September 24, 2009
ആരോ പിന്നോട്ടെണ്ണുന്നു
ഒലീവുമലയിലെ ഒരു ദേവാലയമുറ്റത്തു വച്ച് ഒരിക്കല്‍ അതിരാവിലെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന യേശുവിന്റെ മുന്നില്‍ ഫരിയേസരും നിയമജ്ഞരും കൂടി ഒരു സ്ത്രീയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട് പാപവൃത്തിയുടെ പേരില്‍ അവളെ കല്ലെറിഞ്ഞു കൊല്ലന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആദ്യം യേശു നിശ്ശബ്ദനായി നിലത്തിരുന്ന് എന്തോ എഴുതുകയാണ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷമാണ് ആ പ്രസിദ്ധമായ വാക്യം - “പാപം ചെയ്യാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടേ”- ഉച്ചരിക്കപ്പെട്ടത്. അതു കഴിഞ്ഞ് പിന്നെയും യേശു നിലത്തെഴുത്ത് തുടരുകയായിരുന്നു എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷം പറയുന്നു. യേശു എന്തായിരുന്നു ആ നിര്‍ണ്ണായക നിമിഷത്തില്‍ എഴുതിക്കൊണ്ടിരുന്നത് എന്നതിനെപ്പറ്റി ഒരു ആദ്ധ്യാത്മികമായ വ്യാഖ്യാനമുണ്ട്. അത്, അവിടെ വ്യഭിചാരിണിയുടെ ചോരയ്ക്കായി ആര്‍ത്തു നിന്നവര്‍ ചെയ്തുകൂട്ടിയിട്ടുള്ള പാപങ്ങളുടെ കണക്കെഴുതുകയായിരുന്നു എന്നതാണ്. കൂട്ടമെല്ലാം ഒഴിഞ്ഞ് തനിച്ചായപ്പോള്‍ സ്ത്രീയോട് ഇനി തെറ്റു ചെയ്യരുതെന്ന് ഉപദേശിച്ചു വിടുകയാണ് അദ്ദേഹം ചെയ്തത്. ‘വ്യഭിചാരം ചെയ്യരുതെന്ന് ’യേശു ഉപദേശിച്ചതായി മത്തായി പറയുന്നു. (മറ്റു സുവിശേഷങ്ങളില്‍ അതില്ല.) ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കവേ, 12 വര്‍ഷമായി രക്തസ്രാവം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അസുഖത്തില്‍ നിന്നുള്ള മുക്തി ആഗ്രഹിച്ച് തന്നെ സ്പര്‍ശിച്ചത് യേശു അറിഞ്ഞിരുന്നു. നിലവില്‍ അത്തരമൊരു സ്പര്‍ശം പാടുള്ളതല്ല. അതാണ് അവള്‍ അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഹേതു. അതില്‍ നിന്നും കൂടി രക്ഷിച്ചാണ് യേശു അവളെ പറഞ്ഞയച്ചത്. ബഥനിയായില്‍ വച്ച് ഫരിയേസനെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് സുഗന്ധതൈലം കൊണ്ട് അഭിഷേകം ചെയ്യാന്‍ ഒരു സ്ത്രീയ്ക്ക് അനുമതി നല്‍കിയതും അവളെ പുകഴ്ത്തിയതും അവള്‍ പാപിനിയാണെന്ന് അറിയാതെയല്ല. ലൈംഗികസമീപനത്തില്‍ യേശു കര്‍ക്കശനിലപാടുകാരനായിരുന്നില്ല എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം.
ആദ്ധ്യാത്മികമായ അര്‍ത്ഥം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുതത്തിലെ യേശുവിന്റെ ഈ നിലത്തെഴുത്ത് ഉദാസീനതയുടെ പ്രകടസാക്ഷ്യമാണ്. അറിവിന്റെ കനി തിന്ന ആദികാലം മുതല്‍ മനുഷ്യനില്‍ കടന്നുകൂടിയ അതിഭീകരമായ പാപബോധത്തെ യേശു അഭിസംബോധന ചെയ്തരീതിയാണത്. ഓര്‍ത്താല്‍ അത്ര നിസ്സാരമല്ല ഇക്കാര്യം. ബാഹ്യമായ അശുദ്ധി. അതൊരു വലിയ കാര്യമല്ലെന്നല്ലേ യേശു പറഞ്ഞതിന്റെ മൊത്തത്തിലുള്ള പൊരുള്‍ ? അതുകൊണ്ട് കല്ലെറിയാന്‍ വന്ന ‘പുണ്യവാളന്മാരെ’ ആന്തരികമായി ശുചിയായി വന്ന് ബലി നിര്‍വഹിക്കാന്‍ പറഞ്ഞു വിട്ടു. ഈ ഉദാഹരണങ്ങള്‍ എടുത്തെഴുതാന്‍ കാരണമുണ്ട്. കാലവിലംഘിയാണ് യേശുവിന്റെ കാഴ്ചപ്പാട്. പഴയനിയമത്തിലെ ലേവ്യരില്‍ അശുദ്ധിയെ-പ്രത്യേകിച്ച് ലൈംഗികാശുദ്ധിയെ സംബന്ധിക്കുന്ന കര്‍ക്കശ നിലപാടുകളുണ്ട്. ശുക്ലമൊഴുകുന്നതും ആര്‍ത്തവ രക്തമൊഴുകുന്നതും അശുദ്ധിയാണ്. അങ്ങനെയുള്ളവരുടെ കിടക്കയും ഇരിക്കുന്നിടവും അവര്‍ തൊട്ട പാത്രങ്ങളും എല്ലാം അതോടെ ശുദ്ധം മാറിയതാവും. തൊട്ടത് മണ്‍പാത്രമാണെങ്കില്‍ അതുടന്‍ ഉടക്കണമെന്നാണ്. അവരെ തൊട്ടവനു(വള്‍ക്കും)മുണ്ട് അയിത്തം. കുളിച്ചാലും സൂര്യനസ്തമിക്കുന്നതുവരെ അയിത്തം നിലനില്‍ക്കും. സ്ത്രീയ്ക്ക് ഋതുവായാല്‍ 7 ദിവസത്തേയ്ക്കാണ് അശുദ്ധി. ഋതുകാലത്തെന്നപോലെ എപ്പോള്‍ രക്തസ്രാവമുണ്ടായാലും അയിത്തത്തിന്റെ തോതിനു വ്യത്യാസമില്ല. ഈ അസ്പൃശ്യതാനിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നുകൊണ്ടാണ് യേശുവിന്റെ ശുദ്ധിസങ്കല്പത്തെ നോക്കാന്‍. യേശു ആന്തരികമായ ജീവിതത്തിലായിരുന്നു ഊന്നല്‍ കൊടുത്തത് . പുറമേ നിന്ന് മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധപ്പെടുത്താന്‍ സാദ്ധ്യമല്ലെന്നും ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നതെന്നും ഒരിക്കല്‍ ശിഷ്യന്മാര്‍ക്ക് യേശു വിശദീകരിച്ചു കൊടുക്കുന്നു. (ചരിത്രം ആവര്‍ത്തിക്കും എന്നു പറഞ്ഞതുപോലെ പില്‍ക്കാലത്ത് കാര്യങ്ങള്‍ പിന്നെയും വഷളായി തകിടം മറിഞ്ഞു. It is well for a man not to touch a woman - എന്നായിരുന്നു, യേശുശിഷ്യന്‍ സെന്റ് പോളിന്റെ അരുളപ്പാട്) ലേവ്യാപുസ്തകം ലൈംഗികമായ വിശുദ്ധി സംബന്ധമായി വിലക്കുന്നതെല്ലാം പാടില്ലാത്ത (അഗമ്യ) ഗമനത്തെയാണ്. ചാര്‍ച്ചക്കാരില്‍ , മാതാവ്, പിതാവിന്റെ ഭാര്യമാര്‍ , സഹോദരി, പിതൃ-മാതൃസഹോദരിമാര്‍ , മരുമകള്‍ , സഹോദരഭാര്യ തുടങ്ങി വിപുലമായ ബന്ധങ്ങളോടുള്ള വിലക്കിനൊപ്പം ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്നവളുടെ നഗ്നത നീ അനാവൃതമാക്കരുത് എന്നുണ്ട് അതില്‍ . അയല്‍ക്കാരന്റെ ഭാര്യയെയും മൃഗങ്ങളെയും ആണുങ്ങള്‍ ആണുങ്ങളെയും മൈഥുനത്തിന് ഉപയോഗിക്കുന്നത് മ്ലേച്ഛമാണ്. ലേവ്യാ പുസ്തകം സ്ത്രീകളുടെ വൈകൃതത്തെക്കുറിച്ച് അദ്ഭുതകരമായ രീതിയില്‍ മൌനത്തിലാണ്. പിന്നീട് പുതിയ സുവിശേഷങ്ങളിലും വീക്ഷണപരമായി അതു തന്നെ കാണുന്നു. ലൈംഗിക വിലക്കുകളും ശുദ്ധി സങ്കല്പ്പവും ആണുങ്ങള്‍ ആണുങ്ങളുടെ സൌകര്യാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്നതാണെന്നതാണ് ഇവിടങ്ങളില്‍ . അശുദ്ധി നീങ്ങാന്‍ ലേവ്യപുസ്തകത്തിലെ പരിഹാരമാര്‍ഗങ്ങളില്‍ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളുടെ അല്ലെങ്കില്‍ ചങ്ങാലിപ്പക്ഷികളുടെ ബലി ആവശ്യമാണെന്നിടത്തു നിന്ന് ആര്‍ത്തവത്തിന്റെ രക്തമൊഴുക്കുമായി ബലികള്‍ക്കുള്ള ഒരു വിദൂരമായബന്ധം നമുക്ക് വ്യാഖ്യാനിച്ചെടുക്കാം. ലൈംഗികവൃത്തിയോട് സാമാന്യമായും അഗമ്യബന്ധങ്ങളോട് വിശേഷിച്ചും വല്ലാത്തൊരു ഭയം പ്രാചീനജനതയുടെ സൈക്കില്‍ കിടന്നു പരിഹാസ്യമാംവിധം വട്ടം ചുറ്റിയിരുന്നു എന്നതിന് ഒന്നാന്തരം തളിവാണ് ലേവ്യര്‍ . ഇതു പാടില്ലെന്ന് കര്‍ശനമായി വിലക്കണമെങ്കില്‍ ഇതെല്ലാം ഉണ്ടായിരുന്നിരിക്കണമല്ലോ.
അമ്മയെ കെട്ടിയ ഈഡിപ്പസ്സിന്റെ കാര്യമാണ് നാം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭയം. ഗ്രീക്കു പുരാണത്തില്‍ ആഫ്രോഡൈറ്റിയുടെ മകനും ഭര്‍ത്താവുമായിരുന്നു, ബാക്കസ്. മെസപ്പൊട്ടേമിയയിലെ ഏന്നായുടെ കാമുകനും മകനുമായിരുന്നു ദുമുസി. ബാബിലോണിയായിലെ ഇസ്താര്‍ സ്വന്തം മകനായ താമൂസിനെയാണ് കാമുകനായി കൊണ്ടു നടന്നത്. ഈജിപ്തിലെ ഈഡിസിന്റെ കാമുകന്‍ സഹോദരനായ സിറിസായിരുന്നു. ആകാശദേവനായ സ്യൂസ് ഭാര്യയാക്കിയത് സ്വന്തം സഹോദരി ഹേരയെ. ബ്രഹ്മാവിന്റെ തല ശിവന്‍ നുള്ളിയെടുത്തത് മകളായ സരസ്വതിയെ കാമിച്ചു കൂടിയതിനാണ്. ഇന്ദ്രന്റെ സഹോദരിയാണ് വേദസങ്കല്പമനുസരിച്ച് ഭാര്യയായ ഇന്ദ്രാണി. സീത രാമന്റെ സഹോദരിയും ആണ് എന്ന് ഒരു രാമകഥ. ഭാര്യയ്ക്ക് പര്യായമായി ഉപയോഗിക്കാറുള്ള ഒരു പദം ‘ജായ’യാണ്. അതിന്റെ നിരുക്തം ‘ഭര്‍ത്താവ് ഇവളില്‍ ജനിക്കുന്നു’ എന്നാണ്. (ജായതേ പതിഃ അസ്യാം ഇതി ജായാ) മാതൃസംഗമേച്ഛ അബോധരൂപത്തില്‍ ആ പദരൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാചീനഗോത്രങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായി നിലനിന്ന വിലക്കുകളിലൊന്ന് അമ്മായിയമ്മ( ഭാര്യയുടെ അമ്മ)യുമായുള്ള ലൈംഗികബന്ധമാണെന്ന് ‘കുലചിഹ്നങ്ങളും വിലക്കുകളും’ എന്ന പുസ്തകത്തില്‍ സിഗ്മണ്ട് ഫ്രോയിഡ് എഴുതുന്നു. ഭാര്യയുമായി സാമ്യമുള്ളതുകൊണ്ടും ‘അമ്മ’ ആയതുകൊണ്ടും ഏറ്റവും സംഭാവ്യവും എന്നാല്‍ അങ്ങേയറ്റം നികൃഷ്ടവുമായ അഗമ്യ (ഇന്‍സെസ്റ്റ്) ഗമനമായി അതിനെ പ്രാചീനജനത കണ്ടതില്‍ അദ്ഭുതമൊന്നുമില്ല.
അമ്മയുമായുള്ള വിലക്കപ്പെട്ട ബന്ധം രൂപം നല്‍കിയതാണ് വേശ്യാസംഗമത്വര എന്നൊരു സിദ്ധാന്തം തന്നെയുണ്ട്. മാതൃരതിയാണ് വേശ്യാഗമനമായി പരിണമിക്കുന്നതത്രേ. മാഡം, മിസ്സ്, മിസിസ്സ്, നണ്‍ , ക്യൂന്‍, അക്കാദമീഷ്യന്‍ , മദര്‍ തുടങ്ങിയ പദങ്ങള്‍ക്കെല്ലാം വേശ്യാര്‍ത്ഥ സൂചനയുണ്ട് എന്ന് ഫെമിനിസ്റ്റ് ക്രിട്ടിക്ക് ഓഫ് ലാന്‍ഗ്വേജ് എന്ന പുസ്തകത്തില്‍ പറയുന്നു. ആര്‍ത്തവം എന്ന സംസ്കൃതവാക്കിന് ശ്ലീലമല്ലാത്ത നിരുക്തിയല്ല ഉള്ളത്. അശുദ്ധിയുമില്ല. ഋതുവില്‍ പ്രാപ്തമായത് (ഋതൌ പ്രാപ്താഃ ആര്‍ത്തവഃ) എന്നാണ് യാതൊരു അമാന്യതയും തീണ്ടാത്ത അതിന്റെ ആശയം. പക്ഷേ വേശ്യ വാരസ്ത്രീയും ഗണികയുമായി പരിണമിച്ചതില്‍ ലൈംഗികപരമായി മാറിമറിഞ്ഞ കാഴ്ചപ്പാടിന്റെ ഒരു ചരിത്രം ഒടിഞ്ഞുമടങ്ങി ഇരിപ്പുണ്ട്. ‘കാമുകന്മാര്‍ ഇവളുടെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിനാലാണ്’ വേശ്യയെന്ന പേര് ലഭിച്ചത്. (വിശന്തി കാമുകാഃ അത്ര ഇതി വേശ്യാ) വാരസ്ത്രീയെന്നാല്‍ സര്‍വജനങ്ങള്‍ക്കും ഒന്നുപോലെ സ്വാധീനയായവള്‍ എന്നാണ് അര്‍ത്ഥം. വാരാ എന്ന വാക്കിന് പ്രയോജനമില്ലാത്തത് എന്നും കൂടി അര്‍ത്ഥമുണ്ട് (വാരാനിലം) ഭര്‍ത്താവായി ഒരു സമൂഹം തന്നെ ഉള്ളവളാണ് ഗണിക. സമൂഹത്തിന് ഗണഃ എന്ന പേരുകിട്ടിയത് എത്രയെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പറ്റായ്കയാലാണ്. ഇന്നത്തെ നമ്മുടെ സദാചാര മാനദണ്ഡം അനുവദിക്കാത്തതുകൊണ്ടാവാം ഈ പദങ്ങളുടെ അര്‍ത്ഥത്തിനു അപകൃഷ്ടം തോന്നുന്നത്. ഭര്‍ത്താവിന്റെ വീടുകളില്‍ കൊണ്ടു വന്ന് ഭാര്യമാരെ പാര്‍പ്പിക്കുന്ന പരിപാടി കേരളാചാരത്തിനു യോജിച്ചതല്ലെന്ന് കൊച്ചീരാജ്യചരിത്രത്തിലുണ്ട്. സംബന്ധക്കാര്‍ പെണ്ണിനെ അന്വേഷിച്ചു അവളുടെ വീട്ടില്‍ പോകുന്ന പരിപാടിയെ ‘വേശ്യാവൃത്തി’യായാണ് വിദേശികള്‍ കണ്ടത്. ഇപ്പോള്‍ അത്തരമൊരു ഭൂതകാലം പൊതുവേ അല്ലെങ്കില്‍ പോലും നമുക്കുണ്ടായിരുന്നെന്നു ചിന്തിച്ചാല്‍ മതി. അച്ചാലും മുച്ചാലും നമ്മള്‍ ഞെട്ടും. സ്ത്രീയുടെ തന്നിഷ്ടപ്രകാരമുള്ള ലൈംഗികബന്ധത്തെ താങ്ങുന്ന മാതൃദായക്രമം, സ്ത്രീയെ സ്വകാര്യസ്വത്താക്കുകയും ലൈംഗികഭീതിയാല്‍ വിലക്കുകള്‍ക്കുള്ളില്‍ തളയ്ക്കുകയും സ്വന്തം ഉപയോഗത്തിനു മാത്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന പിതൃദായക്രമക്കാരുടെ കണ്ണില്‍ കരടായി തീര്‍ന്നതിന്റെ പാര്‍ശ്വഫലമാണ് നമ്മുടെ ഇന്നത്തെ സദാചാര-സന്മാര്‍ഗസംഹിതകള്‍ . ഒരു തെളിവു കൂടി. famulus എന്ന വാക്കില്‍ നിന്നാണ് ‘ഫാമിലി’ ഉണ്ടായത്. വാക്കിന്റെ അര്‍ത്ഥം എന്താണെന്നോ, ‘വീട്ടടിമ’ എന്നും. ‘കുടുംബം ഒരു സ്വര്‍ഗം ഭാര്യ (ഭരിക്കപ്പെടേണ്ടവള്‍ ) ഒരു ദേവത’ എന്ന പരസ്യപ്പലകയ്ക്കു പിന്നില്‍ കാലം നിന്ന് അശുദ്ധം മാറാന്‍ അഭ്യംഗസ്നാനം നടത്തുന്ന കാഴ്ച കണ്ടാല്‍ എത്രപേര്‍ക്കു രോമാഞ്ചം വരുമോ എന്തോ? അപ്പോള്‍ അതാണ് !
എങ്കിലെന്ത്? തലകുത്തി നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയെയും നമ്മള്‍ നേരെ കാണുന്ന കാഴ്ചയെന്നേ വിചാരിക്കൂ..
പുസ്തകം : അമ്മദൈവവും സംസ്കാരവും - പി സോമന്‍
September 21, 2009
ഇഴയുന്ന പ്രതിമകള്‍
ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ , ചോദനകള്‍ക്ക് മേല്‍ കയറ്റിവച്ച വേവലാതികളെ കൂടി ഭാഗഭാക്കാനുള്ള വെമ്പല്‍ മുരളിയുടെ കഥകള്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്, അവയുടെ ആരംഭകാലം മുതല്ക്ക്‍. അവയുടെ സൂക്ഷ്മതരമാവുന്ന വിടര്‍ച്ചകളുടെ സാക്ഷ്യമാണ് ‘കാമുകി’ മുന്നില്‍ വയ്ക്കുന്ന നേര്.
ഖജുരാ-ഹോ എന്ന കഥയിലെ കുണ്ടങ്കുഴി രാമകൃഷ്ണന്റെ ജീവന്‍ വയ്ക്കുന്ന പ്രതിമകള്‍ ഈ വേവലാതിയുടെ രൂപകങ്ങളാണ്. സ്വന്തം ജീവിതപ്രശനങ്ങള്‍ നട്ടം തിരിയുന്ന ആഖ്യാതാവ് നാട്ടുകാരനായ കൂട്ടുകാരനോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ അനാവശ്യമായി കുറ്റബോധം അനുഭവിക്കുന്ന ആളാണ്. അതോടൊപ്പം ആ കഥ കലാകാരന്റെ ഹതാശമായ ഗ്രാഫിനെക്കൂടി കാണിച്ചു തരുന്നുണ്ട്. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്ന അലച്ചിലുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു സംഗതി കലാകാരനോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതോ തിരിച്ചോ? തിരിച്ചാവാനാണ് സാദ്ധ്യത. ‘കഥാസരിത്സാഗര’മെന്ന കഥയില്‍ തന്നെ തന്നെ അബോധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമുണ്ട്. അയാളുടെ കഥകള്‍ ഒരേ കാര്യമാണ് വീണ്ടും വീണ്ടും എഴുതുന്നത്. അവിടെ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പത്രാധിപര്‍ മാന്യനാണ്. നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത അയാള്‍ എപ്പോഴും കരുതിയിരിക്കുന്നുണ്ട്. ‘പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ എന്ന കഥയിലും ‘ലാവണ്യ നിരൂപണം’ എന്ന കഥയിലും നടത്തിയിരിക്കുന്ന രൂപപരമായ വ്യതിയാനങ്ങള്‍ തന്നെ, അവയുടെ സ്വരം പരിഹാസമായിരിക്കുമ്പോള്‍ പോലും, ആഖ്യാനത്തെ സംബന്ധിച്ച വേവലാതികളുടെ ഒപ്പുകടലാസു കൂടിയാണ്. അടിമയും യജമാനത്തിയും തമ്മിലുള്ള ബന്ധത്തെ പ്രശ്നസങ്കുലമാക്കുന്ന ‘രംഗനായകിയുടെ കൊട്ടാരം’ കുള്ളന്റെ പൊക്കക്കുറവ് അധമബോധത്തിന്റെ പ്രകടിതരൂപമാണ്. ബന്ധങ്ങളില്‍ നിഹിതമാവുന്ന വേവലാതികള്‍ രൂപകങ്ങളായി പരിണമിച്ച പരിണതിയെയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം സാമൂഹികബോധത്തിന്റെ പ്രകടനപത്രികയാണെന്നതു കൊണ്ട് പ്രമേയങ്ങള്‍ക്കു പുറത്തും എഴുത്തുകാരന്‍ -സമൂഹം എന്ന ദ്വന്ദ്വത്തിന്റെ വിഹ്വലതകള്‍ നൂതനമായൊരു സ്ഥായിയില്‍ ആവിഷ്കാരം നേടുകയാണെന്ന് നാം തിരിച്ചറിയുന്നു, ഈ കഥകളില്‍ .
മുരളിയുടെ ‘പൂവമ്പഴം’ എന്ന കഥ കാരൂരിന്റെയോ ബഷീറിന്റെയോ അതേ പേരുള്ള കഥകളില്‍ നിന്ന് കാലോചിതമായ വിടുതല്‍ നേടിയിട്ടുണ്ട്. അതേ സമയം അവയിലെ ലൈംഗികവിവക്ഷകളെ കൂറേകൂടി ധ്വന്യാത്മകമായി ഉള്ളടക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയുടെ അഭാവം അല്ലെങ്കില്‍ അതിന്റെ തിരസ്കാരം, ശരീരത്തെ സംബന്ധിച്ച് സമൂഹം കെട്ടി ഏല്‍പ്പിച്ച മിഥ്യാധാരണകളെ പോറ്റാന്‍ വിധിക്കപ്പെട്ടതിന്റെ അസ്വസ്ഥതകളാണ്. ഇരുട്ടത്ത് ജീവന്‍ വയ്ക്കുന്ന കോമാളി രൂപങ്ങളായി, കട്ടിലിനു നേരെ ഇഴയുന്ന പ്രതിമകളായി ഖജുരാ-ഹോ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത് ചതഞ്ഞ കാമനകളുടെ രൂപകങ്ങളാണ് എന്നാണ് വിചാരിക്കേണ്ടത്. ശാരീരികമായ ഒത്തിരിപ്പിനായുള്ള അടക്കാനാവാത്ത ആഗ്രഹങ്ങളെ കൊന്നു തിന്നുന്നത് വിജനതതന്നെയാണെന്ന് ‘കാമുകി’ എന്ന കഥയിലെ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. കടുത്ത വൈരുദ്ധ്യമാണതിലുള്ളത്. ഏകാന്തമായ പ്രണയസ്ഥലം, അന്വേഷിച്ചു തുടങ്ങുന്നതു പെണ്‍കുട്ടിയാണെങ്കിലും അതിന്റെ സുരക്ഷിതത്വം ആണിനാണ്. ഏകാന്തത സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ ഓടി പോകുന്നത്. സമൂഹം നിര്‍ദ്ദേശിച്ച സദാചാരപാഠങ്ങളുടെ നിഴല്‍ എന്തായാലും കോട്ടമതിലുകളില്‍ വീണു കിടപ്പുണ്ട്. ആ നിഴലുകളാണ് അവളെ ഭയപ്പെടുത്തി ഓടിക്കുന്നത്. എസ്. കെ. ശ്രീലതയ്ക്ക് കണ്ണന്‍ കൊഴിയാളയുമായി മഴയ്ക്കു മുന്‍പേ വീട് പറ്റണം( പ്രണയത്തെക്കുറിച്ച് വേറൊരു കഥ) കാപ്പി കുടിച്ചിരിക്കാന്‍ സമയമില്ല. പ്രണയമില്ലായ്മകൊണ്ട് മുഖരമാവുന്ന സന്ദര്‍ശനസ്ഥലമാണ് ‘വെളിച്ചത്തിന്റെ നിറം’ എന്ന കഥയിലുമുള്ളത്. അവിടെയുമുണ്ട് ചുഴിഞ്ഞു നോട്ടങ്ങളുമായി ഒരു കാവല്‍ക്കാരന് പിന്നെ ഒരു വെയിറ്റര്‍! ആ നിലയ്ക്ക് ഭാര്യയുടെ ഇംഗിതസാധ്യത്തിനായി പുറപ്പെടുന്ന ഭര്‍ത്താവിനോടൊപ്പം കൂടുന്ന കൂട്ടുകാരന്‍ (പൂവമ്പഴം) വിജനമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഏകാന്തസ്ഥലത്തിന്റെ പ്രതീകം കൂടിയല്ലേ എന്നു സംശയിക്കണം. ‘രംഗനായകിയുടെ കൊട്ടാര’ത്തിലെ കുള്ളന്‍ കൊന്നിടുന്നത് സ്വന്തം കാമത്തെയും.
പ്രതിമകളാവാന്‍ വിധിക്കപ്പെട്ടവരുടെ കാലം ഇങ്ങനെയൊക്കെ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
---------------------------------------------------
കാമുകി
ബി. മുരളി
ഡി സി ബുക്സ്
വില 45 രൂപ
September 15, 2009
എസ് എന്ന കത്തി
1972-ഏപ്രില്‍ ഒന്നിനിറങ്ങിയ നവാബ് വാരികയില്‍ ഒരു സ്കൂപ്പുണ്ടായിരുന്നു. കാര്‍ഷിക സര്‍വകലാശാലയ്ക്കു വേണ്ടി തൃശൂര്‍ ജില്ലയിലെ തട്ടില്‍ റബര്‍ എസ്റ്റേറ്റിലെ 936 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ കരുണാകരന്‍ 2 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ്. കൂടെ തെളിവായി ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റുമുണ്ടായിരുന്നു. എസ്റ്റേറ്റു മാനേജരായ വി പി ജോണിനോട് പണം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു കത്ത്. ശേഷം നടന്ന ഭീകര പീഡനങ്ങളും ഒരു കൊലപാതകവും ചരിത്രത്തിന്റെ ഭാഗമാണ്. കത്തിന്റെ അസ്സല്‍ പിന്നെയൊരിക്കലും കണ്ടെടുക്കപ്പെടുകയുണ്ടായില്ല. പുതിയ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍ രാഷ്ട്രീയമായ ദുഷ്ടലാക്കോടെ കെട്ടിച്ചമയ്ക്കപ്പെട്ടതായിരുന്നു ആ വാര്‍ത്ത എന്നായി. വേണ്ടത്ര തെളിവില്ലാതെ! ‘നവാബ്’ അതോടെ നിലച്ചു. രാജേന്ദ്രന്‍ മറ്റൊരാളായി. ശല്യക്കാരനായ വ്യവഹാരിയായി. എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ ചില ചോദ്യങ്ങള്‍ മാത്രം മലയാളിക്ക് വിട്ടുകൊടുത്തിട്ട് അവദൂതനെപ്പോലെ മറഞ്ഞു. ഇന്ത്യന്‍ക്രിക്കറ്റിലെ കുപ്രസിദ്ധമായ മാച്ച് ഫിക്സിംഗിനെപ്പറ്റിയോ കാര്‍ഗില്‍ യുദ്ധത്തിലെ നാടകങ്ങളെപ്പറ്റിയോ മണിപ്പൂര്‍ പോലീസ് കമാണ്ടോകള്‍ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന സഞ്ജിത്തിനെ പറ്റിയോ അഹമ്മദാബാദില്‍ കൊലചെയ്യപ്പെട്ട ഇസ്രത്ത് ജഹാനെപ്പറ്റിയോ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഭരണകൂടസമ്മതത്തോടെയുള്ള ആസൂത്രണങ്ങളെപ്പറ്റിയോ ഒന്നും ഒന്നും നാം അറിയാതെ പോയേനേ. ഏതെങ്കിലുമൊരു മാധ്യമം അവയുടെ പിന്നാലെ ആവേശിക്കപ്പെട്ട നീതിബോധവുമായി കൂടിയില്ലായിരുന്നെങ്കില്‍ . കുടത്തില്‍ നിന്നും പുറത്തു ചാടിയ ഈ വാര്‍ത്തകളൊന്നും ഭരണകൂടങ്ങളെ ആനന്ദസാഗരത്തിലാറാടിക്കുന്നവയല്ല. നിര്‍ബന്ധങ്ങള്‍ക്കു വിധേയരായി താത്കാലികമായ ചില കാട്ടിക്കൂട്ടലുകള്‍ നടന്നു. കെട്ടിയൊതുക്കി പരണത്തു വയ്ക്കാന്‍ വേണ്ടി കമ്മീഷന്‍ നിയമനങ്ങള്‍ ഉണ്ടായി. അതിവൈകാരികമായ പദാവലികളാല്‍ ആഗോളമായ ഭീഷണിയെക്കുറിച്ചുള്ള ചില സാധൂകരണങ്ങള്‍ മുറ്യ്ക്കു പുറത്തു വന്നു. വന്നുകൊണ്ടിരിക്കുന്നു.
മനുഷ്യാവകാശധ്വംസനങ്ങള്‍ -അത് നരഹത്യകളായാലും അഴിമതികളായാലും - എവിടെയും ഇങ്ങനെയൊക്കെ തന്നെയല്ലേ? പത്രങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്നു എന്നു വന്ന ഘട്ടത്തിലാണ് രാജീവ് ഗാന്ധി ‘പത്രമാരണബില്‍ ’ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന നിയമം കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി നോക്കിയത്. (കാലം 1988) അന്നു ബില്ലിനെ പിന്താങ്ങിക്കൊണ്ട് മന്ത്രി ചിദംബരം പറഞ്ഞത്, പത്രസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാനല്ല, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ബില്ലിനു രൂപം നല്‍കിയത് എന്നാണ്. (ഏതു വ്യക്തിയുടെ?) എങ്ങനെയായാലും അതു വിജയിച്ചില്ല. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ സ്രോതസ്സിനെപ്പറ്റിയുള്ള വിവരം ഭരണകൂടത്തിനു കൈമാറാത്ത മാധ്യമങ്ങളെ കുറ്റവാളികള്‍ക്കൊപ്പം പരിഗണിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു അതില്‍ പ്രധാനം. എന്നിട്ട് ആരുടെയും വരുതിക്ക് നില്‍ക്കാതെ കാലം കുറേ പോയി, ഇന്നിപ്പോള്‍ ‘കിട്ടുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പോലീസിനു കൈമാറണമെന്നും പ്രതികള്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് അമിത താത്പര്യം നല്ലതല്ലെന്നും ആരോപണം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ പരിഗണനയിലാണെന്നും’ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്നും, ഇസങ്ങള്‍ക്ക് അപ്പുറത്തു നിന്നും നോക്കുമ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ എന്നും പറഞ്ഞ് നമുക്ക് ചിന്തിച്ച് ഒരരുക്കാവാം. നരേന്ദ്ര മോദിയുടെ പോലീസ്, കുറ്റവാളികള്‍ എന്നു തന്നിഷ്ടത്തോടെ വിധിച്ച് വധശിക്ഷ നല്‍കിയവരെപ്പറ്റിയാണ് തെഹല്‍ക്കപോലുള്ള മാധ്യമങ്ങള്‍ അന്വേഷിച്ചത്. അഥവാ ‘അമിതതാത്പര്യം’ പ്രകടിപ്പിച്ചത്. അല്ലേ? അപ്പോള്‍ നടേ പറഞ്ഞ മന്ത്രിപ്രസ്താവനയുടെ പൊരുളെന്താണ്? ഔദ്യോഗികഭാഷ്യങ്ങളോടുള്ള സംശയമാണ് സാമൂഹിക സത്യത്തിലേയ്ക്കുള്ള ആദ്യപടി. അധികാരത്തിന് കസേരയുറപ്പിക്കലാണ്, സത്യമല്ല വിഷയം. പതിനഞ്ചാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ചിത്രകാരന്‍ ആന്ദ്രേ റുബലേവിന്റെ ജീവിതകഥയെ ആസ്പദമാക്കി തര്‍ക്കോവ്സ്കി സംവിധാനം ചെയ്ത സിനിമയ്ക്ക് 5 വര്‍ഷക്കാലം സോവ്യറ്റ് റഷ്യയില്‍ പ്രദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും സിനിമയിലില്ല. കലാകാരന് സമൂഹത്തില്‍ സവിശേഷമായ സ്ഥാനമുണ്ടെന്നും തന്റെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നും സിനിമ സ്ഥാപിക്കുന്നുണ്ടെന്ന കാരണമാണ് സെന്‍സര്‍മാര്‍ക്ക് രുചിക്കാതെ പോയത്. സര്‍വാധിപത്യവ്യവസ്ഥയില്‍ വിമര്‍ശനാധികാരം ഭരണകര്‍ത്താക്കള്‍ക്ക് മാത്രമാണ് എന്നതാണതിന്റെ ലളിതയുക്തി.
അതു തന്നെയാവണോ ജനാധിപത്യം എന്നു പറയപ്പെടുന്ന വ്യവസ്ഥയുടെയും യുക്തി? കേരളത്തിലെ മുഖ്യമന്ത്രിയേക്കാള്‍ സ്പെയിസുള്ള ആളാണ് താന്‍ എന്ന് സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട്, കണ്ണൂര്‍ വച്ച് പുരോഗമന കലാസാഹിത്യ സംഘവും പാട്യം ഗോപാലന്‍ സ്മാരകപഠനഗവേഷണ കേന്ദ്രവും സംഘചേതനയും ചേര്‍ന്നു നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞത് ‘പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത്’ എന്നാണ്. അതും ആഭ്യന്തരമന്ത്രിയുടെ ആരോപണം ഉണ്ടായ അതേ ദിവസം. ഉള്ളത് അതുപോലെ കൊടുക്കുകയാണത്രേ പത്രങ്ങള്‍ ചെയ്യേണ്ടത്. സ്ഥാലീപുലാകന്യായേണ ഒരു മാതൃക അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു. 25 വര്‍ഷം മുന്‍പു നടന്ന ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ എം ഡി എന്തു ചെയ്യുന്നു ഇപ്പോള്‍ എന്ന് മലയാളത്തിലെ ഏതെങ്കിലും പത്രം അന്വേഷിച്ചോ ?ഇതിനെയാണ് നാം എക്കോ (മാറ്റൊലി) എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. മന്ത്രി ഒന്നു പറയുന്നു. അതേ ദിവസം തന്നെ സാംസ്കാരിക നായകനും അതു തന്നെ പറയുന്നു. അതിഭീകരമായ രാഷ്ട്രീയ അംനീഷ്യയാല്‍ നവാബിനെയും തെഹല്‍ക്കയെയും എന്‍ ഡി ടി വിയെയും ഒക്കെ പാടെ മറന്നുപോകുന്ന മഹാമനീഷയില്‍ നിന്നല്ലാതെ ഇങ്ങനെയൊരു വാചകം ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ. മുന്നില്‍ വെട്ടിനിരത്തേണ്ട ഒരു കരുവിലേയ്ക്ക് മാത്രം ശ്രദ്ധയൂന്നുന്ന കക്ഷിരാഷ്ട്രീയക്കാരന്റെ കണ്ണുകെട്ടിയ കാഴ്ചപ്പാടാണോ വിമര്‍ശനം ജന്മലക്ഷ്യമായെടുത്ത് സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടയാള്‍ എന്നവകാശപ്പെടുന്ന ഒരു സാംസ്കാരികപ്രവര്‍ത്തകന്റേത്? പക്ഷേ അഴീക്കോടിന് അതിനും ഒരു ന്യായമുണ്ടാവും. ഇതു തന്റെ അഭിപ്രായം. തന്നെ തിരുത്താന്‍ ശ്രമിക്കരുത് എന്ന്. തെരെഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് അച്യുതാനന്ദന്‍ ചിരിച്ച ചിരിയെപ്പറ്റി വര്‍ഗവഞ്ചനയാണെന്ന് പറയരുതായിരുന്നു എന്ന് ആവശ്യപ്പെട്ട ഒരു മനുഷ്യനോട് അദ്ദേഹം അതാണു പറഞ്ഞത്. 1962-ല്‍ തലശ്ശേരിയില്‍ വച്ച് എസ് കെ പൊറ്റെക്കാടിനോട് തോത്ക്കുമ്പോഴും അതേതുടര്‍ന്നും അഴീക്കോട് കോണ്‍ഗ്രസ്സായിരുന്നു. സമീപഭൂതത്തിലുണ്ടായ നയവ്യതിയാനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയൊന്നുമില്ല. മറിച്ച് വ്യക്തി വിരോധം മാത്രമാണുള്ളത്. കോണ്‍ഗ്രസ്സു പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റി രാഷ്ട്രീയ ലക്ഷ്യം ഇല്ലാതാക്കിയ ദുഷ്ടന്മാരോട് ഈ ജന്മത്തില്‍ താന്‍ രാജിയാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ . എന്നാല്‍ ഈ സൌകര്യം മറ്റാര്‍ക്കും വിട്ടുകൊടുക്കാനും തയ്യാറല്ല. അര്‍ദ്ധരാത്രിമുതല്‍ അരനൂറ്റാണ്ടില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശശി തരൂരിന് സീറ്റു കൊടുത്ത കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് അദ്ദേഹത്തിനു വലിയ പഥ്യമില്ല. അഭിപ്രായം തനിക്കു മാത്രം ഇരുമ്പുലക്കയല്ല. മറ്റുള്ളവര്‍ക്ക് അതാണ്.
ആത്മാനുരാഗവും വ്യക്തിവാദവും കേന്ദ്രസ്ഥാനത്തുള്ള വീക്ഷണഗതിക്ക് വര്‍ഗപരമായ കാഴ്ചപ്പാടിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുള്ളതാണ് സത്യം. പ്രത്യയശാസ്ത്രപരമായി ശത്രുപക്ഷത്തുള്ള ഒരാളിന്റെ വാക്കില്‍ തൂങ്ങി ജയിച്ചെന്നു വരുത്തിത്തീര്‍ക്കേണ്ട ഗതിക്കേടിലേയ്ക്കായിരിക്കും കാര്യങ്ങള്‍ ഫലത്തില്‍ നീങ്ങുക. ബൌദ്ധികമായ നിലപാടുകൊണ്ട് തെറ്റായ സൌഹൃദവാക്യത്തെപ്പോലും തിരുത്തിക്കൊണ്ടു മാത്രമേ അടിസ്ഥാനപരമായി പാര്‍ട്ടിയ്ക്ക് വ്യക്തികളുടെ മേല്‍ മേല്‍ക്കൈ നേടാന്‍ കഴിയൂ. പക്ഷേ അതല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരുദാഹരണം കൂടി പറയാം. ‘SFI യുടെ ദളിത് നിലപാടിനെ’ക്കുറിച്ച് മാധ്യമം വാരിക നടത്തിയ സംവാദത്തില്‍ പഴയൊരു പ്രവര്‍ത്തകനായ വാസുവിന് മറുപടി നല്‍കിക്കൊണ്ട് മഹാരാജാസിലെ പഴയ ചെയര്‍മാനും പുതിയ സംവിധായകനുമായ അമല്‍ നീരദ് നല്‍കിയ മറുപടി മുഴുവന്‍ ‘തല്ല്’ എന്ന രാഷ്ട്രീയ-സാങ്കേതിക പദം കൊണ്ടു മാത്രം അതിസമ്പന്നമാണ്. തല്ലിയതിനെപ്പറ്റിയും തല്ലാതിരുന്നതിനെപ്പറ്റിയും തല്ലുകൊടുക്കേണ്ടിരുന്നതിനെപ്പറ്റിയും. സത്യത്തില്‍ വര്‍ഗശത്രുവിന്റെ വാദങ്ങള്‍ക്കല്ല വര്‍ഗസ്നേഹിതന്റെ വിശദീകരണക്കുറിപ്പുകള്‍ക്കാണ് അടിയന്തിരമായ തിരുത്തുകള്‍ ആവശ്യമായി വരുന്നത്. (ശത്രുക്കളുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, കൂട്ടുകാരില്‍ നിന്ന് ആരെന്നെ രക്ഷിക്കും.. എന്ന് വോള്‍ട്ടയര്‍ ഇക്കാര്യം നേരത്തേ അറിഞ്ഞായിരിക്കും തമാശ പറഞ്ഞത്) പക്ഷേ തിരുത്തുകളെവിടെ? ഭീഷണി തീര്‍ത്തും അടഞ്ഞ വ്യക്തിവാദമാണ്. സുരേഷ്ഗോപി തോക്കെടുത്തു കൈയ്യില്‍ വച്ചു കൊണ്ടു സംസാരിക്കുന്നതു കാണാന്‍ ആളുകള്‍ കൂടും. നല്ല നാടകമാണത്. അപ്പോള്‍ കൂട്ടില്‍ വിസര്‍ജ്ജിക്കുന്നതല്ല കാതലായ പ്രശ്നം, കൂടു വിട്ട് ‘ജീവി’ പുറത്തിറങ്ങുകയും അതെന്തിനെന്ന് വിശദീകരിക്കാന്‍ കഴിയാതെ അസ്തപ്രജ്ഞനാവുകയും അങ്ങു ഇങ്ങും നോക്കുകയും സ്വയം ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗതികേടു കണ്ടാണ് മാധ്യമങ്ങള്‍ പാട്ടയും പടക്കവുമായി ആഘോഷത്തോടെ പിന്നാലെ കൂടുന്നത്. അപ്പോള്‍ ദ്വേഷ്യം വരും. മാധ്യമങ്ങള്‍ വീണ്ടും ആര്‍ക്കും...
ചിത്രം : ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍
September 9, 2009
ആഭിചാരങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും
അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മകളുടെ അത്രമോശമല്ലാതുള്ള ആഢംബരക്കല്യാണം. എല്ലാം കണക്കിനുണ്ട്. മുകളിലത്തെ വട്ടിയില്‍ നിന്ന് യന്ത്രസംവിധാനം മുഖേന പൊഴിയുന്ന തോവാളപ്പൂക്കളുള്‍പ്പടെ. താലിക്കെട്ടിന്റെ സമയമായപ്പോള്‍ അതുവരെ ഹാളിലും ഊട്ടു പുരയിലും സ്റ്റേജിന്റെ കോണിലുമൊക്കെ ലൈറ്റു തെളിച്ചും മിന്നിച്ചും കളിച്ചുകൊണ്ടിരുന്ന ഛായാഗ്രാഹകക്കൂട്ടങ്ങള്‍ പെട്ടെന്ന് അണിനിരന്ന് വധൂവരന്മാരെ രണ്ടായിരത്തിലധികം വരുന്ന കാണികളില്‍ നിന്നു മറച്ചു. സ്വന്തം പിന്നാമ്പുറങ്ങള്‍ കാട്ടിക്കൊടുത്തുകൊണ്ട്. ബന്ധുസ്വന്തുക്കളായ കാണികള്‍ വലിഞ്ഞുകേറിവന്നവിടെ ഇരുന്നതല്ല. സ്വന്തം മകളും മകനും ‘വിശ്വാസത്തിനു കോട്ടം വരുത്താതെ’ (വിശ്വാസമാണ് എല്ലാം എന്നാണ് കല്യാണ്‍ ജ്വലറിയുടെ പുതിയ പരസ്യം പറയുന്നത്. ഒളിച്ചോടിപ്പോവാന്‍ തീരുമാനിച്ച പെണ്ണ് വഴിമദ്ധ്യേ മനം മാറി അച്ഛന്റെയടുത്തേയ്ക്ക് തിരിച്ചു വരുന്നതാണ് സംഭവം. കാമുകനോടൊപ്പം ഓടിപ്പോയാല്‍ വിവാഹങ്ങളെവിടെ? ജ്വലറികള്‍ എന്തിന് ? കല്യാണപ്പട്ടുകള്‍ വാങ്ങും..? വയ്യ ചേട്ടാ വയ്യ.. റിസ്കെടുക്കാന്‍ വയ്യ.. വിശ്വാസമാണ് എല്ലാം! കൂട്ടത്തില്‍ പറയട്ടെ, 6787 കോടിയാണ്, പ്രതിവര്‍ഷം അനുസരണയുള്ള മക്കളുടെ കല്യാണത്തിനായി കേരളത്തില്‍ ചെലവഴിക്കപ്പെട്ടുന്ന തുക) താലി ചാര്‍ത്തി സമൂഹത്തിനു മാതൃയാകുന്നതുകാണാന്‍ അവരവരുടെ അച്ഛനമ്മമാര്‍ ക്ഷണിച്ചു കൊണ്ടിരുത്തിയതാണ്. എന്നിട്ട് വല്ലതും കണ്ടോ? ഫോട്ടോഗ്രാഫര്‍മാരുടെ.....! ഇത്രയൊക്കെ സന്നാഹങ്ങളോടെ നടത്തുന്ന വിവാഹങ്ങളില്‍ ക്ഷണിച്ചു വരുത്തിയിരുത്തിയിട്ട് അവര്‍ക്ക് ഇങ്ങനെ വല്ലവരുടെയും പിന്നാമ്പുറം കാട്ടിക്കൊടുക്കുന്ന പരിപാടി ഒരു അപമര്യാദയാണെന്ന് വേദിയില്‍ കയറി ‘അതു ചെയ്.. ഇതു ചെയ് ..’ എന്നു പറഞ്ഞ് മേക്കപ്പും സഭാകമ്പവും കൊണ്ടു വീര്‍പ്പുമുട്ടുന്ന പെണ്ണിനെക്കൊണ്ട് ‘ക്ഷ ഢ ണ്ണ’ തുടങ്ങിയവ വരപ്പിക്കുന്ന കാരണവന്മാര്‍ക്കു പോലും തോന്നില്ല.
അതിനേക്കാള്‍ പ്രധാനം രണ്ടായിരത്തോളം വരുന്ന പ്രബുദ്ധജനാവലി വന്നിരിക്കുന്നതെന്തിനാണോ ആ ഉദ്ദേശ്യത്തെ മറച്ചു നില്‍ക്കാന്‍ ഛായാഗ്രാഹകപ്രഭൃതികള്‍ക്ക് ഒരു കൂച്ചവും ഇല്ലെന്നതിലാണ്. ആ കൂസലില്ലായ്മയെ അംഗീകരിച്ചു കൊടുത്തുകൊണ്ടാണ് തള്ളിയും തിക്കിയും സദ്യ ഉണ്ടിട്ട് നേരത്തെ ബഹുജനം വീടു പറ്റിയത്. വന്നതെന്തിനോ അതു നടന്നു, ഇനിയെന്തോന്ന് എന്ന മട്ട്. അപമാനങ്ങളില്‍ മനസ്സുനോവാതെ കൂട്ടത്തോടെ പങ്കെടുക്കുന്ന ആചാരങ്ങളാണ് കേരളത്തിന്റെ സമകാല നാള്‍വഴി ചരിത്രങ്ങളെ ധന്യമാക്കുന്നത്. ഏതു മേഖലയെടുത്താലും. അങ്ങനെ ജനത്തെ കൂട്ടത്തോടെ അപമാനിക്കുന്നതില്‍ കൂസലില്ലായ്മ വളര്‍ന്ന് തഴച്ച് കുറ്റിയും കായും പൂവുമൊക്കെയായിനിന്നാടുന്നതിനെപ്പറ്റി ഓര്‍ത്താണ് ഈ കുറിപ്പ്. ജപ്പാന്‍ കുഴി മാത്രമാണോ റോഡിലെ ഗതാഗതത്തെ ഇത്രമേല്‍ താറുമാറാക്കിയത്. ഇടയ്ക്കും മുറയ്ക്കും കയറി എങ്ങനെയെങ്കിലും തന്റെ കാര്യം നടക്കണം (മറ്റൊരുത്തന്റെയും നടക്കുകയും ചെയ്യരുത്!) എന്ന ആക്രാന്തം കൂടിയല്ലേ. തലങ്ങും വിലങ്ങും വണ്ടി നിറഞ്ഞാല്‍ ജപ്പാന്‍ കുടിവെള്ളക്കുഴി എന്തു ചെയ്യാനാണ്! നടക്കുന്നതിനിടയിലായാലും വണ്ടിയിലിരുന്നായാലും തുപ്പുമ്പോള്‍ പിന്നിലാരെങ്കിലും ഉണ്ടോ എന്നു നോക്കുക എന്ന പതിവെങ്കിലും ഉണ്ടായിരുന്നു, മുന്‍പ് തുപ്പന്മാര്‍ക്ക്. ഇപ്പോഴതുമില്ല. കണ്ണടച്ച് റോഡ് ക്രോസ് ചെയ്യുന്നതുപോലെ (വണ്ടിക്ക് ബ്രേക്കുണ്ട്, എനിക്കതില്ലല്ലോ) ഇപ്പോള്‍ അങ്ങ് തുപ്പുകയാണ്. വീഴുന്നത് എവിടെയായാല്‍ എന്ത്. ഏതു കൈവരിയിലും ഇരുണ്ട മൂലകളിലും കാണാം സമൃദ്ധമായി തന്നെ, തുപ്പല്‍പ്പാടുകള്‍ . മുറുക്കാന്‍ കാലം ശംഭുവും അനുസാരികളുമായി പുനര്‍ജനിച്ചതിന്റെ അപകൃഷ്ടമായ അടയാളങ്ങള്‍ . കെട്ടിക്കിടക്കുന്ന വെള്ളത്തിലും സിമന്റു തറകളിലും വീണുകിടക്കുന്ന തുപ്പലുകള്‍ കണ്ടു ചര്‍താര്‍ത്ഥമാവുന്ന പുതിയൊരു തരം ആത്മരതി ഉടലെടുത്തിട്ടുണ്ട് നമുക്കിടയില്‍ . ഒരു സിനിമാതിയേറ്ററില്‍ കണ്ട കാഴ്ച ഒരാള്‍ തറയില്‍ തുപ്പുന്നതിനു കുനിയാന്‍ വേണ്ടി വരുന്ന ആയാസം ഒഴിവാക്കാന്‍ തൊട്ടടുത്ത ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേയ്ക്ക് തുപ്പുന്നതാണ്. ഇരുട്ടില്‍ തപ്പി തടഞ്ഞ് ഇനി ഒരാള്‍ അതില്‍ വന്നിരിക്കും. കഥയറിയാതെ. (ഉള്ളില്‍ നുരയുന്ന വെറുപ്പിനെയോ അവജ്ഞയെയോ അങ്ങനെ എന്തെല്ലാമിനെയോ ഒക്കെയാണ് മലയാളി ആഘോഷത്തോടെ തുപ്പി തോത്പിക്കുന്നത്. കര്‍ശനനിയമങ്ങളുള്ള നാട്ടില്‍ ചെന്നാല്‍ ഈ വൃത്തികേടില്ല, പ്രതിഷേധമില്ല, സിവില്‍ നിയമലംഘനങ്ങളില്ല...ഒതുക്കം, വിനയം... അതെന്താ അങ്ങനെ?)
സിനിമാതിയേറ്ററിലെ ഇരുട്ടു മുറിയില്‍ അരങ്ങേറുന്ന കഥകള്‍ ഇനിയുമുണ്ട്. പാട്ടുകളുടെ താളവും വികാരവിക്ഷോഭങ്ങളുടെ ഏറ്റിറക്കങ്ങളും മുന്‍ സീറ്റില്‍ കാലു കൊണ്ടു ചവിട്ട് മുന്നിരക്കാര്‍ക്കു കൂടി അനുഭവേദ്യമാക്കുക എന്നതാണ് അതിലൊന്ന്. അവന്റെ ഏകാഗ്രത മുറിയും. നട്ടെല്ലില്‍ വിറ പായും. എങ്കിലെന്ത്. കാലുകള്‍ ഇപ്പോള്‍ ആരും താഴെ വയ്ക്കാറില്ലെന്നു തോന്നുന്നു. ആളൊഴിഞ്ഞ സീറ്റിനുമുകളില്‍ എന്നല്ല, ആളുണ്ടായാല്‍ കൂടി മുന്നിരക്കാരന്റെ ആടുന്ന തലയ്ക്ക് സമാന്തരമായി സ്വന്തം പാദപ്രതിഷ്ഠ നടത്തുക വഴക്കമായി തീര്‍ന്നിട്ടുണ്ട്. ജനപ്രിയ സിനിമയ്ക്കു കയറുന്ന സാധാരണക്കാരന്റെ ഇച്ഛാഭമഗത്തിന്റെ ശാരീരികഭാഷയല്ല. ഫിലിം ഫെസ്റ്റുകളിലെ ഇളംബുദ്ധിജീവികളുടെ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഇരുട്ടു മുറിയിലും മൊബൈല്‍ ഫോണുകള്‍ നിരന്തരം ഗാനമേളകളുയര്‍ത്തും. അവിടിരുന്ന് ഫോണില്‍ വിശദമായി സംസാരിക്കും. പരസ്പരം സംസാരിക്കും. ഒച്ചകളില്‍ ഇങ്ങനെ രമിച്ചു പോയതുകൊണ്ടാവും ഏതാഘോഷത്തിനും ഉച്ചഭാഷിണികള്‍ തിരഞ്ഞ് ആളുകള്‍ പോകുന്നത്. ശബ്ദം അടിച്ചമര്‍ത്തലിന്റെ രൂപകമാണ്, ഏതു വിധത്തിലുള്ളതായാലും. സിനിമ കാണല്‍ ഒരു അനുഷ്ഠാനമാണ് എന്ന് സി എസ് വെങ്കിടേശ്വരന്‍. അതിലുള്ള അര്‍പ്പണം. ഇരുട്ടുമുറിയിലെ പങ്കാളിത്തം. വികാരം കൊള്ളല്‍ . അതിലൂടെയുള്ള സാത്മീകരണം. ഉള്ളില്‍ നടക്കുന്ന വികാരവിരേചനത്തിന്റെ ഭാഗമായുള്ള ശുദ്ധീകരണമാണിതുവരെ നടന്നിരുന്നതെങ്കില്‍ അതില്‍ സ്വാര്‍ത്ഥതയുടെ ചില വശങ്ങള്‍ കൂടിക്കലരുകയാണ്. സമൂഹം അപ്രസക്തമാവുകയും താന്‍ മാത്രമായി തീരുകയും ചെയ്യുന്ന പരിണതിയിലേയ്ക്ക് കൂട്ടം - സ്വതവേ ശിരസ്സില്ലാത്ത കൂട്ടം - പരിണമിച്ചാല്‍ !
പൊതുസ്ഥലത്തെ മൂത്രപ്പുരകളില്‍ അപ്പുറത്തും ഇപ്പുറത്തും ആളുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പ് ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയിലേയ്ക്ക് എത്തി വലിഞ്ഞ് നോക്കിയിരിക്കും. സ്വവര്‍ഗഭോഗതാത്പര്യങ്ങള്‍ തന്നെയാവണമെന്നില്ല എത്തിനോട്ടത്തിന്റെ വിവക്ഷ. അയാള്‍ അന്യന്റേതിന്റെ വലിപ്പം അന്വേഷിക്കുകയായിരിക്കും. വികൃതമായ ഔത്സുക്യത്തോടെ. മാന്യരായ പൌരന്മാരുടെ ചര്‍ച്ചകളില്‍ ആത്മഹത്യയേക്കാള്‍ ലാവണ്യത്തോടെ കടന്നു വന്ന വിഷയം സ്വന്തം ലിംഗങ്ങളുടെ വലിപ്പവും അതിന്റെ അസാധാരണ ശേഷിയുമൊക്കെയാണ്. ഈ അങ്കിള്‍മാര്‍ എത്ര സാറ്റിസ്ഫൈഡ് ആണെന്നറിയില്ല. പക്ഷേ ഒന്നുറപ്പ്. ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കിട്ടുന്ന ആദ്യത്തെ അവസരം അവര്‍ വിനിയോഗിക്കാതിരിക്കില്ല. സ്വാധീനശക്തിയും പണവുമുള്ളവരാകയാല്‍ അവരേല്‍പ്പിക്കുന്ന മുറിവുകളെ തുപ്പി തോത്പിക്കാനും അവര്‍ക്കെളുപ്പം പറ്റും. ബസ്സില്‍ നിന്നു തള്ളുന്ന കൌമാരങ്ങള്‍ പിന്നെ ഒരിക്കലും വളരുന്നില്ല. ലൈംഗികാതിക്രമങ്ങള്‍ നിത്യസംഭവമാകുന്നത് സ്വന്തം ശേഷി പരീക്ഷണത്തിന്റെ ഫലമായാണ്. സുഖാനുഭവം അവിടെ പേരിനുപോലുമില്ല. പാന്റിന്റെ സിബ്ബ് മാത്രമല്ല, പൊതുസ്ഥലത്ത് വച്ച് പേഴ്സിന്റെ വാ തുറന്നാലും നാനാഭാഗത്തു നിന്നും കണ്‍ശലഭങ്ങള്‍ തേടിപ്പിടിച്ചു വന്നു പറ്റും. ലിംഗത്തോടും (ലിംഗത്തെ സംബന്ധിക്കുന്നത് ലൈംഗികം) പണത്തോടും കുറ്റബോധത്തിലധിഷ്ഠിതമായ ഒരാസക്തി ഉളുപ്പില്ലാത്തവിധം നമ്മളില്‍ കിടന്ന് വട്ടം ചുറ്റുന്നുണ്ട്. അഴിച്ചുകെട്ടിയാല്‍ മനസ്സിന്റെ നിലവറയില്‍ നാം കൂട്ടിയിട്ടിരിക്കുന്ന ചരക്കുകള്‍ തീരെ അഭിമാനിക്കാവുന്നവയല്ല. ഡ്രയിനേജില്ലാത്ത മലയാളിയുടെ ഓരോ വീടും കീഴെ ശേഖരിച്ചു വച്ചിരിക്കുന്ന അമേധ്യങ്ങള്‍ ടണ്‍ കണക്കിനാണെന്ന് മുന്‍പ് സിവിക് ചന്ദ്രന്‍ എഴുതി. വെളിമ്പറമ്പുകളില്‍ പ്രകൃതിയ്ക്ക് കാതോര്‍ത്തു കുത്തിയിരിക്കുന്നത് അപരിഷ്കൃതം. ഇതോ? ഒരു ഭൂകമ്പമുണ്ടായാല്‍ സ്വന്തം മാലിന്യങ്ങളില്‍ മരിച്ചു വീഴാനായിരിക്കും നാഗരിക മലയാളിയുടെ വിധി. അതു ബാഹ്യരൂപകം. സൂക്ഷ്മതലത്തിലും ഇതു തന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഉള്ളിലെ കിടങ്ങില്‍ നിറയെ...
ദേഹത്തു കാലു കൊള്ളുമ്പോള്‍ തൊട്ടു കണ്ണില്‍ വയ്ക്കുന്ന ആചാരത്തിന് മതപരമായ വിവക്ഷയുണ്ട്. പരമാത്മാവിന്റെ അംശമായ ജീവാത്മാക്കളാണല്ലോ എല്ലാം. പക്ഷേ അതില്‍ ഒരു മനശ്ശാസ്ത്രപരമായ മൂലകവും കൂടിയുണ്ട്. അറിയാതെ ചെയ്തു പോയ അവഹേളനത്തെ ആദരവാക്കുന്ന ഒന്ന്. ഈ പ്രപഞ്ചത്തില്‍ നിന്റെ സന്നിദ്ധ്യത്തെ ഞാന്‍ ആദരിക്കുന്നു എന്നാണ് അതിന്റെ പറയാത്ത അര്‍ത്ഥം. നീ നരകമോ എന്നില്‍ താഴ്ന്നവനോ അല്ലെന്ന പ്രഖ്യാപനം. അത് ചവിട്ടു കൊണ്ട അപരനില്‍ ഒരേ സമയം ആത്മവിശ്വാസവും വിനയവുമാണുണ്ടാക്കുക. അന്‍പതിനായിരം രൂപയ്ക്ക് അറിയാത്തൊരുത്തന്റെ കാലുമുറിച്ച് വീട്ടില്‍ കൊണ്ടു വന്നു തരുന്ന കൊട്ടേഷന്‍ കാലത്തിരുന്നു തന്നെ വേണം, അന്യനെ തൊട്ടു നെറുകയില്‍ വയ്ക്കുന്ന മൂല്യബോധത്തെക്കുറിച്ച് ചിന്തിക്കാന്‍! സമൂഹികമായ ഇടപെടലുകളെ സുഗമമാക്കുന്ന നീതിബോധം മനസ്സിലുറപ്പിക്കുന്നത് എന്റെ നിലനില്‍പ്പിന് അന്യന്റെയും നിലനില്‍പ്പ് അനിവാര്യമാണെന്ന ആവശ്യബോധ്യമാണ്. ക്യൂവില്‍ നിന്നു തള്ളി മറ്റൊരുവനെ പുറത്താക്കാന്‍ കിണയുന്നവന് ‘ഞാന്‍ ‘ അല്ലാതെ മറ്റെന്ത് സമൂഹം? അരാജകത്വം ഒരു വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. മറ്റൊരു വ്യവസ്ഥയുടെ ആദ്യപാദങ്ങളായ തീപ്പൊരികളാണവ. അതല്ല ഞാന്‍ ഞാന്‍ മാത്രം എന്ന സ്വാര്‍ത്ഥതയുടെ വശം. തിരിച്ചറിയാന്‍ വയ്യാത്ത ഒരു വരമ്പ് ഇവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ആ വാക്കിന്റെ അര്‍ത്ഥത്തെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു ‘വ്യവസ്ഥയ്ക്ക്’ മൊത്തം അരാജകമായിരിക്കാന്‍ സാധ്യമല്ല.
ഓണപരിപാടിയായി ജാസിഗിഫ്റ്റിന്റെ ഗാനമേള നടക്കുമ്പോള്‍ മുന്നില്‍ നിന്ന് നൃത്തം വച്ച കുറേ പിള്ളേരെ, മദ്ധ്യവയസ്കരായ കുറേ ഡാഡി/-അങ്കിള്‍മാരുടെ പ്രേരണയോടെ പോലീസു കൊണ്ടു പോയി, പിന്നില്‍ തള്ളി.അവിടെക്കിടന്ന് കളിച്ചോ എന്ന്. ഭൂമികുലുക്കുന്ന ഒച്ചയില്‍ ബോക്സുകളും ബോക്സുകള്‍ക്കു മേല്‍ ബോക്സുകളും വച്ചു കേറ്റി തകര്‍പ്പന്‍ പാട്ടു പാടിക്കൊടുത്തിട്ട് മര്യാദരാമന്മാരായി നിന്നതു താരാട്ടു പാട്ടുപോലെ കേട്ടുക്കൊള്ളണം എന്ന് പറഞ്ഞാല്‍ കൌമാരശരീരങ്ങള്‍ അനുസരിക്കുമോ? സ്വതവേ അവാരാകെ അദൃശ്യമായ നിയന്ത്രണങ്ങളിലാണ്. ആണും പെണ്ണും അതെ. ശരീരമനങ്ങി തുള്ളിച്ചാടാന്‍ പോലും പറ്റാതെ അവസ്ഥയിലാണ് ആണ്‍ മലയാളങ്ങള്‍ ബാറിലേയ്ക്കു പോകുന്നതും ഒറ്റദിവസം കൊണ്ട് 27 കോടി കുടിച്ചു വറ്റിക്കുന്നതും. അവന്റെ ആസുരതാളങ്ങളെ നനച്ച് ഒതുക്കി നിലവറയില്‍ തള്ളാന്‍ നിലവില്‍ മറ്റൊരു വഴി കേരളഭൂമിയില്‍ ഇല്ല. അതവിടെ ടണ്‍ കണക്കിന് ഒതുങ്ങിക്കിടന്നാണ് ഈ നാറ്റമെല്ലാം ഉത്പാദിപ്പിക്കുന്നത്. അവന്‍ പോലും അറിയാതെ ഇരുട്ടു മുറികളില്‍ പുനര്‍ജനിക്കുന്നത്. സമൂഹം മൊത്തം ഒരു ഇരുട്ടുമുറിയിലായിരിക്കുകയും ഇല്ലാത്ത കാഴ്ചകാണുകയും ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ളില്‍ തളച്ചിട്ട ആവേഗങ്ങളെ തോറ്റുകയും ചെയ്യുന്ന ഒരു സ്വപ്നാടനകാലം ഏതോ ദുരൂഹമായ കഥയില്‍ നിന്നിറങ്ങി വന്നതുപോലെ മുന്നില്‍ നിന്ന് ആര്‍ക്കുന്നു. എല്ലാവരും ഭൂതാവിഷ്ടരാണ്. ഏതൊക്കെയോ തരത്തില്‍ . നമ്മുടെ പൊതുഇടങ്ങള്‍ വ്യക്തികളുടെ അബോധത്തിന്റെ പ്രദര്‍ശനശാലയായി മാറിക്കൊണ്ടിരിക്കുന്നു. ആരും ഒന്നും അറിയുന്നില്ല. ഏകാന്തമായ ആഭിചാരങ്ങളില്‍ മുഴുകി അങ്ങനെ ഓരോരുത്തരും.
പൊതുസ്ഥലങ്ങളില്‍ സമൂഹം എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാല്‍ സംസ്കാരം പിടികിട്ടും എന്നാണ് ഇലകണ്ടാല്‍ തന്നെ തിരിച്ചറിയാമെങ്കില്‍ വേരു് എടുത്ത് പ്രത്യേകം കാണിക്കണോ? Public is the mirror of private. The private reflects the public എന്ന് കുന്ദേര.
September 6, 2009
സ്വപ്നം - ജോര്‍ജ് ലൂയി ബോര്‍ഹസ്
ഇറാനിലെ
ഏകാന്തമായ മണല്‍പ്പരപ്പില്‍
ഒരിടത്ത്
അധികം കിളരമില്ലാത്ത
ഒരു കല്‍ഗോപുരം.
അത്;
അറയോ
തടവുമുറിയോ
വാതിലുകളോ
എഴുത്തുകാരനോ
രചനകളോ
തടവുകാരോ.
ആകാം.
വരണ്ട് തരിശായ ഇറാനിലൊരിടത്ത്
അധികം പൊക്കമില്ലാത്ത ഒരു കല്‍ഗോപുരത്തില്‍
വാതിലോ ജനാലകളോ ഇല്ലാത്ത
അതിലെ ഒറ്റമുറിയുടെ
പൊടിനിറഞ്ഞ
വട്ടത്തിലുള്ള
തറയില്‍
ഒരു മേശയും പഴയ ബെഞ്ചും.
അതിലിരുന്ന് എന്നെപ്പോലൊരുവന്‍
എഴുതിക്കൊണ്ടിരിക്കുന്നു.
അയാള്‍ വൃത്താകൃതിയുള്ള മറ്റൊരു തടവറയില്‍ അതുപോലെ വൃത്താകാരത്തിലുള്ള വേറൊരു കാരാഗൃഹത്തിനുള്ളില്‍ കവിത കുറിക്കുന്ന മനുഷ്യനെപ്പറ്റിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
ആ നീണ്ട കവിത എനിക്കു മനസ്സിലാവുകയില്ല.
ആ കവിത അതുപോലെ വട്ടത്തില്‍ തറയുള്ള കാരാഗൃഹത്തിലെ ബെഞ്ചില്‍ അതേ ആകൃതിയുള്ള വേറൊരു തടവറയിലെ കവിതയെഴുതുന്ന മനുഷ്യനെപ്പറ്റിയാണ്. അയാള്‍ വേറൊരു തടവുമുറിയിലെ കവിത എഴുതുന്ന മനുഷ്യന്‍ എഴുതുന്ന കവിതയിലെ അതുപോലെതന്നെയുള്ള മറ്റൊരു മുറിയിലെ...
ഒരിക്കലും അവസാനിക്കാത്ത ചെയ്തികള്‍ .
ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത കുറിപ്പുകള്‍ .
-ജോര്‍ജ് ലൂയി ബോര്‍ഹസ് (1914-1986)
September 2, 2009
കാണുന്നീല ഒരക്ഷരവും
സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ പ്രണയക്കഥ- മിലൂപ്പ എന്ന കുതിര-യിലെ നായകന്‍ തന്റെ മൂക്കിനെ ഉപമിക്കുന്നത് ‘ന’ എന്ന മലയാള അക്ഷരത്തോടാണ്. മൂക്കിന്റെ സ്ഥാനത്ത് ദൈവം ‘ന’ എന്നെഴുതിവച്ചിരിക്കുകയാണെന്നും പറഞ്ഞ്. അങ്ങനെ അപകര്‍ഷപ്പെടുന്നത് കഥയിലെ ആറുവയസ്സുകാരനാണെങ്കിലും ദൈവത്തിന്റെ ലിപി മലയാളത്തിന്റേതാണെന്ന് അബോധത്തില്‍ ആഖ്യാതാവ് ഉറപ്പിച്ചിട്ടുണ്ടെന്നും കൂടി, കഥയുടെ കല്പിതാംശത്തെ അതില്‍ നിന്ന് ഒട്ടും കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ടു തന്നെ വായിച്ചെടുക്കാം. സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം എന്ന നോവലിലെ കാമം എന്ന അധ്യായത്തില്‍ ’ കണങ്കാലിന്റെ അസാമാന്യസൌന്ദര്യം കൊണ്ട് ആണ്‍കുട്ടികളുടെ തൊണ്ടമുഴയെ വേദനിപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്റെ നിറം വെളിപ്പെടുത്താമെന്ന് പന്തയം വച്ച ജിതന്റെ ചെയ്തിയെ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ് ; ‘വയനാട്ടില്‍ നിന്നു വന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന കൂട്ടുകാരന്‍ കൊടുത്ത കഞ്ചാവിന്റെ പുക നല്‍കിയ ആത്മവിശ്വാസത്തില്‍ പതിനേഴുകാരനായ അവന്‍ ആ സുന്ദരിയുടെ പാവാട പിന്നില്‍ നിന്ന് വലിച്ചുപൊക്കി ഇളം നീല നിറത്തിന്റെ ഒരു ‘ധ’കാരം കൂട്ടുകാര്‍ക്കു മുന്നില്‍ പ്രത്യക്ഷമാക്കി.’ അനന്ത വിചിത്രങ്ങളായ നാനാതരം സ്വനങ്ങളെ ചിട്ടപ്പെടുത്തി ഉപ്പിലിട്ടു സൂക്ഷിക്കാനുള്ള ഉപായമായിട്ടാണ് ലിപികളെ ഭാഷകള്‍ കൊണ്ടു നടക്കുന്നത്. ഭരണികളുടെ ജോലിയാണവയ്ക്ക്. അതുകൊണ്ടാണ് ഭരണി ഏതായാലെന്ത് എന്നൊരു ചോദ്യം വരുന്നത്. പറഞ്ഞുവരുമ്പോള്‍ നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് സ്വന്തമായി ലിപിയില്ല. ലോകഭാഷയായ അംഗ്രേസിയ്ക്കുമില്ല സ്വന്തം ഭരണികള്‍ . അങ്ങനെയെത്ര സാരസ്വതങ്ങള്‍ ! എങ്കിലും അവയില്‍ ചിലതിന്റെ സ്വനങ്ങള്‍ ഭദ്രമായിരിക്കുന്നത്ര സുരക്ഷിതമല്ലല്ലോ പറമ്പും പുരയും തിരുമുറ്റവും നാലുകെട്ടും തോണിയും ഒക്കെയുള്ള മലയാളത്തിന്റെ സ്ഥിതി. അതു മറ്റൊരു വിഷയമാണ്. ഭാവനയ്ക്ക് കൂടുപണിയാന്‍ ആരുടെയൊക്കെയോ കൂട്ടായ ഉത്സാഹത്തില്‍ ഉരുത്തിരിഞ്ഞു വന്ന ലിപികള്‍ തിരിച്ച് ഭാവനയുടെ ചേരുവകളിലൊന്നായി തീരുന്നതിനെക്കുറിച്ചാണ് ഓര്‍ത്തുപോയത്. ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം പരന്ന് വിലക്ഷണമായ മൂക്കിന്റെ ‘ന’ യും സുഭഗമായ ഒരു പെണ്‍ചന്തിയുടെ ‘ധ’യും എങ്ങനെ മറ്റൊരു ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യും? അക്ഷരങ്ങള്‍ പ്രചോദിതോപാധികളായി മാറുന്നതില്‍ ഭാഷയുടെ സ്വത്വത്തോളം ചെല്ലുന്ന വാസ്തവങ്ങളില്ലേ?
ബ്രാഹ്മിയില്‍ നിന്ന് വട്ടെഴുത്തും കോലെഴുത്തും നാനം മോനവുമൊക്കെയായി പരിണമിച്ചു് ഇപ്പോള്‍ 5.1 -ല്‍ എത്തിയ മലയാള മലയാള അക്ഷരങ്ങളുടെ ചിത്രവടിവ് പലതരത്തിലാണ് നമ്മുടെ എഴുത്തിനെ തെരുപ്പിടിപ്പിച്ചിട്ടുള്ളത്. ചങ്ങമ്പുഴയുടെ ‘മയക്കത്തില്‍ ’ എന്ന കവിതയില്‍ (സ്വരരാഗസുധ) കുറേ കൂട്ടക്ഷരങ്ങള്‍ അര്‍ദ്ധനഗ്നോജ്ജ്വലാംഗികളായി മദാലസകളായി വന്ന് കവിയെ പ്രലോഭിപ്പിക്കുന്നതു കൌതുകമുള്ള കാഴ്ചയാണ്. (മലയാളത്തിലെ അച്ചടിലിപിയുടെ അവ്യവസ്ഥ കാരണം ചങ്ങമ്പുഴ എഴുതിയ അക്ഷരങ്ങള്‍ തന്നെയാണ് പുസ്തകത്തില്‍ നൃത്തം ചെയ്യുന്നതെന്ന് ചില സംശയങ്ങളുണ്ട്. അച്ചടി- പൂര്‍ണ്ണ പ്രസാധകര്‍ , കോഴിക്കോട്) അക്ഷരങ്ങള്‍ ഇവയാണ് : മഞ്ഞില്‍ നീന്തുന്ന മൃദുശശി ലേഖയായി ‘ഞ്ജ’. പാതിരാപ്പൂവിന്റെ പുഞ്ചിരിപോലെ വാതില്‍ മറഞ്ഞ് അമൃതാംഗിയായി ‘ന്ദ’. സ്വര്‍ഗലോകത്തിലെ മദത്തിന്റെ സ്വപ്നം ഉടലാര്‍ന്നതുപോലെ ‘ങ്ഗ’ പുളകപ്രസന്നയായി കലാജലകന്യ ‘ണ്ഡ’. ചുംബനത്തിനായി ചുണ്ടുപിളര്‍ത്തി ‘മ്ബ’. ഇവരെല്ലാം സ്ത്രീകളാണ്. ശബ്ദസാഗരകന്യമാരാണ്. പുളകോദ്ഗമകാരികളായ പെണ്ണുടലുകളാണ്. അവര്‍ അര്‍ദ്ധമയക്കത്തിലാണ് കവിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥലോകം പുരുഷാക്ഷരങ്ങളുടേതാണെന്ന് (പരുഷാക്ഷരങ്ങള്‍ ?), അസ്ഥിമാല ധരിച്ച സത്വങ്ങളുടെതാണെന്ന് കവിതയില്‍ സൂചനയുണ്ട്. പല നിലയ്ക്കും ആധുനികനായിയിരുന്ന ചങ്ങമ്പുഴ ചില അക്ഷരങ്ങളുടെ ചിറകിലേറി തന്റെ കാല്പനികമായ ദന്തഗോപുരത്തിലേയ്ക്ക് രക്ഷപ്പെട്ടതാണ്. വണ്ടും തണ്ടാരും നിലാവും വെള്ളിച്ചിറകിനുമൊപ്പം അക്ഷരങ്ങളും കൂട്ടു വന്നതാണ് ഇവിടത്തെ കൌതുകക്കാഴ്ച. ‘അക്ഷരങ്ങള്‍ ’ ഓ എന്‍ വിയുടെ കാവ്യജീവിതത്തിന്റെ തന്നെ പ്രകടിതപത്രികയാകുന്നു (അക്ഷരങ്ങള്‍ എന്ന സമാഹാരം). വെള്ളത്താളില്‍ വിടര്‍ന്ന പുഷ്പവും പൊരുളറിയാത്ത ചിത്രവും മേലേക്കാവിലെ പൂരവും എഴുന്നള്ളിച്ച ആനയുടെ ഉണ്ണിക്കിടാവും ആരും കൈച്ചൂണ്ടുന്ന കശുമാവണ്ടിയും മുത്തശ്ശിയുടെ കാതിലെ തക്കയും മുറ്റത്തു പതിഞ്ഞ കിളിക്കാലുകളും കാളവണ്ടിയുടെ ചക്രവും പിച്ചവച്ചെത്തുന്ന ചന്ദ്രക്കലയും കിങ്ങിണിയും വാല്‍ക്കിണ്ടിയും പൊല്‍ച്ചങ്ങലവിളക്കും പാല്‍ക്കിണ്ണവുമൊക്കെയാണ് അദ്ദേഹത്തിന് അക്ഷരങ്ങള്‍ . ഏതൊക്കെ അക്ഷരങ്ങളാണെന്ന് എടുത്തുപറയാതെ അവര്‍ണ്ണ്യങ്ങളെ ചൂണ്ടിയൊരു രൂപകാതിശയോക്തി! തന്റെ ജീവിതം തന്നെയായി ഈ അക്ഷരങ്ങള്‍ പരിണമിക്കുന്നതായി അദ്ദേഹം കവിതയുടെ ഒടുവില്‍ എഴുതുന്നു. സത്യമല്ലേ? ചേര്‍ത്തുവച്ചാല്‍ ഒരു ജീവിതത്തിന്റെ ചിത്രം ലഭിക്കും. സംശയമില്ല.
പിന്നീടങ്ങോട്ടു പോകുംതോറും ലിപികള്‍ തീര്‍ത്തും വ്യക്തിഗതമായ ജീവിതചിത്രണത്തിനുള്ള ഉപാധികള്‍ എന്ന നിലവിട്ടുയരാന്‍ തുടങ്ങി. അയ്യപ്പപ്പണിക്കരുടെ ‘ഴ’ എന്ന കവിത ഴ എന്ന ദ്രാവിഡാക്ഷരം ചേര്‍ന്ന മലയാള വാക്കുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള കുസൃതിയാണ്. (മൊഴിയും വഴിയും) അതൊരു വഴി. സ്വന്തം ഡയറിയിലെ അക്ഷരങ്ങള്‍ കണ്ട് അന്ധാളിച്ചതിനെപ്പറ്റി തത്ത്വം പറയുന്ന ‘അക്ഷരങ്ങളുടെ കാലം’ എന്ന കവിത ചോദിക്കുന്നത് ‘എന്തിനാണ് വാക്കുകള്‍ ? അക്ഷരമാല തന്നെ അധികം. സാക്ഷരതയ്ക്ക് അക്ഷരം മതിയോ? പോരേ?’ എന്നാണ്. ‘മുയല്‍ ’ എന്ന കവിതയില്‍ ‘ഫ’യ്ക്ക് വല്ലാത്തൊരൂന്നലുണ്ട്. മുയലിന്റെ ഫതുഫതുഫ്പിന്റെ ഫുതഫ്പ്പിനുള്ളില്‍ കയറിയാണ് ആഖ്യാതാവിന്റെ അന്വേഷണം. എവിടെയാണ് മുയല്‍ ? കവിതയിലെ ‘ഫ’ കളില്‍ ഉച്ചാരണത്തിന്റെ സുകുമാര കാപട്യങ്ങള്‍ക്കൊപ്പം ‘ഫ!’ എന്ന് അവജ്ഞയുടെ ആട്ടിതുപ്പലുമുണ്ട്. ‘ഫതുഫതുത്ത’ ഒരു അക്ഷരത്തിന്റെ രണ്ടു സാമൂഹികവശങ്ങള്‍ ഭാവനകൊണ്ടുമാത്രം തിരിഞ്ഞുകിട്ടിയതാവുമോ? അ-ആ എന്നീ അക്ഷരങ്ങള്‍ തമ്മിലുള്ള സംവാദമാണ് കവിതാ ബാലകൃഷ്ണന്റെ ഒരു കവിത. പേര് ‘അ-ആ’ (ഞാന്‍ ഹാജരുണ്ട്). തനിക്കൊരു പുള്ളി വേണമെന്നാണ് ‘അ’ പറയുന്നത്. പുള്ളിയിട്ടാല്‍ നിനക്കെന്ത് അര്‍ത്ഥമുണ്ടാവാനാണെന്ന് ദീര്‍ഘമായ ‘ആ’. ലിംഗസംബന്ധിയായൊരു പ്രശ്നമാണ് അ-ആ സംവാദത്തിനിടയില്‍ ഉരുത്തിരിയുന്നത്. തുമ്പില്‍ ഇറേസറുള്ള പെന്‍സില്‍ കൊണ്ട് ആ എന്ന ദീര്‍ഘത്തിന്റെ വാലുകളഞ്ഞാണ് അ നിര്‍മ്മിക്കപ്പെട്ടതെന്ന് ആ -യുടെ അവകാശവാദമുണ്ട് കവിതയില്‍ . മായ്ചുകളഞ്ഞത് ഉത്പത്തി പുസ്തകത്തിലെ വാരിയെല്ലായാലും ഫ്രോയിഡിന്റെ നിര്‍വചനത്തില്‍പ്പെട്ട് പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെ പോയ ലിംഗമായാലും അടുത്തടുത്തുള്ള രണ്ടക്ഷരങ്ങളില്‍ കുടിയിരിക്കുന്ന സ്വത്വവേവലാതികളെ കുറഞ്ഞവാക്കുകളില്‍ പറയാതെ പറഞ്ഞു വച്ചു, അ-ആ എന്ന കവിത. അപൂര്‍വമായ ഒരക്ഷരത്തിന്റെ നിസ്സാഹായാവസ്ഥയെ കാലികമായ വേവലാതികളിലേയ്ക്ക്, സ്വത്വസന്ത്രാസത്തിലേയ്ക്ക് പരിണമിപ്പിക്കുന്ന ഒരു കവിതയാണ്, വിഷ്ണുപ്രസാദിന്റെ ‘ഝഷം’ (ചിറകുള്ള ബസ്സ്). ‘ഝ’ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടിയാണ് കവി ആ വാക്ക് പഠിച്ചത്. പിന്നെ ഒരിക്കലും ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വാക്ക്. എങ്കിലും ബാലപാഠത്തിലും ശബ്ദതാരാവലിയിലും അതുണ്ട്, ഇപ്പോഴും തന്നില്‍ ചെറുതിനെ ഇരയാക്കാന്‍ കാത്തിരിക്കുന്ന മട്ടിലുള്ള ഒന്നായി . സങ്കല്പത്തിലെ ഭീകരതയൊന്നും യഥാര്‍ത്ഥത്തില്‍ അതിനില്ല. ചരിത്രത്തില്‍ ഒരു ഇടിമുഴക്കവും ഉണ്ടായില്ല. ഒറ്റപ്പെട്ടുപോയ ഝഷത്തിനു ഒന്നിനെയും ഇരയാക്കാനും കഴിഞ്ഞില്ല. അതിവേഗം സാമൂഹികമായ പൊതുധാരയുമായി പൊരുത്തപ്പെട്ട നക്സലൈറ്റായ പൌലോസ് മാഷിന്റെ പര്യായോക്തത്തിലൂടെ ഝഷത്തിന്റെ ആന്തരാര്‍ത്ഥം കവിത വെളിപ്പെടുത്തുന്നു. അക്ഷരക്കൂട്ടത്തിനിടയ്ക്ക് ഝ എന്ന ലിപിയുടെ ഒറ്റപ്പെട്ട അവസ്ഥയും സമാനം തന്നെയാണ്. അതിനൊപ്പം പോകാന്‍ കൂട്ടാരുണ്ട്? ഏതാശയത്തെ കൂടെകൂട്ടാന്‍ അതിനിപ്പോള്‍ കെല്‍പ്പുണ്ട്? അതിന്റെ സ്ഥാനം എവിടെയാണ്?
ക്രിസ്പിന്‍ ജോസഫിന്റെ ‘തൂക്കം’ (ഷറപ്പോവ) അക്ഷരങ്ങളുടെ ചിത്രഭംഗിയെ ഇന്ദ്രിയാനുഭവത്തിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുന്നൊരു രീതി കൊണ്ടാണ് പ്രത്യേകത നേടുന്നത്. അമ്മ -യിലെ അ’ -യ്ക്ക് മൂന്നു നെല്ലിക്കയുടെ വലിപ്പവും മ്മ’ -യ്ക്ക് രണ്ടു നാരങ്ങാ തൂക്കവുമാണെന്ന് കവിത പറയുന്നു. ഭാരക്കൂടുതല്‍ കൊണ്ട് ‘മ്മ’ കൈയ്യാളിയിരിക്കുന്ന അധികാരഭാവമാണ് അ-യ്ക്ക് ഇത്രയേറെ ഒടിവും ചതവും നല്‍കിയത്. അമ്മ വിചാരങ്ങള്‍ക്കുള്ളിലെ ചവര്‍പ്പ്, പുളിപ്പ്, നേര്‍ത്ത ഇനിപ്പ്, വ്യാകുലത, പീഡാനുഭവം എല്ലാത്തിനെയും കവിത ‘അമ്മ’ എന്ന രണ്ടക്ഷരത്തിന്റെ പ്രതീതിവിചാരങ്ങള്‍ കൊണ്ട് കൈയ്യടക്കി. രണ്ടറ്റവും തുറന്ന വായുള്ള ‘ഹ’യുടെ സന്തുലിതാവസ്ഥയെപ്പറ്റി എം എസ് ബനേഷിന്റെ ഒരു കവിതയുണ്ട്. ‘ഹ’ (നെഞ്ചും വിരിച്ച് തലകുനിക്കുന്നു). ഹായ് എന്ന ആഹ്ലാദത്തിലെ ‘യ്’ പോയാല്‍ പിന്നെ നേരെ വിപരീതമായ കരച്ചിലാണെന്നതുപോലെ ‘വൂ’ എന്ന കൂട്ട് വന്നു ചേരുമ്പോള്‍ (ഹാവൂ) ആശ്വാസമാകുന്നു. ഭാഷയുടെ പ്രാചീനമായ ഉറക്കുമുറിയില്‍ ഇങ്ങനെയാണ് ഒരക്ഷരം അനുഭവങ്ങളുടെ തുലാസാവാന്‍ ഇരുന്നു കൊടുക്കുന്നത്.
വിഷ്ണുവിന്റെ കവിതയിലെ ഝ -യുടേതുപോലെ ഒരൊറ്റപ്പെട്ട ജീവിതം ഋ എന്ന അക്ഷരത്തിനുമുണ്ട്. മലയാളത്തിലെ ഏറ്റവും വിചിത്രവും ചിത്രാത്മകവുമായ അക്ഷരമായ ‘ഋ’-നുള്ളിലെ അമ്മജീവിതത്തെ, മറ്റൊരര്‍ത്ഥത്തില്‍ പെണ്‍ശരീരത്തെയാണ് ലതീഷ് മോഹന്‍ കണ്ടടുക്കുന്നത് (പള്‍പ് ഫിക്ഷന്‍), ‘ഋ’ എന്ന് പേരിട്ടിട്ടുള്ള കവിതയില്‍ . അച്ഛന്റെ നിര്‍ദ്ദേശപ്രകാരം മകന്‍ പരശുരാമന്‍ അറുത്തെറിഞ്ഞ രേണുകയുടെ ശിരസ്സില്ലാത്ത ഉടലാണ്, ഋ. കേരളത്തെ പണിതു വച്ച ഋഷിയായതുകൊണ്ട് അവിടെ മാത്രം മലയാളം ഇപ്പോഴും എഴുതി ശീലിച്ചുകൊണ്ടിരിക്കുന്ന ആ ഋകാരം (‘ഋഷഭം’ നമ്മളെന്നേ കളഞ്ഞു) നമ്മുടെ പൈതൃകത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ച് ജീവിതത്തെ ആശങ്കാകുലമാക്കിക്കൊണ്ടിരിക്കുന്നു. പുത്രനുവേണ്ടി പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ശിരസ്സ് ഇപ്പോള്‍ ഋ -വില്‍ ഇല്ല. ഏകപക്ഷീയമായ രീതിയില്‍ കാമാതുരമായാണ് കാര്യങ്ങളുടെ പോക്ക്. പ്രതികരണം കാക്കാത്ത(അത്യാവശ്യമല്ലാത്ത) ഭോഗത്തെ, ശവഭോഗത്തെ ശവയോഗമാക്കി, സിദ്ധിയാക്കി തീര്‍ക്കുന്നു ശീലം.നമതു കാലം. ‘രണ്ടു കുന്നും ഒരു കുഴിയുമാണ് പെണ്ണുങ്ങള്‍ ’ എന്നാണ് അജീഷ് ദാസന്‍ ‘അണ്‍സാറ്റ്സിസ്ഫൈഡ് അങ്കിള്‍സ് ആന്‍ഡ് ആന്റീസ് ക്ലബ്’ (ക്യാന്‍സര്‍ വാര്‍ഡ്) എന്ന കവിതയില്‍ പറയുന്നത് ഈ ശീലകാലങ്ങളെപ്പറ്റിയാണ്. അപ്പോള്‍ ‘ആണുങ്ങളുടെ പണി കുന്നിടിക്കലും കുഴി നികത്തലും’ ആകുന്നു. ആ രീതിയില്‍ നമ്മുടെ സമൂഹത്തിന്റെ ധാരണ മാറിയിരിക്കുന്നതിനാല്‍ ഋ നല്‍കുന്ന നടുക്കത്തിനു മാനങ്ങള്‍ വേറെയാണ്. അതുകൊണ്ട് റിഷി എന്നെഴുതാമോ എന്നാണ് വിനീതമായി കവിത ചോദിക്കുന്നത്, ഋഷി എന്നതിനു പകരം. അഭിമുഖീകരണത്തിന്റേതായ ഈ ദാര്‍ശനികമാനമല്ല ലിപി പരിഷ്കരണത്തിനുവേണ്ടിയുള്ള ഭാഷാപണ്ഡിതരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും അജണ്ടകളിലുള്ളത്. ആവശ്യപ്പെടുന്നത് ഒന്നുപോലുള്ള കാര്യങ്ങളാണെങ്കിലും.
‘സ എന്ന അക്ഷരത്തെ കാണാനില്ല’ എന്ന പി എന്‍ ഗോപീകൃഷ്ണന്റെ(മടിയരുടെ മാനിഫെസ്റ്റോ) കവിതയില്‍ സ വെറുമൊരു അക്ഷരമല്ല. സിന്ധുവിനെ ഹിന്ദു വാക്കുന്നതും വിസയെ വിഷമാക്കുന്നതും വ്യാസകവിയെ വ്യാജകവിയാക്കുന്നതും ‘സ’യുടെ അഭാവമാണ്. അതിന്റെ സാന്നിദ്ധ്യമാണ് തന്ത്രത്തെ ‘സ്വാതന്ത്ര്യ’മാക്കുന്നത്. ധനത്തെ ‘സാധന’മാക്കുന്നത്. ക്യാമ്പുകളെ ‘ക്യാമ്പസു’കളാക്കുന്നത്. രിഗമപധനി എന്ന വരിയൊത്ത ചിട്ടയെ മുന്നിലും പിന്നിലും ചെന്നു നിന്നു തള്ളി ഘെരാവോ ചെയ്യുന്നത്. മനം’ എന്ന ഒഴുക്കന്‍ വാക്കിനെ ‘മനസ്സ്’ എന്ന് ആഴത്തിലാക്കുന്നത്. ഓരം പറ്റിയതും ചെറുതുകളുമായ ജീവിതത്തിലേയ്ക്കാണ് ഗോപിയുടെ നോട്ടം പലപ്പോഴും ചെന്ന് അണയുന്നത്. സ നടുവൊടിഞ്ഞ് തകര്‍ന്നടിഞ്ഞ അക്ഷരമാണെന്ന് കവിതയിലുണ്ട്. അതിന്റെ ആയുസ്സിനെക്കുറിച്ച് ശങ്കിക്കാവുന്നമട്ടില്‍ . അപ്പോഴത് ഒരിക്കലും തിരിച്ചു വരാത്തമട്ടിലൊരു അപ്രത്യക്ഷത്തിനാണോ വിധേയമായിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. കവിതയ്ക്കുള്ളിലെ രണ്ടു ആഖ്യാനസ്വരങ്ങളില്‍ രണ്ടാമത്തേത് ‘സ’ ഇല്ലാതെയും ജീവിച്ചുകൂടേ എന്ന മട്ടില്‍ അറിഞ്ഞുകൊണ്ടു തന്നെ സാമാന്യബോധത്തിന്റെ കൂടെ നിന്ന് പരിഹസിക്കുകയാണ്. സാമൂഹികാവസ്ഥയെ പൊളിച്ചു കാണിക്കാനല്ല, സോഷ്യല്‍ മെക്കാനിസത്തില്‍ വെളിച്ചം വീഴ്ത്താനാണ് ആ പരിഹാസം. കവിതയും സ്വയം ഏല്‍ക്കുന്നുണ്ട് അത്. അക്ഷരം കാണാതാവുന്നതിനെക്കുറിച്ചുള്ള വേവലാതിയേക്കാള്‍ ഒരു കവിയെ ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്നതെന്താണ്? അതും തനിക്ക് ആവിഷ്കരിക്കാനുള്ളതിനെ അടിപടലേ അടയാളപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരക്ഷരം. ‘കാണുന്നീലൊരക്ഷരവും’ എന്ന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടില്‍ കറുത്ത് ഇരുളാണ്ടു പോയ ഒരു ജനത മുഴുവന്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോഴത് കുറച്ചു കൂടി സാര്‍വത്രികമായിട്ടുണ്ടെന്നു പറയണം. കാണാതാവുന്ന അക്ഷരങ്ങളെക്കുറിച്ചുള്ള ആലോചന ഒഴുക്കന്‍ മട്ടില്‍ പോരേ, ആഴത്തില്‍ വേണോ എന്നു തന്നെ നാം വീണ്ടും വീണ്ടും ചോദിക്കുന്നു. കൌതുകകരങ്ങളും കേവലങ്ങളുമായ രൂപകങ്ങളായല്ല ലിപികള്‍ , സ്വരൂപത്തില്‍ കവിതകളില്‍ തെളിയുന്നത് എന്ന് ഇത്രയൊക്കെ വച്ച് പറയാം. സാമൂഹികമായ സൂക്ഷ്മതല സ്വത്വങ്ങളായാണ്. മനുഷ്യാവസ്ഥയെക്കുറിച്ച് സാമൂഹികമോ രാഷ്ട്രീയമോ ആയ നേരിട്ടുള്ള ചിന്തകള്‍ക്ക് പറഞ്ഞു തരാനാവുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവയുടെ വേരുകളില്‍ മണ്ണായി പറ്റിപ്പിടിച്ചിരിക്കുന്നു. അതിനാകട്ടേ മലയാളത്തിന്റേതല്ലാതെ മറ്റൊരു മണവുമില്ല.
ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല. അതിനു സംസ്കാരവുമായി ആഴമുള്ള നീക്കുപോക്കുകളുണ്ട്. സൂക്ഷമായ സംവേദനസ്പര്‍ശികളുള്ളതിനാല്‍ സര്‍ഗാത്മകഭാവനകള്‍ ചോരാതെ അവയില്‍ ചിലതെല്ലാം കണ്ടെടുക്കുന്നു. എന്നല്ലേ ആകെകൂടി ഇതിന്റെയൊക്കെ അര്‍ത്ഥം? പക്ഷേ ആരോടു പറയാനാണ്?