November 4, 2009

ഒരേ മുഖച്ഛായയുള്ള കല്ലുകള്‍



വേതാളം വിക്രമാദിത്യന്റെ തോളില്‍ കയറി മറിഞ്ഞുംകൊണ്ട് പറഞ്ഞ കഥയാണ് . വാരാണസിയിലെ മുകുടശേഖരന്‍ എന്ന രാജകുമാരനും സമപ്രായക്കാരനായ മന്ത്രികുമാരനും ഒരു യാത്രയ്ക്കിടില്‍ സഖികളോടൊപ്പം കാട്ടുപ്പൊയ്കയില്‍ കുളിക്കുന്ന അതി സുന്ദരിയായ പെണ്‍കുട്ടിയെക്കണ്ടു. അവളുടെ സ്വര്‍ഗീയസൌന്ദര്യം കണ്ടുഭ്രമിച്ചു നിന്നുപോയ രാജകുമാരനെ സ്നേഹത്തോടെ കടാക്ഷിച്ചിട്ട് തടാകത്തില്‍ നിന്നൊരു താമരപൂവു പറിച്ച് ചെവിയില്‍ ചേര്‍ത്ത് അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകുവശത്തിട്ടു. അനന്തരം മറ്റൊരു പൂവു പറിച്ചെടുത്ത് ശിരസ്സില്‍ വച്ചിട്ട് മാറോട് ചേര്‍ത്തു. എന്നിട്ട് അതും താഴെയിട്ട് തോഴിമാരൊടൊപ്പം മഞ്ചലില്‍ കയറി ധൃതിപിടിച്ചു അവിടെ നിന്നും പോയി.

അവളീ കാട്ടിക്കൂട്ടിയതിന്റെയൊക്കെ പൊരുളറിയാന്‍ വയ്യാതെ അന്തം വിട്ടു നിന്ന കുമാരന് ബോധോദയം ഉണ്ടാക്കിക്കൊടുത്തത് മന്ത്രിപുത്രനാണ്. പദ്മം പറിച്ചെടുത്തതില്‍ നിന്നും അവളുടെ പേര് പദ്മാവതിയാണെന്ന് ഊഹിക്കാം എന്ന് ബുദ്ധിമാനായ അദ്ദേഹം ഉണര്‍ത്തിച്ചു. അതു കര്‍ണ്ണത്തോട് ചേര്‍ത്തതുകൊണ്ട് കര്‍ണ്ണപുരമാണ് അവളുടെ സ്വദേശം. താമര കടിച്ചതിനാല്‍ ദന്തവടന്‍ എന്നാണ് അച്ഛന്റെ പേര്. ശിരസ്സില്‍ വച്ച് മാറോടു ചേര്‍ത്ത പൂവിന്റെ അര്‍ത്ഥം, പ്രഥമദൃഷ്ട്യാ തന്നെ അവള്‍ രാജകുമാരനില്‍ അനുരക്തയായി എന്നാണ്. അണുവിട തെറ്റാത്ത ഈ വിവരങ്ങള്‍ വച്ചാണ് ഒടുവില്‍ രാജകുമാരന്‍ കര്‍ണ്ണപുരത്തെത്തിയതും രഹസ്യമായി സംഗമിച്ചതും അവളെ വിവാഹം കഴിച്ചു സ്വരാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നതും. സാക്ഷാല്‍ ഗൌതമബുദ്ധന്‍ ഒരിക്കല്‍ ശിഷ്യന്മാരോട് സംസാരിക്കാനുദ്ദേശിച്ച് ഒരിടത്ത് ചെന്നു. ആയിരത്തിലധികം വരുന്ന ശിഷ്യന്മാര്‍ ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കെ പെട്ടെന്നൊരു താമരപ്പൂവെടുത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വചിന്താപരമോ ആധ്യാത്മികമോ എന്തെങ്കിലും ആശയം ഇതിലുണ്ടാവും അതെന്താണെന്ന് പുകഞ്ഞാലോചിച്ചിട്ടും കിട്ടാതെ ശിഷ്യന്മാരുടെ തലയിലെ വിജാഗിരി ഇളകി. കുറേനേരം കഴിഞ്ഞപ്പോള്‍ മഹാകാശ്യപ്പ എന്ന ശിഷ്യന്‍ നിറഞ്ഞ് പുഞ്ചിരിക്കുവാന്‍ തുടങ്ങി. ആ ചിരി കണ്ട് ബുദ്ധനും ചിരിച്ചു. അന്യോന്യം മുഖം നോക്കിയ ചിരികള്‍ മുന്നില്‍ വച്ചിട്ട് ആകെക്കൂടി എന്താണിതിന്റെയൊക്കെ അര്‍ത്ഥം എന്ന കാര്യത്തില്‍ ബുദ്ധസാന്ന്യാസിമാര്‍ക്കിടയില്‍ പല തര്‍ക്കങ്ങളും ഉണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള തിച്ച് നാറ്റ് ഹാന്‍ (Thich Nhat Hanh) എന്ന ലോകപ്രസിദ്ധനായ ബുദ്ധമതസന്ന്യാസി ഈ സംഭവത്തിന് ലളിതമായ വ്യാഖ്യാനമെഴുതുന്നു. അതിങ്ങനെയാണ്. “ഒരാള്‍ നിങ്ങളെ ഒരു പുഷ്പം കാണിക്കുമ്പോള്‍ ആ പുഷ്പം മാത്രം കാണുക. പുഷ്പം കാണിക്കുന്നത് എന്തിനെന്നു ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പുഷ്പം ശരിക്കും കാണുകയില്ല.” കാപ്പികുടിക്കുമ്പോള്‍ കാപ്പി മാത്രം കുടിക്കുക പത്രം വായിക്കുമ്പോള്‍ പത്രം മാത്രം വായിക്കുക കാപ്പികുടിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ കാപ്പികുടിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക എന്നു പറയുന്ന പോലെ.

പക്ഷേ... തിച്ച് നാറ്റ് ഹാമിന്റെ സിദ്ധാന്തം അതേ പടി, കാലം തെറ്റി വെളിപ്പെട്ട ബോധമായി മി. മുകുടശേഖരനിലേയ്ക്ക് മന്ത്രികുമാര സൂക്തമായി കയറിപ്പറ്റിയിരുന്നെങ്കില്‍ ടി കക്ഷിയ്ക്ക് പദ്മാവതി എന്ന അതിസുന്ദരിയെ ഭാര്യയാക്കാന്‍ കഴിയുമായിരുന്നോ? വേതാളത്തിന് വിക്രമാദിത്യനെ കുഴപ്പിക്കുന്ന ഒരു ചോദ്യം കെട്ടാന്‍ പറ്റുമായിരുന്നോ? വിക്രമാദിത്യകഥയുടെ അനുസ്യൂതി തന്നെ തകരാറിലാവുമായിരുന്നില്ലേ?

അപ്പോള്‍ ഏതാണു ശരി?

ലാവോത്‌സു കാട്ടിലൊരിടത്ത് ഒരു മരം മാത്രം ശാഖകള്‍ പടര്‍ത്തി പന്തലിച്ചു നില്‍ക്കുന്നതുകണ്ടിട്ട് വിവരം അന്വേഷിക്കാന്‍ ശിഷ്യനെ വിട്ടു. ഒരു ‘പ്രയോജനവുമില്ലാത്ത മര’മായിരുന്നു അത് . തടി മരപ്പണിക്ക് പറ്റില്ല. ഇലകള്‍ ഒരു ജന്തുവും തിന്നില്ല. വെട്ടിക്കീറി വിറകാക്കി കത്തിക്കാമെന്നു വച്ചാല്‍ പുക വന്നു കണ്ണു നീറ്റും. ഒരു നിലയ്ക്കും കൊള്ളില്ല. ലാവോത്‌സു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപയോഗശൂന്യതയുടെ ഉപയോഗം നിങ്ങള്‍ കണ്ടില്ലേ?’ അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ ക്ഷണിക ജീവിതമല്ലി കാമ്യം’ എന്ന ആപ്തവാക്യം പ്രശ്നത്തില്‍ കുടുങ്ങുമല്ലോ? ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച് ആയുസ്സു കുറക്കണോ ‘ഉപയോഗക്ഷമതയുടെ അല്ലലുകളില്ലാതെ’ ആയുസ്സു നീട്ടണോ?ഇതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതേ കഥയെ ബെര്‍തോള്‍ഡ് ബ്രഹ്റ്റ് ഉപയോഗിച്ചതിനെപ്പറ്റി വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്. ഉപയോഗമില്ലാത്ത മരത്തിന്റെ കാട്ടില്‍ നാം എത്തിയതുപോലെയാണ് കാഫ്കയുടെ കൃതികളുടെ വായനാ അനുഭവം എന്ന്. ഉപയോഗമില്ലാത്ത പാഴ് തടികളാണ് അതില്‍ നിറയെ. കാഫ്കയുടെ കൃതികളില്‍ ആധ്യാത്മികതയുടെ നിഴല്‍ വീണു കിടക്കുന്നതിനാലാണ് അതു മുഴുവന്‍ ശുദ്ധ അസംബന്ധമാണെന്ന് ബ്രെഹ്റ്റ് പറയുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് മറ്റെവിടെയോ ആണെന്ന ധ്വനിയാണല്ലോ അതില്‍ മുഴുവന്‍ . അതായത് ജീവിതത്തില്‍ വീണുകിടക്കുന്ന നിഴലുകളെ നോക്കി ലാവോത്‌സു ചിരിച്ച ചിരി ബ്രെഹ്റ്റില്‍ കടുത്ത ഒരു നെറ്റിചുളിപ്പായി മാറിയിരിക്കുന്നു.

ഏതാണ് ശരി?

ഇതേ ബ്രഹ്റ്റാണ് ചോദിച്ചത് :
‘ഏഴു ഗോപുര വാതിലുള്ള തീബിസ് നഗരം പണിതതാരാണ്?
ചില രാജാക്കന്മാരുടെ പേരുകളാണ്
പുസ്തകത്തില്‍ കാണുന്നത്
പക്ഷേ കല്ലു ചുമന്നത് ഈ രാജാക്കന്മാരായിരുന്നോ?
പലവട്ടം തകര്‍ന്ന ബാബിലോണ്‍
വീണ്ടും വീണ്ടും കെട്ടിപ്പൊക്കിയത് ആരായിരുന്നു?
യുവാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ കീഴടക്കി.
ഒറ്റയ്ക്കോ?
സീസര്‍ ചക്രവര്‍ത്തി ഗാളുകളെ കീഴടക്കി
കൂടെ ഒരു കുശിനിക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ?
ഓരോ താളിലും ഒരു വിജയഗാഥ
പക്ഷേ സദ്യ ഒരുക്കിയതാര്?

ബ്രഹ്റ്റ് വലിയ പുള്ളിയൊക്കെയാണ്. അരിസ്റ്റോട്ടിലിയന്‍ നാടകസങ്കല്‍പ്പത്തെ തിരുത്തിയ മസ്തിഷ്കമാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ലോകപ്രസിദ്ധനാണ്. ശരി. പക്ഷേ കല്‍പ്പറ്റ നാരായണന്‍ ‘കുറിക്കുകൊള്ളുന്ന കവി’യില്‍ തിരിച്ചു ചോദിക്കുന്നു :

ബ്രെഹ്റ്റ്,
താങ്കളുടെ പരിഹാസം കുറിക്കു കൊണ്ടു
രാജാക്കന്മാരാണോ കല്ലും മണ്ണും ചുമന്നത്?
പക്ഷേ, ബ്രെഹ്റ്റ്
അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
ആരാചാരാണെന്ന് വരില്ലേ?
മാത്രമല്ല, ബ്രെഹ്റ്റ്
ചുമക്കുന്നത് താജ്മഹലിനുള്ള കല്ലും മണ്ണുമാണെന്ന്
പണിയുന്നത് ശത്രുക്കള്‍ക്കും കടന്നു വരാനുള്ള പാലമാണെന്ന്
ഉന്നം വച്ചത്
തന്റെ യഥാര്‍ത്ഥ മിത്രത്തെയാണെന്ന്
അവരറിഞ്ഞിരുന്നെന്നും വരില്ലേ?


-അല്ലേ? ആണെന്നു പറഞ്ഞാല്‍ ബ്രെഹ്റ്റിന്റെ പരിഹാസം കുറിക്ക് കൊണ്ടെന്നാണോ അര്‍ത്ഥം, കൊണ്ടിട്ടില്ലെന്നാണോ? ബ്രഹ്ത് പറഞ്ഞത് ശരിയല്ലേ? അപ്പോള്‍ കല്‍പ്പറ്റ ചോദിച്ചതോ? പല ശരികള്‍ മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ ചെന്നു പറ്റിയാലുണ്ടാവുന്ന കുഴമാന്തത്തെയാണ് വൈരുദ്ധ്യം എന്ന സ്വയമ്പന്‍ വാക്കു കൊണ്ട് നാം ഒതുക്കുന്നത്.

അനു:
മരണത്തെക്കുറിച്ച് കുഴക്കുന്ന ചോദ്യം ചോദിച്ച നചികേതസ്സിനെ യമന്‍ പ്രലോഭനങ്ങള്‍ വച്ചുനീട്ടിയും വിനയം നടിച്ചുമാണ് അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. ജീവിക്കാന്‍ വേണ്ടതെല്ലാം യമന്‍ , വാജിശ്രവസ്സിന്റെ പുത്രന്‍ നചികേതസ്സിനു വച്ചു നീട്ടി. അതേ സമയം ഡയണീഷ്യസ് ദേവതയുടെ അടുത്ത കൂട്ടുകാരനായ സെലിനാസിനെ വളരെ ക്ലേശിച്ച് കണ്ടുപിടിച്ച് ജീവിതത്തെപ്പറ്റി ചോദ്യം ചോദിച്ച മിഡാസ് ചക്രവര്‍ത്തിയെ അങ്ങേയറ്റത്തെ പുച്ഛത്തോടെയും വിഡ്ഢി എന്ന വിളിയോടെയുമാണ് സെലിനാസ് നേരിട്ടത്. എന്നിട്ട് ‘ജനിക്കാതിരിക്കുക - അതു പറ്റാത്തതുകൊണ്ട് കഴിയുന്നത്ര വേഗം മരിക്കുക.’ അതാണ് മനുഷ്യന് ഏറ്റവും കാമ്യമായിട്ടുള്ളതെന്ന് ഉപദേശിച്ചു.

അതെന്താ അങ്ങനെ?

15 comments:

  1. "അപ്പൊ മൊല്ലാക്ക പൊയ്യാ? "
    "മൊല്ലാക്കയും സത്തിയം താന്‍ !"
    "അതെപ്പടി ?"
    "സത്തിയം പലതു"
    - ഖസാക്കിന്റെ ഇതിഹാസം.

    ReplyDelete
  2. ബ്രെഹ്ത് ആ കവിതയെഴുതിയപ്പോള്‍ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടവനു അവന്റെ സ്ഥാനം തിരിച്ചുകൊടുക്കുക എന്ന രാഷ്ട്രീയദൌത്യം ഉണ്ടായിരുന്നു. കല്പറ്റയുടെ ദൌത്യം എന്ത് എന്ന് ചിന്തിച്ചാല്‍ പല ശരികള്‍ക്കിടയില്‍ നിന്ന് ഒരു ശരി തെളിഞ്ഞുവരുന്നത് കാണാനാകില്ലേ?

    ReplyDelete
  3. നല്ല ലേഖനം.

    ഒരു പൂവ് കണ്ടിട്ട് എന്നാല്‍ ഒരു അര മണിക്കൂര് ഇതിനെ കുറിച്ച് ചിന്തിക്കാം എന്ന് കരുതി ഇരുന്നാല്‍ കിട്ടാത്ത അര്‍ത്ഥങ്ങളല്ലേ ആ പൂവ് കാണുന്ന മാത്രയിലോ പിന്നീട് അതോര്‍മ്മയില്‍ കടന്ന് വരുമ്പോഴോ സ്പാര്‍ക്ക് പോലെ മനസ്സില്‍ തെളിയുക :)

    ReplyDelete
  4. ‘നീ ഇങ്ങനെയൊക്കെയായാൽ മതിയോ?‘ എന്ന സ്വയംചോദ്യമാണ് എന്നെ ഏറ്റവും കൂടുതൽ പീഢിപ്പിച്ചിട്ടുള്ളത്.

    പിന്നെ പിന്നെ ഞാൻ മനസ്സിലാക്കി, എങ്ങിനെയെങ്കിലുമാവട്ടെ, ശശി പാസായാൽ മതി എന്ന്.

    ഓടോ:

    അല്ല, ഞാനാലോചിക്കുകയായിരുന്നു.

    ആ മന്ത്രികുമാരന് പകരം ഞാനായിരുന്നെങ്കിൽ എന്തായേനെ എന്ന്. സിമ്പിൾ. ഒരു ക്ലൂവും കിട്ടാതെ, അത് മറച്ച് വക്കാൻ ഒരു സീൻ ഉണ്ടാക്കും!

    “ഹേ... യുവതീ!! ഞങ്ങളുടെ രാജകുമാരന്റെ ചെവിയിൽ താമര തൊടുവിക്കാൻ നീ വളർന്നോ??“ എന്നൊക്കെ ചോദിച്ച്.. ;)

    സാധാരണഗതിയിൽ അതിബുദ്ധിമതിയായ ആ രാജകുമാരിക്ക്, ‘വകതിരിവില്ലാത്ത ഈ ഡേഷ് ആർ?‘ എന്ന് തോന്നുമെങ്കിലും രാജകുമാരനോടുള്ള ശശിയുടെ ആത്മാർത്ഥതക്ക് പാസ് മാർക്ക് കൊടുക്കും!

    പ്രേമം രാജകുമാരനെ മനസ്സിലാക്കുക എന്നത് രാ‍ജകുമാരിയുടെ ആവശ്യമാണെങ്കിൽ അവർ സംഭവം നേർപ്പിച്ച് വേണമെങ്കിൽ പറഞ്ഞുകൊടുത്തുകൊള്ളൂം.

    ‘ചാടിമറഞ്ഞത് ചാലക്കുടി.. പക്ഷെ കപ്പടിച്ചത് കുന്ദംകുളം!‘ എന്ന് പറയും പോലെ കപ്പടിയിലാണ് കാര്യം.

    ReplyDelete
  5. സത്തിയം പലത് ‘ എന്നു തന്നെയാണ് ആദ്യം എഴുതിയ വാക്യം. അതിപ്രചാരത്താല്‍ നാവിന്‍ തുമ്പത്തുള്ളത്... :) അനോനീ തീര്‍ച്ചയായും ബ്രെഹ്തിന്റെ ദൌത്യം തിരിച്ചറിയാം..അത്രയും നമ്മളെക്കൊണ്ടു പറ്റും. കാലം മാറുമ്പോള്‍ ചില ചോദ്യങ്ങളെ അതെങ്ങനെ അഭിമുഖീകരിക്കുന്നു എന്ന പ്രശ്നം കലയുടെ അടിയില്‍ ഉണ്ട്.. മുന്‍പൊരിക്കല്‍ എഴുതിയിട്ട ഒരു കവിത ഓര്‍മ്മയില്ലേ, ബ്രെഹ്തിന്റെ തന്നെ. കല്പറ്റയില്‍ നിന്ന് തെളിഞ്ഞു വരുന്ന ശരി ഏതാണ്..അതു വിശദീകരിച്ചെങ്കില്‍ നന്നായിരുന്നു. ഒരു രാഷ്ട്രീയവായന.
    രണ്ടാമത്തെ അനോനിയുടെത് ഒരൊന്നര വായനയാണല്ലോ !..രാജകുമാരി അതിബുദ്ധിയായിരുന്നില്ലെന്ന് കഥയില്‍ നിന്നും നാം മനസ്സിലാക്കുന്നു. (ഏത് രാജകുമാരിക്കാണ് കഥയില്‍ ബുദ്ധിമതിയാവാന്‍ പറ്റുക. ? “ബുദ്ധിയുള്ള വിശപ്പുമായി വന്ന് ഏതെങ്കിലും രാജകുമാരന്‍ ആരുടെയെങ്കിലും സഹായത്തോടെ ചന്തങ്ങള്‍ പറിച്ചെറിഞ്ഞ് അവസാനം അവളെ തിന്നും !! ”

    ReplyDelete
  6. ഹേ... യുവതീ!! ഞങ്ങളുടെ രാജകുമാരന്റെ ചെവിയിൽ താമര തൊടുവിക്കാൻ നീ വളർന്നോ??“ എന്നൊക്കെ ചോദിച്ച്.. ;)

    രാജകുമാരി അപ്പോൾ സ്വന്തം ചെവിയിലല്ലേ താമര തൊടുവിച്ച്ത്. ഞാനിന്നു വരെ മനസ്സിലാക്കി വച്ചിരുന്നത് അങ്ങിനെയാണല്ലോ!!

    ഹൊ! ഈ മനസ്സിലാക്കലിന്റെ ഓരോ പ്രശ്നങ്ങളേ :)

    ReplyDelete
  7. വർഷങ്ങൾ നീണ്ട ഹഠയോഗസിദ്ധി കൊണ്ട് വെള്ളത്തിനു മീതെ നടന്ന യോഗിവര്യനോടു “നിങ്ങൾ അരപ്പണത്തിന്റെ പണി പഠിക്കാനാണ് വർഷങ്ങൾ കളഞ്ഞത്”എന്നു പരിഹസിക്കുന്ന ശങ്കരനിൽ നിന്നും ബ്രഹ്റ്റിലേക്കുള്ള ദൂരമാണു ഞാ‍നാലോചിച്ചത്.ഉപഭോഗക്ഷമത താമരപ്പൂവിന്റെയും വടവൃക്ഷത്തിന്റെയും ജാതകം കുറിക്കുന്നു എന്നു കരുതണോ?“അലാതം തിന്ദുകസ്യേവ മുഹൂർത്തമപി വിജ്വല”എന്നത് ഒന്നിനും കൊള്ളാത്ത മരങ്ങളോടുള്ള ഗർജ്ജനമൊന്നുമല്ല.“മുഹൂർത്തം ജ്വലിതം ശ്രേയോ”എന്നു പറയാൻ പറ്റണെങ്കിൽ വെള്ളെഴുത്തുദീകരണം പോലെ “പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് വേറെയെവിടെയോ”ആണെന്നും ഉറപ്പുണ്ടാവണം.മരണത്തെപ്പറ്റി വെള്ളെഴുത്ത് എഴുതാതെ പോയ ഒരു കഥയുണ്ടല്ലോ,മരണത്തേക്കാൾ ശക്തമായ മറ്റെന്തോ ഒന്നു കൊണ്ട് മാത്രം സത്യവാന്റെ ജീവിതം രക്ഷപ്പെടുത്താമെന്ന മഹാജ്യോതിഷിയുടെ വാക്കുകൾ വിശ്വസിച്ച്,പ്രണയമെന്ന ആയുധവുമായി യമനെ നേരിട്ടവളുടെ കഥ-സത്തിയം പലതെന്ന് ഒന്നുകൂടി പറയുന്ന ആ ജീവിതാഭിരതിയിലാണ് ഞാനുടക്കുന്നത്.കെൽ‌പ്പറ്റാലും ഇല്ലെങ്കിലും.

    ReplyDelete
  8. "അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
    ആരാചാരാണെന്ന് വരില്ലേ?"


    ഇല്ലല്ലോ. തൂക്കിലിട്ട കയറിന്റെ ബലം, വലിവ്, കൃത്യത, ടെക്നോളജി, പ്രൊഫഷനലിസം - അത്രയും ക്രെഡിറ്റ് ആരാച്ചാര്‍ക്ക് കൊടുക്കാം; കൊടുക്കണം !
    അതുതന്നെയേ ബ്രെഖ്റ്റും ചോദിച്ചുള്ളൂ. പക്ഷേ അങ്ങനെ "ഉദ്ദേശിച്ച"തെടുത്താല്‍ നാരായണന്മാര്‍ക്ക് തര്‍ക്കുത്തരം പറ്റാതാവും. :))

    പല ശരികള്‍ക്കിടയിലല്ല, ശരിയാണെന്ന് തോന്നിക്കുന്ന യുക്തികള്‍ക്കിടയില്‍ പെടുന്നതല്ലേ വൈരുദ്ധ്യം ;)

    ReplyDelete
  9. കല കലാകാരന്റേതും ക്രാഫ്റ്റ് തൊഴിലാളിയുടേതും കൊല കല്പിച്ചവന്റേതും എന്നു തന്നെയാണ് നടപ്പ് നീതിശാസ്ത്രം.

    സാഹിത്യത്തിലും ഒറ്റക്ക് ഒരു കലാകാരന്‍ ഉള്‍പെട്ട കലാനിര്‍മിതികളിലും ആ മര്യാദ പാലിച്ചുവരുന്നുണ്ട്. ഈഫേല്‍ ടവര്‍ പോലെ ഒരു സംരംഭത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് പണം മുടക്കിയവന്റെയോ അനുയായികളുടെയോ അല്ല. ദവിഞ്ചിയുടേയോ മിക്കെലാഞ്ചലോയുടെയോ കലാസൃഷ്ടികളോ ഗലീലിയോയുടെ കണ്ടുപിടുത്തങ്ങളോ പണം മുടക്കിയവരുടെ പേരില്‍ അറിയപ്പെടുന്നില്ല. യുദ്ധങ്ങളും പഴയകാല ദേശീയതയുടെ ആഘോഷങ്ങളും അവയ്ക്ക് നേതൃത്വം കൊടുത്ത ഭരണാധികാരികളുടെപേരില്‍ വരുന്നതുകൊണ്ട് എന്ത് നീതികേടാണുള്ളത്? കൊലയും അഹങ്കാരവും ശക്തിയും ആഘോഷിച്ചത് അവര്‍തന്നെയല്ലേ?

    ഈഫെല്‍ ടവര്‍ നിര്‍മിച്ച തൊഴിലാളികളുടെ പേര് എവിടെപ്പോയി എന്ന് ബ്രെഹ്ത് ചോദിച്ചാല്‍ ഒരുപക്ഷെ വിഷയം വളരെ സങ്കീര്‍ണമായേക്കും :) ഇതില്‍ ശരിയും ശരികേടൂം ചരിത്രത്തില്‍ ഓരോ രചനയും പ്രത്യക്ഷപ്പെട്ട സമയവുമായി മാത്രം ബന്ധപ്പെട്ടതാണെന്നേ പറയാനാവൂ.

    Representative attribution എന്ന സാമാന്യ യുക്തിയെ അല്ല ബ്രെഹ്ത് നിഷേധിക്കുന്നതെന്ന് ഉറപ്പിച്ചു പറയാവുന്നതാണ്. തൊഴിലാളിയുടെ വിയര്‍പ്പിലും ചോരയിലും ഉയര്‍ന്നുവര്‍ന്ന സംവിധാനങ്ങളില്‍ നിന്ന് അവരുടെ പേരുതുടച്ചുനീക്കപ്പെടുന്നതിന് വളരെ ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്. ജനകീയമുന്നേറ്റങ്ങളില്‍ നിന്ന് സമഗ്രാധിപത്യത്തിലേക്ക് ‘പുരോഗമിച്ച’ ഭരണസംവിധാനങ്ങള്‍ ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നില്ലേ? ഫ്രെഞ്ച് വിപ്ലവം മുതല്‍ പലതും? മാഞ്ഞുപോകുന്നത് പേരല്ല നിര്‍ണയാവകാശമാണ്. അങ്ങനെ നിര്‍ണയാവകാശം മാഞ്ഞുപോകുന്നതുകൊണ്ടുതന്നെയാണ് കല്പറ്റയുടെചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ലാത്തത്/ ആഴമില്ലാത്തത്. ഭരണവര്‍ഗ ഭീകരതക്ക് ചുക്കാന്‍ പിടിക്കുന്നത് ജനകീയ മനസാക്ഷിയല്ല ജനകീയമുദ്ര മാഞ്ഞുപോയ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ പ്രോഡക്റ്റ് ആണ്. അതിന്റെ ചെയ്തികള്‍ക്ക് തൊഴിലാളിയുടെയും കലാകാരന്റെയും മുദ്രയുണ്ടാവില്ല. ഉണ്ടാവരുത്.

    ReplyDelete
  10. അടുത്തെങ്ങും തടാകമില്ലായിരുന്നതുകൊണ്ടാവണം അവള്‍ ഒരു ചെമ്പരത്തിപ്പൂവൊടിച്ച് ചെവിയോട് ചേര്‍ത്തുവെച്ചത്. അര്‍ത്ഥമോതിത്തരാന്‍ എന്റൊപ്പം ഒരു മന്ത്രികുമാരനുമില്ലാതെ പോയി.

    ReplyDelete
  11. ഒരു വാക്ക് ഒരുത്തരമാകുന്നത് അത് ഏതു ചോദ്യത്തിനെതിരെ പറയപ്പെട്ടു എന്നതിലാവും..

    ReplyDelete
  12. ഏതു ശരിയാണ് യഥാര്‍ത്ഥ ശരി എന്നത് ദാര്‍ശനികപ്രശ്നം മാത്രമാണ് വിശക്കുന്നവന് അന്നം എന്ന ഒരു ശരി മാത്രമേ ജീവിതത്തിന്റെ ഭാഗത്തുള്ളൂ.

    പോസ്റ്റില്‍ പറഞ്ഞ ഒന്നാമത്തെ കഥ ഒരു ശിക്കാരി ശംഭു കഥയാണ്. എഴുതിയവന്റെ അല്ലെങ്കില്‍ കഥപറഞ്ഞവന്റെ ഭാവനയില്‍ മാത്രം വരാവുന്ന ശരിയേ ഉള്ളൂ മന്ത്രിപുത്രനായി കഥാസൃഷ്ടാവ് സ്വയം അവതരിച്ച് ആത്മരതിയാസ്വദിക്കുന്ന കഥയില്‍. അതില്‍ ഭേദം നാറ്റ് ഹാന്‍ ആണ്. താരതമ്യേന ശരി.

    കല്പറ്റ വലിയ പുള്ളിയൊക്കെയാണ്. പ്രശസ്തനാണ്. ദാര്‍ശനികത കുത്തിനിറച്ച് ധാരാളം എഴുതും. തന്റെ പുസ്തകം മുഴുവന്‍ പബ്ലിഷറുടേതാണെന്നു പറഞ്ഞാല്‍ തിരിച്ചൊരു കവിതമാത്രം കുറിച്ചു വെച്ച് കീഴടങ്ങിക്കളയും, ശരി എന്ന ദാര്‍ശനികപ്രശ്നം അത്രയേ അനുവദിക്കൂ, അദ്ദേഹത്തെ.

    അധികാരമുണ്ടാകുന്നതിന്റെ ദാര്‍ശനികതയില്‍ നിന്നു തുടങ്ങാന്‍ മറന്നതാകണം കല്പറ്റ.

    ReplyDelete
  13. കല്പറ്റയുടെ മെയില്‍ ഐഡി കൈയിലുള്ള ആരെങ്കിലും ഗുപ്തന്റെ കമന്റ് അദ്ദേഹത്തിന് അയച്ചു കൊടുത്താല്‍ ഒരാളുടെയെങ്കിലും പ്രശ്നം പരിഹരിച്ചു കിട്ടിയേനെയെന്നൊരു തോന്നല്‍.

    ReplyDelete