August 13, 2009
പാടുന്ന കള്ളന്‍
“നിലാവു കണ്ട് കള്ളന്‍
തെല്ലിട നിന്നു,
പാടുവാന്‍.”
ഏതു ശരീരത്തിലുമുണ്ട് കാമദേവനും കള്ളനും ജരയും മൃത്യുവും ഭയവും. ഇവയൊന്നും എന്നെ ഭയപ്പെടുത്തരുതേ, സങ്കടപ്പെടുത്തരുതേ, ബാധിക്കരുതേ, സ്വസ്ഥത നശിപ്പിക്കരുതേ, ഉപദ്രവിക്കരുതേ എന്നെല്ലാം പറഞ്ഞ് താണു വീണു കരയുന്ന ഒരു ശ്ലോകം സംസ്കൃതത്തില്‍ കണ്ടിട്ടുണ്ട്. ആ ആഭാണകത്തിലെ ആ കള്ളന്‍ ഉള്ളിലിരുന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നു ആലോചിച്ചിരുന്നാല്‍ ഒരവസാനവും ഉണ്ടാവില്ല. ആരുടെ ഉള്ളു തുരന്നാണ് ഇയാള്‍ കുടിയിരിക്കാത്തത്? നിരീശ്വരവാദിയായ ഒരു സുഹൃത്തിനെപ്പറ്റി കാമു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? അവന്‍ വ്യഭിചാരിയായപ്പോള്‍ കടുത്ത ഭക്തനായെന്ന്. പ്രസിദ്ധ ജപ്പാനിസ് നോവലിസ്റ്റ് താനിസാക്കി ജപ്പാന്റെ പരമ്പരാഗതമായ വീടുകളെ പുകഴ്ത്തുകയും അവയുടെ ഘടനാപരമായ സവിശേഷതകളെ വര്‍ദ്ധിച്ച ആവേശത്തോടെ വിവരിക്കുകയും ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞു : ‘എനിക്കവയില്‍ താമസിക്കാന്‍ താത്പര്യമില്ല. അവയ്ക്ക് പാശ്ചാത്യസൌകര്യങ്ങളില്ല.’ സ്റ്റാലിന്‍ മൂലധനം വായിച്ചിരുന്നില്ല. ഹിറ്റ്ലര്‍ നീഷേയും വായിച്ചിരുന്നില്ല. അശനം എന്ന കവിതയില്‍ കെ ജി എസ് എഴുതിയതു് അല്പം മാറ്റിയാല്‍ ‘ഇത്തിരീശ്ശെ സ്വയം കക്കണമായിരിക്കും, ഇത്തിരീശ്ശെ സ്വയം പോറ്റാന്‍..’
മലയാളിയുടെ ‘തീവ്സ് ജേണല്‍’ മണിയന്‍ പിള്ളയുടെ ആത്മകഥ, കള്ളന്‍, പോലീസ്, പൊതുസമൂഹം, മാന്യത, സുരക്ഷിതത്വം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ആശയക്കുഴപ്പത്തിന്റെ തൊഴുത്തിനകത്ത് കയറ്റിയിട്ട് പൂട്ടിയിട്ട് ചിരിയെന്നോ കരച്ചിലെന്നോ വിളിക്കാന്‍ വയ്യാത്ത ഒരു ഭാവത്തിലങ്ങനെ നില്‍ക്കുകയാണ്. സത്യമുള്ള പണം എവിടിരുന്നാലും ഒരു കള്ളനും തൊടാന്‍ പറ്റില്ലെന്ന തത്ത്വശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്ന പഴയ മോഷ്ടാവിന്റെ അനുഭവങ്ങള്‍ കള്ളനെയാണോ സത്യവാനെയാണോ മുന്നില്‍ നിര്‍ത്തുന്നത്? കൊടുവള്ളിയിലെ പെണ്‍കുട്ടിയ്ക്ക് മാപ്പെഴുതി വാച്ചു തിരിച്ചു കൊടുത്തത്. മയ്യനാട്ടെ വീട്ടില്‍ കച്ചവടം തുടങ്ങാന്‍ വായ്പ വാങ്ങിക്കൊണ്ടു വച്ചുരുന്ന സ്യൂട്ട്കേസിന്റെ മുകളില്‍ കയറി നിന്ന് പൂട്ടാത്ത അലമാരിക്കുള്ളിലും മുകളിലും പരതിയിട്ടും ഒന്നും കിട്ടാതെ തിരിച്ചു പോയത്. കരമനയില്‍ പണം നിറഞ്ഞ ബാഗ് എടുത്തു വച്ചിട്ടും അതുപേക്ഷിച്ച് പോകേണ്ടി വന്നത്. പോലീസുകാര്‍ മോഷണമുതലു സ്വന്തമാക്കിയ കഥ വേറേ. കള്ളനെയും ഉള്ളിലെ കള്ളന്‍ ബാധിക്കും. മറ്റൊരു തരത്തില്‍. സദാചാരപ്രസംഗം കൊണ്ട് മറ്റുള്ളവരുടെ നടുവൊടിച്ച എത്ര കള്ളന്മാരാണ് നാട്ടില്‍ നടു നിവര്‍ത്തി വിലസുന്നത്!
എഡ്ഗാര്‍ അലന്‍ പോയുടെ കഥയിലെ മോഷ്ടിക്കപ്പെട്ട കത്ത് സൂക്ഷിച്ചിരുന്നത് എല്ലാവരും കാണുന്ന ഒരു സ്ഥലത്താണ്. അതു തന്നെയായിരുന്നു അതിന്റെ പ്രത്യേകതയും. പ്രഖ്യാതവും അസാധാരണവുമായ ആ മോഷണവസ്തു ഒളിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നിടത്തായിരുന്നു ആ കളവ് പ്രത്യേക മാനം നേടുന്നത്. അതിന്റെ ലൈംഗികമായ അര്‍ത്ഥം പഴയത്. മൈക്കല്‍ റോഗിന്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ആ കത്ത് ആധുനികോത്തര അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തനി പകര്‍പ്പാണ്. മോഷ്ടിക്കപ്പെട്ട ഒളിമ്പിക്സ് പതാക ഇതാ എന്റെ ബാഗിലുണ്ട് പരിശോധിക്കൂ എന്ന് യഥാര്‍ത്ഥ കള്ളന്‍ പറഞ്ഞിട്ടും ആര്‍ക്കെങ്കിലും തോന്നിയോ എന്നാല്‍ അതൊന്നു പരിശോധിച്ചു കളയാമെന്ന്. അതീയടുത്തകാലത്ത് കണ്ടെടുത്തപ്പോഴാണ് പണ്ടത്തെ അന്വേഷണശൂരര്‍ അയ്യടാ എന്ന് മൂക്കും ചുണ്ടും ചേര്‍ത്ത് വിരലു വച്ചു നിന്നു പോയത്. ഏറ്റൂമാനൂരത്തെ വിഗ്രഹം മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോള്‍ സ്റ്റീഫന്‍ കണ്ടത് ഒരാനയെ. പതിവില്ലാത്ത വിധം അതൊരു സലാം കൊടുത്തു, മോഷ്ടാവിന്. ആന തീര്‍ച്ചയായും മറ്റൊരു ബഷീറായിരിക്കും. ‘കര്‍ത്താവിനെന്തിനാ പൊന്‍ കുരിശ്’ എന്നായിരിക്കണം അത് ആനകളുടെ ഭാഷയില്‍ തുമ്പിക്കൈയുയര്‍ത്തി മൊഴിഞ്ഞത്. സംശയമില്ല. ഇരുട്ടു പറ്റി വീട്ടിനുള്ളില്‍ കയറി കണ്ടെതെല്ലാം സ്വന്തമാക്കി സ്ഥലം വിടുന്ന വിരുതന്മാരെ സൂക്ഷിക്കേണ്ട വഴിയെപ്പറ്റി അക്കൂട്ടത്തിലൊരു വിരുതനായ മണിയന്‍ പിള്ള ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് ബാത്ത് റൂമില്‍ രാത്രി മുഴുവന്‍ ലൈറ്റിടണം എന്നാണ്. കഷ്ടിച്ച് അരമണിക്കൂര്‍ മാത്രം ഒരു വീട്ടില്‍ ചെലവഴിക്കത്തക്ക ടൈറ്റ് ഷെഡ്യൂള്‍ (സ്കെഡ്യൂള്‍) മാത്രം ഉള്ള കള്ളന്‍ അകത്താരെങ്കിലും ഉണ്ടോ ഇല്ലേ എന്ന് ചുഴിഞ്ഞ് ആലോചിച്ചോണ്ടു നില്ക്കാന്‍ മെനക്കെടില്ല. മറ്റൊന്ന് മുറ്റം സിമന്റിട്ടു പൂശി മെനക്കേടാക്കാതെ ചവിട്ടിയാല്‍ ഒച്ചയുയരുന്ന ഉരുളന്‍ കല്ലുകളിടാനാണ്. പട്ടികളെക്കൊണ്ട് കാര്യമൊന്നുമില്ല. അവറ്റകളുടെ മനശ്ശാസ്ത്രം കള്ളന്മാര്‍ക്ക് പിടിപാടുണ്ട്. നിങ്ങളുടേത് തീഫ് പ്രൂഫ് വീടാണെങ്കിലും അതുപൊളിക്കാന്‍ വേണ്ട പണിയായുധങ്ങള്‍ അയല്പക്കത്തെ വീട്ടിലെ പൂട്ടാത്ത സ്റ്റോര്‍ മുറിയില്‍ സന്നിഹിതമാണെങ്കില്‍ പിന്നെ എന്തു സുരക്ഷ? ഗൃഹനാഥന്മാര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട് ആ പുസ്തകത്തില്‍: നിങ്ങളുടെ വീട്ടില്‍ ഇതുവരെ കള്ളന്‍ കയറാത്തത് അതു അത്ര സുരക്ഷിതമായതുകൊണ്ടല്ല. കള്ളന്‍ ആ വീട് നോട്ടമിടാത്തതു കൊണ്ടാണ്. ആ വീട് കള്ളന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നതാണ് അതിന്റെ സുരക്ഷിതത്വം.
സിറ്റി പോലീസ് കമ്മീഷ്ണര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചെന്നിരിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. പോലീസ് നഗരത്തിലെ സദാചാരസംരക്ഷണത്തിനായാണ് യോഗം വിളിച്ചത്. (മനോരമ പത്രം നമ്മുടെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു രണ്ടുകണ്ണു പോര, നാലു കണ്ണു വേണം എന്ന് അലമുറയിട്ട് വെണ്ടയ്ക്കയില്‍ ഫീച്ചറെഴുതിയതിന്റെ പാര്‍ശ്വഫലമാണ്) കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ ലാക്കാക്കി റാകിപ്പറക്കുന്ന തസ്കരസംഘങ്ങള്‍ക്കെതിരെ ജാഗരൂകരാവാനാവാന്‍ വേണ്ടിയാണ്. ( പോലീസിന്റെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപികമാരുടെയും വിരല്‍ ചൂണ്ടലുകള്‍ ഏറെയും ഓട്ടോ ഡ്രൈവര്‍മാര്‍, സ്കൂള്‍വാഹനത്തിലെ കിളികള്‍, ടാക്സി ടെമ്പോ എന്നിവ ഓടിക്കുന്നവര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്കെതിരെയാണെന്നത് ശ്രദ്ധേയമാണ്. ) മോഷണം, ആളായും ചാരിത്ര്യമായും സംശുദ്ധി മാത്രമായും ധാരാളം നടക്കുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണിലാകെ കൂട്ടുകാരികളുടെ നഗ്ന ചലന ചിത്രങ്ങളാണ്. ക്ലാസ് സമയത്ത് ജനാല ചാടി പെണ്‍കുട്ടികള്‍ കൂട്ടുകാരെ തേടി പോകുന്നു. പിടിക്കപ്പെടുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ കാലില്‍ വീണു വാര്‍ത്തയാക്കരുതെന്നു വിലപിക്കുന്നതുകൊണ്ടു മാത്രം പോലീസുകാര്‍ മാത്രമറിയുന്ന വ്യവഹാരമായി ഇതു തീര്‍ന്നു പോകുന്നു. സുരക്ഷിതത്വമെന്നത് ആരുടെയോ സൌജന്യം മാത്രമാണെന്ന്....അപ്പോള്‍ തീര്‍ച്ചയായും ഓരോരുത്തരുടെ ഉള്ളിലും പരസ്പരം ഏതു നിമിഷവും വേഷം മാറുന്ന ഒരു കാമദേവനും കള്ളനും ഉണ്ട്. കള്ളന്മാരുടെ എണ്ണം ആളാംവണ്ണം വര്‍ദ്ധിച്ചതുകൊണ്ടാവണം നമ്മളിത്രയും പേടിക്കുന്നത്. ഓരോരുത്തരും ഒരു കള്ളനും അതേസമയം ഒരു വീടുമാണെങ്കില്‍, ഓരോരുത്തരും മറ്റൊരാളെ നിരീക്ഷിക്കുകയും സ്വയം മറ്റാരുടെയോ ചുഴിഞ്ഞുള്ള നിരീക്ഷണത്തിനു വിധേയരാവുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതായിരിക്കും സിമുലാക്ര. അനേകം കണ്ണാടികളില്‍ പ്രതിഫലിച്ചു കാണുന്ന രൂപങ്ങളില്‍ നമ്മളാരാണെന്ന് അറിയാതെ സ്വയം കുഴങ്ങുന്ന ഉത്തരാധുനിക മനുഷ്യന്‍. പ്രതിബിംബങ്ങള്‍ കള്ളങ്ങളല്ലേ? എങ്കില്‍ അതു നമ്മെ ബാധിച്ചു കഴിഞ്ഞു. ഇനി പ്രാര്‍ത്ഥിച്ചിട്ടെന്ത്?
ആത്മഹത്യ ചെയ്യാനായി പാലത്തിന്റെ മുകളില്‍ നിന്ന മെലിഞ്ഞ സ്ത്രീയെ നോക്കി നിസ്സംഗനായി നടന്നുപോയ, ചൂതു കളിക്കാത്ത, തിയേറ്ററില്‍ പോകാത്ത, സ്ത്രീകളില്‍ താത്പര്യമില്ലാത്ത കാമുവിന്റെ നായകന്‍ ‘വീഴ്ച’യില്‍ ഒരിടത്ത് എഴുതുന്നു, ‘ഒരു വേള, ഞാന്‍ സത്യത്തിന്റെ ലോകത്ത് എത്തിക്കഴിഞ്ഞിരിക്കും. എന്നാല്‍ പ്രിയ സുഹൃത്തേ, സത്യം ആനബോറാണ്.’
ചിത്രം : കെ പി കൃഷ്ണകുമാറിന്റെ കള്ളന്‍ എന്ന ഫൈബര്‍ശില്പം
അതിനാല്‍
ReplyDeleteകള്ളന്‍ എന്ന പേരിലല്ല കുഴപ്പം.
അര്‍ത്ഥത്തിലുമല്ല.
വിപരീതത്തിലാണ്.
നാശം.
ഈ പ്രതിസന്ധിയിലും
ദേ, വീണ്ടും കല,രാഷ്ട്രീയം!
ഗോപീകൃഷ്ണന്‍
കവിത കട്ട് പേസ്റ്റ്!
വെറുമൊരു മോഷ്ടാവാം എന്നെ കള്ളനെന്നു വിളിച്ചില്ലെ?
ReplyDeleteപ്രതിബിംബങ്ങൾ എന്നേ കള്ളങ്ങളായിക്കഴിഞ്ഞു. ഇനിയൊന്നേ ചെയ്യാനുള്ളൂ. അന്തി ക്രിസ്തുവിനായി കാത്തിരിക്കാം
ReplyDeleteathrakonnum pidikittiyilla
ReplyDelete