- യഹൂദാ അമിക്കായി (ഹീബ്രു കവിത)
ഭൂതകാലത്തെ
ചികയുന്നതു നിർത്താം.
മഹായുദ്ധങ്ങൾക്കു മുൻപുള്ള
ശതാബ്ദത്തിലെ
ആത്മാക്കളെപ്പോലെ
മനസ്സും
എന്റെ ഉള്ളിൽ പിടയുന്നത് ഞാനറിയുന്നു.
ജാലകം തുറക്കുന്ന നിമിഷത്തിൽ
സ്വതന്ത്രയാവാൻ
കുതറുന്ന തിരശ്ശീല പോലെ.
ചുടു നിശ്വാസങ്ങളാൽ
നാം നമ്മെ ആശ്വസിപ്പിക്കുന്നു
ഓട്ടത്തിനു ശേഷവും കിതപ്പാറുന്നതു പോലെ.
പൂർണ്ണ ആരോഗ്യത്തോടെ,
ഹൃദയം നിറഞ്ഞ്
മരണത്തിലെത്താനാണ് നമുക്ക് കൊതി.
ചികിത്സിച്ച ശേഷം മാത്രം
തൂക്കുമരത്തിലേയ്ക്കു കൊണ്ടു പോകാൻ
ന്യായാധിപൻ കരുതൽ കാണിച്ച,
ദേഹമാസകലം മുറിവേറ്റ
കൊലയാളിയെ പോലെ.
ഞാൻ ആലോചിക്കുകയാണ് :
തളം കെട്ടിയ എത്ര ജലാശയങ്ങൾക്ക്
കേവലം ഒരു രാത്രിയുടെ നിശ്ചലതയെ
പിടിച്ചു വയ്ക്കാനാവും?
മരുപ്പരപ്പിനേക്കാളും വിസ്തൃതമായ
എത്ര പച്ച പുൽത്തകിടികൾക്ക്
ഒരു നാഴികയുടെ
നിശ്ശബ്ദതയെ ഉൾക്കൊള്ളാനാവും?
എത്ര മരണങ്ങളുടെ നിഴൽ വീണ താഴ്വാരങ്ങൾ
നമുക്കു വേണം,
തിളച്ചു തൂവുന്ന സൂര്യനു താഴെ
ആർദ്രമായൊരു തണലു വീഴ്ത്താൻ.
ജാലകത്തിനു പുറത്തേയ്ക്കു നോക്കുമ്പോൾ,
നൂറ്റൻപതു സങ്കീർത്തനങ്ങൾ
നാട്ടുവെളിച്ചത്തിലൂടെ കടന്നുപോകുന്നു.
വലുതും ചെറുതുമായ
നൂറ്റൻപതു സങ്കീർത്തനങ്ങൾ.
എത്ര മഹത്തും
പ്രഭാവിയും
ക്ഷണികമായ
ഒരു കൂട്ടം !
ഞാൻ പറയുന്നു :
ജാലകം ദൈവമാണ്.
വാതിൽ അവന്റെ പ്രവാചകനും.
യഹൂദാ അമിക്കായി - ആധുനിക ഇസ്രയേലി കവിയായി അറിയപ്പെടുന്നു. ജനനം ജർമ്മനിയിൽ. 1924-ൽ. നാസികൾ അധികാരത്തിൽ വന്നതിനെ തുടർന്ന് കുടുംബം പാലസ്തീനിലേയ്ക്ക് കുടിയേറി. ‘ഇപ്പോഴും മറ്റു ദിവസങ്ങളിലും’ (ACHSHAV UBAYAMIN NA'ACHERIM-1955) എന്ന കവിതാപുസ്തകമാണ് ആദ്യകൃതി. A Life of Poetry, Exile at Home, Love Poems, Not of this Time, Not of this Place, Songs of Jerusalem and Myself, The World Is a Room and Other Stories,Open Closed Open തുടങ്ങിയവ ഇംഗ്ലീഷിൽ ലഭ്യമായ രചനകൾ. 76-മത്തെ വയസ്സിൽ ക്യാൻസർ ബാധിതനായി മരിച്ചു.
-------------------------------------------------------------------------------------
വേനൽക്കാല സന്ധ്യയ്ക്ക് സങ്കീർത്തനങ്ങളുമായി, ജാലകത്തിനരുകിൽ - 2
പൊയ്പോയകാലത്തെ
അടുത്തുവച്ച് ചികയുകയാണ്.
എന്റെ പ്രാണൻ ഉള്ളിൽ പിടയുന്നത്,
മഹായുദ്ധങ്ങൾക്കു മുൻപുള്ള
ശതാബ്ദത്തിലെ
ആ പഴയ ആത്മാക്കളെപ്പോലെയും
തുറന്നിട്ട ജാലകത്തിലൂടെ സ്വാതന്ത്ര്യം പിടിച്ചെടുത്ത്
പറന്നുപോകാൻ കുതറുന്ന തിരശ്ശീലയെപ്പോലെയുമാകുന്നു.
ചെറു നിശ്വാസങ്ങളാൽ
നാം നമ്മെ ആശ്വസിപ്പിക്കുന്നു.
ഓരോ ഓട്ടത്തിനു ശേഷവും
എത്ര വേഗം കിതപ്പാറുന്നു.
ആരോഗ്യത്തോടെ
ഹൃദയപൂർവം
മരണത്തിലെത്താൻ
നാം കൊതിക്കുന്നു.
തൂക്കുക്കയറിലേറും മുൻപ്
പൂർണ്ണമായും സുഖപ്പെടുത്താൻ
ന്യായാധിപർ നിഷ്കർഷിച്ച
മുറിവേറ്റ
കൊലയാളിയെ പോലെ.
ഞാൻ ആലോചിക്കുകയാണ് :
തളം കെട്ടിയ ജലത്തിന്
കേവലമൊരു രാത്രിയുടെ നിശ്ചലതയെ
നൽകാൻ കഴിയുമോ?
മരുഭൂവിനേക്കാൾ വിസ്തൃതമായ
പച്ചപുൽത്തകിടികൾക്ക്
വെറും ഒരു നാഴികയുടെ
നിശ്ശബ്ദത നിർമ്മിക്കാൻ കഴിയുമോ?
മൃതിയുടെ നിഴൽ വീണ താഴ്വാരങ്ങൾ
എത്ര നമുക്കു വേണം,
തിളച്ചു തൂവുന്ന സൂര്യനു താഴെ
ആർദ്രമായൊരു തണലു വീഴ്ത്താൻ?
ജാലകത്തിനു പുറത്തേയ്ക്കു നോക്കുമ്പോൾ,
നൂറ്റൻപതു സങ്കീർത്തനങ്ങൾ
നാട്ടുവെളിച്ചത്തിലൂടെ കടന്നുപോകുന്നു.
വലുതും ചെറുതുമായ
നൂറ്റൻപതു സങ്കീർത്തനങ്ങൾ.
എത്ര മഹത്തും
തേജോമയവും
ക്ഷണികമായ
ഒരു കൂട്ടം !
ഞാൻ പറയുന്നു :
ജാലകം ദൈവമാണ്.
വാതിൽ അവന്റെ പ്രവാചകനും.
- യഹൂദ അമിക്കായി (1924 - 2000)
അനു :
കാലിക്കോസെൻട്രിക്കിന്റെയും ലതീഷിന്റെയും നിർദ്ദേശമനുസരിച്ച് മാറ്റി എഴുതിയ പരിഭാഷയാണിത്. പഴയത് മറ്റൊരു പോസ്റ്റായി നിലനിർത്തുന്നത് ഒരു താരതമ്യത്തിനായാണ്. വിവർത്തനം കേവലമൊരു വാക്കിന്റെ പകരം വയ്പ്പല്ല, മറിച്ച്, ഒരാശത്തെ പിന്തുടരലാണ്. അതൊരു വായനയാണ്. നെരൂദയുടെ ‘I can write saddest poem tonight' എന്ന കവിതയുടെ ആദ്യവരികൾ ചുള്ളിക്കാട് വിവർത്തനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായ അർത്ഥത്തിലാണ് സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയത്. “രാവുചിതറിത്തെറിച്ചുപോയ്, നീലിച്ച താരകള്‍ ദൂരെ വിറയ്ക്കുന്നു’ ഇങ്ങനെ മാരുതന്‍ പാടുന്നു” എന്ന സച്ചിദാനന്ദന്റെ വരികൾ ചുള്ളിക്കാടിൽ “ ശിഥിലമായ് രാത്രി, നീലനക്ഷത്രങ്ങൾ അകലെയായ് വിറകൊള്ളുന്നു - ഇങ്ങനെ.” എന്നായി. അതായത്. ആദ്യത്തേതിൽ കാറ്റു പാടുകയാണ്. രണ്ടാമത്തേതിൽ കവി തനിക്കെഴുതാൻ കഴിയുന്ന വരികൾ എന്താണെന്ന് പറയുകയാണ്.. എന്തു വ്യത്യാസം ! അതുകൊണ്ടാണ് പരിഭാഷ വായനയുടെ പ്രശ്നമാണെന്ന് പറയുന്നത്. സ്രോതഭാഷ അറിയാത്തവർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള സംഗതി എന്ന നിലയ്ക്കല്ല, സ്വന്തംഭാഷയുടെ ശേഷിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനു വഴിയൊരുക്കുന്നത് എന്ന നിലയ്ക്കാണ് പരിഭാഷകളെ കാണുന്നത്. അതുകൊണ്ട് അതു നിരന്തരമായി സംഭവിക്കേണ്ടതുണ്ട്.. പലയിടത്തായി. നിരന്തരം തിരുത്തി എഴുതപ്പെടേണ്ടതുണ്ട്...
പ്രത്യേക നന്ദി, കാലിക്കോയ്ക്കും ലതീഷിനും.
http://www.newyorker.com/fiction/poetry/2008/07/28/080728po_poem_amichai
ReplyDeleteഇതിന്റെ പരിഭാഷയാണിതെങ്കില്‍ ആദ്യത്തെ വരി തൊട്ടു പ്രശ്നമാണ്.
"ഭൂതകാലത്തെ
ചികയുന്നതു നിർത്താം."
എന്നല്ല ചികയുകയാണ് എന്നാണ് ആദ്യത്തെ വരി വായിച്ചിട്ട് എനിക്കു മനസ്സിലായത്.
think, how many still waters
can yield a single night of stillness
and how many green pastures, wide as deserts,
can yield the quiet of a single hour
എന്നിടത്തും വിരുദ്ധാര്‍ത്ഥം ആണ് വന്നിരിക്കുന്നത്. yield അല്ല hold ആണെന്നപോലെ.
ആമിക്കൈ ഓ ആമിക്കായ് ഓ ആവാനല്ലേ ഇട?
ReplyDeleteകാലിക്കോ... സ്പാസിബാ...
ReplyDeleteഅത്ര പരിചിതമല്ലാത്ത (കുറച്ചുപേർക്കെങ്കിലും) കാര്യങ്ങൾ ഇങ്ങനെ തെറ്റായി വരികയും തിരുത്തപ്പെടുകയും ചെയ്യുന്നതിലൂടെയല്ലേ കൂടുതൽ (മലയാളം ) ആഴത്തിലെത്തൂ എന്നൊരു സ്വകാര്യ താത്പര്യം പരിഭാഷകൾക്കു പിന്നിലുണ്ട്..
സ്ക്രൂട്ടിനിയ്ക്ക് മലയാളത്തിലുള്ള ‘സൂക്ഷ്മപരിശോധന’ എന്ന അർത്ഥത്തിന്റെ കൂടെ ഒരു ‘ക്ലോസ്‘ വന്നതുകൊണ്ടാണ് ആദ്യവരി അങ്ങനെ ആയത്. ‘മഹായുദ്ധങ്ങൾക്കു മുൻപുള്ള ,പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മാക്കൾ‘ പ്രയോഗം തന്നെ ‘കൊള്ളരുതാത്ത ഭൂതകാലത്തെ’ ഒഴിവാക്കാനല്ലേ എന്നു തോന്നി. ആ നിലയ്ക്കാണ് കെട്ടിക്കിടക്കുന്ന ഭൂതകാലങ്ങൾക്ക് (ജലാശയങ്ങൾക്ക്) കാലികമായ നിശ്ചലതയെ, നൈമിഷികമായ നിശ്ശബ്ദതയെ ഉൾക്കൊള്ളാനോ ഉള്ളടക്കാനോ പറ്റും എന്നു വ്യാഖ്യാനിച്ചത്..
‘ഷോട്ട് ബ്രീത്തിനെ‘ തർജ്ജമയിൽ ചുടു നിശ്വാസമാക്കിയത് അതുകൊണ്ടാണ്..
വായനയാനല്ലോ പരിഭാഷ. ശുദ്ധമലയാളത്തിലെഴുതിയതുപോലെ നേരെ വിപരീതാർത്ഥത്തിൽ നാം മനസ്സിലാക്കുന്നില്ലേ? പേര് ‘അമിക്കോ‘ എന്നു മാറ്റാം.
കാലിക്കോ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ‘ഭൂതകാലത്തെ അടുത്തു വച്ച് വായിക്കണം’ എന്ന് ആദ്യവരിമാറ്റിയാൽ കവിത മൊത്തം മാറും.
മറ്റ് അനൌചിത്യങ്ങൾ വിശദമാക്കിയാൽ കവിത(കളിലേയ്ക്ക്) യിലേയ്ക്ക് കുറച്ചുകൂടി ഉൾക്കാഴ്ച കിട്ടും.. (ഇനി വായിക്കുന്നവർക്കും ...പരിഭാഷകർക്കും..) തിരുത്തലുകളിലൂടെ തന്നെയാണ് നമ്മുടെ തർജ്ജമകൾ ഉചിതമായ തലത്തിലെത്താൻ .. :)
നല്ലതിനെ അവഗണിച്ച് കുഴപ്പം മാത്രം എടുത്തുകാണിക്കാനാണ് നിയോഗം ;-). ആദ്യത്തെ വരി കീറാമുട്ടിയാണ്. വെള്ളെഴുത്ത് എടുത്തപോലെ close എന്നതിനെ verb ആയി എടുക്കാമെന്ന ഒരു expectation ഞാന്‍ അവിടെ കണ്ടതേയില്ല. close scrutiny എന്നാല്‍ പുനരുക്തിദോഷമുള്ള ഒരു ക്ലീഷേ എന്നേ എനിക്കുവന്നുള്ളൂ. പക്ഷേ പിന്നീട് വെള്ളെഴുത്തിന്റെ അഭിപ്രായം കണ്ടപ്പോള്‍ സംശയം തോന്നി വിക്കിപീഡിയ റെഫ് ഡെസ്ക്, ലാങ്ഗ്വിജില്‍ ചോദിച്ചു. നല്ല മറുപടിയൊന്നും ഇതുവരെയില്ല. എങ്കിലും ഇതേ expectation ആണ് മറുപടി പറഞ്ഞവര്‍ ഷെയര്‍ ചെയ്യുന്നത്. അതങ്ങനെയാണെങ്കില്‍ ആദ്യത്തെ വരിയിലെ staccato കടുത്ത താളഭംഗം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ക്രിയയില്ലാതെ ഫ്രെയ്സ് മാത്രമായി. ഇംഗ്ലീഷ് പരിഭാഷകന്‍ അറിയപ്പെടുന്ന പണ്ഡിതനാണ്. scrutiny നിറുത്തുക എന്ന അര്‍ത്ഥത്തില്‍ close എന്ന ക്രിയ imperative ആയി ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണു തോന്നുന്നത്. തീര്‍ത്തൊന്നും പക്ഷേ പറഞ്ഞൂടാ. close adj ആണെങ്കില്‍ കവിത തകിടം മറിയുമോ എങ്കില്‍ തകിടം മറിഞ്ഞതാണോ കവിത എന്നൊന്നും നോക്കിയിട്ടില്ല.
ReplyDeleteവെള്ളേ... ഒരു വരിയില്‍ ഒരു കടലൊളിപ്പിച്ച കവിതയാണ് !
ReplyDeleteആ നൂറ്റന്‍പതു സങ്കീര്‍ത്തനമെന്ന പ്രയോഗത്തിന്റെ ആഴം ഒന്ന് തപ്പിനോക്കിക്കേ-
ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ...? ഇസ്രായീല്യരുടെ 150 വില്ലാളികള്‍, ബെഞ്ജമിന്റെ കുലത്തിലെ ഇഷാക്കിന്റെ മകന്‍ ഉലമിന്റെ സന്തതികള്...പ്രവാസത്തിനു ശേഷം ഇസ്രായേലിലേയ്ക്ക് മടങ്ങിയവര്...? ബാബിലോണിയന്‍ പ്രവാസത്തിനു ശേഷം ഇസ്രായീലിലേയ്ക്ക് മടങ്ങിയ സഖറിയയുടെ ജനം ? അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്ന വിദേശികളായ ഭാര്യമാര് ?
എന്തെല്ലാം സാധ്യതകള്‍ ...
aashamsakal......
ReplyDeleteഇവിടെ നമ്മളാരും മനസ്സിലാക്കിയതല്ല കാര്യമെന്ന് വിക്കിപീഡിയ റെഫ് ഡെസ്കിലെ ഈ മറുപടിയില്‍നിന്നു മനസ്സിലാവുന്നു.
ReplyDeleteഇവിടെ നോക്കുക
http://en.wikipedia.org/w/index.php?title=Wikipedia:Reference_desk/Language&diff=prev&oldid=352440780
കവിതയുടെ തലക്കെട്ടു് നമ്മള്‍ മറന്നുപോയി. psalms വായിക്കുകയാണ്. അതിന് ചരിത്രപരമായ പശ്ചാത്തലവുമുണ്ട്. അതും അനോനിമസ് ആയി മറുപടി പറഞ്ഞ ആ വി പീ എഡിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. മഹായുദ്ധങ്ങൾക്കു മുൻപുള്ള ശതാബ്ദത്തിലെ
ആ പഴയ ആത്മാക്കളാരെന്നു മനസ്സിലാവുന്നതോടെ കാവ്യം കുറെക്കൂടി ലളിതമാവുന്നുണ്ട്. ച്ചിരി commonplace ഉം.
കവിതയിലത്രയൊക്കെ ഉണ്ടെന്നറിയാനെങ്കിലും ഉപകരിക്കുന്നല്ലോ.. ‘തലക്കെട്ട്’ ഞാൻ മറന്നിട്ടില്ലായിരുന്നു.. ഭൂതകാലത്തെ വിടാം എന്നൊരു മട്ടാണ് കവിതയ്ക്കുള്ളെതെന്ന തോന്നലായിരുന്നു ആദ്യം. സങ്കീർത്തനങ്ങൾ എന്നത് ഭക്തിപൂർവമാണൊ അതോ പരിഹാസത്തോടെയാണോ (മതപരമായ പശ്ചാത്തലവും വിദ്യാഭ്യാസവും യഹൂദയ്ക്ക് ഉണ്ടായിരുന്നതുകോണ്ട് ബോധപൂർവമല്ല, അബോധ പൂർവം..) എന്നു വ്യക്തമായിരുന്നില്ല. പിടയുന്ന ആത്മാക്കൾ (പത്തൊൻപതാം നൂറ്റാണ്ടിലെ) കോൺസൺട്രേഷൻ ക്യാമ്പുകളിലെ ജൂതരാണോ? വാതിൽ ദൈവമാകുന്നത്...? ചില കാര്യങ്ങൾ കവിത പിടി തരുന്നില്ല. കവിത ആയതുകൊണ്ടു തന്നെ.
ReplyDeleteനന്ദി...
ReplyDeleteഭക്തി ജൂദായിസത്തില്‍ ദൈവത്തെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സംശയിച്ചും ഒക്കെ ആണെന്ന ഒരു ചരിത്രമുണ്ടല്ലോ, ഇല്ലെ? ( book of job ഓര്‍ക്കുക) അങ്ങിനെയാണെങ്കില്‍ ഭൂതകാലത്തെ, മതമുള്‍പ്പടെ (ജനാലയ്ക്കു വെളിയിലുള്ള ഒരു തുടര്‍ച്ച) കുറച്ചുകൂടി ആഴത്തില്‍ ചോദ്യം ചെയ്യുകയാണെന്നു തന്നെ തോന്നുന്നു. കവിക്കാണേല്‍ ഒരു തരം വിചിത്രമായ രീതി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, he brings in metaphors of religion to confront religion. ദൈവം എന്റെ ഹൃദയമുറിവിലൂടെ വെളിയിലേക്ക് നോക്കുന്നു എന്ന് മറ്റെവിടെയോ
ReplyDelete