മരിക്കുന്ന സമയത്ത് പി ഭാസ്കരൻ- നമ്മുടെ ഭാസ്കരൻ മാഷ് - മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ഓർത്താൽ തന്നെ ഞെട്ടലുളവാകുന്ന മറവിയുടെ ആഴത്തിൽ മുങ്ങിത്തപ്പുമ്പോഴും വേദിയിൽ ഒരു പാട്ടു കേട്ട്, ‘നല്ല പാട്ട് ആരുടെയാണ് അത്’ എന്ന് സ്വന്തം പാട്ടിനെപ്പറ്റി അദ്ദേഹം ചോദിച്ചു. അനുഭവങ്ങൾക്ക് ആകൃതി നൽകുന്ന ഭാഷയേക്കാൾ പ്രാചീനമാണ് സംഗീതത്തിന്റെ വഴികൾ എന്നുള്ളതുകൊണ്ട് ആ തിരിച്ചു പോക്കിൽ ഒരു ചെറു പുഞ്ചിരിയുണ്ട്. അലിഞ്ഞ് അലിഞ്ഞ് മറ്റൊന്നായിക്കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഇടവേളയിൽ വേണം എന്നു വച്ചല്ലാതെയുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരു ചെറു പുഞ്ചിരി. പക്ഷേ ഭൌമികമായ ലോകത്തെ മൂലകങ്ങൾ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല കേട്ടോ, ഇത്. സ്വപ്നങ്ങൾ നിർമ്മിക്കുന്ന പദാർത്ഥങ്ങളില്ലേ? അതുപോലെയുള്ള എന്തോ ചിലതുകൊണ്ടുണ്ടാക്കിയ മായികമായ ഒരു ലോകത്തെ കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറവി അനന്തയിലേയ്ക്കുള്ള പിടച്ചിലാണ്. അനുഭവങ്ങളുടെ ക്ഷണികവും ചെറുതുമായ ഒരു ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അഴിഞ്ഞ് അപാരമായ മറ്റൊന്നിലേയ്ക്ക് വിലയം പ്രാപിക്കൽ. അതൊരു വർത്തമാനക്രിയയാണ്. ആകാശത്തിന് പരിധികളില്ല. അതിന്റെ കണികകളാകുക എന്നു വച്ചാൽ യഥാർത്ഥത്തിൽ ആകാശം എന്ന ആധാരമോ ആകാശം എന്ന ആധേയമോ എന്നു കുഴമറിഞ്ഞ് ....അവയുടെ അതിരുകൾ ഇല്ലാതാവുന്ന പരിണതിയെ പുണർന്ന്....അങ്ങനങ്ങനെ...
‘അപാരസുന്ദര നീലാകാശ’ത്തെ അനന്തതയുടെ മഹാസമുദ്രമേ എന്നാണ് ഭാസ്കരൻ മാഷ് വിളിച്ചത്. ആകാശത്തിന് ആഴിയുടെ ഉപമ അത്രശരിയല്ല. ശാസ്ത്രീയമായി ചിന്തിക്കൂ. എന്നാലും കാവ്യത്തിന്റെ നീതിദേവത കാഴ്ചയുടെ കണ്ണു തുറന്നിടുകയും കാഴ്ചപ്പാടിന്റെ കണ്ണ് കറുത്ത തുണിയുപയോഗിച്ച് കെട്ടുകയും ചെയ്താൽ അതിലൊരു രസമൊക്കെയുണ്ട്. സംഗീതവും കവിതയും പ്രേമവും പോലെ ഒരു മയക്കു മരുന്നാണ്. പാട്ടു കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന സുഖാനുഭൂതി നല്ല ഭക്ഷണം കഴിക്കുമ്പോഴും ലൈംഗികവേഴ്ചയിലേർപ്പെടുമ്പോഴും ഉണ്ടാവുന്ന ചെറിയ മയക്കത്തിനു സമാനമാണ്. എൻഡോർഫിനുകളുടെ ശക്തി! ‘പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൽ കല്ലറയിൽ’ എന്ന് തുറക്കാത്ത വാതിലിൽ ഭാസ്കരൻ മാഷ് എഴുതി. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ, കാർമുകിൽ ആടകൾ തോരയിടാൻ വരും കാലത്തിൻ കന്യകളേ.. ’എന്ന് കറുത്ത പൌർണ്ണമി എന്ന സിനിമയിൽ. ചുറ്റുപാടുമുള്ള അതിസാധാരണമായ ജീവിതം കെട്ടുകളഴിഞ്ഞ് അനന്തനീലമായ അപാരലോകത്തിലേയ്ക്ക് പതുക്കെ വഴുതുന്ന ഒരു കാഴ്ചയല്ലേ ഇവിടെ? സാമ്പ്രാദികരീതിയിൽ പ്രകൃതിഭാവങ്ങളിൽ മനുഷ്യത്വമാരോപിക്കുക എന്ന കാൽപ്പനികയുടെ മൂപ്പെത്തിയ കായ പൊട്ടുന്നതാണീ സങ്കൽപ്പങ്ങൾ. അതുപോട്ടെ. പാട്ടല്ലേ, എൻഡോർഫിനുകൾ അത്തരം ചർവിതങ്ങളിൽ കുടുങ്ങിയല്ലാതെയും ത്രസിക്കട്ടെ. മുത്തശ്ശിയിൽ ജയച്ചന്ദ്രൻ പാടിയ ‘ഹർഷബാഷ്പം തൂകി വർഷ പഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ..’ എന്ന പാട്ടു കേൾക്കുമ്പോൾ ആര് ആരോടാണ് സംസാരിക്കുന്നതെന്ന് ഓർത്ത് മുഴുകാതെ നിവൃത്തിയില്ല. മഞ്ഞുപെയ്യുന്ന രാത്രിയും ചന്ദ്രനുമാണ് ബോധത്തിൽ പെയ്യുന്നത്. സംഗീതത്തിന്റെ ജീവശാസ്ത്രപരമായ ഒരു കൈവഴി പ്രണയത്തിലേയ്ക്കും ലൈംഗികതയിലേയ്ക്കും അധികം ആരും ശ്രദ്ധിക്കാതെ ഒഴുകുന്നുണ്ട്. ജീവബിന്ദുകൾ ഇണയെ തിരയുന്ന അപാരതീരം.
തരള രാത്രികളിൽ പിന്നെയും
‘താനേ തിരിഞ്ഞും മറിഞ്ഞും -തൻ
താമരമെത്തയിരുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദര ചന്ദ്രലേഖ !’ - യിലേയ്ക്കാണ് കവിയുടെ കണ്ണെത്തുന്നത്. നോക്കിനിൽപ്പിന്റെ സുഖമാണ് കൽപ്പനകളിൽ. മലയാളത്തിലെ പ്രണയഗാനങ്ങളിൽ ഏറിയും കുറഞ്ഞും ശക്തമായ സാന്നിദ്ധ്യമാണ് ഈ ഒളിഞ്ഞു നോട്ടക്കാരൻ. ഭാർഗവീ നിലയത്തിലെ പാട്ടിൽ ‘കടലല നല്ല കളിത്തോഴൻ, കാറ്റോ നല്ല കളിത്തോഴി. കരയുടെ മടിയിൽ രാവും പകലും കക്ക പെറുക്കി കളിയല്ലോ..’ എന്നുണ്ട്. വെറുമൊരു പിള്ളേരുകളിയ്ക്കപ്പുറത്ത് ഏകാന്തതയുടെ മറ്റൊരു അപാരതീരം വന്നു വളകിലുക്കി നിൽക്കുന്നതുകൊണ്ടാണ് ആളൊഴിഞ്ഞ ഒരു കടൽത്തീരം പ്രണയസല്ലാപത്തിനുള്ള വേദിയ്ക്കപ്പുറം മറ്റെന്തോ ആയി മാറുന്നത്. (‘കാറ്റുചിക്കിയ തെളിമണലിൽ കാലടിയാൽ നീ കഥയെഴുതി വായിക്കാൻ ഞാനണയും മുൻപേ വൻ തിര വന്നതു മായ്ച്ചല്ലോ.’ ) താമസമെന്തേ വരുവാൻ എന്നു തുടങ്ങുന്ന പാട്ടിൽ തങ്കവള കിലുക്കുന്നത് തളിർ മരങ്ങളാണ്. പാദസരം പൂഞ്ചോല കടവിലാണ് കുലുങ്ങുന്നത്. പാലൊളിച്ചന്ദ്രികയിലാണ് മന്ദഹാസം കുടുങ്ങിക്കിടക്കുന്നത്. പാതിരാക്കാറ്റിൽ ഇളകുന്നത് പട്ടുറുമാലാണ്. “പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രികതൻ ചന്ദനമണി മന്ദിരത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ ....”ഗാനലോക വീഥികളിൽ വേണുവൂതി നടക്കുന്ന പാമരനായ പാട്ടുകാരന്റെ സങ്കൽപ്പങ്ങളിലും ആകാശത്തിന്റെ നിത്യസാന്നിദ്ധ്യമുണ്ട്.
‘പുറമേ കളിയും ചിരിയും താഴെ ചെളിയും ചുഴിയുമുള്ള മഹാസാഗര’മായിട്ടാണ് ഭാസ്കരൻ മാഷ് നഗരത്തെ വിഭാവന ചെയ്യുന്നത് നഗരമേ നന്ദി എന്ന സിനിമയിലെ ‘നഗരം നഗരം’ എന്ന പാട്ടിൽ. ദുഃഖങ്ങൾക്ക് അവധികൊടുത്താൽ വിധിയും ഒരു കെട്ടു ചീട്ടുമായി കളിയാടാനിരിക്കാൻ സ്വർഗത്തിലൊരു മുറിയുണ്ടെന്ന് ‘അമ്പലപ്രാവ്’ എന്ന സിനിമയിലെ ഗാനത്തിൽ പറയുന്നു. ‘മറക്കാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം’ എന്ന് തത്ത്വം പറയുന്ന ‘കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന പാട്ടിൽ (മുറപ്പെണ്ണ്) ‘കാലം തിരിച്ചു നടന്നാൽ’ എന്നൊരു പ്രയോഗമുണ്ട്. അതുകാണണമെങ്കിൽ കാലത്തിന് അതീതമായി നിൽക്കുന്ന ഒരു സത്ത സന്നിഹിതമായിരിക്കണമല്ലോ. സമ്പൂർണ്ണമായ മറവിയെക്കുറിച്ച് കാലത്തിന്റെ തിരിച്ചു നടപ്പാണെന്ന് ഒരു സങ്കൽപ്പമില്ലേ. മനുഷ്യൻ ഓർമ്മകളിലൂടെ സഞ്ചയിച്ചതെല്ലാം കളഞ്ഞ് തുടങ്ങിയടത്തേയ്ക്ക് തിരിച്ചു പോവുക. നോക്കി നിൽക്കുന്നവനു അതു കുറിച്ചു വയ്ക്കാം. ആയിതീരുന്നവനോ? ‘കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ’(അശ്വതി) എന്ന വരികൾ ഒന്നുകൂടി നോക്കുക. ആദ്യ വരി നിരീക്ഷണമാണ് രണ്ടാമത്തെ വരി ആയിത്തീരലും. കവിതയിൽ കണക്കിനും യുക്തിയ്ക്കും എവിടെ സ്ഥാനം എന്ന അർത്ഥമുള്ള ആദ്യ അടരു മുറിക്കണം എങ്കിലേ ‘ഏടുകളെവിടെ’ എന്ന മറവിയുടെ കല്ലേൽക്കുവാൻ സാധിക്കൂ. മുൻപേ കുറിച്ചിട്ട ഒരു പാട്ടിൽ ‘കാലടികളാൽ നീ എഴുതിയ കഥ വൻ തിര വന്ന് മായ്ച്ചു’ കളഞ്ഞ കാര്യം പറയുന്നുണ്ടല്ലോ (ഭാർഗവീ നിലയം) അതിലുള്ളതും ഇതേ മറവി തന്നെയല്ലേ? ഇന്നലെ എന്നാണ് മറവിയുടെ കാൽപ്പനികതയെ മലയാളത്തിൽ ആവിഷ്കരിച്ച ഒരു സിനിമയ്ക്ക് പദ്മരാജൻ നൽകിയ പേര്. ഇന്നലെ അതിവിദൂരമായ ഭൂതമല്ല. എങ്കിലും അതിന്റെ ദൂരം അളക്കുക സാദ്ധ്യമല്ല. ‘ഇന്നലെ നീയൊരു സുന്ദരരാഗമായി പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു‘ എന്നാണ് സ്ത്രീ എന്ന സിനിമയ്ക്കു വേണ്ടി രചിച്ച ഗാനത്തിലെ ഈരടി പറയുന്നത്. ഇന്ന് അയാൾക്ക് എന്താണ് സംഭവിച്ചത്? ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു.’ (അന്വേഷിച്ചു കണ്ടെത്തിയില്ല) എന്ന് മറ്റൊരു പാട്ടിൽ ഇതേ ഇന്നലെയുണ്ട്. ഇതൊരു സാധാരണമയക്കമാണെന്ന് തോന്നുന്നില്ല. ഇന്നലെകൾ പാടേ മാഞ്ഞുപോവുകയും മധുമാസ ചന്ദ്രികമാത്രം പുഞ്ചിരിതൂകി നിൽക്കുന്ന ആകാശത്തിൽ മെല്ലെ ആമുഗ്ദ്ധമാവുകയും ചെയ്യുന്ന ഒരു അവസ്ഥയെ പ്രതിനിധീകരിക്കുന്നുണ്ട്. വേദിയിൽ സ്വന്തം പാട്ടു കേട്ട് നല്ല പാട്ടെന്ന് പറഞ്ഞ ഭാസ്കരൻ മാഷ് ഒരു മയക്കത്തിൽ നിന്ന് ‘പൊന്നിൻ ചിലമ്പൊലി’ കേട്ടുണർന്നതാണ്. ഒരു മുങ്ങി നിവരൽ.
സംഗീതത്തിന് ജീവിതവുമായുള്ള ബന്ധം ഓർമ്മകളുടെ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ വൈകാരികാനുഭവങ്ങൾക്ക് തൊട്ടു പിന്നാലെ ഓർമ്മകളുടെ കുത്തഴിഞ്ഞ ഒഴുക്കുണ്ട്. സംഗീതത്തിന് കൈവളചാർത്തിയ ഓർമ്മകളെ തിരിച്ചു വിളിക്കാൻ എത്രയോ കഴിയും. ശബ്ദായമാനമെങ്കിലും വിമൂകമായ ഒരു വേദിയിലേയ്ക്ക് എന്ന് കവി. എന്തൊരു വിരോധാഭാസം! ‘ഭാസ്കരൻ മാഷ്’ എഴുതി ‘സമയമാം നദി പുറകോട്ട് ഒഴുകി, സ്മരണതൻ പൂവണിത്താഴ്വരയിൽ. സംഭവമലരുകൾ വിരിഞ്ഞു വീണ്ടും, വിരിഞ്ഞു വീണ്ടും...’ അപ്പോഴും തലച്ചോറിന്റെ അടരുകളിൽ അനുഭവത്തിന്റെ എക്കലുകൾക്കൊപ്പം എവിടെ നിന്നെന്നറിയില്ല, സ്വപ്നങ്ങൾ നിർമ്മിച്ചിരിക്കുന്ന നിറമില്ലാത്ത പദാർത്ഥങ്ങളും വന്നടിഞ്ഞ് സംഭവമലരുകളുടെ നാൾ വഴിപ്പുസ്തകം ഒരു നാൾ വിചാരിച്ചിരിക്കാതെ കെട്ടഴിഞ്ഞു പോകുന്നു. അതിലെ ചിരപരിചിതമായ വരികൾ അസംബന്ധങ്ങളായി കാലത്തിന്റെ ചില്ലയിൽ നിന്ന് താഴെ വീഴുന്നു. അതിന്റെ ഏടുകളും ലിപികളും നോക്കിയിരിക്കേ അലിഞ്ഞൊഴിഞ്ഞ് മറ്റെന്തോ ആയി....അങ്ങനങ്ങനെ. അത് മറ്റൊരു കാവ്യ പുസ്തകം. അതിന്റെ കണക്കെഴുതാൻ ഏടുകളെവിടെ?
പുസ്തകങ്ങൾ
പിഭാസ്കരന്റെ കാവ്യമുദ്രകൾ - ശ്രീകുമാരൻ തമ്പി
പരിണാമസിദ്ധാന്തം-പുതിയ വഴികൾ കണ്ടെത്തലുകൾ - ജീവൻ ജോബ് തോമസ്
സുന്ദരമായ അവലോകനം
ReplyDelete..
ReplyDeleteഅത് കഷ്ടമായിപ്പോയല്ലോ :(
വസന്തലതിക പറഞ്ഞപോലെ അവലോകനം ആസ്വാദ്യം തന്നെ.
..
ഭാസ്കരൻ മാഷുടെ നനുത്ത വെണ്ണിലാപ്പാട്ടുകൾക്ക് ചേർന്ന ശൈലിയിൽ ആയി കുറിപ്പ്, മാഷുടെ പാട്ടിന്റെ നാട്ടിടവഴികൾ മലയാളിയുടെ മഹാഭാഗ്യമാണ്!
ReplyDeleteIt is a very good review and I have enjoyed each line of it.
ReplyDeleteregards.
shanavasthazhakath.blogspot.com
വിശദ്മായ പോസ്റ്റിനു നന്ദി
ReplyDeleteആശംസകൾ!
ഇതെല്ലാം കൂടി ഒരിടത്തൊതുക്കിത്തന്നതിന് നന്ദി. നമുക്കും ആ ഇന്നലെകളിലേക്ക് ഒന്ന് എത്തിനോക്കാം. മറവിയുടെയല്ല, ബോധത്തിന്റെ അപാരതയിലേക്ക്.
ReplyDeleteസുന്ദരം!
ReplyDelete