December 11, 2010
വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജി
ഇന്നത്തെ (10-12-2010) മനോരമ പത്രത്തിലെ പഠിപ്പുരയില്‍ ‘നിങ്ങളുടെ സ്കൂളില്‍ അവകാശലംഘനമുണ്ടോ?’ എന്നൊരു ചോദ്യമുണ്ടായിരുന്നല്ലോ. ഇന്നുച്ചയ്ക്ക് കിട്ടിയ ഫ്രീ പിരീഡില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഈ വിഷയം ഏതെങ്കിലും അദ്ധ്യാപകര്‍ അസൈന്മെന്റായി തന്നിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ എഴുതുമായിരുന്നു എന്ന് വെറുതേ ആലോചിച്ചു. അങ്ങനെയെങ്കിലും ഞങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ ഇവിടെയുള്ള അദ്ധ്യാപികമാരെ അറിയിക്കാന്‍ അവസരം കിട്ടുമായിരുന്നു. അല്ലാതെ അവസരമില്ല. പറഞ്ഞിട്ടെന്തു ഫലം? അങ്ങനെയൊന്നും ഉണ്ടാവില്ല. ‘നിലവാരം കണക്കിലെടുക്കാതെയുള്ള പഠനരീതിയും കനമുള്ള ബാഗു‘മൊന്നുമല്ല ഞങ്ങളുടെ പ്രശ്നം.
പഠിക്കാത്തതുകൊണ്ടും ഉഴപ്പുന്നതുകൊണ്ടുമുള്ള കുറ്റങ്ങള്‍ കേട്ടു കേട്ട് ജീവിതം തന്നെ മടുത്തിരിക്കുന്ന ഞങ്ങള്‍ക്ക് ഇതൊക്കെ അവകാശ ലംഘനം തന്നെയാണോ എന്നും അറിയില്ല.
എന്തായാലും ഒന്നു കേട്ടു നോക്കുക. ഒരുപാട് കാര്യങ്ങള്‍ക്ക് ദിവസവും പഴി കേള്‍ക്കുന്നതിനാല്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ ‘ഗുരുത്വദോഷം’ കൂടി ഞങ്ങളുടെ തലയില്‍ ഇരുന്നോട്ടെ.
1. പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.
2. ആകെ രണ്ടു വാഷ് ബേയ്സിനേയുള്ളൂ. കൈകഴുകാനുള്ള കുട്ടികളുടെ എണ്ണം മുന്നൂറ്റി അന്‍പതോളം വരും.. ഉച്ചയാവുമ്പോള്‍ അവിടെ തള്ള്, ക്യൂ.. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്. അതായത് കൈ കഴുകാം, പാത്രം കഴുകാന്‍ പാടില്ല. സ്കൂള്‍ പരിസരം വൃത്തികേടാവുന്നു. അതുകൊണ്ട് എച്ചില്‍പ്പാത്രവും മിച്ചം വന്നതും കഴുകാതെ പഠിക്കുന്ന പുസ്തകങ്ങളോടൊപ്പം വച്ച് കൊണ്ടുപോകണം. പരിസ്ഥിതി വൃത്തിയായി. ഞങ്ങളുടെ ബാഗ് എച്ചില്‍ ബാഗായിയിരിക്കുന്നു.
3. അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാമെങ്കിലും - വാരാതെയുമിരിക്കാമെങ്കിലും - ഞങ്ങള്‍ സ്കൂള്‍ സമയത്തിനു 5 മിനിട്ട് മുന്‍പേ സ്കൂളില്‍ എത്തിയിരിക്കണം. വഴി മുഴുവന്‍ കുഴിയാണ്, റോഡ് ബ്ലോക്കാണ്, ബസ്സു സമയത്തിനു വന്നില്ല എന്ന ന്യായമൊന്നും പറയാന്‍ പാടില്ല. എന്നല്ല, ഒന്നും തിരിച്ചു പറയാന്‍ പാടില്ല. ലേറ്റായി വരുന്നവരെല്ലാം ബോയ്സിന്റെ കൂടെ കറങ്ങാന്‍ പോയിട്ടു വരുന്നവരാണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ചിലപ്പോള്‍ അച്ഛനും അമ്മയ്ക്കും കൂടി ചേര്‍ത്താണ് തെറി. ലേറ്റായി വരുന്നരുടെ പേര് ബുക്കിലെഴുത്ത്, വഴക്കു പറച്ചില്‍ ശിക്ഷ, കരച്ചില്‍... എല്ലാം കൂടി ചേര്‍ന്ന് ക്ലാസില്‍ ചെല്ലുമ്പോള്‍ അവിടെയും ചിലപ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരും. അതായത് 5 മിനിട്ട് ലേറ്റാവുന്ന കുട്ടികള്‍ വഴക്കുപറയല്‍, ഗുണദോഷ ചടങ്ങുകളൊക്കെ കഴിഞ്ഞ് ചിലപ്പോള്‍ ക്ലാസിലിരിക്കുന്നത് മൂന്നാമത്തെ പിരീഡായിരിക്കും.
4. സ്കൂളില്‍ എത്തുന്ന കാര്യത്തില്‍ മാത്രമാണ് സമയനിര്‍ബന്ധം. അതുകഴിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കായി കറങ്ങി നടക്കുന്ന കുട്ടികളെ കാണാം. ഹൈസ്കൂളില്‍ ചില ആണ്‍ കുട്ടികളെ ( ഞങ്ങളുടെ സ്കൂളില്‍ ഹൈസ്കൂള്‍ വരെ ആണ്‍ കുട്ടികള്‍ ഉണ്ട്, ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികള്‍ക്കു മാത്രം) ക്ലാസിനു പുറത്തോ ഓഫീസിനു വെളിയിലോ നിര്‍ത്തിയിരിക്കുന്നതു കാണാം. ദിവസം മുഴുവന്‍ അവരെ അവിടെ നിര്‍ത്തിയിരിക്കും.
5. ലീഡര്‍മാരുടെ പ്രധാന ജോലി ക്ലാസിലുള്ള കുട്ടികളുടെ പ്രേമം കണ്ടെത്തുകയാണ്. ഒരു കുട്ടി ആരെ നോക്കി ചിരിച്ചു, ബസ്സില്‍ ആരുടെ അടുത്താണ് നില്‍ക്കുന്നത്, ട്യൂട്ടോറിയല്‍ കോളേജില്‍ ആരോടു സംസാരിക്കുന്നു ഇതൊക്കെ ചെന്നു ടീച്ചറോടു പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ വഴക്കു കിട്ടും. നല്ല ലീഡറാവാന്‍ ഇതൊക്കെ ചെയ്യണം. അതുകൊണ്ട് ക്ലാസില്‍ എല്ലാവരും എല്ലാവരെയും സംശയിക്കുന്നു. ക്ലാസിലിരുന്ന് ഒരു തമാശപറയാന്‍ പോലും ആര്‍ക്കും കഴിയില്ല. എപ്പോള്‍ ആരുടെ തലയില്‍ ഇടിവീഴും എന്നു പറയാന്‍ പറ്റില്ലല്ലോ.
6. ഏതെങ്കിലും കുട്ടിയുടെ നാവില്‍ നിന്ന് ആരുടെയെങ്കിലും പേരു വീണു കിട്ടിയാല്‍ പൂരമാണ് പിന്നെ. ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കും. സ്കൂള്‍ സമയം കഴിഞ്ഞും നീളും ചോദ്യം ചെയ്യല്‍. അപ്പോള്‍ ക്ലാസില്‍ പോകേണ്ടതില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി. സ്വന്തം കാര്യം മാത്രമല്ല. മറ്റു കുട്ടികളുടെ പ്രേമത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞുകൊടുക്കണം. കണ്ടെത്തിയ പ്രേമങ്ങളുടെ നീണ്ട ലിസ്റ്റ് അവരുടെ കൈയ്യിലുണ്ട്. അവിടെ വരുന്ന എല്ലാവരെയും അതു കാണിക്കും.
7. സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.
8. ചില ടീച്ചര്‍മാരും ചോദ്യം ചെയ്യാറുണ്ട്. സ്കൂളില്‍ പ്രേമം പിടിക്കുന്ന പരിപാടിയാണ് മുഖ്യം. പഠിപ്പിക്കലിന് അത്ര പ്രാധാന്യമില്ല. സ്റ്റാഫ് റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് ‘റാഗിംഗ്’ നേരിടേണ്ടി വരും. “ഇന്നു നിന്റെ മറ്റേയാളിനെ കണ്ടില്ലേ? അയാള്‍ എന്തു ഷര്‍ട്ടാണ് ഇട്ടുകൊണ്ട് വന്നിരിക്കുന്നത്? നീ നന്നായി നോക്കിയോ, എന്താണ് മുഖത്തൊരു ദുഃഖം? ... (ഏതെങ്കിലും സിനിമാതാരത്തിന്റെയോ പുരാണ കഥാപാത്രത്തിന്റെയോ പേരു്..) ..കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലേ? അയാള്‍ നിന്നെ മറന്ന് മറ്റാരെങ്കിലും കണ്ടെത്തിയോ? ” ഇതൊക്കെയാണ് ചോദ്യങ്ങള്‍. എന്നിട്ട് ടീച്ചര്‍മാരെല്ലാം കൂടി കൂട്ട ചിരി. ക്ലാസില്‍ വന്നും ചിലര്‍ ഇതൊക്കെ കാണിക്കാറുണ്ട്. ഇവര്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട് അതു കുറ്റമായി എല്ലാവരോടും പറഞ്ഞു നടക്കും.
9. അച്ഛനോ അമ്മയോ കാണാന്‍ വരുമ്പോള്‍ ടീച്ചര്‍മാര്‍ പറയുന്നത് ‘ഇവള്‍ എപ്പഴും ആലോചിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ല. ഇവള്‍ക്ക് ചികിത്സ വേണം’ എന്നാണ്. ‘ആലോചിച്ചുകൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞാല്‍ അവള്‍ ആരെയോ പ്രേമിക്കുന്നു എന്നാണ്. പിന്നെ അമ്മമാര്‍ക്ക് സംശയമായി. അവര്‍ക്ക് അതു സഹിക്കാന്‍ പറ്റില്ല. അതോടെ അമ്മയോട് എന്തു പറഞ്ഞാലും ദേഷ്യം പിടിക്കും. ഞങ്ങളെ സംശയിക്കാന്‍ തുടങ്ങും.
10. ചായ കുടിച്ച ഗ്ലാസു കഴുകുക, ഇരിക്കാനുള്ള കസേര തുടപ്പിക്കുക, തുടങ്ങിയ പരിപാടികളും ഉണ്ട്, ടീച്ചര്‍മാര്‍ക്ക്. പലപ്പോഴും സ്നേഹത്തോടെയാണ് പറയുന്നത്. ദേഷ്യത്തോടെ പറയുന്നവരും ഉണ്ട്. നിഷേധിക്കാന്‍ പറ്റില്ല. നിഷേധി എന്ന പേരു കേള്‍ക്കേണ്ടി വരും. എല്ലാത്തിനും ഇമ്പോസിഷന്‍ കിട്ടും. ടീച്ചര്‍മാര്‍ ചെയ്യേണ്ട ജോലികള്‍ ഞങ്ങളെക്കൊണ്ട് ചിലപ്പോള്‍ ചെയ്യിക്കും. മാര്‍ക്കു ലിസ്റ്റ് വായിച്ചു കൊടുക്കുക. ഉത്തരക്കടലാസിലെ മാര്‍ക്കെഴുതുക, റിപ്പോര്‍ട്ട് കാര്‍ഡിലെ മാര്‍ക്കും മറ്റും എഴുതി കൊടുക്കുക, നോട്ടീസ് കൊണ്ടു കൊടുക്കുക...അങ്ങനെ അങ്ങനെ. ചെയ്തു കൊടുത്താല്‍ കുറച്ചു നാള്‍ വഴക്കു പറച്ചില്‍ ഇല്ല. പ്രിന്‍സിപ്പാളിന്റെയും ടീച്ചര്‍മാരുടെയും പ്രിയപ്പെട്ട കുട്ടിയാവാം.
11. ഇതൊന്നും സാരമില്ല, ഞങ്ങളൊക്കെ പിച്ചക്കാരികളാണെന്ന മട്ടില്‍ ടീച്ചര്‍മാര്‍ സംസാരിക്കും അതാണ് സഹിക്കാന്‍ പറ്റാത്തത്. ഒരു അദ്ധ്യാപിക ക്ലാസില്‍ പറഞ്ഞത് നിന്നെയൊക്കെ പഠിപ്പിക്കാനല്ല ഞാന്‍ വരുന്നത് ശമ്പളം കിട്ടും അതുകൊണ്ടാണെന്നാണ്. ഞങ്ങളെ വിശേഷിപ്പിക്കാന്‍ ഒരു ചീത്തപ്പേരും അവര്‍ ഉപയോഗിച്ചു. ദേഷ്യം കൊണ്ടല്ല. അവര്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞതാണ്. കാരണം അവര്‍ പഠിപ്പിക്കാനേയല്ല ക്ലാസില്‍ വരുന്നത്. അവര്‍ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാകുകയും ഇല്ല. ഇങ്ങനെ മനോഭാവമുള്ള ഒരാള്‍ ആത്മാര്‍ത്ഥമായി പഠിപ്പിക്കുമോ? ചില അദ്ധ്യാപികമാര്‍ മറ്റു ടീച്ചേഴ്സിനെ കുറ്റം പറയും. ------- സാറിനോട് സംസാരിച്ചാൽ ചീത്തയായി പോകും എന്നൊക്കെ. അതാണ് അവര്‍ പഠിപ്പിക്കുന്ന പാഠം.
12. സി ഇ മാര്‍ക്ക് കുറയ്ക്കുമെന്നും കോണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നെഴുതി ഭാവി തുലയ്ക്കുമെന്നും ടി സി തരുമെന്നും ഞങ്ങളെ അദ്ധ്യാപികമാര്‍ ഭീഷണിപ്പെടുത്താറുണ്ട്. സി ഇ മാർക്ക് നല്ലവണ്ണം കുറ്ച്ചിട്ട ടീച്ചർ മാരുണ്ട്. ചോദിച്ചപ്പോൾ തെറ്റിപ്പോയതാണെന്ന് പറഞ്ഞു. ചില കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വളരെ ഭയമുണ്ട്. ക്ലാസില്‍ സംശയം ചോദിച്ചാലും അതങ്ങനെയാണോ എന്ന് തിരിച്ചു ചോദിച്ചാലും ഭീഷണിയാണ്. അതു കുറച്ചു ദിവസം നീണ്ടു നില്‍ക്കും. ഏതെങ്കിലും ടീച്ചറിനു ഒരു കുട്ടിയോടു ഇഷ്ടക്കേടുണ്ടായാല്‍ പിന്നെ ആ കുട്ടിയുടെ കാര്യം പോക്കാണ്. എന്തു ചെയ്താലും അതിനെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും.
13. ചില ടീച്ചര്‍മാര്‍ക്ക് ചില കുട്ടികളെ ഇഷ്ടമാണ്. പക്ഷേ ടീച്ചര്‍മാര്‍ക്കു തമ്മില്‍ തമ്മില്‍ വഴക്കുണ്ട്. അതിന്റെ ഫലം പാവം ഞങ്ങളാണ് അനുഭവിക്കേണ്ടത്. ഒരു ടീച്ചറിന്റെ പെറ്റായ കുട്ടിയെ കാണുന്നത് മറ്റേ ടീച്ചറിനു കലിയാണ്..അതുകൊണ്ട് ആ ക്ലാസില്‍ ആ കുട്ടി എന്തു ചെയ്താലും കുറ്റമാണ്. വെറുതെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും. കണ്ണീരു കണ്ടാല്‍ പോലും ചില അദ്ധ്യാപികമാര്‍ക്ക് ദയയുണ്ടാവില്ല. വഴക്കു പറഞ്ഞു കൊണ്ടിയിരിക്കും. എന്തെങ്കിലും മനസ്സിലാവണ്ടേ? അതിന്റെ കൂടെ വഴക്കും. രണ്ടു ദിവസം മുന്‍പ് ഏതോ കരിയര്‍ ഗൈഡന്‍സുകാര്‍ ഒരു സ്ലിപ്പു കൊണ്ടു വന്ന് പൂരിപ്പിക്കാന്‍ പറഞ്ഞു, അതിലൊരു ചോദ്യമുണ്ടായിരുന്നു, നിങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആര്? അതിനൊരു കുട്ടി ഒരു ടീച്ചറിന്റെ പേരെഴുതി മറ്റൊരു ടീച്ചറിന്റെ പേരെഴുതിയില്ല എന്നും പറഞ്ഞ് അതിനും കിട്ടി ഞങ്ങള്‍ക്ക് വഴക്ക്. അദ്ധ്യാപികമാര്‍ക്ക് എന്തോ മാനസികക്കുഴപ്പമുണ്ടെന്നു തോന്നും ഒരു കാര്യവുമില്ലാതെ അവര്‍ ദേഷ്യം കൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നതു കണ്ടാല്‍. കാരണം ഒന്നും പറയുകയും ഇല്ല.
14. എക്സ്ട്രാ ക്ലാസുകള്‍ ഞങ്ങള്‍ക്ക് പേടി സ്വപ്നമാണ്. ശനിയും ഞായറുമൊക്കെ ഞങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ വക എക്സ്ട്രാക്ലാസുകളാണ്. അവധി ദിവസങ്ങളിലും എക്ട്രാക്ലാസാണ്, പോയില്ലെങ്കില്‍ വീട്ടില്‍ വിളിച്ച് പരാതി പറയും. പിന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്യും. അതു പേടിച്ച് എല്ലാവരും പോകും. എന്നാല്‍ പോര്‍ഷന്‍ ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. പ്രിന്‍സിപ്പാളിനു പഠിപ്പിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഞങ്ങള്‍ അവധികള്‍ ഇല്ലാതെ ചെന്നിരുന്നുകൊടുക്കണം. ക്ലാസെടുപ്പൊന്നുമില്ല. വെറും വാചകമടിമാത്രം. മണിക്കൂറുകളോളം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതില്‍ പഠിക്കാനുള്ള ഒന്നും ഉണ്ടാവില്ല. ഞങ്ങള്‍ വെറുതേ കേട്ടുകൊണ്ടിരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൂടാ, കോട്ടുവായിട്ടുകൂടാ, പുറത്തേയ്ക്ക് നോക്കിക്കൂടാ, ഉറങ്ങിക്കൂടാ, അനങ്ങാതെ ബാഗും പിടിച്ച് പാവകളെപ്പോലെ രാവിലെ മുതല്‍ ഓരോ സെക്കന്റും എണ്ണി കഴിച്ചുകൂട്ടും. അപ്പോള്‍ തോന്നും, ജീവിതം എന്ത് ബോറാണ്!
15. ഇപ്പോള്‍ സ്കൂളില്‍ പുതിയൊരു നിയമം കൂടി വന്നു. നാട്ടില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആണ്‍ അദ്ധ്യാപകരോട് (അവര്‍ ആണുങ്ങളാണ്. ആകെ നാലുപേരേയുള്ളൂ സ്കൂളില്‍) ഞങ്ങള്‍ ക്ലാസിനു പുറത്തു വച്ച് സംസാരിക്കാന്‍ പാടില്ല. അവരുടെ സ്റ്റാഫ് റൂമില്‍ പോകാന്‍ പാടില്ല. എന്തു സംശയവും ക്ലാസില്‍ വച്ചു തന്നെ തീര്‍ക്കണം. ക്ലാസ് മുറിയില്‍ നടക്കുന്ന രഹസ്യങ്ങളൊക്കെ ഞങ്ങള്‍ അവരോട് പറയുമോ എന്നായിരിക്കും പേടി. എന്നാല്‍ പെണ്‍ ടീച്ചര്‍മാരുടെ സ്റ്റാഫ് റൂമില്‍ പോയി തന്നെ സംശയങ്ങള്‍ തീര്‍ക്കണം. അദ്ധ്യാപകരുടെ അടുത്തു നിന്ന് പെണ്‍കുട്ടികള്‍ സംസാരിക്കുന്നു. തോളില്‍ കൈയ്യിടുന്നില്ലെന്നേയുള്ളൂ, എന്നൊക്കെ പ്രിന്‍സിപ്പാള്‍ ക്ലാസ് പി ടി എയ്ക്കു വന്ന അമ്മമ്മാരോട് പറയുന്നു. രക്ഷാകര്‍ത്താക്കള്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരമില്ല. എല്ലാമറിയാവുന്ന വൃദ്ധയുടെ ഗൂഢമായ മന്ദസ്മിതത്തില്‍ തന്ത്രപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുന്നു, അവര്‍ എല്ലാം.
16. പിന്നെയുമുണ്ട് നിയമങ്ങള്‍. ക്ലാസില്‍ വച്ച് കൈപൊക്കാന്‍ പാടില്ല. ക്ലാസു കഴിഞ്ഞ് പുറത്തിറങ്ങാന്‍ പാടില്ല. കാരണം താഴെ നിന്ന് ആണ്‍കുട്ടികള്‍ മൊബൈലില്‍ ഫോട്ടോ എടുക്കും. എന്നും ഒരേ ബസ്സില്‍ കയറാന്‍ പാടില്ല. കാരണം ആണ്‍ കുട്ടികളെ എന്നും കണ്ടാല്‍ പ്രേമമാകും. തൊട്ടിരിക്കാനും കൊഞ്ചിക്കുഴയാനും പാടില്ല. തൊട്ടടുത്ത് ബോയ്സ് സ്കൂളായതിനാല്‍ മുന്‍പേ തന്നെ സ്കൂള്‍ ഗ്രൌണ്ടിലൊന്നും പോകാന്‍ പാടില്ല. ഇപ്പോള്‍ ക്ലാസിനു പുറത്തിറങ്ങാനും അവിടെ നില്‍ക്കാനും പാടില്ലെന്ന നിയമം വന്നതോടെ സ്കൂള്‍ ഒരു ജയില്‍ ആയി. അന്‍പതില്‍ കൂടുതല്‍ കുട്ടികളാണ് ഈ ജയിലില്‍. സിനിമകളില്‍ പോലും ഇതിനേക്കാള്‍ വലിയ മുറിയാണ് ജയില്‍. അതിലിത്രയും തടവുകാരെ ഒരു സമയം ഇടില്ല.
17. രണ്ടു ദിവസം മുന്‍പ് നടന്ന ഞങ്ങളുടെ ക്ലാസ് പി ടി എ സ്കോര്‍ കുറഞ്ഞതിനു കുറ്റം കുറ്റം തന്നെ. ടീച്ചര്‍മാര്‍ക്ക് ഒരു കുഴപ്പവുമില്ല. ഒരു കുട്ടിയ്ക്ക് നല്ല സ്കോര്‍ ഏതിനെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അതു ടീച്ചര്‍ വെറുതേ കൊടുത്തത്. ഗ്രേഡു മോശമായത് കുട്ടി പഠിക്കാത്തതുകൊണ്ട്. അതു സാരമില്ല. “നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇപ്പോള്‍ മോശമായിരിക്കുന്നത്.. ഇങ്ങനെ പോയാല്‍ ഇവള്‍ തോല്‍ക്കും.” ഇതാണ് അച്ഛനമ്മമാരോട് പറയാന്‍ ടീച്ചര്‍മാര്‍ റെക്കോഡു ചെയ്തു വച്ചിരിക്കുന്ന വാക്യം. വല്ലാത്ത ക്രൂരതയാണിത്. ഒന്നുരണ്ട് ടീച്ചര്‍മാരെപ്പറ്റി കുറ്റം പറയാന്‍ എഴുന്നേറ്റവരെ അതൊന്നും ഇവിടെ പറയണ്ട എന്നു പറഞ്ഞ് ഇരുത്തി. ഒരു മണിക്കൂറോളം ക്ലാസെടുത്ത പ്രിന്‍സിപ്പാളിന് പഠനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. പരാതികള്‍ക്ക് മറുപടി ഇല്ല. പകരം സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വഭാവം ചീത്തയാണെന്ന് മാത്രമാണ് എല്ലാ ക്ലാസിലും വിളിച്ചു പറഞ്ഞത്. പെണ്‍കുട്ടികള്‍ കൊഞ്ചുകയും കുഴയുകയും ചെയ്യുന്നു. ആണ്‍കുട്ടികളുടെ തോളില്‍ കൈയിടുന്നില്ലെന്നു മാത്രം ബാക്കിയെല്ലാം ചെയ്യുന്നുണ്ട്. ആണുങ്ങളുടെ മൊബൈലില്‍ എല്ലാം ഇവിടുള്ള പെണ്‍കുട്ടികളുടെ പടമാണ്. ചില പെണ്‍കുട്ടികള്‍ വിസിലടിക്കുന്നു, ആരുടെയൊക്കെയോ കൂടെ കാറില്‍ കേറി പോകുന്നു, ഐസ്ക്രീം കുടിക്കാന്‍ പോകുന്നു. ബൈക്കിന്റെ പിന്നില്‍ മോശമായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നു. അതൊന്നും ശരിയല്ല. നമ്മുടേത് അമേരിക്കയല്ല. കേരളത്തിന്റെ സംസ്കാരം നമ്മള്‍ പുലര്‍ത്തണം. ആരാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പി ടി എ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം വീട്ടിലും അടിയന്തിരാവസ്ഥയാണ്.. ആരും ഒന്നും മിണ്ടുന്നില്ല. ‘നീ പറഞ്ഞത് കേട്ടാല്‍ മതി. പഠിക്കാന്‍ പോയാല്‍ പഠിച്ചാല്‍ മതി മറ്റൊന്നും നീ ചിന്തിക്കണ്ട, അതിനൊക്കെ വേറെ ആളുകള്‍ ഇവിടുണ്ട്..’ എന്നൊക്കെയാണ് ഉഗ്രശാസനം.
ഇടയ്ക്ക് സ്കൂളില്‍ ഒരു കൌണ്‍സിലര്‍ വന്നിരുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാമെന്നു മനസ്സിലായത് അപ്പോഴാണ്. കേള്‍ക്കാനാളുണ്ടാവുമ്പോഴല്ലേ പറയാനും ആളുണ്ടാവൂ.. ഒന്നോരണ്ടോ കുട്ടികള്‍ ചെയ്ത തെറ്റിനു ഒരു സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ പീഡനം അനുഭവിക്കേണ്ടി വരില്ലേ? അതാണിവിടെ സംഭവിക്കുന്നത്. അദ്ധ്യാപകര്‍ക്ക് കുട്ടികളെ അറിയില്ലെങ്കില്‍ അവരുടെ ജീവിതം ദുരന്തമാവില്ലേ? അതാണ് ഇവിടെയും. പറഞ്ഞതില്‍ ഏതൊക്കെയാണ് അവകാശ ലംഘനം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തായാലും പെണ്‍കുട്ടികളായി ജനിക്കുന്നത് ശാപമാണെന്ന് ഇവിടെ വന്നതിനു ശേഷമാണ് കൂടുതലായി മനസ്സിലാവുന്നത്. തൊട്ടടുത്തുള്ള സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ അവര്‍ ഇഷ്ടം പോലെ കറങ്ങി നടക്കുന്നുണ്ട്. അത്രയും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കുറയുന്നു. അധികം താമസിക്കാതെ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഭ്രാന്തുവരും. പേരെഴുതി വച്ച് ആത്മഹത്യ ചെയ്താല്‍ ചിലപ്പോള്‍ ഒരു സ്കൂളിന്റെ കാര്യം പുറത്തറിയുമായിരിക്കും. എന്നിട്ടും എന്തു പ്രയോജനം? അയിരൂപ്പാറ സ്കൂളില്‍ മരണം നടന്നു കഴിഞ്ഞിട്ടും അദ്ധ്യാപകരുടെ പെരുമാറ്റത്തിലൊന്നും ഒരു മാറ്റവും വന്നിട്ടില്ലല്ലോ..ഞങ്ങളുടെ വിധി!
( നഗരത്തിലെ മറ്റു പെണ്‍പള്ളിക്കൂടങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഇതെങ്ങാനും പ്രസിദ്ധീകരിച്ചോ അല്ലാതെയോ സ്കൂളിലെ ആരെങ്കിലും കണ്ടാല്‍ പിന്നെ നേരെ കിണറ്റില്‍ ചാടിയാല്‍ മതി. ഇതിങ്ങനെ പ്രസിദ്ധീകരിക്കാതെ ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിച്ച് അതൊരു റിപ്പോര്‍ട്ടായി മെട്രോയിലോ പെണ്മയിലോ പ്രസിദ്ധീകരിച്ചാല്‍ പഠിപ്പിസ്റ്റുകളും ടീച്ചേഴ്സ് പെറ്റുകളും സ്പൈകളും പോമറേനിയനുകളുമായ കുറച്ചു കുട്ടികളുടെ മുഖം ചുളിക്കല്‍ ഒഴിച്ച് ബാക്കി ഈ സ്കൂളിലെ 300-ല്‍ അധികം വരുന്ന ‘പാവം’ പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥമായ സ്നേഹവും ആശംസയും മനോരമയോടൊപ്പം എന്നും ഉണ്ടാവും. മറ്റുള്ള സ്കൂളില്‍ എന്തു നടക്കുന്നു എന്ന് അറിയാനും അതു വഴിയൊരുക്കും. ‘വാടരുതീ മലരുകള്‍’ എന്നൊക്കെ മനോരമ ലേഖനം എഴുതിയതല്ലേ? അങ്ങനെ മാത്രമല്ല, ഇങ്ങനെയും സ്കൂളുകളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ വാടുന്നുണ്ട്. അതു മനസ്സിലാക്കും എന്നു വിചാരിക്കുന്നു.
എന്ന് ...
സ്നേഹത്തോടെ,
- ഞങ്ങള്‍,
..................സ്കൂളിലെ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന ചില ‘നിഷേധി’കളായ വിദ്യാര്‍ത്ഥിനികള്‍.
- പെണ്ണുങ്ങളായി ജനിച്ചതുകൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവര്‍)
( P S : ഭാഷ മാറ്റിയിട്ടുണ്ട്. ബാക്കിയെല്ലാം കുട്ടികള്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളാണ്)
വിദ്യാഭ്യാസമന്ത്രി അവശ്യം കാണേണ്ടത് :(
ReplyDelete:-(
ReplyDeleteWhat the Fuck is this???
ReplyDeleteഇത് ഒരു സ്ചൂലോ? ജയിലോ ? പീദ്ധനാലയമോ?
നമ്മുടെ നാട്ടിലെ അച്ഛനും അമ്മയ്ക്കും പെമ്മ്പില്ലെരെ ഇത്ര വിശാസമില്ലതായോ??
I don't want to speak no more!!!
I really don't wish to speak any more!!!!
ReplyDeleteടീച്ചര്ന്മാര്ക്ക് കുറേകാലമായി മാനസിക രോഗമുണ്ട്, നല്ല ചികിത്സ വേണം. അതു സ്കൂളില്‍ ചേര്ന്ന് കഴിഞ്ഞ് വരുന്നതാണോ അതോ മുന്നേ ഇത്തരം മാനസീക രോഗമുള്ളവര്‍ മാത്രം ടീച്ചര്മാരാകുന്നതെന്നോ മനസ്സിലാകുന്നില്ല.
ReplyDeleteസത്യം പറഞ്ഞാല്‍ ഇതു വായിച്ചീട്ട് പത്തിരുപത് കൊല്ലം മുന്പ് ജീവിച്ച ജയില്‍ ജീവിതം ഓര്മ്മ വന്നു. അന്നും (ഞങ്ങളുടെ ഇടയില്‍) സ്കൂളിന്റെ പേരു ജയില്‍ എന്ന് തന്നെ ആയിരുന്നു. ഈ കുട്ടികള്‍ എഴുതിയ മിക്ക കാര്യങ്ങളും അങ്ങനെ തന്നെ അനുഭവിച്ചിരുന്നു. ഒരു ഗുണമുണ്ടായിരുന്നത് പിടിഎ എന്ന സംഗതി അത്ര നിബന്ധമല്ലാതിരുന്നത് കൊണ്ട് എന്റെ വീട്ടില്‍ നിന്നും ആരും വന്നിരുന്നില്ല എന്നതാണ്. വീട്ടില്‍ നിന്നും ആളു വരുന്നവരുടെ കാര്യം പിന്നെ പോക്കാ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പോലും, പ്രേമത്തിന്റെ പേരില്‍ കോളേജില്‍ പോരാതെ റ്റ്യൂഷന്‍ ക്ലാസ്സിലും തെറിയഭിഷേകം കേട്ടിരുന്ന ഒരു തലമുറയ്ക്ക് ഇത് തന്നെ ഇന്നത്തെ തലമുറയും അനുഭവിക്കുന്നു എന്നറിയുമ്പോള്‍ സ്ത്രീ വിപ്ലവത്തിനു സമയം അതിക്രമിച്ചു എന്നേ പറയാന്‍ പറ്റുന്നുള്ളൂ. :(
thanks for writing this. Somebody should speak for them and you did it.
ReplyDeleteപാവം കുട്ടികള്‍ ..ഒന്ന് പ്രതികരിക്കാന്‍ കൂടി കഴിയാത്ത ഈ അവസ്ഥ വളരെ മോശമാണ് ...........നല്ല പോസ്റ്റ് ...
ReplyDeleteനന്നായിട്ടുണ്ട്, ആശംസകള്‍. മനോരമ ഇതു പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുമോ ?
ReplyDeleteThis comment has been removed by the author.
ReplyDeleteകുട്ടികളെ അവരുടെ പക്ഷത്തു നിന്ന് കാണുന്ന ഈ ലേഖനം വിദ്യാഭ്യാസവുമായി ബന്ധമുള്ള മറ്റുള്ളവർ കണ്ടിരുന്നെങ്കിൽ!
ReplyDeleteThis comment has been removed by the author.
ReplyDelete>>>>>>>>>>ചില ടീച്ചര്‍മാരും ചോദ്യം ചെയ്യാറുണ്ട്. സ്കൂളില്‍ പ്രേമം പിടിക്കുന്ന പരിപാടിയാണ് മുഖ്യം. പഠിപ്പിക്കലിന് അത്ര പ്രാധാന്യമില്ല. സ്റ്റാഫ് റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് ‘റാഗിംഗ്’ നേരിടേണ്ടി വരും. “ഇന്നു നിന്റെ മറ്റേയാളിനെ കണ്ടില്ലേ? അയാള്‍ എന്തു ഷര്‍ട്ടാണ് ഇട്ടുകൊണ്ട് വന്നിരിക്കുനത്? നീ നന്നായി നോക്കിയോ, എന്താണ് മുഖത്തൊരു ദുഃഖം? ... (ഏതെങ്കിലും സിനിമാതാരത്തിന്റെയോ പുരാണ കഥാപാത്രത്തിന്റെയോ പേരു്..) ..കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലേ? അയാള്‍ നിന്നെ മറന്ന് മറ്റാരെങ്കിലും കണ്ടെത്തിയോ? ” ഇതൊക്കെയാണ് ചോദ്യങ്ങള്‍. എന്നിട്ട് ടീച്ചര്‍മാരെല്ലാം കൂടി കൂട്ട ചിരി. ക്ലാസില്‍ വന്നും ചിലര്‍ ഇതൊക്കെ കാണിക്കാറുണ്ട്. ഇവര്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട് അതു കുറ്റമായി എല്ലാവരോടും പറഞ്ഞു നടക്കും.<<<<<<<<
ReplyDeleteWHAT THE F**K MANNNNNNN!!!!!! :(((((((((((((((((((
This seems to be some Christian Management school, with some frustrated nun as the principal
ReplyDeletesuraj::സൂരജ് said...
ReplyDeleteവിദ്യാഭ്യാസമന്ത്രി അവശ്യം കാണേണ്ടത്
കണ്ടാല്‍ മാത്രം പോരാ... ഇത്തരം കാര്യങ്ങള്‍ക്കെതിരെ എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയും വേണം!
Which school this?
ReplyDeletePleas publish school address..' oru pani kodukkaam!
ദൈവമേ..... തല കറങ്ങുന്നു ഇത് വായിച്ചിട്ട്...പാവം കുട്ടികള്‍... പക്ഷെ ഇതൊന്നും മനോരമ പ്രസിദ്ധീകരിച്ചിട്ടും വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടും കാര്യമില്ല.... മന്ത്രിമാര്‍ക്ക് പാര്‍ട്ടികാര്യം കഴിഞ്ഞിട്ട് വേറെ എന്തിനെങ്കിലും സമയമുണ്ടോ?? പത്രത്തില്‍ വന്നാലും മൂന്നോ നാലോ ദിവസത്തെ വാര്‍ത്ത.... അതോടെ കഴിയും... ഇതെഴുതിയ പെണ്‍കുട്ടികളുടെ കഷ്ടകാലം പിന്നെയും...ഈ കുട്ടികളുടെ കാര്യത്തില്‍ ഒരുപാടു സങ്കടം ഉണ്ടെങ്കിലും ഞാന്‍ എന്റെ സ്വന്തം കുട്ടികളുടെ കാര്യത്തില്‍ ദൈവത്തിനോട് നന്ദി പറയുന്നു... നാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ സാധിക്കാത്തതില്‍....എന്നെങ്കിലും നമ്മുടെ നാടും നാട്ടുകാരും നന്നാവണേ ദൈവമേ...... സാധികുമെന്കില്‍ ഇതൊന്നു വായിച്ചു നോക്കണേ .. http://manjumanoj-verutheoruswapnam.blogspot.com/2010/06/blog-post_22.html
ReplyDeleteവീടിനടുത്തുള്ള ഒരു ടീച്ചർ പറഞ്ഞത്, ഇപ്പോൾ സ്കൂളിൽ വരുന്ന മിക്ക പെൺകുട്ടികളും വ്യഭിചരിക്കാനാണ് വരുന്നത് എന്നാണ്. ടീച്ചറുടെ മകനെ സ്കൂളിൽ പോവാത്ത പെൺകുട്ടിയെക്കൊണ്ടാണോ കെട്ടിക്കാൻ ഉദ്ദെശിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. ഭർത്താവ് വിദേശത്തായതിന് ലോകത്തോടു മുഴുവൻ അമർഷവുമായി ജീവിക്കുന്ന ഒരു അദ്ധ്യാപിക, പെൺകുട്ടികളെ ശാരീരികപീഡനമേൽപ്പിച്ചതിന്റെ കേസ് ഇവിടെ കോടതിയിലാണ്.
ReplyDeleteഡാലി പറഞത് തന്നെയാണു എനിക്കും പറയാനുള്ളത്. ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഞാനൊക്കെ അനുഭവിച്ചതും ഇത് തന്നെ ഗവണമന്റ് സ്ക്കൂളുകളില്‍. തലയിലേ ഈരു വലിച്ചതിനു പു..മോള്‍ ക്ലാസ്സില്‍ വന്ന് തനികൊണം കാണിയ്ക്കുന്നത് കണ്ടില്ലേ എന്ന് വരെ പത്തിലേ ഒരു റ്റീച്ചര്‍ "മലയാളം" മീഡിയത്തിലെ കുട്ടിയെ വിളിച്ചതും പിന്നെ ബഹളമായതും ഓര്‍ത്ത് പോയി ഞാന്‍.
ReplyDeleteപക്ഷേ കോണ്വന്റ്/പബ്ളിക്ക് സക്കുളുകളുടെ സ്ഥിതി ഇതില്‍ മറച്ചല്ലേ? കാരണം മകന്‍ ഈയ്യിടെ ആണു ചിന്മയില്‍ നിന്ന് പത്ത്/പന്ത്രണ്ട് ഒക്കെ പാസ്സായത്.
വീടിന്റെ തൊട്ടടുത്തുള്ള സ്ക്കൂള്‍ ആയതോണ്ട് അവന്റെയും മറ്റും കുഞുങ്ങള്‍ടേയും ഒക്കെ കാര്യങ്ങളും റ്റീച്ചേര്‍സിന്റെ ഇടപെടലുകളും ഒക്കെ ക്ലോസ് ആയിട്ട് മോണിറ്റര്‍ ദിനം പടി എന്നോണ്ണം ചെയ്യുമായിരുന്നു. കുട്ടികള്‍ ചിന്മയ/ഭവാന്‍സ്/ചോയിസ് ഒക്കെ പോസ്റ്റില്‍ എഴുതിയ പോലെയുള്ള ഗ്രീവന്‍സ് പറയുമെന്ന്/പറയുന്നുണ്ടായിരുന്നില്ല. കോ ഏഡ് ആയിരുന്നു.
ഇടകലര്‍ത്തി തന്നെ ഇരുത്തുമായിരുന്നു. തോളില്‍ കൈയ്യിട്ട്/ബ്രേക്ക് സമയത്ത് ഒന്നിച്ച് ഒരേ പ്ലേറ്റില്‍ നിന്ന് കഴിയ്ക്കുമായിരുന്നു. പുറത്ത് പരിചയപെട്ട/വേറേ സ്ക്കൂളില്‍ പഠിയ്ക്കുന്ന കുട്ടികളെ/ഗേള്‍ ഫ്രേണ്‍റ്റ്സിന്റെ/ബോയ് ഫ്രണ്ട്സിനെ പല്ല സന്ദര്‍ഭങ്ങളിലും സ്ക്കുളില്‍ കൊണ്ട് വന്ന് സ്വന്തം റ്റീചേര്‍ശഴ്സിനെ പരിചയ പെടുത്താറുണ്ടായിരുന്നു. (എന്റെ വീടിന്റെ ഇടവഴി അറ്റത്താണു ചിന്മയ).
ഓപ്പണ്‍ പാരന്‍ഡ് ഡേയ്ക്ക് പോകുമ്പോള്‍, കുറ്റമായിട്ട് പറയാറുള്ളത്, ക്ലാസ്സുകളില്‍ എണീറ്റ് നടക്കുന്നു/റ്റെം ടേബിള്‍ അനുസരിച്ച് ബുക്ക് കൊണ്ട് വരുന്നില്ല, കറക്ഷനു നോട്ട് തരുന്നില്ല എന്നൊക്കെ ആയിരുന്നു, എന്നോടും ബാക്കി പാരന്റ്സിനോടും.
കുട്ടികള്‍ തമ്മില്‍ തമ്മ്ല്‍ എന്തെങ്കിലും കശപിശ എന്റെ ചെക്കന്‍ എന്റെ പെണ്ണ് എന്നൊക്കെ ഉണ്ടായിയ്ക്കൊണ്ടേയിരിയ്ക്കുമായിരുന്നു. അതിനൊക്കെയും വളരെ വിശാല മനോഭാവത്തൊടേ റ്റീച്ചേഴ്സും ഞങ്ങളും കണ്ടിരുന്നു.
അപ്പോ പതിനഞ്ച്/പതിനേഴ് വയസ്സുള്ള കുട്ടികളേ ഡീല്‍ ചെയ്യുമ്പോ റ്റീചേഴ്സ്/സ്ക്കുള്‍ പാലിക്കേണ്ട രീതികളിലെ വിത്യാസമാണു ചര്‍ച്ച ചെയ്യപെടേണ്ടത് അല്ലാതെ, ഈ കുട്ടികള്‍ പബ്ളിക്ക്/ഗവ/കോ.ഏഡ് എന്ന വിത്യസമില്ലാതെ ഒരേ തരത്തില്‍ ബിഹേവ് ചെയ്യുക ഏതാണ്ട് ഒരേ രീതിയില്‍ തന്നെയാണു എന്നാണു എനിക്ക് തോന്നുന്നത്.
വീടിന്റെ ഉമ്മറത്തേ കുട്ടികള്‍ അല്ലണ്ടെ, ചര്‍ച്ച് റിലേറ്റഡ് ഹോംസിലെ കുട്ടികളായിട്ടും ഞാന്‍ ഇന്റരക്റ്റ് ചെയ്യാറുണ്ട്. അവരും വളര്‍ച്ചയുടേ ഈ ഘട്ടത്തില്‍ എന്റെ മകന്‍ ചെയ്യുന്ന അതേ അപരാധങ്ങള്‍/രീതികള്‍ ഒക്കെ തന്നെയാണു കാട്ടാറു. അതില്‍ നെല്ലും പതിരും മാറ്റി കൊടൂക്കുക എന്നതല്ലാതെ, ലാത്തി കൊണ്ട് അടിച്ച് അമര്‍ത്തുക എന്ന രീതി ഈ പോസ്റ്റില്‍ പറഞ സ്കൂള്‍ കുട്ടികളുടെ അദ്ധ്യാപകര്‍ എടുക്കുന്നുണ്ടെങ്കില്‍ അതാണു മാതാപിതാക്കന്മാര്‍ പോയി തിരുത്തേണ്ടത്, അല്ലാതെ അവരുടേ ഒപ്പം എന്റെ മകന്‍/മകള്‍ പിഴ്ച്ച് പോയി, ഭ്രാന്തായി എന്നൊന്നും വിലപിച്ച് ചട്ടുകം പഴുപ്പിച് വയ്ക്കലല്ല.
പക്ഷേ ഇതില്‍ പറഞതല്‍ലാതെ, പതിനഞ്ച് വയ്സ്സുകാരി, ബസ്സ് കണ്‍റ്റക്ടര്‍ മേടിച്ച് കൊടുത്ത മൊബെഇലുമായി നടക്കുന്നതും അറിഞ് ബസ്സ് ഓണറോട് ഞങ്ങള്‍ പരാതി പെട്ടിട്ടുണ്ട്. പാവപെട്ട കുട്ടികളെ പുവര്‍ ഹോമില്‍ താമസിച് പഠിപ്പിയ്ക്കുമ്പോള്‍, എനിക്കും നടത്തി കൊണ്ട് പോകുന്നവര്‍ക്കും ഇടപെടുന്നവര്‍ക്കും ഒക്കെ സ്വന്തം കുട്ടികളെ കാട്ടും ഉത്തരവാദിത്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. അപ്പോഴ് റ്റീച്ചര്‍ അത് കണ്ട് വഴക്ക് പറയുന്നതോ, ബസ്സിലെ ഇന്ന് കയറി നാളെ മാറുന്ന ചെറുപ്പക്കാരായ ആളുകളോട് ഇടപെടുന്നതില്‍ സൂക്ഷിയ്ക്കണമെന്നോ പറയുന്നതില്‍ തെറ്റില്ല എന്ന് കൂടി പറയേണ്ടതുണ്ട്. അത് പുവര്‍ ഹോമിലേ ആയാലും, സ്വന്തം വീട്ടില്‍ നിന്ന് പോകുന്ന കുട്ടികള്‍ ആണെങ്കിലും. ഒരു പക്ഷെ ഈ വക കാര്യങ്ങള്‍ വേഗം കണ്ട് പിടിയ്ക്കുക മറ്റുള്ള കുട്ടികള്‍ മുഖേന ട്ടീച്ചേഴ്സവും, വീട്ടുകാരെക്കാട്ടും മുമ്പ്. പക്ഷെ കാര്യങ്ങള്‍ പറഞ് മനസ്സില്ലാക്കി കൊടുക്കുന്ന് രീതിയ്ല്‍ മാറ്റം വരുക അത്യാവശ്യമാണു. ഗവണ്മന്റെ ഗേള്‍സ് ഹെഇസ്കൂളിന്റെ(എറണാകുളം രെയില്വേസ്റ്റെഷന്‍ അടുത്ത്) പുറക് വശത്ത് മൂത്രമൊഴിച്ചത്തിനു, അവിടേ ഓട്ടോ സ്റ്റാണ്ഡ് ഉണ്ട്, നീ മനപ്പൂര്വം അവരെ കാട്ടാന്‍ ചെയ്തതാണു എന്ന് പറഞ് പിറ്റേ ദിവസത്തേ അസംബ്ബ്ലിയില്‍ "ഞാന്‍ ഇനി ഓട്ടോക്കാരെ കാട്ടി മൂത്രമൊഴിയ്ക്കില്ല" എന്ന് ഒരു കുട്ടിയേ കൊണ്ട് ഞാന്‍ പത്തില്‍ പഠിയ്ക്കുമ്പോ ചെയ്യിച്ച ട്ടിചേഴ്സുണ്ടായിരുന്നു. :(
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് വായിച്ചപ്പോള്‍ ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ക്ലാസ്സെടുക്കുമ്പോള്‍ സംസാരിച്ചതിന്
ReplyDeleteBastard എന്ന് തെറി വിളിച്ച സാറിനെ ഒരു പയ്യന്‍സ് കാരണകുട്ടിക്കിട്ടു ഒരെണ്ണം കൊടുത്തു. ചില സാരുമാര്‍ക്ക് ഇടയ്ക്കു അതോപോലോരെണ്ണം കിട്ടണം.
വിദ്യാർത്ഥികൾക്ക് പൗരവകാശമില്ല... അവിടെ ആൺകുട്ടികൾ എന്നോ പെൺകുട്ടികൾ എന്നോ വിത്യാസമില്ല... സമൂഹത്തിലെ കൂടുതൽ നിയന്ത്രണങ്ങൾ സ്ത്രീകൾക്കുണ്ട് അതിന്റെ ഒരു പ്രതിഫലനം വിദ്യാലയത്തിലും...
ReplyDeleteനമ്മളെല്ലാവരും അനുഭവിച്ചതും പുതു തലമുറ അനുഭവിച്ച് തീർക്കുന്നതുമായ കാര്യങ്ങൾ വളരെ ലളിതമായിട്ടാണ് വെള്ളെഴുത്ത് വിശദമാക്കിയത്... ഇത് മന്ത്രിക്കും പരിവാരങ്ങൾക്കും അറിയാം... പരിഹാരവും അറിയാം... വലിയ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ!
ആവശ്യത്തിന് പൈപ്പുകളും കക്കൂസ്സുകളും പോലും നിർമിക്കാത്ത സർക്കാരുകളും മാനേജുമെന്റുകളും അതിന് നിർബന്തിക്കാത്ത PTA! കേരളമോഡൽ...
ഇതിനേക്കാൽ കൊടിയ നീതി നിഷേധമാണ് ഗൾഫിലെ മാതാപിതാക്കൾ സ്വന്തം മക്കളോട് ചെയ്യുന്നത്... സ്കൂൾ അധികൃതരും അന്വേഷിക്കാരില്ല... 50 ഡിഗ്രി സെന്റിഗ്രേഡിന് മുകളിൽ ചൂട് ഉയരുന്ന സമയത്ത് യാത്ര ചെയ്യുന്ന വഹാനങ്ങളിൽ A/C യുണ്ടൊ അല്ലെങ്ങിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് പല മാതാപിതാക്കളും അന്വേഷിക്കാറില്ല... കണ്ടം വെച്ച ഏതെങ്ങിലും വണ്ടിയിൽ കയറ്റി വിടും... പക്ഷെ ഇതേ മാതാപിതാക്കൾ A/C ഇല്ലാത്ത വാഹനത്തിൽ യാത്ര ചെയ്യുകയുമില്ല... കൂട്ടികൾക്ക് എന്ത് ചൂട്, അല്ലേ?
മുഴുവനായിട്ട് വിശ്വസിക്കാന്‍ പ്രയാസം. സ്പെല്ലിങ്ങ് മിസ്റ്റേക്ക് ചിലയിടങ്ങളിലായി കാണുന്നു.
ReplyDeleteസ്ത്രീകൾ റ്റീചർമാരായുള്ള അധിക സ്കൂളുകളിലും അവർക്കു പഠിപ്പിക്കാനറിയാതാവുമ്പോൾ ഇങ്ങനെയൊക്കെ പ്രതികരിക്കും. അടച്ചാക്ഷേപിക്കുകയല്ല.വലിയൊരു വിഭാഗം അധ്യാപികമാരുടെയും കാര്യം കട്ടപ്പൊകയാണു.കൂട്ടികളിൽ ഒരു സർവേ നടത്തിയാൽ ഈ കാര്യം ബോധ്യമാവും.ഈ പ്രായത്തിലുള്ള കുട്ടികളെ (അഡോളസൻസ് ഏയ്ജ്) എങ്ങനെ കൈകാര്യം ചെയ്യണമെന്നു അറിയാത്ത ഈ മണ്ടിപ്പെണ്ണുങ്ങൾ കുട്ടികളെ കുറ്റവാളീകളാക്കുകയാണ് ചെയ്യുന്നത്.ഇവരുടെ മക്കളുടേയും ഗതി ഇതൊക്കെ തന്നെയാവും പാവം!!.എന്നാൽ കുട്ടികളെ ആരോഗ്യകരമായ സ്വഭാവത്തിൽ നിരീക്ഷിക്കുകയും ആവശ്യമായ വളരെ “നല്ല ഇടപെടലുകൾ“ നടത്തുകയും വേണം.പൊതുവേ നന്മ നിറഞ്ഞവരാണു എല്ലാ കുട്ടികളൂം അതു കൊണ്ടൂ തന്നെ തെറ്റായ സാഹചര്യങ്ങളീൽ വളരെ വേഗം ചെന്നു പെട്ടേക്കാം.ഉപദേശിച്ചു നന്നാകാനാണു ഭാവമെങ്കിൽ അതു നടക്കില്ല മാഷമ്മാരെ..സ്നേഹിച്ചു നന്നാക്കാൻ പറ്റുമോ എന്നു നോക്കൂ..ഫലമുണ്ടാവും.
ReplyDeleteവിശദമായ ചര്‍ച്ച ആവശ്യമുള്ള വിഷയം മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്. വെള്ളെഴുത്തുമാര്‍ ഇനിയുമുണ്ടാകട്ടെ.
ReplyDeleteഎന്തൊരോ പറയാന്‍.. മാതാ പിതാ ഗുരുര്‍ ദൈവം.. എന്നതിലെ അവസാന ഭാഗത്തിനു നേരെ പണ്ട് നിര്‍മ്മാല്യത്തില്‍ പി.ജെ. ആന്റണിയെ കൊണ്ട് എം.ടി ചെയ്യിച്ച പോലെ ഒന്ന് കാറി തുപ്പിയാലോ എന്ന് തോന്നിപ്പോയി. ആദ്യമായി ഒരു അദ്ധ്യാപികയുടെ മകനായതില്‍ എനിക്ക് സങ്കടം തോന്നുകയും ചെയ്തു. ഒരിക്കലുമ് നല്ല അദ്ധ്യാപകരെ മറന്ന് കൊണ്ടല്ല്ല ഇത് പറയുന്നത് കേട്ടോ.
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDelete"ബഹുകേമം" എന്ന് പേരുള്ള സ്കൂളുകളിലെ വരെ കേമത്തരങ്ങളാണിത്.. ഏത് നൂറ്റാണ്ടിലാണാവോ ഇതൊക്കെ ഇനി മാറുന്നത് !!
നാലു കൊല്ലം കോണ്‍വെന്റിലേയും പിന്നെ ഒരഞ്ചു കൊല്ലം കന്യാസ്ത്രീകള്‍ നടത്തുന്ന വനിതാ കോളേജിലേയും ദിനങ്ങള്‍ ..... കാരാഗൃഹ സംസ്ക്കാരത്തില്‍ നഷ്ടപ്പെട്ട് പോയ ആ ന്ല്ലകാലങ്ങലെക്കുറിച്ച് ഇന്നും ദുഖിക്കാനേ പറ്റുന്നുള്ളൂ.
ഞാന്‍ പഠിച്ചത് കോണ്വെന്റ് സ്കൂളിലാണ്.പൊതുവേ കോണ്വെന്റ് സ്കൂളുകളില്‍ ആണ്‍ അദ്ധ്യാപകര്‍ ഉണ്ടാകില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ആണ്‍ അദ്ധ്യാപകരുടെ സമീപനം അറിഞ്ഞുകൂടാ. എന്നാലും കേട്ടിടത്തോളം ഇത്തരത്തിലുള്ള യാതൊരു നിയന്ത്രങ്ങളും ആണ്കുട്ടികളുടെ കോണ്വെന്റ് സ്കൂളുകളില്‍ ഉള്ളതായി കേട്ടീട്ടില്ല. ആണ്‍കുട്ടികളെ സദാചാരത്തിന്റെ പേരില്‍ നിലക്കു നിര്ത്തിയിരുന്ന രണ്ട് മാഷമാരെ അറിയൂ. രണ്ടും പ്രശസ്തരായ റ്റ്യൂഷന്‍ അദ്ധ്യാപകന്മാരാണ്.
ReplyDeleteവെള്ളെഴുത്തിന്റെ പോസ്റ്റ് വായിച്ചാല്‍ ആ സ്കൂളില്‍ ആണ്‍ അദ്ധ്യപകര്‍ (തീരെ കുറവ് ) ഉണ്ട് അവര്‍ പെണ്കുട്ടികളെ മനുഷ്യരായി കാണുന്നു എന്നും തോന്നുന്നു.
പക്ഷേ മുഴുവന്‍ സ്കൂളുകളിലെ സ്ഥിതി എന്താണ്?
ആണ്‍ കുട്ടികളെ, ക്ലാസ്സിനു വെള്ളിയില്‍ മുട്ടുകുത്തി നിര്ത്തുക, വെയിലത്തു നിര്ത്തുക, തൊപ്പി ഇടീക്കുക, ഗ്ലാസ്സ് കഴികുക്കുക, ചായ വാങ്ങിപ്പിക്കുക, അമ്മയും അച്ഛനും കാണാന്‍ വരുമ്പോള്‍ ഹാന്സ്, പുകവലി തുടങ്ങിയ ദു:ശീലങ്ങള്‍ ഉള്ളതായി പ്രചരിപ്പിക്കുക തുടങ്ങി ധാരാളം പീഢന മുറകള്‍ ഉള്ളതറിയാം. പക്ഷെ ´സദാചാര പ്രേമപീഡനം´ ഒട്ടുമേ ഇല്ല എന്നാണു തോന്നതു.
എങ്ങനെയെന്കിലും ധൈര്യമുണ്ടാക്കി ´ഗുരു ദൈവം´ എന്ന ഇന്ത്യന്‍ ലോജിക് അപനിര്മ്മിക്കുക എന്നതാണു ഒരു വഴി.
രണ്ടാഴ്ച മുന്‍പ് അട്ടപാടിയിലെ സാരംഗ് എന്ന ഓള്‍ട്ടര്‍നേറ്റീവ് സ്ക്കൂളില്‍ പോയി പത്തു ദിവസം താമസിച്ചിരുന്നു.അവിടെ മനുഷ്യകുഞ്ഞുങ്ങളേപ്പോലെ വളരുന്ന കുട്ടികളേക്കണ്ടപ്പോല്‍ കൊതിതോന്നി.
ReplyDeleteഇതൊക്കെ നമ്മളുടെ മക്കള്‍ക്കു കൈമോശം വന്നല്ലോ എന്ന് ഓര്‍ത്തിട്ട്.
വിവരം തലയിലേയ്ക്കു കോരി നിറയ്ക്കുന്ന ഫാക്ടറികളായിപ്പോലല്ലോ നമ്മുടെ സ്ക്കൂളുകള്‍! അധ്യാപകര്‍ അവിടുത്തെ സ്വേഛാധിപതികളും.
പാവം വിദ്ധ്യാര്‍ത്ഥികള്‍ ആണ് റോമെറ്റീരിയല്‍.
നല്ല ലേഖനം. സ്കൂളുകളില്‍ നിന്നും രാഷ്ട്രീയം ഒഴിവാക്കിയത് ചെറിയൊരു നഷ്ടമാണെന്ന് തന്നെ തോന്നുന്നു.
ReplyDeleteമലയാള മനോരമ തീര്‍ച്ചയായും ഇത് പ്രസിദ്ധീകരിക്കണം.
ReplyDeleteThis comment has been removed by the author.
ReplyDeleteസ്കൂളുകളിലെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട
ReplyDeleteവിഷയമാണ്. കേരളത്തിലെ ഒരു സ്കൂളിലും മനുഷ്യരായി നമ്മുടെ കുട്ടികള്‍
വളരുന്നില്ല. വളരുന്നത് ആണും പെണ്ണുമായിട്ടാണ്. ഒരു പത്തിരുപത് വര്‍ഷം
മുന്‍പത്തെ കഥകള്‍ പറയുകയേ വേണ്ട. ക്ലാസിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും
ഒന്നു മിണ്ടിപ്പോയാല്‍ തീര്‍ന്നു. ഇപ്പോഴും ആ സ്ഥിതിക്ക് വലിയ
മാറ്റമൊന്നും വന്നിട്ടില്ല. കേരളത്തിലെ പെണ്‍വിദ്യാലയങ്ങളും
ആണ്‍വിദ്യാലയങ്ങളും ചെയ്യുന്ന ദ്രോഹം അതിലും ഭീകരമാണ്. വളരെ
ചെറുപ്പത്തിലേ ലിംഗവിവേചനത്തിന്റെ അതിതീവ്രമായ സന്ദേശങ്ങള്‍ അവരില്‍
കുത്തിവയ്ക്കപ്പെടുന്നുണ്ട്. പ്രേമം കണ്ടെത്താന്‍ മാത്രം ബിരുദമെടുത്തു
വന്നവരാണോ അധ്യാപകര്‍ എന്ന് പലപ്പോഴും തോന്നിപ്പോകുന്ന അവസ്ഥ പലയിടത്തും
കണ്ടിട്ടുണ്ട്.
ഞാന്‍ കുറച്ച് കാലം ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍
അധ്യാപകനായിരുന്നിട്ടുണ്ട്. ഭൂരിഭാഗം അധ്യാപകരും ഒഴുക്കിനനുസരിച്ച്
മാത്രം നീന്തുന്നവരാണ്. അണ്‍-പെണ്‍ ബന്ധങ്ങള്‍ കണ്ടെത്താന്‍ മാത്രം
അന്വേഷണത്വരയുമായി നടക്കുന്ന വളരെ കുറച്ച് പേര്‍ മിക്ക വിദ്യാലയങ്ങളിലും
കാണും. മൂല്യബോധത്തിന്റെ കാവല്‍ക്കാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്.
അവരുടെ വാക്കുകള്‍ക്കനുസരിച്ച് തുള്ളുക എന്നത് മാത്രമാണ് ഭൂരിഭാഗം
അധ്യാപകരുടേയും ജോലി. മനസ്സില്‍ ഈ സദാചാരപ്പോലീസിനോട് എതിര്‍പ്പുള്ളവര്‍
വരെ വിഷയം ഇതായതു കൊണ്ട് മിണ്ടാതിരിക്കും. വളരെ കുറച്ച് പേര്‍ മാത്രമേ
അരോഗ്യകരമായ കാഴ്ചപ്പാടോടെ കുട്ടികളെ ഈ വിഷയത്തില്‍
നോക്കിക്കാണുന്നുള്ളു. എങ്കിലും പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ വരവ് ഇത്തരം
പ്രശ്നങ്ങളുടെ ആഴം വളരെ കുറച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും
മറ്റ് ആധുനിക പഠനരീതികളും നിര്‍ബന്ധപൂര്‍വ്വം അനുവര്‍ത്തിക്കേണ്ടി
വന്നതോടെ കുട്ടികളുടെ ബന്ധങ്ങളിലെ നിഷ്കളങ്കത പലര്‍ക്കും
ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്നും മാറ്റം പൂര്‍ണ്ണമായിട്ടില്ല.
കുട്ടികളെ വിശ്വാസത്തിലെടുക്കാന്‍ കഴിവുള്ള അധ്യാപകരാണ് നമുക്കാവശ്യം.
അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയാനും അനുഭാവപൂര്‍വ്വം അവരോട് ഇടപഴകാനും
പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കഴിയുന്ന അധ്യാപകരെ
വാര്‍ത്തെടുക്കുന്നതായിരിക്കണം നമ്മുടെ ബി.എഡ്, ടി.ടി.സി കോളേജുകളിലെ
പഠനരീതി. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവിടെയും അധ്യാപകകേന്ദ്രീകൃതമായ
ബോധനരീതികളാണ് പിന്‍തുടരുന്നത്...
ഈ ആര്‍ട്ടിക്കിള്‍ ഏതെങ്കിലും പത്രത്തില്‍ പ്രസിദ്ധീകരിക്കണം. വായിച്ചിട്ട് പൊതുജനത്തിന്റെയും അദ്ധ്യാപകരുടെയും കണ്ണ് തുറക്കട്ടെ!
ReplyDeleteഇത് ഏത് സ്കൂള്‍? ......... അതിശയോക്തി ഇല്ലെന്ന് ചില അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു. കുട്ടികളുടെ അവകാശങ്ങള്‍ നമ്മുടെ അധ്യാപകസമൂഹത്തെ ആദ്യം പഠിപ്പിക്കണം.
ReplyDeletefacts behind 'reputation'.....!!!
ReplyDeleteപാവം കുട്ടികള്‍ .
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇതൊക്കെ കാണുമ്പോള്‍ എന്റെ പ്രതികരണം അല്പം കടന്നു പോകും അത് ചിലരെ എങ്കിലും വിഷമിപ്പിക്കും അതിനാല്‍ അതില്‍ നിന്നും പിന്മാറുന്നു
പാവം കുട്ടികള്‍ .
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇതൊക്കെ കാണുമ്പോള്‍ എന്റെ പ്രതികരണം അല്പം കടന്നു പോകും അത് ചിലരെ എങ്കിലും വിഷമിപ്പിക്കും അതിനാല്‍ അതില്‍ നിന്നും പിന്മാറുന്നു
എന്റെ വീടിനു സമീപം ഉള്ള രണ്ട് ടീച്ചരുമാരുടെ ഹസ്സുമാരും അനുഭവിക്കുന്നുണ്ട് ദുഃഖങ്ങള്‍. അവരാണ് കുട്ടികളുടെ പരീക്ഷ പേപ്പര്‍ നോക്കുന്നത്. അതില്‍ എന്തെങ്കിലും പിശക് ഉള്ളതായി കുട്ടികളുടെ രക്ഷിതാക്കള്‍ കണ്ടു പിടിച്ചു പരാതി വന്നാല്‍ ഹസ്സിന്റെ ഗതി അധോഗതി.
ReplyDeleteഹേ, ഇതൊക്കെയാണോ പ്രശ്നങ്ങൾ ?
ReplyDeleteഇതു വെറും പിള്ളേരെ പോലെ സംസാരിക്കാതെ,
ഇവിടെ ഇതിലും വലിയ പ്രശ്നങ്ങളുണ്ടല്ലോ
അതിനെ പറ്റി പറയരുതോ ?
അല്ല, ഇവിടെ പ്രശ്നങ്ങൾ മാത്രമല്ലേ ഉള്ളൂ.
പിന്നെ പ്രത്യേകിച്ചെന്തു പറയാൻ.
ഇത്തരൻ ഒരു സ്കൂളുണ്ടെങ്കിൽ തീർച്ചയായും അത് അപലപനീയം മാത്രമല്ല ലജ്ജാവഹം കൂടിയാണ്.
ReplyDeleteഎന്നാൽ ഇതിൽ എഴുതിയിരിക്കുന്നതു മുഴുവനും അപ്പാടെ വിശ്വസിക്കാനും തോന്നുന്നില്ല!അധ്യാപികമാർ മുഴുവൻ മോശക്കാരികൾ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
അധ്യാപികമാരിൽ ഉള്ളത്രയൊന്നുമില്ലെങ്കിലും കുന്നായ്മ അത്യാവശ്യത്തിന് കുട്ടികളിലും ഉണ്ടാവും.
പക്ഷേ,
കുട്ടികളുടെ കുന്നായ്മ ക്ഷമിക്കാവുന്നതാണ്.
അധ്യാപകരുടേത് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല.
അതിനെതിരെ എല്ലാവരും പ്രതികരിക്കണം.
(ഒരു സംശയം കൂടി... അധ്യാപികമാർ മൊത്തം കച്ചരകളും 4 അധ്യാപകന്മാർ നല്ലവരും എന്നൊരു ധ്വനികൂടി ഈ എഴുത്തിൽ വന്നില്ലേ? അതു ശരിയാണോ?)
whether these are true or not, there need the help of the psychologist (to the school authority or to students?)
ReplyDeleteസബിത ടീച്ചർ പറഞ്ഞതുപോലെ മറ്റൊരാളാണ് എഴുതുന്നതെങ്കിൽ കാര്യങ്ങൾ മറ്റൊരുതരത്തിലായേനേ.. വേട്ടക്കാരന്റെ ചരിത്രമല്ലല്ലോ ഇരയെഴുതുമ്പോൾ ലഭിക്കുന്നത്. എല്ലാ അദ്ധ്യാപികമാരും മോശം എന്നും അദ്ധ്യാപകന്മാരെല്ലാം നല്ലതെന്നും ഒരു ധ്വനി വന്നിട്ടുണ്ടെങ്കിൽ അതു തെറ്റാണ്. എല്ലാ വശങ്ങളും പരിശോധിച്ചെഴുതിയ സമഗ്രമായ കുറിപ്പല്ല. ആൺ കുട്ടികൾ പഠിക്കുന്നിടത്തും അച്ചടക്ക പരിപാലനം ഉണ്ടെങ്കിലും ഇത്ര രൂക്ഷമല്ല, പെൺകുട്ടികൾ മാത്രമാവുമ്പോൾ ചില ലാഭങ്ങളുണ്ട്. ഒരു അന്വേഷണം ഉണ്ടായാൽ സ്കൂളുകളിൽ എന്തു നടക്കുന്നു എന്ന് ചർച്ച ചെയ്യാനെങ്കിലും കുറെ പേർ മുന്നോട്ടു വരും. ആളുകളുടെ ഇപ്പോഴത്തെ ചിന്ത മൊബൈൽ ഫോണും മയക്കു മരുന്നുമായി കുട്ടികൾ വഴിപ്പിഴച്ചു പോകുന്നു എന്നതു മാത്രമാണ്. അതിന്റെ നിഴലിൽ തട്ടിൽ കയരുന്നത് അവകാശലംഘനങ്ങളൂം മുതിർന്നവരുടെ ഇച്ഛാഭംഗങ്ങളുമൊക്കെയാണ്.. തിരിച്ചറിവുകൾ ഉണ്ടാവണം. അതു മാത്രമാണ് ഉദ്ദേശ്യം.
ReplyDeleteആരെങ്കിലും പാവം അധ്യാപകര്‍ക്ക് വേണ്ടിയും സംസാരിക്കണേ
ReplyDeleteഇതിനെക്കാള്‍ ദുഖകരമായ എത്ര കഥകള്‍ അവര്‍ക്കും പറയാനുണ്ടാകും
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതു വരെ വെള്ളെഴുത്തിന് ശത്രുക്കളില്ലാതിരുന്നെങ്കിൽ ഇപ്പോൾ മുതൽ ആ പ്രശ്നം തീർന്ന് കിട്ടും.
ReplyDeleteഅദ്ധ്യാപകൻ എന്ന പദവിയുടെ അധികാരവും അതോറിറ്റിയും എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ക്കൂളുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരേ ഹൈറാർക്കിയൽ ലെവലിൽ ആയേ തീരൂ.. വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു കോണ്ടക്ട് സർട്ടിഫിക്കറ്റ് എന്തിനു?
ReplyDeleteവിദ്യാർത്ഥികളെ അദ്ധ്യാപകൻ വിലയിരുത്തുന്നത് പോലെ അദ്ധ്യാപകരുടെ പ്രകടനം വിലയിരുത്താൻ വിദ്യാർത്ഥികൾക്കും പൂർണ അവകാശം വേണ്ടതാണ്. പഠിപ്പിക്കുന്നതിൽ മാത്രം പോര.. സ്വഭാവത്തിലും ഇരിക്കട്ടെ.
പ്രതികരിക്കുന്നതിൽ നിന്നും പരാതിപ്പെടുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നത് മാർക്കിടുന്നതിൽ അദ്ധ്യാപകർക്കുള്ള ഓട്ടോണമി തന്നെയാണ്.
പിന്നെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ക്യാമ്പസ്സുകളും.
കൂടുതല്‍ ഒന്നും പറയാനില്ല..
ReplyDelete----------
schoolil bomb vachalo?
http://kilithooval.blogspot.com/
ReplyDeleteകണ്ടു. കിളിത്തൂവലിലെ ആ സംഭവം “കൊത്തിമുറിച്ച ശില്പങ്ങളിൽ“ നേരത്തേ വായിച്ചതാണ്.
ReplyDeletenice post..
ReplyDeletethis is wat we r facing now
njan oru +1 student anu
i think ella skulilum ithe sahachryam akum... i'm in a gals skul
thank u for writing dis.......!
പാവം കുട്ടികൾ..നാളത്തെ അദ്ധ്യാപകർ.
ReplyDeletepavam piller
ReplyDelete