July 27, 2009
ഇന്ദുപുഷ്പഹാരവും മുറുക്കാന്‍പൊതിയും
പക്ഷി സംസ്കൃതത്തില്‍ ആണാണ്. പെണ്‍കിളിയെയാണുദ്ദേശിക്കുന്നതെങ്കില്‍ പക്ഷിണി എന്നു വേണം. ആ നിലയ്ക്ക് യക്ഷിയുടെ സ്ത്രീലിംഗമാണോ യക്ഷിണി എന്നൊരു സംശയം വരാം. പക്ഷേ യക്ഷന്മാര് വേറെയുണ്ട്. മഹാഭാരതം വനപര്‍വം, 84-മത്തെ അദ്ധ്യായത്തില്‍ രാജഗൃഹമെന്ന തീര്‍ഥക്കുളത്തിനടുത്തുള്ള ഒരു യക്ഷിണി അമ്പലത്തെക്കുറിച്ച് പറയുന്നുണ്ട്. അവിടത്തെ പ്രസാദം കഴിച്ചാല്‍ ബ്രഹ്മഹത്യാപാപം നശിക്കുമത്രേ. കേരളത്തിലെ യക്ഷിയമ്പലങ്ങളില്‍ നിന്ന് നേരെയൊരു വഴി മഹാഭാരതത്തിലെ ഈ പരാമര്ശത്തിലേയ്ക്ക് പോകുന്നില്ലേ? കേരളത്തില്‍ യക്ഷിപ്പേടിയെ തീവ്രതരമാക്കിയത് ബ്രാഹ്മണരായ മന്ത്രവാദികളാണെന്ന് ഒരു വാദമുണ്ട്. പരശുരാമന് പണ്ട് കുറച്ചു സ്ത്രീകളെ ഇവര്‍ക്കായി കൊണ്ടു വന്നു കേരളത്തില്‍ പാര്‍പ്പിച്ചിരുന്നു. അപ്സരഗണത്തില്‍ പെടും ആയമ്മമാര്. വിദ്യാധരര്‍, സിദ്ധര്‍, ചാരണര്‍, അപ്സരസ്സുകള്‍, യക്ഷര്‍, കിം പുരുഷന്മാര്, അശ്വമുഖര്‍, വനദേവതമാര്‍, ഗന്ധര്വന്മാര്, വാലഖില്യര്‍ തുടങ്ങിയ അര്‍ദ്ധദേവ വിഭാഗത്തിലൊന്നും പെടുന്നവരല്ല നമ്മള് ഇവിടെ കണ്ടും കേട്ടും പരിചയിച്ച യക്ഷിമാര്‍. കുട്ടിച്ചാത്തന് പോലും ആദ്യം പറഞ്ഞ കൂട്ടത്തിലാണ്. (കുട്ടിച്ചാത്തന്റെ മറ്റൊരു പതിപ്പാണ് ദേവര്‍ഷിയായ നാരദന് എന്ന് എം പി ശങ്കുണ്ണിനായര്) ഹിമാലയവും പരിസരപ്രദേശങ്ങളുമാണ് ഇവരുടെ വിഹാരരംഗം. ഗാനം നൃത്തം കാമം സുഗന്ധം സോമം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് മേല്പ്പടിയാന്മാരുടെ ജീവിതം. സ്ഥിരതാമസമൊരിടത്തുമില്ല. തനി അരാജകജീവിതം. അമേരിക്കയില്‍ ഹിപ്പിയിസമൊക്കെ അവതരിക്കുന്നതിനും മുന്‍പാണ് ആര്‍ഷഭാരതഭൂമിയില്‍ ഇങ്ങനത്തെ കൂട്ടം. സംസ്കൃതസാഹിത്യമാകെ ഇവരുടെ ലീലാവിനോദങ്ങള്‍ കൊണ്ട് മുഖരിതമാണ്. ബാണഭട്ടന്റെ കാദംബരി നോക്കുക. കാളിദാസന്റെ യക്ഷന് വേറൊരുദാഹരണം. വിദ്യാധരസ്ത്രീകള്‍ തലങ്ങും വിലങ്ങും ചുടുചുംബനങ്ങള്‍ നല്‍കിയും വാങ്ങിയും ചക്രവാളസീമകളില്‍ നടക്കുന്നുണ്ട് ചന്ദ്രാപീഢചരിതത്തില്‍. ശിവന്റെ കല്യാണത്തിനു പാട്ടും പാടി മുന്നില്‍ നടന്നത് വിദ്യാധരമിഥുനങ്ങളും സിദ്ധന്മാരും ചാരണന്മാരുമാണ്. അവിടെ സ്ത്രീകള്‍ക്ക് പൊതുവേ സദാചാരപ്രശ്നങ്ങളൊന്നുമില്ല. അപകര്‍ഷം തീരെയില്ല. ഒറ്റയ്ക്കോ കൂട്ടമായോ പ്രണയലീലകളാടാനും വൈഷമ്യമില്ല. പ്രസവിക്കാനും മടിയൊന്നുമില്ല. പക്ഷേ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നു മാത്രം. ശകുന്തളയെ മേനക കളഞ്ഞിട്ടു പോയി. ആയുസ്സിനെ ഉര്‍വശിയും. രണ്ടുപേരും അപ്സരസ്ത്രീകളാണ്.
ഉര്വശിയെക്കുറിച്ചു പറയുമ്പോഴാണ് .... ‘ഊരുവില്‍ നിന്നുണ്ടായവള്‍’ എന്ന നിലയ്ക്കു ആലോചിക്കുമ്പോള്‍ ലൈംഗികതയുമായി എന്തോ ബന്ധം പേരിന്റെ നിരുക്തിയില്‍ തന്നെയുണ്ട് ഉര്‍വശിക്ക്. ഊരു(തുട) വൈശ്യന്റെ ഉത്പത്തി സ്ഥലമാകയാല്‍ വൈശ്യകുലത്തില്‍ ജനിച്ച ഏതെങ്കിലും പെണ്ണായിരിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ അച്ചീചരിതങ്ങളില്‍ ഉര്‍വശിയുമായി ചാര്‍ച്ചയുള്ള ദേവദാസികളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഉണ്ണുനീലി, ഉര്‍വശിയുടെ പിന്മുറക്കാരിയായിരുന്നത്രേ. ശാപം കൊണ്ട് പുരൂരവസ്സിനെ വിവാഹം കഴിച്ചുകൂടിയ ഉര്‍വശി രാജാവിനെ പിരിഞ്ഞു പോകാതിരിക്കാന്‍ വച്ച ഉടമ്പടികളിലൊന്ന് സംഭോഗസമയത്തല്ലാതെ നഗ്നനായി പുരൂരവസ്സിനെ താന്‍ കണ്ടുപോകരുത് എന്നാണ്. എന്നിട്ട് ആട്ടിന്‍ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി രാജാവെഴുന്നേറ്റപ്പോള്‍ മിന്നല്‍ വെളിച്ചത്തില്‍ ആ നഗ്നത കണ്ടെന്നും പറഞ്ഞ് പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയി! ശാരീരികമായ സ്നേഹം അടുപ്പിച്ച രണ്ടുപേരില്‍ ഒരാളുടെ നിബന്ധന ഇത്ര ലൌകികവിരക്തമായിരിക്കാന്‍ എന്തായിരിക്കും കാരണം? ഉര്‍വശിയും പുരൂരവസ്സും അരണിയും അരണിക്കോലും മകന് ആയുസ്സ് അതില്‍ നിന്നുണ്ടായ അഗ്നി. അങ്ങനെയൊരു വ്യാഖ്യാനമുണ്ട് ഈ പ്രാചീനമായ കഥയ്ക്ക്. സൂര്യനും പുലരിയുമാണ് ഈ കമിതാക്കള്‍ എന്ന് പ്രസിദ്ധമായ മറ്റൊരു വിശദീകരണം. ഉര്‍വശിയുടെ സ്വര്‍ഗവും പുരുവിന്റെ ഭൂമിയും അങ്ങനെ സമ്മേളിക്കുന്നു എന്ന്. അതെന്തായാലും വാര്‍ദ്ധക്യം എന്നൊരവസ്ഥ അര്‍ദ്ധദേവതകള്‍ക്ക് സങ്കല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കുടുംബജീവിതത്തില്‍ മുഴുകാന്‍ പറ്റാത്തതായിരിക്കും. ‘അപ്പില്‍’ നിന്ന് (പാലാഴിയിലെ ജലത്തില്‍ നിന്ന് - പാലാഴിയിലെ ജലം പാലല്ലെന്നും മന്ദരപര്‍വതം കൊണ്ടിട്ടപ്പോള്‍ അതിലെ ചെടികളും മരങ്ങളും കടലില്‍ വീണ് അരഞ്ഞ് ഏതാണ്ട് പാല് നിറമായി വെള്ളത്തിനെന്നും മഹാഭാരത്തിന്റെ തുടക്കത്തില്‍ വര്‍ണ്ണനയുണ്ട് ) ഉയര്‍ന്നു വന്നതുകൊണ്ടാണവര്‍ക്ക് ആ പേരു കിട്ടിയത്. സരസ്സുകളുടെ സമീപം താമസമാക്കിയിരുന്ന പ്രത്യേക ജനവിഭാഗത്തിനു കാലക്രമത്തില്‍ പതിഞ്ഞ പേരാകാനും സാദ്ധ്യതയുണ്ട്. വനവുമായി എന്തോ ഒരു നിഗൂഢബന്ധം ഈ സ്ത്രീകള്‍ക്കുണ്ട്. അതാണ് കാലന്തരത്തില്‍ കാവും ചില മരങ്ങളുമായി പരിമിതപ്പെട്ടത്. ജലത്തിന്റെ നിഗൂഢമായ സ്വഭാവവും സ്വരൂപവും വഴക്കവും കല്പ്പിച്ചു കൊടുത്ത കാവ്യഭാവനയുമാണ് അപ്സരസങ്കല്പത്തിനു പിന്നിലുള്ളത്. ഗന്ധര്വന്മാര്ക്ക് ഗന്ധവുമായാണ് ബന്ധം. കാമദേവന്റെ പര്യായമായ ‘കന്ദര്‍പ്പന്‍’ പോലും ഗന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പേരാകാനാണു സാദ്ധ്യതയെന്ന് കാളിദാസസാഹിത്യത്തെപ്പറ്റി മികച്ച ഒരു പുസ്തകം -ഛത്രവും ചാമരവും- എഴുതിയ എം പി ശങ്കുണ്ണിനായര് ചൂണ്ടിക്കാണിക്കുന്നു. ആ നിലയ്ക്ക് കാമദേവന് ഒരു ഗന്ധര്‍വനാകാന്‍ സാധ്യതയുണ്ട്.
ഗന്ധര്വന്മാരും അപ്സരസുകളും പ്രണയത്തിന്റെ ഉസ്താദുമാരാണെന്ന് വെയ്പ്പ്. ഉപനിഷത് കാലം മുതല്‍ നിലനില്‍ക്കുന്ന വിശ്വാസമാണ് അത്. ഗന്ധര്‍വാനന്ദത്തിന്റെ ഒരു നിമിഷം മനുഷ്യാനന്ദത്തിന്റെ അനേകമിരട്ടിയാണെന്ന് പഴയപുസ്തകങ്ങള്‍. എന്തുകൊണ്ടോ എന്തോ, നല്ല ഹൈമവതഭൂവില്‍ നിന്ന് കേരളത്തിലേയ്ക്ക് വന്നപ്പോള്‍ ഗന്ധര്‍വന്റെ കൂടെയെത്തിയത് പക്ഷേ, അപ്സരസ്സല്ല, യക്ഷിയാണ്. ഗന്ധര്വന്മാര് രന്തുകാമന്‍, ഭോക്തുകാമന്‍, ഹന്തുകാമന്‍ (രമിക്കാന്‍ മാത്രം വരുന്നവനാണ് രന്തുകാമന്‍, ഭുജിക്കാന്‍ വരുന്നവന് ഭോക്തുകാമനും ഇവരെ രണ്ടുപേരെയും രസിപ്പിച്ചും ഭുജിപ്പിച്ചും ഉച്ചാടനം ചെയ്യാം. ഹന്തുകാമന്‍ കൊന്നിട്ടേ പോകൂ.) എന്നിങ്ങനെ മൂന്നു നിലകളില്‍ കേരളത്തിലെ സുന്ദരികളായ സ്ത്രീകളെ ആവേശിച്ച് നശിപ്പിച്ചപ്പോള്‍ യക്ഷികള് പാലച്ചോട്ടിലും കരിമ്പനക്കാട്ടിലും ആണ് വിരല്‍ത്തുമ്പിലെ ചുണ്ണാമ്പുമന്വേഷിച്ച് അലഞ്ഞു. പെട്ടാല്‍ പെട്ടു. കുരവയും തീപന്തവുമായി പിന്നെ ഒരു പാച്ചിലാണ് പനയുടെ മുകളിലേയ്ക്ക്. രാവിലെ ചോട്ടില് ചെന്നാല്‍ എല്ലും പല്ലും മുടിയും പെറുക്കിക്കൊണ്ടു പോരാം.
പഴയ മന്ത്രവാദഗ്രന്ഥങ്ങളില്‍ യക്ഷി ഗന്ധര്‍വ ഉച്ചാടനങ്ങള്‍ക്കുള്ള പൂജകള്‍ ഇല്ല. അവയൊക്കെ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നതാണോ എന്നറിയില്ല. ത്രിദോഷാത്മകം, ത്രിഗുണാത്മകം എന്നൊക്കെ രോഗങ്ങളെയും മനസ്സിനെയും തിരിക്കുന്നതുപോലെ ബാധകളെ ത്രിമൂര്‍ത്ത്യാത്മകം എന്ന് മന്ത്രവാദം തരം തിരിച്ചിട്ടുണ്ട്. ഭൂതം, പ്രേതം, പിശാച് എന്നിവയാണ് ആ മൂന്നുമൂര്‍ത്തികള്‍. ആദ്യത്തേയാള്‍ ശിവനുമായും രണ്ടാമത്തെയാള്‍ വിഷ്ണുവുമായും പിശാച് ശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. (മന്ത്രവാദം കേരളത്തില്‍ -കാട്ടുമാടം നാരായണന്) ദൈവം ഉണ്ടെന്നു വിശ്വസിക്കാമെങ്കില്‍ നെഗറ്റീവ് പോളുകളായ ഇവരും ഉണ്ടെന്നു വിശ്വസിക്കാമെന്നാണ് മന്ത്രവാദികളുടെ യുക്തിവാദം. പകലിനു രാത്രിയില്ലേ? ചൂടിനു തണുപ്പില്ലേ? സുഖത്തിനു ദുഃഖമില്ലേ ? പ്ലസിനു മൈനസില്ലേ? അപ്പോള്‍ ഒരു വിശ്വാസം മാത്രമായിട്ടെങ്ങനെ അന്ധമാവും? നല്ല മനുഷ്യന് മരിച്ചാല്‍ അയാള്‍ക്കു സദ്ഗതി എന്ന് ചരകസംഹിതയിലുണ്ടത്രേ. ഗുണ്ടകളുടെ ജീവിതം പോക്കാണ്. ചത്താലും ജീവിച്ചാലും അവന് മറുത തന്നെ. പക്ഷേ ഇവിടെയും യക്ഷി - ഗന്ധര്‍വന്മാരില്ല. മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍ യക്ഷി വരുമോ എന്നു സംശയമാണ്. തിരുവിതാംകൂറിലുടനീളം തെരുവോരങ്ങളില്‍ എശക്കിയമ്മന്‍ ക്ഷേത്രങ്ങള്‍ കാണാം. എന്നു വച്ചാല്‍ ദേവസ്ഥാനം തന്നെയാണ് യക്ഷിയ്ക്ക്. ഉഗ്രമൂര്‍ത്തിയാണ്. ചോരയാണിഷ്ടഭക്ഷണം. പവിഴച്ചുണ്ടുകള്‍ക്ക് മേലെ ദംഷ്ട്ര തെളിഞ്ഞു കാണാന്‍ എത്തി വലിഞ്ഞു നോക്കണ്ട. അവിടങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള തമിഴിന്റെ അതിപ്രസരമുള്ള വില്‍പ്പാട്ടുകളില്‍ യക്ഷി വരുന്നതാവട്ടേ, ഹിമാലയത്തില്‍ നിന്നുമാണ്. അറിയാവുന്ന തമിഴ് ജ്ഞാനം വച്ച് വരിയൊപ്പിച്ച് ശ്രദ്ധിച്ചു കേട്ടാല്‍ മതി.
ആദിദ്രാവിഡരുടെ കൊറ്റവൈ എന്ന ഭയപ്പെടുത്തുന്ന സ്ത്രീദൈവത്തെ ആര്യാധിനിവേശക്കാര്‍ ഭദ്രകാളിയും ദുര്‍ഗയുമാക്കി പരിണമിപ്പിച്ചതു മനസ്സിലാക്കാം. എന്നാല്‍ ആണുങ്ങള്‍ക്ക് പൊറുതികൊടുക്കാതെ ചോര കുടിക്കുകയും കുരവയിട്ട് ഗര്‍ഭം കലക്കുകയും ചെയ്യുന്ന യക്ഷി എങ്ങനെ അമ്മയും ദൈവവുമായി? കൂടെ വന്ന ഗന്ധര്വന്മാര്ക്ക് അങ്ങനെ ദേവപദവി കേരളത്തിലാരും കൊടുത്തുമില്ല. പദ്മരാജനെപോലെ ചിലര്‍ ചില വെള്ളപൂശല്‍ ശ്രമങ്ങളൊക്കെ നടത്താന്‍ ശ്രമിച്ചെന്നു മാത്രം. എന്നിട്ട് ഒത്തോ? ചരിത്രവും വിശ്വാസവും ആകെ കെട്ടിമറിഞ്ഞു കിടപ്പാണ് നമ്മുടെ പറമ്പുകളില്‍. യക്ഷി സങ്കല്‍പ്പം ജൈനവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് ചില അഭിപ്രായങ്ങള്‍ വായിച്ചിട്ടുണ്ട്. വനദേവത സങ്കല്‍പ്പം തന്നെ അവിടുന്നു പുറപ്പെട്ടു വന്നതാണെന്ന വിശ്വാസത്തിനു ജൈനമതത്തിനു വന്ന അപചയം, അതുമായി ബന്ധപ്പെട്ടു നിന്ന സ്ത്രീകളെയും ബാധിച്ചതാണെന്ന ന്യായം പറയിപ്പിക്കാതിരിക്കില്ല. തിരുവനന്തപുരം സ്ഥലനാമസമിതിയുടെ അംഗമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ പഴമക്കാര്‍ പറഞ്ഞുകേട്ട യക്ഷികഥകളെ ‘കേരളാപോലീസ് നൂറ്റാണ്ടുകളിലൂടെ’ എന്ന ചരിത്രഗ്രന്ഥമെഴുതി പ്രസിദ്ധനായ കെ രമേശന് നായര്‍ ഒരു പുസ്തകത്തിലാക്കിയിട്ടുണ്ട്. ‘വേണാട്ട് യക്ഷികള്’ എന്ന പേരില്‍. 27 പേരുടെ കഥകളാണതില്‍. നമുക്കു ചിരപരിചിതരായ കൊച്ചുമ്മിണിത്തങ്കയ്ക്കും പനയനാര് കാവു യക്ഷിയ്ക്കും സതി ചമ്പകവല്ലിയ്ക്കും പഞ്ചവങ്കാട് യക്ഷിയ്ക്കും ഒപ്പം തീരെ അപരിചിതരായ കൊല്ലനാരായണിയും വടവിരുത്തിയും കുറുമ്പാട്ടിയും ഈനാച്ചിയും അതിലുണ്ട്. പ്രണയം കൊണ്ടു സംഭവിച്ച ദുര്‍മരണങ്ങളും ചതികളുമാണ് കൌമാരജീവിതങ്ങളെ യക്ഷികളായി പരിണമിപ്പിച്ചത്. കണ്ണു നനയിപ്പിക്കുന്ന ഭീകര കഥകളാണ്. അവ തുറന്നു വച്ചു തരുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. യക്ഷിണികള്‍ക്ക് ജാതിവ്യത്യാസം ബാധകമാവുന്നില്ല എന്നതാണ് ഒന്ന്. അവര്‍ക്കിടയില്‍ മണ്ണാത്തിയും വാരസ്യാരും നായരും ക്ഷത്രിയയും ദേവദാസിയും ബ്രാഹ്മണസ്ത്രീയുമുണ്ട്. യക്ഷികള് പൊതുവേ സൌമ്യശീലരാണ് എന്നാണ് ഈ കഥകള്‍ പറയുന്നത്. രാത്രി പേടിച്ചു മറിഞ്ഞ് വീണ് കിടന്ന് കിലുകിലാ വിറയ്ക്കുന്ന ആണ്‍ശിങ്കങ്ങളെ ശവം തീനി നായ്ക്കള്‍ ഓടികൂടി തിന്നുതീര്‍ക്കുന്നതാണ് ചോരയൂറ്റലായും നഖദന്തശേഷിപ്പുകളായും കഥകളില്‍ ബ്രാഹ്മണരായ മാന്ത്രികഉദരംഭരികള്‍ നിറച്ചു വച്ചത് എന്നാണ് കഥകള്‍ പൊതുവേ പറയുന്നത്. അങ്ങനെ ചില കാരണവന്മാരും മൊഴിയുന്നുണ്ട്. ചതിക്കപ്പെട്ടാണെങ്കിലും പരലോകത്തിലേയ്ക്ക് യാത്രയായ സൌശീല്യവതികള്‍ എന്നെന്നും അങ്ങനെ തന്നെയായിരിക്കില്ലേ? അപ്പോള്‍ അവര്‍ വരദകളും രക്ഷാമൂര്‍ത്തികളുമായി തീര്‍ന്നില്ലെങ്കിലല്ലേ മൂക്കത്തു വിരള് വയ്ക്കേണ്ടത്? അവര്‍ അമ്മമാരായി ദേശത്തെ സംരക്ഷിച്ചുകൊണ്ട് ഇന്നും വാണരുളുന്നു. തോക്കുകൊണ്ട് ഉന്നം തെറ്റി ശൂന്യാകാശത്തേയ്ക്ക് വെടിവച്ച് കുഴഞ്ചിപ്പോയ ചീഫ് എഞ്ചിനീയര്‍ സായിപ്പ് മിഞ്ചനെ വിരട്ടി കൊന്ന പേച്ചിപ്പാറയിലെ വനദുര്‍ഗയാണ് ഇന്നും കുലശേഖരത്തുള്ള പേച്ചി അണക്കെട്ടിന്റെ ഐശ്വര്യം!
അതങ്ങനെ. യക്ഷികരും മാന്ത്രികരും നിവര്‍ന്നു വിലസുന്ന ‘ഐതിഹ്യമാലയില്‍’ ഇതുപോലുള്ള പിന്നാമ്പുറ കഥകള്‍ പേരിനുപോലുമില്ല. അതിലുള്ള യക്ഷികളാരും മനുഷ്യര്‍ മരിച്ച് ഉരുവം കൊണ്ടതല്ല. യക്ഷിയായി ജനിച്ച് ഇടയ്ക്കിടെ ചക്രവാലസീമയില്‍ നിന്നിറങ്ങി വന്ന് അസാമാന്യസിദ്ധിവിശേഷങ്ങളോടെ വിലസുന്നവരാണ്. അവരിലുമുണ്ട് നല്ലവര്‍. വെണ്മണി കുടുംബത്തിലെ ഉണ്ണിയെ സ്നേഹിക്കുകയും ഒറ്റുവില്‍ ഉണ്ണി ചതിച്ചതുകൊണ്ട് മൃദുവായി ശപിക്കുകയും ചെയ്ത വടക്കും നാഥക്ഷേത്രത്തിലെ യക്ഷിയാണ് അവരിലൊരാള്‍. വയസ്കര ചതുര്‍വേദി ഭട്ടതിരിയെ പ്രേമിക്കുകയും ഒരു മകളെ പ്രസവിച്ചു കൊടുക്കുകയും ചെയ്ത യക്ഷിയാണ് മറ്റൊരാള്‍. മകള്‍ അച്ഛനുമാത്രം ദൃശ്യയായിരുന്നു. അമ്മ വഴിയ്ക്ക് അവളും യക്ഷിയായിപ്പോയി! ( ദോഷൈകദൃക്കുകള്‍ ഭട്ടതിരിക്ക് മാനസികരോഗമായിരുന്നെന്നും പറഞ്ഞ് ഊറിച്ചിരിക്കും. ചിരിക്കട്ടേ, ഭാവനയുടെ നാനാവിധങ്ങള്‍ അറിയാത്തവര്‍ക്ക് എന്തു തന്നെ പറഞ്ഞുകൂടാ ) തേവലശ്ശേരി നമ്പിയോട് കളിക്കാന്‍ ചെന്ന ഒരു നമ്പൂതിരിയുടെ ചെപ്പയ്ക്കൊന്നു വച്ചുകൊടുത്തു, ഒരു യക്ഷി. നമ്പി യോടല്ല യക്ഷിയോടു തന്നെയാണയാള്‍ കളിക്കാന്‍ ചെന്നത്. ഒരു ദിവസം മുഴുവന്‍ ബോധമില്ലാതെ കിടന്നിട്ട് നമ്പൂരി എഴുന്നേറ്റ് നോക്കുമ്പോള്‍ അയ്യടാ, പല്ലൊന്നുമില്ല ! എന്നാല്‍ ഒരു തുള്ളി രക്തം പോലും കാണാനുമില്ല. യക്ഷികള്‍ക്കല്ലാതെ മറ്റാര്‍ക്കാനും പറ്റുമോ ഇത്?
കെട്ടഴിഞ്ഞ കാമത്തെ ബുദ്ധിയുറയ്ക്കാത്ത സമൂഹം ശിക്ഷിച്ച രീതിയായിരിക്കും യക്ഷി എന്ന പുകമറകള്‍ക്കു പിന്നിലുള്ളത്. ഒരു തീര്‍പ്പിലെത്താന്‍ കഴിയാത്ത വിധത്തില്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാട് ധാരകള്‍ അതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു. ചിന്തിക്കുമ്പോള്‍ പോലും നടുങ്ങുന്ന ഓര്‍മ്മയായി അതിപ്പോഴും മുനിഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ പൊട്ടിയമരുന്നു. ഉള്ളം പൊള്ളയായ, തലമുടി നീട്ടി നിലം തൊടുവിച്ചിടുന്ന, ചുണ്ണാമ്പു ചോദിക്കുന്ന കൊലയാളികളാക്കി പിന്നെയും പിന്നെയും മനസ്സില്‍ നമ്മള് നീഹാരപ്രായത്തില്‍ തീര്‍ക്കുന്ന ഉരുവങ്ങള്‍ സത്യത്തില്‍ നമ്മുടെ തന്നെ ഭയത്തിന്റെ ആള്‍രൂപങ്ങളാണ്. ഓന്ത് പൊക്കിളില്‍ നിന്ന് രക്തം കുടിക്കുമ്പോലെയാണ്. ആര്, ആരെ തൊട്ടാലും ചോരവാര്‍ന്ന മരണം ഉറപ്പ്. ശൈശവത്തിന്റെ ഊഞ്ഞാലകളില്‍ നിന്ന് നമ്മള് എന്നെങ്കിലും താഴെയിറങ്ങുമോ? അന്ന് ആ മല ഇടിഞ്ഞു തീരുമായിരിക്കും. മലയിടിയുമ്പോള്‍ ഒരു പക്ഷേ കേരളത്തില്‍ ലൈംഗികസ്വാതന്ത്യം നിലവില്‍ വരുമായിരിക്കും!
July 21, 2009
മൂളുന്ന വണ്ടേ...
കുട്ടികളായ കുറച്ചു കഥാപാത്രങ്ങള്‍ പ്രാധാന്യത്തോടെ ബ്ലെസ്സിയുടെ ‘ഭ്രമര’ത്തിലും അണിനിരക്കുന്നുണ്ട്. കാഴ്ച, പളുങ്ക്, തന്മാത്ര തുടങ്ങിയ സിനിമകളില്‍ പരിചയപ്പെട്ടതാണെങ്കിലും കുട്ടിക്കഥാപാത്രങ്ങള്‍ക്ക് ഈ സിനിമയില്‍ നിര്‍ണ്ണായകത്വത്തിനുപരി ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നു തോന്നുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍കുട്ടിയുടെ ബാല്യകാലം , അവന്റെ ഏഴാം ക്ലാസിലെ കൂട്ടുകാരി, അവളെ വെള്ളത്തില്‍ തള്ളിയിടുകയും ആ കുറ്റം ശിവന് കുട്ടിയുടെ തലയില്‍ വച്ചുകൊടുക്കുകയും ചെയ്യുന്ന കൂട്ടുകാര്‍. ഇത്രയുമാണ് ഫ്ലാഷ്ബാക്കിലെ കുട്ടികള്‍. സമാന്തരമായി വര്‍ത്തമാനകാലത്തില്‍ ഉണ്ണിയുടെ മകള്‍ (ബേബി നിവേദിത) അയല്‍പ്പക്കത്തെ എസ് ഐ (മദന്‍ ബാബു)യുടെ മകന്, ശിവന്‍കുട്ടിയുടെ മകള്‍ എന്നിവരുണ്ട്. കാഴ്ചക്കാരും നിശ്ശബ്ദജീവികളുമായി പിന്നെയും ഉണ്ട്, കുറേ കുട്ടികള്‍ അവിടെയും ഇവിടെയുമൊക്കെയായി. കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനസിക ലോകം തന്നെ കുട്ടിത്തത്തിന്റേതാണ് എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസികപക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തുച്ചാട്ടങ്ങളും വൈകാരികമുറുക്കങ്ങളുമാണ് സിനിമയ്ക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്. മുതിര്‍ന്നവരായി കാണപ്പെടുന്നുണ്ടെങ്കിലും വളര്‍ച്ച നിലച്ച ഒരു അവസ്ഥയെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭ്രമരത്തിലെ കഥാപാത്രങ്ങളെല്ലാം വെളിവാക്കുന്നുണ്ട്. അപ്പോള്‍ കുട്ടികള്‍ക്കു വേണ്ടി എടുത്ത ചലച്ചിത്രമാണോ ഭ്രമരം എന്നാണിനി ആലോചിക്കാനുള്ളത്.
വളര്‍ച്ചപ്രാപിക്കാത്ത മനസ്സ് കഥാപാത്രങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉണ്ട്. എസ് ഐ എന്ന ഹാസ്യകഥാപാത്രത്തില്‍ മാത്രമല്ല. അയാള്‍ ഒരു സൂചനയാണ്. ശിവന് കുട്ടി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം വെളിവാകുന്നത് അയാള്‍ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കൈയില്‍ എഴുതുന്നു എന്ന പ്രത്യേകതയാലാണ്. കള്ളപ്പേരില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറിക്കൂടിയിരിക്കുന്നത് മറ്റാരുമല്ല, കുട്ടിക്കാലത്ത് തങ്ങള്‍ വഞ്ചിച്ച സഹപാഠി തന്നെയാണെന്ന് ഉണ്ണിയുടെ കൂട്ടുകാരനായ ഡോക്ടര്‍ക്ക് വെളിപാടുണ്ടാവുന്നത് ഈ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്. കൂട്ടുകാരി അവളുടെ പേര് ഒരിക്കല്‍ ഉള്ളംകയ്യിലെഴുതിക്കൊടുത്തിരുന്നു എന്നതാണ് ഈ ശീലം ഇങ്ങനെ കൊണ്ടുനടക്കാന്‍ ശിവന് കുട്ടിയ്ക്ക് പ്രേരണയാവുന്നത്. ഉണ്ണിയുടെ മകളോട് അയാള്‍ പറയുന്നുണ്ട്. കയ്യിലെഴുതുന്നത് ഹൃദയത്തിലെഴുതുന്നതുപോലെയാണെന്ന്. കൌമാരത്തിന്റെ തുടക്കക്കാലത്ത് നിന്ന് പിന്നെയൊരിക്കലും പുറത്തു വരാനാവാത്തതാണ് അയാളുടെ പ്രശ്നം. തൊലിയില്‍ ഇക്കിളിയിട്ട് നീങ്ങുന്ന പേനയ്ക്ക് ആദ്യലൈംഗികാനുഭവത്തിന്റെ പ്രതീകമായിരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ബോധപൂര്‍വമായാലും ഇല്ലെങ്കിലും സിനിമ ആരംഭിക്കുന്നതു തന്നെ ഒരു കുട്ടിയാല്‍ തടസ്സപ്പെടുന്ന വേഴ്ചയുടെ സൂചനയോടെയാണ്. പല സിനിമകളിലും നിഷ്കളങ്കമായി (അത്ര നിഷ്കളങ്കമാണോ?) ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ രംഗം ഭ്രമരത്തിലെ ദൃശ്യസൂചനകളില്‍ ശ്രദ്ധേയമായ ഒന്നാണെന്ന് തോന്നുന്നു. മൂത്രമൊഴിക്കുന്നതിനിടയില്‍ ലോറിഡ്രൈവര്‍ ശിവന് കുട്ടിയുടെ ലിംഗത്തിലേയ്ക്ക് നോക്കി ‘നീ ശിങ്കമാണെടാ’എന്നു പറയുന്നതിന്റെ ഒളിവിവക്ഷ മുന്‍ നിരടിക്കറ്റുകാരനെ പറ്റിക്കാനുള്ള സൂത്രപ്പണിമാത്രമല്ല. അതു കേട്ട് നിര്‍വൃതിയോടെ ചാരിതാര്ത്ഥ്യമടയുന്നത് ശിവന്റെ മദ്യം തിങ്ങിയ മുഖമാണെങ്കിലും കൌമാരകാലത്തെ ആണ്‍ലൈംഗികാനുഭൂതികളുടെ ഒരു താളിനെ (ദൂരത്തില്‍ മൂത്രമൊഴിക്കുകയും അതു വച്ച് പേരെഴുതി തീര്‍ക്കുകയും കൂട്ട സ്വയംഭോഗത്തില്‍ ആദ്യം സ്ഖലനമുണ്ടാവുകയും ലിംഗത്തിന്റെ വലിപ്പവും നീളവുമളന്ന് ഒന്നാമനെ കണ്ടെത്തുകയും....) മനസ്സില്‍ തുറന്നു പിടിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് ഇരുട്ടു മുറിയില്‍ കയ്യടികള്‍ ഉയരുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കുത്തുന്നതിനിടയിലെ സംഘര്‍ഷം അടിച്ച് തീര്‍ത്തിട്ട് ശിവന് ഉണ്ണിയോട് പറയുന്നു. ‘ഇനി നിനക്ക് എവിടെയും കുത്താം. അവന്റെ അച്ചിയ്ക്ക് ഒരു പ്രശ്നവുമില്ല.’
ശിവന്റെ തലയ്ക്കകത്തിരുന്നു മൂളുന്ന ഭ്രമരം അവന്റെ കൌമാരക്കാലത്തിന്റെ മുരടിപ്പാണ്. ഈ വളര്‍ച്ചയില്ലായ്മയെ നാം ഇരുട്ടു മുറിയില്‍ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നത് നേരത്തെ പറഞ്ഞതു പോലെ അത് നമ്മുടെ കൂടെ ഭാഗമായതുകൊണ്ടാണെന്നു തോന്നുന്നു. ശിവന്‍കുട്ടിയുടെ ജീവിതത്തെ ദുരന്തമാക്കിയത് അവന് കൊല്ലാന്‍ കൊണ്ടുപോകുന്ന രണ്ടു കൂട്ടുകാരല്ല. അവര്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ താത്കാലികമായി ഒരു കളവ് പറഞ്ഞതാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ശിക്ഷയ്ക്കു ശേഷം വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെട്ട് സുന്ദരിയായ ഭാര്യയും (ഭൂമിക ചൌള) മകളുമായി ജീവിക്കുന്നതിനിടയില്‍ വീണ്ടും കൊലപാതകി എന്ന വിളിപ്പേരുമായി അയാളുടെ അടുക്കല്‍ എത്തുന്നത് അയാള്‍ കൊന്നു എന്നു പറയപ്പെടുന്ന പെണ് കുട്ടിയുടെ (സത്യത്തില്‍ അയാളുടെ ആദ്യത്തെ പ്രേമഭാജനത്തിന്റെ) അമ്മയാണ്. അവരുടെ ശാപവും ആക്രോശവും കേട്ടാണ് അയാളുടെ മകള്‍ പേടിക്കുന്നതും ഭാര്യ പിണങ്ങിപ്പോകുന്നതും. സത്യം മറച്ചു വച്ചു എന്നാണിപ്പോള്‍ അയാള്‍ക്കെതിരെ ഭാര്യ ഉന്നയിക്കുന്ന ആരോപണം. (അദ്ഭുതകരമാണീ ഭാഗത്തെ സംഭാഷണങ്ങള്‍. കൈലിയുടുത്ത് കരിമ്പു വെട്ടുകയും ശര്‍ക്കരപ്പാനി കാച്ചുകയും ഭര്‍ത്താവിനു നക്കാന്‍ വിരലു നല്‍കുകയും ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടി അതീവ നാടകീയമായാണ് സംസാരിക്കുന്നതും ദാമ്പത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും. ഹൈലി ഫിലോസോഫിക്കല്‍) എന്തുകൊണ്ട് അയാളുടെ പ്രതികാരം ആരോപണം ഉന്നയിച്ച് ജീവിതം താറുമാറാക്കിയ ആ വൃദ്ധയായ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞില്ല? അമ്മ പ്രരൂപങ്ങള്‍ക്കെതിരെ അങ്ങനെ തിരിയില്ല, മലയാളിയുടെ പ്രതികാരമനസ്സ്. അതു നായകത്വത്തെ കെടുത്തും. മലയാള സിനിമയില്‍ ഈ തരവഴിയുമായി നാം പലപ്രാവശ്യം പരിചയപ്പെട്ടിട്ടുള്ളതാണ്. (ക്ലാസ്മേറ്റ്സ് എന്ന ജനപ്രിയ ചിത്രത്തില്‍ ഉറങ്ങിക്കിടന്ന വേഷത്തില്‍ നായികയെ കോളേജിനു മുഴുവന്‍ കാണിച്ചുകൊടുത്തു ചതിക്കുകയും കൂട്ടുകാരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്ത ആളല്ല, നായിക എഴുതിയ പ്രേമലേഖനം തട്ടിയെടുത്ത് വോട്ടുപെട്ടിയിലിട്ട് പരസ്യമാക്കാന്‍ നോക്കിയ വ്യക്തിയാണല്ലോ വില്ലന്‍ !) തൊലിപ്പുറത്തെ ചികിത്സയല്ല, വേരുകളാണയാള്‍ അന്വേഷിച്ചതെന്ന പക്ഷം പിടിച്ചാല്‍ പിന്നെയുമുണ്ട് കുഴപ്പം. ഒരിക്കല്‍ ഉണ്ണിയും മറ്റൊരിക്കല്‍ മരിച്ചപെണ്‍കുട്ടിയുടെ അമ്മയും (മകള്‍ മരിച്ചതിനു ശേഷം ഇവര്‍ മാനസിക രോഗിയായി എന്ന് സംഭാഷണത്തിനിടയില്‍ സൂചനയുണ്ട്. മറ്റൊരു ഭ്രമരം! മകള്‍ മരിച്ച ശേഷമാണ് ശിവന്‍കുട്ടിയുടെ ശിരസ്സിങ്കലും വണ്ടുകള്‍ പറക്കാന്‍ തുടങ്ങുന്നത്.) മറ്റുള്ളവര്‍ കേള്‍ക്കെ ഉറക്കെ ശിവന് കുട്ടിയെ കുറ്റാരോപിതനാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് അയാളുടെ ജീവിതത്തെ തകിടം മറിക്കുന്നത്. അയാള്‍ക്ക് ഒരു മറുപടി ഇല്ലാതെ പോകുന്നതാണ് ഈ അവസരങ്ങളില്‍ അയാളുടെ ജീവിത ദുരന്തത്തിനു കാരണമാകുന്നത്. സത്യത്തില്‍ അതയാളുടെ പരിമിതിയല്ലേ? ആശയവിനിമയത്തിന്റെ തകര്‍ച്ച പല സൂചനകളായി ഈ സിനിമയിലെമ്പാടും ചിതറിക്കിടപ്പുണ്ട്. ഉണ്ണിയുടെ മകളെ കാണാതാവുന്നത് പോലീസിലറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുകളില്‍ നിന്നെറിഞ്ഞു കൊടുക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ താഴെ വീണു തകരുന്നതു കാണാം. യാത്രയ്ക്കിടയില്‍ ഉണ്ണിയുടെ ഫോണില്‍ പലപ്പോഴും ചാര്‍ജില്ല, അല്ലെങ്കില്‍ റേഞ്ചില്ല. സിനിമയുടെ തുടക്കത്തില്‍ നടന്ന സ്ഫോടനത്തിനിടയിലും വീട്ടിലിരിക്കുന്ന സ്ത്രീയുടെ ഉത്കണ്ഠ, ഭര്‍ത്താവിനെ വിളിച്ചിട്ടു കിട്ടാത്തതിന്റെ പേരില്‍ സിനിമ പൊലിപ്പിക്കുന്നു.
ഇതുപോലെയല്ല, സ്നേഹപ്രകടനങ്ങള്‍ക്കായി ഒരു പാട്ടു തന്നെ ചെലാവാക്കിയിട്ടും (പാട്ടിലുടനീളം ഊന്നല്‍ ലൈംഗികമായ സൂചനകള്‍ക്കാണ്. മറ്റൊന്നും കാണിക്കാനാവാത്തതുകൊണ്ട് നായികയുടെ പൊക്കിള്‍ കാണിച്ചുകൊണ്ട് ചിലത് ധ്വനിപ്പിക്കുക എന്ന പതിവാണ് ഇവിടെയും. സിനിമയില്‍ ആദ്യം കണ്ട (ഉണ്ണിയുടെ) കിടപ്പറ രംഗത്തിന്റെ നീണ്ട വിശദീകരണമാണ് ശിവന്‍കുട്ടിയുടെ കഥയിലുള്ളത്. കുട്ടിയുടെ സംശയവും മരണവും ഇടങ്കോലിട്ടത് സുഖദമായ ദാമ്പത്യത്തിനാണ്. അതാണയാളെ ഭ്രാന്തനാക്കുന്നത്) കൊലപാതകിയാണെന്ന ആരോപണം രണ്ടാമതും കേള്‍ക്കുന്ന ശിവന് കുട്ടി ആരാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവളായിരുന്നു, അയാളുടെ ഭാര്യ എന്ന കാര്യം അതിശയോക്തിപരമാണ്. ജനാലയ്ക്കപ്പുറം വന്നു നിന്ന് അയാള്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അവള് അവഗണിക്കുന്നുമുണ്ട്. ഇത്ര വലിയ അകല്ച ഇവര്‍ക്കിടയില്‍ എങ്ങനെയാണ് സംഭവിച്ചത് എന്നതിന് മറുപടി ഇല്ല. അച്ഛന് കൊലപാതകിയാണെന്ന് ആരോ വിളിച്ചു പറയുന്നതുകേട്ട് പേടിച്ച് മരിച്ചുപോയ കുഞ്ഞിന്റെ കാര്യം ഇതിനേക്കാളെല്ലാം അവിശ്വസനീയമാണ്. (ആ കുട്ടി ബുദ്ധിദൌര്‍ബല്യമുള്ളവരെ പോലെയാണ് പെരുമാറുന്നത് എന്നൊരു നിരീക്ഷണം ഉണ്ട്. അതു ശരിയാണെന്നു വന്നാല്‍ അച്ഛന് കൊലപാതകിയാണെന്നതിന്റെ തീവ്രത ഉള്ളില്‍ ഏറ്റുവാങ്ങാന്‍ അതിനെത്രമാത്രം ശക്തിയുണ്ടാവും എന്നാലോചിച്ചു നോക്കുന്നത് നന്ന്. സ്വതവേ ദുര്‍ബലമായ തന്തുവിനെ ഒന്നുകൂടി ദുര്‍ബലമാക്കാന്‍ മാത്രമായിരിക്കും അതുപകരിക്കുക. മറിച്ച് കാസ്റ്റിംഗില്‍ സംവിധായകനു സംഭവിച്ച പാളിച്ചയായി കണക്കാക്കുന്നതായിരിക്കും ഉചിതം) കുഞ്ഞ് മരിച്ചതുകൊണ്ട് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയ അമ്മയും മരിച്ച് നായകന്റെ പ്രതികാരത്തിനുള്ള തീ ആളിക്കത്തിച്ചു കൊടുത്തു. (വണ്ടു മൂളുന്ന തലകൊണ്ട് ഇതെല്ലാം അയാള്‍ സങ്കല്‍പ്പിച്ചുകൂട്ടുന്നതല്ലേ സംശയിച്ചാലും കുറവൊന്നും വരാനില്ല) ഹേതുവൊന്നില്‍ കാര്യം ഒന്നില്‍ എന്ന പഴയ അലങ്കാരസങ്കല്‍പ്പമാണിവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ആശയവിനിമയത്തിന്റെ ദുര്‍ബലത ഉണ്ണിയുടെ കുടുംബത്തിലും വട്ടം ചുറ്റുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന കഥാപാത്രം (ഉണ്ണിയുടെ ഭാര്യ) ആകെ സംശയാലുവാണ്. അവരുടെ ആദ്യത്തെ സംശയം സ്ഫോടനശേഷം ടി വി നല്കിയ അപരിചിതരെ സൂക്ഷിക്കുക എന്ന താക്കീതുമായി ബന്ധപ്പെട്ടാണ്. പിന്നെ അത് ഉണ്ണി, ഭാര്യ അറിയാതെ മറച്ചു വയ്ക്കാനാഗ്രഹിക്കുന്ന ചിലതായും അതു പരിണമിക്കുന്നു. ശിവന് പറയുന്ന ആവശ്യത്തിനു വേണ്ടിയല്ല, കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകുന്നത് എന്നത് മറ്റൊരു ആശയവിനിമയപ്രശ്നമാണ്. അയാള്‍ പറയുന്നത് സമ്മതിക്കാന്‍ കൂട്ടുകാരും കൂട്ടാക്കുന്നില്ല. ഭാര്യയും മകളും മരിച്ച ദിവസം തന്നെ ശിവന് കുട്ടി വീടുവിട്ടിറങ്ങിയതെന്തിനാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ക്കറിയില്ല. അയാളെ കാത്തു നില്‍ക്കാതെയാണ് അവര്‍ ചടങ്ങുകള്‍ നടത്തുന്നത്. കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ.
കൂട്ടുകാര്‍ക്കും ഒപ്പം ശിവന് കുട്ടിക്കും ഉണ്ടാകുന്ന മനഃപരിവര്‍ത്തനം സിനിമയിലെ വിചിത്രമായ ഒരു പരിണതിയാണ്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നല്ലവരാകുകയും ക്രിയകളെല്ലാം നിഷ്ഗുണമാവുകയും ചെയ്യുന്ന കാഴ്ച ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നത് കണ്ണും മിഴിച്ച് കണ്ടിരിക്കുന്ന കുഞ്ഞുകുട്ടികള്‍ക്കായിരിക്കും ദഹിക്കാന്‍ എളുപ്പം. കഥയല്ല, ഗുണപാഠങ്ങള്‍ ശ്രദ്ധിക്കാനാണല്ലോ അവര്‍ക്കു ലഭിച്ചിരിക്കുന്ന അഭ്യാസം. പിണക്കവും ഇണക്കവും ഒരേ പന്തിയില്‍ എന്ന ബാല്യജീവിതകൌതുകം തന്നെ ഇവിടെയും. ആശയവിനിമയം ക്രമമായി നടന്നാല്‍ സംഘര്‍ഷത്ത്നു പ്രസക്തിയില്ലെന്നു തന്നെയാണ് ചലച്ചിത്രത്തിന്റെ നിര്‍വഹണം പറയാതെ പറയുന്നത്. പക്ഷേ അപ്പോഴും കൊലചെയ്യാനായാലും വെറുതേ വിടാനായാലും തീരുമാനം നായകന് തന്നെ വന്നു നിന്നു പ്രഖ്യാപിക്കണം എന്നിടത്ത് സംവിധായകന് എത്തി താരമൂല്യവിചാരങ്ങളില്‍ നീക്കുപോക്കുകള്‍ നടത്തുന്നത് കാണാതെ പോകുന്നതു ശരിയല്ല.
ശിവന്‍കുട്ടിയുടെ തലയ്ക്കുള്ളിലെ ഭ്രമരം കാര്യകാരണബന്ധങ്ങളും യുക്തിവിചാരവും ഉപേക്ഷിച്ചാണ് മൂളിപ്പറക്കുന്നത്. കുട്ടികളോട് നന്നായി സംവദിക്കാന്‍ അയാള്‍ക്കു കഴിവുണ്ടെന്നു സിനിമ പറയുന്നു. (സ്വന്തം മകളുടെ കാര്യത്തില്‍ അയാള്‍ക്കതു പറ്റുന്നുമില്ല.) ഉണ്ണിയും ഭാര്യയും അയാളെ സംശയിക്കുമ്പോഴും മകള്‍ക്ക് അയാള്‍ ഇഷ്ടപാത്രമാണ്. കുട്ടിയെ അപരിചിതന് തട്ടിക്കൊണ്ടു പോയിക്കാണും എന്ന് പേടിച്ച് ഫ്ലാറ്റിലെ അന്തേവാസികള്‍ ഒന്നടങ്കം നെട്ടോട്ടം ഓടുമ്പോള്‍ അയാള്‍ ടെറസ്സിനു മുകളില്‍ തലകുത്തി നിന്ന് കുട്ടികളെ രസിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ഈ ഇഷ്ടം മലയാള സിനിമ നായകത്വ നിര്‍മ്മാണത്തില്‍ പലപാട് എടുത്ത് പെരുമാറിയിട്ടുള്ള തന്ത്രമാണ്. ഭ്രമരത്തിന്റെ പരസ്യവാചകം തന്നെ നായകന്റെ മൃഗീയമായ നിഷ്കളങ്കത്വത്തെക്കുറിച്ചാണ്. അയാളുടെ നിഷ്കളങ്കതയുടെ പ്രമാണപത്രം കുട്ടിയുടെ ഇഷ്ടത്തിന്റെ ചെലവിലാണ് നിറവേറുന്നത്. കുട്ടികളോടുള്ള ശിവന്റെ ഇഷ്ടം, കയ്യിലെഴുത്തിനെ തോലോലിച്ചു നടക്കുന്ന ഒരു മനോരോഗിയുടെ ഛായാചിത്രവുമായി യോജിപ്പിച്ച് വായിക്കുമ്പോള്‍ അത്ര ലളിതമാവേണ്ടതല്ല. ചിത്രത്തിലാകെ വിന്യസിക്കപ്പെട്ടിരിക്കുന്ന ദൃശ്യസൂചനകളും സംഭാഷണ ശകലങ്ങളും നിരത്തി വച്ച് ആലോചിച്ചാല്‍ അയാളൊരു ലൈംഗിക നഷ്ടത്തിന്റെ ഇരകൂടിയാണ്. തടസ്സപ്പെടുന്ന കാമമാണ് കോപത്തിന്റെ ഹേതു. ഭ്രമരത്തിലെ പ്രധാനകഥാപാത്രങ്ങളായ പെണ്‍കുട്ടികളെല്ലാം നല്ലവരും നിഷ്കളങ്കരുമായിരിക്കുമ്പോള്‍ അതേ പ്രായം തന്നെ വരുന്ന ആണ്‍കുട്ടികളുടെ സ്ഥിതി അതല്ല. സ്ഫോടനത്തില്‍ പോലീസായ അച്ഛന് മരിക്കാത്തതിന്റെ ദുഃഖമാണ് ഒരാണ്‍കുട്ടി പ്രകടിപ്പിക്കുന്നത്. കുട്ടിയായ ഉണ്ണിയും കൂട്ടുകാരനും ചേര്‍ന്ന് പണം മോഷ്ടിക്കുന്നു, അതു കണ്ടു പിടിച്ച പെണ്‍കുട്ടിയെ കൊല്ലുന്നു. കുട്ടികളുടെ കാര്യത്തില്‍ തന്നെ എങ്ങനെ വരുന്നു ഈ പക്ഷപാതം? ഉത്തരം ലളിതമാണ്. കൌമാരാനുഭൂതിയുടെയും ലിംഗപരമായ അസൂയയുടെയും കിന്നരി പിടിപ്പിച്ച ആഖ്യാനമാണ് ഭ്രമരം. കുട്ടിത്തത്തെ ആ നിലയ്ക്ക് പൊതുസമൂഹം ഏറ്റെടുക്കുകയില്ലെന്നറിയാവുന്ന കലാകാരമനസ്സ് അതിനു നല്കിയ തൊങ്ങലാണ് വണ്ടിന്റെ മുരള്‍ച്ച.
July 18, 2009
ഇരുട്ടുമായുള്ള മുഖാമുഖങ്ങള്‍
പെണ്ശരീരങ്ങള്ക്കുമേലെയുള്ള കടന്നുകയറ്റം മുന്പെങ്ങുമില്ലാത്തവിധം അധികമായിരിക്കുന്നു നമ്മുടെ കാലത്തില്‍ എന്ന പൊതുബോധത്തിന് നിരവധി വ്യാഖ്യാനഭേദങ്ങളുണ്ട്. സ്വാഭാവിക സ്പര്‍ശം പോലും അവിശുദ്ധമാകുന്നതരത്തില് സമൂഹം എടുത്തണിഞ്ഞിരിക്കുന്ന ധാര്‍മ്മിക മുഖംമൂടിയാണ് അവകളിലൊന്ന്. സാംസ്കാരികമായോ രാഷ്ട്രീയമായോ ഉണ്ടെന്നു കരുതിപ്പോരുന്ന ഉയര്‍ന്ന അവബോധം, സ്ത്രീ പുരുഷബന്ധങ്ങളെ കാലോചിതമായി നിര്വചിക്കുന്നതിലോ പുതുക്കുന്നതിലോ വ്യാപരിക്കാതിരുന്നതു മറ്റൊന്ന്. മേലാള-കീഴാള സങ്കല്‍പ്പനത്തിന്റെ വരുതിയ്ക്കുള്ളിലാണ് ഇന്നും മലയാളി ഭൂരിപക്ഷത്തിന്റെ ലൈംഗികവിവക്ഷകള്‍. നിഗൂഢസ്വഭാവത്തോടേ പരിപാലിക്കപ്പെടേണ്ട ഒന്നായി അതു പൊതുബോധത്തില്‍ തറഞ്ഞിരിക്കുന്നു. ലൈംഗികതയ്ക്കു നല്‍കിയിരിക്കുന്ന നിഗൂഢസ്വഭാവം തന്നെ ആണത്താധികാരത്തിന്റെ പേശികളാല്‍ വരിയപ്പെട്ടതാണ്. രക്ഷാകര്ത്തൃത്വമനോഭാവങ്ങള് മറയില്ലാതെ ഇറങ്ങി പാറാവു ചുറ്റുന്നത് ഏറിയകൂറും സ്ത്രീ ചാരിത്ര്യസംരക്ഷണത്തിന്റെ മേഖലയിലാണെന്നതോര്ക്കുക. കൌമാരവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദവും വിരല്‍ ചൂണ്ടുന്നത് മറ്റൊരിടത്തേയ്ക്കല്ല. സ്ത്രീപീഡന പര്‍വ്വങ്ങളുടെ വര്‍ത്തമാനകാല നേരുകളെ മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ചെലവില്‍ മാത്രം എഴുതിത്തള്ളാന്‍ കഴിയുന്നതല്ല എന്നാണ് പറഞ്ഞു വരുന്നത്. അത്തരമൊരു ലഘൂകരണപ്രക്രിയ തന്നെ അബോധപൂര്‍വം തീര്‍ത്തും വിവേചനപരമാണ്. പുരുഷാഭിനിവേശങ്ങളുടെ സഫലമാകാത്ത നൊമ്പരങ്ങളെ കാരുണ്യപൂര്‍വം കടാക്ഷിച്ചുകൊണ്ടാണ് അബോധത്തില്‍ അത് സ്ത്രീത്വത്തെ വസ്തുവത്കരിക്കുന്നത്.
സ്ത്രീശരീരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം ലൈംഗികതാത്പര്യത്തിനപ്പുറത്ത് അധികാരവുമായി ബന്ധപ്പെട്ട മനോവൃത്തികളുടെ സങ്കീര്‍ണ്ണതയെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. ബാല്യകാലാനുഭവങ്ങള്‍ മാത്രമല്ല, യൌവനാരംഭത്തിലെ ചില ചോദനകളും തലച്ചോറിലെ കെമികവ്യതിയാനങ്ങളും പില്ക്കാല വ്യക്തിത്വരൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ടെന്ന് ശരീരശാസ്ത്രാധിഷ്ഠിത പഠനങ്ങള്‍ തെളിവു നല്കുന്നു. ആളാംവണ്ണം അവസരങ്ങള്‍ മുതലെടുക്കുക എന്ന് സാമൂഹികപാഠമാണ് കൌമാരങ്ങള്‍ക്ക്, വിശേഷിച്ചും ആണ് കൌമാരങ്ങള്‍ക്ക് കാലാകാലം കേരളീയ പരിസരത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്രമിച്ചും കീഴ്പ്പെടുത്തിയും അനുഭവിക്കേണ്ട ഒന്നായി സ്ത്രീ ശരീരങ്ങളെ ബോധത്തില്‍ പരിണമിപ്പിക്കാന്‍ സഹായിച്ചു പോരുന്ന പുരുഷ മനോഭാവത്തിന്റെ തിര പുറപ്പാട് കൌമാരത്തിന്റെ ഈ കൈനിലകളില്‍ വച്ചാണ് രൂപമാര്ജ്ജിക്കുന്നതെന്ന് ഒന്നാലോചിച്ചാലറിയാം. അതിന്റെ തുടര്‍ച്ചയാണ് പ്രായപൂര്‍ത്തിയുടെ പില്ക്കാല ജീവിതം. കൌമാരപ്രായക്കാരികളെ തന്നെ തെരഞ്ഞു പിടിച്ചു തുലച്ചുകൊണ്ടിരിക്കുന്ന ആര്‍ത്തിയ്ക്കു പിന്നില്‍ ലൈംഗികമായ ഇച്ഛാഭംഗത്തിന്റെ ഈ ഫിക്സേഷനുണ്ട്. കാലികമായ ക്രൂരതകള്‍ പ്രായോഗികജീവിതത്തിന്റെ വിജയത്തിനുവേണ്ടിയുള്ള മുറവിളികള്‍ തിക്കുമുട്ടി വിയര്‍ക്കുന്ന ഒരു സമൂഹം ബന്ധങ്ങളെ നിര്‍വചിക്കുന്ന ഒരു വഴിയെയാണ് പുറത്തിടുന്നത്. ജൈവികചോദനകള്‍ സ്വാഭാവികസൌന്ദര്യം വെടിഞ്ഞ് കുമാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങുന്നു. അത് ആഘോഷമാക്കുന്നു. ഭരണകൂടവ്യവസ്ഥകള്‍ അതിനു അരു നില്ക്കുന്നു. പരിഷ്കരണമൂല്യങ്ങളെ പോലും സമൂഹം കീഴാളബന്ധത്തിലധിഷ്ഠിതമാക്കുന്നത് വളരെ സ്വാഭാവികമെന്നു തോന്നുന്ന വഴികളിലൂടെയാണ്. എന്‍ ബി സുരേഷ് സമാഹരണം നിര്‍വഹിച്ച 55 മലയാള ചെറുകഥകളുടെ പുസ്തകം - ‘കൊത്തിമുറിച്ച ശില്പ്പങ്ങള്’ - സ്ത്രീ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും വര്‍ത്തമാനകാല നേരുകളെ അഭിമുഖീകരിക്കുന്ന രീതി ഇത്തരം ചില ആലോചനകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. കാലികസമൂഹത്തെ ആശാസ്യകരമല്ലാത്ത രീതിയില്‍ തുറിച്ചു നോക്കുന്ന ഒരു വാസ്തവം നമ്മുടെ എഴുത്തുകാരുടെ മനോമണ്ഡലങ്ങളെ ഏതൊക്കെ വിധത്തില്‍ ഇളക്കി മറിച്ചിരിക്കുന്നു എന്നതിന്റെ നേര് സാക്ഷ്യം കൂടിയാണ് ഈ പുസ്തകം. സമൂഹത്തിന്റെ അബോധങ്ങളില്‍ വീണുകിടക്കുന്ന നിഴല്‍പ്പാടുകളെ സൂക്ഷ്മസംവേദനങ്ങള് പിടിച്ചെടുക്കുന്നതിന്റെ രീതിശാസ്ത്രപരിച്ഛേദവും.
സാമൂഹികമായ നീതികേടിനെതിരേയുള്ള നിസ്സഹായമായ പ്രതിരോധമായി കഥകളെ അവലോകനം ചെയ്യാം. എന്നാല്‍ അവയുടെ പരപ്പ് ഒറ്റ തുന്നല്‍ വസ്ത്രത്തിന്റെ പാകതയില്‍ ഒതുങ്ങിക്കൊടുക്കുന്നതല്ല. ലൈംഗികാതിക്രമങ്ങളുടെ മേല്‍ പതിയുന്ന ആണ് പെണ് വീക്ഷണക്കോണുകള്ക്ക് വ്യത്യസ്തതയുണ്ട് എന്നും ഈ സമാഹാരത്തിലെ കഥകള്‍ അറിയിക്കുന്നുണ്ട്. ‘ഈതാലോ കാല്‍വിനോ തൃശ്ശൂര്‍ എക്സ്പ്രെസ്സില്‍’ (ഗീതാഹിരണ്യന്‍) എന്ന കഥയിലോ ‘അഗ്നി’യിലോ (സിതാര എസ്സ്) ‘ഒരു സ്ത്രീയും പറയാത്തതി’ലോ ( അഷിത) ‘കല്ലു’വിലോ (ഗ്രേസി) കാണുന്ന സ്ത്രൈണമായ സ്വാച്ഛന്ദ്യം ആണ് രചനകളില്‍ കാണാനാവുകയില്ല. തന്തയും തള്ളയും ഇല്ലാതായ കല്ലുവിനെ രക്ഷിക്കാന്‍ മെല്ലിച്ച കൈകളും പന്തം പോലെ എരിയുന്ന മുഖവും എല്ലുന്തിയ നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി ചത്തുപോയ അമ്മ, കാര്‍ത്തു തന്നെയാണ് എവിടെയും എത്തുന്നത്. ഇഷ്ടമുള്ള ശിവരാമേട്ടനെപ്പോലും പ്രേതപ്പേടി കാരണം തനിക്കു കിട്ടില്ല എന്നു വരുന്ന സന്ദര്‍ഭത്തില്‍ അവള് കരയുന്നത് രക്ഷാകര്ത്ത്വത്തെപ്പറ്റിയുള്ള അവബോധത്തെ തിരിച്ചിട്ടുകൊണ്ടാണ്. മറിച്ച് യു കെ കുമാരന്റെ കഥ (പോലീസുകാരന്റെ പെണ് മക്കള്‍) പോലീസുകാരനെ ‘അച്ഛാ’ എന്നു വിളിക്കാന്‍ വെമ്പുന്ന ഒരു പെണ്‍കുട്ടിയെ കാണിച്ചു തന്നുകൊണ്ടാണ് അവസാനിക്കുന്നത്. പോലീസ്, ഡോക്ടര്‍, യജമാനന്, ഗുരു, അദ്ധ്യാപകന്, അച്ഛന്, ചേട്ടന് തുടങ്ങിയ കഥാപാത്ര മാതൃകകളിലെല്ലാം സ്ത്രീ സംരക്ഷണത്തിനു വെമ്പുന്ന പിതൃരൂപങ്ങള്‍ വാഴുന്നുണ്ട്. രക്ഷകത്വത്തില് ആസുരമായ ഭാവം വന്നു നിറഞ്ഞ് മറ്റൊന്നായി തീരുന്ന പേടിസ്വപ്നങ്ങളായാണ്, ‘തല്പ’ത്തിലെ (സുഭാഷ് ചന്ദ്രന്) ഡോ.വെള്ളോക്കാരനും ‘കാരുണ്യാ ഹോസ്പിറ്റലിലെ’ (എസ് ആര് ലാല്‍) ഡോ. ആന്റണിയും മുന്നില്‍ നില്‍ക്കുന്നത്. ശരീരവും രോഗശാസ്ത്രവും ശസ്ത്രക്രിയയുമായി നേരിട്ട് ബന്ധപ്പെടുന്ന പരാമര്‍ശങ്ങളാലും പശ്ചാത്തലത്താലും ഈ ഭിഷഗ്വരകഥാപാത്രങ്ങളുടെ സാന്നിദ്ധ്യം പെണ് ശരീരങ്ങള്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുന്ന അവസ്ഥയുടെ ചോരയൊലിക്കുന്ന ഇടുക്കം കൂടി അബോധത്തില്‍ വഹിക്കുന്നു. സംരക്ഷകന്‍ തന്നെ ചൂഷകനായി മാറുമ്പോഴും ഊന്നല്‍ രക്ഷാകര്ത്തൃഭാവങ്ങള്ക്ക് ലഭിക്കുന്നുണ്ട്. സുരേഷിന്റെയും (ജീവിതത്തിനു നേരെ ഒരു ചൂണ്ടു വിരല്‍) അനൂപിന്റെയും (ജ്യാമിതീയം) കഥകളിലെ ആത്മഹത്യകള്‍, കര്‍ത്തൃസ്ഥാനത്തിന്റെ നിസ്സഹായതാബോധത്തെയും കൂടി അബോധപൂര്‍വം വെളിവാക്കുന്നു. ആ വഴിയ്ക്കാണവ സമൂഹത്തിനു മുന്നറിയിപ്പു നല്കാന് പരിശ്രമിക്കുന്നത്. മറിച്ച് അക്രമങ്ങളെ ഒരു പാറാവിന്റെ സംരക്ഷണം കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്തയ്ക്ക് സ്ത്രൈണമായ പ്രതിരോധവഴികള്‍ തിരയുകയാണ് സ്ത്രീകളെഴുതിയ കഥകളെമ്പാടും. അത് ഗീതാഹിരണ്യന്റെ കഥയിലെന്നപോലെ സൌമ്യവും എന്നാല്‍ ദീപ്തവുമായ ഒരു ഉള്ളറിവിന്റെ സിനിസിസം കൊണ്ടാവാം, സിതാരയുടെ കഥയിലെ പോലെ തീര്‍പ്പ് തന്റേതെന്ന തന്റേടം കൊണ്ടാവാം അല്ലെങ്കില്‍ സാറാജോസഫിന്റെ കഥയിലെന്നപോലെ സഹനാനുഭവങ്ങളാല് ഉതിരക്കാളിയ്ക്കുമപ്പുറത്തേയ്ക്ക് വളരുന്ന വേറിട്ട ആത്മീയതയുടെ കരുത്തുകൊണ്ടുമാവാം.
സ്ത്രീ ശരീരങ്ങളുടെ വസ്തുവത്കരണത്തില് ചെറുതല്ലാത്ത പങ്ക് കാഴ്ചകളുടെ ആഹ്ലാദത്തിനുണ്ട്. കാഴ്ചക്കാരന്റെ നിഷ്ക്രിയത്വത്തില്‍ കാഴ്ചയുടെ നിസ്സംഗതയെ കൂട്ടിയിണക്കി, മുകുന്ദന് തന്റെ പ്രസിദ്ധമായ ‘ഡല്‍ഹി’കഥ (ഡല്‍ഹി 1981) യില്‍ കാലങ്ങള്‍ക്കു മുന്‍പ് സൃഷ്ടിച്ച നടുക്കത്തിന്റെ ആധുനിക പരിണതി സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘അഭിനയമുഹൂര്‍ത്ത’ങ്ങളില്‍ നാം അനുഭവിക്കുന്നു. രാജീന്ദര്‍ സിംഗും കിഷോര്‍ ലാലും ഈ കഥയിലും കഥാപാത്രങ്ങളാണ്. കാലം മാറിയതോടെ എവിടെയോ നടന്ന ആരുടെയോ ദുരന്തം സ്വന്തം വീട്ടു മുറ്റത്തിരുന്നു ആസ്വദിക്കാന്‍ കഴിയാവുന്നത്ര അരികത്തായിരിക്കുന്നു. ജാലകവട്ടത്തിനപ്പുറത്തെ പഴയ (ബീഭത്സ) രസങ്ങള്‍ ഇവിടെ ടി വി ഷൂട്ടിംഗ് എന്ന കൌതുകക്കാഴ്ചയിലേയ്ക്ക് വേഷപ്പകര്ച്ചനേടിയിരിക്കുന്നു. ടി വി ഒരു വഴിയ്ക്കു മാത്രമുള്ള ആശയവിനിമയത്തിന്റെ ഭീഷണസാന്നിദ്ധ്യവും കാഴ്ചയുടെ വിഹ്വലമായ രസനീയതയുമായി പല കഥകളിലും സന്നിഹിതമാണ്. നിര്‍ജീവമായ ഒരൊറ്റക്കണ്ണെന്ന നിലയിലും ടി വിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. സാമൂഹികാനുഭവങ്ങളുടെ വെള്ളം നനയാത്ത ഏകാന്തദ്വീപായി കാഴ്ചയെ പരിവര്‍ത്തിപ്പിക്കുന്ന കരുത്തുള്ള ബിംബമായാണ് ചലച്ചിത്രത്തിന്റെയും ടി വിയുടെയും അവതരണം. സാങ്കേതികസൌകര്യങ്ങളുടെ വളര്‍ച്ചയെയും ആധുനികതയെയും അടയാളപ്പെടുത്തുന്ന പരിസരമായിരിക്കുമ്പോള് തന്നെ പെണ്ണുടലുകളെ വിഭവസമൃദ്ധിയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന സങ്കേതം കൂടിയാവുന്നു ഇവ. അഷ്ടമൂര്‍ത്തിയുടെ ‘രാസലീല’ അഷിതയുടെ ‘ഒരു സ്ത്രീയും പറയാത്തത്’ ബാലകൃഷ്ണന്റെ ‘സീരിയല്‍ നടിയെ കാണാതാവുന്നു’ചന്ദ്രമതിയുടെ ‘പ്രായോജകരെയും കാത്ത്’ പി കെ ശ്രീ വത്സന്റെ ‘ചാനല്‍ മഴ’ എന്നിവയിലെല്ലാം ജീവിതത്തിനും കൌതുക കാഴ്ചകള്‍ക്കുമിടയില്‍ വിതുമ്പി നഷ്ടപ്പെട്ടു പോകുന്ന പെണ്യാഥാര്ത്ഥ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളുണ്ട്.
യാത്രയാണ് അതുപോലെ വെളിവാക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ഉലയുന്ന ശരീരത്തിന്റെ ചോദനകളെ കെട്ടഴിച്ചുവിടാന്‍ സാഹചര്യമൊരുക്കുന്ന ഒരാവിഷ്കാരരീതി എന്നതിനപ്പുറം യാത്ര മനസ്സിന്റെ മറ്റൊരു മേഖലയിലേയ്ക്കുള്ള കൂടുമാറല്‍ കൂടിയാണ്. വിനോദയാത്രയും (കെ രേഖ) തൃശൂര്‍ എക്സ്പ്രസ്സും (ഗീതാഹിരണ്യന്‍) ചെമ്മണ്ണാര്‍ -നെടുങ്കണ്ടം രാത്രിയാത്രയും (സുസ്മേഷ്) നോക്കുക. തീവണ്ടി യാത്രകള്‍ പരാമര്‍ശവിഷയമാകുന്ന കഥകളാണ് ഗുജറാത്തും (ഗോപകുമാര്‍) ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും (അശോകന് ചരുവില്‍) തല്പത്തില് (സുഭാഷ് ചന്ദ്രന്) മുള്‍ച്ചെടികള്‍ക്കിടയില്‍ ചലനമറ്റു കിടന്ന വെളുത്ത ആംബുലന്‍സാണ് ദാരുണമായ ദുരന്തത്തിനു പശ്ചാത്തലമാവുന്നത്. റെയില്‍വേ പാളങ്ങളും ആംബുലന്‍സുകളും യാത്രയെക്കുറിച്ചോര്മ്മിപ്പിച്ചുകൊണ്ടു തന്നെ യാത്രകളെ നിലപ്പിക്കുന്ന ഇടവുമാവുന്നു. ശരീരങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റങ്ങള്‍ക്ക് പ്രായപരിധിയില്ല. പീഡകര്‍ക്ക് ബന്ധങ്ങളുടെ അതിരുകളുമില്ല. പദ്മരാജന്റെ ‘മൂവന്തി’യില്‍ അച്ഛനാണ് അന്ധയായ മകളെ ഉപദ്രവിക്കുന്നത്. ‘പുലിവേട്ട’യില്‍ (മാധവിക്കുട്ടി) ചേട്ടനോടുള്ള ദ്വേഷ്യത്തിന് അനുജത്തിയ്ക്ക് വരി കൊടുക്കേണ്ടി വരുന്നു. വൃദ്ധകാമവും (ഉടലിലൂടെ-പി സുരേന്ദ്രന്) ശവകാമവും (ശ്മശാനം, ദൈവത്തിന്റെ നാട് ) ശിശുകാമവും ( കൃഷ്ണഗാഥ, പെണ്‍കുട്ടികള്‍ ഉറങ്ങരുത്) കഥകളില്‍ കടന്നു വരുന്നു. ആദിവാസി കോളനിയും ഗ്രാമവും നഗരവും ഒരുപോലെ ആണത്തധികാരങ്ങള്ക്ക് വിളയാടാനുള്ള സ്ഥലം തന്നെ.
സമാഹാരത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാന്‍ കഴിയാതെ പോയ കഥകളുടെ പേരുകള്‍ സമാഹര്‍ത്താവ് നല്‍കിയിട്ടുണ്ട്. സത്യത്തില്‍ പട്ടിക അതിനേക്കാളെത്രയോ വലുതാണ്. ദിനം പ്രതി അവ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. മലയാളി സമൂഹത്തിന്റെ ബോധമനസ്സില്‍ ഏറ്റവും സജീവമായി നിലനില്‍ക്കുന്ന പ്രശ്നത്തിന്റെ സാക്ഷ്യമെന്ന നിലയിലാണ് കഥകളുടെ ഈ വൈപുല്യത്തെ കണക്കിലെടുക്കേണ്ടത്. പത്രവാര്‍ത്തകളില്‍ നിറയുന്ന ദാരുണമായ അനുഭവങ്ങളുടെ പകര്‍ത്തെഴുത്ത് എന്ന നിലയിലല്ല, ദിനം പ്രതി അതിസങ്കീര്‍ണ്ണമായ ഘടനകളിലേയ്ക്ക് കൂപ്പുകുത്തുന്ന സാമൂഹികവും മാനസികവും യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമെന്ന നിലയ്ക്കാണ് കഥകള്‍ പഠനീയമായി തീരുന്നത്. ലിംഗവിവേചനം നാള്‍ക്കുനാള്‍ വഷളായി വരുന്ന ഒരു കാലത്തിന്റെ പരിച്ഛേദമെന്ന നിലയില്‍ കഥകള്‍ പങ്കുവയ്ക്കുന്ന ആധികള്‍ നിസ്സാരമല്ല. സ്വാതന്ത്യബോധമുള്ള ഒരു പൌരസമൂഹത്തിലേയ്ക്ക് തുഴയാനുള്ള ദൂരം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും അടയാളപ്പെടുത്തിക്കൊണ്ട് സര്‍വതലസ്പര്‍ശിയായ മാറ്റം അനായാസമല്ലെന്ന നെഞ്ചുപിളര്‍ക്കുന്ന നേരാണ് ഈ കഥകളുടെ കാതല്‍. ഒരര്‍ത്ഥത്തില്‍ ഇവ കണ്ണാടികളാണ്. എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥാന്തരങ്ങളെ തിരിച്ചറിയുക എന്നതാണ് പരിണാമത്തിന്റെ ആദ്യപടി. നിശ്ശബ്ദമായും കണ്ണടച്ചു പിടിച്ചും നമുക്ക് മുന്നോട്ടു പോകാം. എന്നാല്‍ ഇരുട്ടുകൊണ്ട് മറ്റൊരിരുട്ടിനെ നേരിടുന്നതെങ്ങനെ?
----------------------------------------------------------------------------------
കൊത്തിമുറിച്ച ശില്പങ്ങള്
കഥാസമാഹാരം
സമാഹരണം : എന്‍ ബി സുരേഷ്
അടയാളം പബ്ലിക്കേഷന്‍സ്
വില : 225 രൂപ
July 12, 2009
കൊക്കാമന്തി കോനാനിറച്ചി
എ പി അനില്‍കുമാറിന്റെ സബ്മിഷനു മറുപടിയായി വിദ്യാഭ്യാസമന്ത്രി എം എ ബേബി സഭയില്‍ പറഞ്ഞത് ഇക്കൊല്ലം -ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ - 3011 കുട്ടികളുടെ കുറവ് അണ്-എയിഡഡ് മേഖലയിലെ സ്കൂളുകളില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവുമായി ഒത്തുനോക്കിയാല്‍ ഗുണപരമായ ഒരു മാറ്റമാണെന്ന് വ്യാഖ്യാനിക്കാവുന്ന വസ്തുതയാണിത്. സത്യം എന്തായാലും ഔദ്യോഗികമായി തരം താണവരും അയിത്തക്കാരും ആണ് ഈ അണ് എയിഡഡ് സ്കൂളുകാര്. ഒരു വര്‍ഷം മുന്‍പ് പട്ടം സെന്റ് മേരീസില്‍ വച്ചു നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ -ആനുകൂല്യങ്ങള്‍ പറ്റാനല്ല- നാലുക്കൊപ്പം പങ്കെടുക്കാന്‍ വന്നിരുന്ന അണ്- എയിഡഡ് അദ്ധ്യാപകരെ അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിപ്പുറത്താക്കി ഒരു അദ്ധ്യാപക സംഘടനയുടെ വിശുദ്ധ കാവല്ഭടന്മാര് വാര്‍ത്തയില്‍ സ്ഥാനം പിടിച്ചത് മറക്കാറായിട്ടില്ല. അതിനും മുന്നത്തെ വര്‍ഷത്തിലെ ആദ്യയോഗത്തിലും ചില കശപിശയൊക്കെ ഉണ്ടായിരുന്നു. അതു പക്ഷേ വാര്‍ത്തയായില്ല. അദ്ധ്യാപികയുടെ കൈപിടിച്ചു വലിച്ചതുകൊണ്ട് പിന്നെയത് സ്ത്രീപീഡനവും കിടുപിടിയുമൊക്കെയായി അവസാനം അദ്ധ്യാപകസംഘടനതന്നെ മുന്‍കൈയെടുത്ത് ഒരു വിധം തേച്ചുമായ്ച്ചു മുഖം വെടിപ്പാക്കി. അദ്ധ്യാപക പരിശീലനമുള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ക്ക് എത്തുന്ന ഈ മേഖലയിലുള്ള അദ്ധ്യാപകര്‍ക്ക്, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വിഹിതം ലഭിക്കില്ല. അണ് എയിഡഡുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്ന സര്‍ക്കാര്‍ നയമനുസരിച്ചാണത്. ഉപദ്രവങ്ങള്‍ പലതും പലപ്പോഴും ഏറ്റു വാങ്ങുന്നത് പാവം അദ്ധ്യാപകരും. പരിശീലനം കഴിഞ്ഞ് ഒരിളിഞ്ഞ ചിരിയും വാങ്ങി അവര്‍ വീട്ടില്‍ പോണം. എന്നിട്ടോ വര്‍ഷാ വര്‍ഷം സംസ്ഥാനപരീക്ഷയായാലും ദേശീയപാഠ്യക്രമമായാലും എല്ലാ വിഷയത്തിനും എ+ വാങ്ങി അണിനിരക്കുന്ന കുട്ടികളുടെ ഫോട്ടോകളാവട്ടേ, ഈ വിദ്യാലയങ്ങളില്‍ നിന്നും. അണ് എയിഡഡ് മേഖലയില്‍ ചെന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടുകയല്ലാതെ കുറയാത്തത് അതുകൊണ്ടാണ്. കാര്യങ്ങളറിയാന്‍ മുക്കണ്ണു വേണോ. പല അനംഗീകൃതസ്കൂളിലെയും ഡിവിഷനുകള്‍ ഇസഡും കഴിഞ്ഞ് ഒന്നേന്ന് തുടങ്ങുകയാണ്. മികവുറ്റ വിദ്യാഭ്യാസത്തിനു നാള്‍ക്കുനാള്‍ പ്രതിജ്ഞ പുതുക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലോ? ഒരു ഡിവിഷനുപോലും ആവശ്യത്തിനു കുട്ടികളില്ല. ആവശ്യത്തിനു അദ്ധ്യാപകരില്ല. (‘ഒന്‍പതു വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍ പുതിയ അധ്യാപക തസ്തികയില്ല’- എം പി സൂര്യദാസിന്റെ റിപ്പോര്‍ട്ട്, മാതൃഭൂമി, ഡിസംബര്‍ 7, 2008)
വെറുതെ ഒരന്വേഷണം ചുറ്റുപാടുമുള്ള സ്കൂളുകളില്‍ നടത്തി നോക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കുട്ടികള്‍ ഭൂരിപക്ഷവും അണ്-എയിഡഡ് സ്കൂളുകളിലാണ്. നഗരത്തിലെ ആറു സ്കൂളുകളിലെ ആകെ രണ്ടദ്ധ്യാപകരുടെ കുട്ടികള്‍ മാത്രമാണ് അവരവര്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍ തന്നെയുള്ളത്. അതിലൊരാള്‍ കുട്ടിയെ മാറ്റാനാഗ്രഹിക്കുന്നുണ്ട്. മറ്റൊരാള്‍ കുടുംബപ്രശ്നം കൊണ്ട് ഇങ്ങനെ തുടരുകയാണ്. അതായത് സ്വന്തം സ്കൂളുകളില്‍ എന്തു നടക്കുന്നു എന്നറിയാവുന്ന അദ്ധ്യാപകര്‍ ‘പഠിപ്പിക്കാതിരിക്കാന്‍’ അവര്‍ക്കു കിട്ടുന്ന ശമ്പളം ഉപയോഗിച്ച് കുടുംബഭാവി ഭദ്രമാക്കുന്നു എന്നല്ലേ ഇതിനര്‍ത്ഥം? സര്‍ക്കാര്‍ സ്കൂളില്‍ നടക്കുന്ന അദ്ധ്യാപകരക്ഷാകര്‍ത്തൃ യോഗത്തില്‍ അദ്ധ്യാപകര്‍ ഒന്നടങ്കം പറഞ്ഞത് തങ്ങള്‍ക്ക് കിട്ടുന്നത് ‘മണ്ണു്’ പിള്ളേരാണെന്ന്. അതുകൊണ്ടാണ് ഈ ആള്പ്രമോഷന്റെ സമയത്തും റിസല്‍റ്റ് കഴിഞ്ഞതവണത്തേതിലും താപ്പോട്ട് പോകുന്നതെന്ന്. ഓട്ടോ റിക്ഷാ ഓടിക്കുകയും കൂലിപ്പണി ചെയ്യുകയും ചെയ്യുന്ന പാവങ്ങള്‍ കുറ്റബോധത്തോടെ വായും തുറന്നിരുന്ന് തങ്ങളുടെ കുട്ടികള്‍ക്കു നേരെയുള്ള ആ അവജ്ഞയുടെ ഗീര്‍വാണം കേട്ടു. ഒരു പ്രതികരണവുമില്ലാതെ. കുട്ടികള്‍ മോശമാണെന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്. ‘ഇവിടത്തെ പിള്ളേര്‍ക്ക് ഇത്രയൊക്കെ മതി’ എന്നത് ചില അദ്ധ്യാപകരുടെ സ്ഥിരം പല്ലവിയാണ്. പണി നന്നാവാത്തതിന് ഉപകരണങ്ങളെ കുറ്റം പറയുക എന്ന അതിപ്രാചീനമായ നമ്പര്‍. ഈ മന്ദബുദ്ധികളെയാണ് സംഘടനകള്‍ റാഞ്ചുന്നത്. പണപ്പിരിവിനും നയം പ്രചരിപ്പിക്കാനും പിന്നെ രാഷ്ട്രീയലാക്കിനും. സ്കൂളില്‍ വല്ലപ്പോഴും വന്നു പോകുന്ന ഒരു അദ്ധ്യാപകന് പി റ്റി എ യുടെ നിര്‍ദ്ദേശത്തോടെ ഹെഡ് താക്കീതു കൊടുത്തപ്പോള്‍ മാന്യദേഹം അറിയിച്ചത് താന്‍, തങ്ങളുടെ സംഘടനയുടെ സംസ്ഥാനഭാരവാഹിയാണെന്നും ഇങ്ങനെയൊക്കെയേ പറ്റൂ എന്നും ചുണയുണ്ടെങ്കില്‍ ആക്ഷനെടുക്കാനുമാണ്. ശമ്പളം ലഭിക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തിനല്ല, പിള്ളാരെ പഠിപ്പിക്കാനാണെന്ന സാമാന്യബോധം പോലുമില്ലാത്തവരാണ് സംഘടനയുടെ തലപ്പത്ത് എന്നു വരുന്നതാണ് സര്‍ക്കാര്‍ സ്കൂളുകളുടെ ശാപം. ഒരു പാട് പരിമിതികളില്‍ കിടന്നു കറങ്ങിയപ്പോഴും ഒരുകുടക്കീഴിന്റെ തമ്മില്‍ തല്ലില്പ്പെട്ട് സ്കൂള്‍ പ്രവര്‍ത്തനം നിലയ്ക്കും എന്ന ഘട്ടം വന്നപ്പോഴും തിരിഞ്ഞു നോക്കാതിരുന്ന സംഘടനാപ്രവര്‍ത്തകര്‍, തീരദേശത്തുള്ള ഒരു സ്കൂളില്‍ സന്ധി സംഭാഷണത്തിനായെത്തിയത് ഒരു അദ്ധ്യാപികയ്ക്ക് ചില സൌജന്യങ്ങള്‍ അനുവദിക്കണമെന്ന് ആക്രോശിക്കാനാണ്. ഭീഷണി തന്നെ. കുട്ടികളെ ക്ലാസിലിരുത്തിയിട്ട് അവര്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ അനുവാദം നല്‍കണം. രാവിലെ മറ്റുള്ളവരെ പോലെയല്ല വൈകിയേ എത്തൂ. അതുകണ്ട് കണ്ണടയ്ക്കണം. സ്കൂളുമായി ബന്ധപ്പെട്ട ജോലികളൊന്നും അവര്‍ ചെയ്യില്ല. കാരണം അവര്‍ക്കറിയില്ല.
നഗരത്തിലെ ഒരു സ്കൂളില്‍ നിന്ന് കുട്ടികളെ കൂട്ടത്തോടെ റിയാലിറ്റി ഷോയ്ക്കയച്ചത് വിവാദമായിട്ട് അധിക ദിവസമായിട്ടില്ല. (സര്‍ക്കാര്‍ സ്കൂളില്‍ നിന്നു തന്നെ) സംഭവം എതിര്‍ത്ത അദ്ധ്യാപകനാണ് കൂട്ടത്തോടെയുള്ള വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നത്. പഠിക്കാന്‍ വന്ന കുട്ടികളെ ആരുടെയും അനുവാദമില്ലാതെ സ്വകാര്യചാനല്‍ അയച്ചുകൊടുത്ത വണ്ടിയില്‍ കയറ്റി കൊണ്ടുപോയ അദ്ധ്യാപകര്‍ പഠനപ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയായിരുന്നു അത്രേ! നടപടികളില്‍ നിന്ന് സംഘടന, അദ്ധ്യാപകരെ ഒഴിവാക്കിക്കൊടുത്തു. പത്രവാര്‍ത്തകളില്‍ നിറയുന്ന സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടും എന്നതാണ് നമ്മുടെ പതിവ്. വേണ്ടത്ര ക്ലാസ് മുറികളില്ലാത്ത, മരസാമഗ്രികളില്ലാത്ത, ഏകജാലകം എന്ന തട്ടുപൊളിപ്പന്‍ പരിപാടിയുടെ കാലത്തും ടെലഫോണ്‍ സൌകര്യമോ നെറ്റ് കണക്ഷനോ സുഗമമായ വിദ്യുച്ഛക്തിയോ ഇല്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ട്, നഗരങ്ങളില്‍ തന്നെ. പരിമിതിയും ഉദാസീനതയും രണ്ടാണ്. ഏകജാലകവുമായി ബന്ധപ്പെട്ട് 40 പ്രിന്സിപ്പാള്മാരോടാണ് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 4 പേരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി. കാര്യക്ഷമത എന്തു ഗംഭീരം. രാത്രി പന്ത്രണ്ടു മണിക്കൊക്കെ ഉണര്‍ന്നിരുന്നാണ് ആവശ്യമായ വിവരങ്ങള്‍ അദ്ധ്യാപകര്‍ അപ് ലോഡ് ചെയ്തുകൊണ്ടിരുന്നത്. സൈറ്റ് പലപ്പോഴും ഡൌണ്‍. (ഇത്രയധികം വിവരങ്ങള്‍ ഒരു കുട്ടുവത്തിലിട്ട് കുലുക്കിയെടുക്കുമ്പോള് സ്വാഭാവികമായ കാര്യം) കഴിഞ്ഞതവണ നോഡല്‍ സെന്ററുകളില്‍ വച്ചായിരുന്നു അപ്ലോഡുകള്‍. ഇത്തവണ അതുമാറ്റി ഓരോ സ്കൂളില്‍ നിന്നും ഓരോ HITC (ഹയര്‍ സെക്കണ്ടറി ഐ ടി കോഡിനേറ്റര്‍) മാരെ നിര്‍ബന്ധിച്ച് തെരെഞ്ഞെടുപ്പിച്ചിട്ടുണ്ട്. അവരുടെ തലയിലാണ് എല്ലാം. സ്കൂള്‍ കാര്യം സ്വന്തം കാര്യമായി എടുക്കുന്ന അദ്ധ്യാപകരുള്ളിടത്ത് കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടന്നുപോകും. അല്ലാത്തിടത്തോ?
കെടുകാര്യസ്ഥത ആഭരണമായി അണിയുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസരംഗം. (ഇതും കൂടി നോക്കുക) ഈ വര്‍ഷം തലയെണ്ണിക്കഴിഞ്ഞപ്പോള് 85000 കുട്ടികളുടെ കുറവാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍. കഴിഞ്ഞ മെയ് മാസം സംസ്ഥാന പാഠ്യപദ്ധതിയോട് രക്ഷാകര്‍ത്താക്കള്‍ക്ക് താത്പര്യം കുറയുന്നതിനെപ്പറ്റി മാതൃഭൂമി തുടരന് എഴുതിയിരുന്നു. 96-97 കാലയളവില്‍ കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ എണ്ണം 5534224 ആയിരുന്നു എങ്കില്‍ 2008-09 കാലയളവില്‍ അത് 4546402 ആയി കുറയുകയാണുണ്ടായത്. (ഇതു മാതൃഭൂമി പത്രത്തിന്റെ തരികിടയായി വിവരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിശദീകരണങ്ങളാണ് പിന്നീട് കേട്ടത്. അപ്പോഴും കണക്കുകളെ എന്തു ചെയ്യും? ഇതേ മാതൃഭൂമി തന്നെയാണ് 2006-ല്‍ ‘സര്‍ക്കാര്‍ സ്കൂളുകള്‍ മുന്നേറുന്നു’ എന്ന മുഖപ്രസംഗം എഴുതിയതും എന്നോര്‍ക്കുക. സി പി ഐയുടെ അദ്ധ്യാപകസംഘടനാനേതാവ് എന്‍ ശ്രീകുമാര്‍ നമ്മുടെ ജനസംഖ്യാനിരക്കിന്റെ കുറവുമായി ബന്ധപ്പെടുത്തിയാണ് ഇക്കാര്യത്തെ സാധൂകരിച്ചത്. പിന്നെ വിദ്യാഭ്യാസത്തിന്റെ ഗുണപരതയെപ്പറ്റിയുള്ള മധ്യവര്‍ഗത്തിന്റെ തെറ്റായ കാഴ്ചപ്പാടും. (ജനയുഗം 2009 മെയ് 31) നഗരത്തിലെ സ്കൂളുകളില്‍ നിന്നാണ് -തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്- കൂടുതലും കുട്ടികള്‍ കൂട്ടത്തോടെ CBSE, ICSE പോലുള്ള സിലബസ്സുകളിലേയ്ക്ക് കൂടു മാറുന്നത്. 12/7/2009-ലെ ഹിന്ദു ദിനപ്പത്രത്തില്‍ കൊല്ലം നഗരത്തിലെ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിനെപ്പറ്റി ഇഗ്നേഷ്യസ് പെരേര എഴുതിയ റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനസിലബസ്സിന്റെ നിലവാരത്തകര്‍ച്ചയിലാണ് ഊന്നല്‍. അദ്ധ്യാപകസംഘടനകളുടെ ആശാസ്യമല്ലാത്ത ഇടപെടലും ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വശിക്ഷാ അഭിയാന്റെ പ്രധാന അജണ്ടകളിലൊന്ന് -കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണെന്ന് -എല്ലാ സ്കൂളിലും ആ ഫണ്ടു ഉപയോഗിച്ചു തന്നെ വെണ്ടക്കയില്‍ എഴുതി വച്ചിട്ടുണ്ട്. അഭിയാനം വ്യാപകമായപ്പോള്‍ കൊഴിഞ്ഞുപോക്കിന്റെ തോതു കൂടി. വ്യത്യസ്തമായ നിലയില്‍ എന്നേയുള്ളൂ.
2007-ലെ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ സര്‍വേ അനുസരിച്ച് സംസ്ഥാനം മൊത്തം 2646 അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (ഏറ്റവും കുറവ് വയനാട്ടില്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്) ഇവയ്ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായി രക്ഷാകര്ത്താക്കള്ക്കുണ്ടായ ആശങ്ക നേരിയ തോതില്‍ പ്രതിഫലിച്ചതാണ് ഈ വര്‍ഷം അണ് എയിഡഡില്‍ വന്ന കുറവായി നാം ആദ്യം കണ്ടത്. അല്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളോടുള്ള ജനപ്രീതി വര്‍ദ്ധിച്ചതല്ല. പക്ഷേ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഇക്കാര്യത്തില്‍ എത്രത്തോളമുണ്ടെന്ന് ആലോചിച്ചാല്‍ ഒരന്തവും കിട്ടിയെന്നു വരില്ല. വേലിയും മതിലുമൊക്കെ കെട്ടിയാലും വൃക്ഷങ്ങള്‍ മണ്ണിനടിയിലൂടെ വേരുകള്‍ കൊണ്ട് കൈകോര്‍ത്തു പിടിക്കും എന്ന മട്ടിലാണ് കാര്യങ്ങള്‍. ഒന്നാമത് അണ് എയിഡഡ് സ്ഥാപനങ്ങളോടുള്ള വിരോധം തികച്ചും ഔപചാരികമാണ്. കോടതി ചോദിച്ചത് അംഗീകാരം കൊടുക്കുക സര്‍ക്കാരിന്റെ ചുമതലയായതുകൊണ്ട് അതു കൊടുക്കാതെ ഇവര്‍ക്ക് അംഗീകാരമില്ലെന്ന് ആര്‍ക്കുന്നത് എന്തു ന്യായം വച്ചാണെന്നാണ്. സര്‍ക്കാര്‍ വേതനം പറ്റുന്ന വക്കീലന്മാര് കമാ എന്നൊരക്ഷരം മിണ്ടിയില്ല. ഭൂരിപക്ഷം സ്കൂളുകളും ജാതി - മത സംഘടനയ്ക്കുള്ള ഉപഹാരങ്ങളായതുകൊണ്ട് അവയ്ക്കെതിരെ ചിലതൊക്കെ ചെയ്യുന്നു എന്നു വരുത്തുകയല്ലാതെ ചെയ്താല്‍ വോട്ടില്‍ അതു പ്രതിഫലിക്കില്ലേ എന്ന ഉള്‍ഭയം മറ്റാരെക്കാളും രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാവും. ഒറ്റയ്ക്കും തെറ്റയ്ക്കും അണ് എയിഡഡുകളുടെ അംഗീകാരം റദ്ദാക്കല്‍ പരിപാടി മുന്‍പും നടന്നിട്ടുണ്ട്. ചന്ദ്രശേഖരന് മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ പ്രശസ്തമായ പെണ് പള്ളിക്കൂടം ഹോളി ഏഞ്ചത്സിന്റെ അംഗീകാരം ഇല്ലാതാക്കാന്‍ നോക്കിയതാണ് ഒന്ന്. ഒന്നും സംഭവിച്ചില്ല. കാര്‍മല്‍ ഗേള്‍സ് സ്കൂളില്‍ 9-ലെ ഒരു കുട്ടിയെ മനഃപൂര്‍വം തോത്പ്പിച്ചതിന്റെ പേരില്‍ അതിന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു. കുറേ വിവാദങ്ങളുണ്ടായി. അത്രതന്നെ. ഇന്നിപ്പോള്‍ കാര്‍മലാണ് തിരുവനന്തപുരത്തെ മികച്ച മാതൃകാവിദ്യാലയം. ഐ എ എസ്സുകാരന്റെ മകളെ ശിക്ഷിച്ചു എന്ന പേരില്‍ പത്രവാര്‍ത്തയൊക്കെ വന്ന സെന്റ് തോമസിനും ഒന്നും സംഭവിച്ചില്ല. പത്തു തോറ്റ കുട്ടിയ്ക്ക് +1 അഡ്മിഷന് നല്കി ഒരു വര്‍ഷം പഠിപ്പിച്ച് മാതൃക കാട്ടിയിരുന്നു, നെല്ലിമൂടുള്ള ഒരു സ്കൂള്‍. സര്‍ക്കാര്‍ ഉത്തരവൊന്നും ബാധകമാവാത്ത സ്കൂളുകളുണ്ട്. തല്ലും പിടിം കഠിനശിക്ഷകളും ചൂഷണങ്ങളുമൊക്കെ ആരെയും പേടിക്കാതെ കൊണ്ടു നടക്കുന്ന സ്ഥാപനങ്ങള്‍. അല്ലെങ്കില്‍ തന്നെ ആരെ പേടിക്കാന്‍? ഈ തെക്കന്‍ വീരഗാഥകളുടെ അവസാന ഏടുകളാണ് പാറശ്ശാല ഇവാന്‍സിന്റെ +1, +2 കോഴ്സുകള്‍ക്കുള്ള അംഗീകാരം ഡയറക്ടര്‍ റദ്ദാക്കുന്നതും ഒരു കുട്ടി തല്ലുകൊള്ളുന്നതും വര്‍ഗബോധമുള്ള വിദ്യാര്‍ത്ഥി സംഘടന തള്ളിക്കയറുന്നതും രണ്ടു പെണ്‍കുട്ടികള്‍ ആശുപത്രിയിലാവുന്നതും തള്ളിക്കയറ്റത്തെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സംഘടനാ നേതാക്കള്‍ തന്നെ ആവശ്യപ്പെടുന്നതും മറ്റും മറ്റുമായി നാം വായിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഇവാന്‍സില്‍ ഈ ഏകജാലകത്തിന്റെ കാലത്തും ക്ലാസുകള്‍ കൃത്യമായി ആരംഭിക്കും. +1 ന് ഇഷ്ടം പോലെ ബാച്ചുകള്‍. അധ്യാപകര്‍ ക്ലസ്റ്ററിനു പോകുമ്പോള്‍ പോലും അവധിയില്ല. മോണിറ്ററിംഗ് എന്തു കുന്തമാണെന്ന് അറിയേണ്ടതില്ല. ഒരു കണ്‍ഫ്യൂഷനുമില്ല. എല്ലാ അണ് എയിഡഡ് സ്കൂളുകളിലും ഏറെക്കുറെ സ്ഥിതി ഇതാണ്. ഏകജാലകത്തിന്റെ സ്കൂളുമാറിയുള്ള കസേരകളിയുടെ ടെന്‍ഷനൊന്നും അവിടങ്ങളില്‍ ചേരുന്ന കുട്ടികള്‍ അനുഭവിക്കേണ്ടതില്ല. കൃത്യമായി ക്ലാസുകള്‍ തുടങ്ങും, തുടരും. സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന ദിവസങ്ങളില്‍ അവധി, സേ പരീക്ഷയ്ക്ക് അവധി, അദ്ധ്യാപകര്‍ പേപ്പര്‍ നോക്കന്‍ പോകുമ്പോള്‍ അവധി, ഇമ്പ്രൂവ്മെന്റിന് അവധി. അവധിയൊഴിഞ്ഞൊരു നേരവുമില്ല... സ്വന്തം കുട്ടികളെ എവിടെ അയയ്ക്കും നിങ്ങള്‍?
രക്ഷാകര്‍ത്താക്കള്‍ക്കു വേണ്ട, കുട്ടികള്‍ക്കു വേണ്ട, അദ്ധ്യാപകര്‍ക്കു വേണ്ട, മാനേജുമെന്റുകള്‍ക്കു പണ്ടേ വേണ്ട, പിന്നെ ആര്‍ക്കുവേണ്ടിയാണ് നമ്മുടെ (ആത്മാര്‍ത്ഥതയില്ലാത്ത) പരിഷ്കാരങ്ങളെല്ലാം? ഈ ഒഴുക്കുന്ന പണമെല്ലാം? ലാവ്ലിന് കേരളീയരെ ഓരോരുത്തരെയും ശരാശരി 100 രൂപാ വച്ച് കടക്കാരാക്കിയെന്ന് സി ആര് നീലകണ്ഠന്. ആര്‍ക്കും വേണ്ടാത്ത, ഒട്ടും ഏശാത്ത വിദ്യാഭ്യാസപരിഷ്കാരമെന്ന മട്ടില്‍ ഒഴുക്കി വിടുന്ന കോടികളോ? അതു നമ്മെ കടക്കാരാക്കുക മാത്രമാണോ ചെയ്തുകൊണ്ടിരിക്കുന്നത്?
July 7, 2009
വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ...
പിങ്ക് ചഡ്ഡി പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നിഷാസൂസന്‍ പറഞ്ഞതുപോലെ പിങ്ക് സ്വകാര്യവും സ്വതന്ത്രവുമായ ഒരു നിറമാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പ്രതിനിധീകരിക്കുന്നത് മുഴുവന്‍ സ്ത്രീകളെയുമാണോ എന്നൊരു സംശയം കുറച്ചു കഴിഞ്ഞിട്ടാണ് തലയില്‍ ‘അറുപതു വാട്ടുള്ള സൂര്യനായി’ കത്തിയത്. അപ്പോഴേയ്ക്കും കറുത്ത പെണ്ണിനെ പിങ്ക് ഒരു തരത്തിലും സൂചിപ്പിക്കുന്നില്ലെന്നും അവളുടെ നിറം വൈലറ്റാണെന്നും പറഞ്ഞ ആലിസ് വാക്കറെപ്പറ്റി നിഖിലാഹെന്റി (പച്ചക്കുതിര) എഴുതിക്കളഞ്ഞു. ‘വുമണിസ’ത്തിന് മലയാളത്തില്‍ വ്യാഖ്യാനങ്ങളും ഉണ്ടായി. ‘ഒരേ രക്തം’ എന്നൊക്കെയാണല്ലോ ആലങ്കാരിക ഭാഷയില്‍ നമ്മള് പറഞ്ഞു പഠിച്ചത് . എന്നിട്ടും പെണ്‍ച്ചോരയ്ക്കു മാത്രമിങ്ങനെയുള്ള രണ്ടു വ്യാഖ്യാനഭേദങ്ങള് ആരെയാണ് ഇരുത്തിച്ചിന്തിപ്പിക്കാത്തത്? പിങ്കിന്റെ പ്രസാദാത്മകത്വവും വരേണ്യതയും നിഗൂഢതയും, ഇരുണ്ട തൊലിയില്‍ ചതഞ്ഞ രക്തം നിറം പിടിപ്പിക്കുന്ന നീലയ്ക്കില്ല. പ്രകടമായും ഞാറപ്പഴത്തിന്റെ വൈലറ്റ് വിഷാദാത്മകത്വത്തിന്റെ നിറമാണ്. ലൈംഗികമായ നിഗൂഢത അതിലില്ല. മ്ലാനമുഖമുള്ള നോവാണ് അതിന്റെ പ്രത്യക്ഷാനുഭവം.
വെളുത്ത സ്ത്രീയുടെ സ്വകാര്യമായ നിറമാണ് ഈ പിങ്ക്. ആ നിലയ്ക്കാണത് സ്വതന്ത്രമാവുന്നത്. പണ്ട് നീട്ടി വളര്‍ത്തിയ നഖം ഫ്രാന്‍സില്‍ ആഭിജാത്യത്തിന്റെ പ്രകടമായ ലക്ഷണമായിരുന്നതുപോലെ (നീണ്ട നഖമുള്ളത് ജോലിയെടുക്കാത്തയാളാണ് എന്നതിന് പ്രത്യക്ഷമായ തെളിവാണ്) വെളുപ്പിന് ‘ഉണ്ടു നിറഞ്ഞ’ പ്രതീതിയുണ്ട് അങ്ങനെയുള്ളവര്‍ക്ക് ‘വിളി’ തോന്നും എന്നാണ് സാമാന്യബോധം പറഞ്ഞുറപ്പിച്ചിരിക്കുന്നത്. എന്നല്ല. അങ്ങനെയുള്ളവര്‍ക്കേ ‘വിളി’ തോന്നൂ എന്നും കൂടി ഉറപ്പിച്ചെടുത്തിട്ടുണ്ട്. കറുത്ത സ്ത്രീയ്ക്ക് ഈ പങ്കപ്പാടില്ല. അവള് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിതൊടുവിക്കാന്‍ രാപകലില്ലാതെ വിയര്‍ത്ത് പുറം കൈകൊണ്ട് മുഖം തുടച്ച് അങ്ങനെ ഒപ്പിച്ചു പോകുന്നവളാണ്. അവള് പായ ചവിട്ടി കീറില്ല. തല നിറയെ എണ്ണയില്ലാത്തതുകൊണ്ട് ‘അര’ കാഞ്ഞാലും അടങ്ങിക്കിടന്നുകൊള്ളും. പിങ്ക് വെറുമൊരു നിറമല്ല. അതിനു പ്രകടമായ ലൈംഗിക വിവക്ഷകളുണ്ട്. അതിലേക്കാണ് ഭൂരിപക്ഷം ആകര്‍ഷിക്കപ്പെട്ടത്. ജനപ്രിയമായതിനെല്ലാം ഗൂഢമായൊരു ലഹരിയുണ്ടല്ലോ. ജനപ്രിയത ആ ലഹരിയിലാണ്. അവിടെ നല്ലത്, ചീത്ത എന്ന തരം തിരിവില്ല. ജനപ്രിയമായ സംസ്കാരരൂപങ്ങള്‍ പൊതുബോധത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അത് അതു നിമ്മിക്കുന്ന ലഹരിയുടെ സ്വഭാവം എന്താണ് എന്നൊക്കെ വിശകലനം ചെയ്യുക മാത്രമെ സാദ്ധ്യമാവൂ. അതനുസരിച്ച് കറുത്ത സ്ത്രീയേക്കാള്‍ ലൈംഗികത മുന്നിട്ടു നില്ക്കുന്നവളാണ് വെളുത്ത സ്ത്രീ. അതുകൊണ്ടാണ് കറുത്തവള്‍ക്ക് ഭൂരിപക്ഷമുള്ള നാടാണെങ്കിലും ആ പേരില്‍ അഭിമാനം കൊണ്ടു നടക്കുന്നവരെങ്കിലും ലൈംഗികമായ ഇക്കിളിയിലേയ്ക്ക് കള്ളക്കണ്ണയച്ചുകൊണ്ട് ‘കൊഴുപ്പ്’ (മദം) കൂടിയവള്‍ വെള്ളപ്പെണ്ണാണെന്ന് തമിഴ് ജനപ്രിയഗാനങ്ങള്‍ വായടക്കാതെ പാടിക്കൊണ്ടിരിക്കുന്നത്. “വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ..” എന്ന് ആണ് ശബ്ദം, ‘ഹണി ഹണി’ എന്നു തുടങ്ങുന്ന (ചിത്രം : അയന്) തമിഴ് ഹിറ്റുഗാനത്തിനിടയ്ക്ക് തട്ടിവിടുന്നുണ്ട്. “ഇംഗ്ലാണ്ടില്‍ പെണ്‍കളും ഇന്ത്യാവില് ആണ്‍കളും ആശൈകള്‍ അടങ്ങാത്ത കൂട്ടം” എന്ന് മറ്റൊരു പാട്ടില്‍. (‘എന്‍ ചെല്ല പേര് ആപ്പിള്‍ നീ സൈസാ കടിച്ചിക്കോ, എന്‍ സ്വന്തം ഊരു ഊട്ടി നീ സ്വെറ്റര്‍ പോട്ടുക്കോ.....’ചിത്രം : പോക്കിരി) ഈ ആശ, ചന്ദ്രയാനം നടത്താനുള്ള ആശയല്ലെന്ന് നമുക്കറിയാം. ഇംഗ്ലണ്ട് എന്നത് സൂചനമാത്രമാണ്, ധ്വനിഭംഗിയാലും വക്രോക്തിമര്യാദയാലും അതൊരു നിറമാണ്.
വെളുത്തവളും കൊഴുപ്പ് നിറഞ്ഞവളും (പെണ്ണിന്റെ കൊഴുപ്പ്/പുളപ്പ് പല പാട്ടുകളിലും ഉണ്ട്, സംഭാഷണങ്ങളിലും ഉണ്ട്) ആയ പെണ്‍കുട്ടിയുടെ നിറം. അവള് അടങ്ങിയിരിക്കുന്ന സ്വഭാവക്കാരിയല്ല. അവള് കാത്തിരിക്കേണ്ടവളല്ല. കുമാരനാശാന്റെ മാതംഗിയ്ക്ക് ലതീഷ് മോഹന്‍ നല്കിയ പുതിയ ഛായയില്‍ പടര്‍ന്നു കയറിയത് ഈ പെണ്ണാണ്. “ഡാഡി മമ്മി വീട്ടിലില്ലൈ, തടപോടയാരുമില്ലൈ വിളയാട പോമാ ഉള്ളേ..... ” (ചിത്രം : വില്ലു) എന്ന് ചോദിക്കുന്നത് ഒരു പെണ്ണുതന്നെയാണ്. ദിവ്യയുടെ ഘോഷി സ്വരത്തില്‍. വള്ളത്തോള്‍ എവിടെ? ഭാരതസ്ത്രീകളുടെ ഭാവശുദ്ധി എവിടെ? പോട്ടേ, നാണം എവിടെ? ‘ആത്മാവിഷ്കാരത്തിനു വെമ്പുന്ന ആ പഴയ തക്കാളിപ്പഴങ്ങളുടെ’ കാലം മുന്നറിയിപ്പില്ലാതെ കൊഴിഞ്ഞോ? ചോളിയുടെയും ചുനരിയുടെയും പിന്നിലെന്താണ് എന്നു ചോദിച്ചതിന് ( ഖല്‍ നായക് )എത്ര ചന്ദ്രഹാസങ്ങളിളകിയ നാടാണ് നമ്മുടെ ആര്‍ഷഭാരതപൂമി! ആ പാട്ടില്‍ ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടില്‍ ഉത്തരവുമുണ്ടായിരുന്നു. ‘എന്റെ ഹൃദയമാണ്, അവയ്ക്കു പിന്നിലെന്ന്’ എന്നിട്ടും അതു കണക്കിലെടുക്കാന്‍ ധ്വനിവിദഗ്ദര്‍ തയ്യാറായോ? ‘കല്യാണം താന്‍ കെട്ടിക്കിട്ട് ഓടി പോലാമാ, ഇല്ലൈ, ഓടി പോയി കല്യാണം താന്‍ കെട്ടിക്കലാമാ.. ’(സാമി) എന്നു ചോദിച്ചതിന് തമിഴ് നാട്ടില്‍ ചില പുകിലൊക്കെ ഉണ്ടായി എന്ന് നമ്മുടെ പത്രങ്ങളില്‍ തന്നെ വാര്‍ത്ത വന്നിരുന്നു. ഇപ്പഴും പെണ്ണു തിരളുന്നത് മൈക്കു വച്ചുകെട്ടിയും പോസ്റ്ററടിച്ചും നാട്ടുകാരെ അറിയിച്ച് പണം പിരിക്കുന്ന തമിഴകത്തില്‍, തന്തേം തള്ളേം വിട്ട് ഓറ്റി പോയി കല്യാണം കെട്ടിക്കാമോ’ എന്ന് ഒരു പെണ്ണ് ചോദിക്കുകയോ? അതുമാത്രമല്ല പാട്ടിന്റെ അടുത്തവരിയില്‍ ആവേശം മൂത്ത് നായിക ‘താലി ഇപ്പ കെട്ടണോ, അതോ ‘പിള്ളൈക്കുട്ടി പെറ്റുക്കിട്ട് കെട്ടിക്കലാമാ’ എന്നും കൂടി ചോദിക്കുന്നുണ്ട്. കൊടുവാളെടുക്കാതെ എന്തു ചെയ്യും. പക്ഷേ കാലം മാറി. ഇപ്പോള്‍ സദാചാരവാദികളുടെ ഹൃദയത്തിന്റെ പണിത്തരം മേല്‍ത്തരം കരിങ്കല്ലുകൊണ്ടാണെന്ന് തോന്നുന്നു. ‘സുബ്ബലച്ച്മിയുടെ ആക്ടിവിറ്റീസ് മൊത്തം തപ്പായിട്ടും.. ’(കന്തസാമി) ഒന്നും സംഭവിക്കുന്നില്ല. പോക്കിരിയിലെ ഡോലു ഡോലു താന്‍ അടിക്കിറാന്‍ എന്നു തുടങ്ങുന്ന പാട്ടില്‍ പറയുന്നതിങ്ങനെയാണ് ‘പുലി മാനൈ വേട്ടയാടിടുമേ കാട്ടില്‍, മാന്‍ പുലിയൈ വേട്ടയാടുമിടം കട്ടില്.’ ഗാര്‍ഹികമായൊരു കാട്ടു നീതി. “തീ പിടിക്ക.. (അറിന്തും അറിയാമലും) എന്നു തുടങ്ങുന്ന ഗാനത്തില്‍ വളരെ പഴയ പാട്ടിന്റെ ഈണവും ഭാവവും ആശയവും പുത്തന്‍ സംഗീതവഴക്കങ്ങളുമായി ചേര്‍ത്തു വച്ച് യുവന് ശങ്കര്‍ രാജ നല്കാന് ശ്രമിക്കുന്നത് ചില ഉത്തരങ്ങളാണെന്നും പറയാം. തീപിടിക്കുന്ന രീതിയില്‍ മുത്തമിടാന്‍ പെണ്ണ് ആവശ്യപ്പെടുന്ന പാട്ടിനിടയ്ക്ക് ‘കാമവും കോപവും ഉള്ളയിടം..’ എന്നൊക്കെ പഴയ തമിഴ് ചലച്ചിത്രഗാനത്തിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് സ്വരം കൂടി കേള്‍പ്പിച്ചതു കൊണ്ട് പാട്ടിനു ലഭിക്കുന്ന മിശ്രസ്വഭാവം ആശയസംഘര്‍ഷത്തിന്റേതായ തലം കൂടി രമ്യമായി പണി കഴിപ്പിക്കുന്നുണ്ട്. പാട്ടിനുള്ളിലാണിത്. അന്യോന്യം കൈപൊക്കിയോങ്ങുന്ന വൈരുദ്ധ്യങ്ങളെ ഇത്ര രമണീയമായി ഉള്ളടക്കാന്‍ കഴിയുന്ന കലാരൂപം സംഗീതം പോലെ മറ്റൊന്നില്ലെന്ന് പുതിയ പ്രതിഭകള്‍ തെളിയിക്കുന്നു. (തമിഴിലെ)
അതു വേറൊരു വിഷയം. നടേ പറഞ്ഞ പാട്ടില്‍ ‘ഉള്ളേ പോമാ’ എന്നു ചോദിച്ചത് “മൈതാനം തേവയില്ലാത്ത, അമ്പയറും തേവയില്ലാത്ത, ആരിക്കും തോല്‍വിയില്ലാത്ത കളി കളിക്കാനാണ്.”(വില്ലു) “അളവാന ഒടമ്പുകാരിയും അളവില്ലാ കൊഴുപ്പുകാരിയും” ആയ പെണ്ണാണ് ഈ പാട്ടു പാടി ആണ്മനസ്സിനെ തകര്‍ക്കുന്നത്. മദം പോലെ ശരീരത്തിന്റെ അളവും ഒരു പ്രശ്നം തന്നെയാണ്. മുന്‍പൊരിക്കെ, “ഉസലാംപെട്ടി പെണ്‍കുട്ടിയുടെയുടെ ഒസരം പാത്ത് സുളുക്കിപോന കളുത്ത്” (ജന്റില്മാന്) ഇതുവരെ ശരിയായിട്ടില്ല. ഹണി ഹണി എന്ന പാട്ടില്‍ “ഹലോ സുഖവാസി എന്നെ വന്ത് ശ്വാസി.. ” എന്ന കരച്ചിലില്‍ പെണ്ണിന്റെ സുഗന്ധം മുഴുവന്‍ വേണമെന്നുള്ളവര്‍ക്ക് വലിച്ചെടുക്കാം. (അതെടുക്കാനല്ലേ കണ്ണടച്ച് പാട്ടും കേട്ടിങ്ങനെ...) “നാന് താന്‍ ഉങ്കള് ടോഫി....മെല്ലെ മെല്ലെ മെല്ലെ മെല്ലെ എന്നൈ മുഴുങ്ക്..” എന്നാണ് അടുത്തവരി.(കൂട്ടത്തില്‍ പറയട്ടേ, ഈ പാട്ടിനിടയ്ക്ക് ഗേയുടെ പ്രത്യേകതരത്തിലുള്ള ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. വെറുതേ കേട്ടു കളയുന്ന ഒരു പാട്ടിനുള്ളില്‍ ലിംഗവാദപരമായ ചര്‍ച്ചകള്‍ക്കുള്ള ജനപ്രിയസംസ്കാരപഠനസാധ്യതകള്‍ കുടിയിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്) മലയാളത്താന്മാര് അക്കാര്യത്തില്‍ മാന്യന്മാരാണ്. അല്പം പിന്നിലേയ്ക്ക് വലിഞ്ഞു നിന്ന് വായും മറ്റംഗങ്ങളും പൊത്തിപ്പിടിച്ചു ഓച്ഛാനിച്ചു നിന്നാണ് നമ്മുടെ ഭാവാഭിനയം. അരുന്ധതി റോയിയുടെ നോവല്‍ മുഴുവന്‍ അശ്ലീലമാണെന്ന് കോട്ടയത്തൂന്ന് ഒരുത്തന് കൊണ്ടുപോയി കേസു കൊടുത്തില്ലേ? ആയമ്മ എന്തു ചേമ്പായാലും ആ എഴുതിവച്ചിരിക്കുന്നതൊക്കെ വായിച്ചാല്‍ സ്വന്തം പിള്ളാരും അയല്‍വക്കത്തെ പിള്ളാരും ചീത്തയാവും എന്നും പറഞ്ഞ്. മ്ലേച്ഛം ! നമ്മുടെ പാട്ടുകളില്‍ ഇപ്പഴും തപ്തനിശ്വാസങ്ങളും മിഴിയോരവും (ആളുകള്‍ കുളിക്കാത്ത) ആറ്റിറമ്പവും കൊട്ടുവടിയുമൊക്കെയാണ്. അങ്ങറ്റം പോയാല്‍ വിമ്മിട്ടപ്പെട്ടുകൊണ്ട് “മാറിലെ മായാത്ത ചന്ദനപ്പൊട്ട്’ എനിക്കല്ലേ” (മീശമാധവന്) എന്ന് ദൂരെ മാറി നിന്ന് ഒന്നു ചോദിച്ചെന്നു വരുത്തും. അത്രന്നെ! അതിനപ്പുറം വയ്യ. മോശം. പാട്ടെഴുത്തുകാരനുമില്ലേ അമ്മയും പെങ്ങന്മാരും. കേള്‍ക്കുന്നവര്‍ക്കുമില്ലേ, അവകള്‍ !
തട്ടുപൊളിപ്പന്‍ പാട്ടും കൂടെ അടിച്ചുപൊളിച്ചൊരു നൃത്തവും മികച്ച ജനപ്രിയച്ചേരുവയാണ്. നായകന് പ്രേമിക്കാന്‍ ഒരുവള്‍ കൂത്താടാന്‍ വേറൊരുവള്‍ എന്നാണ് സമവാക്യം. ‘അഴകാന ചിന്ന പാപ്പ്, വച്ചാനെ എനക്ക് ആപ്പ്.. ’എന്ന് കാമുകിയുള്ള നായകന് തന്നെ പാടുന്നു. (വില്ല്) സംഭോഗസന്നദ്ധത, അതിരുകള്‍ ലംഘിക്കുന്ന ഈ സ്ത്രീകളുടെ മൊഴിയഴകുകളിലൂടെയല്ലേ ആവിഷ്കാരം നേടുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ക്ലബും ബാറും തെരുവുമാണ് അവരുടെ പശ്ചാത്തലഭൂമികകള്‍. വീട്ടിലും പുറത്തുമായി രണ്ടു തരം സ്ത്രീകളുണ്ടെന്നു പറയുകയാണ് പാട്ടുകള്‍. ഒന്ന് അടക്കവും ഒതുക്കവുമുള്ള ശരിയായ സ്ത്രീ. മറ്റേത് അറ്റങ്ങിയിരിക്കാത്ത കൊഴുപ്പുകാരി. പ്രദര്‍ശനവിജയം നേടിയ 20-20 യിലെ നയന്‍താരയുടെ ഒരു ഗാനമാണ് നമ്മുടെ ഏറ്റവും അടുത്ത ഉദാഹരണം. (‘ഹേ ദില്‍ ദിവാനാ’) ‘പ്രാന്തായി, വട്ടായി’ എന്നൊക്കെയല്ലാതെ അപകടകരമായ പ്രയോഗങ്ങളൊന്നും അതിലില്ല. മലയാളത്തില്‍ ‘ഹരഹരോ ഹരഹര’ എന്നൊക്കെ വിളിച്ചുകൊണ്ടാണ് ‘വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത’ സ്ത്രീകള്‍ നായകന്മാരോടൊപ്പം തുള്ളിക്കളിച്ചിട്ട് അപ്രത്യക്ഷരാവുന്നത്. ഈ ഉത്തരാധുനികകാലത്തില്‍. ‘പ്രാണനാഥന് എനിക്കു നല്കിയ പറയാന്‍ എളുതല്ലാത്ത പരമാനന്ദരസ’ത്തില്‍ (ആലോചിച്ചു നോക്കിയാല്‍ ഇത് ഒരു ഇരുന്നു കൊടുപ്പാണ്. സ്ത്രീയുടെ സന്നദ്ധതയല്ല, പുരുഷന്റെ മികവാണ് പ്രതിപാദ്യം.) നിന്നും ജയമാലിനിയും സ്മിതയും അനുരാധയും വിശപ്പടക്കാന്‍ ശരീരം ഇളക്കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ചലച്ചിത്രഗാനത്തിന്റെ ഭാവഭംഗിയില്‍ മലയാളിയ്ക്കുണ്ടായ സാംസ്കാരിക വികാസം ഇത്രയാണ്.
വീട്ടിനു പുറത്തെ പെണ്ണിന്റെ മനോഭാവം കൂച്ചമില്ലാതെ നായികയിലേയ്ക്ക് ചിലപ്പോഴെല്ലാം ഇറങ്ങിവരുന്നുണ്ട്, തമിഴില്‍. അത്രയും പുരോഗമനം സമ്മതിക്കണം. എങ്കിലും ഗാനങ്ങളെ ശ്രദ്ധിച്ചാല്‍ അവയില്‍ അദൃശ്യമായി ഒരു നിരോധനം നിലനില്ക്കുന്നതു കാണാം. ഡാഡിമമ്മി പാട്ടില്‍ തടയില്ലാത്തതല്ല, തടയിടാന്‍ താത്കാലികമായി ആരുമില്ലാത്തതാണ് സ്വാതന്ത്ര്യാഘോഷത്തിന്റെ പൊരുള്‍. “നീ റൈറ്റ് ചൊല്ലി റോങ് റൂട്ടില്‍ പോടാ..” എന്ന് ‘ചെല്ലപ്പേരു’ പാട്ടില്‍ പറയുന്നുണ്ട്. കന്തസാമിയിലെ പാട്ടില്‍ പെണ്‍കുട്ടി റോങ് ഡ്രൈവ് പോകാന്‍ തന്നെ മി. കന്തസാമിയെ വിളിക്കുകയാണ്. കാപ്പി കുടിക്കാന്‍ പോകാമെന്ന് അവളുടെ ആദ്യപ്രലോഭനം. “ഹോട്ടാ കോള്‍ഡാ .. നീയേ തൊട്ടു പാര്.. ”വിക്രം അവളെ ദയയില്ലാതെ ‘പോടി’ എന്നു വിളിക്കുന്നത് ഇതിനകം ഹിറ്റായിട്ടുണ്ട്. അവളുടെ അടക്കമില്ലായ്മയെ അല്ലെങ്കില്‍ മറ്റെന്തിനെയാണ് അയാള്‍ ‘പോടി.. ’വിളിച്ച് ആട്ടി അകറ്റുന്നത്? മറയില്ലാത്തൊരു തരം പ്രദര്‍ശനത്തിന് സന്നദ്ധരായ തന്റേടികള്‍ ഉണ്ടു നിറഞ്ഞവളുടെ ‘വിളി’യുമായി വന്നു നിരക്കുന്നതാണ് ജനപ്രിയ ഗാനങ്ങളിലെ കാഴ്ച. അവള് വേണം അല്ലെങ്കില്‍ അയാളിലെ പുരുഷത്വത്തെ ആരരിയാന്‍? എന്നിട്ട് അവളെ മെരുക്കി അടക്കമുള്ളവളാക്കണം. അപ്പോള്‍ ‘നായകത്വങ്ങള്‍’ പുരോഗതി പ്രാപിക്കും. പുരുഷാനുഭവത്തിനുള്ള അസംസ്കൃതവസ്തു നിര്‍മ്മാണവും ഞരമ്പുരോഗത്തിന്റെ താത്കാലികശമനവുമല്ലാതെ മറ്റൊന്നും ഐറ്റം പാട്ടുകള്‍ ഉദ്ദേശിക്കുന്നില്ലെന്നത് മൂന്നു തരം. സിനിമ വേറെ, അതു പ്രസവിക്കുന്ന സാഹിത്യം വേറെ, അതിനകത്ത് കുത്തിച്ചെലുത്തിരിക്കുന്ന പാട്ടുസാഹിത്യം വേറെ. ഈ മട്ടിലാണ് ജനപ്രിയകലാപരതയുടെ പോക്ക്!
പിങ്ക് ജട്ടികള്‍ ഈ ജനപ്രിയ അഭിരുചിയുടെ കരുത്തുറ്റ സൂചകമായിരുന്നു. പാട്ടിലെ ലോകത്തില്‍ നിന്നു അതിനുള്ള വ്യത്യാസം അത് വാസ്തവമായ ഒരു ലോകത്തെ സൂചകമാണെന്നതാണ്. രക്ഷാകര്‍ത്താവു ചമഞ്ഞ ഒരു വിവരദോഷിക്കെതിരെ ഉടുതുണിഉരിഞ്ഞുകാട്ടുന്ന പ്രവൃത്തിയ്ക്ക് അതിന്റേതായ തന്റേടമുണ്ടായിരിക്കാം. പക്ഷേ അത് വെളുത്ത, പ്രായപൂര്‍ത്തിയായ ഇളക്കക്കാരിയായ (പാട്ടിലെ കൊഴുപ്പു കൂടിയ) ഒരു പെണ്ണാകുന്നത് ജനപ്രിയതയുടെ അടിസ്ഥാനമാകുന്നു. അതിലുണ്ടായിരുന്നത് ഒരു പ്രദര്‍ശനമാണ്. ഒരു ഒളിഞ്ഞു നോട്ടവും. ഈ രണ്ടു ഊടു വഴികളെയും സമര്‍ത്ഥമായി സംതൃപ്തമാക്കിയതാണ് ആ പ്രവൃത്തിയുടെ ജനപ്രിയതയുടെ ഹേതു. പക്ഷേ ഉള്ളില്‍ അത് ഒരു രക്ഷാകര്‍ത്താവിനെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഫലത്തില്‍ അതാരെയും നോവിക്കില്ല. ശരിയായി ആരെയും പ്രതിനിധീകരിക്കില്ല. റോങ് സൈഡ് ഡ്രൈവിന്റെ താത്കാലികമായ സുഖമാണ് അതു നല്‍കിയത്. ശരിക്കും പാട്ടുകളില്‍ നിന്നറിയുന്നതു പോലെ തന്നെ !
July 1, 2009
വിശുദ്ധമുട്ടകള്‍
സിനിമ
ഉത്കണ്ഠയാണ് കോഴിയമ്മയുടെ കടുകുമണിപോലെയുള്ള കണ്ണുകളിലെ സ്ഥായി. ചിലപ്പോള്‍ അതില്‍ വിഷാദം വന്നു നിറയും. വെളുത്തമേല്‍പ്പാടകൊണ്ട് കണ്ണുകള്‍ അപ്പോള്‍ പകുതി മൂടിയിരിക്കും. ചിലപ്പോള്‍ മാത്രം. ഏതു വിഷമത്തിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ എന്ന തത്ത്വചിന്ത ഏതു കോഴിക്കും മുന്നോട്ടു നടക്കാനുള്ള മൂലധനമാണെന്ന് നമ്മള് അപ്പോള്‍ ഉള്‍ക്കിടിലത്തോടെ തിരിച്ചറിയും. നമ്മളെത്ര പിടക്കോഴികളെ കണ്ടതാണ് ! ജോലി ചെയ്യാത്ത എലിമക്കളെ മണ്ണുതിന്നാന്‍ പറഞ്ഞു ശകാരിച്ചുവിട്ട പഴയ രണ്ടാം ക്ലാസിലെ കോഴിയമ്മയില്‍ തുടങ്ങി കടമ്മനിട്ടയുടെ, കെ ജി എസ്സിന്റെ, സച്ചിദാനന്ദന്റെ.... ഒടുവില്‍ പി പി രാമചന്ദ്രന്റെ ‘ലളിത’ത്തിലെ അത്ര പെണ്ണല്ലാത്ത കോഴിയുടെ അസ്തിത്വവ്യഥവരെ. അങ്ങനെ ചിരപരിചിതയായ ഒരു കോഴിയമ്മയാണ് ഒരു ചീമ്പന്‍ മരത്തിനു കീഴെ അടയിരിക്കുന്നത്. നല്ല മുഖപരിചയം ആ വഴിയ്ക്ക് വണ്ടികേറി വന്നതാണ്. അടയിരിക്കുന്ന കോഴിയ്ക്ക് വേനലുമില്ല മഴയുമില്ല. മഞ്ഞ് ഒട്ടും ബാധിക്കില്ല. തീയില്‍ മുളച്ച മാതൃകമാണ് (പൈതൃകത്തിന്റെ സ്ത്രീലിംഗം) പണ്ടേ പെണ്‍കോഴികളുടേത്. എങ്കിലും ഉത്കണ്ഠാകുലമായ കടുകുമണിക്കണ്ണുകളും തലയും ഇളകിക്കൊണ്ടിരിക്കും. ആ ഇരിപ്പിന്റെ ചൂട് മുട്ടകളെ വിരിയിക്കുന്നതില്‍ ഒരദ്ഭുതവുമില്ല.
അവസാനം വിരിയാതെ ബാക്കിക്കിടന്ന ഒന്നിനെ കൊത്തിപൊട്ടിച്ചു് എല്ലാത്തിനെയും നിര നിരയായി പിന്നില്‍ നിര്‍ത്തി കോഴിയമ്മ നടക്കാനിറങ്ങുന്നിടത്തു നിന്ന് ജീവിതം തുടങ്ങുന്നതായി നാം അറിയുന്നു. അപ്പോള്‍ ഒന്നിനും ഒരു നിശ്ചയമില്ല. ജീവിതം ആകസ്മിക ദുരന്തങ്ങളുടെ ആകത്തുകയാണ്. നടത്തയുടെ തുടക്കത്തില്‍ തന്നെ എവിടുന്നോ ഒരു ക്രിക്കറ്റ് ബോള്‍ വന്നു വീണ് ഒരു കുഞ്ഞ് മലക്കുന്നു. മറ്റൊന്ന് കൈശോര കൌതുകം കൊണ്ട് എതിര് വശത്തു നിന്നു വന്ന ഒരു സൈക്കിളിന്റെ മള്‍ഗാഡില്‍ ചാടികേറി എങ്ങോട്ടോ പോയി. മലവാരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടന്ന പാമ്പ് തഞ്ചത്തില്‍ ഒരു കുഞ്ഞിനെ വായിലാക്കി. ഒരു കാടന്‍ പൂച്ച ലാക്കു നോക്കി ഒന്നിനെ തട്ടിയെടുത്തു. ആകാശത്തു നിന്നും പരുന്ത് പറന്നു വരുന്നതുകണ്ട് കോഴിയമ്മ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ചതാണ്. ഒന്നു പറന്നുയര്‍ന്നിട്ട് പിന്നെയും താഴെ വന്ന് അത് ഒരു കോഴിക്കുഞ്ചിനെ റാഞ്ചിക്കൊണ്ടു ദാ പോകുന്നു. യാത്രയെന്നു പറഞ്ഞാല്‍ നേര് രേഖയില്‍ ഒരു യാത്രയല്ലല്ലോ. ആകെ മിച്ചം വന്ന ഒരു കുഞ്ഞ് വളര്‍ന്ന് ഒത്തൊരു പൂവനാവുമ്പോഴും യാത്രതന്നെ. കോഴിയമ്മ ഒരു വയലിനരികെ കാലു മലച്ചു വീണ് ചത്തു. പൂവങ്കുഞ്ഞ് പിന്നെയും നടന്ന് നടന്ന് ഒടുവില്‍ വെളുക്കചിരിമായി നില്ക്കുന്ന ഒരു ഹോട്ടല്‍ അടുക്കളപാചകക്കാരന്റെ കയ്യില്‍ പറന്നു കയറി. അയാള്‍ തട്ടത്തില്‍ അലങ്കരിച്ചു വച്ച പൊരിച്ച കോഴിയുമായി നമുക്ക് പുറം തിരിഞ്ഞു നടക്കുന്നതിനിടയില്‍ എട്ടു മിനിട്ടുള്ള ആനിമേഷന്‍ ചിത്രം ‘വിശുദ്ധ മുട്ടകള്‍’ തീര്‍ന്നു പോയിരുന്നു എങ്കില്‍ പക്ഷി ജീവിതത്തിന്റെ കാര്‍ട്ടൂണ്‍ ആവിഷ്കാരത്തിലൂടെ ‘നരജീവിതമായ വേദനയ്ക്ക്’ ഒരടിവരകൂടി ലഭിച്ചതില്‍ നൊന്ത് നാം നെടുവീര്‍പ്പിട്ടേനേ. ലളിതമെങ്കിലും എത്ര അര്‍ത്ഥപൂര്‍ണ്ണം. “ഇതിലേറെ ലളിതമായി എങ്ങനെയാവിഷ്കരിക്കുന്നു പക്ഷികള്‍.....“ പക്ഷേ അപ്പോഴേയ്ക്കും ഒരു ചുവരെഴുത്തു വരുന്നു. ‘സത്യം എന്നൊന്നില്ല. ഉള്ളത് വ്യാഖ്യാനങ്ങള്‍ മാത്രം’. എന്നും പറഞ്ഞ്. പറഞ്ഞത്, നീഷേയാണ്. ഒരു മലക്കം മറിച്ചിലില്‍ കഥ പിന്നെയും തുടങ്ങുന്നു. വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളുമായി നടക്കാന്‍ ഇറങ്ങുന്ന കോഴിയമ്മയുടെ യാത്രാചരിതത്തില്‍ നിന്ന്. അപ്പോള്‍ ക്രിക്കറ്റ് ബാള്‍ വീണ് കുഞ്ഞ് മരിച്ചില്ല. അതിനെ ഒരു ബാലന് കൈയിലെടുത്തുകൊണ്ടുപോയി ഒടിഞ്ഞ കാലു വച്ചുകെട്ടി ശുശ്രൂഷിച്ച് വീട്ടില്‍ ഓമനയായി വളര്‍ത്തുന്നു. ഒടിഞ്ഞ കാലും വച്ച് ഉമ്പിടി സ്ട്രക്ചറില്‍ തത്തിതത്തിച്ചാടുന്ന കോഴിക്കുഞ്ഞിന്റെ ഹൃദയാവര്‍ജ്ജകമെങ്കിലും ആഹ്ലാദദായകമായ ദൃശ്യം ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സൈക്കിളില്‍ ചാടിക്കയറിപ്പോയ ഇളക്കക്കാരി(കാരന്) കോഴിക്കുഞ്ഞ് സുരക്ഷിതയായി മറ്റൊരു വീട്ടിലെത്തി ടി വിയും കണ്ട് സുഖിച്ചിരിക്കുന്നു. പൂച്ചയും പാമ്പും പരുന്തും തട്ടിയെടുത്ത കുഞ്ചുകളൊന്നും കഥയവസാനിപ്പിച്ചില്ല അതതു ജന്തുക്കളുടെ സമപ്രായക്കാരായ പിള്ളാരോടൊപ്പം കളിച്ചു തിമിര്‍ക്കുന്നു. എന്തിന് ഹോട്ടലില്‍ ചെന്നു കയറിയ പൂവങ്കോഴി പോലും അടുക്കളയില്‍ പൊരിഞ്ഞു തീര്‍ന്നില്ല. നല്ലവനായ പാചകക്കാരന്റെ കൃപാവാത്സല്യങ്ങളാല്‍ വീട്ടിലെ കുട്ടികള്‍ക്ക് പ്രിയങ്കരനായി വീട്ടില്‍ ആളുകളെ കൂകിയുണര്‍ത്തുന്ന ഒരൊന്നാന്തരം അങ്കവാലനായി തലനീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ തട്ടത്തില്‍ തലയില്ലാത്തവനായി പൊരിക്കപ്പെട്ട നിലയില്‍ നാം മറ്റേ പകുതിയില്‍ കണ്ടതോ? അതു മറ്റേതോ ചാവാലി. ഭാഗ്യദോഷി.. ഹി ഹി ഹി ! കഥയുടെ പരിണാമ ഗുസ്തി!!
രണ്ടാമതു രാഷ്ട്രാന്തരീയ ഡോക്യുമെന്ററി ഷോട്ട് ഫിലിം മേളയില്‍ ഏറ്റവും നല്ല ആനിമേഷനുള്ള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് കെ പി മുരളീധരന് സംവിധാനം ചെയ്ത ‘വിശുദ്ധമുട്ടകള്‍’. കുത്തിവരച്ചതു പോലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് ദുരന്തവും ശുഭാന്തവുമായ ജീവിതാഖ്യാനങ്ങളുടെ പക്ഷിഗാഥയ്ക്ക് സംവിധായകന് ജീവനും പശ്ചാത്തലവും നല്‍കിയത്. (ആനിമേറ്റര്‍ - ദിലീപ്) വാസ്തവത്തെ കവച്ചു വയ്ക്കുന്ന ദൃശ്യയാഥാര്‍ത്ഥ്യമായി ആനിമേഷനുകള്‍ തുള്ളിക്കളിക്കുന്ന കാലത്താണല്ലോ നമ്മുടെയൊക്കെ ജീവിതം. അങ്ങനെയൊരു മികവും അനുഭിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത (വല്ലതുമുണ്ടെങ്കില്‍ അതു ഭാവവ്യഞ്ജകമായ വരകളുടെ മിഴിവുമാത്രം) കുത്തിവരകളുടെ ലോകം നേടിയ ‘മികച്ച ആനിമേഷന്‍’ എന്ന ബിരുദം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടെങ്കില്‍ അത് മറ്റെന്തിന്റെയോ പേരിലാണ്. (കൂട്ടത്തില്‍ പറയട്ടേ, കെ പി ശശിയുടെ ആദിവാസി ചെറുത്തു നില്‍പ്പിന്റെ നോവ് അനുഭവിപ്പിക്കുന്ന ‘ഗാവോന്‍ ചോടബ് നഹീന് ’ ആണ് മേളയില്‍ പുരസ്കാരം നേടിയ സംഗീതചിത്രം..പരാതി ഉണ്ടാവേണ്ട കാര്യമില്ല. സംഗീതത്തിന്റെ മികവല്ല (സംഗീതം സന്തോഷ് നായര്‍) ചിത്രത്തിന്റെ മികവ്. മാനദണ്ഡങ്ങള്‍ വേറെയാവുന്നു.) അതു പോലെയൊന്ന്...‘വിശുദ്ധമുട്ടകള്‍ക്കും’ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തിന്റെ ചിരിയെന്നും കരച്ചിലെന്നുമുള്ള രണ്ടു മൂലകങ്ങളെയും ആ ഹ്രസ്വചിത്രം സത്യസന്ധമായി പ്രതിനിധീകരിക്കുന്നുണ്ടോ? ശുഭാപ്തിവിശ്വാസങ്ങള്‍ക്കു നേരെയുള്ള വെടലച്ചിരിയല്ലേ ഈ കാര്‍ട്ടൂണ്‍ ചിത്രം? നീഷേയുടെ വാക്യത്തെ പൊളിക്കാതെ തന്നെ നമുക്കതിനകത്ത് പ്രവേശിക്കാം. അപ്പോള്‍ മംഗളകരമായതിനെക്കുറിച്ചുള്ള പ്രതീക്ഷകളൊക്കെ ഒരു തരം വ്യാഖ്യാനങ്ങളാണെന്ന് മനസ്സിലാവും. പലപ്പോഴും നാം നെടുവീര്‍പ്പുകളിട്ട് എരിച്ചു തീര്‍ക്കുന്ന ജീവിതവുമായി നൂല് ബന്ധമില്ലാത്തത് ! ജീവിതത്തെ ആകെ പൊതിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടും ദുരന്തം തന്നെ. അപ്പോള്‍ രക്ഷപ്പെട്ട കോഴിക്കുഞ്ഞുങ്ങളോ ? തൂക്കുക്കയറില്‍ പിടഞ്ഞു തീരാറായവന്റെ അവസാനത്തെ ശ്വാസമെടുപ്പ് കണ്ട നിറമുള്ള സ്വപ്നം. ഇരുട്ടിന്റെ നെഗളിപ്പുള്ള ഒരു പരിഹാസ ചിരി. ആ ചിരിയും കൂടി ചേര്‍ന്നല്ലേ സാര്‍, ജീവിതം ഇങ്ങനെ ഏണും കോണുമില്ലാതെ അന്ധാളിക്കുന്നത്...?
ചിത്രം :www.drawingcoach.com
ഉത്കണ്ഠയാണ് കോഴിയമ്മയുടെ കടുകുമണിപോലെയുള്ള കണ്ണുകളിലെ സ്ഥായി. ചിലപ്പോള്‍ അതില്‍ വിഷാദം വന്നു നിറയും. വെളുത്തമേല്‍പ്പാടകൊണ്ട് കണ്ണുകള്‍ അപ്പോള്‍ പകുതി മൂടിയിരിക്കും. ചിലപ്പോള്‍ മാത്രം. ഏതു വിഷമത്തിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ എന്ന തത്ത്വചിന്ത ഏതു കോഴിക്കും മുന്നോട്ടു നടക്കാനുള്ള മൂലധനമാണെന്ന് നമ്മള് അപ്പോള്‍ ഉള്‍ക്കിടിലത്തോടെ തിരിച്ചറിയും. നമ്മളെത്ര പിടക്കോഴികളെ കണ്ടതാണ് ! ജോലി ചെയ്യാത്ത എലിമക്കളെ മണ്ണുതിന്നാന്‍ പറഞ്ഞു ശകാരിച്ചുവിട്ട പഴയ രണ്ടാം ക്ലാസിലെ കോഴിയമ്മയില്‍ തുടങ്ങി കടമ്മനിട്ടയുടെ, കെ ജി എസ്സിന്റെ, സച്ചിദാനന്ദന്റെ.... ഒടുവില്‍ പി പി രാമചന്ദ്രന്റെ ‘ലളിത’ത്തിലെ അത്ര പെണ്ണല്ലാത്ത കോഴിയുടെ അസ്തിത്വവ്യഥവരെ. അങ്ങനെ ചിരപരിചിതയായ ഒരു കോഴിയമ്മയാണ് ഒരു ചീമ്പന്‍ മരത്തിനു കീഴെ അടയിരിക്കുന്നത്. നല്ല മുഖപരിചയം ആ വഴിയ്ക്ക് വണ്ടികേറി വന്നതാണ്. അടയിരിക്കുന്ന കോഴിയ്ക്ക് വേനലുമില്ല മഴയുമില്ല. മഞ്ഞ് ഒട്ടും ബാധിക്കില്ല. തീയില്‍ മുളച്ച മാതൃകമാണ് (പൈതൃകത്തിന്റെ സ്ത്രീലിംഗം) പണ്ടേ പെണ്‍കോഴികളുടേത്. എങ്കിലും ഉത്കണ്ഠാകുലമായ കടുകുമണിക്കണ്ണുകളും തലയും ഇളകിക്കൊണ്ടിരിക്കും. ആ ഇരിപ്പിന്റെ ചൂട് മുട്ടകളെ വിരിയിക്കുന്നതില്‍ ഒരദ്ഭുതവുമില്ല.
അവസാനം വിരിയാതെ ബാക്കിക്കിടന്ന ഒന്നിനെ കൊത്തിപൊട്ടിച്ചു് എല്ലാത്തിനെയും നിര നിരയായി പിന്നില്‍ നിര്‍ത്തി കോഴിയമ്മ നടക്കാനിറങ്ങുന്നിടത്തു നിന്ന് ജീവിതം തുടങ്ങുന്നതായി നാം അറിയുന്നു. അപ്പോള്‍ ഒന്നിനും ഒരു നിശ്ചയമില്ല. ജീവിതം ആകസ്മിക ദുരന്തങ്ങളുടെ ആകത്തുകയാണ്. നടത്തയുടെ തുടക്കത്തില്‍ തന്നെ എവിടുന്നോ ഒരു ക്രിക്കറ്റ് ബോള്‍ വന്നു വീണ് ഒരു കുഞ്ഞ് മലക്കുന്നു. മറ്റൊന്ന് കൈശോര കൌതുകം കൊണ്ട് എതിര് വശത്തു നിന്നു വന്ന ഒരു സൈക്കിളിന്റെ മള്‍ഗാഡില്‍ ചാടികേറി എങ്ങോട്ടോ പോയി. മലവാരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടന്ന പാമ്പ് തഞ്ചത്തില്‍ ഒരു കുഞ്ഞിനെ വായിലാക്കി. ഒരു കാടന്‍ പൂച്ച ലാക്കു നോക്കി ഒന്നിനെ തട്ടിയെടുത്തു. ആകാശത്തു നിന്നും പരുന്ത് പറന്നു വരുന്നതുകണ്ട് കോഴിയമ്മ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ചതാണ്. ഒന്നു പറന്നുയര്‍ന്നിട്ട് പിന്നെയും താഴെ വന്ന് അത് ഒരു കോഴിക്കുഞ്ചിനെ റാഞ്ചിക്കൊണ്ടു ദാ പോകുന്നു. യാത്രയെന്നു പറഞ്ഞാല്‍ നേര് രേഖയില്‍ ഒരു യാത്രയല്ലല്ലോ. ആകെ മിച്ചം വന്ന ഒരു കുഞ്ഞ് വളര്‍ന്ന് ഒത്തൊരു പൂവനാവുമ്പോഴും യാത്രതന്നെ. കോഴിയമ്മ ഒരു വയലിനരികെ കാലു മലച്ചു വീണ് ചത്തു. പൂവങ്കുഞ്ഞ് പിന്നെയും നടന്ന് നടന്ന് ഒടുവില്‍ വെളുക്കചിരിമായി നില്ക്കുന്ന ഒരു ഹോട്ടല്‍ അടുക്കളപാചകക്കാരന്റെ കയ്യില്‍ പറന്നു കയറി. അയാള്‍ തട്ടത്തില്‍ അലങ്കരിച്ചു വച്ച പൊരിച്ച കോഴിയുമായി നമുക്ക് പുറം തിരിഞ്ഞു നടക്കുന്നതിനിടയില്‍ എട്ടു മിനിട്ടുള്ള ആനിമേഷന്‍ ചിത്രം ‘വിശുദ്ധ മുട്ടകള്‍’ തീര്‍ന്നു പോയിരുന്നു എങ്കില്‍ പക്ഷി ജീവിതത്തിന്റെ കാര്‍ട്ടൂണ്‍ ആവിഷ്കാരത്തിലൂടെ ‘നരജീവിതമായ വേദനയ്ക്ക്’ ഒരടിവരകൂടി ലഭിച്ചതില്‍ നൊന്ത് നാം നെടുവീര്‍പ്പിട്ടേനേ. ലളിതമെങ്കിലും എത്ര അര്‍ത്ഥപൂര്‍ണ്ണം. “ഇതിലേറെ ലളിതമായി എങ്ങനെയാവിഷ്കരിക്കുന്നു പക്ഷികള്‍.....“ പക്ഷേ അപ്പോഴേയ്ക്കും ഒരു ചുവരെഴുത്തു വരുന്നു. ‘സത്യം എന്നൊന്നില്ല. ഉള്ളത് വ്യാഖ്യാനങ്ങള്‍ മാത്രം’. എന്നും പറഞ്ഞ്. പറഞ്ഞത്, നീഷേയാണ്. ഒരു മലക്കം മറിച്ചിലില്‍ കഥ പിന്നെയും തുടങ്ങുന്നു. വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളുമായി നടക്കാന്‍ ഇറങ്ങുന്ന കോഴിയമ്മയുടെ യാത്രാചരിതത്തില്‍ നിന്ന്. അപ്പോള്‍ ക്രിക്കറ്റ് ബാള്‍ വീണ് കുഞ്ഞ് മരിച്ചില്ല. അതിനെ ഒരു ബാലന് കൈയിലെടുത്തുകൊണ്ടുപോയി ഒടിഞ്ഞ കാലു വച്ചുകെട്ടി ശുശ്രൂഷിച്ച് വീട്ടില്‍ ഓമനയായി വളര്‍ത്തുന്നു. ഒടിഞ്ഞ കാലും വച്ച് ഉമ്പിടി സ്ട്രക്ചറില്‍ തത്തിതത്തിച്ചാടുന്ന കോഴിക്കുഞ്ഞിന്റെ ഹൃദയാവര്‍ജ്ജകമെങ്കിലും ആഹ്ലാദദായകമായ ദൃശ്യം ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സൈക്കിളില്‍ ചാടിക്കയറിപ്പോയ ഇളക്കക്കാരി(കാരന്) കോഴിക്കുഞ്ഞ് സുരക്ഷിതയായി മറ്റൊരു വീട്ടിലെത്തി ടി വിയും കണ്ട് സുഖിച്ചിരിക്കുന്നു. പൂച്ചയും പാമ്പും പരുന്തും തട്ടിയെടുത്ത കുഞ്ചുകളൊന്നും കഥയവസാനിപ്പിച്ചില്ല അതതു ജന്തുക്കളുടെ സമപ്രായക്കാരായ പിള്ളാരോടൊപ്പം കളിച്ചു തിമിര്‍ക്കുന്നു. എന്തിന് ഹോട്ടലില്‍ ചെന്നു കയറിയ പൂവങ്കോഴി പോലും അടുക്കളയില്‍ പൊരിഞ്ഞു തീര്‍ന്നില്ല. നല്ലവനായ പാചകക്കാരന്റെ കൃപാവാത്സല്യങ്ങളാല്‍ വീട്ടിലെ കുട്ടികള്‍ക്ക് പ്രിയങ്കരനായി വീട്ടില്‍ ആളുകളെ കൂകിയുണര്‍ത്തുന്ന ഒരൊന്നാന്തരം അങ്കവാലനായി തലനീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ തട്ടത്തില്‍ തലയില്ലാത്തവനായി പൊരിക്കപ്പെട്ട നിലയില്‍ നാം മറ്റേ പകുതിയില്‍ കണ്ടതോ? അതു മറ്റേതോ ചാവാലി. ഭാഗ്യദോഷി.. ഹി ഹി ഹി ! കഥയുടെ പരിണാമ ഗുസ്തി!!
രണ്ടാമതു രാഷ്ട്രാന്തരീയ ഡോക്യുമെന്ററി ഷോട്ട് ഫിലിം മേളയില്‍ ഏറ്റവും നല്ല ആനിമേഷനുള്ള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് കെ പി മുരളീധരന് സംവിധാനം ചെയ്ത ‘വിശുദ്ധമുട്ടകള്‍’. കുത്തിവരച്ചതു പോലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് ദുരന്തവും ശുഭാന്തവുമായ ജീവിതാഖ്യാനങ്ങളുടെ പക്ഷിഗാഥയ്ക്ക് സംവിധായകന് ജീവനും പശ്ചാത്തലവും നല്‍കിയത്. (ആനിമേറ്റര്‍ - ദിലീപ്) വാസ്തവത്തെ കവച്ചു വയ്ക്കുന്ന ദൃശ്യയാഥാര്‍ത്ഥ്യമായി ആനിമേഷനുകള്‍ തുള്ളിക്കളിക്കുന്ന കാലത്താണല്ലോ നമ്മുടെയൊക്കെ ജീവിതം. അങ്ങനെയൊരു മികവും അനുഭിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത (വല്ലതുമുണ്ടെങ്കില്‍ അതു ഭാവവ്യഞ്ജകമായ വരകളുടെ മിഴിവുമാത്രം) കുത്തിവരകളുടെ ലോകം നേടിയ ‘മികച്ച ആനിമേഷന്‍’ എന്ന ബിരുദം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടെങ്കില്‍ അത് മറ്റെന്തിന്റെയോ പേരിലാണ്. (കൂട്ടത്തില്‍ പറയട്ടേ, കെ പി ശശിയുടെ ആദിവാസി ചെറുത്തു നില്‍പ്പിന്റെ നോവ് അനുഭവിപ്പിക്കുന്ന ‘ഗാവോന്‍ ചോടബ് നഹീന് ’ ആണ് മേളയില്‍ പുരസ്കാരം നേടിയ സംഗീതചിത്രം..പരാതി ഉണ്ടാവേണ്ട കാര്യമില്ല. സംഗീതത്തിന്റെ മികവല്ല (സംഗീതം സന്തോഷ് നായര്‍) ചിത്രത്തിന്റെ മികവ്. മാനദണ്ഡങ്ങള്‍ വേറെയാവുന്നു.) അതു പോലെയൊന്ന്...‘വിശുദ്ധമുട്ടകള്‍ക്കും’ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തിന്റെ ചിരിയെന്നും കരച്ചിലെന്നുമുള്ള രണ്ടു മൂലകങ്ങളെയും ആ ഹ്രസ്വചിത്രം സത്യസന്ധമായി പ്രതിനിധീകരിക്കുന്നുണ്ടോ? ശുഭാപ്തിവിശ്വാസങ്ങള്‍ക്കു നേരെയുള്ള വെടലച്ചിരിയല്ലേ ഈ കാര്‍ട്ടൂണ്‍ ചിത്രം? നീഷേയുടെ വാക്യത്തെ പൊളിക്കാതെ തന്നെ നമുക്കതിനകത്ത് പ്രവേശിക്കാം. അപ്പോള്‍ മംഗളകരമായതിനെക്കുറിച്ചുള്ള പ്രതീക്ഷകളൊക്കെ ഒരു തരം വ്യാഖ്യാനങ്ങളാണെന്ന് മനസ്സിലാവും. പലപ്പോഴും നാം നെടുവീര്‍പ്പുകളിട്ട് എരിച്ചു തീര്‍ക്കുന്ന ജീവിതവുമായി നൂല് ബന്ധമില്ലാത്തത് ! ജീവിതത്തെ ആകെ പൊതിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടും ദുരന്തം തന്നെ. അപ്പോള്‍ രക്ഷപ്പെട്ട കോഴിക്കുഞ്ഞുങ്ങളോ ? തൂക്കുക്കയറില്‍ പിടഞ്ഞു തീരാറായവന്റെ അവസാനത്തെ ശ്വാസമെടുപ്പ് കണ്ട നിറമുള്ള സ്വപ്നം. ഇരുട്ടിന്റെ നെഗളിപ്പുള്ള ഒരു പരിഹാസ ചിരി. ആ ചിരിയും കൂടി ചേര്‍ന്നല്ലേ സാര്‍, ജീവിതം ഇങ്ങനെ ഏണും കോണുമില്ലാതെ അന്ധാളിക്കുന്നത്...?
ചിത്രം :www.drawingcoach.com