February 28, 2010

ചെരിപ്പുകൾ പുറത്തു വയ്ക്കണോ?




കഷ്ടിച്ച് ഒരാഴ്ച മുൻപ് സർക്കാർ ആപ്പീസുകളിലേയ്ക്ക് ഒരു സർക്കുലർ പോയിട്ടുണ്ട്. ജനപ്രതിനിധികൾ വരുമ്പോൾ എങ്ങനെ പെരുമാറണം എന്നു നിർദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇണ്ടാസ്. അതിൽതന്നെ പ്രധാനപ്പെട്ട ഒരു കാര്യം മേൽ‌പ്പടി പ്രതിനിധികൾ ആപ്പീസുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിൽക്കണം എന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ കാലാകാലമായുള്ള വടംവലി ചെറിയ അളവിൽ ഈ സർക്കുലറിലെ വരികൾക്കിടയിലിരുന്ന് പല്ലിളിക്കുന്നുണ്ട്. മറയൊന്നുമില്ല. ജനപ്രതിനിധികളോടുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെപ്പറ്റി നിരവധി ആരോപണങ്ങൾ വന്നതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സർക്കുലർ എന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരാപ്പീസുകളിൽ ആയിരക്കണക്കിനു ജനം നിത്യേനയെന്നോണം അനുഭവിക്കുന്ന അവഹേളനങ്ങൾക്കും അവകാശലംഘനങ്ങൾക്കും തടയില്ല. അതാരുടെയും വേവലാതിയല്ല. ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ടുകൾ കടന്നു പോകുന്നതുവരെ ഇക്കാര്യത്തിൽ ഉദാസീനത പുലർത്തിയിരുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയല്ലേ. ഒന്നോർത്താൽ ഏതു പെരുമാറ്റച്ചട്ടനിർമ്മിതിയിലും ഒരധികാരപ്രയോഗത്തിന്റെ സുഖം വട്ടം ചുറ്റുന്നുണ്ട്. എനിക്കു വേണ്ടി നിന്നെ പാകപ്പെടുത്തുക എന്നതാണ് അതിന്റെ കാതൽ. അതിനും അപ്പുറം കടന്ന് എനിക്കു വേണ്ടി നീ എന്തു ചെയ്യണമെന്ന് ആക്രോശിക്കാൻ തുടങ്ങുന്നിടത്താണ് ഏകപക്ഷീയമായ വിവേചനാധികാരം സിംഹാസനത്തിൽ കയറി വിരാജിക്കുന്നത്.

പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും. ജനപ്രതിനിധികൾ, കൊമ്പത്തെ ജീവികളും അഹോരാത്രം കഷ്ടപ്പെടുന്നത് ജനങ്ങൾക്കുവേണ്ടിയുമാകയാൽ അവർക്ക് കുറച്ച് സൌകര്യങ്ങളൊക്കെ വേണം എന്നും, ജനപ്രതിനിധികൾ അടിസ്ഥാനപരമായി ജനസേവകരായതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ഭരണകൂട ഉപകരണങ്ങൾ നൽകിക്കൂടെന്നും. പക്ഷേ രണ്ടാമത്തെ വാദമൊക്കെ എന്നേ കടലെടുത്തു. ഇപ്പോൾ തെരെഞ്ഞെടുപ്പു സമയത്തുള്ള കഷ്ടപ്പാടുകളും അതുകഴിഞ്ഞാൽ അധികാരം നിലനിർത്താനും പിടിച്ചടക്കാനുമുള്ള ആയാസങ്ങളും ഒഴിച്ചാൽ ഈ വിഷയത്തിൽ അവർക്കുള്ള മറ്റു പ്രശ്നങ്ങൾ സമക്ഷത്തു വരാറില്ല. അനൂകൂല്യങ്ങൾ ധാരാളമുണ്ടു താനും. അതായിക്കോട്ടെ, എന്നാൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കാൻ ചെന്നു നിൽക്കുന്ന ഒരാൾ പിച്ചക്കാരനെക്കാൾ താഴ്ന്ന നിലയലാണെന്ന മട്ടിൽ പ്രതിനിധി പെരുമാറി തുടങ്ങുമ്പോഴോ? പ്രാതിനിത്യഭരണസംവിധാനം ജനാധിപത്യപരമാവുകയില്ലെന്ന് റൂസോ പറഞ്ഞിരുന്നു. തെരെഞ്ഞെടുപ്പുസമയത്തു മാത്രമാണ് ജനങ്ങൾ സ്വതന്ത്രരാകുന്നത്. അതു കഴിഞ്ഞാൽ അവരെ ഭരണാധികാരികൾ അടിമപ്പെടുത്തുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അടിമത്തത്തേക്കാൾ മെച്ചപ്പെട്ടതല്ല ഇത് എന്നായിരുന്നു റൂസ്സോയുടെ വാദം. ഏകകക്ഷിഭരണത്തിനു മുറവിളി കൂട്ടുന്ന തീവ്ര ഇടതു നിലപാടുകളും ജനങ്ങൾക്ക് അർഹതപ്പെട്ടതിലേറെ നൽകുന്നു എന്ന വലതുപക്ഷ വീക്ഷണങ്ങളും ആത്യന്തികമായി ജനാധിപത്യവിശ്വാസങ്ങളെ എതിർചേരിയിൽ നിർത്തുന്ന നയമാണ് സ്വീകരിച്ചു വരുന്നത് എന്നു നമുക്കറിയാം. എന്നാലും പുറമേ ഉള്ള സ്വരം അനുരഞ്ജനത്തിന്റേതാണ്. ആ കപടനാട്യങ്ങൾ പോലും അപ്രസക്തമാവുന്ന കാലത്തിലേയ്ക്ക് നാം പതിയെ പ്രവേശിച്ചു തുടങ്ങുന്നതിന്റെ കുളമ്പൊച്ചകളാണ് പുതിയ സാമൂഹിക നിയമങ്ങൾ എന്നു സംശയിച്ചു തുടങ്ങാവുന്നിടത്തേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽ‌പ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.

യാദൃച്ഛികമായിരിക്കും, എങ്കിലും ചില സംഗതികൾ രൂപപ്പെട്ടുവരുന്നതിനു പിന്നിലെ സാമൂഹികകാലാവസ്ഥകൾക്കുള്ള പങ്കിനെ കുറച്ചു കാണരുതല്ലോ. തിരുവനന്തപുരം നഗരത്തിലെ പ്രധാനസ്ഥലങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൽ വിള്ളൽ കണ്ടതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രാത്രിയും പകലും ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ജീവനക്കാരനെ വാർഡ് കൌൺസിലർ, ചവിട്ടി കുഴിയിൽ തള്ളിയിട്ടതിനെപ്പറ്റി പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന നഗരവാസികളെ സഹായിക്കാൻ വേണ്ടി പണിയെടുക്കുന്നവരുടെ ജോലി കുറേക്കൂടി കാര്യക്ഷമമായിക്കൊള്ളട്ടേ എന്നു വിചാരിച്ചല്ല ഈ പീഡനം, മറിച്ച് അവിടെ നിന്ന് മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് ജീവനക്കാരൻ വിലക്കി എന്നുള്ളതുകൊണ്ടാണ്. രണ്ടാമത്തെ സംഭവം കുറേക്കൂടി വിവാദമായതാണ്. നെയ്യാറ്റിൻ കരയിൽ വച്ച് തന്റെ കാറിൽ തട്ടിയ കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവറെ എം എൽ എ മർദ്ദിച്ചതാണ്. മുൻപൊരിക്കൽ ഒരു ജനപ്രതിനിധിയുടെ കാറിൽ ലോറി ലോറി ഓടിച്ചപ്പോൾ ഉണ്ടായ ചെറിയ പോറലിന് നിയമാനുസൃതമല്ലാതെ പ്രതിവിധി കണ്ടെത്തിക്കൊടുത്തത് കേരളാപോലീസാണ്. ലോറി എന്നല്ല ഒരു വാഹനവും ഇനി ഒരിക്കലും ഓടിക്കാൻ വയ്യാത്ത രീതിയിലാക്കി ശുഷ്കാന്തിയോടെ പ്രശ്നം പരിഹരിച്ചുകൊടുത്തു. പത്രങ്ങളുടെ പ്രാദേശികമായ പതിപ്പുകൾ വന്നതോടെ മറ്റുപ്രദേശങ്ങളിൽ സമാനമായി എന്തു സംഭവിക്കുന്നു എന്നറിയാൻ വയ്യാതായി. എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.

അതുകൊണ്ടാണ് ജനപ്രതിനിധികളെ എങ്ങനെ ബഹുമാനിക്കണം എന്ന് നിർദ്ദേശിക്കുന്ന സർക്കുലറിനെ പ്രത്യേക ശ്രദ്ധയോടെ നോക്കുന്നത്. ഫ്യൂഡൽ -കൊളോണിയൽ മനോഭാവങ്ങൾ ഇപ്പോഴും ആധിപത്യം പുലർത്തിക്കൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. സ്കൂൾ അസംബ്ലികളെ നോക്കുക. സ്ഥാപനമേധാവികൾ കുട്ടികളെക്കൊണ്ട് ‘ഗുഡ്മോണിംഗ് ‘ പറയിപ്പിച്ചശേഷം പിന്നീട് എഴുന്നള്ളിക്കുന്നതെല്ലാം താക്കീതുകളും ഭീഷണികളുമാണ്. ജനാധിപത്യത്തെ സംബന്ധിച്ച് പ്രത്യേക പരിശീലനം കിട്ടുന്ന ഒരു സ്ഥലമാണതെന്നാണ് വയ്പ്പ്. കാലം കഴിയുന്തോറും ഭൂതകാലങ്ങളിൽ നിന്ന് വിടുതൽ നേടുകയല്ല, ശിശുസഹജമായ ലാഘവബുദ്ധിയോടെ അധികാരത്തിന്റെ ചൂടുപറ്റി ചുരുണ്ടുകൂടാനുള്ള പ്രവണത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്യപ്പെടുന്നത്. കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്. ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.

പുസ്തകം :
ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും
ഡേവിഡ് ബീഥാം- കെവിൻ ബോയൽ
ചിത്രം :
ഉണ്ണിയുടെ രാഷ്ട്രീയ കാർട്ടൂണുകളിലെ കണ്ണടവച്ച പയ്യൻ

34 comments:

  1. രാജാവ് വരുമ്പോൾ ‘റാൻ’ മൂളി നിൽക്കാൻ അധികാരികൾ സജ്ജം. ആട്ടിയോടിക്കാൻ നിയമപാലകർ ശുഷ്ക്കാന്തിയോടെ. രാജവീഥിയിലും അധികാര ആസ്ഥാനങ്ങളിലും എത്തിനോക്കാൻ പോലും അവകാശമില്ലാത്ത ശൂദ്രർ എന്നും നിലനിക്കട്ടെ.

    ReplyDelete
  2. ജോലിയും കസേരയുമില്ലാത്തവർ ഭാഗ്യവാന്മാർ...

    ReplyDelete
  3. എമ്മെല്ലേമാരും രാഷ്ട്രീയക്കാരന്മാരും പുതിയ മേല്‍ജാതിയാവുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു. തല്‍ക്കാലം എല്ലാവര്‍ക്കും ഈ ജാതിയില്‍ പ്രവേശനമുണ്ടെങ്കിലും..

    വോട്ടുകുത്തിക്കളിക്കുന്ന നമ്മളെപ്പറഞ്ഞാല്‍ മതിയല്ലോ.

    ReplyDelete
  4. തിരോന്തരത്തെ എതോ സ്കൂളിലെ ചില കന്യാസ്ത്രീകള്‍ ഇപ്പോഴും ഒരു ദുരന്തസ്മരണയാണെന്ന് തോന്നുന്നു.s

    ഫ്യൂഡലിസം തകരട്ടെ.

    ReplyDelete
  5. അധികാരത്തിന്റെ ശരീര ഭാഷ വ്യാപകമായിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം തന്നെ അത് പ്രകടിപ്പിക്കാനുള്ള അവസരമായി കാണുന്നവരാണ് കുട്ടി നേതാക്കളടക്കം. പിന്നെ അനുസരനയാനല്ലോ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഏകകാര്യം.
    സ്കൂള്‍ അസ്സംബ്ലിയെക്കുരിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ഇവെടെയുമുണ്ട്
    http://premanmash.blogspot.com/2009/12/blog-post.html

    ReplyDelete
  6. പഞ്ചായത്തംഗവും ജനപ്രതിനിധിയാണല്ലോ, അല്ലേ.

    ReplyDelete
  7. ആണെങ്കില്‍? അല്ലെങ്കില്‍??

    ReplyDelete
  8. മാരീചന്റെ പോസ്റ്റ് വായിക്കുന്നതിനു മുമ്പ് എഴുതിയ കമന്റാണത്.

    ഇപ്പോൾ മനസ്സിലായി, ജനപ്രതിനിധിയാണെങ്കിലും ഒരു രണ്ടാംതരം ജനപ്രതിനിധിയാണെന്നു സർക്കാർ ഉത്തരവിൽ നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  9. ഒരുനിനവില്‍ ഇടിവെട്ടി
    ഉടനുറവ പെയ്യുന്ന
    കര്‍ക്കിടക മഴയല്ലല്ലോ അങ്കിളേ ജനാധിപത്യം...
    പഞ്ചായത്ത് മെമ്പര്‍ക്കു മുന്നിലും ഉദ്യോഗസ്ഥന്‍ എഴുന്നേറ്റു നില്‍ക്കുന്ന കാലം മെല്ലെ വരും... വെയ്റ്റ് ചെയ്യൂ

    ReplyDelete
  10. മാരീചന്റെ മറുപടി വായിച്ചു. ഒരു പുസ്തകവും വായിക്കാൻ സാധിക്കാത്തതിന്റെ കലശലായ കോമ്പ്ലക്സുകൾ മുതൽ utter stupidity
    വരെയാണ് മാരീച മറുപടി. പക്ഷെ നല്ല കാര്യം, let him expose his stupidity completely.

    ReplyDelete
  11. മാരീചന്റെ പോസ്റ്റിനുള്ള മറുപടിയാണ്. പരസ്പരവിരുദ്ധമായ കുറേ ആശയങ്ങൾ സ്വന്തം സങ്കൽ‌പ്പങ്ങൾ കൂട്ടിക്കുഴച്ച് ഒന്നിച്ചെടുത്ത് ഒരുട്ടി ഉണ്ടയാക്കി എതിർ വശത്തേയ്ക്ക് എറിഞ്ഞാൽ പണി എളുപ്പമാവും. ഒന്നിനു മറുപടി പറയുമ്പോൾ മറ്റേടം വലിച്ചു കാണിക്കാം.. ഇതോ... ! ഇതിനെയാണ് താർക്കിക (കു)യുക്തി എന്നു പറയുന്നത്. ഇതും പണ്ടേ നിലനിന്നിരുന്ന സംഗതിയാണ്. സർക്കുലറിലെ പെരുമാറ്റച്ചട്ടത്തെയാണ് ചൂണ്ടിയത്. അല്ലാതെ സർക്കുലറിലെ മൊത്തം വാക്യങ്ങളെ അല്ല. ജനപ്രതിനിധികളെ ബഹുമാനിക്കണ്ട (എന്നല്ല ഒരു മനുഷ്യനെയും ബഹുമാനിക്കണ്ട എന്നു ) ഒരിടത്തും വാദിച്ചിട്ടില്ല. പക്ഷേ ബഹുമാനിക്കേണ്ടത് എഴുന്നേറ്റ് നിന്നാണെന്ന് ഒക്കെ പറഞ്ഞ് സംസ്ഥാനകാര്യദർശിയുടെ സർക്കുലർ ഇറങ്ങുന്നത് അത്ര അപകടമല്ലെന്നു ഇപ്പോൾ തോന്നുന്നു , അങ്ങനെ തന്നെയേ പറ്റൂ എന്ന് മാരീചന്റെ നിലവിളി കാണുമ്പോൾ. എങ്കിൽ അങ്ങനെ. ഓച്ഛാനിക്കുക, വാപൊത്തുക തുടങ്ങിയ ആചാരങ്ങൾ കൂടി അനുബന്ധമായി ചേർക്കുമ്പോഴും അതും ശരിയാണെന്ന് വാദിക്കാൻ എന്നും ആളുകൾ കാണും. അധികാരത്തിന്റെ തനൽ ആ മാതിരിയാണ് !! ഇതും പണ്ടേ ഉള്ളതാണ്. . ബഹുമാനത്തിനെത്ര വഴികൾ പിന്നെയും കിടക്കുന്നു. ഇണ്ടാസിന്റെ ‘സൂചനാകാലം‘ അല്ല അതു പുതുതായി (പൊടിതട്ടി) ഇറങ്ങിയ കാലമാണ് പോസ്റ്റിന്റെ വിഷയം. അല്ലാതെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എത്ര സർക്കുലർ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം അന്വേഷിക്കുകയായിരുന്നില്ല. അതു മറ്റൊരു പോസ്റ്റിൽ ചെയ്യാം !!!
    കെ ഇ എൻ ഉൾപ്പടെയുള്ളവരുടെ പഴയവാദമാണ് ജനപ്രതിനിധികളെ മോശക്കാരായി ചിത്രീകരിക്കുന്നവരുടെ അരാഷ്ട്രീയത. എന്താണു അവരുടെ ലക്ഷ്യം എന്ന് സാമാന്യബോധമുള്ളവന് (വൾക്കും) മനസ്സിലാവും അതുകൊണ്ട് അക്കാര്യം വിടുന്നു. ബഹുമാനം മൂത്ത് മൂത്ത് അവർക്ക് ശിക്ഷണാധികാരം കൂടി കൊടുക്കണമെന്നും വാദിക്കണം. എങ്കിലേ നെയ്യാറ്റിൻ കരയിലും പേരൂർക്കടയിലും ഒക്കെ നടന്നതിനു ന്യായീകരണം ആവൂ.
    ജനാധിപത്യം -80 ചോദ്യങ്ങൾ യുനസ്കോയുടെ നേതൃത്വത്തിൽ 1995 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. അതിനെ ആരും അധികരിച്ചിട്ടില്ല. ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെന്നും അതിൽ എഴുതി വച്ചിട്ടുണ്ട് എന്നകാര്യം ചൂണ്ടിക്കാണിച്ചതേയുള്ളൂ. അടിസ്ഥാനപരമായി അത്രയും. (അതിനു പോലും പുച്ഛം) അപ്പോൾ ജനാധിപത്യമെന്ന ആശയത്തിന് രാഷ്ട്രീയ/തത്ത്വചിന്താതലത്തിൽ പിൽക്കാലത്തുണ്ടായ സംഭാവനകളൊക്കെ കടലിൽ കളയണം. കാരണം നമുക്ക് പുസ്തകങ്ങളോട് തന്നെ സർവപുച്ഛമാണ്. എന്നു വച്ചാൽ ആശയങ്ങളോട്.(അങ്ങനെയാണ് ഈ പോസ്റ്റ് വായിച്ചാൽ തോന്നുക. അതും ഒരു അടവുനയമാണ്.. എന്റെ വികാരത്തിനു മുന്നിൽ നിന്റെയൊരു പുസ്തകം !) ബീഹാറിലും ഗുജറാത്തിലുമൊക്കെയുള്ള ജനപ്രതിനിധികളുടെ ചെയ്തി എന്തായാലും ഇതേ ആവേശത്തോടെ അവരെ ബഹുമാനിക്കുന്ന കാര്യം മാരീചൻ ആലോചിക്കുമോ എന്നറിയാൻ ആഗ്രഹമുണ്ട്. അതോ ജനപ്രതിനിധികളെ അവഹേളിക്കാനും വിമർശിക്കാനും ഉള്ള അധികാരം രാഷ്ട്രീയകക്ഷികൾക്കും അതിന്റെ പിണിയാളുകൾക്കും, അവരെ ബഹുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കും ആയി നിജപ്പെടുത്തിയിരിക്കുകയാണോ?
    അപ്പൻ പറഞ്ഞാലും ഇല്ലെങ്കിലും അതു ഏതു കോണ്ടെക്സ്റ്റിലാണെങ്കിലും (മാർക്സിസ്റ്റു വിമർശകരെയാണ് അപ്പൻ കുത്തിയത്.. അതു വേ...) പോസ്റ്റ് വിവരക്കേടാണെന്ന കാര്യം ഞാൻ സമ്മതിച്ചു തരാം. ഈ പോസ്റ്റിൽ പറഞ്ഞതാണ് ‘വിവര‘മെങ്കിൽ ഇവിടത്തെ പോസ്റ്റിനു വിവരക്കേടായിരിക്കാനേ പറ്റൂ. അല്ലെങ്കിൽ അതിനെന്തോ തകരാറുണ്ടെന്നാണ് അർത്ഥം. മനോരമയെക്കുറിച്ച് ഇ എം എസ് പറഞ്ഞതുപോലെയാണ് കാര്യം.
    എന്നും പറഞ്ഞ് കുളിക്കുന്നതും ഭോഗിക്കുന്നതുമൊന്നും പാടില്ലെന്ന് വാദിച്ചില്ല കേട്ടോ.. അതുവെറുതേ എഴുതാപുറം വായിക്കലാണ്.

    ReplyDelete
  12. ഈ ഇണ്ടാസ്‌ ആർക്കോ എന്തോ വിളി വന്നപ്പോൾ ഉടലെടുത്തതാകാനേ വഴിയുള്ളൂ. കാരണം ഇതിൽ
    ഇതിൽ ആവർത്തിച്ചു പറയുന്ന ആദരവ്‌, എഴുന്നേറ്റു നിൽക്കൽ പ്രയോഗങ്ങൾ തന്നെ. ഇതൊന്നും ഉപയോഗിക്കതെ 'ജനപ്രതിനിധികളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കണം, അവരുടെ നേരിട്ടും ഫോൺ വഴിയും ഒക്കെയുള്ള അന്വേഷണങ്ങൾക്ക്‌ കൃത്യമായും സത്യസന്ധമായും മറുപടി കൊടുക്കണം' എന്നൊക്കെ ആയാൽ എന്തായിരുന്നു കുഴപ്പം ?
    ആദരവ്‌, ബഹുമാനം എന്നതൊക്കെ എണീറ്റു നിന്നും ഓച്ഛാനിച്ചു നിന്നും ഒക്കെ മാത്രം പ്രകടിപ്പിക്കേണ്ടതാണെന്നു വിശ്വസിക്കുന്നവർ ഇപ്പൊഴും സർക്കാറിന്റെ ഉന്നത തലങ്ങളിൽ പോലും ഉണ്ടല്ലോ - കഷ്ടം.
    സർക്കാർ തലങ്ങളിലെ എഴുത്തു കുത്തുകളിലും ഈ അനാവശ്യ ഓച്ഛാനിച്ചു നിൽക്കൽ കാണാം. ഒരിക്കൽ ഞങ്ങൾ ഒരു ബന്ധുവീട്ടിലെ കല്യാണത്തിന്‌ മൈക്ക്‌ പെർമിഷൻ എടുക്കാൻ വേണ്ടി പോലീസ്‌ സ്റ്റേഷനിൽ പോകുമ്പോൾ അത്യാവശ്യം പൊതു പ്രവർത്തനം ഒക്കെയായി നടക്കുന്ന ഒരു ബന്ധു കൂടെയുണ്ടായിരുന്നു. ഞാൻ ഒരു പേപ്പർ എടുത്തു വെച്ച്‌ from,..... to,... എന്നുള്ള രൂപത്തിൽ അപേക്ഷ എഴുതാൻ തുടങ്ങിയപ്പോൾ അദ്ദേഹം തടഞ്ഞു: ഹേയ്‌ അങ്ങനെയൊന്നും പാടില്ല, 'ബഹുമാനപ്പെട്ടാ സബ്‌ ഇൻസ്പെക്ടർ...........ബോധിപ്പിക്കുന്നത്‌' എന്നൊക്കെ വേണം എഴുതാൻ.അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അങ്ങനെയൊക്കെ ആയിരുന്നു സ്ഥിരമായി കണ്ടു കൊണ്ടിരുന്നത്‌. റവന്യൂ ഓഫിസുകളിലെ ചില അപേക്ഷകളുടെ സംബോധനകൾ വായിച്ചാൾ തല കറങ്ങും, മലയാളം ആണൊ എന്നു പോലും സംശയമാകും. ഇതിന്റെ ഒക്കെ പിന്നിൽ ഈ ആദരിക്കലും കോപ്പും തന്നെ. ഉദ്യോഗസ്ഥന്മാർക്ക്‌ ജനങ്ങളിൽ നിന്നും ബഹുമാനം, ജനപ്രതിനിധികൾക്ക്‌ ഉദ്യോഗസ്ഥന്മാരിൽ നിന്നും. പാവം ജനങ്ങൾ മത്രം ഊ.....ർ

    കാലാകാലങ്ങളിൽ ഇത്തരത്തിലുള്ള ഇണ്ടാസുകൾ വരിവരിയായി പുറതിറങ്ങിയിട്ടുണ്ടോ ആവോ:
    'ഉദ്യോഗസ്ഥന്മാർ ജോലി സമയത്ത്‌ കൃത്യമായി ഓഫീസിലിരുന്നു ജോലി ചെയ്യണം',
    'ഗവൺമന്റ്‌ ഓഫീസിൽ വരുന്ന പൗരജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അനാവശ്യ കാലതാമസം കൂടാതെ നടത്തി കൊടുക്കണം',
    ..............

    ഇത്തരം ഇണ്ടാസുകൾ നിലവിലുണ്ടോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സർക്കാർ ജീവനക്കാർക്ക്‌ തൃണസമാനം.

    ReplyDelete
  13. ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളെ അധികരിച്ച് ഭരണസംവിധാനത്തെ വിലയിരുത്താനാവില്ല വെള്ളെഴുത്തേ. ഒന്നുകില്‍ അ‍ജ്ഞത, അല്ലെങ്കില്‍ അറിഞ്ഞു കൊണ്ടുളള വളച്ചൊടിക്കല്‍. താങ്കളുടെ ഈ പ്രതികരണത്തിന്റെ അന്തസത്ത അതുമാത്രമാണ്. താങ്കള്‍ ഈ വക കാര്യങ്ങളില്‍ അജ്ഞനാണെന്ന് ആരോപിക്കാന്‍ ഞാനില്ല. അപ്പോള്‍ സാധ്യത രണ്ടാമത്തേതാണ്. അറിഞ്ഞു കൊണ്ടുളള വളച്ചൊടിക്കല്‍. അതെന്തിനു വേണ്ടിയെന്ന ആലോചനകളില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ പിറക്കുന്നത്.

    1995ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ എഴുതിവെച്ചതായി താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന വാക്യത്തോട് മാത്രം പ്രതികരിക്കാം.

    "ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെന്നും അതിൽ എഴുതി വച്ചിട്ടുണ്ട് എന്നകാര്യം ചൂണ്ടിക്കാണിച്ചതേയുള്ളൂ".

    ഉദ്യോഗസ്ഥന്റെ "മേലാവ്" തന്നെയാണ് വെള്ളെഴുത്തേ ജനപ്രതിനിധി. പ്രോട്ടോക്കോള്‍ പ്രകാരം, ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണ് എംഎല്‍എ. എക്സിക്യൂട്ടീവിന് മുകളിലാണ് ലെജിസ്ലേച്ചര്‍. അതറിയാത്തവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്നാണ് താങ്കള്‍ പറയുന്ന "കാലാകാലങ്ങളിലായുളള വടംവലി" നടക്കുന്നത്. ഇതില്‍ വടംവലിയുടെ കാര്യമൊന്നുമില്ല. തന്നെക്കാള്‍ മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനമെന്നും അത് ഇന്ത്യയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുളളതാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിഞ്ഞു പെരുമാറുമ്പോള്‍ പ്രശ്നം താനേ അവസാനിക്കും. ഇക്കാര്യത്തെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയെന്ന "പുസ്തക"ത്തില്‍ സുവ്യക്തമായ നിര്‍വചനങ്ങളും നിലപാടുകളുമുളളപ്പോള്‍ മറ്റു "പുസ്തക"ങ്ങള്‍ക്ക് വലിയ റോളൊന്നുമില്ല. സോറി.

    ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എംഎല്‍എ ഓഫീസിലെത്തിയാല്‍‍, ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ച നീലാ ഗാംഗാധരനെന്ന ചീഫ് സെക്രട്ടറിയും എഴുന്നേറ്റ് നിന്നു തന്നെ സ്വീകരിക്കണം. പ്രോട്ടോക്കോള്‍ പ്രകാരം തന്നെക്കാള്‍ മുകളിലായ അംഗീകൃത ജനപ്രതിനിധികള്‍ (എംപി/എംഎല്‍എ) ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദവ് പുലര്‍ത്തണം എന്ന് സംസ്ഥാന ഭരണസംവിധാനത്തിന്റെ ഏറ്റവും തലപ്പത്തുളളയാള്‍ തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെയാണ് "ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു, അയ്യോ രക്ഷിക്കണേ" എന്നൊക്കെ താങ്കള്‍ നിലവിളിച്ച് പരിഹസിച്ചത്.

    ReplyDelete
  14. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊക്കെ ബാധകമായ പ്രോട്ടോക്കോള്‍ എന്നൊരു സാധനമുണ്ട്. അടിമുടി ഫ്യൂഡലും കൊളോണിയലുമാണ് സാധനം. ഇപ്പോള്‍ നടത്തിയതിനെക്കാള്‍ ഉച്ചത്തിലുളള നിലവിളികള്‍ക്ക് സ്ക്കോപ്പുളളതാണ് അതിലെ ഓരോ വാചകവും.

    ജനപ്രതിനിധികളെ കാണുമ്പോള്‍ ജനങ്ങളാകെ മാറാപ്പഴിക്കണമെന്നും ചെരുപ്പൂരണമെന്നും കുനിഞ്ഞു നില്‍ക്കണമെന്നും കല്‍പന വരുമ്പോള്‍ വെള്ളെഴുത്തിന്റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഞാനുമുണ്ടാകും. എന്നാല്‍ ജനപ്രതിനിധികളെ കാണുമ്പോള്‍ ഓക്കാനവും ഛര്‍ദ്ദിലും വരുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ പുലര്‍ത്തേണ്ട മേല്‍കീഴ് ബന്ധങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന സര്‍ക്കുലറിന്റെ പേരില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഞാന്‍ താങ്കളുടെ എതിര്‍പക്ഷത്താണ്.

    ReplyDelete
  15. ‘ജനാധിപത്യം’. വേറെ വഴിയില്ലാത്തതു കൊണ്ട് താൽകാലികമായി തെരഞ്ഞെടുത്ത ഒരു ‘മാർഗ്ഗം’ മാത്രമല്ലേ ആകുന്നുള്ളൂ. അടിസ്ഥാനവർഗ്ഗ-സർവ്വാധിപത്യമല്ലേ ലക്ഷ്യം. അതല്ലേ പാർട്ടി ഭരണഘടന നിഷ്കർഷിക്കുന്നത്. ആ പുസ്തകത്തിനേക്കാൾ വലുതാണോ ഇൻഡ്യൻ ഭരണഘടന എന്ന പുസ്തകം?

    ReplyDelete
  16. "ഇക്കാര്യത്തെ സംബന്ധിച്ച്" എന്ന് വ്യക്തമായി എഴുതിയത് അങ്കിള്‍ കണ്ടില്ലെന്നുണ്ടോ...

    ReplyDelete
  17. വെള്ളെഴുത്തെന്തിനാണ് രോഷം കൊള്ളുന്നതെന്ന് രണ്ട് ദിവസമായി ആലോചിക്കുകയായിരുന്നു, ഒരു എത്തും പിടിയും കിട്ടുന്നില്ല.

    നമ്മുടെ ഭരണകൂട വ്യവസ്ഥിതി തന്നെ ബ്രിട്ടീഷ് റൂളിന്റെ ബാക്കിപത്രമാണെന്ന് അറിയാത്ത ആളാണോ വെള്ളഴുത്ത്? അതിന്റെ കൂടെ അങ്കിളും കിടന്ന് വട്ടംകറങ്ങുന്നത് കാണുമ്പോള്‍ ചിരിവരുന്നു, പോരാത്തതിന് ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള “സര്‍വ്വാധിപത്യ” പ്രയോഗവും.

    സര്‍ക്കാര്‍ ജോലിക്കാര്‍ സര്‍ക്കാരിന്റെ കൂലിക്കാര്‍ തന്നെയാണ്, അടിമകള്‍ എന്നു തന്നെ പറയാം. പ്രായോഗിക തലത്തില്‍ അതിനെന്തെങ്കിലും മാറ്റം കാണുന്നുണ്ടെങ്കില്‍ അത് ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടേയും സര്‍വ്വീസ് സംഘടനകളുടേയും ശ്രമ ഫലമായി ഉണ്ടായവ മാത്രം. അപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്ന ജനപ്രതിനിധികള്‍ യജമാനന്‍ തന്നെ. എണീറ്റ് നില്‍ക്കണോ വാലാട്ടണോ എന്നുള്ളതൊക്കെ വേറെ വിഷയം.

    ഒരുപാട് സര്‍ക്കാര്‍ ഉത്തരവുകള്‍ കണ്ട ആള്‍ക്കാരാണല്ലോ എല്ലാരും, “The government is pleased to order” എന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവുകളുടെ വാചക ഘടന. എന്നു വച്ചാല്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ തരുന്നു എന്നര്‍ത്ഥം. ഈ സംഗതികള്‍ക്കൊക്കെ മാറ്റം വരണമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണം നടക്കണം, നടക്കണമെന്ന് നടത്താന്‍ അധികാരപ്പെട്ടവര്‍ക്ക് ബോധം വരണം.

    ഓ.ടോ
    പഞ്ചായത്ത് അംഗം ഒരു തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധിയാണെന്ന കാര്യത്തില്‍ ചിലര്‍ക്കൊക്കെ സംശയമുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  18. പഞ്ചായത്ത് അംഗം ഒരു തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധിയാണെന്ന കാര്യത്തില്‍ സർക്കാരിന് സംശയമുണ്ടെന്ന് തോന്നുന്നു, അനിലേ. അതല്ലേ സർക്കാർ ഉത്തരവിൽ അവരെ വിട്ടുപോയത്. വോട്ടു ചെയ്യുന്ന നമുക്ക് അവരെ മറക്കാൻ പറ്റില്ലല്ലോ.

    ReplyDelete
  19. ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളെ അധികരിച്ച് ഭരണസംവിധാനത്തെ വിലയിരുത്താനാവില്ല വെള്ളെഴുത്തേ. - This idiot has no clue or calibre to understand what the whole article depicts. മാരീചൻ എഴുതുന്ന പൈങ്കിളി വാദങ്ങളെ വെച്ച് ഭരണസംവിധാനം വിലയിരുത്തിക്കളയുന്നത് അപാരം.

    അനിൽ@ബ്ലോഗ്, വിഡ്ഡിത്തം വിളമ്പരുതുടോ (പറഞ്ഞിട്ട് കാര്യമില്ല, അറിയുന്നതല്ലേ പാടൂ). പഴയ ബ്രിട്ടീഷ് കാലഘട്ടത്തിൽ അങ്ങിനെയായിരുന്നത്രേ. ഓ, കുറച്ചും കൂടി പുറകിലോട്ട് പോയ്യാലോ തേവരേ???

    ReplyDelete
  20. ഒരു എത്തും പിടിയും കിട്ടുന്നില്ല. :(

    ReplyDelete
  21. എന്റെ സംശയം ഈ സർക്കുലറുകൾ അനുസരിക്കാത്തവരെ എന്തു ചെയ്യും എന്നാൺ?

    ശിക്ഷിക്കുമെങ്കിൽ ഭരണഘടനയിൽ പറയുന്ന - എല്ലാ പൗരന്മാരും തുല്യരാൺ എന്ന പ്രസ്ഥാവനയുടെ ലംഘനമാവില്ലേ അത്‌?

    അതുപോലെ സാധാരണ പൗരന്മാർ ജനപ്രതിനിധികളോടു പാലിക്കേണ്ട മാന്യതെയെക്കുറിച്ചു പറയുന്ന സർക്കാർ, സത്യപ്രതിഞ്ജ ചെയ്ത്‌ അധികാരത്തിലേറുന്നവർ കടമകൾ ചെയ്യാതിരുന്നാൽ എന്താണു ചെയ്യേണ്ടത്‌ എന്നു പറയുന്നുണ്ടോ? അതോ 5 വർഷം ക്ഷമിച്ചിരിക്കണമെന്നാണോ?

    അറിവുള്ളവർ പറയുന്നത്‌ കേൾക്കാൻ താൽപര്യമുണ്ട്‌.

    ReplyDelete
  22. ജനാധിപത്യത്തെ സംബന്ധിച്ച പൈങ്കിളി..? കിട്ടാനുള്ളതു പുതിയൊരു സ്വർഗമാണെന്നു പറയുന്നതും നഷ്ടപെടുവാൻ കൈച്ചങ്ങലകൾ മാത്രമേ ഉള്ളൂ എന്നു വിഭാവന ചെയ്യുന്നതും പൈങ്കിളി തന്നെയല്ലേ? വിപ്ലവം വർഗരഹിതസമൂഹത്തിന്റെ സാക്ഷാത്കാരത്തിനാണെന്ന് പറയുന്നത് പോലെ ഒരു ദാർശനികപ്രശ്നമാണ് ഇതിലും ഉള്ളത്. മാരീചൻ നൽകിയ ‘ഉത്തരവിലെ’ (!) ജനപ്രതിനിധികൾക്കുള്ള സവിശേഷാധികാരങ്ങൾ എല്ലാ ജനങ്ങൾക്കുമായി ലഭിക്കുന്നതിനെക്കുറിച്ചും (ഇതുവരെ അതു ലഭിക്കാതിരുന്നതിനെക്കുറിച്ചും) ഇപ്പോൾ ഒരു പ്രത്യേക വിഭാഗത്തിനു പരിഗണന നൽകി പതിച്ചു കൊടുക്കുന്നതിനെക്കുറിച്ചുമായിരുന്നു നാം പറയേണ്ടിയിരുന്നത്. ജനപ്രതിനിധി ചോദിച്ചാൽ കിട്ടുന്ന വേഗത്തിൽ ഒരു വിവരം ഒരു സാധാരണ പൌരനും ലഭിക്കേണ്ടതല്ലേ? ആ കൊളുത്ത് എന്തുകൊണ്ട് ആരും കാണാതെ പോയി? ഇടയ്ക്ക് ഒരു പുരോഹിതവിഭാഗത്തെ തത്ത്വത്തിൽ നമ്മൾ അംഗീകരിക്കണോ? സാധാരണ ഏകാധിപത്യസംവിധാനങ്ങളിൽ ഉത്തരവുകൾക്ക് (ഡിക്രീ) എതിർവായുണ്ടാവില്ല. എഴുന്നേറ്റു നിൽ‌പ്പിനെതിരെ ഒരു വിമതസ്വരമുയർത്താൻ എനിക്കവസരം നൽകുന്നതും കൊണ്ടു കൂടിയാണ് ജനാധിപത്യം ആവശ്യമായി തീരുന്നത്. നമ്മുടെ സംസ്ഥാനം നേരിടുന്ന എറ്റവും വലിയ പ്രശ്നം (ജന) പ്രതിനിധികൾ വരുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിന്ന് ബഹുമാനിക്കാത്തതാണെങ്കിൽ അങ്ങനെ വിശ്വസിക്കാനും കൂടി അവസരം ഒരുക്കി തരുന്നില്ലേ ഈ പൈങ്കിളി ജനാധിപത്യം..
    ഷൈനേ, താങ്കൾ വായിച്ചില്ലേ (ജന) പ്രതിനിധിയെ ക്കണ്ട് എഴുന്നേൽക്കാത്തതിന് നിയമസഭയിലെ കാവൽക്കാരനെയും (ജന) പ്രതിനിധിയോട് പാസ് ചോദിച്ചതിന് മറ്റൊരാളെയും സസ്പെൻഡ് ചെയ്ത സംഭവം. രണ്ടും വളരെ അടുത്തകാലത്താണ്. അവയെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് പൊടിതട്ടിയ ഈ ‘പുതിയ‘ ഉത്തരവ്..

    ReplyDelete
  23. "പ്രോട്ടോക്കോള്‍ പ്രകാരം, ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണ് എംഎല്‍എ."
    ഒരു പഞ്ചായത്ത് പ്രസിഡന്റിനു പഞ്ചായത്തിലെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ട്‌(ശിക്ഷണ അധികാരം).
    ഒരു പ്രാദേശിക ആഫീസില്‍ ജില്ലാ ആഫീസര്‍ വരുമ്പോള്‍ അവിടത്തെ ആഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും എഴുന്നേറ്റു നില്‍ക്കാറുണ്ട് എന്നാണു എന്റെ അനുഭവം. അപ്പോള്‍ പിന്നെ ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലുള്ള എം എല്‍ എ വരുമ്പോള്‍ ഒന്ന് എഴുന്നേറ്റാല്‍ എന്താ കുഴപ്പം? മേലാഫീസിലേക്ക് കത്തെഴുതുമ്പോള്‍ ഉപയോഗിക്കേണ്ട പ്രയോഗങ്ങളെക്കുറിച്ചു പോലും ചില ചട്ടങ്ങള്‍ നിലവിലുണ്ട് എന്നാണു എന്റെ അറിവ്. അതിനെയൊക്കെ ഇങ്ങനെ ‘ടാ.. ഞാൻ വരുമ്പോ ഒന്ന് എഴുന്നേറ്റു നിക്കണട്രാ കു...വ്വേ‘ എന്ന മട്ടില്‍ വ്യാഖ്യാനിച്ചാല്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ എല്ലാം തന്നെ ഇഴ കീറി പരിശോധിക്കേണ്ടി വരും. അപേക്ഷ എഴുതിക്കൊടുക്കാനിരിക്കുന്നവര്‍ പോലും 'ബഹുമാനപ്പെട്ടാ സബ്‌ ഇൻസ്പെക്ടർ...........ബോധിപ്പിക്കുന്നത്‌' എന്ന രീതി സ്വീകരിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ച് നിരവധിയായ ഉത്തരവുകളും കോണ്ഫറന്‍സുകളിലെ നിര്‍ദേശങ്ങളും എന്തിനു പൌരാവകാശ രേഖാ പ്രഖ്യാപനം തന്നെ ഉണ്ടെങ്കിലും അവ നടപ്പാവാതെ പോകുന്നത് വേറെത്തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എംഎല്‍എമാര്‍ നിയമം നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ്. എം എല്‍ എ മാരെ വെറും രാഷ്ട്രീയക്കരായി കാണുമ്പോഴാണ് കുഴപ്പം. അവരുടെ പ്രവൃത്തികള്‍ ഒരുപക്ഷെ നമ്മളെ അതിനു നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും. അവര്‍ക്ക് സാധാരണക്കാരേക്കാള്‍ വേഗത്തില്‍ രേഖകള്‍ ലഭ്യമാക്കേണ്ടി വന്നേക്കാം. സമത്വം എന്നത് അപ്പനെ ഔസേപ്പ് എന്ന് വിളിക്കുന്നതല്ല.

    ReplyDelete
  24. ഷായുടെ അപ്പന്‍റെ പേര് പറയേണ്ടിയിരുന്നില്ല. അതല്ലല്ലോ ഇവിടെ വിഷയം.

    ReplyDelete
  25. ജനാധിപത്യത്തില്‍ ജനങ്ങളാണ് എല്ലാറ്റിന്റെയും ഉടമകള്‍ , അവകാശികള്‍ , അധികാരികള്‍ , മേലാളന്മാര്‍ . ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ വേതനം പറ്റിക്കൊണ്ട് ജോലി ചെയ്യുന്ന ജനങ്ങളുടെ തൊളിലാളികളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ . അപ്പോള്‍ മുതലാളികളായ പൊതുജനം സര്‍ക്കാറാഫീസില്‍ വരുമ്പോള്‍ തൊളിലാളികളായ ഉദ്യോഗസ്ഥര്‍ എഴുനേറ്റ് നിന്ന് ബഹുമാനിക്കേണ്ടേ. എന്നാല്‍ ഓരോരുത്തരും വരുമ്പോള്‍ എഴുനേറ്റ് നില്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഉദ്യോഗസ്ഥന് പണിയെടുക്കാന്‍ നേരം കാണുകയില്ല. ഇതിനൊരു പ്രതിവിധിയാണ് ജനപ്രതിനിധി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ എഴുനേറ്റ് നില്‍ക്കുക എന്നത്.

    എന്തിനെയും പ്രതിനിധീകരിക്കാന്‍ ജനപ്രതിനിധികളെയാണല്ലൊ പൊതുജനം ചുമതലപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ എഴുനേറ്റ് നില്‍ക്കുന്നത് ജനപ്രതിനിധി ആയി വന്നിരിക്കുന്ന വ്യക്തിയുടെ മുന്‍പിലല്ല. തന്റെ മുന്‍പില്‍ വന്നുപോയതും വരാനിരിക്കുന്നതുമായ പൊതുജനത്തിന്റെ മുന്‍പിലാണ്. ജനപ്രതിനിധി എന്നാല്‍ പൊതുജനസേവകന്‍ മാത്രമാണല്ലൊ. ഉദ്യോഗസ്ഥര്‍ എഴുനേറ്റ് നിന്ന് ബഹുമാനിക്കുമ്പോള്‍ അത് തന്നെ ബഹുമാനിക്കുന്നതല്ല തനിക്ക് പ്രതിനിധിത്വം കനിഞ്ഞ് നല്‍കിയ ജനത്തെയാണ് ബഹുമാനിക്കുന്നതെന്ന് ആ പ്രതിനിധിക്കും അറിയാം. ചുരുക്കത്തില്‍ ജനങ്ങളുടെ ആധിപത്യം സര്‍ക്കാറാഫീസുകളില്‍ പുലരണം എന്ന സദുദ്ദേശ്യത്തോടെ ഇറക്കിയ സര്‍ക്കുറലറാണിതെന്ന് എടുത്തുകൂടേ?

    ReplyDelete
  26. വീണിടത്തു കിടന്നുരുളാതെ വെള്ളെഴുത്തേ..

    താങ്കള്‍ ഉയര്‍ത്തിയ അടിസ്ഥാന ചോദ്യം ഉദ്യോഗസ്ഥന്റെ മേലാവാണോ ജനപ്രതിനിധി എന്നല്ലേ. "ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെ"ന്ന കമന്റിലെ ഡയലോഗടക്കം താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ജനസേവകന്‍ മേലാവല്ലെന്ന ആശയമല്ലേ.

    ജനപ്രതിനിധി ജനങ്ങളുടെ മേലാവല്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥന്റെ മേലാവാണെന്നുമാണ് മറുവാദം. ആദ്യം അതിനോട് പ്രതികരിക്കൂ. "നഷ്ടപ്പെട്ട ചങ്ങല"കളെയും "ആരും കാണാത്ത കൊളുത്തു"കളെയും കുറിച്ചുളള പരിദേവനങ്ങളും കുതര്‍ക്കങ്ങളും അതിനുശേഷമാകാം.

    അംഗീകൃത ജനപ്രതിനിധി (എംപി, എംഎല്‍എ - അവരെക്കുറിച്ചാണല്ലോ വിവാദ (!) സര്‍ക്കുലര്‍ പരാമര്‍ശിക്കുന്നത്) പ്രോട്ടോക്കോളനുസരിച്ച് ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണെന്ന് അന്വേഷിച്ചു നോക്കി താങ്കള്‍ക്കു തന്നെ ബോധ്യപ്പെടാവുന്നതേയുളളൂ. സംസ്ഥാനത്തെ ഏത് ഉദ്യോഗസ്ഥനും ചീഫ് സെക്രട്ടറിയെക്കാള്‍ താഴെയാണ്. അതായത്, സംസ്ഥാന കേഡറിലെ ഏത് ഉദ്യോഗസ്ഥനും ജനപ്രതിനിധിയുടെ കീഴിലേ വരൂ. തന്റെ ഓഫീസിലെത്തുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഏത് മേലധികാരിയും കസേരയില്‍ നിന്നെഴുന്നേറ്റ് തന്നെയാണ് സ്വീകരിക്കുന്നത്. ക്ലാസിലെത്തുന്ന ഹെഡ്മാസ്റ്ററെ അധ്യാപകന്‍ കസേരയിലിരുന്നല്ല സ്വീകരിക്കുന്നത്. താലൂക്ക് ഓഫീസിലെത്തുന്ന ജില്ലാ കളക്ടറെ തഹസീല്‍ദാര്‍ "ഇരുന്ന് കൊണ്ട്" സ്വീകരിക്കാറില്ല. മേലുദ്യോഗസ്ഥനെ കാണുമ്പോള്‍, അറ്റന്‍ഷനായി സല്യൂട്ട് ചെയ്യുന്ന പോലീസുകാരനും പാലിക്കുന്നത് പ്രോട്ടോക്കോള്‍ ചട്ടങ്ങളാണ് ചേട്ടാ.

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗികാവശ്യത്തിന് വേണ്ടി കടന്നു വരുന്ന ജനപ്രതിനിധിയോടുളള പെരുമാറ്റത്തില്‍ ചില പ്രോട്ടോക്കോള്‍ മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ താങ്കളില്‍ സൃഷ്ടിക്കുന്ന "വിമതസ്വരം" പഴയൊരു മുദ്രാവാക്യമാണ് ഓര്‍മ്മിപ്പിക്കുന്നത്.

    തമ്പ്രാനെന്ന് വിളിപ്പിക്കും,
    പാളേക്കഞ്ഞി കുടിപ്പിക്കും
    ചാത്തന്‍ പൂട്ടാന്‍ പൊക്കോട്ടെ,
    ചാക്കോ നാടു ഭരിക്കട്ടെ.

    ചാത്തന്മാര്‍ നാടു ഭരിക്കാന്‍ കയറിയതിന്റെ വിമ്മിഷ്ടം പലരും പലരൂപത്തിലും പുറത്തുകാട്ടാറുണ്ട്. അങ്ങനെ നാടുഭരിക്കാന്‍ കയറിയ ചാത്തന്മാരെ കാണുമ്പോള്‍ "എണീറ്റു നിന്ന് വണങ്ങേണ്ടിയും" കൂടി വന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അത്തരം അനിഷ്ടങ്ങള്‍, ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളിലൂടെ ഒളിച്ചു കടത്തപ്പെടുമ്പോള്‍, അതിനെയും വിമതസ്വരം കൊണ്ട് പ്രതിരോധിക്കണമല്ലോ...

    ഓ മറന്നു. ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളിയിലെ ആ ചോദ്യചിഹ്നം.. ജനാധിപത്യ ഭരണകൂടമാണ് നമ്മുടെ ഭരണഘടന നിര്‍മ്മിച്ചതെന്നും ജനപ്രതിനിധികളുടെ അവകാശങ്ങളും അധികാരങ്ങളും (പവര്‍ ആന്റ് പ്രിവിലേജസ്) അതിലാണ് നിര്‍വചിച്ചിരിക്കുന്നതെന്നും ആദ്യകമന്റില്‍ തന്നെ ചൂണ്ടിക്കാട്ടിയത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടുവോ എന്നറിയില്ല. എങ്ങനെയൊക്കെയോ വെട്ടിയരിഞ്ഞ ജനാധിപത്യം എന്ന വാക്കിനെ പുണരുകയും ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുളള ഭരണഘടന, നിയമനിര്‍മ്മാണ സഭകള്‍, ജനപ്രതിനിധികള്‍ എന്നിവരെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന അടവു നയത്തെയാണ് പൈങ്കിളി എന്ന് വിശേഷിപ്പിച്ചത്. ഇതൊന്നുമില്ലാത്ത ഏത് തരം ജനാധിപത്യമാണ് വെള്ളെഴുത്തിന്റെ സങ്കല്‍പലോകത്തെ അടക്കിഭരിക്കുന്നത് എന്നുകൂടി വ്യക്തമാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ...

    ReplyDelete
  27. വെള്ളയുടെ അടിസ്ഥാന ചോദ്യം മാരീചൻ കണ്ടത്തിയതായിരുന്നോ ? അപ്പോൾ മേലാവും ചെരിപ്പും തമ്മിലുള്ള ബന്ധം എന്തായിരുന്നു. എന്തെങ്കിലും ആവട്ട്. മാരീചൻ പറഞ്ഞതു പോലെ പ്രോട്ടോക്കോളുകൾ വേണം. കോടതിയിൽ മജിസ്ട്രേറ്റു വരുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കുന്നുണ്ടല്ലോ. മൈലോഡ് തമ്പ്രാനേ യുവർ ഓണർ തുടങ്ങിയ ആചാരവെടികൾ ഇപ്പോഴും ഉണ്ട്. വളരെ ഗൌരവമുള്ള സംഗതിയാണ്. എഴുന്നേറ്റു നിൽ‌പ്പൊന്നും പൈങ്കിളി അല്ല. പണ്ട് അയിത്താചാരണം നടത്തിയതും ചില പ്രോട്ടോക്കോളുകൾ വച്ചിട്ടാണ്.. പേര് വേറേന്തോ ആയിരുന്നു. അതൊക്കെ തിരിച്ചു വരണം. ജയ് ജയ ജനപ്രതിനിധി ആധിപത്യം കീ ജയ്..

    ReplyDelete
  28. തിലകസംഭവം, ഹുസൈന്റെ ഖത്തർ പൌരത്വം, ജനപ്രതിനിധിബഹുമാനം തുടങ്ങിയ കാര്യങ്ങളിലും അമ്മയെ തല്ലലിൽ എന്നപോലെ രണ്ടഭിപ്രായങ്ങൾ വരും. അത്രയും വരെ കുഴപ്പമില്ല. പക്ഷേ താൻ എന്തെങ്കിലും സംസാരിച്ചുകഴിഞ്ഞ ഉടനേ എതിർവാദക്കാരെല്ലാം അയ്യോ പൊത്തോ എന്നു താഴെ വീണെന്നും പിന്നെ അവർ പറയുന്നതെല്ലാം അവിടെ കിടന്ന് ഉരുളുന്നതാണെന്നും തോന്നുന്നത് ഒരു തരം മായക്കാഴ്ചയാണ്. ചില സിനിമയിൽ ഇങ്ങനെ കാണാം ചുറ്റുപാടെല്ലാം അപ്രസക്തമാവുന്നു. ചുറ്റുമുള്ളവർ പറയുന്നതെല്ലാം അവ്യക്തമാവുന്നു... ഞാൻ ഞാൻ മാത്രം !. ഏതു വ്യവസ്ഥയും അതിനു മുൻപേ നിലനിന്ന ഘടനകളിൽ നിന്ന് ചില മൂലകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് നിലനിൽ‌പ്പുണ്ടാക്കുന്നത്. ഫ്യൂഡൽ വ്യവസ്ഥയിൽ കാലുറച്ചു നിൽക്കുന്നതുകൊണ്ട് സോഷ്യലിസം നടപ്പിലാക്കാൻ നമ്മുടെ നാട്ടിൽ കാലം പിടിക്കും, ഭരണം കൈയിലാണെങ്കിലും എന്നായിരുന്നു ഇ എം എസിന്റെ പോലും ലൈൻ. അപ്പോൾ താത്ത്വികമായി, വ്യവസ്ഥയെ തന്നെ എതിർത്ത് പുതിയ ഒന്നിനെ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനെ എതിർക്കാൻ അതേ വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കാനുള്ള നിയമങ്ങൾ ഉദാഹരണമായി എടുത്തുകാണിക്കുന്നതിൽ തന്നെ ഒരു അയുക്തിയുണ്ട്. ഇതാണ് വാദങ്ങൾ തമ്മിൽ മുട്ടാതെ ഇങ്ങനെ ശൂന്യാകാശത്തിലേയ്ക്ക് പോകുന്ന ഇവിടത്തെയും പ്രശ്നം ! ‘ബ്രാഹ്മണോ മമ ദൈവതം‘ എന്നു പാടി നടന്ന പഴയ കാര്യസ്ഥന്റെ ശ്വാസം (വി ടി യുടെ ഉപമ ഓർക്കുക) പുതിയ ഭാവാദികൾ ആർജിച്ച് വരുന്നത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. സാമൂഹികമായ (രാഷ്ട്രീയ?) കോഡുകൾ എന്നാണിതിനെ പറയുക. അതിനെ ഡീകോഡു ചെയ്താണ്/വായിച്ചാണ് /അഴിച്ചെടുത്താണ് സമൂഹം എന്താണെന്ന്/ സമൂഹത്തെ എന്താക്കാൻ ചിലർ ശ്രമിക്കുന്നു എന്നതിന്റെ ഉത്തരം നാം കണ്ടെത്തുന്നത്. ആ വശം പെട്ടെന്ന് മനസ്സിലാവണമെന്നില്ല. ഒരിക്കലും മനസ്സിലാവുകയില്ലെന്ന് അതിനർത്ഥമില്ല.

    ReplyDelete
  29. കൊള്ളാം !! ഇരിപ്പിടത്തില്‍ നിന്ന് എഴുനേറ്റ് നിന്ന് സ്വീകരിക്കണം പോലും !

    എപ്പോഴാണ് മേലുദ്യോഗസ്ഥനെ ഫസ്റ്റ് നെയിം വച്ച് അഭിസംബോധന ചെയ്യാവുന്ന കാലം വരിക എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ... ! അതും, സര്‍ക്കാര്‍ ജോലിക്കാരെ എന്നും empower ചെയ്തു പോന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍..

    ReplyDelete
  30. ബഡ്ജറ്റ് ഒന്ന്‌ വായിച്ച്‌ നോക്കുക, ഡസൻകണക്കിന്‌ “sir” വിളിയുണ്ട്...

    “സർക്കാർ വക” ബസ്സ്‌സ്റ്റോപ്പുകളിൽ പൊതുജനം എന്ന കഴുത ജനപ്രതിനിധി എന്ന മേളാലന്‌ എഴുന്നേറ്റ്‌ മാറി ഇരിപ്പിടം നല്കേണ്ടതാണ്‌!!!

    ReplyDelete
  31. തിലകസംഭവം, ഹുസൈന്റെ ഖത്തർ പൌരത്വം, ജനപ്രതിനിധിബഹുമാനം തുടങ്ങിയ കാര്യങ്ങളിലൊക്കെ രണ്ടഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് അമ്മയെ തല്ലലിൽ എന്നപോലെയായിരുന്നോ.. അതറിയില്ലായിരുന്നു. നമിക്കാനേ കഴിയൂ, ഈ ജനാധിപത്യ ബോധത്തിനു മുന്നില്‍....

    പോസ്റ്റിന്റെ തുടക്കം മുതല്‍ കമന്റുകളിലുടനീളം ഒരു നിലപാടും ഒരു യുക്തിയും പ്രകടിപ്പിക്കാവുന്നില്ലെങ്കില്‍, അത് "വീണേടത്തു കിടന്നുരുളല്‍" തന്നെയാണ് സാര്‍. അസത്യവും ആത്മനിഷ്ഠമായ മുന്‍വിധികളും കൂട്ടിക്കുഴച്ചാണ് താങ്കള്‍ ലേഖനമെഴുതിയത്. ഒന്നു റീവൈന്‍ഡ് ചെയ്യാം.

    ഒന്ന്, കഷ്ടിച്ച് ഒരാഴ്ച മുമ്പ് പിറന്നതല്ല ഈ സര്‍ക്കുലറും അതിലെ നിര്‍ദ്ദേശവും.

    രണ്ട്, സര്‍ക്കുലറിലെ പ്രധാനപ്പെട്ട കാര്യം മേൽ‌പ്പടി പ്രതിനിധികൾ ആപ്പീസുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിൽക്കണം എന്നതല്ല.

    മൂന്ന്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ കാലാകാലമായി ഒരു വടംവലിക്കും സ്കോപ്പില്ല. ഭരണഘടനാപരമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥനാണ് ജനപ്രതിനിധിയെന്നറിയാത്ത ചില പുത്തന്‍കൂറ്റുകാരുണ്ടാക്കി വെയ്ക്കുന്ന ചില പ്രശ്നങ്ങളുണ്ട് എന്നത് മാത്രമാണ് ശരി. താങ്കള്‍ പറയുന്ന കാലാകാലങ്ങളായുളള വടംവലി ഭരണഘടനാവിരുദ്ധമാണ്. നിയമവ്യവസ്ഥയിലോ നടപടിക്രമങ്ങളിലോ അതിന് നിലനില്‍പ്പില്ല.

    ഈ മൂന്നു നിലപാടുകളില്‍ നിന്ന് തുടങ്ങുന്ന താങ്കളുടെ ലേഖനം, ദ്യോതിപ്പിക്കാന്‍ ശ്രമിക്കുന്നത്, ജനങ്ങളാകെ ജനപ്രതിനിധികളെ കണ്ടാല്‍ എണീറ്റു നില്‍ക്കണമെന്ന് ആജ്ഞാപിക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയെന്നാണ്. സത്യം അതല്ലെന്ന് ബോധ്യപ്പെട്ടിട്ടും ന്യായീകരണത്തിന് ദുര്‍ബലമായ വാദങ്ങള്‍ നിരത്തുമ്പോള്‍, "വീണേടത്തു കിടന്നുരുളരുത്, സഹോദരാ" എന്ന് പറയേണ്ടി വരും. കോപിക്കരുത്.

    ഉദ്യോഗസ്ഥ ചട്ടക്കൂടിലെ മേല്‍കീഴ് ബന്ധം അനുശാസിക്കുന്ന പരശതം പ്രോട്ടോക്കോള്‍ നിബന്ധനകളില്‍ ഒന്നുമാത്രമാണ് താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന എഴുന്നേറ്റ് നിന്ന് ആദരിക്കല്‍. ജനപ്രതിനിധിയെ കാണുമ്പോള്‍ ഉദ്യോഗസ്ഥ മേധാവിയ്ക്ക് എണീക്കേണ്ടി വരുന്നത് ജനാധിപത്യവിരുദ്ധമാണെങ്കില്‍, അധ്യാപകനെത്തുമ്പോള്‍ വിദ്യാര്‍ത്ഥി എണീറ്റു നില്‍ക്കുന്നതും എസ്ഐയെക്കാണുമ്പോള്‍ പോലീസുകാരന്‍ സല്യൂട്ടടിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.

    ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ അവന്റെ പദവിയ്ക്കനുസരിച്ച് വണങ്ങേണ്ടി വരുന്നത് ജനാധിപത്യ വിരുദ്ധമാണെങ്കില്‍, ഇതെല്ലാം അവസാനിപ്പിക്കണം. അതിന് തുനിയാതെ, ജനപ്രതിനിധികളെത്തുമ്പോള്‍ ഉദ്യോഗസ്ഥ മേധാവി എണീറ്റു നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് മാത്രം മഹാ ജനാധിപത്യവിരുദ്ധമെന്ന താങ്കളുടെ നിലപാടിന് കയ്യടിക്കാന്‍ രാഷ്ട്രീയക്കാരന്‍ എന്തോ മോശപ്പെട്ട വര്‍ഗമാണ് എന്ന് കരുതുന്ന അരാഷ്ട്രീയപ്പൈക്കുട്ടന്മാര്‍ നിരന്നു നിന്നെന്നു വരും. എല്ലാവരും ആ ഗണത്തില്‍ പെട്ടവരല്ല.

    ഒടുവില്‍ ഇഎംഎസിനെ വരെ കൂട്ടുപിടിച്ച സ്ഥിതിയ്ക്ക്, സര്‍വ പ്രോട്ടോക്കോള്‍ നിബന്ധനകളും അപ്രസക്തമാകുന്ന ഒരു സമഗ്രസുന്ദര സോഷ്യലിസ്റ്റ് (ഒട്ടും ഫ്യൂഡല്‍ ചേരാത്തത്) ലോകം പടുത്തുയര്‍ത്താന്‍ നമുക്കൊന്നിച്ച് പോരാടാം, യേത്..

    ReplyDelete
  32. “അധ്യാപകനെത്തുമ്പോള്‍ വിദ്യാര്‍ത്ഥി എണീറ്റു നില്‍ക്കുന്നതും എസ്ഐയെക്കാണുമ്പോള്‍ പോലീസുകാരന്‍ സല്യൂട്ടടിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.”

    പല രാജ്യങ്ങളിലും വിദ്യാർത്ഥികൾ അധ്യാപകരെകാണുമ്പോൾ എഴുന്നേറ്റു നിൽക്കുകയോ, അല്ലെങ്കിൽ സർ എന്നു വിളിക്കുകയോ ചെയ്യുന്നില്ല. പേരു വിളിക്കുന്നു. വളരെ ചെറിയ ക്ലാസ്സുകളിൽ പോലും. അതേ കീഴ്‌വഴക്കം മുതിരുമ്പോൾ ഓഫീസിലും ബോസിനു എത്ര പദവിയുണ്ടെങ്കിലും പേരു വിളിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളാവും ഇവ, പക്ഷെ ഇവ സൃഷ്ടിക്കുന്ന ഒരു ക്ലൈമറ്റ് ഉണ്ട്. അവ സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയവും. ഒരു സർക്കാരുദ്യോഗസ്ഥനെ കണ്ടാലും എഴുന്നേറ്റു നിൽക്കുകയോ, പ്രത്യേകിച്ചു ജോലി സമയങ്ങളിൽ ചെയ്യേണ്ടവയോ ഇല്ലാത്ത രാജങ്ങ്യങ്ങളാണിവ. ചോദ്യം എവിടെന്നാണ് തുടങ്ങേണ്ടതു? താഴേത്തട്ടിൽ (അധ്യാപകർ) നിന്നോ അതോ മേലേത്തട്ടിൽ (രാഷ്ട്രീയക്കാരിൽ) നിന്നോ?


    പട്ടാളത്തിലും പോലീസിലും വത്തിക്കാനിലും ഒന്നും ജനാധിപത്യമില്ല.

    ReplyDelete
  33. “ജനാധിപത്യം”
    രാഷ്ട്രീയ പ്രബുദ്ധരായ/പ്രക്ഷുബ്ധരായ വിശ്വാസികൾ ചർച്ചചെയ്യേണ്ട ഒരു വിഷയമാണ്.

    നമ്മുടെ നാട്ടിൽ ജനാധിപത്യം ഉണ്ടോ ?

    ഇവിടെയുള്ളത് മുന്നണി-പഥ്യം എന്ന സഖ്യാധിപത്യം അഥവാ മുന്നണി ആധിപത്യം അല്ലെ.

    ReplyDelete