുരവസ്ഥകൾ, തന്റെ പ്രിയപ്പെട്ട ജീവിതത്തെ ആലോചനയ്ക്ക് വിധേയമാക്കാൻ ഉപയോഗിക്കുകയാണ് രഘുനന്ദൻ ചെയ്തത്. ആ ആലോചനപോലും അയാൾക്കു വേണ്ടിയല്ല. നമുക്കു വേണ്ടിയാണ്. ഇവരുടെ ദുരന്തം സത്യത്തിൽ മദ്യമാണോ? രഘുനന്ദന്റേതു പോലെ വിശിഷ്ടമായ ജീവിതം നയിക്കാൻ കഴിയാത്ത പിച്ചക്കാരായി പോയി എന്നതല്ലേ ഈ ദുരാത്മാക്കളുടെ ദുര്യോഗം? സ്രോതസ്സറിയാതെ ഒഴുകിയെത്തുന്ന പണം കൊണ്ട് ഒരുത്തൻ ജീവിക്കാനാഗ്രഹിക്കുന്ന ജീവിതം, തുപ്പലിറക്കി ജീവിക്കുന്ന ഇത്തിപ്പക്കികൾ കാംക്ഷിക്കരുത് എന്നതല്ലേ യഥാർത്ഥത്തിൽ ‘സ്പിരിറ്റ്’ നൽകുന്ന ഗുണപാഠം?

 സംശയിച്ചു ഭാര്യയെ  തല്ലുന്ന മണിയനും മുണ്ടാലേ മുക്കാണി മലയാളികൾക്കും പരിചയമില്ലാത്ത വിധത്തിൽ ഭാര്യയും കൂട്ടുകാരനുമായി ഒന്നിച്ചു ജീവിക്കുന്നതു നോക്കി നിർവൃതിപ്പെടുന്ന രഘുനന്ദനനും തമ്മിൽ എവിടെയാണ് സാമ്യം? ഒരിടത്ത് ‘മദ്യത്തിന്റെ ലഹരിയിലായിരുന്നെങ്കിൽ ഞാനിപ്പോൾ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു’ എന്നൊരു വാചകം തട്ടി  വിടുന്നുണ്ട് രഘു. മദ്യം ബലാത്സംഗത്തിനും ഭാര്യയെ തല്ലാനും കുട്ടിയെ കൊല്ലാനും കാരണമാവുന്നു എന്ന ഡയലോഗുകൾ മുന്നിൽ വച്ചുകൊണ്ടു നോക്കിയാൽ ഇതൊരു സാമൂഹികക്ഷേമചിത്രമാകുന്നു. അതല്ല ചിത്രത്തിൽ നിന്നു തെളിയുന്ന വാസ്തവം. പണം ഉള്ളവൻ കള്ളു കുടിക്കുമ്പോൾ ബുദ്ധിയ്ക്കു മൂർച്ച കൂടുകയും പാവപ്പെട്ടവന്റെ കള്ളുകുടി വൃത്തിഹീനവും അറപ്പുണ്ടാക്കുന്നതും ബുദ്ധിയ്ക്കു മന്ദതയുണ്ടാക്കുന്നതും ആകുന്ന സർക്കസ് സിനിമയിലുണ്ട്.  അറിഞ്ഞുകൊണ്ടല്ലെങ്കിലും മണിയന്റെ പണി, കവി സമീറിന്റെ കവിത, രഘുവിന്റെ അഭിമുഖം തുടങ്ങിയ ശേഷികൾക്ക് ആധാരം മദ്യമാണെന്ന് സിനിമയിൽ നിന്ന് വന്നു ഭവിക്കുന്നുണ്ട്. കവിയുടെ മരണം പ്രതീകമാണ്. മദ്യം നിലക്കുന്നതോടെ ഇവർ മറ്റാളുകളായി പരിവർത്തിക്കപ്പെടുന്നു. നിരന്തരമായ അപമാനങ്ങൾ ഏറ്റുവാങ്ങുന്ന കഥാപാത്രമാണ് മണിയൻ. മദ്യം അതിന്റെ ആവേഗം കൂട്ടുന്നു. പകരം അവൻ കണക്കു തീർക്കുന്നത് സ്വന്തം സ്ത്രീയിലും. അതല്ല രഘുവിന്റെ സ്ഥിതി. അയാളുടെ വാചകങ്ങൾക്കും താൻ പോരിമയ്ക്കും കൂസലില്ലായ്മയ്ക്കും ആയം നൽകുന്നത് അയാൾ കഴിക്കുന്ന മുന്തിയ ഇനം മദ്യമാണ്. എന്തൊരു മറിമായം! എന്നിട്ടും അയാൾ പറയുന്നു അപ്പുറത്തെ ഒഴിഞ്ഞ സീറ്റിൽ താനാണെന്ന്. അങ്ങനെ മദ്യപിക്കാത്ത രഘു ആദ്യമായി കള്ളം പറയുന്നുവെന്നും നാം മനസ്സിലാക്കുന്നു.

സിനിമ മറച്ചു പിടിക്കുന്ന സംഗതികൾ വച്ചാലോചിക്കുമ്പോൾ സിനിമയ്ക്ക് ഒഴിവാക്കിക്കൊടുത്ത നികുതി വലിയ തമാശയാണ്. ഈ വഴിക്ക് പോയാൽ കാട് പശ്ചാത്തലമാക്കി അല്പ വസ്ത്രാംബിനികളോ വസ്ത്രരഹിതകളോ ആയി അഭിനേതാക്കളെ മുഴുനീളം അണിനിരത്തിയിട്ട് സിനിമയുടെ അവസാനം മാന്യമായി വസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഒരു ടി വി പരിപാടി കൈയടികളോടെ കാണിച്ചും നികുതിക്കിഴിവ് നേടാൻ പറ്റുമെന്നാണ് എന്റെയൊരു തോന്നൽ.


June 27, 2012

സുന്ദരന്മാരും സുന്ദരികളും




സ്വന്തം വീടുപോലെയൊരു മേൽ‌വിലാസമാണ് കാറും. ചലിക്കുന്ന വീടിന്റെ സാമൂഹികതയാണ് കാറുകളുടേത്. ആർഭാടങ്ങളുടെ വില ആകർഷണത്തിന്റെയും സാമൂഹികമായ അന്തസ്സിന്റെയും വിലയാണെന്ന് അറിയാവുന്നതുകൊണ്ടാണ് 92 % ആളുകളും ഇപ്പോഴും വലിയ കാർ അന്തസ്സിന്റെ പ്രതീകമായി കാണുന്നത്. മറ്റു പ്രയോജനങ്ങൾ അവയ്ക്കു താഴെയേ വരൂ. വാഹന ജനസംഖ്യയാൽ മണിക്കൂറിനു 15 കി.മി വേഗതമാത്രം സാധ്യമായ നമ്മുടെ നിരത്തുകളിലൂടെ ഓടുന്ന ആഢംബരകാറുകൾ എത്ര! ആഗോളനിർമ്മാണകമ്പനികളും ഫിനാൻസുകാരും ചേർന്ന് കാറെന്ന സ്വപ്നത്തെ ഇന്ത്യൻ മധ്യവർഗ്ഗത്തിനു കൈയെത്തി തൊടാവുന്ന ദൂരത്താക്കിയിട്ടുണ്ട്, എന്നല്ല പല കമ്പനികളുടെയും ലാഭകരമായ വിളഭൂമിയും പരീക്ഷണശാലയുമായി മാറിയിരിക്കുന്നു, പുതിയ ഇന്ത്യ. മുന്നിൽ വന്നു നിന്ന് വിരാമമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രതിനിധികളിൽ നിന്ന് തനിക്കിണങ്ങിയ വാഹനം തെരെഞ്ഞെടുക്കുന്നതെങ്ങനെയെന്ന പ്രതിസന്ധി നിലവിലുണ്ട്. പ്രതിനിധികൾ മേന്മകളെക്കുറിച്ച് വാചാലരാവും പരിമിതികൾ അവരുടെ കൈപുസ്തകത്തിലില്ല. പരസ്യത്തിന്റെ പ്രലോഭനത്തിനു വശംവദനായി ഒരു കാറു വാങ്ങി കൈപൊള്ളിയ കൂട്ടുകാരന്റെ അനുഭവജ്ഞാനമാണ് സാധാരണക്കാരന്റെ അടിസ്ഥാന വഴികാട്ടി. പക്ഷേ ഇതു മാത്രം ഉപാദാനമാക്കി എത്രത്തോളം മുന്നോട്ടു പോകും?

 വിപണിയിലെ മത്സരത്തിനനുസരിച്ച് ഉൽ‌പ്പന്നങ്ങളുടെ സാമാന്യവിവരം നൽകുന്ന പുസ്തകങ്ങളുടെ പ്രസക്തി അവിടെയാണ്. അവ നോക്കി കൊള്ളേണ്ടതും തള്ളേണ്ടതുമായ കാര്യങ്ങളെ നമുക്ക് വിശകലനം ചെയ്യാം.  സന്തോഷ് ജോർജ്ജ് ജേക്കബ് എഴുതിയ ‘ഹാച്ച് ബാക്ക് ടെസ്റ്റ് ഡ്രൈവ്’ കാറുകളുടെ തെരെഞ്ഞെടുപ്പിനു സാധാരണകാരനെ സഹായിക്കുന്ന ഒരു സ്വയമ്പൻ പുസ്തകമാണ്. ഡിക്കി ഇല്ലാത്ത കാറുകളെയാണ് ഹാച്ച് ബാക്കു് എന്നു വിളിക്കുന്നത്. പിന്നിൽ ഡിക്കി നീണ്ട കാറുകൾ സെഡാൻ എന്നാണ് അറിയപ്പെടുക. ചെറിയ ഡിക്കിയുള്ള നോച്ച്ബാക്ക് എന്നൊരു വിഭാഗം കൂടിയുണ്ട്. ഉൾവശസൌകര്യവും യാത്രാസുഖവും വലിപ്പക്കുറവും കാരണം ‘ഹാച്ച് ബാക്കുകൾ’ നഗരജീവിതത്തിന് കൂടുതൽ പ്രിയങ്കരമായി തീർന്നിരിക്കുന്നു. കാർ ഉപഭോക്താക്കളുടെ ശ്രദ്ധ അടുത്തകാലത്ത് കൂടുതലായി വലിപ്പക്കുറവുള്ള കാറുകളിലേയ്ക്ക് പതിഞ്ഞതു കാരണം വിപണിമത്സരം കടുത്തതാണ്. നിലവിലുള്ള നൂറിലധികം കാറുകളിൽ നിന്ന് കീശയ്ക്കും അഭിരുചിയ്ക്കും ഇണങ്ങിയ ഒന്ന് തെരെഞ്ഞെടുക്കാൻ മുന്തിയ ബ്രാൻഡുകളെ സാമാന്യമായി പരിചയപ്പെടുത്തുകയാണ് പുസ്തകം ചെയ്യുന്നത്. പെട്രോൾ ഡീസൽ കാറുകളുടെ സാമ്പത്തികവും സാങ്കേതികവുമായ മുൻ‌ധാരണകളെ ആദ്യ അദ്ധ്യായങ്ങളിൽ സന്തോഷ് നീക്കം ചെയ്യുന്നുണ്ട്.

 തുടക്കനിര (എൻ‌ട്രിലെവൽ), മധ്യനിര, പ്രീമിയം എന്നീ മൂന്നു തട്ടുകളിലായി 28 കാറുകളെയാണ് നാം ഈ പുസ്തകത്തിൽ പരിചയപ്പെടുന്നത്. സാധാരണക്കാരുടെ കീശയ്ക്കുണങ്ങുന്ന കാറുകളാണ് തുടക്കനിരയിലുള്ളത്. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വില വരും എൻ‌ട്രി ലെവലിൽ ഉള്ള ഇവയ്ക്ക്. ടാറ്റയുടെ നാനോ, ഇൻഡിക്ക, സുസുക്കിയുടെ മാരുതി(800), ഓൾട്ടോ, ഷെവർലെയുടെ സ്പാർക്ക്, ഹ്യുണ്ടേയുടെ സാൻ‌ട്രോ എന്നിവ തുടക്ക നിരകളിൽ‌പ്പെടുന്ന വില കുറഞ്ഞ കാറുകളാണ്. അവയിൽ ഇന്ത്യയുടെ കാറായ നാനോയിലാണ് തുടക്കം. ഈ മേന്മക്കാരനെ വേണ്ട വിധത്തിൽ നാം മനസ്സിലാക്കിയിട്ടില്ലെന്ന് സന്തോഷ് പരിതപിക്കുന്നു. നാനോയുടെ നിർമ്മിതിയിൽ ഇന്ത്യയെ പുകഴ്ത്തിയവരിൽ ബി എം ഡബ്ല്യുവിന്റെയും നിസ്സാന്റെയും തലവന്മാരുണ്ട്. കാണുമ്പോലെയല്ല, അതിന്റെ സുരക്ഷാ സംവിധാനവും പേശീദാർഢ്യവും മികച്ചതാണ്. വലിപ്പത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ  മലയാളിയെ നാനോ കണ്ട് മുഖം ചുളിക്കുന്ന രീതിയിലാക്കിയതിന് കുറ്റം പറയേണ്ടത് ആരെ? ആറുലക്ഷം രൂപ തലത്തിൽ വില നിൽക്കുന്ന മദ്ധ്യനിരകാറുകളിൽ ഹ്യുണ്ടേയുടെ ഇയോണും ഐ ടെന്നും, സുസുക്കിയുടെ ഏ സ്റ്റാറും വാഗൺ ആറും എസ്റ്റിലോയും റിറ്റ്സും സ്വിഫ്റ്റും, ഫോഡിന്റെ ഫിഗോയും,നിസ്സാന്റെ മൈക്രയും, ടൊയോട്ടയുടെ ലിവയും,ഹോണ്ടയുടെ ബ്രയോയും, ഷെവർലെയുടെ ബീറ്റും യുവയും, ഫിയറ്റിന്റെ പാലിയോയും, ടാറ്റായുടെ വിസ്തയും ഉണ്ട്. ഇന്ത്യയിൽ അവതരിച്ച കാറുകളുടെ യൂറോപ്യൻ - അമേരിക്കൻ പതിപ്പുകളുടെ പേരുകളും പുസ്തകത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. വിദേശങ്ങളിലെ ഓപ്പൺ എജിലയും സ്പ്ലാഷുമാണ് ഇന്ത്യയിൽ റിറ്റ്സായത്. ഹ്യുണ്ടെയുടെ ഐ 20 ഉം ഫിയറ്റിന്റെ പൂന്തോയും സ്കോഡയുടെ ഫാബിയയും ഫോക്സ് വാഗന്റെ പോളോയും ഹോണ്ടയുടെ ജാസും വാഹനപ്രേമികളായ ന്യൂനപക്ഷത്തെ മുന്നിൽ കണ്ട് ഇന്ത്യൻ വിപണിയിലിറങ്ങിയ പ്രീമിയം കാറുകളാണ്. അംബാസിഡറും ബുള്ളറ്റും എസ്‌ഡിയുമൊക്കെ ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന മനസ്സുകൾക്ക് ഫിയറ്റ് 500 ന്റെയും ഫോക്സ് വാഗന്റെ ബീറ്റിലിന്റെയും വിലകൂടിയ പതിപ്പുകളുടെ അർത്ഥം മനസ്സിലാവുമായിരിക്കും. (ബീറ്റിലെന്ന മൂട്ടക്കാറിന്റെ ഇന്ത്യൻ വില 20 ലക്ഷത്തിലധികമാണ്!) മാഹീന്ദ്രയുടെ രേവ എന്ന ഇലട്രിക് കാറിന്റെ വിശേഷങ്ങളും വേറിട്ട കാഴ്ചയായി പുസ്തകത്തിലുണ്ട്.

വിവിധകാറുകളിൽ അല്പനേരം പരീക്ഷണയോട്ടം നടത്തിയതിന്റെ ഉണർവ് പകർന്നു തരുന്ന പുസ്തകമാണ് ‘ടെസ്റ്റ് ഡ്രൈവ്.’ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട സാങ്കേതികകാര്യങ്ങളും പദാവലികളും അവസാന പുറങ്ങളിലായി കൊടുത്തിട്ടുണ്ട്. കാറു വാങ്ങാൻ ഇറങ്ങിപ്പുറട്ടേയ്ക്കാവുന്ന ആസന്നഭാവിയിൽ മാത്രമല്ല, വഴിയിൽ കണ്ടേയ്ക്കാവുന്ന കാറിന്റെ ഗുണദോഷവിചിന്തനം നടത്താനും കൂട്ടുകാരുടെ പുതിയ കാറിനെപ്പറ്റി അഭിപ്രായം തട്ടി മൂളിക്കാനുമെല്ലാം ഒരു കൈസഹായം കൈയയഞ്ഞു തന്നെ പുസ്തകം കനിഞ്ഞരുളുന്നു. കാര്യമാത്രപ്രസക്തമായ വിവരങ്ങളുടെ അടുക്കും ചിട്ടയും ഐകരൂപമാർന്ന അവതരണം കൊണ്ടും വർണ്ണചിത്രങ്ങൾ കൊണ്ടും ആകർഷകമായ ഈ പുസ്തകത്തിന്റെ മറ്റൊരു കിന്നരി മസരട്ടി കാറുകളുടെ ആരാധകനായ മമ്മൂട്ടിയുടെ വാഹനപ്രേമം ചിരിച്ചുകൊണ്ട് നാട്ടുവെളിച്ചം പൊഴിക്കുന്ന അവതാരികയാണ്.  നിലവിൽ അതും കാറുവാങ്ങാനുള്ള ഒരു ഹൃദ്യമായ ക്ഷണമാണ്.
-----------------------------------------------------------------------
ഹാച്ച്ബാക്ക് ടെസ്റ്റ് ഡ്രൈവ്
പഠനം
സന്തോഷ് ജോർജ്ജ് ജേക്കബ്
ഡി സി ബുക്സ് കോട്ടയം
വില 135 രൂപ

May 30, 2012

അമേരിക്കൻ അടിമയുടെ ആത്മകഥ





1845 ലാണ് ഫെഡറിക് ഡഗ്ലസ്സിന്റെ ജീവിതകഥ പുറത്തു വരുന്നത്. ‘ഫെഡറിക് ഡഗ്ലസിന്റെ ജീവിതവും കാലവും’ എന്ന പേരിൽ. അമേരിക്കയിലെന്നല്ല, ലോകത്തെവിടെയുമുള്ള വർണ്ണവെറിയുടെ മേലാളത്തമൂല്യങ്ങളെ കടയോടെ പിച്ചിച്ചീന്താനുള്ള വക സ്വരുകൂട്ടിയ ഒരു പുസ്തകമായിരുന്നു അത്. ഇര, തന്റെയും വർഗത്തിന്റെയും വേദനകളെക്കുറിച്ച് സംസാരിക്കുന്നു, സ്വന്തം ഭാഷയിൽ. അടിമയ്ക്ക് ആഹാരം പോലും വിലക്കിയിരുന്ന കാലത്തിലിരുന്നാണ് ഡഗ്ലസ് അക്ഷരങ്ങളുടെ തീ പാറ്റിയത്. അടിമവിരുദ്ധപോരാട്ടത്തിന് ആ പുസ്തകം നൽകിയ ആവേശം ചെറുതല്ല. ഡഗ്ലസ് പിന്നീട് മികച്ച പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായുയർന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയും അദ്ദേഹം ശബ്ദം ഉയർത്തി. ‘കറുത്തയെഴുത്തിന്റെ’ ചരിത്രത്തിൽ വിളക്കുമരമായെഴുന്നു നിൽക്കുന്ന പ്രസ്തുത കൃതിയുടെ മലയാളഭാഷാന്തരമാണ് പത്മരാജ് വിവർത്തനം ചെയ്ത് പുറത്തിറക്കിയ ‘ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ’.  

മേരിലാന്റിനടുത്തുള്ള ടക്കോഹവിയിലാണ് ഫെഡറിക് ജനിച്ചത്. വർഷം പിന്നീട് ഊഹിച്ചെടുത്താണ് 1818 എന്ന് നിജപ്പെടുത്തിയത്. അടിമകൾക്ക് ജനിച്ച വർഷമോ ജന്മദിനമോ വയസ്സോ ഒന്നും ഇല്ല. അവരങ്ങനെ യജമാനന്മാരുടെയോ യജമാനത്തികളുടെയോ കാരുണ്യത്തിൽ ജീവിച്ചു പോവുകയായിരുന്നു. അമ്മയുടെ പേര് ആരിയറ്റ് ബെയ്‌ലി എന്നായിരുന്നു എന്നറിയാം. പിതാവ് വെള്ളക്കാരനായിരുന്നെന്ന് കേട്ടു കേഴ്വിയുണ്ട്. അതും അക്കാലത്തെ പതിവാണ്. പലപ്പോഴും വെള്ളക്കാരനായതുകൊണ്ട് സ്വന്തം അച്ഛനും സഹോദരനും തന്നെയായിരിക്കും അടിമകളുടെ ഏറ്റവും വലിയ പീഡകർ. കുട്ടിക്കാലത്തേ അമ്മയിൽ നിന്ന് അകറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന ഫെഡറിക് താൻ അടിമത്തത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതുവരെയുള്ള കാലത്തെ നിരവധി യജമാനമാരുടെയും അവരുടെ കങ്കാണിമാരുടെയും നേർ ചിത്രങ്ങൾ പുസ്തകത്തിൽ വരച്ചിട്ടിട്ടുണ്ട്. ക്രൂരത കാലഘട്ടത്തിന്റെ മുഖമുദ്രയായിരിക്കുന്നതിന്റെ ചിത്രങ്ങളും കൂടിയാണവ. വെള്ളക്കാരാണെങ്കിൽ പോലും സ്ത്രീകളും അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചു കൂടി പുസ്തകം വിവരം നൽകുന്നുണ്ട്.

“പുതപ്പുകളേക്കാൾ ദുർലഭമായിരുന്നു ഉറക്കം തന്നെ. പണികഴിഞ്ഞുകയറിയാൽ അലക്കും പാചകവും പിറ്റേന്നത്തെ പണിക്കുള്ള ഒരുക്കുപടിയും എല്ലാം കഴിയുമ്പോൾ ഉറങ്ങാൻ അധികം സമയം കിട്ടിയിരുന്നില്ല. എല്ലാം കഴിഞ്ഞ് ആണും പെണ്ണും കുട്ടികളും ഈർപ്പമുള്ള നിലത്ത് കീറപ്പുതപ്പിനുള്ളിൽ ഉറക്കമാവുമ്പോഴേയ്ക്ക്  ഡ്രൈവറുടെ ഹോൺ അവരെ ഉണർത്തിയിരിക്കും.” അടിമകളുടെ ചാളയിലെ രാത്രിയെക്കുറിച്ചുള്ള വർണ്ണനയാണിത്. പലയജമാനന്മാർക്കും ആയിരത്തിലധികം അടിമകളുണ്ടാവും പലരും യജമാനന്മാരെ കണ്ടിട്ടുപോലും ഉണ്ടാവില്ല. തങ്ങളുടെ അനുഭവത്തെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ല. ‘യജമാനൻ നിന്നോട് നന്നായി പെരുമാറുന്നുണ്ടോ’ എന്ന ചോദ്യത്തിന്, ചോദിക്കുന്നത് യജമാനൻ തന്നെയാണെന്ന് അറിയാതെ ‘ഇല്ല’ എന്ന് പറഞ്ഞുപോയ അടിമപ്പയ്യനെ ദൂരെ ഒരിടത്തേയ്ക്ക് വിറ്റുകൊണ്ടാണ് വെള്ളക്കാരൻ പക തീർത്തത്. അടി സഹിക്കാൻ വയ്യാതെ നദിയിൽ ചാടി നിലയുറപ്പിച്ച ഒരടിമയുടെ തല വെടി വച്ച് ചിതറിച്ച് പുഴവെള്ളത്തിൽ കലക്കി അനുസരണക്കേടിനുള്ള ശിക്ഷ എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുത്ത ഒവർസിയറുടെ കഥയും ഫെഡറിക് പറയുന്നുണ്ട്. അടിമയുടെ കാര്യം വരുമ്പോൾ വെള്ളക്കാരികളായ സ്ത്രീകളും ക്രൂരതയുടെ കാര്യത്തിൽ മോശമായിരുന്നില്ലത്രേ. പതിനാറുകാരിയായ കറുത്തപെണ്ണിനെ വാരിയെല്ലൊടിച്ചു കൊന്ന യജമാനത്തിയുടെ വിവരം നടുക്കുന്നതാണ്. അടിമയുടെ ജീവിതവും മരണവും മേലാളന്റെ കയ്യിലായിരിക്കുമ്പോൾ ആരു ചോദിക്കാനാണ്?  ‘നീഗ്രോയെകൊല്ലാൻ അരയണ, കുഴിച്ചിടാൻ അരയണകൂടി’ എന്നായിരുന്നു അന്നത്തെ ചൊല്ല്.

തോമസ് ഓൾഡ് എന്ന പുതിയ യജമാനന്റെ അടുത്തേയ്ക്കുള്ള യാത്രയാണ് ഫെഡറിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഓൾഡിന്റെ ഭാര്യയാണ് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ആദ്യം അവർ കാണിച്ച ദയയും സഹാനുഭൂതിയും പിന്നീട് ഇല്ലാതാവുന്നുണ്ടെങ്കിലും അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള കാൽ‌വെയ്പ്പ്  അനുഗ്രഹമായ കഥയാണ് പിന്നീട് ചരിത്രമാവുന്നത്. ബാൾട്ടിമോറിലെ അന്തരീക്ഷവും ഉൾനാടുകളിലേതിനേക്കാൾ കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. തുടങ്ങി വച്ച അക്ഷരങ്ങളുടെ പഠിത്തം കപ്പൽശാലയിലെ തൊഴിലാളികളുടെ സഹായത്തോടെ ഫെഡറിക് പൂർത്തിയാക്കി. നേരായ വഴിയിലൂടെയല്ല, ചില തന്ത്രങ്ങളിലൂടെ. ചുമരും നിലവുമായിരുന്നു പുസ്തകങ്ങൾ. പേന, ഒരു ചോക്കുക്കഷ്ണവും. വർഷങ്ങളുടെ നിരന്തരാഭ്യാസമാണ് ഡഗ്ലസിനെ പുസ്തകം വായിക്കാവുന്ന അവസ്ഥയിലെത്തിച്ചത്. തട്ടിയും മുട്ടിയും വായിച്ച പുസ്തകവും പത്രവാർത്തകളും ജീവിതം മാറ്റി. ആജീവനാന്ത അടിമയാണെന്നും ഒരിക്കലും മോചനമില്ലെന്നുമുള്ള ചിന്തകൾ ഒഴിഞ്ഞ് രക്ഷപ്പെടാനുള്ള ആത്മവിശ്വാസം അതു നൽകി. പത്തു പതിനഞ്ച് വയസ്സിനിടയ്ക്ക് ജീവിതദുരന്തങ്ങൾ മുഴുവൻ അനുഭവിച്ചു തീർത്ത പയ്യൻ അങ്ങനെ ബാൾട്ടിമോറിൽ നിന്ന് അമന്റാ എന്ന കപ്പലിൽ സെന്റ് മൈക്കിൾസിലേയ്ക്ക് രക്ഷപ്പെട്ടു. ഒരർത്ഥത്തിൽ ജീവിതത്തിലേയ്ക്ക്.

അതത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ലെന്ന് ഫെഡറിക് പറയുന്നുണ്ട്. അടിമത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ വിശദാംശങ്ങൾ മുഴുവൻ ഓർമ്മയുണ്ടെങ്കിലും അവ വിവരിച്ചാൽ തന്നെ സഹായിച്ച പലരെയും അത് അപകടപ്പെടുത്തുമെന്ന്, കാലത്തിന്റെ ഭയാനതകളെ നിർമമത്വത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം എഴുതി. ന്യൂയോർക്കിൽ ജീവിതം വ്യത്യസ്തമായിരുന്നു. എങ്കിലും ഭീതി  അവിടെയും കനം വച്ച് നിന്നിരുന്നു.  ഒരു കപ്പൽ ജോലിക്കാരനായി പുതു ജീവിതം തുടങ്ങി. അന്ന മേരിയെ വിവാഹം ചെയ്തു. സഹജീവികൾക്കായി സമൂഹത്തിലിറങ്ങി. അടിമത്തത്തെ അമേരിക്കൻ മനസ്സാക്ഷിയുടെ മുന്നിൽ വിചാരണയ്ക്കു വച്ചു. എടുത്തത് സ്വന്തം ജീവിതാനുഭവങ്ങളുടെ വക്കാലത്ത് ആയതുകൊണ്ട് അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിരവധി ഔദ്യോഗിക പദവികൾ വഹിച്ചശേഷം 1895- ഫെഡറിക് മരിച്ചു.

 ‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥയും’ ‘അടിമയുടെ ജീവിതവും’ ഇതിനു മുൻപ് മലയാളത്തിനു വിവർത്തനം വഴി ലഭിച്ച പുസ്തകങ്ങളാണ്. ഭീതിദവും ദാരുണവുമായ അനുഭവാഖ്യാനങ്ങൾക്ക്, എത്ര അരിഞ്ഞെറിഞ്ഞാലും മണ്ണിട്ടു മൂടിയാലും മുളയ്ക്കുന്ന നാവുണ്ടാകും എന്ന വാസ്തവത്തെയാണ് ‘അടിമയുടെ ആത്മകഥയും’ അടയാളപ്പെടുത്തുന്നത്.  
----------------------------------------
ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ
ഫെഡറിക് ഡഗ്ലസ്
പരിഭാഷ : പത്മരാജ് ആർ
ചിന്ത പബ്ലിഷേഴ്സ്
തിരുവനന്തപുരം
വില : 40 രൂപ