June 23, 2009
ഏകവചനങ്ങളുടെ കൂടാരം 7
ജോധയുടെ സഹോദരിമാര്‍, എന്നു വച്ചാല്‍ അവളുടെ ഭര്‍ത്താവിന്റെ മറ്റു ഭാര്യമാര്‍, അവളെ കഠിനമായി വെറുത്തിരുന്നു. എന്തിനാണ് മഹാനായ ചക്രവര്‍ത്തി ശരീരം ഇല്ലാത്ത ഒരുവളുമായുള്ള സംഗമത്തില്‍ ഇത്രയേറെ താത്പര്യം കാണിക്കുന്നത്? അദ്ദേഹം പോയി കഴിയുമ്പോള്‍ ഇല്ലാതാവേണ്ടവളല്ലേ അവള്‍? യഥാര്‍ത്ഥത്തില്‍ ഉള്ളവരോടൊപ്പം അവിടങ്ങളില്‍ ചുറ്റി നടക്കേണ്ട ആവശ്യം അവള്‍ക്കില്ല. നിഴലായോ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബമായോ അവള്‍ മാഞ്ഞു പോകണം. ഭാവനയില്‍ ഒരാളെ സൃഷ്ടിച്ച് കാത്തിരിക്കുമ്പോലെയൊരു പ്രവൃത്തിയാണ് ചക്രവര്‍ത്തിയുടേത്. അതൊരു ശരികേടാണെന്ന് ജീവിച്ചിരിക്കുന്ന റാണിമാര്‍ വിലയിരുത്തി. ജീവിച്ചേയിരിപ്പില്ലാത്ത ഒരുത്തി എങ്ങനെയാണ് രാജ്ഞിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിച്ചിരിക്കുക? ലൌകികവ്യവഹാരങ്ങള്‍ അറിയാത്ത ഉള്ളു പൊള്ളയായ ഒരു പുകച്ചുരുള് അവഗണനയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല.
മറ്റു റാണിമാരിലുള്ള ഗുണങ്ങള്‍ കുറച്ചുകുറച്ചായി മോഷ്ടിച്ചെടുത്താണ് ചക്രവര്‍ത്തി അവള്‍ക്കു നല്‍കിയിരുന്നത്. റാണിമാര്‍ അതില്‍ വല്ലാതെ ക്ഷോഭിച്ചു. ജോധ് പൂരിലെ രാജാവിന്റെ മകളാണ് ജോധ എന്നാണ് ചക്രവര്‍ത്തി പറഞ്ഞത്. അല്ല! അതു മറ്റൊരു റാണിയാണ്. ജോധ്പൂര്‍ രാജാവിന്റെ സഹോദരി. അല്ലാതെ മകളല്ല. സങ്കല്‍പ്പത്തിലുള്ള റാണി, തന്റെ സീമന്തപുത്രന്റെ അമ്മയുമാണെന്ന് ചക്രവര്‍ത്തി വിശ്വസിക്കുന്നു. ഒരുപാടു കാലം കാത്തിരുന്നുണ്ടായതാണ് ആ മകന്‍. സന്ന്യാസിയുടെ അനുഗ്രഹത്താല്‍ ജനിച്ചവന്‍. അതേ സന്ന്യാസിയുടെ മലമുകളിലെ ആശ്രമത്തിനരികിലാണ് ഈ വിജയനഗരം സ്ഥാപിക്കപ്പെട്ടത്. പക്ഷേ സലിം രാജകുമാരന്റെ യഥാര്‍ത്ഥ ഉമ്മയല്ല അവര്‍. സലീം രാജകുമാരന്റെ ഉമ്മ, മറിയം ഉസ് സമാനി എന്നറിയപ്പെടുന്ന രാജകുമാരി ഹീരാ കന്‍വാരി, അമീറിലെ രാജാ ബീഹാര്‍ മല്ലിന്റെ പുത്രി , കച്ച്വുവാഹാ ഗോത്രക്കാരി, കേള്‍ക്കാന്‍ തയ്യാറാവുന്നവരോടെല്ലാം കണ്ണീരോടെ, ഇക്കാര്യങ്ങള്‍ പറഞ്ഞു. സങ്കല്പറാണിയുടെ അതിരില്ലാത്ത സൌന്ദര്യം ഒരു പത്നിയില്‍ നിന്നെടുത്തതാണ്. അവരുടെ ഹിന്ദുമതം മറ്റൊരു ഭാര്യയില്‍ നിന്ന്. കണക്കില്ലാത്ത സ്വത്ത് മൂന്നാമതൊരാളില്‍ നിന്ന്. അവരുടെ വ്യക്തിത്വം മാത്രം എന്തായാലും അക്‍ബറിന്റെ സ്വന്തം സൃഷ്ടിയാണ്. ഒരു സ്ത്രീയും അതുപോലെയായിരിക്കില്ല. ഒരിക്കലും. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധയുള്ളവള്‍. ഒരിക്കലും ഒന്നും ചോദിക്കാത്തവള്‍. ഏതു സമയത്തും പ്രാപിക്കാവുന്നവള്‍. അതീവ സൌമ്യ.
ജോധ ഒരു അസാദ്ധ്യതയായിരുന്നു. പൂര്‍ണ്ണതയെപ്പറ്റിയുള്ള മനോഹരമായ ഒരു കിനാവ്. അക്കാരണത്താല്‍ അന്തപുരത്തിലെ റാണിമാര്‍ അവളെ ഭയക്കുകയും ചെയ്തു. ഭൌമികമായ സാദ്ധ്യതയ്ക്കും അപ്പുറത്തായതിനാല്‍ അവളുടെ വശീകരണശക്തി അസാമാന്യമായിരിക്കും. അത്യന്തം പ്രലോഭനീയയായിരുന്നു ജോധ. രാജാവിന് അവളെ പ്രിയംകരിയാക്കിയതതാണ്. സ്വന്തം ചരിത്രങ്ങള്‍ അവള്‍ മോഷ്ടിച്ചതിനാല്‍ റാണിമാര്‍ അവളെ കഠിനമായി വെറുത്തു. കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ അവരവളെ കൊന്നുകളയുമായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിയ്ക്കു മടുക്കുന്നതു വരെ അല്ലെങ്കില്‍ അദ്ദേഹം മരിക്കുന്നതുവരെ അവളും അനശ്വരയാണ്. ചക്രവര്‍ത്തിയുടെ മരണം എന്ന ആശയം ചിന്തയ്ക്കതീതമൊന്നുമല്ല, റാണിമാര്‍ അങ്ങനെ ആലോചിച്ചു തുടങ്ങുന്നെങ്കില്‍. ഇത്രകാലവും അവര്‍ വേദനകളെ നിശ്ശബ്ദതയില്‍ ഒതുക്കി വയ്ക്കുകയായിരുന്നു. “ചക്രവര്‍ത്തിയ്ക്ക് ഭ്രാന്താണ്” അവര്‍ ഉള്ളില്‍ പിറുപിറുത്തു. എന്നാല്‍ ആ വാക്കുകള്‍ പുറത്തു വരാതെ വിവേകപൂര്‍വം നിയന്ത്രിച്ചു. ആളുകളെ കൊല്ലാന്‍ അദ്ദേഹം കുതിരപ്പുറത്തുകയറി പാഞ്ഞു പോകുമ്പോള്‍ സങ്കല്പത്തിലെ റാണിയെ അവര്‍ സ്വന്തം ഉപചാരങ്ങളില്‍ കഴിയാന്‍ വിട്ടു. ഒരിക്കലും അവളുടെ പേരവര്‍ പറഞ്ഞില്ല. ജോധ, ജോധാഭായി. അവള്‍ അന്തപുരത്തില്‍ ഒറ്റയ്ക്ക് ചുറ്റിതിരിഞ്ഞു. ജാലകങ്ങളുള്ള കല്‍ച്ചുവരുകളിലൂടെ എത്തിനോക്കുന്ന ഏകാകിയായ ഒരു നിഴലായിരുന്നു അവള്‍. കാറ്റ് മെല്ലെ പറത്തുന്ന ഒരു തുണിക്കഷ്ണമായിരുന്നു അവള്‍. രാത്രികളില്‍, പഞ്ച് മഹലിലെ ഏറ്റവും മുകളിലുള്ള മട്ടുപ്പാവിലെ മിനാരത്തിനു താഴെ ദൂരെ ചക്രവാളത്തില്‍ മിഴികളയച്ചു കൊണ്ടവള്‍ നില്‍ക്കും, തന്നെ യാഥാര്‍ത്ഥ്യമാക്കിയ രാജാവിന്റെ മടങ്ങി വരവും കാത്ത്.
ലോകം മുഴുവന്‍ പ്രസിദ്ധനായ തന്റെ ഭര്‍ത്താവിന്റെ രക്തത്തില്‍ ആഭിചാരകര്‍മ്മങ്ങളുണ്ടെന്നു ജോധ അറിഞ്ഞിരുന്നു. ചെംങ്ഗിസ് ഖാന്‍ പരേതാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനെപ്പറ്റി എല്ലാവര്‍ക്കുമറിയാം. മൃഗബലിയും മാന്ത്രികച്ചെടികളും കൂടോത്രവും ഉപയോഗിച്ച് എട്ടു ലക്ഷം മക്കളെയാണ് അദ്ദേഹം ജനിപ്പിച്ചത്.
മുടന്തനായ തിമൂര്‍ ഭൂമിയെ വരുതിയിലാക്കിയ ശേഷം നക്ഷത്രങ്ങളില്‍ കയറി സ്വര്‍ഗം കീഴടക്കാന്‍ ശ്രമിച്ചതിനെപ്പറ്റിയുള്ള കഥകളും എല്ലാവരും കേട്ടിട്ടുണ്ട്. ബാബര്‍ ചക്രവര്‍ത്തി മരിച്ചുകൊണ്ടിരുന്ന ഹുമയൂണിന്റെ ജീവിതം രക്ഷിച്ച കഥയും എല്ലാവര്‍ക്കുമറിയാം. മകന്റെ രോഗശയ്യ വലം വച്ചുകൊണ്ട് പുത്രനില്‍ നിന്ന് പിതാവിലേയ്ക്ക് മരണത്തെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി, ബാബര്‍. മകന്‍ ജീവിക്കാനായി സ്വന്തം ജീവന്‍ അദ്ദേഹം ബലികൊടുത്തു. മരണവും പിശാചും തമ്മിലുള്ള കറുത്ത ഉടമ്പടികളായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പൈതൃകം. അവളുടെ അസ്തിത്വമാകട്ടേ, അക്‍ബറിലുള്ള മാന്ത്രികശക്തിയുടെ കരുത്തിന്റെ തെളിവും.
സ്വപ്നത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതം നിര്‍മ്മിക്കുക എന്നത് അമാനുഷികപ്രവൃത്തിയാണ്. ദൈവങ്ങളുടെ വിശിഷ്ടാധികാരങ്ങളെ പിടിച്ചെടുക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. ആ കാലത്ത് സിക്രി കവികളെയും കലാകാരന്മാരെയും കൊണ്ട് കരകവിഞ്ഞിരുന്നു. അവര്‍ ഭാഷയുടെ കരുത്തും പ്രതിബിംബങ്ങള്‍ മനസ്സില്‍ ആവാഹിക്കാനുള്ള കഴിവും വച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് മനോഹരമായ എന്തും നിര്‍മ്മിക്കാന്‍ കഴിവുറ്റ താന്‍പോരിമക്കാരായിരുന്നു. എന്നിട്ടും കവികളോ ചിത്രകാരന്മാരോ സംഗീതജ്ഞരോ ശില്പികളോ മാനുഷികപൂര്‍ണ്ണതയുടെ പാരമ്യമായ അക്‍ബര്‍ നേടിവച്ചിരുന്നതിന്റെ അടുത്തൊന്നുമെത്തിയില്ല. സദസ്സ് വിദേശികളെ കൊണ്ട് നിറഞ്ഞിരുന്നു. സുഗന്ധതൈലം പൂശിയവര്‍, വെയിലേറ്റു കരുവാളിച്ച കച്ചവടക്കാര്‍, ഇടുങ്ങിയ മുഖമുള്ള പാശ്ചാത്യരായ പുരോഹിതന്മാര്‍, അവരുടെ ദൈവങ്ങളെപ്പറ്റി, രാജാക്കന്മാരെപ്പറ്റി, അവരുടെ രാജ്യത്തെപ്പറ്റിയെല്ലാം വൃത്തികെട്ട നാവു ചുഴറ്റി പെരുപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. രാജാവ് ജോധയെ കാണിച്ച കുന്നുകളുടെയും താഴ്വരയുടെയും ചിത്രങ്ങളെല്ലാം അവര്‍ കൂടെ കൊണ്ടുവന്നിരുന്നതാണ്. ജോധ അപ്പോള്‍ ഹിമാലയത്തെപ്പറ്റിയും കാശ്മീരിനെക്കുറിച്ചുമോര്‍ത്തു. പ്രകൃതിസൌന്ദര്യത്തെക്കുറിച്ചുള്ള വിദേശികളുടെ നിസ്സാരമായ പൊങ്ങച്ചങ്ങള്‍ അവളെ പൊട്ടിച്ചിരിപ്പിച്ചു. അവരുടെ വാ....... ആ........ പദങ്ങള്‍ ! അര്‍ദ്ധവസ്തുക്കളെക്കുറിക്കുന്ന അര്‍ദ്ധപദങ്ങള്‍. കിരാതന്മാരായിരിക്കണം അവരുടെ രാജാക്കന്മാര്‍. അവരുടെ ദൈവത്തെ അവര്‍ മരത്തില്‍ തറച്ചില്ലേ? അതിനേക്കാള്‍ അപഹാസ്യരായ മനുഷ്യര്‍ വേറെ ആരുണ്ട്?
അവര്‍ അന്വേഷിച്ചു വന്നത്.............എന്താണ് യഥാര്‍ത്ഥത്തില്‍? ഉപയോഗമില്ലാത്ത എന്തെങ്കിലും ഒന്നായിരിക്കും. ബുദ്ധി എന്ന പേരില്‍ എന്തെങ്കിലുമൊക്കെ തലയ്ക്കുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ യാത്രയുടെ ഫലശൂന്യത അവര്‍ക്ക് സ്വയം ബോധ്യമായേനേ. യാത്രകള്‍ നിരര്‍ത്ഥകമാണ്. നിങ്ങള്‍ക്ക് അര്‍ത്ഥം തരുന്ന ഒരു സ്ഥലത്തു നിന്ന് അതു നിങ്ങളെ അടര്‍ത്തിയെടുക്കുന്നു. സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ അതിനു അര്‍ത്ഥം പകരം നല്‍കുന്നു. ഒരിക്കല്‍ നിങ്ങള്‍ ജീവിച്ച, ഇപ്പോള്‍ ശുദ്ധ അസംബന്ധമായി തീര്‍ന്നിരിക്കുന്ന ഒന്നിനും കൊള്ളാത്ത സ്ഥലം മായികലോകമാണെന്ന് എല്ലായ്പ്പോഴും നിങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.
അതെ. ഈ സ്ഥലം സിക്രി അവര്‍ക്ക് മായാഭൂമിയാണ്. അവരുടെ ഇംഗ്ലണ്ടും പോര്‍ച്ചുഗലും പോലെ. അവരുടെ ഹോളണ്ടും ഫ്രാന്‍സും പോലെ. അത് അവളുടെ മനസ്സിലാക്കാനുള്ള കഴിവിനപ്പുറത്താണ്. ലോകം ഒന്നല്ല. “നമ്മള്‍ അവരുടെ സ്വപ്നമാണ്.” ജോധ ഒരിക്കല്‍ അക്‍ബറിനോട് പറഞ്ഞിരുന്നു. “അവര്‍ നമ്മുടെ സ്വപ്നങ്ങളും”.
അദ്ദേഹം ഒരിക്കലും അവളുടെ അഭിപ്രായങ്ങളെ വിലവയ്ക്കാതിരുന്നിട്ടില്ല. ചക്രവര്‍ത്തിയുടെ ധാര്‍ഷ്ട്യമുള്ള പുറം കൈകൊണ്ട് അവയെ തട്ടി എറിഞ്ഞിട്ടില്ല. അക്കാരണത്താല്‍ അവള്‍ അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടു. “പക്ഷേ സങ്കല്‍പ്പിച്ചു നോക്കൂ ജോധാ, നമുക്ക് മറ്റൊരാളുടെ സ്വപ്നങ്ങളില്‍ ഉണരാനും അവയെ മാറ്റാനും കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങളിലേയ്ക്ക് അവരെ ക്ഷണിക്കാനുള്ള ധൈര്യമുണ്ടായാല്‍..” ഒരു വൈകുന്നേരം ഒന്നിച്ചിരുന്ന് ഗഞ്ചിഫാ കാര്‍ഡു കളിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. മുഴുവന്‍ ലോകവും ഒന്നിച്ചുണരാവുന്ന ഒരു സ്വപ്നമായി തീര്‍ന്നാല്‍...” അര്‍ദ്ധമയക്കത്തിലെന്ന പോലെ കിനാവുകളില്‍ നിന്ന് ഉണരുന്നതിനെക്കുറിച്ചു പറയുന്ന അദ്ദേഹത്തെ ‘സ്വപ്നാടകന്‍’ എന്നു ജോധ വിളിച്ചില്ല. കാരണം അവള്‍ തന്നെ ഒരു കിനാവല്ലേ? അല്ലാതെ എന്താണവള്‍?
- സല്‍മാന്‍ റഷ്ദി
ഇതിലെ ചിത്രങ്ങളും വല്ലാതിഷ്ടപ്പെടുന്നു. ഇനിയുള്ള ചിത്രങ്ങൾ കുറേ കൂടി വലുതാക്കി കാണാൻ കഴിയുമോ?
ReplyDeleteലക്ഷ്മീ, പടങ്ങള്‍ മുഴുവന്‍ വിക്കി ഉളപ്പടെയുള്ള സൈറ്റുകളില്‍ നിന്നാണ് അക്ബര്‍-ജോധ എന്നീ വാക്കുകള്‍ ടൈപ്പ് ചെയ്ത് തിരഞ്ഞാല്‍ കിട്ടാവുന്നതേയുള്ളൂ. ഒരു പടവും റീ സൈസ് ചെയ്തിട്ടില്ല. അതതിന്റെ ലഭ്യമായ വലിപ്പത്തില്‍ തന്നെയാണ് !
ReplyDelete