October 15, 2009

മൂന്നാംകരയിലേയ്ക്ക് തുഴയെറിയുമ്പോള്‍



ഗദ്യത്തിന്റെ വായനാഭംഗികള്‍ക്കുള്ള ചെലവ് കവിതയുടെ അക്കൌണ്ടില്‍ നിന്നു വേണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മുന്‍പില്ലാത്തവിധം കരുത്തുണ്ട്. കാവ്യാത്മകമല്ലാത്ത ഗദ്യമാണ്, പുതിയ വെല്ലുവിളി. എന്നാലും ഏതുകലയും സംഗീതമാവാന്‍ ഉദ്യമിക്കുന്നത് അതിന്റെ ബാഹ്യരൂപത്തില്ലല്ല എന്നതുപോലെ കവിതയുമായുള്ള അതിരു തര്‍ക്കങ്ങള്‍ മറ്റു സാഹിത്യകലകള്‍ ഉപേക്ഷിക്കുന്നത് കുറച്ചുകൂടി അഗാധമായ തലത്തില്‍ വച്ചല്ലേ എന്നാണു സംശയം. തൊട്ടറിയാവുന്ന വാസ്തവങ്ങളുടെ പരാവര്‍ത്തന ചുമതല നേരിട്ട് ഏറ്റെടുക്കാത്തതിനാലായിരിക്കും കവിതയുടെ നേര്‍ക്ക് പലപ്പോഴും നെറ്റികള്‍ ചുളിഞ്ഞത്. അല്ലെങ്കിലതിന്റെ വക്രോക്തിമര്യാദകളിലും സംഗ്രഹണസ്വഭാവത്തിലും മനം മടുത്തിട്ട്. എന്നാല്‍ സൂചകങ്ങളും ധ്വനികളുമായി പുറപ്പെട്ടു വരുന്നതുകൊണ്ട് കൂടുതല്‍ കാലത്തേയ്ക്ക് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് കൂടുതല്‍ സമയത്തേയ്ക്ക് അവയുടെ സഞ്ചാരം നീണ്ടുകൊണ്ടിരിക്കുമെന്നതിനാല്‍ , കേവലമൂല്യങ്ങളെക്കാള്‍ വികാരസത്യങ്ങളെയാണ് പ്രധാനമായും ആസ്പദമാക്കുന്നത് എന്നതിനാല്‍ , സ്ഥലബദ്ധമായി കെട്ടിപ്പിടിച്ച് ചുരുണ്ടുകൂടുന്ന വാക്കുകള്‍ കാലത്തിന്റെ കൂടി പ്രതിനിധികളാണെന്നതിനാല്‍, ഏതു സാഹിത്യത്തിനുള്ളിലും -ഓര്‍മ്മക്കുറിപ്പുകളില്‍ പോലും- കവിതയ്ക്ക് സന്നിഹിതിയുണ്ടെന്ന് പറഞ്ഞുകൂടേ, അലങ്കാരഭംഗിയോടെ തന്നെ?

കവിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ കവിത കലരുന്നതിന്റെ സ്വാഭാവികതയെ ന്യായീകരിക്കാനായെഴുതിയതല്ല. നല്ല കവിത, നല്ല സിനിമ, നല്ല ചിത്രം, നല്ല കല എന്നിങ്ങനെ പല നിലകളില്‍ പല ഇടമായി അറിയുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെല്ലാം സാക്ഷാത്താക്കുന്നത് ‘തുടക്കവും ഒടുക്കവും ഇല്ലാത്ത നടുക്ക’ത്തെയാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് ‘കവിതയുടെ കാട്ടില്‍ കൊല്ലുന്ന ജന്തുക്കളില്ല’ എന്ന കുറിപ്പില്‍ കെ ജി ശങ്കരപ്പിള്ള കവിതയെ സാധൂകരിക്കുന്നത്. ഹിംസയുടെ റിപ്പബ്ലിക്കുകള്‍ കാലാകാലം പുറത്തു കടത്താന്‍ കാത്തിരുന്ന ജാഗ്രതകള്‍ക്കെല്ലാം കവിതയെന്ന വിളിപ്പേരു ചേരും. കവിതയ്ക്കും മനുഷ്യാവകാശത്തിനും തമ്മിലുള്ള ബന്ധത്തെ ശ്രീലങ്കന്‍ ഇംഗ്ലീഷ് കവി ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകളിലൂടെയും ചെയ്തികളിലൂടെയും കെ ജി എസ് ഉദാഹരിക്കുന്നുണ്ട്. (കവിതയും മനുഷ്യാവകാശവും) കവിതയെഴുതുക മാത്രമല്ല ബാസില്‍ ചെയ്യുന്നത് സുപ്രീം കോടതിവരെ പോയി കേസുകള്‍ നടത്തുകയും നീതിബോധത്തെ ഒരാവശ്യമായി നിലനിര്‍ത്തുകയും ചെയ്തു. മനുഷ്യത്വം മരവിക്കുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളെക്കുറിച്ചാണ് കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം -‘ദൂരത്ത്’ കൂടുതലും ഉത്കണ്ഠപ്പെടുന്നത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനെപ്പറ്റി. ശ്രീലങ്കയിലും സിക്കിമിലും കുറുവ ദ്വീപിലും ചൈനയിലും ഉജ്ജയിനിയിലും പാകിസ്താനിലും ഒരേ ആവൃത്തിയില്‍ ചലിക്കുന്ന മനുഷ്യനോവുകളെക്കുറിച്ച് കുറിപ്പുകള്‍ അസാധാരണമായ ഒതുക്കത്തോടെ വിതുമ്പുന്നു. പ്രത്യാശയുടെ വെളുത്ത ആകാശങ്ങളെ സര്‍ഗാത്മകതയില്‍ തിരയുന്നു. പാകിസ്താനിയായ കവി അഫ്സല്‍ അബ്ബാസും ശ്രീലങ്കയിലെ ബാസിലും ഹിന്ദി കവി ചന്ദ്രകാന്ത് ദേവ്‌താലയും പോളണ്ടുകാരിയായ സംവിധായിക അന്ന പൊളാക്കും അങ്ങനെ നിറയുന്നതാണ്.

ഓര്‍മ്മകള്‍ യാത്രയെക്കുറിച്ചുള്ളതും കൂടിയാണ്. എം വി ടിപ്പുസുല്‍ത്താന്‍ എന്ന കപ്പലില്‍ ലക്ഷദ്വീപിലേയ്ക്ക്. രംഗനോടും ദാസനോടും ഒപ്പം ബംഗലൂരിലേയ്ക്ക്. ശ്രീലങ്ക, നേപ്പാള്‍ ‍, ചൈന.. കടമ്പനാട്. കൊച്ചിയിലെ മാധവിക്കുട്ടിയുടെ അമ്പാടി അപ്പാര്‍ട്ട്മെന്റ്. ഭൌതികമായല്ലാതെ ഷെക്സ്പിയറിന്റെ ബിര്‍നാം വനം, ഇറാക്ക്, പോളോന്നെറുവ.. തുടങ്ങുന്നിടത്തു തന്നെ ചുറ്റി ചുറ്റി അവസാനിക്കുന്ന സഞ്ചാരഗാഥകളുടെ ഒരു വിഷമവൃത്തം ഏതുയാത്രയും ഉള്ളടക്കിയിട്ടുണ്ടെന്ന തത്ത്വവിചാരം നേര്‍ത്ത നര്‍മ്മത്തോടെ ‘ബംഗലൂരിലേയ്ക്ക്’ എന്ന കുറിപ്പിന്റെ അവസാനം കാണാം. ചൈനയിലെ പുരാതന മഹാഭീമന്‍ വന്മതിലിനു മുകളില്‍ മഴയെ കൂസാതെ ആലിംഗനബദ്ധരായി നിന്ന പ്രണയജോഡി തികവുറ്റ കാവ്യബിംബമാണ്. മതിലുകള്‍ക്ക് അപ്പുറമെത്തിയവരുടെ. അസ്തമയ സൌന്ദര്യത്തെ മറയ്ക്കാന്‍ എത്തുന്ന ബോറന്‍ മേഘങ്ങളെ അവഗണിക്കാം, കപ്പലിന്റെ പിന്മുനമ്പില്‍ ഇരുകളും വിടര്‍ത്തി നിന്ന് പറവയുടെ സ്റ്റില്‍ ആയി. ഏതു ദുരന്തത്തിന്റെ ഇടയിലും ‘വീണ്ടെടുക്കാനാവാത്ത വിധം ഒന്നും നഷ്ടമായിട്ടില്ലെന്ന പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും ഒരു ബദല്‍ ബലതന്ത്രം സംസ്കാരത്തില്‍ എന്നും പ്രവര്‍ത്തന നിരതമാണെന്ന’ പാഠമാണ് ഈ യാത്രകളുടെ ആത്യന്തികമായ സാരാംശം.

ബ്ലോഗെഴുത്തുള്‍പ്പടെയുള്ള കാലികമായ വ്യവഹാരരീതികളിലേയ്ക്കെല്ലാം നോട്ടമയക്കുന്നുണ്ട് കുറിപ്പുകള്‍ . ചിത്രകലയും സിനിമയും പ്രവാസി അനുഭവങ്ങളും മലയാളം സൈറ്റുകളും പരാമര്‍ശവിധേയമാകുന്നു. കഡുഗണ്ണാവയിലെ വൃദ്ധസന്ന്യാസിയുടെ തളം കെട്ടിയ ഓര്‍മ്മയില്‍ നിന്ന് പുതിയകാലത്തിന്റെ ബ്ലോഗുകളിലേയ്ക്ക്, സിന്‍‌ബാദിന്റെ യാത്രാ പിടിവാശികളില്‍ നിന്ന് നഗരത്തില്‍ പുഞ്ചിരിച്ചുകൊണ്ടു തുഴയുന്ന പുതിയ തിമിംഗലങ്ങളിലേയ്ക്ക്, കടമ്പനാട്ടെ തുറസ്സുകളില്‍ പാഞ്ഞു നടന്ന മുയലുകളില്‍ നിന്ന് യന്ത്രകൂടുകളിലടച്ച ഉറക്കം തൂങ്ങുന്ന പുതിയ ശീമ മുയലുകളിലേയ്ക്ക്, കയറാന്‍ മരങ്ങളില്ലാത്ത തലമുറയ്ക്ക് കയാറാന്‍ അതിലും ഉയരമുള്ള കമ്പ്യൂട്ടറിലെ കളിക്കളങ്ങളിലേയ്ക്ക് ഒക്കെ അയക്കുന്ന നോട്ടങ്ങളിലൂടെയാണ് കുറിപ്പുകള്‍ കാലികതയെ ഉള്ളടക്കുന്നത്. അനുകമ്പയുടെയും ആത്മശുദ്ധിയും ശീലമാക്കിയ ഒരുവന്‍/ഒരുവള്‍ വൈരുദ്ധ്യങ്ങളുടെ ഈ ലോകവുമായി സ്ഥിരമായ ഒരകലം പുലര്‍ത്തേണ്ടതുണ്ടെന്ന പരിവ്രാജകമായ രുദ്രാക്ഷതിരിച്ചില്‍ ശീര്‍ഷകത്തിലുണ്ടോ എന്നു സംശയിക്കാവുന്നതാണ്. അടുപ്പത്തിന്റെ നന്മയ്ക്ക് മിഴിവുകൂട്ടുന്ന ചെറുദൌത്യമുണ്ടാവും, ഏതു ദൂരത്തിനും. ആര്‍പ്പുവിളിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ നിന്നകന്നു നില്‍ക്കുന്ന ആത്മശുദ്ധിയുടെയും അനുകമ്പയുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും സ്ഥൈര്യങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഈ ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കി തീര്‍ക്കാന്‍ കഴിയുക? രക്തം തെറിച്ച ശിരസ്സുമായി തലകുലുക്കുന്ന പ്രേതാത്മാക്കളെ നോക്കി ആത്മാലാപനങ്ങളില്ലാതെ പുഞ്ചിരിക്കാന്‍ കഴിയുക?
-----------------------------------------
ദൂരത്ത്
(ഓര്‍മ്മക്കുറിപ്പുകള്‍ )
കെ ജി ശങ്കരപ്പിള്ള
ഗ്രീന്‍ ബുക്സ്
വില : 65 രൂപ

6 comments:

  1. പുസ്തകം വാങ്ങി വായിക്കാന്‍ തോന്നിപ്പിക്കുന്ന കുറിപ്പ്

    ReplyDelete
  2. വെള്ളെഴുത്ത്,

    നന്നായി പറഞ്ഞിരിക്കുന്നു.ഗ്രീൻ ബുക്സ് ഇടക്കിടെ ഇത്തരം നല്ല പുസ്തകങ്ങൾ പുറത്തിറക്കാറുണ്ട്.

    കവിത ഒന്നിനും അന്യമല്ലല്ലോ..പൊറ്റെക്കാടിന്റെ ഗദ്യത്തിലുള്ള അത്ര കവിത മറ്റെവിടെയാണു കാണാനാവുന്നത്..?

    എന്തായാലും ഗ്രീൻ‌ബുക്സിനു ഒന്നെഴുതട്ടെ..പുസ്തകം അയക്കുമോ എന്ന്..

    നന്ദി..ആശംസകൾ

    ReplyDelete
  3. കവിതയുടെ കാട്ടില്‍ കൊല്ലുന്ന ജന്തുക്കളില്ല
    :)-

    ReplyDelete
  4. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  5. ഇതെന്താ രണ്ടു സുനില്‍ കൃഷ്ണന്മാര്‍ ഒരേ പേരില്‍ പക്ഷേ രണ്ടുപേര്‍ . ഇംഗ്ലീഷിലും മലയാളത്തിലുമായി പേരെഴുതുന്നതുള്‍പ്പടെ ഒരേപോലെ. ഒരു കോമ്പ്രമൈസിലെത്തി ചില മാറ്റങ്ങള്‍ വരുത്തിക്കൂടേ?

    ReplyDelete