July 21, 2009

മൂളുന്ന വണ്ടേ...




കുട്ടികളായ കുറച്ചു കഥാപാത്രങ്ങള്‍ പ്രാധാന്യത്തോടെ ബ്ലെസ്സിയുടെ ‘ഭ്രമര’ത്തിലും അണിനിരക്കുന്നുണ്ട്. കാഴ്ച, പളുങ്ക്, തന്മാത്ര തുടങ്ങിയ സിനിമകളില്‍ പരിചയപ്പെട്ടതാണെങ്കിലും കുട്ടിക്കഥാപാത്രങ്ങള്‍ക്ക് ഈ സിനിമയില്‍ നിര്‍ണ്ണായകത്വത്തിനുപരി ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നു തോന്നുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍‌കുട്ടിയുടെ ബാല്യകാലം , അവന്റെ ഏഴാം ക്ലാസിലെ കൂട്ടുകാരി, അവളെ വെള്ളത്തില്‍ തള്ളിയിടുകയും ആ കുറ്റം ശിവന്‍ കുട്ടിയുടെ തലയില്‍ വച്ചുകൊടുക്കുകയും ചെയ്യുന്ന കൂട്ടുകാര്‍. ഇത്രയുമാണ് ഫ്ലാഷ്ബാക്കിലെ കുട്ടികള്‍. സമാന്തരമായി വര്‍ത്തമാനകാലത്തില്‍ ഉണ്ണിയുടെ മകള്‍ (ബേബി നിവേദിത) അയല്‍പ്പക്കത്തെ എസ് ഐ (മദന്‍ ബാബു)യുടെ മകന്‍, ശിവന്‍‌കുട്ടിയുടെ മകള്‍ എന്നിവരുണ്ട്. കാഴ്ചക്കാരും നിശ്ശബ്ദജീവികളുമായി പിന്നെയും ഉണ്ട്, കുറേ കുട്ടികള്‍ അവിടെയും ഇവിടെയുമൊക്കെയായി. കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനസിക ലോകം തന്നെ കുട്ടിത്തത്തിന്റേതാണ് എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസികപക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തുച്ചാട്ടങ്ങളും വൈകാരികമുറുക്കങ്ങളുമാണ് സിനിമയ്ക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്. മുതിര്‍ന്നവരായി കാണപ്പെടുന്നുണ്ടെങ്കിലും വളര്‍ച്ച നിലച്ച ഒരു അവസ്ഥയെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭ്രമരത്തിലെ കഥാപാത്രങ്ങളെല്ലാം വെളിവാക്കുന്നുണ്ട്. അപ്പോള്‍ കുട്ടികള്‍ക്കു വേണ്ടി എടുത്ത ചലച്ചിത്രമാണോ ഭ്രമരം എന്നാണിനി ആലോചിക്കാനുള്ളത്.

വളര്‍ച്ചപ്രാപിക്കാത്ത മനസ്സ് കഥാപാത്രങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉണ്ട്. എസ് ഐ എന്ന ഹാസ്യകഥാപാത്രത്തില്‍ മാത്രമല്ല. അയാള്‍ ഒരു സൂചനയാണ്. ശിവന്‍ കുട്ടി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം വെളിവാകുന്നത് അയാള്‍ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കൈയില്‍ എഴുതുന്നു എന്ന പ്രത്യേകതയാലാണ്. കള്ളപ്പേരില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറിക്കൂടിയിരിക്കുന്നത് മറ്റാരുമല്ല, കുട്ടിക്കാലത്ത് തങ്ങള്‍ വഞ്ചിച്ച സഹപാഠി തന്നെയാണെന്ന് ഉണ്ണിയുടെ കൂട്ടുകാരനായ ഡോക്ടര്‍ക്ക് വെളിപാടുണ്ടാവുന്നത് ഈ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്. കൂട്ടുകാരി അവളുടെ പേര് ഒരിക്കല്‍ ഉള്ളംകയ്യിലെഴുതിക്കൊടുത്തിരുന്നു എന്നതാണ് ഈ ശീലം ഇങ്ങനെ കൊണ്ടുനടക്കാന്‍ ശിവന്‍ കുട്ടിയ്ക്ക് പ്രേരണയാവുന്നത്. ഉണ്ണിയുടെ മകളോട് അയാള്‍ പറയുന്നുണ്ട്. കയ്യിലെഴുതുന്നത് ഹൃദയത്തിലെഴുതുന്നതുപോലെയാണെന്ന്. കൌമാരത്തിന്റെ തുടക്കക്കാലത്ത് നിന്ന് പിന്നെയൊരിക്കലും പുറത്തു വരാനാവാത്തതാണ് അയാളുടെ പ്രശ്നം. തൊലിയില്‍ ഇക്കിളിയിട്ട് നീങ്ങുന്ന പേനയ്ക്ക് ആദ്യലൈംഗികാനുഭവത്തിന്റെ പ്രതീകമായിരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ബോധപൂര്‍വമായാലും ഇല്ലെങ്കിലും സിനിമ ആരംഭിക്കുന്നതു തന്നെ ഒരു കുട്ടിയാല്‍ തടസ്സപ്പെടുന്ന വേഴ്ചയുടെ സൂചനയോടെയാണ്. പല സിനിമകളിലും നിഷ്കളങ്കമായി (അത്ര നിഷ്കളങ്കമാണോ?) ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ രംഗം ഭ്രമരത്തിലെ ദൃശ്യസൂചനകളില്‍ ശ്രദ്ധേയമായ ഒന്നാണെന്ന് തോന്നുന്നു. മൂത്രമൊഴിക്കുന്നതിനിടയില്‍ ലോറിഡ്രൈവര്‍ ശിവന്‍ കുട്ടിയുടെ ലിംഗത്തിലേയ്ക്ക് നോക്കി ‘നീ ശിങ്കമാണെടാ’എന്നു പറയുന്നതിന്റെ ഒളിവിവക്ഷ മുന്‍ നിരടിക്കറ്റുകാരനെ പറ്റിക്കാനുള്ള സൂത്രപ്പണിമാത്രമല്ല. അതു കേട്ട് നിര്‍വൃതിയോടെ ചാരിതാര്‍ത്ഥ്യമടയുന്നത് ശിവന്റെ മദ്യം തിങ്ങിയ മുഖമാണെങ്കിലും കൌമാരകാലത്തെ ആണ്‍ലൈംഗികാനുഭൂതികളുടെ ഒരു താളിനെ (ദൂരത്തില്‍ മൂത്രമൊഴിക്കുകയും അതു വച്ച് പേരെഴുതി തീര്‍ക്കുകയും കൂട്ട സ്വയംഭോഗത്തില്‍ ആദ്യം സ്ഖലനമുണ്ടാവുകയും ലിംഗത്തിന്റെ വലിപ്പവും നീളവുമളന്ന് ഒന്നാമനെ കണ്ടെത്തുകയും....) മനസ്സില്‍ തുറന്നു പിടിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് ഇരുട്ടു മുറിയില്‍ കയ്യടികള്‍ ഉയരുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കുത്തുന്നതിനിടയിലെ സംഘര്‍ഷം അടിച്ച് തീര്‍ത്തിട്ട് ശിവന്‍ ഉണ്ണിയോട് പറയുന്നു. ‘ഇനി നിനക്ക് എവിടെയും കുത്താം. അവന്റെ അച്ചിയ്ക്ക് ഒരു പ്രശ്നവുമില്ല.’

ശിവന്റെ തലയ്ക്കകത്തിരുന്നു മൂളുന്ന ഭ്രമരം അവന്റെ കൌമാരക്കാലത്തിന്റെ മുരടിപ്പാണ്. ഈ വളര്‍ച്ചയില്ലായ്മയെ നാം ഇരുട്ടു മുറിയില്‍ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നത് നേരത്തെ പറഞ്ഞതു പോലെ അത് നമ്മുടെ കൂടെ ഭാഗമായതുകൊണ്ടാണെന്നു തോന്നുന്നു. ശിവന്‍‌കുട്ടിയുടെ ജീവിതത്തെ ദുരന്തമാക്കിയത് അവന്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന രണ്ടു കൂട്ടുകാരല്ല. അവര്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ താത്കാലികമായി ഒരു കളവ് പറഞ്ഞതാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ശിക്ഷയ്ക്കു ശേഷം വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെട്ട് സുന്ദരിയായ ഭാര്യയും (ഭൂമിക ചൌള) മകളുമായി ജീവിക്കുന്നതിനിടയില്‍ വീണ്ടും കൊലപാതകി എന്ന വിളിപ്പേരുമായി അയാളുടെ അടുക്കല്‍ എത്തുന്നത് അയാള്‍ കൊന്നു എന്നു പറയപ്പെടുന്ന പെണ്‍ കുട്ടിയുടെ (സത്യത്തില്‍ അയാളുടെ ആദ്യത്തെ പ്രേമഭാജനത്തിന്റെ) അമ്മയാണ്. അവരുടെ ശാപവും ആക്രോശവും കേട്ടാണ് അയാളുടെ മകള്‍ പേടിക്കുന്നതും ഭാര്യ പിണങ്ങിപ്പോകുന്നതും. സത്യം മറച്ചു വച്ചു എന്നാണിപ്പോള്‍ അയാള്‍ക്കെതിരെ ഭാര്യ ഉന്നയിക്കുന്ന ആരോപണം. (അദ്ഭുതകരമാണീ ഭാഗത്തെ സംഭാഷണങ്ങള്‍. കൈലിയുടുത്ത് കരിമ്പു വെട്ടുകയും ശര്‍ക്കരപ്പാനി കാച്ചുകയും ഭര്‍ത്താവിനു നക്കാന്‍ വിരലു നല്‍കുകയും ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടി അതീവ നാടകീയമായാണ് സംസാരിക്കുന്നതും ദാമ്പത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും. ഹൈലി ഫിലോസോഫിക്കല്‍) എന്തുകൊണ്ട് അയാളുടെ പ്രതികാരം ആരോപണം ഉന്നയിച്ച് ജീവിതം താറുമാറാക്കിയ ആ വൃദ്ധയായ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞില്ല? അമ്മ പ്രരൂപങ്ങള്‍ക്കെതിരെ അങ്ങനെ തിരിയില്ല, മലയാളിയുടെ പ്രതികാരമനസ്സ്. അതു നായകത്വത്തെ കെടുത്തും. മലയാള സിനിമയില്‍ ഈ തരവഴിയുമായി നാം പലപ്രാവശ്യം പരിചയപ്പെട്ടിട്ടുള്ളതാണ്. (ക്ലാസ്മേറ്റ്സ് എന്ന ജനപ്രിയ ചിത്രത്തില്‍ ഉറങ്ങിക്കിടന്ന വേഷത്തില്‍ നായികയെ കോളേജിനു മുഴുവന്‍ കാണിച്ചുകൊടുത്തു ചതിക്കുകയും കൂട്ടുകാരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്ത ആളല്ല, നായിക എഴുതിയ പ്രേമലേഖനം തട്ടിയെടുത്ത് വോട്ടുപെട്ടിയിലിട്ട് പരസ്യമാക്കാന്‍ നോക്കിയ വ്യക്തിയാണല്ലോ വില്ലന്‍ !) തൊലിപ്പുറത്തെ ചികിത്സയല്ല, വേരുകളാണയാള്‍ അന്വേഷിച്ചതെന്ന പക്ഷം പിടിച്ചാല്‍ പിന്നെയുമുണ്ട് കുഴപ്പം‍. ഒരിക്കല്‍ ഉണ്ണിയും മറ്റൊരിക്കല്‍ മരിച്ചപെണ്‍കുട്ടിയുടെ അമ്മയും (മകള്‍ മരിച്ചതിനു ശേഷം ഇവര്‍ മാനസിക രോഗിയായി എന്ന് സംഭാഷണത്തിനിടയില്‍ സൂചനയുണ്ട്. മറ്റൊരു ഭ്രമരം! മകള്‍ മരിച്ച ശേഷമാണ് ശിവന്‍‌കുട്ടിയുടെ ശിരസ്സിങ്കലും വണ്ടുകള്‍ പറക്കാന്‍ തുടങ്ങുന്നത്.) മറ്റുള്ളവര്‍ കേള്‍ക്കെ ഉറക്കെ ശിവന്‍ കുട്ടിയെ കുറ്റാരോപിതനാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് അയാളുടെ ജീവിതത്തെ തകിടം മറിക്കുന്നത്. അയാള്‍ക്ക് ഒരു മറുപടി ഇല്ലാതെ പോകുന്നതാണ് ഈ അവസരങ്ങളില്‍ അയാളുടെ ജീവിത ദുരന്തത്തിനു കാരണമാകുന്നത്. സത്യത്തില്‍ അതയാളുടെ പരിമിതിയല്ലേ? ആശയവിനിമയത്തിന്റെ തകര്‍ച്ച പല സൂചനകളായി ഈ സിനിമയിലെമ്പാടും ചിതറിക്കിടപ്പുണ്ട്. ഉണ്ണിയുടെ മകളെ കാണാതാവുന്നത് പോലീസിലറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുകളില്‍ നിന്നെറിഞ്ഞു കൊടുക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ താഴെ വീണു തകരുന്നതു കാണാം. യാത്രയ്ക്കിടയില്‍ ഉണ്ണിയുടെ ഫോണില്‍ പലപ്പോഴും ചാര്‍ജില്ല, അല്ലെങ്കില്‍ റേഞ്ചില്ല. സിനിമയുടെ തുടക്കത്തില്‍ നടന്ന സ്ഫോടനത്തിനിടയിലും വീട്ടിലിരിക്കുന്ന സ്ത്രീയുടെ ഉത്കണ്ഠ, ഭര്‍ത്താവിനെ വിളിച്ചിട്ടു കിട്ടാത്തതിന്റെ പേരില്‍ സിനിമ പൊലിപ്പിക്കുന്നു.

ഇതുപോലെയല്ല, സ്നേഹപ്രകടനങ്ങള്‍ക്കായി ഒരു പാട്ടു തന്നെ ചെലാവാക്കിയിട്ടും (പാട്ടിലുടനീളം ഊന്നല്‍ ലൈംഗികമായ സൂചനകള്‍ക്കാണ്. മറ്റൊന്നും കാണിക്കാനാവാത്തതുകൊണ്ട് നായികയുടെ പൊക്കിള്‍ കാണിച്ചുകൊണ്ട് ചിലത് ധ്വനിപ്പിക്കുക എന്ന പതിവാണ് ഇവിടെയും. സിനിമയില്‍ ആദ്യം കണ്ട (ഉണ്ണിയുടെ) കിടപ്പറ രംഗത്തിന്റെ നീണ്ട വിശദീകരണമാണ് ശിവന്‍‌കുട്ടിയുടെ കഥയിലുള്ളത്. കുട്ടിയുടെ സംശയവും മരണവും ഇടങ്കോലിട്ടത് സുഖദമായ ദാമ്പത്യത്തിനാണ്. അതാണയാളെ ഭ്രാന്തനാക്കുന്നത്) കൊലപാതകിയാണെന്ന ആരോപണം രണ്ടാമതും കേള്‍ക്കുന്ന ശിവന്‍ കുട്ടി ആരാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവളായിരുന്നു, അയാളുടെ ഭാര്യ എന്ന കാര്യം അതിശയോക്തിപരമാണ്. ജനാലയ്ക്കപ്പുറം വന്നു നിന്ന് അയാള്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അവള്‍ അവഗണിക്കുന്നുമുണ്ട്. ഇത്ര വലിയ അകല്‍ച ഇവര്‍ക്കിടയില്‍ എങ്ങനെയാണ് സംഭവിച്ചത് എന്നതിന് മറുപടി ഇല്ല. അച്ഛന്‍ കൊലപാതകിയാണെന്ന് ആരോ വിളിച്ചു പറയുന്നതുകേട്ട് പേടിച്ച് മരിച്ചുപോയ കുഞ്ഞിന്റെ കാര്യം ഇതിനേക്കാളെല്ലാം അവിശ്വസനീയമാണ്. (ആ കുട്ടി ബുദ്ധിദൌര്‍ബല്യമുള്ളവരെ പോലെയാണ് പെരുമാറുന്നത് എന്നൊരു നിരീക്ഷണം ഉണ്ട്. അതു ശരിയാണെന്നു വന്നാല്‍ അച്ഛന്‍ കൊലപാതകിയാണെന്നതിന്റെ തീവ്രത ഉള്ളില്‍ ഏറ്റുവാങ്ങാന്‍ അതിനെത്രമാത്രം ശക്തിയുണ്ടാവും എന്നാലോചിച്ചു നോക്കുന്നത് നന്ന്. സ്വതവേ ദുര്‍ബലമായ തന്തുവിനെ ഒന്നുകൂടി ദുര്‍ബലമാക്കാന്‍ മാത്രമായിരിക്കും അതുപകരിക്കുക. മറിച്ച് കാസ്റ്റിംഗില്‍ സംവിധായകനു സംഭവിച്ച പാളിച്ചയായി കണക്കാക്കുന്നതായിരിക്കും ഉചിതം) കുഞ്ഞ് മരിച്ചതുകൊണ്ട് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയ അമ്മയും മരിച്ച് നായകന്റെ പ്രതികാരത്തിനുള്ള തീ ആളിക്കത്തിച്ചു കൊടുത്തു. (വണ്ടു മൂളുന്ന തലകൊണ്ട് ഇതെല്ലാം അയാള്‍ സങ്കല്‍പ്പിച്ചുകൂട്ടുന്നതല്ലേ സംശയിച്ചാലും കുറവൊന്നും വരാനില്ല) ഹേതുവൊന്നില്‍ കാര്യം ഒന്നില്‍ എന്ന പഴയ അലങ്കാരസങ്കല്‍പ്പമാണിവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ആശയവിനിമയത്തിന്റെ ദുര്‍ബലത ഉണ്ണിയുടെ കുടുംബത്തിലും വട്ടം ചുറ്റുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന കഥാപാത്രം (ഉണ്ണിയുടെ ഭാര്യ) ആകെ സംശയാലുവാണ്. അവരുടെ ആദ്യത്തെ സംശയം സ്ഫോടനശേഷം ടി വി നല്‍കിയ അപരിചിതരെ സൂക്ഷിക്കുക എന്ന താക്കീതുമായി ബന്ധപ്പെട്ടാണ്. പിന്നെ അത് ഉണ്ണി, ഭാര്യ അറിയാതെ മറച്ചു വയ്ക്കാനാഗ്രഹിക്കുന്ന ചിലതായും അതു പരിണമിക്കുന്നു. ശിവന്‍ പറയുന്ന ആവശ്യത്തിനു വേണ്ടിയല്ല, കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകുന്നത് എന്നത് മറ്റൊരു ആശയവിനിമയപ്രശ്നമാണ്. അയാള്‍ പറയുന്നത് സമ്മതിക്കാന്‍ കൂട്ടുകാരും കൂട്ടാക്കുന്നില്ല. ഭാര്യയും മകളും മരിച്ച ദിവസം തന്നെ ശിവന്‍ കുട്ടി വീടുവിട്ടിറങ്ങിയതെന്തിനാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ക്കറിയില്ല. അയാളെ കാത്തു നില്‍ക്കാതെയാണ് അവര്‍ ചടങ്ങുകള്‍ നടത്തുന്നത്. കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ.

കൂട്ടുകാര്‍ക്കും ഒപ്പം ശിവന്‍ ‌കുട്ടിക്കും ഉണ്ടാകുന്ന മനഃപരിവര്‍ത്തനം സിനിമയിലെ വിചിത്രമായ ഒരു പരിണതിയാണ്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നല്ലവരാകുകയും ക്രിയകളെല്ലാം നിഷ്ഗുണമാവുകയും ചെയ്യുന്ന കാഴ്ച ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നത് കണ്ണും മിഴിച്ച് കണ്ടിരിക്കുന്ന കുഞ്ഞുകുട്ടികള്‍ക്കായിരിക്കും ദഹിക്കാന്‍ എളുപ്പം. കഥയല്ല, ഗുണപാഠങ്ങള്‍ ശ്രദ്ധിക്കാനാണല്ലോ അവര്‍ക്കു ലഭിച്ചിരിക്കുന്ന അഭ്യാസം. പിണക്കവും ഇണക്കവും ഒരേ പന്തിയില്‍ എന്ന ബാല്യജീവിതകൌതുകം തന്നെ ഇവിടെയും. ആശയവിനിമയം ക്രമമായി നടന്നാല്‍ സംഘര്‍ഷത്ത്നു പ്രസക്തിയില്ലെന്നു തന്നെയാണ് ചലച്ചിത്രത്തിന്റെ നിര്‍വഹണം പറയാതെ പറയുന്നത്. പക്ഷേ അപ്പോഴും കൊലചെയ്യാനായാലും വെറുതേ വിടാനായാലും തീരുമാനം നായകന്‍ തന്നെ വന്നു നിന്നു പ്രഖ്യാപിക്കണം എന്നിടത്ത് സംവിധായകന്‍ എത്തി താരമൂല്യവിചാരങ്ങളില്‍ നീക്കുപോക്കുകള്‍ നടത്തുന്നത് കാണാതെ പോകുന്നതു ശരിയല്ല.

ശിവന്‍കുട്ടിയുടെ തലയ്ക്കുള്ളിലെ ഭ്രമരം കാര്യകാരണബന്ധങ്ങളും യുക്തിവിചാരവും ഉപേക്ഷിച്ചാണ് മൂളിപ്പറക്കുന്നത്. കുട്ടികളോട് നന്നായി സംവദിക്കാന്‍ അയാള്‍ക്കു കഴിവുണ്ടെന്നു സിനിമ പറയുന്നു. (സ്വന്തം മകളുടെ കാര്യത്തില്‍ അയാള്‍ക്കതു പറ്റുന്നുമില്ല.) ഉണ്ണിയും ഭാര്യയും അയാളെ സംശയിക്കുമ്പോഴും മകള്‍ക്ക് അയാള്‍ ഇഷ്ടപാത്രമാണ്. കുട്ടിയെ അപരിചിതന്‍ തട്ടിക്കൊണ്ടു പോയിക്കാണും എന്ന് പേടിച്ച് ഫ്ലാറ്റിലെ അന്തേവാസികള്‍ ഒന്നടങ്കം നെട്ടോട്ടം ഓടുമ്പോള്‍ അയാള്‍ ടെറസ്സിനു മുകളില്‍ തലകുത്തി നിന്ന് കുട്ടികളെ രസിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ഈ ഇഷ്ടം മലയാള സിനിമ നായകത്വ നിര്‍മ്മാണത്തില്‍ പലപാട് എടുത്ത് പെരുമാറിയിട്ടുള്ള തന്ത്രമാണ്. ഭ്രമരത്തിന്റെ പരസ്യവാചകം തന്നെ നായകന്റെ മൃഗീയമായ നിഷ്കളങ്കത്വത്തെക്കുറിച്ചാണ്. അയാളുടെ നിഷ്കളങ്കതയുടെ പ്രമാണപത്രം കുട്ടിയുടെ ഇഷ്ടത്തിന്റെ ചെലവിലാണ് നിറവേറുന്നത്. കുട്ടികളോടുള്ള ശിവന്റെ ഇഷ്ടം, കയ്യിലെഴുത്തിനെ തോലോലിച്ചു നടക്കുന്ന ഒരു മനോരോഗിയുടെ ഛായാചിത്രവുമായി യോജിപ്പിച്ച് വായിക്കുമ്പോള്‍ അത്ര ലളിതമാവേണ്ടതല്ല. ചിത്രത്തിലാകെ വിന്യസിക്കപ്പെട്ടിരിക്കുന്ന ദൃശ്യസൂചനകളും സംഭാഷണ ശകലങ്ങളും നിരത്തി വച്ച് ആലോചിച്ചാല്‍ അയാളൊരു ലൈംഗിക നഷ്ടത്തിന്റെ ഇരകൂടിയാണ്. തടസ്സപ്പെടുന്ന കാമമാണ് കോപത്തിന്റെ ഹേതു. ഭ്രമരത്തിലെ പ്രധാനകഥാപാത്രങ്ങളായ പെണ്‍കുട്ടികളെല്ലാം നല്ലവരും നിഷ്കളങ്കരുമായിരിക്കുമ്പോള്‍ അതേ പ്രായം തന്നെ വരുന്ന ആണ്‍‌‌കുട്ടികളുടെ സ്ഥിതി അതല്ല. സ്ഫോടനത്തില്‍ പോലീസായ അച്ഛന്‍ മരിക്കാത്തതിന്റെ ദുഃഖമാണ് ഒരാണ്‍കുട്ടി പ്രകടിപ്പിക്കുന്നത്. കുട്ടിയായ ഉണ്ണിയും കൂട്ടുകാരനും ചേര്‍ന്ന് പണം മോഷ്ടിക്കുന്നു, അതു കണ്ടു പിടിച്ച പെണ്‍കുട്ടിയെ കൊല്ലുന്നു. കുട്ടികളുടെ കാര്യത്തില്‍ തന്നെ എങ്ങനെ വരുന്നു ഈ പക്ഷപാതം? ഉത്തരം ലളിതമാണ്. കൌമാരാനുഭൂതിയുടെയും ലിംഗപരമായ അസൂയയുടെയും കിന്നരി പിടിപ്പിച്ച ആഖ്യാനമാണ് ഭ്രമരം. കുട്ടിത്തത്തെ ആ നിലയ്ക്ക് പൊതുസമൂഹം ഏറ്റെടുക്കുകയില്ലെന്നറിയാവുന്ന കലാകാരമനസ്സ് അതിനു നല്‍കിയ തൊങ്ങലാണ് വണ്ടിന്റെ മുരള്‍ച്ച.

26 comments:

  1. വെള്ളെഴുത്തേ,

    യോജിയ്ക്കുന്നു.കുട്ടിത്തം വിട്ടുമാറാത്ത ചിത്രം..ഇതോ? ഇത്രയേ ഉള്ളോ..ഇതിനായിരുന്നോ? ഇങ്ങനെ വരുമോ? എന്നൊക്കെ നൂറായിരം സംശയങ്ങൾ മാത്രം ഉണ്ടാക്കുന്ന ചിത്രം.

    ചുരുക്കത്തിൽ ഒരു മസാലപ്പടത്തിനു വേണ്ട ചേരുവകൾ എല്ലാം ചേർത്ത പടം

    ഒരു സംവിധായകന്റെ പതനം !

    ഭ്രമരം ഭ്രമിപ്പിച്ചതേയില്ല

    ReplyDelete
  2. നന്ദിയുണ്ട്...കാരണം തിരക്കേറിയ ഒരു അവധി കാലത്തിനിടെ ആകെ ഉള്ള സമയത്ത് കാണണം എന്ന് കരുതിയ സിനിമയുടെ പൊള്ളത്തരം പറഞ്ഞു തന്നതിന്...ഇനി ഇപ്പോ അത് കാണാന്‍ സമയം കളയണ്ടല്ലോ. സിഡി ഇറങ്ങി കഴിയുമ്പോള്‍ മണലാരണ്യത്തിലെ അറുബോറന്‍ അവധി ദിവസ്സങ്ങളില്‍ ഒന്നില്‍ ഞങ്ങള്‍ ഈ സിനിമ കണ്ടുകൊള്ളം. (കള്ള സിഡി വാങ്ങില്ല കാണില്ല എന്നൊക്കെ കൂട്ടായ തീരുമാനം എടുത്തിട്ടുള്ള ഒരു കുടുംബം ആയതുകൊണ്ട് കുറച്ചുകാലം കാത്തിരിക്കേണ്ടി വരും അത്രേ ഉള്ളു...എന്നാലും സാരമില്ല അവധി കാലത്തേ കുറച്ചു സമയം ലാഭിക്കാമല്ലോ.

    ReplyDelete
  3. ഇത് വായിച്ച് എന്റെ തലയ്ക്കുള്ളിലും ഒരു വണ്ട് മൂളുന്ന പോലെ.സിനിമ കണ്ടപ്പോ പോലും ഇത്ര പ്രശ്നണ്ടായില്ല. എന്നാലും ന്റെ വെള്ളേ :)

    - ആളറിയാം

    ReplyDelete
  4. അപ്പോള്‍ ഇത് പ്രീച്ചിംഗ് മൂവി അല്ല അല്ലേ? ബ്ലെസ്സി സാധാരണ സുവിശേഷകന്റെ റോളിലല്ലേ സിനിമയെടുക്കാറ്.
    മലയാളത്തില്‍ സമീപകാലത്തു കണ്ട സിനിമകളെല്ലാം കുട്ടികളെയോ മാനസികവളര്‍ച്ചയെത്താത്തവരെയോ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഇതും അങ്ങനെയായതില്‍ അത്ഭുതമില്ല.

    ഹോളിവുഡിലാകട്ടെ, പണ്ടുമുതലേ സമ്മര്‍ കുട്ടിപ്പടങ്ങളുടെ കാലമാണ്‌.

    ReplyDelete
  5. (ദൂരത്തില്‍ മൂത്രമൊഴിക്കുകയും അതു വച്ച് പേരെഴുതി തീര്‍ക്കുകയും കൂട്ട സ്വയംഭോഗത്തില്‍ ആദ്യം സ്ഖലനമുണ്ടാവുകയും ലിംഗത്തിന്റെ വലിപ്പവും നീളവുമളന്ന് ഒന്നാമനെ കണ്ടെത്തുകയും....)

    വെള്ളെഴുത്തേ.......... സംഭവബഹുലമായിരുന്നല്ലേ കുട്ടിക്കാലം... ഹൊ...

    ഇനി ബാക്കി വായിച്ചേച്ചു വരാം..............

    ReplyDelete
  6. • കളിക്കൂട്ടുകാരിയുടെ അമ്മയോടെന്തുകൊണ്ട് ദേഷ്യം തോന്നുന്നില്ല എന്നു ഞാനും ചിന്തിച്ചതാണ്. പിന്നെയും ജീപ്പില്‍ കയറി പാഞ്ഞു വരുന്നതു കണ്ടപ്പോള്‍, അവരുടെയടുത്തു കൂടി ഇവരെക്കൊണ്ട് നിര്‍ത്താനാവുമെന്നും കരുതി. സത്യത്തില്‍ അവരെയാണല്ലോ ഇത് അറിയിക്കേണ്ടത്.
    • ‘ക്ലാസ്‌മേറ്റ്സി’ന്റെ കാര്യമെടുത്താല്‍: നായകനും വില്ലനുമൊക്കെ നായികയുടെ വീക്ഷണകോണിലല്ലേ! നായകനോട് ഇഷ്ടമുള്ളതിനാല്‍ അതൊന്നും നായികയ്ക്ക് പ്രശ്നമാവുന്നില്ല, കാണികള്‍ക്കും. (ലെറ്റര്‍ പ്രസിദ്ധപ്പെടുത്തിയതു നായകനാണ് എന്നല്ലേ നായിക സിനിമയില്‍ തെറ്റിദ്ധരിക്കുന്നത്? ശ്വാസം മുട്ടിച്ചു കൊന്നത് (മനഃപൂര്‍വ്വമല്ല എന്ന പോയന്റും മിസ്സിംഗ്) നായകനെന്ന് നായികയ്ക്ക് അറിയുകയുമില്ല.)
    • “അവര്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ താത്കാലികമായി ഒരു കളവ് പറഞ്ഞതാണ്.” - പിന്നെ മുതിര്‍ന്നവര്‍ തെളിവുകളുണ്ടാക്കി ശിവന്‍‌കുട്ടിയുടെ തലയിലുമാക്കി.

    ബ്ലെസി ഇത്രയും പൊള്ളയായൊരു തിരക്കഥയെടുത്തുവെച്ച്, ഇത്രയും അധ്വാനിച്ചതിന്റെ പൊരുള്‍ തീരെ പിടികിട്ടുന്നില്ല.

    @ റോബി,
    ബ്ലെസി സുവിശേഷകന്റെ റോളിലാണോ സിനിമയെടുക്കുന്നത്? ‘പളുങ്കി’ന്റെ ഒടുവിലങ്ങിനെയൊരു പ്രസംഗമുണ്ടെന്നത് ശരി, പക്ഷെ ബാക്കി മൂന്നിലും (ഇതു കൂട്ടാതെ) അങ്ങിനെയൊരു സമീപനം കണ്ടിട്ടില്ല. (ഡയലോഗുകളില്‍, കഥയിലൊരാവശ്യവുമില്ലാതെ ഉപദേശങ്ങള്‍ കുത്തി നിറയ്ക്കുക - ഇതാണ് പ്രീച്ചിംഗ് എന്നതുകോണ്ട് ഞാന്‍ ഉദ്ദേശിച്ചത്.)
    --

    ReplyDelete
  7. ഹരീ, തന്മാത്രയുടെ ആദ്യപകുതിയില്‍ മുഴുവന്‍ മാത്ര്^കാ ദാമ്പത്യത്തെക്കുറിച്ചും പേരന്റിംഗിനെക്കുറിച്ചുമുള്ള ഗീര്‍വാണങ്ങളല്ലേ മോഹന്‍ലാലിന്റെ കഥാപാത്രം തട്ടിവിടുന്നത്?

    പളുങ്കിലൊഴികെ ബ്ലെസ്സിയുടെ നായകന്മാരെല്ലാം മര്യാദാരാമന്മാരും സ്ത്രീകള്‍ അവരുടെ നിഴലുകളുമല്ലേ എന്നത് വേറൊരു പോയിന്റ്.

    ReplyDelete
  8. പാച്ചി, സിനിമ കാണാനോ കാണാതിരിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങളായി ഇത്തരം കുറിപ്പുകളെ കാണരുതെന്ന് അപേക്ഷയുണ്ട്. സൌന്ദര്യബോധം വളരെ വ്യക്തിപരമായ കാര്യമാണ്..ആലോചനകള്‍ പങ്കു വയ്ക്കുക എന്നത് മറ്റൊരു തലത്തിലാണു നടക്കുന്നത്. ‘ഭ്രമിപ്പിക്കാത്ത ഭ്രമരം‘ വായിച്ചു സുനിലേ..അനോനി ആസ്വാദനത്തേക്കാള്‍ ഉയര്‍ന്ന നിലയാണ് ആലോചനകള്‍ക്കുള്ളത്.. കണ്ടിട്ടില്ലേ ബുദ്ധിജീവികള്‍ ലോകത്തിനെന്തു പറ്റിയെന്ന മട്ടില്‍ കിറുങ്ങി നില്‍ക്കുന്നത്. ആഹാരം കഴിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമല്ലേ അതിന്റെ ദഹനപ്രക്രിയ? അപ്പോള്‍ വണ്ടു മൂളട്ടേ...മൂളിപ്പറക്കട്ടേ...മാരീചാ തെങ്ങില്‍ നിന്നു വീണാല്‍ കാലൊടിയും എന്നറിയാന്‍ ചാടി നോക്കണോ.. കുറച്ചു ഭാവനയുണ്ടായാല്‍ പോരേ..ചോരയുണ്ടെങ്കിലും പാലേ കാണുകയുള്ളൂ എന്നു വന്നാല്‍ എന്തു ചെയ്യും. എങ്കിലും ആ കാലം സംഭവബഹുലം തന്നെ ആയിരുന്നു.. ഹി ഹി ഹി.
    ഹരീ, താങ്കളുടെ തന്നെ സിദ്ധാന്തമുപയോഗിച്ചാല്‍ നായകന്റെ കാഴ്ചപ്പാടിലാണു സിനിമ അപ്പോള്‍ (ക്ലാസ്മേറ്റില്‍ നായികയുടെ കാഴ്ചപ്പാട്)അയാള്‍ക്ക് ആരോട് പക തോന്നുന്നു അവരോട് കാണികള്‍ക്കും പക തോന്നണം. അതേ ഇവിടെയും സംഭവിക്കുന്നുള്ളൂ.. പക്ഷേ നമ്മള്‍ കാഴ്ചകളെ വിശകലനം ചെയ്യുകയാണ് ചെയ്യുന്നത്. പോക്കിരിയില്‍ നായികയുടെ അല്‍പ്പവസ്ത്രധാരണത്തെക്കുറിച്ച് സദാചാരപ്രസംഗം നടത്തുന്ന നായകന്‍ വിജയ് അടുത്ത നിമിഷത്തില്‍ അതിനേക്കാള്‍ ഇറക്കം കുറഞ്ഞതും കട്ടിക്കുറഞ്ഞതുമായ വസ്ത്രം ധരിച്ച നായികയുമായി നൃത്തം ചെയ്യുന്നത് ഗീഥ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. അതയാളുടെ സ്വപ്നമായിട്ടാണ് ചിത്രീകരണം. ഈ ഇരട്ടത്താപ്പ് പറഞ്ഞു തരുന്നത് കാഴ്ചയ്ക്ക് പുറം മാത്രമല്ല അകവും കൂടിയുണ്ടെന്നല്ലേ? സംവിധായകനില്‍ വിശ്വാസം അര്‍പ്പിച്ച് ഇരുട്ടുമുറിയില്‍ ഇരിക്കുന്ന നമ്മള്‍ എത്രത്തോളം മണ്ടന്മാരാവുന്നൂ എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കണ്ടേ? അങ്ങനെയാണ് നമ്മുടെ സൌന്ദര്യബോധത്തെ പുതുക്കാന്‍ നമുക്ക് കഴിയുന്നത്.

    ReplyDelete
  9. ഞാന്‍ പറഞ്ഞുവന്നത് ആ രീതിയിലല്ല. നായികയുടെ കണ്ണിലൂടെ കാണിയും നോക്കുമ്പോഴല്ലേ ഈ പറഞ്ഞ നായകനും വില്ലനുമൊക്കെ വരുന്നുള്ളൂ എന്നതാണ്. അതായത് വെള്ളെഴുത്ത് എഴുതിയതിനോട് ഞാന്‍ അവിടെ വിയോജിച്ചിട്ടില്ല. നായികമാറിയാല്‍, കണ്ണൊന്നു മാറ്റിപ്പിടിച്ചു നോക്കിയാല്‍ നായകനും വില്ലനുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയെന്നു വരാം. പിന്നെ ‘ക്ലാസ്‌മേറ്റ്സി’ന്റെ കാര്യം ചേര്‍ത്തെഴുതിയപ്പോള്‍ വസ്തുതാപരമായ ചില തെറ്റുകള്‍ ഉണ്ടെന്നുകൂടി പറഞ്ഞുവെന്നു മാത്രം. തീര്‍ച്ചയായും കാഴ്ചകള്‍ കാട്ടാതെ ഒളിച്ചുവെയ്ക്കുന്ന അര്‍ത്ഥങ്ങളേയും തേടേണ്ടതു തന്നെ.

    പിന്നെ ഇവിടെ മണ്ടന്മാരാവുന്നതിന്റെ പ്രശ്നമൊന്നുമില്ല. കാരണം വിജയിന്റെ സദാചാരപ്രസംഗത്തിന് എത്ര വില നാം കൊടുക്കും? പക്ഷെ, അതിനു കൈയ്യടിക്കും. എന്നാല്‍ അതു കഴിഞ്ഞ് തൃഷ മുഴുവന്‍ മൂടി സിനിമ മുഴുവന്‍ വന്നാല്‍ കൈയ്യടി കിട്ടുമോ? അല്പവസ്ത്രധാരിണിയായി തന്നെ വീണ്ടും വരണം. അപ്പോള്‍ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മണ്ടന്‍‌കളിക്കുന്നത് സംവിധായകനല്ലേ? :-)

    @ റോബി,
    :-) ‘തന്മാത്ര’യിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാന്‍ മറന്നതല്ല. പക്ഷെ, ആ കഥാപാത്രം അതൊക്കെ പറയുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. അത് കഥയ്ക്ക് ആവശ്യവുമാണ്. (എന്നുവെച്ചാല്‍, ഇങ്ങിനെ ഉപദേശങ്ങളുമായി നടക്കുന്നവര്‍ നമ്മുടെ ചുറ്റിനുമില്ലേ? ഉണ്ട്.) അതുകൊണ്ട് കഥാപാത്രങ്ങളൊന്നും ഒരു ഉപദേശവും പറയരുത് എന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ, അത് ‘ഇന്നത്തെ ചിന്താവിഷയ’ത്തിലേതു പോലെ ഉപദേശത്തിനുവേണ്ടി ഉപദേശമാവരുതെന്നു മാത്രം. ‘കാഴ്ച’, ‘കല്‍ക്കട്ട ന്യൂസ്’ എന്നിവയിലൊന്നും അങ്ങിനെ ഉപദേശപ്രസംഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. ‘പളുങ്കി’ലെ ഒടുവിലെ ഡയലോഗ് ഒഴിച്ചു നിര്‍ത്തിയാല്‍, അവിടെയും ആ രീതിയില്ല. അതുകൊണ്ട് ബ്ലെസിയെ അങ്ങിനെ ജനറലൈസ് ചെയ്തു പറയുന്നതിനോട് വിയോജിക്കുന്നു.
    --

    ReplyDelete
  10. പിന്നെ ‘ക്ലാസ്‌മേറ്റ്സി’ന്റെ കാര്യം ചേര്‍ത്തെഴുതിയപ്പോള്‍ വസ്തുതാപരമായ ചില തെറ്റുകള്‍ ഉണ്ടെന്നുകൂടി പറഞ്ഞുവെന്നു മാത്രം. ഹരീ, വസ്തുതാപരമായ തെറ്റുകളോ? അങ്ങനെയെന്തെങ്കിലും ഞാന്‍ പറഞ്ഞോ? മുന്‍പ് വിശദീകരിച്ചിരുന്ന കാര്യമാണ്. സന്ദര്‍ഭികമായി ഇവിടെയും കേറിവന്നു എന്നു മാത്രം. സമയം കിട്ടുമ്പോള്‍ ഇതൊന്നു നോക്കണേ..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. (ചിന്തയിലല്ലാതെ മറ്റെവിടെയെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? വായിച്ചതായി ഒരു ഓര്‍മ്മ. ഇനി ചിന്തയില്‍ തന്നെയാണോ എന്നും ഉറപ്പില്ല, പക്ഷെ പ്രിന്റില്‍ വായിച്ചതായാണ് ഓര്‍ക്കുന്നത്.)

    “ക്ലാസ്മേറ്റ്സ് എന്ന ജനപ്രിയ ചിത്രത്തില്‍ ഉറങ്ങിക്കിടന്ന വേഷത്തില്‍ നായികയെ കോളേജിനു മുഴുവന്‍ കാണിച്ചുകൊടുത്തു ചതിക്കുകയും കൂട്ടുകാരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്ത ആളല്ല, നായിക എഴുതിയ പ്രേമലേഖനം തട്ടിയെടുത്ത് വോട്ടുപെട്ടിയിലിട്ട് പരസ്യമാക്കാന്‍ നോക്കിയ വ്യക്തിയാണല്ലോ വില്ലന്‍ !”
    - അവിടെയുള്ള ആളെ നായകന്‍ അറിഞ്ഞിട്ടില്ല.
    - കൊല്ലണമെന്ന ഉദ്ദേശവും അവിടെ നായകനില്ല.
    - പ്രേമലേഖനം വോട്ടുപെട്ടിയിലിട്ട് പരസ്യമാക്കിയത് നായകനാണെന്ന് നായികയെ വിശ്വസിപ്പിച്ച് അവര്‍ തമ്മില്‍ തെറ്റിക്കുവാന്‍ നോക്കിയ ആളാണ് വില്ലന്‍.
    --

    ReplyDelete
  13. ക്ലാസ്മേറ്റ്സിലെ പാട്ടുകാരന്റെ മരണത്തെക്കുറിച്ചുള്ള നായകന്റെ വിശദീകരണത്തില്‍ ഒരു 'അമ്പിക്കുട്ടി'യുണ്ട്. ഗുണ്ടയാണെന്നുവിചാരിച്ച് പൂട്ടിയിട്ടു എന്നാണയാള്‍ പറയുന്നത്. പൊതുവേ കേറിച്ചെന്ന്‍ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനെന്ന്‍ നമ്മള്‍ മനസ്സിലാക്കി വെച്ച നായകന്‍ ഇവിടെ എന്തിനു പൂട്ടിയിടുക എന്ന വളഞ്ഞ വഴി സ്വീകരിച്ചു എന്നൊന്ന്‍ സംശയം തോന്നാം, സംശയത്തില്‍ത്തുടങ്ങി റീവൈന്‍ഡ് അടിയ്ക്കുമ്പോള്‍ താത്തക്കുട്ടിയുമായുള്ള അയാളുടെ ഒറ്റപ്പെട്ട ഇന്റെറാക്ഷനുകളില്‍ ഒരു പ്രത്യേകതാല്‍പര്യം ഉണ്ടായിരുന്നോ എന്നു തോന്നാം. അവള്‍ക്ക് പാട്ടുകാരനുമായുള്ള ബന്ധത്തെ അയാള്‍ ഒളിഞ്ഞുനോക്കിയിരുന്നോ? അസൂയപ്പെട്ടിരുന്നോ? അബദ്ധമാണെന്നു മനസ്സിലായെങ്കില്‍ പെണ്‍കുട്ടി അവനോട് ക്ഷമിയ്ക്കാന്‍ ബുദ്ധിമുട്ടിയതെന്തേ?

    അങനെ ഒന്ന്‍ ഉദ്ധേശിച്ചതായി സംവിധായകന്‍ പറഞ്ഞു കേട്ടിട്ടില്ല.ഏതായാലും അങ്ങനെ സംശയിച്ചുകൊണ്ട് സിനിമ കാണുക രസകരമാണ്‍.

    ReplyDelete
  14. സത്യത്തില്‍ ഈ റോബിയുടെ അസുഖമെന്താ . സാറെ, സാറിനു ഇഷ്ടമായ 5 സിനിമയുടെ പേര് പറയാമോ. ഒന്നു കണ്ട് നോക്കാനാ.

    ലോക സിനിമ മുഴുവന്‍ കക്ഷത്തിലാണെന്ന ഭാവം നന്നല്ല റോബി.അറിവ് അഹങ്കാരമല്ല!

    ഹല്ല പിന്നെ ;)

    ReplyDelete
  15. ഡയലോഗുകളിലൂടെയുള്ള പ്രീച്ചിംഗ് മാത്രമല്ല, അതു പറയുമ്പോള്‍ ഞാനുദ്ദേശിച്ചത്. അത് എഴുതിവന്നപ്പോള്‍ കുറെ നീണ്ടു പോയി.
    ഇവിടെയുണ്ട്..

    അനോണി, രാവിലെ എന്നെ ചികിത്സിക്കാനിറങ്ങിയിരിക്കുവാണോ?

    എന്നെ തിരുത്താനാണ്‌ ഉദ്ദേശ്യമെങ്കില്‍ കാര്യകാരണ സഹിതം വിശദീകരിക്കൂ. തെറ്റാണെന്നു ബോധ്യം വന്നാല്‍ തിരുത്താം.

    ചില സിനിമകള്‍ കാണുമ്പോള്‍, എന്റെ ബുദ്ധി പരിഹസിക്കപ്പെട്ടതായി തോന്നും. അല്ലെങ്കില്‍ ഈ സിനിമ കാണാന്‍ എന്റെ ബുദ്ധി ആവശ്യമില്ലല്ലോ എന്നു തോന്നും. അത്തരം പടങ്ങളെ കുട്ടിപ്പടങ്ങള്‍ എന്നു വിളിക്കുന്നത് എന്റെ സെന്‍സിബിലിറ്റി, എന്റെ അഭിപ്രായം. ലോകസിനിമ പോയിട്ട്, കുറച്ച് രോമങ്ങളും രാവിലെ തേച്ച ഡിയോഡോറന്റിന്റെ മണവുമല്ലാതെ, ആരുടെയും ഒന്നും എന്റെ കക്ഷത്തിലില്ല.

    ഇനി, അഞ്ചു സിനിമകള്‍ ചോദിച്ചത് ആത്മാര്ത്ഥമായിട്ടാണെങ്കില്‍, അഞ്ചെണ്ണം പറയാന്‍ പ്രയാസമാണ്‌. ഒരു മെയിലയക്കൂ, വിശദീകരിച്ചു തന്നെ പറയാം.

    ReplyDelete
  16. ചിന്തയിലല്ലാതെ മറ്റെവിടെയും ഞാനറികെ ഇല്ല. പേരാടി അതൊരു നല്ല ആശയമാണല്ലോ.. അതിനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. മനുഷ്യമനസ്സിന്റെ ഇരുണ്ടവശം എന്ന നിലയ്ക്കുള്ള ആ ജെനറേറ്റര്‍ റൂം അന്നേ ആകര്‍ഷിച്ചിരുന്നതാണ്..സംവിധായകന്‍ എന്തുദ്ദേശിച്ചു എന്ന് നമ്മള്‍ നോക്കേണ്ടതില്ല. അതു നമ്മുടെ വിഷയവുമല്ല. മറിച്ച് ഒരു സിനിമ/കല സമൂഹത്തിന്റെ അബോധവുമായി പ്രവര്‍ത്തിക്കുന്നതില്‍ ചിലതെല്ലാം ഉണ്ടെന്ന തിരിച്ചറിവാണ് അന്വേഷിച്ചു പോകുന്നതില്‍ ഉത്സാഹം പകരുന്നത്.
    അനോനി.., റോബിയ്ക്കെന്താ തകരാറ്‌..? റോബിയുടെ ഇഷ്ടം, മറ്റിഷ്ടങ്ങളെ സാധൂകരിക്കണമെന്നില്ല. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നതല്ല (റേറ്റിങ് അല്ല)നമ്മുടെ ചര്‍ച്ചാവിഷയം. അങ്ങനെയും ആസ്വാദനമുണ്ട്. അതു മറ്റൊരു വഴിയാണ്. റോബി കൈകാര്യം ചെയ്യുന്നത് അതിന്റെ അടുത്തതലമാണ്.

    തൊട്ടു മുന്‍പെഴുതിയ കമന്റില്‍ ‘വസ്തുതാപരമായ’ ഒരു തെറ്റു വന്നുപോയിട്ടുണ്ട്.. പോക്കിരിയിലല്ല ശിവകാശിയിലാണ് വിജയിന്റെ ഉപദേശപ്രസംഗവും സ്വപ്നം കാണലുമുള്ളത്..ഖേദിക്കുന്നു. :(

    ReplyDelete
  17. ക്ഷമിക്കില്ല വെള്ളെഴുത്തേ ക്ഷമിക്കില്ല. പോക്കിരിയുടെ കാര്യം എന്റെ തമിഴ് ഫ്രണ്ടിന്റെ അടുത്ത് ചെന്നലക്കി എന്റെ മാനം പോയി... ഇനി ഇമ്മാതിരി നമ്പറുകളുമായി വന്നേക്കരുത് ;)

    ഒരു വുമണൈസർ ആയ തന്റെ റും മേറ്റ് ബിരിയാണീടെ മണം പിടിച്ച് റസിയയുടെ പിറകെ പോവുമ്പോ നായകൻ തടയുന്നതെന്തിനാ??

    ഇന്ഫ്ഫാക്ച്വേഷൻ ഗാരണ്ടീട്... ;)

    ReplyDelete
  18. നെറ്റില് വായിച്ച മറ്റെല്ലാ ഭ്രമരം പഠനത്തെക്കാളും കുടുതല് ഉള്ക്കാഴ്ചയുള്ളതും സുക്ഷ്മവും ആണ് "മൂളുന്ന വണ്ടേ...". വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്.

    ReplyDelete
  19. why indian men are still boys?

    http://psychologynews.posterous.com/why-indian-men-are-still-boys

    ReplyDelete
  20. “കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ”.

    ആശയവിനിമയത്തിലെ കൃത്യയ്ക്ക് പ്രായവുമായിട്ട് അത്ര വലിയ ബന്ധമുണ്ടോ? അല്ല, എന്നുമ്മുതലാണ് ചിട്ടയായി ക്രോഡീകരിക്കപ്പെട്ട ഭാഷയില്‍ പറഞ്ഞാലെ ആശയം ഉണ്ടാവുകയും യുക്തിപരമാവുകയും വിനിമയം ചെയ്യപ്പെടുകയും ഉള്ളു എന്ന് വന്നത്??

    സിനിമയുടെ അവലോകനം വായിച്ചപ്പോള്‍ തോന്നിയത് ഇതിനും വേണ്ടി ഇതില്‍ ഒന്നുമില്ലല്ലൊ എന്നാണ്. അതേതായാലും കൌമാരക്കാലത്തെ വളര്‍ച്ചയില്ലായ്മ, ബാല്യത്തെ അപക്വം എന്നൊക്കെ വിളിക്കേണ്ടി വരുന്നത് ഏതുതരം വളര്‍ച്ചയാണെന്ന് ഒരു ചോദ്യം തികട്ടിവരുന്നു...വിശുദ്ധമുട്ടകള്‍ കണ്ട് എഴുതിയത് മറന്നിട്ടല്ല.

    ReplyDelete
  21. ആശയവിനിമയത്തിലെ കൃത്യതയ്ക്ക് പ്രായവുമായിട്ട് അത്ര വലിയ ബന്ധമുണ്ടോ? അല്ല, എന്നുമ്മുതലാണ് ചിട്ടയായി ക്രോഡീകരിക്കപ്പെട്ട ഭാഷയില്‍ പറഞ്ഞാലെ ആശയം ഉണ്ടാവുകയും യുക്തിപരമാവുകയും വിനിമയം ചെയ്യപ്പെടുകയും ഉള്ളു എന്ന് വന്നത്?
    ഈ വാക്യത്തിലെ ആദ്യഭാഗത്തിലെ ‘കൃത്യത’യ്ക്ക് എന്റെ ഉത്തരം അതേ എന്നാണ് ബിഗ് എംഫാറ്റിക് ‘അതെ.’ രണ്ടാമത്തെഭാഗം -‘എന്നുമുതലാണ്...’-ഞാന്‍ എന്റെ വിവക്ഷിതവുമാമായി ബന്ധപ്പെട്ടസംഗതിയല്ല. അതു തെറ്റായി മനസ്സിലാക്കപ്പെട്ടത്, ശരിയായി വിനിമയം ചെയ്യപ്പെടാത്തതിനാലാണെന്ന് എനിക്കു വേണമെങ്കില്‍ വാദിക്കാം. അതായത് വക്താവിന്റെ ഇംഗിതത്തെ മനസ്സിലാക്കുന്നതില്‍ നിന്നും തടയുന്ന ഒരുപാട് കാര്യങ്ങളെപ്പറ്റി ഞന്‍ പറഞ്ഞിട്ടുവേണോ ആള്‍ക്കാര്‍ അറിയാന്‍? സ്വയം അറിവുള്ളതല്ലേ.. ആശയരൂപീകരണം എവിടെ നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. ശരി ‘ആത്മനിഷ്ഠതയുടെ അന്തര്‍ദാഹങ്ങളെ പ്രപഞ്ചപരിണാമത്തിന്റെ അന്യുസ്യൂതപ്രവാഹത്തില്‍ അറിയുകയും ആ അറിവു നല്‍കുന്ന ദാര്‍ശനിക വിനയത്തില്‍ വികാരപരതയെ ഹോമിക്കുകയും ചെയ്യുകയാണിവിടെ.’ ഈ വാക്യത്തിന്റെ ആശയം ഒരു അഞ്ചാം ക്ലാസുകാരന്‍ അല്ലെങ്കില്‍ ഒരു പ്പത്താംക്ലാസുകാരി എങ്ങനെയായിരിക്കും മനസ്സിലാക്കുക? എനിക്കൊന്നു പറഞ്ഞു തരാമോ? കുട്ടികളുടെ ധാരണാശേഷിയെപ്പറ്റി വിദ്യാഭ്യാസചിന്തകര്‍ എഴുതിയ ഏതു ബുക്കു മറിച്ചു നോക്കിയാലും കുട്ടികളുടെ Reasoningനും യുക്തി വിചാരത്തിനുമുള്ള ശേഷികളുടെ വിവിധഘട്ടങ്ങളെക്കുറിച്ചുള്ള സോദാഹരണ ദൃഷ്ടാന്തങ്ങളുണ്ടല്ലോ നിറയെ.
    കുട്ടിയൊരു മണ്ടനാണെന്ന് പറഞ്ഞുറപ്പിക്കുന്ന ടീച്ചര്‍ ചെയ്യുന്ന ദ്രോഹം ചില്ലറയല്ലെന്നു പറയുന്നതു കുട്ടിയുടെ റീസണിംഗിനുള്ള കഴിവില്ലായ്മയെ കൂടി കണക്കിലെടുത്തുകൊണ്ടാണ്. കഠിനമായ കുറ്റപ്പെടുത്തലുകള്‍ വരുമ്പോള്‍ ഭൂരിഭാഗം കുട്ടികളും (കുട്ടികളായ വലിയവരും) നിശ്ശബ്ദരാവുമെന്നതിനെയാണ് സ്തംഭനാവസ്ഥ എന്നതുകൊണ്ടുദ്ദേശിച്ചത്.
    സിനിമയുടെ അവലോകനം വായിച്ചപ്പോള്‍ തോന്നിയത് ഇതിനും വേണ്ടി ഇതില്‍ ഒന്നുമില്ലല്ലൊ എന്നാണ്. ഇത് കണിശമായും ആശയവിനിമയത്തിന്റെ കൃത്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനു ഞാന്‍ എന്തോന്നു ചെയ്യാന്‍? കൌമാരകാലത്തെ വളര്‍ച്ചയില്ലായ്മ എന്നൊക്കെയുള്ളത് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ‘ഫിക്സേഷന്‍‘ എന്ന അവസ്ഥയാണ് ശ്രീ. അതിനൊരു ചോദ്യവും തികട്ടേണ്ടതില്ല. മനശ്ശാസ്ത്രത്തെപ്പറ്റി പ്രാഥമിക വിവരമുള്ള ഏതു പുസ്തകത്തിലും അതു കാണാം.

    ReplyDelete
  22. കൃത്യത, പക്വത എന്നൊക്കെ സെല്‍ഫ്-ഹെല്പ് പുസ്തകങ്ങളിലേതുപോലെ എളുപ്പത്തില്‍ നിര്‍വ്വജിച്ചു പോകാവുന്നതല്ല എന്ന എന്റെ പക്ഷം സൂചിപ്പിച്ചെന്നേ ഉള്ളു. ധാരണാശേഷി എന്നതു തന്നെ കേവല യുക്തി മാത്രമല്ല എന്നും കുട്ടികളുടേത് മറ്റൊരു തലത്തിലുള്ള യുക്തിബോധം ആണെന്നും ആണ് പറഞ്ഞു വന്നത്. ഇന്നത് ഐഡിയല്‍ എന്ന കാഴ്ച്ചപ്പാട് ലേഖനത്തില്‍ പ്രസക്തമല്ലായിരുന്നിട്ടും അവിടവിടെ മുഴങ്ങുന്നതായിട്ട് തോന്നി. ഫിക്സേഷനുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതോര്‍മ്മവന്നു. മുന്നിലിരിക്കുന്നത് ഒരു പുസ്തകമല്ല, ഒരു മനസ്സാണെന്ന് ഇടക്കിടെ സ്വയം ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്തവര്‍ ഈ പണിക്കു പോവാതിരുന്നെങ്കില്‍ എന്ന്.

    നായകനു യുക്തിബോധം കുറവാണെന്നു പറഞ്ഞുവയ്ക്കുന്നതിനു വേണ്ടി ഇത്രയും ജെനറലൈസേഷന്‍ ആവശ്യമുണ്ടോ? അറിയില്ല...

    ഏതായാലും എനിക്ക് സെന്‍സില്ലാന്നാണ് എന്റെ പിള്ളേരു പറയുന്നത്. അതുകൊണ്ട് അവര്‍ക്കതുണ്ടെന്ന് തീര്‍ച്ചയാണെ..
    ആദ്യത്തെ കമെന്റ് ഓഫാണെല്‍ ഇത് ഓഫിന്റെ ഓഫ്...

    ReplyDelete
  23. നായകനു യുക്തിബോധം കുറവാണെന്നു പറഞ്ഞുവയ്ക്കുന്നതിനു വേണ്ടി ഇത്രയും ജെനറലൈസേഷന്‍ ആവശ്യമുണ്ടോ? -
    ഒട്ടും ആവശ്യമില്ല, പക്ഷേ അങ്ങനെയല്ലല്ലോ പറഞ്ഞു വന്നത്.
    ധാരണാശേഷി എന്നതു തന്നെ കേവല യുക്തി മാത്രമല്ല എന്നും കുട്ടികളുടേത് മറ്റൊരു തലത്തിലുള്ള യുക്തിബോധം ആണെന്നും ആണ് പറഞ്ഞു വന്നത്.
    അതേ. അതിനെ സന്ദര്‍ഭമനുസരിച്ച് യുക്തിബോധമെന്നോ മറ്റൊരു തരം പക്വതയെന്നോ വിളിച്ചാലും അതില്‍ ഉറച്ചുപോയ ഒരു മനസ്സിനെയാണു കാണുന്നതെങ്കില്‍ അതിലൊരു വളര്‍ച്ചയില്ലായ്മ ആരോപിക്കാന്‍ എളുപ്പം കഴിയും. (അപ്പോള്‍ വളര്‍ച്ച എന്താണെന്ന് നിര്‍വചിക്കാന്‍ പറഞ്ഞാല്‍ മറ്റൊരു വഴിയില്ലൂടെ ബഹുദൂരം പോകാം..)
    കൃത്യത, പക്വത എന്നിവ സെല്‍ഫ് ഹെല്പ് ബുക്കുകളിലെ പോലെ എളുപ്പം നിര്‍വചിച്ചു പോകാന്‍ പറ്റുന്നവയല്ല.. ഉറപ്പല്ലേ. അതിനെതിരെ എന്തെങ്കിലും വാദം ഉണ്ടോ? പക്ഷേ എങ്ങനെയാണവ ആ പുസ്തകങ്ങളില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞു തരാമോ? എന്നിട്ട് ഭ്രമരം എന്ന സിനിമയെടുത്ത് അതില്‍ (ഏതു വിധത്തിലായാലും) പക്വമായ നിലപാടുള്ള കഥാപാത്രത്തെ (കഥാപാത്രങ്ങളെ) ഏതെല്ലാം വിധത്തില്‍ സംവിധായകനും കഥാകൃത്തുമായ ബ്ലെസ്സി അവതരിപ്പിക്കുന്നു എന്നു ഉദാഹരണസഹിതം പറഞ്ഞു തന്നാല്‍ തീരുന്നതേയുള്ളൂ കണ്‍ഫ്യൂഷന്‍.. സത്യത്തില്‍ കഥാപാത്രത്തിന്റെ(പാത്രങ്ങളുടെ)ആദര്‍ശാത്മകപക്വതയോ മറ്റോ ലേഖനത്തിന്റെ വിഷയം കൂടിയല്ല, ആ വാക്കുകളിലൂടെയുണ്ടാക്കിയെടുത്ത പാഠമാണ് കമന്റുകളിലെ ചര്‍ചാവിഷയം എന്നതുകൊണ്ട് അതറിഞ്ഞാല്‍ എല്ലാം അറിഞ്ഞഫലമുണ്ടാകും എന്നു വിചാരിച്ചു പറയുകയാണ്.കാര്യങ്ങള്‍ ഏകശിലാമുഖമാകുന്നതിനെ പലതരത്തില്‍ എതിത്തു വഴിപാടു നടത്തുന്ന ഒരുവന്റെ ഒരു ലേഖനത്തില്‍ ഇതാണ് ഐഡിയല്‍ എന്നൊരു ധ്വനി ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കും. മനസ്സോടുന്ന കുമാര്‍ഗങ്ങള്‍ ആരറിയുന്നു? മുന്നിലിരിക്കുന്നത് പുസ്തകമല്ല ഒരു മനസ്സാണെന്ന് പറഞ്ഞ ആ മനശ്ശാസ്ത്രജ്ഞന്‍ സുഹൃത്ത് നല്ല ഉപദേശമാണ് നല്‍കിയത്. ആരു കേള്‍ക്കാനാണ്? ഒരുപാട് സ്ഥലത്തത് പ്രയോഗിക്കമല്ലോ..ഇതു ഞാന്‍ പാഠപുസ്തകകാര്യത്തില്‍ എത്രപ്രാവശ്യം തട്ടിമൂളിച്ച അഭിപ്രായമാണെന്നോ.. ഒരെണ്ണത്തിനു ബോധ്യപ്പെട്ടിട്ടില്ല. സിലബസ്സ് പരിഷ്കരണങ്ങളെല്ലാം പുസ്തകങ്ങളെയും ചിന്തകളെയുമൊക്കെ ആസ്പദമാക്കിയാണ് ! ആരെങ്കിലും മനസ്സു കാണുന്നുണ്ടോ?
    സെന്‍സിന്റെ കാര്യം പറഞ്ഞ കുട്ടികള്‍ക്കെന്തോ പ്രശ്നമുണ്ട്, ശ്രീ..അവരെ അങ്ങനെയങ്ങ് മുഖവിലയ്ക്കെടുക്കണ്ട..

    ReplyDelete
  24. gi. ലിങ്ക് ഇപ്പോഴാണ് നോക്കാന്‍ സമയം കിട്ടിയത്. അതു കണ്ണു തുറപ്പിക്കുന്ന നിരീക്ഷണമാണല്ലോ. നന്ദി ലിങ്കിന്..

    ReplyDelete
  25. കുട്ടികളുടെ മനസ്സിനെ പട്ടി മലയാളസിനിമാക്കാര്‍ക്ക് ഒന്നും തന്നെ അറിയില്ല എന്ന് ഒന്നുകൂടി സ്ട്തഅപിയ്ക്കാനാണ് ബ്ലെസി വഴി വെച്ചിരിയ്ക്കുന്നത്.അത്രമേല്‍ സ്നേഹകമങ്ങള്‍ അമ്മയോടും സ്നേഹവാത്സല്യങ്ങള്‍ തന്നോടും പുലര്‍ത്തിയ അച്ഛന്‍ കൊലപാതകിയാണെന്ന് ഏതോ ഒരു "പ്രാന്തത്തി" പറഞ്ഞതുകൊന്റൊന്നും ഒരു കുട്ടിയ്ക്കും ഇങ്ങനെ ദേഷ്യം വരില്ല .തീര്‍ച്ച.കൂട്ടുകാരന്റെ അപ്പോള്‍ പരിചയപ്പെട്ട കുട്ടിയ്ക്ക് പോലും അയാളെ എന്തൊരു സ്നേഹവും വിസ്വസവുമാണ്.കുട്ടികളെ പഴി പരഞ്ഞുരക്ഷപ്പെടനന്‍ എല്ലാവര്ക്കും തിടുക്കം.

    ReplyDelete