March 16, 2009

കഥ എഴുതുമ്പോള്‍



"ജീവിതമത്രയും ഞാന്‍ മരിച്ചു തീര്‍ക്കുകയാണ്. അവസാനനിമിഷത്തില്‍ എനിക്കു ശിഷ്ടം വരിക ജീവിതം മാത്രമാണ്.”
-ഒ.വി. വിജയന്‍ (സംവാദം എന്ന കഥയില്‍)



അഞ്ചല്‍ എന്ന സ്ഥലത്ത് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കുളത്തില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ ചിത്രവും വിവരങ്ങളും മാര്‍ച്ച് 10 -നുള്ള പത്രങ്ങളിലുണ്ടായിരുന്നു. വിവരങ്ങളെല്ലാം പോലീസു നല്‍കിയതാണ് എന്ന് പത്രങ്ങള്‍ പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്. ലിബി എന്ന പെണ്‍കുട്ടിയെ മുന്‍പ് സ്നേഹിച്ചിരുന്ന ഷിബുവും അയാളുടെ കൂട്ടാളി സിദ്ദിക്കും പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതു വഴിയുണ്ടായ മാനസികസമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കുള്ള കാരണം. അറസ്റ്റു ചെയ്തതായി കൊടുത്തിരിക്കുന്നത് മൂന്നുപേരുടെ ചിത്രമാണ്. അതില്‍ മേല്‍പ്പറഞ്ഞ രണ്ടുപേരെയും കൂടാതെയൊരാള്‍ ലിബിയുടെ ഇപ്പോഴത്തെ കാമുകനായ പ്രകാശാണ്. പ്രകാശ് ചെയ്ത കുറ്റം ലിബിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്. മറ്റൊന്നും പത്രത്തിലില്ല. അപ്പോള്‍ 18 വയസ്സായ ഒരു പെണ്‍കുട്ടിയെ ഒരാള്‍ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണോ? ലിബിയുടെ കൂടെ മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. നിലവില്‍ അതിനു ഭീഷണിയുണ്ടായിരുന്നതായോ മാനസികപീഡനം അനുഭവിച്ചിരുന്നതായോ ഒന്നും വാര്‍ത്തയിലില്ല. ആത്മാര്‍ത്ഥയോടെ, കൂട്ടുകാരിക്ക് മരണത്തിനും കൂട്ടുപോയതാണ് 15 വയസ്സുള്ള ഒരു പെണ്‍കുട്ടി. ആ സ്വയം നശിപ്പിക്കലിന്റെ കാരണം മറ്റെവിടെയും തേടാനില്ലാത്തതുകൊണ്ട് സ്വാഭാവികമായും കുറ്റവാളികള്‍ രണ്ടു മരണത്തിന്റെയും ഉത്തരവാദികളാകുന്നു എന്ന മട്ടിലാണ് പോലീസ് വിശദീകരണത്തിന്റെ പോക്ക്.

അമ്പലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കും ഇതിനും ചില സമാനതകളുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളൊക്കെ അവിടെയും പ്രവര്‍ത്തിച്ചിരുന്നു. മാനഹാനിയെക്കുറിച്ചുള്ള ഭീതിയും അതില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും പെണ്‍കുട്ടികളെ ആത്മഹത്യയിലെത്തിച്ചു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു തന്ന പാഠം. മൂന്നു പെണ്‍കുട്ടികള്‍ക്കും ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന തീരുമാനത്തിലെത്താന്‍ തക്കവണ്ണം ഒരേ തോതായിരുന്നുവോ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക്? ഒരാള്‍ക്കുപോലും മറിച്ചെന്തുകൊണ്ട് തോന്നിയില്ല? എങ്കില്‍ അതെങ്ങനെ ഉണ്ടായി എന്നല്ലേ ആലോചിക്കേണ്ടിയിരുന്നത്? ക്യാമറയുള്ള മൊബൈല്‍ഫോണുകള്‍ സ്കൂളുകളില്‍നിരോധിക്കണമെന്ന് പെണ്‍കുട്ടികളെല്ലാം ഒരേ സ്വരത്തില്‍ ശക്തമായി ആവശ്യപ്പെട്ട ഒരു ക്ലാസിലെ കുട്ടികളോട് സംസാരിക്കവേ അവര്‍ പറഞ്ഞത് തങ്ങളുടെ അശ്ലീലചിത്രങ്ങള്‍ ആണ്‍കുട്ടികള്‍ പരസ്യപ്പെടുത്തും എന്നാണ്. എന്നാല്‍ എവിടെ പരസ്യപ്പെടുത്തും എന്നവര്‍ക്കറിയില്ല. ഒരു പക്ഷേ ഇന്റെര്‍നെറ്റ് ഗ്രൂപ്പുകളിലോ മറ്റോ വന്നാല്‍ തന്നെ അത്രയ്ക്ക് മാനഹാനി സംഭവിച്ചുപോകുന്നതരത്തില്‍ വൃത്തികേടാണോ അവര്‍ പോലും അറിയാതെ ചിത്രീകരിച്ച അവരുടെ ശരീരഭാഗങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ശരീരം അശ്ലീലമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇനി ആരെങ്കിലും അശ്ലീലചിത്രം കൈയിലുണ്ടെന്ന് വീരവാദം പറഞ്ഞാല്‍ തന്നെ അവനെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ഒറ്റപ്പെടുത്തേണ്ടതെങ്ങനെ എന്നവര്‍ക്ക് അറിയില്ല. അതിനുള്ള ആത്മവിശ്വാസം അവര്‍ക്കില്ല.

എന്തുകൊണ്ട്? പെണ്‍കുട്ടികളുടെ ചിന്താശേഷിയെ മുഴുവന്‍ പിടിച്ചു വാങ്ങിയിട്ട് അവര്‍ക്കുവേണ്ടി നമ്മള്‍ ചിന്തിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. തങ്ങളുടെ നനഞ്ഞൊട്ടിയ ശരീരങ്ങള്‍, സഹപാഠികളായ ആണുങ്ങള്‍ കാണുമല്ലോ എന്നോര്‍ത്ത് കടലില്‍ കുളിക്കുന്നതിന്റെ രസം ഉപേക്ഷിച്ച് വിഷമത്തോടേ മാറി നില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് വിനയ ആത്മകഥയില്‍ എഴുതിയിരുന്നതോര്‍ക്കുന്നു. തന്റെ ശരീരം മറ്റുള്ളവര്‍ കാണുമെന്നുള്ള അമിതമായ വേവലാതിയെ ആവുന്നവിധത്തിലൊക്കെ പ്രോത്സാഹിപ്പിച്ച്, അത് അവസാനം ആത്മനാശകമായി, കൌമാരപ്രായക്കാരെ കൊന്നൊടുക്കി തുടങ്ങിയിട്ടും നമ്മളിപ്പോഴും മോബൈല്‍ ഫോണ്‍ നിരോധനം പോലുള്ള തൊലിപ്പുറത്തുള്ള അച്ചുകുത്തലും നിയമനിര്‍മ്മാണവുമായി തിന്തിന്നം കളിക്കുകയാണ്. ശരീരം മറ്റുള്ളവര്‍ കണ്ടു പോയാല്‍ മരണമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന പാഠം തന്നെയല്ലേ നമ്മുടെ ആനുകാലികങ്ങളിലെ തുടരനുകളും ഒരര്‍ത്ഥത്തില്‍ ഓതിക്കൊടുക്കുന്നത്? ‘പെണ്‍കുട്ടികള്‍ പറയുന്നത്’ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ സിസി ജേക്കബ് എഴുതിയ തുടരന്‍ ഫീച്ചര്‍ ഇങ്ങനെ ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികളുടെ പുറത്തു പറയാന്‍ വയ്യാത്ത നടുക്കുന്ന കഥകള്‍ കൊണ്ട് സമ്പന്നമാണ്. (ഏതാണ്ടിതേ സമയത്തു തന്നെ ‘കന്യക’യിലും കൌമാരപ്രായക്കാര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയ ലേഖനം വന്നു.) ഫീച്ചറിന്റെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കിടയ്ക്ക് സ്വന്തം കക്ഷികളുടെ കഥകളുമായി സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അനുഭവസാക്ഷ്യം ഉള്ളസ്ഥിതിയ്ക്ക് സംഭവങ്ങളെല്ലാം വാസ്തവമല്ലെന്ന് ആരും പറയില്ല. പക്ഷേ ഒന്നുണ്ട്. മനസ്സുമായി ബന്ധപ്പെടുന്ന മനോരോഗ വിദഗ്ദ്ധര്‍ക്ക് പറയാന്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ കഥയാണുണ്ടാവുക എന്ന വാസ്തവം നമ്മുടെ സാമാന്യബോധം കണക്കിലെടുക്കാതെ പോകുന്നു എന്നൊരു പ്രശ്നമുണ്ട്. ശുചീകരണപ്രവൃത്തിയുമായി ബന്ധപ്പെട്ടവര്‍ക്ക് നഗരത്തിലെ മാലിന്യത്തിന്റെ തോത് വര്‍ദ്ധിച്ചതിനെപ്പറ്റിയാവും പറയാനുണ്ടാവുക. ചുമട്ടു തൊഴിലാളികള്‍ക്ക് വിവിധതരത്തിലുള്ള ചുമടുകളുടെ ഭാരത്തെപ്പറ്റിയും. ആ അഭിപ്രായങ്ങള്‍ മാത്രം വച്ച് കേരളത്തില്‍ മാലിന്യം മാത്രമേ ഉള്ളൂ എന്നും ചുമടുകളുടെ ഭാരം വര്‍ദ്ധിക്കുന്നു എന്നും എഴുതിവിടുന്നതുപോലെ അസംബന്ധം ഉണ്ട് മനോരോഗകഥകളുടെ പെരുപ്പത്തിനും. പൊതുവേ മനോരോഗവിദഗ്ദ്ധര്‍ ഒരേ കഥകള്‍ പ്രത്യേക ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ആവര്‍ത്തിക്കാറുണ്ട്. രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനു വേണ്ടി, പേരോ സ്ഥലമോ പറയേണ്ടതില്ലാത്തതിനാല്‍ ഒരു കഥയ്ക്കു തന്നെ പല പതിപ്പുകള്‍ ഉണ്ടാവും. മനശ്ശാസ്ത്രജ്ഞര്‍ ഊന്നല്‍ നല്‍കുന്ന ഘടകത്തെ പാടെ ഒഴിവാക്കിയാണ് ഫീച്ചറെഴുത്തുകാര്‍ അതിനെ കഥയാക്കുന്നത്.

സത്യത്തില്‍ ഫീച്ചറുകളും പ്രചാരം നേടുന്ന കഥകളും പ്രത്യേക മാനത്തോടെ ബോധപൂര്‍വം തയ്യാറാക്കുന്ന വാര്‍ത്തകളും മറ്റും മറ്റും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത് കേരളത്തിന്റെ മധ്യവര്‍ഗത്തിന്റെ സദാചാര തത്പരതയെയല്ലേ എന്നൊരു സംശയമുണ്ട്. നമ്മുടെ കുട്ടികളുടെ ലൈംഗികമായ താത്പര്യങ്ങളെക്കുറിച്ച്, ഉണര്‍വിനെക്കുറിച്ച് ആശ്ചര്യകരമായ അജ്ഞതയാണ് ഇവയുടെ മുഖമുദ്ര. പ്രായപൂര്‍ത്തിയോടമുബന്ധിച്ച് എതിര്‍ലിംഗത്തില്‍പ്പെടുന്നവരോടു സ്വാഭാവികമായ താത്പര്യം ഉണ്ടാവും എന്നും അതിന്റെ സ്വാഭാവികമായ പരിണതിയാണ് പ്രണയവും ശാരീരികബന്ധവും എന്ന തിരിച്ചറിവില്ലാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷമാണ് കുട്ടികളെ ആത്മഹത്യയിലെത്തിക്കുന്നത്. മുതിര്‍ന്നവരെ ഞരമ്പുരോഗികളുമാക്കുന്നത്. പ്രണയമോ ഭീഷണിയോ അല്ല നമ്മുടെ പെണ്‍കുട്ടികളെ കുഴപ്പത്തിലാക്കുന്നത്, സമൂഹത്തിന്റെ അമിത സംരക്ഷണപ്രവണതയാണ്. ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ അമ്മമാരെല്ലാം സ്വാഭാവികമായി ചെന്നു പെടുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. സാമൂഹിക മനശ്ശാസ്ത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക്, അതിന്റെ വിവിധഘട്ടങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതാണെന്നു തോന്നുന്നു. (ഒന്നിനും കൊള്ളാത്ത ചില അദ്ധ്യാപികമാര്‍ കെട്ടിയാടുന്ന എറ്റവും മനോഹരമായ നാട്യങ്ങളിലൊന്ന് അമ്മ വേഷമാണ്) പെണ്‍കുട്ടിയാണെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ട എന്തോ ആണെന്ന ചിന്ത രൂഢമൂലമാണ് സമൂഹത്തില്‍. സംരക്ഷിക്കാന്‍ സമൂഹം എത്രത്തോളം വെമ്പുമോ അത്രത്തോളം പെണ്‍കുട്ടികള്‍ നിശ്ശബ്ദരും നിഷ്ക്രിയരും ആയിത്തീരും. വിവാഹം കഴിയുന്ന രാത്രിയില്‍ പൊടുന്നനെ പെണ്‍കുട്ടിയില്‍ ഉടലെടുക്കുന്ന ഒന്നല്ല ലൈംഗികമായ ഉണര്‍ച്ചകള്‍. പക്ഷേ അവള്‍ക്കത് വിവാഹത്തിനു മുന്‍പ് - ചിലപ്പോള്‍ വിവാഹം കഴിഞ്ഞു പോലും- പുറത്തെടുക്കാന്‍ സാദ്ധ്യമല്ല. പ്രണയം കുറ്റകരമാവുന്ന ഒരവസ്ഥ അങ്ങനെ ഉണ്ടാവുന്നതാണ്. പ്രണയിക്കുന്ന ഒരു പെണ്ണിനും ഇന്ന് (കേരളീയ) സമൂഹത്തില്‍ മാന്യതയില്ല. (ഭര്‍ത്താവിനു കിട്ടുന്ന ജോലിയെ ആശ്രയിച്ചാണ് പ്രണയവിവാഹങ്ങളുടെ ജയപരാജയങ്ങള്‍ സമൂഹദൃഷ്ടിയില്‍. പൂര്‍ണ്ണമായും പ്രയോജനപരതയില്‍ അധിഷ്ഠിതം‍) ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ പോലും പീഡനമായി തീരുന്ന അവസ്ഥ ഇന്നു കേരളത്തിലുണ്ട്. ഇത് പരോക്ഷമായി സ്ത്രീകളെ വസ്തുവത്കരിക്കുന്നതിന്റെ ഭാഗമാണ്. അവള്‍ കൂടി പങ്കാളിയായ തീര്‍ത്തും സന്തോഷകരമാവേണ്ട ഒരു മുഹൂര്‍ത്തത്തെയാണ് സമൂഹവും മാധ്യമങ്ങളും പോലീസ് തുടങ്ങിയ പിതൃരൂപങ്ങളും ചേര്‍ന്ന് കടന്നുകയറ്റവും അതു വഴി കുറ്റകൃത്യവുമാക്കുന്നത്. അതിലെ സ്ത്രീ വിരുദ്ധത അധികം ആരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. പെണ്ണ് തന്റെ ലൈംഗിക താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വരെ പിടിച്ചടക്കാനും പങ്കുവയ്ക്കാനും കിട്ടുന്ന അവസരം മുതലാക്കാനും ഉപയോഗിച്ചിട്ട് വലിച്ചെറിയാനും ശ്രമിക്കുകയും ചെയ്യുന്ന ‘ആണത്ത’ത്തിന്റെ വിധ്വംസകമായ രീതികള്‍ക്ക് മാറ്റം വരില്ലെന്നത് സ്വാഭാവികമായ കാര്യമല്ലേ?

സമൂഹത്തെ ശിക്ഷണാധികാരിയായ ഭര്‍ത്താവായാണ്, ശാരദക്കുട്ടി ഒരു ലേഖനത്തില്‍ നിരീക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിന് നേരത്തെ പറഞ്ഞ അമ്മയുടെ രൂപകമാണ് കൂടുതല്‍ ഇണങ്ങുന്നത്. അമ്മയുടെ മുന്നില്‍ നല്ലകുട്ടിയായിരിക്കാനുള്ള ശ്രമം തന്റേതല്ലാത്ത കാരണത്താല്‍ പാളുമ്പോഴാണ് ആത്മഹത്യ അഭയസ്ഥാനമായി കുട്ടിയ്ക്ക് തോന്നുന്നത്. നല്ല കുട്ടിയായിരിക്കുക എന്നതിനര്‍ത്ഥം ലൈംഗികതാത്പര്യങ്ങള്‍ സ്വപ്നത്തില്‍ പോലും ഇല്ലാതിരിക്കുക എന്നാണര്‍ത്ഥം. തുണിയഴിഞ്ഞ നിലയില്‍ തന്നെ കാണുക എന്നതിന് ലൈംഗികമായ സന്നദ്ധതയോടേ കാണുക എന്ന അര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് ആണുങ്ങളുടെ പ്രധാനഭീഷണി നഗ്നചിത്രം പരസ്യപ്പെടുത്തുമെന്നാവുന്നതും അതു സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ ആത്മഹത്യയില്‍ ചെന്നെത്തുന്നതും. സ്വന്തം മനസ്സിന്റെയും ശരീരത്തിന്റെയും ചോദനകളെ സത്യസന്ധമായി തിരിച്ചറിയാനുള്ള വിവേകമാണ് കുട്ടിയില്‍ നിറയേണ്ടത്. പകരം നിറയുന്നത് കുറ്റബോധവും അവഹേളനപരമായ അധമബോധവുമാണ്. പെണ്‍കുട്ടികളുടെ കൂട്ടത്തോടെയുള്ള ആത്മഹത്യകളെ ‘പീഡനത്തിന്റെ ഇര’ എന്ന നിലയ്ക്കു മാത്രം പരിശോധിച്ച് വിധിയെഴുതുമ്പോള്‍ കാണാതെ പോകുന്ന വാസ്തവമാണിത്.

ഈ പോസ്റ്റ് :
എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ ‍ എന്ന് നിറഞ്ഞ കണ്ണുകളോടെയും അങ്ങേയറ്റത്തെ നിഷ്കളങ്കതയോടെയും ചോദിച്ച അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയ്ക്ക്.

27 comments:

  1. കുറേ നാളായി ബ്ലോഗിലൊക്കെ പെരുമാറിയിട്ട്. പക്ഷെ ഈ ലേഖനം വായിച്ചപ്പോള്‍ കമന്റിടാതെ വയ്യ എന്നായി.

    നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു.

    കേരളത്തിലെ പോലെ സ്ത്രീ ലൈംഗികത ഇത്രയേറെ അടിച്ചമര്‍ത്തപ്പെട്ട സംസ്ഥാനം ഉണ്ടോ എന്ന് സംശയമാണ്. ലൈഗികത വിവാഹത്തിനു ശേഷം മാത്രം ഉടലെടുക്കുന്നതല്ലെന്നും, ബാല്യ-കൌമാര പ്രായത്തില്‍ തന്നെ മറ്റൊരാളോട് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്നും പെണ്‍കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അമിത-മൂടിവയ്ക്കല്‍ (ശരീരത്തിന്റേയോ ചിന്തകളുടേയോ) ലൈംഗികതയെ കുറിച്ചുള്ള ആകാംക്ഷയിലും അനാവശ്യമായ ‘മാനഹാനി‘യിലും കലാശിക്കുന്നു.

    കേരളത്തിലെ സ്ത്രീവിമോചന പ്രവര്‍ത്തകര്‍ പോലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവതികളാണോ എന്നാണ് എനിക്ക് സംശയം.

    ReplyDelete
  2. നല്ല ലേഖനം. നമ്മുടെ സമൂഹത്തിന്റെ മറ്റൊരു പ്രധാന പ്രശ്നമായി തോന്നിയിട്ടുള്ളത് തെറ്റു തിരുത്തുക എന്നത് സാധ്യമല്ല എന്നൊരു അവസ്ഥയാണ്. ഒരു പെണ്‍‌കുട്ടി ഒരാളെ പ്രണയിച്ചു എന്നതു പോലും പുറത്തറിഞ്ഞാല്‍ കഴിഞ്ഞു. അത് തെറ്റാണെന്ന ചിന്ത മാത്രമല്ല സമൂഹം ഉയര്‍ത്തുന്നത്, തിരുത്തുവാനാവാത്ത തെറ്റാണെന്നു കൂടിയാണ്. ആ ഒരു ഭാഗം ലേഖനത്തില്‍ വിട്ടുപോയതു പോലെ തോന്നി.

    മാധ്യമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോട് യോജിക്കുന്നു. പക്ഷെ, ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നവര്‍ തെറ്റുകാരല്ല അല്ലെങ്കില്‍ അവരുടെ തെറ്റിന് ഇത്രയും ഗൌരവം കൊടുക്കേണ്ടതില്ല എന്നു കൂടി വായിച്ചുവന്നപ്പോള്‍ തോന്നി. അങ്ങിനെയൊന്ന് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ യോജിക്കുന്നില്ല.

    “പെണ്ണ് തന്റെ ലൈംഗിക താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വരെ പിടിച്ചടക്കാനും പങ്കുവയ്ക്കാനും കിട്ടുന്ന അവസരം മുതലാക്കാനും ഉപയോഗിച്ചിട്ട് വലിച്ചെറിയാനും ശ്രമിക്കുകയും...” - അങ്ങിനെ മനസിലാക്കി പ്രകടിപ്പിക്കുവാന്‍ തുടങ്ങിയാല്‍, അതിനെ മുതലെടുക്കുവാനാണ് (ബ്ലാക്ക്‍മെയിലിംഗ് പോലെയുള്ളവ...) ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യത കാണുന്നത്. സമൂഹം മൊത്തത്തില്‍ തന്നെ മാറേണ്ടതുണ്ട്. ഒരുവശത്തു നിന്നും മാത്രമുള്ള മാറ്റം എത്രമാത്രം ഈ അവസ്ഥ മാറുവാന്‍ എത്രത്തോളം ഉപയോഗപ്പെടുമെന്ന് അറിയില്ല.
    --

    ReplyDelete
  3. u cant expect more from such a society which doesnt believe in d very existence of women.chila chattakudukal theerthu kodithittu adinakath nilkkuvan avasyapedunnath aan(male) murachikal thanneyalle nammude shapam.how many men in our society can accept a female boss with out prejudices?

    ReplyDelete
  4. ഹരീടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു..

    ReplyDelete
  5. താങ്കള്‍ എഴുതിയതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കേരളത്തിലെ എല്ലാ സ്ത്രീ സംഘടനകളും , ഇടതു വലതു ഭേദമില്ലാതെ, സ്ത്രീയെ “സംരക്ഷിക്കുക” എന്ന ഒറ്റ ഉദ്ദേശത്തിലാണ് സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

    സ്വന്തം ശരീരത്തിനു മേല്‍ സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു സ്വതന്ത്ര വ്യക്തിയാണ് താന്‍ എന്ന് ഈ സംഘടനകള്‍ ആരും നമ്മുടെ പെണ്‍കുട്ടികളോട് പറയുന്നില്ല. വിപ്ലവം പ്രസംഗിക്കുമെങ്കിലും, പിതാ രക്ഷതി കൌമാരേ... എന്നതു തന്നെയാണ് ഈ “സംരക്ഷക” വാദക്കാര്‍ക്കും പ്രിയം എന്ന് തോന്നുന്നു.

    ആഗോളവല്‍ക്കരണത്തിന്റെ ഫലമായി, നമ്മുടെ നാട്ടിലും, എല്ലാ വിധ ബൂര്‍ഷ്വാ ജനാധിപത്യ സ്വാതന്ത്ര്യങളും നിലവില്‍ വരുമെന്നും അന്ന് ഈ സ്ഥിതി മാറുമെന്നും ആശിക്കാം.

    ReplyDelete
  6. ലേഖനത്തോട് യോജിക്കുമ്പോള്‍ തന്നെ ഇവിടെ പ്രതിയാകുന്ന സമൂഹത്തില്‍ ഞാനും ഉള്‍പെടുന്നില്ലേയെന്ന സംശയം ബാക്കി..

    ReplyDelete
  7. Hello , Very good article. An open eye to the burning issue. Our error is believing what is presented in medias. Those tensed girls are frightened by hearing the colured news stories of Magazines and news papers.

    ReplyDelete
  8. വെള്ളെഴുത്തേ നല്ലൊരു പോസ്റ്റ്,

    ഏറെ നാളായി അലട്ടി കൊണ്ടിരിയ്കുന്ന ഒരു വിഷയമാണിത്,മാധ്യമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ, ഒരു കേസന്വേഷണത്തിന്റെ ഭാഗമായി മാത്രം നടത്തുന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടുകളിലെ കന്യകാത്വ പരിശേധനാ റിസല്‍ട്ടുകള്‍ കൂടി പരസ്യമാക്കി , കാഴ്ചക്കാരെയും , വായനക്കാരേയും നേരിടുന്ന ഈ മാധ്യമങ്ങളെ നമ്മള്‍ എങ്ങനെ വിലയിരുത്തണം

    ReplyDelete
  9. media may not be the main culprit. its how we view / how we are taught to view - a woman.

    shall i blame all mothers and elder women? i guess thats from where the "morality" sets in to a girl child's and boy's mind.

    ReplyDelete
  10. shall i blame all mothers and elder women?

    അത്ര ലളിതമാണോ സിമീ? കുറ്റപ്പെടുത്തലില്‍നിന്ന് പ്രധാനപ്രതിയായ പുരുഷനെ ഒഴിവാക്കുന്നതെങ്ങനെ?

    ReplyDelete
  11. ഷൂട്ട്!!!
    വിത് ബുള്ളറ്റ്/ബുള്ളറ്റിൻ/ക്യാമറ...
    തിരയും, മഞ്ഞക്കോളവും, സെല്ലും, സെല്ലുലോയ്ഡുമെല്ലാം അവയവങ്ങളെത്തേടുകയാണ്.
    ലേഖനം പ്രസക്തം. പെൺശരീരാകുലതകൾ സ്വയം വെടിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

    ഓഫ്.
    ലേഖനം മനസിലായി

    ReplyDelete
  12. പ്രസക്തമായ ലേഖനം.
    സ്വന്തം ഉടലുമായുള്ള ഒരു സ്ത്രീയുടെ വിനിമയങ്ങളെപ്പോലും നിയന്ത്രിക്കാന്‍ പോന്നവണ്ണം ആഴമുള്ളതാണ് പുരുഷനെന്ന അധികാരസ്ഥാപനത്തിന്റെ വേരുകള്‍.അവളെ കൂടുതല്‍ കൂടുതല്‍ സംരക്ഷിച്ചും, പൊതിഞ്ഞു സൂക്ഷിച്ചും ഈ വേരുകള്‍ക്ക് വെള്ളമൊഴിച്ചുകൊടുക്കുന്നു മതവും, സംസ്കാരവും മറ്റും.ഇന്ത്യന്‍ സംസ്കാരത്തി ചേര്‍ന്നതല്ല, ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ല, ഇസ്ലാമികമല്ല, സഭയുടെ പ്രമാണങ്ങളുമായി ഒത്തുപോകുന്നതല്ല എന്നൊക്കെ ഈയിടെയായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മുറവിളികളും ഈ കോണിലൂടെ വീക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  13. മറ്റൊന്നുകൂടിയുണ്ട്-ഒരു പെണ്ണിന്റെ ജീവിതത്തിന്റെ ക്ലൈമാക്സ് സംഭവം വിവാഹമാണെന്ന് പെൺകുട്ടികളെ നിരന്തരം
    ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ,വിവാഹസാദ്ധ്യതകൾക്ക് മങ്ങലേൽ‌പ്പിക്കുന്ന എന്തും ജീവിതത്തിന്റെ അടിത്തറ തന്നെയിളക്കുമെന്ന് പാവം ഈ കുഞ്ഞുങ്ങൾ ധരിച്ചു വശാവുകയാൺ..
    പിന്നെയെന്തിനു ജീവിക്കണം?

    ReplyDelete
  14. പ്രേമിക്കാ‍നും വീഴ്ത്താനും നടക്കുന്നവരും, പെങ്ങളെ എവനെങ്കിലും പെഴപ്പിച്ചാല്‍ നരസിംഹം സ്റ്റയിലില്‍ തോക്കെടുക്കുന്നവനും :) മലയാളീ......

    sorry for OT

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. Dev-Dയിലെ പുത്തൻ ചന്ദ്രമുഖിയെ കണ്ടായിരുന്നോ വെള്ളേ?

    ReplyDelete
  18. Actually all those men who take photos or videos of the girls with whom they had any kind of experiences, and after share it with anybody - should be punished liked rapists - may be their sexual organs should be cut off. It is such a pity that all these women beleive them that they would not show it to others.
    It is high time, we start looking at Sex as an integral part of life, not just for making children.

    ReplyDelete
  19. പ്രിയ വെള്ളെഴുത്ത്‌,

    പ്രസക്തമായ പോസ്റ്റ്‌.നന്ദി.
    ശരീരത്തോടുള്ള അകല്‍ച്ചയും ഭയവും തന്നെ ആണ്‌ മറുവശത്ത്‌ അതിനു നേരെയുള്ള ആര്‍ത്തിയായും ആക്രമണമായും രൂപം മാറുന്നത്‌.
    പലമട്ടില്‍ ആരോപിക്കപ്പെട്ട ഈ ശരീരവും ചുമന്നു കൊണ്ടാണ്‌ദൈനംദിന ജീവിതത്തിന്റെ അകവും പുറവും ഒരുവള്‍ ജീവിച്ചുതീര്‍ക്കുന്നത്‌.

    മൊബെയില്‍ ഫോണ്‍ നിരോധനം ആവശ്യമാണോ? ആണെങ്കില്‍ അതു കുട്ടികള്‍ക്കു മാത്രമായി നിരോധിക്കുന്നത്‌ ശരിയോ? അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും മൊബെയില്‍ ഫോണുകളുടെ പ്രയോഗവും സാധ്യതകളും തന്നെയല്ലേ, അവയ്ക്കുമുള്ളത്‌ എന്നത്‌ ആലോചിക്കണം.

    മൊബെയില്‍ ഫോണും സ്ത്രീയും ലൈംഗികതയുമായുള്ള ബന്ധത്തെ കൂടുതല്‍ അപകടകരമായി ഉറപ്പിക്കുകയാണ്‌ നമ്മുടെ വനിതാകമ്മീഷനെ പോലെയുള്ള സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്‌.മാര്‍ച്ച്‌ 4നു പത്രങ്ങളില്‍ വന്ന വനിതാകമ്മീഷന്റെ പരസ്യത്തെ കുറിച്ച്‌ ഇവിടെ എഴുതിയിരുന്നു.

    ത്യാഗത്തെക്കുറിച്ചുള്ള അമിതബോധം ഒരു സാംസ്കാരിക രോഗമായി നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളെ പിടികൂടിയിട്ടുണ്ട്‌.ഇത്തരം (പ്രണയ/ലൈംഗിക/ദാമ്പത്യ)ത്യാഗങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്നതില്‍ നമ്മുടെ ദേശീയപ്രസ്ഥാനം മുതല്‍ ഇടതുപക്ഷ നക്സലൈറ്റ്‌ പ്രസ്ഥാനങ്ങളൊക്കെ പങ്കു വഹിച്ചിട്ടുണ്ട്‌.ലൈംഗികതയോടുള്ള കപടവും യാന്ത്രികവുമായ സമീപനത്തിന്റെ പ്രധാനകാരണം ഇതാണെന്നു തോന്നുന്നു.

    ലൈംഗികതയെ സ്ത്രീയുമായി മാത്രം ബന്ധപ്പെട്ടതായി കണക്കാക്കുകയും സ്ത്രീയുടെ ഏക പ്രശ്നം ലൈംഗികതയും ശരീരവും മാത്രമായി പരിമിതപ്പെടുത്തുകയുമാണു നാളിതുവരെയുള്ള പുരുഷാധിപത്യം ചെയ്തിട്ടുള്ളത്‌ സ്ത്രീക്ക്‌ അവിടെ കര്‍തൃസ്ഥാനമില്ല,സ്വയം നിര്‍ണ്ണായകത്വമില്ല,ലൈംഗികേതരമായ അസ്ഥിത്വമില്ല,മറ്റു ആവിഷ്കാരങ്ങളേതുമില്ല. കല്‍പറ്റ മാഷ്‌ എവിടെയോ എഴുതിയ പോലെ അവളുടെ എല്ലാ അവയവങ്ങളും ലൈംഗിക അവയവങ്ങളാണ്‌.

    ഒറെ സമയം സ്ത്രീയെ ലൈംഗികമാത്രജീവിയായി പരിമിതപ്പെടുത്തുന്നു എന്നതും അതേ സമയം അവള്‍ സ്വയം ലൈംഗികകര്‍തൃത്വമായി കടന്നു വരുമ്പോള്‍ വിറളിപിടിക്കുകയും ചെയ്യുന്നു എന്നതാണു പുരുഷാധിപത്യത്തിന്റെ തന്ത്രപരമായ ഇരട്ടത്താപ്പ്‌.ഇതൊന്നു കാണൂ
    (ഇതൊക്കെ സ്ത്രീയെന്ന നിലയില്‍ അധ്യാപികയെന്ന നിലയില്‍ ദിവസേന പറയുകയും ഓര്‍ക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നതിനാല്‍ ചെകിടിക്കുന്നു,സത്യത്തില്‍.അധ്യാപികമാരുടെ അമ്മ വേഷത്തിന്റെ കാപട്യത്തിന്റെയും വിവരക്കേടിന്റെയും കുറെ കഥകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.അതിന്റെ ഇരകളാണ്‌ മിക്ക പെണ്‍കുട്ടികളും)

    March 19, 2009 9:20 PM

    ReplyDelete
  20. ഉഷ, ഈ പോസ്റ്റിൽ അനോണിയല്ലാത്ത ഒരു സ്ത്രീയെങ്കിലും കമന്റണേ എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു!

    വിവാഹത്തിനു പുറത്തുള്ള ഏത് തരം പ്രണയാനുഭവങ്ങളേയും ഒന്നുകിൽ പീഠനം അല്ലെങ്കിൽ ലൈഗിക-തൊഴിൽ എന്ന രീതിയിൽ നോക്കിക്കാണുവാനാണ് പലർക്കും ഇഷ്ടം. അപ്പോൾ പിന്നെ വളർന്നു വരുന്ന കൌമാരക്കാരിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ, സ്വന്തം ലൈഗികതയെ കുറിച്ചും ശരീരത്തെ കുറിച്ചും ഭയവും ലജ്ജയും കലർന്ന വികലമായ ധാരണകൾ മാത്രമായിരിക്കും നാമ്പെടുക്കുന്നത്. കാഴ്ചപ്പാടിലുള്ള മാറ്റം സ്ത്രീകളിൽ നിന്നുതന്നെയാണ് വരേണ്ടത്. സ്ത്രീ-ശാക്തീകരണത്തിന്റെ ആണിക്കല്ല് ലൈംഗികതയിലുള്ള സ്വാതന്ത്ര്യം, സ്വയം നിർണ്ണയാവകാശം എന്നിവയാണ്. വനിതാ കമ്മീഷന് ഇക്കാര്യം ഇനിയും മനസ്സിലായിട്ടുണ്ടോ എന്നാണ് എന്റെ സംശയം!

    ReplyDelete
  21. ഉഷാകുമാരി പറഞ്ഞത് ശ്രദ്ധിക്കുക,
    “ലൈംഗികതയെ സ്ത്രീയുമായി മാത്രം ബന്ധപ്പെട്ടതായി കണക്കാക്കുകയും സ്ത്രീയുടെ ഏക പ്രശ്നം ലൈംഗികതയും ശരീരവും മാത്രമായി പരിമിതപ്പെടുത്തുകയുമാണു നാളിതുവരെയുള്ള പുരുഷാധിപത്യം ചെയ്തിട്ടുള്ളത്‌ സ്ത്രീക്ക്‌ അവിടെ കര്‍തൃസ്ഥാനമില്ല,സ്വയം നിര്‍ണ്ണായകത്വമില്ല,ലൈംഗികേതരമായ അസ്ഥിത്വമില്ല,മറ്റു ആവിഷ്കാരങ്ങളേതുമില്ല. കല്‍പറ്റ മാഷ്‌ എവിടെയോ എഴുതിയ പോലെ അവളുടെ എല്ലാ അവയവങ്ങളും ലൈംഗിക അവയവങ്ങളാണ്‌.

    ഈ വാക്കുകളോട് വിയോജിക്കുന്നില്ല. അതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടത് ലൈംഗികത / ലൈംഗിക പ്രചോദനം സ്ത്രീയിലും പുരുഷനിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ്. വിഷ്വല്‍ സ്റ്റിമുലൈ പുരുഷനുമാത്രമാണ് കൂടുതല്‍. അതിനാല്‍ തന്നെ സ്ത്രൈണതയുടെ ഏതംശം കണ്ടാലും അവന്‍ സ്റ്റിമുലേറ്റഡ് ആകുന്നു.
    അതു പോകട്ടെ ഓഫ്ഫ് ടോപ്പിക്കാവും.

    കൊച്ചു കുഞ്ഞവുമ്പോള്‍ മുതല്‍ ഒരു പെണ്‍കുട്ടി ബ്രയിന്‍ വാഷിനു വിധേയമാകുന്നു, അവള്‍ക്ക് നിക്കര്‍ മാത്രം ഇട്ട് നടക്കാന്‍ സ്വാതന്ത്ര്യമില്ല, സമ പ്രായക്കാരനായ (4 -7 വയസ്സ്) കസിന്‍ നിക്കര്‍ മാത്രം ഇട്ടുനടക്കുമ്പോള്‍ അവള്‍ക്കെന്താ നടന്നാലെന്ന് എന്റെ മകള്‍ അവളുടെ അമ്മയോട് ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്രകാരം തന്റെ ശരീരം പുറത്ത്കാണുന്നത് തെറ്റാണെന്നും ശരീരം പുറത്ത് കാണിക്കുന്നത് മോശപ്പെട്ട സ്വഭാവമാണെന്നും അവള്‍ ധരിച്ചുവശായാല്‍ കുറ്റം പറയാനാവില്ല.
    അതുപോലെ തന്നെ പുരുഷന്മാരുടെ മനസ്സും. ഹാഫ് പാന്റ് ഇട്ട് നടക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ആദ്യം മനസ്സിലോടുക വല്ല ചാന്‍സും ഉണ്ടാക്കാമോ എന്ന ചിന്തയാണ്. ഇതു രണ്ടും ചേര്‍ന്നു വരുമ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു. പെട്ടന്ന് എഴുതിയതിനാല്‍ എവിടെ ഊന്നല്‍ കൊടുക്കണമെന്ന് ഉറപ്പായില്ല.
    :)
    ഒരു ഓഫ്ഫ് കൂടി.
    പോസ്റ്റിലെ അവസാന വരി: ആ പെണ്‍കുട്ടിയുടെ വിഷമം കഴമ്പില്ലാത്തതാണെന്ന് തീര്‍ത്തും പറയാനാവുമോ? ശരീരത്തിന്റെ ഭാഷ (body language)എന്നൊന്നില്ല എന്നു പറയാമോ?

    ReplyDelete
  22. ഓഫുകള്‍ക്ക് ഒരു കുഴപ്പവുമില്ല. അതാണ് വേണ്ടതും.. പക്ഷേ അവസാനത്തെ ഓഫ് ഞെട്ടിക്കുന്നതായിരുന്നു. ആ പെണ്‍കുട്ടിയുടെ വിഷമം കഴമ്പുള്ളതാണെന്ന് പറയുമ്പോള്‍ ഏതു മന:സ്ഥിതിയില്‍ നിന്നാണോ ഈ പോസ്റ്റുണ്ടായത്, എന്തു പറയാനാണോ ഞാന്‍ ശ്രമിച്ചത് അത് അര്‍ത്ഥമില്ലാത്തതായി..അതിലുള്ള വിഷമത്താല്‍ ഈ കുറിപ്പ്..
    ബാക്കി പിന്നാലെ

    ReplyDelete
  23. സമൂഹം മൊത്തത്തില്‍ മാറുക എന്നത് അമൂര്‍ത്തമായ ഒരു സങ്കല്പമാണെന്നു തോന്നുന്നു. പകരം എന്തുകൊണ്ടിങ്ങനെയെന്ന് ആലോചിക്കാനുള്ള ശ്രമം പലഭാഗത്തു നിന്ന് നടക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് ഒന്നും പ്രകടിപ്പിക്കേണ്ടതില്ല അവര്‍ക്കു വേണ്ടി നമ്മള്‍ ചിന്തിച്ചോളാം എന്നൊരു മട്ട് പൊതുവേ സമൂഹത്തിനുണ്ട്. പെണ്‍പള്ളിക്കൂടങ്ങള്‍ അതിന്റെ ഫലമാണ്..പ്രണയങ്ങളെല്ലാം പീഡനമാവുന്നതും അതുകൊണ്ടു തന്നെ. അവള്‍ കര്‍മ്മണിപ്രയോഗമാവുമ്പോള്‍ അവളെ കൈയ്യേറാനേ പറ്റൂ എന്ന നിലപാട് ആണിനു മാത്രമല്ല. പെണ്ണിനുമുണ്ട്..വേണ്ട രീതിയില്‍ കണക്കിലെടുക്കാത്ത ഒരു പ്രശ്നമാണിതെന്നു തോന്നുന്നു. പകരം നാം ആണത്താധികാര പ്രയോഗങ്ങളില്‍ വല്ലാതെ ശ്രദ്ധവയ്ക്കുന്നുണ്ട്. അനോനിയുടെ പെണ്‍ ബോസിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ എത്ര ആണുങ്ങള്‍ തയ്യാറാവും എന്ന ചോദ്യം അതുകൊണ്ടാണ്. അത് അധികാരവുമായി ബന്ധപ്പെട്ട കാര്യമല്ലേ? പലപ്പോഴും അധികാരപ്രകടനം എന്നത് കഴിവുകേടുകളെ /കെടു കാര്യസ്ഥതകളെ മറച്ചുവയ്ക്കാനുള്ള ഉപാധിയായി സ്വീകരിച്ചിട്ടുള്ള വരുണ്ടെന്നും ഓര്‍ക്കണം. (അത് ആണായാലും പെണ്ണായാലും)പക്ഷേ പാരമ്പര്യമായ ആണത്താധികാരങ്ങള്‍ പെണ്ണിന് ഇടം നല്‍കാതിരിക്കാന്‍ വേണ്ടരീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നതിനു “മണ്‍ചിറയൊരു ചിറയല്ല, പെണ്‍ പടയൊരു പടയല്ല, കെട്ടിലമ്മ ചാടിയാല്‍ എട്ടുകെട്ടോളം’ തുടങ്ങിയ പഴഞ്ചൊല്ലുകള്‍ നോക്കിയാല്‍ മതി. ഇതുവഴിയൊക്കെ നമ്മുടെ ശീലങ്ങളുടെ സ്കൂളുകള്‍ രൂപപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ എന്നും വാദിക്കാം.
    അനോനി പറഞ്ഞത് ശരിയാണ്.. വിവാഹമാണ് സര്‍വതിലും പ്രാധാന്യം.. അതു തന്നെയായിരിക്കും കാരണം.
    ദേവ് ഡി കണ്ടില്ല.. കാണും..ദേവാ..മറ്റേ രണ്ടു ദേവദാസുമാരും അതിന്റെ വേണു നാഗവള്ളീ മലയാളം വെര്‍ഷനും കണ്ടു കുഴഞ്ഞിരുന്നതുകൊണ്ടാണ് അബദ്ധം പറ്റിയത് !!
    ബലാത്സംഗത്തിലൂടെ സ്ത്രീയെ പുരുഷത്തം അനുസരണപഠിപ്പിച്ചതിനു നമ്മുടെ പരിസരത്തു തന്നെ ഉദാഹരനങ്ങളുണ്ട്. പാകിസ്ഥാനിലെ മായി..അംബേദ്കര്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തെ എതിര്‍ത്തതിന്റെ കാരണം ഡി ആര്‍ നാഗരാജ് വിവരിക്കുന്നത് കൂട്ടി വായിക്കണം. ഗ്രാമം മൂല്യങ്ങളുടെ അല്ല, അധികാരപ്രയോഗങ്ങളുടെ മൂര്‍ത്തസ്ഥാപനമാണെന്നാണ് അംബേദ്കറുടെ വാദം. അത് എപ്പോഴും അനുസരനപഠിപ്പിക്കാന്‍ ദുര്‍ബലവിഭാഗങ്ങളുടെ മേല്‍ കുതിരകയറിക്കൊണ്ടിരിക്കും. ഈ പ്രശ്നത്തെ വളരെ വിശദമായി വിശകലനം ചെയ്യേണ്ടതാണെനു തോന്നുന്നു. നമ്മുടെ വിഷയത്തിലേയ്ക്ക് വരാം. സഹോദരന്‍ പ്രണയിച്ചു എന്ന കാരണം കാണിച്ച് ഗ്രാമസഭ കൂട്ട ബലാത്സംഗം വിധിച്ച മായി ഒറ്റയ്ക്കു നിന്ന് പോരാടുന്നതിന്റെയും അശ്ലീല ചിത്രങ്ങള്‍ എടുത്തു എന്ന പേരില്‍ കൂട്ടാ‍ാത്മഹത്യയ്ക്ക് വിധേയരാവുന്ന നമ്മുടെ പെണ്‍കുട്ടികളും കൃത്യമായ പഠനം അര്‍ഹിക്കുന്നുണ്ട്.
    അനിലിന്റെ നിരീക്ഷണത്തിലേക്ക്. സൌന്ദര്യം ശാപമാണെന്ന് വിചാരിക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. സത്യത്തില്‍ തങ്ങള്‍ക്കെന്തോ കുഴപ്പമുണ്ടെന്നും തങ്ങള്‍ ചീത്തയായെന്നും വിചാരിക്കുന്നിടത്തു നിന്നുമാണ് ആത്മഹത്യകള്‍ ഈ വിഷയത്തില്‍ സംഭവിക്കുന്നത്. ഒരു പെണ്‍കുട്ടി എങ്ങനെ പെരുമാറണം എങ്ങനെ പെരുമാറിയാലാണവള്‍ നല്ലതാവുക എന്ന കടുത്ത മുന്‍‍ധാരണകളുടെ സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാവുന്നതാണ് ഈ കുട്ടികളുടെ പ്രശ്നം. അവരുടെ സ്വതന്ത്രമായ വിനിമയങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും ഉള്ള ഇടം നാം (?) ചുരുക്കിക്കളഞ്ഞിരിക്കുന്നു. അപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ശരീരഭാഷയെപ്രതി അവളെ കുറ്റപ്പെടുത്തുന്നത് ഫലത്തില്‍ നമ്മള്‍ നില്‍ക്കുന്ന ഇടത്തെ വ്യക്തമായി ചൂണ്ടിക്കാട്ടി തരികയല്ലേ ചെയ്യുന്നത്?

    ReplyDelete
  24. Body 'Language' is open to interpretation Anil.
    avideyaanu sthreeye manassilaakkunnathil purushan paraajayappedunnathu.

    ReplyDelete
  25. കല്പറ്റയുടെ ഒരു കവിതയുണ്ട്- ശരീരം മുഴുവന്‍ ലൈംഗികാവയവങ്ങളായ പെണ്‍കുട്ടികളെ കുറിച്ച്..

    ReplyDelete
  26. രണ്ടിലധികം പ്രാവശ്യം ഇവിടെ ആ കവിത -‘പെണ്‍കുട്ടികള്‍’ - പരാമര്‍ശവിഷയമായിട്ടുണ്ട്..

    ReplyDelete