October 4, 2009
മുനയില്ലാത്ത ഒരു ആണിയുടെ പേരില്‍
ഒട്ടകത്തിന് അഭയം കൊടുത്തിട്ട് ഒടുവില്‍ പുറത്തായിപ്പോയ അറബിയെപ്പറ്റിയൊരു കുട്ടിക്കഥയുണ്ടല്ലോ. ശുദ്ധഗതിയും ആശ്രിത വത്സലത്വവും ചിലപ്പോള്‍ സ്വയം പാരയാവും എന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ഒട്ടകത്തിന്റെ ഭാഗത്തു നിന്നാണ് നോക്കുന്നതെങ്കില്‍ പ്രായോഗികബുദ്ധി നിശ്ശബ്ദമായി ലക്ഷ്യം നേടുന്നതെങ്ങനെ എന്നും കാണാം. പ്രത്യക്ഷത്തില്‍ സമാനതയുള്ള മറ്റൊരു നാടോടിക്കഥ അറബ് സാഹിത്യത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ‘മിസ്മര്‍ ഗോഹ’ എന്നാണ് കഥയുടെ പേര്. ‘ഗോഹയുടെ ആണി’ എന്ന് മലയാളത്തിലാക്കാം. മൊറോക്കോയില്‍ ‘ജെഹ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലസ്തീനിലും സിറിയയിലും ഇയാള്‍ ‘ജുഹ’യാണ്. ഗോഹ ഒരിക്കല്‍ തന്റെ വീട് ഒരു ഉപാധി വച്ചുകൊണ്ട് മറ്റൊരാള്‍ക്ക് വിറ്റു. ഉപാധി ഇതാണ് വീടിനകത്തെ മുറിയില്‍ ഒരാണി തറച്ചിട്ടുണ്ട്. അതിന്റെ ഉടമസ്ഥാവകാശം മാത്രം എപ്പോഴും ഗോഹയ്ക്കായിരിക്കും. സംഭവം തമാശയാണെന്ന മട്ടില്‍ വീടു വാങ്ങിയ ആള്‍ സസന്തോഷം ആ ഉപാധി അനുവദിച്ച് കരാറുണ്ടാക്കി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗോഹ വിറ്റവീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ആണിയുടെ സുരക്ഷ പരിശോധിക്കലാണ് ഉദ്ദേശ്യം. ആണി ക്ഷേമത്തില്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെട്ട് മടങ്ങിയ ആള്‍ വീണ്ടും ആഴ്ചകള്‍ക്കുശേഷമുള്ള ഒരു രാത്രിയില്‍ മടങ്ങി വന്നു. ഇത്തവണ കയ്യില്‍ ഒരു കമ്പിളിപ്പുതപ്പുമുണ്ട്. തണുത്തകാറ്റുള്ളതിനാല്‍ പുതപ്പുകൊണ്ടു മൂടി ആണിയെ സംരക്ഷിച്ചുകൊണ്ട് രാത്രി അവിടെ കഴിഞ്ഞു. തന്റെ അസാന്നിദ്ധ്യത്തില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആണിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വിറ്റ വീട്ടില്‍ ഗോഹ സ്ഥിരതാമസമാക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഒട്ടകകഥയുടെ പടുതിയല്ല സത്യത്തിലിതിനുള്ളത്. കണ്ടാല്‍ അതുപോലെയിരിക്കുമെങ്കിലും. അതു വഴിയേ..
ഈ കഥ വീണ്ടും പ്രചാരത്തിലായതിനൊരു ചരിത്രമുണ്ട്. ഈജിപ്തില്‍ നിന്നും ഒഴിഞ്ഞു പോകാമെന്നു സമ്മതിച്ച ബ്രിട്ടീഷുകാര്‍ സൂയസ് കനാലിലിന്റെ മേലുള്ള ആധിപത്യം പക്ഷേ തുടരും എന്ന മട്ടില്‍ ഒരു ഉടമ്പടി നിര്‍ദ്ദേശം മുന്നോട്ടു വച്ചപ്പോള്‍ അതിനെ അനുകൂലിച്ച ഈജിപ്തിന്റെ നിലപാടിനെ കളിയാക്കിക്കൊണ്ട് ഫിക്രിഅബ്ബാസ 1950-ല്‍ എഴുതിയ പത്രാധിപക്കുറിപ്പിലാണ് പഴയ അറബി നാടോടിക്കഥയിലെ ‘ഗോഹ’ എന്ന രൂപകം ശക്തമായ രാഷ്ട്രീയധ്വനികളോടെ വീണ്ടും അവതരിച്ചത്. ഫിക്രി ഒരു ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആ കല്‍പ്പന ഈജിപ്തില്‍ മാത്രം തങ്ങുന്നതല്ല. മധ്യപൌരസ്ത്യദേശങ്ങളില്‍ ഉണ്ടായ നിരവധി പാശ്ചാത്യ രാഷ്ട്രീയ ഇടപെടലുകളിലൊക്കെ വന്ന് കുടിയിരിക്കാന്‍ ശക്തമായൊരുതരം ഭാവനയുടെ ഊര്‍ജ്ജം ‘ഗോഹ’യ്ക്ക് ലഭിച്ചിട്ടുണ്ട്. സാംസ്കാരികമായ ആശ്രിതത്വത്തിനെതിരെ അറബ് ലോകം നേരിടുന്ന വെല്ലുവിളികളിലും ഒരു ഗോഹ കുടിയിരിക്കുന്നുണ്ട്. അറബ് വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും മറ്റാരുടെയൊക്കെയോ പലതരം ആണികള്‍ തറഞ്ഞിരിപ്പാണ്. ഏതു നിമിഷവും അടഞ്ഞു കിടക്കുന്ന വാതിലില്‍ നിന്നും അധികാരസ്വരത്തോടെയുള്ള ഒരു തട്ട് പ്രതീക്ഷിക്കാം.
ഈ വിഷയത്തില്‍ ലേഖനമെഴുതിയ ബാര്‍ബറാ ഹാര്‍ലോ പറഞ്ഞതുപോലെ ഒരു പഴംകഥയ്ക്ക് ആധുനിക സാമൂഹിക സാഹചര്യങ്ങളില്‍ വരുന്ന പലതലങ്ങള്‍ അറബ് ലോകത്ത് മാത്രം, അതും രാഷ്ട്രീയ മേഖലകളിലും സാംസ്കാരികലോകത്തും മാത്രം, ചിറകു വിരിക്കുന്ന ഒന്നാവണമെന്നില്ല. നവചരിത്രവാദത്തിന്റെ വഴിവിട്ട് മാറി നടന്നു നോക്കാം. ഒന്നാലോചിച്ചാല്‍ എത്ര അപരിചിത ആണികള്‍ തറഞ്ഞു നില്‍ക്കുന്ന ചുമരുകളുമായാണ് നമ്മളിങ്ങനെ ശ്വസിച്ചു ജീവിക്കുന്നത് ! ഉടമസ്ഥരാരാണെന്നു പോലും അറിയാത്ത ആണികള്‍ . അല്ലെങ്കില്‍ എത്ര മനസ്സുകളുടെ വാതിലിലാണ് നാം ചെന്നു ആധികാരികതയോടെ ചെന്നു മുട്ടുന്നത്, നമ്മുടെ ആണിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനെന്ന വ്യാജേന. വിധേയത്വത്തെ ആലങ്കാരികമായ ഭംഗിയോടെയും ഉന്മാദത്തോടെയും കോറിയിട്ട ഷെനെ- സാത്രിന്റെ ഭാഷയില്‍ വിശുദ്ധനായ ഷെനെ- ‘തീവ്സ് ജേണലി’ന്റെ അവസാനം, കഴിച്ചുകൂട്ടിയ ജയില്‍ മുറികളോടു് തന്റെ ശരീരത്തിനുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് തന്റെ ഉള്ളില്‍ തന്നെയുള്ള ഒരു ജയിലിനെ കണ്ടെത്തുന്നു. ബാഹ്യലോകം കെട്ടിയേല്‍പ്പിച്ച ആ ആണി അവിടെയുണ്ടെന്ന തിരിച്ചറിവിലാണ് ഷെനെ അതിസാധാരണത്വത്തില്‍ നിന്നും അസാധാരണത്വത്തിലേയ്ക്ക് നടക്കുന്നത്. (നമ്മുടെ സാധാരണത്വമാകട്ടെ ഉള്ളിലെ ആണികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയില്‍ നിന്ന് ഉണ്ടാവുന്നതും) മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ആന്തരികജയിലിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വമാണ് അയാളുടെ വിധേയത്വഭാവം. നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും പൊക്കുടനും മുഖ്താര്‍ മായിയും പറഞ്ഞതെന്തായാലും അതിനുള്ളില്‍ ഒരു ആണിയുടെ സാന്നിദ്ധ്യം അനുഭവേദ്യമാണ്. സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ. തിരിച്ച് അവരുടെ തുറന്നു പറച്ചിലുകള്‍ നമ്മുടെ ഉള്ളില്‍ തറച്ചിരിക്കുന്ന ആണികളെ കാണിച്ചു തരുമ്പോഴും നമ്മള്‍ അസ്വസ്ഥരാവുന്നു. (വീട്) നമ്മുടേത് മാത്രം എന്നു വിചാരിച്ച് നെഞ്ചും വിരിച്ച് നടക്കുന്നതിനിടയിലാണ് അകത്തെ ആണിക്കായി തലകുനിപ്പിക്കത്തക്കവിധത്തില്‍ ആരുടെയോ ഒരു മുട്ട്. സ്പെഷ്യല്‍ റഫറന്‍സിനായി കോഴിക്കോട് സര്‍വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ എന്ന നിലയ്ക്ക് നളിനിയും മണിയന്‍ പിള്ളയും കേട്ടെഴുതിയ ആളിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടിയതുകൊണ്ട് രണ്ടാമതൊരു ആത്കഥ തയ്യാറാക്കിക്കൊണ്ട് പൊക്കുടനും കൊടിയ അപമാനത്തെ തുറന്നുപറയാന്‍ തുനിഞ്ഞത് രാഷ്ട്രത്തിന്റെ പേരു ചീത്തയാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന വിമര്‍ശനത്തില്‍ മായിയും വീണ്ടും വിവാദത്തിലായതുകൊണ്ടും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ പേരുകള്‍ . ഇതിവിടെ അവസാനിക്കുന്നതൊന്നുമല്ല.
അനു:
നഗരത്തില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ പുതുതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പാളിന്റെ പ്രാഥമിക ചുമതല, കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും തന്ത്രപൂര്‍വം അവര്‍ ശേഖരിച്ചെടുത്ത ആണ്‍കൂട്ടുകാരുടെ (അവര്‍ ട്യൂഷന്‍ ക്ലാസുകളില്‍ പഠിക്കുന്നവരോ വീടിനടുത്തുള്ളവരോ തൊട്ടടുത്ത വിദ്യാലയങ്ങളിലെ സമപ്രായക്കാരോ ആരുമാകട്ടെ) പേരു വിവരങ്ങളടങ്ങിയ ലിസ്റ്റു വച്ച് കുട്ടികളെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണോ? അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി സദാചാരപ്രസംഗം നടത്തി അച്ചടക്ക നിഷ്ഠയില്‍ തനിക്കുള്ള താന്‍ പോരിമ വിളംബരം ചെയ്യലാണോ? വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ്പിച്ച ആണിയില്‍ പിടിച്ചുകൊണ്ട് ‘അല്ലെന്ന്’ പറയാന്‍ എത്രപേര്‍ക്കാവും? ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം എന്നല്ലേ അതിന്റെ അര്‍ത്ഥം.
അധിനിവേശങ്ങള്‍ എത്ര എളുപ്പമാണിക്കാലങ്ങളില്‍ !
ഗോഹയുടെ കഥ ഇഷ്ടമായി. ഫക്രി അബ്ബാസ് അത് രാഷ്ട്രീയധ്വനികളോടെ അവതരിപ്പിച്ചതിനെക്കുറിച്ചു പറഞ്ഞതും മനസിലായി. ഫക്രി എന്തിനുവേണ്ടിയതു ചെയ്തു എന്നതും വ്യക്തമാണ്. പക്ഷെ, വെള്ളെഴുത്തിന്റെ ധ്വനികള്‍ വ്യക്തമല്ല. അനുബന്ധത്തില്‍ പറഞ്ഞ രീതിയില്‍ എവിടെ എന്തു നടന്നു എന്നാണ്? വെള്ളെഴുത്തിന്റെ സ്ഥലം (എന്റെയറിവില്‍) എന്ന നിലയില്‍ നഗരം തിരുവനന്തപുരം, പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ - ഹോളി ഏഞ്ചത്സ്, പ്രിന്‍സിപ്പാള്‍ - റവ. സിസ്റ്റര്‍ ഏഞ്ചല്‍; എന്നിങ്ങനെ പൂരിപ്പിക്കണമോ? അങ്ങിനെയെങ്കില്‍ വെള്ളെഴുത്ത് ഇതുമായി എങ്ങിനെയാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്? ഇങ്ങിനെയൊരു വാര്‍ത്ത എവിടെയെങ്കിലും വന്നുവോ?
ReplyDelete--
വെള്ളെഴുത്തിന്റെ ധ്വനികള്‍ വ്യക്തമല്ല
ReplyDeleteഅല്ലേ, അവസാന വരിയില്‍ പോലും? എന്നാല്‍ പോലും സാരമില്ല. മണിയുടെ അനുരണനങ്ങള്‍ ഓരോ മനസ്സിലും ഓരോന്നാണ്..
ഹരീ, പട്ടികയില്‍ സര്‍ക്കാര്‍ സ്കൂളുകളുമുണ്ടാവണമല്ലോ. ഇതിനു സ്വയമേവ ഒരു വാര്‍ത്തയാവാന്‍ കഴിയില്ലേ, ലിങ്കുകളില്ലാതെ?
ആരായാലും.. ആണിയുടെ സംരക്ഷകര്‍ക്ക് നല്ല നമസ്കാരം.
ReplyDeleteഓഫ്: കോട്ടണ്‍ഹില്ലിലെ പ്രിന്‍സിപ്പാളിന്റെ പേരെന്താ?
"വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ്പിച്ച ആണിയില്‍ പിടിച്ചുകൊണ്ട് ‘അല്ലെന്ന്’ പറയാന്‍ എത്രപേര്‍ക്കാവും?"
ReplyDelete*******
അധികമാർക്കും ആവില്ല. കാരണം, തുരുമ്പു് അനുഭവവേദ്യമാവാതിരിക്കാൻ മാത്രം ആഴത്തിൽ ആണിയുടെ ശക്തിയിലുള്ള ഉത്തമവിശ്വാസം സമസ്തസമൂഹമനസ്സിന്റെ Read Only Memory-യിൽ വേരോടിക്കഴിഞ്ഞു.
"ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം എന്നല്ലേ അതിന്റെ അര്‍ത്ഥം?"
*******
എന്റെ അഭിപ്രായം: അതെ!
"ethra manassukalude vathilukalilanu naam chennu aadhikarikathayode muttunnath". ullilevideyo tharakkunna vakkukal .ente ullile aanikalil adu chennu tharachu.
ReplyDelete:-)
ReplyDeleteഇതാണ് ഞാന്‍ ധ്വനി വ്യക്തമല്ലാന്നു പറഞ്ഞത്. വെള്ളെഴുത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ഉദ്ദേശിച്ചു, ഞാന്‍ മറ്റൊരു സ്കൂളും! ഇതിനെങ്ങിനെയാണ് വാര്‍ത്തയാകുവാന്‍ കഴിയുക? വ്യക്തികള്‍, സ്ഥലങ്ങള്‍, തീയതികള്‍ ഇവയൊന്നും ഇല്ലാതെയൊരു വാര്‍ത്തയ്ക്ക് വകുപ്പുണ്ടോ?
ഒടുവില്‍ പറഞ്ഞ പോയിന്റ് വളരെ ശരിയാണ്. “ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം...” എന്നതൊരു സത്യമായി നില്‍ക്കുന്നു. അതിനു സമ്മതമല്ലെങ്കില്‍ നിഷേധിയും ധിക്കാരിയുമൊക്കെയായി കഴിയാം.
--
കോട്ടണ്‍ഹില്ലോ കാര്‍മലോ, സര്‍ക്കാരോ എയ്ഡഡോ അണ്‍എയ്ഡഡോ എന്നുള്ളതിനെന്തു സാംഗത്യം? ആ പ്രിന്‍സിപ്പല്‍ ചെയ്യുന്നത് അവരുടെ ജോലി. കുട്ടിയോട് സംസാരിക്കുന്നതും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി സംസാരിക്കുന്നതും ഇന്നത്തെ കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങളില്‍ വളരെ ആവശ്യകം.
ReplyDeleteനേരിട്ടറിയാത്തതുകൊണ്ട് സംസാരത്തില്‍ ഭീഷണിയുടെ ധ്വനിയുണ്ടോ എന്ന് നേരിട്ട് കേട്ടിട്ടില്ല, പക്ഷെ ഇക്കാര്യത്തില്‍ സംസാരമേ ഇല്ലാത്തതിലും ഭേദം, വിരട്ടലുള്ള സംസാരം തന്നെ,
ആണ്‍കുട്ടികളുള്ള സ്കൂളുകളില്‍ സംഭവിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഇതൊരു തെറ്റാവുന്നില്ല,
ഇത്തരം പ്രിൻസിപ്പാളുകളുടെ ധാർഷ്ട്യം അനുവദിച്ചു കൊടുക്കൂന്ന രക്ഷിതാക്കളെ വേണം പറയാൻ. ഏത് സ്കൂൾ എന്നതിനു പ്രസക്തിയൊന്നുമില്ല. മിക്ക സ്കൂളുകളിലും കോളേജുകളിലും നടക്കുന്നതാണിതൊക്കെ. അയൽക്കാരനെപ്പോലെ ചിന്തിക്കുന്നവരാണല്ലോ കൂടുതലും
ReplyDeleteഅതെ, കുറ്റം അയല്‍ക്കാരനെപ്പോലെ ചിന്തിക്കുന്നവരുടെ മാത്രമാണ്.
ReplyDeleteകനമുള്ള ചുവരാണെങ്കില്‍ അതിലടിച്ചുകയറ്റിയ ആണിയുടെ മുന പുറത്തുകാണില്ല എന്ന് മനസ്സിലാക്കാത്തവരുടെ ഭാഗത്ത് കുറ്റം പോയിട്ടൊരു വെറും കു പോലുമില്ലയെന്ന് തിരിച്ചറിയാത്തവരുടേതാണ് കുറ്റം.
ചുവരിന്നും മേല്‍ക്കൂരയ്ക്കും കനമില്ലെങ്കില്‍ വീടിനു നിലനില്പ്പില്ലെന്നും, ജനാലകളും കതകുകളും പകല്‍ തുറക്കണമെന്നും, കാവലാളില്ലെങ്കില്‍ രാത്രിയില്‍ അടയ്ക്കണമെന്നും കരുതുന്നവരുടേതാണു കുറ്റം.
അദ്ധ്യാപകന്‍ റ്റീച്ചിങ് എഞ്ചിന്‍ മാത്രമാണെന്നു മറന്നതാണ് കുറ്റം. തന്റെ സ്വഭാവരൂപീകരണം കുട്ടിയുടെ മാത്രം അവകാശമെന്ന് തിരിച്ചറിയാത്തതും കുറ്റം.
വ്യക്തി, പ്രവൃത്തി, ചിന്ത എന്ന ക്രമത്തില്‍ സാമൂഹ്യപരിഷ്കരണം നടത്തുന്നവരെക്കണ്ടു ചിരിക്കുന്നവരുടേതാണു കുറ്റം.
:(
പക്ഷെ ഇക്കാര്യത്തില്‍ സംസാരമേ ഇല്ലാത്തതിലും ഭേദം, വിരട്ടലുള്ള സംസാരം തന്നെ
ReplyDeleteഅയല്‍ക്കാരാ, ലോകം ഒരുപാട് മുന്നോട്ടു പോയി. നമ്മളില്‍ കുറച്ചു പേരാകട്ടെ സ്കൂളുകള്‍ ദുര്‍ഗുണപരിഹാര പാഠശാലകളാണെന്ന് നിഷ്കളങ്കം കരുതുന്നവരും ആണ്. കുറ്റം ഏല്‍ക്കേണ്ട കാര്യമില്ല. അത്തരക്കാരുടെ എണ്ണം കൂടുതലാണെന്നതു കൊണ്ടാണല്ലോ ഈ ഉദാഹരണം ഇവിടെ വന്നത്. വര്‍ത്തനവ്യതിയാനവും സ്വഭാവരൂപീകരണവും പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചുകൊടുത്താല്‍ മറ്റൊരു ചോദ്യത്തിനു കൂടി ഉത്തരം പറയേണ്ടി വരും, ആരുടെ സ്വഭാവമാണ് , അതേതു വിധത്തില്‍ , ആരെ മാതൃകയാക്കിയാണ് രൂപീകരിക്കേണ്ടതെന്ന്.. ചൈനയില്‍ ധിക്കാരി എന്ന് അദ്ധ്യാപകനു തോന്നിയ ഒരു കുട്ടിയെ നാലാം നിലയില്‍ നിന്ന് താഴേയ്ക്കെറിഞ്ഞു. ദില്ലിയില്‍ ശിക്ഷണനടപടിയുടെ ഭാഗമായി അദ്ധ്യാപിക ഒരു ദിവസം മുഴുവന്‍ വെയിലത്ത് നിര്‍ത്തിയ ഒരു കുട്ടി മരിച്ചു. -വാര്‍ത്തകള്‍ അടുത്തകാലത്ത് നമ്മള്‍ കണ്ടതാണല്ലോ- നമ്മുടെ നാട്ടിലുമുണ്ട് കുട്ടികളുടെ ആത്മഹത്യകളില്‍ അദ്ധ്യാപകര്‍ക്ക് പരോക്ഷമായ പങ്ക്.. ശാശ്വതമായൊരു കുറ്റബോധവും അധികാരമനോഭാവവും കുട്ടികളില്‍ കുത്തി വയ്ക്കുന്ന മട്ടിലാണ് സ്കൂള്‍ സാഹചര്യങ്ങള്‍ ഭൂരിഭാഗവും. എന്നിട്ടും വിരട്ടൊലൊക്കെ ആകാമെന്ന വാദം കാണുമ്പോള്‍ ആലോചിച്ചു പോകുന്നത് നമ്മളേതു നൂറ്റാണ്ടിലാണെന്നതാണ്.
താങ്കള്‍ ചൂണ്ടിക്കാണിച്ച അദ്ധ്യാപക-അമിതാവേശത്തിന്റെ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങേക്കാള്‍ എത്രയോ ആപത്‌കരമാണ് സാമൂഹ്യബോധവും നിലനില്പിന്റെ ശരിതെറ്റുകളും വിദ്യാര്‍ത്ഥികളിലെത്താതെ പോകുന്ന അവസ്ഥ.
ReplyDeleteതാങ്കളുടെ ഉദാഹരണങ്ങളില്‍ സമൂഹത്തിന് മാനക്കേടുണ്ടാക്കിയ അദ്ധ്യാപകരെ എളുപ്പം കണ്ടെത്താം. അതിന് അദ്ധ്യാപനരീതികളെയാകെ പ്രതി ചേര്‍ക്കുന്നത് short-sightedness ആണ്.
സമൂഹത്തെ നല്ല വഴിക്ക് നയിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത്രയും എളുപ്പം ഉദാഹരണങ്ങള്‍ കണ്ടെത്താനാവുന്നില്ലെങ്കില്‍ അത് കണ്ണടകളുടെ കുറ്റമാണ്. ശരിയായ ബോധനമുണ്ടായിരുന്നുവെങ്കില്‍ സൂര്യനെല്ലി ഉണ്ടാവുമായിരുന്നില്ല. ഉണ്‍ടാവാത്ത ഒന്നിനെ ഉദാഹരണവുമാക്കാനാവില്ല.
അതിന് അദ്ധ്യാപനരീതികളെയാകെ പ്രതി ചേര്‍ക്കുന്നത് short-sightedness ആണ്.
ReplyDelete- അദ്ധ്യാപനരീതികളെ പ്രതിചേര്‍ത്തോ, ആര്?
ശരിയായ ബോധനമുണ്ടായിരുന്നുവെങ്കില്‍ സൂര്യനെല്ലി ഉണ്ടാവുമായിരുന്നില്ല. ഉണ്‍ടാവാത്ത ഒന്നിനെ ഉദാഹരണവുമാക്കാനാവില്ല.
- സൂര്യനെല്ലി, അദ്ധ്യാപകര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താത്തതുകൊണ്ടുണ്ടായ സംഭവമാണോ? അതറിയില്ലായിരുന്നു.
സാമൂഹ്യബോധവും നിലനില്പിന്റെ ശരിതെറ്റുകളും
എനിക്കറിയില്ല അയല്‍ക്കാരന്‍.. ഞാന്‍ കൈവിട്ടു..ചേക്കുട്ടിയും ഏതാണ്ടിതേ മട്ടില്‍ ചിലതൊക്കെ പറഞ്ഞിരുന്നു. ആശയവിനിമയം ചിലയിടങ്ങളില്‍ തീര്‍ത്തും അസാദ്ധ്യമാണ്. രണ്ടുതരം വീക്ഷണത്തിന്റെ പ്രശ്നമാണ്..
അയല്‍ക്കാരന്‍, ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി എണ്ണുന്ന താങ്കള്‍ , നാട്ടിലെ വിദ്യാലയങ്ങളിലേക്കു ഒന്നു ചെന്നുനോക്കുക്ക. ഇത്രയേറെ ധിക്കാരപരമല്ലെങ്കിലും, (സര്‍കാര്‍/പ്രൈവറ്റു വ്യത്യസമില്ലാതെ) ഓരൊ ദിവസവും അവിടെ നടക്കുന്നതൊക്കെ ഇതിനു സമാനമായ സംഗതികളാണ്. അധ്യാപകന്റെ ധാര്‍ഷ്ട്യവും, അധികാരപരമായ ആഞ്ജകളും, നീതിനിരാസവും, ശാസ്ത്രീയത ഇല്ലാതെയുള്ള (സദാചാര) അടിച്ചേല്പിക്കലും , ഇതെല്ലാം ചേരും പടി ചേര്‍ത്ത ശിക്ഷയുടെ അപമാനവും ചേര്‍ന്നു നിര്‍മിക്കുന്നതു മൂല്യബോധമുള്ള ഒരു തലമുറയെ അല്ല. അടിച്ചമര്‍ത്തപ്പെട്ടവനില്‍ നിന്നു നിഷേധമേ പുറത്തു വരൂ... "ഏകാധിപതി" യാല്‍ അപമാനിക്കപെട്ടവനില്‍, നീതി നിരസിക്കപെട്ടവനില്‍, തുല്യപരിഗണന ലഭിക്കാത്തവനില്‍; ജനാധിപത്യബോധവും , താങ്കള്‍ പറയുന്ന സാമൂഹ്യബോധവും ഉണ്ടാകുന്നതെങ്ങനെ?
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം ലെസ്സന്‍ പ്ലാന്‍ തീര്‍ക്കുക എന്നതുമാത്രമല്ല ഒരദ്ധ്യാപികയുടെ ജോലി.
ReplyDelete- എന്താണു സമൂഹമെന്ന് വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുക
- നമ്മള്‍ ജീവിക്കുന്ന സമൂഹം എങ്ങനെ ചിന്തിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, നിങ്ങളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഉത്തരവാദിങ്ങളെന്തൊക്കെ എന്നൊക്കെ വിദ്യര്‍ത്ഥിനികളെ ബോധവതികളാക്കുക, സ്വയം ഒരു മാതൃകയാവുക
- സമൂഹത്തിലെ വിപത്തുകളെ തിരിച്ചറിയാനും അവയില്‍ നിന്നു രക്ഷ നേടാനും ആവശ്യമെങ്കില്‍ നേര്‍ക്കുനിന്നുപൊരുതാനും വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുക.
- തന്റെ കാഴ്ചപ്പാടുകളാണ് താന്‍ പറഞ്ഞുതരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. അവയെ വിമര്‍ശനോത്മുഖമായി വിലയിരുത്താനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കുക. തീരുമാനങ്ങളെടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുക. അവര്‍ക്ക് വഴി കാട്ടുക, പക്ഷേ ആ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ജീവിതം കണ്‍ടു എന്നു സ്വയം തിരിച്ചറിയുന്നതിനു ശേഷവും സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നീ പ്രാപ്തയായി എന്നു സമൂഹം കണക്കാക്കുന്ന പ്രായമെങ്കിലും എത്തിയതിനുശേഷവുമേ ആകാവൂ എന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
- പഠനസഹായികളില്‍ ഒന്നാം സ്ഥാനം സ്നേഹത്തിനു തന്നെ കൊടുക്കുക. പക്ഷെ കുട്ടികള്‍ കുട്ടികളാണെന്നും ചില സമൂഹങ്ങളിലെങ്കിലും സ്നേഹം ഒരു മത്സരമാണെന്നും, ആ പോരില്‍ ജയിക്കാനുള്ള കോപ്പുകള്‍ പലപ്പോഴും അദ്ധ്യാപികമാരുടെ കൈവശം കുറവായിരിക്കുമെന്നും തിരിച്ചറിയുക. ശകാരം, ചൂരല്‍ തുടങ്ങിയ പഠനസഹായികള്‍ ഇവിടെ ഒരു കൈത്താങ്ങാവും എന്ന് മനസ്സില്‍ കുറിക്കുക
വഴക്കുപറയല്‍ വഴികാട്ടലാണ് എന്ന് തിരിച്ചറിഞ്ഞാണ് ഒരദ്ധ്യാപിക ശകാരിക്കുന്നതെങ്കില്‍ അതൊരുകുട്ടിക്കും ഭീഷണിയായിത്തോന്നില്ല. കുട്ടിത്തം പഠനവഴിയില്‍ കളഞ്ഞുപോയവര്‍ക്കേ അത്തരം സംശയങ്ങളുണ്ടാവൂ. അതിന് ചിലപ്പോഴെങ്കിലും കാരണമാകുന്നത് പ്രതിബദ്ധതയില്ലാത്ത ചില അദ്ധ്യാപകര്‍ തന്നെ എന്ന് നിങ്ങളുടെ ഉദാഹരണങ്ങള്‍ കാട്ടിത്തരുന്നു.
ജീവിക്കുന്ന സമൂഹത്തെ തിരുത്താന്‍ കഴിയുന്നവളുടെ മുന്നില്‍ ഏതു സമൂഹത്തെ മാതൃകയാക്കണം എന്നൊരു ചോദ്യമുയരില്ല. സ്നേഹിച്ചും തിരുത്തേണ്ടപ്പോള്‍ തിരുത്തിയും അവളെ അതിനു പ്രാപ്തയാക്കുന്ന അദ്ധ്യാപികയാണ് ശരിയായ അദ്ധ്യാപിക
"സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ."
ReplyDeleteകാര്യങ്ങൾ വല്ലാതെ കയറി ലിബറലായാൽ നല്ല ആരോഗ്യവും ഉണറ്വ്വുമുള്ള ആങ്കുട്ടികൾ മൊത്തത്തിൽ കേറിമേയുന്നത് കണ്ടുനിൽക്കേണ്ടിവരും എന്ന പ്രകൃത്യാലുള്ളതും ഉപബോധപരമായതുമായ ഭയമായിരിയ്ക്കണം (ലൈംഗികമായ)ധാറ്മ്മികപോലീസിങ്ങ് എന്ന സാമൂഹ്യപ്രതിഭാസത്തിന്റെ മനശ്ശാസ്ത്രവശം. മറ്റൊരു വിശദീകരണം മുകളിൽപ്പറഞ്ഞമാതിരി മത്സരങ്ങളെ എലിമിനേറ്റ് ചെയ്യാൻ സാമൂഹ്യതന്ത്രങ്ങളിൽ പ്രബലരായവറ് സമൂഹത്തെത്തന്നെ വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നതാവണം എന്നതാൺ. ഏതായാലും ഒന്നാമതുപറഞ്ഞ വശത്തിൽ കുറച്ചൊക്കെ പരിഷ്കൃതമായ ഒരു ന്യായബോധം ഉണ്ട് എന്നതാൺ എന്റെ കാഴ്ചപ്പാട്. ലിബറൽ എന്നതും അനാറ്കി എന്നതും തമ്മിൽ വേറ്തിരിച്ചുകാണേണ്ടതും ആവശ്യം തന്നെയാൺ.
അയല്‍ക്കാരാ,
ReplyDeleteശകാരവും ചീത്തപറച്ചിലും തെറ്റാണെന്നല്ലല്ലോ വെള്ളെഴുത്ത് പറയുന്നത്, ഇതിന്റെ പേരില്‍ തുരുമ്പിച്ച ഒരാണി മനസ്സിനകത്ത് അടിച്ചു കയറ്റുന്നതിനെപ്പറ്റിയല്ലെ പറഞ്ഞത്? തുരുമ്പിച്ച ആണികള്‍ ശരീരത്തിനും മനസ്സിനും നല്ലതല്ല സുഹൃത്തെ.
Hello to every body, it's my first pay a visit of this website; this webpage contains remarkable and genuinely good data in favor of visitors.
ReplyDeleteHere is my blog: Bruchgold verkaufen