November 7, 2010
സാമാന്യധാരണകളുടെ ജാലകപ്പഴുതിലൂടെ
ശ്രാദ്ധശേഷം, ഹേരാമ, ജാരനും പൂച്ചയും തുടങ്ങിയ നോവലുകളുടെ കർത്താവായ കെ വി മോഹൻ കുമാർ രചിച്ച ജാലകപ്പഴുതിലെ വെയിൽ എന്ന നോവലൈറ്റ് ഹരിതം ബുക്സും നീലാംബരിയും ചേർന്ന് 2010 ലഘുനോവൽ വർഷത്തിൽ പുറത്തിറക്കിയ കൃതികളിലൊന്നാണ് . നോവലിസ്റ്റിന്റെ സ്വതസ്സിദ്ധമായ നിരങ്കുശമായ എഴുത്തുരീതികൊണ്ട് ചെറുകഥയുടെ ഭാവാത്മകമായ ഏകാഗ്രതയും ഘടനാപരമായ കൈയൊതുക്കവും ഈ കൃതി അനുഭവിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഹേമലത, അവളുടെ നഷ്ടപ്രണയത്തെ അന്വേഷിച്ച് യാത്രയാവുന്നതിന്റെ ലഘുവിവരണമാണ് നോവലിന്റെ ബാഹ്യഘടന. അവളുടെ കൌമാര യൌവന സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആദർശവാനും മനുഷ്യസ്നേഹിയും വിപ്ലവകാരിയുമായ രാജീവനെ തിരഞ്ഞാണ് ഹേമലതയുടെ എങ്ങുമെത്താത്ത യാത്ര. ഗോത്രവികസന പരിപാടിയുടെ പ്രോജക്ട് ഉദ്യോഗസ്ഥനായിരുന്ന അയാൾ നിസ്സഹായരായ ജനതയുടെ പേരിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും കണ്ട് സ്വന്തം നിലയ്ക്ക് അവരെ സമുദ്ധരിക്കാൻ നാടുവിട്ടു പോയതാണ്. ജീർണ്ണിച്ചു നിലം പൊത്താറായ ഒരു വ്യവസ്ഥയുമായി രാജിയാവാൻ വയ്യാതെ അയാൾ അലഞ്ഞുതിരിയലിന്റെ പൈതൃകം സ്വായത്തമാക്കിയിട്ടുണ്ട്. അയാൾ തന്റെ പ്രവൃത്തിമേഖലയായി തെരെഞ്ഞെടുത്തത് കാടാണ്. രാജീവിന്റെ അപരരൂപമായി നെത്സൺ ഗോമസുണ്ട് നോവലിൽ. പഠനകാലത്ത് ആരെയും കൂസാതെ നടന്നിരുന്ന തന്റേടിപ്പെണ്ണിനെ അനുസരണ പഠിപ്പിക്കാൻ ഹേമലതയുടെ വസ്ത്രമുരിഞ്ഞ ഒരു ഭൂതകാലമുണ്ട് അയാൾക്ക്. എന്നാൽ അയാൾ പെട്ടെന്ന് മെരുങ്ങിയ മൃഗമാവുന്നു. തെറ്റ് ഏറ്റു പറഞ്ഞ് വിനീതനാവുന്നു. അതവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നു. ഏതു സാമൂഹികസ്ഥാപനത്തിന്റെയും -വിവാഹത്തിന്റെയും- നിലനിൽപ്പ് കടന്നുകയറ്റങ്ങളിലൂടെയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഹേമലത കൊതിക്കുന്ന ഒരു കടന്നുകയറ്റം പക്ഷേ രാജീവിൽ നിന്നായിരുന്നു. കാവിൽ വിളക്കു വയ്ക്കാൻ കൂട്ടു ചെല്ലുമ്പോഴും രാത്രിയിൽ ഉറമൊഴിഞ്ഞ് വായിച്ചുകൊണ്ടിരിക്കുന്ന അയാളുടെ അടുത്തേയ്ക്ക് വാസനകളെ പിൻപറ്റി തയാറെടുക്കുമ്പോഴും അവളിൽ ഒരു കാട് മുരളുന്നുണ്ട്. നെത്സൺ ഗോമസിനെ വർണ്ണിക്കുമ്പോഴും നോവലിസ്റ്റ് ഈ വന്യതയുടെ ടെർമിനോളജി ഉപയോഗിക്കാൻ മടിക്കുന്നില്ല. അതായത് വ്യത്യസ്തമായ മൂന്നുകാടുകളാണ് കഥാപാത്രങ്ങളിൽ പ്രവർത്തിക്കുന്നത് എന്നർത്ഥം. വിവിധനിലകളിൽ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്ക് പാലായനം ചെയ്യുകയോ തിരിച്ചു വരികയോ ചെയ്യുന്ന മൂന്നുപേരാണ് ജാലകപ്പഴുതിലെ വെയിലേറ്റ നിലയിൽ വായനക്കാർ കാണുന്നത്. രാജീവ് തന്റെ പ്രാകൃതവാസനകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളാണ്. സ്ഥലപരമായി അയാൾ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്കും പിന്നെ ജ്വാലാമുഖിയിലേയ്ക്കും അവിടെ നിന്ന് ഒരു പക്ഷേ മരണത്തിലേയ്ക്കും യാത്രയാവുന്നു. അയാളുടെ ബ്രഹ്മചര്യം ഉളപ്പടെയുള്ള സൂചനകളെ കണക്കിലെടുത്തുകൊണ്ട് (ഹേമയിൽ നിന്നു മാത്രമല്ല, മുഡുഗ പെൺകുട്ടിയായ മാരയിൽ നിന്നും അയാൾ ഓടിപ്പോവുകയാണ്) ആധ്യാത്മികമായ സ്ഥിതപ്രജ്ഞയെപ്പറ്റിയും മോക്ഷപ്രാപ്തിയെപ്പറ്റിയുമുള്ള സാമാന്യബോധം കൃത്യമായി തന്നെ ഇയാളുടെ സൃഷ്ടിയിൽ സങ്കോചമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ( അയാളെ കാണാനില്ലെന്ന കുറിപ്പ് ഹേമ ഒളിപ്പിക്കുന്നത് ഭഗവദ് ഗീതയുടേ താളുകൾക്കുള്ളിലാണെന്നത് ആകസ്മികമാവാൻ വഴിയില്ല) വിത്സണാവട്ടെ പ്രാകൃതമായ വാസനകളെ പരിഷ്കരിച്ചവനല്ല. ഹേമലതയുടെ അനാട്ടമി പഠിക്കാൻ ശ്രമിച്ച അയാളുടെ മനം മാറ്റം താത്കാലികമായിരുന്നു. ഭാര്യയായ ഹേമലതയുടെ മുന്നിൽ നാൻസി ഷീൽഡുമായി ( ഒരു വിദേശി? രാജീവന്റെ ഗോത്രത്തിലേയ്ക്കുള്ള തിരിച്ചു പോക്കിനു പകരം ഇവിടെ വൈദേശികമായ ബന്ധം.) പ്രത്യക്ഷപ്പെടാനും ആ ബന്ധത്തെ ന്യായീകരിക്കാനും അയാൾക്കു മടിയില്ല. കാട്ടു നീതിയെക്കുറിച്ചുള്ള സാമാന്യബോധമാണ് നോവലിസ്റ്റ് അയാളിൽ പ്രവർത്തിപ്പിക്കുന്നത്. ഹേമലതയിലെന്ന പോലെ മാരയിലും കാത്തിരിപ്പ്, അസ്വാസ്ഥ്യങ്ങളില്ലാത്ത സഹനത, സമ്പൂർണ്ണമായ സമർപ്പണം, മാനസികവിശുദ്ധി തുടങ്ങിയ സ്ത്രീസങ്കൽപ്പങ്ങളെക്കുറിച്ചുള്ള ഭാരതീയമായ ചില മുൻധാരണകൾ ഉണ്ട്.
ജാലകം ഏകാകിതയുടെയും നിസ്സഹായമായ സഹനാവസ്ഥയുടെയും കൈനാട്ടിയാണെങ്കിൽ വെയിൽ ഒരു ശുഭപ്രതീക്ഷയാണ്. ഭൌതികേതരമായ ഒരർത്ഥത്തിലാണ് ഈ വെയിൽ വീണു കിടക്കുന്നത്. ജ്വാലാമുഖിയിൽ വച്ച് കാണാതാവുന്ന രാജീവൻ അക്ഷരാർത്ഥത്തിൽ ജീവൻ വെടിഞ്ഞതാവണമെന്നില്ല. അയാൾ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതുമാകാം. പക്ഷേ മാരയും ഹേമയും ഭൂമിയിൽ തന്നെയാണ്. ഭൌതികമായ പൊരുത്തക്കേടുകൾക്ക് ആത്മീയ പരിഹാരം മറ്റൊരു തരം സാമാന്യധാരണയുടെ ദിശാസൂചിയാണ്. ഗോത്രം എന്ന പുതിയ സമൂഹസൃഷ്ടി മാരയുടെ ശിരസ്സിലുണ്ട്. അത് ഒരു തരം സർഗാത്മകമായ പ്രവൃത്തിയാണ്. ഹേമയാവട്ടേ അനേകം പിഞ്ചുജീവനുകൾക്ക് ഭൂമിയിലേയ്ക്കുള്ള മാർഗം സുഗമമാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവളും. മാതൃത്വത്തിന്റെ രണ്ടു ഭാവങ്ങൾ നോവലിസ്റ്റ് ഇവരിൽ രണ്ടുപേരിലായി വീതം വച്ചിരിക്കുന്നു. നൻസിയെയും ഉപേക്ഷിച്ച നെത്സണിൽ വീണ്ടും ഒരു പിന്മടക്കത്തിന്റെ വിളികൾ ഉയരുന്നുണ്ട്. നെത്സൺ - ഹേമ ദമ്പതികൾക്ക് കുട്ടികളില്ലെന്ന പരാമർശം അയാളിൽ മാത്രമുള്ള ഊഷരത വ്യക്തമായി കാണിച്ചു തരുന്നുണ്ട്. മറ്റേയറ്റത്ത് മോക്ഷത്തിലേയ്ക്ക് രക്ഷപ്പെടുന്ന നിസ്സംഗതയും. ജീവിതസമസ്യകൾക്ക് ഒരു മധ്യമമാർഗമുണ്ടോയെന്ന ചോദ്യമാണ്, മാരയെയും ഹേമയെയും അഭിമുഖം നിർത്തിക്കൊണ്ട് നോവൽ അവസാനിപ്പിക്കുന്നതിൽ ഉള്ളതെന്നും വാദിക്കാവുന്നതാണ്.
-------------------------------------------------------------------
ജാലകപ്പഴുതിലെ വെയിൽ
കെ വി മോഹൻ കുമാർ
ഹരിതം ബുക്സ് & നീലാംബരി
വില : 28 രൂപ
പുസ്തകം വായിച്ചിട്ടില്ല... പക്ഷെ നല്ല ഒരു ആമുഖക്കുറിപ്പ്... നന്ദി..
ReplyDeletethanks for this introduction.
ReplyDeleteവായിച്ചു നോക്കണം, ഞങ്ങളുടെ കലക്റ്ററെ. നല്ല ആമുഖം
ReplyDelete