February 15, 2011
വിൽക്കാനുണ്ട് !
ഒന്ന്
സായ് നാഥിനെ വായിച്ചുകൊണ്ടിരുന്നപ്പോൾ, ഉടുവസ്ത്രം -കൈലി - വാങ്ങിക്കാനായി പതിനാലു വയസ്സുള്ള സഹോദരിയെ നാൽപ്പതോ അൻപതോ രൂപയ്ക്കു വിറ്റ ഒരാങ്ങളെയെപ്പറ്റി വിജയൻ തന്റെ ലേഖനങ്ങളിലൊരിടത്ത് പറഞ്ഞിരുന്നത് ഓർത്തുപോയി. ഒറീസയിലായിരുന്നു സംഭവം. വിശപ്പിനു പുല്ല് വേവിച്ചും സിനിമാ പോസ്റ്ററുകളിളക്കി കഴിച്ചും പ്രാണൻ പോകാതെ ശരീരത്തിൽ പിടിച്ചു നിർത്തുന്ന അതിജീവന അഭ്യാസങ്ങൾക്കിടയിലെ മറ്റൊരഭ്യാസമാണിതും. വീട്ടുവേലയ്ക്കും മറ്റുമായി ചെറിയ പെൺകുട്ടികളെ വാങ്ങാൻ കിട്ടുന്ന ആന്ധ്രാപ്രദേശിലെ ഉൾനാടൻ ചന്തകളെക്കുറിച്ച് ഇടയ്ക്ക് വാർത്തയുണ്ടായിരുന്നു. യൂണിസേഫിന്റെ കണക്കനുസരിച്ച് അഞ്ചുലക്ഷത്തിലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. മുംബായിലെ ചുവന്നതെരുവിൽ പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 40,000 ആണെന്ന് ദേശീയ കമ്മീഷന്റെ പഠനത്തിൽ പറയുന്നു. ഹൈദരാബാദിൽ വച്ചു പിടികൂടിയ ഒരു സംഘത്തിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് നിലവിൽ പെൺകുട്ടികളെ ഗർഭപാത്രത്തിൽ വച്ചു തന്നെ വിലപറഞ്ഞു വാങ്ങിക്കുന്ന രീതി നടപ്പിലായിട്ടുണ്ട്. കർണ്ണാടക അതിർത്തിയിലുള്ള തണ്ടൂർ എന്ന ഗ്രാമത്തിലെ ഒരു സ്വകാര്യസ്ഥാപനമാണ് വിൽപ്പനയുടെ പിന്നിൽ. ദരിദ്രരായ മാതാപിതാക്കളിൽ നിന്ന് തുച്ഛമായ തുകയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി ഹൈദരാബാദിൽ എത്തിച്ച ശേഷം ആവശ്യക്കാർക്ക് വിൽക്കുകയാണ് പരിപാടി. ലംബോഡ എന്ന നാടോടി സംഘത്തിലെ കുട്ടികൾക്കാണ് ആവശ്യക്കാർ കൂടുതൽ. കാരണം അവരുടെ വെളുത്ത നിറവും മുഖൈശ്വര്യവും തന്നെ. (പെൺ വാണിഭത്തിന്റെ കാണാപ്പുറങ്ങൾ -ഡോ. ശാരദാരാജീവൻ, പ്രീതി എം എം)
വിതുര, പൂവരണി, സൂര്യനെല്ലി, കോഴിക്കോട്, കോട്ടയം സംഭവങ്ങൾ വച്ചു നോക്കുമ്പോൾ പെൺ വാണിഭകാര്യത്തിൽ കേരളം മോശമൊന്നുമല്ല. വിൽപ്പനയും വിലപേശലുമാണ് ഇവിടങ്ങളിൽ നടന്നത് (നടന്നുകൊണ്ടിരിക്കുന്നത്). വിനിമയപ്രക്രിയകൾ ഒരു തലത്തിൽ വച്ചു തീരാതെ നീണ്ടു നീണ്ടു പോകുന്നുവെന്ന പ്രശ്നമേയുള്ളൂ. എങ്കിലും കേരളാകഫേയിലെ രേവതി സംവിധാനം ചെയ്ത സിനിമ, മകളിൽ തമിഴ്നാടാണ് പശ്ചാത്തലം. പെൺകുട്ടി കൈമാറ്റം ചെയ്യപ്പെടുന്നത് ഉത്തരേന്ത്യക്കാരനും. ഇടനിലക്കാരാവുന്ന ജോലിയേ ഉള്ളൂ മലയാളിയ്ക്ക്. പാപത്തിൽ നേരിട്ട് പങ്കില്ല എന്നു ഭാവം. ഒരു കണക്കിനിത് ശരിയാണ്. ആന്ധ്രപ്രദേശ്, കർണ്ണാടകം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മുംബൈ, കൽക്കട്ട, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള വേശ്യാവൃത്തിയ്ക്ക് പെൺകുട്ടികൾ എത്തുന്നത് എന്നു കാണുന്നു. 2006 ൽ പുറത്തിറങ്ങിയ റൂഡി ലാജ്മാൻ സംവിധാനം ചെയ്ത ബ്രസീലിയൻ സിനിമ ‘സൂര്യന്റെ മാലാഖമാർ’ ഇതേ പ്രശ്നത്തെ ഉള്ളിൽ തറയ്ക്കും വിധം കൈകാര്യം ചെയ്തിട്ടുണ്ട്. അതിലെ ഇസബെല്ലയ്ക്ക് (ഫെർണാണ്ടോ കർവാലോ) മോചനമില്ലെന്ന സൂചനയോടെ സിനിമ അവസാനിക്കുന്നത്. 2005 ജനുവരിയിൽ റിപ്പോർട്ട് ചെയ്ത യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണത്. ഏതാണ്ട് ഒരു ലക്ഷം കുട്ടികൾ ബ്രസീലിൽ ലൈംഗികജോലികൾക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്.
രണ്ട്
ഒറീസയിലെ നുവാപാടയിൽ എൺപതുകളിൽ നടന്ന ഒരു സംഭവത്തെപ്പറ്റിയാണ് സായ് നാഥ് പറയുന്നത്. (പെൺ കുട്ടികൾ വിൽപ്പനയ്ക്ക്) ഫനാസ് പുഞ്ചിയെന്ന സ്ത്രീ 1985 ജൂലായ് മാസത്തിൽ തന്റെ ഭർത്താവിന്റെ സഹോദരിയായ ബനിത പുഞ്ചിയെ - അവൾക്ക് 14 വയസ്സായിരുന്നു പ്രായം - അന്ധനായ ബിഥ്യ പോതിനു വിറ്റു. വില 40 രൂപ. വിറ്റു എന്നതു മാത്രമായിരുന്നില്ല വാർത്ത, അത് ഫനാസ് നിരസിച്ചുമില്ല. ‘ഞാനും എന്റെ കുട്ടികളും പട്ടിണിയിലാണ് പിന്നെ ഞാൻ എന്തുവേണം?’ എന്നാണ് ഫനാസ് ചോദിച്ചത്. ഭർത്താവ് രണ്ടു വർഷങ്ങൾക്ക് മുൻപ് അവരെ വിട്ടു പോയിരുന്നു. വാർത്ത ജനശ്രദ്ധപിടിച്ചു പറ്റിയതിനെ തുടന്ന് അവിടേയ്ക്ക് മാധ്യമങ്ങൾ ഒഴുകി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥലം സന്ദർശിച്ചു. മന്ത്രിമാർ തിരക്കിട്ട് നുവാപാട പ്രദേശത്തു വന്നു. വികസനത്തിനായുള്ള ഫണ്ടുകൾ എത്തി. പഴയ വാർത്തയിലെ കഥാപാത്രങ്ങൾക്ക് എന്തു സംഭവിച്ചു എന്നറിയാനായി 9 വർഷങ്ങൾക്കുശേഷം സായ് നാഥ് വീണ്ടും ആ പ്രദേശം സന്ദർശിക്കുന്നതാണ് യഥാർത്ഥ സ്റ്റോറി. ബനിതയും ഫനാസും അംഗനവാടി ജീവനക്കാരായി, മാസം 210 രൂപയാണിപ്പോൾ വരുമാനം. ബനിതയ്ക്ക് ബിദ്യാ പോതിൽ മൂന്നു കുട്ടികളുണ്ട്. മൂന്നുപേരും പോഷകാഹാരക്കുറവിന്റെ ഇരകളാണ്. സംഭവം, എന്തു വാർത്താപ്രാധാന്യം നേടിയിട്ടെന്ത്? അവരുടെ സാമ്പത്തിക സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്ന് അർത്ഥം.അദ്ഭുതകരമായ കാര്യം അന്നും പിന്നീടും 40 രൂപയ്ക്ക് പെൺകുട്ടിയെ വിലയ്ക്കു വാങ്ങിച്ച ബിഥ്യ പോതിനു പറയാനുള്ളതെന്തെന്ന് ആരും അന്വേഷിച്ചില്ലെന്ന കാര്യമാണ്. വാർത്തയിൽ അയാൾ പെൺ കുട്ടിയെ വിലപേശി വാങ്ങിച്ച ചെകുത്താന്റെ പരമ്പരയിൽപ്പെട്ട ആളാണ്. മാധ്യമങ്ങൾ തങ്ങൾക്കു തോന്നും പടി കഥകളെഴുതി. അന്ധനായ കിഴവൻ ബനിതയെ ചൂഷണം ചെയ്യുകയായിരുന്നെന്നും അയാൾ ഭൂവുടമയാണെന്നും തുച്ഛമായ തുകയ്ക്ക് അവളെ വാങ്ങി ഉപയോഗിച്ച ശേഷം നിർദ്ദയം അവൾ ഉപേക്ഷിച്ചെന്നും മറ്റും മറ്റുമായിരുന്നു കഥകൾ.
എന്നാൽ സത്യത്തിന്റെ മുഖം എപ്പോഴും വടക്കു നോക്കിയിരിക്കയല്ലല്ലോ. സ്വന്തമായി വീടില്ലാത്ത പരാശ്രയിയാണ് ഇതിലെ വില്ലൻ ബിഥ്യ പോത്. വൈകല്യമില്ലാത്തവർക്കു പോലും തൊഴിലില്ലാത്ത ഗ്രാമീണസാഹചര്യത്തിൽ തൊഴിലെടുത്തു ജീവിക്കാൻ നിവൃത്തിയില്ലാത്ത ഈ മനുഷ്യന് ഒരു ജീവിത പങ്കാളിയെ കിട്ടുക അത്ര എളുപ്പമല്ല. അമ്മാവന്റെ കനിവിൽ താമസിക്കുന്ന അയാൾ ഒരു സഹായിയെ ഭാര്യയായി കൂട്ടുകയായിരുന്നു. ബനിതയിൽ നിന്നോ ഫനാസിൽ നിന്നോ വ്യത്യസ്തമായ സാമ്പത്തിക സാഹചര്യമായിരുന്നില്ല അയാൾക്കുണ്ടായിരുന്നത്. വിവാഹം കഴിക്കുന്ന സമയത്ത് മാധ്യമങ്ങൾ എഴുതിയതുപോലെ ഒരു കിഴവനുമായിരുന്നില്ല. ഇരുപതുകളിൽ എത്തിയ ചെറുപ്പക്കാരനായിരുന്നു ബിഥ്യ. കഥയിൽ കണ്ടതുപോലെ അയാളത്ര അന്ധനും ആയിരുന്നില്ല. രണ്ടാം പ്രാവശ്യം വന്നപ്പോൾ സായ് നാഥിനെ തിരിച്ചറിയാൻ വേണ്ടിയുള്ള കാഴ്ചശക്തി അയാൾക്കുണ്ടായിരുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീധനം പോലെ നിലനിൽക്കുന്ന ഒരു ഏർപ്പാടാണ് വധൂധനം. അയാൾ അതു നൽകുകയാണ് ചെയ്തത്. മാധ്യമങ്ങളിൽ അതു വിൽപ്പനയായി കടന്നു കയറിയപ്പോഴും ഫനാസ് അതു നിരസിക്കാതിരിക്കാനുള്ള കാരണം അതുവഴി വല്ല സാമ്പത്തിക നേട്ടവും ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ എന്നു വച്ചാവണം. ഭർത്താവുപേക്ഷിച്ച ഫനാസ്, ഭർത്താവിന്റെ വകയായുള്ള ഭൂമി കടബാധ്യതകാരണം വിൽക്കുമ്പോൾ ഭർത്തൃസഹോദരിയായ ബനിത ഒരു തടസ്സമാവരുതെന്നു കരുതിയിരുന്നു. അവൾക്കും കൂടി അവകാശപ്പെട്ടതാണല്ലോ അത്. ചെറിയ കുട്ടിയായിരുന്ന അവളെ തന്നെ ഭാവിയിൽ ഉപദ്രവിക്കാൻ സാധ്യതയില്ലാത്ത ഒരാൾക്ക് പിടിച്ചുകൊടുത്ത് ഒഴിവാക്കി. അങ്ങനെ ദാരിദ്ര്യം ദിവ്യമായി പുഞ്ചിരി തൂകി നിൽക്കുന്ന ഒരു ഉപജാപം വിജയിച്ചു. എന്നല്ല വിചാരിക്കാത്ത വാർത്താപ്രാധാന്യം നേടി. പക്ഷേ അതിലെ കഥാപാത്രങ്ങൾക്ക് മെച്ചമൊന്നും ഉണ്ടായതുമില്ല.
അങ്ങനെ ഒരു കുടുംബപ്രശ്നമാണ് രാഷ്ട്രാന്തരീയമായി തന്നെ മനുഷ്യമനസ്സാക്ഷിയെ നീറ്റുന്ന ഒരു കാതലായ പ്രശ്നത്തിന്റെ ഇന്ത്യൻ പതിപ്പായി മാധ്യമങ്ങളിൽ അരങ്ങേറിയത്. ഒരിക്കൽ അമ്മായിയമ്മയുടെ പെരുമാറ്റം അസഹ്യമായതു കാരണം തന്നെ വിറ്റ ഫനാസിന്റെ അടുത്തേയ്ക്കു തന്നെ കുറച്ചുകാലത്തേയ്ക്ക് മടങ്ങിയതൊഴിച്ചാൽ ബനിതയെ ഒരിക്കലും ബിഥ്യ ഉപേക്ഷിച്ചില്ല. കുറച്ചുകാലത്തേയ്ക്കുള്ള പിണക്കം തന്നെ അയാളുടെ അപേക്ഷയിലാണ് ഒത്തുതീർന്നത്. തിരിച്ചറിവുണ്ടായ സമയം അവൾക്ക് അയാളെ വിട്ടുപോകാമായിരുന്നിട്ടും അവൾ അയാളെ ഒഴിവാക്കിയില്ല. മാത്രവുമല്ല അമ്മായിയമ്മയുമായുള്ള പിണക്കം കാരണം അവൾ തിരിച്ചെത്തിയത് അവളെ വിറ്റു എന്നു പറയപ്പെടുന്ന നാത്തൂന്റെ അടുത്തേയ്ക്കു തന്നെയായിരുന്നു. ഗ്രാമീണമായ കുടുംബബന്ധങ്ങളുടെ വഴികൾ അല്പം വളഞ്ഞതാണെങ്കിലും ഈർപ്പം വറ്റാത്തതാണ്. അവളുടെ ദാമ്പത്യത്തിൽഅവരുടെ മൂന്നുകുട്ടികൾ വളരുന്നു. എന്നാലും യഥാർത്ഥ പ്രശ്നം -ദാരിദ്ര്യം- പക്ഷേ ഇന്നും നില നിൽക്കുന്നു. കൌമാരക്കാരിയായ ഒരു പെൺകുട്ടിയെ വിൽപ്പന നടത്തിയതായുള്ള വാർത്തയ്ക്ക് ഗുണഫലമുണ്ടായതായും പരമദരിദ്രാവസ്ഥയുള്ള ആ പ്രദേശത്തേയ്ക്ക് ജനശ്രദ്ധ ആകർഷിച്ചതായും നമുക്കറിയാം. 1985-86 കാലഘട്ടത്തിലും 1994 ലും നടത്തിയ നുവാപാട യാത്രയ്ക്കിടയിലെ ദൂരം നൽകിയ പരിപ്രേക്ഷ്യം സായ് നാഥിനെക്കൊണ്ട് ചോദിപ്പിക്കുന്നു : ‘യഥാർത്ഥത്തിൽ അവിടെ എന്താണ് ശ്രദ്ധ നേടിയത്?’
വർഷങ്ങൾക്കിപ്പുറത്തു നിന്നു നോക്കുമ്പോൾ നുവാപാട- കാലഹണ്ടി പ്രദേശത്ത് നിന്നും റായ്പൂരിലേയ്ക്കുള്ള കുടിയേറ്റം ശക്തമാണ്. കാരണം തൊഴിലില്ലായ്മയാണ്. റായ് പൂരിലെ വേശ്യാലയങ്ങളിലേയ്ക്ക് ആട്ടിത്തെളിക്കുന്ന ഇവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ എണ്ണവും നാൾക്കു നാൾ വർദ്ധിക്കുകയാണ്. എന്നു വച്ചാൽ നുവാപാട വാർത്തയിൽ എന്ത് കാര്യത്തിനായാണോ ഇടം നേടിയത്, അതിന്റെ പുറവും അകവും അതേ ജീർണ്ണിപ്പോടെ ഇന്നും നിലനിൽക്കുന്നു എന്നാണ്. അതൊരു വശം. മറുവശമാണ്, ഫനാസിന്റെയും ബനിതയുടെയും ബിഥ്യയുടെയും കഥയിൽ കണ്ടത്. വാർത്തകളിൽ ദാരിദ്ര്യം ഭീകരതയോടും ഞെട്ടിക്കലോടും കൂടി അവതരിപ്പിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പുതുതായി സംഭവിച്ച എന്തോ ഒന്നാണ് അത് എന്ന ധാരണപരത്തുകയാവും. (അതിവൈകാരികത കലർത്തി) സംഭവങ്ങളെ ഉയർത്തിക്കാട്ടുക എന്ന സമീപനരീതിയാണിപ്പോഴും നില നിൽക്കുന്നത് എന്ന് സായ് നാഥ് എഴുതുന്നു. പ്രതിസന്ധി പെട്ടെന്നൊരു നാൾ സംഭവിക്കുന്നതല്ല. അതൊരു പ്രക്രിയയുടെ ഭാഗമാണ്. പക്ഷേ പ്രക്രിയകൾ ഒരിക്കലും വാർത്തയാകാറില്ല.
മൂന്ന്
മുന്നേ സൃഷ്ടിക്കപ്പെട്ട ഒരന്തരീക്ഷത്തിലേയ്ക്കാണ് ഒരു വാർത്ത നടന്നു കയറുന്നത് എന്നല്ലേ ഇതെല്ലാം കൂടി പറഞ്ഞു തരുന്നത്. അതു സൃഷ്ടിക്കുന്ന വൈകാരികമായ പ്രതികരണങ്ങൾ അതിന്റെ മാത്രമല്ല. നേരത്തെ സജ്ജമായിരുന്ന ഉള്ളടക്കങ്ങളുടെയും കൂടിയാണ്. ‘പെൺകുട്ടികളെ വിൽക്കുക’ ക്രൂരമായ ഇന്ത്യൻ യാഥാർത്ഥ്യമാണ്. പക്ഷേ വാർത്താപ്രാധാന്യം നേടിയത് അതുമായി പുലബന്ധം പോലുമില്ലാത്ത സ്വകാര്യമായ ഒരു കുടുംബോപജാപം എന്നു വരുമ്പോൾ ശരിയായൊരു ദുരന്തത്തിനു നാം പുല്ലും പിണ്ണാക്കുമിട്ട് ഊട്ടുകയാണ്. വാർത്തകളും (പെൺകുട്ടികളെ പോലെതന്നെ) വിൽക്കാനുള്ളതാണ്. അടുത്തകാലത്ത് കേരളത്തിൽ ‘വാർത്താപ്രാധാന്യം’ നേടിയ സംഭവങ്ങൾ എടുത്തു വച്ച് ആലോചിക്കുക. ഈ ‘ജനശ്രദ്ധ’ ഏതെങ്കിലും തരത്തിലുള്ള മാറ്റം താലത്തിൽ കൊണ്ടു വന്ന് സമക്ഷത്ത് വയ്ക്കുമോ?
യഥാർത്ഥത്തിൽ എന്താണ് ‘ജനശ്രദ്ധ’ നേടുന്നത്?
ചിത്രം : http://www.indiadevelopmentblog.com
February 2, 2011
സമയമാം നദി പുറകോട്ടൊഴുകി
മരിക്കുന്ന സമയത്ത് പി ഭാസ്കരൻ- നമ്മുടെ ഭാസ്കരൻ മാഷ് - മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ഓർത്താൽ തന്നെ ഞെട്ടലുളവാകുന്ന മറവിയുടെ ആഴത്തിൽ മുങ്ങിത്തപ്പുമ്പോഴും വേദിയിൽ ഒരു പാട്ടു കേട്ട്, ‘നല്ല പാട്ട് ആരുടെയാണ് അത്’ എന്ന് സ്വന്തം പാട്ടിനെപ്പറ്റി അദ്ദേഹം ചോദിച്ചു. അനുഭവങ്ങൾക്ക് ആകൃതി നൽകുന്ന ഭാഷയേക്കാൾ പ്രാചീനമാണ് സംഗീതത്തിന്റെ വഴികൾ എന്നുള്ളതുകൊണ്ട് ആ തിരിച്ചു പോക്കിൽ ഒരു ചെറു പുഞ്ചിരിയുണ്ട്. അലിഞ്ഞ് അലിഞ്ഞ് മറ്റൊന്നായിക്കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഇടവേളയിൽ വേണം എന്നു വച്ചല്ലാതെയുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരു ചെറു പുഞ്ചിരി. പക്ഷേ ഭൌമികമായ ലോകത്തെ മൂലകങ്ങൾ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല കേട്ടോ, ഇത്. സ്വപ്നങ്ങൾ നിർമ്മിക്കുന്ന പദാർത്ഥങ്ങളില്ലേ? അതുപോലെയുള്ള എന്തോ ചിലതുകൊണ്ടുണ്ടാക്കിയ മായികമായ ഒരു ലോകത്തെ കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറവി അനന്തയിലേയ്ക്കുള്ള പിടച്ചിലാണ്. അനുഭവങ്ങളുടെ ക്ഷണികവും ചെറുതുമായ ഒരു ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അഴിഞ്ഞ് അപാരമായ മറ്റൊന്നിലേയ്ക്ക് വിലയം പ്രാപിക്കൽ. അതൊരു വർത്തമാനക്രിയയാണ്. ആകാശത്തിന് പരിധികളില്ല. അതിന്റെ കണികകളാകുക എന്നു വച്ചാൽ യഥാർത്ഥത്തിൽ ആകാശം എന്ന ആധാരമോ ആകാശം എന്ന ആധേയമോ എന്നു കുഴമറിഞ്ഞ് ....അവയുടെ അതിരുകൾ ഇല്ലാതാവുന്ന പരിണതിയെ പുണർന്ന്....അങ്ങനങ്ങനെ...
‘അപാരസുന്ദര നീലാകാശ’ത്തെ അനന്തതയുടെ മഹാസമുദ്രമേ എന്നാണ് ഭാസ്കരൻ മാഷ് വിളിച്ചത്. ആകാശത്തിന് ആഴിയുടെ ഉപമ അത്രശരിയല്ല. ശാസ്ത്രീയമായി ചിന്തിക്കൂ. എന്നാലും കാവ്യത്തിന്റെ നീതിദേവത കാഴ്ചയുടെ കണ്ണു തുറന്നിടുകയും കാഴ്ചപ്പാടിന്റെ കണ്ണ് കറുത്ത തുണിയുപയോഗിച്ച് കെട്ടുകയും ചെയ്താൽ അതിലൊരു രസമൊക്കെയുണ്ട്. സംഗീതവും കവിതയും പ്രേമവും പോലെ ഒരു മയക്കു മരുന്നാണ്. പാട്ടു കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന സുഖാനുഭൂതി നല്ല ഭക്ഷണം കഴിക്കുമ്പോഴും ലൈംഗികവേഴ്ചയിലേർപ്പെടുമ്പോഴും ഉണ്ടാവുന്ന ചെറിയ മയക്കത്തിനു സമാനമാണ്. എൻഡോർഫിനുകളുടെ ശക്തി! ‘പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൽ കല്ലറയിൽ’ എന്ന് തുറക്കാത്ത വാതിലിൽ ഭാസ്കരൻ മാഷ് എഴുതി. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ, കാർമുകിൽ ആടകൾ തോരയിടാൻ വരും കാലത്തിൻ കന്യകളേ.. ’എന്ന് കറുത്ത പൌർണ്ണമി എന്ന സിനിമയിൽ. ചുറ്റുപാടുമുള്ള അതിസാധാരണമായ ജീവിതം കെട്ടുകളഴിഞ്ഞ് അനന്തനീലമായ അപാരലോകത്തിലേയ്ക്ക് പതുക്കെ വഴുതുന്ന ഒരു കാഴ്ചയല്ലേ ഇവിടെ? സാമ്പ്രാദികരീതിയിൽ പ്രകൃതിഭാവങ്ങളിൽ മനുഷ്യത്വമാരോപിക്കുക എന്ന കാൽപ്പനികയുടെ മൂപ്പെത്തിയ കായ പൊട്ടുന്നതാണീ സങ്കൽപ്പങ്ങൾ. അതുപോട്ടെ. പാട്ടല്ലേ, എൻഡോർഫിനുകൾ അത്തരം ചർവിതങ്ങളിൽ കുടുങ്ങിയല്ലാതെയും ത്രസിക്കട്ടെ. മുത്തശ്ശിയിൽ ജയച്ചന്ദ്രൻ പാടിയ ‘ഹർഷബാഷ്പം തൂകി വർഷ പഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്വൂ നീ..’ എന്ന പാട്ടു കേൾക്കുമ്പോൾ ആര് ആരോടാണ് സംസാരിക്കുന്നതെന്ന് ഓർത്ത് മുഴുകാതെ നിവൃത്തിയില്ല. മഞ്ഞുപെയ്യുന്ന രാത്രിയും ചന്ദ്രനുമാണ് ബോധത്തിൽ പെയ്യുന്നത്. സംഗീതത്തിന്റെ ജീവശാസ്ത്രപരമായ ഒരു കൈവഴി പ്രണയത്തിലേയ്ക്കും ലൈംഗികതയിലേയ്ക്കും അധികം ആരും ശ്രദ്ധിക്കാതെ ഒഴുകുന്നുണ്ട്. ജീവബിന്ദുകൾ ഇണയെ തിരയുന്ന അപാരതീരം.
തരള രാത്രികളിൽ പിന്നെയും
‘താനേ തിരിഞ്ഞും മറിഞ്ഞും -തൻ
താമരമെത്തയിരുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദര ചന്ദ്രലേഖ !’ - യിലേയ്ക്കാണ് കവിയുടെ കണ്ണെത്തുന്നത്. നോക്കിനിൽപ്പിന്റെ സുഖമാണ് കൽപ്പനകളിൽ. മലയാളത്തിലെ പ്രണയഗാനങ്ങളിൽ ഏറിയും കുറഞ്ഞും ശക്തമായ സാന്നിദ്ധ്യമാണ് ഈ ഒളിഞ്ഞു നോട്ടക്കാരൻ. ഭാർഗവീ നിലയത്തിലെ പാട്ടിൽ ‘കടലല നല്ല കളിത്തോഴൻ, കാറ്റോ നല്ല കളിത്തോഴി. കരയുടെ മടിയിൽ രാവും പകലും കക്ക പെറുക്കി കളിയല്ലോ..’ എന്നുണ്ട്. വെറുമൊരു പിള്ളേരുകളിയ്ക്കപ്പുറത്ത് ഏകാന്തതയുടെ മറ്റൊരു അപാരതീരം വന്നു വളകിലുക്കി നിൽക്കുന്നതുകൊണ്ടാണ് ആളൊഴിഞ്ഞ ഒരു കടൽത്തീരം പ്രണയസല്ലാപത്തിനുള്ള വേദിയ്ക്കപ്പുറം മറ്റെന്തോ ആയി മാറുന്നത്. (‘കാറ്റുചിക്കിയ തെളിമണലിൽ കാലടിയാൽ നീ കഥയെഴുതി വായിക്കാൻ ഞാനണയും മുൻപേ വൻ തിര വന്നതു മായ്ച്ചല്ലോ.’ ) താമസമെന്തേ വരുവാൻ എന്നു തുടങ്ങുന്ന പാട്ടിൽ തങ്കവള കിലുക്കുന്നത് തളിർ മരങ്ങളാണ്. പാദസരം പൂഞ്ചോല കടവിലാണ് കുലുങ്ങുന്നത്. പാലൊളിച്ചന്ദ്രികയിലാണ് മന്ദഹാസം കുടുങ്ങിക്കിടക്കുന്നത്. പാതിരാക്കാറ്റിൽ ഇളകുന്നത് പട്ടുറുമാലാണ്. “പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രികതൻ ചന്ദനമണി മന്ദിരത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ ....”ഗാനലോക വീഥികളിൽ വേണുവൂതി നടക്കുന്ന പാമരനായ പാട്ടുകാരന്റെ സങ്കൽപ്പങ്ങളിലും ആകാശത്തിന്റെ നിത്യസാന്നിദ്ധ്യമുണ്ട്.
‘പുറമേ കളിയും ചിരിയും താഴെ ചെളിയും ചുഴിയുമുള്ള മഹാസാഗര’മായിട്ടാണ് ഭാസ്കരൻ മാഷ് നഗരത്തെ വിഭാവന ചെയ്യുന്നത് നഗരമേ നന്ദി എന്ന സിനിമയിലെ ‘നഗരം നഗരം’ എന്ന പാട്ടിൽ. ദുഃഖങ്ങൾക്ക് അവധികൊടുത്താൽ വിധിയും ഒരു കെട്ടു ചീട്ടുമായി കളിയാടാനിരിക്കാൻ സ്വർഗത്തിലൊരു മുറിയുണ്ടെന്ന് ‘അമ്പലപ്രാവ്’ എന്ന സിനിമയിലെ ഗാനത്തിൽ പറയുന്നു. ‘മറക്കാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം’ എന്ന് തത്ത്വം പറയുന്ന ‘കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന പാട്ടിൽ (മുറപ്പെണ്ണ്) ‘കാലം തിരിച്ചു നടന്നാൽ’ എന്നൊരു പ്രയോഗമുണ്ട്. അതുകാണണമെങ്കിൽ കാലത്തിന് അതീതമായി നിൽക്കുന്ന ഒരു സത്ത സന്നിഹിതമായിരിക്കണമല്ലോ. സമ്പൂർണ്ണമായ മറവിയെക്കുറിച്ച് കാലത്തിന്റെ തിരിച്ചു നടപ്പാണെന്ന് ഒരു സങ്കൽപ്പമില്ലേ. മനുഷ്യൻ ഓർമ്മകളിലൂടെ സഞ്ചയിച്ചതെല്ലാം കളഞ്ഞ് തുടങ്ങിയടത്തേയ്ക്ക് തിരിച്ചു പോവുക. നോക്കി നിൽക്കുന്നവനു അതു കുറിച്ചു വയ്ക്കാം. ആയിതീരുന്നവനോ? ‘കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ’(അശ്വതി) എന്ന വരികൾ ഒന്നുകൂടി നോക്കുക. ആദ്യ വരി നിരീക്ഷണമാണ് രണ്ടാമത്തെ വരി ആയിത്തീരലും. കവിതയിൽ കണക്കിനും യുക്തിയ്ക്കും എവിടെ സ്ഥാനം എന്ന അർത്ഥമുള്ള ആദ്യ അടരു മുറിക്കണം എങ്കിലേ ‘ഏടുകളെവിടെ’ എന്ന മറവിയുടെ കല്ലേൽക്കുവാൻ സാധിക്കൂ. മുൻപേ കുറിച്ചിട്ട ഒരു പാട്ടിൽ ‘കാലടികളാൽ നീ എഴുതിയ കഥ വൻ തിര വന്ന് മായ്ച്ചു’ കളഞ്ഞ കാര്യം പറയുന്നുണ്ടല്ലോ (ഭാർഗവീ നിലയം) അതിലുള്ളതും ഇതേ മറവി തന്നെയല്ലേ? ഇന്നലെ എന്നാണ് മറവിയുടെ കാൽപ്പനികതയെ മലയാളത്തിൽ ആവിഷ്കരിച്ച ഒരു സിനിമയ്ക്ക് പദ്മരാജൻ നൽകിയ പേര്. ഇന്നലെ അതിവിദൂരമായ ഭൂതമല്ല. എങ്കിലും അതിന്റെ ദൂരം അളക്കുക സാദ്ധ്യമല്ല. ‘ഇന്നലെ നീയൊരു സുന്ദരരാഗമായി പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു‘ എന്നാണ് സ്ത്രീ എന്ന സിനിമയ്ക്കു വേണ്ടി രചിച്ച ഗാനത്തിലെ ഈരടി പറയുന്നത്. ഇന്ന് അയാൾക്ക് എന്താണ് സംഭവിച്ചത്? ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു.’ (അന്വേഷിച്ചു കണ്ടെത്തിയില്ല) എന്ന് മറ്റൊരു പാട്ടിൽ ഇതേ ഇന്നലെയുണ്ട്. ഇതൊരു സാധാരണമയക്കമാണെന്ന് തോന്നുന്നില്ല. ഇന്നലെകൾ പാടേ മാഞ്ഞുപോവുകയും മധുമാസ ചന്ദ്രികമാത്രം പുഞ്ചിരിതൂകി നിൽക്കുന്ന ആകാശത്തിൽ മെല്ലെ ആമുഗ്ദ്ധമാവുകയും ചെയ്യുന്ന ഒരു അവസ്ഥയെ പ്രതിനിധീകരിക്കുന്നുണ്ട്. വേദിയിൽ സ്വന്തം പാട്ടു കേട്ട് നല്ല പാട്ടെന്ന് പറഞ്ഞ ഭാസ്കരൻ മാഷ് ഒരു മയക്കത്തിൽ നിന്ന് ‘പൊന്നിൻ ചിലമ്പൊലി’ കേട്ടുണർന്നതാണ്. ഒരു മുങ്ങി നിവരൽ.
സംഗീതത്തിന് ജീവിതവുമായുള്ള ബന്ധം ഓർമ്മകളുടെ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ വൈകാരികാനുഭവങ്ങൾക്ക് തൊട്ടു പിന്നാലെ ഓർമ്മകളുടെ കുത്തഴിഞ്ഞ ഒഴുക്കുണ്ട്. സംഗീതത്തിന് കൈവളചാർത്തിയ ഓർമ്മകളെ തിരിച്ചു വിളിക്കാൻ എത്രയോ കഴിയും. ശബ്ദായമാനമെങ്കിലും വിമൂകമായ ഒരു വേദിയിലേയ്ക്ക് എന്ന് കവി. എന്തൊരു വിരോധാഭാസം! ‘ഭാസ്കരൻ മാഷ്’ എഴുതി ‘സമയമാം നദി പുറകോട്ട് ഒഴുകി, സ്മരണതൻ പൂവണിത്താഴ്വരയിൽ. സംഭവമലരുകൾ വിരിഞ്ഞു വീണ്ടും, വിരിഞ്ഞു വീണ്ടും...’ അപ്പോഴും തലച്ചോറിന്റെ അടരുകളിൽ അനുഭവത്തിന്റെ എക്കലുകൾക്കൊപ്പം എവിടെ നിന്നെന്നറിയില്ല, സ്വപ്നങ്ങൾ നിർമ്മിച്ചിരിക്കുന്ന നിറമില്ലാത്ത പദാർത്ഥങ്ങളും വന്നടിഞ്ഞ് സംഭവമലരുകളുടെ നാൾ വഴിപ്പുസ്തകം ഒരു നാൾ വിചാരിച്ചിരിക്കാതെ കെട്ടഴിഞ്ഞു പോകുന്നു. അതിലെ ചിരപരിചിതമായ വരികൾ അസംബന്ധങ്ങളായി കാലത്തിന്റെ ചില്ലയിൽ നിന്ന് താഴെ വീഴുന്നു. അതിന്റെ ഏടുകളും ലിപികളും നോക്കിയിരിക്കേ അലിഞ്ഞൊഴിഞ്ഞ് മറ്റെന്തോ ആയി....അങ്ങനങ്ങനെ. അത് മറ്റൊരു കാവ്യ പുസ്തകം. അതിന്റെ കണക്കെഴുതാൻ ഏടുകളെവിടെ?
പുസ്തകങ്ങൾ
പിഭാസ്കരന്റെ കാവ്യമുദ്രകൾ - ശ്രീകുമാരൻ തമ്പി
പരിണാമസിദ്ധാന്തം-പുതിയ വഴികൾ കണ്ടെത്തലുകൾ - ജീവൻ ജോബ് തോമസ്