May 2, 2010

ഒളിച്ചിരിപ്പിന്റെ നാളുകള്‍ (തമിഴ് കവിത)



ദുഃഖവെള്ളി
നീ കുരിശില്‍ തറഞ്ഞ ദിവസം

ഉഷ്ണക്കാറ്റുകള്‍
ഭൂമിയ്ക്കും കടലിനുമിടയില്‍
പാഞ്ഞു നടക്കുന്നു.
കടല്‍ക്കാക്കകള്‍
രണ്ടെണ്ണം
തെളിഞ്ഞ നീല
വാനിലൂടെ പറക്കുന്നു.

കരിമ്പനകളില്‍
ഓലിയിടുന്ന കാറ്റ്,
പേരറിയാത്ത
പേടികളെ
വിളിച്ചു വരുത്തുന്നു.
അവസാനദിവസം
ഞങ്ങള്‍ തീരത്തേയ്ക്കു മടങ്ങി വന്നു.
തിരമാലകള്‍
കടലിലേയ്ക്ക് തിരിച്ചു പോയി.

സൂര്യന്‍
കടല്‍ വെള്ളത്തില്‍
താണു മറഞ്ഞപ്പോള്‍
മുട്ടുകുത്തിയിരുന്ന്
ഞങ്ങള്‍ അലമുറയിട്ടു.
വിലപിക്കുന്ന കറുത്ത
റോസാപ്പൂവായി
പിന്നെ
രാത്രി വന്നു.

ദൂരെ,
ശവപ്പറമ്പില്‍
ഒറ്റയ്ക്കു കിടക്കുന്ന
ശവം പോലെ
ഞങ്ങളുടെ ഗ്രാമം കത്തുന്നു.

ദുഃഖവെള്ളി
നീ കുരിശില്‍ തറഞ്ഞ ദിവസം.

-പാ അഖിലന്‍
ശ്രീലങ്കയിലെ തമിഴ് കവി. 90-കളില്‍ കവിതയെഴുതാന്‍ തുടങ്ങി. ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

ചിത്രം : ABC News.com

3 comments:

  1. നമ്മള്‍ മലയാളികള്‍ക്ക് ഒരു യുദ്ധത്തിന്റെ കുറവുണ്ടെന്ന് പറയിക്കാന്‍ ഈ കവിത തോന്നിപ്പിക്കുന്നു... :)

    ReplyDelete
  2. ഉഷ്ണക്കാറ്റുകള്‍ പാഞ്ഞു നടക്കുന്നു.ഒരു ശവം പോലെ കത്തുന്ന ഗ്രാമം.എല്ലാം വിളിച്ചു പറയുന്ന ചിത്രവും.

    ReplyDelete
  3. ശരിക്കും കുരിശിൽ തറയ്ക്കുന്ന കവിത തന്നെ.നന്ദി

    ReplyDelete