August 26, 2009
ഗം ഗണപതിയേ*
ബാലിശത്വവും ആകൃതിയും കുസൃതിയും വച്ചു നോക്കിയാല്‍ പേഗന്‍ ദൈവങ്ങളുടെ മുഖ്യധാരയില്‍ വരാന്‍ ഗണപതിയ്ക്ക് ശേഷിയില്ല. അര്‍ദ്ധ/ഉപദൈവങ്ങളുടെ പ്രത്യേകതകളാണ് മേല്‍പ്പറഞ്ഞവ. നാരദന്റെ ഏഷണിവാസനകൊണ്ട് കുട്ടിച്ചാത്തന്റെ ഗണത്തില്‍പ്പെടുന്നതുപോലെ. വിഘ്നങ്ങള്‍ സൃഷ്ടിക്കുന്ന അസുരനായിട്ടാണ് ആദ്യകാല കൃതികള്‍ ഈ ദൈവത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രധാന പുരാണ- ഉപപുരാണങ്ങളിലൊന്നുപോലും ഗണപതിയുടെ പേരിലില്ല. ഗണപതികഥകള്‍ പ്രധാനമായും ലഭിക്കുന്നത് ഉത്തരരാമായണത്തില്‍ നിന്നും മഹാഭാരതത്തിന്റെ ആദ്യഭാഗത്തു നിന്നും പദ്മപുരാണത്തില്‍ നിന്നും സ്കന്ദപുരാണത്തില്‍ നിന്നുമാണ്. ഗണേശോപനിഷത്തിന്റെ പഴക്കത്തെക്കുറിച്ച് അത്ര പ്രതീക്ഷ വേണ്ട. ഗണപതിയെക്കുറിച്ച് പുസ്തകമെഴുതിയ (The Book of Ganesha) റോയിന ഗ്രെവാള്‍ പറയുന്നത് ഗുപ്തചക്രവര്‍ത്തിമാരുടെ പ്രതാപകാലത്താണ് ഗണപതിയും ആത്മീയപൊതുധാരയില്‍ എത്തുന്നത് എന്നാണ്. അതായത് ഏ ഡി അഞ്ചാം നൂറ്റാണ്ടോടെ. ദക്ഷിണഭാരത ചരിത്രമെഴുതിയ കെ ഏ നീലകണ്ഠശാസ്ത്രി ബുദ്ധമതം സുസ്ഥാപിതമായി തീര്‍ന്ന മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഹിന്ദുമതക്കാര്‍ക്കിടയിലെ മുഖ്യദൈവങ്ങളിലൊരാളായി ഗണേശനും ഇടം പിടിച്ചിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നു. പക്ഷേ വേദങ്ങളിലും പുരാണകൃതികളിലുമൊക്കെ കാണുന്ന ‘ഗണേശ്വരന്‍’ നാം കരുതിവരുന്ന ആനത്തയുള്ള ദൈവമല്ലെന്നതാണ് സത്യം. അതു ഗോത്രങ്ങളെ നയിച്ചിരുന്ന സേനാനായകരാണ്. രുദ്രനും ബൃഹസ്പതിയും ഗണേശ്വരന്മാരാണ് അവയില്‍ .
ഗണപതിയെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഏറിയക്കൂറും ഇപ്പറഞ്ഞ കാലത്തിനു ശേഷം ഗണപതേയന്മാരാല്‍ രചിക്കപ്പെട്ടതാവാനാണു സാധ്യത. ഇടത്തേക്കൊമ്പൊടിച്ച് മഹാഭാരതകഥ (ആദിപര്‍വം) അസാധാരണമായ വേഗത്തില്‍ എഴുതിതീര്‍ത്ത നിലയ്ക്ക് നമ്മള്‍ പരിചയപ്പെടുന്ന ഗണപതി പില്‍ക്കാലത്തുള്ള കൂട്ടിച്ചേര്‍പ്പാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാരണം മഹാഭാരതത്തില്‍ മറ്റൊരിടത്തും ഗണപതിയ്ക്ക് വിശേഷപ്പെട്ട പങ്കില്ല. പുരാതനചൈനയില്‍ ആനത്തലയുള്ള രൂപത്തെ നിഷേധാത്മകമായ ശക്തിയായിട്ടാണ് ഗണിച്ചിരുന്നത്. ബുദ്ധമതസങ്കല്‍പ്പപ്രകാരം വിനാശകാരകനും പ്രതിബന്ധകാരകനുമാണ് ഇദ്ദേഹം. വിഘ്നകാരിയായി ഗണപതിയെ കണക്കാക്കുന്നതില്‍ ഒരു ആസുരത്വം ഒളിഞ്ഞിരിപ്പുണ്ട്. ഭാരതത്തില്‍ പ്രചാരമുള്ള മറ്റൊരു കഥ, ഗണപതി ഉണ്ടാക്കുന്ന വിഘ്നങ്ങള്‍ സ്വന്തം സൃഷ്ടി അല്ലെന്നതാണ്. വിഘ്നാസുരന്‍ എന്ന ഒരു സത്വത്തിന്റെ മേല്‍ക്കോയ്മ ഗണപതിയ്ക്കായതുകൊണ്ട് അയാളെ അഴിച്ചുവിട്ടും പറഞ്ഞയച്ചുമാണ് അദ്ദേഹം പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് അതു പറയുന്നു. ഇതിലൊരു സമന്വയ ചരിത്രമുണ്ട്. ഒരു പക്ഷേ പ്രതിപക്ഷത്തുണ്ടായിരുന്ന ഒരു ദൈവത്തെ തങ്ങളുടെ അധീശതയില്‍ കൊണ്ടു വന്ന ഗോത്രത്തിന്റെ കാവ്യത്മകമായ ആവിഷ്കരണമാകാമിത്. വ്യത്യസ്ത കുലചിഹ്നങ്ങളുള്ള ഗോത്രങ്ങള്‍ കലഹിച്ചോ വിവാഹബന്ധങ്ങളിലൂടെയോ ഒന്നായപ്പോഴുണ്ടായ മാറ്റങ്ങളെയാണ് മിക്കവാറും ഹിന്ദുദൈവങ്ങളുടെ വാഹനങ്ങള്‍ (എലി, മയില്‍ , പൂവന്‍ കോഴി, കാള, പരുന്ത്...) അര്‍ത്ഥമാക്കുന്നത്. അതതു ചിഹ്നങ്ങളുള്ള ഗോത്രങ്ങളുടെ കീഴടക്കല്‍ തന്നെയാണ് വാഹനങ്ങളായി പരിണമിക്കുന്ന കഥകളിലുള്ളത്. വൈരുദ്ധ്യങ്ങളുടെ സമന്വയം എന്നതിനേക്കാള്‍ രണ്ടു വ്യത്യസ്ത ഗോത്രങ്ങളുടെ ഒന്നാകല്‍ എന്ന ചരിത്രപരമായ സത്യത്തിനാണ് ഗണപതി കഥയില്‍ സാധുതയുള്ളത്. ഒരു നേപ്പാളി കഥയില്‍ ബുദ്ധമത മൂര്‍ത്തിയായ വിഘ്നാന്തകനാല്‍ പരാജിതനായി ബുദ്ധമത അനുയായി ആയിത്തീര്‍ന്ന വ്യക്തിയാണ് ഗണേശന്‍. ജൈനര്‍ ദ്വാരപാലകന്റെ സ്ഥാനമാണ് ആനത്തലയുള്ള മൂര്‍ത്തിയ്ക്ക് നല്‍കിയിരിക്കുന്നത്.
ചൈനയിലെയും ജപ്പാനിലെയും ചില ബുദ്ധമതക്കാര്‍ ബഹുമാനത്തോടെയും ആനത്തലയുള്ള ദൈവത്തെ നോക്കിക്കണ്ടിട്ടുണ്ട്. വലിപ്പമാണ് തായ്ലന്റ്, കമ്പോഡിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ബുദ്ധപ്രതിമകള്‍ക്കുള്ള പ്രത്യേകത. മെക്സിക്കോയിലും ആരാധ്യമൂര്‍ത്തിയായി ഒരു ഗജമുഖദേവന്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. പ്രകൃത്യാതീതശക്തിയുടെ പ്രഭവവും സമൃദ്ധിയുമാണ് വലിപ്പക്കൂടുതലോടെ വിഗ്രഹങ്ങള്‍ പണിയുന്നതിനു പിന്നിലെ മാനസികപ്രേരണ. ജപ്പനിലെ ഷിങ്കന്‍ ബുദ്ധമതക്കാര്‍ ലൈംഗികാഭീഷ്ടസിദ്ധിയാണ് ഗണപതി ആരാധനയിലൂടെ പ്രതീക്ഷിക്കുന്നത്. ബ്രൂസ്‌ലിയുടെ കുപ്പായത്തിലെ തലവാലുകള്‍ ഒട്ടിയ മത്സ്യരൂപങ്ങളും ഹിറ്റ്ലറുടെ സ്വസ്തികയും നിലം ഉഴുന്ന കലപ്പയും ജനപ്രിയമാവുന്നത് ചിഹ്നശാസ്ത്രമനുസരിച്ച് അവയുടെ ലൈംഗികസൂചകത്വത്തിലൂടെയാണെങ്കില്‍ ഗണപതിയുടെ തുമ്പിക്കൈയ്ക്കും അതേ അബോധവിവക്ഷ അവകാശപ്പെടാം. ശിവന്റേതായ പലപ്രത്യേകതകളും ഗണപതിയ്ക്കുമുണ്ട്. അമ്മയായ പാര്‍വതിയെപ്പോലൊരുവളെ വിവാഹം കഴിക്കാനാഗ്രഹിച്ചതുകൊണ്ടാണ് ഗണപതിയുടെ വിവാഹം നടക്കാത്തത് എന്ന് പറയപ്പെടുന്നു. (അമ്മയെപ്പോലെ ഒരുവളെ കണ്ടു പിടിക്കാനാണ് ഗണപതി വഴിവക്കുകളില്‍ ഇരിക്കുന്നത്.) ശിവനെപ്പോലെ പാമ്പിനെ ആഭരണമായി ഗണപതിയും അണിയുന്നുണ്ട്. ഗണപതേയന്മാര്‍ ഇക്കാര്യങ്ങളെ ശിവാംശസംഭവനെന്ന സങ്കല്‍പ്പത്തിന് ഊന്നല്‍ നല്‍കാനായിട്ടാണ് വിനിയോഗിച്ചത്. എങ്കിലും ലിംഗാരാധനയുമായി ബന്ധപ്പെട്ട് ഗണപതിയുടെ രൂപത്തെ അപനിര്‍മ്മിക്കാന്‍ ഇവ സഹായിക്കും. ഓരോ യുഗത്തിലും ഓരോ നിറമാണ് ഗണപതിയ്ക്ക്. സൌവര്‍ണ്ണം, ശ്വേതം, കുങ്കുമം എന്നിങ്ങനെ. കുറുകിയതും തടിച്ചതും കുടവയറുള്ളതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ആയ ഗണപതിയുടെ രൂപവും കുട്ടിത്തവും സ്ത്രീകള്‍ക്ക് പഥ്യമാവാന്‍ ഇടയില്ല എന്ന സങ്കല്പം വച്ച് ബംഗാളില്‍ ഗണേശന് ഒരു വാഴയെ കല്യാണം കഴിച്ചുകൊടുക്കുന്ന ചടങ്ങുണ്ട്. വാഴയാവുമ്പോള്‍ കുണുങ്ങിക്കൊണ്ടു നിന്നോളും പരാതി പറയില്ലെന്ന്. താന്ത്രികാചാരങ്ങളിലെ ഗണേശസങ്കല്പം ഇതിനു വിരുദ്ധമാണ്. അവിടെ ഗണപതിയുടെ പത്നി നഗ്നരൂപത്തിലാണ്. പൂജകഴിക്കുന്ന ആള്‍ , നഗ്നനായി, വായില്‍ ഭക്ഷണപദാര്‍ത്ഥങ്ങളോടെ നിന്നു വേണം അതു ചെയ്യാന്‍. ഉച്ഛിഷ്ടഗണപതി എന്നാണ് വാമപക്ഷതാന്ത്രികാചാരം അനുഷ്ഠിക്കേണ്ടുന്ന ഈ മൂര്‍ത്തിയുടെ പേര്. സിദ്ധിയെന്നും ബുദ്ധിയെന്നും രണ്ടു ഭാര്യമാര്‍ ഗണപതിയ്ക്ക് ബ്രഹ്മാവ് നല്‍കിയെന്നും ഒരു കഥ പദ്മ പുരാണത്തില്‍ കാണാനുണ്ട്. ഇവരിലൊരാള്‍ കിണ്ണത്തില്‍ മോദകങ്ങളുമായി ഗണപതിയുടെ ഇടം തുടയിലിരിക്കുകയും ഗണപതി തുമ്പിക്കൈ നീട്ടി മോദകം ഭക്ഷിക്കുകയും ചെയ്യുന്നമട്ടിലാണ് ശില്പം. ശാസ്ത്രപ്രകാരം മോദകം, ലഡ്ഢു തുടങ്ങിയുള്ള മധുരഭക്ഷണവസ്തുക്കള്‍ ആനന്ദാനുഭൂതിയുടെ പ്രതിബിംബങ്ങളാണ്. ലൌകികാനന്ദത്തെ ചൂണ്ടിയാണ് പണ്ടുള്ളവര്‍ ബ്രഹ്മാനന്ദത്തെ നിര്‍വചിച്ചിരുന്നത്. അപ്പോള്‍ വിചാരിക്കുന്നതു പോലെ പെണ്ണുങ്ങളെയും നോക്കി വഴിയിലിരിക്കുന്ന, കല്യാണം കഴിക്കാത്ത അഭിനവആണ്‍ യുവത്വവുമായി ഒത്തുപോകാന്‍ സാധ്യമല്ലാത്തതരം ഗണപതിസങ്കല്‍പ്പവും ഇന്ത്യയിലുണ്ടായിരുന്നു.
പക്ഷേ പ്രകട ലൈംഗികത അത്ര പഥ്യമല്ലാത്തതിനാല്‍ അയ്യപ്പനെപ്പോലെ, ഹനുമാനെപ്പോലെ, ബ്രഹ്മചാരിയായ ദൈവത്തെയാണ് മലയാളി കൂടുതല്‍ പരിഗണിക്കുക. കേരളത്തില്‍ ഗണപതി ഉപാസനാ മൂര്‍ത്തിയായ കുടുംബങ്ങളുണ്ടായിരുന്നു. (ചാത്തന്‍/ഹനുമാന്‍/ശാസ്താ സേവപോലെതന്നെ) ‘ഈശ്വരന്റെ രൂപകല്‍പ്പനയിലെ ചമത്കാരം’ എന്ന പുസ്തകത്തില്‍ചിന്മയാനന്ദന്‍ എഴുതുന്നത്, ശരിയായ വിദ്യാര്‍ത്ഥിയുടെ പ്രതീകമാണ് വിനായകന് എന്നാണ്‍. ആനത്തല അപാരമായ ബുദ്ധിയുടെ പ്രഭവമാണ്. വലിയ ചെവികള്‍ കേള്‍ക്കുന്നതെന്തും ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ ചിഹ്നങ്ങള്‍. മൊട്ടുസൂചിയും മരങ്ങളും ഒന്നുപോലെ എടുക്കാന്‍ കെല്‍പ്പുറ്റ തുമ്പിക്കൈ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിനെയും പിടിച്ചെടുക്കാനുള്ള കഴിവിനെയും പ്രതിനിധീകരിക്കുന്നു. വിദ്യാര്‍ത്ഥി ബ്രഹ്മചാരിയുമായിരിക്കണം. അങ്ങനെ കൃത്യമായി ഗണേശനില്‍ എല്ലാം ഒത്തുപോകുന്നു. ഗണപതിയ്ക്ക്, പിള്ളയാര്‍ക്ക് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് സ്വാധീനമുണ്ട്. ഈ സ്വാധീനം നമ്മുടെ മഹാരാഷ്ട്രബന്ധത്തിന്റെ ഫലമാണെന്ന സിദ്ധാന്തത്തെ നീലകണ്ഠശാസ്ത്രി എതിര്‍ക്കുന്നത് സാതവാഹകന്മാര്‍ (മൂന്നാം നൂറ്റാണ്ട്) ആരാധിച്ചിരുന്ന ഗണപതി വിഗ്രഹങ്ങളെ ചൂണ്ടിക്കാട്ടിയാണ്. ഈ വാദത്തെ “സംഘകാലഭരണസംവിധാനം ‘ എന്ന കനപ്പെട്ട ഗ്രന്ഥം തയ്യാറാക്കിയ എന്‍ സുബ്രഹ്മണ്യനും എതിര്‍ത്തിട്ടുണ്ട്.
അതെന്തായാലും ഒന്‍പതാം ശതകത്തില്‍ ശങ്കരാചാര്യരാണ് ഗണപതി പൂജയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയതെന്ന് റൊയിനാ ഗ്രെവാള്‍ പറയുന്നു. ഗണപതിപൂജക്കാരുടെ സമൂഹം പത്താം നൂറ്റാണ്ടോടെ ശക്തിപ്പെട്ടു. 17-ന്റെ അവസാനം മോറയഗോസ്വാമിയുടെ ശ്രമഫലമായി ഇതൊരു പ്രസ്ഥാനമായി. തുടര്‍ന്നാണ് ഗണപതി സ്തോത്രങ്ങളുടെയും പുരാണങ്ങളുടെയും ഒഴുക്കുണ്ടായത്. ജനങ്ങലെ ഒരുമിപ്പിക്കുവാന്‍ ഉത്സവങ്ങള്‍ക്കുള്ള പ്രാധാന്യം കണ്ടറിഞ്ഞ ബാലഗംഗാധരതിലകനാണ് ഗണേശോത്സവത്തിന് മാഹാരാഷ്ട്രയില്‍ തുടക്കം കുറിച്ചത്. സവര്‍ണ്ണര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹത്തെ പുറത്തിറക്കാനും സാധാരണജനങ്ങള്‍ക്ക് ആരതിയുഴിയാനും മഹാരാഷ്ട്രയിലെ ഗണേശോത്സവം അവസരം കൊടുത്തു. അതിന്റെ വമ്പിച്ച ജനപ്രീതിയുടെ കാരണവും അതു തന്നെ. സംഭാവനകളിലൂടെ സ്വരൂപിച്ച പണം കൊണ്ട് കൂറ്റന്‍ വിഗ്രഹങ്ങളുണ്ടാക്കുന്നതിലും അവയെ എഴുന്നള്ളിച്ച് സമുദ്രത്തില്‍ നിമ്മജ്ജനം ചെയ്യിക്കാനായി ആളുകൂട്ടുന്നതിലും തിലകന്‍ പ്രവര്‍ത്തിപ്പിച്ചത് ആത്മീയരാഷ്ട്രീയമാണ്. ഭൌതികശരീരം അപാരചൈതന്യത്തില്‍ ലയിക്കുന്നതിന്റെ പ്രതീകാത്മക ആചാരമാണ് ഗണപതി വിഗ്രഹങ്ങളുടെ സമുദ്രലയനം. ആധ്യാത്മികമാണെങ്കിലും ഈ വിശദീകരണത്തിന്റെ വിഡ്ഢിത്തത്തെപ്പറ്റി ആലോചിച്ചു നോക്കുക. ജാതിഭേദങ്ങള്‍ക്കൊണ്ട് കലഹിച്ചുനിന്ന ഹൈന്ദവമനസ്സുകളുടെ ഏകീകരണമായിരുന്നു തിലകന്റെ ഉദ്ദേശ്യം. സ്വാതന്ത്ര്യം എന്ന ലക്ഷ്യവും അന്ന് ജ്വലിച്ചുകൊണ്ട് മുന്നിലുണ്ട്. തിലകന്റെ മരണത്തോടെ നിന്നുപോയ ഘോഷയാത്ര ശിവസേനയുടെ ഉദയത്തോടെയാണ് തിരിച്ചു വരുന്നത്. എന്നുവച്ചാല്‍ അതിന്റെ രാഷ്ട്രീയവശം കൃത്യമായി മനസ്സിലാക്കാനും പ്രയോഗതലത്തില്‍ കൊണ്ടുവരാനും സമകാലത്ത് സാധിച്ചത് താക്കറെയുടെ ശിവസേനയ്ക്കായിരുന്നു എന്ന്. മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച് അധികാരത്തിന്റെ രുചിയറിഞ്ഞ മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഭൌതികശരീരത്തിന് ഭീമാകാരത്വം ഉറപ്പിച്ചുകൊടുത്ത അതേ ഉത്സവത്തെ മലയാളികള്‍ സ്വന്തമാക്കിയതെന്തിനാണെന്നാണ് ഇനി വിചാരിക്കാനുള്ളത്. പഴയ സിദ്ധാന്തങ്ങള്‍ വിടാം, നാം അക്ഷരം എഴുതി പഠിച്ചതെങ്ങനെയായാലും, വര്‍ണ്ണ ശബളിതനായ ഈ പുതിയ ഗണപതി മഹാരാഷ്ട്ര വഴി തന്നെയാണ് കേരളത്തില്‍ അണഞ്ഞിരിക്കുന്നത്. ഈ വര്‍ഷത്തെ ഗണേശ നിമ്മജ്ജനത്തിനായി തിരുവനന്തപുരത്ത് ശിവസേന ഒരുക്കിയിരിക്കുന്ന വഴിയോരകൂടാരങ്ങള്‍ 1008. ഇവിടങ്ങളിലെല്ലാം പൂജകളുണ്ട്, അനുബന്ധ പണപ്പിരിവുകളുണ്ട്. രാപകലില്ലാതെ ഗണേശസ്തോത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചഭാഷിണികള്‍ അലറുന്നുണ്ട്. വിഗ്രഹങ്ങള്‍ കടലിലൊഴുക്കല്‍ പരിപാടിയ്ക്ക് കഴിഞ്ഞതവണ സുരേഷ്ഗോപിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ സാക്ഷാല്‍ ചിയാന്‍ വിക്രമാണ്. കൂടിക്കളിക്കാനും രോമാഞ്ചം കൊള്ളാനും ഭക്തിയില്‍ മുഴുകാനും തലയില്ലാത്ത ജനത്തിന് ഇനിയെന്തു വേണം?
അദ്ഭുതകരമാണ് ഗണേശോത്സവത്തിന്റെ കേരളത്തിലെ വളര്‍ച്ച. അതിനു പിന്നിലുള്ള കാരണം എന്തായാലും. ആത്യന്തികമായി എന്താണ് ഈ പുതിയ ഉത്സവം, റോഡടച്ചുള്ള ഘോഷയാത്ര, 1008 കൂറ്റന്‍ ഗണപതികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ പാഴ്ച്ചെലവ്, വിഗ്രഹങ്ങള്‍ (അവയിലൊന്നും ഇപ്പോള്‍ കളിമണ്ണല്ല) കടലിലൊരിടത്ത് ലയിക്കുന്നതുകൊണ്ടുണ്ടാവുന്ന പരിസ്ഥിതിപ്രശ്നം (കഴിഞ്ഞതവണ ഗണേശോത്സവം കഴിഞ്ഞയുടന്‍ മുംബായ് കടലില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരുന്നു.) , ശബ്ദമലിനീകരണം എല്ലാം കൂടി തലസ്ഥാനത്തെ പ്രബുദ്ധജനതയ്ക്ക് നേടിക്കൊടുക്കുന്നത്? ഫലത്തിലിത് അതു നടത്തുന്ന സംഘത്തിനല്ലാതെ മറ്റാര്‍ക്കും പ്രയോജനം ചെയ്യുന്നില്ലെന്നതാണ് വാസ്തവം. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ , ഈ ഘോഷയാത്രയ്ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. അധികാരത്തെ തെഴുപ്പിക്കല്‍ . അതറിയാതെയാണ് ജനം ഭക്തിയില്‍ രമിക്കുന്നത്. കുറ്റബോധങ്ങളെ ഇറക്കി വയ്ക്കുന്നത്. വഴിവക്കിലെ താത്കാലിക ടെന്റിലെ ആരതികളില്‍ തൊട്ട് കണ്ണില്‍ വയ്ക്കുന്നത്. വിഘ്നേശ്വരോത്സവം പല നിലയ്ക്കും സാമൂഹികമായ വിഘ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും കുടിയിരുത്തുകയുമാണ്. പൂജിക്കുന്നത് ആരുടെ ദൈവത്തെ, എന്തിനുള്ള ദൈവത്തെ എന്നതിനെപ്പറ്റി കൂടി ചിന്തയുണ്ടാവണം ആചാരങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക്. സമൂഹത്തിന്റെ ഗതിവിഗതികള്‍ അവിടെ കിടക്കുന്നു എന്നതിനാല്‍ . ഭക്തിയുടെ ബാഹ്യതലത്തില്‍ അതിരുവിട്ട് രമിക്കുന്ന സ്വഭാവമുള്ളതുകൊണ്ടും തിരിച്ചറിവുകള്‍ പല നില്യ്ക്കും സംഭവിക്കാതെ സ്തംഭിച്ചു നില്‍ക്കുന്നതുകൊണ്ടും ജനക്കൂട്ടം എന്ന നിലയില്‍ മലയാളിക്ക് അത് മനസ്സിലാക്കുന്നതിനു പ്രയാസമുണ്ട്. ഗണപതി എന്ന ദൈവം അതിന്റെ ആദിസ്വരൂപമായ അസുരാവസ്ഥയിലേയ്ക്ക് പോവുകയാണ് ഗണേശോത്സവങ്ങളില്‍ എന്നു സംശയിക്കാന്‍ ഒരുപാട് ന്യായങ്ങളുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയാം.
ചിത്രം. ദ ഹിന്ദു ബ്ലോഗ്
*സംസ്കൃതരീതിയനുസരിച്ച് ഗണപതയേ, ഗണപതേ (രണ്ടിനും അര്‍ത്ഥവ്യത്യാസമുണ്ട്) എന്നൊക്കെയാണു വേണ്ടത്. ഇതു മലയാളരീതി !
August 21, 2009
ഋതുഭേദകല്‍പ്പന
“മലയാളത്തിലെ പൊതു സിനിമയുടെ നിലവാരത്തിന് അതുണ്ടായ കാലം മുതല്‍ ഇന്നോളം വലിയൊരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല.”
- ശ്യാമപ്രസാദ്, ജോഷ്വാ ന്യൂട്ടനുമായുള്ള അഭിമുഖത്തില്‍.
ശ്യാമപ്രസാദിന്റെ ‘ഋതു’വില്‍ അതീവ കാല്പനികവും വിജനവുമായ ഒരു തടാകത്തിന്റെ തീരത്തുള്ള ഒരു മരത്തെ അര്‍ത്ഥവിവക്ഷകളുള്ള ഒരു ദൃശ്യചിഹ്നമായി ഒന്നുരണ്ടിടത്ത് കാണിക്കുന്നുണ്ട്. തോണിക്കാരനായ വൃദ്ധന്റെ അഭിപ്രായത്തില്‍ എവിടുന്നോ ഒഴുകി വന്ന് അവിടെ വേരുറച്ച ഒരു മരമാണത്. അതിപ്പോഴും അതിന്റെ സ്വന്തം ഇടത്തിന്റെ സ്മരണകളെ ഉള്ളില്‍ വഹിക്കുന്നുണ്ട്. അതുകൊണ്ട് അത് കാലം തെറ്റി ഇല പൊഴിക്കുന്നു. മരത്തിന്റെ തൊലി പോലും വര്‍ഷങ്ങള്‍ക്കു ശേഷവും മറ്റേതോ കാലാവസ്ഥയ്ക്ക് യോജിച്ചവിധം പരിസരവൃക്ഷങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസം പേറുന്നു. സിനിമ പ്രേക്ഷകരോട് ഉന്നയിക്കുന്ന ചോദ്യം തന്നെ ‘ഋതുകള്‍ മാറുന്നു, നമ്മള്‍ മാറുമോ?’ എന്നായിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ തെറ്റിയ കാലത്തില്‍ പഴയ ഓര്‍മ്മകള്‍ പേറി നില്‍ക്കുന്ന മരത്തിന്റെ രൂപകത്തിന് സിനിമയില്‍ കൈവരുന്ന പ്രാധാന്യം വ്യക്തമാവുന്നു. നായകനായ ശരത് വര്‍മ്മയാണ് ഒരര്‍ത്ഥത്തില്‍ ഈ മരം. അടുത്ത കൂട്ടുകാരായ സണ്ണി ഇമ്മട്ടിയോടും വര്‍ഷയോടും കേരളത്തിന്റെ ഭൂപ്രകൃതിയോടുമുള്ള തരളസ്മൃതികള്‍ ഉള്ളില്‍ വച്ച് അവരോടൊത്തുച്ചേരാന്‍ അമേരിക്കയിലെ നല്ലൊരുദ്യോഗം കളഞ്ഞ് അയാള്‍ പിന്മടങ്ങുന്നിടത്തുനിന്നാണ് ഋതു തുടങ്ങുന്നത്. പക്ഷേ അയാള്‍ക്ക് കാലം തെറ്റി. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ വിട്ടു പോയരായിരുന്നില്ല, അയാള്‍ തിരിച്ചെത്തുമ്പോഴുണ്ടായിരുന്നത്. അയാള്‍ ഒരിക്കല്‍ ജീവന്‍ രക്ഷിച്ച സണ്ണി അയാളെ ഒറ്റു കൊടുക്കാന്‍ ശ്രമിച്ചു. സ്നേഹിച്ച വര്‍ഷ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തി അയാളെ വഞ്ചിച്ചു. ഒടുവില്‍ അയാളും മാറി. വീണ്ടുവിചാരം ആവശ്യമില്ലാത്ത മട്ടില്‍ അയാള്‍ അവരില്‍ നിന്നും അടര്‍ന്നുമാറി. സണ്ണിയുടെ വിദേശയാത്രാമോഹത്തെ ചതിയിലൂടെ തന്നെ തകര്‍ത്തു. ആലിംഗനത്തിനായി അടുത്തു വന്നു നിന്ന വര്‍ഷയെ തള്ളിമാറ്റി. ഒരിക്കല്‍ പ്രിയതരമായിരുന്ന ‘എഴുത്തിനെ’ പുതുതായി വരിച്ചു. ആ നിലയ്ക്കും വമ്പിച്ച നേട്ടം ഉണ്ടാക്കിയെന്നാണ് സിനിമയിലെ സൂചന. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയും തന്നെ താഴ്ത്താന്‍ ശ്രമിച്ചവരുടെ മേല്‍ കാല്‍ വച്ചും എല്ലായിടത്തും മാതൃകാപരമായി വിജയിച്ചുമാണ് ശരത്ത് ‘ഋതു’ എന്ന സിനിമയിലെ നായകത്വം ഉറപ്പിക്കുന്നത്.
ശില്പഭദ്രതയാണ് സംവിധാനമികവെങ്കില്‍ ഋതു നല്ലൊരു സിനിമയാണ്. ആ നിലയ്ക്കാണതിന്റെ ദൃശ്യപരിചരണം. അടുപ്പക്കാഴ്ചകള്‍ ധാരാളം. തിരശ്ശീല നിറയ്ക്കുന്ന വര്‍ണ്ണവൈവിധ്യം. ഒഴുക്ക്. എന്നാല്‍ സിനിമയുടെ ലാവണ്യാത്മകമായ വശം എത്ര ആകര്‍ഷണീയമായിരുന്നാലും അതിന്റെ അഗാധതയിലെ നിഴല്‍ രൂപങ്ങള്‍, മറ്റൊരത്ഥത്തില്‍ സിനിമയുടെ രൂപപ്പെടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തത്ത്വശാസ്ത്രം കൂടി മെച്ചെപ്പെടേണ്ടതുണ്ട്. അതില്ലെങ്കില്‍ നിന്നിടത്തു നിന്ന് ചുറ്റിത്തിരിയാനാവും ഏതു കലാരൂപത്തിന്റെയും വിധി. അല്ലെങ്കില്‍ ചരിത്രപരമായോ സ്വന്തം നിലയിലോ ഒരു കലാസൃഷ്ടിയ്ക്ക് ഭാവുകത്വങ്ങളെ ഒരിഞ്ചു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതെ വരും. മലയാളിയുടെ എക്കാലത്തെയും ഒഴിയാബാധയായ നൊസ്റ്റാള്‍ജിയയിലാണ് ഋതുവിന്റെ കൂടും ഉടക്കിക്കിടക്കുന്നത്. മഴ, മരം, പച്ചപ്പ് ഇങ്ങനെ തൊട്ട് അടയാളപ്പെടുത്താവുന്നത്. ഐ ടി പാര്‍ക്കുകള്‍ ആവശ്യപ്പെടുന്ന നിരന്തര ജാഗ്രതയ്ക്കും കഠിനമായ പ്രവൃത്തിയ്ക്കുമിടയില്‍ നിന്നു കൊണ്ട് ശരത്തിന്റെ മനസ്സിലുള്ള ഈ വകകള്‍ - തരളസ്മൃതികള്‍ - ചൂണ്ടുന്നത് നീട്ടി വയ്ക്കാന്‍ അയാള്‍ ആഗ്രഹിക്കുന്ന ഒരു ശൈശവത്തിലേയ്ക്കാണ്. സിനിമയിലൊരിടത്തും ശരത്തിന്റെ ജോലിസംബന്ധമായ ഏകാഗ്രത ചിത്രീകരണവിഷയമാവുന്നില്ല. മറിച്ച് അയാളുടെ ഓര്‍മ്മകളില്‍ അയാള്‍ കൂട്ടുകാരോടൊപ്പം ഓടിയും രസിച്ചും നടക്കുകയാണ്. ഫലത്തില്‍ മാനസികമായി പ്രായപൂര്‍ത്തിയാവാത്ത ഒരാളാണ് ശരത്ത്.
ഇതിനു വേറെയും ഉദാഹരണങ്ങളുണ്ട്. അമേരിക്കയില്‍ പോകുന്ന അയാള്‍ക്ക് കൂട്ടുകാര്‍ സമ്മാനമായി നല്‍കുന്നത് കോണ്ടത്തിന്റെ ഒരു വലിയ പാക്കറ്റാണ്. ഒരിക്കല്‍ വര്‍ഷയെ മുന്നില്‍ നിര്‍ത്തി വൃദ്ധനായ മെഡിക്കല്‍ ഷോപ്പുകാരനെയും അയാളുടെ മകനെയും കളിയാക്കുന്നത് കോണ്ടം ആവശ്യപ്പെട്ടുകൊണ്ടാണ്. മൂന്നുപേരും കൂടി കാറിലിരുന്ന് കുലുങ്ങി ഒളിഞ്ഞുനോട്ടക്കാരായ സദാചാരക്കാരെ കൂകിവിളിച്ച് തമാശയൊപ്പിക്കുന്നുമുണ്ട്. ഇത്രയൊക്കെ ദൂരം മുന്നോട്ടു പോയ ഒരു വ്യക്തി, കൂട്ടുകാരിയായ വര്‍ഷ തന്നെ വഞ്ചിച്ചു എന്ന് കണ്ടെത്തുന്നത് അവള്‍ മറ്റുള്ളവരോടൊപ്പം കിടക്കാന്‍ പോയി എന്ന് പറഞ്ഞുകൊണ്ടാണ്. ‘ബാംഗ്ലൂരില്‍ നിന്നോടു ഡേറ്റ് ചെയ്യാത്തതായി ഇനിയാരാണുള്ളത്’ എന്ന് അയാള്‍ ചോദിക്കുന്നുമുണ്ട്. ഇവിടെ രണ്ടു പ്രശ്നങ്ങള്‍ നമ്മെ കുഴക്കുന്നുണ്ട്. 1. രണ്ടാണും ഒരു പെണ്ണും എന്ന സൌഹൃദത്തിന്റെ പദപ്രശ്നത്തെ അയാള്‍ തന്നെയാണ് തകര്‍ക്കുന്നത് മറ്റാരുമല്ല. ഇനി (2) സൌഹൃദമെന്നത് വൈവാഹികജീവിതത്തിനുള്ള ചവിട്ടുപടിയായിരുന്നു അയാള്‍ക്ക് എന്നു വാദിച്ചാല്‍, സെറീന- ബാലു ദ്വന്ദ്വത്തെ ഉദാഹരിച്ചു കൊണ്ട് ചിത്രം മറു വശത്തു വച്ചിട്ടുള്ള വൈവാഹിക ജീവിതമല്ല അയാള്‍ ആഗ്രഹിക്കുന്നതെന്നു വ്യക്തമാകും. ശരത്തിന് എന്തായാലും ബാലുവാകാന്‍ കഴിയില്ല എന്നാണു സൂചന. അതു തന്നെയാണ് അയാളുടെ പ്രശ്നവും. വര്‍ഷയുടെ കണ്ണില്‍ അയാളോടുള്ള പ്രണയം വ്യക്തമാണ്. അതവള്‍ ഒരിക്കലും നീക്കി വക്കുന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് അവള്‍ അല്പം അവധാനത പ്രകടിപ്പിച്ചത്. പക്ഷേ അത് ശരത്ത് വകവയ്ക്കുന്നുമില്ല. നേരത്തെ പറഞ്ഞ കളിയൊക്കെ കളിക്കുകയും ബിയറു കുടിക്കുകയും ഒക്കെ ചെയ്യുമ്പോഴും ആരും തൊടാത്ത ഒരു പെണ്ണും പൂമുഖപ്പടി സ്നേഹം നിരന്തരം കൊളുത്തി നില്‍ക്കുന്ന ഭാര്യയുമായിരുന്നു അയാളുടെ മനസ്സില്‍ എന്നല്ലേ ഇതെല്ലാം കൂടി തരുന്ന അര്‍ത്ഥം? അപ്പോള്‍ അയാള്‍ എന്തായിരുന്നു അവളില്‍ തേടിയിരുന്നത്? ആരാണ് അയാളെ വഞ്ചിച്ചത്?
പ്രത്യക്ഷത്തില്‍ ആ നാട്യമൊന്നുമില്ലെങ്കിലും ഋതുവിന്റെ കറക്കവും അപ്രതിരോധ്യനായ ഒരു നായകന്റെ ചുറ്റുമാണ്. അയാള്‍ വഞ്ചിക്കപ്പെട്ടു എന്നതല്ല, വഞ്ചിക്കപ്പെട്ടതായി അയാള്‍ക്കു തോന്നിയടത്താണ് സിനിമയുടെ പിരിമുറുക്കം മുഴുവന്‍. തികഞ്ഞ കാല്പനിക നായകന്റെ സ്വഭാവമാണിത്. അയാളുടെ അടുത്ത കൂട്ടുകാരന്‍ സണ്ണി സ്വവര്‍ഗപ്രണയിയാണെന്നും അയാള്‍ വഞ്ചിക്കാന്‍ പോവുകയാണെന്നുമുള്ള വിവരം ശരത്തിനു നല്‍കുന്നത് ജിത്തു എന്നൊരാളാണ്. വിചിത്രമാണ് ഈ കഥാപാത്രസൃഷ്ടി. 10 കോടി രൂപയ്ക്ക് ഒരു സോഫ്റ്റ് വെയര്‍ കടത്താന്‍ പോകുന്ന സണ്ണി സ്വന്തം കൂട്ടുകാരന്റെ മെയില്‍ അഡ്രസ്സ് ഹാക്ക് ചെയ്തെടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചത് ഈ കഥാപാത്രത്തോടാണ്. ഈ വില്‍പ്പന സണ്ണിയ്ക്ക് വിദേശയാത്രയ്ക്കുള്ള പണം സ്വരൂപിക്കാനുമാണത്രേ. (പണം ഉണ്ടാക്കാന്‍ പോകാന്‍ പണം !) എന്നിട്ടോ പാസ്സ് വേഡ് ഹാക്ക് ചെയ്യാന്‍ സഹായിച്ച ആളു തന്നെ ശരത്തിനു വിവരം നല്‍കുന്നു. തീര്‍ത്തും യുക്തിപരമല്ലാത്ത നാടകമാണ് ഈ കഥയ്ക് പിന്നിലുള്ളത്. പാസ് വേഡ് ഹാക്കിംഗ് ‘സുഹൃത്തിന്റെ വഞ്ചന’ എന്ന കല്‍പ്പനയ്ക്ക് ആക്കം കൂട്ടാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഫലത്തില്‍ സണ്ണി ആരെയും ചതിക്കുന്നില്ല. എന്നാല്‍ ശരത്താവട്ടേ സണ്ണിയെ ചതിക്കുകയും ചെയ്യുന്നു. ആ നിലയ്ക്ക് അയാളുടെ ജോലി പോകുന്നു. സണ്ണി ഗേയാണെന്ന വിവരം നെഗറ്റീവായൊരു പരിപ്രേക്ഷ്യത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതൊരു വിശ്വാസതകര്‍ച്ചയുടെ ഭാഗമാണ്. കളിച്ചു നടന്ന കാലത്തൊന്നും ശരത്ത് അറിയാതിരുന്ന ഇക്കാര്യം അമേരിക്കയില്‍ പോയി വരുമ്പോള്‍ മാത്രം - അതും ജിത്തു വഴി- അറിയാന്‍ ഇടയാകുന്ന സാഹചര്യം നേരത്തേ വിവരിച്ച പ്രായപൂര്‍ത്തിയുമായി ബന്ധപ്പെട്ട സംഗതിയല്ലേ എന്ന് ന്യായമായും സംശയിക്കാം. സിനിമ മൊത്തം ശരത്തിന്റെ ദിവാസ്വപ്നവും അമേരിക്കയില്‍ തന്നെ കഴിഞ്ഞുകൂടാനായി അയാളുടെ സര്‍ഗാത്മകഭാവന മെനഞ്ഞ കഥയുമാണെന്ന് വാദിച്ചാല്‍ പോലും അതിലൊരു വലിയ ശരിയുണ്ട്. അജ്ഞാതവാസത്തിലായിരിക്കുന്ന (പ്രവാസത്തിലായിരിക്കുന്ന) ശരത്തിന്റെ പുസ്തകം സിനിമയുടെ അവസാനം കൂട്ടുകാരെ തേടി വരുന്നത് ആ നിലയ്ക്ക് കുറച്ച് ആലോചിക്കാന്‍ വക നല്‍കുന്നുണ്ട്.
പ്രകൃതിജീവനവും പണത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമികയും ഋതുവിന്റെ പശ്ചാത്തലമാണ്. അതിവേഗം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ മേഖലകളെ പരമ്പരാഗത തൊഴില്‍ മേഖലയിലുള്ളവര്‍ നോക്കിക്കാണുന്ന രീതിയില്‍ വന്നുഭവിച്ചിരിക്കുന്ന സംഘര്‍ഷം മലയാള സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും ആവിഷ്കരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മിന്നാമിന്നിക്കൂട്ടം, ഭ്രമരം തുടങ്ങിയവ സമീപകാല ഉദാഹരണങ്ങള്‍. പക്ഷേ ഇവിടങ്ങളിലൊക്കെ പ്രകടമായ പക്ഷപാതിത്വം സന്നിഹിതമാണെന്നതാണ് ഒരു ദോഷം. ദാരിദ്ര്യത്തെ യാഥാര്‍ത്ഥ്യം എന്ന നിലയ്ക്കല്ല, മറിച്ച് കാല്‍പ്പനികമായ ശബളിമയോടെയാണ് ഏറിയ കൂറും നമ്മുടെ സിനിമകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് (ബോധപൂര്‍വമല്ലെങ്കില്‍ കൂടി) നിശ്ചലമായ തടാകം പ്രലോഭനീയമായ സ്ഥലമാകുന്നതും, ക്യുബിക്കിള്‍ വിട്ടോടി പോകേണ്ട ഒരിടമാണെന്ന മട്ടില്‍ നിറയുന്നതും. ഐ ടി കമ്പനിയുടമ സെറീനയും അവരുടെ വിധേയനായ ഭര്‍ത്താവ് ബാലുവും തമ്മിലുള്ള സംഘര്‍ഷം ഫലത്തില്‍ ആശയതലത്തിലുള്ള മേല്‍പ്പറഞ്ഞ വൈരുദ്ധ്യത്തിന്റെ വ്യക്തിഗത രൂപാന്തരണമാണ്. പഴയ സിനിമകളില്‍ നിശ്ശബ്ദഭാര്യമാര്‍ അനുഷ്ഠിച്ചിരുന്ന ദൌത്യം പുതിയ കുടുംബത്തില്‍ ഭര്‍ത്താവിലേയ്ക്ക് വച്ചു മാറ്റുന്നു എന്ന വ്യത്യാസം മാത്രമാണ് ഈ സിനിമ ചെയ്തത്. ബാലു ഒരു വാര്‍പ്പ് മാതൃകയാണ്. അയാളെ ഫിലോസഫര്‍ എന്നൊക്കെയാണ് സെറീന പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ വേണമെന്നും ഇപ്പോള്‍ നയിക്കുന്നത് ഒരു ജീവിതമല്ലെന്നും മാത്രം നിരാശനായി ഉരുവിടുന്നതല്ലാതെ മറ്റൊരു ഫിലോസഫിയും ബാലുവില്‍ നിന്ന് പുറപ്പെട്ടു കാണുന്നില്ല. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ രാഷ്ട്രീയം മാറിയ കാലത്തിന്റെ ഋതുവാണ്. ആലോചിച്ചാല്‍ അയാളെ ഫിലോസഫറായി അവതരിപ്പിക്കുന്നത് വ്യക്തമായൊരു പക്ഷപാതമാണ്. ചലച്ചിത്രകാരന്റെ. കുറ്റബോധത്തിനു വഴങ്ങി, ശരത്തിന്റെ കൂട്ടുകാരായ വര്‍ഷയും സണ്ണിയും എത്തിച്ചേരുന്ന ഇടങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇവര്‍ക്ക് കുറ്റബോധമുണ്ടാവേണ്ടതിന് അടിസ്ഥാനമൊന്നും സിനിമ പറഞ്ഞു വയ്ക്കുന്നില്ല. അപ്പോള്‍ ഇവര്‍ വന്നുപ്പെട്ടിരിക്കുന്ന പരിണതി രചയിതാവും സംവിധായകനും ചേര്‍ന്ന് നല്‍കിയ ശിക്ഷയാവാനേ തരമുള്ളൂ. എന്നു വച്ചാല്‍ പരാജയപ്പെട്ട് തറപറ്റുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കണം എന്നു വച്ച് സിനിമയ്ക്കു മേല്‍ കെട്ടി ഏല്‍പ്പിച്ചിരിക്കുന്ന സദാചാരപാഠം.
പ്രാഞ്ചി എന്ന തടിയനും ഏറെക്കുറെ നിശ്ശബ്ദനുമായ കഥാപാത്രത്തിലൂടെ ഐ ടി പാര്‍ക്കുകള്‍ക്കു വേണ്ടി കുടിയിറക്കപ്പെട്ടവരുടെ കാലികാവസ്ഥയും സിനിമയില്‍ ഇടം നേടിയിട്ടുണ്ട്. പ്രാഞ്ചി നിരന്തരം അവഹേളിക്കപ്പെടുന്ന ആളാണ്. മാറിയ കാലത്തിന്റെ പുതിയ ഇരകളാണ് പ്രാഞ്ചിയെപ്പോലുള്ളവര്‍. വീടിരുന്ന സ്ഥലത്തെക്കുറിച്ചുള്ള പ്രാഞ്ചിയുടെ നൊസ്റ്റാള്‍ജിയ തീവ്രമായ വൈകാരികതയോടെ സിനിമയില്‍ ഒരിടത്ത് അവതരിപ്പിക്കപ്പെടുന്നു. ശരത്തിന്റെ നൊസ്റ്റാള്‍ജിയയ്ക്ക് പരഭാഗശോഭനല്‍കുന്ന ഒന്നാണിത്. ഈ സൈസ് നാടകങ്ങളുടെ നിറക്കൂട്ടാണ് ഋതുവിനെ സാമ്പ്രദായികരീതിയില്‍ നിന്ന് അല്പം പോലും പൊലിപ്പിക്കാതെ കുറ്റിയില്‍ കെട്ടിയിടുന്നത്. വിപ്ലവാവേശത്തിന്റെ പരാജയപ്പെട്ട ഭൂതകാലമാണ് മന്ദ്രസ്ഥായിയിലുള്ള മറ്റൊരു പശ്ചാത്തലം. അവര്‍ തോറ്റവരല്ല. തോറ്റു കൊടുത്തവരാണെന്ന് സിനിമയില്‍ ഒരു വാചകമുണ്ട്. ശരത്ത് വര്‍മ്മയുടെ അച്ഛന്‍ രാമവര്‍മ്മ, ജ്യേഷ്ഠന്‍ ഹരി വര്‍മ്മ എന്നിവരെക്കുറിച്ചാണ് ഈ പരാമര്‍ശം. ആദര്‍ശാത്മകമായ ഭൂതകാലത്തിന്റെ ഓര്‍മ്മയാണ് ഈ കഥാപാത്രങ്ങള്‍. പക്ഷേ വൈരുദ്ധ്യങ്ങള്‍ ഇവിടെയുമുണ്ട്. മകനെ അവനു താത്പര്യമുള്ള സാഹിത്യം പഠിക്കാന്‍ വിടാതെ ഐ ടിയിലേയ്ക്ക് പറഞ്ഞു വിട്ട ആളാണ് ‘തോറ്റു കൊടുത്തു’ എന്നു പറയുന്ന അച്ഛന്‍. അനുജനെ അവനിഷ്ടമില്ലാത്ത ഐടി മേഖലയിലേയ്ക്ക് പഠിക്കാന്‍ വിട്ട് അമേരിക്കയിലേയ്ക്ക് കയറ്റി അയച്ചതിനെ ശക്തമായ ഭാഷയില്‍ ഒരിക്കല്‍ കുടുമബസദസ്സില്‍ എതിര്‍ക്കുന്ന പരാജിതനും വിഷാദവാനുമായ ജ്യേഷ്ഠന്‍ ഒരിക്കല്‍ അനുജനെ കാണാന്‍ വരുന്നത് അവന്റെ പുസ്തകം ഇംഗ്ലീഷ് പ്രസാധകര്‍ തെരെഞ്ഞെടുത്ത സന്തോഷ വര്‍ത്തമാനം അറിയിക്കാനാണ്. അക്കാര്യത്തില്‍ അയാള്‍ക്കുള്ള അതിരു കവിഞ്ഞ സന്തോഷം നാം സിനിമയില്‍ കാണുന്നുണ്ട്. വലിയ വിലയ്ക്കാണ് പ്രസാധകര്‍ - ഇംഗ്ലീഷ് പ്രസാധകര്‍- ശരത്തിന്റെ കന്നി നോവല്‍ ഏറ്റെടുക്കുന്നതത്രേ. മൂന്നാലോകവാസിയുടെ സര്‍ഗാത്മകശേഷി പോലും വെള്ളക്കാരന്റെ തലോടലേറ്റാല്‍ മാത്രമേ പുഷ്കലമാവുകയും സാഫല്യമടയുകയും ചെയ്യുകയുള്ളൂ എന്നൊരര്‍ത്ഥം ഇവിടെ വന്നു ഭവിക്കുന്നുണ്ട്. വിദേശപ്രസാധകര്‍ക്ക് രുചിക്കുന്ന ഒരു കൃതി എഴുതാന്‍ ശരത്തിനു കഴിഞ്ഞതില്‍ വസന്തത്തിനു കാതോര്‍ത്ത ഒരു വിപ്ലവസമൂഹത്തിലെ അംഗമായിരുന്ന വ്യക്തി എന്ന നിലയില്‍ അയാള്‍ക്ക് സന്തോഷം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. കാരണം തീര്‍ച്ചയായും ആ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുക കമ്പോളയുക്തിയാണെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്ക് കഴിയേണ്ടതല്ലേ? അനുജനോടുള്ള സ്നേഹമാണ് പ്രവര്‍ത്തിക്കുന്നതെന്നു വന്നാലും (അച്ഛന്‍ മരിക്കുമ്പോള്‍ കണ്ണീരില്ലാതെ നിസ്സംഗനാവുന്നതരം ഭാവം രവിവര്‍മ്മ അനുഭവങ്ങളില്‍ നിന്ന് നേടിയെടുത്തിട്ടുണ്ട്) മുതലാളിത്തത്തിനും കമ്പോളത്തിനുമായി അവന് ഉണ്ടെന്നു പറയപ്പെടുന്ന രചനാശേഷി വിലയിട്ട് പങ്കിട്ടു പോകുന്നതില്‍ അയാള്‍ക്ക് ഉള്ളിന്റെ ഉള്ളിലെങ്കിലും വേവലാതി ഉണ്ടാവേണ്ടതല്ലേ? കമ്പോളത്തിനു പ്രിയതരമാവുന്ന സര്‍ഗാത്മകതയാണ് അവനുള്ളതെന്ന് അറിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് വിഷമം ഉണ്ടാവേണ്ടതല്ലേ, താത്ത്വികമായെങ്കിലും ? പുറംപൂച്ച് എന്തായാലും പ്രത്യയശാസ്ത്രപരമായി ആഴം കുറഞ്ഞവരാണീ കഥാപാത്രങ്ങള്‍ എന്നുള്ളതാണ് സത്യം. ശരത്ത് വര്‍മ്മയുടെ നായകത്വമാണ് സിനിമയുടെ കാതല്‍ എന്നു വരുമ്പോള്‍ അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്ക് സ്വാഭാവികമായും ആഴം കുറയും. ചുറ്റും നില്‍ക്കുന്നവരുടെ കുറഞ്ഞ ആഴമാണ് നായകനു, നായകത്വ പരിവേഷം നല്‍കുന്നത്. തിരക്കഥാ രചനയുടെ സിമ്പിളായ ലോജിക് അതാണ്.
പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ പെസ്സോവയുടെ ‘ഒരു മനുഷ്യന്റെ ഉള്ളില്‍ തന്നെയുള്ള പല മനുഷ്യര്‍’ എന്ന വാചകത്തെ സിനിമ ദൃശ്യതലത്തില്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നെന്നും പ്രധാനകഥാപാത്രങ്ങളുടെ പേരുകളിലെ കാലാവസ്ഥാസൂചനയിലും തമ്മില്‍ച്ചേരാത്ത പല ഋതുക്കളുടെ സമാഹാരമായി മനുഷ്യനെ നോക്കിക്കാണാനുള്ള ശ്രമമുണ്ടെന്നും വാദമുണ്ട്. എന്നാല്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടെയും പിന്നിലുള്ള ദിശാരാഹിത്യത്തെയും ധര്‍മ്മസങ്കടങ്ങളുടെ വെളിവാകലിനെയും കുറിച്ചാലോചിച്ചുകൊണ്ടാണ് നാം ഫെഡെറിക് ജെയിംസണുമായി ചായുന്നത്. ശിഥിലമായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കടത്തിവിടേണ്ടി വരുന്നതുകൊണ്ട് സ്വത്വം, കണ്ണാടിച്ചില്ലുകളിലെ പ്രതിബിംബങ്ങള്‍ കണക്കെ വികേന്ദ്രീകൃതമാവുന്ന ഉത്തരാധുനികകാലത്തിന്റെ നൊസ്സുകളെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ്, പിന്നെയും ‘ഋതു’വിലെ പ്രധാനകഥാപാത്രം അനുഭവിക്കുന്ന പ്രവാസിത, നൊസ്റ്റാള്‍ജിയ, ദിവാസ്വപ്നം തുടങ്ങിയവ നാളിതുവരെ നാം പരിചയിച്ചുപോന്ന നിത്യവ്യസനങ്ങളുടെ അതിരു താണ്ടി കുതിക്കുന്ന പുത്തന്‍ അന്തര്‍വാഹിനികളൊന്നുമല്ലല്ലോ പഴയ പക്ഷപാതങ്ങളുടെ കോലങ്ങള്‍ പുതിയ കുപ്പായമിട്ട് തുള്ളിക്കളിക്കുക മാത്രമല്ലേ എന്നും പറഞ്ഞ് മനസ്സിന്റെ കോലായയില്‍ നിന്നാരോ വന്ന് പുസ്തകം അടച്ചു വയ്പ്പിക്കുന്നത്.
August 13, 2009
പാടുന്ന കള്ളന്‍
“നിലാവു കണ്ട് കള്ളന്‍
തെല്ലിട നിന്നു,
പാടുവാന്‍.”
ഏതു ശരീരത്തിലുമുണ്ട് കാമദേവനും കള്ളനും ജരയും മൃത്യുവും ഭയവും. ഇവയൊന്നും എന്നെ ഭയപ്പെടുത്തരുതേ, സങ്കടപ്പെടുത്തരുതേ, ബാധിക്കരുതേ, സ്വസ്ഥത നശിപ്പിക്കരുതേ, ഉപദ്രവിക്കരുതേ എന്നെല്ലാം പറഞ്ഞ് താണു വീണു കരയുന്ന ഒരു ശ്ലോകം സംസ്കൃതത്തില്‍ കണ്ടിട്ടുണ്ട്. ആ ആഭാണകത്തിലെ ആ കള്ളന്‍ ഉള്ളിലിരുന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നു ആലോചിച്ചിരുന്നാല്‍ ഒരവസാനവും ഉണ്ടാവില്ല. ആരുടെ ഉള്ളു തുരന്നാണ് ഇയാള്‍ കുടിയിരിക്കാത്തത്? നിരീശ്വരവാദിയായ ഒരു സുഹൃത്തിനെപ്പറ്റി കാമു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? അവന്‍ വ്യഭിചാരിയായപ്പോള്‍ കടുത്ത ഭക്തനായെന്ന്. പ്രസിദ്ധ ജപ്പാനിസ് നോവലിസ്റ്റ് താനിസാക്കി ജപ്പാന്റെ പരമ്പരാഗതമായ വീടുകളെ പുകഴ്ത്തുകയും അവയുടെ ഘടനാപരമായ സവിശേഷതകളെ വര്‍ദ്ധിച്ച ആവേശത്തോടെ വിവരിക്കുകയും ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞു : ‘എനിക്കവയില്‍ താമസിക്കാന്‍ താത്പര്യമില്ല. അവയ്ക്ക് പാശ്ചാത്യസൌകര്യങ്ങളില്ല.’ സ്റ്റാലിന്‍ മൂലധനം വായിച്ചിരുന്നില്ല. ഹിറ്റ്ലര്‍ നീഷേയും വായിച്ചിരുന്നില്ല. അശനം എന്ന കവിതയില്‍ കെ ജി എസ് എഴുതിയതു് അല്പം മാറ്റിയാല്‍ ‘ഇത്തിരീശ്ശെ സ്വയം കക്കണമായിരിക്കും, ഇത്തിരീശ്ശെ സ്വയം പോറ്റാന്‍..’
മലയാളിയുടെ ‘തീവ്സ് ജേണല്‍’ മണിയന്‍ പിള്ളയുടെ ആത്മകഥ, കള്ളന്‍, പോലീസ്, പൊതുസമൂഹം, മാന്യത, സുരക്ഷിതത്വം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ആശയക്കുഴപ്പത്തിന്റെ തൊഴുത്തിനകത്ത് കയറ്റിയിട്ട് പൂട്ടിയിട്ട് ചിരിയെന്നോ കരച്ചിലെന്നോ വിളിക്കാന്‍ വയ്യാത്ത ഒരു ഭാവത്തിലങ്ങനെ നില്‍ക്കുകയാണ്. സത്യമുള്ള പണം എവിടിരുന്നാലും ഒരു കള്ളനും തൊടാന്‍ പറ്റില്ലെന്ന തത്ത്വശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്ന പഴയ മോഷ്ടാവിന്റെ അനുഭവങ്ങള്‍ കള്ളനെയാണോ സത്യവാനെയാണോ മുന്നില്‍ നിര്‍ത്തുന്നത്? കൊടുവള്ളിയിലെ പെണ്‍കുട്ടിയ്ക്ക് മാപ്പെഴുതി വാച്ചു തിരിച്ചു കൊടുത്തത്. മയ്യനാട്ടെ വീട്ടില്‍ കച്ചവടം തുടങ്ങാന്‍ വായ്പ വാങ്ങിക്കൊണ്ടു വച്ചുരുന്ന സ്യൂട്ട്കേസിന്റെ മുകളില്‍ കയറി നിന്ന് പൂട്ടാത്ത അലമാരിക്കുള്ളിലും മുകളിലും പരതിയിട്ടും ഒന്നും കിട്ടാതെ തിരിച്ചു പോയത്. കരമനയില്‍ പണം നിറഞ്ഞ ബാഗ് എടുത്തു വച്ചിട്ടും അതുപേക്ഷിച്ച് പോകേണ്ടി വന്നത്. പോലീസുകാര്‍ മോഷണമുതലു സ്വന്തമാക്കിയ കഥ വേറേ. കള്ളനെയും ഉള്ളിലെ കള്ളന്‍ ബാധിക്കും. മറ്റൊരു തരത്തില്‍. സദാചാരപ്രസംഗം കൊണ്ട് മറ്റുള്ളവരുടെ നടുവൊടിച്ച എത്ര കള്ളന്മാരാണ് നാട്ടില്‍ നടു നിവര്‍ത്തി വിലസുന്നത്!
എഡ്ഗാര്‍ അലന്‍ പോയുടെ കഥയിലെ മോഷ്ടിക്കപ്പെട്ട കത്ത് സൂക്ഷിച്ചിരുന്നത് എല്ലാവരും കാണുന്ന ഒരു സ്ഥലത്താണ്. അതു തന്നെയായിരുന്നു അതിന്റെ പ്രത്യേകതയും. പ്രഖ്യാതവും അസാധാരണവുമായ ആ മോഷണവസ്തു ഒളിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നിടത്തായിരുന്നു ആ കളവ് പ്രത്യേക മാനം നേടുന്നത്. അതിന്റെ ലൈംഗികമായ അര്‍ത്ഥം പഴയത്. മൈക്കല്‍ റോഗിന്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ആ കത്ത് ആധുനികോത്തര അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തനി പകര്‍പ്പാണ്. മോഷ്ടിക്കപ്പെട്ട ഒളിമ്പിക്സ് പതാക ഇതാ എന്റെ ബാഗിലുണ്ട് പരിശോധിക്കൂ എന്ന് യഥാര്‍ത്ഥ കള്ളന്‍ പറഞ്ഞിട്ടും ആര്‍ക്കെങ്കിലും തോന്നിയോ എന്നാല്‍ അതൊന്നു പരിശോധിച്ചു കളയാമെന്ന്. അതീയടുത്തകാലത്ത് കണ്ടെടുത്തപ്പോഴാണ് പണ്ടത്തെ അന്വേഷണശൂരര്‍ അയ്യടാ എന്ന് മൂക്കും ചുണ്ടും ചേര്‍ത്ത് വിരലു വച്ചു നിന്നു പോയത്. ഏറ്റൂമാനൂരത്തെ വിഗ്രഹം മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോള്‍ സ്റ്റീഫന്‍ കണ്ടത് ഒരാനയെ. പതിവില്ലാത്ത വിധം അതൊരു സലാം കൊടുത്തു, മോഷ്ടാവിന്. ആന തീര്‍ച്ചയായും മറ്റൊരു ബഷീറായിരിക്കും. ‘കര്‍ത്താവിനെന്തിനാ പൊന്‍ കുരിശ്’ എന്നായിരിക്കണം അത് ആനകളുടെ ഭാഷയില്‍ തുമ്പിക്കൈയുയര്‍ത്തി മൊഴിഞ്ഞത്. സംശയമില്ല. ഇരുട്ടു പറ്റി വീട്ടിനുള്ളില്‍ കയറി കണ്ടെതെല്ലാം സ്വന്തമാക്കി സ്ഥലം വിടുന്ന വിരുതന്മാരെ സൂക്ഷിക്കേണ്ട വഴിയെപ്പറ്റി അക്കൂട്ടത്തിലൊരു വിരുതനായ മണിയന്‍ പിള്ള ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് ബാത്ത് റൂമില്‍ രാത്രി മുഴുവന്‍ ലൈറ്റിടണം എന്നാണ്. കഷ്ടിച്ച് അരമണിക്കൂര്‍ മാത്രം ഒരു വീട്ടില്‍ ചെലവഴിക്കത്തക്ക ടൈറ്റ് ഷെഡ്യൂള്‍ (സ്കെഡ്യൂള്‍) മാത്രം ഉള്ള കള്ളന്‍ അകത്താരെങ്കിലും ഉണ്ടോ ഇല്ലേ എന്ന് ചുഴിഞ്ഞ് ആലോചിച്ചോണ്ടു നില്ക്കാന്‍ മെനക്കെടില്ല. മറ്റൊന്ന് മുറ്റം സിമന്റിട്ടു പൂശി മെനക്കേടാക്കാതെ ചവിട്ടിയാല്‍ ഒച്ചയുയരുന്ന ഉരുളന്‍ കല്ലുകളിടാനാണ്. പട്ടികളെക്കൊണ്ട് കാര്യമൊന്നുമില്ല. അവറ്റകളുടെ മനശ്ശാസ്ത്രം കള്ളന്മാര്‍ക്ക് പിടിപാടുണ്ട്. നിങ്ങളുടേത് തീഫ് പ്രൂഫ് വീടാണെങ്കിലും അതുപൊളിക്കാന്‍ വേണ്ട പണിയായുധങ്ങള്‍ അയല്പക്കത്തെ വീട്ടിലെ പൂട്ടാത്ത സ്റ്റോര്‍ മുറിയില്‍ സന്നിഹിതമാണെങ്കില്‍ പിന്നെ എന്തു സുരക്ഷ? ഗൃഹനാഥന്മാര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട് ആ പുസ്തകത്തില്‍: നിങ്ങളുടെ വീട്ടില്‍ ഇതുവരെ കള്ളന്‍ കയറാത്തത് അതു അത്ര സുരക്ഷിതമായതുകൊണ്ടല്ല. കള്ളന്‍ ആ വീട് നോട്ടമിടാത്തതു കൊണ്ടാണ്. ആ വീട് കള്ളന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നതാണ് അതിന്റെ സുരക്ഷിതത്വം.
സിറ്റി പോലീസ് കമ്മീഷ്ണര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചെന്നിരിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. പോലീസ് നഗരത്തിലെ സദാചാരസംരക്ഷണത്തിനായാണ് യോഗം വിളിച്ചത്. (മനോരമ പത്രം നമ്മുടെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു രണ്ടുകണ്ണു പോര, നാലു കണ്ണു വേണം എന്ന് അലമുറയിട്ട് വെണ്ടയ്ക്കയില്‍ ഫീച്ചറെഴുതിയതിന്റെ പാര്‍ശ്വഫലമാണ്) കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ ലാക്കാക്കി റാകിപ്പറക്കുന്ന തസ്കരസംഘങ്ങള്‍ക്കെതിരെ ജാഗരൂകരാവാനാവാന്‍ വേണ്ടിയാണ്. ( പോലീസിന്റെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപികമാരുടെയും വിരല്‍ ചൂണ്ടലുകള്‍ ഏറെയും ഓട്ടോ ഡ്രൈവര്‍മാര്‍, സ്കൂള്‍വാഹനത്തിലെ കിളികള്‍, ടാക്സി ടെമ്പോ എന്നിവ ഓടിക്കുന്നവര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്കെതിരെയാണെന്നത് ശ്രദ്ധേയമാണ്. ) മോഷണം, ആളായും ചാരിത്ര്യമായും സംശുദ്ധി മാത്രമായും ധാരാളം നടക്കുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണിലാകെ കൂട്ടുകാരികളുടെ നഗ്ന ചലന ചിത്രങ്ങളാണ്. ക്ലാസ് സമയത്ത് ജനാല ചാടി പെണ്‍കുട്ടികള്‍ കൂട്ടുകാരെ തേടി പോകുന്നു. പിടിക്കപ്പെടുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ കാലില്‍ വീണു വാര്‍ത്തയാക്കരുതെന്നു വിലപിക്കുന്നതുകൊണ്ടു മാത്രം പോലീസുകാര്‍ മാത്രമറിയുന്ന വ്യവഹാരമായി ഇതു തീര്‍ന്നു പോകുന്നു. സുരക്ഷിതത്വമെന്നത് ആരുടെയോ സൌജന്യം മാത്രമാണെന്ന്....അപ്പോള്‍ തീര്‍ച്ചയായും ഓരോരുത്തരുടെ ഉള്ളിലും പരസ്പരം ഏതു നിമിഷവും വേഷം മാറുന്ന ഒരു കാമദേവനും കള്ളനും ഉണ്ട്. കള്ളന്മാരുടെ എണ്ണം ആളാംവണ്ണം വര്‍ദ്ധിച്ചതുകൊണ്ടാവണം നമ്മളിത്രയും പേടിക്കുന്നത്. ഓരോരുത്തരും ഒരു കള്ളനും അതേസമയം ഒരു വീടുമാണെങ്കില്‍, ഓരോരുത്തരും മറ്റൊരാളെ നിരീക്ഷിക്കുകയും സ്വയം മറ്റാരുടെയോ ചുഴിഞ്ഞുള്ള നിരീക്ഷണത്തിനു വിധേയരാവുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതായിരിക്കും സിമുലാക്ര. അനേകം കണ്ണാടികളില്‍ പ്രതിഫലിച്ചു കാണുന്ന രൂപങ്ങളില്‍ നമ്മളാരാണെന്ന് അറിയാതെ സ്വയം കുഴങ്ങുന്ന ഉത്തരാധുനിക മനുഷ്യന്‍. പ്രതിബിംബങ്ങള്‍ കള്ളങ്ങളല്ലേ? എങ്കില്‍ അതു നമ്മെ ബാധിച്ചു കഴിഞ്ഞു. ഇനി പ്രാര്‍ത്ഥിച്ചിട്ടെന്ത്?
ആത്മഹത്യ ചെയ്യാനായി പാലത്തിന്റെ മുകളില്‍ നിന്ന മെലിഞ്ഞ സ്ത്രീയെ നോക്കി നിസ്സംഗനായി നടന്നുപോയ, ചൂതു കളിക്കാത്ത, തിയേറ്ററില്‍ പോകാത്ത, സ്ത്രീകളില്‍ താത്പര്യമില്ലാത്ത കാമുവിന്റെ നായകന്‍ ‘വീഴ്ച’യില്‍ ഒരിടത്ത് എഴുതുന്നു, ‘ഒരു വേള, ഞാന്‍ സത്യത്തിന്റെ ലോകത്ത് എത്തിക്കഴിഞ്ഞിരിക്കും. എന്നാല്‍ പ്രിയ സുഹൃത്തേ, സത്യം ആനബോറാണ്.’
ചിത്രം : കെ പി കൃഷ്ണകുമാറിന്റെ കള്ളന്‍ എന്ന ഫൈബര്‍ശില്പം
August 7, 2009
അടിസ്ഥാന ചിന്തകളുടെ ഒരു വൈകുന്നേരം
നാളെ -ആഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച - രാവിലെ 11 മണിക്ക് ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് രചിച്ച ‘ഡില്‍ഡോ’ എന്ന നോവല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് ഔദ്യോഗികമായി പ്രകാശിതമാവുകയാണ്. വൈകുന്നേരം ഒത്തുച്ചേരലിനൊരു ലയാത്മകപശ്ചാത്തലമൊരുക്കി ഗസല്‍. ചെറായിയില്‍ നടന്ന ബ്ലോഗു മീറ്റില്‍ പുസ്തകം വിറ്റിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പുസ്തകങ്ങള്‍ വാങ്ങി. വായിക്കാനായി നീണ്ടു വരുന്ന കൈകളേക്കാള്‍ നല്ലൊരു പ്രകാശനം പുസ്തകത്തിനു വേറെ കിട്ടാനുണ്ടോ? അതുകൊണ്ട് പ്രകാശിതമായൊരു പുസ്തകമാണ് വീണ്ടും പ്രകാശിപ്പിക്കപ്പെടുന്നതെന്ന പ്രത്യേകതയുണ്ട് ഡില്‍ഡോയ്ക്ക്. ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍ക്ക്’ ഇങ്ങനെയൊരു വിശേഷണം പി പി രാമചന്ദ്രന്‍ കൊടുത്തതോര്‍മ്മയുണ്ട്. അതു പക്ഷേ മറ്റൊരു നിലയ്ക്കാണ്. ബ്ലോഗുകളിലൂടെയും വെബ്ബ് മാഗസീനുകളിലൂടെയും പ്രകാശിതമായ കവിതകള്‍ (തിരമൊഴികള്‍) വരമൊഴിയായി മഷിപുരണ്ട നിലയില്‍ ഒരിക്കല്‍ കൂടി വായനക്കാരുടെ കൈകളിലെത്തുന്നു എന്ന അര്‍ത്ഥത്തില്‍. ഇവിടെ അത് മറ്റൊരര്‍ത്ഥത്തിലും. മറ്റൊരു സാമ്യം കൂടിയുണ്ട്. വിനോദിന്റെയും ദേവദാസിന്റെയും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യരചനകളാണിവ എന്നത്.
ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിട്ട് ഏഴുമാസങ്ങള്‍ പിന്നിടുന്നു. ഈ വര്‍ഷം തന്നെ ഒരു പുസ്തകം കൂടി പുറത്തിറങ്ങിക്കൂടായ്കയില്ല. എങ്കില്‍ ഒരു വര്‍ഷം മൂന്നു പുസ്തകം. ബ്ലോഗിലൂടെ മാത്രം പരിചയപ്പെട്ട ചിലര്‍ ചേര്‍ന്ന് രൂപം നല്‍കിയ സമൂഹത്തിന് കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ഒരു വര്‍ഷം മൂന്നു പുസ്തകങ്ങള്‍ ഇറക്കാന്‍ കഴിയുക നിസ്സാരകാര്യമല്ല. ഇതിനകം പലരീതിയില്‍ പുസ്തകപ്രസാധനസംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്ലോഗില്‍ വന്നു. ഹന്‍ല്ലലാത്തിന്റെ നേതൃത്വത്തില്‍ ബ്ലോഗില്‍ നടന്ന ചര്‍ച്ച ഒരുദാഹരണം. ബ്ലോഗ് സംരംഭമായി ഈണം എന്ന സംഗീതആല്‍ബം പുറത്തിറങ്ങിയത് മറ്റൊരു സദ്ഫലം. ബ്ലോഗ് ഒരു കോലായയും കൂടിയാവുകയാണ്. അവനവന്‍ -അവളവള്‍ ആവിഷ്കാരത്തിനപ്പുറത്തുള്ള ചില ഇറങ്ങി നടപ്പുകള്‍. ‘ഞാന്‍ ചിന്തിക്കുന്നു’ എന്ന പ്രാഥമിക തലത്തില്‍ നിന്ന് ‘നിങ്ങള്‍ ചിന്തിക്കുന്നു’ എന്ന രണ്ടാമത്തെ ഘട്ടവും കടന്ന് ‘നിങ്ങള്‍ ചിന്തിക്കുന്നു എന്ന് ഞാന്‍ അറിയുന്നു’ എന്ന മൂന്നാം അടരിന്റെ സാക്ഷാത്കാരങ്ങളാണ് ഒരര്‍ത്ഥത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം. രക്ഷാകര്‍ത്തൃത്വങ്ങളല്ല തട്ടിലേറി തുള്ളിച്ചാടേണ്ടത് എന്നു മനസ്സിലാക്കാന്‍ ഇത്രയും വേണം. എഴുത്തുകാര്‍ സൌജന്യങ്ങള്‍ പിന്‍പറ്റുന്ന ശൈശവങ്ങളുമല്ല.
ബുക്ക് റിപ്പബ്ലിക്കിന്റെ ആശയസംഭാവന നിരവധി ഉറവകളില്‍ നിന്നുണ്ടായതാണ്. എന്നാലും ഇപ്പോഴും അത് ആശങ്കകളില്‍ നിന്ന് വിമുക്തമല്ല. അച്ചടിമലയാളം സൈബര്‍ സ്പെയിസില്‍ നിന്നുള്ള ഇറക്കമല്ലേ എന്നുള്ളതായിരുന്നു ആദ്യ ആരോപണം. രണ്ടായിരത്തോടെ അച്ചടിപ്പത്രങ്ങളുടെ കുത്തക നിലയ്ക്കും എന്ന് വിഭാവന ചെയ്തത് മറ്റാരുമല്ല ബില്‍ഗേറ്റ്സാണ്. 2007-ല്‍ അദ്ദേഹം നിലപാടു മാറ്റി തൊട്ടടുത്ത വര്‍ഷങ്ങളില്‍ എല്ലാപത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുണ്ടാകും എന്ന് ക്രാന്തദര്‍ശിയായി. നിലച്ചുപോകുമെന്ന് വിഭാവനചെയ്ത അച്ചടിയെപ്പറ്റി ഒന്നും മിണ്ടിയിട്ടുമില്ല. കാഴ്ചയുടെ ശീലങ്ങള്‍ക്ക് അത്രവേഗം ഒരട്ടിമറി സാധ്യമാണോ എന്ന് അത്രയൊന്നും മിടുക്കരല്ലാത്ത നമുക്ക് ന്യായമായും സംശയിക്കാം. മാത്രമല്ല നമുക്ക് പുസ്തകം പോലും ഇന്നും ആഢംബരമാണ്. നിരക്ഷരകുക്ഷികളുടെ എണ്ണപ്പെരുപ്പം ആകൃതി ഇങ്ങനെ ഒപ്പിക്കുന്നത് ദാരിദ്ര്യത്തിന്റെ അടുപ്പിലിരുന്ന് വെന്താണ്. അപ്പോഴാണ്..... മറ്റൊരു വേവലാതി ബുറി വഴി പ്രസാധനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ വ്യാപനം എത്രമാത്രം പരിമിതമാണെന്ന പരിദേവനമാണ്. സമാന്തര വിതരണശൃംഖല എന്നൊക്കെയുള്ളത് ഉട്ടോപ്യന്‍ ആശയമല്ലെ എന്നാണ് ചോദ്യം. ഇന്റെര്‍നെറ്റുള്ള ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ഒരു മേഖലയില്‍ കിടന്നു കറങ്ങുന്ന പ്രസാധനം കൊണ്ട് എന്തു നേട്ടമാണ് ആത്യന്തികമായി എഴുത്തുകാര്‍ക്കുണ്ടാവുക, അവര്‍ പ്രസക്തി നേടിയെടുത്തത് ബൂലോകത്തു നിന്നാണെങ്കില്‍ പോലും?
ആശങ്കകള്‍ ഒറ്റവാക്യം കൊണ്ട് നിവൃത്തിക്കാനുള്ളതല്ലല്ലോ. അവയാണ് ആശയശരീരത്തെ പോഷകമൂല്യങ്ങളാല്‍ പുഷ്ടമാക്കിത്തീര്‍ക്കേണ്ടത്. ജനാധിപത്യവ്യവസ്ഥയുടെ പരമപ്രധാനമായ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ - അക്കൌണ്ടബിലിറ്റിയും ട്രാന്‍പെരന്‍സിയും- കണക്കു പറയലും സുതാര്യതയും - ആശയതലത്തില്‍ സ്വാംശീകരിച്ചുകഴിഞ്ഞാല്‍ ബുറിയുടെ പ്രസക്തി എളുപ്പം തിരിച്ചറിയാനാവും. അതാണു വേണ്ടതും. അതിനുവേണ്ടിയുള്ള സംഘര്‍ഷം ഒരു പക്ഷേ നമ്മുടെ തന്നെ സാമൂഹികതയുടെ ഗൃഹപാഠങ്ങളാണ്. വഴിക്കണക്കുകള്‍ക്ക് ഒരു വഴിയല്ല ഉള്ളത് എന്ന് പറയാന്‍ ഒരു കൂട്ടം ഉരുവപ്പെടേണ്ട രീതി അതാണ്. അങ്ങനെയായാല്‍ നല്ലത് എന്ന് ചിന്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണമല്ലോ...തത്കാലം അതുണ്ടല്ലോ...
അപ്പോള്‍ നാളെ ദേവദാസിന്റെ 'ഡില്‍ഡോ' എന്ന കൃതിയുടെ പ്രകാശനം, രാവിലെ പതിനൊന്ന് മണിക്ക്, തൃശ്ശൂരുള്ള സാഹിത്യ അക്കാദമി ഹാളില്‍ വച്ച്.. ഗസലുകളുടെ സന്ധ്യ, വൈകുന്നേരം ആറുമണിക്ക് എലൈറ്റ് ടൂറിസ്റ്റു ഹോം ഹാളില്‍ വച്ച്..
വരാതിരിക്കരുത്...
August 2, 2009
ഇങ്ങനെയായാലെങ്ങനെ സാറേ....*
പൊന്നപ്പന്‍ - the Alien said..
“ഒരു കടലാസ്സ് പറന്നു പോയി. അതു വായിച്ചു കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഒരു കുഞ്ഞു തെറി പറഞ്ഞു. അടുത്തിരുന്ന എം എസ്സിക്കാരന്‍ കുട്ടിശങ്കരന്‍ കയോസ് എന്നു പറഞ്ഞ് ആകാശത്തിലേക്കു നോക്കി ആകുലപ്പെട്ടു.“ ഈ കഥയില്‍ ഇതു വരെ ഞാനെന്ന അഗ്നോസ്റ്റിക്കിന് ഒരു പരാതിയുമില്ല.. പക്ഷേ.. കടലാസ്സ് വെറും കയോസ് മാത്രമാണെന്ന് കേട്ടുകൊണ്ടിരുന്ന കൂട്ടം തലയാട്ടി സമ്മതിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍ എനിക്കെന്തോ ഒരിത്. പ്രമോദിന്റെ കമന്റ് : “എങ്ങനെയാണ് ഒരു ചിത്രത്തെ വായിക്കേണ്ടതെന്ന് പറഞ്ഞുതന്നതിന് നന്ദി വെള്ളെഴുത്ത്.” ഇതു കൂടി കേട്ടപ്പോ പ്രത്യേകിച്ച് എന്തെന്തരോ ഒരിത്.
പ്രസിദ്ധീകരിച്ച് കുറേക്കാലം കഴിഞ്ഞ ഒരു പോസ്റ്റില്‍ ഇന്ന് ഇങ്ങനെ ഒരു കമന്റുകണ്ടപ്പോഴാണ് ഒന്നും കാലഹരണപ്പെടുന്നില്ലെന്ന ബോധോദയം പിന്നെയും ശക്തമാവുന്നത്. എന്തായിരിക്കും പൊന്നപ്പനെ ഈ പോസ്റ്റ് തപ്പിപ്പിടിക്കാന്‍ പ്രേരിപ്പിച്ചത്? അതും ഒരു പ്രചോദനവും കൂടാതെ ഒരു നാള്‍? മുന്‍പ് നേരിട്ടറിയാത്ത ഒന്നു രണ്ടുപേര്‍ പരോക്ഷമായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവയുടെ അലകും പിടിയും മാറി അടുത്തു വന്നപ്പോഴും ഒരു ന്യായീകരണം തന്റെ ഭാഗത്തു നിന്ന് വേണ്ടതാണല്ലോ എന്ന് തോന്നിയതാണ്. അവയിലൊന്ന് അതിവായനയെക്കുറിച്ചുള്ളതാണ്. നിസ്സാരമെന്നു തോന്നുന്ന സംഗതികളില്‍ (ആര്‍ക്ക്?) അനാവശ്യമായി കെട്ടിയേല്‍പ്പിക്കുന്ന ആശയഗൌരവങ്ങളെക്കുറിച്ചാണ് അതിവായനയെന്ന പരാതി. രണ്ടാമത്തേത് എല്ലാവരും കൊള്ളാമെന്നു പറയുന്നതോ അധികമൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തതോ ( എന്ന് ആര്‍ക്ക് തോന്നുന്ന..?) ആയ സംഗതികളെ അനാവശ്യമായി വിശദീകരിക്കുന്നതിനെക്കുറിച്ചുമാണ്. രണ്ടാമത്തെ ആരോപണത്തിനു പല മുനകളുണ്ട്. അതിലൊന്ന് എല്ലാവരും കൈയ്യടിക്കുമ്പോള്‍ ഒരാള്‍ കൊഞ്ഞനം കാട്ടിയാല്‍ അയാളെ ശ്രദ്ധിക്കുമല്ലോ എന്ന കാല്‍പ്പനികഛായയുള്ള മുഖം മൂടി വച്ചുകെട്ടാനുള്ള ശ്രമമാണ്. (വളരെ പഴക്കമുള്ള ഒരു ആരോപണതന്ത്രമാണിത്) മലയാളിയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ടെന്നാണ് പൊതുവേ പറയുക. എന്നാല്‍ അങ്ങനെയൊരു സ്വഭാവം മലയാളിയ്ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണയുന്നതാണ് യഥാര്‍ത്ഥ(മലയാളി)മനോഭാവം എന്നും വാദിക്കാവുന്നതാണ്. ഒന്ന് ജനസാമാന്യത്തിനോടുള്ള പരപുച്ഛമാണെങ്കില്‍ മറ്റേതില്‍ നമ്മുടെ ചേരിയില്‍ ചേരാത്ത ഒരുവനോ എന്നുള്ള അവജ്ഞയല്ലേ സ്ഥായി? അതു മാത്രം പരപുച്ഛമാവാതിരിക്കുന്നതെങ്ങനെ? മാത്രമല്ല അത് അഭ്യസൂയയുമാണ്. (ആഹാ, നീ ഒരുത്തന്‍ മാത്രം മിടുക്കനോ?)
‘പാഠങ്ങളെ’പ്പറ്റിയുള്ള അന്വേഷണവും ജനപ്രിയകലാരൂപങ്ങളെ (അതില്‍ സാഹിത്യവും വരും)ക്കുറിച്ചുള്ള പുതിയ സാംസ്കാരികപഠനമേഖലകളും അമ്പേ നിഷ്പ്രഭമാക്കിയിട്ടുള്ള(കൊണ്ടിരിക്കുന്ന) ആരോപണങ്ങളാണിവ എന്നാണ് എന്റെ വാദം. വാദിക്കുന്നതിനു കപ്പം കൊടുക്കണ്ടലോ. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും ജ്ഞാനരൂപങ്ങളുടെ മാറിമറിയലുകളെക്കുറിച്ച് നല്ല ബോധമുള്ളവരാണ്. നല്ല വായനക്കാരാണ്. പക്ഷേ പലപ്പോഴും അവര്‍ക്ക് അറിയാവുന്നതും വായിച്ചതും പരണത്തു വയ്ക്കേണ്ടി വരുന്നു. മറവിയായിരിക്കും വില്ലന്‍. എങ്കിലും പോസ്റ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തലോടലുകളേക്കാള്‍ അറിവരുളുന്നത് ഇതുപോലുള്ള വിമര്‍ശനങ്ങളാണ്. തെരുവിന്റേ മറ്റേയറ്റം പോലെ സ്വന്തം നിലപാടുകളിലെ ഏങ്കോണിപ്പുകള്‍ അറിയാന്‍ സഹായിക്കുന്നത് ഇവയാണ്. എന്തൊക്കെ ആശയങ്ങള്‍ വിനിമയം സാധ്യമാവാതെ കുഴങ്ങുന്നു എന്നറിയിക്കുന്നത് ഇവയാണ്. ധാരണകളുമായി സംവാദം സാധ്യമാവുന്നത്ര തന്നെ പ്രയാസകരമാണ് ധാരണയില്ലായ്മകളുമായി സംവദിക്കുന്നതെന്ന് അറിയിച്ചതും ഇവ തന്നെ. ഇന്ന് സൌഹൃദത്തിന്റെ ദിനമായി ആരൊക്കെയോ ആഘോഷിക്കുന്നുണ്ട്. ചില വിമര്‍ശനപരമായ കമന്റുകളാണ് താഴെ. കൂടുതലും കഴിഞ്ഞ ഒരു വര്‍ഷത്തിനകത്ത് ലഭിച്ചവയില്‍ അവിടെന്നും ഇവിടെന്നുമായി പെറുക്കിയെടുത്ത് കൂട്ടിയവ. എല്ലാം ഒരേ തട്ടിലുള്ളവയല്ല. പലതും പോസ്റ്റുകളെക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവ. അവയില്‍ ചിലത് പോസ്റ്റെന്താണെന്നും എന്തിനെക്കുറിച്ചാണെന്നും തിരിച്ചറിയാനാവാത്തവ. ചിലത് എഴുതിയവന്‍ ഉദ്ദേശിച്ചതിന്റെ മറുപുറം കാണിച്ചു തരുന്നവ. മറ്റു ചിലത് മുന്‍ധാരണകളുടെ പൊള്ളയായ ഉള്ളം എടുത്തു പ്രദര്‍ശിപ്പിക്കുന്നവ. എണ്ണത്തില്‍ കുറവാണ് ആകെ വിമര്‍ശനങ്ങള്‍. ചിലതൊക്കെ എഴുതിയവര്‍ തന്നെ പിന്നീട് മായ്ച്ചു. എങ്കിലും കിട്ടിയ എല്ലാത്തിനും നേരത്തെ പറഞ്ഞതു പോലെ അവയുടേതായ പ്രാധാന്യമുണ്ട്. അപ്പോള്‍ ബ്ലോഗെഴുത്തില്‍ വന്ന ശ്രദ്ധയില്ലായ്മയും മണ്ടത്തരങ്ങളുമോ എന്നൊരു ചോദ്യം ഞാന്‍ കാണാതെയല്ല. തത്കാലം അവയ്ക്ക് എന്റെ വക ഒരു സ്മൈലി ! തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ അവയെപ്പോലെ മറ്റൊന്നിനെയും ഞാന്‍ കണക്കിലെടുത്തിട്ടില്ലല്ലോ..... അപ്പോള്‍ പോസ്റ്റുകളല്ല, കമന്റുകളാണ് പ്രധാനം. നേര്‍ക്കു നേരേ വന്നവ. പുഞ്ചിരികള്‍ക്കും കൈകോര്‍ക്കലുകള്‍ക്കും ചുമലില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ക്കും ഒപ്പം ആട്ട്, തുപ്പ്, നെറ്റിച്ചുളിക്കല്‍, ഒച്ച താഴ്ത്തിപ്പറയല്‍ തുടങ്ങിയവയും വേണം. അത് ലോകനിയമമാണ്. ‘നിമ്നോന്നതമാം വഴിക്കു തേരുരുള്‍ ഓടിക്കലാണ് രസം...’ ഇവയും കൂടെ ഇല്ലാതിരുന്നെങ്കില്‍ ബ്ലോഗ് എഴുത്ത് എന്തു വിരസമായേനേ...............
അതുകൊണ്ട് ഇന്നത്തെ പോസ്റ്റ് ....കണ്ണാടികളായ ചങ്ങാതികള്‍ക്ക് ...
കുറുമാന്‍ said...
പുലിയെ പിടിക്കാനുള്ള വഴിയില്‍ മുഴുവന്‍ കുഴി......ആയതിനാല്‍ കുഴി ചാടി കടന്ന് പുലിയെ പിടിക്കാന്‍ ചെല്ലുമ്പോഴേക്കും പുലി എലിയായോന്നൊരു സംശയം........
Anonymous said...
ഇത് വായിച്ച് എന്റെ തലയ്ക്കുള്ളിലും ഒരു വണ്ട് മൂളുന്ന പോലെ.സിനിമ കണ്ടപ്പോ പോലും ഇത്ര പ്രശ്നണ്ടായില്ല. എന്നാലും ന്റെ വെള്ളേ :)
- ആളറിയാം
Rajeeve Chelanat said...
"സാമാന്യബോധത്തെ ഒന്നിറക്കി വച്ചുകഴിഞ്ഞാല്‍ ചില സുഖങ്ങളൊക്കെയുണ്ട്. അത്രേയുള്ളൂ"
-സാമാന്യബോധത്തെ (തത്കാലത്തേക്കല്ല) എന്നന്നേക്കുമായിത്തന്നെ ഇറക്കിവെക്കാന്‍ കഴിഞ്ഞാല്‍ ‘ചില്ലറ സുഖ’മൊന്നുമല്ല. പെരുത്തു സുഖം തന്നെയാണ്. സംശല്ല്യ :)
കുഷ്ണ വര്‍മ്മ പ്രസാദ്.. said...
-വിഷ്ണു പ്രസാദ് said...
ഒരുപക്ഷേ,ലതീഷിന്റെ കവിതകളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലേഖനമാവും ഇത്.അതിന് ധൈര്യപ്പെട്ടതിന് വെള്ളെഴുത്തിന് അഭിനന്ദനം.-
ഹഹ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. എന്തിനാ മാഷേ ഈ തീട്ടം മണപ്പിച്ചിട്ടു ഒന്നുമറിയാത്ത പോലെ മാറി നില്‍ക്കണേ.. നാറുന്നു എന്ന് അങ്ങ് പറഞ്ഞു കൂടെ. :) :)
ബുദ്ധിജീവികളാണ് പോലും ബുദ്ധിജീവികള്‍.
വല്ലപ്പോഴും ഒന്ന് പച്ചവെള്ളത്തില്‍ കുളിച്ചു നോക്കൂ.
Haree | ഹരീ said...
ഡെയ്സി ബെന്നിയെ ഉപേക്ഷിക്കുന്നതായിരുന്നു സിനിമയോട് ചേര്‍ന്നു പോവുന്നത്. ഒന്നും മിണ്ടുവാന്‍ ചെയ്യുവാനാവാതെ ഒതുക്കപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്, അത് അവള്‍ ഗുണവതിയായതുകൊണ്ടല്ല, ചെയ്യുവാന്‍ കഴിവ്/സാഹചര്യം ഇല്ലാത്തതിനാലാണ്. ഭര്‍ത്താവുപേക്ഷിച്ച/ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീകളെ സമൂഹം എങ്ങിനെയാണ് കാണുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! അതും ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാം ക്ഷമിച്ചു മുന്നോട്ടുപോകുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കണം. ഇവിടെ സ്ത്രീ സാമ്പത്തികസ്വാതന്ത്ര്യം നേടിയിട്ടുപോലും കഥയ്ക്കൊരു മാറ്റമുണ്ടാവുന്നില്ലല്ലോ!
“...ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്.” - ശിക്ഷ പുള്ളി തന്നെയാണ് അനുഭവിക്കുന്നത് എന്നും സിനിമ കാണിക്കുന്നുണ്ട്. :-)
“പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും...” - ഇതില്‍ സത്യമില്ല എന്നുണ്ടോ? മുതലാളിത്തത്തിന് ഇപ്പോഴാണ് ഇത് മനസിലാവുന്നതെന്നോ?
ജ്വാല said...
33 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.എല്ലാ പാര്‍ട്ടിയിലേയും ഭൂരിഭാഗം അധികാരികളായ പുരുഷന്മാര്‍ സത്യത്തില്‍ ആശ്വസിക്കുകയാണ്.
കുടുംബം.സമൂഹം,രാഷ്ട്രം എന്നിവ നിലവില്‍ വന്നതുമുതല്‍ സംരക്ഷണം,പീഡനം,ചൂഷണം എന്നതല്ലാതെ തുല്യത നല്‍കേണ്ട വ്യക്തികളായി സ്ത്രീകള്‍ ഇന്നും മാറിയിട്ടില്ല.ഈ നിഷ്ക്രിയത്വവും,നിര്‍വ്വികാരതയും വെടിഞ്ഞു സ്ത്രീകള്‍
പ്രതികരിക്കുന്ന കാലം ഉണ്ടാകും.അതിനു അവസരങ്ങളാണ് കൊടുക്കേണ്ടത്,അവഹേളനമല്ല.
The Prophet Of Frivolity said...
ബ്ലോഗില്‍ വരുന്ന കുറിപ്പുകളുടെ അല്പായുസ്സിനെക്കുറിച്ച് അറിയാതല്ല, ഗൌരവതരമായ വിഷയങ്ങളില്‍പ്പോലും വന്യമായ ഒരാഘോഷച്ചുവകലരുന്നതുപോലെ തോന്നും, ഈ കല്പനാലോകത്ത്.
മുമ്പത്തെ കമന്റ് ഒരുദ്ദേശ്യം വെച്ചെഴുതിയതായിരുന്നു. നിങ്ങള്‍ ഡേവിഡ് ക്രിസ്റ്റലിന്റെ ‘ഭാഷാമരണം’ വായിച്ചോ? ഈ വിഷയം കുറെക്കാലമായി തലയില്‍ക്കിടന്ന് പുകയുന്നു. ആ പുസ്തകത്തിന്റെ ഒരു നിരൂപണം ‘ഡാനിറിവ്യൂസില്‍ ഉണ്ട്. ഇവിടെ. മൂന്നാമത്തെ ഖണ്ഡികയില്‍ എന്തുകൊണ്ട് നമ്മള്‍ ഈ ആസന്നനിര്യാണത്തെക്കുറിച്ച് ആകുലരാവണം എന്നത് കാണാം(ഞാന്‍ റിവ്യൂ മൊത്തം വായിച്ചില്ല). പുസ്തകത്തില്‍ അത് വിശദമായി പറയുന്നുണ്ട്. അതില്‍ രണ്ടെണ്ണം ഒരു വാദമേയല്ല: വൈവിദ്ധ്യവും, ഭാഷ ഭാഷയെന്ന നിലയില്‍ത്തന്നെ ശ്രദ്ധയര്‍ഹിക്കുന്നവയാണ് എന്നിവ. വൈവിദ്ധ്യമെന്നത് ജൈവവവിദ്ധ്യവുമായാണ് താരതമ്യം. ചരിത്രത്തിന്റെ, അറിവിന്റെ ഭണ്ഡാരപ്പുരകളാണെന്നത് ഭാഗികമായിമാത്രം നിലനില്‍ക്കാവുന്ന ഒരു വാദമാണ്. ചിലതുണ്ട്, ഒരു ഭാഷയില്‍നിന്ന് ഒരിക്കലും മറ്റൊരു ഭാഷയിലേക്ക് ചേക്കേറാന്‍ കൂട്ടാക്കാത്തവ. പിന്നുള്ളത് സ്വത്വസംബന്ധമാണ്. ഇതും യുക്തിപരമായി പരിശോധിച്ചാല്‍ നിലനില്‍ക്കാന്‍ ബുദ്ധുമുട്ടാവും. പറഞ്ഞുവരുന്നത് ഉന്നയിക്കാവുന്നവയെല്ലാം വൈകാരികമായി സാധുതയുള്ള (Sentimentally sustainable) വാദങ്ങളാണ്, യുക്തിപരമായി ബോദ്ധ്യപ്പെടുത്താവുന്നവയല്ല(Logically sustainable).
ഇനി ഭാഷയെന്നത് എത്രത്തോളം ഗാഢമായി ഒരു ജനതയുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു എന്നത്. സാക്ഷാല്‍ സൊസ്യൂറിനെത്തന്നെ അവലംബിച്ചാല്‍, ‘വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഭാഷയോളം പ്രാധാനപ്പെട്ട ഒരു ഘടകമില്ല തന്നെ’എന്നാണ്. പ്രശ്നമതല്ല. അത് ഏത് ഭാഷയുമാവാം. വളരെ നല്ല ഉദാഹരണം കോപ്റ്റിക്ക്-അറബിക്ക് ആവും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൊഷരിക്കടയില്‍ കയറാന്‍ പറ്റാത്ത തിരക്കാണ്, ഉമ്മുക്കൂത്സൂമിന്റെ വിലാപയാത്രക്ക് നാല് മില്ല്യണിനടുത്തായിരുന്നു ആളുകള്‍. ഇനിയും മറ്റൊന്ന്, നമ്മള്‍ സംസാരിക്കുന്നത് മാറിവരുന്ന ഒരു സാഹചര്യത്തെ സംബന്ധിച്ചാണ്. അങ്ങനെ വരുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്നത് പരമമായും വരാനിരിക്കുന്നതിനേക്കാള്‍ മികവുറ്റതാണെന്ന് സംശയലേശമന്യേ പറയാനാവണം. സംഭവിക്കാനിടയുള്ളതിനെക്കുറിച്ച് പരിപൂര്‍ണ്ണമായ തീര്‍ച്ച സാദ്ധ്യമാകുന്നതെങ്ങനെ? ഇനിയും കടന്ന് ഒരു ഹേര്‍ഡര്‍/സ്പെങ്ങ്ളര്‍ രീതിയില്‍ സംസ്കാരങ്ങളുടെ ജൈവികതയും മറ്റും കൊണ്ടുവരാന്‍ സാധിക്കില്ലെന്നല്ല. അത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നഭരിതമാക്കും. സാപിര്‍-വോര്‍ഫ് സിദ്ധാന്തം തന്നെ കാലങ്ങളിലൂടെ മിക്കവാറും എല്ലാവരും തള്ളുകയാണുണ്ടായത്, പിങ്കറടക്കം. ഇനിയൊരു മാര്‍ക്സിസ്റ്റ് ഭാഷാശാസ്ത്രവഴിയില്‍ അന്വേഷിച്ചാല്‍ത്തന്നെ ഒരു പ്രത്യേക ഭാഷയെന്നതിലല്ല, ഭാഷ എന്ന നിലയില്‍ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ആകെമൊത്തം നൂഡിത്സ് പരുവമായി.
ഈ വിഷയത്തില്‍ ഇവിടെ വന്ന എഴുത്തുകള്‍ക്കെല്ലാം ഞാന്‍ എതിരഭിപ്രായം പറഞ്ഞതിന്ന് വിശദീകരണവുമാവട്ടെ. മറ്റൊരു കാര്യം സ്വന്തം ഭാഷയെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് മലയാളികളുടെ മാത്രം സ്വഭാവമല്ല. ഭാഷാപുനരുജ്ജീവനസംഘടനകള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണത്. മിക്കവാറൂം എല്ലായിടത്തും.
ഇപ്പോഴും - കുറെ നാളായി - ഞാന്‍ ഹൈദെഗര്‍ പറഞ്ഞത് ആലോചിച്ചുകൊണ്ടിരിക്കയാണ്: ഗ്രീക്കും, ജര്‍മനുമാണ് (ചിന്തയ്ക്ക് ഉപയുക്തമെന്ന നിലയില്‍)ഒരേ സമയം ഏറ്റവും ശക്തിയുള്ളതും, ആത്മീയവുമായ ഭാഷ എന്ന്. അതെങ്ങനെ പുള്ളിക്ക് അറിയാനാവുമെന്ന് ചോദിച്ചുകൂടെന്നല്ല...
The Prophet Of Frivolity said...
ഈ പോസ്റ്റില്‍ കമന്റ് ചെയ്യുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. നൈസര്‍ഗിഗ ദ്വന്ദ്വബാധയുള്ള മലയാളിയും മലയാളം ബ്ലോഗും രണ്ടിലൊരു കളത്തില്‍(അല്ലെങ്കില്‍ ചെളിക്കുണ്ടില്‍?) ചവിട്ടിത്താഴ്ത്തും. ഉറപ്പ്. ഞാന്‍ ആലോചിക്കുന്നത് അതല്ല. രക്ഷകന്‍ എന്നൊക്കെയുള്ള വാക്കുകള്‍ ഇപ്പോഴും മലയാളസാമൂഹികരാഷ്ട്രീയസാംസ്കാരിക വ്യവഹാരത്തില്‍ ഇടം നേടുന്നുവെന്നത്...അതുതന്നെ മതി ഇന്നത്തേതില്‍നിന്ന് വിഭിന്നമായി ഒരു അവസ്ഥ എന്തുകൊണ്ട് ദുസ്സാദ്ധ്യമാവുന്നു എന്നത് വ്യക്തമാക്കാന്‍. ദൈവവധവും രാജവധവുമൊന്നുമില്ലാതെ ജനാധിപത്യം.
വിഷയാതീതം: ആ വ്യക്തിവസ്തുത(Profile)യില്‍ എഴുതിയിരിക്കുന്ന സംഭവം മനസിലായില്ല. പരിസ്ഥിതിയെ ആശ്രയിക്കുകയും, പക്ഷെ വ്യക്തിബദ്ധവും. ആകെ ശങ്കയായി.
The Prophet Of Frivolity said...
എന്തുകൊണ്ട് ഇന്ത്യയില്‍ ഇത്രയധികം ഭാഷകളുണ്ടായി എന്നതില്‍ തന്നെ എന്തുകൊണ്ട് മിക്കവാറും ഭാഷകളും ഇല്ലാതാവും എന്നതിനുള്ള കാരണവുമുണ്ട്. ആദ്യത്തെ ഉദ്ധരണിയുടെ അത്രേം പെട്ടന്നല്ലെങ്കിലും. അത് മറ്റൊരു വിഷയം. വെള്ളെഴുത്തിന്റെ വാദമെന്താണ് ഈ വിഷയത്തില്‍ എന്ന് വ്യക്തമായില്ല. [ദിശാസൂചികയായ വരി: “മലയാളം മൂലദ്രാവിഡഭാഷയില്‍ നിന്നുണ്ടായി എന്നൊക്കെ വാചാടോപം നടത്തി വികാരശമനം നടത്താം.“(മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, amicus Plato, sed magis amica veritas)] ഭാഷയുടെ മൃത്യു ഭാരതീയനെന്ന നിലയില്‍ മൃതിയായി കാണാനാവുമോ? പിന്നേം അലോചിച്ചു വരുമ്പോ നിറയെ ആശയക്കുഴപ്പം.
അഴീക്കോടിന് ഒരു വ്യക്തമായ വാദമുണ്ടായിരുന്നു. ‘മലയാളം ഒന്നിന്നും കൊള്ളാത്ത സാമന്ത ഭാഷയാണെന്ന്’ അര്‍ത്ഥം വരത്തക്ക വിധത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നുവെന്ന് വെള്ളെഴുത്ത് എങ്ങനെ വായിച്ചെടുത്തു? [amicus
vertitas, sed magis amica provincialism.] രണ്ട് വാദമാണുണ്ടായിരുന്നത്, ഒന്ന് ക്ലാസിക്ക് എന്ന് ഭാഷയെ വേര്‍തിരിക്കാനാവില്ല, മലയാളം താരതമ്യേനെ പുതിയ ഭാഷയാണ്. ഇത് രണ്ടിനെയും ഖണ്ഡിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ആവോ. ഒന്നാമത്തെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വേണേല്‍ വല്ല റഫറന്‍സും തപ്പിയെടുക്കാം. അതിനാണോ പഞ്ഞം.
മലയാളം മൃതിയുടെ (മൃത്യുവല്ല) പാതയിലാണ്, അത് കൊണ്ട് പറ്റാവുന്നത്ര നേരത്തേ ആഞ്ജിയോപ്ലാസ്റ്റി നടത്തണം. അതിനു പണം വേണം. ക്ലാസിക്ക് പദത്തിന്നൊപ്പം പണവും വരും. അതുകൊണ്ട് മലയാളവും ക്ലാസിക്കാക്കണം. നല്ല വാദങ്ങളാണ്.ഒപ്പം സാംസ്കാരികസ്വത്വത്തില്‍ ഭാഷയുടെ പ്രാധാന്യം.
വാല്‍ക്കഷണം: "Irish-men without Irish is an incongruity and a great Bull."
Anonymous said...
മാര്‍ക്സും, ലെനിനുമൊന്നും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിച്ചിരുന്നവരല്ല. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തരാകുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുമില്ല. അവര്‍ സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റുകാരോടുമല്ല. ആശയസംവാദനത്തിനു എളുപ്പത്തില്‍ ഉതകുന്ന ബിംബങ്ങള്‍ ഉപയോഗിച്ചു എന്നു വേണമെങ്കിലും കരുതാം. Heaven= Any place of complete bliss and delight and peace എന്നും Hell=Any place of pain and turmoil എന്നും അര്‍ത്ഥമുണ്ടല്ലോ.
ഭൂരിപക്ഷത്തിനു നാവില്ലാതിരുന്ന കാലത്തു നിന്നാണ് നാം ഇവിടെ എത്തിയിട്ടുള്ളത് എന്നതിന്റെ ചരിത്രം അറിയുന്നവര്‍ തന്നെ കണക്കിലെ തിരിമറി എന്ന് പ്രയോഗിക്കുന്നതില്‍ ഒരല്പം കുഴപ്പമുണ്ട്. ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്നതിനപ്പുറത്ത് ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നു കരുതുന്നു. ഫ്യൂറര്‍മാര്‍ക്കും പ്രിയപ്പെട്ടതാണ് ഭൂരിപക്ഷത്തിന്റെ അര്‍ത്ഥശൂന്യത. അപകടമുണ്ട് ഭൂരിപക്ഷത്തെ കണക്കിലെ തിരിമറി മാത്രമാക്കുന്നതില്‍.
പി.എന്‍.ഗോപീകൃഷ്ണന്‍ said...
പാം ഡി ഓര്‍ എന്നല്ലേ കാനിലെ പുരസ്കാരത്തിനു പേര്?
Anonymous said...
ellaatinEyum siddhaanthavalkkarikkaan wholesale aayi chumaT EteTuththiTTuntO? :):):)
aa kavithaa pusthaka vichaaram ishTappeTTu.
VS eviTE nilkkunnu enna chOdyaththinEkkaaL VS ennoru kathhaapaathram namukk aavaSyamuNTO illayO ennu kooTe chinthikkuka.
റോബി said...
വെള്ളെഴുത്തേ,
പൊന്നമ്പലമേട് പെൺഭയങ്ങളുടേതോ അതോ ആൺഭയങ്ങളുടേതോ?
Anonymous said...
The article is good.But your style of writing is too archaic.If it is not affected, could you be in tune with time?
t.k. formerly known as തൊമ്മന്‍ said...
മലയാളം നശിക്കുന്നു എന്നൊക്കെ നിലവിളിക്കുന്നവര്‍ അമിതമായി ഇന്റര്‍നെറ്റും ടിവിയും ഉപയോഗിക്കുന്നവരാണെന്ന് തോന്നുന്നു :-) വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കണമെന്ന് പറയുന്നവരും മൂഢസ്വര്‍ഗ്ഗത്തില്‍ ആണ് ജീവിക്കുന്നത്; മലയാളത്തേക്കാള്‍ വികസിച്ച ഭാഷകള്‍ മാതൃഭാഷയായുള്ളവര്‍ ആഗോളഭാഷയായ ഇംഗ്ലീഷ് പഠിക്കാനാണ് ശ്രമിക്കുന്നത്.
Anonymous
ഹെന്റെ വെള്ളെഴുത്തേ! നമിക്കുന്നു, നമിക്കുന്നു.. ഞാനൊന്നും ഒരിക്കലും കവിത വായിച്ച് മനസ്സിലാക്കില്ല എന്നു മനസ്സിലായി :(
എസ്. ജെ. ഗ്രാമത്ത്
ചുരുക്കം പറഞ്ഞാല്‍ വായനക്കാരന്‍ പുറത്ത്...അകത്ത് എഴുത്തുകാരുടെ ഗൂഢാലോചന...രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം അറിഞ്ഞ് കൊണ്ടുള്ള വിട്ടുകൊടുക്കല്‍ ...അല്ലേ ?
sree said...
“കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ”.
ആശയവിനിമയത്തിലെ കൃത്യയ്ക്ക് പ്രായവുമായിട്ട് അത്ര വലിയ ബന്ധമുണ്ടോ? അല്ല, എന്നുമ്മുതലാണ് ചിട്ടയായി ക്രോഡീകരിക്കപ്പെട്ട ഭാഷയില്‍ പറഞ്ഞാലെ ആശയം ഉണ്ടാവുകയും യുക്തിപരമാവുകയും വിനിമയം ചെയ്യപ്പെടുകയും ഉള്ളു എന്ന് വന്നത്??
സിനിമയുടെ അവലോകനം വായിച്ചപ്പോള്‍ തോന്നിയത് ഇതിനും വേണ്ടി ഇതില്‍ ഒന്നുമില്ലല്ലൊ എന്നാണ്. അതേതായാലും കൌമാരക്കാലത്തെ വളര്‍ച്ചയില്ലായ്മ, ബാല്യത്തെ അപക്വം എന്നൊക്കെ വിളിക്കേണ്ടി വരുന്നത് ഏതുതരം വളര്‍ച്ചയാണെന്ന് ഒരു ചോദ്യം തികട്ടിവരുന്നു...വിശുദ്ധമുട്ടകള്‍ കണ്ട് എഴുതിയത് മറന്നിട്ടല്ല. കൃത്യത, പക്വത എന്നൊക്കെ സെല്‍ഫ്-ഹെല്പ് പുസ്തകങ്ങളിലേതുപോലെ എളുപ്പത്തില്‍ നിര്‍വ്വജിച്ചു പോകാവുന്നതല്ല എന്ന എന്റെ പക്ഷം സൂചിപ്പിച്ചെന്നേ ഉള്ളു. ധാരണാശേഷി എന്നതു തന്നെ കേവല യുക്തി മാത്രമല്ല എന്നും കുട്ടികളുടേത് മറ്റൊരു തലത്തിലുള്ള യുക്തിബോധം ആണെന്നും ആണ് പറഞ്ഞു വന്നത്. ഇന്നത് ഐഡിയല്‍ എന്ന കാഴ്ച്ചപ്പാട് ലേഖനത്തില്‍ പ്രസക്തമല്ലായിരുന്നിട്ടും അവിടവിടെ മുഴങ്ങുന്നതായിട്ട് തോന്നി. ഫിക്സേഷനുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതോര്‍മ്മവന്നു. മുന്നിലിരിക്കുന്നത് ഒരു പുസ്തകമല്ല, ഒരു മനസ്സാണെന്ന് ഇടക്കിടെ സ്വയം ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്തവര്‍ ഈ പണിക്കു പോവാതിരുന്നെങ്കില്‍ എന്ന്.
നായകനു യുക്തിബോധം കുറവാണെന്നു പറഞ്ഞുവയ്ക്കുന്നതിനു വേണ്ടി ഇത്രയും ജെനറലൈസേഷന്‍ ആവശ്യമുണ്ടോ? അറിയില്ല...
ഏതായാലും എനിക്ക് സെന്‍സില്ലാന്നാണ് എന്റെ പിള്ളേരു പറയുന്നത്. അതുകൊണ്ട് അവര്‍ക്കതുണ്ടെന്ന് തീര്‍ച്ചയാണെ..
ആദ്യത്തെ കമെന്റ് ഓഫാണെല്‍ ഇത് ഓഫിന്റെ ഓഫ്...
*വിനയചന്ദ്രന്റെ കവിതയിലെ ഒരു വരി