October 25, 2012

മറഡോണ മുണ്ടുടുക്കുമോ?


ശ്രീമൂലം തിരുന്നാളിന്റെ കാലത്ത്, പഴയ ഹിസ് ഹൈനസ് മഹാരാജാസ് കോളേജിലെ - ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിലെ- രസതന്ത്രം വകുപ്പു മേധാവി പ്രൊഫസർ ബിഷപ്പ് ബോയൽ സായാഹ്നസവാരിക്കിടയിൽ ഇന്നത്തെ സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നിന്ന് കുറേ പിള്ളേര് തലപ്പന്തെന്ന നാടൻ കളി കളിക്കുന്നതു കണ്ട്, അവരെ ആധുനികരാക്കാൻ മുതിർന്നിടത്തു നിന്നാണ് കേരളത്തിലെ ഫുട്ബാൾ കളിയുടെ ചരിത്രം ആരംഭിക്കുന്നത്. പ്രൊഫസർ ബോയൽ ബ്രിട്ടനിൽ ചെന്നാണ് കോളേജിൽ താനുണ്ടാക്കിയ ടീമിനു കളിക്കാനുള്ള പന്തുകൾ കൊണ്ടു വന്നത്. 1911 ൽ ബോയൽ ഇന്ത്യവിട്ടു. പക്ഷേ കേരളത്തിൽ പന്തുകൾ പിന്നെയും അടക്കമില്ലാതെ കാലുകളിൽ നിന്ന് കാലുകളിലേയ്ക്ക് പറന്നു. 1942 ൽ ഗോദവർമ്മരാജ തിരുക്കൊച്ചി ഫുട്ബാൾ അസോസിയേഷൻ ഉണ്ടാക്കി. മലബാർ മേഖല അന്ന് മദിരാശി പ്രവശ്യയുടെ ഭാഗമായിരുന്നതിനാൽ കേരളത്തിലെ ഫുട്ബാൾ ചരിത്രം മെഴുകുതിരി കൊളുത്തി തുടങ്ങുമ്പോൾ വടക്കന്മാർ വെള്ളിത്തിരയിൽ മിന്നിതിളങ്ങിയില്ല. എന്തിന്? ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ വക ‘ഫുട്ബാൾ’ എന്ന ഗ്രന്ഥത്തിൽ (എഴുതിയത് വി ജയകുമാർ) കേരളത്തിലെ കാൽ‌പ്പന്തു കഥയേ ഇല്ല.

ആധുനിക ഫുട്ബാളിന്റെ പ്രസവമുറി ബ്രിട്ടനാണെന്നാണ് സങ്കല്പം. ആ വഴിക്ക് ആലോചിച്ചാൽ മലയാളിയുടെ കാൽ‌പ്പന്തിലെ ഹരിശ്രീ അത്ര മോശമല്ല. ഇംഗ്ലണ്ടുകാരനാണല്ലോ നമ്മളെ കളി പഠിപ്പിച്ചത്. ക്രിക്കറ്റും ടെന്നിസും ഗോൾഫും ബില്ല്യാഡ്സും പോലെ വെളുത്ത വസ്ത്രക്കാരുടെ കളിയല്ല ഫുട്ബാളെന്നൊരു പറച്ചിലുണ്ട്. ചരിത്രത്തെ ആർക്കും തട്ടിയെടുക്കാം, വളച്ചൊടിക്കാം. ആഫ്രിക്കയോ ഏഷ്യയോ പിൽക്കാലത്ത് പിന്തള്ളപ്പെട്ടു പോയതാണോ എന്ന് എങ്ങനെ അറിയും? ബി സി മൂന്നാം നൂറ്റാണ്ടിനടുത്ത് ചൈനക്കാർ കളിച്ച സൂഷു (Tsuchu) ആണത്രേ കാൽ‌പ്പന്തുകളിയുടെ പൂർവികൻ. അല്ലെങ്കിലും സ്വയമേവ പ്രപഞ്ചമായ ചൈനയിൽ എന്തിന്റെയൊക്കെ ഫോസിലുകളാണില്ലാത്തത്! ബി സി അഞ്ചാം ശതകത്തിനടുത്ത് ഗ്രീക്കുകാർ പന്തു തട്ടി തുടങ്ങി. പേര് സർപാസ്റ്റം.  പടയാളികൾക്കൊപ്പം കളി ലോകം ചുറ്റാൻ പോയപ്പോൾ ഗ്രീക്കുകാർ ഇതിനെ ‘എഫോളിസ് ’ എന്നു വിളിച്ചു. ഇറ്റലി ‘മൈലീസ് ’ എന്നും.  യുദ്ധം ഒഴിഞ്ഞൊരു പറമ്പിൽ വിശ്രമിക്കുകയായിരുന്ന കുറേ പടയാളികൾക്ക് ലക്ഷണമൊത്ത ഒരു തലയോട്ടി കിട്ടിയതും അവരതിനെ ശത്രുക്കളായ ഡെന്മാർക്കിലെ ഏതോ വേന്ദ്രന്റെയായിരിക്കുമെന്ന തെറ്റിദ്ധാരണയാൽ തട്ടിക്കളിച്ചതും അതു കണ്ടു നിന്ന കുറച്ചു കുട്ടികൾ ‘ഹിതു കൊള്ളാമല്ലോ’ എന്ന് മൂക്കത്തു വിരലു വച്ചുകൊണ്ട് അനുകരിക്കാൻ തുടങ്ങിയതും തദ്വാരാ പ്രചരിച്ചതുമാണ്  ആധുനിക കാൽ‌പ്പന്തുകളിയെപ്പറ്റിയുള്ള ബ്രിട്ടീഷ് ഐതിഹ്യമാല.

കാൽ‌പ്പന്തിന്റെ ഉൽ‌പ്പത്തി ചരിത്രത്തിൽ തന്നെ ചോരയും തലയോട്ടികളുമുണ്ടെങ്കിൽ ഹൂളിഗൻസിനെ - ഫുട്ബോൾ അലമ്പന്മാരെ- മാത്രം വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ കളിയോടൊപ്പം ജനിച്ചവരാണ്. മറ്റൊരു കളിയ്ക്കുമില്ല ഈ ജനുസ്സ് സാധനങ്ങൾ. ‘ഇത് കളിയല്ല രക്തരൂഷിതമായ പോരാട്ടമാണെന്ന് ’മനസ്സിലാക്കിയിട്ടാണ് എഡ്വേർഡ് രണ്ടാമൻ ഫുട്ബാൾ നിരോധിച്ചത്. 1880 ൽ കച്ചി തൊടാത്ത റഫറിമാർ മൈതാനത്തിൽ ആദ്യമായി പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുന്നതു വരെ കളിയുടെ നിയന്ത്രണം ഇരു ടീമിന്റെയും ക്യാപ്ടന്മാർക്കായിരുന്നു. അടി അന്നൊക്കെ കലശലായില്ലെങ്കിലല്ലേ ഇച്ഛാഭംഗത്താൽ പനിച്ചു വിറയ്ക്കേണ്ടൂ!  ‘പന്തു കൈകൊണ്ട് ഗോൾവലത്തിനുള്ളിലേയ്ക്ക് എറിഞ്ഞാൽ അതു ഗോളാവുകയില്ല.‘,  ‘ഉപ്പൂറ്റി കൊണ്ട് കളിക്കരുത് ’ തുടങ്ങി അന്നേയ്ക്ക് കൃത്യം 18 വർഷം മുൻപ്  ജെ സി ത്രംഗ് എന്നു പേരുള്ള മോശ കാൽ‌പ്പന്തിന് 10 നിയമങ്ങൾ കൽ‌പ്പിച്ചു. അതും മനസ്സിൽ ഉരുവിട്ടായിരിക്കണം സാധാരണക്കാരുടെ കളിയായ കാൽ‌പ്പന്തിന്റെ സാമ്രാജ്യത്തിൽ മൂല്യസംരക്ഷണവ്യഗ്രതയുമായി വെളുത്ത റഫറികൾ ഗ്രൌണ്ടിലിറങ്ങിയത്. ഫുട്ബാൾ ഒരു മതമാണെന്ന് പറയുമ്പോൾ ഇതും ആരെങ്കിലും ഓർക്കുന്നുണ്ടോ എന്തോ?

ഓർത്താൽ, കാൽ‌പ്പന്തുകളിലെ  അപരിഷ്കൃതത്വത്തിന് അതിന്റെ ജന്മരാശിയുമായി അഭേദ്യമായ ബന്ധമുണ്ട്. ആധുനികകാലത്ത് നാം ദാരിദ്ര്യവുമായി സമീകരിച്ച്  അതിനെ വായിക്കുന്നു; അനുഭവിക്കുന്നു. അല്ലെങ്കിൽ നാഗരികമായ വച്ചുകെട്ടുകളെ തുറന്നുവിടാനുള്ള വിശുദ്ധമായ ഉപാധിയായി. അബോധത്തിൽ കുടുങ്ങിക്കിടക്കുന്ന ആ അമാന്യത തന്നെയാവും വെളുത്ത വസ്ത്രങ്ങളുടെ കളിയിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നതും. കാൽ‌പ്പന്ത് തെരുവിന്റെ കളിയാണ്. ലോകക്കപ്പ് ഫുട്ബാളിന്റെ വർണ്ണചിത്രങ്ങളോടൊപ്പം പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളും വരും. കാറ്റു നിറച്ച പന്തിന് ശൂന്യമായ വയറുമായി ഒരു താദാത്മ്യം ഉണ്ട്. നോമ്പ് കാലങ്ങളിൽ  ചത്വരങ്ങളിൽ അറബിപ്പിള്ളേർ രാത്രി മുഴുവൻ ഊഴം വച്ച് ഫുട്ബാൾ കളിക്കുന്നതു കണ്ടിട്ടുണ്ട്. പെലെയെ നമ്മൾ നോക്കി തലകുലുക്കിയതിനു പിന്നിൽ കളിയും കത്രികക്കട്ടും മാത്രമല്ല ബ്രസീലിന്റെ ദാരിദ്ര്യവും ഉണ്ട്. ഇന്നും കണ്ടു നോക്കുക,  ‘എസ്കേപ് ടു വിക്ടറി‘യിൽ അമേരിക്കനായ സിൽ‌വർസ്റ്റൺ സ്റ്റാലിന്റെ അഭിനന്ദനം ഏറ്റു വാങ്ങി ഉൾവലിഞ്ഞു നിൽക്കുന്നിടത്ത് വേഷം മാറാത്ത ഒരു കുചേലനുണ്ട്. കാൽകുടന്നയിൽ കുടുക്കി ഇടം വലം പന്തിനെ പായിക്കുന്ന കളിക്കാരനിൽ എല്ലാം വിട്ടു കൊടുത്തവന്റെ അവസാനിക്കാത്ത പക വായിക്കാൻ കഴിയുന്നതുകൊണ്ടാണ് ഫുട്ബാൾ കവിതയാണെന്ന് പറയുന്നത്. വികാരങ്ങളുടെ സ്വച്ഛന്ദമായ കവിഞ്ഞൊഴുക്ക് എന്ന കാൽ‌പ്പനികത! അതു പന്തല്ല, നിലത്തുവീണുരുളുന്ന ഒരു തലയാണെന്ന കണ്ണിൽ പാട പറ്റിക്കിടക്കുന്നൊരു മങ്ങിയ ചുവപ്പു നിറമാർന്ന ഓർമ്മയിൽ ഹൂളിഗൻസ് അലറി എഴുന്നേൽക്കുന്നു. ഗാലറികളുടെ സട വിറയ്ക്കുന്നു.

2010 -ലെ ലോകക്കപ്പ് നടത്താനുള്ള അവകാശം ദക്ഷിണാഫ്രിക്കയെന്ന ദരിദ്രനാരായണനു കിട്ടുമ്പോൾ കൂടെ മത്സരിച്ച ബ്രിട്ടൻ, ഇവന്മാരെക്കൊണ്ടിതു പറ്റില്ലെന്ന മട്ടിൽ മുഖം ചുളിച്ചിരുന്നു. കണക്കുക്കൂട്ടിയതിനേക്കാൾ പത്തിരട്ടിയോളം കൂടുതൽ ചെലവാക്കി അവരത് നടത്തി. ചെലവ് 3.8 ബില്യൺ ഡോളർ. ദത്തുകളുടെയും വാതുവയ്പ്പിന്റെയും പരസ്യങ്ങളുടെയും പ്രവചനങ്ങളുടെയും ഈ മാമാങ്കത്തിനിടയിലും ഭൂതകാലദാരിദ്ര്യത്തിന്റെ നാട മുറിച്ചുകൊണ്ടാണ് മാധ്യമങ്ങൾ താരങ്ങളെ അവതരിപ്പിക്കുന്നത്. പെലെയെ ഇറ്റലി വാങ്ങാൻ പ്ലാൻ ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ബ്രസീലിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കപ്പെട്ടത്. വില പേശൽ അന്നേയുണ്ട് എന്നർത്ഥം. കോടികൾ മറിയുമ്പോഴും നല്ല കളിക്കാർ, പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കളിക്കാർ  ഇന്നും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഗണത്തിൽ നിരന്നാണ് വ്യാകുലമുഖങ്ങളുടെ ഹൃദയതാരകങ്ങളാകുന്നത്.  കുസ്തുറിക്ക മറഡോണയെ അവതരിപ്പിക്കുമ്പോൾ കാൽ‌പ്പന്തിൽ കാറ്റിനൊപ്പം പലതും നിറച്ചു. അരാജകത്വം, രാഷ്ട്രീയം, മതം, കല, സംഗീതം, ദാരിദ്ര്യം, രാഷ്ട്രതന്ത്രം... മറ്റൊന്നു കൂടിയുണ്ട് സിനിമയിൽ, ‘കൊക്കൈൻ മയക്കുമരുന്നാണെങ്കിൽ ഞാനതിന്റെ അടിമയാണെന്ന് ഉറച്ചു പറയുന്ന മറഡോണ’. 1994 ലെ ലോകക്കപ്പിൽ നിന്ന് മറഡോണ പുറത്തുപോകാൻ കാരണം മയക്കു മരുന്നുപയോഗമാണ്. തന്നെ കുടുക്കിയതിന്റെ പകയിൽ മറഡോണ അമേരിക്കയെയും ബ്രിട്ടനെയും ഇറ്റലിയേയും ചീത്ത വിളിച്ചു. സ്വകാര്യത നശിപ്പിക്കുന്ന മാധ്യമപ്പടയ്ക്കു നേരെ വെടിവച്ചു. അതിനു മുൻപ് 1990 ൽ ഇറ്റലിയിലെ ഫുമിച്ചിനോ എയർപോർട്ടിൽ വച്ച് പിടിയിലാവുമ്പോൾ മറഡോണയുടെ കൈയിൽ അഞ്ചുലക്ഷം പൌണ്ട് വിലമതിക്കുന്ന മരുന്നുണ്ടായിരുന്നു.  80 കളിൽ ആൾക്കൂട്ടം എന്ന ഏകാന്തതയ്ക്കുള്ളിൽ മറഡോണ പൊടുന്നനെ മിശിഹയായി. പള്ളികളിൽ മറഡോണയുടെ രൂപം മുൾക്കിരീടമണിഞ്ഞ് കുരിശിൽ കിടന്ന് മാമോദീസകൾക്കും വിവാഹങ്ങൾക്കും ദിവ്യസാക്ഷിയായി. പള്ളി സംഘങ്ങൾ പ്രത്യേക സ്തുതിഗീതങ്ങൾ പാടി. വിശ്വാസങ്ങളുടെ ഭാരം താങ്ങാവുന്നതിൽ അധികമായിരുന്നതിനാൽ മറഡോണ ഐഹിക ലോകത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടി കണ്ടെത്തിയ മാർഗമായിരിക്കണം മയക്കുമരുന്നുകളുടേത്. ഷാവേസും കാസ്ട്രോയും ചേർന്നാണ് മറഡോണയെ പിന്നെ രക്ഷിച്ചത്. ജയിലിൽ നിന്ന് ജീവിതത്തിലേയ്ക്ക്. ‘ആകാശനീലവും വെയിലുവീണ കടലിന്റെ വെളുപ്പും’ (എൻ എസ് മാധവൻ) അഴിയിട്ട ജേഴ്സിയണിഞ്ഞ അർജന്റീനയുടെ കോച്ചായും മറഡോണ തിളങ്ങിയില്ല. പൊട്ടിത്തെറിക്കുകയും വികാരവിവശനാവുകയും ചെയ്ത് സ്വയം തകരുകയല്ലാതെ നിവൃത്തിയില്ലെന്ന മുഖഭാവവുമായി കരയുന്ന മറഡോണദൃശ്യങ്ങൾ കഴിഞ്ഞ ലോകക്കപ്പിലെ അർജ്ജന്റീനയുടെ കളിയ്ക്കിടയിൽ മിന്നിമാഞ്ഞത് ലോകം അതേ നൊമ്പരപ്പാടോടെ കണ്ടു.

‘ഉണ്ടായിരിക്കേണ്ട ആവശ്യം പോലുമില്ലാതെ, നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രം നിലനിൽക്കുന്ന സത്ത ഒന്നുമാത്രം, ദൈവം!’ എന്നാണ് കുസ്തുറിക്കയുടെ സിനിമയിലെ ആമുഖവാചകം. ഇപ്പോഴും വിഷാദം പൂർണ്ണമായും ഒഴിഞ്ഞുപോകാത്ത മുഖമുള്ള മറഡോണ കേരളത്തിൽ വരുന്നതിനു മുൻപ് മലയാളപത്രങ്ങൾ അഴകൊഴമ്പൻ വാർത്തകൾ എഴുതി. അദ്ദേഹം മുണ്ടുടുക്കും, മലയാളം പറയും, 25 കിലോയുള്ള കേക്കു മുറിച്ച് 52 -ആം പിറന്നാൾ ആഘോഷിക്കും, ഇന്ത്യൻ യുവത്വത്തെ പരിശീലിപ്പിക്കും....ഒക്ടോബർ 23 നും ശേഷവും മിക്ക ഇംഗ്ലീഷ് പത്രങ്ങളും പഴയ ക്ലീഷേ പുറത്തെടുത്തു. മറഡോണ എന്ന ദൈവം. (Soccer god Diego Maradona, The ‘god’ of football leaves his footprint, Golden’ connect brings football god to God’s own country..) വാർത്തകളുടെ പിന്നാമ്പുറത്തിൽ സ്വർണ്ണവെളിച്ചത്തിൽ തിളങ്ങുന്ന ഒരു കടയാണ്. അതിന്റെ പരസ്യം മറഡോണയ്ക്കൊപ്പം തിളങ്ങാൻ നമ്മൾ എന്തുചെയ്യണമെന്ന് പറയുന്നുണ്ടായിരുന്നു. വജ്രാഭരണങ്ങൾക്കായി ബുക്കു ചെയ്യുന്നവർക്ക് ഫുട്ബാൾ മാന്ത്രികനെ നേരിൽ കാണാനുള്ള അനുഗ്രഹം. സ്വർണ്ണം ബുക്കു ചെയ്യുന്നവർക്ക് അദ്ദേഹത്തെ നേരിൽ കാണാനായി സ്പെഷ്യൽ പാസ്. അഡ്വാൻസ് സ്വർണ്ണം ബുക്കു ചെയ്യുന്ന വിവാഹ പാർട്ടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അദ്ദേഹത്തിൽ നിന്ന് നേരിട്ട് സ്വർണ്ണം വാങ്ങാൻ അവസരം. 100 പവനിൽ കുറയാതെ വാങ്ങാൻ സ്വർണ്ണം ബുക്കു ചെയ്യുന്നവർക്ക് മറഡോണയോടൊപ്പം സൌജന്യ ഹെലികോപ്ടർ യാത്ര. 

തെക്കെ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏങ്കോണിച്ച സാമ്പത്തികചരിത്രമാണ് സ്റ്റേഡിയങ്ങളിലെ മഴവില്ലുകൾക്ക് കൂടുതൽ നിറം നൽകിയത് എന്ന് ആർക്കാണ് അറിയാതെയുള്ളത്? Wanted  എന്നെഴുതിയ ബുഷിന്റെ ചിത്രം പതിച്ച കറുത്ത ടീ ഷർട്ടുമായി അഭിമുഖത്തിനിരിക്കുന്ന, ഭുജങ്ങളിൽ ചെഗുവേരയെ പച്ച കുത്തിയിരിക്കുന്ന മറഡോണ കേരളത്തിൽ ആധുനിക ചെയെപോലെ മുതലാളിത്തത്തിന്റെ ഒരു അംബാസിഡറാണ്.  പക്ഷേ ആ വൈരുദ്ധ്യത്തെയും കാൽ‌പ്പന്തുകളിയുടെ നിയമങ്ങൾ മായ്ക്കും. മുൻപൊരിക്കൽ ചെഗുവേരയുടെ മകളെയും  ആനപ്പുറത്തുകയറ്റി നാം എഴുന്നള്ളിച്ചിരുന്നു. മകളുടെ രാഷ്ട്രീയം പോലും നമുക്ക് ആലോചനാവിഷയമായിരുന്നില്ല. അതങ്ങനെ പ്രഭാവിതമായൊരു ഊർജ്ജത്താൽ ഉരുളുകയായിരുന്നു. ഉരുണ്ട ഒന്നിനും സ്വ ഇച്ഛയ്ക്കനുസരിച്ച് ഒരു ജീവിതമില്ലെന്ന് തത്ത്വം പറയാം. അതു ഉരുണ്ടുകൊണ്ടിരിക്കും. ദക്ഷിണാഫ്രിക്കയിലെ കാൽ‌പ്പന്തിന് ‘ജബുലാനി’ എന്നായിരുന്നു പേര്. നമുക്കിപ്പോൾ ലഭിച്ച പന്തിന്റെ പേര് ‘മറഡോണ’.

6 comments:

  1. ദൈവം...ദൈവത്തിന്റെ കാലൊച്ച, ദൈവത്തിന്റെ ഉമ്മ, ദൈവത്തിന്റെ ഡാൻസ്....

    ReplyDelete
  2. http://www.mathrubhumi.com/story.php?id=312270 ദാ വേറൊരു പന്ത് ഉരുളുന്നു ഇവിടെ.

    ReplyDelete
  3. കൌതുകകരമായൊരു ലേഖനം

    ReplyDelete
  4. ദൈവത്തിന്റെ മുണ്ടുടുക്കല്‍..
    ദൈവത്തിന് മറഡോണയെക്കൊണ്ടിതൊക്കെ ചെയ്യിക്കാനിത്തിരക്കിലെവിടാ സമയംന്നാ
    മനസ്സിലാവാത്തത്.

    ReplyDelete
  5. കിടിലന്‍ പോസ്റ്റ്‌.. ..ആശംസകള്‍. Thank you very much :)

    ReplyDelete