November 22, 2010

ഞങ്ങളെ തൊട്ടു കളിച്ചവരാരും...



“പോലീസ് ഞങ്ങൾക്ക് പുല്ലാണ്’ എന്നു പറഞ്ഞാൽ പോലീസ് ഞങ്ങൾക്ക് പുല്ലിൽ കൂടിയ എന്തോ ആണെന്നാണ് അർത്ഥം. അത്രയും ഗമണ്ടനായ സംഗതിയെ വകവയ്ക്കേണ്ടതില്ലെന്ന് സ്വയം അനുശാസിക്കുന്നതിന്റെ ഭാഗമാണ് ആ കാറൽ. ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ട് പലതരത്തിൽ പേടിക്കേണ്ടതായ സംഗതികളെ, വ്യക്തിഗതമായ ഭയങ്ങളെ, പമ്പയോ തൂതപ്പുഴയോ കടത്തി പറഞ്ഞു വിടാം. ഒപ്പം കേൾക്കുന്നവരിലേയ്ക്ക് ഒരു ശക്തി പ്രസരിപ്പിക്കുകയും ചെയ്യാം. തങ്ങളെക്കുറിച്ചൊരു മതിപ്പുണ്ടാക്കാം. ബോഫോഴ്സ് കേസിൽപ്പെട്ട രാജീവ്‌ഗാന്ധിയെ പ്രതിപക്ഷം ചുരുക്കിക്കെട്ടിയത് “ഗലി ഗലി മേം ശോർ ഹേ, രാജീവ ഗാന്ധി ചോർ ഹേ’ എന്നു പറഞ്ഞാണ്. ഒരു വിളംബരത്തിന്റെ ഫലമാണ് ഈ മുദ്രാവാക്യത്തിന്. കുറ്റപ്പെടുത്തൽ നേരിട്ട് ഏറ്റെടുക്കുന്നില്ല. ഗലികളിൽ അങ്ങനെ കേൾക്കുന്നു എന്നാണ്. അതാവട്ടെ ഒച്ചയും ആയിട്ടുണ്ട് എന്ന്. നമ്മളായിട്ട് മിണ്ടാതിരിക്കണോ എന്നാണ് അത് ചോദിക്കുന്നത്.

ഭാഷയുടെ പലതരത്തിലുള്ള വിനിയോഗങ്ങളിലൊന്നാണ് മുദ്രാവാക്യവും. സവിശേഷമായ മറ്റൊരു വ്യവഹാരരൂപം. പഴഞ്ചൊല്ലുകൾ പോലെ ഈ പുതുച്ചൊല്ലുകൾ ഭാഷയുടെ അന്തസത്തയെ ഉള്ളിലടക്കുന്നു എന്ന തോന്നൽ വെറുതെയല്ല. താളാത്മകത സ്വതസ്സിദ്ധമാണതിന്. ലളിതമായിരിക്കണം, വൈകാരിക തീവ്രതയുണ്ടാവണം. ഇങ്ങനെയൊക്കെ ആകുമ്പോഴേ സംഗതി കേൾക്കുമ്പോഴേ മനസ്സിൽ കയറിക്കൂടൂ. തീവ്രതയേറും തോറും വ്യക്തിവിദ്വേഷപരമാവും എന്നൊരു ദോഷമുണ്ട്. തലമറിക്കുന്ന രീതിയിലുള്ള വൈരുദ്ധ്യമാണ് മറ്റൊരു പ്രശ്നം. ‘ചോരച്ചാലുകൾ നീന്തിക്കയറിയ,’ ആളുകൾ അടുത്ത നിമിഷം ‘തല്ലുന്നേ കൊല്ലുന്നേ തല്ലി തല്ലി ക്കൊല്ലുന്നേ’ എന്നു വിളിക്കുന്നു. അതും ‘പോലീസ് പുല്ലാ’ണെന്നു ആർത്ത അതേ നാവുകൾ വച്ച്. അതൊക്കെ പോട്ടേ, സൂര്യനിലെ കളങ്കമുണ്ടോ ആരെങ്കിലും വകവയ്ക്കുന്നതായിട്ട്? മുദ്രാവാക്യങ്ങളുടെ പരിണാമങ്ങളിലൂടെ ഒരു വാമൊഴി ചരിത്രം സാധ്യമാണോ? അല്ലെങ്കിൽ തിരിച്ച് ചരിത്രത്തിലൂടെ അതിന്റെ വാമൊഴി സംഗ്രഹങ്ങളിലേയ്ക്ക് ഇടുങ്ങിയ ഒരു കിളിവാതിലായി മുദ്രാവാക്യങ്ങൾക്ക് ഒരു നിലനിൽ‌പ്പുണ്ട്. ഭൂതകാലസംഭവങ്ങളെ-അവയെത്ര അപ്രധാനമായിരുന്നാലും ശരി- പൊതുബോധം എങ്ങനെ സംഗ്രഹിച്ചു എന്ന് അന്വേഷിച്ച് തിരിഞ്ഞു നോക്കുന്നത് രസമാണ്. നമ്മുടെ ആസന്നഭൂതകാലത്തിലെ പ്രത്യേക ഘട്ടമായ വിമോചനസമരകാലം മുദ്രാവാക്യങ്ങളാൽ സ‌മൃദ്ധമായിരുന്നു. അവയുടെ അനുരണനങ്ങൾ ഇന്നും വറ്റാത്ത കറകളായി നാവുകളിൽ പറ്റിപ്പിടിച്ചു കിടപ്പുണ്ട്. കാലം അതിന്റെ പ്രതിലോമപരമോ പുരോഗമനപരമോ ആയ കാൽ‌പ്പാടുകളെ പതിപ്പിച്ചിട്ടിരിക്കുന്ന അടയാള വാക്യങ്ങൾ, സംഘർഷം നിറഞ്ഞ കാലത്ത് പൂവിടർത്തുന്ന സർഗാത്മകതയുടെ പ്രത്യക്ഷലക്ഷണമായിട്ട് കണക്കിലെടുക്കാമോ?

1959 ജൂൺ 13 നാണ് അങ്കമാലിയിൽ വെടിവയ്പ്പ് നടന്നത്. വിമോചനസമരത്തിന്റെ നാൾ വഴിയിലെ ഒരു പ്രധാനസംഭവം. അവിടെ മരിച്ചത് കാളവണ്ടിക്കാരൻ പാപ്പച്ചൻ, മരം വെട്ടുകാരൻ ദേവസ്സി, ലോറിക്ലീനർ വറീത്, പനമ്പു നെയ്തുകാരൻ കൊച്ചുവറീത്, കോഴിക്കൊട്ട പൈലി എന്നിവർ. രണ്ടുപേർ കുര്യപ്പൻ വർഗീസും ഹൈസ്കൂൾ വിദ്യാർത്ഥിയായ കുഞ്ഞവിര പൌലോസും ആശുപത്രിയിൽ വച്ചു മരിച്ചു. പരിക്കേറ്റവർ വേറെ. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്നവരെ പോലീസ് പ്രാണരക്ഷാർത്ഥം വെടിവച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അങ്കമാലിക്കാരല്ലാതിരുന്നിട്ടും സെന്റ് ജോർജ്ജ് ഫെറോനാ പള്ളിയിൽ മരിച്ച ഏഴുപേർക്കു വേണ്ടി കല്ലറകളുയർന്നു. ‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ലെന്നാ’യിരുന്നു അവിടെ നിന്നും ഉയർന്ന മുദ്രാവാക്യം. ‘അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും’ വിമോചനസമരത്തിന്റെ പ്രധാന മുദ്രകളിലൊന്നായി. കമ്മ്യൂണിസ്റ്റുകാരുടെ ജാഥകൾ ഭീഷണി പറഞ്ഞതും അങ്കമാലിയെ ചൂണ്ടിക്കാട്ടിയാണ്, ‘കണ്ടോടാ കണ്ടോടാ അങ്കമാലി കണ്ടോടാ’ എന്ന് അവർ തിരിച്ചു വിളിച്ചു.

അങ്കമാലി വെടിവയ്പ്പിന്റെ രണ്ടാം ദിവസം, തിരുവന്തപുരത്തെ വെട്ടുക്കാട്ടിലും പുല്ലുവിളയിലും പോലീസ് വെടിവയ്പ്പുണ്ടായി. രക്തസാക്ഷികൾ വീണ്ടും അഞ്ച്. പേമാരിയും കടൽക്ഷോഭവും കാരണം പട്ടിണിയിലമർന്നു കിടന്ന കടലോരഗ്രാമങ്ങൾക്ക് ജീവനൌഷധമായി പുതിയ മുദ്രാവാക്യം കിട്ടി. “ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കിൽ ആ ചെങ്കൊടിയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും”. പതിനെട്ടു ദിവസം കഴിഞ്ഞപ്പോൾ ഇ എം എസ്സിന്റെ പോലീസ് വീണ്ടും വെടി വയ്പ്പ് നടത്തി. ഇത്തവണ ചെറിയ തുറയിൽ. 3 പേരാണ് അവിടെ മരിച്ചു വീണത്. സിൽ‌വ, ലാസർ എന്നീ പുരുഷന്മാരും അഞ്ചുകുട്ടികളുടെ അമ്മയും ഗർഭിണിയുമായ ഫ്ലോറിയും. പോലീസ് അതിക്രമത്തിന്റെ മൂർത്തരൂപമായി മാറി ഫ്ലോറി. സ്ത്രീയെ അതും ഗർഭിണിയെ കൊല്ലുന്ന പോലീസ്, അവരെ അഴിച്ചു വിട്ട് അനങ്ങാപ്പാറനയവുമായിരിക്കുന്ന ഭരണകൂടം, എന്തിന് അടങ്ങണം?
“തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
വെടിവെച്ചുകൊന്ന സർക്കാരേ
പകരം ഞങ്ങൾ ചോദിക്കും”
വിമോചനസമരപാതയിൽ ഏറ്റവും ശ്രദ്ധയാർജ്ജിച്ച മുദ്രാവാക്യമാണ്. സമരത്തെ അനുകൂലമാക്കാൻ പോന്ന മുഴുവൻ വൈകാരികതയും സമാഹരിച്ചു വച്ചിരിക്കുന്ന സാരസ്വതം! കേരളത്തിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സമരങ്ങളും വെടിവയ്പ്പുകളും നടന്നത് എന്നറിയണം. ജൂൺ 15 നു സ്കൂളുകൾ തുറക്കും എന്ന് സർക്കാർ. തുറപ്പിക്കില്ലെന്ന് പുതിയ വിദ്യാഭ്യാസനിയമത്തിൽ കലിയും കലിപ്പും പൂണ്ട സഭയും മന്നത്തു പദ്മനാഭനും. “മന്നം പൂട്ടിയ സ്കൂളു തുറക്കാൻ എം എന്നു മീശ കിളിർത്തിട്ടില്ല’ എന്നു വിളിച്ചുകൊണ്ടാണ് സമരക്കാർ സർക്കാർ സ്കൂളുകൾ പിക്കറ്റു ചെയ്തത്. (എം എൻ ഗോവിന്ദൻ നായർ അന്ന് പാർട്ടി സെക്രട്ടറി. മന്ത്രിമാർക്കും മീതെയാണ് അന്നും പാർട്ടിസെക്രട്ടറി എന്ന് പൊതുജനത്തിനറിയാം) സംഭവം ശരി തന്നെ. സ്കൂളുകൾ തുറന്നില്ല. തുറക്കാൻ സമ്മതിച്ചില്ല. “പൂട്ടിക്കോ പൂട്ടിക്കോ സ്കൂളിപ്പം പൂട്ടിക്കോ, പൂട്ടിയില്ലെങ്കിൽ പൂട്ടിക്കും ചുട്ടുകരിക്കും നോക്കിക്കോ” എന്ന് സമരക്കാരുടെ വക വേറൊരു ഭീഷണീ മുദ്രാവാക്യം. ‘കുട്ടിസഖാക്കൾ ഞെട്ടട്ടേ, കെട്ടിത്തൂങ്ങി ചാവട്ടെ, അരിവാൾ ഭരണം അറബിക്കടലിൽ’ എന്നും ആവേശങ്ങൾ മുഴങ്ങി. സമരക്കാരെ പുറത്തു നിന്ന് ഇറക്കുമതി ചെയ്തു എന്ന ആരോപണവുമായി പരിഹാസത്തോടെ കമ്മ്യൂണിസ്റ്റുകാർ പാടിയത് : “ഇ എം എസ്സിനു ജാഥ നടത്താൽ കൂലിക്കാരെ കൂട്ടണ്ട” എന്നാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മുദ്രാവാക്യം ഏറ്റു ചൊല്ലാൻ ആളെകിട്ടാത്ത അവസ്ഥ വരച്ചിട്ടിട്ടുണ്ട്, ചെറുകാടിന്റെ ‘പ്രമാണി’യിൽ. ‘പ്രമാണി’യിൽ മാത്രമല്ല, എസ് കെ പൊറ്റക്കാട് അക്കാലത്ത് എഴുതിയ ഒരു കഥയിലും - ഒരു തീവണ്ടിയാത്ര- അക്കാലത്ത് മുഴങ്ങിയ ഒരു മുദ്രാവാക്യത്തെ കേന്ദ്രതത്ത്വമായി ആവിഷ്കരിച്ചിട്ടുണ്ട്. കഥയിൽ ഒരു കൂട്ടം പിള്ളാർ കൂടിനിന്ന് മുഴക്കുന്ന മുദ്രാവാക്യമാണ്, ‘ഈയെമ്മെസ്സേ കൊലയാളീ, തോക്കുകളൊക്കെ നിറച്ചോളൂ, പോലീസൊക്കെ പുല്ലാണ്....’എന്ന്. കുട്ടികളുടെ സംഘത്തിന്റെ സമരവീര്യ ചിത്രീകരണത്തിലൂടെ വിമോചനസമരത്തിന്റെ അപക്വതയെ/ ബാലിശത്വത്തെ പുറത്തിടാനായിരുന്നു പൊറ്റെക്കാടിന്റെ ശ്രമം എന്നു തോന്നുന്നു.
സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് മുഴങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ ജാതിയെയും ശാരീരിക വൈകല്യങ്ങളെയും നേരിട്ടു പരാമർശിച്ചുകൊണ്ട് എതിരാളിയുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇ എം എസ്സിന്റെ വിക്കും കെ സി ജോർജ്ജിന്റെ മുടന്തും ചാത്തൻ മാസ്റ്ററുടെ ജാതിയുമാണ് “വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം” എന്ന മുദ്രാവാക്യത്തിൽ പരിഹാസത്തിനു വിധേയമാകുന്നത്. മന്ത്രി മന്ദിരത്തിലും ഇരിങ്ങാലക്കുട ടി ബിയിലും ഒപ്പം ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പടുന്ന ഒരു മുസ്ലീം സ്ത്രീയുടെ പേരിൽ ചാത്തൻ മാസ്റ്ററെ അപഹസിച്ചുകൊണ്ട് ഇറക്കിയ മുദ്രാവാക്യം ഇങ്ങനെ : “മൈമുനാബീവീനെ കട്ടോണ്ടു പോകുമ്പോൾ.... ..ചാത്തന്റെ ചൊടി കണ്ടോ?” അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്ന രീതിയിൽ ആളുകൾ വാപൊത്തി ചിരിച്ച് അശ്ലീലമാക്കിയ മട്ടിലുള്ളതാണ് പ്രസ്തുതം. ഒളിഞ്ഞുനോട്ടവും ജാതി അധിക്ഷേപമാണ് അതിന്റെ കാതൽ. പ്രകടമായ ലൈംഗിക പരാമർശമുള്ളവയും കൂട്ടത്തിലുണ്ട്. “സി പിയെ വെട്ടിയ നാടാണേ, ഓർത്തുകൊള്ളൂ നമ്പൂതിരി” എന്നു തുടങ്ങി ചിലതൊക്കെ വിരലു ചൂണ്ടുന്ന ഭീഷണിയുള്ളതാണ്. വിദ്യാഭ്യാസബില്ലിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തു വന്ന മന്നത്തിനെ ഒതുക്കാൻ 1958 മേയ് 24 -ന് പേക്കോലവും ചുമന്നു കമ്മ്യൂണിസ്റ്റുകാർ കോട്ടയത്ത് ജാഥ നടത്തി. “എം എൻ നാടു ഭരിക്കട്ടെ, മന്നം തൂങ്ങിച്ചാവട്ടെ’ എന്നാണ് അവരു വിളിച്ചത്. അതിന്റെ ചൊൽത്താളം പിന്നെ മന്നത്തിന്റെ സ്വന്തം ആൾക്കാർ ഏറ്റെടുത്തു. “മന്നം നാടു ഭരിക്കട്ടേ, എം എൻ തൂങ്ങി ചാവട്ടെ’ എന്നവർ തിരിച്ചു വിളിച്ചു. ‘എമ്മാ തൊമ്മാ തെമ്മാടി’ എന്ന് എം എന്ന്‌ വിളിപ്പേരും കിട്ടി. ആഭ്യന്തര മന്ത്രി അച്യുതമേനോൻ ‘ചോരക്കൊതിയൻ ചേലാടൻ’. ‘അച്യുതമേനോൻ , അറുകൊലമേനോൻ’എന്നൊരു വട്ടപ്പേരും സമരക്കാർ കനിഞ്ഞ് അദ്ദേഹത്തിനു നൽകിയിരുന്നു.

ചെങ്ങറസമരത്തിന് അനുഭാവം പ്രഖ്യാപിച്ച് സമരം നടത്തിയ പുതിയ തലമുറക്കാരുടെ ‘മാലിന്യം’ വൃത്തിയാക്കാൻ മഹിളാ അസോസിയേഷൻ‌കാർ പിറ്റേന്ന് സെക്രട്ടറിയേറ്റു പരിസരത്ത് ചൂലേന്തി, അടിച്ചുതളി സമരം നടത്തിയിരുന്നല്ലോ. ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് സാറാജോസഫും കൂട്ടുകാരും ചൂലും പൊക്കിപ്പിടിച്ച് നടത്തിയതുമായിരുന്നില്ല, 1959 ജൂലായ് 18-നു കോട്ടയത്ത് പുതുതായി രൂപം കൊണ്ട വിമോചനസമരസമിതിയുടെ വനിതാവിഭാഗം കുറ്റിച്ചൂലുമായി നടത്തിയതാണ് ഈ വിഭാഗത്തിൽ ചരിത്രത്തിലാദ്യം എന്നു തോന്നുന്നു. അതു ഒരിടവും വൃത്തിയാക്കാനായിരുന്നില്ല. “ അരിവാളല്ലിതു ചുറ്റികയല്ലിതു കുറ്റിചൂലാ സർക്കാരേ..” എന്നായിരുന്നു സിംഹികളുടെ ഗർജ്ജനം. അങ്ങനെ ഉയർത്തിപ്പിടിച്ച കുറ്റിച്ചൂൽ കേരളസമരചരിത്രത്തിൽ ശാശ്വതരൂപകമായി!

1959 ജൂലായ് 31 ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിട്ടുകൊണ്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തു. ‘ഇ എം എസ്സേ മുങ്ങിക്കോ റഷ്യയിൽ പോയി പൊങ്ങിക്കോ’ എന്നും പാടിയാണ് അതിന്റെ ആഹ്ലാദപ്രകടനം പരക്കെ നടന്നത്. തുടർന്നുള്ള തെരെഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി ഒന്നിന്. കമ്മ്യൂണിസ്റ്റുപാർട്ടിക്ക് ഒറ്റയ്ക്കു നിൽക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു. അപ്പുറത്ത് കോൺഗ്രസ്സും മുസ്ലീം ലീഗും പി എസ് പിയും ചേർന്ന മുക്കൂട്ടു മുന്നണി. (മന്നം ചാക്കോ ശങ്കർ പട്ടം മമ്മതുകോയാ സിന്ദാബാദ് !) ‘തെക്കു തെക്കൊരു ദേശത്തായിരുന്നു’ കമ്മ്യൂണിസ്റ്റ്വിരുദ്ധമുന്നണിയുടെ തുറുപ്പു ചീട്ടെങ്കിൽ ‘മുക്കൂട്ടില്ല മുന്നണിയില്ല ഒറ്റയ്ക്കാണേ മാളോരേ, കൂട്ടിക്കെട്ടിയ മുന്നണികണ്ടീ, കൂറ്റൻ ചെങ്കൊടി താഴില്ലെ’ന്നും നീട്ടിപ്പാടി പാർട്ടി പ്രവർത്തകർ ആവേശം ചോരാതിരിക്കാൻ അണകെട്ടി. കാര്യമുണ്ടായിരുന്നില്ല. മുക്കൂട്ടു മുന്നണിയുടെ പ്രഭാവത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി തോറ്റു. തുന്നം പാടിയോ എന്തോ? (മു. മു :94 സീറ്റ്, ക. പാ: 29 സീറ്റ്) തോൽ‌വിയിൽ പടപ്പാട്ടുകൾക്കുള്ള സ്ഥാനം എന്തായിരുന്നെന്ന് അളക്കുക എളുപ്പമല്ല. എങ്കിലും ഒന്നുറപ്പാണ്, ‘രാഷ്ട്രീയം’ മനസ്സിലാവുന്ന രീതിയിൽ ജനങ്ങളിലെത്തിക്കുക എന്ന ദൌത്യം മുദ്രാവാക്യങ്ങൾ നിറവേറ്റി എന്ന കാര്യം.

ഇന്നും ഉപ്പന്റെ വിലാപം പോലെ ഇടയ്ക്കിടക്ക് കേൾക്കാറില്ലേ, ചെയ്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന പല്ലവികൾ, ഭരണപക്ഷത്തിന്റെ ഘോരചതികൾ ജനം അറിഞ്ഞില്ലെന്ന, നനഞ്ഞ പടക്കം പോലെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധ മുറുമുറുപ്പുകളുടെ അനുപല്ലവികൾ? പൊതുബോധവുമായി ഉടമ്പടിയുള്ള ധാരണകളെ ലാളിത്യത്തിൽ മുറുക്കിക്കെട്ടി ജനത്തിന്റെ കൈവെള്ളയിൽ വെച്ചുകൊടുക്കുന്ന ഒരു കാലത്തെയാണോ എന്തോ നാം രാഷ്ട്രീയപ്രബുദ്ധതയെന്നു വിളിച്ചു വരുന്നത്...ആ... ആർക്കറിയാം?

പുസ്തകം
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും - കെ രാജേശ്വരി

9 comments:

  1. "പുല്ലാണേ, പുല്ലാണേ; പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ..." - പോലീസും പുല്ലും ഞങ്ങള്‍ക്കൊരുപോലെ എന്നല്ലേ ഇതിനര്‍ത്ഥം വരുന്നത്? പോലീസ് ഞങ്ങള്‍ക്ക് പുല്ലില്‍ കൂടിയ എന്തോ ആണെന്ന് എങ്ങിനെ അര്‍ത്ഥമെടുക്കും?

    അടുത്തകാലത്തെങ്ങും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടില്ലേ? അതോ, അവയുടെ സ്ഥാനം സിനിമാഗാന പാരഡികള്‍ തട്ടിയെടുത്തോ?
    --

    ReplyDelete
  2. പോലീസ് പുല്ലാൺ എന്ന പ്രസ്താവന ഒരു അവകാശവാദം / വിഷ്ഫുൾ തിങ്കിങ്ങ് ആണെന്ന് ആരോപിച്ചാൽ അതിന്റെ പശ്ചാത്തലമായി ഉരുത്തിരിയുന്ന വസ്തുതയാൺ പോലീസ് പുല്ലിൽക്കൂടിയതാൺ എന്നത്.


    ഇത് അറ്ത്ഥമല്ല ഹരീ, അറ്ത്ഥതലം ആൺ :)

    ReplyDelete
  3. മുദ്രാവാക്യവിചാരം നന്നായി, ജനതയുടെ ആഴങ്ങളിൽ നിന്നുയരുന്ന മുദ്രാവാക്യങ്ങളുടെ ശക്തി ഒന്നു വേറെത്തന്നെയല്ലേ?

    ReplyDelete
  4. ഇന്നു മുദ്രാവാക്യങ്ങളുടെ സ്ഥാനം പാരടികള്‍ അപഹരിച്ചിരിക്കുന്നു

    ReplyDelete
  5. മാളയിൽ ഉയർന്ന മുദ്രവാക്യം... പോൾ കോക്കാട്ട് രണ്ടു പ്രാവശ്യം കരുണാകരന്റെ എതിരാളിയായിരുന്നു

    വാടാ പോടാ കോക്കാടാ...
    നാട്‌ ഭരിക്കാൻ കഴിവില്ലെങ്ങിൽ
    വീട്‌ ഭരിക്കട കഴുവേഴി...

    ReplyDelete
  6. ബ്ലോഗാണെ ബ്ലോഗാണെ
    വെള്ളെഴുത്തും ബ്ലോഗാനേ


    രസകരം ആയി ...താങ്ക്സ്

    ReplyDelete
  7. പുല്ലാണേ പുല്ലാണേ പാടത്തും പറമ്പത്തും പുല്ലാണേ എന്ന മണി വാക്യവും മറക്കാനാവുമോ ?

    ReplyDelete
  8. മുദ്രാവാക്യങ്ങളെക്കുറിച്ചുള്ള എം. ഗോവിന്ദന്റെ ഉപന്യാസത്തില്‍ ( മുദ്രാവാക്യങ്ങളുടെ കാലഘട്ടം - എം. ഗോവിന്ദന്റെ ഉപന്യാസങ്ങള്‍ ) ഇതിലെ പഴയ കാല മുദ്രാവാക്യങ്ങള്‍ മിക്കതും ഉദാഹരിച്ചിട്ടുണ്ട്. അവയെ രസങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചതും രസകരമാണ്. പുതിയ രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്.

    ReplyDelete
  9. പുല്ലിന്റെ വിലയറിയണം

    ReplyDelete