June 5, 2009

എത്രയെത്ര നീലാംബരികള്‍ !




ഒരേ കാര്യത്തെ വിവിധപത്രങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് അന്വേഷിക്കുന്നത് എന്തുകൊണ്ടും കൌതുകകരമാണ്. വസ്തുതാവിവരണങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമാധിയടയാം എന്നുള്ളതുകൊണ്ടല്ല. ക്ലീഷേകള്‍ വസ്തുനിഷ്ഠതയെ തകരാറിലാക്കുന്ന വഴികളെപ്പറ്റിയും വിവരത്തെ മോടി പിടിപ്പിക്കാന്‍ പത്രങ്ങള്‍ അവലംബിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും വെളിപാടുകള്‍ നമുക്കുണ്ടാവുന്നത് ഇങ്ങനെ ചില വേളകളിലാണ്. പറഞ്ഞു പഴകിയതോ കേട്ടു തഴമ്പിച്ചതോ ആയ പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ കടന്നുകൂടുന്നത് സാധാരണജനത്തെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാണ്. പുതിയപ്രയോഗങ്ങളുടെ സൂക്ഷ്മശ്രുതികളും നാനാര്‍ത്ഥങ്ങളും അന്വേഷിച്ച് ചിന്താവശനായി കാടുകയറേണ്ട ആവശ്യം വരില്ലല്ലോ. അല്പായുസ്സായ വാര്‍ത്തകള്‍ക്ക് അത്രയൊക്കെ മതി എന്നൊരു തൊടുന്യായവും പ്രസ്തുതത്തില്‍ ഉന്നയിക്കാവുന്നതാണ്. 24 മണിക്കൂറിനപ്പുറം ആയുസ്സു നീട്ടിക്കിട്ടാത്തതെങ്കിലും വായിക്കുന്ന നിമിഷം എന്തിനെക്കാളും ചൂടായി തന്നെയിരിക്കുന്ന ഒരു ‘വാര്‍ത്ത’ സൃഷ്ടിക്കുന്നത് യഥാര്‍ത്ഥചിത്രം തന്നെയാവുമോ -അങ്ങനെയൊന്നുണ്ടെങ്കില്‍- വായിക്കുന്നയാളിന്റെ മനസ്സില്‍? അഥവാ അത്തരം ഒരു ചിത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം എഴുതി വിടുന്ന ലേഖകനു/ലേഖികയ്ക്ക് ആത്മാര്‍ത്ഥമായി ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാന്‍ വല്ല തെളിവും നമുക്കു മുന്നിലുണ്ടോ?

മെയ് 31-നാണ് കമലാസുരയ്യ യാത്രയായത്. എഴുത്തുകാരി എന്ന നിലയിലുള്ള തലപ്പൊക്കത്തിനു പുറമേ ഇന്നും ശരാശരി മലയാളിക്ക് തിരിഞ്ഞുകിട്ടാത്ത നിഗൂഢമായ എന്തൊക്കെയോ ഉള്ളില്‍ പാത്തുവച്ചിരിക്കുന്ന വച്ച വ്യക്തിത്വമാണവരുടേത്. കമലാസുരയ്യയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ സാമ്പത്തികവുമായ ലിംഗപരവും ഒക്കെയായ മാനങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് മലയാള ദിനപ്പത്രങ്ങള്‍ ആ മരണത്തെ ഉള്‍ക്കൊണ്ടതും അവതരിപ്പിച്ചതുമായ രീതി കാര്യമായ വിശകലനത്തിനുള്ള എല്ലാ സാധ്യതയും പേറുന്നുണ്ട്. അത്രത്തോളം പോകുന്നില്ല. നിര്‍വചനങ്ങളുടെ അതിരുകളില്‍ തളച്ചിടാനാവാത്ത കമലയെ പത്രങ്ങള്‍ സ്വതഃസിദ്ധമായ വിശേഷണങ്ങളില്‍ അവതരിപ്പിച്ചതെങ്ങനെ എന്നതിനേക്കാള്‍ സംഗ്രഹിച്ചതെങ്ങനെ എന്ന് നോക്കുന്നത് നന്നായിരിക്കും. മെയ് 31-നുള്ള സിറ്റി എഡിഷനുകളില്‍ തന്നെ മാതൃഭൂമി കമലാസുരയ്യയുടെ വേര്‍പാടിന്റെ വാര്‍ത്ത കൊടുത്തു, കാര്യമാത്രപ്രസക്തമായി. ജൂണ്‍ ഒന്നിലെ മാതൃഭൂമിയിലെ ലീഡ് ‘കമലദലം കൊഴിഞ്ഞു’ എന്നാണ്. ‘വിശ്വകഥാകാരിയ്ക്ക് അശ്രുപൂജ’ എന്ന് ഉപശീര്‍ഷകം. മനോരമയില്‍ ‘ഇല്ല പൂക്കില്ല നീര്‍മാതളം’ എന്നാണ് തലക്കെട്ട്. തന്റെ തന്നെ മരണത്തെക്കുറിച്ചുള്ള ഒരു വാക്യം മുകളില്‍ ഉദ്ധരണിയായി കൊടുത്തുകൊണ്ടാണ് വാര്‍ത്തയുടെ വൈകാരികതയ്ക്ക് മനോരമ നിറം കൂട്ടിയത്. 'പൂക്കള്‍ ഒഴിയാത്ത നീര്‍മാതളം' എന്നായിരുന്നു മാതൃഭൂമിയിലെ എഡിറ്റോറിയലിന്റെ പേര്‌‍. എം ടിയുടെയും ബി മുരളിയുടെയും മിഡ് പേജുകള്‍ കൊടുത്തതുകൊണ്ടായിരിക്കണം മനോരമയിലെ എഡിറ്റോറിയല്‍ കമലയെപ്പറ്റി ആയിരുന്നില്ല. അത് ഓസ്ട്രേലിയായിലെ വശീയ പേക്കൂത്തിനെപ്പറ്റിയാണ്. ദേശാഭിമാനിയിലെ ശീര്‍ഷകം ‘ആമിയെത്തുന്നു; അവസാനയാത്രയ്ക്ക്’ എന്നായിരുന്നു. മലയാളികളോട് കലഹിച്ച് പൂനയിലേയ്ക്ക് പിണങ്ങിപ്പോയ കമല തിരിച്ചെത്തുന്നതിനെ നാടകീയമായി അവതരിപ്പിക്കുന്നതായിരുന്നു, ആ വാക്യം. പത്രാധിപക്കുറിപ്പിന് ആ പ്രസിദ്ധമായ കഥയുടെ പേര് ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന്. മാധ്യമം വാര്‍ത്ത നല്‍കിയത് ‘ സ്നേഹതാരകം ഇനി ഓര്‍മ്മ’ എന്നും പറഞ്ഞാണ്. ‘അസ്തമിക്കാത്ത അക്ഷരസൌന്ദര്യം’ എന്നായിരുന്നു പത്രാധിപക്കുറിപ്പിന്റെ ശീര്‍ഷകം. ‘കഥ ബാക്കിയാക്കി മാധവിക്കുട്ടി മടങ്ങിപ്പോയി’ എന്ന് കേരളകൌമുദി. ‘കഥാവശേഷയായ ആമിയേടത്തി’ എന്ന പേരിലുള്ള എഡിറ്റോറിയല്‍ ലീഡിന്റെ പിന്തുടര്‍ച്ച തന്നെ. എന്തൊക്കെയോ മിച്ചം വച്ച് യാത്രയായ പ്രതീതിനിര്‍മ്മാണമാണ്. കേരളകൌമുദി കുടുംബത്തിന്റെ മദ്ധ്യാഹ്ന പത്രം ‘ഫ്ലാഷ്’ എഴുതിയത് ‘കമലയെ മലയാളം ഏറ്റു വാങ്ങി’ എന്നാണ്. എന്താണോ എന്തോ ലേഖകന്‍ ഉദ്ദേശിച്ചത്. ഒരു പക്ഷേ വായിച്ച ശീര്‍ഷകങ്ങളില്‍ ഏറ്റവും ദുരൂഹം ഇതാണ്. ‘നീര്‍മാതളം കൊഴിഞ്ഞു’ എന്നാണ് ദീപികയുടെ തലക്കെട്ടെങ്കില്‍ ‘നീര്‍മാതളപ്പൂ കൊഴിഞ്ഞു’ എന്നാണ് വീക്ഷണത്തിന്റെ തലക്കെട്ട്. ‘മലയാളത്തിന്റെ സുഗന്ധം പരത്തിയ കഥാകാരി‘ എന്നാണ് കമലയെ ദീപികയുടെ പത്രാധിപക്കുറിപ്പ് വിശേഷിപ്പിക്കുന്നത്. ‘നഷ്ടപ്പെട്ട നീലാംബരി’യായിരുന്നു കമലാസുരയ്യ എന്ന് വീക്ഷണത്തിലെ എഡിറ്റോറിയല്‍ ആ പേരുള്ള തലക്കെട്ടിലൂടെ പറയാന്‍ ശ്രമിക്കുന്നു.‍. ജനയുഗത്തിലെയും ചന്ദ്രികയിലെയും മുഖ്യവാര്‍ത്തയുടെ തലക്കെട്ട് ഒന്നു തന്നെ. ‘നഷ്ടപ്പെട്ട നീലാംബരി’. ‘മാധവിക്കുട്ടിക്ക് നാളെ യാത്രാമൊഴി’ എന്നാണ് ജന്മഭൂമി എഴുതിയത്. ബൈലൈനില്‍ മുരളി പാറപ്പുറം ‘മാധവിക്കുട്ടിയുടെ മരണത്തെയും മതം മാറ്റുന്നു’ എന്നൊരു വാര്‍ത്തകൂടി എഴുതി തുന്നിച്ചേര്‍ത്താണ് ജന്മഭൂമി ഒന്നിന് പുറത്തിറങ്ങിയത്. ‘മാധവിക്കുട്ടി മടങ്ങി വരട്ടെ’ എന്ന് അതിന്റെ എഡിറ്റോറിയല്‍. എവിടേയ്ക്കാണെന്ന് പറയാതെ തന്നെ വ്യക്തം. പേരുള്‍പ്പടെ കമലയുടെ മതം മാറ്റം ആകെ കലുഷമാക്കിയിരിക്കുകയാണ് ജന്മഭൂമിയുടെ പത്രമനസ്സിനെ. ഒരര്‍ത്ഥത്തില്‍ അതും സ്നേഹം തന്നെ. ‘കളങ്കമില്ലാത്ത കഥാകാരി’ എന്ന ശീര്‍ഷകത്തില്‍ പത്രാധിപക്കുറിപ്പ് കൊടുത്ത മംഗളത്തിലെ വാര്‍ത്ത ഇങ്ങനെ : ‘കഥയ്ക്കപ്പുറം കമല’. സ്വന്തം ലേഖകന്‍ എഴുതിയ ഒരു ലേഖനം, അകത്ത്.പേര് ‘നഷ്ടപ്പെട്ട നീലാംബരി

കൊച്ചിയില്‍ നിന്നിറങ്ങുന്ന ന്യൂ ഏജ് ബിസിനസ്സ് പത്രത്തിലെ പ്രശാന്ത് ആര്‍ നായരുടെ ബൈലൈനും ‘നഷ്ടപ്പെട്ട നീലാംബരി’ എന്നാണ്. ‘കമല കഥാവശേഷ’ എന്ന് ഹെഡ് കൊടുത്ത മെട്രോ വാര്‍ത്ത എഡിറ്ററുടെ കുറിപ്പില്‍ ‘അക്ഷരങ്ങളുടെ മഹാരാജ്ഞി‘ എന്നാണ് കമലയെ വിശേഷിപ്പിച്ചത്. മനോജ് കെ ദാസ് എഴുതിയ 'The Dove departs' ആണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സിലെ വാര്‍ത്തയുടെ കാവ്യാത്മകമായ ശീര്‍ഷകം. ഇതിലെ പ്രാവിന് തലക്കെട്ടുകളുടെ കൂട്ടത്തില്‍ അപൂര്‍വതയുണ്ടെങ്കിലും എങ്ങനെ ഇതിവിടെ വന്നു എന്ന് ചിന്തിച്ച് കുഴമറിയാവുന്നതാണ്. ആകാശത്തിന്റെ മണവുമായി വരുന്ന പക്ഷികള്‍ നമ്മള്‍ കമലയുടെ കഥകളില്‍ കണ്ടതാണ്. ബൂട്ടിട്ടു ചവിട്ടിയരച്ചുകളഞ്ഞ് ഒരു കുരുവി മനസ്സില്‍ നിന്നു മായുകയുമില്ല. പ്രാവ് സമാധാനത്തിന്റെ എന്നപോലെ സ്നേഹത്തിന്റെയും ചിഹ്നമായിരിക്കാം. ആര്‍ക്കറിയാം? ദ ഹിന്ദു ആകട്ടെ, ഇമ്മാതിരി വേവലാതി ഒന്നും കൈയിലെടുക്കാതെ, State funeral for writer Kamala Suraiya എന്ന് അങ്ങേയറ്റം വസ്തുനിഷ്ഠമായി. ഇന്ത്യന്‍ എക്സ്പ്രെസ്സ്, അനുബന്ധങ്ങളില്‍ വേറെയും ചില ലേഖനങ്ങള്‍ നല്‍കി. അതിലൊന്ന് എന്‍ എസ് മാധവന്റെയാണ്. മറ്റൊന്ന് എം ടിയുടെ. നമ്മുടെ തൊട്ടയല്‍പ്പക്കമായ തമിഴ്‌നാട്ടിലെ രണ്ടു പത്രങ്ങളിലുമുണ്ടായിരുന്നു വാര്‍ത്ത. അകത്തെപേജുകളില്‍, രണ്ടു കോളത്തില്‍.‘കമലാദാസ് മരണം. നാളൈ ഉടല്‍ അടക്കം’ എന്ന് ദിനകരന്‍. ‘പെണ്‍എഴുത്താളര്‍ കമലാസുരയ്യാ മരണം’ എന്ന് നാഗര്‍കോവിലില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദിനമലര്‍. ‘പെണ്‍എഴുത്താളര്‍’ എന്ന പ്രയോഗം എന്തുകൊണ്ടോ രസകരമായി തോന്നി. സംഗ്രഹണത്തിന്റെ ഓരോരോ രീതികളേയ് !

കമലയെന്നും സുരയ്യയെന്നും ആമിയെന്നും മാധവിക്കുട്ടിയെന്നും പലതരത്തില്‍ വിശേഷിപ്പിച്ച പേരുകളിലുമുണ്ട്, പത്രങ്ങളുടെ പൊളിറ്റിക്സും പൊളീമിക്സും. ചിത്രങ്ങളുടെ വ്യത്യാസങ്ങള്‍ കൂടി ചര്‍ച്ചയ്ക്കെടുത്താല്‍ ഇപ്പോഴെങ്ങും ഇതവസാനിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. അനുസ്മരണക്കുറിപ്പുകളുടെ വൈപുല്യവും അത്രതന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്നതാണ്. എം ടിയും സുകുമാര്‍ അഴീക്കോടുമാണ് അനുസ്മരണക്കുറിപ്പെഴുതിയവരില്‍ മുന്‍പര്‍‍ മിക്ക പത്രങ്ങളിമുണ്ട് ഇവരുടെ കുറിപ്പുകള്‍. കൂട്ടുകാരി കാര്‍ത്ത്യായിനിയമ്മയും ചിരുതേയി എന്ന ജാനുവമ്മയുമാണ് അനുസ്മരണക്കാരിലെ വ്യത്യസ്തര്‍. ആ വക കാര്യങ്ങള്‍ പിന്നീടാവട്ടെ. പ്രധാനശീര്‍ഷകങ്ങളിലൂടെ മാത്രം കണ്ണോടിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവുന്നു. ‘കഥ’യെഴുത്തിനപ്പുറമുള്ള കമലയുടെ ജീവിതം പൊതുബോധത്തില്‍ അത്രശക്തമല്ല. കുറഞ്ഞ പക്ഷം പത്രലേഖകര്‍ എന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെങ്കിലും. തലക്കെട്ടുകളൊന്നും കവിതയെ തിരിഞ്ഞു നോക്കുന്നുകൂടിയില്ലല്ലോ. കഥയില്‍ മാധവിക്കുട്ടി എത്ര പ്രസിദ്ധയാണോ അത്രതന്നെ പ്രസിദ്ധയായിരുന്നു കമലാദാസ് കവിതയിലും. എന്നിട്ട്? രണ്ടാമത്തെകാര്യം മാധവിക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ പത്രങ്ങള്‍ക്ക് ഓര്‍മ്മ വരുന്ന രൂപകം നീര്‍മാതളത്തിന്റേതാണ്. ആ വാക്കിന്റെ ഉച്ചാരണത്തിനുള്ള സൌകുമാര്യമായിരിക്കാം കാരണം. കമലയുടേതായ മൌലിക കല്‍പ്പനകള്‍ ഒന്നും പക്ഷേ ശീര്‍ഷകങ്ങളില്‍ കയറികൂടിയില്ല. ‘പക്ഷിയുടെ മണവും നരിച്ചീറുകള്‍ പറക്കുമ്പോഴത്തെ ഭയവും കുറഞ്ഞവാക്കുകളില്‍ കോറിയിട്ട എഴുത്തുകാരിക്ക് പതിച്ചുകിട്ടിയ ഏക പക്ഷി മുദ്രയാവട്ടേ പ്രാവിന്റേതും. (ഇന്ത്യന്‍ എക്സ്പ്രെസ്സ്) എങ്കിലും എല്ലാത്തിനെയും കവച്ചു വയ്ക്കുന്ന കല്‍പ്പന ‘നഷ്ടപ്പെട്ട നീലാംബരി’യുടെതാണ്. എത്രപ്രാവശ്യം അതു ആവര്‍ത്തിക്കപ്പെട്ടു ! സത്യത്തില്‍ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ അവരുടെ സാഹിത്യ ജീവിതത്തെയോ ലൌകിക ജീവിതത്തെയോ ഒരു തരത്തിലും പ്രതിനിധീകരിക്കാന്‍ കെല്‍പ്പുറ്റ ബിംബമല്ല. ജീവിതവുമായി രാജിയാവാന്‍ അങ്ങേയറ്റത്തെ പ്രായോഗികതയോടെ ഉപദേശിക്കുന്ന ഒരു കഥയാണത്. ലെനിന്‍ രാജേന്ദ്രന്‍ സിനിമയാക്കിയതുകൊണ്ട് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരു ശീര്‍ഷകമായെന്നു മാത്രം. വിട്ടുവീഴ്ചയില്ലാതെ സാമാന്യബോധത്തിന്റെ ധാരണകള്‍ക്കെതിരെ നിരന്തരം കലഹിച്ചിരുന്ന കമലയുടെ ജീവിതത്തെ ഏതുതരത്തിലാണ് ഈ കഥ അടയാളപ്പെടുത്തുന്നത്? ഒന്നുമില്ലെങ്കില്‍ ഒരുപാട് പേര്‍ ഒരേ ദിവസം ഈ ശ്രുതിയില്‍ ചിന്ത മീട്ടിയതെങ്ങനെ? ഒരു‘നഷ്ടപ്പെടലില്‍’ മാത്രം തൂങ്ങിയാണ് അതു നിര്‍മ്മിച്ച ആളിന്റെ ജീവിതവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ക്ലീഷേ ഇങ്ങനെ പത്രത്താളുകളില്‍ വെറുതേ ആര്‍ത്തലച്ചുകൊണ്ടിരുന്നത് ! കഷ്ടം തന്നെ !

‘ഓണ്‍ പ്രസ്സ്‘ എന്ന പ്രബന്ധത്തിന്റെ തുടക്കത്തില്‍ (അതു പ്രസംഗവുമാണ്) ഉംബെര്‍ട്ടോ എക്കോ പത്രവാര്‍ത്തയുടെ വസ്തുനിഷ്ഠതയെ തകരാറിലാക്കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നായി ഉദാഹരണങ്ങളോടേ ചൂണ്ടിക്കാട്ടുന്നത് ഇതേ ക്ലീഷേയെയാണ് എന്നാണ് എന്റെ തോന്നല്‍. (ഫൈവ് മോറല്‍ പീസസ് എന്ന പുസ്തകം) കാരണം, യഥാര്‍ത്ഥങ്ങളായതെന്തോ അവയെ നിര്‍മ്മിക്കാനല്ല, ഇത്തരം വിശേഷണഭാഷ ഉപയുക്തമാകുക, ഉള്ള ചിത്രത്തിന്റെ തെളിച്ചം കുറയ്ക്കാ‍നാണ്. അല്ലേ?

15 comments:

  1. ഇന്നു വാര്‍ത്ത അറിയാനുള്ളതാണോ?
    കണ്ടും കേട്ടും രസിക്കാനും ആസ്വദിക്കാനുമുള്ളതല്ലേ?

    ReplyDelete
  2. വേറിട്ടു ചിന്തിക്കും വെള്ളെഴുത്തേ, വെള്ളുഴുത്തെന്നു തന്നെയോ നിൻ പേർ?

    ReplyDelete
  3. ഈ വാര്‍ത്ത് മാത്രമല്ല. എല്ലാം അങ്ങനെത്തന്നെ. ഇതിന്റെ ഒരുവശങ്ങളോറ്റും പ്രത്യെകമമത നിങ്ങള്‍ക്കില്ലാത്തതുകൊണ്ട് നിങ്ങള്‍ക്ക്കെല്ലാവശങ്ങളും ഒരേ അകല്‍ത്തില്‍നിന്നു കാണാന്‍ കഴിഞ്ഞു9ജന്മഭൂമിയോടുമാത്രം ഒരു അവജ്ഞ പ്രകടമാണെങ്കിലും).
    ഈ നിസ്സങ്തയോടെ പിറകോട്ടു നോക്കിയാള്‍, പല പക്ഷപാതപരവും അബദ്ധജടിലവുമായ പല വിശകലനങ്ങല്ലും താങ്കള്‍ ചെയ്തതായി കാണാന്‍ സാധിക്കും.
    വേണ്ട; ഭൂതം പോട്ടെ; ഭാവിയിലേക്കു ഇതു മുതല്‍ക്കൂട്ടാകുമോ?
    ശ്മശാനവൈരാഗ്യം

    ReplyDelete
  4. ഹൊ! ഇതെല്ലാ പത്രവും മേടിച്ച് വായിച്ചുവോ? :-)
    സത്യം പറഞ്ഞാല്‍ മനോരമയും മാതൃഭൂമിയും ഒന്നോടിച്ചു നോക്കുവാന്‍ മാത്രമേ തോന്നിയുള്ളൂ. കാര്യങ്ങളൊക്കെ സാഹിത്യഭാഷയില്‍ അലങ്കാരങ്ങള്‍ സഹിതം എഴുതിനിറച്ചിരിക്കുന്നത്, അതും ആവര്‍ത്തനങ്ങള്‍, എങ്ങിനെ വായിക്കുവാനാണ്?

    “ചിന്തിച്ച് കുഴമറിയുക...” - കുഴമറിയുക, മറ്റെവിടെയും മുന്‍പ് വായിച്ചതായി ഓര്‍മ്മ വരുന്നില്ല. :-) ഇതെവിടെ നിന്നു കിട്ടി?
    --

    ReplyDelete
  5. "ഇന്നലത്തെ ദിനപ്പത്രത്തേക്കാൾ പഴയതല്ല മറ്റൊന്നും." -ഒരു ജർമ്മൻ ചൊല്ല്.

    ReplyDelete
  6. മാധവിക്കുട്ടിയുടെ മരണത്തോളം സാംസ്കാരികവും ഭാഷാപരവുമായ ക്ലീഷേകളില്‍ മുങ്ങിപ്പോയ ഒരു സംഭവവും അടുത്തകാലത്ത് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. ക്ലിഷേ ആകാഞ്ഞത് അവരുടെ മക്കള്‍ കാണിച്ച അസാധാരാണമായ മാനസികോന്നതിയും സംവാദാത്മകതയും മാത്രം. അതുതന്നെ ചോരയുടെ ഗുണം എന്ന ക്ലിഷേയിലേക്ക് വലിച്ചുതാഴ്തികെട്ടപ്പെടും എന്നുറപ്പ്. (ഓവി വിജയന്റെ മരണശേഷം നടന്നതൊക്കെ ആരെങ്കിലും ഓര്‍ക്കുന്നോ ആവോ!) ആ കുടുംബത്തിനു കൂപ്പുകൈ.

    മലയാളി (മലയാളം കൈകാര്യം ചെയ്യുകയും തൂക്കിവിറ്റു ജീവിക്കുകയും ചെയ്യുന്ന ‘സാംസ്കാരിക’ മലയാളി) കമലാസുരയ്യയോട് അവര്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്തതുതന്നെ മരിച്ചപ്പോഴും ചെയ്തു: സ്വന്തം ശീലങ്ങളുടെ ദുര്‍ഗന്ധത്തില്‍ അവരുടെ സുഗന്ധത്തെ മുക്കിക്കളയാന്‍ ശ്രമിച്ചു. മുന്‍പ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ഇത്തവണ നക്കിക്കൊല്ലാന്‍ ശ്രമിച്ചു എന്ന വ്യത്യാസമേയുള്ളൂ. പരേതയോടുള്ള സൌമനസ്യം.

    കമലാ സുരയ്യ എന്ന പേരിനോടുള്ള വൈമനസ്യം വെള്ളെഴുത്ത് സൂചിപ്പിച്ചതുപോലെ ഇവിടെ ചര്‍ച്ച ചെയ്താല്‍ തീരുന്ന വിഷയമാണെന്ന് തോന്നുന്നില്ല. ആവറേജ് മലയാളി മുണ്ട് മടക്കിക്കുത്തിയാല്‍ അവന്റെ കാവിക്കോണകം പുറത്തുകാണും എന്ന് ഭയക്കേണ്ട കാലം ആയിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  7. പത്രങ്ങള്‍(ബ്ലോഗുകളും) നിറയെ നീര്‍മാതളത്തിന്റെ/നീലാംബരിയുടെ കളിയായിരുന്നു.

    പത്മരാജനെപ്പറ്റി എഴുതുമ്പോഴെല്ലാം 'ഗന്ധര്‍വ്വന്‍' എന്നേ പറയൂ എന്നായിട്ടുണ്ട് പത്രത്തിലെഴുത്തുകാരുടെ സ്ഥിതി.

    മലയാളെത്തിലെഴുതാത്തതു ഹെമിങ്‌വേയുടെ മഹാഭാഗ്യം! അല്ലെങ്കില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം 'കെളവന്‍' 'കെളവന്‍' എന്നെഴുതി നിറച്ചേനേ!

    ReplyDelete
  8. ഈ നിസ്സങ്തയോടെ പിറകോട്ടു നോക്കിയാള്‍, പല പക്ഷപാതപരവും അബദ്ധജടിലവുമായ പല വിശകലനങ്ങല്ലും താങ്കള്‍ ചെയ്തതായി കാണാന്‍ സാധിക്കും.
    തീര്‍ച്ചയായിട്ടും ഉണ്ടാവും. അനോനീ, മനുഷ്യരല്ലേ? (അവ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ സ്വയം വിലയിരുത്തലിനു കാരണമാക്കാമായിരുന്നു. ചിലപ്പോള്‍ താങ്കള്‍ തെറ്റിധരിച്ചതാണെങ്കിലോ? നിഷ്പക്ഷത എന്നൊരവസ്ഥയില്ല. അന്യനെ ദ്രോഹിക്കരുത് എന്നത് ആദരശമായി കൊണ്ടു നടക്കുന്നവര്‍ തന്നെ അറിയാതെ മറ്റുള്ളവര്‍ക്ക് പരമദ്രോഹമാവുന്നത് നമ്മള്‍ എത്ര കണ്ടിരിക്കുന്നു. ജന്മഭൂമിയോട് അങ്ങനെ അവജ്ഞയൊന്നും ഇല്ല. പക്ഷേ ആ ലേഖനം -“മരണത്തെയും മതം മാറ്റുന്നു‘- എന്നുള്ളത് തിരിഞ്ഞുകടിക്കുന്ന വാര്‍ത്തയാണ്. ഇതെഴുതിയ ഇന്നലെയും മാധവിക്കുട്ടിയുടെ മകന്റെ വീട്ടില്‍ ഹിന്ദുമതാചാരപ്രകാരം സംസ്കാരക്രിയകള്‍ നടത്തിയതിനെക്കുറിച്ച് അതില്‍ വാര്‍ത്തയുണ്ട്. അത്രപ്രകടമായിട്ടില്ലെങ്കിലും മനോരമയിലെ ചിത്രങ്ങള്‍ ശ്രദ്ധിച്ചായിരുന്നോ? ഞാന്‍ തക്ക സമയത്ത് ഉപദേശിക്കാനുണ്ടായിരുന്നെങ്കില്‍ അവര്‍ മതം മാറില്ലായിരുന്നു എന്ന് അഴീക്കോടിന്റെ വാക്കുകള്‍ എഴുതിയത് മംഗളമാണ്. അത്തരം വാദങ്ങളും സ്നേഹത്തിന്റെ ഭാഗമാണ്.
    ഹരീ, ഇതൊക്കെ വായിക്കാന്‍ ഒരു ലൈബ്രറിയില്‍ ചെന്നിരുന്ന് രണ്ടു മണിക്കൂര്‍ ചെലവഴിച്ചാല്‍ പോരേ.. കുഴമറിയുക എവിടുന്നാണ് കയറിയതെന്ന് ഓര്‍ക്കുന്നില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്!
    രഹസ്യം പറയട്ടേ എനിക്ക് ‘മാധവിക്കുട്ടി‘ എന്നു വിളിക്കാനാണ് താത്പര്യം. എന്തോ ഒരു അടുപ്പം തോന്നും അങ്ങനെ പറയുമ്പോള്‍. അല്ലെങ്കില്‍ കഥകള്‍ അങ്ങനെ വായിച്ചു പരിചയിച്ചതുകൊണ്ടാവും.

    ReplyDelete
  9. റിപ്പോര്‍ട്ടിംഗ് ഏതു രീതിയില്‍ ആയാലും മലയാളികള്‍ മാധവിക്കുട്ടിയെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമായല്ലോ.അധികം പേര്‍ക്കും “മാധവിക്കുട്ടി“എന്നു വിളിക്കുവാന്‍ തന്നെയാണ് ഇഷ്ടം.അത്രമേല്‍ ആ പേര് ഹൃദയത്തില്‍ പതിഞ്ഞുപോയി

    ReplyDelete
  10. നീർമാതളവും നീലാംബരി നഷ്ടപ്പെടലും ആവർത്തിച്ച് അവ്അരെ ഒരു നൊസ്റ്റാൾജിയ എഴുത്തുകാരി ആക്കി ഒതുക്കി. ബ്ലോഗിൽ മിക്കവരുടേയും ഓർമ്മയും നീർമാതളം ബന്ധപ്പെടുത്തിയാണ് കണ്ടത്. അല്ലെങ്കിൽ എന്റെ കഥ. എന്റെ കഥയ്ക്കു മുൻപ് എഴുതിയ തൊന്നും ഇവരൊന്നും വായിച്ചിട്ടില്ലെന്നു തോന്നുന്നു. കഥകളുടെ ശക്തി തെളിയിച്ചതു മുഴുവനും എന്റെ കഥ എഴുതുന്നതിനു മുൻപാണ്.

    അക്ഷരങ്ങളൂടെ മഹാരാജ്ഞി? വാക്കുകളൂടെ അല്ല? അവർക്ക് അക്ഷരങ്ങൽ എല്ലാം അറിയാമായിരുന്നെന്നോ? മിടുക്കി!

    മലയാളം വാക്കുകൾ അത്രയൊന്നും അറിയാൻ വയ്യെന്നും ഉള്ളതൊക്കെ വച്ചാണ് കഥകൾ എഴുതുന്നതെന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരുടെ കഥകൾ ഋജുത്വം പേറി നിശിതമായത്.

    മലയാളിക്ക് കമല ദാസ് ആരാണെന്നു വലിയ പിടി കിട്ടിയിട്ടുമില്ല എന്നു തോന്നുന്നു..

    ReplyDelete
  11. ആവറേജ് മലയാളി മുണ്ട് മടക്കിക്കുത്തിയാല്‍ അവന്റെ കാവിക്കോണകം പുറത്തുകാണും എന്ന് ഭയക്കേണ്ട കാലം ആയിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.

    ഗുപ്താ... ഒരു ചിന്ന ഡൌട്ട്... ഈ ആവറേജ് മലയാളിയില് സിപിഎം അനുഭാവികളോ അംഗങ്ങളോ ഉള്പ്പെടുമോ.......

    ReplyDelete
  12. വലതുപക്ഷമനോഭാവങ്ങള്‍ ഏതെങ്കിലും കൊടിയുടെ കീഴിലല്ല മാരീചാ പരക്കുന്നത്. അതുപോലെ ഇടതുപക്ഷാനുഭാവും. കാവി ഇപ്പോള്‍ വളരെ പരന്ന ഒരു അടയാളമാണ്. ബിജേപിയെക്കാളൊക്കെ വളരെ വളര്‍ന്നത്.

    കേരളത്തിലെ മുന്നണിക്രമീകരണം അനുദിനസംഭാഷണത്തിലെ ഭാഷയെ ദുഷിപ്പിച്ചിട്ടുണ്ട്. ഇടതെന്നാല്‍ എല്‍ഡി‌എഫെന്നും വലതെന്നാല്‍ യൂഡി‌എഫെന്നും മലയാളി ഡീഫോള്‍ടായി വായിച്ചെടുക്കും.

    ഇടതുപക്ഷം ഇടതുപക്ഷമായി ഇവിടെ നിന്നിട്ടുണ്ടെങ്കില്‍ അത് ഏത് ചെറ്റത്തരത്തിനും അടവുനയം എന്ന ലേബലൊട്ടിച്ച് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം കൊടുക്കാം എന്ന് സാക്ഷാല്‍ സഖാവ് നമ്പൂതിരിപ്പാട് കണ്ടുപിടിക്കുന്നതിന് മുന്‍പാണ്. അതെക്കുറിച്ച് പറയാന്‍ ഇടം ഇതല്ല. വെള്ളെഴുത്തിന്റെ പോസ്റ്റുകളില്‍ നിന്ന് വെള്ളെഴുത്ത് ഒഴിച്ചുനിര്‍ത്താനാഗ്രഹിക്കുന്ന രാഷ്ട്രീയം ഇവിടെ തിരുകിക്കയറ്റേണ്ട ആവശ്യമില്ലല്ലോ. :)

    ReplyDelete
  13. ഏയ്... ഒരു വഴി പോയപ്പോള്‍ ചോദിച്ചെന്നേയുളളൂ... വെറുതേ...

    ReplyDelete
  14. ഗുല്‍മോഹര്‍ ആണ് ഏറ്റവും ചേര്‍ന്ന രൂപകമെന്ന് ഓഷോയുടെ നീല ഞരമ്പ് എന്ന പുസ്തകത്തില്‍ ആഷാമേനോന്‍.

    ബ്ലോഗില്‍ വ്യത്യസ്തമെന്ന് തോന്നിയ കുറിപ്പ് ഇതായിരുന്നു:

    http://anitha-adukkala.blogspot.com/2009/05/11.html

    ReplyDelete
  15. തലക്കെട്ടുകള്‍ പെറുക്കിവെച്ച് അടുക്കിവെച്ച് അവലോകനം നടത്തിയത് കാണാന്‍ ഒരു രസമുണ്ട് കേട്ടോ.. വേറൊന്നും കൊണ്ടല്ല.. തിങ്കളാഴ്ച ആളനക്കം വെക്കും മുമ്പ് ലൈബ്രറിയില്‍ കേറി ഒരു കെട്ട് പത്രം ഞാനും മറിച്ചു നോക്കിയിരുന്നു.. എല്ലാതിലെയും ഈ തലക്കെട്ടുകള്‍ മാത്രം.. താഴെ ഉള്ളതൊന്നും വായിക്കാന്‍ തോന്നിയില്ല.. വായ്ക്കരിയിടും നേരത്തെ വായ്ത്താരികള്‍ മാത്രം.. നീര്‍മാതളവും നീലാംബരിയും വായിച്ച് അതു മാത്രമെ അവര്‍ എഴുതിയിരുന്നുള്ളൊ എന്നു പോലും തോന്നിപോവും..

    ഉള്ളടക്കം കൊണ്ടല്ലെങ്കിലും പേരുകൊണ്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് "ഭയം എന്റെ നിശാവസ്ത്രം " ആണ്..

    ReplyDelete