October 2, 2011

വീട്ടുമുറ്റത്തെ ഓക്കുമരം




മാടമ്പിന്റെ ‘പൂച്ചക്കുറിഞ്ഞ്യാര് ’ എന്ന (കുട്ടികൾക്കുള്ള) പുസ്തകത്തിന്റെ ആമുഖത്തിൽ, ഇതുപോലുള്ള കഥകൾ കിട്ടിയാൽ കൂട്ടുകാർ തനിക്ക് അയച്ചു തരണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. വലിയ ആളുകൾ പറഞ്ഞത് പകർത്തിയെഴുതി അയക്കുകയല്ല, മറിച്ച് നിങ്ങൾ കേട്ട കഥകൾ നിങ്ങളുടെ രീതിയിൽ എഴുതി അയക്കാനാണ് അപേക്ഷ. മുതിർന്ന ഒരാൾ - അപ്പൂപ്പൻ തന്നെ- കുട്ടികൾക്കായുള്ള കഥകൾ, കുട്ടികളുടെ ഭാഷയിൽ സമാഹരിക്കാൻ ശ്രമിക്കുന്നതിൽ തലമുതിർന്ന ഒരു കുട്ടികൌതുകമുണ്ട്. നമ്മളിതുവരെ അമ്മൂമ്മക്കഥകളെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ കുട്ടികൾ പറയുന്നതുകേൾക്കാൻ അപ്പൂപ്പന് കൌതുകമുണ്ടെന്നാണ് പറയുന്നത്. ലോകം തലതിരിഞ്ഞു. കാർട്ടൂൺ സിനിമകളിൽ ഇങ്ങനെയൊരു ലോകം വന്ന് പല്ലിളിച്ച് നിൽ‌പ്പാണ്. ഉറുമ്പ് സന്നാഹങ്ങളുമായി സ്രാവുവേട്ടയ്ക്കു പോകുന്നതിലെ കിസ്സ കുട്ടിയ്ക്കു മനസ്സിലാകുന്നതുപോലെ അമ്മാമ്മയ്ക്ക് മനസ്സിലാവില്ല. പുതിയൊരു കാർട്ടൂൺ സിനിമയിലെ - അപ്പ് എന്നാണ് പേര്- അപ്പൂപ്പൻ, അമ്മൂമ്മയുടെ ജീവിതാഭിലാഷം സാധ്യമാക്കാൻ, അതുവരെ താമസിച്ചു വന്ന വീടിനെ പറപ്പിച്ച് ഹൈഡ്രജൻ ബലൂണുകളുടെ സഹായത്താൽ പറപ്പിച്ച് കൊടുമുടിയുടെ അഗ്രത്ത് കൊണ്ടു വച്ച് ചാരിതാർത്ഥ്യം അടയുന്നതുകണ്ടു, മൂക്കത്തു വിരളു വച്ചു പോയി. ബലൂണുകൾ കൊണ്ട് പൊക്കിപ്പറത്താവുന്ന ഒരു വീട്! മാത്രമല്ല അപ്പൂപ്പൻ അസുഖം വന്നു മരിച്ചുപോയ അമ്മൂമ്മയെ പോലെ തനി വികൃതിയായ സാഹസികകാരൻ കുട്ടിയാണെന്ന് അധികം താമസിക്കാതെ നാം മനസ്സിലാക്കുന്നു. പഴം കഥകൾ അമ്മൂമ്മ വ്യാഖ്യാനിച്ചു തന്നതുപോലെ ഇനി കുട്ടി അമ്മൂമ്മയ്ക്ക്, അവരുടെ ജീവിതം പ്രമേയമായി വരുന്ന ആധുനിക ജനപ്രിയ ആഖ്യാനം, അപ്പൂപ്പനമ്മൂമ്മമാർക്ക് വ്യാഖ്യാനിച്ചുകൊടുക്കേണ്ടതായി തല തിരിഞ്ഞു കാലം എന്നാണ് മൊത്തത്തിൽ അർത്ഥം.

ആഖ്യാനമാണല്ലോ കഥകളുടെ ജീവൻ. അതുകൊണ്ട് മുൻപ് കേട്ട കഥകളല്ല നമ്മൾ പിന്നെ കേൾക്കുന്നതെന്നും പറയാം. സ്വർണ്ണപ്പക്ഷിയെ കിട്ടിയ മരംവെട്ടുകാരൻ രാജകുമാരിയെ ചിരിപ്പിച്ചതുകൊണ്ട് അയാൾക്ക് പകുതി രാജ്യം കിട്ടി. രാജകുമാരിയെയും കിട്ടി. (കഥകളിൽ ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന പാതിരാജ്യങ്ങളെത്രയാണ്, ദരിദ്രന്റെ ഭാര്യയാവുന്ന രാജകുമാരിമാരെത്ര! മറ്റെവിടെയാണ് ഈ വിസ്മയകരമായ വ്യവസ്ഥ നിങ്ങൾക്ക് കാണാനാവുക?) പക്ഷേ അയാളുടെ പക്ഷിയുടെ തൂവലിൽ ഒട്ടി പിന്നാലെ നടന്ന സത്രം സൂക്ഷിപ്പുകാരനെയും മൂന്നു പെണ്മക്കളെയും കണ്ട് നാട്ടുകാരും അവസാനം രാജകുമാരിയും ചിരിയോടു ചിരി ചിരിച്ചതിന്റെ പരിണതഫലമാണ് അയാളുടെ സൌഭാഗ്യം. പക്ഷേ ആർത്തി മൂത്ത് സ്വർണ്ണപക്ഷിയെ തൊട്ട് ഒട്ടി ജീവിതം കുരുക്കിലായ ഒരു കുടുംബത്തെപ്പറ്റി ഒന്നും പറയാതെ കഥ തീർന്നു. കഥയിൽ ചോദ്യമില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കഥയിലെ, ഉടുതുണിയില്ലാത്ത രാജാവിനെ നന്നാക്കിയ വിദേശികളായ നെയ്തുകാരെ മറന്നിട്ടാണ് സമൂഹബോധം വിടുവായനായ ഒരു കുട്ടിയുടെ പിന്നാലെ പാഞ്ഞതെന്ന് തോന്നുന്നു. ഇതേ കുട്ടി ചെന്നായ വന്നേ എന്നു വിളിച്ചു പറഞ്ഞ് കഥയിലും ഉണ്ട്. വിളിച്ചു പറയൽ ഒന്നും അറിയിക്കാനല്ല. തന്നിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനും കൂടിയാണ്. എന്നു വച്ചാൽ മാധ്യമം. വാക്കിലാണല്ലോ ഇന്നും നമ്മുടെ കൂടുതൽ ശ്രദ്ധ. പ്രവൃത്തിയിലല്ല. അതുകൊണ്ട് ആഢംബരഭ്രമക്കാരനായ രാജാവിനെതിരെയുള്ള ചെയ്‌വന, -അയാളെ തുണിയുരിച്ച് ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ബുദ്ധിശാലിത്വം- നമുക്കത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. ഇന്നും തോന്നുന്നില്ലെന്നിടത്ത് കഥകൾ പുനരവലോകനത്തിനായി കാത്തുകെട്ടി കിടക്കുന്നു. അറിവിലേയ്ക്ക് തിരിച്ചെത്തുമ്പോൾ ജീവിതം സുഖകരമാവും എന്നു പറഞ്ഞാണ് നാടോടികഥകളുടെ പൊരുളുറപ്പിക്കുന്നത്. ഉപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മകൾ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു കഥയില്ലേ? അച്ഛനോട് തനിക്ക് ഉപ്പോളം സ്നേഹമുണ്ടെന്ന് പറഞ്ഞ സത്യസന്ധയായ മകളെ പുറത്താക്കിയ അച്ഛന്റെ കഥ. അവസാനം ജീവിതത്തിൽ ഉപ്പാണ് പ്രധാനം എന്ന് മകൾ, പാചകത്തിലും കണ്ണീരിലും ഉള്ള ഉപ്പ് അനുപാതങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്തു. അരയന്നങ്ങളുടെ കൂട്ടത്തിൽ തിരിച്ചെത്തിയപ്പോൾ അംഗീകൃതയും ബഹുമാന്യയുമായ ചണ്ടിത്താറാവിന്റെ കഥയിലും - യഥാർത്ഥത്തിൽ വളൊരു അരയന്നക്കുട്ടിയായിരുന്നു. താറാക്കൂട്ടത്തിൽ‌പ്പെട്ടുപോയതുകൊണ്ട് അപഹാസ്യയും നിന്ദ്യയുമായി കഴിഞ്ഞു വരികയായിരുന്നു- രാജകുമാരിയെ ചിരിപ്പിച്ച മന്ദൻ ജാക്കിന്റെ ആഖ്യാനത്തിലും തിരിച്ചറിവുകളാണ് ഗുണപാഠങ്ങളേക്കാൾ പ്രധാനമാവുന്നത്.

അപ്പോൾ കുട്ടിക്കഥകൾ വായിക്കുകയും രസിക്കുകയും ചെയ്യുന്നത് ഉള്ളിൽ വളരാൻ മടിച്ചു നിൽക്കുന്ന കുട്ടിയാണെന്ന സങ്കൽ‌പ്പത്തെ അതുപോലെ ഉപ്പിലിട്ടു സൂക്ഷിക്കണോ ഇനിയും ? കഥകൾ നമ്മുടെ കൂടെ വളരുകയും മുതിരുകയുമാണ്. വിജാതീയ വിവാഹത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ആലോചനയുടെ ഒടുവിൽ അതുവേണ്ടെന്ന് തീരുമാനിക്കുന്ന പുതിയ ഒരു മിനികഥയിലെ കഥാപാത്രങ്ങൾ മണ്ണാങ്കട്ടയും കരിയിലയുമായത് ആകസ്മികമല്ല. ലോകത്തെ സംഗ്രഹിച്ച് ഉള്ളിലേയ്ക്കു പകർന്നു കിട്ടുന്ന ആദ്യാനുഭവങ്ങളായാണ് കുട്ടിക്കഥകളുടെ അവതരണം. പിന്നീട് ജീവിതഘട്ടങ്ങളിലോരോന്നിലും വച്ച് ഉചിതമായതെടുത്ത് സ്വയം അളക്കാൻ അതു കൂട്ടു നിൽക്കും. എത്ര ലേഖനങ്ങളിൽ ‘രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കുട്ടി’ കയറിപ്പറ്റിയിട്ടുണ്ടെന്ന് നോക്കുക. ഗുണപാഠങ്ങളായി മാത്രം പ്രവർത്തിക്കുകയാണ് അവയുടെ ലക്ഷ്യം എന്നു വിചാരിച്ചാൽ തെറ്റി. അതുകൊണ്ട് വലിപ്പങ്ങളുടെ ആപേക്ഷികത തെറ്റിച്ച് ആഖ്യാനം, ഉറുമ്പിനെ സ്രാവുവേട്ടക്കാരനാക്കുകയും വീടിനെ ബലൂണുകൾ കൊണ്ട് പറത്തുകയും കളിപ്പാട്ടങ്ങൾ കുട്ടിയുടെ ഭാഗധേയത്തിൽ ഇടപെടുകയും ഇതിലൊക്കെ നമ്മെ തലയറഞ്ഞ് വിലയിപ്പിക്കുകയും ചെയ്യുന്നത്. കാർട്ടൂണുകളുടെ ആനിമേഷനുകളുടെയും കാലം ഭാവനകളുടെ നിലയില്ലാ കയങ്ങളെ ഒന്നു മെരുക്കിയെടുത്തിട്ടുണ്ട്. വാമൊഴിയിൽ നിന്ന് വരമൊഴിയിലേയ്ക്ക് കഥപറച്ചിലുകൾ കടന്നു കയറിയ കാലത്തും ഭാവുകത്വത്തിന്റെ അമൂർത്തതകൾ മൂർത്തമാവുന്നതിനെപ്പറ്റിയുള്ള നെടുവീർപ്പുകൾ എതെങ്കിലുമൊക്കെ കോണുകളിൽ നിന്നുയർന്നു കാണും. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ അവയെ പിന്നെയും മൂർത്തമാക്കുന്നു. നമ്മുടേത് കൂടുതൽ കൂടുതൽ കാഴ്ചയുടെ ലോകമായിക്കൊണ്ടിരിക്കുന്നു.എങ്കിലും കറുപ്പിലും വെളുപ്പിലുമായി രേഖീയമായി നീങ്ങുന്ന അമ്മൂമ്മ/ അപ്പൂപ്പൻ കഥകൾക്ക് പ്രേയസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളതുകൊണ്ടാണല്ലോ പുതുഭാവങ്ങളിൽ മുതലയും മണ്ണാങ്കട്ടയും ഭീമനും ഹനുമാനും അലാവുദീനും കാർത്തുവും പൂപ്പിയും അവതരിച്ചുകൊണ്ടിരിക്കുന്നത്.

അതൊരു വശം. സിദ്ധാന്തം വിടാം. കുട്ടിക്കഥകളായി തന്നെയും അവയ്ക്ക് നിലനിൽ‌പ്പുണ്ട്. കളിക്കുടുക്കയിലെയും ബാലഭൂമിയിലെയും കഥകൾ കുട്ടികൾക്ക് വായിച്ചുകൊടുക്കാൻ മാത്രമുള്ളതല്ല, വായിക്കുന്നതിനിടയ്ക്ക്, മഷിത്തണ്ടു മണപ്പിച്ചു നടന്ന കാലം തന്ന ഈടു വയ്പ്പുകളെ, ദുർമേദസ്സും പ്രമേഹവും അടിഞ്ഞ് അന്യാധീനപ്പെട്ട് തകരാറിലായ ഒരു ജീവിതത്തിന് എന്തായിരുന്നു എന്ന് തിരിഞ്ഞു നോക്കി ചായാനുള്ള ഒരു ഉപാധികൂടിയായിപ്പോയാൽ എന്താ കുറ്റം? പ്രോഗ്രസ്സ് പബ്ലിക്കേഷന്റെ കുട്ടിക്കഥകളും ചിത്രങ്ങളും, വാളമീൻ കൽ‌പ്പിക്കുന്നു, തുടങ്ങിയവ പഴയ ഗ്രാമഫോൺ പോലെ ഇന്നും അന്വേഷിച്ചു നടക്കുന്നവരുണ്ട്. വെടിയുണ്ടയിൽ നിന്ന് ഒഴിഞ്ഞുമാറിയും ഹെലികോപ്ടറിൽ നിന്ന് പാറയിലേയ്ക്ക് ചാടി മൂട്ടിലെ പൊടിതട്ടിയും ഡിക്ടറ്റീവ് മൂസയും ഡിക്ടറ്റീവ് മാക്സും നിറഞ്ഞാടിയ കണ്ണാടി വിശ്വനാഥന്റെ ക്ലാസിക്കുകൾ ആരുടെയെങ്കിലും കൈവശം ഇന്നും ഉണ്ടാവുമോ എന്തോ? എന്തായാലും അവ ഓർമ്മയിലുണ്ട്. ഇന്ദ്രജാൽ കോമിക്സുകളുടെ വരവാണ് മൂസയുടെ പ്രതാപം തകർത്തത്. ഫാന്റവും മാൻഡ്രേക്കും ഫ്ലാഷ് ഗോർഡനും ആണ് നമ്മുടെ വീട്ടുമുറ്റത്തും ഓക്കുമരങ്ങൾ നട്ടത്. അടിയുടെ ഒച്ച ടമാർ പടാറിൽ നിന്ന് ഡിഷ്യൂം-മിലേക്ക് മാറി. അത് നമ്മുടെ ചുവടുമാറ്റത്തിന്റെ കാലം കൂടിയായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷുമീഡിയം ആഷ് പോഷുകൾ മാത്രമല്ല മലയാളിപ്പിള്ളേരും ടാർസനെയും ലോതറെയും പറ്റി സംസാരിച്ചു. ടാറ്റാപുരം സുകുമാരന്റെയോ സുമംഗലയുടെയോ മാലിയുടെയോ കഥകൾ കുറച്ചുകൂടി മുതിർന്ന കാലത്തിലിരുന്നാണ് നാം വായിച്ചതെന്നു തോന്നുന്നു. പൈ അങ്കിളിന്റെ അമർചിത്രകഥകൾ കൂട്ടികളെ കൂടുതൽ പഠിപ്പിസ്റ്റുകളാക്കി. ചരിത്രം ഓട്ടൻ സാറിന്റെ ക്ലാസിലെ മാത്രം കാര്യമല്ലെന്ന് അങ്ങനെ അറിഞ്ഞു. ചരിത്രത്തിൽ തിളങ്ങിയവരെല്ലാം സുന്ദരന്മാരും സുന്ദരികളും. ഝാൻസി റാണിയ്ക്കും ചന്ദ്രശേഖര ആസാദിനും അക്ബറിനും ശിവജിയ്ക്കും അമർ ചിത്രകഥകളിലെ സുന്ദരരൂപമല്ല ഉള്ളത് എന്ന് ആരു തെളിവു തന്നാലും വിശ്വസിക്കില്ല. രവിവർമ്മയ്ക്ക് ദൈവങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞതുപോലെയാണ്, രാം വയീർക്കർക്കും മോഹൻദാസിനുമൊക്കെ ചരിത്രവ്യക്തിത്വങ്ങളെ.

മാടമ്പിന്റെ പുസ്തകത്തിലെ ‘പൂച്ചകുറിഞ്ഞ്യാര് ’വെറും ഒരു വളർത്തു പൂച്ചയല്ല. ആലിബാബയിലെ ബുദ്ധിമതിയായ അടിമപ്പെണ്ണിനെപോലെ നിസ്വാർത്ഥമായ യജമാനസേവയുടെ പ്രതിരൂപമാണ്. അവളുടെ യജമാനൻ ഫ്യൂഡൽ പ്രഭുവൊന്നുമല്ല. അത്യാവശ്യം മണ്ടത്തരങ്ങളും അലസതയും കൊടുമ്പിരിക്കൊള്ളുന്ന ദാരിദ്ര്യവുമുള്ള സാധാരണക്കാരനായ ഒരു പാവം. അയാൾക്ക് പാതിരാജ്യം നേടിക്കൊടുത്തു രാജകുമാരിയെയും കെട്ടിക്കൊടുത്ത് സുഖിമാനാക്കാൻ അവളല്ലാതെ മാറ്റാരുണ്ട്! നാടോടി കഥകളിലെ ഭീകരസത്വം ക്രൂരജീവിയുമല്ല. (ബ്യൂട്ടിയും ബീസ്റ്റും അല്ലെങ്കിൽ രാജകുമാരിയെ തട്ടിക്കൊണ്ടുപോയി കാത്തു കാത്തു സൂക്ഷിക്കുന്ന രാക്ഷസൻ) ജീവിതത്തിലെ അവസ്ഥാന്തരങ്ങളെ കുട്ടിക്കഥകൾ കൈപ്പിടിയിലാക്കിവച്ചിരിക്കുന്ന രീതിയാണത്. സ്നേഹം ഏതു നരകത്തെയും സ്വർഗമാക്കുന്ന അനുഭവമാണ് അവയ്ക്കുള്ളിൽ. ദാരിദ്ര്യവും വിനയവും ജീവിത ഉയർച്ചയ്ക്കുള്ള ചവിട്ടു പടികളും. അസമത്വങ്ങളെ കാൽ‌പ്പനികവൽക്കരിക്കുന്ന പ്രവണത, കലയുടെ പ്രാഥമികമായ ആകർഷണതന്ത്രങ്ങളിൽ ഒന്നായി കുട്ടിക്കഥകളിൽ ചേക്കേറിയിരിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ അതിനേക്കാൾ ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ കാലഘട്ടത്തിനനുസൃതമായി അന്വേഷിക്കുകയായിരുന്നു ഈ കഥകൾ എന്നു വിചാരിക്കുകയാണ് എളുപ്പം. പക്ഷേ അത് തിരിച്ചറിയുക അത്ര എളുപ്പമല്ല, വട്ടിയ്ക്കകത്തെ വട്ടിയ്ക്കത്തെ വട്ടിയ്ക്കകത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുന്നിമണിപോലെയാണ് കാര്യങ്ങൾ. ഈ കുട്ടിക്കഥകളുടെ പരിച്ഛേദം, ചുറ്റും കൈപൊക്കി ആർക്കുന്ന പ്രാതികൂല്യങ്ങളെ മുഖാമുഖം നേരിട്ട് ചുളിവു വീണുപോയ ഒരു മുഖം, കുഞ്ഞുറുമ്പിന്റെ വിസ്മയവുമായി മുന്നിലിരിക്കുന്ന ഇളം തളിരുകൾക്ക് പങ്കു വച്ച ഏറ്റവും പ്രസന്നമായ ജീവിതവീക്ഷണങ്ങളാണ്. അതും ഒരു തിരിച്ചറിവിന്റെ ഭാഗമാണ്. അജ്ഞാതമായ ആനന്ദത്തെ തേടി നാം ലോകം മുഴുവൻ അലയേണ്ടതില്ലെന്നും സ്വന്തം വീട്ടിലെ ‘ഓക്കു’മരത്തിന്റെ താഴെയുണ്ട് ആ നിധിയെന്നുമാണ് കഥകൾ പറഞ്ഞു. പറഞ്ഞിട്ടുകാര്യമില്ല, നമ്മൾ സ്വപ്നം കണ്ടു കണ്ട് ഉണരാതെ സന്നിഹിതരാവുകയാണ്. അതിൽ ചെറിയൊരു പ്രാണനും കൈയിൽ വച്ച് വെന്തകാലുമായി നമ്മൾ ഓടിക്കൊണ്ടേയിരിക്കുന്നു .

2 comments:

  1. രാജാവിന്റെ നഗ്നത വിളിച്ചു പറഞ്ഞ കുട്ടിയെ സൃഷ്ടിച്ച കഥാകാരൻ ഒരു വലിയ തത്വശാസ്ത്രം ആ കുട്ടിയിൽ സന്നിവേശിപ്പിച്ച് വിട്ടതാണെന്ന് ഒരു വിലയിരുത്തലിന് വേണ്ടി വേണമെങ്കിൽ നമുക്ക് പറയാം. പക്ഷേ, പിൽക്കാല സാഹചര്യങ്ങളെ കൂട്ടിക്കൊട്ടാൻ പരുവത്തിലുള്ള ഒരു കുട്ടിയെ നാമാണ്, അല്ലെങ്കിൽ കഥാകൃത്തല്ലാത്തവരാണ് പരുവപ്പെടുത്തിയത്.

    ഇന്നത്തെ കുട്ടികളുടെ നായകരും റോൾ മോഡലുകളും പാശ്ചാത്യരാവുന്നതിൽ അത്ഭുതപ്പെടേണ്ട. അമർചിത്രകഥകളും മലയാള കഥാപാത്രങ്ങളും അവർ വായിച്ചോ കേട്ടോ അറിയേണ്ടിയിരിക്കുന്നു. എന്നാൽ ഡിഷ്യൂം ഡിഷ്യൂം കഥാപാത്രങ്ങൾ സ്വീകരണമുറിയിൽ പറന്നിറങ്ങുകയല്ലേ? വായന മരിക്കുന്നൂ എന്ന നിലവിളിയുടെ ഉറവപൊട്ടുന്നതും അവിടെത്തന്നെ.

    ReplyDelete
  2. There is very promising writer hidden in u..God bless u..

    ReplyDelete