July 29, 2010
താടി വടിക്കണോ വേണ്ടയോ....
മരിയോ വർഗാസ് യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതിയിൽ’ വിശദമായ ക്ഷൌര വർണ്ണനയുണ്ട്. ശൈശവസഹജം എന്നു വിളികൊണ്ട നിഷ്കളങ്കതയെ ചെറുക്കൻ (ഫോൺചിറ്റോ എന്ന അൽഫോൺസോ) പരണത്തു വച്ച് തന്തയുടെ (ഡോൺ റിഗോബെർത്തോയുടെ) കാമം തകർത്തു കുട്ടിച്ചോറാക്കി കൈയ്യിൽ കൊടുത്തതിനു ശേഷം നേരെ വിരുദ്ധമായ അവസ്ഥയും ഉണ്ട്. പിതാശ്രീയ്ക്ക് കുളിയില്ല ജപമില്ല പല്ലുതേപ്പില്ല താടി വടിപ്പില്ല. അല്ലെങ്കിൽ പുതുഭാര്യയെ കാണാൻ പോകുന്നതിനു മുൻപ് ഒറ്റയടിയ്ക്ക് രണ്ടുപ്രാവശ്യമൊക്കെയായിരുന്നു, ഷേവിംഗ്, കട്ടിംഗ്. മുഖമുരസ്സുമ്പോൾ ഒരു പോറലും പാടില്ലാതെ... മുഹമ്മദ് ദാർവിഷിന്റെ ഒരു കവിതയിലുമുണ്ട്, സമാഗമത്തിനായി പോകും മുൻപ് രണ്ടുവട്ടം ചെയ്യുന്ന ഷേവിനെപ്പറ്റി. ‘എന്റെ കൈപിടിച്ചമർത്തിക്കൊണ്ട് അവൾ പതിയെ എന്നോട് മൂന്നു വാക്കുകൾ പറഞ്ഞു./അന്നത്തേയ്ക്ക് എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച വസ്തുക്കൾ/‘നാളെ നമ്മൾ സംഗമിക്കും’/പിന്നെ പാത അവളെ പൊതിഞ്ഞു/രണ്ടു തവണ ഞാൻ ഷേവ് ചെയ്തു....- ആദ്യസംഗമം എന്ന കവിത. മലയാളിയുടെ ആദ്യനോവൽ ഇന്ദുലേഖയിൽ ജീവൻമരണപ്രശ്നമാണ് സൂരി നമ്പൂതിരിപ്പാടിന്റെ ക്ഷൌരം. സംബന്ധത്തിനു പുറപ്പെടാൻ അമാന്തിക്കാൻ പാടില്ല. എന്നാൽ സന്ധ്യകഴിഞ്ഞതുകൊണ്ട് താടി വടിക്കൽ നമ്പൂരാർക്ക് നിഷിദ്ധമാണേനും. എന്താ ചെയ്ക.
കാട്ടിലായാലും ചമഞ്ഞിരിക്കണമെന്നത് ബ്രിട്ടീഷുകാരന്റെ സ്വഭാവമായി തന്നെ പ്രസിദ്ധിനേടിയ നയമാണ്.
പറഞ്ഞു വരുന്നത് ക്ഷൌരത്തിന് പ്രണയമോ കാമമോ ഒക്കെയായി ചില സാർവലൌകിക സഖ്യങ്ങൾ ഉണ്ടെന്നാണ്. പാശ്ചാത്യന്റെ മാത്രം കുത്തകയല്ല മുഖം മിനുക്കിക്കൊണ്ടിരിക്കൽ പ്രക്രിയ. ഓ വി വിജയൻ ഗുരുവിനെ കണ്ടെത്തിയ സ്ഥലം പോത്തങ്കോട് ശാന്തിഗിരി ആശ്രമത്തിലെ വിശ്വാസം മീശ ഹിംസയാണെന്നാണ്. ആശ്രമത്തിലെ അന്തേവാസികൾ കുമാരനാശാന്റെ കരുണയിലെ ആനന്ദബുദ്ധനെപ്പോലെ ‘മസ്രണമാക്കിയ’ മുഖപദ്മങ്ങളാണ്. പക്ഷേ എന്തുകൊണ്ട് ഹിംസ? പുകവലിപോലെ മേൽമീശയിലും ഒരു ഷോവനിസ്റ്റ് ഘടകം രൂക്ഷമായി പ്രവർത്തിക്കുന്നതുകൊണ്ടാവും.അത് സമത്വത്തിനെതിരാണല്ലോ. ആ യുക്തി അത്രയ്ക്കങ്ങ് യോജിക്കുന്നില്ല. എങ്കിലും ‘പ്രകടനപരമായൊരു സമത്വത്തിന്’ എന്ന് അനുബന്ധമെഴുതി തത്ക്കാലം തടി തപ്പാം.
ഇതിനൊരു മറുവശമുണ്ട്. പ്രണയത്തിനുള്ള തയാറെടുപ്പുകളിൽ താടിരോമങ്ങൾ പ്രതിയോഗികളാണോ? മേൽമീശയുള്ള പുരുഷന്മാരെയാണ് ജർമ്മൻ സ്ത്രീകൾക്ക് (കൂടുതൽ) ഇഷ്ടം എന്ന് മുൻപൊരു ഗവേഷണക്കുറിപ്പ് കണ്ടത് ഓർക്കുന്നു. ഉത്തരേന്ത്യയിൽ മധ്യവർഗം തൊട്ട് മേൽപ്പോട്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പരിഷ്കൃതരായാണ് അനുഭവം. അവർക്ക് മീശയില്ല. വേണ്ട. പക്ഷേ ദ്രാവിഡറൂട്ടുള്ള തെക്കെയിന്ത്യക്കാർക്ക് ഇതു പറ്റില്ല. സ്ത്രീകൾക്ക് ‘അയ്യേ’ എന്നൊരു മട്ടാണ്, ഇവിടെ സ്വന്തക്കാരായ രോമരഹിതരെ കാണുമ്പോൾ.
പഴയൊരു (തമാശ) ശ്ലോകമുണ്ട്. ആരുടെതാണെന്ന് അറിയില്ല. അതിങ്ങനെ :
മീശയാ ശോഭതേ മോന്ത
മോന്തയാമീശയും തഥാ
മീശയാമോന്തയാശ്ചൈവ
ഭവാനേറ്റം വിരാജതേ- അർത്ഥം സുതരാം വ്യക്തം. ‘നിങ്ങൾ തൻ മൂക്കിന്റെ താഴ്ത്തെ മീശയ്ക്കു ഭംഗിയി,ല്ലീ മീശ നല്ലതല്ല, സ്റ്റാലിന്റെ മീശതാൻ മീശ-യാമീശപോലീ ലോകത്തിനിന്നൊരു മീശയില്ലെന്ന്’ ചങ്ങമ്പുഴ. കളിയാക്കിയാണെങ്കിലും സംഗതികളിൽ രണ്ടിലും അടിയൊഴുക്ക് മുഖരോമങ്ങളോടുള്ള അനുഭാവം തന്നെ. ബുദ്ധിജീവികളെപ്പോലെ വിപ്ലവകാരികൾക്കും താടിയുണ്ടാവും എന്നാണ് ഒരു പതിവ് അപവാദങ്ങളില്ലെന്നില്ല. എങ്കിലും. അപാരവും അനന്യസാധാരണവുമായ ചിന്താപ്രക്രിയകൾക്കിടയിൽ താടിവടിക്കൽ പോലുള്ള സില്ലി പരിപാടികൾക്ക് മെനക്കെടാൻ നേരമില്ലാത്തതാവാം ഒരു കാരണം. മിനുക്കി പൌഡറിട്ട മുഖമെന്ന ബാഹ്യമായ ആലങ്കാരികങ്ങളിൽ കഠിനമായ വൈമുഖ്യം ഉള്ളതുകൊണ്ടും ആണ്. അമേരിക്കയിലെ കാരുണ്യവാനായ പ്രസിഡന്റ് എബ്രഹാം ലിങ്കന് താടിയുടെ കാര്യത്തിൽ കടപ്പാട് ഒരു ചെറിയ പെൺകുട്ടിയോടാണ് വായിച്ചത് ഓർമ്മ വരുന്നു. കവിളൊട്ടി, വിഷാദത്തിന്റെ കണ്ണുകളുമായി വല്ലതെയിരിക്കുന്ന വ്യാകുലമുഖത്തിന് ഇങ്ങനത്തെ ഒരു താടി ചേർന്നാലാണ് ഭംഗിയുണ്ടാവുക എന്നും പറഞ്ഞ് ഒരു സ്കൂൾ കുട്ടി ഫോട്ടോയിൽ താടി വരച്ചു ചേർത്തയച്ചുപോൽ. അദ്ദേഹത്തിന്റെ പിന്നീടുള്ള ‘മുഖച്ഛായ’മാറ്റിക്കളഞ്ഞു ആ കത്ത്. (സാർ, താടിയുണ്ടായാലാണ് അങ്ങയെ കാണാൻ ചന്തം!) യേശു താടി വടിക്കണോ വേണ്ടയോ എന്നു സംശയിക്കുന്ന കാര്യം സക്കറിയയുടെ ‘കണ്ണാടി കാണ്മോളവും’ എന്ന കഥയിലുണ്ടല്ലോ. ബുനുവലിന്റെ ‘മിൽക്കിവേയിലെ’ഒരു രംഗത്തെയാണ് സക്കറിയ കഥയിലേക്ക് ആവാഹിച്ചത്. സിനിമയിൽ താടി വടിക്കാനായി യേശു തയ്യാറെടുക്കുമ്പോൾ അമ്മ പറയുന്നു ‘മോനേ, താടിയുണ്ടായാലാണ് നിന്നെ കാണാൻ ചന്തം’. അമ്മയുടെ വാക്കുകൾ അനുസരിച്ച് യേശു താടി വടിക്കണ്ടെന്ന് വച്ചു.
ചെറിയ ഒരു ആലോചനാപ്രശ്നം ഇവിടെ കടന്നു വരുന്നുണ്ട്. അതിലേയ്ക്ക് പിന്നാലെ വരാം. താടി വളർത്തൽ നീലരക്തമുള്ളവരുടെ പ്രത്യേക അവകാശമായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. നഖം നീട്ടൽ പോലെ. ഹിപ്പികളുടെ നീണ്ട താടിമീശകളുടെ അർത്ഥം മറ്റൊന്നായിരുന്നു. അതല്ലല്ലോ, തൊഴിലാളി തേനീച്ചകൾക്ക് കൂടുകൂട്ടാൻ താടി വളർത്തിയ ഫിഡലിന്റെയും ചെയുടെയും പാരമ്പര്യം. (എന്ന് മേതിൽ) രോമങ്ങളെല്ലാം പൊഴിച്ച് പരിഷ്കാരിയായ മനുഷ്യൻ -ഹോമോ സാപ്പിയൻസ്- മുഖത്തിങ്ങനെ പൊഴിക്കാത്ത രോമവുമായി നടക്കുകയും ആവശ്യമായ ഇടങ്ങളിൽ അവറ്റകളിൽ ചില തിരുമാലികൾ കൃത്രിമ ഉപകരണങ്ങളുപയോഗിച്ച് ‘പൊഴിച്ചതായി’ നടിക്കുകയും ചെയ്യുന്നതിന്റെ ഗുട്ടൻസ് എന്താണ്? വില്യം ജെ ഹാമിൽട്ടണെ ഉദ്ധരിച്ചുകൊണ്ട് മേതിൽ എഴുതിയിടുന്ന വാചകം. കമ്മ്യൂണിക്കേഷൻ എന്നതാണ്. ആശയവിനിമയം. പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിവർന്ന് നിന്ന് ഒരു ജീവിവർഗത്തിന്റെ ആൺപിറന്നോന്മാർ താടിമീശരോമങ്ങളിലൂടെ ചിലത് പറയാതെ പറയുന്നുണ്ട്. സെൻ കഥയിലെ തത്ത്വചിന്തകൻ ബുദ്ധനോട് പറഞ്ഞതുപോലെ ‘വാക്കും വാക്കില്ലായ്മയും കൂടാതെ.’
മൃഗങ്ങളുടെ വാലുകൾക്കും കൊമ്പുകൾക്കും പൂവന്റെ തൊപ്പിയ്ക്കും മയിലിന്റെ പീലിക്കും മറ്റും മറ്റും ഉള്ളതുപോലെ കാഴ്ചയിൽ ഒരാശയം വിനിമയം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ് മുഖരോമങ്ങളും. ലൈംഗികമായി വളർച്ചയെത്തിയ പുരുഷന്റെ പ്രത്യേകതയാണല്ലോ താടി. മനുഷ്യശരീരത്തിലെ പ്രാഥമികവിനിമയമേഖലയായ മുഖത്തെ ഇവയുടെ ഇരിപ്പിന് മുഖ്യമായ അർത്ഥമുണ്ട്. സാധാരണനിലയിൽ തലമുടിയേക്കാൾ കട്ടിയുള്ളതും വക്രവും ഇരുണ്ടതും പരുക്കനുമാണ് മുഖത്തെ രോമങ്ങൾ. ഇത് ആക്രമണവാസന സ്ഫുരിക്കുന്ന ദൃശ്യചിഹ്നമാണെന്ന് പറയപ്പെടുന്നു. തലമുടിയ്ക്ക്, അതെന്തിനുള്ളതായാലും അതിന്റെ മൃദുസ്വഭാവവും സമൃദ്ധിയും കൊണ്ട് ലൈംഗിക ഉത്തേജകമെന്ന മട്ടിൽ പ്രവർത്തിക്കാനുള്ള കഴിവും ഉണ്ട്. അതല്ല മുഖരോമങ്ങളുടെ സ്ഥിതി. (അങ്ങനെയാണെന്ന് പറഞ്ഞിട്ടുള്ളവരുണ്ടെങ്കിലും അതെല്ലാം പുരുഷന്മാരുടെ കൽപ്പനകളാണെന്ന് ഹാമിൽട്ടൺ എടുത്തുപറഞ്ഞകാര്യവും സൂചിപ്പിക്കേണ്ടതുണ്ട്) മീശയുടെ സ്പർശമില്ലാത്ത ചുംബനം കുരുമുളകില്ലാതെ മുട്ടക്കഴിക്കുമ്പോലെയാണെന്ന് പറഞ്ഞ ഹോളിവുഡ് നടിയുടെ കമ്പം തീർത്തും ആനുഷംഗികമായിരിക്കാനാണ് സാധ്യതയെന്ന് മേതിൽ. വസ്ത്രധാരണം ശീലമാക്കിയതോടെ രോമം പൊഴിച്ചു തുടങ്ങിയ മനുഷ്യ വർഗത്തിന്റെ മുഖത്തിന് (അവിടം മറയ്ക്കാൻ അത്ര എളുപ്പമല്ലല്ലോ) സംരക്ഷണം നൽകുകയാണ് താടിയുടെ ലക്ഷ്യമെന്നും ( വേട്ടയാടാൻ പോകുന്ന പ്രായപൂർത്തിയായ ആണിന്റെ മുഖത്തിനാണ് സൂര്യ്യോഷ്ണത്തിൽ നിന്ന് കൂടുതൽ സംരക്ഷണം വേണ്ടത് എന്ന യുക്തി വച്ച് സ്ത്രീകളെ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു) വേട്ടയാടാൻ - ഇരപിടിക്കാൻ- കാത്തിരിക്കുന്ന ആണിനെ ഇരയ്ക്ക് ഇലപ്പടർപ്പുകളിൽ നിന്ന് വേർതിരിച്ച് അറിയാൻ കഴിയാതിരിക്കാൻ വേണ്ടിയുള്ള പ്രകൃതിയുടെ വച്ചുകെട്ടാണെന്നും (അങ്ങനെ അതിജീവനത്തിനു സഹായിക്കാൻ) മറ്റു രണ്ട് സിദ്ധാന്തങ്ങൾ കൂടി ഉണ്ട്.
എന്തായാലും താടിമീശകളുടെ ദൃശ്യചിഹ്നം എന്ന നിലയ്ക്കുള്ള വിനിമയപരമായ അർത്ഥത്തിനാണ് കൂടുതൽ സാംഗത്യം എന്നു തോന്നുന്നു. അതു ഭീഷണാത്മകമാണ്. ഒരു പക്ഷേ അതുതന്നെയാവണം അതിന്റെ ലൈംഗികമായ ആകർഷകത്വവും. മാർക്സിന്റെയും ഫിഡലിന്റെയുമൊക്കെ താടിയ്ക്കും സ്റ്റാലിന്റെ മീശയ്ക്കും ഒക്കെ ധ്വനിമൂല്യം നരവംശശാസ്ത്രപരമായി തന്നെ വന്നു കൂടുന്നു എന്ന് വെറുതേ സങ്കൽപ്പിക്കാമല്ലോ. താടിക്കാരായ സന്ന്യാസിമാരൊക്കെ കെട്ടാൻ ഒരു തൊഴുത്തുമായി. ഒക്കെയും അക്രമവാസനയുടെ പൈതൃകം സൈൻബോഡായി തന്നെ കൊണ്ടു നടക്കുന്നവരാണ്. മീശ ഹിംസയാണ് എന്ന അർത്ഥാന്തരത്തിനും പൊരുളു തിരിഞ്ഞുകിട്ടുന്നു. ഈ വഴിക്കു വച്ചു പിടിച്ചാൽ താടി വടിക്കൽ മാറ്റി വച്ച യേശു, ബുനുവലിന്റെ യേശുവായതിന്റെ സുഖം ആലോചനാമധുരമാണ്. കൃഷ്ണമണി മുറിക്കുന്നതു സ്ക്രീനിൽ കാണിച്ചുകൊണ്ടാണല്ലോ ടിയാൻ തേങ്ങയുടച്ചത് തന്നെ. ജീവിതത്തിലൊന്ന് കലയിലൊന്ന്. അങ്ങേരെക്കാൾ കടുത്ത ആക്രമണകാരിയെ വേറെ തപ്പണോ.
അനു:
ഒരു നഗരത്തിൽ ഒരു ക്ഷുരകൻ ഉണ്ടായിരുന്നു. സ്വയം ഷേവ് ചെയ്യുന്ന ആരെയും അദ്ദേഹം ക്ഷൌരം ചെയ്യില്ല. സ്വന്തമായി അതു ചെയ്യാത്ത എല്ലാവരെയും അദ്ദേഹം ഷേവ് ചെയ്യുകയും ചെയ്യും.
ഇനിയാണ് ചോദ്യം.
ഈ പറഞ്ഞ ക്ഷുരകൻ സ്വയം താടി വടിക്കുമോ ഇല്ലയോ.
താടി തന്നത്താനെ വടിക്കുന്ന ആളാണെങ്കിൽ ക്ഷുരകൻ ഷേവ് ചെയ്യുന്നു എന്നല്ലേ അർത്ഥം? അയാൾ സ്വയം താടി വടിക്കാത്ത ആളാണെങ്കിൽ ക്ഷുരകൻ അയാൾക്ക് ഷേവ് ചെയ്യേണ്ടതല്ലേ? അതു തന്നത്താനെ വടിക്കുന്നതു പോലെയാവില്ലേ?
അപ്പോൾ.. അയാൾ താടി വടിക്കുന്ന ആളാണോ അല്ലയോ?
പുസ്തകം
രോമം - മേതിൽ രാധാകൃഷ്ണൻ
ദാര്‍ശനിക പ്രശ്നം തന്നെ :)
ReplyDeletegood post...
സ്റ്റാലിന്റെ മീശതാൻ മീശ
ReplyDeleteപാടുന്ന പിശാചില്‍ ചങ്ങമ്പുഴയല്ലേ?
പുതിയ ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറിയ ശേഷം ഞാൻ ക്ഷൌരം ചെയ്തിട്ടില്ല. ആ സ്ഥലം എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്. അതിലൊക്കെ കാര്യമുണ്ടെന്ന് ഇപ്പോഴാ പിടികിട്ടിയത്..നല്ല എഴുത്ത്..നന്ദി
ReplyDeleteവടിക്കാന്‍ കാശ് മുടക്കല്ലേ
ReplyDeleteരോമം പണ്ടൊന്ന് വായിച്ചതാ. അതിപ്പഴും കിട്ടാനുണ്ടോ വെള്ളേ?
ReplyDeleteബ്രഹ്മക്ഷൗരമെന്നൊരു സംത്രാസ സമസ്യയുണ്ട്. സാക്ഷാൽ ബ്രഹ്മാവ് തന്നെ ക്ഷൗരം ചെയ്ത് വിട്ടവർ. ഇവർക്ക് ജന്മംചെയ്താലും താടിവളരില്ല. അങ്ങനെയുള്ളവരുടെ ദാർശനിക പ്രശ്നങ്ങൾ കൂടെ സൂചിപ്പിക്കാമായിരുന്നു.
ReplyDelete:)
കാലിക്കോ, നന്ദി, സോറി. അതു ചങ്ങമ്പുഴ തന്നെ. തിരുത്തി. രോമത്തിന്റെ പഴയ എൻ ബി എസ് പതിപ്പാണ് കൈയ്യിലുള്ളത്. പുതിയ പതിപ്പ് ഇറങ്ങിയിട്ടില്ല. അനൂപ് ചന്ദ്രനും സംഘത്തിനും മേതിലിന്റെ പുസ്തകങ്ങൾ സമ്പൂർണ്ണം - കിട്ടാനില്ലാത്ത ദ്രോണാചല പല്ലവി ഉൾപ്പടെ - ഇറക്കാനുള്ള പരിപാടി ഉണ്ടായിരുന്നു. കാര്യങ്ങൾ എവിടെ എത്തി എന്നറിയില്ല.
ReplyDeleteബ്രഹ്മക്ഷൌരസംത്രാസസമസ്യയെക്കുറിച്ച് അറിയില്ല ബൈ സ്റ്റാൻഡറേ...
ബ്രഹ്മാവാണോ അണ്ടിവടിവോന്‍?
ReplyDeleteകല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.
ReplyDeleteകല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.
ReplyDeleteമീശയുടെ ചരിത്രം പൌരുഷത്തിന്റെ പ്രതിഷ്ഠയുടെ കൂടി ചരിത്രം.... നന്നായി.
ReplyDelete“തത്രഭവാന്റെ തഴച്ച വാര്‍കൂന്തലും
വക്ത്രപ്പൊയ്ത്താരിലെ വണ്ടിന്‍ ചാര്‍ത്തും...”വള്ളത്തോള്‍...
സോറി, പൊയ്ത്താരല്ല, പൊല്‍ത്താരാണ്...
ReplyDeleteThis comment has been removed by the author.
ReplyDeleteസുയിപ്പായല്ലോ!!
ReplyDeleteപാരഡോക്സ് മേതിലിന്റെ പുസ്തകത്തിൽ നിന്നല്ല. അങ്ങനെയൊരു സംഗതിയേ ആ പുസ്തകത്തിലില്ല.
ReplyDelete"രോമ"ത്തിനു (പുസ്തകം :) ) കവര്‍ ചെയ്ത ആളെ ഒരിക്കല്‍ കോഴിക്കോട് വെച്ച് കണ്ടിരുന്നു. ചെയ്ത രണ്ടുമൂന്നെണ്ണം അയച്ചു കൊടുത്തപ്പോള്‍ പബ്ലിഷേഴ്സിനും , എഴുത്തുകാരനും ഇഷ്ടപ്പെട്ടില്ലെന്നും അവസാനം "രോമം.." എന്നും പറഞ്ഞ് പേനകുത്തിക്കറക്കിവര നടത്തി അതയച്ചു കൊടുത്തപ്പോള്‍ സ്വീകാര്യമായി എന്നും :)
ReplyDeleteThe barber was female!
ReplyDeleteAlbert Einstein once humourously remarked that shaving is a risky task because every time he takes a shave a good idea is seized .
ReplyDelete